പത്തനംതിട്ട ജില്ലയിലെ മുട്ടത്തുകോണം എസ് എന്‍ ഡി പി എല്‍ പി സ്കൂളിലെ പ്രഥമാധ്യാപിക സലിജടീച്ചര്‍ എനിക്ക് ഒരു വീഡിയോ അയച്ചു തന്നു. പരിസ്ഥിതി പഠനത്തിലെ ഓണ്‍ലൈന്‍ ക്ലാസ് കണ്ട ദേവപ്രിയ മത്സ്യത്തിന്റെ ശരീര സവിശേഷതകള്‍ വിവരിക്കുന്ന വീഡിയോ ആണത്. ഈ പോസ്റ്റ് തയ്യാറാക്കുന്നതിന് പ്രേരകമായത് ആ കൊച്ചുമിടുക്കിയുടെ അവതരണമാണ്.
ദേവ പ്രിയയുടെ ആ വീഡിയോ മറ്റു പലരും എനിക്ക് അയച്ചു തന്നു.
വളരെ വേഗം അത് പങ്കിട്ട് പങ്കിട്ട് വ്യാപിച്ചു എന്നതിന്റെ തെളിവ്.
കുട്ടികള്‍ ഓണ്‍ലൈന്‍ പരിസ്ഥിതി ക്ലാസിനഎ എങ്ങനെ സ്വീകരിച്ചു എന്നതിന് ചെറിയ ഉദാഹരണമാണത്.
അതിനു ശേഷം അതേ സ്കൂളിലെ മറ്റൊരു വീഡിയോ സലിജടീച്ചര്‍ അയച്ചു തന്നു. വൈഗ രാജേഷിന്റേതാണത്.
അതാകട്ടെ താറാവിന്റെ അനുകൂലനത്തെക്കുറിച്ചുളള വിവരണമാണ്.
ഓണ്‍ലൈന്‍ ക്ലാസില്‍ പരമാര്‍ശിക്കാത്ത ജീവിയായ പൂച്ചയെക്കുറിച്ചുളള വിശകലനം നടത്തിയ വീഡിയോയും അധ്യാപകക്കൂട്ടായ്മയില്‍ നിന്നും കിട്ടി. മത്സ്യത്തിന്റെ ചിത്രം കാണിച്ച് ശരീരഭാഗങ്ങള്‍ പരിചയപ്പെടുത്തുന്ന രീതിയില്‍ നിന്നും വഴിമാറലായിരുന്നു യഥാര്‍ഥ മത്സ്യത്തെ ക്ലാസില്‍ കാണിച്ച് വിശകലനം ചെയ്യല്‍. ഓണ്‍ലൈന്‍ രീതിയുടെ സാധ്യതയുടെ അതിരു വരെ പോകാനായി. യഥാര്‍ഥത്തില്‍ കുട്ടികള്‍ തന്നെയാണ് മത്സ്യത്തെ നിരീക്ഷിക്കേണ്ടത്. ചെകിളയും മറ്റും പരിശോധിക്കേണ്ടത്. ഈ വീഡിയോകളിലേക്ക് കുട്ടികളെ നയിച്ചത് ആ ബോധമാണെന്നു പറയാം.
അധ്യാപകരുടെ അന്വേഷണം
ഓണ്‍ലൈന്‍ ക്ലാസില്‍ നീര്‍ക്കാക്കയും കാക്കയും തമ്മിലുളള സംഭാഷണമുണ്ടായിരുന്നു. അത് അടിസ്ഥാനമാക്കി അധ്യാപകരുടെ ഇടയില്‍ വലിയ ചര്‍ച്ചയാണ് നടന്നത്.
നീര്‍ക്കാക്കയെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടില്ലാത്തവരും അടുത്തു കണ്ടിട്ടില്ലാത്തവരുമുണ്ടായിരുന്നു. കുളക്കോഴി നീര്‍ക്കാക്കയുടെ വര്‍ഗത്തില്‍ പെടുമോ എന്നു ഒരു ടീച്ചര്‍ ചോദിച്ചു.
അപ്പോഴാണ്
ഗ്രൂപ്പുകളില്‍ ഒരു പക്ഷിനിരീക്ഷകനായ പ്രശാന്തിന്റെ വിശദീകരണം വന്നത്.
പറമ്പില്‍ സ്കൂളിലെ ബാബുമാഷ് എനിക്ക് അത് ഫോര്‍വേഡ് ചെയ്തു.ഇതായിരുന്നു പ്രശാന്ത് പറഞ്ഞത്.
"ക്ലാസെടുത്ത ടീച്ചര്‍ പറഞ്ഞതില്‍ പിശകുണ്ട്. നീര്‍ക്കാക്കയുടെ
തൂവലില്‍ എണ്ണമയമില്ല. മറ്റു പക്ഷികള്‍ക്കെല്ലാം ഉണ്ട്. അവ ജലം കുടഞ്ഞു
കളയും. നീര്‍ക്കാക്കയാകട്ടെ ചിറക് വിടര്‍ത്തി ഉണക്കുന്നു"
ഞാന്‍ സ്വന്തമായി അന്വേഷണം നടത്തി
ക്ലാസെടുത്ത സൈജടീച്ചര്‍ക്കും ആ വോയ്സ് ക്ലിപ്പ് അയച്ചുകൊടുത്തു
ഫേസ് ബുക്കിലിട്ടു. എങ്ങനെയാണ് പ്രതികരണമെന്നറിയണമല്ലോ.
അവിടെയും
രണ്ടു അഭിപ്രായങ്ങള്‍. ഇന്ദുചൂഢന്റെ പുസ്തകത്തില്‍ നിന്നും ഉദാഹരിച്ച്
ഹരീഷ് ദാമേദരന്‍ ജലപക്ഷികളില്‍ നീര്‍ക്കാക്കയ്ക് മാത്രമാണ്
എണ്ണഗ്രന്ഥിയില്ലാത്തത് അതിനാലത് നീന്തല്‍ കഴിഞ്ഞ് ചിറകു
വിടര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു. ജയകൃഷ്ണടീച്ചറാകട്ടെ നെറ്റില്‍
നിന്നും ഉദാഹരിച്ച് എണ്ണ ഗ്രന്ഥിയുണ്ടെന്നും വ്യക്തമാക്കി. ഗ്രൂപ്പുകളിലും
വ്യത്യസ്ത പ്രതികരണങ്ങള്‍ വന്നു. നേരില്‍ കണ്ടവരുടെ
സാക്ഷ്യങ്ങള്‍.
വിക്കിപീഡിയയിലിങ്ങനെ
After fishing, cormorants go ashore, and are frequently seen holding their wings out in the sun.
All cormorants have preen gland secretions that are used ostensibly
to keep the feathers waterproof.
to keep the feathers waterproof.
Some sources state that cormorants have waterproof feathers while others say that they have water-permeable feathers.
Still others suggest that the outer plumage absorbs water but does not
permit it to penetrate the layer of air next to the skin.
The wing drying action is seen even in the flightless cormorant but commonly in the Antarctic shags.
സൈജടീച്ചറുടെ പ്രതികരണം ചുവടെ.
All versions of the cormorant have glands that secretes an oil used for
keeping the feathers waterproof. However this gland is not efficient
enough so cormorants are quite often seen with their wings spread out in
or to dry them.(https://oceanwide-expeditions.com/to-do/wildlife/cormorant-1)
നീര്‍ക്കാക്ക ചിറകുവിരുത്തുന്നത് അതിന്റെ താപനില ക്രമീകരിക്കാനാണെന്ന് മറ്റൊരു വ്യാഖ്യാനം കിട്ടി. നീര്‍ക്കാക്കയുടെ ചുണ്ട് അറ്റം വളഞ്ഞതുകൂടിയാണെന്ന് പ്രശാന്ത്. അന്വേഷണങ്ങളില്‍ പല ഉത്തരങ്ങള്‍. എണ്ണഗ്രന്ഥിയെക്കുറിച്ചും മറ്റുമുളള വ്യാപനപഠനമായി അത് മാറി.ഈ പോസ്റ്റ് തയ്യാറാക്കുന്നതിലേക്ക് നയിച്ച രണ്ടാമത്തെ ഘടകമാണ് പ്രശാന്ത് ഉയര്‍ത്തിയ പ്രതികരണത്തിന്മേല്‍ നടന്ന അന്വേഷണം.
പാഠപുസ്തകത്തിനു പുറത്തേക്ക് തുറന്ന വാതില്‍
വെയില്‍ത്തുളളി അധ്യാപകക്കൂട്ടായ്മയിലെ സൈജടീച്ചറും ബീനടീച്ചര്‍, സുനിത ടീച്ചര്‍, വർഷടീച്ചര്‍ എന്നിവരുമാണ് നാലാം ക്ലാസ് പരിസ്ഥിതി പഠനത്തിലെ ആദ്യ യൂണിറ്റ് അവതരിപ്പിച്ചത്. പാഠപുസ്തകത്തിനു പുറത്തേക്ക് പോയി എന്നതാണ് ആ കൂട്ടവതരണങ്ങളിലെ ശ്രദ്ധേയമായ കാര്യം
"നിരവധി ചോദ്യം ഉയർത്തുന്ന ക്ലാസ് തന്നെയായിരുന്നു.."
"ഇവിടെ ഒരു കാര്യം കൂടി ഉണ്ടായിട്ടുണ്ട് നമ്മുടെ ഈ വിഎസ് ഗ്രൂപ്പിൻറെ പ്രൊജക്ടുമായി ബന്ധപ്പെട്ട് അവതരണത്തിൽ veerappu mr നിർദ്ദേശിച്ച പോലെ ടീച്ചർ കുറെ ശാസ്ത്രപുസ്തകങ്ങൾ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട് അതിലേക്ക് അന്വേഷണം നീളട്ടെ" (വഴി വിളക്ക് നാലാം ക്ലാസ് ഗ്രൂപ്പിലെ പ്രതികരണം)
ശാസ്ത്രം അന്വേഷണാത്മകചോദ്യങ്ങളില്‍ നിന്നുമുരുത്തിരിയുകയാണ്. ഓരോ ശാസ്ത്ര ക്ലാസും അതിനു വഴിയൊരുക്കണം.
- വാല്‍മാക്രിക്ക് വാലുണ്ട്. തവളയ്കില്ലാത്ത വാല് വാല്‍മാക്രിക്ക് എന്തിന്?
- എല്ലാ മീനുകളുടെയും കണ്ണുകള്‍ തലയുടെ വശങ്ങളിലാണ്. തിരണ്ടിയുടെ കണ്ണുകള്‍ എന്തേ തലയുടെ മുകളില്‍?
അന്വേഷണങ്ങള്‍ നല്ലതാണ്. അറിവിന്റെ ശക്തിപ്പെടുത്തല്‍ നടക്കും. ക്ലാസുകള്‍ വിശകലനാത്മക ചിന്തയെ ഉണര്‍ത്തണം.
ഇനി പാഠപുസ്തകം പരിശോധിച്ചിട്ട് വിശകലനം തുടരാം
ഒരു കഥയുടെ സ്വഭാവത്തിലാണ് ആരംഭം. . ചെറുസംഭാഷണം. രചയിതാവിന് അതിനപ്പുറം പോകാന്‍ പരിമിതിയുണ്ട്. ജിജ്ഞാസയില്ല.
ഇതിനെ മനേഹരമായ ഒരു കഥയാക്കിയാണ് ആ ഗ്രൂപ്പ് അവതരിപ്പിച്ചത്. സര്‍ഗാത്മകാവിഷ്കാരമാക്കി വികസിപ്പിച്ചു. അതു ഇങ്ങനെയായിരുന്നു
പാoപുസ്തകത്തിലെ അവതരണവും ഇതും ഒത്തു നോക്കിയാൽ മാത്രമേ പ്രവേശകത്തിൻ്റെ 916 അറിയാൻ കഴിയൂ
പുസ്തകത്തിലെ തുടർന്നുള്ള ഭാഗം വായിക്കൂ
മത്സ്യത്തെ നിരീക്ഷിക്കാന്‍ പറയുന്നുണ്ട്. പിന്നീടെല്ലാം ചോദ്യവും ഉത്തരവും എന്ന രീതിയിലാണ്.ചര്‍ച്ച ചെയ്തു പരിസരപുസ്തകത്തിലെഴുതാനും നിര്‍ദേശിക്കുന്നുണ്ട്. പകുതി ആശയങ്ങള്‍ നല്‍കിയതിനു ശേഷം ബാക്കി പൂരിപ്പിക്കാനുമുണ്ട്. ഒറിഗാമി മത്സ്യനിര്‍മാണമാണ് ഒരു പേജ് നിറയെ . പാഠപുസ്തകം വേണ്ട വിധത്തില്‍ പ്രക്രിയ പാലിക്കുന്നില്ല. കുട്ടി നിഗമനത്തിലെത്തിച്ചേരുന്നതിനു പകരം അറിവ് ദാനം ചെയ്യുകയാണ്. ഈ പരമിതി മറികടിക്കുക എന്നതാണ് വെല്ലുവിളി.
ഓണ്‍ലൈന്‍ ക്ലാസില്‍ നടന്നതെന്ത്?
ബിന ടീച്ചർ അവതരിപ്പിച്ച ഒന്നാം ഭാഗത്തിൽ എനിക്ക് പാവനാടകത്തേക്കാൾ ഇഷ്ടമായത് ആൽബനിർമാണമാണ്. പുതിയൊരു മാതൃക പരിചയപ്പെടുത്തി. സാധാരണ വർഗീകരണ പ്രവർത്തനങ്ങൾ പട്ടികയിൽ ഒതുങ്ങും. ഇതാകട്ടെ സർഗാത്മക സ്പർശമുള്ള പ്രവർത്തനമായി. ധാരാളം കൂട്ടുകാരുടെ ആൽബം എനിക്ക് കിട്ടി. വളരെ മനോഹരം. ആവാസസ്ഥല പശ്ചാത്തലത്തിൽ ചിത്രവന്യാസം. നാലു കുട്ടികളുടെ ഉൽപ്പന്നങ്ങൾ ചുവടെ
മത്സ്യത്തിന്റെ സഞ്ചാരസവിശേഷത മനസിലാക്കാന്‍ വീഡിയോ രണ്ടു തവണ കാണിച്ചു. ആദ്യത്തേത് കേവലക്കാഴ്ചയാണെങ്കില്‍ രണ്ടാമത്തേത് കൃത്യമായ അന്വേഷണചോദ്യങ്ങളുടെ അടിസ്ഥാനത്തിലുളള കേന്ദ്രീകൃതനരീക്ഷണണത്തിന് ലക്ഷ്യമിടുന്നത്. ( ഇതിന് ബോധനശാസ്ത്രപരമായ മൂല്യം ഏറെ)
നീര്‍ക്കാക്കയും
കാക്കയും , കരയാമയും കടലാമയും . ഇത്തരം താരതമ്യം പുസ്തകത്തിലില്ലാത്തതാണ്.
അനുകൂലനത്തെക്കുറിച്ച് ചിന്തിക്കാന്‍ ഏറെ സഹായകമായ ഇനങ്ങള്‍ തെരഞ്ഞെടുത്തു
എന്നതാണ് അഭിനന്ദനീയമായ കാര്യം.
തിരണ്ടിയും താരം
അധ്യാപകരുടെ ഇടയില്‍ നടന്ന അടുത്ത ചര്‍ച്ചാവിഷയം തിരണ്ടി മത്സ്യത്തിന്റെ കണ്ണായിരുന്നു.
തിരണ്ടി മത്സ്യത്തിന്റെ കണ്ണ് മുകളിലാണ്... ഇത് എങ്ങനെ ഈ മത്സ്യത്തിന് സഹായകമാവുന്നു?
മൂന്നു അധ്യാപകക്കൂട്ടായ്മകളിലെ ചര്‍ച്ചകളിലെ പ്രതികരണങ്ങളാണ് ചുവടെ
"A-പരന്ന ശരീരപ്രകൃതം, ഭൂമിയിൽ പറ്റിയാണ് കിടക്കുക അതിനാൽ കാഴ്ച മുകളിൽ ലഭിക്കും, ശരീരം തന്നെ ചലിപ്പിച്ചാണ് സഞ്ചരിക്കുന്നത് അതിനാൽ കാഴ്ച തടസ്സപ്പെടില്ല"
" തിരണ്ടി മത്സ്യം
1. ഭാരംകൂടുതൽ....
2. കൂടുതൽ സമയവും ജലത്തിനടിയിൽ.......
3. ജലത്തിനടിയിലെ ജീവികൾ, അഴുക്ക് എന്നിവ ഭക്ഷണം....
4. നീന്തുന്നത് വല്ലപ്പോഴും.....
5. നീന്താനായ് ശരീരത്തിന്റെ ഇരുവശങ്ങളും വളച്ചും നിവർത്തിയും......
6.മത്സ്യ വിഭാഗത്തിലെ primitive ആണ് തിരണ്ടി. വാലുപയോഗിച്ച് അടിച്ച് ഇരയെ പിടിക്കും..."
"തിരണ്ടിയുടെ കണ്ണുകൾ കൊണ്ട് ഇരകളെ കാണാൻ കഴിയില്ല.കണ്ണുകൾ മുകളിൽ ആയതു കൊണ്ട്.
ഇലക്ട്രോ സെൻസറുകൾ, അതു പോലെ മണം പിടിച്ചുമാണ് അവ ഇരകളെ പിടിക്കുന്നത്. ഇര പിടിച്ചു കഴിഞ്ഞാൽ അവ താഴേക്ക് പോകും."
" മുള്ളില്ലാത്ത ഒരു മത്സ്യമാണ് തിരണ്ടി... മുകളിലാണ് തിരണ്ടി മത്സ്യത്തിന്റെ കണ്ണ്.. *മണലിൽ ഒളിച്ചിരിക്കുമ്പോൾ അതിന് മുകളിലൂടെ പോകുന്ന ഇരയെകാണാൻ ഇത് സഹായിക്കുന്നു*.. നല്ല വെളിച്ചമില്ലാത്ത കാഴ്ചയായതിനാൽ സ്പര്ശനത്തിന്റെയും ഗന്ധത്തിന്റെയും സഹായത്തോടെയും തിരണ്ടി മത്സ്യം ഇരപിടിക്കുന്നു.."
" പരന്ന ശരീരപ്രകൃതം, ഭൂമിയിൽ പറ്റിയാണ് കിടക്കുക അതിനാൽ കാഴ്ച മുകളിൽ ലഭിക്കും, ശരീരം തന്നെ ചലിപ്പിച്ചാണ് സഞ്ചരിക്കുന്നത് അതിനാൽ കാഴ്ച തടസ്സപ്പെടില്ല.എനിക്ക് കിട്ടിയ ഒരുത്തരമാണിത് ....... ശരിയാണോ?"
" ഇരയെ പിടിക്കാൻ മണ്ണിൽ മൂടി കിടക്കും കണ്ണ് മാത്രം കാണാൻ പറ്റും. ഇരയെ പിടിച്ചുകഴിഞ്ഞാൽ അവയ്ക്കു ഇരയെ കാണാൻ പറ്റില്ല കാരണം വാ അടിഭാഗത്താണല്ലോ. കണ്ണ് മുകളിലും"
" ഇര പിടിക്കുവാൻ കണ്ണുകൾ തിരണ്ടിയെ സഹായിക്കുന്നില്ല. Electro sensors ഉപയോഗിച്ചാണ് അടുത്ത ഇരയെ മനസ്സിലാക്കുന്നതു. പരന്ന ശരീരമായതിനാൽ മണ്ണിൽ പൂണ്ടു കിടക്കുമ്പോഴും മുകളിലെ കാഴ്ചകൾ കാണാൻ അവയുടെ കണ്ണുകൾ സഹായിക്കുന്നു"
ഉത്തരം കുട്ടികള്‍ തിരണ്ടിയുടെ ശരീരവും സഞ്ചാരവും നിരീക്ഷിച്ച് കണ്ടെത്തട്ടെ എന്ന നിലപാടാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മിക്ക അധ്യാപകരും സ്വീകരിച്ചത് എന്നത് ആശ്വാസകരമായി .
അധ്യാപകരെ അന്വേഷകരാക്കാന്‍ സഹായകമായ ചോദ്യമാണ് ഉന്നയിച്ചത്. വീഡിയോകളും അധ്യാപകര്‍ തയ്യാറാക്കി. ചിലത് നോക്കാം.
പോക്രോം പോക്രോം
അടുത്ത ചോദ്യം വാല്‍മാക്രിയും തവളയും സംബന്ധിച്ചായിരുന്നു. തവളയുടെ ആത്മകഥയാണ് ഓണ്‍ലൈന്‍ ക്ലാസില്‍ അവതരിപ്പിച്ചത്. എല്ലാ കുട്ടികള്‍ക്കും വാല്‍മാക്രിയുടെ സഞ്ചാരം പരിചിതമാകണമെന്നില്ല. വണ്ടിയില്‍ കയറി സ്കൂളില്‍ പോക്ക് തുടങ്ങിയതിനു ശേഷം നാട്ടിലെ പുഴകളും തോടും മറ്റു ജലാശയങ്ങളും ദൂരക്കാഴ്ചയായി മാറിയില്ലേ? ആ പരിമിതി മറികടക്കണമായിരുന്നു. എങ്കിലും കുട്ടികളുടെ പ്രതികരണങ്ങള്‍ കിട്ടിയത് അവരുടെ ശാസ്ത്രീയയുക്തി ചിന്തയെ പ്രതിഫലിപ്പിക്കുന്നുണ്ട്.
"വെളളത്തില്‍ സഞ്ചരിക്കാന്‍ തുഴയണം. അതിന് വാലു വേണം. കരയില്‍ സഞ്ചരിക്കാന്‍ കാലു വേണം"
"തവളമുട്ട വിരിയുന്നത് വെള്ളത്തിലായതിനാൽ തവളക്കുഞ്ഞിന് ജലത്തിൽ സഞ്ചരിക്കുന്നതിനായാണ് വാലുപയോഗപ്പെടുന്നത്. കൈകാലുകൾ വന്ന് കരയിൽ ജീവിക്കാനാകുന്ന മുറയ്ക്ക് വാലുകൾ ഇല്ലാതാകുകയും ചെയ്യും. അല്ലെ?"
എന്ന നിരീക്ഷണം അവര്‍ നടത്തി. അധ്യാപകക്കൂട്ടായ്മകള്‍ വിഭവങ്ങള്‍ ശേഖരിച്ചു. അതില്‍ ചിലത് ചുവടെ നല്‍കുന്നു. ( വഴിവിളക്കിനോട് കടപ്പാട്ഃ)കൂടുതല്‍ ജീവികളെക്കുറിച്ചുളള അന്വേഷണങ്ങളും അധ്യാപകര്‍ നടത്തി.
നീര്‍ക്കാക്കയുടെയും കൊക്കിന്റെേയും കഴുത്തുനീളം കണ്ട കുട്ടി ചോദ്യം ഉന്നയിച്ചു. എന്തിനാണ് ജലത്തില്‍ ഇരതേടുന്ന പക്ഷികള്‍ക്ക് നീണ്ട കഴുത്ത്? തീര്‍ച്ചയായും ഓണ്‍ലൈന്‍പാഠത്തിലൂടെ വിനമയം ചെയ്ത ചോദ്യങ്ങളുന്നയിക്കല്‍ സംസ്കാരം പ്രവര്‍ത്തിച്ചുതുടങ്ങി എന്നതിനുളള തെളിവായി ഞാനതിനെ കാണുന്നു.
ശാസ്ത്രപഠനത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ സാധ്യതകളും പരിമിതികളും
ഏകപക്ഷീയമായ അവതരണമാണ് നടക്കുക. ഇരുപത് മിനിറ്റിനുളളില്‍ കാര്യങ്ങളെല്ലാം പങ്കിടണം. സാധാരണ ക്ലാസിനു കിട്ടുന്ന സമയം പോലുമില്ല. പ്രക്രിയാധിഷ്ഠിത പഠനത്തിന് തീരെ വഴങ്ങുന്നതല്ല. കുട്ടികളുടെ സജീവപങ്കാളിത്തം സങ്കല്പത്തിലണ്.പഠനവിഭവങ്ങള്‍ പങ്കിടുമ്പോള്‍ അതിനോടുളള പ്രതികരണവും വിശകലനവും പ്രധാനമാണ്. അതിന്റെ സാധ്യത അടയുന്നു. ഈ പരിമിതികള്‍ തിരിച്ചറിയുന്ന അവതാരകര്‍ക്ക് മുമ്പില്‍ രണ്ടു വഴികളാണുളളത്. ഒന്ന് പരമ്പരാഗത പ്രഭാഷണാധിഷ്ഠിത രീതി സമര്‍ഥമായി പിന്‍ പറ്റുക. പാഠപുസ്തകത്തിന്റെയും അധ്യാപകസഹായിയുടെയും അതിര്‍വരമ്പ് ഭേദിക്കാതിരിക്കുക. മറ്റൊന്ന് സംവാദാത്മകവും അന്വേഷണാത്മകവുമായ വാതിലുകള്‍ തുറന്നിടുക. പുതിയ സാധ്യതകള്‍ അന്വേഷിക്കുക. കുട്ടികളുടെ ജിജ്ഞാസയെ ഉണര്‍ത്തി നിറുത്തുക.
പരിസ്ഥിതി പഠനത്തിന്റെ ക്ലാസ് നയിച്ച അധ്യാപകര്‍ രണ്ടാം വിഭാഗത്തില്‍ പെടും എന്ന് നിസംശയം പറയാം.
- വ്യത്യസ്ത പഠനശൈലിക്കാരെ പരിഗണിച്ചാണ് പഠനതന്ത്രങ്ങള്‍
- വൈവിധ്യം ഉടനീളം പുലര്‍ത്താന്‍ ശ്രദ്ധിച്ചു
- പാവനാടകം, ആനിമേഷന്‍, വീഡിയോകള്‍, ചിത്രകഥകള്‍, ചിത്രങ്ങള്‍, യഥാര്‍ഥ വസ്തുക്കള്‍ എന്നിവ പ്രയോജനപ്പെടുത്തി
- വര്‍ഗീകരണം ( ആല്‍ബ നിര്‍മാണം), താരതമ്യം ( വാല്‍മാക്രി- തവള, നീര്‍ക്കാക്ക -കാക്ക, കരയാനമ, കടലാമ ) നിരീക്ഷണം( മത്സ്യ സഞ്ചാരം, മത്സ്യത്തിന്റെ ശരീര പ്രത്യേകതകള്‍), വിശകലനാത്മക ചിന്ത ( തിരണ്ടിയുടെ കണ്ണ്, മറ്റു മത്സ്യങ്ങളുടെ കണ്ണ് -സ്ഥാനം) പട്ടികപ്പെടുത്തല്‍ ( അനുകൂലനം. ഇവിടെ ഒരു കോളം ശീര്‍ഷമില്ലാതെ നല്‍കിയത് നന്നായി. ശത്രുക്കളില്‍ നിന്നും രക്ഷനേടുന്നതിനുളള ശാരീരിക അനുകൂലനമമാണ് അവിടെ കുട്ടികള്‍ കൂട്ടിച്ചേര്‍ത്തിരിക്കുക)
ഇതൊക്കെ മേന്മകളാണ്
ഇതിലും മികവിലേക്ക് എത്താമായിരുന്നു.
- വീഡിയോകള്‍ ഒന്നാം ദിവസം കാണിച്ചതിലെ ജീവി വിന്യാസം ക്രമപ്പെടുത്തിയിരുന്നെങ്കില്‍. അത് വിശകലനം ചെയ്യാന്‍ അനുവദിച്ചിരുന്നെങ്കില്‍ (കുറേ പേരറിയാത്ത ജീവികളെ കാണിച്ചു. പാമ്പിനെയും മറ്റും കാണിക്കുമ്പോള്‍ കണ്ടവയുടെ ശരീര പ്രത്യേകതകള്‍ നിരീക്ഷിക്കാനാവശ്യപ്പെട്ട് വീണ്ടും കാണിച്ചിരുന്നെങ്കിലോ?
- വീഡിയോ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നതു സംബന്ധിച്ച അവ്യക്തതയുണ്ട്. നമ്മുടെ ശാസ്ത്രക്ലാസുകളില്‍ വീഡിയോ പ്രോസസ് ചെയ്യുന്ന രീതിക്ക് മാതൃകയാക്കി മാറ്റാനുളള അവസരം വേണ്ടത്ര ഈ ഗ്രൂപ്പ് പ്രയോജനപ്പെടുത്തിയില്ല.
- അതേ പോലെ അപഗ്രഥനാത്മക ചിന്തയും ഇനിയും സാധ്യതകളുണ്ടായിരുന്നു. ചാളയുടെ ചെതുമ്പലിളക്കിയ ടീച്ചര്‍ എന്തേ അയിലയുടെ കാര്യത്തില്‍ ചെതുമ്പലില്ല എന്ന് ചോദിച്ചില്ല. എന്തിനാണ് ചെതുമ്പല്‍? ആ ധര്‍മം അയിലയ്ക് എങ്ങനെ? അതുപോല ചോദ്യങ്ങളാകാമായിരുന്നു.
- ഒന്നിലധികം ഉത്തരസാധ്യതകള്‍ അവതരിപ്പിക്കുകയും അതില്‍ ശരിയായ നിഗമനമേതായിരിക്കുമെന്നു ചോദിക്കുകയുമാകാമായിരുന്നു. അധ്യാപകരുമായി നിങ്ങളുടെ നിഗമനം പങ്കിട്ട്ചര്‍ച്ച ചെയ്യൂ എന്നും ആവശ്യപ്പെടാം.
