യൂണിറ്റ് : 3
പാഠത്തിന്റെ പേര് : മാനത്ത് പട്ടം
ടീച്ചറുടെ പേര് : റിഷാദ് എസ് എം
തെരൂർ മാപ്പിള എൽ പി സ്കൂൾ
എടയന്നൂർ, മട്ടന്നൂർ, കണ്ണൂർ
മൊബ്: 9633870455
കുട്ടികളുടെ എണ്ണം- ക്ലാസ്സ് 1A: 23
ഹാജരായവര്‍ : ……...
തീയതി : ……………/ 2025
പിരീഡ് ഒന്ന് |
പ്രവര്‍ത്തനം 1 - സംയുക്ത ഡയറി, കഥാവേള, വായനക്കൂടാരം.
പഠനലക്ഷ്യങ്ങള്‍:
കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു.
കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.
കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകള്‍ കണ്ടെത്തി വിലയിരുത്തലുകള്‍ പങ്കിടുന്നു.
തന്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.
പ്രതീക്ഷിത സമയം - 40 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍ - കഥാപുസ്തകങ്ങള്‍
പ്രക്രിയാവിശദാംശങ്ങള്‍
സംയുക്ത ഡയറി പങ്കിടല്‍ 20 മിനുട്ട്
എഴുതിയവരാരെല്ലാം?
എഴുതാന്‍ പറ്റാതെ പോയവര്‍ ആരെല്ലാം? ( അവരുടെ പേര് കുറിച്ച് വെക്കുന്നു. കാരണം അനേഷിക്കുന്നു)
മൂന്ന് പേരുടെ സംയുക്ത ഡയറി വാങ്ങി ടീച്ചര്‍ വായിക്കുന്നു. (ക്രമനമ്പര്‍ പ്രകാരം)
അവര്‍ വരച്ച ചിത്രങ്ങള്‍ എല്ലാവരെയും കാണിക്കുന്നു
ഡയറിയിലെ സവിശേഷതകള്‍ ചൂണ്ടിക്കാട്ടി അഭിനന്ദിക്കുന്നു.
പരിഗണിക്കുന്ന സവിശേഷതകള്‍
ഡയറിക്കുറിപ്പിലെ പ്രമേയം.
കുട്ടി നോക്കിക്കണ്ട രീതിയിലെ വൈവിധ്യവും കുട്ടിത്തവും ( പ്രതിഫലിക്കുന്ന നിരീക്ഷണപാടവംസ കൗതുക കാര്യങ്ങള്‍, സ്നേഹബന്ധങ്ങളുടെ ആവിഷ്കാരം, യാത്രാവിശേഷങ്ങള്‍…)
ഭാഷാപരമായ പ്രത്യേകതകള്‍ ( വ്യക്തത, ചെറിയ വാക്യങ്ങള്‍, വാക്കകലം, പരിചയപ്പെട്ട അക്ഷരങ്ങളുടെ പ്രയോഗം, മറ്റ് പ്രത്യേകതകള്‍)
ചിത്രത്തിലൂടെ വിനിമയം ചെയ്ത ആശയങ്ങള്‍ ( ഡയറിയില്‍ എഴുതാത്തതും എന്നാല്‍ ചിത്രത്തില്‍ സൂചിപ്പിച്ചതുമായ എന്തെങ്കിലും ഉണ്ടെങ്കില്‍ അത്)
ചിത്രരചനയുട പ്രത്യേകതകള്‍ ( ഉപയോഗിച്ച നിറം, വരയുടെ പ്രത്യേകത, ഏത് വീക്ഷണകോണില്‍ നിന്നും നോക്കി കണ്ടു, സൂക്ഷ്മ നിരീക്ഷണത്തിന്റെ പ്രതിഫലനങ്ങള്‍, കുട്ടിത്തം…) രക്ഷിതാക്കള്‍ വരച്ചതായി കണ്ടാല്‍ ക്ലാസില്‍ അത് സൂചിപ്പിക്കുന്നില്ല. രക്ഷിതാവിനെ വിളിച്ച് സംസാരിച്ച് പ്രവണത മാറ്റും.
ഡയറി എഴുതുന്നതിന് വീട്ടില്‍ പിന്തുണാന്തരീക്ഷം കുറവുളള കുട്ടികള്‍ക്കായി പ്രത്യേക സമയത്ത് മൂന്നാം ക്ലാസിലെ കുട്ടികളുടെ സഹായത്തോടെ പിന്തുണ
ഇന്നലത്തെ ഏതെങ്കിലും ഒരു സംഭവത്തെക്കുറിച്ച് ചിത്രം വരയ്കണം. നിറം നല്‍കണം ( 5 മിനിറ്റ്)
ആ ചിത്രത്തെ അടിസ്ഥാനമാക്കി ഒരു വാക്യം പറയണം
ആ വാക്യം എഴുതാന്‍ സഹായിക്കല്‍.
കൂടുതല്‍ പിന്തുണവേണ്ട കുട്ടികള്‍ക്ക് ടീച്ചര്‍ രചനാസഹായം നല്‍കുന്നു
ഹാജരായ എല്ലാ കുട്ടികളും അന്നേ ദിവസം ഡയറി എഴുതി എന്ന് ഉറപ്പാക്കല്‍.
ഡയറിയില്‍ വരച്ച ചിത്രങ്ങള്‍ പരസ്പരം കാണാനവസരം ഒരുക്കല്‍. ഈ സമയം
വായിച്ച മൂന്ന് ഡയറിയില്‍ ഒന്നോ രണ്ടോ വാക്യങ്ങളില്‍ ഗുണാത്മകക്കുറിപ്പുകള്‍ എഴുതല്‍.
അക്ഷരബോധ്യച്ചാര്‍ട്ടില്‍ ഈ കുട്ടികള്‍ സഹായമില്ലാതെ എഴുതിയ ( പെന്‍സില്‍ വച്ച് എഴുതിയ) അക്ഷരങ്ങള്‍ രേഖപ്പെടുത്തുന്നു)
മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകള്‍ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നല്‍കല്‍. ശ്രദ്ധേയമായ കാര്യങ്ങള്‍ കുറിച്ച് വക്കുന്നു
വായനക്കൂടാരത്തിലെ പുസ്തകവായന 20 മിനുട്ട്
വായനച്ചാര്‍ട്ടില്‍ രേഖപ്പെടുത്തലുകള്‍ നടത്തുന്നു ( രക്ഷിതാവ് വായിച്ചുകേട്ടത് അടിസ്ഥാനമാക്കി). കുട്ടികളുടെ പേരിന് നേരെ അഞ്ച് കോളം വരയ്കണം. ഓരോ ആഴ്ചയിലും ഓരോ കോളവും പൂരിപ്പിക്കുന്നു.
ഒരു പുസ്തകം ഭാവാത്മകമായി ടീച്ചര്‍ വായിച്ച് കേള്‍പ്പിക്കുന്നു.
കഥാവേളയില്‍ ഇതുവരെ കഥ അവതരിപ്പിക്കാത്തവര്‍ വായിച്ചുകേട്ട കഥ പറയുന്നു.
കഥാവേള പങ്കാളിത്ത ചാര്‍ട്ടില്‍ അവരുടെ പേര് ചേര്‍ക്കുന്നു. (പങ്കാളിത്ത ചാര്‍ട്ടിന് രണ്ട് കോളം 1. തീയതി- 2. കഥാവതരണം നടത്തിയവര്‍)
പിരീഡ് രണ്ട് |
പ്രവര്‍ത്തനം 2: പട്ടത്തെ നിര്‍മ്മിക്കാം.
പഠനലക്ഷ്യങ്ങള്‍:
സൂക്ഷ്മപേശീവികസനത്തിന് സഹായകമായ രീതിയിൽ വിവിധ ആവശ്യങ്ങള്‍ക്കായി കടലാസുകള്‍ മടക്കുക, കീറുക, മുറിക്കുക, ഒട്ടിക്കുക, ചുരുട്ടുക തുടങ്ങിയ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നു
പ്രതീക്ഷിത സമയം: 40 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍ :കളര്‍പേപ്പര്‍/A4, ക്രയോണ്‍സ്
പ്രക്രിയാവിശദാംശങ്ങള്‍:
പശ്ചാത്തലം ഒരുക്കല്‍
ദേ നോക്കിക്കേ. ടീച്ചര്‍ മുകളിലേക്ക് നോക്കുന്നു. എന്തോ കാണുന്നതായി അഭിനയിക്കുന്നു. തനിയെ ഉച്ചത്തില്‍ സംസാരിക്കുന്നു. തത്തയാണോ? കാക്കയാണോ? വിമാനമാണോ?
അല്ലല്ലോ? നിങ്ങള്‍ കാണുന്നില്ലേ? അതാ അവിടെ എന്തോ പറക്കുന്നത്? ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിക്കേ
നീണ്ട നൂല് താഴേക്ക് കാണുന്നില്ലേ... ആരായിരിക്കും മാനത്ത് ?
കുട്ടികളുടെ പ്രതികരണങ്ങള്‍
നമ്മള്‍ക്ക് പട്ടത്തെ ഉണ്ടാക്കിയാലോ?
പേപ്പര്‍ മടക്കി പട്ടത്തെ നിര്‍മ്മിച്ച് നിറം നല്‍കുന്നു.
പ്രതീക്ഷിത ഉല്പന്നം പട്ടം
വിലയിരുത്തല്‍ -
എല്ലാവരും പട്ടത്തെ നിറം നൽകി ഭംഗിയാക്കിയിട്ടുണ്ടോ?
നിര്‍ദ്ദേശങ്ങള്‍ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞോ?
പിരീഡ് മൂന്ന് |
പ്രവര്‍ത്തനം 3- മാനത്ത് പട്ടം (എഴുത്ത്)
പഠനലക്ഷ്യങ്ങള്‍ :
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം, ആലേഖന ക്രമം) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളിലെ വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുന്നു.
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവസന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നു
പ്രതീക്ഷിത സമയം - 35 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍: ഓരോ ഗ്രൂപ്പിനും പഠനോപകരണ കിറ്റ് (പശ, ക്രയോണ്‍സ്)
ക്ലാസ് ക്രമീകരണം -
ചതുരാകൃതിയിലുളള ക്ലാസ് ക്രമീകരണം എല്ലാവര്‍ക്കും ബോർഡിലും ചാർട്ടിലും എഴുതുന്നത് കൃത്യമായി കാണും വിധത്തിലായിരിക്കണം. ഓരോ ആഴ്ചയും കുട്ടികളുടെ സ്ഥാനം മാറും.
ടീച്ചർക്ക് ഓരോ പങ്കാളിക്കുമൊപ്പം പിന്തുണയെഴുത്ത് കഴിയും വിധത്തിൽ ഇരിപ്പിട ക്രമീകരണം
പരിചയപ്പെടുത്തുന്ന പുതിയ അക്ഷരം - ത്ത, ട്ട
പ്രക്രിയാവിശദാംശങ്ങള്‍ -
"നമുക്ക് പട്ടത്തെ ബുക്കിലാക്കിയാലോ ‘?
വർക്ക് ബുക്കില്‍ പട്ടത്തിനെ പാഠത്തില്‍ ഒന്നാം പേജില്‍ വലതുഭാഗത്ത് മുകളിലായി മുന്‍ പ്രവര്‍ത്തനത്തില്‍ നിര്‍മ്മിച്ച പട്ടത്തെ ഒട്ടിക്കുന്നു. എവിടെയാണോ ഒട്ടിക്കേണ്ടത് അവിടെ ഒരു കുത്തിടുക. എന്നിട്ട് ആ കുത്തില്‍ ഒരു തുള്ളി പശ തേക്കുക. അതിനു മേലെ ചതുരക്കടലാസ് ഇങ്ങനെ വെച്ച് അമര്‍ത്തുക.
ടീച്ചര്‍ വലുപ്പത്തില്‍ എടുത്ത ചിത്രം ചാര്‍ട്ടില്‍ ഒട്ടിച്ച് പട്ടത്തെയും ഒട്ടിച്ച് കാണിക്കണം .
പട്ടത്തിന്റെ വാലിന്റെ ഭാഗം കുട്ടികള്‍ വരച്ചു ചേർക്കുന്നു. വാല്‍ അടുത്ത പേജിലേക്ക് പോകാം.
ആകാശത്തുകൂടി വിമാനം പറന്നു പോകുന്ന കണ്ടാല്‍ നിങ്ങള്‍ ആരെയെങ്കിലും വിളിച്ചു കാണിക്കുമോ?
എന്തായിരിക്കും പറയുക? വിമാനം വിമാനം.
ആകാശത്തുകൂടി മനോഹരമായ പട്ടം പറന്നു പോകുന്നത് കണ്ടാല്‍ കൂട്ടുകാരെ വിളിച്ചു കാണിക്കുമോ?
എന്താകും പറയുക?
പട്ടം പട്ടം
ചാര്‍ട്ടെഴുത്ത്
ട്ടയുടെ ഘടന, വാക്കകലം എന്നിവ പാലിക്കണം. ഘടന പറയേണ്ടതില്ല)
ഇനി നമ്മള്‍ക്ക് എഴുതിയാലോ? ടീച്ചര്‍ ഒന്നുകൂടി എഴുതാം
ബോര്‍ഡെഴുത്ത്
ഘടന പറഞ്ഞ് സാവധാനം ബോര്‍ഡില്‍ പട്ടം എന്ന് എഴുതുന്നു. ഒന്നോ രണ്ടോ തവണ.
ട്ട യുടെ തുടക്കവും വളവുകളും, അനുസ്വാരത്തിന്റെ വലുപ്പം എന്നിവ ശ്രദ്ധിപ്പിക്കണം.
വര്‍ക്ക് ബുക്കിലെഴുത്ത് .
പട്ടം എന്ന് ബുക്കിലെഴുതാം. എവിടെ ഇടതു വശത്ത് മുകളില്‍. (പേജ് - 20)
പിന്തുണാനടത്തവും പിന്തുണബുക്കിലെഴുത്തും
തെളിവെടുത്തെഴുത്ത്.
ദേ ടീച്ചര്‍ ചാര്‍ട്ടില്‍ രണ്ടു തവണ പട്ടം എന്ന് എഴുതിയിട്ടുണ്ട്. ആദ്യം പട്ടം എന്ന് എഴുതിയതു പോലെ അല്പം അകലമിട്ട് പട്ടം എന്ന് എഴുതൂ.
കട്ടിക്കെഴുത്ത്
ട്ട എന്ന അക്ഷരത്തിന്റെ എഴുത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾ ഉണ്ടെങ്കില്‍ കട്ടിക്കെഴുത്ത് നടത്തുന്നു.
കുട്ടികൾ അതിന് മുകളിലൂടെ എഴുതി ഘടന മനസിലാക്കിയ ശേഷം ബോർഡിൽ സ്വതന്ത്രമായി എഴുതുന്നു. പിന്നെ ബുക്കിൽ എഴുതുന്നു.
അംഗീകാരം നല്‍കല്‍
എല്ലാവരും പട്ടം പട്ടം എന്ന് എഴുതിക്കഴിഞ്ഞാല്‍ ഓരോ അക്ഷരത്തിനും ശരി നല്‍കുന്നു.
പ യുടെ ഘടന, ട്ട, അനുസാരം എന്നിവ ശരിയാക്കി വേണം അംഗീകാരം നല്‍കാന്‍.
എവിടെയാണ് പട്ടം?
മാനത്ത് പട്ടം
ബുക്കിൽ മാനം ഉണ്ടോ?
നിറം നല്‍കുന്നു
ബോര്‍ഡെഴുത്ത്
മാനത്ത് എന്ന് എഴുതാന്‍ എന്നെ സഹായിക്കാമോ? ആദ്യത്തെ അക്ഷരം ആര്‍ക്കെഴുതാം? രണ്ടാമത്തേത്? ത്ത ടീച്ചറെഴുതാം.
ത്ത ആദ്യമായി പരിചയപ്പെടുത്തുകയാണ്. എല്ലാവരും എഴുത്തു രീതി ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പാക്കണം
ത്ത യുടെ ഘടന പറഞ്ഞ് മാനത്ത് ..... എന്ന് എഴുതുന്നു. മാ, ന, ത്ത് എന്നിവ വേറിട്ടും എഴുതിക്കാണിക്കുന്നു. മാനത്ത് എന്ന് കൂട്ടിയെഴുതിയും കാണിക്കുന്നു.
സചിത്രപ്രവർത്തനപുസ്തകത്തിൽ എഴുത്ത്; (പേജ് - 20)
മാനത്ത് പട്ടം എന്നാണ് എഴുതേണ്ടത്. പട്ടം എന്ന് നേരത്തെ എഴുതിയതാണ്. അത് തെളിവായി എടുക്കാം. അതു നോക്കി എഴുതാം. മാനത്ത് പട്ടം എന്ന് രണ്ടാമത്തെ വരിയില്‍ എഴുതുന്നു
പിന്തുണനടത്തം
കട്ടിക്കെഴുത്ത്
'ത്ത'യുടെ അക്ഷര ഘടനയിൽ കൂടുതൽ കുട്ടികൾക്ക് പ്രശ്നം അനുഭവപ്പെട്ടാൽ ക്ലാസിന്റെ പൊതു പ്രശ്നമായി കണ്ട് ബോർഡിൽ കട്ടിയെഴുത്ത് നടത്തുന്നു.
ടീച്ചര്‍ വാക്യം പൂര്‍ത്തിയാക്കുന്നു. മാനത്ത് പട്ടം.
പൊരുത്തപ്പെടുത്തിയെഴുത്ത് -
കുട്ടികള്‍ അവരവര്‍ എഴുതിയതുമായി പൊരുത്തപ്പെടുത്തി ആവശ്യമെങ്കില്‍ മെച്ചപ്പെടുത്തിയെഴുതുന്നു.
ആവശ്യമെങ്കിൽ വീണ്ടുംബോർഡെഴുത്ത്
അംഗീകാര മുദ്ര
ശരിയാക്കി എഴുതിയ ഓരോ വാക്യത്തിലെയും ഓരോ അക്ഷരത്തിനും ശരി നൽകണം
പിരീഡ് മൂന്ന് |
പ്രവര്‍ത്തനം 4 - പട്ടം കണ്ടത് (എഴുത്ത്), നിറം നല്‍കല്‍
പഠനലക്ഷ്യങ്ങള്‍ :
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം, ആലേഖന ക്രമം) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളിലെ വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുന്നു.
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവസന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നു
സ്വയം വരച്ചതോ ലഭിച്ചതോ ആയ ചിത്രങ്ങൾക്ക് പ്രകൃതിയിൽ നിന്നും ലഭ്യമായതും അല്ലാത്തതുമായ വസ്തുക്കൾ ഉപയോഗിച്ച് നിറം നൽകുന്നു.
പ്രതീക്ഷിത സമയം - 35 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍ - ഓരോ ഗ്രൂപ്പിനും പഠനോപകരണ കിറ്റ് ( ക്രയോണ്‍സ്, സ്കെച്ച് പേന)
പരിചയപ്പെടുത്തുന്ന പുതിയ അക്ഷരം - ണ്ട, ള
പട്ടത്തെ നമുക്കുമൊന്ന് പറത്തിയാലോ?
എല്ലാവരും എഴുന്നേറ്റ് പട്ടം പറത്തുന്നതായി അഭിനയിക്കുന്നു.
നിറം നല്‍കാം
നമുക്കിനി പട്ടമാകാം. പട്ടം ഇങ്ങനെ പറന്ന് പറന്ന് പോകുമ്പോൾ പട്ടം താഴേക്ക് നോക്കി. പട്ടം ഒത്തിരി കാഴ്ചകൾ കണ്ടു. പട്ടം നോക്കി. നാല് ചുവരുകളുള്ള, മേൽക്കൂരയുള്ള എന്തോ ഒന്ന് കാണുന്നല്ലോ? എന്താണത്?
വീട്
വീടിന് നിറം കൊടുക്കാമോ? എന്തെല്ലാം നിറങ്ങളിലുളള മേല്‍ക്കൂര കണ്ടിട്ടുണ്ട്? ചുമരുകളുടെ നിറമോ? (എല്ലാവരും മേല്‍ക്കൂരയ്കും ചുമരിനും ഇഷ്ടമുളള നിറം ക്രയോണ്‍സ് കൊടുക്കുന്നു. നിശ്ചിത സമയം കഴിഞ്ഞാല്‍ ക്രയോണ്‍സ് കൂടിനുളളില്‍ വെക്കണം.)
സംയുക്തയെഴുത്ത്
പട്ടം എന്താ കണ്ടത്? വീട് കണ്ടു.
വീട് കണ്ടു എന്ന് മൂന്നാമത്തെ വരിയില്‍ എഴുതണം. വ പഠിച്ചതാണ് ട പഠിച്ചതാണ്. വീട് എന്ന് എല്ലാവരും എഴുതിയോ? സന്നദ്ധരായവര്‍ വന്ന് ബോര്‍ഡില്‍ എഴുതുന്നു. എല്ലാവരും അത് വിലയിരുത്തുന്നു. മെച്ചപ്പെടുത്താനുണ്ടോ? വ ശരിയായിത്തന്നെ എഴുതിയോ? പ ആയില്ലല്ലോ?
കണ്ടു എന്നതിലെ ക നിങ്ങളെഴുതൂ. ണ്ടു ടീച്ചറെഴുതാം. ( പുതിയതായി പരിചയപ്പെടുത്തുകയാണ്. അതിനാല്‍ ആ അക്ഷരം മാത്രം ടീച്ചര്‍ ബോര്‍ഡില്‍ പ്രത്യേകം എഴുതണം. ഘടന പറഞ്ഞ് എഴുതണം.)
വീട് കണ്ടു എന്ന് എല്ലാവരും എഴുതണം.
പിന്തുണനടത്തവും ആവശ്യമെങ്കില്‍ കട്ടിക്കെഴുത്തും (ണ്ട)
പട്ടം കണ്ട കാഴ്ചകള്‍
വീടിന് അപ്പുറത്തായി എന്തോ ശബ്ദം. കിളികളുടെ ശബ്ദം പോലെ. പട്ടം നോക്കി. ഒത്തിരി മരങ്ങള്‍ തിങ്ങിനില്‍ക്കുന്നു. ഓ കാട്ടില്‍ നിന്നാണ് കിളിയുടെ ശബ്ദം. പട്ടം കാട്ടിലേക്ക് സൂക്ഷിച്ചു നോക്കി. പട്ടം എന്താ കണ്ടത്?
കാട് കണ്ടു എന്നു പറയാം, കൂട് കണ്ടു എന്നു പറയാം. രണ്ടും പരിഗണിക്കണം.
നിറം നല്‍കാം.
കാടിന് നിറം നല്‍കുന്നു. തടിക്കും ഇലകള്‍ക്കുമെല്ലാം അനുയോജ്യമായ നിറം നല്‍കണം.
കുട്ടികള്‍ നിറം നല്‍കിയതിനും അംഗീകാരം നല്‍കണം.
തെളിവെടുത്തെഴുത്ത്
കാട് കണ്ടു എന്ന് തെളിവെടുത്ത് തനിയെ എഴുതാമോ? ( ക കലപില എന്നെഴുതിയപ്പോഴും ട വീട് കണ്ടു എന്നെഴുതിയപ്പോഴും പരിചയപ്പെട്ടതാണ്. ണ്ട കണ്ടുവില്‍ ഉണ്ട്)
പാടാം.
പട്ടം പട്ടം
മാനത്ത് പട്ടം
വീട് കണ്ടു
കാട് കണ്ടു
അപ്പോള്‍ ഒരു ഇരമ്പം. പട്ടം റോഡിലേക്ക് നോക്കി. എന്താ കണ്ടത്? ലോറി, കാറ്, വണ്ടി എന്നെല്ലാം ഉത്തരം വരാം. അതെല്ലാം എഴുതിക്കാം. ( പാഠപുസ്തകത്തിലാണ് ലോറി കണ്ടു, കാറ് കണ്ടു എന്നെഴുതാനുളള ഇടമുളളത്. )
വണ്ടി കണ്ടു എന്ന് സചിത്ര പുസ്തകത്തില്‍ എഴുതിയതിന് ശേഷം പാഠപുസ്തകത്തിലെ നിശ്ചിത ഭാഗം പൂരിപ്പിക്കുന്നു.
കാറിനും ലോറിക്കും നിറം നല്‍കിയ ശേഷമാണ് വണ്ടി കണ്ടു എന്ന് എഴുതേണ്ടത്. ബസിനെ വരച്ചു ചേര്‍ക്കാന്‍ ആഗ്രഹമുളള കുട്ടികള്‍ക്ക് അതും അനുവദിക്കണം. ടി ബി പേജ് 16-17 ചിത്രം പരിശോധിച്ച കുട്ടി കണ്ട കാര്യം വിശദീകരിക്കുന്നു.
പട്ടം പട്ടം
മാനത്ത് പട്ടം
വീട് കണ്ടു
കാട് കണ്ടു
വണ്ടി കണ്ടു
പട്ടം പറന്നു
ലോറി കണ്ടു,
കാറ് കണ്ടു
പട്ടം പറന്നു
പാഠപുസ്തകത്തിലെ കുളത്തിന്റെ ചിത്രത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. എന്തായിരിക്കും പട്ടം കണ്ടത്?
കുളം കണ്ടു
'ള' ഘടന വ്യക്തമാക്കണം. ആദ്യമായി പരിചയപ്പെടുന്ന അക്ഷരം. വായനയ്ക്ക് അവസരമൊരുക്കാം.
പ്രക്രിയ പാലിച്ച് വരികൾ എഴുതി നിറം നൽകിയ ശേഷം കൂട്ടമായി ചിത്രം ഉയർത്തി കാണിക്കുന്നു. വിലയിരുത്തി പ്രതികരിക്കുന്നു.
പ്രതീക്ഷിത ഉല്പന്നം -
സചിത്രപുസ്തകത്തിലെയും പാഠപുസ്തകത്തിലെയും രേഖപ്പെടുത്തലുകള്‍
ചിത്രങ്ങൾക്ക് നിറം നൽകിയത്
വിലയിരുത്തല്‍ -
തെളിവെടുക്കാതെ മനസ്സില്‍ നിന്നും ( സ്വായത്തമാക്കി) അക്ഷരങ്ങള്‍ എഴുതുന്നവര്‍ എത്രപേരുണ്ട്?
തെളിവെടുത്ത് എഴുതുന്നവര്‍ എത്രപേര്‍?
കൂടുതല്‍ സഹായം വേണ്ടവര്‍?
പിന്തുണനടത്തത്തില്‍ കണ്ടെത്തിയ പ്രധാന പ്രശ്നങ്ങള്‍ എന്തെല്ലാമായിരുന്നു?
ഓരോ വാക്കിനും ശരി നല്‍കിയപ്പോള്‍ ശരികിട്ടാത്തവ മെച്ചപ്പെടുത്താനായി ശ്രമിച്ച എത്ര കുട്ടികളുണ്ട്?
സ്വതന്ത്രമായി എഴുതിയവർ എത്ര പേർ?
ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടുന്നവ
നിര്‍മ്മാണശില്പശാല- പത്താം ദിവസം കളിപ്പാട്ട നിര്‍മ്മാണ ശില്പശാലയുണ്ട്. ഓല, മറ്റ് ഇലകള്‍, കായ്കള്‍ എന്നിവ വെച്ച് കളിപ്പാട്ടം നിര്‍മ്മിക്കാനറിയാവുന്നവര്‍, പരിചയത്തിലുള്ളവര്‍ ഉണ്ടെങ്കില്‍ പറയണം.
മൂന്നാം പാഠം ആരംഭിച്ചു. ഇന്ന് പരിചയപ്പെടുത്തിയ അക്ഷരങ്ങള്‍ ണ്ട, ത്ത, ട്ട, ള ( അവയുടെ ഘടന വ്യക്തമാക്കുന്ന ചിത്രം പങ്കിടുന്നു.
കുഞ്ഞെഴുത്ത് പുസ്തകത്തിലും പാഠപുസ്തകത്തിലും എഴുത്ത് നടത്തിയിട്ടുണ്ട്
ഇന്ന് സംയുക്ത ഡയറി…… കുട്ടികള്‍ എഴുതിക്കൊണ്ടുവന്നു. അഭിനന്ദനങ്ങള്‍.
മൂന്ന് കുട്ടികളുടെ സംയുക്തഡയറിയെക്കുറിച്ചുള്ള വിലയിരുത്തല്‍ പങ്കിടുന്നു. മറ്റുള്ളവരുടെ ഓരോ ദിവസവും ഇതുപോലെ പങ്കിടുന്നതാണ്.
ഇതുവരെ കഥാപുസ്തകങ്ങള്‍ വായിച്ചുകൊടുത്ത രക്ഷിതാക്കളുടെ എണ്ണം……
കഥാവേളയില്‍ വായിച്ചു കേട്ട പുസ്തകത്തിലെ കഥ പറഞ്ഞ കുട്ടികളുടെ എണ്ണം…..
വായനപാഠം
മാനത്ത് പട്ടം
താഴത്ത് കാട്
മാനത്ത് പറവ
താഴത്ത് കൂട്
കുട്ടികള്‍ക്കും വായനപാഠം തയ്യാറാക്കാം
മാനത്ത് പട്ടം
പാറുന്ന …..
മാനത്ത് …..
……….. പറവ
No comments:
Post a Comment