ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label പച്ചക്കറിത്തോണി. Show all posts
Showing posts with label പച്ചക്കറിത്തോണി. Show all posts

Tuesday, January 20, 2026

307 പച്ചക്കറിത്തോണി ആറാം ദിവസം

   പ്രവര്‍ത്തനം - സ്വതന്ത്രവായനാമത്സരം

പഠനലക്ഷ്യങ്ങള്‍

  • കഥ വായിച്ച് ആശയം ഗ്രഹിച്ച് ചോദ്യങ്ങളോട് പ്രതികരിക്കുന്നു.

  • തന്നിരിക്കുന്ന വായനസമാഗ്രി സ്വന്തമായി വായിച്ച് ആശയം ഉള്‍ക്കൊണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിപ്പറയുന്നു

പ്രതീക്ഷിത സമയം - 35മിനിറ്റ്

കരുതേണ്ട സമാഗ്രികള്‍- പാഠപുസ്തകം പേജ് 120

പ്രവര്‍ത്തനവിശദാംശങ്ങള്‍

‌നിര്‍ദേശങ്ങള്‍

  1. സ്വതന്ത്രവായനമത്സരമാണ്

  2. ഓരോ പഠനക്കൂട്ടത്തിനും ലഭിക്കുന്ന ഭാഗം ആ പഠനക്കൂട്ടത്തിലെ ഒരാള്‍ ഉച്ചത്തില്‍ വായിക്കണം.

  3. ഓരോ പഠനക്കൂട്ടത്തിനും മൂന്ന് അവസരമാണ് ലഭിക്കുക. ഒരിക്കല്‍ വായിച്ചവരല്ല പുതിയവരാണ് അടുത്ത അവസരത്തില്‍ വായിക്കേണ്ടത്.


  4. ഒന്ന്
    , രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ പഠനക്കൂട്ടത്തിന്റെ ക്രമത്തില്‍ ആയിരിക്കും ഊഴം

  5. വേഗത കുറഞ്ഞാലും തെറ്റില്ലാതെ വായിച്ചാല്‍ മൂന്ന് പോയന്റ് കിട്ടും

  6. ഏതെങ്കിലും വാക്കിന് പഠനക്കൂട്ടത്തിനുള്ളിലുള്ളവരുടെ സഹായം വേണ്ടി വന്നാല്‍ ഒരു പോയന്റ് മാത്രമേ ലഭിക്കൂ.

  7. സംഭാഷണമാണ് വായിക്കേണ്ടത്. സംഭാഷണം തുടങ്ങുന്നത് വരെയുള്ള ഭാഗം ടീച്ചര്‍ വായിക്കും

  8. വായനമത്സരം കഴിഞ്ഞ് ചോദ്യങ്ങള്‍ ചോദിക്കും. ശരിയായ ഉത്തരം കണ്ടെത്തുന്നവര്‍ക്ക് മൂന്ന് പോയന്റ്

വായനമത്സരം നടത്തുന്നു.

പോയന്റ് ബോര്‍ഡില്‍ രേഖപ്പെടുത്തുന്നു

ചോദ്യങ്ങള്‍ ചോദിക്കുന്നു- ഓരോ പഠനക്കൂട്ടത്തോടും ഓരോന്ന്.

  1. കുറോ കൃഷി ചെയ്തത് ആര്‍ക്കുവേണ്ടിയാണ്?

  2. കുട്ടികള്‍ സമ്മതം എന്ന് പറഞ്ഞു. എന്താണ് അവര്‍ സമ്മതിച്ചത്?‌

  3. ചിത്രത്തില്‍ ഒരാളെ മാത്രമേ കാണുന്നുള്ളൂ. വിവരണത്തില്‍ കൂടുതല്‍ പേരുണ്ട്. ആരൊക്കെയാണ്?

  4. നായകള്‍ ഒരു ദിവസം പോലും പട്ടിണി കിടക്കരുത് എന്ന ആശയമുള്ള വാക്യം ഏതാണ്?

മത്സരം കഴിഞ്ഞാല്‍ ജേതാക്കളായ പഠനക്കൂട്ടത്തെ അഭിനന്ദിക്കുന്നു

  1. ടീച്ചര്‍ ഭാവാത്മകമായി വായന നടത്തുന്നു.

  2. ഓരോ പഠനക്കൂട്ടവും ഭാവാത്മകമായി ചങ്ങല വായന നടത്തുന്നു.

  3. വായനയില്‍ സഹായം വേണ്ടവര്‍ പഠനക്കൂട്ടങ്ങളില്‍ പിന്തുണ വായന നടത്തുന്നു

വിലയിരുത്തല്‍

  1. ഒഴുക്കോടെയും തെറ്റില്ലാതെയും ആശയം ഉള്‍ക്കൊണ്ട് ഭാവാത്മകമായും വായിക്കാന്‍ കഴിഞ്ഞവര്‍

  2. ഒഴുക്കോടെയും തെറ്റില്ലാതെയും വായിക്കാന്‍ കഴിഞ്ഞവര്‍

  3. തെറ്റില്ലാതെ സാവധാനം വായിക്കാന്‍ കഴിഞ്ഞവര്‍

  4. സഹായത്തോടെ വായിക്കാന്‍ കഴിഞ്ഞവര്‍


പ്രവർത്തനം : അഭിനയിക്കാം

പഠനലക്ഷ്യങ്ങൾ:

  • കഥയിലെ പ്രധാന സംഭവങ്ങൾ മൈം ചെയ്യുന്നതിനും നാടകീകരിച്ച് അവതരിപ്പിക്കുന്നതിനും

പ്രതീക്ഷിത സമയം : 45 മിനുട്ട്

കരുതേണ്ട സാമഗ്രികൾ : പാഠപുസ്തകം

പ്രക്രിയാവിശദാംശങ്ങൾ:

ഘട്ടം ഒന്ന്- മൈമിംഗ് (സംഭാഷണം വേണ്ട)

  • കുട്ടികളെ 4 ഗ്രൂപ്പു കളാക്കുന്നു.

  • ഓരോ ഗ്രൂപ്പിനും ബൈ ബൈ കുറോ എന്ന കഥയിലെ ഓരോ സംഭവം നൽകുന്നു.

    • കുറോയും കുട്ടികളും കണ്ടുമുട്ടുന്നു

    • കുറോയും നായകളും

    • ഡ്രോണ്‍ നായകള്‍ക്ക് ഭക്ഷണം കൊണ്ടുവരുന്നു

    • കുറോ കൃഷിചെയ്ത് വിളവ് നല്‍കുന്നത്യ

  • ഗ്രൂപ്പുകൾ അത് മൈം ചെയ്യുന്നു.

  • ആലോചിക്കാൻ 5 മിനുട്ട് സമയം നൽകണം.

  • ഓരോ ഗ്രൂപ്പും അവതരിപ്പിക്കുന്നു.

  • ഗ്രൂപ്പിന്റെ അവതരണത്തിന് മറ്റു ഗ്രൂപ്പുകൾ ഫീഡ് ബാക്ക് നൽകുന്നു.

ഘട്ടം രണ്ട്- നാടകീകരണം

  • മൈം ചെയ്ത സംഭവം ഓരോ ഗ്രൂപ്പും സംഭാഷണത്തോടെ അവതരിപ്പിക്കുകയാണ് വേണ്ടത്. സംഭാഷണം പാഠപുസ്തകത്തിലെ ആകണമെന്നില്ല. ആശയം വന്നാല്‍ മതി. സംഭാഷണം പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. സന്ദർഭത്തിന് യോജിച്ച സംഭാഷണങ്ങൾ കുട്ടികളിൽ നിന്നും തത്സമയം രൂപപ്പെടണം.

  • റിഹേഴ്സലിന് 10 മിനുട്ട് സമയം നൽകണം.

  • ആവശ്യമായ പ്രോപ്പർട്ടികൾ, വേഷവിധാനങ്ങൾ എന്നിവ ഉപയോഗിക്കാനുള്ള സൗകര്യം ചെയ്യണം.

  • ഓരോ ഗ്രൂപ്പിന്റേയും അവതരണത്തെ വിലയിരുത്തി മറ്റു ഗ്രൂപ്പുകൾ ഫീഡ് ബാക്ക് നൽകുന്നു.

വിലയിരുത്തൽ :

ഗ്രൂപ്പുകളുടെ പരസ്പര വിലയിരുത്തൽ

  • അഭിനയമികവ്

  • സംഭാഷണങ്ങളുടെ അവതരണം

പ്രതീക്ഷിത ഉൽപ്പന്നം

നാടകീകരണത്തിന്റെ വീഡിയോ


പ്രവര്‍ത്തനം - ഡ്രോണിനൊരു കത്ത്

പഠനലക്ഷ്യങ്ങൾ:

  • കത്ത് എന്ന വ്യവഹാര രൂപത്തിലൂടെ ആശയവിനിമയം നടത്തുന്നതിന്

പ്രതീക്ഷിത സമയം :45 മിനുട്ട്

കരുതേണ്ട സാമഗ്രികൾ : പാഠപുസ്തകം

പ്രക്രിയാവിശദാംശങ്ങൾ:

പേജ് നമ്പര്‍ 121 നോക്കൂ. ആരോ ഡ്രോണിന് ഒരു കത്തെഴുതി. ആരായിരിക്കും കത്ത് എഴുതിയത്?

കുട്ടികളുടെ പ്രതികരണങ്ങള്‍

  • നായകള്‍

  • കുട്ടികള്‍

നായകളാണ് എഴുതിയതെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ അതില്‍ വരും?

പൊതു ചര്‍ച്ച.

കുട്ടികളാണ് എഴുതിയതെങ്കിലോ?

പ്രതികരണങ്ങള്‍

എങ്കില്‍ കത്തെഴുതാം.

നായകളെഴുതിയ കത്ത് തയ്യാറാക്കാം . കുട്ടികളെഴുതിയതും തയ്യാറാക്കാം. ഇഷ്ടമുള്ള ഒരു കത്ത്. അതല്ല കുറോ ഡ്രോണിന് കത്തെഴുതുന്ന രീതിയും ആകാം.

  • വ്യക്തിഗത രചന

  • ടീച്ചറുടെ പിന്തുണ നടത്തം

  • തുടര്‍ന്ന് നായ കത്തെഴുതുന്ന രീതിയില്‍ കത്തെഴുതിയവരുടെ അവതരണം

  • അതിനോടുള്ള മറ്റുള്ളവരുടെ പ്രതികരണം

  • മികച്ച ആശയങ്ങളെ അംഗീകരിക്കല്‍

  • തുടര്‍ന്ന് കുട്ടികള്‍ കത്തെഴുതുന്ന രീതിയില്‍ എഴുതിയവരുടെ അവതരണം

  • അതിനോടുള്ള പ്രതികരണം

  • അതിന് ശേഷം കുറോ കത്തെഴുതുന്ന രീതിയില്‍ എഴുതിയവരുടെ അവതരണം

  • അതിനോടുള്ള പ്രതികരണം,

  • ടീച്ചര്‍ വേര്‍ഷന്‍ വായിച്ച് അവതരിപ്പിക്കല്‍

  • രണ്ടു പേരുടെ ഗ്രൂപ്പിൽ തെറ്റുതിരുത്തി മെച്ചപ്പെടുത്തുന്നു. കുട്ടിട്ടീച്ചര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണം.

  • ഓരോരുത്തരും സ്വന്തം രചന മെച്ചപ്പെടുത്തി നോട്ടുപുസ്തകത്തിൽ എഴുതുന്നു.

