ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, July 29, 2018

പൊതുവിദ്യാഭ്യാസവും അധികാരപ്പിടുത്തവും -2


എന്റെ അധ്യാപനജീവിതത്തില്‍ മറക്കാനാകാത്ത പ്രഥമാധ്യാപകനാണ് ഓമല്ലൂരിലെ
ഗോപാലകൃഷ്ണന്‍ സര്‍. അദ്ദേഹം അധ്യാപകസംഘടനയുടെ ജില്ലാ പ്രസിഡന്റായിരുന്നു. ഞാന്‍ ആ വിദ്യാലയത്തില്‍ വെച്ചാണ് ആദ്യമായി കുട്ടികളുടെ ശബ്ദത്തെ മാനിക്കുന്ന പ്രഥമാധ്യാപകനെ കണ്ടത്. രക്ഷിതാക്കളുടെ യോഗം , സ്റ്റാഫ് മീറ്റിംഗ് തുടങ്ങിയവയില്‍ സവിശേഷമായ ഏതെങ്കിലും അജണ്ട ചര്‍ച്ച ചെയ്യണമെന്ന് ആഗ്രഹിക്കുന്ന അവസരങ്ങളിലെല്ലാം അദ്ദേഹം ഓരോ ക്ലാസില്‍ നിന്നുമുളള വിദ്യാര്‍ഥി പ്രതിനിധികളുടെ യോഗം വിളിച്ച് അഭിപ്രായം തേടാറുണ്ടായിരുന്നു. അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗത്തില്‍ അവസതരിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ അഭിപ്രായത്തിന് വില കല്പിക്കുന്നത് എന്തോ മോശം ഏര്‍പ്പാടായിട്ടാണ് പലരും കരുതുന്നത്. ജനാധിപത്യം മാര്‍ഗവും ലക്ഷ്യവുമായി കരുതുന്ന വിദ്യാലയങ്ങളാണ് ഉന്നതസ്ഥാനത്ത് ശോഭിക്കുക. വിദ്യാലയം സ്വകാര്യസ്വത്താണെന്നു കരുതുന്നവരുണ്ടാകാം. അധികാരക്കോയ്മ പ്രകടിപ്പിക്കാനും ചൊല്പടിയില്‍ നിറുത്താനും ശ്രമിക്കുന്നവരും ഉണ്ട്. ജനാധിപത്യവഴക്കമാഗ്രഹിക്കുന്നവര്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കണം.
തീരുമാനമെടുക്കല്‍ പ്രക്രിയ എപ്രകാരമാകണം?
വീട്ടിലായാലും വിദ്യാലയത്തിലായാലും എല്ലാവരെയും ബാധിക്കുന്ന തീരുമാനങ്ങളള്‍ ഏകപക്ഷീയമായി എടുക്കാമോ? ശരിയായ തീരുമാനമെടുക്കുക എന്നത് ജീവിതനൈപുണിയില്‍ പെടുന്ന കാര്യമാണ്. അതായത് എല്ലാ കുട്ടികളും ആര്‍ജിക്കേണ്ട കഴിവ്. ദൗര്‍ഭാഗ്യമെന്നു പറയട്ടെ വിഷയാടിസ്ഥാനത്തില്‍ പാഠ്യപദ്ധതി ശേഷികള്‍ തീരുമാനിച്ചപ്പോള്‍ തീരുമാനമെടുക്കാനുളള കഴിവ് അവഗണിക്കപ്പെട്ടു. അതിനാല്‍ കുട്ടികള്‍ തീരുമാനങ്ങള്‍ അനുസരിക്കേണ്ട താഴ്ന്ന വര്‍ഗമായി മാറി. അനുസരിക്കാന്‍ പരിശീലിപ്പിക്കുമ്പോള്‍. അനുസരിപ്പിക്കലിന്റെ തന്ത്രങ്ങള്‍ ആണുപയോഗിക്കുക. ബോധതലത്തലുണ്ടാകുന്ന തിരിച്ചറിവിന്റെ ഫലമല്ല ഇത്തരം അനുസരണങ്ങള്‍. അതിന് നിര്‍ബന്ധത്തിന്റെയും സമ്മര്‍ദത്തിന്റെയും വെച്ചുകെട്ടുണ്ട്. കാര്യകാരണ വിശകലനഘട്ടം തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ ഉണ്ട്. നേട്ടകോട്ട വിശ്ലേഷണവും നടക്കണം. തീരുമാനമെടുക്കല്‍ പ്രക്രിയാഘട്ടങ്ങള്‍ പരിശോധിക്കാം
  1. പ്രശ്നം തീരിച്ചറിയലാണ് അല്ലെങ്കില്‍ പ്രശ്നത്തിന്റെ പ്രസക്തി മനസിലാക്കലാണ് ആദ്യം നടക്കേണ്ടത്.
  2. തുടര്‍ന്ന് ആ പ്രശ്നവുമായി ബന്ധപ്പെട്ട വിവരശേഖരണം നടക്കണം
  3. പ്രശ്നപരിഹരിണത്തിനായുളള ബദലുകള്‍ അന്വേഷിക്കലാണ് ആലോചിക്കലാണ് അടുത്ത ഘട്ടം
  4. ഓരോന്നിന്റെയും പ്രായോഗികത, അഭിലഷണീയത്, സ്വീകാര്യത, പാര്‍ശ്വഫലക്കുറവ് തുടങ്ങിയവ പരിശോധിക്കണം
  5. പിന്നീട് ലഭ്യമായവയില്‍ നിന്നും ഏറ്റവും ഉചിതമായത് തെരഞ്ഞെടുക്കലാണ്
  6. തീരുമാനം എങ്ങനെ നടപ്പിലാക്കുമെന്നു തീരുമാനിക്കലും തീരുമാനമെടുക്കല്‍ പ്രക്രിയയുടെ ഭാഗമാണ്
  7. ഒരിക്കല്‍ തീരുമാനമെടുത്തു നടപ്പിലാക്കി എന്നതു കൊണ്ട് തീരുമാനമെടുക്കല്‍ പ്രക്രിയ തീരുന്നില്ല. നടപ്പിലാക്കിയത് അവലോകനം ചെയ്യണം. പ്രതീക്ഷിത ഫലം ഉണ്ടാക്കാനെത്രമാത്രം കഴിഞ്ഞു. ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ഭാവിയില്‍ കൂടുതല്‍ നല്ല തീരുമാനങ്ങള്‍ എടുക്കാനും ഇത് പ്രാപ്തരാക്കും
ഇത്തരം പ്രക്രിയയിലൂടെയാണോ കുട്ടികള്‍ കടന്നു പോകുന്നത്. വിദ്യാഭ്യാസം സിദ്ധിച്ചവരില്‍ നിന്നും പലപ്പോഴും നല്ല തീരുമാനങ്ങള്‍ ഉണ്ടാകാത്തതിന് കാരണം വിദ്യാലയത്തില്‍ നിന്നും ശരിയായ തീരുമാനമെടുക്കല്‍ ശേഷി വളര്‍ത്തുന്ന അനുഭവം കിട്ടാത്തതല്ലേ? മുന്‍വിധി, പക്ഷപാതം, ഏതെങ്കിലും വിഭാഗത്തോടുളള ചായ് വ്, വസ്തുതാപരിശോധനകൂടാതെ നിലപാടെടുക്കല്‍, ആളിന്റെ പദവി നോക്കി അംഗീകരിക്കല്‍ എന്നിവയെല്ലാം ശരിയായ തീരുമാനമെടുക്കല്‍ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്നവയാണ്. തിരുവായ്ക്ക് എതിര്‍വായുണ്ടാകുന്നത് മോശം കാര്യമല്ല. എതിര്‍വാദങ്ങളെയും മാനിക്കണം. അതിനെക്കൂടി വിശകലനവിധേയമാക്കുകയും വേണം. ഗുരു ദൈവമാണ് എന്ന് കുട്ടികളെ വിശ്വസിപ്പിക്കുന്നു. ദൈവത്തെ ചോദ്യം ചെയ്തുകൂടാ എന്നും അവരെ പലപ്പോഴായി ധരിപ്പിക്കുന്നു. ഇത് കുട്ടികളില്‍ ഗുരുക്കളുടെ അപ്രമാദിത്തം വര്‍ധിപ്പിക്കും. സര്‍വേശ്വരന്‍ പോലെയൊരു സംജ്ഞയായി സര്‍വജ്ഞരും മാറുന്നു. ഗുരു വിനയവും സ്നേഹവും വഴികാട്ടിയും പിന്തുണയ്കുന്ന ആളും പഠിതാവും ലാളിത്യവുമാണെന്ന് കുട്ടി മനസിലാക്കണം.അപനിര്‍മിക്കേണ്ട പാഠമാണ് ഗുരുവും.
