ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, September 18, 2023

സംതൃപ്തം ഒന്നാം ക്ലാസ്

 

അവധിക്കാല പരിശീലനത്തിൻ്റെ ശില്പശാല SCERT യിൽ നടക്കുകയാണ്. റിപ്പോർട്ടിംഗ് സമയത്ത് ഒന്നാം ക്ലാസിലെ ടീം അംഗങ്ങൾ പറഞ്ഞു:

"ആർ പി കുപ്പായമിടുന്നത് ക്ലാസുകളിൽ ഗുണപരമായ മാറ്റം ഉണ്ടാക്കുവാനാണ്. അതിന് കഴിയുംവിധം അധ്യാപകരെ സജ്ജമാക്കാൻ കഴിയുന്നില്ലെങ്കിൽ, മാറ്റം പ്രകടമാകുന്നില്ലെങ്കിൽ വർഷാവർഷം RP മാരുടെ വേഷം അണിയുന്നതെന്തിന്? ഈ വർഷം ഈ പരിശീലനം ഒന്നാം ക്ലാസിൽ ഒരു മാറ്റവും വരുത്തുന്നില്ലെങ്കിൽ ഞങ്ങൾ ഇനി റിസോഴ്സ് പേഴ്സൺസായി തുടരില്ല"
ഞങ്ങൾക്ക് വെല്ലുവിളികൾ ഏറെയായിരുന്നു. അതിനാൽ
  • വിശദമായ പ്രക്രിയാ കുറിപ്പുകളും പിന്തുണാ സാമഗ്രികളും തയ്യാറാക്കി (300 പേജ്)
  • ഒരു വിഷയത്തിൽ ( മലയാളം) മാത്രം കേന്ദ്രീകരിച്ചു.
  • തെളിവധിഷ്ഠിതമായി സെഷൻ നയിക്കാൻ തീരുമാനിച്ചു. കുട്ടികളെ വച്ചുള്ള ക്ലാസ്, ആധികാരികരഖകൾ എന്നിവ ഉപയോഗിച്ചു
  • പ്രക്രിയാ ഘട്ടങ്ങളുടെ സൂക്ഷ്മതയിൽ അതീവ ശ്രദ്ധ പുലർത്തി.
  • ഗവേഷണാത്മകമായി കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു
  • SRG, DRG, BRCതല പരിശീലനങ്ങളെ അക്കാദമികമായി എങ്ങനെ പിന്തുണയ്ക്കാമെന്ന് ആലോചിച്ചു. റിസോഴ്സ് പേഴ്സൺസിൻ്റെ വാട്സാപ്പ് കൂട്ടായ്മ  ഓരോ തലം കഴിയുമ്പോഴും വിപുലീകരിച്ചു കൊണ്ടിരുന്നു
  • അവ്യക്തതകൾ, സംശയങ്ങൾ, വിമർശനങ്ങൾ, വിയോജിപ്പുകൾ ,നിർദ്ദേശങ്ങൾ എന്നിവ ഈ വേദികളിൽ ഉന്നയിക്കപ്പെടുകയും ബോധ്യപ്പെടുന്ന തരത്തിൽ വിശദീകര പിന്തുണ നൽകുകയും ചെയ്തു.
  • ഏപ്രിൽ 29 മുതൽ മെയ് അവസാനം വരെ സംസ്ഥാന റിസോഴ്സ് ടീം ഈ കൂട്ടായ്മകളെ സജീവമാക്കി നിറുത്തി. വിനിമയ ചോർച്ചകൾ എന്നിട്ടും ഉണ്ടായി. ഒന്നാം ക്ലാസ് അനുഭവമില്ലാത്ത റിസോഴ്സ് പേഴ്സൺസ് പരിശീലകരായി നിയോഗിക്കപ്പെട്ടതിനാൽ അവരെയും സജ്ജമാക്കേണ്ടി വന്നു.
  • അവധിക്കാല പരിശീലനം തീരാറായപ്പോൾ അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കണം എന്ന നിർദ്ദേശം ഉയർന്നു വന്നു. ജൂൺ മുതൽ മറ്റെല്ലാ പണികളും മാറ്റി വച്ചാൽ മാത്രമേ ഈ വേദികളിൽ ക്രിയാത്മകമായി ഇടപെടാൻ കഴിയൂ. എന്തായാലും തുടരാൻ തീരുമാനിച്ചു
  • ഒന്നാം ക്ലാസിലെ അധ്യാപകരെ ഉൾപ്പെടുത്തി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പുകളും പങ്കാളിത്തവും
  1. ഗവേഷണാത്മക അധ്യാപക വേദി -975
  2. Aഒന്നാനാം കുന്നിന്മേൽ - 1000 
  3. B ഒന്നാനാം കുന്നിന്മേൽ - 1023
  4. C ഒന്നാനാം കുന്നിന്മേൽ - 171
  5. A ഒന്നേ ഒന്നേ- 635
  6. B ഒന്നേ ഒന്നേ _1010
  7. C ഒന്നേ ഒന്നേ -918
  8. ഒന്നാം രാഗം - 521
  9. ഒന്നിച്ചുയരാം - 603
  10. ഒന്നാം മാനം - 517
ആകെ 7373
ആകെ പ്രൈമറി സ്കൂളുകൾ 6817 ആണ്.ഒന്നാം ക്ലാസിൽ പതിനായിരം അധ്യാപകർ ഉണ്ടെന്ന് കണക്കാക്കിയാൽ സംസ്ഥാനത്തെ 70% ത്തോളം അധ്യാപകരാണ് ഈ കൂട്ടായ്മകളിൽ പങ്കാളികളാകാൻ സന്നദ്ധരായത്.
  • തുടർ പിന്തുണ അവർ ആഗ്രഹിക്കുന്നു
  • പരിശീലനം പോസിറ്റീവായ മനോഭാവം സൃഷ്ടിച്ചു
  • ഒന്നാം ക്ലാസിൽ അവർ മുൻ വർഷം വരെ നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആഗ്രഹം
  • ഒരു പങ്കിടൽ വേദിയുടെ അനിവാര്യത
ഈ കൂട്ടായ്മകൾക്ക് പുറമേ ഹലോ അഡ്മിൻ, അനുഭവക്കുറിപ്പുകൾ, പാട്ടുപൂക്കളം, ഒന്നാം ക്ലാസിലെ ഡയറികൾ (2), രചനാ ശില്പശാല, കലവറ ഒന്നാം ക്ലാസ് ,ഒന്നാം ക്ലാസ് രേഖകൾ എന്നിങ്ങനെ ഗ്രൂപ്പുകളും രൂപീകരിച്ചു. 

