ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, July 8, 2018

ചൂരലിന്റെ പാതയിലേക്ക് വഴിതെറ്റിയ അധ്യാപകര്‍ അധ്യാപനപരാജിതരാണ്


രണ്ടു വാര്‍ത്തകളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്.

2018 ജൂലൈ അഞ്ച്

ഗൃഹപാഠം ചെയ്തില്ല; ഇടുക്കിയില്‍ ആറു വയസുകാരന് അധ്യാപികയുടെ ക്രൂരപീഡനം

ഇടുക്കി വണ്ടിപ്പെരിയാറില്‍ ഗൃഹപാഠം ചെയുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ഒന്നാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂരപീഡനം. ഇന്നലെയാണ് സംഭവം നടന്നത്.
സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ആറു വയസുകാരന്റെ ശരീരത്തിലെ ക്രൂരമര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ട് രക്ഷിതാക്കള്‍ വിവരം തിരക്കിയതോടെയാണ് സംഭവം പുറത്തായത്.
വടി കൊണ്ടാണ് അധ്യാപിക കുട്ടിയെ മര്‍ദ്ദിച്ചത്. ഈ മര്‍ദ്ദനം കാരണം വെള്ളം കുടിക്കുന്നതിന് പോലും കുട്ടിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍ പി സ്കൂളിലാണ് സംഭവം.
സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ഇന്ന് സ്‌കൂളിലെത്തി പ്രധാന അധ്യാപകന് പരാതി നല്‍കി. ഇതിനു ശേഷം പ്രധാന അധ്യാപകന്‍ അധ്യാപികയുമായി  സംസാരിച്ചു. അധ്യാപിക മാതാപിതാക്കളോട് ഇതേ തുടര്‍ന്ന് മാപ്പ് പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ അടിയേറ്റതിന്റെ പത്തോളം പാടുകളുണ്ട്. ചൈല്‍ഡ് ലൈന് വിഷയത്തില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
മുകളിലെ രണ്ടു വാർത്തകളും ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തെമ്പാടും കുട്ടികളെ ശിക്ഷിച്ച് പഠിപ്പിക്കാനുളള വ്യഗ്രത പ്രകടമാണ്. കേരളത്തില്‍ കൈ ചവിട്ടിയൊടിച്ച അധ്യാപികയുണ്ട്. വെയിലത്തു നിറുത്തിയവരുണ്ട്. മുളകുതേച്ചവരുണ്ട് ( അനുബന്ധമായി അത്തരം കുറേ വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്)
ഭാഗം രണ്ട്
ചൂരലുകള്‍ തിരിച്ചു വരുന്നു.

ഞാന്‍ ഒരു വിദ്യാലയത്തില്‍ ചെന്നപ്പോള്‍ പ്രഥമാധ്യാപകന്റെ മേശപ്പുറത്ത് രണ്ട് ചൂരലുകള്‍. അവയുടെ അറ്റം പൊളിഞ്‍ിട്ടുണ്ട്. മര്‍ദകഭരണകൂടത്തിന്റെ പ്രത്യശാസ്ത്രം ബോധനശാസ്ത്രമാക്കുകയാണ്. ശിക്ഷിച്ച് വരുതിയിലാക്കുന്ന പ്രവണത.
പെണ്ണിനെയും മണ്ണിനെയും ദണ്ഡിപ്പിച്ചാല്‍ ഗുണമുണ്ട് എന്ന സങ്കല്‍പവും ഇത്തരം അധികാരചിന്തയുടെ ഭാഗമാണ്. അതിനാല്‍ വീട്ടില്‍ അച്ഛന്‍ അമ്മയെ തല്ലുന്നു. സ്കൂളില്‍ അധ്യാപകന്‍ കുട്ടിയെ തല്ലുന്നു. നാട്ടില്‍ പോലീസ് ജനങ്ങളെ തല്ലുന്നു.
ജനമൈത്രീ പോലീസ് സ്റ്റേഷന്‍ എന്നെഴുതി വെക്കുന്നതു പോലെയാണ് ചില വിദ്യാലയങ്ങള്‍ ശിശുസൗഹൃദമാണെന്ന് അവകാശപ്പെട്ടുന്നത്. വാക്കുകള്‍ വിപരീതാര്‍ഥത്തില്‍ പ്രയോഗിക്കാറുണ്ട്. നീ നല്ല പണിയാ കാണിച്ചത് എന്ന് പറയുമ്പോള്‍ ഇത്രയും പണി വേണ്ടായിരുന്നു എന്ന ധ്വനി. അതേ പോലെ ശിശുസൗഹൃദപരമായി ചൂരല്‍ ഉപയോഗിക്കലാണ് വിദ്യാലയം.

ചൂരല്‍ക്കഷായം കിട്ടി എന്നാണ് നാട്ടുമൊഴി. കഷായം ഔഷധമാണ്. മര്‍ദനം ഔഷധമാക്കുന്ന ആശയോല്പാദനം.
മധുരച്ചൂരല്‍ എന്നാണ് ഒരു മാധ്യമത്തിലെ പംക്തിയുടെ പേര്‍. അധികാരപ്രയോഗത്തിന്‍രെ മാധുര്യത്തെക്കുറിച്ചാണ് അടിമബോധമുണര്‍ത്തുന്ന ക്ലാസുകള്‍ ഉപദേശിക്കുന്നത്.
എപ്പോഴാണ് ജനാധിപത്യം ശ്വാസം മുട്ടുന്നത് അപ്പോള്‍ മര്‍ദനം സജീവഅടയാളമായി രംഗത്തുണ്ടാകും.
എന്താണ് ചൂരലുകള്‍ തിരിച്ചുവരാന്‍ കാരണം? എന്റെ നിരീക്ഷണങ്ങള്‍ ഇവിടെ പങ്കിടാം.
ഒന്ന് ) സ്കൂളിലെ പിരീഡുകളുടെ എണ്ണം കൂട്ടി. കുട്ടികള്‍ക്ക് നേരെ ചൊവ്വേ കാര്യങ്ങള്‍ ഗ്രഹിക്കാനുളളത്ര സമയം കിട്ടുന്നില്ല. അതിനാല്‍ പകുതിവെന്ത അറിവാണ് പലപ്പോഴും ലഭിക്കുക.കാര്യം മനസിലാക്കാതെ വരുന്പോള്‍ തുടര്‍പ്രവര്‍ത്തനം സ്വയം ചെയ്യാനും കഴിയില്ല. അത് അനുസരണക്കേടായി അധ്യാപകര്‍ വിലയിരുത്തുന്നു. ഫലം ചൂരല്‍ക്കഷായം.
രണ്ട്) സമാന്തര ഇംഗ്ലീഷ് മാധ്യമം. കുട്ടികള്‍ക്ക് പല കാര്യങ്ങളും ആംഗലേയത്തില്‍ മനസിലാകുന്നില്ല. യാന്ത്രികമായി അഭ്യാസങ്ങള്‍ ചെയ്യിക്കുന്നു. അഭ്യാസപ്പുസ്തകം എല്ലാ വിദ്യാലയങ്ങളിലേക്കും കടന്നു വരുന്നു. അമിതഭാരം കുട്ടിയെ സമ്മര്‍ദത്തിലാക്കുന്നു. അതിന്റെ ഫലമായി കണ്ടെഴുത്തടക്കമുളള കാര്യങ്ങള്‍ ആലോചനയില്‍ വരുന്നു. അഭ്യാസം ചെയ്തിട്ടുണ്ട്, പക്ഷേ ആശയമില്ല. ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ച് ചൂരലിനെ ഏറ്റു വാങ്ങുന്നു.
മൂന്ന്) സമാന്തരസിലബസ്. പലവിദ്യാലയങ്ങളിലും അനധികൃതസിലബസ് പ്രകാരമുളള പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. രക്ഷിതാക്കളുടെ അറിവോടെ ഇംഗ്ലീഷ് മാര്‍ക്കറ്റ് നോക്കിയാണ് ഈ വേല. ഇരട്ട സിലബസിലൂടെ കുട്ടിയെ പുഴുങ്ങിയെടുക്കുന്നു. കുട്ടിക്ക് ഒന്നിനും സമയമില്ല. വിനോദവും വിശ്രമവും നിഷേധിക്കപ്പെടുന്നു. ഇരട്ട സിലബസ് ഉണ്ടാക്കുന്ന പഠനക്കുരിശാണ് കുട്ടിയെ തളര്‍ത്തുന്നത്. അത് കുട്ടിയില്‍ നിഷേധാത്മകമായി പ്രവര്‍ത്തിക്കാം