ടീച്ചർ വേർഷൻ

പ്രിയപ്പെട്ട ഡ്രോൺ,

സുഖമല്ലേ?

നമ്മള്‍ അന്ന് കൃഷി ചെയ്തത് നീ ഓര്‍ക്കുന്നുണ്ടോ?

നീ എന്നെ സഹായിക്കാന്‍ പറന്നു വന്നു.

കൃഷി ചെയ്യാനുള്ള വിത്ത് കൊണ്ടുത്തന്നു.

ആവശ്യമായ യന്ത്രങ്ങളും കൊണ്ടുവന്നു.

നമ്മള്‍ കൃഷി ചെയ്തു.

നായക്കുട്ടികളുടെ വിശപ്പ് മാറി.


ഡ്രോണ്‍, നീ പിന്നെ ആകാശത്തുകൂടി അതുവഴി എങ്ങാനും പോയോ?

അവരെയെങ്ങാനും കണ്ടോ?

ആ കുട്ടികള്‍ നമ്മള്‍ പറഞ്ഞപോലെ ചെയ്യുന്നുണ്ടോ?

വിശേഷങ്ങള്‍ അറിയിക്കണേ.

നിനക്ക് സ്നേഹമുള്ള നൂറ് ഉമ്മകൾ.

എന്ന്

സ്വന്തം

കുറോ


സ്ഥലം

തീയതി.

വിലയിരുത്തല്‍

  • കത്തില്‍ പ്രസക്തമായ ആശയം വന്നിട്ടുണ്ട്

  • വാക്യങ്ങള്‍ക്ക് വ്യക്തതയുണ്ട്

  • വാക്കകലം പാലിച്ചിട്ടുണ്ട്

  • തെറ്റില്ലാത്ത ഭാഷയില്‍ എഴുതിയിട്ടുണ്ട്

  • കത്തിന്റെ തുടക്കം, ഒടുക്കം എന്നിവ പരിഗണിച്ചിട്ടുണ്ട്.



പ്രവർത്തനം: പച്ചക്കറികൾ കൊണ്ടൊരു ചിത്രം

പഠനലക്ഷ്യങ്ങൾ:

  • പച്ചക്കറികൾ ഉപയോഗിച്ച് വെജിറ്റബിൾ പ്രിൻ്റിങ്ങ് എന്ന സങ്കേതത്തിലൂടെ ചിത്രങ്ങൾ നിർമ്മിക്കുന്നതിന്

പ്രതീക്ഷിത സമയം : 35 മിനുട്ട്

കരുതേണ്ട സാമഗ്രികൾ : വിവിധ തരം പച്ചക്കറികൾ, പേപ്പർ കട്ടർ, ഫാബ്രിക്ക് പെയിൻ്റ്, സ്പോഞ്ച് തുടങ്ങിയവ

പ്രക്രിയാവിശദാംശങ്ങൾ:

  • വെജിറ്റബിൾ പ്രിന്റ്റിങ്ങ് എന്ന സങ്കേതം കുട്ടികളെ പരിചയപ്പെടുത്തുന്നു.

  • കുട്ടികളെ രണ്ടോ മൂന്നോ പേരുടെ ഗ്രൂപ്പുകളാക്കുന്നു.

  • ഓരോ ഗ്രൂപ്പിനും മുറിച്ചെടുത്ത പച്ചക്കറികൾ, വിവിധ നിറങ്ങൾ ഒഴിച്ച സ്പോഞ്ച്, എന്നിവ നൽകുന്നു.

  • കുട്ടികൾ മുറിച്ചെടുത്ത പച്ചക്കറികൾ പെയിൻ്റ് സ്പോഞ്ചിൽ അമർത്തി കുഞ്ഞെഴുത്ത് പേജ് 112 ൽ പ്രിന്റ് ചെയ്ത് (കൂടുതൽ ചെയ്യണമെങ്കിൽ A4 ഷീറ്റോ തുണിയോ ഉപയോഗിക്കാം ) വിവിധ ഡിസൈനുകൾ ഉണ്ടാക്കുന്നു.

  • ഓരോ ഗ്രൂപ്പും തങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു.

  • ഗ്രൂപ്പുകൾ പരസ്പരം വിലയിരുത്തി ഫീഡ്ബാക്ക് നൽകുന്നു.

വിലയിരുത്തൽ :

ഗ്രൂപ്പുകളുടെ പരസ്പര വിലയിരുത്തൽ:

  • ഡിസൈനുകളുടെ ഭംഗി

  • ചെയ്തതിലെ സൂക്ഷ്മ‌ത

  • നിറങ്ങളുടെ തിരഞ്ഞെടുപ്പ്

കൂട്ടിയുടെ സ്വയം വിലയിരുത്തൽ

  • ഈ യൂണിറ്റിലെ പ്രവർത്തനങ്ങൾ തനിക്ക് എത്രത്തോളം ചെയ്യാൻ കഴിഞ്ഞു എന്ന് മുഖഭാവം വരച്ചു ചേർത്തു കൊണ്ട് കുട്ടികൾ സ്വയം വിലയിരുത്തുന്നു.

പ്രതീക്ഷിത ഉൽപ്പന്നം:

  • കുട്ടികൾ നിർമ്മിച്ച ചിത്രങ്ങൾ

  • കുഞ്ഞെഴുത്ത് പേജ് 17 സ്വയം വിലയിരുത്തിയത്

വായനപാഠം

 

യൂണിറ്റ് വിലയിരുത്തല്‍

ആകെ കുട്ടികള്‍ 

  1.  സ്വതന്ത്രവായനാശേഷി നേടിയവര്‍
  2. സ്വതന്ത്രരചന നടത്തുന്നവര്‍
  3. കുട്ടിപ്പാട്ട് പുസ്തകം തയ്യാറാക്കാനാരംഭിച്ചവര്‍
  4. കാര്‍ട്ടൂണ്‍ ഡയറി എഴുതുന്നവര്‍
  5. കുഞ്ഞുവര്‍ത്തമാനം എഴുതുന്നവര്‍
  6. ലഘുബാലസാഹിത്യകൃതികള്‍ വായിക്കുന്നവര്‍
  7. കൂടുതല്‍ പിന്തുണ വേണ്ടവര്‍ 

Friday, January 16, 2026

306 പച്ചക്കറിത്തോണി അഞ്ചാം ദിവസം

പ്രവർത്തനം : വിരിപ്പുകൃഷി (പാട്ടരങ്ങ്)

പഠനലക്ഷ്യങ്ങൾ:

  • സംഘമായി താളത്തിൽ ചുവടുവെച്ചും താളമിട്ടും പാട്ടുകൾ അവതരിപ്പിക്കുന്നു

പ്രതീക്ഷിത സമയം : 30 മിനുട്ട്

കരുതേണ്ട സാമഗ്രികൾ : പാഠപുസ്തകം

പ്രക്രിയാവിശദാംശങ്ങൾ:

  • ടീച്ചറും കുട്ടികളും ഒത്ത് ചൊല്ലുന്നു


ചങ്ങലപ്പാട്ട്

  • എല്ലാ പഠനക്കൂട്ടത്തിലും റിഹേഴ്സല്‍ നടത്തുന്നു. എല്ലാവരും വാക്കുകളും വരികളും വായിക്കാന്‍ പരിശീലിക്കണം

  • തുടര്‍ന്ന് ഒരു പഠനക്കൂട്ടത്തിലെ ഒരാൾ ആദ്യത്തെ മൂന്ന് വരി പാടുന്നു. എല്ലാവരും ഏറ്റ് പാടുന്നു. അടുത്ത പഠനക്കൂട്ടത്തിലെ ഒരാൾ ഒത്തുവിളിച്ചു എന്നത് വരെ പാടുന്നു. മറ്റുള്ളവർ ഏറ്റ് പാടുന്നു.

  • തുടർന്ന് ഓരോ വരി വീതം ഓരോ പഠനക്കൂട്ടവും.

  • കൂടുതൽ പേർക്ക് പങ്കാളിത്തം കിട്ടണം

  • പിന്നീട് പാഠപുസ്തകത്തിലെ ചോദ്യം ഉന്നയിക്കാം.

കണ്ടെത്തൽ വായന

ആശയതലം

  • നിങ്ങൾ കണ്ടിട്ടുള്ള വിത്തുകൾ പാട്ടിലുണ്ടെങ്കിൽ അടി വരയിടുക ( വ്യക്തിഗതം )

  • വിത്തുകളോട് എന്താണ് പറഞ്ഞത്?

  • എന്നുമെന്നും വിളവുകാലം ഉണ്ടായാൽ എന്താണ് ഗുണം?

  • ചിത്രത്തിലുള്ള കാര്യങ്ങള്‍ ഏതെല്ലാം വരികളില്‍ കണ്ടെത്താനാകും

  • പഠനക്കൂട്ടത്തിൽ പങ്കിടലും മെച്ചപ്പെടുത്തലും

പദതലം

  • ആവര്‍ത്തിക്കുന്ന വാക്കുകള്‍ കണ്ടെത്താമോ?

അക്ഷരതലം

  • ച യിൽ തുടങ്ങുന്ന എത്ര വിത്തിനങ്ങളുടെ പേരുണ്ട്?


പരിചയമില്ലാത്ത വിത്തുകൾ കാണിക്കുകയോ പടം കാണിക്കുകയോ ചെയ്യണം.

  • കൊടുങ്ങല്ലൂർ, പുനലൂർ, കോവൂർ, കാട്ടൂർ തുടങ്ങി ഊരിൽ അവസാനിക്കുന്ന സ്ഥലപ്പേരുകൾ സൂചിപ്പിച്ച് ഊര് എന്നാൽ നാട് എന്നാണ് അർഥം എന്ന് വിശദീകരിക്കണം.

    കൃഷി ചെയ്യുന്നതായി അഭിനയിച്ച് പാട്ടിന്റെ രംഗാവിഷ്കാരം ഓരോ പഠനക്കൂട്ടവും നടത്തട്ടെ. 

വിലയിരുത്തൽ:

ടീച്ചറുടെ വിലയിരുത്തൽ

  • താളത്തിലും ഈണത്തിലും പാടാനുള്ള കുട്ടികളുടെ കഴിവ്

പ്രതീക്ഷിത ഉൽപ്പന്നം:

  • കുട്ടികൾ പാട്ട് പാടുന്നതിൻ്റെ വീഡിയോ

മുതുവാന്‍ ഗോത്രസമൂഹം ഉള്ള പ്രദേശങ്ങളില്‍ മുതവാന്‍ഭാഷയില്‍ ഈ പാട്ട് അവതരിപ്പിക്കാവുന്നതാണ്.

ഈറവെട്ടി കാട് വെട്ടി

പൊതക്കാട്ടിലി തീവെച്ച്

എളം സൂട്ട്‌ലി കാട് കെളസ്

അടക് വിത്തേ, സോള്ക വിത്തേ

കെട്ക്, തൊകറ, അവറവിത്തേ

സാമവിത്തേ, തെനവിത്തേ

കോറാന്‍, തീമ്പലക്കായ് വിത്തേ

ഇയ കാട്ടിലി കെടണൊറങ്ങണം

ഇയ മണ്ണ്‌ലി മൊളസെളമ്പണം

മൊത മയലി ഇലമൊളസ്

പൂവിറ്ണ് കായ് കാസ്

എന്റക്കെന്റക്കം വെളവ് കാലം...

എന്റക്കെന്റക്കം വെളവ് കാലം...