നവ മാധ്യമഗ്രൂപ്പിലെ പ്രവർത്തനം ഒരു ടേം പൂർത്തീകരിച്ചപ്പോൾ പങ്കാളികളിൽ നിന്നും ഫീഡ്ബാക്ക് ശേഖരിച്ചു. അത് ചുവടെ.

അവരുടെ കണ്ണിലെ തിളക്കം എന്നെ ഏറെ സന്തോഷിപ്പിച്ചു

സർ, 

പറയാതിരിക്കാൻ വയ്യ. ഞങ്ങളുടെ CPTA വെള്ളിയാഴ്ചയായിരുന്നു. രണ്ട് ശില്പശാലകളിൽ പങ്കെടുത്ത് മടങ്ങുമ്പോഴും രക്ഷിതാക്കളിൽ പലരും ചില ആശങ്കകളും സംശയങ്ങളും ബാക്കിയാക്കിയാണ് മടങ്ങിയത്. എന്നാൽ ഇന്നലെ CPTA കഴിഞ്ഞ് പോകുമ്പോഴുള്ള അവരുടെ കണ്ണിലെ തിളക്കം എന്നെ ഏറെ സന്തോഷിപ്പിച്ചു. മുൻപൊന്നും സംയുക്ത ഡയറിയെ കുറിച്ചും സചിത്ര പുസ്തകത്തെപ്പറ്റിയും അഭിപ്രായങ്ങൾ പറയാതിരുന്നവർക്ക് ഇന്നലെ അതെക്കുറിച്ചു ഒത്തിരി പറയാനുണ്ടായിരുന്നു. അവരുടെ സഹായമില്ലാതെ

  • കുട്ടികൾ ഡയറി എഴുതി തുടങ്ങിയതും
  • തിരുത്തലുകൾ ഇഷ്ടപ്പെടാത്തവർ തെളിവെടുത്തു എഴുതുന്നതും
  • നന്നായി ചിത്രം വരയ്ക്കുന്നതും
  • കളർ ചെയ്യുന്നതും...അങ്ങനെ.. അങ്ങനെ..എന്നാൽ എന്നെ ഏറെ ചിന്തിപ്പിച്ചതും ചിരിപ്പിച്ചതും മറ്റൊരു രക്ഷിതാവിന്റെ അഭിപ്രായമായിരുന്നു.

'ഈ സചിത്ര പുസ്തകവും സംയുക്ത ഡയറിയും കുറച്ച് മുന്നേ തുടങ്ങിയിരുന്നെങ്കിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന, ഇപ്പോഴും സ്വന്തമായി വായിക്കാൻ നന്നേ പാടുപെടുന്ന അവരുടെ മുതിർന്ന കുട്ടി എളുപ്പത്തിൽ മെച്ചപ്പെട്ടേനെ എന്ന്.'

അദ്ധ്യാപന രംഗത്ത് തുടക്കക്കാരിയും ഒന്നാം ക്ലാസ്സിൽ മുൻപരിചയവുമില്ലാത്ത ഞാൻ തെല്ല് ആശങ്കയോടെ തന്നെയായിരുന്നു ക്ലാസ്സിലേക്ക് പോയത്.

എന്നാൽ ഇന്ന് എന്റെ കുട്ടികളിലുണ്ടായ മാറ്റവും അവരുടെ രക്ഷിതാക്കളുടെ സന്തോഷവും എന്റെ ആശങ്കളെയെല്ലാം തന്നെ അസ്ഥാനത്താക്കിയിരിക്കുന്നു. 🙏🙏

Sariga C V

GMLPS Ponmundam South

Tanur

Malappuram

2

അക്ഷരമില്ലാതെ ഉയർന്ന ക്ലാസുകളിൽ എത്തുന്ന കുട്ടികൾ എന്നത് ഒരു പഴങ്കഥയാക്കട്ടെ..

പാഠഭാഗവും സചിത്ര പുസ്തകവും സമന്വയിപ്പിക്കുന്നത് വളരെ നന്നായി. 

രൂപീകരണ പാഠത്തിനു ശേഷം പാഠപുസ്തകത്തിലേക്ക് കടക്കുമ്പോൾ വീണ്ടും ആദ്യം മുതൽ എടുക്കുന്നതുപോലെ തോന്നിയിരുന്നു. 

