ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, March 11, 2018

പൊതുവിദ്യാലങ്ങളുടെ അക്കാദമികക്കരുത്ത് സമൂഹവുമായി പങ്കിടാന്‍ മികവുത്സവം 2018


മികവുത്സവത്തിന് ഒരു ആമുഖം
ൊതുവിദ്യാഭ്യാസ വകുപ്പ് മികവുത്സവം താഴേതലത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇത്തവണ പഞ്ചായത്ത് ബ്ലോക്ക്, ജില്ലാ സംസ്ഥാനതലങ്ങളില്‍ മികവുത്സവങ്ങള്‍
ഉണ്ടായിരിക്കുന്നതല്ല. എല്ലാ വിദ്യാലയങ്ങളും മികവുത്സവം നടത്തണം. അതാകട്ടെ അക്കാദമിക മികവുകളുടെ പങ്കിടലിനാണ് ഊന്നല്‍ നല്‍കിയാകണം. പത്തനംതിട്ട ജില്ലയിലെ ഒരു വിദ്യാലയത്തില്‍ നടന്ന മഴവില്ല് എന്ന പരിപാടി ഇവിടെ പരിചയപ്പെടുത്തുന്നത് ഉചിതമാകും എന്നു കരുതുന്നു.
" കൊടുമണ്ണിൽ മഴവില്ല് തെളിഞ്ഞു. ആകാശത്തല്ല. മണ്ണിൽ. കൊടുമണ്ണിന്റെ ഗ്രാമവഴികളിൽ വർണ വിസ്മയമായി മഴവില്ല് ഒരുക്കിയത് അങ്ങാടിക്കൽ തെക്ക് അറന്തക്കുളങ്ങര സർക്കാർ പ്രാഥമിക വിദ്യാലയത്തിലെ കുട്ടികൾ. ഒന്നും രണ്ടുമല്ല'...'അറുപത് പേര്.
ഞങ്ങളിങ്ങനെയാണ് പഠിക്കുന്നതെന്ന് പ്രഖ്യാപിച്ച് നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ആവേശ ജനകമായിരുന്നു. o ന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ്സ് മുറിയിൽ രൂപപ്പെട്ട പാവനാടകവും സംഗീതശില്പവും ഇംഗ്ലീഷ് സ്കിറ്റും നൃത്താവിഷ്ക്കാരങ്ങളും വിദ്യാലയ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യങ്ങളായിരുന്നു. വൈകുന്നേരത്തെ കേന്ദ്രത്തിലാണ് ഞാൻ ജാഥ കണ്ടത്. കുട്ടികൾ അപ്പോഴും കാണിച്ച പ്രസരിപ്പ് അവരുടെ മാനസിക പങ്കാളിത്തത്തിന്റെ പ്രതിഫലനമായിരുന്നു.
പൊതു വിദ്യാലയത്തിലെ ഇംഗ്ലീഷ് പഠനത്തെക്കുറിച്ച് ഇനിയും സംശയം മാറാതെ അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾക്ക് പുറകെ പായുന്നവർക്കുള്ള മികച്ച മറുപടിയായിരുന്നു ഈ അറന്തക്കുളങ്ങര കുട്ടിക്കൂട്ടത്തിന്റെ ഇംഗ്ലീഷ് പരിപാടികൾ. സ്കിറ്റും പ്രസംഗവും സായിപ്പിന്റെ ഭാഷയിൽ ഞങ്ങൾക്കും വഴങ്ങുമെന്ന് കുട്ടികൾ പ്രകടനം കൊണ്ട് ഉത്തരമേകി
സ്ത്രീകളും പെൺകുട്ടികളും ഇന്നും അനുഭവിക്കുന്ന ദുരിത ജീവിതത്തിന്റെ നൃത്തശില്പമായിരുന്നു ജാഥയിലെ ഏറ്റവും ശ്രദ്ധേയമായ ഇനം. കരിവള്ളൂർ മുരളിയുടേയും മുരകൻ കാട്ടാക്കടയുടേയും വരികളെ മനോഹരമായി സമ്മേളിപ്പിച്ചാണ് ഇതൊരുക്കിയിത്. പെൺമുന്നേറ്റത്തിന്റെ കാഹളമുയർത്തിയ ഈ പരിപാടിയിൽ കുഞ്ഞുങ്ങൾ തകർത്താടുകയായിരുന്നു.
പാവനാടകങ്ങളുടെ അപാരമായ ആശയ വിനിമയ ശേഷിയെ നല്ലവണ്ണം ഉയാഗപ്പെടുത്തിയാണ് ആര് പഠിപ്പിക്കും എന്ന പാവനാടകം അരങ്ങേറിയത്.ഈ ബീർ ബൽ കഥയിലെ എല്ലാവരിൽ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ടെന്ന സന്ദേശം അറന്തക്കുളങ്ങര സ്കൂളും കുഞ്ഞുങ്ങളും രക്ഷിതാക്കളും പൊതു വിദ്യാഭ്യസ മേഖലയ്ക്ക് നൽകുന്നുണ്ട്. പ്രത്യേകിച്ചും സർക്കാർ നിർദ്ദേശാനുസൃതമായി സർഗോൽസവത്തിന് തയ്യാറെടുക്കുന്ന വേളയിൽ. നാല് വർമായി തുടരുന്ന മഴവില്ല് ജാഥാ ടീമിലെ ആദ്യ വർഷാം ഗ മാ യി രു ന്നു ഗൗതമിയുടെ പരിപാടി സമാപന കേന്ദ്രമായ കൊടുമണ്ണിലുണ്ടായിരുന്നു. ജില്ലാ കലോൽസവത്തിലെ ഒന്നാം സ്ഥാനം ലഭിച്ച മോണോ ആക്ടുമായി. വർഷങ്ങൾക്കു മുമ്പേ അറന്തക്കുളങ്ങര ടാലന്റ് ലാബ് ഈ പേരിലല്ലാതെ ഒരുക്കിയെന്ന് ചുരുക്കം" ( രാജേഷ് എസ് വളളിക്കോട് എഫ് ബിയിലെഴുതിയ കുറിപ്പ്)
രാജന്‍ ഡി ബോസ് എന്ന പ്രഥമാധ്യാപകന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടത്തുന്ന ഈ പരിപാടി ആ വിദ്യാലയത്തിനെക്കുറിച്ച് സമൂഹത്തില്‍ മതിപ്പും വിശ്വാസ്യതയും ഉളവാക്കാന്‍ സഹായകമായിട്ടുണ്ട്. അതിനാല്‍ ആ വിദ്യാലയത്തിലേക്ക് കുട്ടികളെ അയക്കുന്നതിന് കൂടുതല്‍ രക്ഷിതാക്കള്‍ ഓരോ വര്‍ഷവും തയ്യാറാകുന്നു. വിദ്യാലയത്തിനു പുറത്താണ് മഴവില്ലൊരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതുപോലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി വിദ്യാലയങ്ങളുണ്ട്. അവരുടെ അനുഭവത്തില്‍ നിന്നാകണം പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തവണത്തെ മികവുത്സവം വേറിട്ട രീതിയലാക്കാന്‍ തീരുമാനിച്ചത്. വിദ്യാലയങ്ങളെ സമൂഹം വിലയിരുത്തട്ടെ. വര്‍ഷാവസാനപ്പരീക്ഷയുടെ പുതുഭാവം. കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ സമൂഹത്തിനു മുമ്പാകെ അവതരിപ്പിക്കുകയാണ്. സമൂഹം വിദ്യാലയത്തിന് മാര്‍ക്കിട്ടാല്‍ അതൊട്ടും കുറയില്ല എന്ന ഉത്തമബോധ്യമുളളവരാണ് മഴവില്ല് പോലെയുളള പരിപാടികള്‍ സംഘടിപ്പിക്കുക. ഏതു വിദ്യാലയത്തിനും ഇത് സാധ്യമാണ്.
എന്താണ് സര്‍ഗോത്സവത്തിന്റെ ( മികവുത്സവത്തിന്റെ )ലക്ഷ്യങ്ങള്‍?
  1. ഓരോ പൊതുവിദ്യാലത്തിന്റെയും പ്രവര്‍ത്തനപരിധിയിലുളള എല്ലാ കുട്ടികളേയും പൊതുവിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുകയും പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുക

  2. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി നടപ്പിലാക്കിയ പരിപാടികളുടെ നേട്ടങ്ങള്‍ സമൂഹവുമായി പങ്കിടുക
  3. ഓരോ കുട്ടിയുടെയും മികവുകള്‍ പങ്കുവെക്കാനവസരം ഒരുക്കുന്നതിലൂടെ തുല്യതയിലും ഗുണനിലവാരത്തിലും ഊന്നിയ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തില്‍ രൂപപ്പെടുത്തുന്നത് എന്ന ധാരണ സമൂഹത്തിന് പകരുക
  4. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ആര്‍ജിച്ച നിലവാരം സമൂഹത്തെ ബോധ്യപ്പെടുത്തി പ്രാദേശികസമൂഹത്തിന്റെ വിശ്വാസം നേടുക
മികവുത്സവം എപ്പോഴാണ് നടത്തേണ്ടത്?
മാര്‍ച്ച് അവസാനവാരം മുതല്‍ ഏപ്രില്‍ പതിനഞ്ച് വരെ കാലയളവിലാണ് സര്‍ഗോത്സവം(മികവുത്സവം) നടത്തേണ്ടത്.വാര്‍ഷികം നടത്തിയല്ലോ ഇനിയും മികവുത്സവം നടത്തേണ്ടതുണ്ടോ എന്നു ചോദിച്ചേക്കാം. രണ്ടിന്റെുയും ലക്ഷ്യങ്ങള്‍ വേറെയാണ്. ഉളളടക്ക പരിഗണനകളും. അതിനാല്‍ അക്കാദമിക മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണത്തിനു ശേഷമുളള അതിവിപുലമായി വിദ്യാഭ്യാസ കാമ്പെയിനായി മികവുത്സവത്തെ മാറ്റാം.
എങ്ങനെയാണ് സംഘടിപ്പിക്കേണ്ടത്?
  1. ഓരോ വിദ്യാലയവും മികവുത്സവം നടത്തേണ്ടതാണ്
  2. സമീപപ്രദേശത്തുളള സ്വതന്ത്ര എല്‍ പി സ്കൂളും യു പി സ്കൂളും സംയുക്തമായി ംമികവുത്സവ നടത്താവുന്നതാണ് .
  3. വിദ്യാലയത്തിനു പുറത്തുളള വേദിയിലാണ് മികവുത്സവം നടത്തേണ്ടത്. പൊതുസമൂഹത്തിലേക്ക് വിദ്യാലയമികവുകള്‍ എത്തിക്കുന്നതിനാണിത്. വിദ്യാലയവുമായി നിരന്തരം ബന്ധപ്പെടുന്ന രക്ഷിതാക്കള്‍ മാത്രം കാര്യങ്ങള്‍ അറിഞ്ഞാല്‍ പോര. നാളം വിദ്യാലയത്തിലേക്ക് മക്കളെ അയക്കേണ്ടവരും പ്രാദേശികസമൂഹത്തില്‍ അഭിപ്രായരൂപീകരണം നടത്തുന്നവരുമെല്ലാം പൊതുവിദ്യാലയത്തിന്റെ കരുത്ത് അറിയണം. ( വേനല്‍ച്ചൂട് പരിഗണിച്ച് തണല്‍സ്ഥലങ്ങള്‍ വേദിയായി തെരഞ്ഞെടുക്കുകയും ആവശ്യത്തിന് കുടിവെളളം അവിടെ ലഭ്യമാക്കുകയും വേണം)
  4. പഞ്ചായത്തിലെ വിവിധകേന്ദ്രങ്ങളില്‍ മികവുത്സവം നടക്കണം. ഒരു വിദ്യാലയം
    തെരഞ്ഞെടുത്ത കേന്ദ്രം മികവുത്സവത്തിനായി മറ്റൊരു വിദ്യാലയം തെഞ്ഞെടുക്കാതിരിക്കുന്നതാണ് ഉചിതം.
  5. മൂന്നു മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ദൈര്‍ഘ്യമുളള പരിപാടിയായി വേണം നടത്തേണ്ടത്.
  6. എല്ലാ കുട്ടികള്‍ക്കും കഴിവുണ്ട്. അതിനാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കത്തക്കവിധം ആസൂത്രണം ചെയ്യണം. എന്നാല്‍ കുട്ടികളുടെ എണ്ണം വളരെക്കൂടുതലുളള വിദ്യാലയങ്ങളില്‍ എല്ലാ ക്ലാസുകള്‍ക്കും പ്രാതിനിധ്യം വരത്തക്കവിധം ക്രമീകരണം നടത്താവുന്നതാണ്
  7. യാതൊരു കാരണവശാലം മത്സരസ്വഭാവം പാടില്ല. പൊതുവിദ്യാലയങ്ങള്‍ തമ്മിലും കുട്ടികള്‍ തമ്മിലും മത്സരിക്കാനുളള അവസരമല്ല മികവുത്സവം.
  8. വിദ്യാലയങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുമ്പോള്‍ ഒരേ ഇനത്തില്‍ ഒന്നിലധികം വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് അവതരണം വരാതിക്കാന്‍ ശ്രദ്ധിച്ചാല്‍ മത്സരഭാവം ഒഴിഞ്ഞുപോകും
  9. അക്കാദമികമായ മികവാണ് അവതരിപ്പിക്കേണ്ടത്. ഭാഷ ( മാതൃഭാഷ, ഇംഗ്ലീഷ് , ഇതരഭാഷകള്‍) ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയ്ക് മുഖ്യപരിഗണന ലഭിക്കണം
  10. കലാപരിപാടിയോ യുവജനോത്സവത്തിന്റെ ചെറുപതിപ്പോ അല്ല മികവുത്സവം പ്രവൃത്തിപരിചയ ഉല്പന്നങ്ങളുടെ പ്രദര്‍ശനവേദിയാക്കുകയും വേണ്ടതില്ല. സ്കൂള്‍ പഠനേപകരണങ്ങള്‍ , ചാര്‍ട്ടുകള്‍ തുടങ്ങിയവയും സര്‍ഗോത്സവവേദിയില്‍ ഒഴിവാക്കാവുന്നതാണ്. എന്നാല്‍ അക്കാദമിക മികവ് വിഷയാധിഷ്ടിതമായി വ്യക്തമാക്കുന്ന പാനലുകള്‍ ആകാം. കുട്ടികളുടെ പഠനത്തെളിവുകളുടെ ഫോട്ടോകള്‍ അടിക്കുറിപ്പോടെ പാനലുകളാക്കി പ്രദര്‍ശിപ്പിക്കാം.
  11. കുട്ടികളാണ് അവതരണങ്ങള്‍ നടത്തേണ്ടത്. മുന്‍കൂട്ടി പരിശീലിപ്പിച്ചവ വേദിയില്‍ വന്ന് അവതരിപ്പിക്കുന്നതിനല്ല മറച്ച് ആര്‍ജിച്ച കഴിവുകള്‍ പങ്കിടുന്നതിനാകണം ഊന്നല്‍ നല്‍കേണ്ടത്.
സംഘാടകസമിതി രൂപീകരിക്കേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ ചുമതലകളെന്തെല്ലാം?
  1. സംഘാടക സമിതി കൂടണം. സ്കൂള്‍ വികസനസമിതി/എസ് എം സി/ രക്ഷാകര്‍തൃസമിതി എന്നിവ ചേര്‍ന്ന് മികവുത്സവം നടത്തുന്നതിനും അതിന്റെ വേദിയും തീയതിയും സംഘാടനവിശദാംശങ്ങളും തീരുമാനിക്കണം
  2. സംഘാടകസമിതിയുടെ അധ്യക്ഷ(ന്‍) ജനപ്രതിനിധി/വിദ്യാലയവികസനസമിതി/ ചെയര്‍മാര്‍/പ്രദേശത്തെ സാംസ്കാരിക സാമൂഹികനേതൃനിരയിലുളളവര്‍/മറ്റ് സാമൂഹികാംഗീകാരമുളളവര്‍ ആയിരിക്കണം. പ്രഥമാധ്യാപകന്‍/പ്രഥമാധ്യാപിക ജനറല്‍ കണ്‍വീനറാകണം. അക്കാദമിക് കമ്മറ്റിയും പ്രചരണകമ്മറ്റിയും വേണം. സ്റ്റേജ്, ഉച്ചഭാഷിണി എന്നിവയ്കും ചുമതലക്കാരുണ്ടാകണം
  3. ഓരോ ക്ലാസിലെയും കുട്ടികള്‍ എന്തെല്ലാം കഴിീവുകള്‍ മികവുത്സവത്തില്‍ പങ്കിടണമെന്ന് ധാരണയാവുകയും അതിന്റെ അവതരണക്രമം തീരുമാനിക്കുകയും വേണം
  4. ഓരോ ഇനവും അവതരിപ്പിക്കുമ്പോള്‍ അതിനെ വിശകലനം ചെയ്ത് അക്കാദമികശ്രേഷ്ഠത വ്യക്തമാക്കുന്നതിന് പറ്റിയ ആളെ കണ്ടെത്തണം. പൊതുവേദിയില്‍ അഞ്ചു മിനിറ്റില്‍ കവിയാത്ത വിധം വിലയിരുത്തല്‍ നടത്തി കുട്ടികളെ അംഗീകരിക്കുകയും പൊതുവിദ്യാലയമികവ് ഉയര്‍ത്തിക്കാട്ടുകയും ചെയ്യണം. എങ്കില്‍ മാത്രമേ സമൂഹത്തിന് പൊതുവിദ്യാലയങ്ങളിലെ അക്കാദമിക മികവിന്റെ മാനം ബോധ്യപ്പെടുകയുളളൂ.
  5. മികവുത്സവത്തിന്റെ പ്രചരണം പ്രധാനമാണ്. ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ച് കേരളത്തനിമയുളള പ്രചരണരീതികള്‍ ആലോചിക്കണം. പൂര്‍വവിദ്യാര്‍ഥികളുടെയും എസ് എം സിയുടെയും നേതൃത്വത്തില്‍
    1. വിളംബരയാത്ര,
    2. കൈയെഴുത്തു പോസ്റ്റര്‍ പതിപ്പിക്കല്‍,
    3. പ്രധാന കവലകളില്‍ ബോര്‍ഡുകള്‍ ( പനയോല, മെടഞ്ഞതെങ്ങോല, തുണി, പഴയപനമ്പ്, പായ തുടങ്ങിയ സാധ്യതകള്‍ ആലോചിക്കണം) ,
    4. നോട്ടീസ് ,
    5. ഭവനസന്ദര്‍ശനം,
    6. നാട്ടിലെ പൊതുപരിപാടികളില്‍ അനൗണ്‍സ്മെന്റ് നടത്താനുളള ക്രമീകരണം,
    7. പത്രവാര്‍ത്ത എന്നിവയൊക്കെ നടത്താവുന്നതാണ്.
  6. ജനകീയമായി സംഘടിപ്പിക്കുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്. പൊതുവിദ്യാലയം സമൂഹം ഏറ്റെടുക്കുന്നതിന്റെ പ്രത്യക്ഷതെളിവനുഭവമായി ഇത് മാറണം. ഉച്ചഭാഷിണി, പ്രചരണം, ലഘുഭക്ഷണം , വേദി അലങ്കരിക്കില്‍ എന്നിവ സംഘാടകസമിതിയുടെ നേതൃത്വത്തില്‍ നടത്തണം.
  7. വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ എസ് എസ്എ, ആര്‍ എം എസ് എ, കൈറ്റ്, ഡയറ്റ് തുടങ്ങിയ എല്ലാ ഏജന്‍സികളുടെയും ഏകോപിതപ്രവര്‍ത്തനമായിട്ടാണ് മികവുത്സവം നടത്തേണ്ടത്.
  8. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായി പ്രാദേശികസമൂഹവുമായി വിദ്യാര്‍ഥികള്‍ തങ്ങളുടെ കഴിവുകള്‍ പങ്കിടുന്ന വിപുലമായ സംരംഭം എന്ന നിലയില്‍ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും സര്‍ഗോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണം.
  9. എസ് സി ഇ ആര്‍ ടി തയ്യാറാക്കിയ നന്മപൂക്കുന്ന നാളേക്ക്, എസ് എസ് എ തയ്യാറാക്കിയ രക്ഷാകര്‍തൃവിദ്യാഭ്യാസ ബ്രോഷര്‍ എന്നിവ ഈ പരിപാടിയുടെ ഭാഗമായി പ്രയോജനപ്പെടുത്താവുന്നതാണ്.
മികവുത്സവത്തില്‍ എന്തെല്ലാം ഇനങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്?
മികവുത്സവത്തിലെ ഇനങ്ങളെ രണ്ടായി തരംതിരിക്കാം. നിര്‍ബന്ധമായി നടത്തേണ്ടവയും വിദ്യാലയത്തിന്റെ സാധ്യതയനുസരിച്ച് ചെയ്യാവുന്നവയും.
  • അടിസ്ഥാനശേഷികള്‍ ഉറപ്പാക്കിയാണ് പൊതുവിദ്യാലയങ്ങളില്‍ അക്കാദമിക പ്രവര്‍ത്തനം നടക്കുന്നതെന്ന് തെളിവുകള്‍ സഹിതം സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഇനങ്ങളാണ് നിര്‍ബന്ധമായും നടത്തേണ്ടവയില്‍ ഉള്‍പ്പെടേണ്ടത്.
  • വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഓരോ വിദ്യാലയവും പുരോഗമിക്കുന്നതിന്റെ തെളിവുകളാണ് രണ്ടാം വിഭാഗത്തില്‍ വരിക. അതേപോലെ സമഗ്രവികാസം ലക്ഷ്യമിടുന്ന വിദ്യാഭ്യാസ പ്രക്രിയ സംബന്ധിച്ചു ധാരണപകരുന്നതിനും രണ്ടാം വിഭാഗം ഉപകരിക്കും.
ഓരോ വിഭാഗത്തിലും പരിഗണിക്കാവുന്ന കാര്യങ്ങള്‍ ചുവടെ സൂചിപ്പിക്കുന്നു
  1. നിര്‍ബന്ധമായും നടത്തേണ്ടവ
    1. വായന.
      • ലയാളത്തിളക്കം, എല്ലാവരും സ്വതന്ത്ര വായനക്കാര്‍, ഒന്നാം ക്ലാസില്‍ ഒന്നാന്തരം വായനക്കാര്‍ എന്നീ പരിപാടികള്‍ പ്രൈമറി ക്ലാസുകളില്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ വായന നിര്‍ബന്ധമായും നടക്കണം. പൊതുവിദ്യാലയത്തിലെ കുട്ടികളെല്ലാം അടിസ്ഥാനഭാഷാശേഷി നേടിയവരാണെന്ന് കേരളസമൂഹത്തെ ബോധ്യപ്പെടുത്തുന്ന പ്രക്രിയായി ഇത് മാറണം.
      • ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികള്‍ ചെറു ബാലസാഹിത്യ കൃതികള്‍ വേദിയില്‍ ഉച്ചത്തില്‍ വായിക്കല്‍, നിര്‍ദേശിക്കുന്ന പുസ്തകമെടുത്ത് നിശ്ചിത ഭാഗം വായിക്കല്‍, സദസ് നല്‍കുന്ന വായനക്കാര്‍ഡുകള്‍ വായിക്കല്‍ എന്നിങ്ങനെയുളള പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്
      • വേദിയില്‍ വെച്ചിട്ടുളള പുസ്തകങ്ങളിലെ ആശയം പങ്കിടലും നടത്താം. ക്ലാസ് ലൈബ്രറിയില്‍ നിന്നും കുട്ടികളെടുത്തു വായിച്ചിട്ടുളള പുസ്തകങ്ങളാണ് വെക്കേണ്ടത്. അതില്‍ നിന്നും സദസ് ആവശ്യപ്പെടുന്ന പുസ്തകത്തെക്കുറിച്ച് കുട്ടികള്‍ വിവരിക്കും
      • മൂന്നു മുതലുളള കുട്ടികള്‍ ആശയം വ്യക്തമാകും വിധം ഊന്നലുകള്‍ നല്‍കിയും വേഗത ആവശ്യമായിടത്ത് നിയന്ത്രിച്ചും ഭാവം ഉള്‍ക്കൊണ്ടും ആസ്വാദ്യവായന നടത്തല്‍. കുട്ടികളുടെ ഗ്രൂപ്പിന് സംഭാഷണ പ്രാധാന്യമുളള കഥാഭാഗങ്ങളോ കഥകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്ക്രിപ്റ്റോ നല്‍കാം. ആ ഭാഗം ആസ്വാദ്യമായി വായിച്ചവതരിപ്പിക്കണം.ഓരോരുത്തര്‍ക്കും നിശ്ചിത റോള്‍ നല്‍കിയാല്‍ മതിയാകും
      • പുസ്തകം, കഥ, കവിത എന്നിവ തത്സമയം വായിച്ച് ആശയം വിശദീകരിക്കല്‍, വായിച്ച് ആസ്വാദനം , നിരൂപണം, അവലോകനം എന്നിവ അവതരിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തന സാധ്യതകള്‍ പരിഗണിക്കണം
2. ലഘുശാസ്ത്രപരീക്ഷണം
      • എല്ലാ കുട്ടികളും ഏതെങ്കിലം ലഘുശാസ്ത്രപരീക്ഷണം വേദിയില്‍ അവതരിപ്പിച്ച് അതിന്റെ ശാസ്ത്രീയത വ്യക്തമാക്കണം. മുപ്പതോ നാല്പതോ വസ്തുക്കള്‍ വേദിയില്‍ വെച്ചിട്ടുണ്ടായിരിക്കും. കുട്ടികള്‍ വന്ന് ഇഷ്ടമുളള വസ്തുക്കള്‍ ഉപയോഗിച്ച് തത്സമയം പരീക്ഷണം ചെയ്തു കാണിക്കുന്നു. അതിന്റെ തത്വം വിശദീകരിക്കുന്നു. ഒന്നാം ക്ലാസ് മുതല്‍ എല്ലാ ക്ലാസുകളിലെയും കുട്ടികള്‍ക്ക് അവസരം നല്‍കണം.
3. ഇംഗ്ലീഷില്‍ തത്സമയ വിവരണം ( വിഷയം നറുക്കിട്ടെടുക്കാം, സദസിനു നിര്‍ദേശിക്കാം. കുട്ടികളുടെ ക്ലാസ് നിലവാരം പരിഗണിച്ച് വേണം വിഷയം നിര്‍ദേശിക്കേണ്ടത് ),
4. തത്സമയ ആവിഷ്കാരങ്ങള്‍
വായനാസാമഗ്രി വായിച്ച് ആശയം വിശദീകരിക്കല്‍, തത്സമയ പ്രഭാഷണം, സംഭാഷണം. നല്‍കുന്ന പ്രമേത്തെ ആശ്പദമാക്കിയുളള സ്കിറ്റ് എന്നിവ
5 അടിസ്ഥാനഗണിതശേഷി
എല്ലാ കുട്ടികളും അടിസ്ഥാനഗണിതശേഷി ആര്‍ജിച്ചവരാണെന്ന് ബോധ്യപ്പെടുത്തുന്ന തത്സമയ പ്രവര്‍ത്തനങ്ങള്‍. ഉദാഹരണം കലണ്ടര്‍ ഗണിതം .കലണ്ടര്‍ പ്രദര്‍ശിപ്പിക്കുന്നു. കലണ്ടറിനെ ആധാരമാക്കി ചതുഷ്ക്രിയകളിലുളള കഴിവ് വ്യക്തമാക്കാന്‍ സഹായകമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയല്‍. ( അഞ്ചിന്റേയും ആറിന്റെയും ഗുണിതമായി വരുന്ന സംഖ്യകള്‍ ഈ കലണ്ടറിലുണ്ടോ?ഏത്?, മൂന്നുകൊണ്ട് നിശേഷം ഹരിക്കാവുന്ന എത്ര സംഖ്യകളുണ്ടിതില്‍? രണ്ടു സംഖ്യകള്‍ തമ്മില്‍ ഗുണിച്ചാല്‍ പതിനെട്ടു കിട്ടും. കലണ്ടറില്‍ ആ സംഖ്യകളുണ്ട് . കണ്ടെത്താമോ? കോണോടു കോണ്‍ കൂട്ടിയാല്‍ ....സംഖ്യ ഉത്തരമായി ലഭിക്കും. ഏതെല്ലാം സംഖ്യകളാണെന്നു കണ്ടെത്താമോ എന്നിങ്ങനെ സാധ്യതകള്‍)
  1. സാധ്യതയനുസരിച്ച് നടത്താവുന്നവ
    1. ണിതപസിലുകളുടെ അവതരണം
    2. നടത്തിയ ശാസ്ത്ര-സാമൂഹികശാസ്ത്രപ്രോജക്ടുകളുടെയും ഗണിതപ്രോജക്ടുകളുടെയും പങ്കിടല്‍. വിദ്യാലയത്തില്‍ പഠനത്തിന്റെ ഭാഗമായി നടത്തിയ പ്രൊജക്ടുകളുടെ കണ്ടെത്തലുകളാണ് പങ്കിടേണ്ടത്. ഉയര്‍ന്ന നിലവാരത്തിലുളള പഠനത്തിനു കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു എന്നു വ്യക്തമാക്കുന്നതിനാണ് ഇത്.
    3. കൊറിയോഗ്രാഫി
    4. പാഠപുസ്തകബാഹ്യമായ ഉളളടക്കത്തെ അടിസ്ഥാനമാക്കിയുളള തത്സമയ രംഗാവിഷ്കാരം. കഥ, കവിത എന്നിവ തത്സമയം നല്‍കും. കുട്ടികളുടെ സംഘങ്ങള്‍ക്ക് പത്തുമിനിറ്റ് ആസൂത്രണം നടത്തിയശേഷം അതിന്റെ രംഗാവിഷ്കാരം നടത്താം.
    5. പ്രാദേശിക ചരിത്രരചന നടത്തിയിട്ടുണ്ടെങ്കില്‍ പ്രധാന കണ്ടെത്തലുകളുടെ അവതരണം
    6. പൊതുപ്രസക്തമായ വിഷയത്തെ അടിസ്ഥാനമാക്കിയുളള പ്രസംഗം
    7. ഞങ്ങളുടെ പഠനം ഞങ്ങളുടെ നിലവാരം -പഠനത്തെളിവു വെച്ചുളള വിശകലനം
    8. ക്ഷണിക്കപ്പെട്ടവരുമായി തത്സമയ അഭിമുഖം ( സാധ്യതയനുസരിച്ച് ഏതു ഭാഷയില്‍ എന്നു നിശ്ചയിക്കാം)
    9. കാവ്യമാലിക ( മലയാള കവിതകള്‍ കോര്‍ത്തിണക്കിയുളള പരിപാടി എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം ഉറപ്പാക്കി)
    10. പഠനനേട്ടങ്ങളഉറപ്പാക്കി മുന്നേറുന്നവര്‍,( പഠനനേട്ടങ്ങള്‍ പരിചയപ്പെടുത്തിലും അത് ആര്‍ജിച്ചതിന്റെ തെളിവു പങ്കിടലും)
    11. ജൈവവൈവിധ്യ ഉദ്യാനവുമായി ബന്ധപ്പെട്ട അവതരണം
    12. പ്രതിഭാശേഷീപോഷണം ( ടാലന്റ് ലാബ്) അനുഭവം പങ്കിടല്‍
    13. സര്‍ഗാത്മക രചനകളുടെ അവതരണം
    14. തത്സമയം കേട്ട കഥ, കവിത എന്നിവയെ ചിത്രീകരിക്കല്‍. ഒരു കവിതയെ കഥയോ വേദിയില്‍ വായിച്ച്, ചൊല്ലി അവതരിപ്പിക്കുന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് പേപ്പര്‍ നല്‍കുന്നു. കേട്ട കഥയിലെ ഒരു രംഗം ചിത്രീകരിച്ച് അതിന് അടിക്കുറിപ്പെഴുതണം. ഈ ചിത്രങ്ങള്‍ സദസ്സിനു പരിശോധിച്ച് കവിതയുമായും കഥയുമായുമുളള പൊരുത്തം ബോധ്യപ്പെടാവുന്നതാണ്
    15. കലാപരമായ കഴിവുകളുളള കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരാള്‍ കവിത അവതരിപ്പിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് അതിന്റെ രംഗാവിഷ്കാരം നടത്താം. വേറൊരാള്‍ക്ക് അതിന്റെ തത്സമയ ചിത്രീകരണവും ആകാം.
പ്രവര്‍ത്തനക്രമം
  • വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പ്രഥമാധ്യാപകര്‍ക്ക് അറിയിപ്പ് നല്‍കണം ( മാര്‍ച്ച് പത്തിനകം)
  • ഓരോ വിദ്യാലയവും സര്‍ഗോത്സവം നടത്തുന്ന തീയതി വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ക്രോഡീകരിക്കണം.
  • എസ് ആര്‍ ജി യോഗം സ്കൂളുകളില്‍ ചേര്‍ന്ന് സര്‍ഗോത്സവ ഇനങ്ങള്‍ നിശ്ചയിക്കണം. ക്ലാസടിസ്ഥാനത്തില്‍ ഇനങ്ങള്‍ തീരുമാനിക്കണം. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുളള തന്ത്രങ്ങള്‍ രൂപപ്പെടുത്തണം
  • രക്ഷാകര്‍തൃസമിതിയോഗം ചേര്‍ന്ന് സര്‍ഗോത്സവം നടത്തുന്നതിനും സംഘാടകസമിതി രൂപീകരിക്കുന്നതിനും തീരുമാനിക്കുകയും സംഘാടകസമിതി ചേരുന്നതിനുളള ക്രമീകരണം നടത്തുകയും വേണം ( മാര്‍ച്ച് പതിനഞ്ചിനുളളില്‍)
  • സംഘാടകസമിതി നിര്‍ദേശിച്ച തീയതിക്കുളളില്‍ ചേരണം
  • കുട്ടികളുമായി മികവുത്സവം ചര്‍ച്ച ചെയ്യല്‍. അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കല്‍
  • പ്രചരണം, പങ്കാളിത്തം ഉറപ്പാക്കല്‍
  • മികവുത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തണം. ഉദ്ഘാടനച്ചടങ്ങ് പതിനഞ്ച് മിനിറ്റിലധികം നീളാതിരിക്കുന്നത് കുട്ടികള്‍ക്ക് കൂടുതല്‍ ഇനങ്ങള്‍ അവതരിപ്പിക്കുന്നതിന് സഹായകമാകും.
  • മികവുത്സവം കുട്ടികളുടെ കഴിവുകളുടെ പ്രകാശനവേദിയാണ്. വിശിഷ്ടവ്യക്തികളുടെ സാന്നിധ്യം ഉണ്ടാകണം.ആശംസാപ്രസംഗം പോലെയുളളവ ഒഴിവാക്കുകയും കുട്ടികളുടെ അവതരണങ്ങള്‍ കണ്ട് വിലയിരുത്തി സംസാരിക്കുന്നതിന് പ്രാധാന്യം നല്‍കും വിധം ക്രമീകരണം നടത്തുകയും വേണം.
  • വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇതില്‍ പങ്കെടുക്കുകയും പ്രായോഗികാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മികവുത്സവസംഘാടനം മെച്ചപ്പെടുത്തുന്നതിനുളള നിര്‍ദേശങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കുകയും വേണം

No comments: