ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, October 5, 2019

അഭിമാനരേഖയുടെ അക്കാദമിക ഹര്‍ഷം

കഴിഞ്ഞ അധ്യാപകപരിശീലനത്തിലാണ് അഭിമാന രേഖ എന്ന
ആശയം ചര്‍ച്ച ചെയ്തത്. അത് അധ്യാപകസമൂഹം സ്വാഗതം ചെയ്യുകയുണ്ടായി. എന്നാല്‍ പ്രായോഗികമാക്കുന്നതിന് പലരും ശ്രദ്ധിച്ചുവോ എന്ന് സംശയം. എന്നാല്‍ ആ ആശയത്തെ സാക്ഷാത്കരിക്കാന്‍ ശ്രമിച്ച അധ്യാപകരേറെയുണ്ട്. ലാപ്ടോപ്പും മറ്റും കിട്ടിയ ശേഷമാണ് പലരും ആ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി അഭിമാന രേഖ തയ്യാറാക്കാന്‍ തീരുമാനിച്ചത്
അപ്പോഴും അഭിമാന രേഖയെക്കുറിച്ച് വ്യക്തത വേണ്ടി വന്നു.
ഹര്‍ഷ ടീച്ചര്‍ അഭിമാനരേഖ എന്ത് എന്തിന് എങ്ങനെ എന്നതിനെക്കുറിച്ച് വിശദമായി ചിന്തിച്ച് ഒരു ഡോക്യുമന്റ് തയ്യാറാക്കി. അതിന്റ അടിസ്ഥാനത്തില്‍ നാലാം ക്ലാസില ധനുശ്രീയുട അഭിമാന രേഖ നവമാധ്യമത്തില്‍ പങ്കിട്ടു.
ഞാന്‍ ടീച്ചറ വിളിച്ചു
"ഹര്‍ഷ ടീച്ചര്‍ , ആദ്യമേ അഭിനന്ദനം അറിയിക്കട്ടെ, ധനുശ്രീയുടെ അഭിമാനരേഖ കണ്ടു. അത് നന്നായിരിക്കുന്നു"
"നന്ദി സര്‍"
"എനിക്ക് ചില കാര്യങ്ങള്‍ അറിയണം. ചോദിക്കട്ടെ?”
"തീര്‍ച്ചയായും"
"എങ്ങനെയാണ് അഭിമാന രേഖ തയ്യാറാക്കുന്നത്?”
"അത് ഓരോ വിഷയത്തിന്റെയും സൂചകങ്ങള്‍ ആദ്യം തയ്യാറാക്കി. യൂണിറ്റുമായി ബന്ധപ്പെട്ട്"
"എന്നിട്ടോ?”

"ഓരോ കുട്ടിയക്കുറിച്ചും ബുക്കില്‍ സമയം കിട്ടുമ്പോള്‍ കുറിക്കാന്‍ തുടങ്ങി"
"ക്ലാസില്‍ എത്ര കുട്ടികളുണ്ട്?”
"ഇരുപത്തൊമ്പത്"
"എല്ലാ കുട്ടികളെക്കുറിച്ചും എഴുതിയോ.?”
"ഉം. എല്ലാവരെയുംപറ്റി കുറിപ്പുണ്ട്"
"എന്നിട്ടെന്തേ? ധനുശ്രീയുടെ മാത്രം?”
"മാഷെ , ഇത്തവണയാണ് മലയാളം ടൈപ്പ് ചെയ്യാന്‍ പഠിച്ചത്. എല്ലാം ടൈപ്പ് ചെയ്യണ്ടേ? അതാ താമസിക്കുന്നത്.”
"ഇങ്ങനെ തയ്യാറാക്കുന്നതുകൊണ്ട് എന്താ ഗുണം?”
"നാം സൂചകങ്ങള്‍ ഫിക്സ് ചെയ്യുന്നതോടെ ആ നിലാവരത്തില്‍ എത്തണമെന്ന ആഗ്രഹം ഉണ്ടാകും. ഓരോ കുട്ടിയെക്കുറിച്ചും കുറിക്കണം. അഭിമാനരേഖ തയ്യാറാക്കണം എന്ന് ചിന്തിക്കുന്നതിന്റെ ഫലമായി ഓരോ കുട്ടിയെയും കൂടുതല്‍ ശ്രദ്ധിക്കാനും തുടങ്ങും. അത് ക്ലാസില്‍ പ്രതിഫലിക്കും"
"ധനുശ്രീയുടേതല്ലാതെ മറ്റാരുടെയെങ്കിലും അഭിമാന രേഖ തരുമോ?”
"തീര്‍ച്ചയായും . മെയില്‍ ഐ ഡി തരൂ. ഇപ്പോള്‍ അയക്കാം, പിന്നെ മാഷെ, ഞാന്‍ അഭിമാന രേഖയെക്കുറിച്ച് തയ്യാറാക്കിയ കുറിപ്പും അയക്കാം.”
"ഒകെ.”
അഭിമാന രേഖയെക്കുറിച്ച്ല ഹര്‍ഷ ടീച്ചര്‍ തയ്യാറാക്കിയ കുറിപ്പും അഭിമാന രേഖയും പരിചയപ്പെടാം.
    എന്തായിരിക്കണം അഭിമാനരേഖ?
    ഓരോ പഠനനേട്ടത്തിൻെറയ‍ും ഗ‍ുണതാസവിശേഷതകൾ പഠിതാവിൽ എത്രമാത്രം വികസിച്ചിട്ട‍ുണ്ട് എന്ന് അഭിമാനരേഖയിൽ നിന്ന് ബോധ്യമാക‍ുവാൻ കഴിയണം. മികവ‍ുറ്റ രീതിയിൽ ക‍ുട്ടി ആർജ്ജിച്ച ആശയധാരണകൾ, പ്രക്രിയാശേഷികൾ, മ‍ൂല്യങ്ങൾ, മനോഭാവങ്ങൾ, ജീവിത നെെപ‍ുണികൾ എല്ലാം ക‍ുട്ടിയ‍ുടെ പഠന നേട്ടങ്ങളാണ്. ഇവ രക്ഷിതാവിന‍ും ക‍ുട്ടിക്ക‍ും തിരിച്ചറിയ‍ുവാൻ കഴിയണം. എൻെറ ക‍ുട്ടി /ഞാൻ ഒര‍ു പ്രതിഭ എന്ന തോന്നൽ രക്ഷിതാവിന‍ും ക‍ുട്ടിക്ക‍ും ഉണ്ടാവണം.
    രേഖപ്പെട‍ുത്തൽ എപ്പോഴെല്ലാം?
  • പഠനപ്രക്രിയയ‍ുടെ ഭാഗമായി നടക്ക‍ുന്ന നിരന്തര വിലയിര‍ുത്തല‍ുകളിൽ നിന്ന് ബോധ്യപ്പെട‍ുമ്പോൾ തന്നെ രേഖപ്പെട‍ുത്താം.
  • മൊബെെൽഫോൺ ‍ഉപയോഗിച്ച് ഗ‍ൂഗിളിലെ വോയിസ് ടെെപ്പിംഗിൻെറ സഹായത്താൽ ഇത് സാധ്യമാക്കാം.
  • യ‍ൂനിറ്റ് ടെസ്റ്റ്,ടേം ഇവാല‍ുവേഷൻ എന്നിവക്ക‍ു ശേഷം.
  • രേഖപ്പെട‍ുത്തൽ ബ‍ുദ്ധിമ‍ുട്ട‍ുണ്ടാക്ക‍ുന്ന‍ുവെങ്കിൽ വാട്സപ്പിൽ
    കയറി ക്ലാസ് ഗ്ര‍ൂപ്പിൽ വോയ്സ് റെക്കോഡിംഗ് ആകാം.
    എങ്ങനെയെല്ലാം അഭിമാനരേഖ വികസിപ്പിക്കാം?
    (രീതികൾ,തന്ത്രങ്ങൾ,ഉപാധികൾ)
  • ഓരോ പഠനനേട്ടത്തിൻെറയ‍ും ഗ‍ുണതാവിശേഷങ്ങൾ ആദ്യം തന്നെ ടൈപ്പ് ചെയ്ത്‍‍ വെക്ക‍ുക.ഒര‍ു ക‍ുട്ടി അത് മികച്ച രീതിയിൽ ആർജ്ജിച്ച‍ു എന്ന് ബോധ്യമായാൽ ക‍ുട്ടിയ‍ുടെ ബന്ധപ്പെട്ട വിഷയ പേജിലേക്ക് അത് cut and paste ചെയ്യ‍ാം.
  • ക്ലാസ് തല whatsapp group ൽ അപ്പപ്പോൾ വോയ്സ് റെക്കോർ‍‍ഡ് ചെയ്ത് അയക്കാം.
  • ടൈപ്പ് ചെയ്ത അഭിമാനരേഖ pdf ര‍ൂപത്തിൽ ഓരോ രക്ഷിതാവിന‍ും സോഷ്യൽ മീ‍ഡീയ വഴി അയക്കാം.
  • ഓരോ ക‍ുട്ടിക്ക‍ും ഓരോ ബ‍ുക് ലെറ്റ് പ്രിൻറ് ചെയ്ത് ബന്ധപ്പെട്ട പേജിൽ ക്ലാസ്റ‍ൂം പ്രക്രിയയ‍ുടെ ഇടവേളകളിലോ സ്ക‍ൂൾ സമയത്തിന‍ു ശേഷമോ എഴ‍ുതിച്ചേർക്കാം.
  • യ‍ൂനിറ്റ് ടെസ്റ്റ‍ുകള‍ുടെ ഉത്തരക്കടലാസ‍ുകൾ പരിശീലനം ലഭിച്ച
    SSG അംഗങ്ങൾ,വിലയ‍ിര‍ുത്ത‍ുകയ‍ും ക‍ുട്ടിയ‍ുടെ ബ‍ുക് ലെറ്റിൽ രേഖപ്പെട‍ുത്ത‍ുകയ‍ും ചെയ്യ‍ാം.
  • ഗ‍ുണതാവിശേഷങ്ങൾ ഓരോ വിദ്യാലയത്തിന‍ും പ്രത്യേകമായി പ്രിൻറ് ചെയ്ത്(സീരിയൽ നമ്പറ‍ുകൾ നൽകി പ്രിൻറ് ചെയ്ത്)രക്ഷിതാക്കൾക്ക‍ു
    മ‍ുൻക‍ൂട്ടി നൽകാം.
  • ച‍ുവപ്പ,പച്ച ,മഞ്ഞ എന്നീ നിറങ്ങളിൽ ഗ‍ുണതാ വിശേഷങ്ങള‍ുടെ നമ്പറ‍ുകൾ/സ്ററിക്കർ പേപ്പറിൽ അടിച്ച് ടീച്ചർ സ‍ൂക്ഷിക്ക‍ുന്ന‍ു.