നാല്) വിവേചനം . രണ്ടുതരം സിലബസ് പിന്തുടരുന്ന വിദ്യാലയങ്ങളില്‍ മലയാളമാധ്യമ വിദ്യാര്‍ഥികള് മന്ദബുദ്ധികളാണെന്ന മനോഭാവമുളള കുറേ ആശാന്മാരും ആശാട്ടികളുമുണ്ട്. അവരുടെ ക്ലാസില്‍ കൃത്യമായി ഒന്നും സംഭവിച്ചില്ലെങ്കിലും സാരമില്ല ഇംഗ്ലീഷ് മാധ്യമ ക്ലാസില്‍ എല്ലാം ഭദ്രമായിരിക്കണം. മലയാളം മാധ്യമ കുട്ടികളോടെ ഇംഗ്ലീഷ് മാധ്യമകുട്ടികളുടെ സമീപനവും പഴയ മേല്‍ജാതിക്കോയ്മയുടെ കുട പിടിച്ചതാണ്. ഇരുമാധ്യമ ഡിവിഷനുകളിലെ കുട്ടികള്‍ തമ്മില്‍ ഏറ്റു മുട്ടിയതായി ചില അധ്യാപകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അധമബോധത്തിന്റെ പ്രതിഫലനമാകാം അച്ചടക്കലംഘനങ്ങളായി മാറുക.
അഞ്ച്) നന്നായി പഠിപ്പിക്കാനറിയാത്ത അധ്യാപകര്‍, ഉഴപ്പാളികള്‍ അവരുടെ അധ്യയനദൗര്‍ബല്യം മറച്ചുവെക്കാനായി ചൂരല്‍ബി എഡ് എന്ന കോഴ്സിനും തങ്ങള്‍ പഠിച്ചിട്ടുണ്ട് എന്ന മട്ടില്‍ പെരുമാറും.
ആറ്) കുട്ടിയെ അറിയാനും മനസിലേറ്റാനും വ്യക്തിഗതപിന്തുണ നല്‍കാനും സന്നദ്ധമാകാത്ത അധ്യാപകമനസ് .
ഏഴ്) അച്ചടക്കത്തെ സംബന്ധിച്ച തെററിദ്ധാരണ. സ്വയം രൂപപ്പെടുത്തേണ്ട ഒന്നിനെ അടിച്ചേല്‍പ്പിക്കാനാകുമെന്ന ബോധം.
എട്ട് ) ഓരോ കുട്ടിയെയും പരിഗണിച്ചുളള സമീപനം ഉയര്‍ത്തിപ്പിടിക്കുന്ന ബോധനശാസ്ത്രവും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞസമീപനവും വേണ്ടത്ര ഉള്‍ക്കൊളളാന്‍ മനസ് വിപുലപ്പെടാത്ത അധ്യാപകര്‍.
ഒമ്പത് ) നിയമപരമായി അംഗീകാരമില്ലാത്ത ശിക്ഷാരീതി നിയമം ലംഘിച്ച് നടപ്പിലാക്കുന്ന അധ്യാപകരുടെ വിദ്യാലയത്തില്‍ നീതിയും നിയമവും സമീപനവും തെറ്റായ വഴിയിലൂടെയേ സഞ്ചരിക്കൂ എന്ന അറിവില്ലായ്മ. ഇനി വീട്ടുകാരുടെ സംഭാവനകളും ഉണ്ടാകും.
എന്റെ നാട്ടിലെ കടകളില്‍ പ്ലാസ്റ്റിക് തൊട്ടിക്കകത്ത് ചൂരല്‍ക്കെട്ടുകളിരിപ്പുണ്ട്. വില്പനയ്കാണ്. ഭയം തോന്നുന്നു.
കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ; കാലിനു പകരം കാല്. (പുറപ്പാട് 21:24. ) എന്നായിരുന്നു പഴയനിയമത്തിലെ സമീപനം 
അത് വലത്തുകരണത്തടിക്കുന്നവന് മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക. എന്ന സമീപനമായി.ഇതാണ് മാറ്റം. കായികബലത്തിന്റെ പാതയില്‍ നിന്നും മനപ്പരിവര്‍ത്തനത്തിന്റെ പാതയിലേക്കുളള മാറ്റം.
യേശുവും ബുദ്ധനും സമാന പാതയിലുണ്ട്. കായിക ബലത്തെ നിരാകരിക്കുന്ന തിരുത്തലാണത്. ആ ബോധോദയം അനുയായികൾക്കില്ല. ഹൈന്ദവ ദൈവങ്ങൾ കായിക ബലത്തെയും സംഹാരത്തെയും ഘോഷിക്കുന്നു. അതിനെ തിരുത്തുവാനാണ് ത്യാഗ മാർഗത്തിലൂടെ സഞ്ചരിച്ചവർ ശ്രമിച്ചത്.
ക്രൈസ്തവ വിശ്വാസിപക്ഷം സ്വന്തം വിദ്യാലയങ്ങളിൽ ക്രിസ്തുവിനെ നിരസിക്കുകയാണ്
മർദ്ദന ചിന്തയുടെ വേരുകൾ നഖമാഴ്ത്തുന്നത് ഏതെല്ലാം രീതികളിലാണെന്ന് പരിശോധിക്കണം
പഴയനിയമത്തില്‍ കുട്ടികളെ അടിക്കാന്‍ നിര്‍ദേശമുണ്ട് ശിശുവിൻ്റെ ഹൃദയത്തിൽ ഭോഷത്തം കെട്ടുപിണഞ്ഞുകിടക്കുന്നുശിക്ഷണത്തിൽ വടി അതിനെ ആട്ടിയോടിക്കുന്നു. ( സുഭാഷിതം... 22/ 15 )  പക്ഷേ ആ ചിന്തയില്‍ നിന്നും വിടുതല്‍ നേടുന്നതായി കാണാം.... പിതാക്കന്മാരേ( ഗുരുക്കന്മാരേനിങ്ങൾ കുട്ടികളിൽ കോപം ഉളവാക്കരുത്. ( എഫേസൂസ് 6/4)   പിതാക്കന്മാരേ( ഗുരുക്കന്മാരേ ) നിങ്ങളുടെ കുട്ടികളെ പ്രകോകിപ്പിക്കരുത്. പ്രകോപിപ്പിച്ചാൽ അവർ നിരുന്മേഷകരാകും.(കൊളോസൊസ് 3/21). കുട്ടികളെ സ്നേഹിക്കുന്ന ത് ദൈവാരാധനക്ക് തുല്യം. അവരിൽ തിന്മയുടെ വികലതകൾ കുത്തിനിറക്കുന്നതാവരുത് അവരുടെ ചുറ്റൂമുള്ളവർ. കാരണം സ്വർഗ്ഗരാജ്യം അവരെപ്പോലുള്ളവരുടേ മനസിലാണ് എന്നു വിളംബരം ചെയ്യുന്ന മതത്തിന്റെ വക്താക്കള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ അച്ചടക്കത്തിന്റെ വാള്‍മുനത്തുമ്പിലാണ് കുട്ടികള്‍. ആലപ്പുഴയിലെ പ്രശസ്തമായ വിദ്യാലയത്തിന്‍റെ പ്രഥമാധ്യാപകനായ അച്ചന്റെ കൈയില്‍ ചൂരല്‍ വടി കണ്ട് ഞാന്‍ അമ്പരന്നു പോയി. അദ്ദഹം സണ്‍ഡേ സ്കൂളില്‍ ഇതു പഠിപ്പിച്ചിട്ടുണ്ടാകും. “കുട്ടികള്‍ ബഹളമുണ്ടാക്കും എന്നോര്‍ത്ത് ശിഷ്യഗണങ്ങള്‍ അവരെ തടഞ്ഞപ്പോള്‍ അത് കണ്ട യേശു പറഞ്ഞു. -ശിശുക്കൾ എന്റെ അടുക്കൽ വന്നുകൊള്ളട്ടെ; അവരെ തടയരുത്‌. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതത്രേ. ശിശുവിനെപ്പോലെ ദൈവരാജ്യത്തെ കൈക്കൊള്ളാത്ത ആരും ഒരുപ്രകാരത്തിലും അതിൽ കടക്കുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” പിന്നെ അവൻ കുട്ടികളെ “കൈകളിലെടുത്ത്‌” അനുഗ്രഹിക്കുന്നു. (മർക്കോസ്‌ 10:13-16)

കർത്താവിന്റെ ദാസൻ കലഹപ്രിയനായിരിക്കരുത്‌; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും’ ആയിരിക്കണം എന്ന്‌ പൗലൊസ്‌ എഴുതി. കോപംകൊണ്ട്‌ പൊട്ടിത്തെറിക്കുന്നതും ആക്രോശിക്കുന്നതും നിന്ദാപൂർവം അല്ലെങ്കിൽ ഇടിച്ചുതാഴ്‌ത്തുന്ന തരത്തിൽ സംസാരിക്കുന്നതും തീർച്ചയായും സ്‌നേഹനിർഭരമായ ശിക്ഷണം ആയിരിക്കുന്നില്ല, ഒരു ക്രിസ്‌ത്യാനിയുടെ ജീവിതത്തിൽ അവയ്‌ക്കു സ്ഥാനമില്ല.​—⁠എഫെസ്യർ 4:31; കൊലൊസ്സ്യർ 3:⁠8.”
സ്നേഹത്തിന്‍റെ ബോധനശാസ്ത്രം അറിയാത്തവരാണ് വടിയുടെ പിന്‍ബലം തേടുന്നത്.
വിമോചനവിദ്യാഭ്യാസത്തെക്കുറിച്ചെഴുതിയത് പൗലോഫ്രയറാണ്. ബാങ്കിംഗ് വിദ്യാഭ്യാസത്തിനു നേരെ എതിരായ പ്രശ്നോന്നീതവും സംവാദാത്മകവുമായ വിദ്യാഭ്യാസത്തില്‍ സ്നേഹം പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം പുരോഹിതനും വിപ്ലവകാരിയുമായ വിദ്യാഭ്യാസപ്രവര്‍ത്തകനായിരുന്നല്ലോ?
ഗാന്ധിജി പറഞ്ഞതിങ്ങനെ
കുറ്റങ്ങള്‍ക്ക് ശാരീരിക ശിക്ഷ നല്‍കുന്നതിന് ഞാനെന്നും എതിരാണ്
ഞാനവരുടെ ശരിയായ അധ്യാപകനും രക്ഷിതാവും ആകണമെങ്കില്‍ അവരുടെ ഹൃദയത്തെ എനിക്ക് സ്പര്‍ശിക്കാന്‍ കഴിയണം
പൗലോ ഫ്രയർ എഴുതിയ മർദിതരുടെ ബോധന ശാസ്ത്രം വായിക്കാത്ത അധ്യാപകർ അത് വായിക്കുന്നതാണ് നല്ലത്.
ഗാന്ധിജയന്തി ആചരിക്കുന്നത് ഹിറ്റ്ലറുടെ രീതികൾ കുടിയിരുത്താനല്ലല്ലോ
തല്ലി നേരെയാക്കാം വരുതിക്ക് കൊണ്ടുവരാം എന്ന സമീപനം എല്ലാ സമൂഹവിരു്ധരുടെയും സമീപനം തന്നെയാണ്. കവലകളിലെ ഏറ്റുമുട്ടലിനും വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കും വംശീയ അതിക്രമങ്ങള്‍ക്കും പിന്നില്‍ ഇത്തരം ചിന്ത പ്രവര്‍ത്തിക്കുന്നു. അതിന് വിദ്യാലയങ്ങള്‍ വിത്തിടുന്നുണ്ട് എന്ന് പറയാതെ വയ്യ


ഭാഗം മൂന്ന് ക്രൂരതയുടെ അധ്യാപകമുഖങ്ങള്‍

  • റിയാദ്: അധ്യാപകര്‍ കുട്ടികളെ ശിക്ഷിക്കുന്ന രീതികള്‍ പലപ്പോഴും ക്രൂരമാണ്. സൗദിയിലെ സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയെ മുഖത്തും കൈകളിലും ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ച് അധ്യാപിക ശിക്ഷിച്ചത്. ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചതിന്റെ പാടുകള്‍ കുട്ടിയുടെ മുഖത്തും കൈയിലും കണ്ടതിനെ തുടര്‍ന്നാണ് വീട്ടുക്കാര്‍ അറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ക്കും പോലീസിനും നല്‍കിയ പരാതിയില്‍ ഏഷ്യന്‍ വംശജയായ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു (May 11 2016,)
  • ചെന്നൈ:പഠിക്കാന്‍ മോശമായതിന് നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ ശിക്ഷ ചെറുതൊന്നുമല്ല. പിഞ്ചു കുട്ടികളുടെ കാലില്‍ അധ്യാപിക കര്‍പ്പൂരം കത്തിച്ചാണ് ശിക്ഷ നടപ്പാക്കിയത്. തമിഴ്‌നാട്ടിലെ വില്ലപുരം ജില്ലയിലെ ഉലുണ്ടുര്‍പേട്ടിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പഠിക്കാന്‍ മോശമായിരുന്ന 13 ഓളം കുട്ടികളുടെ കാലിലാണ് അധ്യാപിക വൈജയന്തിമാല കര്‍പ്പൂരം കത്തിച്ചത്.മററു കുട്ടികളോട് ഇവരെ പിടിച്ചു വയ്ക്കാന്‍ പറഞ്ഞ അധ്യാപിക കുട്ടികളെ വരിയായി നിര്‍ത്തി കര്‍പ്പുരം കത്തിച്ചു വയ്ക്കുകയായിരുന്നു. വേദനകൊണ്ടു പുളഞ്ഞ കുട്ടികളോട് ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അധ്യാപികയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്  രക്ഷിതാക്കള്‍ സ്‌കൂളിനു പുറത്തു തടിച്ചു കൂടിയിരുന്നു. കുട്ടികളെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (June 11 2016)
  • ഹരിപ്പാട്: അധ്യാപികയുടം ചൂരല്‍ പ്രയോഗത്തിന് ഇരയായയത് രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി. അധ്യാപികയ്‌ക്കെതിരെ പോലിസില്‍ പരാതി നല്‍കി. തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ മംഗലശ്ശേരി ഗോപാലകൃഷ്ണന്റെ മകള്‍ ഗോപിയ്ക്കാണ് പരിക്കേറ്റത്.കണ്ണിനോട് ചേര്‍ന്ന് നീളത്തില്‍ ചൂരല്‍ പതിഞ്ഞ പാട് കുട്ടിയുടെ മുഖത്തുണ്ട്. ഇത് കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി സംഭവം വിവരിച്ചു. (December 9 2015,)
  • കൊല്ലം: മൂന്നുവയസ്സുക്കാരന്റെ മുഖത്ത് അങ്കണവാടി അധ്യാപിക മുളക് തേച്ചു. കൊല്ലം ഇരണാവ് അങ്കണവാടിയിലെ അധ്യാപികയാണ് കുട്ടിയോട് ക്രൂരമായി പെരുമാറിയത്. മാതാപിതാക്കളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. അങ്കണവാടിയുടെ മുറ്റത്തുണ്ടായിരുന്ന മുളക് പറിച്ചെടുത്ത് തേക്കുകയായിരുന്നു. കുട്ടിയുടെ മൂക്കിന് താഴെയായി പൊള്ളലേറ്റ പാടുണ്ട്. ഇരണൂര്‍ ലക്ഷംവീട് കോളനിയില്‍ പ്രസാദിന്റെ മകന്‍ കാശിനാഥിന്റെ മുഖത്താണ് മുളക് തേച്ചത്. കാശിനാഥിന്റെ മുഖത്ത് പാട് കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി രക്ഷിതാക്കളോട് സംഭവം വിവരിച്ചു. അധ്യാപിക കുട്ടിയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. മുളക് തേച്ചത് അധ്യാപിക സമ്മതിച്ചതായും മാതാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.(, Dec 1, 2015,)
  • കൊല്ലം: കൊല്ലത്ത് അധ്യാപിക അഞ്ചാം ക്ലാസുകാരന്റെ കൈ ചവിട്ടിയൊടിച്ചതായി പരാതി. കൊല്ലം വാളത്തുങ്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമുണ്ടായത്. ക്ലാസില്‍ ഒച്ചവച്ച് ഓടിക്കളിച്ചുവെന്ന് ആരോപിച്ച് അധ്യാപികയായ ഷീജ കുട്ടിയുടെ ഇടത് കൈ ബഞ്ചില്‍ വെച്ചതിന് ശേഷം കാല്‍മുട്ട് കൊണ്ട് അമര്‍ത്തി ഒടിക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. ഇക്കാര്യം സ്‌കൂള്‍ പ്രിന്‍സിപ്പാളും പറഞ്ഞിട്ടുണ്ട്.തുടര്‍ന്ന് കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. (14/11/2016)
  • ലക്‌നൗ: ക്ലാസില്‍ പേരു വിളിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നതിന് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മർദ്ദിക്കുന്ന വീഡിയോ പുറത്ത്. അധ്യാപിക വിദ്യാര്‍ഥിയെ 40 തവണയിലേറെ മര്‍ദ്ദിക്കുന്നതായി വീഡിയോയിൽ കാണാം. ലക്‌നൗവിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ക്ലാസിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിദ്യാര്‍ഥിയുടെ ഇരു കവിളുകളിലും രണ്ടു കൈകളും ഉപയോഗിച്ച് മാറിമാറി തുടര്‍ച്ചയായി രതിക വി. ജോണ്‍ എന്ന അധ്യാപിക മർദ്ദിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. തുടര്‍ന്ന് വിദ്യാര്‍ഥിയെ ഇവര്‍ നിലത്തിട്ടു വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ വീട്ടിലെത്തിയ കുട്ടിയുടെ മുഖം വീങ്ങിയിരിക്കുന്നതും കുട്ടി ക്ഷീണിതനായിരിക്കുന്നതും കണ്ട രക്ഷിതാക്കള്‍ കാര്യമന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് പ്രധാനാധ്യാപകനെ സമീപിക്കുകയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയുമായിരുന്നു. വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയില്‍ അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്    

  • പാടൂര്‍(തൃശൂര്‍): പുസ്തകം കൊണ്ടുവന്നില്ല എന്ന കാരണത്തല്‍ കുട്ടിയുടെ കൈ തിരിച്ച് കുഴ തെറ്റിച്ച് അധ്യാപികയുടെ ക്രൂരത. പാടൂര്‍ ടൈസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പുതിയ വീട്ടില്‍ മുസ്തഫയുടെ മകള്‍ റിസ്‌വക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ 23ന് ക്ലാസില്‍ കണക്ക് പുസ്തകം കൊണ്ട് വരാത്തതിനാണ് ശിക്ഷ നടപ്പാക്കിയത്.(October 3, 2017 )

  • അയര്‍ക്കുന്നം: കുട്ടികളോടുള്ള അധ്യാപികമാരുടെ ക്രൂരത തുടരുന്നു. ഇംഗ്ലീഷ് അദ്ധാപിക ആറാം ക്ലാസുകാരന്റെ കരണത്തടിച്ചതാണ് പുതിയ സംഭവം. അയര്‍ക്കുന്നം ആറുമാനൂര്‍ പാറേക്കാട്ടില്‍ രമേഷ്മായ ദമ്പതികളുടെ മകന്‍ പ്രവീണ്‍ രമേഷിനെയാണ് അദ്ധ്യാപിക കരണത്തടിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഉത്തരം പറഞ്ഞത് കളിയാക്കലാണെന്ന് ആരോപിച്ചായിരുന്നു കുട്ടിയോടുള്ള അധ്യാപികയുടെ ക്രൂരത. സ്‌ക്കൂളില്‍ പോകാന്‍ മടിച്ച കുട്ടിയോട് വീട്ടുകാര്‍ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ക്കും, പൊലീസിനും, വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കാനൊരുങ്ങുകയാണ് മാതാപിതാക്കള്‍. (Monday 10 November 2014)

