ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, February 20, 2024

അക്ഷരത്തെറ്റുകളുടെ ചരിത്രവും വർത്തമാനവും

കേരളത്തിലെ കുട്ടികളുടെ എഴുത്തും  വായനയുമായി ബന്ധപ്പെട്ട് രണ്ട് വിമര്‍ശനങ്ങൾ ഉണ്ട്.

  • പുതിയപാഠ്യപദ്ധതി വരുന്നതിനു മുമ്പ് തെറ്റില്ലാതെ എഴുതുന്നവരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസമായിരുന്നു ഇവിടെ. പാഠ്യപദ്ധതി പരിഷ്കരിച്ചതിനു ശേഷം എല്ലാം കുളമായി.
  • 1996 നു മുമ്പ്, സ്കൂളില്‍ പോയ എല്ലാവരും എഴുത്തും വായനയും പഠിച്ചുറച്ചവരായിരുന്നു. 1996 നു ശേഷം നിരക്ഷരരെയാണ് വിദ്യാഭ്യാസം എന്നപേരില്‍ രൂപപ്പെടുത്തിയത്.
ഈ രണ്ടു നിരീക്ഷണങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്.  ഇത്തരം വാദങ്ങളെ സമീപിക്കേണ്ടത്  തര്‍ക്കത്തിന്റെ തലത്തിലാകരുത് . സംവാദതലത്തിലാകണം. സംവാദം വസ്തുതകള്‍ പരിശോധിച്ചു നടക്കുന്ന പ്രക്രിയയാണ്.  തിരുത്താനും തിരിച്ചറിവിലേക്ക് പോകാനും സഹായകമാകണം. മുന്‍വിധികളേക്കാള്‍ തെളിവുകള്‍ ആധാരമാകണം. അങ്ങനെ തെളിവുകള്‍ മുന്നോട്ടുവെക്കുമ്പോള്‍ ആധികാരികരേഖകളെ ആശ്രയിക്കുന്നതാകും ഉചിതം. 


അക്ഷരത്തെറ്റുകള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന് മുമ്പ് ഉണ്ടായിരുന്നുവോ
എന്നതാണ് ആദ്യം ചര്‍ച്ച ചെയ്യുന്നത്.

1953 ല്‍ പി ഐ ഇട്ടി കോട്ടയത്തുനിന്നും പ്രസിദ്ധീകരിച്ച തീയറി ആന്‍ഡ് പ്രൈമറി മെഥേഡ് എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ 65 അധ്യായങ്ങളുണ്ട്.  സ്കൂള്‍ മാസ്റ്റര്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് മാത്യു എം കുഴിവേലിയുടെ അനുമതിയോടെ ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഒന്നാം അധ്യായത്തിന്റെ  ശീര്‍ഷകം അക്ഷരത്തെറ്റുകള്‍ എന്നാണ്. ഈ ലേഖനത്തില്‍ മാത്യു എം കുഴിവേലി പറയുന്നത് നോക്കുക-

"മഹാപണ്ഡിതന്മാരും ബിരുദധാരികളും ആയിട്ടുളള മാന്യന്മാരുടെ എഴുത്തില്‍ അക്ഷരത്തെറ്റുകള്‍ സ്ഥലം പിടിക്കുന്നത് അഭിമാനഭഞ്ജകം തന്നെയാണ്. അച്ചടിക്കുന്ന പുസ്തകങ്ങളിലും വിശിഷ്യ പാഠപുസ്തകങ്ങളിലും അച്ചടിപ്പിശാചുകള്‍ കടന്നുകൂടി ചെയ്യുന്ന വിക്രിയകള്‍ ഒരിക്കലും ക്ഷന്തവ്യമല്ല. വിദ്യാലയങ്ങളില്‍‍ കുട്ടികള്‍ രചിക്കുന്ന ഉപന്യാസങ്ങളും എഴുതിവെക്കുന്ന നോട്ടുകളും മാത്രം ഈ പിശാചിന്റെ വിഹാരരംഗമായിരിക്കുന്നു എങ്കില്‍ (വഹാരരംഗമെന്നാണ് അച്ചടിക്കപ്പെട്ടത് എന്നത് കൗതുകകരം) സാധുക്കളായ അധ്യാപകന്മാര്‍ മാത്രം വിഷമിച്ചാല്‍ മതിയായിരുന്നു. ഇംഗ്ലീഷില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച പലര്‍ക്കും മലയാളത്തില്‍ എഴുതുമ്പോള്‍ ഉണ്ടാകുന്ന അക്ഷരത്തെറ്റുകളെപ്പറ്റി ഗൗനിപ്പേയില്ല.

