ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, June 6, 2025

157. ഒന്നൊരുക്കം മൂന്നാം ദിവസം

 ആദ്യം കുട്ടികള്‍ പ്രവര്‍ത്തനങ്ങളില്‍ ലയിച്ചതിന്റെ ചിത്രങ്ങള്‍ കാണാം.

1

പ്രീസ്കൂളില്‍ പോയവര്‍ക്കും കത്രിക ഉപയോഗിക്കാനറിയില്ല. കുട്ടികള്‍ പാട്ട് ഇഷ്ടമായില്ലെന്നും പറഞ്ഞു, അവര്‍ വിലയിരുത്തിത്തുടങ്ങി, കഥാപാത്രങ്ങളോടും അവര്‍ക്ക് നിലപാടുണ്ട്. കൂമണ്ണ സ്കൂളിലെ ഉമ്മുല്‍ഖൈര്‍ ടീച്ചറുടെ കുറിപ്പ് വായിക്കാം 

 പാട്ടിനൊത്ത് താളം പിടിക്കാനായി കൂട്ടുകാരിൽ നിന്നും പെൻസിൽ വാങ്ങി

ഇന്ന് സൂക്ഷ്മ സ്ഥൂല പേശി വികാസത്തിനുള്ള ചക്കപ്പഴത്തിലേക്ക് വഴി കാണിക്കൽ കുട്ടികൾ തിനിച്ച് മുറിച്ചു. പല രീതിയിൽ വെട്ടിയവരുണ്ടായിരുന്നു

ചിലർ കത്രിക കൊണ്ട് പേപ്പർ റെഡിയാവാതെ വന്നപ്പോൾ കൈ കൊണ്ട് കീറിയെടുത്തു . റോഡ് 2 കഷ്ണമായെന്ന് പറഞ്ഞ് കരച്ചിൽ വക്കത്ത് വരെ എത്തി . ടീച്ചർ ഇടപെട്ടു 80 ശതമാനം പേരും കുഴപ്പമില്ലാതെ കത്രിക കൊണ്ട് തന്നെ മുറിച്ചെടുത്തു. ഫെല്ല മെഹക്ക് കത്രിക കൊണ്ട് മുറിക്കാൻ കഴിയാതെ വന്നപ്പോൾ എനിക്ക് ടീച്ചർ തന്ന കത്രിക മൂർച്ച കുറവാണെന്ന് പറഞ്ഞ് തിരികെ തന്നു . അവൾക്ക് മുറിക്കാൻ സഹായിച്ചത് സയാൻ ആയിരുന്നു. പശ തേച്ച് തനിയെ ഒട്ടിച്ചു

ചക്കപ്പഴപ്പാട്ട് ആദ്യ തവ കേട്ടപ്പോൾ തന്നെ ഇഷ്ട്ടമായി . ഇന്നലെ കഴിച്ച ചക്ക വിശേഷം പലരും പങ്കുവെച്ചു. 

പാട്ടിനൊത്ത് താളം പിടിക്കാനായി കൂട്ടുകാരിൽ നിന്നും പെൻസിൽ വാങ്ങി 2 പെൻസിൽ ചേർത്ത് താളം പിടിച്ചു  ഏറ്റു ചൊല്ലി

മഴ വന്നേ മഴ വന്നേ പാട്ട് ഇഷ്ട്ടമായില്ല എന്നു പറഞ്ഞു. ഏറ്റു ചൊല്ലാൻ പ്രയാസമായി തോന്നി

ടീച്ചറേ... ഇന്നലെ പാടിയ ഉരുണ്ടുരുണ്ടു പാട്ട് പാടിയാൽ മതി എന്നും പറഞ്ഞു

കഥയിലെ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും മാനിനേയും മുയലിനേയും തിനാൻ നിൽക്കുന്ന സിംഹത്തെ സഹായിക്കില്ല എന്നു പറഞ്ഞു

കൂമണ്ണ എൽപി എസ്

2

കുട്ടികള്‍ക്ക് പഠനകൗതുകമുണ്ടാക്കുക എന്നതാണ് പഠനത്തിലേക്കുള്ള പടവ്. പല പ്രവര്‍ത്തനങ്ങളിലും പഠനവെല്ലുവിളി ഉണര്‍ത്തുക എന്നത് വിസ്മരിക്കപ്പെടുന്നു. ഒന്നൊരുക്കത്തിലെ നിറം മാറുമോ എന്ന പ്രവര്‍ത്തനത്തെക്കുറിച്ച് വിന്‍സി ടീച്ചര്‍. 

ചെയ്ത പ്രവർത്തനങ്ങളൊക്കെ കൃത്യമായി ചെയ്യിക്കാൻ കഴിഞ്ഞു. 

  കോഴിയമ്മയുടെ കഥ പോലെ ചെമ്പരുന്തിന്റെ കഥയും കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു. 23 കുട്ടികളും ചെമ്പരുന്തിന് നിറം കൊടുത്തു. കുട്ടികൾ വളരെ ഇഷ്ടത്തോടെ ചെയ്ത ഒരു പ്രവർത്തനമായിരുന്നു. മഴ വന്നേ മഴ വന്നേ എന്ന പാട്ടിൽ ഹായ് ഹായ് ഹോയ് ഹോയ് ഈ വരികൾ കുട്ടികൾക്ക് ഇഷ്ടപ്പെട്ടെങ്കിലും ബാക്കിയുള്ള വരികൾ പാടുന്നതിൽ കുറച്ചു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പൂവിന് നിറം മാറുമോ? പ്രവർത്തനം വളരെ കൗതുകത്തോടെയാണ് കുട്ടികൾ ചെയ്തത്. ഈ പ്രവർത്തനം കുട്ടികളിൽ ജിജ്ഞാസ ഉണർത്തി. എല്ലാ പ്രവർത്തനങ്ങളും ഒരു ദിവസം ചെയ്യാൻ പറ്റിയില്ലെങ്കിലും ചെയ്ത പ്രവർത്തനങ്ങളൊക്കെ കൃത്യമായി ചെയ്യിക്കാൻ കഴിഞ്ഞു. ഗണിത പ്രവർത്തനങ്ങളായ വലുത് ചെറുത്, വട്ടത്തിൽ നിന്നും വട്ടത്തിലേക്ക് , പെ റുക്കാം അടുക്കാം  തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാം വളരെ ആവേശത്തോടെ കൂടി തന്നെയാണ് കുട്ടികൾ ചെയ്തത്.

വിൻസി

മേപ്പയ്യൂർ LPS, കോഴിക്കോട്

3

പ്രവര്‍ത്തനങ്ങളെ സര്‍ഗാത്മകമായി വികസിപ്പിക്കുന്നതെങ്ങനെയെന്നതിന് നല്ല ഉദാഹരണമാണ് പരുന്തിന്റെ കാഴ്ചകള്‍ ചിത്രീകരിക്കാന്‍ അവസരം ഒരുക്കിയത്. കോഴിക്കോട് നിന്നുള്ള കുറിപ്പ്. 

