🌴നാടറിയാൻ എൻ്റെ നാടിനെ അറിയാൻ🌴
കൊ യും തി യും തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവയിലേക്ക മാത്രമല്ല പഴയ നാട്ടുരാജ്യങ്ങളുടെയൊക്കെ വിവരങ്ങളിലേക്ക് അന്വേഷണത്തെ നയിക്കും.
ഓരോ പഠനയാത്രയ്ക്കു ശേഷവും ഇത്തരം പോസ്റ്റർ പാoങ്ങൾ കുട്ടികൾ തയ്യാറാക്കിയാലോ?
ഉള്ളടക്കവും രൂപകല്പനയും അവർ ചെയ്യട്ടെ.
പ്രാദേശികം പ0ന യാത്ര ഫലപ്രദമായി നടത്തിയ കൈപ്പട്ടൂർ സ്കൂൾ അഭിനന്ദനം അർഹിക്കുന്നു
നേരറിവുകൾ ശക്തം.
📚യാത്രാവിവരണം📚
എറണാകുളം ജില്ലയിലെ എട യ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിലെ കൈപ്പട്ടൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് എന്റെ വിദ്യാലയം. ഞങ്ങളുടെ സ്വന്തം നാടായ കൈപ്പട്ടൂരിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും കണ്ടു മനസ്സിലാക്കുന്നതിനും ഒരു പഠനയാത്ര നടത്താൻ തീരുമാനിച്ചു.
ആദ്യം തന്നെ പഠനയാത്രയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ അധ്യാപകരെല്ലാം മീറ്റിംഗ് കൂടി തീരുമാനിച്ചു. ഞങ്ങളുടെ പ്രധാന അധ്യാപികയായ നിജ ടീച്ചർ പഠനയാത്രയ്ക്ക് നിശ്ചയിച്ച സ്ഥലങ്ങൾ സന്ദർശിച്ച് മേലധികാരികളുടെ അനുവാദം വാങ്ങിച്ചു. ഒലിപ്പുറം പാതയോരം, ലൈബ്രറി, പോസ്റ്റ് ഓഫീസ്, റേഷൻകട, കൊച്ചി തിരുവിതാംകൂർ അതിർത്തി, സത്യസന്ധതയുടെ കട എന്നിവയായിരുന്നു പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ.
യാത്രയ്ക്കുള്ള തീയതി നിശ്ചയിച്ചതിനുശേഷം രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങിച്ചു.
07/01/23 ശനിയാഴ്ച രാവിലെ 9 30നാണ് ഞങ്ങൾ സ്കൂളിൽ നിന്നും പഠനയാത്ര പുറപ്പെട്ടത്.
വാർഡ് മെമ്പർ ശ്രീമതി ബീനാരാജൻ ,പിടിഎ പ്രസിഡന്റ് ശ്രീ സതീഷ് എം ആർ എന്നിവരാണ് യാത്രയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തത്. 65 കുട്ടികളും, ഏഴ് അധ്യാപകരും ,വാർഡ് മെമ്പറും പിടിഎ പ്രസിഡന്റും അടങ്ങുന്ന ഒരു സംഘമായാണ് ഞങ്ങൾ യാത്രതിരിച്ചത്.
ആദ്യമായി ഞങ്ങൾ പോയത് ഒലിപ്പുറം പാതയോരത്ത് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ "നാടിനൊരു നൻമ മരം" പദ്ധതിയുടെ ഭാഗമായി ഞങ്ങൾ നട്ട മരം കാണാനാണ്. മരങ്ങളൊക്കെ കുറച്ചു വലുതായി. റോഡിന്റെ ഇരുവശങ്ങളിലും പച്ച മെത്ത വിരിച്ചതുപോലെ വിശാലമായ നെൽപ്പാടങ്ങളാണ്. അവിടെ കൃഷി ചെയ്യുന്ന കുറച്ചു തൊഴിലാളികളെ കാണാൻ പറ്റി. രമ്യ ടീച്ചർ ഞങ്ങൾക്ക് കൃഷിയുടെ വിവിധ ഘട്ടങ്ങളെ പറ്റി വിശദമായി പറഞ്ഞുതന്നു. കുറച്ചുസമയം അവിടെ ചിലവഴിച്ചിട്ട് അടുത്ത സ്ഥലത്തേക്ക് ഞങ്ങൾ പുറപ്പെട്ടു.
അടുത്തതായി ഞങ്ങൾ എത്തിയത് റേഷൻ കടയിലാണ്. ഞങ്ങളുടെ കൂട്ടുകാരി ദിനിയയുടെ മുത്തച്ഛൻ ആണ് ഞങ്ങൾക്ക് റേഷൻ കടയെപ്പറ്റി പറഞ്ഞുതന്നത്. അദ്ദേഹം ബയോമെട്രിക് സംവിധാനങ്ങളെ പറ്റിയും ,അളവ് തൂക്ക ഉപകരണങ്ങളെ കുറിച്ചും,റേഷൻ കാർഡുകളെ പറ്റിയും ഞങ്ങൾക്ക് പറഞ്ഞു തന്നു.ഇനി റേഷൻ കാർഡ് ഉണ്ടെങ്കിൽ റേഷൻ കടയിൽ പോകാൻ എനിക്ക് ഒരു പേടിയുമില്ല.
റേഷൻകടയുടെ അടുത്ത് തന്നെയായായിരുന്നു പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. റേഷൻ കടയിൽ നിന്ന് ഞങ്ങൾ നേരെ പോയത് അവിടേക്കാണ്. പോസ്റ്റ് മാസ്റ്റർ ശ്രീകല മാഡം ഞങ്ങൾക്ക് പോസ്റ്റ് ഓഫീസ് സേവനങ്ങളെക്കുറിച്ച് പറഞ്ഞു തന്നു. അവിടെ എനിക്ക് ഏറ്റവും അത്ഭുതമായി തോന്നിയത് തൂക്കാൻ ഉപയോഗിക്കുന്ന ചെറിയ ത്രാസ് ആണ്.
ഞങ്ങളുടെ അടുത്ത ലക്ഷ്യം വായനശാല സന്ദർശനം ആയിരുന്നു. ലൈബ്രററേറിയൻ ശ്രീ മോൾ ചേച്ചി ഞങ്ങൾക്ക് മിഠായിയും നാരങ്ങാവെള്ളവും തന്നാണ് സ്വീകരിച്ചത്. അവിടെ ധാരാളം നോവലുകളും കുട്ടിക്കവിതകളും കഥകളും ഒക്കെ ഉണ്ടായിരുന്നു. വായന വാരത്തോടനുബന്ധിച്ച് ഞങ്ങൾ ഒരു തവണ ലൈബ്രറി സന്ദർശിക്കുകയും ഉണ്ടായിട്ടുണ്ട്.
അല്പസമയം വിശ്രമിച്ചതിനുശേഷം ഞങ്ങൾ കൊച്ചി തിരുവിതാംകൂർ അതിർത്തി സന്ദർശിക്കാൻ പോയി.
നൂറ്റാണ്ടുകൾക്ക് മുൻപ് കൊച്ചിയും തിരുവിതാംകൂറും ഓരോ നാട്ടുരാജ്യങ്ങൾ ആയിരുന്നു. ഇന്ന് എറണാകുളവും കോട്ടയവും തമ്മിലുള്ള അതിർത്തിയായി ഇത് മാറിയിരിക്കുന്നു. ധാരാളം ഇല്ലിചെടികൾ അവിടെ കാണുകയുണ്ടായി. അവിടെ രണ്ട് സ്ഥലങ്ങളിലായി രണ്ടു വലിയ കല്ല് കണ്ടു. കൊതിക്കല്ല് എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്.
അതിന്റെ ഒരു വശത്ത് കോ എന്നും മറുവശത്ത് തി എന്നും എഴുതിയിരുന്നു.'കോ' കൊച്ചിയെയും 'തി' തിരുവിതാംകൂറിനെയും സൂചിപ്പിക്കുന്നു.
ഇന്ന് അവിടെ ആരും ശ്രദ്ധിക്കാത്തതിനാൽ കാടുകയറി കിടക്കുകയായിരുന്നു. ഞങ്ങൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ വൃത്തിയാക്കിയിരുന്നു.
ഇത്രയും ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലം കാണാനുള്ള ഭാഗ്യമുണ്ടായല്ലോ എന്നോർക്കുമ്പോൾ തന്നെ സന്തോഷം തോന്നി. അതിനുശേഷം ഞങ്ങൾ പണ്ട് ഒരുപാട് താഴ്ചയിലുള്ള എന്നാൽ കാലക്രമേണ താഴ്ച കുറഞ്ഞ ഒരു കിടങ്ങ് സന്ദർശിച്ചു. അതിൽ ഞങ്ങൾ ഒന്നിറങ്ങി നോക്കി. ഇതിനു മുൻപ് ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ശരിക്കും അത്ഭുതമായി തോന്നി.
ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഞങ്ങൾക്ക് ലഘുഭക്ഷണം തന്നു. അത് കഴിച്ചു ഞങ്ങൾ അവിടെ കുറച്ചു നേരം വിശ്രമിച്ചു. അവിടെ നിന്നും ഞങ്ങൾ നേരെ ലളിത ടീച്ചറുടെ വീട്ടിലേക്കാണ് പോയത്.
ടീച്ചറുടെ വീട്ടിൽ ഞങ്ങൾക്കായി ഉച്ച ഭക്ഷണം തയ്യാറാക്കിയിരുന്നു.
അടുത്തതായി ഞങ്ങൾ പോയത് ഹോണസ്റ്റിഷോപ്പ് അഥവാ സത്യസന്ധതയുടെ കട കാണാനാണ്. ഈ കടയ്ക്ക് ഒരു പ്രത്യേകതയുണ്ട് എന്താണെന്നോ?
ഈ കടയിൽ കടക്കാരനില്ല. ആളുകൾ സാധനങ്ങൾ വാങ്ങിച്ചിട്ട് പൈസ നിക്ഷേപിച്ചിട്ട് പോകും. ഇതിന്റെ നടത്തിപ്പ് ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ്. ഞാൻ അവിടെ നിന്ന് 10 രൂപയുടെ മിഠായി വാങ്ങി. തിരിച്ച് സ്കൂളിലേക്ക് പോന്നപ്പോൾ അങ്ങ് അകലെ ഒരു ഫാക്ടറിയിൽ നിന്നും പുക ഉയരുന്നത് കണ്ടു. അത് പത്രം നിർമ്മിക്കുന്ന ഫാക്ടറി ആണെന്ന് ഹരിദാസ് ചേട്ടൻ ഞങ്ങൾക്ക് പറഞ്ഞു തന്നു. അല്പസമയം അത് കണ്ടതിനു ശേഷം സ്കൂളിലേക്ക് മടങ്ങി. ഏകദേശം 2:30- തോടുകൂടി ഞങ്ങൾ സ്കൂളിൽ തിരിച്ചെത്തി. മനോഹരമായ കാഴ്ചകൾ കാണാനും ആസ്വദിക്കാനും അറിയാനും ഈ പഠനയാത്രയിലൂടെ സാധിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കൊച്ചി തിരുവിതാംകൂർ അതിർത്തി കാണാൻ പോയതാണ്. നല്ല വിനോദപ്രദവും വിജ്ഞാനപ്രദവും ആയ ഒരു യാത്രയായിരുന്നു ഞങ്ങളുടേത്🥰🥰. ഞങ്ങളെ സ്വീകരിച്ച ഏവർക്കും നന്ദി.🙏🙏
നാടറിയാൻ.... നാടിനെ അറിയാൻ.......
(FB കുറിപ്പ്)
🌱🌱🌱🌱🌱🌱
ക്ലാസ് മുറിക്കുള്ളിൽ ഒതുങ്ങി പോകുമായിരുന്ന ഒരു ദിവസം ....
അതിന്ന് ഇത്ര അനുഭവവേദ്യമാക്കി തന്നവരിൽ നന്ദി പറയേണ്ടവർ പലരുണ്ട് ......
- പഠനയാത്ര എങ്ങനെ ആയിരിക്കണം എന്ന് മാർഗ്ഗ നിർദ്ദേശം തന്ന പിറവം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ സാർ,
- ആദ്യാവസാനം ഞങ്ങളോടൊപ്പം നടന്ന വാർഡ് മെമ്പർ ബീന ചേച്ചി,
- PTAപ്രസിഡൻ്റ് സതീഷ് എം.ആർ,
- മുൻ പി.റ്റി.എ പ്രസിഡൻ്റ് ജിനീഷ് ഗോപാലൻ.....
- കുട്ടികൾക്ക് ലഘു ഭക്ഷണവും, മിഠായിയും ,ബിസ്ക്കറ്റും ,വെള്ളവും ,പഴവും നൽകിയ ഫ്രണ്ട്സ് ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ് മലനിരപ്പിൻ്റെ പ്രവർത്തകർ,
- കൈപ്പട്ടൂർ ഗ്രാമീണ വായനശാല ,
- ബാബു ജോൺ ,
- ലളിത ടീച്ചർ,
- എം. റ്റി ഹരിദാസ് ......
- ,റേഷൻ കടയിലെ ബയോമെട്രിക്ക് സംവിധാനവും, അളവുതൂക്ക ഉപകരണങ്ങളും സേവനങ്ങളും വ്യക്തമായി വിവരിച്ച് തന്ന തമ്പി ചേട്ടൻ,
- മൊബെയിൽ ഫോണിൻ്റെ വരവ് കൊണ്ട് നമ്മുടെ മക്കൾ അറിയാതെ പോകുന്ന പോസ്റ്റോഫീസിൻ്റെ സേവനങ്ങൾ മനസിലാക്കി തന്ന പോസ്റ്റ് മാസ്റ്റർ ശ്രീകല,
- കൈപ്പട്ടൂർ ഗ്രാമീണ വായനശാലയിലെ പുസ്തകങ്ങളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തിയ ലൈബ്രറേറിയൻ ശ്രീമോൾ,
- കൊച്ചി തിരുവിതാംകൂർ അതിർത്തിയിലെ കിടങ്ങും ,ഇല്ലി കോട്ടയും, കൊ- തി കല്ലും പരിചയപ്പെടുത്തി തന്ന ഹരിദാസ് ചേട്ടൻ,
- സരിത,
- കുഞ്ഞുമോൻ ചേട്ടൻ,
- ഞങ്ങളുടെ ശക്തിയായ പി.റ്റി.എ അംഗങ്ങൾ,
- സ്നേഹത്തോടെ ഞങ്ങളെ ഓരോയിടത്തും സ്വീകരിച്ച നാട്ടുകാർ... എല്ലാവർക്കും എൽ.പി എസ് കൈപ്പട്ടൂരിൻ്റെ അകമഴിഞ്ഞ നന്ദി. മക്കളുടെ കണ്ണുകളിൽ അത്ഭുതമായിരുന്നു...
പുതിയ കാഴ്ചകൾ ,
പുതിയ അറിവുകൾ ...
ചിലരുടെ മുഖത്ത് അഭിമാനമായിരുന്നു ----
എൻ്റെ നാട് എന്ന അഭിമാനം..... നാടറിഞ്ഞ് നാടിനെ അറിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഒരു ചോദ്യം കേട്ടു.....
ടീച്ചർ ഇനി എന്നാ നമ്മൾ അടുത്ത യാത്ര പോകുന്നത്..
ഇനിയും കൊണ്ടു പോകണം കുഞ്ഞുമക്കളെ നമ്മുടെ നാടിൻ്റെ കാണാ കാഴ്ചകളിലേക്ക് - - -
നമ്മുടെ മക്കൾ നമ്മുടെ നാടറിഞ്ഞ് വളരട്ടെ🙏 നാടറിയാൻ ....
നാടിനെ അറിയാൻ എൽ.പി.എസ് കൈപ്പട്ടൂർ
3 comments:
നാട്ടിലെ വിഭവങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വ്യക്തമാക്കിയതിന് നന്ദി
കൈപ്പട്ടൂർ എൽ പി എസ് തന്ന പുതു പാഠം കൊതിക്കല്ല്!! നന്ദി. അഭിനന്ദനങ്ങൾ. എല്ലാ പൊതു വിദ്യാലയങ്ങളും ഇത്തരത്തിൽ നേരറിവിടങ്ങളായി മാറട്ടെ.
അഭിമാനം...
Post a Comment