അക്ഷരത്തെറ്റു നിശ്ചയമായും ലജ്ജാവഹമായ ഒരു തെറ്റുതന്നെയാണെന്നുളളതിന് സംശയമില്ല. നമ്മുടെ ഭാഷയിലെ ഈ തെറ്റിനു പ്രധാനമായി പഴിക്കേണ്ടത് നമ്മുടെ അധ്യാപകരെയുമാണ്.”

ഇതേ പുസ്തകത്തില്‍ ഒമ്പതാം അധ്യായത്തിലെ വിഷയമാണ് ബാലപഠനക്ലാസ്. ഒന്നാം ക്ലാസിനെ കേന്ദ്രികരിച്ചാണ് ചര്‍ച്ച. "എഴുത്തുകളരികളില്‍ ഒരു കൊല്ലം പഠിച്ച് അക്ഷരാഭ്യാസം കഴിഞ്ഞിട്ട് ഒന്നാം ക്ലാസില്‍ ചേരുന്നവര്‍ പ്രായേണ ആ ക്ലാസ് വിഷമം കൂടെത കടന്നുകൂടുകയും  ഒന്നാം ക്ലാസില്‍ വന്നതിനുശേഷം ഹരിശ്രീ എന്നു തുടങ്ങുന്നവരുടെ പുരോഗതി സാമാന്യമായി പറയുന്ന പക്ഷം വളരെ അതൃപ്തികരമായി കണ്ടുവരികയാണ് ചെയ്തുവരുന്നത്. നിലത്തെഴുത്ത് പഠിച്ചിട്ട് ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നതാണ് നല്ലതെന്ന ജനബോധവും സാധാരണയായിട്ടുണ്ട്. തന്‍മൂലം ഒന്നാം ക്ലാസില്‍ വരുന്ന കുട്ടികള്‍ രണ്ടു തരക്കാരായിട്ടാണ് കണ്ടുവരുന്നത്. ഇപ്രകാരം രണ്ടു തരക്കാരെ ചേര്‍ത്ത് ക്ലാസ്  ശരിയായി മുന്നോട്ടു കൊണ്ടുപോകുക പ്രയാസമാണ്. അതിന് ഏതെങ്കിലും പ്രായോഗികവും കാര്യക്ഷവുമായ ഒരു പദ്ധതി അവലംബിക്കേണ്ടതാണ്.... ഇപ്പോഴത്തെ നമ്മുടെ ഒന്നാം ക്ലാസിലെ അധ്യാപനസമ്പ്രദായം വളരെയധികം പരിഷ്കരിക്കേണ്ടിയിരിക്കുന്നു. അതിനൊന്നാമതായി ചെയ്യേണ്ടത് സ്കൂളിലെ ഏറ്റവും സമര്‍ഥനായ അധ്യാപകനെ ഒന്നാം ക്ലാസിന്റെ ചാര്‍ജ് ഏല്‍പ്പിക്കുകയാണ്. ഭാഷാഭ്യസനത്തിന്റെ പ്രധാനതത്വങ്ങള്‍ ശരിയായി അറിയാവുന്ന ആളും അവയെ സന്ദര്‍ഭാനുസരണം പ്രയോഗിക്കാന്‍ ശേഷിയുളള ആളും ആയിരിക്കണം ഒന്നാം ക്ലാസില്‍ പഠിപ്പിക്കേണ്ടത്.”

കരുമാടി കെ രാമകൃഷ്ണപ്പണിക്കര്‍ നാട്ടുഭാഷാബോധനത്തിന്റെ ചില വശങ്ങള്‍  ( പേജ്433)  എന്ന കുറിപ്പില്‍ മാതൃഭാഷാപഠനത്തിലെ ശോച്യാവസ്ഥ വിവരിക്കുന്നു. "നാട്ടുഭാഷാമുഖ്യപരീക്ഷയ്ക്ക് ചേരുന്ന ഇന്നത്തെ വിദ്യാര്‍ഥികളില്‍ അധികംപേരും വ്യാകരണത്തെറ്റില്ലാതെ നല്ല വാക്യങ്ങളെഴുതാന്‍ ശരിയായ ത്രാണിയില്ലാത്തവരാണെന്ന് അനുഭവസ്ഥരെ പറഞ്ഞറിയിക്കേണ്ടതില്ല. അതിലും ദയനീയമാണ് ഏഴാം ക്ലാസിലെ കുട്ടികളുടെ കഥ. മാതൃഭാഷയായ മലയാളം ശരിയാംവണ്ണം എഴുതാന്‍പോലും നമ്മുടെ വിദ്യാര്‍ഥികള്‍ക്കു കഴിവില്ലാതെ വന്നാല്‍ ഇന്നത്തെ ഭാഷാബോധനത്തിനു സ്ഥായിയായ ചില കുറ്റങ്ങളും കുറവുകളുമുണ്ടെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ലല്ലോ.”