മാനത്തൂടെ പറക്കുന്ന പരുന്ത് എന്തൊക്കെ കാഴ്ചകൾ കണ്ടിരിക്കും 

ചെമ്പരുന്തിന്റെ കഥ കുട്ടികൾ വളരെ താല്പര്യപൂർവം കേട്ടിരുന്നു. പാവം കോഴിക്കുഞ്ഞിനെയോർത്ത് സങ്കടപ്പെട്ട മുഖങ്ങൾ അത് ഒരു പാവക്കുട്ടിയാണെന്നറിഞ്ഞ് സന്തോഷിച്ചു... എങ്കിലും പാവം പരുന്ത്... അതിന് വിശക്കുന്നില്ലേ.. ഇനി എന്ത് ചെയ്യും എന്ന് ചോദിച്ച വിരുതന്മാരും ഉണ്ട് 😀.  24 കുട്ടികളും പരുന്തിനു നിറം നൽകി.. ശേഷം മാനത്തൂടെ പറക്കുന്ന പരുന്ത് എന്തൊക്കെ കാഴ്ചകൾ കണ്ടിരിക്കും എന്ന സ്വതന്ത്ര ചിത്രരചനയ്ക്കുള്ള പ്രവർത്തനം കൂടി നൽകി... ചില ചിത്രങ്ങൾ അദ്‌ഭുതപ്പെടുത്തുന്നവ യായിരുന്നു...1 കുട്ടിയ്ക്ക് വരയ്ക്കാൻ നല്ല പ്രയാസമുണ്ടായി.. എങ്കിലും അധ്യാപികയുടെ സഹായത്തോടെ പ്രവർത്തനം പൂർത്തിയാക്കി.മഴപ്പാട്ട് നല്ല രസകരമായിരുന്നു... ആദ്യ വരികൾ എല്ലാവരും സ്വന്തമായി പാടുന്നുണ്ട്... അവസാന വരികൾ കുറച്ച് പ്രയാസം നേരിട്ടു... പക്ഷെ ഓഡിയോയോടൊപ്പം  താളമിട്ട് താത്പര്യത്തോടെ പാടി..ഗണിതത്തിലെ പ്രവർത്തനം വളരെ ആവേശത്തോടെ... മത്സരബുദ്ധിയോടെ  ചെയ്തു. മുഴുവൻ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞില്ല...

91 94969 19969

കോഴിക്കോട്

4

ചെയ്യുന്നത് ശരിയാകുമോ  എന്ന് ചിന്തിക്കാത്തവരുണ്ടാകില്ല. കുട്ടികളുടെ കാര്യവും അങ്ങനെ തന്നെ. പൂര്‍ണ്ണത ഉടന്‍ ആവശ്യപ്പെട്ട് കുട്ടികളെ ചില അധ്യാപര്‍ സമ്മര്‍ദ്ദത്തിലാക്കും. ചിലര്‍ അത് ശരിയായില്ല എന്ന് കുറ്റം പറയും. എന്നാല്‍ ശിശുപക്ഷസമീപനക്കാര്‍ സാരമില്ല. ഇത്രയും ശരിയാ. അടുത്ത തവണ നന്നാക്കാം എന്ന് പറയും. അല്ലെങ്കില്‍ ഇങ്ങനെചെയ്താലോ എന്ന് ചോദിക്കും. കൈത്താങ്ങാണ് കരുത്ത് എന്നറിയാവുന്ന ശ്രീജടീച്ചറുടെ കുറിപ്പ് വായിക്കൂ. 

സാരല്യ എന്ന് ഞാനും.. 

ഇന്ന്   പ്രവർത്തനങ്ങൾ മുഴുവനായില്ല  പരിസ്ഥിതി ദിനാഘോഷ ത്തിന്റെ ഭാഗമായി പൂന്തോട്ടം ഉണ്ടാക്കി..

Attendance .. English acyivity . (നാളെ അഭിരാമി atrendance വിളിച്ചോളാം എന്ന് പറഞ്ഞിട്ടുണ്ട്.)

ചക്കപ്പഴത്തിലേക്ക് വഴി വെട്ടി ഒട്ടിക്കാൻ കത്രിക കൊടുത്തപ്പോൾ ആത്മീകയും  റയാനും നല്ല കൃത്യമായി വെട്ടിയെടുത്തു. അവര് വീട്ടിലും ഇങ്ങനെ ചിത്രങ്ങൾ വെട്ടിയെടുക്കാറുണ്ടത്രേ.  ഇന്നലെ പൂവ് വെട്ടാൻ കത്രിക ചോദിച്ചവർ ഇന്ന് കൈ കൊണ്ട് കീറട്ടെ എന്ന് ചോദിച്ചു. കീറി മുറിച്ച പോലെ ഒക്കെ ആണ് വെട്ടിയെടുത്തത്... കുറച്ചു കീറി പോയിട്ടാ എന്ന് പറഞ്ഞു.. സാരല്യ എന്ന് ഞാനും.. 🙂

പ്രത്യേക പരിഗണന ആരവ് ന് ,വേറൊരു പേപ്പറും കത്രികയും കൊടുത്തു കുറച്ചു മാറ്റി ഇരുത്തിയാണ്  മറ്റുള്ളവർക്ക് ചെയ്യാൻ ചാർട് കൊടുത്തത്.

ചില സന്ദർഭങ്ങൾ ഞാൻ ഫോട്ടോ, വീഡിയോ ഒക്കെ എടുക്കാൻ മറന്നു പോകും. അത്രക്കും busy ആകും..

 *ഗ്ലാസ്‌ അടുക്കി വയ്ക്കുന്ന കളി നല്ല ആവേശമായിരുന്നു.

Cwsn  2 കുട്ടികളെയും ഈ കളിയിൽ ഉൾപെടുത്താൻ സാധിച്ചു.. 

 *സിംഹത്തിന്റെ, മാനിന്റെ മുയലിന്റെ ഒക്കെ കഥ കേൾക്കാൻ ഏറെ ഇഷ്ടം..

 *പാട്ടുകൾ എല്ലാം സ്പീക്കറിൽ വച്ചു കൊടുത്തു കേൾപ്പിക്കയായിരുന്നു..

 * parents ആരും ഫീഡ് ബാക്ക് ഗ്രൂപ്പിൽ പറയുന്നില്ല.  

വീട്ടിൽ ചെന്ന്  എന്നും അമ്മമാർ വിശേഷങ്ങൾ ചോദിക്കുന്നുണ്ട്, കഥ പറഞ്ഞു കൊടുക്കുന്നുണ്ട് എന്ന് കുട്ടികൾ എന്റെ അടുത്ത് വന്നു പറയും..

ശ്രീജ 

Glps kunnamkulam.

5

ക്ലാസില്‍ നടക്കുന്ന കാര്യങ്ങള്‍ വീട്ടുകാരെ അറിയിക്കുന്ന സുഭിടീച്ചറുടെ മനസ്സ് നന്നായി കുട്ടികള്‍ക്കറിയാം. അതിനാല്‍ എല്ലാം ഡോക്യുമെന്റാക്കാന്‍ അവരും ആഗ്രഹിക്കുന്നു. ഒന്നൊരുക്കം മികച്ച ഡോക്യുമെന്റേഷനുള്ള അവസരം കൂടിയാക്കി മാറുകയാണ്. 

ടീച്ചർ വീഡിയോ എടുക്കു ഞങ്ങൾ പറിക്കാം, 

ടീച്ചറെ ഇന്നു നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന കുരുന്നുകളുടെ ചോദ്യത്തിലൂടെ ആണ് ഞാൻ ക്ലാസ്സിലേക്ക് എത്തിയത്, വളരെ സന്തോഷത്തോടെ അവർ ഓരോ പ്രവർത്തനവും ഏറ്റെടുക്കാൻ തുടങ്ങി എന്ന് ഞാൻ മനസ്സിലാക്കി തുടങ്ങി,, പൂക്കളുടെ നിറം മാറുന്ന പ്രവർത്തനം ചെയ്യാനായി  അതിൽ ഒരു വിരുതൻ ആണ് പൂക്കൾ കണ്ടെത്തിയത്, കൂട്ടുകാരെയും എന്നെയും കൂട്ടി പൂക്കൾ പറിക്കാൻ പോയി, അപ്പോഴേക്കും വന്നു കമന്റ്‌ ടീച്ചർ വീഡിയോ എടുക്കു ഞങ്ങൾ പറിക്കാം, അങ്ങനെ പൂക്കളുമായി ക്ലാസ്സിൽ എത്തി എല്ലാം സെറ്റ് ചെയ്യുവാനയും കൂടെ കൂടി എല്ലാരും, തുടർന്ന് പരീക്ഷണം ചെയ്തു, ഓരോ ഇടവേളയിലും ഓടി ഓടി പോയി നോക്കും എന്താ മാറ്റം എന്ന്,,, ഉച്ചക്ക് ശേഷം ടീച്ചറെ ഓടി വാ നിറം മാറി എന്ന് പറഞ്ഞു എന്നെ വിളിച്ചു, അവർ തന്നെ വെള്ളത്തിൽ നിന്നും പൂക്കൾ എടുത്തു നോക്കി,,,,, ഞാൻ വീട്ടിൽ ചെന്ന് ഉജാലവെള്ളത്തിൽ ഇങ്ങനെ ചെയ്യും എന്ന് കൊച്ചുമിടുക്കാൻ പറഞ്ഞു,, വളരെ ആക്റ്റീവ് ആയി ക്ലാസ്സ്‌ റൂമിന് മാറ്റി എടുക്കാൻ സാധിച്ചു, ഓരോ പ്രവർത്തങ്ങളും ഒരുപാട് സന്തോഷത്തോടെ അവർ ഏറ്റെടുക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰🥰🥰🥰

MDUPS വെള്ളാറ മേമല 

സുഭി സുരേന്ദ്രൻ

6

ഭിന്നശേഷിയുള്ള കുട്ടികളെ തുടക്കം മുതൽ മറ്റു കുട്ടികൾ സഹായിക്കണം. ഗ്രൂപ്പ് പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ക്ലാസുകളിൽ ഇത് ഉയർന്ന തോതിൽ സംഭവിക്കും. ടീച്ചറുടെ ഉള്ളിൽ കരുതലുണ്ടാവുകയും വേണം.

ടീച്ചറും കുട്ടികളും സന്തോഷത്തിലാണ്. 

*മൂന്നാം ദിവസം

എല്ലാ പ്രവർത്തനങ്ങളും ചെയ്യാൻ കഴിഞ്ഞു. കൈ കൊണ്ട് ഞൊടിക്കുന്നത് ശബ്ദക്കുറവ് ഉണ്ടായിരുന്നു. പക്ഷെ സന്തോഷത്തിൽ അവർ പാടി നടന്നു.

  • അഡിനും ഭിന്നശേഷിയുള്ള 2 കുട്ടികൾക്കും കത്രിക പിടിക്കാൻ അറിയുന്നില്ല. ആയിഷയാണ് അവർക്ക് മുറിച്ചു നല്കിയത്.

ചക്കപ്പഴപ്പാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഉച്ചനേരത്തും തന്തിനം പാടി നടന്നു. 

വാർമഴവില്ല്- നിർമാണം എല്ലാവർക്കും ഇഷ്ടപ്പെട്ട പ്രവർത്തനമായി. സൂര്യനുദിച്ചു...  തുടങ്ങിയ വരികൾ കുട്ടികൾക്ക് ബുദ്ധിമുട്ടായിരുന്നു.

സ്പോഞ്ചിന് ദാഹം-വായയില്ലാതെ വെള്ളം എങ്ങനെ കുടിക്കും  ? അതുകൊണ്ട് ചെറിയ വായ ഉണ്ടാക്കി. 

കപ്പിന്റെ പ്രവർത്തനം വളരെയധികം ഇഷ്ടപ്പെട്ടു എന്ന് കുട്ടികൾ  തന്നെ പറഞ്ഞു.

എന്തായാലും  ടീച്ചറും കുട്ടികളും സന്തോഷത്തിലാണ്.

ഇന്ന് 3 പാട്ട് കാണാതെ പാടാൻ ബുദ്ധിമുട്ടാണ്. അതിൽ കുറവ് വരുത്താമായിരുന്നു.

7

ക്ലാസിൽ കുട്ടികൾ 31 ലധികമാണെങ്കിൽ സമയബന്ധിതമായി പ്രവർത്തനങ്ങൾ തീരില്ല. അപ്പോൾ ചില പ്രവർത്തനങ്ങൾ ഒഴിവാക്കേണ്ടി വരാം. അങ്ങനെയുള്ള ക്ലാസുകളില്‍ ദിനാചരണപ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ വേണ്ടിവരും. കൂടുതല്‍ ഗ്രൂപ്പുകളുണ്ടാക്കി എല്ലാവര്‍ക്കും പങ്കാളിത്തം ഉറപ്പാക്കാനും ആലോചിക്കണം.

സമയം തികയാത്തതിന് കാരണങ്ങളുണ്ട്.

ഇന്ന് പരിസ്ഥിതി ദിന സന്ദേശത്തോടു കൂടി തുടങ്ങി. മഴപ്പാട്ടു പാടി. ചക്കപ്പാട്ട് നല്ല രസമായിരുന്നു. വഴി എല്ലാവർക്കും ഒട്ടിക്കണം.41 പേർക്കും വഴി വരച്ചു കൊടുക്കാൻ പ്രയാസമായതിനാൽ ബോർഡിൽ ചക്കയുടെ ചിത്രം വരച്ച് വഴി വരച്ചു കൊടുക്കാൻ എല്ലാവർക്കും അവസരം നൽകി പ്രശ്നം പരിഹരിച്ചു. സിംഹത്തിന്റെ കഥ പറഞ്ഞു. കാട്ടിലെ വിശേഷങ്ങൾ പറയാൻ വലിയ ഉത്സാഹമായിരുന്നു കുരുന്നുകൾക്ക്. മഴവില്ല് ഉണ്ടാക്കാമെന്ന് പറഞ്ഞപ്പോൾ അതിലേറെ ഉത്സാഹം.  A4 ഷീറ്റിലാണ് മഴവില്ല് ഒട്ടിച്ചത്. ഇംഗ്ലീഷ് രണ്ട് ആക്ടിവിറ്റീസും ചെയ്തു. ഗണിതം, പരീക്ഷണം എന്നിവ ചെയ്യാൻ സമയം കിട്ടിയില്ല. പരിസ്ഥിതി ദിന പരിപാടികളും പെരുന്നാൾ പരിപാടികളും ഉണ്ടായതു കാരണമാണ് സമയം കിട്ടാതിരുന്നത്.

8

കുട്ടികള്‍ പ്രശ്നപരിഹാരകരാണ്. എങ്ങനെ ഓരോ പ്രശ്നത്തിനും അവരുടെതായ പരിഹാരം ഉണ്ടാകുന്നു എന്ന് നിരീക്ഷിക്കണം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട പഠനനൈപുണിയാണ് പ്രശ്നപരിഹരണശേഷി. നിരന്തരവിലയിരുത്തലിനായുള്ള നിരീക്ഷണം നടത്തുമ്പോഴാണ് ഇതൊക്കെ ശ്രദ്ധയില്‍പെടുക. 

 മുറിഞ്ഞുപോയ വഴിയും തെളിയിച്ചെടുത്ത വഴിയും

ഇന്ന് പരിസ്ഥിതി ദിനാഘോഷം ഉണ്ടായിരുന്നതിനാൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ  സാധിച്ചില്ല.മഴ വന്നേ മഴ വന്നേ എന്ന ഗാനം വളരെ മനോഹരമായി അവതരിപ്പിച്ചു. ഹായ് ..  .ഹായ്.. ഹോയ് ..ഹോയ്.. എന്ന് കുട്ടികൾ പാടി നടന്നു. ചക്കപ്പാട്ട് കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു .ചക്ക പഴുത്തില്ല പച്ചയായി വീട്ടിലുണ്ട് എന്ന് സ്റ്റെഫിന്റെ കമൻറ്. നല്ല മധുരം ടീച്ചർ, എനിക്കിഷ്ടമാ എന്നായി സൗരവ് .☺️

കുട്ടികളെ രണ്ട് ഗ്രൂപ്പ് ആയി തിരിച്ച് വഴി കണ്ടുപിടിക്കാം നിറം നൽകാം എന്ന  പ്രവർത്തനം നൽകി. കത്രിക ഉപയോഗിച്ച് വെട്ടാൻ കുറച്ച് അധികം സമയം വേണ്ടിവന്നു .ഒരാൾ കൃത്യതയോടെ മുറിച്ചെടുത്തു .രണ്ടുപേർ മുറിച്ചപ്പോൾ വഴി മുറിഞ്ഞു പോയി പക്ഷേ അവർ അതിനെ ചേർത്ത് വെച്ച് ഒട്ടിച്ച് ചക്കയുടെ അടുത്തേക്ക് വഴി കാണിച്ചു. ചിത്രങ്ങൾക്ക് മനോഹരമായി കളർ നൽകി.പ്രവർത്തനത്തിന്റെ വീഡിയോയും ഫോട്ടോയും ക്ലാസ് ഗ്രൂപ്പിൽ നൽകി.

വാർമഴവില്ല് എന്ന പ്രവർത്തനത്തിൽ കഥ ശ്രദ്ധയോടെ കേട്ട് ചോദ്യങ്ങൾക്ക് പ്രതികരിച്ചു .സിംഹം മുയലിനെയും മാനിനെയും തിന്നാത്തതിനാൽ സിംഹത്തിനെ ഇഷ്ടപ്പെട്ടു. അതിനാൽ സിംഹത്തെ മഴവില്ല് ഉണ്ടാകാൻ സഹായിക്കാം എന്നായി. കരുതിയിരുന്ന സാമഗ്രികൾ ഉപയോഗിച്ച് മനോഹരമായി മഴവില്ല് എല്ലാവരും തയ്യാറാക്കി.🥰

 വിജില വർഗ്ഗീസ്

 ഗവ. യു പി എസ് ആഞ്ഞിലിപ്ര

9

ഇന്നലെ ബിന്ദുഷടീച്ചര്‍ കോഴിക്കോട് നിന്ന് ഒരു വീഡിയോ അയച്ചുതന്നു. കട്ടിലില്‍ കമഴ്ന്ന് കിടന്ന് കുട്ടി ഏങ്ങലടിച്ച് കരയുന്നു. രക്ഷിതാവ് അതിന്റെ വീഡിയോ ടീച്ചര്‍ക്ക് നല്‍കി. എന്താ കരയാന്‍ കാരണം? വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രിയപ്പെട്ട ക്ലാസില്‍ പോകാന്‍ പറ്റാത്തതിന്റെ വിഷമമാണ്. മൂന്ന് ദിവസംകൊണ്ട് കുട്ടികള്‍ എത്രമാത്രം ഒന്നാം ക്ലാസിനെ ഇഷ്ടപ്പെട്ടിരിക്കുന്നു, ക്ലാസിലെ അനുഭവം ആഹ്ലാദവും വിജയവും പങ്കാളിത്തമധുരവും ഉള്ളതാകുമ്പോള്‍ കുട്ടികള്‍ മടിച്ചിരിക്കില്ല. അശ്വതിടീച്ചറും സമാനമമായ അനുഭവമാണ് പങ്കിടുന്നത്.

ഒരു കുട്ടി പോലും ക്ലാസ്സിലേക്ക് വരുവാൻ മടി കാണിക്കുകയോ..ക്ലാസിൽ വന്ന് കരയുകയോ ചെയ്യുന്നില്ല. 

മഴ വന്നേ മഴ വന്നേ മഴ വന്നേ മഴ വന്നേ.. എന്ന മഴപ്പാട്ട് പാടിക്കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്..

 അതിനുശേഷം അധ്യാപിക ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കുട്ടികൾ സ്വതന്ത്ര പ്രതികരണം നടത്തി..

 വഴി കണ്ടുപിടിക്കാൻ നിറം നൽകാൻ എന്ന പ്രവർത്തനത്തിനു തൊട്ട്മുൻപുള്ള ചക്കപ്പഴപ്പാട്ട്  കുട്ടികൾക്ക് വളരെ ഇഷ്ടമായി. എല്ലാവരും നന്നായി അഭിനയിച്ചു.... വഴി കാണിക്കുന്ന പ്രവർത്തനവും കുട്ടികൾക്ക് വളരെ ഇഷ്ടമായി..

 വാർമഴവില്ല് കഥ അവതരിപ്പിച്ചപ്പോൾ പുല്ലുകൾ വകഞ്ഞു മാറ്റി ഒരാൾ വരുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ..സിംഹം പുലി എന്നിങ്ങനെ വിളിച്ചുപറഞ്ഞു..

 പാട്ടുപാടി..

 മഴവില്ല് നിർമ്മിച്ചു..

  •  ഒരാൾ മാത്രമാണ് ചെയ്യാനായി മടി കാണിച്ചിരുന്നത്..ആ കുട്ടി ഭിന്നശേഷി വിഭാഗത്തിൽ പെട്ടതാണ്..

 സ്പോഞ്ചിന് ദാഹം

 ഈ പ്രവർത്തനവും ഗ്രൂപ്പ് തലത്തിൽ നൽകിയതിനാൽ വാശിയോടെ തന്നെ കുട്ടികൾ പ്രവർത്തനം ചെയ്തു..

 ഇന്ന് പരിസ്ഥിതി ദിനത്തിന്റെ   പ്രവർത്തനങ്ങൾ കൂടി ഉണ്ടായിരുന്നതിനാൽ ഇത്രയും ചെയ്യാൻ സാധിച്ചുള്ളൂ..

ഒന്നാം ക്ലാസിൽ കുഞ്ഞുമക്കൾ വളരെ സന്തോഷത്തോടുകൂടിയാണ് എത്തുന്നത്..

 കുട്ടികൾ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി താല്പര്യമുള്ളവർ ആയി തീർന്നിരിക്കുന്നു..

 ഒരു കുട്ടി പോലും ക്ലാസ്സിലേക്ക് വരുവാൻ മടി കാണിക്കുകയോ..ക്ലാസിൽ വന്ന് കരയുകയോ ചെയ്യുന്നില്ല..

 ഇപ്രാവശ്യത്തെ വിദ്യാപ്രവേശ് കഥ കേൾക്കാനും പാട്ടുപാടാനും കളിക്കാനും പേശി വികാസം സാധ്യമാകുന്ന തരത്തിലുള്ളതും കുട്ടികളുടെ നിലവാരത്തിന് യോജിക്കുന്നതും ആണ്

അശ്വതി

തൃശൂർ

10

കുട്ടികള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ വേഗം തീരുമെന്നാണ് ശ്രീജടീച്ചര്‍ പറയുന്നത്. താല്പര്യം ഉയര്‍ത്തുന്നതില്‍ അധ്യാപകരുടെ അവതരണരീതിയും പ്രോത്സാഹനവും നല്‍കുന്ന അംഗീകാരവും നിര്‍ണായകമാണ്. അതില്ലാത്ത ക്ലാസുകളില്‍ പ്രവര്‍ത്തനം ഇഴയും. ആസൂത്രണവേളയില്‍ത്തന്നെ ഇത്തരം കാര്യങ്ങളില്‍ കരുതലുണ്ടാകണം.

കുട്ടികൾ താല്പര്യത്തോടെ കൂടി ചെയ്യുമ്പോൾ  പ്രവർത്തനങ്ങൾ കൂടുതൽ കൊടുക്കാനും വേഗത്തിൽ തീർക്കാനും കഴിയും

ആകെ-12 കുട്ടികൾ

 ആദ്യ ദിവസങ്ങളിൽ  പ്രവർത്തനങ്ങൾ ചെയ്തുതീർക്കാൻ കുറച്ച് പ്രയാസം അനുഭവപ്പെട്ടെങ്കിലും രണ്ടും മൂന്നും ദിവസങ്ങളിലെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പൂർത്തീകരിക്കാൻ കഴിഞ്ഞു. മീൻ നിർമ്മാണം, മഴവിൽ നിർമ്മാണം, പരുന്തിന് നിറം നൽകൽ എന്നിവയെല്ലാം കുട്ടികൾ വളരെ താല്പര്യത്തോടെ കൂടി  പൂർത്തീകരിച്ച പ്രവർത്തനങ്ങളാണ്. കടലാസിൽ നിന്ന്  പൂവിനെ കീറിയെടുക്കുക എന്ന പ്രവർത്തനം  കുട്ടികൾ ചെയ്യുമോ എന്ന് സംശയം തോന്നിയിരുന്നു. എന്നാൽ മികച്ച രീതിയിൽ കുട്ടികൾ ആ പ്രവർത്തനവും പൂർത്തിയാക്കി. കഥ കേൾക്കാനും പാട്ടുപാടാനും അഭിനയിക്കാനും എല്ലാ കുട്ടികളും ഒരുപോലെ താൽപര്യം കാണിക്കുന്നുണ്ട്. കഥ പറയുമ്പോൾ ബാക്കി ഉണ്ടായേക്കാവുന്ന  കഥ കുട്ടികൾ ഊഹിച്ചു പറയുന്നു. പാട്ട് കേട്ടതിൽ നിന്ന് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരവും ലഭിക്കുന്നു. മൂന്നു ദിവസങ്ങളിലായി നടന്ന  എല്ലാ പ്രവർത്തനവും കുട്ടികൾ വളരെ താല്പര്യത്തോടെ കൂടിയാണ്  ഏറ്റെടുത്തു പൂർത്തീകരിച്ചത്. കുട്ടികൾ താല്പര്യത്തോടെ കൂടി ചെയ്യുമ്പോൾ  പ്രവർത്തനങ്ങൾ കൂടുതൽ കൊടുക്കാനും വേഗത്തിൽ തീർക്കാനും അധ്യാപിക എനിക്കും വളരെ സന്തോഷം🥰

അധ്യാപിക - ശ്രീജ എം. എസ് 

ഗവ.എൽ പി സ്കൂൾ മലയാറ്റൂർ.

അങ്കമാലി സബ് ജില്ല

എറണാകുളം

11.

ഔദ്യോഗികമായി മറ്റ് ചുമതലകള്‍ ചെയ്യേണ്ടിവരുന്നവരുണ്ടാകും. പ്രത്യേകിച്ചും പ്രഥമാധ്യാപകര്‍. അവര്‍ ഒരു ക്ലാസിന്റെ പൂര്‍ണ്ണച്ചുമതല ഏറ്റെടുത്താല്‍ ആഗ്രഹിക്കുന്ന രീതിയില്‍ എല്ലാം തീരില്ല. തൊട്ടുയര്‍ന്ന ക്ലാസിലെത്തുമ്പോള്‍ അതിന്റെ വാട്ടം കുട്ടികള്‍ക്കുണ്ടാകും. എന്താണ് പരിഹാരം? ക്ലാസ് ടീച്ചര്‍ സമ്പ്രദായത്തില്‍ അല്പം അയവ് വരുത്താം. പക്ഷേ പരിശീലനത്തില്‍ പങ്കെടുക്കണം. ടീം വര്‍ക്കും നടക്കണം. ഒന്നൊരുക്കം സമയമാനേജ്മെന്റിലുള്ള ട്രൈ ഔട്ട് കൂടിയാണ്. അതിന്റെ തിരിച്ചറിവുകള്‍ പ്രയോജനപ്പെടുത്താനാകണം.

