ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, July 9, 2017

മലയാളത്തിളക്കത്തിന്റെ തിളക്കം , പ്രീതികുളങ്ങരയില്‍ തുടക്കം


 എല്ലാ കുട്ടികളേയും മലയാളം എഴുതാനും വായിക്കാനും കഴിവുളളവരാക്കുക എന്ന ലക്ഷ്യത്തോടെ സര്‍വശിക്ഷാ അഭിയാന്‍നടപ്പിലാക്കി വരുന്ന മലയാളത്തിളക്കത്തിന്റെ സവിശേഷതകള്‍ ഏറെയാണ്

  1.  കുറഞ്ഞ ദിവസങ്ങള്‍ക്കുളളില്‍ മാറ്റം സാധ്യമാണെന്നു പ്രായോഗികമായി തെളിയിക്കുന്നു
  2. കുട്ടികളുടെ മനസറിഞ്ഞുളള പഠനപ്രവര്‍ത്തനങ്ങള്‍. അവര്‍ മണിക്കൂറുകളോളം വിരസതയില്ലാതെ പഠനത്തില്‍ മുഴുകുന്നു
  3. യാന്ത്രികമായ പഠനരീതി അക്ഷരാവതരണരീതി,  ചിഹ്നം ഉറപ്പിക്കല്‍ , പ്രബലനത്തിനുളള വര്‍ക് ഷീറ്റ് എന്നിവയില്ല. 
  4. ആശയാവതരണരീതി ഫലപ്രദമായി ഉപയോഗിക്കുന്നു. കുട്ടികള്‍ക്ക് ആദ്യം മുതല്‍ വാക്യങ്ങളെഴുതാന്‍ അവസരം
  5. സ്വയം തെററു തിരിച്ചറിഞ്ഞ് തിരുത്താന്‍ അവസരം
  6. ഭാഷാപരമായ പ്രശ്നവിശകലനം നടത്തി അനുയോജ്യമായ തത്സമയ പാഠങ്ങള്‍ ഉപയോഗിക്കുന്നു
  7. വായനയും ഏഴുത്തും ഒപ്പത്തിനൊപ്പം. വാക്കുകളുടെ പുനരനുഭവ സാധ്യതയുളള പാഠങ്ങള്‍
  8. രക്ഷിതാക്കളുടെ പിന്തുണ ( സഹായവായന)
  9. കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത്, തിരുത്തിയെഴുത്ത് എന്ന ക്രമിത്തിലാണ് പഠനാനുഭവം. ഉദാഹരണത്തിന് കുട്ടികളെ ഷോര്‍ട്ട് ഫിലിം കാണിക്കുകയും മുന്‍കൂട്ടി നിശ്ചയിച്ച മുഹൂര്‍ത്തങ്ങളില്‍ വെച്ച് നിറുത്തി കണ്ട കാഴ്ച എഴുതിക്കുകയും അവരെഴുതിയതിനു ശേഷം അധ്യാപിക എഴുതിയതുമായി പൊരുത്തപ്പെടുത്തി രചനാപരമായ പിഴവുകള്‍ സ്വയം പരിഹരിക്കുകയും ചെയ്യുന്നു
  10. നിരന്തരം പിന്തുണ, പ്രോത്സാഹനം, അംഗീകാരം. ശരിയായി എഴുതുന്നതിന് പ്രത്യേകസമ്മാനങ്ങളും അംഗീകാരവും ഓരോരുത്തര്‍ക്കും നല്‍കുന്നതിനാല്‍ എല്ലാവരും വിജയമാധുര്യം ഓരോ ദിവസവും പലതവണ അനുഭവിക്കുന്നു
  11. അക്ഷരവടിവിനും ഉച്ചാരണത്തിനും പ്രാധാന്യം നല്‍കിയാണ് ക്ലാസ് പുരോഗമിക്കുക
  12. ഓരോ പഠിതാവിനും നിത്യവും വിജയത്തിളക്കം. 
  13. പഠിതാക്കള്‍ക്കൊപ്പം തറയിലിരുന്ന് അധ്യാപകര്‍ വ്യക്തിഗത ശ്രദ്ധയോടെ അടുത്തിടപഴകി അവര്‍ക്ക് ആത്മവിശ്വാസം നല്‍കി മുന്നോട്ട് നയിക്കുന്നു. 
