ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, June 28, 2013

പഠനസന്നദ്ധതയുളള വിദ്യാലയത്തില്‍


(വീണ്ടും ആ വിദ്യാലത്തിലെത്തി. കൂടെ ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ പ്രസന്നകുമാരപിളളയും.
ജൂലൈ 27 നായിരുന്നു രണ്ടാം സന്ദര്‍ശനം. ആ അനുഭവക്കുറിപ്പാണ് ചുവടെ.)
ഇങ്ങനെയരു കത്ത് ഞാനിതിനു മുമ്പ് കണ്ടിട്ടില്ല. രക്ഷാകര്‍തൃയോഗത്തിനുളള ക്ഷണക്കത്താണ് വിദ്യാലയത്തിന്റെ സമീപനം വ്യക്തമാക്കുന്ന നയരേഖയായി മാറിയത്. ആ കത്ത് വായിക്കൂ.
തൊണ്ടിക്കുഴ
5/6/2013
ഫയാസിന്റെ രക്ഷിതാവിന് ,
തൊണ്ടിക്കുഴ ഗവ യു പി സ്കൂള്‍ എന്ന കുടുംബത്തിലെ ഒരംഗമായിത്തീര്‍ന്നതില്‍ ഞങ്ങള്‍ രക്ഷിതാക്കളുടേയും അധ്യാപകരുടേയും വിദ്യാര്‍ഥികളടേയും അഭിനന്ദനങ്ങള്‍.
ഞങ്ങള്‍ക്കതിലുളള അതിയായ സന്തേഷം പങ്കു വെക്കുന്നതോടൊപ്പം ഫയാസുള്‍പ്പടെ പുതിയതായി 29 കുട്ടികള്‍ ഈ വര്‍ഷം ഇതിനോടകം നമ്മുടെ സ്കൂളില്‍ ചേര്‍ന്നു എന്ന സന്തോഷ വാര്‍ത്ത കുടുംബക്കാരുമായും അയല്‍ക്കാരുമായും പങ്കുവെക്കണമെന്നു കൂടി അഭ്യര്‍ഥിക്കുന്നു.
നിങ്ങളര്‍പ്പിച്ച ഈ വിശ്വാസത്തിന് മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ, സമഗ്രപുരോഗതിയിലൂടെ, മൂല്യാധിഷ്ടിത ബോധനത്തിലൂടെ കുട്ടിയെ കൈപിടിച്ചുയര്‍ത്തി നിങ്ങളോടുളള നന്ദി അര്‍പ്പിക്കാനാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. 
വരും ദിനങ്ങളില്‍ സ്കൂളിലെ ഓരോ പ്രവര്‍ത്തനവും വിലിയിരുത്തി നിര്‍ദ്ദേശങ്ങള്‍ അറിയിക്കുകയും പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുക.മുന്‍ വര്‍ഷങ്ങളില്‍ ഞങ്ങള്‍ സ്വീകിരിച്ച മാര്‍ഗത്തിന്റെ വിജയമാണ് ഈ വര്‍ഷം പുതിയതായി ചേര്‍ന്ന 29 കുട്ടികള്‍ .
ഇനി നമ്മള്‍ ഒരു കുടുംബമാണ്. ഈ കുടുംബത്തിന്റെ വിജയത്തിനായി ,പുരോഗതിക്കായി,നേട്ടങ്ങള്‍ക്കായി നമ്മള്‍ക്കൊരുമിച്ച് അണിചേരാം.
ദീര്‍ഘിപ്പിക്കുന്നില്ല. സ്കൂള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വീട്ടിലും സ്കൂളിലും പഠനവുമായി ബന്ധപ്പെട്ടുവരുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അധ്യാപകരോടൊപ്പം ചേര്‍ന്നിരുന്നു    കുട്ടിയുടെ എല്ലാ തരത്തിലുമുളള പുരോഗതി ഉറപ്പുവരുത്തുന്നതിനായി ജൂണ്‍ 11 ചൊവ്വാഴ്ച്ച രണ്ടു മണിക്ക് ചേരുന്ന യോഗത്തിലേക്ക് കുട്ടിയുടെ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന രക്ഷിതാവ് ( അച്ഛനോ അമ്മയോ) നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു
വിശ്വസ്തതയോടെ
സി.സി. രാജന്‍
ഹെഡ് മാസ്റ്റര്‍
HM PHONE 9446341371
ഓരോ കുട്ടിയുടേയും പേരിലാണ് കത്ത്.പുതിയതായി ചേര്‍ന്ന രക്ഷിതാക്കളുടെ അറിവിലേക്കായി ഗവ യു പി സ്കൂള്‍ തൊണ്ടിക്കുഴ പ്രവര്‍ത്തനങ്ങള്‍ ഒറ്റ നോട്ടത്തില്‍ എന്ന അനുബന്ധവും ചേര്‍ത്തിട്ടുണ്ട്.അതില്‍ ഇരുപത്തിയഞ്ച് കാര്യങ്ങള്‍ അക്കമിട്ടു പറഞ്ഞിരിക്കുന്നു.
അതു വായിക്കുന്ന ഏതൊരു രക്ഷിതാവിനും മനസിലാകും തന്റെ കുഞ്ഞ് സുരക്ഷിതമായ കരങ്ങളിലാണെന്ന്.
മാറ്റത്തിന്റെ പുതിയ പാഠം
പ്രഥമാധ്യാപകന്‍ സി. സി. രാജന്‍സാര്‍ പറഞ്ഞു തുടങ്ങി..
പണ്ട് മുറ്റത്തുളള ഈ വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ സമീപത്തുളള രക്ഷിതാക്കള്‍ പോലും സന്നദ്ധമായിരുന്നില്ല. ഈ സ്കൂളിന്റെ കോമ്പൗണ്ടിലൂടെ കുട്ടികള്‍ നടന്ന് അടുത്തുളള പൊതുവിദ്യാലയത്തില്‍ പോകും. ടി സിയുമായി മറ്റു വിദ്യാലയങ്ങളില്‍ ചെന്നാല്‍ പറയും "തൊണ്ടിക്കുഴേന്നാണോ? ബുദ്ധിമുട്ടുണ്ട്. "
മറ്റു വിദ്യാലയങ്ങളുടെ പരിഹാസം
രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും വിദ്യാലയത്തോടു വിരോധം
ഇപ്പോള്‍ സ്ഥിതി ആകെ മാറി. ഇത്തവണ ആറു ഹൈസ്കൂളുകാരാണ് തൊണ്ടിക്കുഴയുടെ പൊന്നോമനകളെ തങ്ങളുടെ വിദ്യാലയത്തില്‍ ചേര്‍ക്കാനായി ക്യാന്‍വാസ് ചെയ്യാന്‍ വന്നത്. അതു ഡിവിഷന്‍ ഒപ്പിക്കാനല്ല. അവരുടെ വിദ്യാലയത്തിന് ഈ കുട്ടികള്‍ അഭിമാനമാകുമെന്നറിയാമെന്നതിനാലാണ്
അബ്ദുള്‍ ഖാദര്‍സാര്‍ കൂട്ടിച്ചേര്‍ത്തു മറ്റു വിദ്യാലയങ്ങള് സന്ദര്‍ശിക്കുമ്പോഴുളള അനുഭവം. ഒരു ക്വിസ് പ്രോഗ്രാം നടത്തുന്നതിനായി അടുത്ത ഹൈസ്കൂളില്‍ പോയി.അപ്പോളവിടെയുളള അധ്യാപകര്‍ പറയുകയാണ് "ദേ, നിഷയുടെ സാറു വന്നിരിക്കുന്നു". ആ വിദ്യാലയത്തിലെ മികച്ച കുട്ടിയുടെ മേല്‍വിലാസത്തില്‍ അറിയപ്പെടുന്നതിലുളള സന്തോഷം, സംതൃപ്തി അബ്ദുല്‍ഖാദര്‍സാര്‍ മറച്ചുവെച്ചില്ല.
         രാജന്‍സാര്‍ തുടര്‍ന്നു. ഞാന്‍ വരുന്നതിനു മുമ്പ് അധ്യാപകര്‍ക്കു നാണമായിരുന്നു
ഈ വിദ്യാലയത്തിലെ അധ്യാപകരെന്നറിയപ്പെടുന്നതില്‍
കുട്ടികളുടെ പൊതുപരിപാടികള്‍ ഇല്ല. ശിശുദിനത്തിന് റാലി പോലും സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അവര്‍ക്കാലോചിക്കാന്‍ പോലും കഴിയുന്നില്ല. വിരലിലെണ്ണാവുന്ന കുട്ടികളേയും കൊണ്ട് റാലി നടത്തി പരിഹാസ്യരാകാനോ? രാജന്‍സാര്‍ ചുമതല ഏറ്റ ശേഷം ചിത്രം മാറി. ആദ്യത്തെ ശിശുദിനറാലി.ഒരു കിലോമീറ്റര്‍ ദൂരം .വര്‍ഷങ്ങള്‍ക്കു ശേഷം തൊണ്ടിക്കുഴയിലെ കുട്ടികള്‍ സമൂഹത്തിനു മുമ്പാകെ പ്രത്യക്ഷപ്പെടുകയാണ്. ഇന്ത്യയിലെ എല്ലാജനവിഭാഗങ്ങളുടേയും വേഷങ്ങളും സംസ്കാരത്തനിമയും ആ റാലിയില്‍ സന്നിവേശിപ്പിച്ചിരുന്നു. മിനി ഇന്ത്യയാണ് റാലി. അതു കണ്ട സമൂഹം കുട്ടികളോടൊപ്പം കൂടി. വ്യാപാരികള്‍ കുട്ടികള്‍ക്കു മധുരം നല്‍കി. സമൂഹം പ്രോത്സാഹിപ്പിച്ചു. അഭിനന്ദനപ്രവാഹം. തൊണ്ടക്കുഴയുടെ പുതിയ പാഠങ്ങള്‍ ആരംഭിക്കുകയായി.
മുന്നിലേക്കു നോക്കുന്നവര്‍ക്കേ മുന്നോട്ടു നയിക്കാനാകൂ. വീക്ഷണത്തിന്റെ പ്രത്യേകതയാണ് ദിശ തീരുമാനിക്കുന്നത്. തൊണ്ടിക്കുഴയുടെ പുതിയ ടിം നാടിന്റെ ഹൃദയകവാടം തുറന്നകത്തു കയറി.
പങ്കാളിത്തവും വിജയവും
പങ്കാളിത്തം എന്നതു പ്രധാനം വിജയം പിറകേ വരും ഇതാണ് രാജന്‍സാറിന്റെ കാഴ്ചപ്പാട്. എല്ലാ മത്സരങ്ങള്‍ക്കും കുട്ടികളെ പങ്കെടുപ്പിക്കാന്‍ തുടങ്ങി.ദിനാചരണങ്ങള്‍ ഭംഗിയായി നടത്തി.എല്ലാ കുട്ടികളും നന്നായി എഴുതുകയും വായിക്കുകയും ചെയ്യുന്നവരാണെന്നുറപ്പു വരുത്താനുളള ഇടപെടലുകള്‍ ഉണ്ടായി. പിന്നാക്കാവസ്ഥ പരിഹരിക്കേണ്ട ബാധ്യത അധ്യാപകര്‍ കടമയായി കണക്കാക്കി.ക്ലബ്ബുകള്‍ സജീവമാക്കി.ഇങ്ങനെ പറഞ്ഞാല്‍ മനസിലാകില്ല. ഉദാഹരണം വേണ്ടേ
ഞങ്ങള്‍ ചെല്ലുമ്പോള്‍ വിദ്യാലയ വരാന്തയിലെ ബോര്‍ഡില്‍ ശബ്ദം ഉണ്ടാകുന്നതെങ്ങനെ എന്ന ചോദ്യം. ഈ ചോദ്യം രാവിലെ കുട്ടികളുടെ ചിന്തയില്‍ കയറിയിരിക്കുകയാണ്. അല്ല ശബ്ദം ഉണ്ടാകുന്നതെങ്ങനെയാണ്? അവര്‍ പരസ്പരം ചോദിക്കും. ശാസ്ത്രക്ലബ്ബിന്റെ പതിമൂന്നാമത്തെ പരീക്ഷണത്തിനു മുന്നോടിയായുള ചോദ്യമാണത്. ഇടവേളയില്‍ ക്ലാസ് ലീഡര്‍മാരുടെ യോഗമുണ്ട്.അതില്‍ ശാസ്ത്രക്ലബ്ബംഗങ്ങള്‍ ആ രഹസ്യം അനാവരണം ചെയ്യും. ട്യൂണിംഗ് ഫോര്‍ക്ക് കുട്ടികളുടെ കാതില്‍ മന്ത്രിക്കും. ലീഡര്‍മാര്‍ പരീക്ഷണം പരിശീലിക്കും. വിശദീകരിണരീതിയുടെ റിഹേഴ്സല്‍ നടത്തും. പിന്നെ ക്ലാസിലേക്ക്. ലീഡര്‍മാരെത്തുമ്പോള്‍ കുട്ടികള്‍ക്കറിയാം ആ വലിയ ചോദ്യത്തിനുത്തരം ഇതാ വെളിപ്പെടാന്‍ പോകുന്നു. പിന്നീട് പരീക്ഷണാനുഭവം. ഹായ് ! കണ്ടെത്തലിന്റെ സന്തോഷം. വീട്ടില്‍ ചെന്നാലീ കുട്ടികള്‍ മാതാപിതാക്കളോട് ഈ ചോദ്യം ഉന്നയിക്കും. എന്നിട്ട്  സുല്ലിടീപ്പിച്ച ശേഷം ശാസ്ത്രം പങ്കിടും. എല്ലാ കുട്ടികളും പരീക്ഷണക്കുറിപ്പെഴുതണം. ആ ബുക്ക് വിദ്യാലയം സൗജന്യമായി നല്‍കി. വിലയിരുത്തലിനും പരീക്ഷണക്കുറിപ്പ് പുസ്തകം വിധേയം.ക്ലബ് പ്രവര്‍ത്തനം എല്ലാ കുട്ടികള്‍ക്കും നേട്ടമുണ്ടാകും വിധം ആസൂത്രണം ചെയ്തിരിക്കന്നു.
ലൈബ്രറി കൗണ്‍സില്‍. വിദ്യാഭ്യാസ വകുപ്പ്, മാതൃഭൂമി, ദേശാഭിമാനി, മാധ്യമം എന്നിവ നടത്തിയ മത്സരങ്ങളില്‍ ജില്ലയിലൊന്നാം സ്ഥാനം നേടിയ ഈ വിദ്യാലയം മേളകളില്‍ വിവധ തലങ്ങളില്‍ നേട്ടം കൊയ്ത് ജനകീയാംഗീകാരത്തോടെ ധീരമായ ചുവടുകള്‍ വെക്കുകയാണ്.
അസംബ്ലിയില്‍ എയ്റോബിക്സ് വന്നതെങ്ങനെ?
ബി ആര്‍ സി എയ്റോബിക്സില്‍ പരിശീലനം നടത്തി. അതില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. പങ്കെടുത്തവര്‍ പറഞ്ഞു തരക്കേടില്ല. ആരാണ് പരിശീലിപ്പിച്ചത്.? അടുത്ത ഹൈസ്കൂളിലെ പ്രജീനാമ്മടീച്ചര്‍. നല്ലത് നഷ്ടപ്പെടാന്‍ പാടില്ല. വിദ്യാലയം അങ്ങനയാണ് ചിന്തിച്ചത്. ഒന്നാം ക്ലാസിലെ അധ്യാപിക സിന്ധു ടീച്ചര്‍ പറഞ്ഞു ഞാന്‍ പോയി പഠിച്ചു വരാം. നേരെ പ്രജീനടീച്ചറുടെ അടുത്തെത്തി ശിഷ്യപ്പെട്ടു. തിരികെ വന്നു .അന്നു മുതല്‍ എയ്റോബിക്സ് വിദ്യാലയ അസംബ്ലിയുടെ ആസ്വാദ്യഘടകമായി. ബി ആര്‍ സിയിലെ പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാലയങ്ങളില്‍ എയ്റോബിക്സ് കുട്ടികളുടെ അനുഭവമാകാതെ മാറിനിന്നു. പഠനസന്നദ്ധതയുളള സിന്ധു ടീച്ചര്‍ അധ്യാപകര്‍ക്കു നല്‍കുന്ന സന്ദേശം അമൂല്യം തന്നെ. എയ്റോബിക്സില്ലാത്ത സ്കൂള്‍ വാര്‍ഷികത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ആലോചിക്കാന്‍ കൂടി കഴിയുന്നില്ല. പ്രഭാതങ്ങളെ ഉന്മേഷം കൊണ്ടു നിറയ്ക്കാന്‍ ഇതിനു കഴിയുന്നുവെന്ന് അധ്യാപകര്‍ പറയുന്നു.
കമ്പ്യൂട്ടര്‍ലാബിലെ ടീച്ചര്‍
പ്രവൃത്തി പരിചയത്തിനു നിയോഗിക്കപ്പെട്ട അധ്യാപികയാണ് വിദ്യാലയത്തിലെ കംമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിന്റെ നായിക. ആ ശേഷിയും പഠിച്ചെടുത്തത്. എല്ലാ അധ്യാപകര്‍ക്കും കംമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ട്. പുറത്തു നിന്ന് ആളെ വെച്ചു പഠിപ്പിക്കുന്ന വിദ്യാലയങ്ങളെ എനിക്കറിയാം. അധ്യാപകര്‍ക്കു പഠിക്കാന്‍ സന്നദ്ധതയില്ലെങ്കില്‍ കുട്ടികളുടെ പഠനസന്നദ്ധത ഏത്രയാകുമെന്നൂഹിക്കാവുന്നതേയുളളൂ. പതിമൂന്നു കമ്പ്യൂട്ടറുകള്‍. അവയുടെ ഓരോന്നിന്റെയും അടുത്ത് കുട്ടികളുടെ നമ്പരുണ്ട്. അതനുസരിച്ച് മാത്രമേ അവ ഉപയോഗിക്കാന്‍ പാടുളളൂ. യൂസര്‍നെയിം ആ നമ്പരുകാര്‍ക്കു മാത്രമേ അറിയൂ. ഇത്തരം ക്രമീകരണം പഠനച്ചിട്ടയുണ്ടാക്കാന്‍ സഹായകമാണ്. മൂന്നാം ക്ലാസുമുതലുളള കുട്ടികള്‍ കമ്പ്യൂട്ടര്‍ പരസഹായമില്ലാതെ കൈകാര്യം ചെയ്യും.