1. വളരെ മികച്ച രീതിയിൽ നേടിയിട്ട‍ുണ്ട്  2.മികച്ച രീതിയിൽ നേടിയിട്ട‍ുണ്ട്  3. മെച്ചപ്പെടാനുണ്ട്
  • വിലയിര‍ുത്തലിന‍ു ശേഷം ബന്ധപ്പെട്ട സ്ററിക്കർ ക‍ുട്ടിയ‍ുടെ പേജീൽ ഒട്ടിക്ക‍ുന്ന‍ു.
  • തന്മ‍ൂലം ഗ‍ുണതാവിശേഷങ്ങള‍ുടെ ഒര‍ു റേറ്റിംഗ് സ്കെയിൽ ക‍‍ൂടിസാധ്യമാക‍ും.
  • നിശ്ചിത നമ്പറില‍ുള്ള ഗ‍ുണതാവിശേഷം ഏതെന്ന് രക്ഷിതാവിന‍ും തൻെറ കയ്യില‍ുളള ഗൈഡിൽ നിന്ന് മനസ്സിലാക‍ും.
അഭിമാന രേഖ എങ്ങനെയെല്ലാംപ്രയോജനപ്പെട‍ുത്താം
  • CPTA യോഗങ്ങളിൽ ഓരോ ക‍ുട്ടിയ‍ുടെയ‍ും കഴിവ‍ുകൾ വിശകലനം ചെയ്യ‍ുന്നതിന്.
  • പഠന വിടവ് കണ്ടെത്തി പരിഹരിക്ക‍ുന്നതിന്.
  • അക്കാദമികമായ അവസ്ഥാ വിശകലനം ക്ലാസ് തലത്തില‍ും സ്ക‍ൂൾ തലത്തില‍ും നടത്ത‍ുന്നതിന്.
  • കർമ പദ്ധതി തയ്യാറാക്ക‍ുന്നതിന്.

    അഷിഘ.എൻ
    മലയാളം
    • സ്വന്തം ആശയങ്ങൾ തെറ്റ‍ു ക‍ൂടാതെയ‍ും ആശയങ്ങൾ ചോർന്ന‍ു പോകാതെയ‍ും സംഭാഷണ ര‍ൂപത്തിൽ എഴ‍ുതിപ്രകടിപ്പിക്ക‍ുവാൻ
      അഷിഘക്ക് കഴിയ‍ും.
    • വാക്യഘടന ചിഹ്നം എന്നിവ പാലിച്ച് അക്ഷരത്തെറ്റില്ലാതെ എഴ‍ുത‍ുന്ന‍ു.
    • കണ്ട കാഴ്ചയെക്ക‍ുറിച്ച് വിവരങ്ങൾ വിട്ട‍ുപോകാതെ വിവരണം തയ്യാറാക്ക‍ുന്ന‍തിന് അഷിഘക്ക‍ു കഴിയ‍‍ും.
    • വസ്ത‍ുതകൾ വിവരിക്കാൻ ഉചീതമായ പദങ്ങൾ,വാക്യങ്ങൾ എന്നിവ ഉപയോഗിക്ക‍ുന്ന‍ു.
    • സ്വന്തം അന‍ുഭവങ്ങൾ,അവയ‍ുണർത്തിയ ഓർമകൾ,വികാരങ്ങൾ എന്നിവ ഉൾപ്പെട‍ുത്തി ഡയറിക്ക‍ുറിപ്പ‍ുകൾ തയ്യാറാക്ക‍‍‍ുവാൻ അഷിഘക്ക‍ു കഴിയ‍ുന്ന‍ുണ്ട്.
    • വായിച്ചതിനെക്ക‍‍ുറിച്ച് പ്രസക്തമായ വിവരങ്ങൾ ഉൾപ്പെട‍ുത്തി ആസ്വാദനക്ക‍‍ുറിപ്പ് തയ്യാറാക്ക‍ുന്നതിൽ അഷിഘ മിട‍ുക്കിയാണ്.

      മലയാളം 
      തനുശ്രീ
       
      20.6.19





      3.7.19

      9.8.19
      • അന‍ുയോജ്യമായ ഭാഷ,പദങ്ങൾ,പ്രയോഗങ്ങൾ എന്നിവ ഉപയോഗിച്ച് സ്വന്തം ആശയങ്ങൾ തെറ്റ‍ുക‍ൂടാതെ സംഭാഷണ‍‍ ര‍ൂപത്തിൽ എഴ‍ുത‍ുൻ തന‍ുശ്രീക്ക് കഴിയ‍ുന്ന‍ു.
      • വാക്യഘടന,ചിഹ്നം എന്നിവ പാലിച്ച് അക്ഷരത്തെറ്റില്ലാതെ എഴ‍ുതാൻ കഴിയ‍ുന്ന‍ു.
      • വായിക്ക‍ുന്നവർക്ക് നേരന‍ുഭവം പ്രദാനം ചെയ്യ‍ുന്ന രീതിയിൽ ആശയക്രമീകരണം പാലിച്ച് വിവരണം തയ്യാറാക്കാൻ കഴിയ‍ുന്ന‍ു.
      • ഉചിതമായ പദപ്രയോഗങ്ങളോടെ ആകർഷകമായ ഡയറിക്ക‍ുറിപ്പ‍ുകൾ എഴ‍ുത‍ുന്ന‍തിൽ തന‍ുശ്രീ മിട‍ുക്കിയാണ്.
      • സ്വന്തം നിരീക്ഷണങ്ങൾ,കണ്ടെത്തല‍ുകൾ, കാഴ്ചപ്പാട‍ുകൾ എന്നിവ ഉദാഹരണ സഹിതം വിവരിച്ച് ആസ്വാദനക്ക‍ുറിപ്പ് തയ്യാറാക്കാൻ കഴിയ‍ുന്ന‍ു.
      • വായനാമ‍ൂല ഫലപ്രദമായി ഉപയോഗിക്ക‍ുന്ന‍ു.
      • ലളിതമായ ലഘ‍ുവാക്യങ്ങൾ ഉപയോഗിച്ച് വായനക്കാരൻെറ ശ്രദ്ധയാകർഷിക്ക‍ുന്ന രീതീയീൽ പത്രവാർത്ത ത.യ്യാറാക്കാൻ തന‍ുശ്രീക്ക് കഴിയ‍ുന്ന‍ു.




    മലയാളവുമായി ബന്ധപ്പെട്ട് രണ്ടു കുട്ടികളുടെ അഭിമാനരേഖയിലെ കുറിപ്പുകളാണ് ഇത്. താരതമ്യം ചെയ്യൂ. അത് വായിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭിമാനം തോന്നുകയില്ലേ?

    എനിക്ക് നിര്‍ദേശിക്കാനുളളത്. ഈ പ്രസ്താവനകളുടെ
    തെളിവുകള്‍ എങ്ങനെ നല്‍കാനാകും എന്നതാണ്. ബ്രായ്കറ്റില്‍ നോട്ടുബുക്ക് പേജ് നമ്പര്‍ കൂടി സൂചിപ്പിച്ചാലോ?) ഈ ബ്ലോഗില്‍ പത്തു വര്‍ഷങ്ങള്‍ക്കും മുമ്പ് നിഖിലയെ വിലിയിരുത്തി കുറിച്ചത് ഓര്‍മ വരുന്നു. ശക്തമായ ഗുണാത്മകക്കുറിപ്പുകളാണ് അത്. കുട്ടിയുടെ രചനയില്‍ നിന്നുളള ഉദാഹരണങ്ങള്‍ കൂടി ഉദ്ധരിച്ചായിരുന്നു ആ കുറിപ്പ്. അതുപോലെ ഹര്‍ഷ ടീച്ചറും ചെയ്യാതിരിക്കില്ല.
    തനുശ്രീയുടെ പ്രത്യേക നേട്ടങ്ങള്‍ അഭിമാനരേഖയിലുണ്ട്. സാധാരണ പഠനപുരോഗതി രേഖയില്‍ കാണാത്തതാണ്, അല്ലെങ്കില്‍ അവഗണിക്കപ്പെടുന്നതാണിത്തരം കഴിവുകള്‍ .തനുശ്രീ ആരാണെന്ന് ഈ കുറിപ്പുകള്‍ പറയും

      2019 സ്വദേശ് ക്വിസ്,യ‍ുറീക്ക വീജ്ഞാനോത്സവം‍‍ എന്നിവയ‍ിൽ യഥാക്രമം ഒന്നും മ‍ൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
      ടാലൻഷ്യ സ്കോളർഷിപ്പ് സെപ്തംബർ വിജയി.
    • സഹാന‍ുഭ‍ൂതിയോടെയ‍ും പെര‍ുമാറ‍ുക എന്നീ നല്ല ഗ‍ുണങ്ങൾ തന‍ുശ്രീക്ക് ഉണ്ട്.
       അപ്പോള്‍ അഷിഘ ആരാണെന്ന് അറിയാന്‍ കൗതുകമുണ്ടാകും
  • സ്ക‍ൂൾതല ശാസ്ത്ര,ഗണിതശാസ്ത്ര കിസ് മത്സരങ്ങളിൽ 2018,2019 വർഷങ്ങളിലെ വിജയി. 
    പ്രവർത്തനങ്ങൾക്ക‍ു നേതൃത്വം നൽക‍ുവാന‍ും മികച്ച രീതിയിൽ സംഘടിപ്പിക്ക‍ുന്നതിന‍ും അഷിഘക്ക‍ു പ്രത്യേക പാടവമ‍ുണ്ട്.
    2019 അധ്യയനവർഷത്തെ സ്ക‍ൂൾ ലീഡർ.
    ഏത് കാര്യവ‍ും പെട്ടെന്ന‍ു ഹൃദിസ്ഥമാക്ക‍ുവാൻ അഷിഘക്ക‍ു പ്രത്യേക കഴിവ‍ുണ്ട്.
     
    ഇത് ഹര്‍ഷടീച്ചറുടെ അഭിമാനരേഖയല്ല. പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ അഭിമാനരേഖയാണ്. അഭിമാനരേഖയുടെ അക്കാദമിക ഹര്‍ഷം
    ആരെയും ബോധ്യപ്പെടുത്താനല്ല ഹര്‍ഷടീച്ചര്‍ ഇതു ചെയ്തത്.
    പ്രതിബദ്ധതയാര്‍ന്ന അധ്യാപനമഹിമയുടെ പതാകകള്‍ വഹിക്കുന്നവരുടെ കൂട്ടത്തിലെ ഒരു കണ്ണിയാണ് ടീച്ചര്‍
    മുന്നിട്ടറിങ്ങണമെങ്കില്‍ മുന്നോട്ട് നോക്കണം
    ആ കാഴ്ചപ്പാട് പ്രധാനം
    ടീച്ചര്‍ അഭിമാനരേഖയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കിടുന്നു
    • അഭിമാനരേഖ വികസിപ്പിക്ക‍ുമ്പോൾ ക‍ുട്ടി, അധ്യാപകൻ,രക്ഷിതാവ് എന്നിവർക്ക‍ുണ്ടാക‍ുന്ന നേട്ടങ്ങൾ?
  • തൻെറ കഴിവ‍ുകൾ തിരിച്ചറിഞ്ഞതില‍ൂടെ ക‍ുട്ടിയ‍ുടെ ആത്മവിശ്വാസം വർദ്ധിച്ച‍ു.
  • അധ്യാപികയ‍‍‍‍ുടെ പിന്ത‍ുണയോടെ ക‍ുട്ടിക്ക് ആവശ്യമായ പഠന സഹായം നൽകാൻ രക്ഷിതാവിന് അഭിമാനരേഖ സഹായകമായി.
  • പഠനവിടവ‍ുകൾ കണ്ടെത്തി പരിഹരിക്ക‍ുന്നതിന‍ും കർമ പദ്ധതികൾക്ക‍ു
    മ‍ുൻഗണന ക്രമം നിശ്ചയിക്ക‍ുന്നതിന‍ും സഹായകമായി.
  • പഠനപ്രവർത്തനത്തെ സമയബന്ധിതമായി ചിട്ടപ്പെട‍ുത്താൻ
    ക‍ൂട‍ുതൽ പ്രേരണ ടീച്ചർക്ക‍ു ലഭിച്ച‍ു.
  • ടീച്ചർ അഭിമ‍ുഖീകരിക്ക‍ുന്ന പ്രശ്നങ്ങൾ?
  • ഓരോ ഗ‍ുണതാവിശേഷങ്ങൾ,അവയ‍ുടെ വ്യാപ്തി എന്നിവയെ ക‍ുറിച്ച് വേണ്ടത്ര ധാരണ ടീച്ചർക്കില്ല.
  • രേഖപ്പെട‍ുത്തല‍ുകൾ അധ്യാപികയ‍ുടെ പ്രവർത്തന ഭാരം
    ക‍ൂട്ട‍ുന്ന‍ു.
  • ബ‍ുക് ലെറ്റ‍ുകൾ അടിക്ക‍ുവാന‍ുള്ള സാമ്പത്തികം കണ്ടെത്താൻ കഴിയാത്ത അവസ്ഥ.
  • ഗ‍ുണതാവിശേഷങ്ങൾ എല്ലാംതന്നെ വിലയിര‍ുത്ത‍ുവാൻ പര്യാപ്തമായ നിലവാരമ‍ുള്ള വിലയിര‍ുത്തൽ ട‍ൂള‍ുകൾ വികസിപ്പിക്ക‍ുവാന‍ുള്ള പ്രയാസം.
  • വിലയിര‍ുത്തൽ ട‍ൂള‍ുകൾ ഓരോ ക‍ുട്ടിക്ക‍ും നൽക‍ുന്നതിന് സാമ്പത്തിക പ്രയാസം.
  • മലയാളം ടൈപ്പിംഗിൽ വേണ്ടത്ര പരിചയ സമ്പത്തില്ല.
  • ടീച്ചർ നേരിട‍ുന്ന പ്രയാസങ്ങളെ എങ്ങനെ നേരിടാം?
  • പഠനനേട്ടങ്ങള‍ും അവയ‍ുടെ ഗ‍ുണതാവിശേഷങ്ങള‍ും ഓരോ ക്ലാസിന‍ും അന‍ുയോജ്യമായവിധം BRC/Cluster തലത്തിൽ അല്ലെങ്കിൽ സംസ്ഥാന തലത്തിൽ തയ്യാറാക്ക‍ുക.
  • അഭിമാനരേഖ ബ‍ുക് ലെറ്റ് സംസ്ഥാന തലത്തിൽ തയ്യാറാക്ക‍ുക.
  • ഡിജിറ്റൽ അഭിമാനരേഖ പ്രോത്സാഹിപ്പിക്ക‍ുക.
  • SSA തയ്യാറാക്കിയ പഴയകാല ചോദ്യങ്ങൾ ,വർക്ക്ഷീറ്റ‍ുകൾ
    എന്നിവ ഇവാല‍ുവേഷൻ ട‍ൂൾ ബാങ്കായി അധ്യാപകർക്ക് നൽക‍ുക.
  • മലയാളം ടൈപ്പിംഗിൽ ക‍ൂട‍ുതൽ പരിശീലം അധ്യാപകർക്ക‍‍ു നൽക‍ുക.

ക്ലാസ് ടീച്ചര്‍
ഹര്‍ഷ.വി
ക്ലാസ് 4


Wednesday, September 11, 2019

ബഹുഭാഷകളുളള ക്ലാസുകള്‍ നേരിടുന്ന പ്രശ്നങ്ങളും മാതൃഭാഷയും

വയനാട് വൈവിധ്യമുളള ഗോത്രഭാഷകളാല്‍ സമ്പന്നമാണ്. വിവിധ ഗോത്രഭാഷകള്‍ വീട്ടുഭാഷയായിട്ടുളള കുട്ടികള്‍ പൊതുവിദ്യാലയത്തിലെത്തുന്നു. പക്ഷേ, അവിടെ ഇതരഭാഷയായ മലയാളത്തിലാണ് പാഠങ്ങള്‍. കുട്ടി ഭാഷാപ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. ഗോത്രഭാഷയുടെ വൈവിധ്യം മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന കഥകള്‍ വായിക്കുക.
1.
ഗിര്‍ര്‍ര്‍...
മണിക്കുന്ന് മലെന്ത നിന്ത് ഗിര്‍ര്‍ര്‍
നെ്രി അലറത് ഗിര്‍ര്‍ര്‍
മെന്റിക എ്ഞ്ചത്
യാറും ആ മലെല് ഹെത്തത്കാണെ ഗിര്‍ര്‍ര്‍
മോഡ നെ്രിനെ പെ്റ്റിസലെ തീര്‍മാനിച്ചത്ത്
പഞ്ഞിമേഖനെ ഹറാശ്ശിബ്ട്ടത്ത്
ആടായും മാനായും പഞ്ഞിമേഘ പോത്തു
ഹായ്.. ആടിനെ കെ്ണ്ടോട്ടു നരി്ക് പൂതി
ഒന്തോട്ടോ
ഒറ്റസാട്ട
തെക്കുറ്റി കളഗേക്ക്
ശിര്‍ര്‍ര്‍
( കാട്ടുനായ്ക്ക )

2.
ഗിര്‍ര്‍ര്‍
മണിക്കുന്ന് മലണ് ഗിര്‍ര്‍ര്‍
നരിയത് കറയ്്ന്ത് ഗിര‍ര്‍ര്‍
എല്ലാവരും പേടിച്ചേ
ആരും മലേല് കേറാണ്ടിരിക്കിണ്ടിയത് ഗിര്‍ര്‍
ആകാശം നരിയെ പറ്റിക്കണ്ടി തീരുമാനിച്ചിക്ക്ണി
പഞ്ഞിമേഘത്തെ പറത്തിവിട്ടഞ്ഞാ
ആടായും മാനായും പഞ്ഞിമേഘമൊക്കെ പോയ
ആയ്, ആടിനെ കണ്ടപ്പ നരിക്ക് മറം
ഇന്നിറ്റോ
ഒറ്റച്ചാട്ടം
തലകുത്തി തായക്ക്
ശിിര്‍ ര്‍ര്‍
(തച്ചനാടന്‍മൂപ്പന്‍)
3
ഗിര്‍ര്‍ര്‍
മണിക്കുന്ന് മലെല് നിന്ന് ഗിര്‍ര്‍ര്‍
നെരിയാണ് കരയിനത് ഗിര്‍ര്‍ര്‍
ആള്‍ക്കാറ് പേടിക്കും
ആറും ആ മനെല് പൊകാണ്ടിരിക്കുവാമാണ് ഗിര്‍ര്‍ര്‍
ആകാശം നരിയെ പറ്റിക്കുവം തീരുമാനിച്ച്
പഞ്ഞിമേഘങ്ങളെ പറത്തിവിട്ട്
ആടായും മാനായും പഞ്ഞിമേഘങ്ങള് പെയ്യ്
ഹായ് ആടിനെ കണ്ട് നെരിക്ക് കൊതി എന്ന്ത്ത്
ഒറ്റച്ചാട്ടം
തലകുത്തി താളേക്ക്
ശിര്‍ര്‍ര്‍
( കുറുമ)
4 പണിയഭാഷയിലുളളതാണ് മുകളിലെ ചിത്രീകരണത്തിലുളളക്
ചൂച്ച നിന്ന പേരെന്തായി? ( പണിയ )
നിന്ന എശറുയാന? (കാട്ടുനായ്ക്ക)
നിന്റെ പേരെന്താണ് എന്നാണ് ചോദ്യം.
ഊരാളി ഭാഷയില്‍ അമ്മന്‍ എന്ന പദം ഉപയോഗിക്കുന്നത് അച്ഛന്‍ എന്ന അര്‍ഥത്തിലാണ്. അമ്മ എന്നതിന് അബ്ബെ എന്നും പറയുന്നു. അടിയര്‍ അവ്വെ എന്നാണ് അമ്മയെ സൂചിപ്പിക്കുന്നത്.
ഈ കുട്ടികളിരിക്കുന്ന ക്ലാസില്‍ അധ്യാപിക അമ്മ എന്നു പറയുമ്പോള്‍ കുട്ടികള്‍ അമ്മനെ ഓര്‍ക്കുക സ്വാഭാവികം. അച്ഛനെന്നു കേട്ടാല്‍ അച്ചെ ആണെന്നു കരുതും. അതാകട്ടെ ഉയര്‍ന്ന ജാതിക്കാരെ ഉദ്ദേശിച്ചുളളതും.
സാക്ഷരതാ യജ്ഞത്തിന്റെ കാലത്ത് പ്രേരക്മാരിലൊരാള്‍ ഇലയുടെ ചിത്രം കാട്ടി ഇല എന്നു പറഞ്ഞപ്പോള്‍ "ചപ്പിനാ പടം കാണിച്ചു കാഞ്ഞ് ഇലൈ പോലും" എന്നാണ് ആദിവാസി പ്രതികരിച്ചത് എന്ന് അരിക്കല്ല് എന്ന പ്രാദേശിക പദകോശത്തില്‍ ( അരിക്കല്ലെന്നാല്‍ ആലിപ്പഴമാണ് ) കെ കെ ബിജു സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിരീക്ഷണം നോക്കുക
"മലയാളം മനസിലാകാത്ത ഗോത്രവിദ്യാര്‍ഥികളെ പരിഹസിക്കുകയാണ് പലപ്പോഴും അധ്യാപകര്‍ മുതിരാറ്, മനസിലാകാത്ത ഭാഷോ ലോകവും പരിഹാസവുമാണ് ക്ലാസ് മുറികളില്‍ ഗോത്ര വിദ്യാര്‍ഥികളുടെ ഒറ്റപ്പെടലിന്റെയും തുടര്‍ന്നുളള കൊഴിഞ്ഞുപോക്കിന്റെയും യഥാര്‍ഥ കാരണം. “
ഭാഷാ വൈവിധ്യം വയനാട്ടില്‍ മാത്രമല്ല ഉളളത്.
പണിയ,കുറുമ. കുറിച്യ, കാട്ടുനായ്ക, നായ്ക്ക, അടിയ, ഊരാള്യ ( വയനാട്)
പണിയര്‍, ചേലനായ്ക്കന്‍, കാട്ടുനായിക്കന്‍, അറനാടന്‍, മുതുവാന്‍, കുറുമര്‍ ( മലപ്പുറം)
മന്നാന്‍, മുതുവാന്‍ ( ഇടുക്കി )
എറണാകുളം ജില്ലയിലടക്കം കേരളത്തില്‍ പുതിയ പ്രവണതയും ദൃശ്യമാണ്. ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ ധാരാളമായി വിദ്യാലയത്തിലെത്തുന്നു
ഇവിടെയെല്ലാം മാതൃഭാഷ നിരസിക്കുകയും മലയാളഭാഷ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്.
അധ്യാപകരും കുട്ടികളും തമ്മില്‍ ആശയവിനമയ വിടവുണ്ടാകുന്നു. വയനാട്ടില്‍ മെന്റര്‍ ടീച്ചര്‍മാരെയും എറണാകുളത്ത് വിദ്യാഭ്യാസ പ്രവര്‍ത്തകയെയും നിയമിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് പരുവപ്പെടുത്തുക എന്നതിനപ്പുറം മാതൃഭാഷയായിരിക്കണം ബോധനമാധ്യമമെന്ന നിലപാടൊന്നും ഇതിനു പിന്നിലില്ല. താല്കാലിക പരിഹാരമെന്ന നിലയിലല്ലാതെ ഇത്തരം ഇടപെടലുകളെ കാണാനാകില്ല
ഇതരസംസ്ഥാനകുട്ടികളെക്കുറിച്ചുളള പഠനം
എറണാകുളം ജില്ലയില്‍ എസ് എസ് എ ഇതരസംസ്ഥാനക്കുട്ടികളെ സംബന്ധിച്ച് ഒരു പഠനം നടത്തുകയുണ്ടായി.അതിന്റെ പ്രധാന കണ്ടെത്തലുകള്‍ ചുവടെ നല്‍കുന്നു
  • 2541കുട്ടികളാണ് എറണാകുളം ജില്ലയിലെ ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍
  • ബഹുഭൂരിപക്ഷം അധ്യാപകര്‍ക്കും ഇവരുമായി ഹിന്ദിയില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്നില്ല
  • ഇതരസംസ്ഥാന വിദ്യാര്‍ഥികളില്‍ മൂന്നിലൊന്നുഭാഗം മാത്രമാണ് ഹിന്ദി മാതൃഭാഷയായിട്ടുളളവര്‍
  • അതിനാല്‍ ഹിന്ദി ഉപയോഗിച്ച് പരിഹാരം കാണാമെന്ന രീതി പര്യാപ്തമാകില്ല
  • ഹിന്ദി, ബംഗാളി, ഒറിയ, ആസാമീസ്, തമിഴ്, ഭോജാപ്പൂരി, മാര്‍വാടി ഭാഷക്കാരാണുളളത്
  • നിയോഗിക്കപ്പെട്ട വിദ്യാഭ്യാസ പ്രവര്‍ത്തകയ്കും എല്ലാ ഭാഷകളും വശമില്ല
  • ഏതെങ്കിലും ഇതരഭാഷയില്‍ പ്രാവീണ്യമുളള വിദ്യാഭ്യാസ പ്രവര്‍ത്തകരില്ലാത്ത വിദ്യാലയങ്ങളും ജില്ലയിലുണ്ട്.
  • 2016-17ല്‍453, 2017-18ല്‍ 107 എന്നിങ്ങനെയാണ് വിദ്യാലയത്തിലെത്താത്ത കുട്ടികളെക്കുറിച്ചുളള സര്‍വേയില്‍ കണ്ടെത്തിയ എണ്ണം
  • ബഹുഭാഷാ ബഹുസംസ്കാര ക്ലാസുകളില്‍ എങ്ങനെ പഠിപ്പിക്കണമെന്നതു സംബന്ധിച്ച് അധ്യാപകര്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ല
  • ഇതരഭാഷാസമൂഹത്തില്‍ നിന്നും വരുന്ന കുട്ടികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ , സാംസ്കാരിക പരിസരം, പശ്ചാത്തലം ഇവ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നില്ല,
എറണാകുളത്തെ ബഹുഭാഷാ വിദ്യാലയത്തിലെ അവസ്ഥ കേസ് സ്റ്റഡി
ബഹുഭാഷാ വിദ്യാര്‍ഥികളുളള ഒരു എല്‍ പി വിദ്യാലയത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയുമായി ഞാന്‍ സംസാരിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ഈ വിദ്യാഭ്യാസ പ്രവര്‍ത്തകയെ പ്രത്യേക പദ്ധതിയുടെ ഭാഗമായി നിയമിച്ചതാണ്. മൂന്നു വര്‍ഷമായി വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു .ആ വിദ്യാലയത്തിലെ കുട്ടികളുടെ മാതൃഭാഷാടിസ്ഥാനത്തിലുളള തരംതിരിവാണ് ചുവടെയുളള പട്ടികയില്‍ നിന്നും വായിച്ചെടുക്കാവുന്നത്.

  1. ഈ വിദ്യാലയത്തില്‍ പ്രീപ്രൈമറിയുണ്ട്. അവിടെ ഇംഗ്ലീഷ് മീഡിയമാണ്. ഇംഗ്ലീഷ്, ഗണിതം, പൊതുവിജ്ഞാനം, മലയാളം എന്നിവ പഠിപ്പിക്കുന്നു .
  2. ഇതേ വിദ്യാലയപരിസരത്തുതന്നെ അങ്കണവാടിയുമുണ്ട്. അവിടെ വിനിമയ ഭാഷ മലയാളം. പഠനരീതി വികാസമേഖല പരിഗണിച്ചും.
  3. സ്കൂളിലെ പഠനമാധ്യമം മലയാളം.
  4. അങ്കണവാടിയിലെ മലയാളമാധ്യമക്കാര്‍ ഈ വിദ്യാലയത്തിലല്ല ചേരുക
  5. എന്നാല്‍ പ്രീസ്കൂളിലെ ഇംഗ്ലീഷ് മീഡിയംകാര്‍ ഈ വിദ്യാലയത്തിലാണ് ചേരുക.
  6. എന്തേ കാരണം? ഇവിടെ ഇംഗ്ലീഷ് മീഡിയം ഇല്ലാത്തതിനാലാണെന്നു പറയുന്നു (?)
  7. അടുത്ത രസകരമായ സംഗതി നാലാം ക്ലാസ് കഴിഞ്ഞാല്‍ ഈ വിദ്യാലയത്തിലെ കുട്ടികളെല്ലാം അടുത്ത സ്കൂളിലെ ഇംഗ്ലീഷ് മീഡിയത്തിലാണ് ചേരുക.
  8. വിദ്യാഭ്യാസ പ്രവര്‍ത്തകയുടെ കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്നു. ഏക മലയാളിക്കുട്ടി. ആ കുട്ടിക്ക് നാല് ഭാഷകളറിയാം. മലയാളം, ഇംഗ്ലീഷ് എന്നിവ സ്കൂളില്‍ നിന്നും പഠിപ്പിച്ചത്. തമിഴും ഹിന്ദിയും സഹപാഠികളില്‍ നിന്നും പഠിച്ചത്. സ്വയം പഠിച്ച ഭാഷകളില്‍ നന്നായി ആശയവിനിമയം നടത്തും. മാത്രമല്ല ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും നാലു ഭാഷകള്‍ അറിയാം.
  9. കുട്ടികളുമായി ഇടപഴകുന്നതിന് ഭാഷ ഒരു തടസ്സമല്ല.
  10. ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന ഇതരസംസ്ഥാനക്കുട്ടികള്‍ പ്രീപ്രൈമറിയിലെ സഹപാഠികളുമായുളള സമ്പര്‍ക്കത്തിലൂടെ മലയാളം സ്വായത്തമാക്കിയാണ് വരുന്നത്. കേട്ടു മനിസിലാക്കാനും അത്യാവശ്യം പറയാനും കഴിയും)
  11. ഇതരസംസ്ഥാനകുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇംഗ്ലീഷ് മീഡിയമാണ് താല്പര്യം.
  12. നൂറുശതമാനം ഹിന്ദിക്കുട്ടികളുളള ക്ലാസിലും അധ്യാപകര്‍ മലയാളത്തിലേ സംസാരിക്കൂ. അതിനാല്‍ പരിസരപഠനം കുട്ടികള്‍ക്ക് മനസിലാകുന്നില്ല.
  13. ഗണിതത്തില്‍ ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ മികവ് പ്രകടിപ്പിക്കുന്നുണ്ട്
  14. മൂന്നു വര്‍ഷം തമിഴ്കുട്ടികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിലൂടെ വിദ്യാഭ്യാസ പ്രവര്‍ത്തക തമിഴ് പഠിച്ചിട്ടുണ്ട്.
  15. എല്ലാ ദിവസവും രാവിലെ താല്പര്യഭാഷയില്‍ ക്ലാസുണ്ട്.
  16. ഓരോ മണിക്കൂര്‍ ഓരോ ക്ലാസില്‍ വീതം വിദ്യാഭ്യാസ പ്രവര്‍ത്തക ചെല്ലുകയും ഇതര സംസ്ഥാനക്കുട്ടികള്‍ക്ക് സഹായം നല്‍കുകയും ചെയ്യും. അധ്യാപിക പറയുന്ന കാര്യം തത്സമയം കുട്ടിക്ക് കുട്ടിയുടേതായ ഭാഷയില്‍ മനസിലാക്കിക്കൊടുക്കുകയാണ് ചെയ്യുക ( ബഹുഭാഷകള്‍ എങ്ങനെ പ്രായോഗികമായി അഭിസംബോധന ചെയ്യുമെന്ന ചോദ്യത്തിന് ഈ വിദ്യാഭ്യാസ പ്രവര്‍ത്തകയ്ക്ക് തമിഴും അറിയാം എന്ന മറുപടിയാണ് ലഭിച്ചത് )
  17. നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു ബീഹാറിക്കുട്ടിയുടെ ഇളയത് ഒന്നാം ക്ലാസിലെത്തി. ചേച്ചി വീട്ടില്‍ പഠിക്കുന്നതിനൊപ്പം കൂടി ആ കുട്ടി മലയാളം എഴുതാനും വായിക്കാനും കഴിവ് നേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തക പറഞ്ഞു. ( പ്രീപ്രൈമറി കുട്ടികളുമായി ഇടപഴകി മലയാളം നേടിയ കുട്ടികളാണ് ഒന്നിലെത്തുക എന്നും പറഞ്ഞു. മലയാളം കേട്ടാല്‍ മനസിലാകുന്ന കുട്ടികള്‍ക്കുളളതാണോ കോഡ് സ്വിച്ചിംഗ്?)
  18. കോഡ് സ്വച്ചിംഗ് രീതിയില്‍ മലയാളം എഴുതാനുളള പരിശീലനം നല്‍കുന്നുണ്ട്. മൂന്നു മാസം കൊണ്ട് മലയാളം പഠിക്കുമെന്ന് ഈ പ്രവര്‍ത്തക പറഞ്ഞു.
  19. ഒന്നാം ക്ലാസില്‍ കോഡ് സ്വിച്ചിംഗ് രീതിയില്‍ മലയാളം പഠിപ്പിച്ച ശേഷം തുടര്‍ന്നുളള ക്ലാസുകളിലേക്ക് കയറ്റം കിട്ടുമ്പോള്‍ അവിടെ നല്‍കുന്ന പിന്തുണ അതത് വിഷയത്തെ ആശയസ്വാംശീകരണത്തിനുളളതാണോ അതോ ഭാഷ പഠിപ്പിക്കലാണോ എന്നതു സംബന്ധിച്ച് വ്യക്തത ലഭിച്ചില്ല.
  20. കോഡ് സ്വിച്ചിംഗിന് ഹിന്ദി ഉപയോഗിക്കുന്നതായി പറഞ്ഞു. ബോര്‍ഡില്‍ ഹിന്ദി എഴുതുകയും ചെയ്യും എന്നാല്‍ ഹിന്ദി എഴുതാനും വായിക്കാനും പഠിപ്പിക്കുകയുമില്ല. അവരുടെ സിലബസിന്റെ ഭാഗമല്ലാത്തതിനാലാണത്.
  21. കോഡ് സ്വിച്ചിംഗ് ഹിന്ദിയില്‍ നടത്തുമ്പോള്‍ തമിഴ് കുട്ടികളെന്തു ചെയ്യും? തമിഴില്‍ എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും പ്രാവീണ്യമില്ല.
വിശകലനച്ചോദ്യങ്ങള്‍
  1. പ്രൈമറി തലത്തില്‍ മാതൃഭാഷയാകണം ബോധനമാധ്യമമെന്ന നിലപാടാണ് ശാസ്ത്രീയം. എങ്കില്‍ നൂറുശതമാനം ഹിന്ദി മാതൃഭാഷക്കാരുളള ക്ലാസില്‍ വിനിമയ ഭാഷ എന്താകണം? മലയാളഭാഷക്കാര്‍ ന്യൂനപക്ഷമായ ക്ലാസുകളിലോ? കേരളത്തിലെത്തി എന്നതുകൊണ്ട് മലയാളം അടിച്ചേല്‍പ്പിക്കണമോ? ഇംഗ്ലീഷ് മാധ്യമക്ലാസുകള്‍ ചെയ്യുന്ന അതേ മാതൃഭാഷാനിരാസമല്ലേ ഇതും?
  2. പ്രീപ്രൈമറിയില്‍ ഇംഗ്ലീഷ് മാധ്യമം, അപ്പര്‍ പ്രൈമറിയില്‍ ഇംഗ്ലീഷ് മാധ്യമം എങ്കില്‍ ലോവര്‍ പ്രൈമറിയില്‍ എന്താകണം? മാതൃഭാഷ? മലയാളം?
  3. ഈ കുട്ടികള്‍ ഏതെങ്കിലും കാലത്ത് സ്വന്തം നാട്ടില്‍ പോകേണ്ടി വന്നാല്‍ മലയാള പഠനം അവരെ സഹായിക്കുമോ? അവിടെച്ചെന്നാല്‍ ഇംഗ്ലീഷ് മാധ്യമ വിദ്യാലയത്തിലാണത്രേ ചേരുന്നത്!
  4. അവരുടെ മാതൃഭാഷയില്‍ എഴുതാനും വായിക്കാനും പ്രൈമറിക്ലാസുകളില്‍ പരിശീലിപ്പിക്കുന്നതല്ലേ നല്ലത്?
  5. മലയാളം മലയാളിക്കുട്ടികളുമായുളള സ്വാഭാവിക സമ്പര്‍ക്ക സന്ദര്‍ഭങ്ങളിലൂടെ പഠിക്കുന്നതിനാല്‍ കാര്യങ്ങള്‍ കേട്ടുമനസിലാക്കാന്‍ ഒരു പരിധി വരെ അവര്‍ക്ക് കഴിയുന്നു. എന്നാല്‍ ഇംഗ്ലീഷിന്റെ സ്ഥിതി ഇതല്ല. കളിക്കൂട്ടുകാരില്‍ നിന്നും അത് കിട്ടുകയില്ല. ചെറുപ്രായത്തില്‍ മലയാളം സ്വായത്തമാക്കല്‍ പ്രക്രിയ നടന്നിരിക്കുന്ന സ്ഥിതിക്ക് മലയാളം ഇംഗ്ലീഷ് പോലെ അപരിചിത രണ്ടാം ഭാഷയല്ല. എങ്കില്‍ സ്വീകരിക്കേണ്ട തന്ത്രം എന്താകണം?
  6. കുട്ടികള്‍ കൊഴിഞ്ഞുപോകുന്നുണ്ടെങ്കില്‍ അതിനു കാരണം അവരുടേതല്ലാത്ത ഭാഷയില്‍ ബോധനം നിര്‍വഹിക്കുന്നതുകൊണ്ടല്ലേ?
  7. ബഹുഭാഷാസിദ്ധി നേടിയ കുട്ടികളുടെ ഈ അനുഭവം അവരുടെ തുടര്‍പഠനത്തില്‍ അനുഗ്രഹമായിത്തീരുന്നുണ്ടോ?
  8. ഗോത്രഭാഷ മാതൃഭാഷയായിട്ടുളള സമൂഹത്തില്‍ എന്തായിരിക്കണം നിലപാട്?
  9. ഇടുക്കിയില്‍ തമിഴ് നാട്ടില്‍ നിന്നും തൊഴിലാളികള്‍ വന്ന് തെയിലത്തോട്ടങ്ങളില്‍ സ്ഥിരതാമസം ആരംഭിച്ചപ്പോഴാണ് അവിടെ തമിഴ് മാധ്യമ വിദ്യാലയങ്ങളാരംഭിക്കുന്നത്. സമാനമായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികള്‍ വന്നാല്‍ ഏതു മാധ്യമത്തിനാകണം മുന്‍ഗണന?
ഇവിടെ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് കേരളസമൂഹത്തില്‍ ഭാവിയില്‍ തീരുമാനമെടുക്കേണ്ട നയപരമായ കാര്യങ്ങളുണ്ട് എന്ന തോന്നുന്നതു കൊണ്ടാണ്. 
മാതൃഭാഷയിലുളള പഠനമാണ് മെച്ചമെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു.
മാതൃഭാഷയെന്നാല്‍ വീട്ടില്‍ സംസാരിക്കുന്ന ഭാഷയാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
 ആംഗലേയ വാദക്കാര്‍ മലയാളത്തോട് ചെയ്തത് മലയാളി ഗോത്രഭാഷകളോടും ഇതരസംസ്ഥാനകുട്ടികളോടും ചെയ്യുന്നു.
ബഹുഭാഷാക്ലാസിലെ പഠനം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ട്.

Friday, September 6, 2019

എല്‍ എസ് എസ് ,യു എസ് എസ് കോച്ചിംഗ് ആശാസ്യമോ?

 എല്‍ എസ് എസ് പരീക്ഷാ വിശകലനം നടത്തി വിദ്യാഭ്യാസ പ്രവര്‍ത്തകനായ ശ്രീ പൗലോസ് മാഷിങ്ങനെ
എഴുത്
"വിദ്യാഭ്യാസ ഉപജില്ലകൾ പരിശോധിച്ചാൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്   കാസർകോഡ് ജില്ലയിലെ ചെറുവത്തൂർ (563 കുട്ടികൾ പരീക്ഷ എഴുതിയതിൽ 211 പേർ സ്കോളർഷിപ്പിന് അർഹത നേടി. 37.48 % )
രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നത് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ സൗത്ത് ( 479 ൽ 157 കുട്ടികൾ  . 32.78% ) പയ്യന്നൂർ ( 866 ൽ 279 കുട്ടികൾ .32.22 %) " ശ്രീ പൗലോസിന്റെ വിശകലനം അടിസ്ഥാനമാക്കി പല ഉപജില്ലകളും മു്ന്നിലെത്താന്‍ കോച്ചിംഗ് നടത്തുമോ എന്ന് എനിക്ക് ആശങ്ക. വടക്കന്‍ ജില്ലയിലെ ഒരു ഉപജില്ലാ ഓഫീസര്‍ വിദ്യാലയം സന്ദര്‍ശിച്ചപ്പോള്‍ ഞെട്ടിക്കുന്ന ഒരു സംഭവം കേട്ടു. നാലാം ക്ലാസിലെ കുട്ടി സ്വന്തം രക്ഷിതാക്കളോട് പറഞ്ഞത്രേ എല്‍ എസ് എസ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന്. അത്രയ്ക് കുട്ടികളെ വിദ്യാലയങ്ങള്‍ പിരിമുറുക്കുന്നുണ്ട്. ഗ്രേഡിംഗ് സമ്പദായത്തിലേക്ക് നാം മാറിയത് അനാവശ്യമായ മത്സരബോധമില്ലാതാക്കാനാണ്. പക്ഷേ സങ്കുചിതബുദ്ധികളായ ഒരുപറ്റം അധ്യാപകര്‍ മാര്‍ക്ക് മാത്രമേ കൊടുക്കൂ. റാങ്ക് സിസ്റ്റം അവസാനിപ്പിച്ചപ്പോള്‍ എ പ്ലസ് ഫ്ലക്സ് ആടിത്തിമിര്‍ത്തു.എല്‍ എസ് എസ് പരീക്ഷയില് വിദ്യാലയം പഠനപ്രക്രിയാനിലവാരം ഉയര്‍ത്തി സ്വാഭാവികമായ രീതിയില്‍ വിജയം കരസ്ഥമാക്കട്ടെ.
ചെറുവത്തൂരില്‍ എന്താണ് സംഭവിച്ചത്?
കേരളത്തിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഉപജില്ല എന്ന് എല്‍എസ് എസ് പരീക്ഷാവിജയം ചെറുവത്തൂരിനെ വിശേഷിപ്പിക്കുമ്പോള്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ അവിടെയുളളവരുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. കിട്ടിയ വിവരങ്ങള്‍ പങ്കുവെക്കുന്നു. അക്കാദമിക രംഗത്ത് സജീവമായ ഉപജില്ലയാണത്.
അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കുറേയേറെ വിദ്യാലങ്ങള്‍ ചെറുവത്തൂരിലുണ്ട്. ഈ ഉപജില്ലയില്‍ നിന്നും വര്‍ഷങ്ങളായി എസ് ആര്‍ ജി അംഗങ്ങള്‍ ഉണ്ട്. 
എൽ എസ് എസ് ,യു എസ് എസ് വിജയത്തിനു പിന്നിൽ ഒരു വർഷത്തെ തുടർച്ചയായ പ്രവർത്തനങ്ങളാണ്. അധ്യാപകർ രക്ഷിതാക്കൾ ,വിദ്യാലയം, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ, ബിആർസി, പി ഇസി തുടങ്ങി എല്ലാ ഘടകങ്ങളും ഒന്നിച്ചപ്പോഴാണ് ഈ വിജയം ഉണ്ടായത്
1 ) എല്ലാ എൽ പി, യുപി വിദ്യാലയങ്ങളിലും ശാസ്ത്ര സഹവാസ ക്യാമ്പുകൾ - നക്ഷത്ര നിരീക്ഷണം, ഞങ്ങൾ ശാസ്ത്രത്തോടൊപ്പം - ശാസ്ത്ര പരീക്ഷണങ്ങൾ നടന്നു. ഇതിനായി ശാസ്ത്രാധ്യാപക പഠന കൂട്ടായ്മ സംഘടിപ്പിച്ചു
2 ) കുഞ്ഞു മലയാളത്തിളക്കം 1,2 ക്ലാസുകളിൽ - 2019 ജനുവരി മുതൽ - ഇപ്പോഴും തുടരുന്നു
3) പോസ്റ്റ് നാസ്-മലയാളം - 3 ,4, യു പി - അധ്യാപക പഠന കൂട്ടായ്മ
4) ഗണിത ലാബ് - എല്ലാ എൽ പി വിഭാഗങ്ങളിലും പൂർത്തിയായി
5)  ഉപജില്ലാതല അക്കാദമിക കോര്‍ ടീം .4,7 ക്ലാസിലെ അധ്യാപകരുടെ ഒരു കോർ ടീം രൂപീകരിച്ചു. കോർ ടീമിന്റെ നേതൃത്വത്തിൽ എൽ എസ് എസ്, യു എസ് എസ് പ0ന സഹായ സാമഗ്രി തയ്യാറാക്കി.4, 7 ക്ലാസിലെ മുഴുവൻ വിഷയങ്ങളിലെയും മുഴുവൻ യൂനിറ്റുകളും ഉൾപ്പെടുത്തിയാണ് ഈ സാമഗ്രി തയ്യാറാക്കിയത്. അതായത് എല്‍ എസ് എസ് , യു എസ് എസ് ചോദ്യങ്ങള്‍ വെച്ച് പരിശീലിപ്പിക്കുന്നതിനു പകരം ഓരോ യൂണിറ്റുമായും ബന്ധപ്പെടുത്തി ചോദ്യമാതൃകകള്‍ അവതരിപ്പിച്ചു. ഒപ്പം യൂണിറ്റ് വിനിമയ നിലവാരവും ഉയര്‍ത്താന്‍ ശ്രമിച്ചു
6)  അധ്യാപക പഠനക്കൂട്ടായ്മ - നല്ല നാല്
നാലാം ക്ലാസിലെ കുട്ടികൾ ഏറെ പ്രയാസപ്പെടുന്ന വ്യവഹാര രൂപങ്ങളായ ആസ്വാദന കുറിപ്പ് ,ഡയറിക്കുറിപ്പ് പത്രവാർത്ത എന്നിവ .നാലാം തരത്തിലെ മുഴുവൻ അധ്യാപകരെയും ഉൾപ്പെടുത്തി രണ്ട് വിദ്യാലയങ്ങളിൽ ഈ വ്യവഹാര രൂപങ്ങൾ ട്രൈ ഔട്ട് ചെയ്തു. കുട്ടികൾ തന്നെ ഗുണാത്മക സൂചകങ്ങൾ രൂപീകരിച്ച് വിലയിരുത്തി രചനകൾ മെച്ചപ്പെടുത്തുന്ന രീതിബോധ്യപ്പെടുത്താൻ കഴിഞ്ഞു. രണ്ടു വ്യവഹാരരൂപങ്ങളാണ് ട്രൈ ഔട്ട് ചെയ്തതെങ്കിലും പ്രക്രിയാപരമായ വ്യക്തത ലഭിക്കുന്നതിന് അത് സഹായകമായിരുന്നു. മറ്റു വ്യവഹാരരൂപങ്ങളുടെ വിനമിയത്തെ ഗുണപരമായി ഇത് സ്വാധീനിച്ചിട്ടുണ്ട്
7) ഗണിതാധ്യാപക പഠന കൂട്ടായ്മ - യു എസ് എസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പിന്നിൽ പോകുന്നത് ഗണിതത്തിലാണ് എന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരു കൂട്ടായ്മയിലേക്ക് നയിച്ചത്.ഞങ്ങൾ തയ്യാറാക്കിയ പഠനസാമഗ്രിയിലെ മുഴുവൻ ഗണിത ചോദ്യങ്ങളും ആ കൂട്ടായ്മയിൽ ചർച്ച ചെയ്തു.ഇത് അധ്യാപകർക്ക് കൂടുതൽതെളിച്ചം നൽകി
8) മാതൃകാപരീക്ഷ - എൽ എസ് എസ്, യു എസ് എസ് പരീക്ഷയെഴുതുന്ന മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി മാതൃകാപരീക്ഷ നടത്തി.
9) 3 ആഴ്ച തുടർച്ചയായി ഒരു ദിവസം ഒരു വിഷയം എന്ന രീതിയിൽ പരീക്ഷകൾ തുടർന്നു. ഓൺലൈൻ വഴിയാണ് ചോദ്യങ്ങൾ നൽകിയത്. ഇത് കുട്ടികളുടെ പരീക്ഷ പ്പേടി മാറ്റി 
10) ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചിട്ടയായ അക്കാദമിക മോണിറ്ററിംഗ്
മുമ്പ് റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിച്ച് നല്ല അക്കാദമിക ധാരണയുളളയാളാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍. അതിനാല്‍ത്തന്നെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഗുണനിലവാരം ഉയരത്തണമെന്ന് ആ്ഗ്രവും പരിപാടിയും അദ്ദേഹത്തിനുണ്ട്. അധ്യാപകര്‍ക്ക് വിദഗ്ധ പിന്തുണ നല്‍കാനദ്ദേഹത്തിനു കഴിവുണ്ട്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എം.കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് എല്ലാ പ്രവർത്തനങ്ങളും നടന്നത്.വിദ്യാലയ മോണിറ്ററിംഗ് പ്രധാന അജണ്ടയായി എടുത്ത ഓഫീസറായിരുന്നു അദ്ദേഹം. കേവലം കുറേ എൽ സ്എസ, യു എസ് എസ് നേടലായിരുന്നില്ല ലക്ഷ്യം. നാലാം തരം കഴിയുന്ന ഒരു കുട്ടി പോലും എഴുതാനും വായിക്കാനും കഴിയാത്തവരാകരുത് എന്ന വലിയ ലക്ഷ്യമാണ് മുന്നോടു വെച്ചത് .ഇത് പ്രാവർത്തികമാകാൻ എല്ലാവരും യത്നിച്ചപ്പോഴാണ് ഈ വിജയം ഉണ്ടായത്
11)ബിആർസി പിന്തുണ - പഠന സഹായ സാമഗ്രിയുടെ നിർമ്മാണം, മാതൃകാപരീക്ഷ, വിദ്യാലയങ്ങൾക്ക് നിരന്തര പിന്തുണ, എഇഒയോടൊപ്പം ക്ലാസ് മോണിറ്ററിംഗ്, ഓൺലൈൻ വഴി എന്നും ചോദ്യങ്ങൾ നൽകൽ എന്നിവയെല്ലാം നൽകി അധ്യാപകർക്കും കുട്ടികൾക്കും മികച്ച പിന്തുണ നൽകി
12)പി ഇ സി -എല്ലാ പി ഇ സി യോഗങ്ങളിലും അക്കാദമിക ചർച ഒരു പ്രധാന അജണ്ടയാക്കി.
13)പ്രഥമാധ്യാപകർ -എല്ലാ മാസവും പ്രഥമാധ്യാപകർക്ക് ഏകദിന പരിശീലനം .ക്ലാസ് മോണിറ്ററിംഗ് ഒരു പ്രധാന അജണ്ടയായി മാറ്റി.എല്ലാ പ്രഥമാധ്യാപകരും കുറഞ്ഞത് 10 ക്ലാസുകളെങ്കിലും മോണിറ്റർ ചെയ്യണം എന്ന കാര്യം നിർബന്ധമാക്കി ഇത് അധ്യാപകരെ കൂടുതൽ കർമോത്സുകരാക്കി.പ്രഥമാധ്യാപകർ അക്കാദമിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവരായി
മുകളില്‍ സൂചിപ്പിച്ചവയില്‍ യോജിക്കാവുന്ന ചിലതുണ്ട്. മൂന്നാഴ്ച തുടര്‍ച്ചയായി പരീക്ഷ നടത്തിയതിനോട് എനിക്ക് വിയോജിപ്പുണ്ട്. പരീക്ഷയ്ക് നല്‍കിയ അമിതപ്രാധാന്യമായേ കാണാന്‍ കഴിയൂ. മറിച്ച് ക്ലാസ് റൂം പ്രക്രിയയും ക്ലാസ് തല വിലയിരുത്തലും ശക്തിപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്.പരീക്ഷാമാതൃക പരിചയപ്പെടുത്തുന്നതില്‍ അപാകതയില്ല. പക്ഷേ എന്നും ബിആര്‍ സി ഓണ്‍ലൈന്‍ വഴി ചോദ്യങ്ങള്‍ നല്‍കി എന്നത് എല്ലാ ദിവസവും കുട്ടികളെ എല്‍ എസ് എസില്‍ തളച്ചിട്ടതിനു തുല്യമാണ്.
ചെറുവത്തൂര്‍കാര്‍ തിരിച്ചറിഞ്ഞ ചില പരിമിതികൾ -
  •  തെരഞ്ഞെടുത്ത കുട്ടികൾക്ക് വൈകുന്നേരങ്ങളിലും ചില വിദ്യാലയങ്ങളിൽ രാത്രികളിൽ പോലും ക്ലാസുകൾ നൽകി. അധ്യാപകരും രക്ഷിതാക്കളും കൂടുതൽ വിജയത്തിനു വേണ്ടി ചെയ്തതാണെങ്കിലും ഒരിക്കലും അംഗീകരിക്കത്തക്കതല്ല
ഇത് പരിഹരിക്കാൻ ഈ വർഷം അവര്‍ ചില പ്രവർത്തന പദ്ധതികൾ ആലോചിച്ചിട്ടുണ്ട്.
1 പഠന സഹായ സാമഗ്രി പരിഷ്കരിക്കുക
2. ഓരോ യൂനിറ്റ് കഴിഞ്ഞ ശേഷവും ഒന്നോ രണ്ടോ പിരിയഡു കളിൽ ആ യൂനിറ്റിൽ വരുന്ന പഠനസാമഗ്രിയിലെ ചോദ്യങ്ങൾ എല്ലാ കുട്ടികൾക്കും നൽകുക
3. എല്ലാമാസവും കടന്നു പോയ യൂനിറ്റുകൾ ഉൾപ്പെടുത്തി മാതൃകാപരീക്ഷ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി നാത്തുക
4 പ്രഥമാധ്യാപക മോണിറ്ററിംഗ് ശക്തമാക്കുക
5. എ ഇ ഒ, ബിപിഒ, ഡയറ്റ് ഫാക്കൽറ്റി എന്നിവരുടെ ടീം മോണിറ്ററിംഗ് ശക്തമാക്കുക

എന്റെ നിര്‍ദേശങ്ങള്‍
  • എല്‍ എസ് എസിനു വേണ്ടി കോച്ചിംഗ് നടത്തുന്ന രീതി അവസാനിപ്പിക്കുക ( സംസ്ഥാനത്തെ ആദരണീയരായ പലരും ( വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍)  ഈ സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നണ്ട്)
  • വിദ്യാലയങ്ങള്‍ തമ്മിലുളള അനഭലഷണീയ മത്സരത്തിനുളള ഉപകരണമായി എല്‍ എസ് എസ് പരീക്ഷയെ മാറ്റാതിരിക്കുക
  • ഒന്നാം ടേം റിസല്‍റ്റ് വിശകലനം ചെയ്യണം. കൂടെ യൂണിറ്റ് ടെസ്റ്റുകളും ഏതെല്ലാം ശേഷികളിലാണ് ഉയര്‍ന്ന നിലവാരക്കാര്‍ കുറവ് അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുക
  • ഉയര്‍ന്ന ഗ്രേഡ് വാങ്ങിയവരുടെ ഉത്തരക്കടലാസ് വീണ്ടും വായിച്ചുനോക്കുക. അവരുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനുളള മാര്‍ഗങ്ങള്‍ ആരായുക
  • ഓരോ യൂണിറ്റ് കഴിയുമ്പോഴും ഉയര്‍ന്ന ചിന്താശേഷികളെ പരിഗണിക്കുന്ന ചോദ്യങ്ങള്‍ തയ്യാറാക്കി വിലയിരുത്തല്‍ നത്തുക.
  •  പി സാ പരീക്ഷയിലും മറ്റും ഉപയോഗിക്കുന്ന ചോദ്യ മാതൃകയിലും  പരീക്ഷകള്‍ നടത്തുക. യൂണിറ്റ് ടെസ്റ്റുകളടക്കം.
  • എല്‍ എസ് എസ് കുട്ടികുളുടെ ലക്ഷ്യമാക്കാതിരിക്കുക. അവരെ അതിന്റെ പേരില്‍ സമ്മര്‍ദപ്പെടുത്തരുത്
  • എള്‍ എസ് എസ് പരീക്ഷ എഴുതാന്‍ എത്ര കുട്ടികള്‍ അര്ഹത നേടി എന്ന് ഉപജില്ലാതലത്തില്‍ വിശകലനം ചെയ്യണം. തുടര്‍ച്ചയായി കുറഞ്ഞ ശതമാനം കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുക
  • എല്‍ എസ് എസ് നേടുന്ന കുട്ടികളുടെ പഠനമാധ്യമം, സാമൂഹിക സാമ്പത്തിക സ്ഥിതി എന്നിവ പഠനവിധേയമാക്കുക. 
  • എല്‍ എസ് എസ് പരീക്ഷ പഠനപ്രക്രിയയെ ശക്തമാക്കാന്‍ സഹായകമാണോ എന്നും പരിശോധിക്കണം. 
  • പ്രത്യേക കേച്ചിംഗ് ഇല്ലാതെ എല്‍ എസ് എസ് നേടിയ കുട്ടികളും വിദ്യാലയവും അഭിമാനിക്കുന്ന അവസ്ഥ ഉണ്ടാകണം. 
  • മൊത്തം അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള സന്ദര്‍ഭങ്ങളിലൊന്നായി എല്‍ എസ് പരീക്ഷയെ കാണുക. ചെറുവത്തൂരിലെ പ്രഥമാധ്യാപക മോണിറ്ററിംഗ്, ടീം മോണിറ്ററിംഗ്, ഉപജില്ലാ ഓഫീശരുടെ അക്കാദമിക ഇടപെടല്‍, അധ്യാപക പഠനക്കൂട്ടം, യൂണിറ്റ് വിനിമയം ശക്തിപ്പെടുത്താനുളള നീക്കം ഇവ മാതൃകയാക്കാവുന്നതാണ്.
  • കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി എല്‍ എസ് എസ് പരീക്ഷയ്ക് ഇരുന്ന കുട്ടികളുടെ എണ്ണം നോക്കുക. വര്‍ധനവ് പ്രകടമാണ്. ഇങ്ങനെ ഓരോ വിദ്യാലയവും പരിശോധിക്കണം. പരീക്ഷ എഴുതുന്നതിന് അര്‍ഹത നേടുന്ന വിദ്യാര്‍ഥികളുടെ ശതമാനത്തിലെ വര്‍ധനവും ഒരു ഗുണതാസൂചകമാണ്.  സംസ്ഥാനത്ത് എല്‍ എസ് എസ് വിജയശതമാനം ഒമ്പതില്‍ നിന്നും പതിനാലിലേക്ക് ഉയര്‍ന്നത് പരീക്ഷ എഴുതാന്‍ അര്‍ഹതയുളള കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ് കാരണമാണോ  അതത് വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം മൂലമാണോ കോച്ചിംഗ് കാരണമാണോ എന്നത് കണ്ടെത്താന്‍ താരതമ്യപഠനം ആവശ്യമുണ്ട്.
  • എല്‍ എസ് എസ് പരീക്ഷയെ കരുതലോടെ ഉപയോഗിക്കണമെന്നാണ് എന്റ പക്ഷം.