ക്ലാസ് : ഒന്ന്
യൂണിറ്റ് : 1
പാഠത്തിന്റെ പേര് : പറവ പാറി
ടീച്ചര്‍ : ദിവ്യ സി,
എ യു പി എസ് പാലക്കോട്, പാലക്കാട്
കുട്ടികളുടെ എണ്ണം : ……...
ഹാജരായവര്‍ : ……...
തീയതി : …./06/2025
പിരീഡ് ഒന്ന് |
പാഠാവലോകനവും പിന്തുണയും
പ്രവര്‍ത്തനം 39: വായനപാഠവും പിന്തുണയും
പ്രതീക്ഷിത സമയം: 40 മിനുട്ട്
• മുന്‍ ദിവസങ്ങളില്‍ നല്‍കിയ വായനപാഠങ്ങള്‍ അടുക്കിവെയ്കുന്നു. ഓരോരുത്തരായി വന്ന് ഒന്നെടുത്ത് വായിക്കുന്നു ( ലാമിനേറ്റ് ചെയ്തതോ പ്രിന്റെടുത്തതോ എഴുതിയതോ ആയ വായനക്കാര്‍ഡുകള്‍ 20 മിനുട്ട്)
|
|
|
|
|
|
ചാര്‍ട്ട് വായന- ചാര്‍ട്ടുകള്‍ ക്രമീകരിച്ച് പ്രദര്‍ശിപ്പിക്കുന്നു. പഠനക്കൂട്ടങ്ങളായി വന്ന് വായിക്കുന്നു. ചങ്ങലവായനയുടെ രീതി. 20 മിനുട്ട് |
പിരീഡ് രണ്ട് |
പ്രവര്‍ത്തനം 40: ബോര്‍ഡെഴുത്ത് (20 മിനുട്ട്)
അക്ഷരബോധ്യ പുരോഗതിച്ചാർട്ടിൻ്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ സവിശേഷ സഹായം ആവശ്യമായ കുട്ടികള്‍ക്ക് അവസരം
പാഠപുസ്തകത്തിലെയോ വായനക്കാര്‍ഡുകളിലെയോ രണ്ട് വരികള്‍ എഴുതണം
പഠനക്കൂട്ടങ്ങളുടെ പ്രതിനിധികളായാണ് വരേണ്ടത്
എഴുതുമ്പോള്‍ സഹായം ആവശ്യമുണ്ടെങ്കില്‍ പഠനക്കൂട്ടങ്ങള്‍ക്ക് നല്‍കാം. എഡിറ്റിംഗിന്റെ രീതി ഉപയോഗിക്കണം.
ടീച്ചറും ഇടപെടണം
ശരിയായി എഴുതിവര്‍ക്ക് പഠനക്കൂട്ടങ്ങള്‍ സ്റ്റാര്‍ വരച്ച് നല്‍കണം.
പ്രവര്‍ത്തനം 41: ചാര്‍ട്ടെഴുത്ത്, കൂട്ടെഴുത്ത് (20 മിനുട്ട്)
ഓരോ പഠനക്കൂട്ടത്തിനും ചാര്‍ട്ടിന്റെ കാല്‍ ഭാഗവും സ്കെച്ച് പേനയും നല്‍കുന്നു.
തനതിന തനതിന ലത പാടി എന്ന വായനപാഠം ശ്രദ്ധയില്‍പെടുത്തുന്നു. അതിലെ വരികള്‍ പാടിക്കുന്നു
അതിലെ കുട്ടികളുടെ പേര് മാറ്റണം. ലത എന്നതിന് പകരം ലതിക എന്നാക്കണം. ചുവടെയുള്ള വരികള്‍ കിട്ടിയ ചാര്‍ട്ടില്‍ എഴുതണം. ഓരോ വരി ഓരോരുത്തര്‍ വീതം എഴുതണം. പസപ്രം സഹായിക്കാം. ഘടനപാലിച്ച് എഴുതണം. വരി ചരിഞ്ഞ് പോകാതിരിക്കാന്‍ പെന്‍സിലും സ്കെയിലും വച്ച് വരയിട്ടശേഷം എഴുതാം ( പരിചയപ്പെട്ട ത, ന, പ, റ, വ, ക, ല എന്നീ അക്ഷരങ്ങളും ആ, ഇ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങളും വരുന്ന രചനാപാഠമാണ്)
തനതിന പാടി
ലതിക പാടി
ലാ ലാ ലാ
കലപില പാടി
പറവ പാടി
ലാ ലാ ലാ
എഴുതിയ ശേഷം ചിത്രം വരയ്കണം. ചിത്രത്തിന് നിറവും നല്‍കണം. രചന മോണിറ്റര്‍ ചെയ്യണം. കുട്ടികള്‍ എഴുതുമ്പോള്‍ തെറ്റ് വന്നാല്‍ ഒരുവെട്ട് നല്‍കിയോ വട്ടം വരച്ചോ അടുത്ത് ശരിയായി എഴുതുന്ന രീതി പരിശീലിപ്പിക്കണം. എഴുതിയ ചാര്‍ട്ടുകള്‍ ഓരോ പഠനക്കൂട്ടവും പ്രദര്‍ശിപ്പിക്കണം. വായിക്കണം. വായന ചങ്ങലവായന രീതിയിലാകണം.
പിരീഡ് മൂന്ന് |
പ്രവര്‍ത്തനം 42: പക്ഷികളെപ്പറ്റിപ്പറയാം (30 മിനുട്ട്)
മുട്ട നിരീക്ഷണം, മുട്ടപ്പരീക്ഷണം, പക്ഷിനിരീക്ഷണം, പക്ഷിച്ചിത്ര ആല്‍ബനിര്‍മ്മാണം, പക്ഷിക്കൂട്ടില്‍ മുട്ടവയ്കാം, പക്ഷിക്കടങ്കഥാനിര്‍മ്മാണം, മഞ്ഞക്കിളി നിര്‍മ്മാണം എന്നിവ നടത്തിയതിനെക്കുറിച്ച് കുട്ടികള്‍ വിലയിരുത്തി പറയുന്നു
ഏത് പ്രവര്‍ത്തനമാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്? എന്താണ് കാരണം?
ഏതെങ്കിലും ഒരു പ്രവര്‍ത്തനം ചെയ്ത രീതി ക്രമത്തില്‍ പറയാമോ? (ആശയച്ചോര്‍ച്ചയില്ലാതെ സദസ്സിന് മുമ്പാകെ വാചികമായി അവതരണം നടത്തുന്നതിനുള്ള ശേഷി)
പക്ഷിച്ചിത്രങ്ങളുടെ കാര്‍ഡ് എടുത്ത് ഓരോ പക്ഷിയെക്കുറിച്ചും നാലോ അഞ്ചോ കാര്യങ്ങള്‍ വീതം പറയല്‍
പിരീഡ് നാല് |
പ്രവര്‍ത്തനം 43: പാട്ടരങ്ങ്, ആവിഷ്കാരം
പാഠത്തില്‍ പരിചയപ്പെട്ട പാട്ടുകള്‍ ഏതെല്ലാമാണ്? ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നു
അതില്‍ ഇഷ്ടപ്പെട്ട പാട്ട് ഏതാണ്?
സന്നദ്ധതയുള്ളവര്‍ക്ക് പാടാം. ഒറ്റയ്കോ സംഘമായോ. വരികള്‍ ഓര്‍ക്കുന്നത് മാത്രം പാടിയാല്‍ മതി
ടീച്ചറും കുട്ടികളും ഒത്തുപാടുന്നു
ദേശാടകരാം കിളികലൊരിക്കല്‍ എന്ന പാട്ട് അവതരിപ്പിച്ച ശേഷം കഥ പറയിക്കണം. പാഠപുസ്തകത്തിന്റെ അവസാനത്തെ വായനപാഠത്തിലുള്ള ചിത്രവും പറവ പാറി എന്ന ചിത്രവും താരതമ്യം ചെയ്യാം. പക്ഷികളുടെ ഭാവത്തില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ? കാരണം എന്തായിരിക്കും? കണ്ടെത്തിപ്പറയട്ടെ.
പാട്ടുകള്‍
ചിറകടിച്ച് ചിറകടിച്ച് വരികയാണ് പറവകൾ. ഇടത്തേക്ക് വരികയാണ് ചിറകടിച്ച് പറവകൾ വലത്തേക്ക് വരികയാണ് ചിറകടിച്ച് പറവകൾ ഉയർന്നുപാറി വരികയാണ് ചിറകടിച്ച് പറവകൾ താഴ്ന്നു പാറി വരികയാണ് ചിറകടിച്ച് പറവകൾ മലകടന്ന് പുഴകടന്ന് വരികയാണ് പറവകൾ. |
കാക്കയ്ക്കുണ്ടൊരു കുപ്പായം കറുത്ത കുപ്പായം തത്തയ്കുണ്ടൊരു കുപ്പായം പച്ചക്കുപ്പായം പൊന്മാനുണ്ടൊരു കുപ്പായം .........ക്കുപ്പായം. മൈനയ്കുണ്ടൊരു കുപ്പായം ........ക്കുപ്പായം. മൂങ്ങയ്കുണ്ടൊരു കുപ്പായം പുള്ളിക്കുപ്പായം. |
|
പാടി വിളിച്ചാല്‍ പാറി വരും കിളിയുടെ പാട്ടുകളറിയാമോ? കിളിയില്‍ മഞ്ഞക്കിളിയുണ്ട് വാഴക്കിളിയും രാക്കിളിയും ആറ്റക്കുരുവി രാക്കുരുവി പാടക്കുരുവി തീക്കുരുവി ................................................... ................................................... പാടി വിളിച്ചാല്‍ പാറി വരും കിളിയുടെ പാട്ടുകള്‍ പാടാമോ? ചിറകുകള്‍ വീശിയടിക്കാമോ? കിളിയെപ്പോലെ ചിലയ്കാമോ? നക്ഷത്രങ്ങള്‍ തൊട്ടുതലോടി വാനിലുയര്‍ന്നു പറക്കാമോ? |
ചിറകടിച്ച് ചിറകടിച്ച് തളര്‍ന്നുപോയി പറവകൾ. ഇടത്തേക്ക് ചിറകടിച്ച് തളര്‍ന്നുപോയി പറവകൾ വലത്തേക്ക് ചിറകടിച്ച് തളര്‍ന്നുപോയി പറവകൾ ഉയർന്നുപാറി ചിറകടിച്ച് തളര്‍ന്നുപോയി പറവകൾ താഴ്ന്നു പാറി ചിറകടിച്ച് തളര്‍ന്നുപോയി പറവകൾ മലകടന്ന് പുഴകടന്ന് വരികയാണ് പറവകൾ. |
ദേശാടകരാം കിളികളൊരിക്കല്‍ വിരുന്നു വന്നു, നാട്ടില്‍ വിശന്നുവന്നവര്‍ ദാഹിക്കുന്നവര്‍ തളര്‍ന്നിറങ്ങീ നാട്ടില്‍.. മധുരിക്കുന്ന പഴങ്ങള്‍ നല്കി മരങ്ങളവരെ വിളിച്ചു തണുത്തകാറ്റില്‍ ഇലകള്‍ മുക്കി ചില്ലകളവരേ വീശി നാട്ടുകിളികളില്‍ ചിലരിതു കണ്ട് കലപില കൂട്ടാനെത്തീ പരദേശികളാം പറവകളിവിടെ ചേക്കേറരുതെന്നായി... തളര്‍ന്ന കിളികള്‍ ചിറകും വീശി പറന്നു പൊങ്ങാന്‍ നില്‍ക്കെ മറ്റൊരു കൂട്ടം കിളികള്‍ സ്‌നേഹം പകര്‍ന്നു നല്കാനെത്തീ ദേശമതേതായാലും നമ്മള്‍ പറവകളെന്നതു നേര് |
ടീച്ചര്‍ പാടാം രംഗാവിഷ്കാരം നടത്താമോ? ഗ്രൂപ്പുകള്‍ നിര്‍ദ്ദേശിക്കുന്ന പാട്ട് ടീച്ചര്‍ പാടുന്നു. ഗ്രൂപ്പ് അത് ആവിഷ്കരിക്കുന്നു.
പ്രവര്‍ത്തനം 44: രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയുള്ള യൂണിറ്റ് അവലോകനം- മുന്നൊരുക്കം
ക്ലാസ് പി ടി എയിലേക്ക് ഏതെല്ലാം?
അടുത്ത ക്ലാസ് പി ടി എയില്‍ ഈ പാഠത്തില്‍ പഠിച്ച ഏതെല്ലാം കാര്യങ്ങള്‍ അവതരിപ്പിക്കണം? കുട്ടികളുടെ അഭിപ്രായം തേടുന്നു.
അതില്‍ ഏതെല്ലാം കുട്ടികള്‍ അവതരിപ്പിക്കണം? മുന്‍ഗണന നിശ്ചയിക്കുന്നു.
ആരൊക്കെ അവതരിപ്പിക്കും?
ആരെ വിളിച്ചാലും ചെയ്തുകാണിക്കാവുന്ന ഇനങ്ങളേതെല്ലാം?
ചുമതലപ്പെടുത്തല്‍
കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരെ സഹായിക്കുന്നതിനുള്ള അവസരം കൂടിയായി കുട്ടിക്കൂട്ടങ്ങളുടെ തയ്യാറെടുപ്പ് മാറണം.
അനുബന്ധം
രക്ഷിതാക്കളുമായി യൂണിറ്റ് അവലോകനം നടത്തുന്നതിന് മൂന്ന് രീതികള്‍
ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ റിപ്പോര്‍ട്ട് പങ്കിട്ട് രക്ഷിതാക്കളുടെ പ്രതികരണങ്ങള്‍ ശേഖരിക്കും
മുഖാമുഖ ക്ലാസ് പി ടി എ ( ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിട്ടവയിലെ പ്രധാനകാര്യങ്ങള്‍ കുട്ടികളുടെ പ്രകടനങ്ങളും പഠനത്തെളിവുകളും സഹിതം അവതരിപ്പിക്കും)
ഓണ്‍ലൈന്‍ ക്ലാസ് പി ടി എ ( പാഠാവലോകനവും ചര്‍ച്ചയും)
ക്ലാസ് പി ടി എയില്‍ അവതരിപ്പിക്കുന്ന അവലോകനറിപ്പോര്‍ട്ടില്‍ പരിഗണിക്കേണ്ടവ
എത്ര പ്രവര്‍ത്തനങ്ങളാണ് ഒന്നാം പാഠത്തിന്റെ ഭാഗമായി ചെയ്തത്?
എത്ര അക്ഷരങ്ങളും ചിഹ്നങ്ങളും പരിചയപ്പെടുത്തി?
കുഞ്ഞെഴുത്തിലെ രേഖപ്പെടുത്തല്‍ എല്ലാം പൂര്‍ത്തിയാക്കിയവരുടെ എണ്ണം
എത്ര വായനക്കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കി?
എത്ര കുട്ടികള്‍ അവ വീടുകളില്‍ വച്ച് വായിച്ചു?
എത്ര കഥപുസ്തകങ്ങള്‍ രക്ഷിതാക്കള്‍ വായിച്ചുകേള്‍പ്പിച്ചു?
എത്ര കഥകള്‍ കുട്ടികള്‍ ക്ലാസില്‍ അവതരിപ്പിച്ചു?
ക്ലാസില്‍ എത്ര രംഗാവിഷ്കാരങ്ങള്‍ നടത്തി?
പരിസരപഠനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
എല്ലാദിവസവും ഹാജരാകാത്ത കുട്ടികളുടെ എണ്ണം
കൂടുതല്‍ പിന്തുണ നല്‍കുന്നതിന് ചെയ്ത പ്രവര്‍ത്തനങ്ങള്‍
ഇതരസംസ്ഥാനത്തുനിന്നുള്ളവര്‍, ഗോത്രവിഭാഗം വിദ്യാര്‍ഥികള്‍, പ്രത്യേകപരിഗണന അര്‍ഹിക്കുന്നവര്‍ എന്നിവര്‍ക്ക് നല്‍കിയ അനുരൂപീകരണ പ്രവര്‍ത്തനങ്ങളും പിന്തുണയും
സ്വതന്ത്രവായനക്കാര്‍ഡുകള്‍ തനിയെ വായിക്കാന്‍ കഴിയുന്നവരുടെ എണ്ണം
പുതിയ സന്ദര്‍ഭത്തില്‍ പരിചിതാക്ഷരങ്ങള്‍ ഉപയോഗിച്ച് ലളിതമായ വാക്യങ്ങള്‍ തനിയെ എഴുതാന്‍ കഴിയുന്നവരുടെ എണ്ണം
അക്ഷരബോധ്യച്ചാര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിശകലനവും അടുത്ത പാഠങ്ങളിലെ അക്ഷരപുനരനുഭവവും. ഈ പാഠത്തില്‍ അക്ഷരത്തിട്ടം വേണ്ടത്രയുണ്ടാകാത്തവര്‍ക്ക് അടുത്ത പാഠത്തില്‍ അവസരം ഉണ്ട് എന്ന് സൂചിപ്പിക്കണം. പണ്ട് ഇത്തരം സമീപനം ഇല്ലായിരുന്നു.
ക്രമനമ്പര്‍ |
അക്ഷരവും ചിഹ്നവും |
യൂണിറ്റ് 1 |
യൂണിറ്റ് 2 പുനരനുഭവം |
1 |
പ |
പട, പാടി, പാറി, പറവ |
പാവം, പുഴു |
2 |
ട |
പട, പാടി |
ചെടി, വാടി, ചൂട്, കൂടി, ആട്, ചാടി |
3 |
ത |
തന, താന, താനന |
തിന്നും, അതാ, അത്, തരൂ |
4 |
ന |
തന, താന, താനന |
നീ, നിറം, നിന്നു |
5 |
റ |
പറവ, പാറി |
പറന്നുവന്നു, പാറി, നിറം |
6 |
വ |
പറവ |
പൂവ്, കുരുവി, വന്നു, പാവം |
7 |
ക |
കലപില |
കുരുവി |
8 |
ല |
കലപില |
ലലലാ ലലലാ |
9 |
ാ |
പാടി, പാറി |
പാവം, പാറിവന്നു, ചാടി, അതാ, ആരാ, വാടി, വാ |
10 |
ി |
പാടി, പാറി, കലപില |
പാറിവന്നു, കുരുവി, ചാടി, ചെടി, വാടി, തിന്നും, നിന്നു, ചിരിച്ചു |
വായനപാഠത്തില്‍ ഉള്‍പ്പെടുത്തിയ വാക്കുകളും സൂചിപ്പിക്കാം.