അത് സമയനഷ്ടമല്ലേ? എങ്കിലും പാഠാവതരണവും കുട്ടികളുടെ  വായനയും കഴിഞ്ഞവർഷത്തേക്കാൾ വേഗത്തിൽ ആയി എന്ന് പറയാതെ വയ്യ.  നിർമാണ ഉൽപ്പന്നങ്ങൾ പുസ്തകത്തിൽ ഒട്ടിക്കുന്നത് കുട്ടികൾക്ക്  താല്പര്യ ജനകവും ആകർഷകവും ആണെങ്കിലും അതിന്റെ പങ്ക് ഏറെയും ശില്പശാലയിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് അവകാശപ്പെട്ടതാണ്. നേരെമറിച്ച് ചിത്രം വരയിലും നിറം കൊടുക്കലിലും നമുക്ക് കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്താൻ ആകും.

കുട്ടിയുടെ  മനസ്സിലെ ആശയത്തിനും ഭാവനയ്ക്കും അനുസരിച്ചാണ് അവൻ ചിത്രം വരയ്ക്കുന്നത്. അതുകൊണ്ടുതന്നെ ആശയഗ്രഹണത്തിനും ആശയപ്രകടനത്തിനുമുള്ള സാധ്യത വളരെ കൂടുതലാണ്.

ഓരോ ഫ്രെയിമിന്റെയും പ്രക്രിയ കുറിപ്പ് ലഭ്യമാക്കുന്നത് അധ്യാപകരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ഒരു ഏകീകൃത അധ്യാപന രീതി സാധ്യമാക്കുകയും ചെയ്യും. ഈ കൂട്ടായ്മയും ഒപ്പം നമ്മുടെ ആത്മാർത്ഥതയും അർപ്പണ മനോഭാവവും. അക്ഷരമില്ലാതെ ഉയർന്ന ക്ലാസുകളിൽ എത്തുന്ന കുട്ടികൾ എന്നത് ഒരു പഴങ്കഥയാക്കട്ടെ..

മിനി കെ

കെ എസ് എൽ പി എസ് എം ജി കാവ്


3

രൂപീകരണ പാഠവും പാഠപുസ്തകവും തമ്മിൽ ശരിക്കും ബന്ധപ്പെടുത്തേണ്ട തുണ്ട്

  • മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇക്കൊല്ലം ഒന്നാം ക്ലാസ്സിൽ നടപ്പാക്കിയ ഗവേഷണാത്മക പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതു തന്നെ എന്ന കാര്യത്തിൽ സംശയമില്ല .
  • വായന, ലേഖനം എന്നിവയിൽ ഏറ്റവും ഉയർന്ന തലത്തിൽ കുട്ടികളെ എത്തിക്കാൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട് .

എങ്കിലും 30 ൽ കൂടുതൽ കുട്ടികളുള്ള ഒരു ഒന്നാം ക്ലാസ്സിൽ ഈ രീതിയിലുള്ള പ്രവർത്തനങ്ങളിലൂടെ കടന്നുപോകുക എന്നത് ഒരു അധ്യാപികയെ സംബന്ധിച്ചിടത്തോളം ഭഗീരഥ പ്രയത്നം തന്നെയാണ്. ഇത്തരത്തിലുള്ള ഒരു പഠനരീതി പ്രാവർത്തികമാക്കുമ്പോൾ ഇനിയെങ്കിലും ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണം , പാഠങ്ങളുടെ ബാഹുല്യം എന്നീ പ്രശ്നങ്ങളിൽ  ഉന്നതതലങ്ങളിൽ ചർച്ച നടക്കേണ്ടതും  ഉചിതമായ നടപടികൾ ഉണ്ടാവേണ്ടതും ആകുന്നു.

കുട്ടികൾ കൂടുതലുള്ള ഒരു ക്ലാസ്സിൽ ഒരിക്കലും ഒരു അധ്യാപികയ്ക്ക് റിലാക്സ് ചെയ്തുകൊണ്ട് ആസ്വാദ്യകരമായ അധ്യാപനം സാധ്യമാവുന്നില്ല എന്നത് തുറന്നുപറയാൻ പലരും മടിക്കുന്നു. നമ്മുടെ മുന്നിൽ കുട്ടികൾ ധാരാളം ആണെങ്കിലും ഒരു രക്ഷിതാവ് അവന്റെ ഒന്നാം ക്ലാസുകാരനായ ഒരു കുട്ടിയെയാണ് നമ്മുടെ മുന്നിലേക്ക് അയക്കുന്നത് . ആ കുട്ടിയെ കുറിച്ച് ആ രക്ഷിതാവിനുള്ള പ്രതീക്ഷകൾ വളരെയധികമാണ്.

1️⃣രൂപീകരണ പാഠവും പാഠപുസ്തകവും തമ്മിൽ ശരിക്കും ബന്ധപ്പെടുത്തേണ്ടതുണ്ട് രൂപീകരണ പാഠങ്ങളിലൂടെ വന്ന കഥാനുഭവം അവസാനഘട്ടത്തിൽ എത്തുകയും തുടർന്ന് പാഠത്തിലേക്ക് കടക്കുമ്പോൾ വീണ്ടും ആദ്യം മുതൽ എന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.

ഇത് എങ്ങനെ വേണമെന്ന് പറയാൻ അറിവില്ല. പാഠത്തിൽ നിന്നും രൂപീകരണ പാഠം ഉണ്ടാക്കുക സാധ്യമാണോ?