കായിക വിദ്യാഭ്യാസം ഇങ്ങനെ
ഡ്രില്‍ പീരീഡെന്നു പറഞ്ഞാല്‍ ഒഴിവു പിരീഡെന്നാണ് പലരും വിചാരിച്ചിട്ടുളളത്. കായിക വിദ്യാഭ്യാസത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തതിനാലാണ് ഈ ചിന്ത. തൊണ്ടിക്കുഴ സ്കൂളിലെ കായികവിദ്യാഭ്യാസത്തിന് ചിട്ടയുണ്ട്. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുളളവര്‍ക്ക് ഒരേസമയം കായികവിദ്യാഭ്യസത്തിനുളള പീരിയഡ്. എന്താ അലോചിക്കാന്‍ പ്രയാസമുണ്ടോ? ഈ സമയം കുട്ടികള്‍ എന്തു ചെയ്യണം. ഗ്രീന്‍ ക്ലബ്ബിലെ അതുല്‍ അല്ലെങ്കില്‍ ബ്ലൂ ക്ലബ്ബിലെ റസീന ഏതു കായികപരിപാടിയിലാണ് ബുധനാഴ്ച്ച പങ്കെടുക്കേണ്ടത് എന്ന് മുന്‍ കൂട്ടി തീരുമാനിച്ചിട്ടുണ്ട്.സൈക്കിളിംഗ്, കാരംസ്, ചെസ്, ഡൈസ്, ടെന്നിക്വയ്റ്റ്, സ്കിപ്പിംഗ്, സ്കേറ്റിംഗ്, സീസോ,ഷട്ടില് തുടങ്ങിയവയിലുളള പരിശീലനത്തിലൂടെ വ്ദ്യാര്‍ഥികള്‍ നിശ്ചയിക്കപ്പെട്ട ദിനങ്ങളില്‍ മാറിമാറി കടന്നു പോകും
 കായികപരിശീലനത്തില്‍ ആണ്‍ പെണ്‍ വിവേചനമില്ല
ഏഴുവര്‍ഷം കൊണ്ട് എല്ലാവരും ഈ കായികപരിശീലനത്തില്‍ മുന്നിലെത്തും. അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് പരിശീലനം.
ഉച്ചഭക്ഷണക്കൂട്ടം
ഉച്ചഭക്ഷണ സമയമായി. കുട്ടികളില്‍ ചിലര്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്. ചിലര്‍ക്ക് വിദ്യാലയം ഭക്ഷണം ഒരുക്കിയിട്ടുണ്ട്. എല്ലാവരും ഭക്ഷണശാലയിലെത്തി. ചെറിയ ചെറിയ കൂട്ടങ്ങളായി, വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരുന്നവര്‍ മറ്റുളളവര്‍ക്കു കൂടി തോരനും മറ്റും കരുതിയിട്ടുണ്ട്. അത് പങ്കുവെച്ച് വിഭവസമൃദ്ധമായി അവര്‍ കഴിക്കുന്നു. കാശ്മീരിലെ വിദ്യാലയസന്ദര്‍ശനാനുഭവം ഓര്‍മിയല്‍ വന്നു.അവിടെ മൂന്നു നാലു കുട്ടികള്‍ക്കുളള ഭക്ഷണം ഒരു പാത്രത്തില്‍ നല്കും. കുട്ടികള്‍ ഒരു പാത്രത്തില്‍ നിന്നുണ്ടു വളരും.വേറേ വേറേ എന്ന ശീലം നാം പഠിപ്പിച്ചെടുക്കുന്നതാണ്. തൊണ്ടിക്കുഴ വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തോടൊപ്പം വലിയ മൂല്യവും കുട്ടികള്‍ സ്വാംശീകരിക്കുന്നു.സുഹൃദ്ബന്ധത്തിന്റെ കണ്ണി മുറുക്കിയെടുക്കുന്നു. പങ്കുവെക്കലിന്റെ രുചി പഠിപ്പിക്കുന്നു. അധ്യാപകരും കുട്ടികളും ഒന്നിച്ചുണ്ണുന്ന കാലം വരാതിരിക്കില്ല.
മമ്മി ആന്‍ഡ് മി
2011 ജൂലൈ 26.അമ്മമാരുടെ യോഗമാണ്. പങ്കാളിത്തം ക്രമേണ വര്‍ധിപ്പിച്ചുകൊണ്ടുവരുവാനുളള തന്ത്രങ്ങളിലൊന്നാണ് മമ്മി ആന്‍ഡ് മി പ്രോഗ്രാം. അമ്മമാരെ വിദ്യാലയത്തില്‍ കുട്ടികള്‍ വരവേല്‍ക്കും. ഒരു പൂച്ചെണ്ടും ഉമ്മയും നല്‍കിയാണ് മാതൃയോഗത്തിലേക്കവരെ ആനയിക്കുക. ഈ വിവരം വീടുകളില്‍ അറിയിച്ചിട്ടുണ്ട്. വരാതിരിക്കുവതെങ്ങനെ?ഉമ്മ വാങ്ങണ്ടേ?ഭൂരിപ്കഷം അമ്മമാരും വന്നു. ചിലരുടെ അമ്മമാര്‍ക്കന്ന് വരാനായില്ല. പഞ്ചായത്തുമെമ്പര്‍ ശ്രീമതി പത്മാവതി ആ കുട്ടികളുടെ അമ്മയുടെ സ്ഥാനത്തുനിന്ന് ഉമ്മ ഏറ്റുവാങ്ങി. ആമുഖത്തിനു ശേഷം അമ്മയും നന്മയും ഒന്നാണ് എന്ന പാട്ടുപാടി. തുടര്‍ന്ന് അമ്മമാര്‍ക്ക് ചര്‍ച്ചാക്കുറിപ്പ് നല്‍കി. അതില്‍ മുപ്പതു കാര്യങ്ങള്‍.ആ ചര്‍ച്ചാക്കുറിപ്പിലെ ചില ഇനങ്ങള്‍ പരിചയപ്പെടാം.

  • അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നോ (വേണ്ട, അരുത്, ഇല്ല) എന്നു പറയാനുളള ആത്മധൈര്യം നിങ്ങളുടെ കുട്ടിക്ക് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടോ?
  • ഇതുവരെ വിദ്യാലയത്തില്‍ നടന്ന ഏതെങ്കിലും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടോ
  • നമ്മുടെ സ്കൂളിന്റെ നല്ല കാര്യങ്ങള്‍ പുറത്തുളളവരോടും പരാതികള്‍ അധ്യാപകരോടുമാണോപറയാറുളളത്? അവര്‍ ചര്‍ച്ച നടത്തി. റിപ്പോര്‍ട്ടിംഗ് .ക്ലാസായി അതു മാറി. തീരുമാനങ്ങള്‍. സജീവത പ്രചോദനമായി .അടുത്ത യോഗമെന്നാണെന്ന അന്വേഷണം..വന്നാല്‍ രക്ഷിതാക്കള്‍ക്ക് പ്രയോജനമുണ്ടെങ്കില്‍ വരും. വേറെ വിദ്യാലയത്തില്‍ പി ടി എ ഉണ്ടെങ്കില്‍ പോലും അതൊഴിവാക്കി ഇവിടെ വരും.
പ്രഥമാധ്യാപകന്റെ ക്ലാസ്
എല്ലാ ദിവസവും പ്രഥമാധ്യാപകന്റെ ക്ലാസോടെയാണ് വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ഒമ്പത് പത്തിന് ക്ലാസാരംഭിക്കും. അതു ചിത്രരചനയാകാം. സംഗീതമാകാം, ഇംഗ്ലീഷാകാം. ഓട്ടന്‍ തുളളലും ചിലപ്പോള്‍ ക്ലാസനുഭവമാകും. മുടങ്ങാതെ തുടരുന്ന ഈ പ്രക്രിയ തോണ്ടിക്കുഴയുടെ തനിമ.
ബാലസഭയും സ്വന്തം രചനയും
വിദ്യാരംഗം സാഹിത്യവേദിയില്‍ കുട്ടികള്‍ സ്വന്തം രചനയാണവതരിപ്പിക്കുക. ക്ലാസടിസ്ഥാനത്തില്‍ നടക്കും ഉച്ചയ്ക്ക് ഒന്നരയ്ക്ക്. അധ്യാപകര്‍ ഈ സമയം ക്ലാസിലുണ്ടാകും. അവരവരുടെ ക്ലാസിലല്ല മറ്റു ക്ലാസുകളില്‍.അതിനും ക്രമമുണ്ട്. ഊഴമനുസരിച്ച് മാറി മാറി. ഇതുമൂലം എല്ലാ ക്ലാസുകളിലേയും കുട്ടികളുടെ കഴിവുകള്‍ എല്ലാവര്‍ക്കും തിരിച്ചറിയാന്‍ കഴിയും.മാസത്തിലൊരിക്കല്‍ പൊതുപരിപാടി. കുട്ടികള്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനു ക്രമീകരണം ചെയ്യും. സ്വന്തം രചനയില്‍ ചിലത് പൊതുസമൂഹത്തിന് മുമ്പാകെ അവതരിപ്പിച്ച അനുഭവം ഉണ്ട്. കുട്ടികള്‍ എഴുതി സംവിധാനം ചെയ്ത നാടകവും കഥാപ്രസംഗവും പൊതുജനശ്രദ്ധ ആകര്‍ഷിച്ചു. കലാവിദ്യാഭ്യാസം നടത്തുന്നതിന്റെ ഒരു ഉദാഹരണമിങ്ങനെ മാര്‍ഗംകളി പഠിക്കാന്‍ തീരുമാനം. ആര്‍ക്കും അറിഞ്ഞുകടാ. എവിടെ നിന്നോ ഒരു സിഡി സംഘടിപ്പിച്ച് അതൊരു അധ്യാപിക സ്വയം പരിശീലിച്ച് കുട്ടികളെ പഠിപ്പിച്ചു.
അധ്യാപകരെക്കുറിച്ച്
ഈ വിദ്യാലയത്തിലെ അധ്യാപകരെക്കുറിച്ചുളള പ്രഥമാധ്യാപകന്റെ വിലയിരുത്തല്‍ കേള്‍ക്കാനുളള താല്പര്യം പ്രകടിപ്പിച്ചു.
രാജന്‍സാര്‍ പറഞ്ഞു. ഒരു ടീച്ചറോടും ഈ നലഞ്ചു വര്‍ഷത്തിനിടയില്‍ ദേഷ്യപ്പെട്ടൊരു വാക്കു പറയേണ്ടി വന്നിട്ടില്ല. നിര്‍ബന്ധിച്ച് ഒരു പ്രവൃത്തി ചെയ്യിക്കേണ്ടി വന്നിട്ടില്ല, കര്‍ശനമായി നിര്‍ദ്ദേശിക്കേണ്ടി വന്നിട്ടില്ല. സിന്ധു ടീച്ചര്‍ മിടുക്കി, ഷൈലജ സമര്‍ഥ, പാട്ടു പാടും.സുഹ്രടീച്ചര്‍ സംഘാടക, കലാപരമായ കാര്യങ്ങളില്‍, സാഹിത്യത്തില്‍ സവിശേഷ കഴിവ്.എല്‍സിടീച്ചര്‍ കണക്കിന്റെ മേധാവിതന്നെയാണ്. സീനത്ത് ടീച്ചര്‍ പണ്ട് പഞ്ചായത്ത് മെമ്പറായിരുന്നു.സാമൂഹികശാസ്ത്രം രക്തത്തിലുണ്ട്. ലിസിടീച്ചറാണ് ഇംഗ്ലീഷിന് ഈ വിദ്യാലയത്തെ നയിക്കുന്നത്. അബ്ദുള്‍ ഖാദര്‍ സാറിനെക്കുറിച്ച് ഞാന്‍ പറയേണ്ടല്ലോ...ഓരോ ടീച്ചറിന്റേയും മികവുകള്‍ പറയുമ്പോള്‍ വല്ലാത്ത അഭിമാനം വാക്കിലും മുഖത്തും സ്ഫുരിക്കുന്നുണ്ടിയിരുന്നു.
അധ്യാപകര്‍ വിദ്യാലയത്തെ വിലയിരുത്തുന്നു
എന്താണ് നിങ്ങള്‍ക്ക് ഈ വിദ്യാലയത്തെക്കുറിച്ച് പറയാനുളളത്? ആ ചോദ്യത്തിന്റെ ഉത്തരങ്ങളിങ്ങനെ
  • ഒത്തൊരുമയുളള വിദ്യാലയം
  • പഠിക്കാന്‍ തയ്യാറുളള അധ്യാപകരുടെ വിദ്യാലയം
  • കുട്ടികളുടെ മുഴുവന്‍ ശേഷിയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിദ്യാലയം
  • ഒരോ കുട്ടിയുടേയും കുടുംബപശ്ചാത്തലം എല്ലാ അധ്യാപകര്‍ക്കും നന്നായി അറിയാവുന്ന വിദ്യാലയം
  • ടീം വര്‍ക്കുളള വിദ്യാലയം
  • വിദ്യാലയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ വിദ്യാലയം
  • നല്ല കാര്യം എവിടെ നിന്നും സ്വീകരിക്കുന്ന വിദ്യാലയം.
എന്റെ മനസില്‍ കുറിച്ചതും അവര്‍ പറഞ്ഞതും ഒന്നു തന്നെ.ഇത്രയും പാലിക്കുന്ന അധ്യാപകരുളള ഏതു വിദ്യാലയത്തിനും തലകുനിക്കേണ്ടിവരില്ല.
ഇതാണ് പ്രഥമാധ്യാപകന്റെ ഫോണ്‍ നമ്പര്‍.വിളിക്കൂ വിദ്യാലയത്തെ പ്രോത്സാഹിപ്പിക്കൂ.HM PHONE 9446341371

10 comments:

Manoj മനോജ് said...

വിദ്യാലയങ്ങളെ മാറ്റി എടുക്കാമെന്ന് തെളിയിച്ച ഈ പോസ്റ്റിട്ടതിനു പ്രത്യേക നന്ദി :)

ഒരു അനുഭവം പങ്കുവെയ്ക്കണമെന്നു ആഗ്രഹിക്കുന്നു... ഇവിടെ സ്കൂൾ അവധിയാണു.. പയ്യൻസിന്റെ സ്കൂളിൽ നിന്ന് ഒരു ഫ്ലയർ കിട്ടി... അവധിക്കു വായന പരിശീലിക്കുവാൻ പബ്ലിക്ക് ലൈബ്രറിയിൽ എല്ലാ വർഷത്തെയും പോലെ ഇക്കൊല്ലവും മത്സരം ഉണ്ടെന്നായിരുന്നു അതിൽ... കെ.ജി.യിൽ ആയപ്പോൾ തന്നെ പബ്ലിക്ക് ലൈബ്രറിയിൽ അംഗത്വം എടുപ്പിച്ചിരുന്നു.. കൂടുതൽ അറിയുവാൻ അവിടെ ചെന്നപ്പോൾ അവനോടു തന്നെ പേരും മറ്റും ചോദിച്ച് അവർ തന്നെ രജിസ്ട്രേഷൻ ചെയ്തു കൊടുത്തു... രണ്ട് മാസത്തിനുള്ളിൽ 10 മണിക്കൂർ വായിച്ചാൽ ഒരു പുസ്തകം സ്വന്തമാക്കാമെന്ന് പറഞ്ഞപ്പോൾ അവൻ 10മണിക്കൂറിനായി രജിസ്റ്റർ ചെയ്തു... വായിക്കുന്ന മിനിറ്റുകൾ അടയാളപ്പെടുത്തുവാൻ ക്ലോക്കിന്റെ പടങ്ങൾ ഉള്ള ഒരു കടലാസും പിന്നെ വായിക്കുന്ന പുസ്തകങ്ങളും മിനിറ്റുകളും ഓൺലൈനിൽ രേഖപ്പെടുത്തുവാൻ ഒരു അക്കൌണ്ടും.... 10 മുതൽ 100 മണിക്കൂർ വരെയുള്ള ടാർജറ്റാണു...

പറഞ്ഞു വന്നത് കമ്പ്യൂട്ടർ മൂലം പുസ്തക വായന നടക്കുന്നില്ല എന്ന് പരാതിപ്പെടുന്ന നമുക്കും ഇത് ഒരു മാതൃക ആക്കരുതോ!! തൊട്ടടുത്തുള്ള വായനശാലകളുമായി യോജിച്ച് ഒരു പരിപാടി നമ്മുടെ സ്കൂളുകൾക്കും ആലോചിക്കാവുന്നതല്ലേ!!!

drkaladharantp said...

പ്രിയ മനോജ്
ഇവിടെ വായന വിദ്യാലയപ്രവര്‍ത്തനങ്ങളഉടെ ഭാഗമാണ്. വായനയും കുറിപ്പു തയ്യാറാക്കലും പാഠ്യപദ്ധതിയുടെ ഭാഗം.പിന്നെ വായനാവാരം.രണ്ടായിരം വായനക്കുറിപ്പുകളുടെ പതിപ്പുകള്‍ തയ്യാറാക്കിയ വിദ്യാലയത്തെ ഇന്നലെ ഫേസ് ബുക്കില്‍ കണ്ടു.നല്ല അധ്യാപകരുളള ഇടങ്ങളിലേ ഇതൊക്കെ നടക്കുന്നുളളൂ.വളരെക്കാലമായി താങ്കള്‍ ഈ വഴി വന്നിട്ട്. സന്ദര്‍ശനം സന്തോഷം പകരുന്നു.

socialwayanad said...

അധ്യാപകര് ആത്മാര്തത കാണിച്ചാൽ കുറെ രക്ഷപ്പെടും..ചോരിവുറെയും കൂരവിറെയും എന്നാ രീതിയിൽ കുറച്ചുപേരെങ്കിലും ഉള്ളതാണ് വലിയ പ്രശ്നം...അധ്യാപകര് സ്വന്തം മക്കളെ തങ്ങളുടെ തന്നെ വിദ്യാലയത്തിൽ ചേർത്ത് പഠിപ്പിച്ചാൽ 29 അല്ല കുട്ടികൾ 290 ആത്മാര്തത കാണിച്ച രാജൻ മാസ്റെരിനു അഭിനന്ദനങ്ങൾ ....കുറെ മാതൃകകൾ സൃഷ്ടിക്കുക ...മറ്റു വിദ്യാലയത്തിൽ കിട്ടുന്നതിൽ കൂടുതൽ ഇവിടെ കിട്ടും എന്ന് തെളിയിക്കുക ...

socialwayanad said...
This comment has been removed by the author.
socialwayanad said...

അധ്യാപകര് ആത്മാര്തത കാണിച്ചാൽ കുറെ രക്ഷപ്പെടും..ചോറിവിടെയും കൂറവിടെയും എന്ന രീതിയിൽ കുറച്ചുപേരെങ്കിലും ഉള്ളതാണ് വലിയ പ്രശ്നം...അധ്യാപകര് സ്വന്തം മക്കളെ തങ്ങളുടെ തന്നെ വിദ്യാലയത്തിൽ ചേർത്ത് പഠിപ്പിച്ചാൽ 29 അല്ല കുട്ടികൾ 290 ആകും ... ആത്മാര്തത കാണിച്ച രാജൻ മാസ്റെരിനു അഭിനന്ദനങ്ങൾ ....കുറെ മാതൃകകൾ സൃഷ്ടിക്കുക ...മറ്റു വിദ്യാലയത്തിൽ കിട്ടുന്നതിൽ കൂടുതൽ ഇവിടെ കിട്ടും എന്ന് തെളിയിക്കുക ...

harixcd said...

പാലക്കാട് ചിറ്റൂര്‍ ഉപജില്ലയില്‍ നിന്നും ഇത്തരത്തില്‍ ക്ളാസ് പിടിഎ യോഗത്തിനു പ്രത്യേകം കത്ത് തയാറാക്കിയതു മാനേജ്മെന്റ് പരിശീലന സമയത്ത് അറിഞ്ഞിരുന്നു. നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലായിടത്തും സമാനതയുണ്ടാകുമെന്നു ഈ അനുഭവകുറിപ്പ് കാണിക്കുന്നു. മോഷ്ടിക്കാന്‍ പാകത്തിലുള്ള പലതും ഇതിലുണ്ട്. പിടി പിരീയഡും കംപ്യൂട്ടര്‍ ലാബുമെല്ലാം അനുകരിക്കാവുന്നവ തന്നെ. പ്രലോഭിക്കാന്‍ മുന്നില്‍ കൊണ്ടു തന്ന നല്ല സത്യങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസത്തോടു തന്നെ നന്ദി പറയണമല്ലേ?

brcwandoor said...

ഒരു അധ്യാപൻ ഒരു സ്കൂളിനെ മാറ്റിയെടുക്കുന്നത് മാണിക്യക്കല്ല് എന്ന സിനിമയിൽ കണ്ട് കോരിത്തരിച്ചിട്ടുണ്ട്. യാഥാർഥ്യത്തിലും അങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട്. പക്ഷെ അവ അപൂർവമാണ്, അധികമാരും അറിയാറുമില്ല. ഇങ്ങനെയൊരു സംഭവം ബ്ളോഗ് ചെയ്ത കലാധരൻ സാറിനോട് എന്താണു പറയേണ്ടത്. താങ്കൾ നീണ്ൾ വാഴട്ടെ.
ജൂലൈ 8ന് എഇഒ, ഡയറ്റ് ഫ്ക്കൽറ്റി, ബിപിഒ സംഘത്തിൻറെ ആദ്യ സ്കൂൾ സന്ദർശനമാണ്. അന്ന് ഈ കത്തും കുറിപ്പും അവിടെ അവതരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. കണ്ടിട്ടില്ലാത്ത രാജൻ സാറിന് അഭിനന്ദനങ്ങൾ.

Radha said...


അദ്ധ്യായം 1.

അധ്യായം 2
ജൂലായ്‌ 3 രാവിലെ 10 മണി. സ്കൂള്‍ ഹെഡ്മിസ്ട്രസ്സിന്‍റെ മുറി. മേല്‍പ്പറഞ്ഞ 18 ല്‍ ഒരുവന്‍റെ പിതാവ് പരാതിയുമായി വന്നിരിക്കുന്നു. എല്ലാം കേട്ട ഹെഡ്മിസ്ട്രസ് രക്ഷിതാവിനെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു. പുതിയ ആളാണ്‌, ഞാന്‍ രാവിലെയാണ് ഈ വിഷയം അറിഞ്ഞത്, അപ്പോള്‍ത്തന്നെ ടി അധ്യാപകനെ വിളിച്ച് താക്കീത് ചെയ്തിട്ടുണ്ട്. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതെ നോക്കാം,ദയവായി മുകളിലേയ്ക്കൊന്നും പരാതി അയയ്ക്കേണ്ട. ഇതിലൊന്നും തൃപ്തി വരാത്ത രക്ഷിതാവിനു ഒരു ആഗ്രഹം നമ്മുടെ സ്കൂളിനെ അച്ചടക്കത്തിന്‍റെ ഗ്ലോബല്‍ മാതൃകയാക്കുവാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ബഹുമാന്യനായ അധ്യാപകനെ ഒന്ന് പരിചയപ്പെടണം. ഹെഡ്മിസ്ട്രസ് ആളിനെ വിട്ട് അധ്യാപകനെ വിളിപ്പിച്ചു. കൂട്ടിന് അല്പം സീനിയറായ മറ്റൊരധ്യാപകനെയും കൂട്ടി അദ്ദേഹമെത്തി. ഹെഡ്മിസ്ട്രസ് രക്ഷിതാവിനെ പരിചയപ്പെടുത്തി. പരാതിയുടെ കാര്യവും സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇവിടെ കുട്ടികളുടെ കൂട്ടത്തല്ല്, അധ്യാപകര്‍ക്കെതിരെ മുദ്രാവാക്യം വിളി, പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍, ആകെ അസ്വാസ്ഥ്യം നിറഞ്ഞ അന്തരീക്ഷം അന്നൊന്നും ഒരു രക്ഷിതാവിനെയും ഈ വഴിക്കു കണ്ടില്ല. ഇപ്പോള്‍ എങ്ങിനെയെങ്കിലും ഒന്ന് നന്നാക്കാമെന്നു വച്ചപ്പോള്‍ സമ്മതിക്കില്ലെന്നു വന്നാല്‍. ഒരു കാര്യം ചെയ്യൂ,നിങ്ങളുടെ മകനെ ഒരു കാരണവശാലും ശിക്ഷിക്കരുതെന്ന് എഴുതി തന്നിട്ട് പോയാല്‍ മതി. എന്നിട്ടേ നിങ്ങളുടെ കുട്ടിയെ ഈ സ്കൂളില്‍ പഠിപ്പിക്കുന്നുള്ളൂ. സീനിയര്‍ അധ്യാപകന്‍റെ തീരുമാനം. ടീച്ചറേ ഇതെഴുതി വാങ്ങിയിട്ട് വിട്ടാല്‍ മതി. ഹെഡ്മിസ്ട്രസ്സിനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടാണ് രണ്ടുപേരും മടങ്ങിയത്.
അദ്ധ്യായം 3
ഒരു സര്‍ക്കാര്‍ ഹൈസ്കൂളിലെ സ്റ്റാഫ് റൂം. ജൂലായ്‌ 3 ഉച്ചയ്ക്ക് 1 മണി. സാറിന് രാവിലെ എന്ത് പറ്റി? സഹപ്രവര്‍ത്തകയുടെ കുശലാന്വേഷണം. ഞാന്‍ മകന്‍റെ സ്കൂളിലൊന്നു പോയിരുന്നു. അദ്ധ്യാപകന്‍ സംഭവങ്ങള്‍ വിശദീകരിച്ചു. സാറെ ഇതാ ഞാന്‍ പറയുന്നത് അണെയ്ഡഡ് സ്കൂളാണ് നല്ലതെന്ന്. ഒന്നുമില്ലെങ്കിലും നമ്മള്‍ അവിടെ ചെന്നാല്‍ എന്തൊരു ബഹുമാനമാണ്. നമ്മുടെ മക്കളാണെ ന്നറിഞ്ഞാല്‍ അവര്‍ പൊന്നുപോലെ നോക്കും. ടീച്ചറിന്‍റെ പ്രതികരണം. അദ്ധ്യാപകന്‍ തല താഴ്ത്തി.

Radha said...

കായിക വിദ്യാഭ്യാസത്തിനു പുതിയ മാതൃകയും മാനവും പങ്കുവച്ചതിനു നന്ദി. ഒരു അനുഭവം പങ്കുവയ്ക്കണമെന്നു ആഗ്രഹിക്കുന്നു.
അദ്ധ്യായം ഒന്ന്.
അമ്പലപ്പുഴ ഉപജില്ലയിലെ ഒരു എയിഡഡ് ഹൈസ്കൂള്‍, 2013 ജൂലായ്‌ 2 രാവിലെ 10 മണി. ക്ലാസ് അധ്യാപിക കടന്നുവരുമ്പോള്‍ രണ്ട് ആണ്കുപട്ടികള്‍ അടിപിടി കൂടുന്നത് കാണുന്നു. ടീച്ചറിന്‍റെ സാന്നിധ്യമറിഞ്ഞ വില്ലന്മാര്‍ മാറിക്കളഞ്ഞു. യൂനിഫോമിലായതിനാല്‍ ടീച്ചറിന് കുട്ടികളെ തിരിച്ചറിയാനും കഴിഞ്ഞില്ല.
ആരാണ് ക്ലാസ്സില്‍ അടിപിടി കൂടിയത്? ടീച്ചറിന്‍റെ ചോദ്യം.
കുട്ടികള്‍ മൌനം.
"പ്രതികള്‍" കുറ്റം ഏറ്റുപറയുന്നതുവരെയോ മറ്റാരെങ്കിലും അവരെ ചൂണ്ടിക്കാട്ടുന്നതുവരെയോ ക്ലാസ്സിലെ മുഴുവന്‍ ആണ്കുട്ടികളും വരാന്തയിലിറങ്ങിനില്ക്കട്ടെ. ടീച്ചര്‍ വിധിച്ചു.
പെണ്‍കുട്ടികള്‍ക്ക് ശിക്ഷയില്ല. ആണ്കുട്ടികള്‍ 18 പേരും വരാന്തയിലിറങ്ങിനിന്നു. അപ്പോഴാണ്‌ സ്കൂളില്‍ പുതുതായി നിയമിക്കപ്പെട്ട കായികാധ്യാപകനായ ചെറുപ്പക്കാരന്‍ അതുവഴി " റൗണ്ട്സിന്" വരുന്നത്. കൊലുന്നനെയുള്ള ശരീരപ്രകൃതമായതുകൊണ്ടാകം എപ്പോഴും തന്നോളമുള്ള ഒരു ചൂരല്‍ കൈയിലുണ്ടാകും.
എന്താണ് കാര്യം? സ്കൂള്‍ അച്ചടക്കത്തിന്‍റെ. ഉടയോനുണര്‍ന്നു .
വരാന്തയില്‍ നിന്ന കുട്ടികളെ അദ്ദേഹം അധ്യാപകരുടെ വിശ്രമ മുറിക്കു സമീപം സ്കൂള്‍ കെട്ടിടത്തിനും മതിലിനും ഇടയ്ക്കുള്ള മാലിന്യങ്ങള്‍ നിറഞ്ഞ ഇടുങ്ങിയ സ്ഥലത്തു കൊണ്ടുപോയി വരിയായി നിര്‍ത്തി . ഏതുമുറയിലെന്നു പറയുവാന്‍ കഴിയില്ല, അത്ര ഭീകരമായ ചോദ്യം ചെയ്യല്‍. ചില പയ്യന്മാര്‍ അടിപിടി തങ്ങള്‍ ശ്രദ്ധിച്ചില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുവെങ്കിലും അതൊന്ന് കേള്‍ക്കു വാന്‍ പോലും ക്ഷുഭിതനായ കഥാനായകന് കഴിയുമായിരുന്നില്ല. സ്കൂളിന്‍റെ അച്ചടക്കം മൊത്തമായി മാനേജര്‍ തന്നെയാണല്ലോ ഏല്പ്പി ച്ചിരിക്കുന്നത്.'പ്രതികളെ' കണ്ടെത്തിയിട്ടുതന്നെ കാര്യം. അദ്ദേഹം തീരുമാനിച്ചു.എല്ലാവരും കാല്‍മുട്ടുകള്‍ രണ്ടും മുന്നോട്ടു വളച്ച്, നട്ടെല്ലു വളയാതെയും കാല്‍മുട്ടുകള്‍ നിലത്തു തൊടാതെയും ശരീരം പരമാവധി താഴ്ത്തി നില്ക്കൂ . അദ്ദേഹം കല്പിച്ചു. പാവം കുട്ടികള്‍ വിദ്യാഭ്യാസ അവകാശ നിയമവും കുട്ടികളോടുള്ള ദേശീയ നയം നമ്മുടെ പാര്‍ലമെന്‍റ് അംഗീകരിച്ച വിവരവും അവര്‍ക്കറിയില്ലല്ലോ. പോരെങ്കില്‍ ചൂരലു കൊണ്ടുള്ള അടിയും ഭീഷണിപ്പെടുത്തലും. ബ്രിട്ടീഷ് ഇന്ത്യയിലെ പോലീസ് സ്റ്റേഷന്‍ മര്‍ദ്ദനം എങ്ങനെയായിരുന്നു എന്നു ബോധ്യപ്പെടുത്തുവാന്‍ ചരിത്രാധ്യപികയ്ക്ക് ഇനി എളുപ്പമാണ്. കുട്ടികള്‍ ദര്‍ശ‍ന സീമയ്ക്കുള്ളില്‍ വരത്തക്കവിധം, സ്കൂള്‍ അച്ചടക്കത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള ഗുരുശ്രേഷ്ടന്‍ വിശ്രമമുറിയില്‍ കസേരയില്‍ ഇരുന്നു. ഒരു പീരീഡ്‌ കഴിഞ്ഞു. "പ്രതികള്‍" കുറ്റം ഏറ്റു പറഞ്ഞു. കായികാധ്യാപകന് തൃപ്തിയായി. (മനുഷ്യത്വം നശിച്ചിട്ടില്ലാത്ത ഒരു അധ്യാപിക ഇടപെട്ട കാര്യം നമുക്ക് മറക്കാം) എല്ലാവരും ക്ലാസിലേയ്ക്ക് പൊയ്ക്കോള്ളൂ. അദ്ദേഹം അനുവദിച്ചു. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീടു തന്നുകൊള്ളാമെന്ന്‍ ഉറപ്പു നല്കിയിട്ടാണ് അവരെ വിട്ടത്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒത്തൊരുമയുളള വിദ്യാലയം
പഠിക്കാന്‍ തയ്യാറുളള അധ്യാപകരുടെ വിദ്യാലയം
കുട്ടികളുടെ മുഴുവന്‍ ശേഷിയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിദ്യാലയം
ഒരോ കുട്ടിയുടേയും കുടുംബപശ്ചാത്തലം എല്ലാ അധ്യാപകര്‍ക്കും നന്നായി അറിയാവുന്ന വിദ്യാലയം
ടീം വര്‍ക്കുളള വിദ്യാലയം
വിദ്യാലയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ വിദ്യാലയം
നല്ല കാര്യം എവിടെ നിന്നും സ്വീകരിക്കുന്ന വിദ്യാലയം