  • ക്ലാസില്‍ കൊണ്ടുവന്നിരുന്ന പൗഡറെടുത്ത് മുഖം മിനുക്കിയതിന്റെ പേരില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ മുഖത്ത് കണ്‍മഷി പുരട്ടി വെയിലത്ത് നിര്‍ത്തി അധ്യാപകരുടെ ക്രൂരത.മട്ടാഞ്ചേരി ആസിയാബായ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ സഫ മര്‍വ(13)അല്‍ഫിയ(12) എന്നിവരെയാണ് അധ്യാപകര്‍ ശിക്ഷിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.അധ്യാപകരുടെ ശിക്ഷയെ തുടര്‍ന്ന് അവശയായ സഫ മര്‍വയെ മട്ടാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരാതിയെ തുടര്‍ന്ന് മട്ടാഞ്ചേരി പോലീസ് ജുവനൈല്‍ വകുപ്പ് പ്രകാരം കേസെടുത്തു.പൗഡറും മറ്റുമിട്ട് മുഖം മിനുക്കി എന്ന പേരില്‍ മുഖത്ത് കണ്‍മഷി പുരട്ടി വികൃതമാക്കിയശേഷം തങ്ങളെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ 15 മിനിറ്റോളം ഉച്ചവെയിലത്ത് നിര്‍ത്തിയെന്ന് കുട്ടികള്‍ പറഞ്ഞു.തുടര്‍ന്ന് മുഖം വൃത്തിയാക്കാന്‍ അനുവദിക്കാതെ ക്ലാസിലും നിര്‍ബന്ധിച്ചിരുത്തിയെന്ന് കുട്ടികള്‍ പരാതിയില്‍ പറയുന്നു (2017-02-12)

3 comments:

Preetha tr said...

ഈ article ഒരു ആധികാരികമായ, ശാസ്തീയമായ പഠനമാണ്. അധ്യാപകരെ തിരിച്ചറിവിൻ്റെ ബോധനശാസ്ത്രത്തിലേക്ക് എത്തിക്കാൻ കാലികമായ വാർത്തകൾ,മതപരമായ ഉൾക്കാഴ്ചകൾ, മനശാസ്ത്രപരമായ സമീപനങ്ങൾ, സമൂഹത്തിൻ്റെ കാഴ്ചപ്പാടുകൾ etc എല്ലാം കൊണ്ടും സമ്പന്നമാണി ഗവേഷണരേഖ. ഇത് എല്ലാ മാതാപിതാക്കളും വായിച്ചിരുന്നെങ്കിൽ....

Preetha tr said...

ഇതിൽ തെരെഞ്ഞെടുത്തുപയോഗിച്ചിരിക്കുന്ന ഒരുപാട് സംസാരിക്കുന്ന ചിത്രങ്ങൾ ലേഖനത്തിന് കൂടുതൽ മാറ്റ് നല്കുന്നു. അധ്യാപകർ ക്കും രക്ഷകർത്താക്കളും ഒരുപാട് തവണ ചൊല്ലിപ്പഠിക്കേണ്ട പാഠമാണിത്.ചില ലേഖനങ്ങൾ വായിക്കുമ്മപോൾ തോന്നും ഇതൊക്കെ അധ്യാപക വിദ്യാർത്ഥി കൾ തങ്ങളുടെ പഠനസമയത്ത് പഠിക്കേണ്ടതാണല്ലോ എന്ന്. അത്തരത്തിലുള്ള ഒരു പഠനമാണിത്.

SEBY JOSEPH said...

അടിയും വടിയും നിരോധിച്ചു എന്നൊക്കെ പറയുന്നെങ്കിലും വലിയൊരു വിഭാഗം അധ്യാപകരും ഇപ്പോഴും അടിയുടെയും വടിയുടെയും ആ പഴയ ട്രാക്കില്‍ തന്നെയാണ്.കടകളില്‍ കുട്ടികളെ തല്ലാനുള്ള ചൂരല്‍ പ്രദര്‍ശിപ്പിച്ചു വില്‍ക്കുന്നതും അവ ചൂടപ്പം പോലെ വിറ്റഴിയുന്നതും കേരളത്തില്‍ ഇപ്പോഴും സാധാരണ കാഴ്ചയാണ്.ഇത് ഒഴിവാക്കാന്‍ കഴിയുമോ എന്ന് ഞാന്‍ ഒരു ശ്രമം നടത്തി നോക്കി.സര്‍ക്കാരിലെക്കും ബാലവകാശ കമ്മീഷനിലേക്കും പരാതികള്‍ കൊടുത്തു.ഒരു കാര്യവും ഉണ്ടായില്ല.കടകളിലെ ചൂരലുകള്‍ കേരളത്തിലെ ബാലാവകാശ സംരക്ഷണ ഏജന്‍സികളെയും പ്രവര്‍ത്തകരെയും നോക്കി കൊഞ്ഞനം കുത്തുന്നു.