ഗുരുവിനെ പുതുക്കുക എന്നത് ഗുരുവിന്റെയും വിദ്യാര്‍ഥിയുടെയും ദൗത്യമാണ്. അതിനു വഴങ്ങിക്കൊടുക്കുന്ന ഗുരുവിലെ ലഘുത്വം മഹത്വമാകുന്ന അവസ്ഥ സംജാതമാകണം. ജനാധിപത്യവാദിയായ സംഘനേതാവ് എന്ന പദവിയിലേക്ക് ഗുരു മാറണം. ഗുരുവിന് മര്‍ദകനാകാനാകില്ല. ഗുരുവിന് ശാപവചനങ്ങള്‍ വഴങ്ങില്ല. ബുദ്ധന്‍ മഹാഗുരുശ്രേണിയിലെ നക്ഷത്രമാകുന്നതെന്തുകൊണ്ടാണ്? ശരിയായ ഗുരുസങ്കല്പം വളര്‍ത്തിയെടുക്കാത്തതും
അധ്യാപകരെ ജനാധിപത്യത്തിന്റെ സൂക്ഷ്മപ്രയോഗങ്ങളില്‍ ഏകാധിപതികളാക്കുന്നുണ്ട്. അറിവിന്റെ ഭിക്ഷാപാത്രം ഗുരുവിന് ഉപേക്ഷിക്കാനാകില്ല. പ്രകൃതിയിലേക്കും ജനതയിലേക്കും നിരന്തരം ഇറങ്ങിച്ചെല്ലാന്‍ അത് നിര്‍ബന്ധിക്കുന്നു. അതിനു പകരം വെയിലും മഴയുമേല്‍ക്കാത്ത ഒരു സുരക്ഷിതയിടത്തില്‍ അനുഗ്രവും ജ്ഞാനദാനവും നടത്തുന്ന കാണിക്കയിടലിനെ ആഗ്രഹിക്കുന്ന ഗുരുബോധം കാപട്യമാണ്.പാദപൂജ പോലെയുളള കാര്യങ്ങള്‍ നടക്കുന്നത് ഇത്തരം സങ്കല്പങ്ങള്‍ പൊലിപ്പിക്കുന്നതുകൊണ്ടാണ്. അത് വാക്കുകളുടെ താല്കാലിക മായികപ്രപഞ്ചത്തില്‍ മോഹിപ്പിച്ചേക്കാം. അതാണ് ശരി എന്നു തോന്നിപ്പിക്കുകയും ചെയ്തേക്കാം. ജീവിതത്തിലെ പ്രയോഗസന്ദര്‍ഭങ്ങളില്‍ അത് തുരുമ്പിച്ചതായി അനുഭവപ്പെടുകയും ചെയ്യും.
ക്ലാസ് റൂം ജനാധിപത്യം പഠനപ്രക്രിയയുടെ ഭാഗം
്വയം വിശകലനചോദ്യങ്ങള്‍
  1. കുട്ടികളുടെയും രക്ഷിതാക്കളുടെയും ശബ്ദത്തിന് വില നല്‍കുന്ന ആളാണോ ഞാന്‍?
  2. എന്റെ ക്ലാസിലെ ഈ മാസത്തെ പ്രവര്‍ത്തന ലക്ഷ്യങ്ങളും പരിപാടികളും അവരുമായി പങ്കിട്ട് അഭിപ്രായം സ്വീകരിച്ച് മെച്ചപ്പെടുത്തിയിട്ടുണ്ടോ?
  3. അങ്ങനെ ചെയ്യണമെങ്കില്‍ എന്റെ ക്ലാസിന് ഒരോ മാസവും പ്രവര്‍ത്തനപരിപാടി വേണമെന്നു ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ?
  4. രക്ഷിതാക്കളും കുട്ടികളുമായി ചേര്‍ന്ന് നടത്തേണ്ട പ്രതിമാസ അവലോകനത്തിലേക്ക് ഞാന്‍ എങ്ങനെയാണ് തെളിവുകള്‍ ശേഖരിക്കുകയും ക്രമീകരിക്കുകയും ചെയ്യുക?
  5. ഓരോ കുട്ടിയും ജനാധിപത്യപ്രക്രിയയില്‍ നിര്‍ണായകമായതിനാല്‍ ഓരോ കുട്ടിയെ സംബന്ധിച്ചും എന്റെ വശമുളള വിവരങ്ങള്‍ കുട്ടിയുടെ എല്ലാവിധമായ കഴിവുകളെയും പ്രതിഫലിപ്പിക്കുന്നവയാണോ?
  6. പരിമിതികളുളളവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും പ്രത്യേകപരിഗണന ആവശ്യമുളളവരുമായ പഠിതാക്കളോട് എന്ത് വ്യത്യസ്ത പിന്തുണകൊണ്ടാണ് ഞാന്‍ നീതി പുലര്‍ത്താറുളളത്?
  7. അറിവിന്റെ നീതിപൂര്‍വകമായ വിതരണം സംഭവിക്കുന്നതും എല്ലാവര്‍ക്കും അഭലഷണീയത പഠനതലത്തിലെത്താന്‍ കഴിയുന്നതുമായ ക്ലാസല്ലയെങ്കില്‍ എന്നെ കാലോചിതമാക്കുന്നതിന് എന്തിടപെടലാണ് ഞാന്‍ എന്നില്‍ നടത്തിക്കൊണ്ടിരിക്കുന്നത്?
ഇത്തരം ചോദ്യങ്ങളുടെ ഉത്തരമാണ് അന്വേഷണമെന്ന വാക്ക്. ലോകത്ത് നിര്‍മിച്ചെടുക്കേണ്ടതിനെ തേടുകയാണ് ഗുരുധര്‍മം. ബോധനശാസ്ത്രപരമായ പുതിയ അറിവ് ഓരോ ക്ലാസിലും ഉണ്ടാകണം. അധ്യാപകസഹായി, സമഗ്ര എന്നിവയിലല്ല അതിന്റെ കൂട്. ഉയരമുളള ശിഖരത്തില്‍ നാരും ചുളളിയും കൊണ്ട് നാം തന്നെ കെട്ടിയുണ്ടാക്കി ചൂടു നല്‍കി വിരിയിച്ച് അതിലുമുയരത്തിലേക്ക് പറക്കാന്‍ ചിറകു നല്‍കലാണത്.
എന്താണ് ചെയ്യാനാവുക? ക്ലാസ് പി ടി എ എന്നത് ക്ലാസ് രക്ഷാകര്‍തൃജനാധിപത്യസഭയായി മാറണം.
ക്ലാസിന് ഒരു വികസനപദ്ധതി രൂപപ്പെടുത്താന്‍ ശ്രമിച്ചുകൂടേ? അതിലെന്തെല്ലാം വേണം
  • ക്ലാസ് നിയമാവലി രൂപീകരണം ( കുട്ടിക്ക്, രക്ഷിതാവിന് , അധ്യാപികയ്ക് )
  • ക്ലാസ് പ്രതീക്ഷിത ലക്ഷ്യങ്ങള്‍ ( കുട്ടി നേടേണ്ടവ, രക്ഷിതാക്കളെന്ന നിലയില്‍ ആയിത്തീരേണ്ടവ, അധ്യാപിക എന്ന നിലയില്‍ എത്തിച്ചേരേണ്ടവ)
  • ക്ലാസിലെ ഭൗതികാന്തരീക്ഷത്തിന്റെ പൂര്‍ണത
    • പഠനേപകരണങ്ങളും വിന്യാസവും
    • വായനാസാമഗ്രികള്‍
    • നിലവാരത്തെളിവ് പ്രദര്‍ശനബോര്‍ഡ്
    • ക്ലാസ് ലാബ്
    • ആധുനിക സൗകര്യങ്ങള്‍
    • ക്ലാസ് ക്രമീകരണം
    • പ്രകാശനവേദികള്‍
    • സര്‍ഗച്ചുമര്‍
    • ക്ലാസ് മ്യൂസിയം
  • ക്ലാസ് നിലവാരരേഖയുടെ സമഗ്രത
    • ഉളളടക്കം
    • ഗ്രാഫ് - വിഷയം
    • ചെക്ക് ലിസ്റ്റ്
    • സ്വയം വിലയിരുത്തല്‍
    • ഇ പോര്‍ട്ട് ഫോളിയോ
  • രക്ഷാകര്‍തൃജനാധിപത്യസഭ (ക്ലാസ് പി ടി എയ്ക് )ഒരു മാര്‍ഗരേഖ
    • ലക്ഷ്യങ്ങള്‍
    • സംഘാടനം,
    • പങ്കാളിത്തം,
    • ഉളളടക്കം,
    • രീതി
    • അവസരം ( കുട്ടികള്‍ക്ക് ലഭിച്ചവ, രക്ഷിതാക്കള്‍ക്ക് ലഭിച്ചവ)
    • രേഖകള്‍ ( പഠനനേശേഷികളുടെ ലിസ്റ്റ്, സാധ്യായദിനലഭ്യത ഉറപ്പാക്കല്‍, ആര്‍ജിച്ച ശേഷികള്‍, പുരോഗതി, പ്രശ്നപരിഹരണപ്രോജക്ടുകള്‍..)
    • വിലയിരുത്തല്‍
ഇനിയും മേഖലകള്‍ കൂട്ടാം. കുറച്ചുകൂടി സൂക്ഷ്മമായി ആലോചിക്കണം
      • മാസാവസാനവാരം
      • ഒരു ദിവസം നാല് ക്ലാസ്
      • എത്ര മണിക്കൂര്‍? രണ്ട് മണിക്കൂര്‍?
    • പ്രക്രിയ/ രീതി ( അനുഭവവൈവിധ്യം, ആസ്വാദ്യത, പ്രക്രിയ)ക്ലാസ് പി ടി എ
      • ഹൈടെക്ക് സാധ്യത?
      • പ്രസന്റേഷന്‍ ( ഫോട്ടോ, വീഡിയോ, ഉല്പന്നം, ഗ്രാഫ്, പട്ടിക, ക്ലാസ് നിലവാരം)
      • തീരുമാനങ്ങളുടെ നിര്‍വഹണം
      • ക്ലാസ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പുരോഗതി ചര്‍ച്ച
      • കൂടുതല്‍ പിന്തുണ കുട്ടികള്‍ക്ക് വേണ്ട മേഖലകള്‍ ( എഴുതി വാങ്ങല്‍)
      • അനുമോദനം
      • അടുത്തമാസത്തെക്കുളള പരിഗണന എന്നിങ്ങനെ
ഏതായാലും മുന്നിട്ടിറക്കങ്ങള്‍ മാത്രമേ വഴിതെളിയിക്കൂ. നടക്കുമ്പോള്‍ തെളിയുന്നതാണ് വഴി എന്ന ചൊല്ല് ഇവിടെയും പ്രസക്തം. ആര് ആദ്യം നടക്കുമെന്ന ചോദ്യത്തിന് കൂടുതല്‍ ജനാധിപത്യസങ്കല്പമുളളവര്‍ എന്നേ മറുപടിയുളളൂ. കലവൂര്‍ ഹൈസ്കൂളില്‍ രക്ഷിതാക്കളുടെ അക്കാദമികസഭ കൂടി ഇത്തരം ചില നടപടികള്‍ ആലോചിച്ചിട്ടുണ്ട്.
ഓരോ ക്ലാസ് പി ടി എയില്‍ നിന്നും അഞ്ചുപ്രതിനിധികളെ ഉള്‍പ്പെടുത്തി വിദ്യാലയ രക്ഷാകര്‍തൃസഭയും രൂപപ്പെടുത്തിയിരിക്കുന്നു. അവര്‍ വിദ്യാലയവികസന പരിപാടികളില്‍ അധികാരവികേന്ദ്രീകരണത്തിന്റെ പുതിയ കരിക്കുലം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ആശംസകള്‍.

1 comment:

Preetha tr said...

ക്ളാസ് മുറിയിലെ ജനാധിപത്യവല്ക്കരണം-സമകാലീനസംഭവങ്ങളുടെ വെളിച്ചത്തിൽ. നടക്കുമ്പോൾ തെളിയുന്നതാണ് വഴിയെന്ന് അധ്യാപകരെ ഓർമ്മപ്പെടുത്തുന്ന ലേഖനം. കാലത്തിൻ്റെ പ്രത്യേകതകളറിഞ്ഞാവണം അധ്യയനവും അധ്യാപനവുമെന്ന് വിളിച്ചോതുന്ന ലേഖനം.