ക്ലാസ് : ഒന്ന്
യൂണിറ്റ് : 3
പാഠത്തിന്റെ പേര് : മാനത്ത് പട്ടം
ടീച്ചറുടെ പേര് : രേഷ്മ ,
ഇ പി കെ എൻ എസ് എ എൽ പി സ്കൂൾ കൊളച്ചേരി.
കുട്ടികളുടെ എണ്ണം : ……...
ഹാജരായവര്‍ : ……...
തീയതി : ……………/ 2025
പിരീഡ് ഒന്ന് |
പ്രവര്‍ത്തനം 1 - സംയുക്ത ഡയറി, പുസ്തകാതിഥിയെ പരിചയപ്പെടല്‍, വായനപാഠം
പഠനലക്ഷ്യങ്ങള്‍
കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു.
കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.
കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകള്‍ കണ്ടെത്തി വിലയിരുത്തലുകള്‍ പങ്കിടുന്നു.
തന്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ
വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.
പ്രതീക്ഷിത സമയം - 40 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍ - കഥാപുസ്തകങ്ങള്, വായനപാഠങ്ങള്
പ്രക്രിയാവിശദാംശങ്ങള്‍
സംയുക്ത ഡയറി പങ്കിടല് 10 മിനുട്ട്
1. ടീച്ചര്‍ എഴുതിയ ഡയറി വായിച്ചുകേള്പ്പിക്കുന്നു. ചിത്രവും കാണിക്കുന്നു
2. ക്രമനമ്പര്‍ പ്രകാരം മുന്‍ദിവസങ്ങളില്‍ വായിച്ചവരുടെ തുടര്‍ച്ചയായി വരുന്ന മൂന്നുപേരുടെ സംയുക്ത ഡയറി വാങ്ങി ടീച്ചര്‍ വായിക്കുന്നു. അവര്‍ വരച്ച ചിത്രങ്ങള്‍ എല്ലാവരെയും കാണിക്കുന്നു
3. ഡയറിയിലെ സവിശേഷതകള്‍ ചൂണ്ടിക്കാട്ടി അഭിനന്ദിക്കുന്നു. ആ സവിശേഷതകള്‍ ഗുണാത്മകക്കുറിപ്പുകളായി ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടുന്നു
4. സംയുക്ത എഴുതാന്‍ പറ്റാതെ പോയവര്‍ ആരെല്ലാം? ( അവരുടെ പേര് കുറിച്ച് വെക്കുന്നു. കാരണം അനേഷിക്കുന്നു)
ഡയറി എഴുതാതെ വന്നവര്ക്ക്
പ്രത്യേക സമയത്ത് മൂന്നാം ക്ലാസിലെ കുട്ടികളുടെ സഹായത്തോടെ പിന്തുണ
കൂടുതല്‍ പിന്തുണവേണ്ട കുട്ടികള്‍ക്ക് ടീച്ചര്‍ രചനാസഹായം നല്‍കുന്നു
ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കല്.
അക്ഷരബോധ്യച്ചാര്‍ട്ടിലേക്ക്
അക്ഷരബോധ്യച്ചാര്‍ട്ടില്‍ മൂന്ന് കുട്ടികളുടെ ഡയറി വിശകലനം ചെയ്ത് സഹായമില്ലാതെ എഴുതിയ (
പെന്‍സില്‍ വച്ച് എഴുതിയ) അക്ഷരങ്ങള്‍ രേഖപ്പെടുത്തുന്നു)
മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകള്‍ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നല്കല്. ശ്രദ്ധേയമായ കാര്യങ്ങള്‍
കുറിച്ച് വക്കുന്നു.
വായനപാഠം വായിക്കല്‍ 20 മിനുട്ട്
ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളില്‍ നല്‍കിയ വായനപാഠങ്ങള്‍ പഠനക്കൂട്ടങ്ങള്‍ വന്ന് വായിക്കുന്നു.
പൂരിപ്പിച്ചത് അവതരിപ്പിക്കാന്‍ അവസരം. വ്യത്യസ്തമായി എഴുതിയവ കൂടി ചേര്‍ത്ത് ചാര്‍ട്ടില്‍ അത് ക്രോഡീകരിക്കുന്നു
പുസ്തകാതിഥിയെ പരിചയപ്പെടുത്തല്‍ 10 മിനുട്ട്
ടീച്ചര്‍ ഒരു പുതിയ ബാലസാഹിത്യകൃതി ഭാവാത്മകമായി വായിച്ചുകേള്‍പ്പിക്കുന്നു.
കേട്ട കഥയെ ആസ്പദമാക്കി ചിത്രം വരയ്കാമോ? ( ആശയഗ്രഹണപ്രവര്‍ത്തനം)
വിലയിരുത്തല്‍
പിരീഡ് : 2 |
പ്രവര്‍ത്തനം - പൂമരം കണ്ടു (വായന)
പഠനലക്ഷ്യങ്ങള്‍
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു .
പ്രതീക്ഷിത സമയം - 40 മിനുട്ട്,
കരുതേണ്ട സാമഗ്രികള്‍ ചാര്‍ട്ട് , കുഞ്ഞെഴുത്ത്
പ്രക്രിയാവിശദാംശങ്ങള്‍
വാക്യം കണ്ടെത്തൽ, വാക്ക് കണ്ടെത്തൽ, അക്ഷരം കണ്ടെത്തൽ, താളാത്മക വായന, ഭാവാത്മക വായന , ചങ്ങല വായന എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഓരോ ടീമിനായി (പഠനക്കൂട്ടത്തിനായി) ചുമതലപ്പെടുത്തി എല്ലാ കുട്ടികൾക്കും അവസരം ലഭിക്കാവുന്ന ക്രമീകരണം നടത്തുന്നു
കണ്ടെത്തല്‍വായന (വാക്യങ്ങൾ)
പ്രവര്‍ത്തന പുസ്തകത്തിലെ ആദ്യ വരിയും പാഠപുസ്തകത്തിലെ ആദ്യ വരിയും ഒന്നാണോ? ( മൂന്നാം പഠനക്കൂട്ടത്തിലെ രണ്ടാമത്തെ ആള്‍)
ഒഴുകുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്ന വരി എവിടെയാണ്? രണ്ടാം പഠനക്കൂട്ടത്തിലെ രണ്ടാമത്തെ ആള്‍)
നിറയെ പൂക്കളുണ്ട് എന്ന് സൂചിപ്പിക്കുന്ന രണ്ടു വരികളുണ്ട്. ഏതെല്ലാം? ( ഒന്നാം പഠനക്കൂട്ടത്തിലെ രണ്ടാമത്തെ ആള്‍)
………………………………………………………..( നാലാം പഠനക്കൂട്ടത്തിലെ രണ്ടാമത്തെ ആള്‍)
കണ്ടെത്തലല്‍ വായന (വാക്കുകൾ)
ഒരേ പോലെ തുടക്കമുളള രണ്ടു വാക്കുകള്‍ കണ്ടെത്താമോ? ( പൂമരം, പൂമല,) ( ഒന്നാം പഠനക്കൂട്ടത്തിലെ ഒന്നാമത്തെ ആള്‍)
കണ്ടു എന്ന വാക്ക് ഏതു വരിയിലാണ് ഇല്ലാത്തത് ? ( രണ്ടാം പഠനക്കൂട്ടത്തിലെ ഒന്നാമത്തെ ആള്‍)
കണ്ടെത്തല്‍ വായന (ഊന്നൽ നൽകുന്ന അക്ഷരമുള്ള വരികൾ, വാക്കുകൾ, അക്ഷരങ്ങള്‍)
ണ്ട എന്ന അക്ഷരത്തിന്റെ അടിയില്‍ വരയിടാമോ? ( സചിത്രപുസ്തകം) ( മൂന്നാം പഠനക്കൂട്ടത്തിലെ ഒന്നാമത്തെ ആള്‍)
ക്രമത്തില്‍ വായിക്കല്‍
തലേദിവസത്തെ രൂപീകരണപാഠം കൂടി ചേര്‍ത്താണ് വായിക്കേണ്ടത്. ഒരാള്‍ ഒരു വരി എന്ന രീതിയില്‍ തുടര്‍ച്ചയായി എല്ലാവരും പുസ്തകം നോക്കി വായിക്കട്ടെ. ( നാലാം പഠനക്കൂട്ടം)
പറയുന്ന ക്രമത്തിൽ വാക്യങ്ങൾ വായിക്കൽ
പേജും വരിയും സൂചിപ്പിക്കുക. അതനുസരിച്ച് വായിക്കണം ( മൂന്നാം പഠനക്കൂട്ടം)
താളാത്മക വായന
പട്ടം പട്ടം മാനത്ത് പട്ടം മുതല്‍ പട്ടം പറന്നു വരെ. ( രണ്ടാം പഠനക്കൂട്ടം)
ബോര്‍ഡിലോ ചാര്‍ട്ടിലോ എഴുതിയത് ചൂണ്ടി വായിക്കണം (പാഠപുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്തെഴുതിയ വരികളും പരിഗണിക്കാം.)
പിരീഡ് 3 |
പ്രവര്‍ത്തനം -എഡിറ്റിംഗ്
പഠനലക്ഷ്യങ്ങള്‍:
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും രചനകള്‍ താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.
പ്രതീക്ഷിത സമയം - 35 മിനുട്ട്
പ്രക്രിയാവിശദാംശങ്ങള്‍:-
എഴുതിയ വരികള്‍ പാടാം
പൂമല കണ്ടു
പൂമരം കണ്ടു
പുഴ കണ്ടു
വഴി കണ്ടു
പട്ടം പറന്നു
ഈ വരികള്‍ താളാത്മകമായി ചൊല്ലുന്നു.
ഓരോ പഠനക്കൂട്ടവും ബോര്‍ഡില്‍ ഓരോ വാക്യം വീതം എഴുതണം. ഓരോ വാക്കും ഓരോരുത്തര്‍ എഴുതുകയും വാക്യം പൂര്‍ണമാക്കിയാല്‍ ആ ഗ്രൂപ്പിലെ അംഗങ്ങള്‍ പരിശോധിച്ച് മെച്ചപ്പെടുത്തണം. തുടര്‍ന്ന് മറ്റ് പഠനക്കൂട്ടങ്ങള്‍ക്ക് മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശം നല്‍കാം. അവരും കാണാത്ത പ്രശ്നങ്ങളുണ്ടെങ്കില്‍ ടീച്ചര്‍ക്കും ചൂണ്ടിക്കാട്ടാം. ഇങ്ങനെ എല്ലാ പഠനക്കൂട്ടങ്ങളും എഴുതുന്നു. എഡിറ്റ് ചെയ്യുന്നു.
സംയുക്തഡയറി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ ഭാഷാപരമായ പ്രശ്നങ്ങള്‍ സമാന്തരവാക്യം നിര്‍മ്മിച്ച് അവതരിപ്പിച്ച് ചര്‍ച്ച ചെയ്യണം. (തെറ്റായ രീതിയില്‍ എഴുതിയ കുട്ടികളുടെ പേര് സൂചിപ്പിക്കരുത്)
എല്ലാവരുടെയും പ്രവര്‍ത്തനപുസ്തകം പഠനക്കൂട്ടത്തില്‍ പരസ്പരം പരിശോധിച്ച് മെച്ചപ്പെടുത്തുന്നു. പൂര്‍ണമാക്കുന്നു.
പ്രതീക്ഷിത ഉല്പന്നം- ബോര്‍ഡ് എഴുത്തുകള്‍, കുഞ്ഞെഴുത്തിലെ രേഖപ്പെടുത്തലുകള്‍ മെച്ചപ്പെടുത്തിയത്.
വിലയിരുത്തല്‍
സഹവര്‍ത്തിത രീതിയില്‍ രചനകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള എഡിറ്റിംഗ് പ്രക്രിയ എത്രശതമാനം കുട്ടികള്‍ക്ക് ഗുണം ചെയ്യുന്നുണ്ട്?
അവരുടെ മുന്‍കൈയില്‍ എഡിറ്റിംഗ് നടത്താനായി സ്വീകരിച്ച നടപടിയോട് കുട്ടികള്‍ എങ്ങനെ പ്രതികരിച്ചു?
ബോര്‍ഡില്‍ വന്ന് എഴുതുമ്പോള്‍ ജാഗ്രതപാലിക്കുന്നതിന് (വ്യക്തതയോടെ എഴുതല്‍) എന്ത് നിര്‍ദേശമാണ് നല്‍കാനാവുക?
പിരീഡ് 4, 5 |
പ്രവര്‍ത്തനം - ചേലുളള പട്ടം (എഴുത്ത്)
പഠനലക്ഷ്യങ്ങള്‍:
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം, ആലേഖന ക്രമം) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളിലെ വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുന്നു.
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവസന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നു
പ്രതീക്ഷിത സമയം - 30+30 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍- ക്രയോന്സ് , കുഞ്ഞെഴുത്ത്, ബോര്‍ഡ്
ഊന്നല്‍ നല്‍കുന്ന അക്ഷരം- ള്ള, ക്ക
ഊന്നല്‍ നല്‍കുന്ന സ്വരചിഹ്നം- ഓ സ്വരത്തിന്റെ
പ്രക്രിയാവിശദാംശങ്ങള്‍:-
ഘട്ടം ഒന്ന് -നിറം നല്‍കല്‍ 10 മിനുട്ട്
എല്ലാ കാഴ്ചകളും കണ്ട് ആസ്വദിച്ച് പട്ടം അങ്ങനെ പൊങ്ങിയും താണും പറന്നു പോവുകയായിരുന്നു. ( പട്ടമായി സങ്കല്പിച്ച് കാഴ്ച ആസ്വദിക്കുന്ന ഭാവാവതരണം) താഴെയുള്ള ചിലര്‍ ആകാശത്തേക്ക് നോക്കി. ആരൊക്കെയാകും നോക്കിയത്? പ്രതികരണങ്ങള്‍
സചിത്ര പാഠപുസ്തകത്തില്‍നോക്കി കണ്ടെത്തുന്നു. ( പേജ് 22 )
പട്ടത്തിന് നിറം നല്കുന്നു. തത്തയ്ക് നിറം നല്കുന്നു.
ഘട്ടം രണ്ട്. ടീച്ചറെഴുത്ത് 10 മിനുട്ട്
തത്ത ആകാശത്തേക്ക് നോക്കി. ആരാണ് നോക്കിയത് ? തത്ത നോക്കി.
അപ്പോൾ എന്താ കണ്ടത്? ആരാ പട്ടം കണ്ടത്?
തത്ത പട്ടം കണ്ടു.
അപ്പോള്‍ തത്ത പട്ടത്തിന്റെ പ്രത്യേകത മറ്റുള്ളവരോട് പറഞ്ഞു. എന്തു പ്രത്യേകതയാകും പറഞ്ഞത്?
തത്ത നോക്കി
നൂലുള്ള പട്ടം
തത്ത എന്ന് ടീച്ചര്‍ എഴുതിക്കാണിക്കണം. മാനത്ത് എന്ന് എഴുതിയപ്പോള്‍ ത്ത പരിചയിച്ചതാണെങ്കിലും തയും അതിന്റെ ഇരട്ടിപ്പും അടുത്തടുത്ത് വരുന്ന വാക്കാണ്.
തത്ത നോക്കി എന്ന വാക്യം പൂര്‍ണമായും എഴുതണം.
ഘട്ടം മൂന്ന് -കുഞ്ഞെഴുത്തിലെഴുതല്‍ 10 മിനുട്ട്
സചിത്ര പ്രവര്‍ത്തന പുസ്തകത്തില്‍ ഏറ്റവും മുകളിലായി ടീച്ചറെഴുതിയ വാക്യം ഉണ്ട്, പക്ഷേ പൂര്‍ണ്ണമല്ല. പൂരിപ്പിച്ച് എഴുതാമോ?
അടുത്ത വാക്യം എന്താണ് എഴുതേണ്ടത്? ടീച്ചര്‍ നൂലുള്ള എന്നത് ഒന്നുകൂടി എഴുതിക്കാണിക്കാം.
ള്ള ആദ്യമായി പരിചയപ്പെടുത്തുകയാണ്. ള പരിചയപ്പെട്ടതാണ്. എങ്കിലും ള്ള ചേര്‍ത്തെഴുതുന്ന വിധം ശ്രദ്ധയില്‍ പെടുത്തണം.
കുഞ്ഞെഴുത്തിലെഴുതല്‍
നൂലുള്ള എന്ന് എഴുകുമ്പോള്‍ ഉ, ഊ എന്നിവയുടെ ചിഹ്നം ശരിയായി എഴുതിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.
പിന്തുണ നടത്തം
ശരിയായി എഴുതിയ ഓരോ അക്ഷരത്തിനും ശരി നല്‍കണം.
വരികള്‍ ടീച്ചര്‍ ബോര്‍ഡിലെഴുതുന്നു. കുട്ടികള്‍ പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തുന്നു.
ഘട്ടം നാല് നിറം നല്‍കാം എഴുതാം 10 മിനുട്ട്
കാക്കയ്ക് നിറം നല്‍കുന്നു. കാക്ക മേലേക്ക് നോക്കി. പട്ടം കണ്ട കാക്കയും പട്ടത്തെക്കുറിച്ച് പറഞ്ഞു. എന്താകാം പറഞ്ഞത്? പ്രതികരണങ്ങള്‍
കാക്ക നോക്കി
വാലുള്ള പട്ടം
കാക്ക എന്ന് ടീച്ചര്‍ എഴുതിക്കാണിക്കണം.
ക യും അതിന്റെ ഇരട്ടിപ്പും അടുത്തടുത്ത് വരുന്ന വാക്കാണ്.
ക്ക യുടെ ഘടനയും വ്യക്തമാക്കണം.
കാക്ക............ ബാക്കി എഴുതുന്നതിന് മുമ്പ് നോ എങ്ങനെ എഴുതണമെന്ന് വ്യക്തമാക്കുന്നു.
അക്ഷരത്തെയും ചിഹ്നത്തെയും ഒരു യൂണിറ്റായി കരുതി വേണം അവതരിപ്പിക്കാന്‍
കുട്ടികള്‍ സചിത്ര പ്രവര്‍ത്തന പുസ്തകത്തില്‍ കാക്ക നോക്കി എന്ന് എഴുതണം.
തനിച്ചെഴുത്ത്
വാലുള്ള പട്ടം എന്ന് തനിയെ എഴുതാമോ? തനിച്ചെഴുതുന്നു. സന്നദ്ധതയുള്ളവര്‍ക്ക് ബോര്‍ഡില്‍ എഴുതാം.
ടീച്ചറെഴുത്ത്
പൊരുത്തപ്പെടുത്തിയെഴുത്ത്
പിന്തുണ നടത്തവും അംഗീകാര മുദ്ര നല്‍കലും
ശരിയായി എഴുതിയ ഓരോ അക്ഷരത്തിനും ശരി നല്‍കണം.
ഘട്ടം അഞ്ച് നിറം നല്‍കാം എഴുതാം. 10 മിനുട്ട്
തത്തയ്തും കാക്കയ്കും പട്ടത്തിനും നിറമായി. ആനയ്ക് നിറം വേണ്ടേ?
നിറം നല്‍കുന്നു
തത്തയും കാക്കയും ഓരോരോ പ്രത്യേകതകള്‍ പറഞ്ഞു എന്നിട്ട് ആനയെ നോക്കി. എന്തെങ്കിലും പറഞ്ഞല്ലേ പറ്റൂ. ആന വിചാരിച്ചു. താന്‍ പറയുന്നത് മെച്ചപ്പെട്ട ഒരു കാര്യമായിരിക്കണം. ഇത്തിരി ആലോചിച്ച ശേഷം ആന പറഞ്ഞു. അത് കേട്ട് തത്തയും കാക്കയും പറഞ്ഞു. കൊള്ളാം കൊള്ളാം.
എന്തായിരിക്കും ആന പറഞ്ഞത്? പ്രതികരണങ്ങള്‍
ആന നോക്കി
ചേലുള്ള പട്ടം
തനിച്ചെഴുത്ത്
ആന നോക്കി എന്നത് തനിയെ എഴുതാമോ? അതിലെ എല്ലാ അക്ഷരങ്ങളും പരിചയപ്പെട്ടതാണ്.
പ്രവര്‍ത്തനപുസ്തകത്തില്‍ എഴുതുന്നു.
സന്നദ്ധതയുള്ളവര്‍ ബോര്‍ഡില്‍ എഴുതുന്നു. മെച്ചപ്പെടുത്തുന്നു.
ടീച്ചറെഴുത്ത്
ഓയുടെ ചിഹ്നത്തിനും ക്കയ്കും ഊന്നല്‍ നല്‍കിയുള്ള എഴുത്ത്. ആന നോക്കി.
പൊരുത്തപ്പെടുത്തിയെഴുത്ത്
ഘട്ടം ആറ് സംയുക്ത എഴുത്ത് 10 മിനുട്ട്
ആന പറഞ്ഞതെന്താ? ചേലുള്ള പട്ടം.
നമ്മള്‍ക്ക് ഒത്തെഴുത്ത് നടത്താം
ആദ്യ അക്ഷരം ടീച്ചറെഴുതും ബാക്കി നിങ്ങള്‍ എഴുതണം
ടീച്ചര്‍ ചേ എന്ന് ബോര്‍ഡില്‍ കുട്ടികളുടെ ഉയരം കണക്കാക്കി എഴുതുന്നു.
ഏ - 'േ' സ്വര ചിഹ്നം ആദ്യമായി അവതരിപ്പിക്കുകയാണ്. ഘടന വ്യക്തമാക്കുന്നു
ചേലുള്ള പട്ടം എന്നതിലെ ചേ കഴിഞ്ഞുള്ളവ ഓരോ അക്ഷരം വീതം ഓരോരുത്തരായി വന്ന് എഴുതി വാക്യം പൂര്‍ണമാക്കുന്നു.
സചിത്ര പ്രവര്‍ത്തന പുസ്തകത്തില്‍ എല്ലാവരും എഴുതുന്നു
പിന്തുണ നടത്തവും കട്ടിക്കെഴുത്തും അംഗീകാര മുദ്ര നല്‍കലും
ചേ എന്ന് കട്ടിക്ക് ബോര്‍ഡില്‍ എഴുതുന്നു. ഘടനയില്‍ അവ്യക്തതയുള്ളവര്‍ അതിന് മേലെ എഴുതുന്നു.
ശരിയായി എഴുതിയ ഓരോ അക്ഷരത്തിനും ശരി നല്‍കണം.
പ്രതീക്ഷിത ഉല്പന്നം
സചിത്രപ്രവര്‍ത്തനപുസ്തകത്തിലെ രേഖപ്പെടുത്തല്‍
വിലയിരുത്തല്‍
ചേലുളള പട്ടം എന്ന് തനിയെ എഴുതിയവരാരെല്ലാം?
ഏതെല്ലാം അക്ഷരങ്ങള്‍ എഴുതുന്നതിന് തെളിവ് വേണ്ടി വന്നു?
രചനയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ എന്തെല്ലാം?
വായനപാഠം
1. പൂമരവും കിളിയും
മരമേ മരമേ പൂവുണ്ടോ
കിളിയേ കിളിയേ പൂവുണ്ടേ.
മരം നിറയെ പൂവാണേ.
നിറമുള്ള ഇതളുള്ള പൂവാണേ
മരമേ പൂവിന് തേനുണ്ടോ?
കിളിയേ കിളിയേ തേനുണ്ടേ
പൂവ് നിറച്ചും തേനുണ്ടേ
രുചിയുള്ള തേനുള്ള പൂവാണേ.
2 പൂരിപ്പിച്ച് പാടുക.
നോക്കൂ ……... മാനത്ത്
ആടി വരുന്നേ പട്ടം
നോക്കൂ ……. മാനത്ത്
പാറി വരുന്നേ പട്ടം
നോക്കൂ ….. മാനത്ത്
മനം കവരും പട്ടം
(ആടേ, കോഴീ, പൂച്ചേ, നായേ, ആനേ, തത്തേ, കാക്കേ, കുരുവീ, മോനേ, മോളേ, മുത്തേ)
ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടുന്നത്
ഇന്ന് പരിചയപ്പെടുത്തിയത് ത്ത, ക്ക, ള്ള എന്നീ കൂട്ടക്ഷരങ്ങളാണ്. ട്ട, ണ്ട എന്നിവ മുന്‍ ക്ലാസുകളിലും പരിചയപ്പെടുത്തി. എഴുതേണ്ട വിധവും വ്യക്തമാക്കി
ചേലുള്ള , നോക്കി എന്നീ വാക്കുകളിലൂടെ ഏ, ഓ എന്നിവയുടെ ചിഹ്നങ്ങളും പരിചയപ്പെടുത്തിയിട്ടുണ്ട്.
വായനപാഠം മുന്‍ദിവസങ്ങളിലെ ഇന്ന് ക്ലാസിലും വായിപ്പിച്ചു
സംയുക്തഡയറി കൂടുതല്‍ പേര്‍ എഴുതുന്നുണ്ട്.
സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പ്രത്യേക അറിയിപ്പ്
സംയുക്തഡയറിയെഴുത്തില്‍ കുട്ടിയുടെ മുന്‍കൈ അനുവദിക്കണം
ചിത്രം കുട്ടിതന്നെ വരയ്കണം
ചിഹ്നം മാത്രമായി എഴുതാതെ ചിഹ്നം ചേര്‍ത്ത അക്ഷരം എഴുതിയാണ് സഹായിക്കണ്ടത്.
അനുബന്ധം
മുന്‍ ആസൂത്രണക്കുറിപ്പുകള്‍ക്ക് ക്ലിക് ചെയ്യുക
വായനപാഠങ്ങള്
അക്ഷരഘടന
No comments:
Post a Comment