ഫ്രെയിമുകളെല്ലാം പൂർത്തിയാക്കിയതിനു ശേഷം പാഠം തുടങ്ങുക എന്ന രീതി ശരിയാവുന്നില്ല .തുടക്കം മുതൽ തന്നെ പാഠഭാഗവുമായി പൊരുത്തപ്പെടുത്തി കൊണ്ടു തന്നെ പോകുന്നത് നന്നാവും എന്ന് തോന്നുന്നു.

2️⃣സചിത്ര പുസ്തകത്തിലേയ്ക്ക് ആവശ്യമായ മെറ്റീരിയലുകൾ അത്യാവശ്യം തന്നെയാണ്.എങ്കിലും തുടർച്ചയായുള്ള ശില്പശാലകളും നിർമ്മാണ പ്രവർത്തനങ്ങളും സാധ്യമാവാതെയും വരുന്നു

3️⃣രൂപീകരണ പാഠങ്ങളുടെ ദൈർഘ്യം കുറയ്ക്കാൻ പറ്റില്ലേ ?

4️⃣ വായനാസാമഗ്രികൾ  ലഭ്യമാകണം.ഇത് ഉദ്ദേശിച്ച രീതിയിൽ വിജയം കാണണമെങ്കിൽ വായന ക്ലാസ് റൂമിൽ തന്നെ നടക്കണം എന്നാകുന്നു. കാരണം രക്ഷിതാക്കളുടെ സഹകരണം കുറഞ്ഞുവരുന്നു.

5️⃣, 7️⃣ വായന -  ലേഖന പ്രവർത്തനങ്ങൾ വളരെ നല്ലതാണ്.

8️⃣ഫ്രെയിം തിരിച്ചുള്ള പ്രക്രിയ കുറിപ്പുകൾ വളരെ സഹായകമാണ്.ഇനിയും അങ്ങനെ തന്നെ വേണം എന്നാണ് അഭിപ്രായം. ആത്മവിശ്വാസത്തോടെ ക്ലാസ് എടുക്കാൻ ഇത്തരത്തിലുള്ള പാഠങ്ങൾ വളരെ സഹായിക്കുന്നു

9️⃣കഥകൾ വളരെ താല്പര്യത്തോടെ തന്നെയാണ് കുട്ടികൾ ഏറ്റെടുത്തത് .അത് തുടരുന്നതിൽ സന്തോഷം .

⏸️ഈ കൂട്ടായ്മ തീർച്ചയായും നില നിൽക്കുക തന്നെ വേണം.

ഷീബ ടി എം

ജി എൽ പി എസ് ചാത്തമംഗലം

കോഴിക്കോട്


4

SRG meeting, CRC, BRC... ഇങ്ങനെ കിട്ടിയിരുന്ന അക്കാഡമിക അറിവുകൾ എല്ലാം ഈ കൂട്ടായ്മയിൽ നിന്നു കിട്ടുന്നു

  • രൂപീകരണപാഠങ്ങളിൽ പാഠപുസ്തക അവതരണം എപ്പോൾ എന്ന് വ്യക്തമാക്കിയാൽ നല്ലതാണ്.
  • ഒരു യൂണിറ്റിന് മുന്നോടിയായി ഒരു ശില്പശാല ആകാം.
  • രൂപീകരണ പാഠങ്ങൾ വേണം.
  • വായനാ സാമഗ്രി വളരെ ഫലപ്രദം.
  • ലേഖനപ്രവർത്തനങ്ങൾ ക്ലാസ്സ്‌റൂം സാധ്യതക്കു അനുയോജ്യമായ രീതിയിൽ നടത്താൻ അദ്ധ്യാപകർക്കു കഴിയും.
  • സംയുക്ത ഡയറി നിലവിലുണ്ട്.
  • പുതിയ ലേഖനപ്രവർത്തനവുമാകാം.
  • വായന -വിവിധ ഘട്ടങ്ങൾ വേണം.
  • പ്രക്രിയാകുറിപ്പുകൂടി ഉണ്ടായാൽ വളരെ സന്തോഷം.
  • കഥകൾ തുടരണം.
  • കുട്ടികളുടെ മികവുകൾ പങ്കിടാം.
  • മുൻ വർഷങ്ങളെക്കാൾ വളരെ മെച്ചമാണ്.

SRG meeting, CRC, BRC... ഇങ്ങനെ കിട്ടിയിരുന്ന അക്കാഡമിക അറിവുകൾ എല്ലാം ഈ കൂട്ടായ്മയിൽ നിന്നു കിട്ടുന്നു. കളയിക്കാവിള മുതൽ കാസറഗോഡ് വരെയുള്ള 1ക്ലാസ്സ്‌ അധ്യാപകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഈ കൂട്ടായ്മ DPEP കാലഘട്ടത്തിനു ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച അധ്യാപക കൂട്ടായ്മയാണ്. ദയവായി ഇത് തുടരണം.

Jaya. S, (Teacher)

St. Andrew's Lps.Karumkulam. Neyyattinkara, Tvpm.


5

എല്ലാ അധ്യാപകർക്കും വഴികാട്ടിയായ ഈ കൂട്ടായ്മ നിലനിർത്തണം

പ്രിയപ്പെട്ട കലാധരൻ സാറിനും ടീമിനും.. 🙏        എല്ലാ അധ്യാപകരും ഒന്നടങ്കം  ആത്മസംതൃപ്തിയോടെ കുട്ടികളുടെ മികവിനെ കുറിച്ച് പറയുന്നുണ്ടെങ്കിൽ അവരെ ഇതിന് പ്രാപ്തരാക്കിയത് ഈ കൂട്ടായ്മ ഒന്നു മാത്രമാണ്.

  • ഫ്രെയിം തിരിച്ചുള്ള പ്രക്രിയ കുറിപ്പുകളും കൃത്യമായ നിർദ്ദേശങ്ങളും വായന സാമഗ്രികളും രൂപീകരണ പാഠങ്ങളും ഈ കൂട്ടായ്മയിലൂടെ ലഭ്യമാക്കിയതാണ് ഈ ഗവേഷണാത്മക പ്രോജക്റ്റിന്റെ  വിജയം.
  • യഥാസമയം ഇവയൊന്നും ലഭ്യമല്ലായിരുന്നുവെങ്കിൽ ഈ പ്രോജക്ട് ഒരിക്കലും ലക്ഷ്യം കാണില്ലായിരുന്നു.
  • ഈ രീതി പിന്തുടർന്ന് വന്ന എല്ലാ വിദ്യാലയങ്ങളിലും ഒരു ഏകീകൃത അധ്യയന രീതി കൊണ്ടുവരാൻ ഈ കൂട്ടായ്മയിലെ പങ്കിടൽ കൊണ്ട് സാധ്യമായി.
  • ഈ ഗ്രൂപ്പ് നിർജീവമായാൽ ഇതിലെ ഭൂരിഭാഗം അധ്യാപകരും ഇപ്പോൾ തുടരുന്ന ഈ രീതിയിൽ നിന്ന് പുറകോട്ട് പോകും എന്നതിൽ ഒരു സംശയവും ഇല്ല.
  • അതുകൊണ്ട് എല്ലാ അധ്യാപകർക്കും വഴികാട്ടിയായ ഈ കൂട്ടായ്മ നിലനിർത്തണമെന്ന അഭ്യർത്ഥനയോടെ..

 മിനി കെ,

 കലാസമിതി എൽ പി സ്കൂൾ, എം ജി കാവ്,

 തൃശ്ശൂർ.

6

ആത്മ സംതൃപ്തി തോന്നുന്നു

ഈ വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷ പിന്നീടുമ്പോൾ , വിലയിരുത്തൽ പൂർത്തിയാകുമ്പോൾ ഒരു ആത്മ സംതൃപ്തി തോന്നുന്നു. ഒരു കാലത്ത് ഇംഗ്ലീഷ്, കുട്ടികളെ സംബന്ധിച്ച് ബാലികേറാമല ആയിരുന്നു. അതുപോലെ തന്നെയാണ് ഇന്ന് മലയാളത്തിന്റെ അവസ്ഥ. പക്ഷേ ഈ രീതിയിൽ മുന്നോട്ടു പോയാൽ അതിൽ മാറ്റം വരും എന്നത് ഉറപ്പാണ്. പരീക്ഷ വേളയിൽ പല കുട്ടികളും സ്വയം ചോദ്യങ്ങൾ വായിച്ച് ഉത്തരം എഴുതുന്നത് കണ്ടപ്പോൾ ഒരു ചെറിയ അഭിമാനമൊക്കെ തോന്നി. ഈ രീതിയിലുള്ള പഠനവും ഈ ഗ്രൂപ്പും വളരെ വലിയ രീതിയിൽ ഒരു അധ്യാപിക എന്ന നിലയിൽ എന്നെ ഉയർത്തുന്നതിൽ സ്വാധീനം ചെലുത്തി.

  • രണ്ടാം ടേമിലും ഈ ഒരു support പ്രതീക്ഷിക്കുന്നു.
  • സംശയങ്ങ പരസ്പരം കൈമാറി മാറ്റാനും ഒക്കെ ഈ ഗ്രൂപ്പ് സഹായകമാണ്.

ഈ ടേമിൽ കുഞ്ഞുങ്ങൾക്ക് ചിത്രകഥകൾ പൂർത്തീകരിക്കുവാൻ സാധിക്കുമെന്ന് തോന്നുന്നു അത് പങ്കിടാം. സ്വതന്ത്രവായന കാർഡുകൾ പ്രയോജനം ചെയ്തിരുന്നു. ഈ സഹായം ആവോളം പ്രതീക്ഷിക്കുന്നു

നന്ദി സാറിനും ടീമിനും.

Sreejadevi

Kuttemperoor UPS

Mannar

Chengannoor

Aalappuzha

7

രൂപീകരണപാഠവും പാഠപുസ്തകവും ഒരുമിച്ച് കൊണ്ടുപോകുന്ന രീതിയാണ് നല്ലതെന്ന് തോന്നുന്നു

 സചിത്ര പുസ്തകത്തിലേക്കാവശ്യമായ സാമഗ്രികൾ തയ്യാറാക്കാൻ ശില്പശാലകൾ സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ശില്പശാലകൾ വഴി സാമഗ്രികൾ ഉണ്ടാക്കുകയാണെങ്കിൽ കുട്ടികളുടെ ക്ലാസ്സ്റും പ്രവർത്തനങ്ങൾക്ക് (സചിത്ര പുസ്തകത്തിന്)ഏകീകൃത സ്വഭാവം കൈവരും.

രൂപീകരണ പാഠത്തിൽ പാഠപുസ്തകത്തിലെ വാക്കുകൾക്ക് തെളിവ് പകരുന്ന തരത്തിലായാൽ നന്നാവുകയില്ലേ ( പുസ്തകം ലിങ്ക് ചെയ്യുമ്പോൾ )

വായന സാമഗ്രി അധിക വായനക്ക് ആവശ്യമാണ്

ടീച്ചറെഴുത്ത്, കുട്ടിയെഴുത്ത്, പിന്തുണാ ബുക്കിലെഴുത്ത് ബോർഡെഴുത്ത് ഇങ്ങനെയുള്ള ലേഖന പ്രവർത്തനങ്ങൾ എല്ലാം നല്ലതാണ് പക്ഷേ സമയ പരിമിതി പ്രശ്നമുണ്ടാക്കുന്നു.

സംയുക്ത ഡയറി തുടരാം . രചനോത്സവവും ആകാം

ഒന്നാം യൂണിറ്റ് പോലെ വിശദമായതല്ലെങ്കിലും frame തിരിച്ച് രൂപീകരണ പാഠം നൽകിയാൽ നന്നായിരിക്കും

രക്ഷിതാക്കളുടെയും കുട്ടികളുടെയും അഭിപ്രായങ്ങൾ സ്വീകരിക്കുന്നതും പങ്കു വെക്കുന്നതും അധ്യാപകരായ നമ്മൾക്ക് ഊർജ്ജം നൽകും

നമ്മുടെ ഈ കൂട്ടായ്മ എന്തുകൊണ്ടും നല്ലതാണ്. തുടരണം

  • ഈ വർഷം കുട്ടികൾക്ക് ആദ്യ ടേമിൽ തന്നെ സ്വതന്ത്ര രചനക്ക് അവസരം ലഭിച്ചു. അതും അവർ പരിചയിച്ച അക്ഷരങ്ങളും വാക്കുകളും പ്രയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള പ്രവർത്തനം കൂടിയായപ്പോൾ മക്കൾക്കും സന്തോഷം അധ്യാപകർക്ക് ആശ്വാസവുമായി.

കുട്ടികൾ 25 ൽ കൂടുതലായ ക്ലാസ്സുകളിൽ സമയ പരിമിതി വലിയൊരു പ്രശ്നമാണ്. ഒട്ടിക്കലും എഴുത്തും വരുമ്പോൾ എല്ലാ പ്രക്രിയകളും പൂർത്തീകരിക്കാൻ വിഷമമാണ്. സ്കിപ്പ് ചെയ്ത് പോകുമ്പോൾ മാനസിക വിഷമം അനുഭവപ്പെടുന്നു. അതോടൊപ്പം പിന്നോക്കക്കാരെയും  ചേർത്തുപിടിക്കണം . അങ്ങനെ വരുമ്പോൾ ഭാഷാ പ്രവർത്തനത്തിന് കൂടുതൽ സമയം വേണം. മറ്റു വിഷയങ്ങളുടെ സമയം അപഹരിക്കപ്പെടേണ്ടി വരുന്നു.

മൂന്നാം യൂണിറ്റിൽ കുട്ടികളുടെ സർഗാത്മകപ്രവർത്തനങ്ങൾ (കുട്ടിക്കവിത) പങ്കിടാൻ പറ്റിയാൽ നല്ലതായിരിക്കും

ഉഷാകുമാരി കെ.സി.

ഏര്യം വിദ്യാമിത്രം യുപി സ്കൂൾ

മാടായി സബ് ജില്ല

കണ്ണൂർ


8

ലേഖന പ്രവർത്തനങ്ങൾ അതേ പടി തുടരുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു

രൂപീകരണ പാഠങ്ങൾ കുറേ പിന്നിട്ടതിനു ശേഷം പാഠ ഭാഗത്തേക്ക് കടക്കുന്നതിനു പകരം രണ്ടും തുടക്കത്തിലേ ലിങ്ക് ചെയ്തുകൊണ്ടുപോകുന്ന തരത്തിലായിക്കൂടെ?

ശില്പശാലയിൽ സചിത്ര പുസ്തകത്തിലേക്കാവശ്യമായ സാമഗ്രികൾ തയ്യാറാക്കിയാൽ ക്ലാസ് ഒരു തടസവുമില്ലാതെ കൊണ്ടുപോകാൻ സാധിക്കുമല്ലോ.

ലേഖന പ്രവർത്തനങ്ങൾ അതേ പടി തുടരുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഒരു ദിവസം കുട്ടി സ്വായത്തമാക്കിയ അക്ഷരങ്ങളുടേയും ചിഹ്നങ്ങളുടേയും എഴുത്തു രൂപം പ്രയോഗിക്കാനും അത് ഒന്നുകൂടി മനസിൽഉറപ്പിക്കാനുമുള്ള അവസരമാണല്ലോ ബോർഡെഴുത്ത്. പാദവാർഷിക പരീക്ഷയിൽ അതിന്റെ ഗുണം കാണാനുണ്ട്.

സ്വതന്ത്ര രചനയ്ക്ക് രചനോത്സവം കൂടിയാവാം.

വയനാ പ്രക്രിയ അതുപോലെ തന്നെയാവാം. താളാത്മക വായന ചില സന്ദർഭങ്ങളിൽ ഒഴിവാക്കാമെന്നു തോന്നുന്നു.

രണ്ടാം യൂനിറ്റിൽ ലഭിച്ച പോലെ പൊതു നിർദേശങ്ങൾ ലഭിച്ചാൽ ഒരധ്യാപികയ്ക്ക് പ്രക്രിയാ കുറിപ്പുകൾ തയ്യാറാക്കാവുന്നതേയുള്ളൂ. ഏതെല്ലാം ഘട്ടങ്ങളിലൂടെ കടന്നുപോകണമെന്ന് ഒന്നാം യൂനിറ്റിൽ വ്യക്തമായതാണല്ലോ.