- എല്ലാ പ്രക്രിയാശേഷികള്‍ക്കും വഴങ്ങുന്ന ചില സന്ദര്‍ഭങ്ങളുണ്ട് എന്നതു ശരിതന്നെ. അതിന്റെ അളവ് കൂട്ടാമായിരുന്നു.
- സമയ വിന്യാസത്തിലെ ബോധപൂര്‍വമായ ആസൂത്രണം പ്രധാനമാണ്. പ്രക്രിയാശേഷികളുടെ ആപേക്ഷിക പ്രാധാന്യം, അധിക വിവരങ്ങളുടെ ആപേക്ഷിക പ്രാധാന്യം , പാഠപുസ്തക ഉളളടക്കത്തിന്റെ ആപേക്ഷിക പ്രധാന്യം, തുടര്‍ പ്രവര്‍ത്തനത്തിന്റെ ആപേക്ഷിക പ്രാധാന്യം എന്നിവ സമയാസൂത്രണത്തിലെ ഘടകങ്ങളാകണം. അങ്ങനെ ചിന്തിക്കണമെങ്കില്‍ ഒരു ചെക്ക് ലിസ്ററ് വെച്ച് വിലയിരുത്താന്‍ ഒരു വിദഗ്ധ സമിതി പ്രവര്‍ത്തിക്കണം. ചില പരമാര്‍ശങ്ങള്‍ തെറ്റിപ്പോയിട്ടുണ്ട്. ബോധപൂര്‍വമ്ലല്ലെങ്കിലും സംഭവിച്ചുകൂടായിരുന്നു.
താഴെക്കുൊടുത്തിരിക്കുന്നവയാണ് പഠനനേട്ടങ്ങള്‍
പ്രക്രിയാശേഷികളെ പ്രതിഫലിപ്പിക്കാത്തവയാണവ. കണ്ടെത്തുക എന്ന ഒറ്റവാക്കില്‍ എല്ലാം ഉണ്ട് എന്ന് അനുമാനിക്കാം. വിവരം ശേഖരിച്ച് താരതമ്യം ചെയ്യുന്നു എന്ന് എഴുതാനാകുന്നില്ല. കാരണം പഠനനേട്ടത്തെ സംബൻ്ധിച്ച ഇടുങ്ങിയ നിര്‍വചനമാണ് പിന്തുടരുന്നത്. മാനസീക പ്രക്രിയകളേക്കാല്‍ ദൃശ്യമാകുന്നതിനെ മാത്രമേ പഠനനേട്ടപ്രസ്താവനകളിലെ പദാവലികളാക്കൂ എന്ന വാശി കാരണം നഷ്ടമാകുന്ന പ്രക്രിയ കാണാതെ പോകരുത്. പഠനനേട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ് അതിനപ്പുറത്തേക്ക് ചിറകുവരികക്കുന്നുണ്ട് എന്നു കാണാനാകും.
https://m.youtube.com/watch?v=qXKVvfr-6Wg&feature=youtu.be
https://m.youtube.com/watch?v=dXgR93aAdTU&feature=youtu.be
https://m.youtube.com/watch?v=dXgR93aAdTU&feature=youtu.be
3 comments:
ശ്രദ്ധേയമായ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും.ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് ഇത്തരം വിശകലനങ്ങൾ നടക്കുകയും പങ്കിടുകയും ചെയ്യുന്നത് ഓൺലൈൻ ക്ലാസുകൾ മെച്ചപ്പെടുത്താൻ സഹായിക്കും. ചൂണ്ടുവിരൽ എന്നും മുന്നേ പറക്കുന്നു.ആശംസകൾ!
ഇത്തരം ആഴത്തിലുള്ള ചിന്ത അധ്യാപകരിൽ ആവേശം പകരും Thanks sir
നീർക്കാക്കക്ക് 2 ലെയർ തൂവലുകൾ ഉണ്ടെന്നാണ് എവിടെയോ വായിച്ചത്. അകത്തെ ലെയർ തൂവലുകൾ മറ്റു ജല പക്ഷികളുടേതു പോലെ എണ്ണമയമുള്ളവയാകുമ്പോൾ പുറത്തെ ലെയർ തൂവലുകൾക്ക് ആ സവിശേഷതയില്ല. അതു കൊണ്ടാണ് അവ ചിറകുകൾ വിടർത്തി ഉണക്കുന്നത്.
Post a Comment