പിരീഡ് രണ്ട്, മൂന്ന്

പ്രവർത്തനം : കുറോയുടെ കൃഷി

പഠനലക്ഷ്യങ്ങൾ:

  • തന്നിരിക്കുന്ന കഥാഭാഗങ്ങൾ വായിച്ച് ചിത്രസൂചനയുടെ അടിസ്ഥാനത്തിൽ കഥ ഭാവനാത്മകമായി പുരിപ്പിച്ച് പറയുന്നതിനും എഴുതുന്നതിനും

പ്രതീക്ഷിത സമയം : 40 + 40 മിനുട്ട്

കരുതേണ്ട സാമഗ്രികൾ : പാഠപുസ്തകം, ഡ്രോണിന്റെ ചിത്രം, വീഡിയോ.

പരിചയപ്പെടുത്തുന്ന അക്ഷരങ്ങൾ- ൺ,

പ്രക്രിയാവിശദാംശങ്ങൾ:

ബൈ ബൈ കുറോ

ബോ ബോ ഡ്രോൺ

എന്ന് ബോർഡിൽ എഴുതിയിടുന്നു.

എപ്പോഴാണ് രണ്ട് പേർ ബൈ ബൈ എന്ന് പറയുക?

പ്രതികരണങ്ങൾ

  • ആരൊക്കെയാണ് ബൈ പറഞ്ഞിരിക്കുക?

  • എപ്പോഴാണ് അവർ പിരിഞ്ഞത്?, കുറോ എന്നാൽ ആരാണ്? ഡ്രോൺ കണ്ടിട്ടുണ്ടോ? വീഡിയോ കാണിക്കണം ഡ്രോണിനോട് യാത്ര പറയഞ്ഞതെന്തിനാകും?

  • കഥ വായിച്ച് കണ്ടെത്തണം. പിന്നെ ഒരു കാര്യം കഥയുടെ കുറേഭാഗം ചിത്രം നോക്കിയാലേ മനസ്സിലാകൂ. ചിത്ര ത്തിൽ നിന്നും മനസ്സിലായ കാര്യം എഴുതി കഥ പൂർത്തിയാക്കുകയും വേണം

മൂന്നു പേരുടെ പഠനക്കൂട്ടം രൂപീകരിക്കുന്നു.

പേജ് ഒന്ന്,

  • ഒന്നാം പേജ് പഠനക്കൂട്ടത്തിലെ ഓരോരുത്തരും മാറി മാറി വായിക്കുന്നു.

  • ഭാവാത്മകമായി വായിക്കുന്നു

  • കഥാപാത്രങ്ങളായി അവരവരുടെ ഭാഗം വായിക്കുന്നു.

  • ഓരോ പഠനക്കൂട്ടവും ഭാവാത്മകമായി വായനാവതരണം

ഒന്നാമത്തെ പേജിലെ പൂരിപ്പിക്കാനുള്ളത് എന്തായിരിക്കും? ചിത്രം നോക്കൂ

ഊഹിച്ച് പറയൂ.

  • മൂന്ന് നായകൾ വന്നു ( ഒന്നാം വരി ടീച്ചര്‍ക്ക് പറയാം)

പ്രതീക്ഷിതപ്രതികരണങ്ങള്‍

  • കുറോയെ കണ്ട് കുരച്ചു

  • കുറോ പേടിച്ചു

ടീച്ചറുടെ ഇടപെടൽ

  • എന്തായിരിക്കും നായകൾ കുരച്ച് പറഞ്ഞത്?

പ്രതികരണങ്ങൾ ഓരോ പഠനക്കൂട്ടത്തിന്റെയും.

  • വേഗം പൊസ്കോ, കടിച്ചു കീറും എന്നെല്ലാം പറയാം

അതൊന്നുമല്ല, നായകൾക്ക് നല്ല വിശപ്പുണ്ടായിരുന്നു. എങ്കില്‍ അവർ എന്തായിരിക്കാം ചോദിച്ചത്?

  • വല്ലാതെ വിശക്കുന്നു. ഭക്ഷണം തരാമോ

ഇനി എല്ലാവർക്കും എഴുതാം. ടീച്ചര്‍ ഓരോ വാക്യമായി സാവധാനം പറയുന്നു. എല്ലാവരും എഴുതുന്നു. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് സഹായം.

( ഓ സ്വരചിഹ്നം, കുറോ, തരാമോ?, ഏ സ്വരചിഹ്നം- പേടിച്ചു, ഊ സ്വരചിഹ്നം- മൂന്ന്, കൂട്ടക്ഷരങ്ങള്‍ ണ്ട, ക്ഷ, ഇരട്ടിപ്പുകള്‍ ന്ന, ല്ല, ക്ക, ങ്ങ, ച്ച)

1. മൂന്ന് നായകൾ വന്നു

2. കുറോയെ കണ്ട് കുരച്ചു

3. കുറോ പേടിച്ചു

4. ഞങ്ങള്‍ക്ക് വല്ലാതെ വിശക്കുന്നു.

5. ഭക്ഷണം തരാമോ?

ഓരോ വാക്യമായി പറയണം. എഴുതണം,

  • എഴുതിക്കഴിഞ്ഞാൽ ടിച്ചറേഴുത്ത്. പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തൽ, എല്ലാവരും ശരിയായി എഴുതി എന്ന് ഉറപ്പാക്കൽ

പിരീഡ് മൂന്ന്

ടീച്ചറുടെ അവതരണം

  • നായകളുടെ വിഷമം കണ്ടപ്പോൾ കുറോ ഫോണെടുത്ത് ചങ്ങാതിയെ വിളിച്ചു. ആരായിരിക്കാം ചങ്ങാതി ചങ്ങാതി എങ്ങനെയാ വന്നത്?

  • പ്രതികരണങ്ങള്‍

  • പാഠപുസ്തകത്തില്‍ നോക്കി കണ്ടെത്താം.

  • ‍പഠനക്കൂട്ടത്തിൽ ചിത്രം നോക്കി സംഭവിച്ചത് എന്താണെന്ന് കണ്ടെത്തണം

  • ഓരോരുത്തരും പറയണം. ധാരണയായ ശേഷം ഓരോ വാക്യം വീതം സാവധാനം പറഞ്ഞ് എല്ലാവരും എഴുതണം

  • ഓരോ പഠനക്കൂട്ടവും വ്യത്യസ്തമായ രീതിയിൽ എഴുതാം. അത് അനുവദിക്കണം

  • പഠനക്കൂട്ടങ്ങളുടെ അവതരണം

ടീച്ചർ വേർഷൻ ( ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു)

1. കുറോ ചങ്ങാതിയായ ഡ്രോണിനെ വിളിച്ചു

2. ഡ്രോൺ പറന്നു വന്നു

3. ഡ്രോൺ എന്താ കാര്യം?

4. കുറോ: ഇവർക്ക് ഭക്ഷണം വേണം

5. ഡ്രോൺ : ശരി ഇപ്പോൾ കൊണ്ടുവരാം

6. പട്ടിക്കുട്ടി: ഞാനും വരട്ടെ

7. പട്ടിക്കുട്ടിയെ ഡ്രോൺ എടുത്തു

8. അവർ ഭക്ഷണവുമായി മടങ്ങി വന്നു.

ടീച്ചർ വേർഷൻ വായനപാഠമായി നല്‍കുന്നു.

ഓരോ പഠനക്കൂട്ടത്തിനും എഴുതിയതില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തണമെങ്കില്‍ അതും ആകാം



Thursday, January 15, 2026

305 പച്ചക്കറിത്തോണി നാലാം ദിവസം

 പാഠം പച്ചക്കറിത്തോണി

ആസൂത്രണക്കുറിപ്പ് നാല്

പ്രവര്‍ത്തനം - എത്രയെത്ര പച്ചക്കറികള്‍ -പാഠപുസ്തകം പേജ് 115

പ്രതീക്ഷിത സമയം- 40 മിനിറ്റ് )

പഠനലക്ഷ്യങ്ങള്‍-

  1. വായനാസാമഗ്രി വായിച്ചും ചിത്രങ്ങള്‍ നിരീക്ഷിച്ചും പച്ചക്കറികളുടെ പേരുകള്‍ കണ്ടെത്തി പട്ടികപ്പെടുത്തുന്നു.

  2. നല്ല ആരോഗ്യത്തിന് പച്ചക്കറികള്‍ ആഹാരത്തിലുള്‍പ്പെടുത്തേണ്ടതാണെന്ന ധാരണ പട്ടിക വിശകലനത്തിലൂടെ രൂപീകരിക്കുന്നു.

പ്രദര്‍ശനം , കൂട്ടെഴുത്ത്

പാട്ടില്‍ നിന്നും പട്ടിക

  • പേജ് 114ലെ പാട്ട് പഠനക്കൂട്ടത്തില്‍ സാവധാനം വായിക്കുന്നു. ഓരോ പച്ചക്കറിയുടെ പേര് വരുമ്പോഴും അത് പട്ടികയില്‍ എഴുതിച്ചേര്‍ക്കുന്നു.

  • പതിനഞ്ച് പച്ചക്കറികളുടെ പേരുകള്‍ എഴുതണമെങ്കില്‍ കോമ ഇട്ട് എഴുതണം. കോമ ഇടുന്ന രീതി പരിചയപ്പെടുത്തണം. വാക്കിനോട് ചേര്‍ന്ന് കോമ ഇട്ട ശേഷം വാക്കകലം പാലിച്ച് അടുത്ത വാക്ക് എഴുതണം.

  • സ്ഥലം തികയുന്നത്ര എഴുതിയാല്‍ മതി

  • ടീച്ചറുടെ പിന്തുണ നടത്തം ( കൂടുതല്‍ പിന്തുണ വേണ്ടവര്‍ക്ക് പരിഗണന)

പാട്ടിലുള്ള പച്ചക്കറികള്‍

അറിയാവുന്ന മറ്റ് പച്ചക്കറികള്‍











  • പച്ചക്കറി പ്രദര്‍ശനം. എല്ലാവരും കൊണ്ടു വന്നതും ടീച്ചര്‍ കൊണ്ടുവന്നതുമായ പച്ചക്കറികള്‍ പ്രദര്‍ശിപ്പിക്കുന്നു. ( ഓരോ പച്ചക്കറിയുടെയും ലേബല്‍ കൂടി എഴുതിവെക്കണം )

  • പ്രദര്‍ശനം കണ്ട് കഴിഞ്ഞാല്‍ ചര്‍ച്ച

    • ഇവിടെ പ്രദര്‍ശിപ്പിക്കാത്ത പച്ചക്കറികളുണ്ടോ?

  • ഇനി പട്ടിക പൂരിപ്പിക്കാം. പാട്ടിലുള്ളവ ഒന്നാം കോളത്തില്‍ എഴുതി. അറിയാവുന്ന മറ്റ് പച്ചക്കറികളുടെ പേരുകളാണ് അടുത്ത കോളത്തില്‍ എഴുതേണ്ടത്.

  • വ്യക്തിഗതമായി എഴുതണം

  • എഴുതിയ ശേഷം പഠനക്കൂട്ടത്തില്‍ പങ്കിടണം. എഴുതിയത് പരസ്പരം പരിശോധിച്ച് മെച്ചപ്പെടുത്തണം

  • ബോര്‍ഡില്‍ ടീച്ചര്‍ കോളം വരയ്കണം. ഓരോ പഠനക്കൂട്ടത്തില്‍ നിന്നും പ്രതിനിധികള്‍ വന്ന് പൂരിപ്പിക്കണം

  • എഡിറ്റിംഗ് പ്രക്രിയ നടത്തണം. ( ആശയപരം, ഭാഷാപരം)

  • ടീച്ചറുടെ മെച്ചപ്പെടുത്തിയെഴുത്ത്

പട്ടിക പൂരിപ്പിക്കല്‍‌ മത്സരം.

പച്ചക്കറികളുടെ ഉപയോഗമനുസരിച്ച് തരംതിരിക്കാം

ഇലകള്‍

കായകള്‍

മറ്റുഭാഗങ്ങള്‍











  • പച്ചക്കറികളുടെ ഉപയോഗമനുസരിച്ച് തരംതിരിക്കല്‍ എന്നത് വിശദീകരിക്കണം. ആഹാരത്തിന് ഉപയോഗിക്കുന്ന പച്ചക്കറിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിക്കാനാണ് നിര്‍ദ്ദേശിക്കേണ്ടത്. സാധ്യതകള്‍.

  • പഠനക്കൂട്ടത്തില്‍ ആലോചിച്ച് പൂരിപ്പിക്കണം

വിജയികളെ തീരുമാനിക്കുന്നതെങ്ങനെ? ടീച്ചര്‍ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുന്നു.

  1. ശരിയായി തരം തിരിച്ചിട്ടുണ്ട്.

  2. പഠനക്കൂട്ടത്തിലെ എല്ലാവരും എഴുതിയിട്ടുണ്ട്

  3. പരസ്പരം സഹായിച്ച് തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.

‌ഓരോ പഠനക്കൂട്ടവും അവതരണം നടത്തുന്നു. അവരെ വിലയിരുത്തി പോയന്റ് നല്‍കുന്നു.

പഠനക്കൂട്ടം

ശരിയായി തരം തിരിച്ചിട്ടുണ്ട്.

എല്ലാവരും എഴുതിയിട്ടുണ്ട്

പരസ്പരം സഹായിച്ച് തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്

ഒന്ന്




രണ്ട്




മൂന്ന്




നാല്




ടീച്ചര്‍ വേര്‍ഷന്‍

ഇലകള്‍

  • തകരയില, മുരിങ്ങയില, കറിവേപ്പില, മത്തനില, മല്ലിയില

കായകള്‍

  • വെണ്ടക്കായ, പാവയ്ക, തക്കാളി, കോവല്‍, വെള്ളരി, പയറ്‍

മറ്റ് ഭാഗങ്ങള്‍

  • ബീറ്റ് റൂട്ട്, ക്യാരറ്റ്, കാച്ചില്‍, ചേന, ഉരുളക്കിങ്ങ്

കൂടുതല്‍ പോയന്റ് കിട്ടിയവര്‍ക്ക് അത്രയും സ്റ്റാര്‍ ചാര്‍ട്ടില്‍ രേഖപ്പെടുത്തുന്നു. മറ്റു പഠനക്കൂട്ടത്തില്‍ നിന്നും പ്രതിനിധികള്‍ വന്ന് അഭിനന്ദിക്കുന്നു.

കടങ്കഥകള്‍

  • ഓരോ പഠനനക്കൂട്ടവും തന്നിട്ടുള്ള കടങ്കഥകള്‍ക്ക് ചേരുന്ന ചിത്രം കണ്ടെത്താന്‍ ശ്രമിക്കട്ടെ. അടിപാറ, നടുവടി, തല കാട് എന്നതിന് ഉത്തരം അതിന് താഴെ എഴുതണം. കുട്ടികള്‍ക്ക് ഉത്തരം കിട്ടിയില്ലെങ്കില്‍ അടുത്തത് അറിയാമോ എന്ന് നോക്കട്ടെ. ഒരു പാവയ്ക കാണിച്ചിട്ട് ഇത് ഉത്തരമായി വരുന്ന കടങ്കഥ ഏതെന്ന് ചോദിക്കാം. ഒന്നാമത്തേതിന് ആരും ഉത്തരം പറഞ്ഞില്ലെങ്കില്‍ ഒരു ചേനയുടെ ചിത്രം കാണിക്കണം. വരച്ചാലും മതി. ഇലയും തണ്ടും വേണം. എന്നിട്ട് നടു വടി, തല കാട് എന്ന രീതിയില്‍ പരിചയപ്പെടുത്താം ( പാഠപ്പുസ്തകത്തിലെ ചിത്രം പൂര്‍ണമല്ലല്ലോ. അതിന് തണ്ടും ഇലയും വരയ്കുകയുമാകാം)

  • പിടിച്ചാല്‍ ഒരു പിടി അരിഞ്ഞാല്‍ ഒരു മുറം

  • കാള കിടക്കും കയറോടും

  • ചപ്പത്തി പോലെ ഇല, വിലരു പോലെ കായ


പ്രവര്‍ത്തനം നട്ട് നനയ്കാം

പഠനലക്ഷ്യങ്ങള്‍

  1. അനുഭവം വിശകലനം ചെയ്തും നിരീക്ഷണത്തിലൂടെയും പച്ചക്കറി കൃഷി ചെയ്യുന്ന രീതിയെക്കുറിച്ച് ധാരണ രൂപീകരിക്കുന്നതിനും വിശദീകരിക്കുന്നതിനും

  2. പച്ചക്കറികൃഷിയില്‍ പങ്കാളിയാകുന്നതിലൂടെ കൃഷിയനുഭവം നേടുന്നതിന്

പ്രതീക്ഷിത സമയം 35 മിനിറ്റ്

കരുതേണ്ട സമാഗ്രികള്‍- പാഠപുസ്തകം, പച്ചക്കറിവിത്ത്, കാര്‍ഷികോപകരണങ്ങള്‍

പ്രക്രിയാവിശദാംശങ്ങള്‍

  • ആരെങ്കിലും പച്ചക്കറി കൃഷി ചെയ്യുന്ന കാര്യം സംയുക്ത ഡയറിയില്‍ എഴുതിയിട്ടുണ്ടോ? ( തലേദിവസമേ ആവശ്യപ്പെട്ടാല്‍ കുട്ടികള്‍ കണ്ടുപിടിച്ചുവരും) Filza fathima , GLPS THARISH, WANDOOR SUB എഴുതിയത് നോക്കൂ





     ലെസ മറിയം , പള്ളിക്കര എ എൽ പി സ്കൂൾ , മേലടി (സബ് ജില്ല


     

  • ആ ഡയറികള്‍ വായിക്കാന്‍ അവസരം

  • മറ്റൊരു സ്കൂളിലെ നന്ദിത എഴുതിയ ഡയറി വായിക്കാം

നന്ദിതയുടെ ഡയറി ( പാഠപുസ്തകം പേജ് 116) വ്യക്തിഗതമായി വായിക്കുന്നു

കണ്ടെത്തല്‍ വായന

ആശയ തലം ( ഓരോ പഠനക്കൂട്ടത്തോടും ഓരോ ചോദ്യം)

  • നന്ദിതയുടെ ഡയറിയില്‍ എത്ര പച്ചക്കറികളെക്കുറിച്ച് പറയുന്നുണ്ട്?

  • നന്ദിത രണ്ട് കാര്യമാണ് ചെയ്തത്. ഏതൊക്കെയാണവ?

  • നന്ദിതയുടെ അമ്മ എന്താണ് ചെയ്തത്?

  • ഏത് ദിവസമാണ് നന്ദിത പച്ചക്കറിത്തോട്ടത്തില്‍ പോയത്?

വാക്യതലം

  • നന്ദിത വരച്ച ചിത്രത്തിലെ ആശയമുള്ള വാക്യം ഏതാണ്?

പദതലം

  • നന്ദിത ഒരു വാക്ക് എഴുതിയപ്പോള്‍ തെറ്റിപ്പോയി. ഏത് വാക്കാണത്? എന്താണ് പറ്റിയ തെറ്റ്?

  • തെറ്റ് തിരുത്തുന്ന രീതി എങ്ങനെ? അതുപോലെ നമ്മള്‍ക്കും ചെയ്താലോ?

അക്ഷരതലം

  • സ്ക എന്ന അക്ഷരം ചേര്‍ന്ന വാക്കേത്?

  • ള്ള, ച്ച, ത്ത, ല്ല എന്നിവയല്ലാതെ വേറെ ഏതെങ്കിലും ഇരട്ടിപ്പ് വരുന്ന അക്ഷരം ചേര്‍ന്ന വാക്കുണ്ടോ? ( ന്ന, ഞ്ഞ, ക്ക)

കൃഷി അനുഭവം പങ്കിടാം

  • കുട്ടികള്‍ക്ക് കൃഷി അനുഭവം പങ്കിടാന്‍ അവസരം. പങ്കിടുമ്പോള്‍ ടീച്ചര്‍ പദസൂര്യന്‍ മാതൃകയില്‍ അവ ബോര്‍ഡില്‍ രേഖപ്പെടുത്തണം.

  • നാലോ അഞ്ചോ പേര്‍ക്ക് അവസരം

  • തുടര്‍ന്ന് പച്ചക്കറികൃഷിയെക്കുറിച്ച് ഓരോ പഠനക്കൂട്ടവും എഴുതുന്നു.

സ്കൂളിലെ കൃഷി ജോലികളുമായി പരിചയപ്പെടാൻ കുട്ടികൾക്ക് അവസരം നൽകണം. സ്‌കൂളിൽ കൃഷിയില്ലെങ്കിൽ സൗകര്യമുള്ള സ്ഥലത്ത് ഈ പാഠത്തിൻ്റെ തുടർപ്രവർത്തനം എന്ന നിലയിൽ ഒരു ചാൽ പയറോ വെണ്ടയോ തക്കാളിയോ ഒന്നാം ക്ലാസ്സുകാർ നട്ട് പരിപാലിക്കട്ടെ. ടീച്ചറുടെ മേൽനോട്ടം ഉണ്ടായാൽ മതി.

ആ ദിവസത്തെ ഡയറിയിൽ കുട്ടികൾ തങ്ങളുടെ കൃഷി അനുഭവം എഴുതട്ടെ.

വിലയിരുത്തൽ:

ടീച്ചറുടെ വിലയിരുത്തൽ

  • കൃഷി രീതിയെക്കുറിച്ച് സ്വന്തമായി എഴുതൽ

പ്രതീക്ഷിത ഉൽപ്പന്നം:

  • കൃഷി രീതിയെക്കുറിച്ച് എഴുതിയത്


വായനപാഠം

താനാ തന തന
താനാ തന തന തന്തിനനോ
ഒര‍ു ചാല‍ുഴ‍ുതില്ല ഒര‍ു വിത്ത‍ും വിതച്ചില്ല
താനെ മ‍ുളച്ചൊര‍ു പൊൻതകര ( താനാ തന തന....)
ഒര‍ു നാളൊര‍ു വട്ടി രണ്ടാം നാൾ രണ്ട‍ു വട്ടി
മ‍ൂന്നാം നാൾ മ‍ൂന്ന‍ു വട്ടി തകര ന‍ുള്ളി ( താനാ തന തന ...)
അപ്പ‍ൂപ്പനമ്മ‍ൂമ്മ അയലത്തെ കേള‍ുമ്മാവൻ
വടക്കേലെ നാണിക്ക‍ും വിര‍ുന്നൊര‍ുക്കി (താനാ തന തന...)
ക‍ുംഭമാസം കഴിഞ്ഞപ്പോൾ തകര കഴിഞ്ഞ‍ു
ഇനിയെന്ത‍ു ചെയ്യ‍ും പെര‍ുങ്ക‍ുടലേ (താനാ തന തന...)
ആറാറ‍ു മടക്കിട്ട് അറ‍ുപത‍ു ക‍ുര‍ുക്കിട്ട്
അനങ്ങാതെ കിടന്നോ പെര‍ുങ്ക‍ുടലേ. (താനാ തന തന ...)