  14. ഭയരഹിതമായ അന്തരീക്ഷം.
പ്രീതികുളങ്ങര എല്‍ പി സ്കൂളിലാണ്  ഈ വര്‍ഷം ആദ്യം ട്രൈ ഔട്ട് നടത്തിയത്
കുട്ടികളുടെ ഭാഷാപഠനനിലവാരത്തെ സംബന്ധിച്ച പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന
ആശങ്കകള്‍ക്ക് മറുപടി കൂടിയാണ് പ്രീതിക്കുളങ്ങര സ്കൂളിന്റെ ശ്രദ്ധേയമായ നേട്ടംരണ്ടാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും അടിസ്ഥാനഭാശേഷി ജൂണ്‍മാസം തന്നെ ഉറപ്പാക്കി പ്രീതിക്കുളങ്ങര ടാഗോര്‍ മെമ്മോറിയല്‍ എല്‍ പി സ്കൂല്‍ കേരളത്തിനു മാതൃകയായി. സര്‍വശിക്ഷാ അഭിയാന്റെ അക്കാദമിക സഹായത്തോടെയാണ് സ്കൂള്‍ ഈ നേട്ടം കൈവരിച്ചത്. ആറു ദിവസത്തെ ശക്തമായ പിന്തുണ കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും പ്രാപ്തരാക്കാമെന്നാണ് സ്കൂള്‍ തെളിയിച്ചത്. സാധാരണ രണ്ടാം ക്ലാസ് പൂര്‍ത്തിയാകുന്നതോടെയാണ് എല്ലാ കുട്ടികളും സ്വതന്ത്രമായി എഴുതാനും വായിക്കാനും കഴിവു നേടുക. ജൂണ്‍ ആദ്യവാരം പ്രീതിക്കുളങ്ങര സ്കൂള്‍ നടത്തിയ പ്രീടെസ്റ്റില്‍ ഒന്നാം ക്ലാസില്‍ നിന്നും ജയിച്ചു വന്ന ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും എഴുതാനും വായിക്കാനും കഴിവുണ്ടെങ്കിലും ചെറിയൊരു ശതമാനം കുട്ടികള്‍ ഭാഷയില്‍ പിന്നാക്കാവസ്ഥയിലാണെന്നു കണ്ടെത്തി. ഭാഷയില്‍ രണ്ടു നിലവാരത്തില്‍ കുട്ടികള്‍ തുടരുന്നത് പാഠഭാഗങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിക്കുന്നതിനും ഇതര വിഷയങ്ങളുടെ സുഗമമായ പഠനത്തിനും തടസ്സം നില്‍ക്കുമെന്നതിനാല്‍ ഈ പ്രശ്നം പരിഹരിക്കുന്നതിന് സ്കൂള്‍ തീരുമാനിക്കുകയായിരുന്നു. മാതൃഭാഷയില്‍ എല്ലാവരും അടിസ്ഥാനശേഷി ആര്‍ജിച്ചതിന്റെ പ്രഖ്യാപനം ജൂലൈ 8 ശനിയാഴ്ച ഉച്ചയ്ക് രണ്ടരയ്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിരാതിലകന്‍റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വെച്ച് ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക്ക് നിര്‍വഹിച്ചു

 യാന്ത്രികമായി അക്ഷരം പഠിപ്പിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി കുട്ടികള്‍ ഭാഷാനുഭവത്തില്‍ ലയിച്ചു പഠിക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഷോര്‍ട്ട് ഫിലിം, പാട്ട്, അഭിനയം, ചിത്രീകരണം , പുസ്തകവായന, പ്രകൃതി നടത്തം തുടങ്ങിയ സങ്കേതങ്ങള്‍ കോര്‍ത്തണക്കിയാണ് ക്ലാസുകള്‍. കാണുന്ന രംഗങ്ങളുടെ അഭിനയവും ചിത്രീകരണവും ചര്‍ച്ചയുമെല്ലാം കുട്ടികളെ പഠനോത്സുകരാക്കുന്നു. രാവിലെ പത്തു മുതല്‍ നാലുമണിവരെ മുഷിയാതെ പഠനത്തില്‍ കുട്ടികള്‍ മുഴുകുന്നു. തത്സമയ പാഠങ്ങളാണ് മറ്റൊരു തന്ത്രം. പ്രീതിക്കുളങ്ങര സ്കൂള്‍ മുറ്റത്തെ മരത്തെക്കുറിച്ചും പാഠമുണ്ടായി. ജൂണ്‍ മഴയില്‍ നനഞ്ഞു നിന്ന മരം കുട്ടികളുടെയും അധ്യാപികയുടെയും സര്‍ഗാത്മക ചിന്തയ്ക് പ്രേരകമായി.

കാറ്റത്തും മഴയത്തും
കുടയായി നില്‍ക്കുന്ന
മരമൊന്നു നമ്മുടെ
മുറ്റത്തുണ്ടേ...

മഞ്ഞത്തും വെയിലത്തും
ചിരിതൂകി നില്‍ക്കുന്ന
മരമൊന്നു നമ്മുടെ
മുറ്റത്തുണ്ടേ
എന്ന പാട്ട് അവരുടെ മരത്തെക്കുറിച്ചാണ്. അത് ചൊല്ലി ആസ്വദിക്കാനും എഴുതാനും അവര്‍ക്ക് താല്പര്യം കൂടുതലുമാണ്. ഹൈടെക് സാധ്യതകള്‍ ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാനുളള ശക്തമായ ഉപാധിയാണെന്നു തിരിച്ചറിയുന്നതായി അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ചൂണ്ടിക്കാട്ടി.
പ്രീതിക്കുളങ്ങര സ്കൂള്‍ എറ്റെടുത്ത പ്രവര്‍ത്തനം വിലയിരുത്താന്‍ സര്‍വശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ എ പി കുട്ടികൃഷ്ണന്‍ വിദ്യാലയം സന്ദര്‍ശിച്ചു.അദ്ദേഹം ആവശ്യപ്പെട്ടത് കുട്ടികള്‍ എഴുതിക്കാണിച്ചു. പ്രീതിക്കുളങ്ങര സ്കൂളിന്റെ വിജയാനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും എല്ലാ ക്ലാസുകളിലും ഈ പരിപാടി നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാ വിജയന്‍ അറയിച്ചു. ഡോ. ടി പി കലാധരന്‍, എ കെ സുരേഷ്കുമാര്‍, ഗീതാദേവി എം ജി,  ടി ടി പൗലോസ്, ജി . രവി, ജോണ്‍ കൊല്ലം , ബാലഗോപാലന്‍ പാലക്കാട് , ദിനേഷ് പാലക്കാട്, ഹരികുമാര്‍, ലിജി, സുഭാഷ് തുടങ്ങിയ അക്കാദമിക ടീം ആണ് നൂതനമായ പ്രവര്‍ത്തനപരിപാടിയുടെ പഠനസാമഗ്രികള്‍ വികസിപ്പിച്ചത്.
പുതിയതായി വായനയുടെ ലോകത്തേക്കു കടന്നു വന്നവര്‍ക്ക് തുടര്‍ പ്രവര്‍ത്തനം ഒരുക്കി ആര്‍ജിച്ച ശേഷികള്‍ നിലനിറുത്തുന്നതിനായി പുസ്തകസമ്മാനം നല്‍കുമെന്ന് എസ് എം സി ചെയര്‍മാര്‍ വി വി മോഹന്‍ദാസ് പറഞ്ഞു. മികവിന്റെ കേന്ദ്രമാക്കി വിദ്യാലയത്തെ മാറ്റുന്നതിന് അടിസ്ഥാനഭാഷാശേഷികള്‍ ഉറപ്പാക്കണ്ടത് അനിവാര്യമായതിനാലണ് സംസ്ഥാനതലത്തിലെ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു
ഈ വിജയത്തെത്തുടര്‍ന്ന് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളത്തിളക്കം ട്രൈ ഔട്ട് നടത്തി. രണ്ടാം ദിവസം രക്ഷിതാക്കളെ ക്ഷണിച്ചു. രണ്ടു ദിവസം കൊണ്ടുണ്ടായ മാറ്റം ബോധ്യപ്പെടുത്തി തുടര്‍ പിന്തുണ ഉറപ്പാക്കാനാണ് വിളിച്ചത്. 
 ചില അനുഭവസാക്ഷ്യങ്ങളാണ് ചുവടെ
1.
മലയാളത്തിളക്കം മൂന്നാം ദിവസം രക്ഷിതാക്കളുടെ യോഗം. ഞാന്‍ അവനെ വിളിച്ചു. ഇന്ന് അമ്മ വരുന്നില്ലേ മോനേ? എന്നു ചോദിച്ചപ്പോള്‍ അവന്‍ ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി. അവനെ ചേര്‍ത്തുപിടിച്ച് കാര്യം തിരക്കി. "നി മന്ദബുദ്ധികളുടെ കൂട്ടത്തില്‍ ഇരുന്നു പഠിക്കേണ്ട. അമ്മയ്ക് നാണക്കേടാണ്. “ എന്ന് അമ്മ പറഞ്ഞത്രേ. ടീച്ചര്‍ ഞാന്‍ ക്ലാസില്‍ പൊയ്കോട്ടെ. ആദ്യ ദിവസം മുതല്‍ അവന്‍ കരയ്കിട്ട മീനെപ്പോലെയാണ് മലയാളത്തിളക്കം ക്ലാസിലിരുന്നത്.
അവന്‍ നാലാം ക്ലാസ് വരെ ഒരു അണ്‍ എയ്ഡഡ് വിദ്യാലയത്തിലാണ് പഠിച്ചത്. മാതാപിതാക്കള്‍ക്ക് ജോലിയുണ്ട്. അമ്മ സദാസമയവും പഠിക്കാന്‍ നിര്‍ബന്ധിക്കുന്നു. "ഞാന്‍ മാത്രമാണ് ടീച്ചര്‍, എന്റെ കുടുംബത്തിലെ മണ്ടന്‍, പഠിക്കാന്‍ മോശം. മലയാളത്തിളക്കത്തിലിരിക്കുന്ന കാര്യം അമ്മയുടെ സ്ഥാപനത്തിലെ എല്ലാവരും അറിഞ്ഞു. അമ്മയെ കളിയാക്കി"
ഞങ്ങള്‍ ക്ലാസ് ടീച്ചറുമായി സംസാരിച്ചു. ഈ കുട്ടിയും അമ്മയും പ്രശ്നക്കാരാണ്. അമ്മ ഒരിക്കല്‍ പോലും സ്കൂളിനെക്കുറിച്ചോ ഇവിടുത്തെ അധ്യാപകരെക്കുറിച്ചോ നല്ല വാക്ക് പറഞ്ഞിട്ടില്ല. അവനാകട്ടെ സ്കൂളിന് തലവേദനയുണ്ടാക്കുന്ന പണികളേ ചെയ്യൂ. ഇങ്ങനെയാണ് ക്ലാസ് ടീച്ചര്‍ പ്രതികരിച്ചത്.
ഞങ്ങള്‍ മലയാളത്തിളക്കം നോട്ട് ബുക്ക് ടീച്ചറെ കാണിച്ചു. അവന്റെ തിളക്കം ബോധ്യപ്പെടുത്തി. രക്ഷിതാവിനെ വരുത്താനെന്താ വഴി എന്നു ചോദിച്ചു. ടീച്ചര്‍ പ്രഥമാധ്യാപികയുമായി സംസാരിച്ചു. അവര്‍ മാതാവിനെ വിളിച്ചു. ഫോണ്‍ എടുത്തില്ല. അച്ഛന്റെ ഫോണ്‍ നമ്പരില്‍ വിളിച്ചു. അത്യാവശ്യം വരണമെന്നു പറഞ്ഞു. വരാമെന്നു പറഞ്ഞു. വരുമെന്നു തോന്നുന്നില്ല എന്നാണ് പ്രഥമാധ്യാപിക വിലയിരുത്തിയത്
രക്ഷിതാക്കളുടെ യോഗം തുടങ്ങി. ആ അച്ഛന്‍ ക്ലാസില്‍ വന്നു. ഞങ്ങള്‍ കരടിക്കുട്ടന്‍ വീഡിയോ പാഠം ചെയ്യാന്‍ തുടങ്ങി. ഞാന്‍ കുട്ടിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന്റെ മുഖത്താകെ പിരിമുറുക്കം. അരമണിക്കൂറായപ്പോള്‍ അച്ഛന്‍ പോകുന്നതിനു സമ്മതം ചോദിച്ചു. ഓഫീസ്‍ വര്‍ക്ക് ഉണ്ട്. പോകണം. ഞാന്‍ അയാളെ മാറ്റിനിറുത്തി സംസാരിച്ചു. കുട്ടിയുടെ പുസ്തകം കാണിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. കുട്ടി മാനസീകമായി അനുഭവിക്കുന്ന പിരിമുറുക്കവും സങ്കടവും ശക്തമായ രീതിയില്‍ സൗമ്യമായി അവതരിപ്പിച്ചു. അയാള്‍ ചോദിച്ചു. "നിങ്ങള്‍ വൈകുന്നേരം എത്രമണിവരെ കാണും? ഞാന്‍ വൈഫിനെ കൂട്ടി വരട്ടെ.”
ഞാന്‍ ക്ലാസില്‍ എത്തി. അവന്‍ എന്റെ അടുത്തേക്ക് ഓടി വന്നു. ടീച്ചറെ അപ്പച്ചി എന്താ പറഞ്ഞത്? ഒരു പ്രശ്നവുമില്ല , നീ ധൈര്യമായി പഠിക്കാന്‍ പറഞ്ഞു. അതിനു ശേഷം അവന്‍ എഴുതുന്ന എല്ലാ വാക്യങ്ങളും ശരികളേറെയുളളതായി മാറി.
നാലുമണി വിട്ടു. പ്രഥമാധ്യാപികയോട് സംഭവങ്ങള്‍ പറഞ്ഞു. ആ മാതാപിതാക്കള്‍ വരില്ല എന്നു എച് എം . പെട്ടെന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ രക്ഷിതാക്കള്‍ എത്തി.
അമ്മ ചോദിച്ചു നിങ്ങള്‍ ബി ആര്‍ സിയില്‍ നിന്നാണോ?
ഞങ്ങള്‍ സൗമ്യമായി കുട്ടിയുടെ മാനസീകാവസ്ഥയെക്കുറിച്ച് പറഞ്ഞു. "മോന്റെ പപ്പ പറഞ്ഞപ്പോഴാണ് അറിഞ്ഞത് ടീച്ചറേ ഇത് ഇത്തരം ക്ലാസാണെന്ന്. ഇനി എത്ര ദിവസം നിങ്ങള്‍ ഇവിടെ ഉണ്ടാകും ? നാളെ ഞാന്‍ ക്ലാസ് കാണാന്‍ വന്നോട്ടെ.”
(സരസ്വതി ,കണ്ണൂര്‍)
2.
മലയാളത്തിളക്കത്തിന്റെ മൂന്നാം ദിവസം. എഴാം ക്ലാസിലെ അഥുലിനെ ക്ലാസിലേക്ക് പറഞ്ഞുവിട്ടു. ക്ലാസധ്യാപിക അവനെയും കൂട്ടി തിരിച്ചെത്തി. അവനെ മലയാളത്തിളക്കത്തില്‍ തന്നെ ഇരുത്തണം. ഞങ്ങള്‍ പറഞ്ഞു അവന്‍ ഒകെയായി. എഴുതും വായിക്കും. ടീച്ചര്‍ക്ക് വിശ്വാസം പോര. രണ്ടുദിവസം കൊണ്ട് അവനെഴുതാന്‍ പഠിച്ചെന്നോ?
ഒരു പേപ്പറെടുത്തു. അഥുലിന്റെ കൈയില്‍ കൊടുത്തു. പറയുന്നത് എഴുതണം
സാരി
പുളളിസാരി
കൈയില്‍ വള
സ്വര്‍ണവള
മരം
ചെറിയ ഇലകള്‍
കുട്ടികള്‍ ഓടുന്നു
ടീച്ചര്‍ സുന്ദരിയാണ്
ആ ടീച്ചര്‍ അവനെഴുതിയത് വാങ്ങി നോക്കി. ഒറ്റത്തെറ്റില്ല. "ഇപ്പോഴാണ് അവനെഴുതാന്‍ പഠിച്ചു എന്നെനിക്കു ബോധ്യപ്പെട്ടത് "ടീച്ചര്‍ പറഞ്ഞു
( ബിജോ പോള്‍.കെ, സജേഷ് കെ വി, വയനാട്)
3.
രക്ഷിതാക്കളുടെ യോഗത്തിലെ പ്രതികരണങ്ങള്‍ കൊഴിക്കോട് ടീം പങ്കു വെച്ചു
അലന്‍ ഇന്ന് പത്രക്കാരനെ കാത്ത് നില്‍ക്കുന്ന കാഴ്ച വീട്ടുകാരെ അത്ഭുതപ്പെടുത്തി. പത്രം വായിക്കണമത്രേ!
അഖിലയ്ക് തലവേദനയായിട്ടും സ്കൂളിലെത്തി. സാധാരണ സ്കൂളിലെത്താന്‍ മടി കാണിക്കുന്ന കുട്ടിയാണ് മലയാളത്തിളക്കത്തിലിരിക്കാനാണ് ഉത്സാഹമെന്ന് അമ്മ
അഞ്ജലിയുടെ അമ്മ ചോദിച്ചത് മലയാളത്തിളക്കം പരിപാടി ഒരാഴ്ചകൂടി ഉണ്ടാകുമോ എന്നാണ്. മകള്‍ കഥാപുസ്തകം ചോദിച്ചുവാങ്ങി വായിച്ചു കേള്‍പ്പിച്ചത്രേ
4.
ഒന്നാം ദിവസം ആറാം ക്ലാസില്‍ പഠിക്കുന്ന സോബിന്‍ ( പേര് മാറ്റിയിട്ടുണ്ട് ) ബുക്കിലോ പോപ്പറില ഒന്നും എഴുതാന്‍ കൂട്ടാക്കിയില്ല. വെറുതേ കുത്തിവരച്ചിരുന്നു. ചാര്‍ട്ടിലല്‍ നോക്കി എഴുതാന്‍ പറഞ്ഞപ്പോഴും തെറ്റിച്ചെഴുതി. എത്ര ശ്രമിച്ചിട്ടും ക്ലാസന്തരീക്ഷത്തിലേക്ക് വന്നില്ല
നന്മയുളള കഥകള്‍ കേട്ട് നല്ലവരാകണം എന്ന പാട്ട് അവന്‍ മാറ്റിച്ചൊല്ലി. നല്ലവരാകണ്ട എന്നാണ് തിരുത്ത്
രണ്ടാം ദിവസം അവന്‍ രാവിലെ എത്തി. നോട്ടം എവിടെയും ഉറച്ചു നില്‍ക്കുന്നില്ല. ഞാന്‍ അടുത്തിരുന്നു. ബുക്കില്‍ പേരെഴുതിപ്പിച്ചു. മാര്‍ജിന്‍ വരച്ചുകൊടുത്തു. അടുത്തിരുത്തി മുടി ഒതുക്കിവെച്ചു. കൈ ചേര്‍ത്തു പിടിച്ചു. സുഭാഷ് സാര്‍ പാഠം രൂപീകരിച്ചപ്പോള്‍ ഓരോ അക്ഷരവും വാക്കും സാവധാനം പറഞ്ഞുകൊടുത്തെഴുതിപ്പിച്ചു. ആദ്യത്തെ പ്രവര്‍ത്തനം കഴിഞ്ഞപ്പോള്‍ അവന്‍ പൂര്‍ണമായും ശ്രദ്ധിച്ചെഴുതാന്‍ തുടങ്ങി. രണ്ടാമത്തെ പ്രവര്‍ത്തനമായപ്പോള്‍ അവന്‍ തനിയെ എഴുതാന്‍ തുടങ്ങി. ഓരോ വാക്കും എഴുതി എന്നെ കാണിച്ചു. ഉച്ചയ്ക് അവന്റെ അമ്മ വന്നു. അങ്ങോട്ട് എന്തെങ്കിലും പറയും മുമ്പ് സങ്കടത്തോടെയും അല്പം ദേഷ്യത്തോടെയും അവര്‍ പറഞ്ഞു അവന്‍ ഒന്നും പഠിക്കില്ല, ഞാന്‍ എന്തു ചെയ്യും? അമ്മമാര്‍ കരുതുന്നത് കുട്ടികള്‍ പഠിക്കാത്ത കാര്യം പറയാനാണ് സ്കൂളിലേക്ക് വിളിക്കുന്നതെന്നാണ്.
ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു അവന്‍ പഠിക്കില്ലെന്ന് ആരാ പറഞ്ഞത്? ഇത് അവന്റെ ബുക്കാണ് ഒന്നു നോക്കൂ, നിങ്ങള്‍ക്ക് മനസിലാകും. ബുക്ക് നോക്കിയ അമ്മയുടെ കണ്ണു നിറഞ്ഞുതുളുമ്പി. നാലു കുട്ടികളില്‍ മൂന്നാമത്തെകുട്ടിയാണവന്‍. എനിക്ക് ഒരു പാട് ബുദ്ധിമുട്ടുകള്‍ ഉണ്ട് ടീച്ചര്‍ അതാണ് അവന്‍ ഇങ്ങനെ ആയിപ്പോയത്. ട്യൂഷനുവിടാനൊന്നും പണമില്ല.
ട്യൂഷനു വിടേണ്ട കാര്യമില്ലെന്നു ഞാന്‍ പറഞ്ഞു. പഠിക്കുന്ന സമയത്ത് അല്പനേരം ഒപ്പമിരുന്നാല്‍ മതി. അമ്മയോടൊപ്പം അവന്‍ പോകുന്നത് ഞാന്‍ നോക്കി നിന്നു. പെട്ടെന്ന് അവര്‍ മടങ്ങി വന്നു. രണ്ട് മിഠായി എന്റെ കൈയില്‍ വെച്ചു തന്നു. എന്റെ കണ്ണു നിറഞ്ഞുപോയി.
അടുത്ത ദിവസം നോയല്‍ ചാര്‍ട്ടില്‍ തെററു കൂടാതെ എഴുതുന്നതിന് എസ് എസ് എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ എ പി കുട്ടികൃഷ്ണന്‍ സാക്ഷിയായി. അദ്ദേഹം അവന്റെ ബുക്കില്‍ ഒരു സ്റ്റാര്‍ ഒട്ടിച്ചുകൊടുത്തു.
( നിഷ, തിരുവനന്തപുരം)
5.
  • ഈ സ്കൂളില്‍ നടത്തിയ ട്രൈ ഔട്ട് ക്ലാസില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിയ മാറ്റം കണിച്ച നിരവധികുട്ടികളില്‍ അരുണിമ എന്ന കുട്ടി വേറിട്ടു നില്‍ക്കുന്നു. അണ്‍ എയിഡഡ് വിദ്യാലയത്തില്‍ നിന്നും വന്നതാണ്. ഒരു വാക്കുപോലും തെറ്റില്ലാതെ എഴുതാന്‍ അറിയുമായിരുന്നില്ല. വിദ്യാലയത്തിലെ ഒരു അധ്യാപകന്‍ കുട്ടിയുടെ പ്രകടനത്തിന്‍റെ സാക്ഷിയാവുകയും അതിനു ശേഷം പലതവണ അ അധ്യാകന്‍ മലയാളത്തിളക്കം ക്ലാസിലെത്തി കാര്യങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു. ഭാവനയില്‍ തന്‍റെ പരിസരത്തിലൂടെ പറന്ന അനുഭവം ഈ കുട്ടിയാണ് ഏറ്റവും ആദ്യമായും മനോഹരമായും എഴുതിയത്. മിണ്ടാപ്രാണിപൊലെ കഴിഞ്ഞകുട്ടി ക്ലാസിലെ താരമായി. ( സുധ, നിഷാന്ത്)
    6. 
  • അഞ്ചാം ക്ലാസ് ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികളായിരുന്നു അവര്‍. അതില്‍തന്നെ എട്ടുപേര്‍ അണ്‍ എയിഡഡില്‍ നിന്നും വന്നവരും . ചില രക്ഷിതാക്കള്‍ എത്തിയത് കുട്ടികള്‍ വീട്ടി്‍ ചെന്ന് വായിക്കാനും എഴുതാനും പെട്ടെന്നു താല്പര്യം കാണിച്ചതിന്റെ രഹസ്യം എന്താണ് എന്നറിയാനാണ്. നാലാം ക്ലാസ് വരെ പഠിച്ചിട്ടും മക്കള്‍ എഴുതാനും വായിക്കാനും കഴിയാത്തവരായി തുടരുന്നതില്‍ അവര്‍ക്കെല്ലാം ദുഖമുണ്ടായിുന്നു. മലയാളത്തിളക്കം കൊണ്ടുണ്ടായ പ്രകടമായ മാറ്റം അവരെ ഏറെ സന്തോഷിപ്പിച്ചു
    7. 
  • ഡല്‍ഹിയില്‍ നിന്നാണ് അവളുടെ വരവ്. മലയാളം അറിയില്ല. അവളുടെ മലയാളത്തിളക്കം കണ്ട് പപ്പ വല്ലാതെ സന്തോഷിച്ചു. പ്രഥമാധ്യാപികയോടെ സന്തോഷം പങ്കുവെച്ചു
    8. 
  • ആരോണിന്റെ അമ്മ മകന്‍ വീട്ടില്‍ ചെന്നു പറഞ്ഞ അനുഭവത്തിന്‍റെ സത്യസ്ഥിതി അറിയാനാണ് സ്കൂളിലെത്തിയത്. എന്റെ പേരും എല്ലാ കൂട്ടുകാരുടെയും പേരും ടീച്ചര്‍ക്കറിയാമെന്ന് അവന്‍ വീട്ടില്‍ ചെന്നു പറഞ്ഞത്രേ. എല്ലാ ടീച്ചര്‍മാരും എന്റെ മോനെ പേരെടുത്തു വിളിച്ചെങ്കില്‍ അവന്‍ നല്ലോണം പഠിച്ചേനേ എന്നാണ് ആ അമ്മ കരുതുന്നത്.
    9. 
  • ആ സന്ദീപ സ്വന്തമായി ഒരു വാക്യം എഴുതിയാല്‍ മലയാളത്തിളക്കം വിജയമാണെന്നു ഞാന്‍ സമ്മതിക്കാം. ക്ലാസ് ടീച്ചറിന്റെ വെല്ലുവിളി പോലെയുളള പ്രതികരണം. കുട്ടിതന്നെ ചാര്‍ട്ടിലും ബുക്കിലും തെറ്റില്ലാത്ത മലയാളത്തിലെഴുതി അധ്യാപികയ്ക് തെളിവു നല്‍കി. അതേ സ്കൂളിലെ ഐ ഇ ഡി സി ലേബല്‍ പതിക്കപ്പെട്ട ഒരു കുട്ടിയും പ്രഥമാധ്യാപികയ്ക് മുമ്പാകെ എഴുതിക്കാണിച്ചു. ഒരുപാട് ശരികളുടെയും നക്ഷത്രങ്ങളുടെയും ദിവസമായിരുന്നു മൂന്നാം ദിവസം.
വിക്കി എന്ന ഷോര്‍ട്ട് ഫിലിമിനെ അടിസ്ഥാനമാക്കിയുളള ചെറു പാഠം
തങ്ങള്‍ എഴുതിയതുമായി കുട്ടികള്‍ പൊരുത്തപ്പെടുത്തുന്നു. വായിക്കുന്നു

1 comment:

dietsheeja said...

മികച്ച പ്രകടനം, മലയാള തിളക്കം ടീമിന് അഭിനന്ദനങ്ങൾ ഒരു തിരുത്ത്ലൈ 22 കഴിഞ്ഞിട്ടില്ല'