രക്ഷിതാക്കളുടെ പ്രതികരണങ്ങൾ സ്വീകരിക്കുന്നതും പങ്കുവയ്ക്കുന്നതും നല്ലതാണ്. അവരുടെ തൃപ്തിയാണല്ലോ നമ്മുടെ വിജയം. കുട്ടികളുടെ അഭിപ്രായങ്ങളുമാവാം.

കൂട്ടായ്മ എന്നും നല്ലതാണ്. അധ്യാപികയ്ക്ക് സ്വയം വിലയിരുത്താനും മെച്ചപ്പെടാനും തന്റെ കുട്ടികളെ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

മുൻ വർഷത്തേതുമായി തട്ടിച്ചു നോക്കുമ്പോൾ വായനയിലും ലേഖനത്തിലും ഈ രീതി ഒരു പടി മുന്നിൽത്തന്നെ . കുട്ടികൾ ഒഴുക്കോടെ ഭാവാത്മകമായി വായിക്കുന്നു. തെറ്റില്ലാതെ എഴുതുന്നു.

മറ്റു വിഷയങ്ങളുടെ സമയം അപഹരിക്കരുതെന്നു പറഞ്ഞാലും ഭാഷാ പ്രവർത്തനങ്ങൾക്കു വേണ്ടി സമയം അപഹരിക്കപ്പെടുന്നു. ഇതൊരു വലിയ പ്രശ്നമാണ്.

രാധാമണി. സി.വി.

ഐ.എ.എൽ.പി.എസ്. ബേക്കൽ.

ബേക്കൽ സബ് ജില്ല.

കാസറഗോഡ്.


9

അടുത്ത ഘട്ടം സചിത്ര പുസ്തകം സ്വതന്ത്രരചനകളിലേക്ക് മാറണമെന്നാണ് എൻ്റെ അഭിപ്രായം

വളരെ സംതൃപ്തിയോടെ ഒന്നാം ടേം പൂർത്തിയാക്കി. ആത്മനിർവൃതി തന്നെയാണ്. 

കുക്കു, കിറ്റി, മനസ്സ് ,പൂമ്പാറ്റ എന്നൊക്കെ പേരിട്ട് അവർ അവരെ ആവിഷ്ക്കരിച്ച് ഡയറിയെ ഹൃദയത്തോട് ചേർത്തു.

 സ്വന്തമായി തയാറാക്കിയ മഴ രചനകൾ വായനക്കാർഡുകളും

ചിത്രകഥയും ഒക്കെ കുട്ടികളെസ്വതന്ത്ര വായനയിലേക്കും രചനയിലേക്കും സ്വാഭാവികമായി എത്തിച്ചേരാൻ സഹായകമായി.

ഓണം എന്ന ആഘോഷവുമായി ബന്ധപ്പെട്ട പാട്ടുപൂക്കളം മലരും മണവും എന്ന പാഠത്തിലേക്ക് നല്ലൊരു മുന്നൊരുക്കമായി .

വളരെ ആസ്വദിച്ചാണ് അവർ പാട്ടുപൂക്കളം ഏറ്റെടുത്തത്. അടുത്ത ഘട്ടം സചിത്ര പുസ്തകം സ്വതന്ത്രരചനകളിലേക്ക് മാറണമെന്നാണ് എൻ്റെ അഭിപ്രായം. 

ആശയം സ്വയം ചിത്രവും നിർമ്മാണവുമൊക്കെയായി ആവിഷ്ക്കരിക്കട്ടെ.' 

ഈ ഗ്രൂപ്പിൽ സമയാസമയങ്ങളിൽ ലഭ്യമാകുന്ന പിന്തുണ വളരെ വലുതാണ് നന്ദി... 

കലാധരൻ സാർ.🥰🥰 മറ്റ് അദ്ധ്യാപക സുഹൃത്തുക്കൾക്കും.

ആരോഗ്യപരമായ വിമർശനങ്ങളും മാതൃകകളുമൊക്കെയായി നയിക്കുന്ന ടീമിന് നന്ദി

ജയന്തി.മലപ്പുറം


10

സ്വന്തമായി കുട്ടികൾ ചോദ്യങ്ങൾ വായിക്കുന്നു. ഉത്തരം എഴുതുന്നു. ഡയറി എഴുത്ത് കുട്ടിയുടേത് മാത്രമായി എന്നു തന്നെ വേണമെങ്കിൽ പറയാം.

  • ആദ്യം തന്നെ പറയാനാഗ്രഹിക്കുന്നത് മുൻ വർഷവുമായി താരതമ്യം ചെയ്താൽ നേട്ടങ്ങൾ മാത്രമെ സാർ പറയാൻ ഉള്ളൂ.
  • സ്വന്തമായി കുട്ടികൾ ചോദ്യങ്ങൾ വായിക്കുന്നു.
  • ഉത്തരം എഴുതുന്നു.
  • ഡയറി എഴുത്ത് കുട്ടിയുടേത് മാത്രമായി എന്നു തന്നെ വേണമെങ്കിൽ പറയാം.
  • പാoപുസ്തകങ്ങൾ ഇപ്പോൾ ഒരു പ്രശ്നമേയല്ല
  • രൂപീകരണ പാഠങ്ങൾ പാഠ പുസ്തകത്തിലേക്ക് കുട്ടികളെ അതിവേഗത്തിൽ എത്തിക്കുന്നുണ്ട്.
  • മുൻവർഷങ്ങളെ അപേക്ഷിച്ച് ആത്മ സംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ഉയരത്തിലാണ് സാർ.
  • രണ്ടാം ടേമിൽ സ്വതന്ത്രരചന പ്രോത്സാഹിപ്പിക്കാനായി ചിത്രങ്ങളിൽ നിന്നും കുട്ടികൾ കഥകൾ വികസിപ്പിക്കട്ടെ.
  • മൂന്നാം ടേം ആകുമ്പോഴത്തേക്കും കുട്ടി സ്വന്തമായി കഥകൾ എഴുതാൻ പ്രാപ്തരാകും എന്നൊരു വിശ്വാസമുണ്ട്.
  • വായന, ലേഖനം എന്നിവയുടെ ഘട്ടങ്ങൾ രണ്ടാം ടേമിലും തുടരട്ടെ.
  • ഔദ്യോഗിക സംവിധാനത്തെ വിശ്വാസത്തിലെടുക്കുക പ്രയാസമായതിനാൽ ഈ കൂട്ടായ്മ ഇങ്ങനെ തന്നെ തുടരട്ടെ.
  • കുട്ടികൾ എഴുതുന്ന ചിത്രകഥകൾ പതിപ്പാക്കി പൊതുസമൂഹത്തിൽ പങ്കിടാം.
  • കഥകൾ ലഭ്യമാക്കുന്നത് നല്ലതു തന്നെ എങ്കിലും കൊച്ചു പുസ്തകങ്ങളിൽ നിന്നും കുട്ടി അവനിഷ്ടപ്പെട്ടത് വായിക്കുന്നതാകും നല്ലത്.
  • നിർമ്മാണ പ്രവർത്തനവും ശില്പശാലയും ഇതേ രീതിയിൽ തുടരേണ്ടതില്ല.
  • ഫ്രെയിം തിരിച്ച് പ്രക്രിയാ കുറിപ്പുകൾ ആവശ്യമില്ല
  • സ്വതത്ര വായനാ സാമഗ്രികൾ വളരെ നല്ലതായിരുന്നു. കുട്ടികൾ താൽപര്യത്തോടെ  സ്വന്തമായി വായിച്ചിരുന്നു.
  • എന്റെ സ്കൂളിൽ രണ്ടു ഡിവിഷനുകളിലായി 51 കുട്ടികളുണ്ട്. ഇവരിൽ 5 പേരെ വിചാരിച്ച പുരോഗതിയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്ന വിഷമം നിലനിൽക്കുന്നുണ്ടെങ്കിലും ഇത്രയും ആത്മനിർവൃതിയുള്ള ഒന്നാം ടേം ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ചാരിതാ ർത്ഥ്യത്തോടെ പറയട്ടെ. കലാധരൻ സാറിനും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും.

Aruva teacher

HIAUPS Chithari

Bekal

Kasaragod

മുകളിലെ വിലയിരുത്തൽ നൽകിയ തിരിച്ചറിവുകളിൽ നിന്ന് മുന്നോട്ടു വക്കുന്ന നിർദ്ദേശങ്ങൾ

  1. കേരളത്തിലെ അധ്യാപകർക്ക് തുടർച്ചയായ അക്കാദമിക പിന്തുണ ആവശ്യമാണ്. വിഷയാധിഷ്ഠിത നവ മാധ്യമ കൂട്ടായ്മകൾ അക്കാദമിക സംവിധാനങ്ങളുടെ നേതൃത്വത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിക്കാവുന്നതാണ്.
  2. ജില്ലാ പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന കൂട്ടായ്മകളും ഉണ്ടാകണം
  3. ഓരോ യൂണിറ്റിൻ്റെ വിനിമയവും പ്രവർത്തനാധിഷ്ഠിതമായും ഫലമുറപ്പാക്കുന്ന വിധത്തിലും ആക്കി മാറ്റാൻ സഹായകമായ ഇടപെടലുകൾ  നടത്തണം
  4. തെളിവുകൾ ശേഖരിച്ച് പങ്കിടുക പ്രധാനമാണ്.
  5. കോർ ടീം അംഗങ്ങളുടെ ചെറു ഗ്രൂപ്പ് നിരന്തരം അവലോകനം നടത്തണം
  6. ഒരു വർഷത്തെ ഒന്നായി കണ്ടുള്ള പരിശീലന ലക്ഷ്യങ്ങൾ തീരുമാനിക്കണം
  7. ഓരോ ടേമിലേക്കും ലക്ഷ്യം നിർണയിക്കുകയും വേണം .
  8. പുതിയ സാധ്യതകൾ തേടുക എന്നത് ഒരു സംസ്കാരമായി മാറണമെങ്കിൽ സ്വയം വിമർശനത്തിൻ്റെ വിനയം സ്വീകരിക്കണം.

 കുറിപ്പ് 1

ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഒന്നാം ക്ലാസിൽ കാര്യങ്ങൾ ഭംഗിയായി നടക്കുന്നതിന് നിരവധി ഇടപെടലുകൾ ഉണ്ടായി. അതിന് പൂരകമാകും വിധം അക്കാദമിക ധാര സജീവമാക്കി നിറുത്താൻ കഴിയുന്ന ഒരു മാതൃക വികസിച്ചു വരേണ്ടതുണ്ടായിരുന്നു. പ്രായോഗികമായി അത് സാധ്യമാണ്.ഒരു റിസോഴ്സ് ടീമിനെ  TA, DA പരിഗണനയില്ലാതെ സന്നദ്ധ സേവനത്തിന് സജ്ജമാക്കിയാൽ.



 

No comments: