ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, June 6, 2013

പൗലോ ഫ്രയറും വിമര്‍ശനാത്മക ബോധനശാസ്ത്രവും പ്രശ്നാധിഷ്ടിത പഠനവും മാതൃഭൂമിലേഖകനും.


അക്കാദമിക സത്യസന്ധത പുലര്‍ത്താത്ത പരമ്പര മാതൃഭൂമിക്കു കളങ്കം എന്ന ലേഖന പരമ്പരയുടെ തുടര്‍ച്ച
ആമുഖം
അക്കാദമികമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത് എപ്പോഴും നല്ലതാണ്. ചിന്തിക്കാനും വളരാനും അവസരം നല്‍കും. ഞാന്‍ പറയുന്നതു മാത്രമാണ് ശരി എന്നു കരുതിയാല്‍ തെറ്റി. ശരികള്‍ പലരിലുമുണ്ട്. അതിനെ മാനിക്കണം. ഇവിടെ എഴുതുന്നത് തിരുത്താനുളള ആര്‍ജവം വായനക്കാര്‍ക്കുണ്ടാകണം. വിമര്‍ശനാത്മകമായി വായിക്കുക എന്ന ശീലം പഠിക്കുന്നതിന് എന്നെ ഏറെ സ്വാധീനിച്ച പ്രതിഭയാണ് പൗലോ ഫ്രയര്‍. ഒരു പക്ഷേ മര്‍ദ്ദിതരുടെ ബോധനശാസ്ത്രം വായിക്കാനിട വന്നില്ലായിരുന്നെങ്കില്‍, സ്വാതന്ത്ര്യത്തിനായുളള സാംസ്കാരിക പ്രവര്ത്തനം വായിക്കാനവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ ഞാനെന്ന അധ്യാപകന്‍ വാര്‍പ്പുമതൃകകളുടെ അടിമയാകുമായിരുന്നു. വിമര്‍ശനാവബോധത്തിനായുളള വിദ്യാഭ്യാസം എന്ന കൃതിയും വെളിച്ചം നല്‍കി. ഇതെന്റെ വ്യക്തിപരമായ കാര്യം. ഞാന്‍ വായിച്ചതു പോലെ എല്ലാവരും വായിക്കണമെന്നു ശാഠ്യം പാടില്ലല്ലോ.
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് വിമര്‍ശനാത്മകബോധനം അവതരിപ്പിച്ചപ്പോള്‍ എനിക്ക് ഓണാനുഭവം. കേരളവും അതു പിന്തുടരാന്‍ തീരുമാനിച്ചു. കേരളത്തിലെ വിമര്‍ശകര്‍ വിമര്‍ശനാവബോധമുളളവരായിരുന്നില്ല. ഇടതുപക്ഷത്തിന്റെ ഭരണം എന്ന ഒറ്റക്കാരണം നിമിത്തം ദേശീയതലത്തിലെ നിര്‍ദ്ദേശത്തെ കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ എതിര്‍ക്കപ്പെടണം എന്ന നയം സ്വീകരിക്കപ്പെട്ടു. ദീപിക ലേഖനങ്ങള്‍ എഴുതി. പൗലോഫ്രയര്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോള്‍ വീണ്ടും മാതൃഭൂമി ഫ്രയറെ ചര്‍ച്ചയ്ക്കായി കൊണ്ടുവവരുന്നു.
2007-ലെ കരിക്കുലത്തില്‍ അടിസ്ഥാനമാക്കിയത് വിമര്‍ശനാത്മക ബോധനശാസ്ത്രമാണ് (ക്രിട്ടിക്കല്‍ പെഡഗോഗി). കുട്ടികള്‍ ചോദ്യം ചെയ്തുകൊണ്ട് പഠിക്കലാണത്. കേട്ടാല്‍ എന്തോ ഗംഭീരസാധനമാണെന്ന് തോന്നുമെങ്കിലും ഇതിന്റെ പൊരുളറിയുമ്പോള്‍ ജനം മൂക്കത്ത് വിരല്‍വെച്ചുപോകും. ബ്രസീലിയന്‍ വിദ്യാഭ്യാസ ചിന്തകനായ പൗലോ ഫ്രെയറാണ് അതിന്റെ ആചാര്യന്‍. 'മര്‍ദിതരുടെ ബോധനശാസ്ത്രം' എന്ന ഗ്രന്ഥത്തിലൂടെയാണ് ഫ്രെയര്‍ തന്റെ സിദ്ധാന്തം അവതരിപ്പിക്കുന്നത്. പട്ടാളഭരണത്താല്‍ അടിച്ചമര്‍ത്തപ്പെട്ട ബ്രസീലിലെ സാധാരണ ജനങ്ങള്‍ക്കിടയിലാണ് ഫ്രെയര്‍ തന്റെ വിദ്യാഭ്യാസ സങ്കല്പങ്ങള്‍ പരീക്ഷിച്ചത്. ചുറ്റുമുള്ളതിനെ ചോദ്യം ചെയ്തുകൊണ്ട് പഠിക്കുക എന്ന രീതി വയോജനവിദ്യാഭ്യാസത്തിനാണ് അദ്ദേഹം ഉപയോഗിച്ചത്. 300 കരിമ്പുതൊഴിലാളികള്‍ക്കിടയിലാണ് അതാദ്യം പരീക്ഷിച്ചത്. അദ്ദേഹം പിന്നീട് സാവോപോളോയില്‍ വിദ്യാഭ്യാസത്തിന്റെ ചുമതലക്കാരനായപ്പോള്‍ പോലും ക്ലാസ്‌റൂമുകളില്‍ വിമര്‍ശനാത്മക ബോധനശാസ്ത്രം പരീക്ഷിച്ചില്ല. മാത്രമല്ല ഒരു ജനാധിപത്യരാജ്യത്ത് വിമര്‍ശനാത്മക ബോധനത്തിന് പ്രസക്തിയില്ലെന്ന് ഇന്നും ആദരവോടെ ലോകം വീക്ഷിക്കുന്ന ഹില്‍ഡ ടാബയെപ്പോലുള്ള കരിക്കുലം വിദഗ്ധര്‍ പറഞ്ഞുവെച്ചിട്ടുണ്ട്.
മാതൃഭൂമി ലേഖനം മൂന്നു കാര്യങ്ങളാണ് അവതരിപ്പിക്കുന്നത്.
  1. വിമര്‍ശനാത്മക ബോധനം അനൗപചാരികവിദ്യാഭ്യാസത്തിനു മാത്രമേ ഇണങ്ങൂ
  2. ഫ്രയര്‍ പോലും അവസരം കിട്ടിയപ്പോള്‍ അതു വിദ്യാഭ്യാസ മോഖലയില്‍ ഉപയോഗിച്ചില്ല
  3. വിമര്‍ശനാത്മക ബോധനം ജനാധിപത്യരാജ്യത്ത് പ്രസക്തിയില്ലാത്തതാണ്.അഥവാ ജനാധിപ്ത്യവിരുദ്ധമാണ്.
സാവോ പോളോയില്‍ വിദ്യാഭ്യാസസെക്രട്ടരിയായിരുന്നകാലയളവിലെ ഫ്രയറുടെ അനുഭവങ്ങളാണിതിനുളള മറുപടി.അതു ചുവടേ കൊടുക്കുന്നു.             പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മോയര്‍ Luisa Erundina പൗലോഫ്രയറെ സാവോപോളോ നഗരത്തിന്റെ വിദ്യാഭ്യാസസെക്രട്ടറിയാകുന്നതിനു ക്ഷണിച്ചു. 1989 ലായിരുന്നു ഇത്. വിദ്യാഭ്യാസത്തെക്കുറിച്ച് ധാരാളം പുരോഗമനാശയങ്ങള്‍ എഴുതിയ ഫ്രയര്‍ക്ക് വാക്കുകളെ പ്രായോഗികമാക്കുക എന്ന വെല്ലുവിളിയാണ് ഈ ക്ഷണമെന്നു പറയാതെ അറിയാമല്ലോ. അദ്ദേഹം ആ വെല്ലുവിളി ഏറ്റെടുത്തു. സ്വപനങ്ങള്‍ സാക്ഷാതികരിക്കാന്‍ നടത്തിയ ഇടപെടലുകളാണ് നഗരത്തിന്റെ ബോധനശാസ്ത്രം ( pedagogy of the city ) എന്ന പേരിലുളള അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. 1993 ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
             സ്വകാര്യവത്കരണത്തിന് പ്രാധാന്യം നല്‍കിയ മുന്‍ഭരണകൂടത്തിന്റെ തെറ്റായ നടപടികളുടെ അവശിഷ്ടങ്ങളിലാണ് ഫ്രയറിനു പ്രവര്‍ത്തിക്കേണ്ടി വന്നത്. അവിടെ പൊതു വിദ്യാഭ്യാസരംഗം പ്രതിസന്ധിയിലായിരുന്നു. വിദ്യാഭ്യസബജറ്റ് തുലോം പരിമിതവും. ധാരാളം വിദ്യാലയങ്ങള്‍ വലിയ അറ്റകുറ്റപ്പണിവേണ്ട അവസ്ഥയിലാണുതാനും. കൊഴിഞ്ഞുപോക്കിന്റെ അളവ് ഭീമവും. ആയിരക്കണക്കിനു കുട്ടികള്‍ വിദ്യാലയത്തിലെത്തപ്പെടാതെയും. മുങ്ങിത്താഴുന്ന കപ്പലിനെപ്പോലെ. ഇത്തരമൊരു സാഹചര്യത്തിലെ മുന്‍ഗണന നിശ്ചയിക്കല്‍ പരമപ്രധാനമാണ്. പുതിയ വിദ്യാലയങ്ങള്‍, ഉളളവയുടെ ഭൗതികസൗകര്യമുയര്‍ത്തല്‍, കുട്ടികളെ വിദ്യാലയത്തിലേക്കാകര്‍ഷിക്കല്‍. പാഠ്യപദ്ധതി നവീകരണം,അധ്യാപകരുടെ തൊഴില്‍മികവുയര്‍ത്തല്‍,ജനാധിപത്യവത്കരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി വിദ്യാലയങ്ങളെ സര്‍ഗാത്മകകേന്ദ്രങ്ങളാക്കി( creativity centers) മാറ്റുകയായിരുന്നു പ്രധാനപ്പെട്ട ഒരു സംഗതി.
              ഒരു ഭരണാധികാരി ആദ്യ മുന്‍ഗണന ഭൗതികസൗകര്യമൊരുക്കുന്നതിനു നല്‍കണമെന്നു ഫ്രയര്‍ വിശ്വസിച്ചു.പൊട്ടിപ്പൊളിഞ്ഞ, മോല്‍ക്കൂര തകര്‍ന്ന, തറയിളകിയ, മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ, വൈദ്യുതിയില്ലാത്ത അമ്പത്തഞ്ചോളം വിദ്യാലയങ്ങളെ പുനരുദ്ധരിക്കാനാണ് ശ്രമിച്ചത്.ആകെയുളള 657 വിദ്യാലയങ്ങലില്‍ അറുപത് ശതമാനത്തിനും അറ്റകുറ്റപ്പണി ആവശ്യമായിരുന്നു. പതിനഞ്ചായിരം ഡസ്കുകള്‍ തകര്‍ന്നവയായിരുന്നു. ധാരളം വിദ്യാലയങ്ങള്‍ക്ക് ഡസ്ഖ് സങ്കല്പം മാത്രമായിരുന്നു.ഏഴിനും പതിനാലിനും ഇടയിലുളള 400,000 കുട്ടികള്‍ സ്കൂളില്‍ പോകാത്തവരായിരുന്നു. 600,000 പ്രീസ്കൂള്‍ കുട്ടികള്‍ സ്ഥലപരിമിതി കാരണവും പുറത്തായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കുട്ടികളോട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ സൗന്ദര്യത്തെക്കുറിച്ച് ,ബഹുമാനത്തെക്കുറിച്ച് സന്തോഷത്തെക്കുറിച്ച് സംസാരിക്കുന്നത് നിരര്‍ഥകമാണെന്നു ഫ്രയര്‍ കരുതി. "വിദ്യാലയത്തിന്റെ മുഖം മാറ്റുക "എന്നൊരു മുദ്രാവാക്യം ഉയര്‍ത്തപ്പെട്ടു. ( ഭൗതികവും പഠനാനുഭവപരവും ആയ തലങ്ങളില്‍)
1988
മുതല്‍ 1992 വരെയായിരുന്നു ഫ്രയറുടെ ഭരണകാലം. ഇക്കാലയളവില്‍ പ്രവേശനനിരക്കില്‍ 15.59% വര്‍ധനവുണ്ടായി, 77 പുതിയ വിദ്യാലയങ്ങള്‍. 60,000 പുതിയ ഡസ്കുകള്‍.കംമ്പ്യൂട്ടറടക്കമുളള നിരവധി ദ്യശ്യശ്രാവ്യോപകരണങ്ങളും ബാലസാഹിത്യവും വിദ്യാലയങ്ങളിലെത്തി.പഠനം ആസ്വാദ്യകരമാക്കുന്നതിനുളള ഇടപെടലായിരുന്നു ഫ്രയറുടെ മാനസപദ്ധതി.വിദ്യാലയങ്ങളെ creativity centers ആക്കി മാറ്റുക. വിദ്യാലയം ആഹ്ലാദത്തിന്റെ ആലയമാകണമെന്ന് അദ്ദേഹം അഭിലഷിച്ചു. വിദ്യാലയം ജനാധിപത്യശാലകളാവണം. അവിടെ കുട്ടികള്‍ വിമര്‍ശനാത്മകമായി ചിന്തിക്കാനും ചോദ്യം ചെയ്യാനും പഠിക്കണം. എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളുടേയും അറിവിലേയും അനുഭവത്തേയും ബഹുമാനിക്കണം വിദ്യാലയങ്ങള്‍. ബാങ്കിംഗ് വിദ്യാഭ്യാസത്തെ, മധ്യവര്‍ഗ ചായ്വുളള പാഠ്യക്രമത്തെ നിരാകരിക്കുന്നതും കുട്ടിയുടെ ജീവിതാനുഭവങ്ങളുടെ അടിത്തറയില്‍ പടുത്തുയര്‍ത്തുന്നതുമായ വിദ്യാഭ്യാസം അദ്ദേഹം വിഭാവനം ചെയ്തു.സാമൂഹികമാറ്റത്തിനുളള വിദ്യാഭ്യാസം സാധ്യമാകണമെങ്കില്‍ അവബോധനവീകരണ പ്രക്രിയ അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. നിലിവലുളള പാഠ്യപദ്ധതിയും പരീക്ഷാരീതിയും നവീകരിക്കരിക്കുന്നതിന്റെ ലക്ഷ്യം ഇതായിരിക്കണം. വിദ്യാഭ്യാസം ഒരു രാഷ്ട്രീയ പ്രക്രിയയാണെന്ന ബോധ്യത്തോടെയാണ് ഫ്രയര്‍ പ്രവര്‍ത്തിച്ചത്.

വിദ്യാഭ്യാസസെക്രട്ടറിയായി ചുമതല ഏല്‍ക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം പാഠ്യപദ്ധതി പരിഷ്കരണത്തിനായുളള ശില്പശാലകള്‍ സംഘടിപ്പിച്ചിരുന്നു. പാഠ്യപദ്ധതി നവീകരണപ്രക്രിയ ജനാധിപത്യപ്രക്രിയയിലൂടെയാകണമെന്ന് ഫ്രയര്‍ വിശ്വസിച്ചു. സര്‍വകലാശാലാധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍,അധ്യാപകര്‍, വിദ്യാര്‍ഥികല്‍, രക്ഷിതാക്കള്‍ എന്നിവരുടെ യോഗങ്ങള്‍ വിളിച്ചു. അടിത്തട്ടിലുളളവരുടെ അഭിപ്രായങ്ങള്‍ പ്രധാനമാണെന്നും വിദ്യാലയത്തില്‍ നിന്നും അവരെന്തു പ്രതീക്ഷിക്കുന്നുവെന്നത് മാനിക്കണമെന്നും ഫ്രയര്‍ കരുതി. വിഷയാതീതമായ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുളള പഠനമാണ് നവീകരണത്തിലെ ഒരു പ്രത്യേകത. പ്രാദേശിക പ്രസക്തമായ അനുഭവങ്ങളെ കണക്കിലെടുക്കുമ്പോഴാണ് പഠനം കുട്ടിക്ക് പ്രസക്തമാവുക. ഇത് ലോകത്തെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്നതിന് കുട്ടികളെ സഹായിക്കും. അധ്യാപകപരിശീലനവും പാഠ്യപദ്ധതി പരിഷ്കരണവും തോളോടുതോള്‍ ചേര്‍ന്നു പോകണമെന്ന നിലപാടാണ് ഫ്രയര്‍ക്കുളളത്. അതാകട്ടെ കുട്ടികളുടെ പരാജയവും കൊഴിഞ്ഞുപോകലും കുറയ്ക്കുന്നതുമാകണം. അവഗണിക്കപ്പെട്ട അദ്ധ്യാപകപരിശീലനത്തെ അദ്ദേഹം സജീവമാക്കി. അധ്യാപകര്‍ സിദ്ധാതന്തവും പ്യോഗവും തമ്മില്‍ പൊരുത്തെപ്പെടുത്തണം. സ്വയം വിലയിരുത്തലിനു വിധേയരമാകണം. നിരന്തരമായ കാര്യശേഷീവികസനം ലക്ഷ്യം വെക്കണം. വിദ്യാഭ്യാസത്തിന്റെ സഹജമായ രാഷ്ട്രീയ മാനം എല്ലാ അധ്യാപകരും സ്വാംശീകരിക്കേണ്ടതുണ്ട്. ജനാധിപത്യപരമായ ബോധനശാസ്ത്രം എന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു. ആ ബോധനശാസ്ത്രം പഠിതാക്കലെ വിമോചിപ്പിക്കും. സംവാദാത്മക അധ്യയന രീതീ എല്ലാ അധ്യാപകരും പരിശീലിക്കേണ്ടതുണ്ട്. അധ്യാപകപരീശീനത്തിനുളള നടപടികള്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് ആരംഭിക്കുകയുണ്ടായി. അധീശ്വത്വത്തിനും വരേണ്യസങ്കല്പങ്ങള്‍ക്കുമെതിരായ സമരം കൂടിയായിരുന്നു അത്. ജനതയ്ക്കു തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ പങ്കാളിത്തം അനുവദിക്കുന്ന ഫ്രയര്‍ കാര്യങ്ങളെ ഉപരിപ്ലവമായി കണ്ടില്ല. വിദ്യാഭ്യാസസംവിധാനത്തെ ഭരണതലത്തിലും ഉളളടക്കത്തിലും പ്രദാനത്തിലും ജനാധിപത്യവത്കരിക്കുന്നതിന് ഫ്രയര്‍ ശ്രമിച്ചു. രക്ഷിതാക്കള്‍ ,അധ്യാപകര്‍, വിദ്യാര്‍ഥികള്‍ ,വിദ്യാഭ്യാസ വിദഗ്ധര്‍, സമൂഹപ്രതിനിധികള്‍ എന്നിവരടങ്ങുന്ന വിദ്യാലയ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. ബജറ്റിംഗ് വികേന്ദ്രീകരിച്ചു. ബോധനപരമായ കാര്യങ്ങളിലും വികേന്ദ്രീകരണം കൊണ്ടുവന്നു. വിദ്യാലയ കൗണ്‍സിലുകള്‍ നിര്‍ണായകമായി. ( കടപ്പാട് Kathleen Hiyake (UCLA)ന്റെ പുസ്തകാവലോകനം )

ഇനി പറയൂ പൊതുവിദ്യാഭ്യാസത്തിന് ഇണങ്ങാത്തതാണോ ഫ്രയറുടെ ചിന്തകള്‍? അദ്ദേഹം അഥു പ്രയോഗിക്കാന്‍ ഭയന്നോ? ജനാധിപത്യത്തിനെതിരാണോ ഫ്രയറുടെ ദര്‍ശനം? ഹില്‍ഡ ടാബാ ഫ്രയറെ തളളിപ്പറഞ്ഞതെവിടേ? (ഹില്‍ഡയുടെ ജീവിതകാലം (7 December 1902 – 6 July 1967) ഫ്രയറുടെ Pedagogy of the Oppressed, ആദ്യം പ്രസിദ്ധീകരിക്കുന്നത് 1968ല്‍. 67 ല്‍ മരിച്ച ഹില്‍ഡ 68 ലെ പുസ്തകത്തിലെ വിവരങ്ങള്‍ തളളിക്കളഞ്ഞത്രേ!") 
പ്രശ്നാധിഷ്ടത പഠനം
കേരളത്തിലെ പാഠ്യപദ്ധതി വികസിപ്പിച്ചത് മൂന്നു ആശയസ്തംഭങ്ങളിലാണ്
സാമൂഹികജഞാന നിര്‍മിതി വാദം
വിമര്‍ശനാത്മക പോധനശാസ്ത്രം
പ്രശ്നാധിഷ്ഠിത പഠനം
ഇവയില്‍ ആദ്യത്തെ രണ്ടെണ്ണം ദേശീയതലത്തില്‍ നിര‍്‍ദ്ദേശിക്കപ്പെട്ടതാണ്. കേരളം തനിമയോടെ ഉള്‍പ്പെടുത്തിയതാണ് പ്രശ്നാധിഷ്ഠിത പഠനം. ഇതും ലോകത്ത് പുതിയതല്ല. സാമൂഹിക പ്രശ്നങ്ങളുമായി ഉദ്ഗ്രഥിച്ച് വിഷയപഠനം നടത്തുക എന്നത് വിദ്യാഭ്യാസവും സാമൂഹികജീവിതവും പ്രശ്നപരിഹരണവും തമ്മിലുളള ബന്ധം തിരിച്ചറിയുന്നതു കൊണ്ടാണ്. സാമൂഹിക പ്രമോയങ്ങളെ ആധാരമാക്കിയുളള പഠനത്തെക്കുറിച്ച് ഗാന്ധിജിയും ഫ്രയറും പറയുന്നുമുണ്ട്. കേരളവികസനത്തെ മുന്നില്‍ കാണുമ്പോള്‍ പരിസ്ഥിതി സംരക്ഷണം പ്രധാനമാണ്. ആ അജണ്ട മാതൃഭൂമി ഇപ്പോള്‍ വിദ്യാഭ്യാസത്തില്‍ സന്നിവേശിപ്പിക്കുന്നു. അതേ മാതൃഭൂമി സാമൂഹിക പ്രശ്നമേഖലകളെ അപഹസിക്കുന്നു. ഇതാണ് വൈരുദ്ധ്യം. ചിലരുടെ ആക്ഷേപം പ്രശ്നമേഖലകള്‍ എട്ടായി ചുരുങ്ങിയതാണ്. അതു പോരെങ്കില്‍ കൂട്ടണം. അപാകമുണ്ടെങ്കില്‍ പരിഹരിക്കണം. സമീപനം ശരിയാണോ എന്നല്ലേ പറയേണ്ടത്.?
മാതൃഭൂമി ലേഖകന്റെ പരാമര്‍ശം ഇങ്ങനെ
അദ്ഭുതകരമായ മറ്റൊരുകാര്യം കൂടിയുണ്ട്. കുട്ടികള്‍ പഠിക്കേണ്ട എല്ലാ വിഷയങ്ങളും എട്ട് പ്രശ്‌നമേഖലകളില്‍ ഒതുക്കിയിരിക്കുകയാണ് 2007-ലെ കരിക്കുലം.
  1. ശാസ്ത്രീയമായ സ്ഥലജലപരിപാലനത്തിന്റെ അഭാവം
  2. കൃഷിയെ ഒരു ജീവിതസംസ്‌കാരമായി കാണാത്ത അവസ്ഥ
  3. വിശ്വമാനവന്‍ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ
  4. അധ്വാനശേഷി വികാസത്തിന്റെ അഭാവം
  5. സാംസ്‌കാരികത്തനിമയെയും അതിന്റെ സ്വതന്ത്രവികാസത്തെയും കുറിച്ച് ധാരണയില്ലായ്മ
  6. പാര്‍ശ്വവത്കരിക്കപ്പെടുന്നരോടുള്ള പരിഗണനയില്ലായ്മ
  7. പരിസരസൗഹാര്‍ദപരമായ വ്യവസായവത്കരണം, നഗരവത്കരണം എന്നിവയെക്കുറിച്ചുള്ള ധാരണക്കുറവ്
  8. ശാസ്ത്രീയമായ ആരോഗ്യ-പൊതുജനാരോഗ്യ കാഴ്ചപ്പാടിന്റെ അഭാവം
    എന്നിവയാണ് പ്രശ്‌നമേഖലകള്‍. എല്‍.പി., യു.പി. കുട്ടികളോടാണ് ഈ സിദ്ധാന്തം എന്ന് ഓര്‍ക്കുക. ഇതില്‍പ്പെടാത്ത പ്രശ്‌നങ്ങളൊന്നും ലോകത്തില്ലേ? അതൊന്നും കുട്ടികള്‍ പഠിക്കണ്ടേ?
    ശാസ്ത്രം, ഗണിതം പോലുള്ള വിഷയങ്ങളെ പ്രശ്‌നമേഖലകളിലേക്ക് ഒതുക്കിയതിന്റെ അപഹാസ്യത ഡോ. കെ.എന്‍. പണിക്കര്‍ കമ്മിറ്റിതന്നെ എടുത്തുപറഞ്ഞിട്ടുണ്ട്. സോഷ്യല്‍ സയന്‍സില്‍ ജ്യോഗ്രഫിയിലെ പല വിഷയങ്ങളും ഈ എട്ടുപ്രശ്‌നങ്ങളിലും വരില്ല. അതുകൊണ്ട് ഭൂമിശാസ്ത്രത്തിന്റെ പാഠങ്ങള്‍ പരമാവധി കുറച്ചു.ഒരു അധ്യാപിക പരിശീലനക്ലാസില്‍വെച്ച് ഒരു സംശയം ചോദിച്ചു, ''സാര്‍, ഖരം, ദ്രാവകം, വാതകം തുടങ്ങിയവ ഇതില്‍ ഏതു പ്രശ്‌നമേഖലയില്‍ പെടുത്തും?'' അത് വിശ്വമാനവന്‍ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥയില്‍ ഉള്‍പ്പെടുത്താനായിരുന്നു നിര്‍ദേശം. ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.
വിമര്‍ശനം ഒന്ന് -എല്‍.പി., യു.പി. കുട്ടികളോടാണ് ഈ സിദ്ധാന്തം എന്ന് ഓര്‍ക്കുക
.വിമര്‍ശനം രണ്ട്- ഇതില്‍പ്പെടാത്ത പ്രശ്‌നങ്ങളൊന്നും ലോകത്തില്ലേ? അതൊന്നും കുട്ടികള്‍ പഠിക്കണ്ടേ?
കുട്ടികളെ പാഠങ്ങളാണ് പഠിപ്പിക്കുന്നത്. അതിനുളളിലുടെ അവരറിയാതം പ്രശ്നമേഖലകളുടെ വിവിധതലങ്ങള്‍ കിടക്കുന്നുണ്ടാകും. അവരില്‍ രൂപപ്പെടുന്ന അവബോധം ഈ പ്രശ്നമേഖലകളെ ഭാവിയില്‍ അഭിസംബോധന ചെയ്യുന്നതിനു സഹായിക്കും എന്നാണ് എനിക്കു കിട്ടിയ ധാരണ.ചില പ്രശ്നങ്ങള്‍ പ്രത്യക്ഷമായും ചിലത് പരോക്ഷമായും പാഠങ്ങളില്‍ പ്രതിഫലിക്കും. മരം ഒരു വരം എന്ന ആശയം എല്‍ പിയിലും യുപിയിലും ഹൈസ്കൂളിലും പഠിപ്പിക്കുന്നത് ഒരു പോലെയല്ലെന്നാര്‍ക്കാണറിഞ്ഞൂകൂടാത്തത്? വിദ്യാഭ്യാസപ്രക്രിയ ,ഉളളടക്കവിതരണരൂപം, പാഠസ്വരൂപം എന്നിവയെക്കുറിച്ച് സാമാന്യധാരണ ആദ്യം വേണം. രണ്ടാമത്തെ വിമര്‍ശനം നോക്കൂ .കൂടുതല്‍ പ്രശ്നങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നില്ല എന്ന പരാതി. ഒരേ സമയം സാമൂഹിക പ്രശ്നം പഠിപ്പിക്കുന്നതിനു വേണ്ടിയും പഠിപ്പിക്കാതിരിക്കാനും നിലപാട്!!
വിമര്‍ശനം മുന്ന്-സാര്‍, ഖരം, ദ്രാവകം, വാതകം തുടങ്ങിയവ ഇതില്‍ ഏതു പ്രശ്‌നമേഖലയില്‍ പെടുത്തും?'' അത് വിശ്വമാനവന്‍ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥയില്‍ ഉള്‍പ്പെടുത്താനായിരുന്നു നിര്‍ദേശം.
ചിരിക്കണോ അതോ കരയണോ എന്നു തീരുമാനിക്കുന്നതിന്റെ മുമ്പ് വിശ്വമാനവനെന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ ഒന്നു പരിശോധിക്കാം.

വിശ്വമാനവന്‍ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ
പരിഗണിക്കപ്പെടാവുന്ന ആശയങ്ങള്‍
  1. പ്രപഞ്ചോത്പത്തി, പ്രപഞ്ചവസ്തുക്കള്‍, ചലനങ്ങള്‍,പ്രതിഭാസങ്ങള്‍,സ്ഥൂലപ്രപഞ്ചവും സൂക്ഷ്മപ്രപഞ്ചവും (പ്രപഞ്ചവും ഞാനും) ദൂരം, ചെറുത്-വലുത്
  2. പ്രകൃതിയും മനുഷ്യനും തമ്മിലുളള പ്രതിപ്രവര്‍ത്തനം-പ്രകൃതിയിലെ ഇടപെടല്‍-മാറ്റങ്ങള്‍ വരുത്തല്‍- ജീവന്റെ ഉല്പത്തി പരിണാമം..
  3. മനുഷ്യനും മനുഷ്യനും തമ്മിലുളള ബന്ധം, സമൂഹരൂപീകരണം,വിവിധകൂട്ടായ്മകളുടെ വികാസം,അധികാരത്തിന്റെ ഉത്ഭവം വളര്‍ച്ച, സാമൂഹിക വികാസം...തുടങ്ങിയ മാനവിക ശാസ്ത്രമേഖലകള്‍
  4. മനുഷ്യന്‍ നിര്‍മിച്ചെടുക്കുന്ന പ്രപഞ്ചബോധവും അതിന്റെ വൈകാരികാവിഷ്കാരങ്ങളും
പ്രശ്നമേഖല -ചെറുഘടകങ്ങള്‍
  1. വസ്തുനിഷ്ഠമായ പ്രപഞ്ചവീക്ഷണം രൂപപ്പെടാത്ത അവസ്ഥ
  2. വിവധ കൂട്ടായ്മകളുടേയും ചരിത്രവളര്‍ച്ചയുടേയും ഉല്‍പ്പന്നമാണ് തന്റെ ജീവിമെന്ന തിരിച്ചറിവില്ലായ്മ
  3. തന്നെപ്പോലെ മറ്റു മനുഷ്യര്‍ക്കും ജീവികള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നു തിരിച്ചറിയാത്ത സാമൂഹികാവസ്ഥ
  4. അപമാനവീകരണശ്രമങ്ങളെ ഒറ്റയ്ക്കും കൂട്ടായും ചെറുക്കുന്നതിനുളള കഴിവ് വികസിക്കാത്ത അവസ്ഥ
  5. സാമൂഹികവികാസ ചരിത്രത്തെക്കുറിച്ച് വസ്തുനിഷ്ടമായ കാഴ്ചപ്പാടില്ലായ്ക
ധാരണകള്‍ ,ആശയങ്ങള്‍,കഴിവുകള്‍, മനോഭാവങ്ങള്‍
    1.വസ്തുനിഷ്ഠമായ പ്രപഞ്ചവീക്ഷണം രൂപപ്പെടാത്ത അവസ്ഥ
  • ദ്രവ്യനിര്‍മിതമായ ഈ പ്രപഞ്ചം സദാ ചലിക്കുകയും മാറുകയും ചെയ്യുന്നു
  • സ്ഥൂലപ്രപഞ്ചത്തിലും സൂക്ഷ്മപ്രപഞ്ചത്തിലും വൈവിധ്യമാര്‍ന്ന ചലനങ്ങളും മാറ്റങ്ങളും നടന്നു കൊണ്ടിരിക്കുന്നു
  • ചലനത്തിനും മാറ്റത്തിനും വിധേയമാകാത്ത ഒന്നും തന്നെ ഈ പ്രപഞ്ചത്തിലില്ല.ചലനം, മാറ്റം തുടങ്ങിയ പ്രപഞ്ചനിയമങ്ങള്‍ക്ക് വിധേയനാണ് ഞാന്‍.
  • സ്ഥൂലപ്രപഞ്ചത്തിന്റെ വലിപ്പം ,ചലനവൈവിധ്യം, വിശാലക എന്നിവ പരിഗണിക്കുമ്പോള്‍ അതിലൊരു നിസാര സൂക്ഷ്മഘടകം മാത്രമാണ് മനുഷ്യന്‍.എന്നാല്‍ പ്രാപഞ്ചിക വസ്തുക്കളുടെ പൊരുളുകള്‍ തേടാനും ഗോളാന്തരങ്ങളിലേക്ക് കടന്നെത്താനും കഴിയുന്ന മഹാശക്തിയുളളയയാളുമാണ് മനുഷ്യന്‍
  • പ്രപഞ്ചത്തിലെ ഓരേ വസ്തുവും പ്രിതഭാസവും പരസ്പരം വേര്‍തിരിക്കാനാകാത്തവിധം ബന്ധപ്പെട്ടതാണ്. ഒന്നും ഒറ്റയായി നിലനില്‍ക്കുന്നില്ല.അതേ സമയം ഓരേ വസ്തുവും പ്രിതിഭാസവും തനിമയുളളതുമാണ്.സ്വതന്ത്രവുമാണ്.
    അവലംബം -സിലബസ് ഗ്രിഡ് പരിശേധിക്കുന്നതിനുളള മാര്‍ഗ രേഖ (എസ്. സി.ഇ .ആര്‍. ടി)
ഇനി പറയൂ ചിരിക്കണോ കരയണോ?
പരിശീലക(ന്‍ ) ശരിയായ ധാരണയുടെ അടിസ്ഥാനത്തില്‍ പറഞ്ഞതിനെ ഒരു വിവരവും ഇല്ലാതെ പരിഹസിക്കാന്‍ തുനിയുമ്പോള്‍ അല്പം കരുതല്‍ ആകാമായിരുന്നു. ആ പ്രശ്നമേഖലകളെക്കുറിച്ച് ആഴത്തിലോന്നു പഠിക്കാനുളള ശ്രമം.
ഈ പ്രശ്നമേഖലകളെ വേണ്ടവിധം പാഠങ്ങളായി പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞെന്നു ഞാനവകാശപ്പെടുന്നില്ല. ആദ്യശ്രമത്തിന്റെ പരിമിതികളുണ്ടാകും. പക്ഷേ ഈ സാമൂഹികപ്രശ്നങ്ങള്‍ തിന്മയിലേക്കുളള ജാലകമല്ല.
പാഠ്യപദ്ധതിയുടെ അടിസ്ഥാനാശയങ്ങളെ പൊളിച്ചടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു പോയ സ്നേഹിതാ അങ്ങയെ മിത്രമായി കാണാന്‍ ഇപ്പോഴും ‍ഞങ്ങള്‍ക്കു കഴിയുന്നത് മാധ്യമങ്ങളെക്കുറിച്ചുളള ശരിനിലപാടുളളതിനാലാണ്. വഴിതെറ്റിയാലും തിരുത്താനവരും തയ്യാറാകുമെന്ന ശുഭാപ്തി വിശ്വാസം ഉളളതിനാലും. പാഠ്യപദ്ധതി അന്ധമായ വിയോജിപ്പ് ‍ഞങ്ങളെ പഠിപ്പിക്കുന്നില്ല എന്നു കൂടി ഓര്‍മിപ്പിക്കട്ടെ
(തുടരും)
അക്കാദമിക സത്യസന്ധത പുലര്‍ത്താത്ത പരമ്പര മാതൃഭൂമിക്കു കളങ്കം വായിക്കാത്തവര്‍ ഈ ശീര്‍ഷകത്തില്‍ ക്ലിക് ചെയ്യുക.
 ആശയങ്ങള്‍ സമരത്തിന്റെ മറ്റൊരു രൂപം. പ്രതികരിക്കാം. ഈ പോസ്റ്റ് ഷെയറു ചെയ്യാം. പൊതുവിദ്യാലയനന്മകളെ ഉയര്‍ത്തിപ്പിടിക്കാം.

5 comments:

എഡിറ്റർ said...

നന്നായിട്ടുണ്ട് സാർ

psr said...

പ്രിയ കലാധരന്‍,
പ്രതികരണം നന്നായി. സോഷ്യല്‍ മീഡിയയുടെ സാധ്യത ഉപയോഗിക്കുന്പോള്‍ത്തെന്നെ ഇതു മാതൃഭൂമിയില് കൂടി വരേണ്ടതുണ്ട്. എല്ലാ പോയിന്റുകളും ചേര്‍ത്ത് ഒന്നോ രണ്ടോ ലേഖനമാക്കി മാതൃഭൂമിക്കു തന്നെ നല്കീക്കൂടെ. കത്തുകളുടെ കൂട്ടത്തിലെങ്കിലും അവര് അതു പ്രസിദ്ധീകരിച്ചാല്‍ കൂടുതല്‍ പ്രയോജനം ലഭിക്കും.

vks said...

ടി.പി.കെ,
അടുക്കിയൊതുക്കി ലേഖനമാക്കൂ. അക്ഷരത്തെറ്റുകള് ശരിയാക്കണം. അറിയാത്തതിനെ വിമര്ശിക്കുന്ന രീതി തുറന്നുകാട്ടിയത് നന്നായി.

harixcd said...

മാഷേ, നന്നായി. ഒറ്റയ്ക്ക് എഴുതിയ കോളങ്ങള്‍ക്ക് വന്ന സകല ദോഷങ്ങളെല്ലാം മാതൃഭൂമിക്കും ഉണ്ടായി. തക്ക സമയത്ത് പ്രതികരിക്കാന്‍ ഈ ഒരു സൈബര്‍ ഇടം കൂടി ഇല്ലായിരുന്നെങ്കില്‍ ഒരു അവസ്ഥ ആലോചിച്ചു നോക്കൂ.ലേഖകന്‍പഠിച്ചെഴുതേണ്ടവ കേട്ടെഴുതിയതില്‍ സങ്കടം മാത്രമല്ല, സഹതാപവും കൂടെയുണ്ട്.

Unknown said...

maadhyamangal maathram vicharichaal ethrayo pothuvidyalayangale munnoottu kondu varaam.. pakshe..vidhyalayangalilum avar pakshapaathathinte mashi puratti!