 ഈ മൂന്നു കുറിപ്പുകള്‍ വായിച്ചാല്‍ അമ്പതുകളില്‍ നിലനിന്നിരുന്ന മലയാളപഠനം അത്രമികച്ചതായിരുന്നു എന്ന നിഗമനത്തിലെത്താന്‍ കഴിയില്ല. അക്ഷരത്തെറ്റ് പ്രധാനപ്രശ്നമായിരുന്നു. അത് ദയനീയവുമായിരുന്നു. പഠിപ്പിക്കുന്ന അധ്യാപകരെ പ്രതിസ്ഥാനത്ത് നിറുത്താനാണ് ശ്രമം. രീതിക്ക് കുഴപ്പമൊന്നുമവർ കാണുന്നില്ല.


അക്കാലത്ത് പഠിച്ചുയര്‍ന്ന ചിലര്‍ എല്ലാവരും പണ്ട് തങ്ങളെപ്പോലെ എഴുതാനും വായിക്കാനും കഴിവുനേടി എന്ന് സ്വയം ഉദാഹരിച്ച് സമര്‍ഥിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. വിദ്യാഭ്യാസ ചര്‍ച്ചകള്‍ സജീവമായി നടത്തിയ സ്കൂള്‍ മാസ്റ്റര്‍  പോലുളള പ്രസിദ്ധീകരണങ്ങള്‍ പ്രശ്നങ്ങളെ മാറിനിന്നു നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ശ്രമിച്ചിട്ടുണ്ട്.  അതായത് പുതിയപാഠ്യപദ്ധതിയുടെ ഉല്പന്നമാണ് അക്ഷരത്തെറ്റ് എന്ന വാദം നിലനില്‍ക്കില്ല


പത്താംക്ലാസ് തെറ്റുകള്‍

നീലമ്പേരൂര്‍ രാമകൃഷ്ണന്‍ നായര്‍ രചിച്ച മാതൃഭാഷാധ്യാപനം പ്രൈമറി ക്ലാസുകളില്‍ (1981) എന്ന പുസ്തകത്തിലെ പരാമര്‍ശം പത്താംക്ലാസുകാരെക്കുറിച്ചാണ്. "മൂന്നു നാലു വര്‍ഷം മുമ്പുളള എസ് എസ് എല്‍ സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നോക്കിയ പ്രധാനപരീക്ഷകരുടെ റിപ്പോര്‍‍ട്ടുകളില്‍ വിദ്യാര്‍ഥികള്‍ ദീര്‍ഘ വിരോധികളാണെന്നു പറഞ്ഞിരുന്നു. പാറ എന്നുച്ചരിച്ചുകൊണ്ട് കുട്ടികള്‍ പറ എന്നെഴുതുന്നു.”(പേജ്24)

അതെ പത്തുവര്‍ഷം പഠിച്ചിട്ടും ചിഹ്നങ്ങള്‍ നേരെ ചൊവ്വെ ചേര്‍ക്കാന്‍ കഴിയാത്തവരുണ്ട് എണ്‍പതുകളില്‍  എന്നല്ലേ ഇതിനര്‍ഥം? 


വിദ്യാലയ നിരക്ഷരത

ഇനി രണ്ടാമത്തെ വിമര്‍ശനത്തിലേക്ക് വരാം.  1996 നു ശേഷം നിരക്ഷരരെയാണ് വിദ്യാഭ്യാസം എന്ന പേരില്‍ രൂപപ്പെടുത്തിയതെന്നു പറയുമ്പോള്‍ അതിനു മുമ്പുള്ള അവസ്ഥ ശോഭനമായിരുന്നെന്നും കുറ്റമറ്റ ആ സമ്പ്രദായത്തെ പൊളിച്ചടുക്കുകയാണ് പാഠ്യപദ്ധതി പരിഷ്കരണമെന്നും സൂചനയുണ്ട്. 


കേരളശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച അക്ഷരവേദി കൈപ്പുസ്തകം( 1989) ആമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ വിദ്യാലയനിരക്ഷരത എണ്‍പതുകളില്‍ വളരെ രൂക്ഷമായിരുന്നു എന്നു വ്യക്തമാക്കുന്നു.

"നമ്മുടെ പ്രൈമറി വിദ്യാലയങ്ങളില്‍ പഠിക്കുന്ന വലിയൊരു ശതമാനം  അക്ഷരജ്ഞാനം ഇല്ലാത്തവരാണ് എന്നറിയുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും. പക്ഷേ സത്യമതാണ്. കഴിഞ്ഞ മൂന്നു നാലു വര്‍ഷമായി ഈ പ്രശ്നം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരുടെ സജീവശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ പ്രൈമറി വിദ്യാലയങ്ങളിലാണ് ഈ പ്രശ്നം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്. ..വിദ്യാലയങ്ങളില്‍ നിരക്ഷരര്‍ വളരുന്ന ഈ അപകടകരമായ സാഹചര്യത്തെ നേരിടുന്നതിനായി പരിഷത്ത് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്ന ഒരു പരിപാടിയാണ് അക്ഷരവേദി "

മുപ്പത് ശതമാനം നിരക്ഷരര്‍

1990ല്‍ കേരളശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച നിരക്ഷരത വിദ്യാലയങ്ങളില്‍ എന്ന  ലഘുലേഖയില്‍ കണക്കുകള്‍ നല്‍കിയിട്ടുണ്ട്. അവ പ്രസിദ്ധീകരിച്ച് ആറ് വര്‍ഷത്തിനു ശേഷമാണ് പുതിയ പാഠ്യപദ്ധതി കേരളത്തില്‍ നടപ്പിലായത്. അതിനാല്‍ത്തന്നെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളിലെ ഭാഷാപഠനനിലവാരം പുതിയപാഠ്യപദ്ധതിക്ക് മുമ്പ് എന്തായിരുന്നുവെന്ന് കൃത്യമായ ധാരണനല്‍കാന്‍ അവ പര്യാപ്തമാണ്. ലഘുലേഖയില്‍ ഇങ്ങനെ പറയുന്നു -

"തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളില്‍ മൂന്നു മുതല്‍ ഏഴുവരെ സ്റ്റാന്‍ഡേര്‍ഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ 1989 ജൂണ്‍ പതിനാലാം തീയതി അധ്യാപകരുടെ സഹായത്തോടെ പരിഷത്ത് നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്  നമ്മുടെ സാധാരണ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ മുപ്പതുശതമാനത്തിലേറെപ്പേര്‍ക്ക്  മലയാളം പോലും എഴുതാനും വായിക്കാനും അറിയുകയില്ലെന്നാണ്. 397 വിദ്യാലയങ്ങളില്‍ നിന്നായി 64668  വിദ്യാര്‍ഥികളാണ് സര്‍വേയില്‍ പങ്കെടുത്തത്. ലളിതമായ ഇരുപതു വാക്കുകള്‍ കേട്ടെഴുത്ത് നടത്തിയതില്‍ പകുതി വാക്കുകള്‍ പോലും എഴുതാന്‍ കഴിയാതിരുന്നവരുടെ എണ്ണം 24773 ആയിരുന്നു. അതായത് 38.3%.  പൂജ്യം മുതല്‍ ഏഴു വരെ മാര്‍ക്കു ലഭിച്ചവരുടെ എണ്ണം 17605 ( 27.2%) .ഇതില്‍ ഭൂരിപക്ഷവും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികളായിരുന്നുവെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. ഈ വര്‍ഷം മറ്റു പലജില്ലകളിലും നടത്തിയ സര്‍വേയും കാണിക്കുന്നത് സ്ഥിതി ഏറെക്കുറെ ഒന്നുതന്നെയാണെന്നാണ്"

പട്ടിക നോക്കുക.


അക്ഷരവേദി സര്‍വേ -1989, തിരുവനന്തപുരം ജില്ല

ക്രമനമ്പര്‍

സബ് ജില്ല

ആകെ സ്കൂളുകള്‍

പരീക്ഷ നടന്ന സ്കൂളുകള്‍

പങ്കെടുത്ത കുട്ടികള്‍

0-7 മാര്‍ക്ക് ലഭിച്ചവര്‍


0-10 മാര്‍ക്ക് ലഭിച്ചവര്

1

തിരുവനന്തപുരം നോര്‍ത്ത്

62

33

6644

1128

16.9

1802

2

തിരുവനന്തപുരം സൗത്ത്

58

29

6128

1093

17.8

1623

3

കണിയാപുരം

65

37

6977

2132

30.5

3118

4

പാറശാല

55

27

3671

1092

29.7

1526

5

നെയ്യാറ്റിന്‍കര

54

15

1837

571

31

775

6

ബാലരാമപുരം

55

31

5011

1381

27.5

1960

7

കാട്ടാക്കട

67

27

4892

1354

27.6

1893

8

ആറ്റിങ്ങല്‍

77

25

4105

924

22.5

1256

9

വര്‍ക്കല

58

49

7655

2369

30.9

3183

10

കിളിമാനൂര്‍

64

51

7650

2144

28

2957

11

പാലോട്

67

36

4265

1620

37.9

2126

12

നെടുമങ്ങാട്

63

37

5833

1797

30.8

2554

ആകെ

745

226

64668

17605

27.2

24773

No comments: