ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, July 24, 2014

മഴവില്ലിന്‍ ചോട്ടിലെ പൂമണക്കാട്ടിലെ കല്യാണക്കുറുക്കത്തീം... (ബദല്‍പാഠം)



( ഒരേ പാഠം ഒന്നാം ക്ലാസിനും നാലാം ക്ലാസിനും എങ്ങനെ ഉപയോഗിക്കാം എന്നൊരന്വേഷണം. പാഠപുസ്തകങ്ങള്‍ വേഗം വേഗം മാറുമ്പോള്‍ നല്ല പാഠങ്ങളെ ഭാവിയില്‍ പ്രയോജനപ്പെടുത്താനുളള തന്ത്രവും കൂടിയാണിത്. ഈ ബദല്‍പാഠം തയ്യാറാക്കുന്നതിന് കുറസേവയുടെ ഡ്രീംസ് എന്ന സിനിമയും മഴയെക്കുറിച്ചുളള പാഠങ്ങളും സഹായകമായിട്ടുണ്ട്.)



ആദ്യം ഒന്നാം ക്ലാസിനുളള പ്രവര്‍ത്തനം



കുട്ടികള്‍ മൈതാനത്ത് പന്ത് കളിക്കുകയായിരുന്നു .

പന്ത് അടിച്ചുയര്‍ത്തി.

അത് ആകാശത്തേക്കുയര്‍ന്നുയര്‍ന്നു പോയി.

പന്ത് കടുകുമണിയോളം ചെറുതായി.

ആകാശത്തിന്റെ കണ്ണില്‍ വീണു.

മാനം മുഖം കറുപ്പിച്ചു.

കണ്ണുനീര്‍ പെയ്യാന്‍ തുടങ്ങി.

തുരുതുരാന്ന് തുളളികള്‍.

മഴ കനത്തു പെയ്തു.

പെരുമഴ. പേമഴ.കളി മുടങ്ങി.

അപ്പോള്‍ കുട്ടികള്‍ എന്താവും ചെയ്തിരിക്കുക?

(ഈ രംഗം അഭിനയിക്കണം.അഭിനയം വിലയിരുത്തണം)

ശരിക്കും മഴ നനഞ്ഞോ? മുഖത്തെല്ലാം വെളളത്തുളളികള്‍ വീണോ?

എവിടെയാണ് ഓടിക്കയറിയത്?

മരച്ചുവട്ടിലോ? അപ്പോള്‍ കുട്ടികള്‍ക്ക് മഴയോട് ഇഷ്ടമോ ദേഷ്യമോ തോന്നിയത്?

അവര്‍ മഴയോടെന്തു പറഞ്ഞുകാണും?

പ്രതികരണങ്ങള്‍ ബോര്‍ഡിലെഴുതണം .പറഞ്ഞെഴുതണം.

വായിക്കണം. കുഞ്ഞുങ്ങള്‍ കാണണം. അവര്‍ പറഞ്ഞതാണ് .

ബോര്‍ഡിലെന്ന് അറിയുന്നത് വായനാതാല്പര്യം വര്‍ധിപ്പിക്കും.

എഴുത്തു പഠിക്കാന്‍ പ്രേരണയുമാകും.

( എല്ലാ ക്ലാസുകളിലും ഇങ്ങനെ എഴുത്തുണ്ടാകണം)

കുട്ടികള്‍ പറഞ്ഞ ആശയങ്ങളിതിലുണ്ടോ?

ടീച്ചര്‍ യഥാര്‍ഥത്തില്‍ കുട്ടികള്‍ പാടിപ്പറഞ്ഞ കാര്യം പരിചയപ്പെടുത്തുന്നു.



മഴേ മഴേ പോ മഴേ



പിന്നൊരിക്കല്‍ വാ മഴേ



ഞങ്ങളൊന്നു കളിച്ചോട്ടേ



മഴേ മഴേ പോ മഴേ



പിന്നൊരിക്കല്‍ വാ മഴേ



മഴേ...മഴേ... പോ... പോ...



മഴേ... മഴേ... പോ... പോ...



വെയിലേ... വെയിലേ... വാ... വാ...



വെയിലേ... വെയിലേ... വാ...വാ



ഇത് നോക്കി ഏറ്റുപാടി രസിക്കുന്നു.ഈ പാട്ട് ഇഷ്ടമായോ എങ്കില്‍ പടം വരയ്കാം. മൈതാനം-കുട്ടികള്‍ മരച്ചുവട്ടില്‍-ചെയ്യുന്ന മഴ ...നിറം നല്‍കണം.

കുട്ടികളുടെ പാട്ടു കൂടി എഴുതിയാലോ? ചിത്രത്തിന്റെ താഴെ പാട്ട്.അതിന് എഴുതാനറിയില്ല.എങ്കില്‍ ടീച്ചറെഴുതിക്കാണിക്കാം (ഗ്രാഫിക് റൈറ്റിംഗ്) വായന.

താരയ്ക്ക മഴ പെയ്യുന്നതാ ഇഷ്ടം.

അവള്‍ പാടി



മഴേ...മഴേ വാ... വാ



മഴേ...മഴേ വാ... വാ



വെയിലേ... വെയിലേ പോ... പോ...



വെയിലേ... വെയിലേ പോ... പോ...



അപ്പോള്‍ മറ്റുളളവര്‍ക്ക് അതിഷ്ടമായില്ല.അവര്‍ തിരിച്ചുപാടി



മഴേ...മഴേ... പോ... പോ...



മഴേ... മഴേ... പോ... പോ...



വെയിലേ... വെയിലേ... വാ... വാ...



വെയിലേ... വെയിലേ... വാ...വാ



മഴയോടും വരാനും പോകാനും

വെയിലിനോടും വരാനും പോകാനും പറഞ്ഞാല്‍ എന്താ സംഭവിക്കുക?

അപ്പോഴല്ലേ രസം! മഴേം വെയിലും ഒന്നിച്ചു വന്നു!

മഴേം വെയിലും ഒന്നിച്ചു വന്നാല്‍ എന്താ സംഭവിക്കുക?

കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ



ആരോ ഓലിയിടുന്നു. ആരാവും?

കാറ്റും മഴയും പൊന്‍വെയിലും കാട്ടിലെ കുറുക്കന്റെ കല്യാണം.



കാറ്റും വെയിലും കുറുക്കന്റെ കല്യാണം



കുറുക്കന്റെ പടം വരച്ച് കൂ കൂ എന്നെഴുതുന്നു. ശബ്ദാനുകരണം.

നിറം നല്‍കാം

കുറുക്കന്റെയും കുറുക്കത്തീടേം കല്യാണരംഗം. ചിത്രം നല്‍കണം. നിറം നല്‍കി അടിക്കുറിപ്പെഴുതട്ടെ (മഴയും വെയിലും കുറുക്കന്റെ കല്യാണം )
 
കല്യാണച്ചക്കനും പെണ്ണിനും ആകാശം ഒരു സമ്മാനം കൊടുത്തു. ഉരുണ്ട ഒരു സാധനം. എന്തായിരിക്കും?
അവര്‍ ആ പന്തു തട്ടിക്കളിച്ചു.
പന്തുരുണ്ടുരുണ്ട് നാട്ടിലെത്തി.
കുറുക്കനും കുറുക്കത്തീം പന്തുതേടി നാട്ടിലെത്തും. 
പമ്മി പമ്മി, ഓരോ രാത്രിയും. 
കുറുക്കക്കെട്ട്യോനേം കെട്ട്യോളേം കണ്ട കോഴികള്‍ ബഹളം വെക്കും. പന്തു തെരയാന്‍ ഈ കോഴികള്‍ സമ്മതിക്കില്ല. കുറുക്കനും കുറുക്കത്തീം ഓരോ കോഴിയേയും കൊണ്ടാണ് കാട്ടിലോക്ക് മടങ്ങുക.
വെറും കൈയോടെ മടങ്ങിച്ചെന്നാല്‍ മോശമല്ലേ.കല്യാണ വിരുന്ന് കെങ്കേമം.
അങ്ങനെ പന്തു തേടിഇപ്പോഴും കുറുക്കക്കൂട്ടര്‍ വരാറുണ്ടത്രേ.

വീട്ടില്‍ ചെന്ന് അമ്മയോട് കഥ പറഞ്ഞു കൊടുക്കണം. 
എന്തെല്ലാം പറയും? കുട്ടികള്‍ പ്രതികരിക്കുന്നു. 
ഓരോരുത്തര്‍ക്കും അവസരം കിട്ടണം. 
പടം വരച്ചതും എഴുതിയതും കാണിക്കണ്ടേ? അതു വായിച്ചു കേള്‍പ്പിക്കണ്ടേ? കുട്ടികള്‍ എഴുതിയവ വീണ്ടും വായിക്കുന്നു. തിരിച്ചറിയല്‍ കളി.

 

ഭാഗം രണ്ട്.

കുരസോവയുടെ ഡ്രീംസ് കഥ പറയുന്നു (ഭേദഗതികള്‍ വരുത്തിയതാണ്)

കുറുക്കന്റെ കല്യാണം ആരും കാണാന്‍ പാടില്ല

ഒരു കുട്ടി അമ്മ പറഞ്ഞത് വക വെക്കാതെ കാട്ടില്‍ പോയി. 
കല്യാണം കാണാന്‍. 
കുട്ടി കാട്ടിലെത്തി.
കൊടുങ്കാട്. 
മരങ്ങള്‍ക്ക് മറ പറ്റി കുട്ടി നടന്നു

അവിടെ ഒത്തിരി കുറുക്കന്മാര്‍ കല്യാണത്തിനു കൂടിയിട്ടുണ്ട്. 
അവര്‍ പ്രത്യേക രീതിയില്‍ നൃത്തം വെച്ചു നീങ്ങി.
ഇടതുവശത്തേക്ക് അവ തല തിരിച്ചു. 
കുട്ടിക്ക് സംശയം തന്നെ കണ്ടോ?

കുട്ടി തിരഞ്ഞോടി
അത് കുറുക്കന്മാര്‍ കണ്ടു!

മൂത്ത കുറുക്കന്‍ കുട്ടീടെ വീട്ടിലെത്തി അമ്മയോടു പറഞ്ഞു. "കുട്ടിയെ ഉപദ്രവിക്കും"

അമ്മ പേടിച്ചു. വിഷമിച്ചു.അമ്മ കുട്ടിയോട് പറഞ്ഞു "ചെന്നു ക്ഷമ പറയൂ"

"എവിടെയാ കുറുക്കന്മാര്‍?"

"മഴവില്ലിന്റെ താഴെ പൂക്കളുളള കുറ്റികാട്ടിലാണ് കുറുക്കന്മാര്‍"

കുട്ടി ഇറങ്ങി

പോകുന്ന വഴിക്ക് നല്ല മണം.പൂക്കളുടെ മണം പിടിച്ച് നടന്നു.

പിന്നെയും നടന്നു. നടന്നു നടന്നു ചെന്നപ്പോള്‍ അവിടെ ധാരാളം പൂക്കള്‍. ഹായ്!

മഴവില്ലെവിടെ?

കുട്ടി പൂക്കളോടു ചോദിച്ചു

അതിന് മഴ പെയ്യണം

കുട്ടി പാടി

താര പാടിയ പാട്ട് (ബോര്‍ഡില്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ എഴുതണം)

മഴേ മഴേ വാ വാ വാാാാാാാാാാാ

മഴവില്ലൊന്നു താ താ താാാാാാാാാാ

മഴേ മഴേ വാ വാ വാാാാാാാാാാ

മഴവില്ലൊന്നു താ താ താാാാാാാാാാാാ

അപ്പോള്‍ ചാറ്റല്‍ മഴ പെയ്തു

മഴവില്ല് തെളിഞ്ഞു

അവിടെ കുറ്റിച്ചെടികള്‍ക്കിടയില്‍ കുറുക്കന്മാര്‍ തല ഉയര്‍ത്തി.

കുട്ടി പറഞ്ഞു "ക്ഷമിക്കണം"

കുറുക്കന്മാര്‍ കൂവി

"കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ..."

എന്താ കളിയാക്കുന്നെ? കുട്ടി ചോദിച്ചു

"കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ.."

എന്നോട് ക്ഷമിച്ചൂന്നു പറ

"കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ..."

അപ്പോള്‍ കുട്ടിക്ക് വിഷമമായി

പൂക്കള്‍ പറഞ്ഞു

"അവര്‍ക്ക് അങ്ങനെയെ പറയാനറിയൂ

ക്ഷമിച്ചതാ. അല്ലെങ്കില്‍ മഴവില്ലിന്റെ ചുവട്ടില്‍ പൂക്കളുടെ നാട്ടില്‍ താമസിക്കുന്നവര്‍ ആരെയെങ്കിലും ഉപദ്രവിക്കുമോ?"

കുട്ടിക്ക് സന്തോഷമായി

അവള്‍ കുറുക്കന്മാരെ നോക്കി ചിരിച്ചു

കുറുക്കന്മാരും

(മുഖം മൂടി വെച്ച് നാടകം കളിക്കാം.)
  മഴവില്ലിനു താഴെ കുറുക്കന്‍ നില്‍ക്കുന്ന ചിത്രവും വരയ്കാം. അടിക്കുറിപ്പെഴുതാം. അവര്‍ ഓരോരുത്തരും പറയുന്നത് എഴുതിക്കൊടുത്ത് വായിപ്പിക്കുക. ക്ലാസില്‍ പങ്കിടുക.
(ഒന്നാം ക്ലാസുകാരും അവരുടെ നോട്ടുബുക്കും എന്ന മുന്‍ ലക്കത്തില്‍ ഈ പാഠം പ്രയോഗിച്ചതിന്റെ തെളിവുകള്‍ കാണാം.)
നാലാം ക്ലാസിന്
കഥ ശ്രാവ്യപാഠം. അതൊരനുഭവം ആകണം. ഭാവത്തോടെ ശബ്ദവ്യതിയാനത്തോടെ,കഥാപാത്രമായി താദാത്മ്യം പ്രാപിക്കുന്ന വിധം.ഈ കഥ പറഞ്ഞ ശേഷം സാധ്യമെങ്കില്‍ കുറസോവയുടെ സിനിമയുടെ ആദ്യസ്വപ്നം കാണിക്കണം.

ഈ സിനിമക്കഥ ഇഷ്ടപ്പെട്ടോ? ഇഷ്ടപ്പെട്ടത് മറ്റുളളവരും അറിയണ്ടേ?മൂന്നാം ക്ലാസുകാര്‍ക്ക് വേണ്ടി ഒരു കഥാപാഠമാക്കിയാലോ? നമ്മള്‍ രചിക്കും നമ്മള്‍ പഠിപ്പിക്കും.എന്താ മനസ്സമ്മതമുണ്ടോ? കുട്ടികളെ പ്രചോദിപ്പിക്കണം.ധാരണയിലെത്തിച്ചേര്‍ന്നാല്‍ രചനയിലേക്കു കടക്കാം
വ്യക്തിഗതമായി കഥാപാഠം എഴുതുന്നതിനു മുമ്പ് ചര്‍ച്ച വേണം. ഫ്ലോ ചാര്‍ട്ടാക്കാം/കഥാപ്പട്ടികയാക്കാം.
എന്തെല്ലാമാണ് പ്രധാന സംഭവങ്ങള്‍?
ഓരോ സംഭവവും എങ്ങനെ വിവരിക്കും?

(ചിന്തയുടെ പാതയൊരുക്കല്‍

ഞാനൊരു വലിയ തെങ്ങ് കണ്ടു എന്നു പറഞ്ഞാല്‍ മറ്റൊരാള്‍ക്ക് അതു മനസിലാകുമോ? ആകുമെന്നാണ് നാം വിചാരിക്കുന്നത്?

വലിയ തെങ്ങ് പലരുടേയും മനസില്‍ പലതാകും. രണ്ടു നില ഉയരമുളളതാണോ? നാലു നില ഉയരമുളളതാണോ? വളഞ്ഞു ചാഞ്ഞതാണോ? കായ്കള്‍ നിറയെ ഉളളതാണോ? ഇലകള്‍ എങ്ങനെ? ആ വലിയതെങ്ങിനെക്കുറിച്ച് മറ്റുളളവര്‍ക്ക് കൃത്യം ധാരണ ലഭിക്കുന്ന വിധം എങ്ങനെ പറയും?

ഇത്തരം ഒരു ഉദാഹരണത്തിന്റെ അവതരണം നടത്തിയ ശേഷം വിശദാംശങ്ങള്‍ സഹിതം എഴുതാന്‍ പറഞ്ഞാലോ?)

വ്യക്തിഗത രചന നടക്കുമ്പോള്‍ ഓരോരുത്തരുടേയും ചിന്താ തടസ്സം മാറ്റാനുളള ഒരു ചുററി നടത്തം വേണം. ഡോക്ടര്‍മാര്‍ രാവിലെ വാര്‍ഡ് സന്ദര്‍ശനത്തിനു പോകുന്നത് വെറുതേ കാണാനല്ലല്ലോ? അതേ പോലെ ലേഖനത്തിന്റെ ആരോഗ്യം നോക്കാനുളള റൗണ്ട്സ് എന്നു കരുതിക്കോളൂ.

ചുറ്റിനടത്ത മോണിറ്ററിംഗില്‍ പരിഗണിക്കേണ്ടവ

പ്രോത്സാഹനം നല്‍കലാണ് പ്രധാന ദൗത്യം
അശയപരമായ വഴിതുറക്കലിനു പിന്തുണ
രചനാപരമായ തടസ്സങ്ങള്‍ മറികടക്കാനുളള സഹായം (ഇതിന്റെ വിശദാംശം അറിയില്ലെങ്കില്‍ എഴുതൂ.മറുപടി കിട്ടും)

വ്യക്തിഗത രചനയ്ക്ക് ശേഷം ഗ്രൂപ്പില്‍ പങ്കുവെക്കലും എഡിറ്റിംഗും സഹായരചനയും സംയുക്തരചനയും നടക്കണം

ഗ്രൂപ്പിലേക്കുളള നിര്‍ദ്ദേശങ്ങള്‍ ഓരോന്നോരോന്നായി ക്രമത്തില്‍ നല്‍കുക.

ഘട്ടം ഒന്ന് -എന്തെല്ലാം സംഭവങ്ങള്‍ ഓരോരുത്തരും പരിഗണിച്ചു? അതിന്റെ പങ്കിടല്‍. വിട്ടു പോയ
ത് കൂട്ടിച്ചേര്‍ക്കല്‍.ഈ ഘട്ടത്തില്‍ വായിച്ചവതരിപ്പിക്കണമെന്നില്ല.
ഘട്ടം രണ്ട്-തുടക്കം എങ്ങനെ? ആദ്യം ആതാണ് പങ്കിടേണ്ടത് .എല്ലാവരും വായിക്കണം. ഇതലേതാണ് ഏററവും നല്ല തുടക്കം. ഇനി ഇത് മെച്ചപ്പെടുത്താനാകുമോ? ധാരണയാക്കല്‍ .ആ വാക്യം മെച്ചപ്പെടുത്തല്‍. എല്ലാവരുടേയും ബുക്കിലെഴുതല്‍. സഹായം ആവശ്യമുളളവര്‍ക്ക് സഹായം. മറ്റൊരാളുടെ അതേപോലെ നോക്കി എഴുതാന്‍ അനുവദിക്കില്ല.
ഇങ്ങനെ ഓരോ വരിവീതം ചര്‍ച്ച ചെയ്ത് എഴുതണം
ഇടയ്ക്ക് ഫീഡ് ബാക്ക് നല്‍കാനായി പ്രവര്‍ത്തനം നിശ്ചലമാക്കണം. ചിത്രീകരണസാധ്യത ആലോചിക്കണം.

ആദ്യത്തെ രണ്ടോ മൂന്നോ വാക്യം എല്ലാ ഗ്രൂപ്പും പങ്കിടട്ടെ. അവ ബോര്‍ഡില്‍ എഴുതണം.വിശകലനം ചെയ്യണം. എഴുത്തിന്റെ രീതി പരസ്പരം ബോധ്യപ്പെടാന്‍

ഈ ഘട്ടത്തില്‍ രൂപരേഖ തയ്യാറാക്കി രചന നടത്തുന്ന രീതി പരിചയപ്പെടുത്താം. പ്രധാന സംഭവങ്ങള്‍ എന്തെല്ലാമാണ്. ആ സന്ദര്‍ഭത്തിലെ എന്തെല്ലാം കാര്യങ്ങള്‍ പരിഗണിക്കണം.സൂചന ടെലിഗ്രാഫിക് രീതിയില്‍ എഴുതുന്ന വിധം പരിചയപ്പെടുത്തുന്നു. എങ്ങനെ വിപുലീകരിക്കാമെന്നു പങ്കാളിത്ത ചര്‍ച്ചയിലൂടെ ധാരണയാക്കുന്നു. തുടര്‍ന്ന് ഗ്രൂപ്പുകള്‍ രൂപരേഖ തയ്യാറാക്കി വിപുലീകരണം നടത്തുന്നു.
ഗ്രൂപ്പ് പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യണം
കഥകള്‍ വീട്ടില്‍ വെച്ച് മെച്ചപ്പെടുത്തണം
അടുത്ത ദിവസം കഥയരങ്ങ്
കഥാഭാഗം വായിക്കുമ്പോള്‍ മുഖം മൂടി വെച്ച കുറുക്കന്മാരുടെ വരവും ഇടപെടലും ആകാം.
ചെറിയ മുഖം മൂടി ബുക്കില്‍ കഥയോടൊപ്പം ഒട്ടിച്ചു വെക്കാം .സംഭവ ചിത്രങ്ങളുമാകാം.
മൂന്നാം ക്ലാസില്‍ പോയി നാലാം ക്ലാസിലെ കുട്ടികള്‍ രചിച്ച കഥ അധ്യാപിക പഠിപ്പിക്കണം. എങ്ങനെ ഈ ബ്ലോഗ് പോസ്റ്റിന്റെ ശീര്‍ഷകം ബോര്‍ഡില്‍ എഴുതണം. എന്തായിരിക്കാം കഥ എന്നൂഹിക്കാനാവശ്യപ്പെടാം.അതിനു ശേഷം ഗ്രൂപ്പ് വായനാപ്രവര്‍ത്തനം. ഓരോ ഗ്രൂപ്പിനും കഥ കൊടുക്കണം
കഥ ഇഷ്ടപ്പെട്ടെങ്കില്‍ ആസ്വാദ്യവായന. മുഖം മൂടി വെച്ചവതരിപ്പിക്കല്‍. രചയിതാക്കളെ പരിചയപ്പെടുത്തല്‍ . ആരെങ്കിലും സന്നദ്ധരായാല്‍
ഒരു പക്ഷേ കേരളത്തിലാദ്യമായി കുട്ടികള്‍ തയ്യാറാക്കി തങ്ങളുടെ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് നല്‍കിയ പാഠമായേക്കാം ഇത്. 
അടുത്ത ലക്കങ്ങളില്‍
ട്രൈ ഔട്ട്  അനുഭവങ്ങള്‍ 
........................................................................
വിദ്യാ ഇ മെയില്‍ ക്ലബ്
അധ്യാപകരുടെ ഓണ്‍ ലൈന്‍ കൂട്ടായ്മ
 വിഭവങ്ങളുടെ പങ്കിടല്‍ വേദി
സ്വാഗതം
tpkala@gmail.com എന്ന വിലാസത്തില്‍ മെയില്‍ അയച്ചു പങ്കാളിയാകൂ
.......................................... 

3 comments:

premjith said...

ചുറ്റി നടത്ത മോണിട്ടറിംഗ് രീതി അവതരിപ്പിച്ചത്‌ ഗംഭീരം..... പലപ്പോഴും പഠനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നടക്കാതെ പോകുന്ന ഘട്ടമാണിത് . പ്രവര്‍ത്തനചുമതല നല്‍കിക്കഴിഞ്ഞാല്‍ പലപ്പോഴും അധ്യാപിക പിന്മാറുന്ന അവസ്ഥ നിലവിലുണ്ട്...കൂട്ടുകാരോടൊപ്പം അവരുടെ പഠനത്തിന്റെ വളവിലും തിരിവിലും കുഴികളിലും ഒപ്പം കൂടാന്‍ അധ്യാപിക തയ്യാറായാലേ പഠനലക്ഷ്യം നേടാന്‍ കഴിയുകയുള്ളൂ .....

ശ്രീ said...

കൊള്ളാം

Unknown said...

nanutha mazhayath kurukkante kalyanam koodiya oranubhavam..janadhipathyamanobhavam teacherkillengillengil...vykthamaya asoothranangal uchithamaya bhadhalukal srishtikkum