സോപ്പ് ലായനിയിൽ കുമിള ഉണ്ടാകാൻ ബുദ്ധിമുട്ടായി 

ഒന്നൊരുക്കം രണ്ടാമത്തെ ദിവസമാണ് സ്റ്റാർട്ട്‌ ചെയ്തത്. മിന്നൽ, ഇടി audio കേൾപ്പിച്ചപ്പോൾ ഇടി യുടെ ശബ്ദം തിരിച്ചറിഞ്ഞെങ്കിലും മിന്നൽ തിരിച്ചറിയാൻ video കാണിച്ചു. കുമിള നിർമാണം കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിലും സോപ്പ് ലായനിയിൽ കുമിള ഉണ്ടാകാൻ ബുദ്ധിമുട്ടായിരുന്നു.പ്രവർത്തനങ്ങൾക്ക് സമയം തികയുന്നില്ല 2 പ്രവർത്തനം മാത്രമേ ഒരുദിവസം ചെയ്യാൻ പറ്റിയുള്ളൂ. Official ജോലി കൂടി ചെയ്തുതീർക്കാനുള്ളതുകൊണ്ടായിരുന്നു. എങ്കിലും കുഞ്ഞുങ്ങൾക്ക് ഏറെ രസകരമായിരുന്നു ഓരോ പ്രവർത്തനങ്ങളും..

ഷീബ

തിരുവനന്തപുരം

12

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരുന്നുണ്ട്. അത് സ്വാഭാവികമാണ്. ഒത്തിരി നൈപുണികള്‍ ഇടകലര്‍ന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. അത്രയും സമയം വേണ്ടിവരുന്നത് നഷ്ടമായി കരുതേണ്ടതില്ല. അതനുസരിച്ച് മറ്റ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വരുന്ന ദിവസങ്ങളില്‍ മറ്റ് പ്രവര്‍ത്തനങ്ങളുടെ എണ്ണം കുറയ്കുന്നതും ആലോചിക്കാവുന്നതാണ്.

ഒന്നൊരുക്കം മൂന്നാം ദിവസം പിന്നിട്ടപ്പോൾ ഒന്നാം ക്ലാസുകാർ ഏറെ ആവേശത്തിലാണ്. 

  • മഴ നടത്തം എന്ന പ്രവർത്തനത്തിലെ മഴപ്പാട്ട് എല്ലാവരും പാടി അഭിനയിച്ചു. 
  • മീനിനെ നിർമ്മിക്കാനുള്ള പ്രവർത്തനത്തിൽ കുറച്ചധികം പിന്തുണ വേണ്ടി വന്നുവെങ്കിലും എല്ലാവരും അവരവരുടെ മീനിനെ നിറം നൽകി ഭംഗിയാക്കി ചാർട്ടിൽ ഒട്ടിച്ചു. 
  • കുമിള പറത്തൽ പ്രവർത്തനം അവർ ഏറെ ആസ്വദിച്ചു ചെയ്തു. 
  • കോഴിയമ്മയുടെയും കുഞ്ഞുങ്ങളുടെയും കഥ ക്ലാസ്സിൽ പറഞ്ഞുകൊടുത്തത് വീട്ടിൽ പോയി എല്ലാവരും രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. ക്ലാസ് ഗ്രൂപ്പിൽ കുറെ കുട്ടികൾ വീഡിയോ അയച്ചു തരികയും ചെയ്തു. 
  • ബലൂൺ വീർപ്പിക്കൽ ഒരു മത്സരമായി ഏറ്റെടുത്തപ്പോൾ കുറെ പേരുടെ ബലൂൺ പെട്ടെന്ന് പൊട്ടി. ബലൂണിന് നൂലുകെട്ടാൻ കുറച്ചുപേർ പ്രയാസപ്പെട്ടു. പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ഈ പ്രവർത്തനത്തിന് ചിലവഴിച്ചു ഈ പ്രവർത്തനം കുട്ടികളെ ഏറെ ആകർഷിച്ചു.
  • രണ്ടാം ദിനത്തിലെ നിറം മാറുന്ന പൂവ് എന്ന പ്രവർത്തനം കുട്ടികൾ ഗ്രൂപ്പായി ചെയ്തു. മഞ്ഞയും ചുവപ്പും ഫുഡ് കളർ ആയിരുന്നു ഉപയോഗിച്ചിരുന്നത്. വെള്ളപ്പൂവ് ചുവപ്പും മഞ്ഞയും ആയപ്പോൾ അവരുടെ കണ്ണുകളിൽ കൗതുകം വിടർന്നു. 
  • ചെടിയെ ഭംഗിയാക്കാനുള്ള പ്രവർത്തനത്തിൽ  കുറച്ചുപേരുടെ ചെമ്പരത്തിപ്പൂവ് മുറിഞ്ഞു പോയെങ്കിലും ഭൂരിഭാഗം പേരും ശ്രദ്ധയോടെ ചെമ്പരത്തിപ്പൂ കൈകൊണ്ട് മുറിച്ചെടുത്ത് ചാർട്ടിൽ ഒട്ടിച്ചു. 
  • മൂവ് ആൻഡ് ഫ്രീസ്കളിയും ഹായ് ഹലോ കളിയും ആസ്വദിച്ചു. അക്കിടി പറ്റിയ പരുന്ത് എന്ന പ്രവർത്തനത്തിൽ എല്ലാവരും ഒരേപോലെ പങ്കാളികളായി. 
  • പരുന്തിന് നിറം നൽകി ഭംഗിയാക്കി.
  • മൂന്നാം ദിനത്തിലെ മഴവില്ല് നിർമ്മാണം കുട്ടികൾ വളരെ ആവേശത്തോടെ ഏറ്റെടുത്തു. കത്രിക ഉപയോഗിച്ച് മഴവില്ലിന്റെ വർണ്ണങ്ങൾ കളർ എഫോറിൽ മുറിച്ചെടുക്കാൻ കുറച്ചുപേർ പ്രയാസപ്പെട്ടു.പിന്തുണയോടെ എല്ലാവരും ഗ്രൂപ്പുകളിൽ ഇരുന്ന് വ്യക്തിഗതമായി എ ഫോർ ഷീറ്റ് മഴവില്ല് ഒട്ടിച്ചു.ഈ പ്രവർത്തനത്തിനും പ്രതീക്ഷിച്ചതിൽ കൂടുതൽ സമയം വേണ്ടിവന്നു. 
  • സ്പോഞ്ചിനും ദാഹം എന്ന പ്രവർത്തനത്തിൽ സ്പോഞ്ച് വെള്ളം കുടിക്കുമോ എന്ന് ചോദിച്ചപ്പോൾ ക്ലാസ്സിലെ ഭൂരിഭാഗം കുട്ടികളും സ്പോഞ്ച് വെള്ളം കുടിക്കും എന്ന് ഊഹിച്ചു പറഞ്ഞു.ഇത് ഗ്രൂപ്പ് തലത്തിൽ ചെയ്തപ്പോൾ കുട്ടികൾ ഏറെ ആസ്വദിച്ചു. വഴി കണ്ടുപിടിക്കാൻ എന്ന പ്രവർത്തനവുംഗ്രൂപ്പ് തലത്തിൽ ചെയ്തു.

അശ്വതി പി പി

Gups.Tharuvana

വയനാട്

13

ഒന്നൊരുക്കത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ കുറിപ്പ്. ഓരോദിവസവും കഴിയുമ്പോള്‍ പ്രവര്‍ത്തനത്തിലേക്ക് കുട്ടികള്‍ വരുന്നു. ആദ്യദിനങ്ങളിലെ പ്രയാസവും കുറയുന്നു. 
 തൻ്റെ ഗ്രൂപ്പിനെ ജയിപ്പിക്കാൻ ഉള്ള ഒരു ആവേശം അത് ഒന്നു വേറെ തന്നെ 

ഒന്നും രണ്ടും ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടി. മൂന്നാം ദിവസത്തെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ചെയ്യാൻ കഴിഞ്ഞു. വിരലുകൾ കൊണ്ട് കൈയടിച്ചത് കുറച്ച് കുട്ടികൾക്ക് ബുദ്ധിമുട്ടായി തോന്നി. തുടർന്ന് വന്ന മഴ പാട്ടും ചക്ക പാട്ടും കുട്ടികൾക്ക് വളരെ ഇഷ്ടമായി. കുട്ടികളുടെ പേരിൽ നിന്നും ചക്കയിലേക് വഴി വരച്ചതും അവർക്ക് ഒത്രി ഇഷ്ടമായി. തനിയെ വെട്ടാനും പശ തേച്ച് ഒട്ടിക്കാനും നല്ല ഉത്സാഹം കാണിച്ചു.കഥ നന്നായി ആസ്വദിച്ചു. സിംഹവും മാനും ആകാശത്ത് കണ്ട മഴവിൽ ഒട്ടിച്ചു. സ്‌പോഞ്ചിനെ വെള്ളം കുടിപ്പിക്കാൻ അവർ നന്നായി പരിശ്രമിച്ചു. ഗ്ലാസ് എടുത്ത് കൊണ്ടുപോയി തൻ്റെ ഗ്രൂപ്പിനെ ജയിപ്പിക്കാൻ ഉള്ള ഒരു ആവേശം അത് ഒന്നു വേറെ തന്നെ ആയിരുന്നു. ഇന്ന് എല്ലാ പ്രവർത്തനവും നന്നായി ചെയ്തു. കുട്ടികൾ ആസ്വദിച്ച് ചെയ്തു.

Ghs aroor

Total students-9

Koothattukulam sub district

14

എങ്ങനെയാണ് ഒരു ടീച്ചര്‍ ആസ്വദിച്ച് അധ്യാപനം നടത്തുന്നത് എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ ബിന്നിടീച്ചറുടെ ക്ലാസ് കാണാന്‍ പറയും. ഒന്നൊരുക്കത്തിന്റെ മൂന്ന് ദിവസങ്ങളിലയുെ കുറിപ്പുകള്‍ അതിന് ഉദാഹരണമാണ്. ഒന്നൊരുക്കം തുടങ്ങുന്നതിന് മുമ്പ് ടീച്ചര്‍ പറഞ്ഞു എന്റെ കുട്ടികള്‍ പ്രീപ്രൈമറി അനുഭവമില്ലാത്തവരാണ്. ഇതൊന്നും അവര്‍ ചെയ്യില്ല. പക്ഷേ കുട്ടികള്‍ ടീച്ചറെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് മൂന്നു ദിവസവും ക്ലാസില്‍ ഉണ്ടായത്. വളരെ വിശദമായി ടീച്ചര്‍ രക്ഷിതാക്കള്‍ക്ക് കുറിപ്പുകള്‍ ഇടുന്നു. രക്ഷിതാക്കളും പ്രതികരിക്കാന്‍ തുടങ്ങി. ഒന്നൊരുക്കത്തിന്റെ മിച്ച ഡോക്യുമെന്റേഷനായി ടീച്ചറുടെ കുറിപ്പുകള്‍ മാറുന്നുണ്ട്.  

"കോഴി പൊരിക്കുന്നതിന് എൻ്റെ ഉമ്മ ഇടലുണ്ട് " 

ജൂൺ 5

ഇന്ന് നാല് പ്രവർത്തനങ്ങളാണ് നടന്നത്.

  • മഴത്തുള്ളിപ്പാട്ട് പാടി ആഘോഷമായാണ് തുടങ്ങിയത്.
  • കോഴിയമ്മയുടെ കഥയും അവർ ഓർമ്മിച്ച് പറഞ്ഞു.
  • പൂവിന് നിറം നൽകാം-ആദ്യ പ്രവർത്തനം പൂക്കൾക്ക് നിറം നൽകുന്ന പ്രവർത്തനമായിരുന്നു. പൂക്കളുടെ പേരുകൾ പറയുകയും അതിൽ വെളുത്ത പൂക്കൾ ഏത് എന്ന് പറയുകയും ചെയ്തു .റോസ ചെമ്പരത്തി , മല്ലിക ഇവയൊക്കെയാണ് എല്ലാവരും പറഞ്ഞത്. വെളുത്ത പൂവ് മല്ലികപ്പൂവാണെന്നും പറഞ്ഞു. പൂക്കൾക്ക് നിറം നൽകൽ വളരെ താല്പര്യപൂർവം ചെയ്തു. നന്ത്യാർ വട്ടപ്പൂവാണ് ഞാൻ കൊണ്ടു പോയിരുന്നത്. മണമില്ലാത്ത ഒരിനം . ആ പൂവിൻ്റെ പേരും പറഞ്ഞു കൊടുത്തു. അതിന് മണമില്ല എന്ന് മണത്തുനോക്കി തിരിച്ചറിയുകയും ചെയ്തു. ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങൾ നിർദേശിച്ചിരുന്നതിനാൽ വളരെ കൃത്യമായി 4 ഗ്രൂപ്പുകളും പ്രവർത്തനം ചെയ്തു. പൂവിൻ്റെ നിറം മാറുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിച്ചു. ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ പൂവിൻ്റെ നിറം ശരിക്കും മഞ്ഞയും ചുവപ്പും ആയി മാറിയത് അവരെ ശരിക്കും  അത്ഭുതപ്പെടുത്തി. ചുവന്ന നിറം കണ്ടപ്പോൾ "കോഴി പൊരിക്കുന്നതിന് എൻ്റെ ഉമ്മ ഇടലുണ്ട് " എന്ന് റുഫൈദ പറയുകയും ചെയ്തു. ചെയ്ത കാര്യങ്ങൾ ക്രമമായി പറയുകയും ചെയ്തു. 
  • അക്കിടി പറ്റിയ പരുന്ത്- രണ്ടാം പ്രവർത്തനം അക്കിടി പറ്റിയ പരുന്തിൻ്റെ കഥ. പരുന്ത് പറന്നിറങ്ങുന്നതും കോഴിക്കുഞ്ഞിനെ കൊണ്ടു പോകുന്നതും ഒക്കെ അഭിനയിച്ചു. പരുന്തിന് നിറം നൽകൽപ്രവർത്തനം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി.നിറങ്ങൾ സ്വയം തെരഞ്ഞെടുത്ത് ഭംഗിയായി നിറം നൽകി. 3 പേർക്കു മാത്രമാണ് നിറം നൽകലിന് ഇനിയും പൂർണ്ണത വരേണ്ടത് എന്ന് തിരിച്ചറിഞ്ഞു. ഞാൻ ഉച്ച ഭക്ഷണത്തിന് തൊട്ടുമുമ്പാണ് ചിത്രം നൽകിയത്. ഞാൻ ഭക്ഷണം കഴിച്ചു വരുമ്പോഴേക്കും കുട്ടികൾ തനിയെ നിറം നൽകൽ പൂർത്തിയാക്കിയിരുന്നു.
  • കല്ലുകൾ ക്രമീകരിക്കാം- മൂന്നാമത്തെ പ്രവർത്തനം വലുപ്പം കനം എന്നിവയും അടിസ്ഥാനത്തിൽ കല്ലുകൾ ക്രമീകരിക്കുന്നതായിരുന്നു. ആദ്യം ചെറിയ ആശയകുഴപ്പമുണ്ടായിരുന്നെങ്കിലും ട്രയൽ കഴിഞ്ഞപ്പോൾ ശരിയായി. വലിയ മത്സരബുദ്ധിയോടെ പ്രവർത്തനം പൂർത്തീകരിച്ചു. ആദ്യ പൂർത്തീകരിച്ച ഗ്രൂപ്പിന് ചോക്ക് സമ്മാനമായി നൽകുകയും ചെയ്തു. എല്ലാവരും പ്രവർത്തനത്തിൽ പങ്കെടുത്തു.
  • Walk walk- നാലാമത്ത പ്രവർത്തനം ഇംഗ്ലീഷുമായി ബന്ധപ്പെട്ടതായിരുന്നു. Come on , stand in a Circle തുടങ്ങിയ ചെറിയ കാര്യങ്ങൾ ഇംഗ്ലീഷിൽ കേട്ടാൽ അവർ മനസ്സിലാക്കുന്നു എന്നത് സന്തോഷം തരുന്നു. വെള്ളത്തിൽക്കൂടിയും വഴുതുന്ന സ്ഥലത്തു കൂടിയും ചൂടുള്ള ഇടത്തു കൂടിയും ഒക്കെ നടക്കുന്നത് വളരെ തന്മയത്വത്തോടെ അവർ അഭിനയിച്ചു.
  • സ്വതന്ത്രസമയം, 3 മണി മുതൽ 4 മണി വരെയും സമയം സ്വതന്ത്ര സമയമായി നൽകി. കൂടുതൽ പേരും ചിത്രം വരയ്ക്കുകയാണ് ചെയ്തത്. വളരെ ഇഷ്ടത്തോടെയും താല്പര്യത്തോടെയും കൂടിയാണ് കുഞ്ഞുങ്ങൾ ഓരോ ദിവസവും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.

ബിന്നി ഐരാറ്റിൽ

ജി ഡബ്ല്യു എൽ പി എസ് ബേള കാസറഗോഡ്

15

ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ ഉള്ള ക്ലാസില്‍ കേരളത്തിന്റെ സാംസ്കാരികാനുഭവം അവരിലെത്തിക്കുക എന്നത് ഒരു പ്രശ്നമാണ്. ക്രിസ്റ്റീനടീച്ചര്‍ അതാണ് ഉയര്‍ത്തുന്നത്. കുട്ടികളുടെ പ്രതികരണങ്ങളുടെ ചാരുത നഷ്ടപ്പെടാതെ ടീച്ചര്‍ എഴുതുന്നത് ടീച്ചറും ക്ലാസില്‍ കുട്ടിയായി മാറിയതിനാലാണ്. അത് പ്രധാനമാണ്. ഒന്നാം ക്ലാസില്‍ ടീച്ചറില്ല. കുട്ടികളേ ഉള്ളൂ.
 തീർത്ഥയ്ക്കും സിദ്ധാർത്ഥിനും പരുന്തിന്റെ നിറമെന്താണെന്നറിയില്ല.! 

ഇന്ന് മൂന്നാം ദിനം

പരുന്തിന്റെ കഥ പറഞ്ഞ് ആരംഭിച്ചു. റാഞ്ചിക്കൊണ്ടുപോയത് കളിപ്പാവ കോഴിക്കുഞ്ഞാണെന്നറിഞ്ഞപ്പോ....പരുന്തിന് അമളി പറ്റിയെന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം!😄 ചമ്മി നാണം കെട്ടുനിൽക്കണ പരുന്തിനെ കാണണോ എന്ന് ചോദിച്ചു. വേണം..... എന്ന് ഒരേ സ്വരത്തിലവർ. അങ്ങനെ പരുന്തിന്റെ ചിത്രം കാണിച്ചു. നോക്കട്ടെ ....ടീച്ചറെ.... കാണിച്ചേ ടീച്ചറേ..... പരുന്തിന്റെ മുഖത്തു നോക്കി അയ്യേ.... നാണം കെട്ട പരുന്തേ.... എന്ന് എയ്ൻ തെരേസ. എല്ലാർക്കും സ്വന്തമായി ഒരു പരുന്തിനെ കിട്ടിയപ്പോൾ സന്തോഷമായി. നിറം കൊടുത്താലോ ? എന്ന ചോദ്യത്തിന് നല്ല പ്രതികരണം. അപ്പോഴാണ് ഒരു പ്രശ്നം വന്നത്. ഒന്നല്ല രണ്ടു പ്രശ്നം.

  • തീർത്ഥയ്ക്കും സിദ്ധാർത്ഥിനും പരുന്തിന്റെ നിറമെന്താണെന്നറിയില്ല.!
  • ഒറീസക്കാരായ കുട്ടികൾക്ക് പരുന്തെന്താണെന്ന് മനസിലായുമില്ല.

പരുന്തിന്റെ ഒറിജിനൽ പടം സെർച്ചു ചെയ്തു കാണിച്ചു. പക്ഷേ അത്രയ്ക്ക് മനസിലായില്ല.

പിന്നീട് ചക്കപ്പഴത്തിന്റെ പാട്ട് പാടി. audio കുറേ തവണ കേൾപ്പിച്ചു. ഡസ്കിൽ താളമടിച്ച് പാടി. audio യുടെ കൂടെ പാടി.

ടീച്ചറേ... മഴേടെ പാട്ട് മതിയെന്നൊരാൾ.

പിന്നീട് ചാർട്ടിന്റെ നാലു മൂലകളിൽ ഒട്ടിച്ച കുട്ടികൾക്ക് വഴി കാണിക്കുന്ന പ്രവർത്തനമായിരുന്നു. വഴി വരച്ചു കിട്ടാൻ വല്യ ഉത്സാഹം. ഒട്ടിക്കാനതിലേറെയും..ഈ ക(തിക കേടാണോ ടീച്ചറേ...എനിക്കു വെട്ടാൻ പറ്റുന്നില്ല.: കൂട്ടത്തിലൊരാളുടെ സങ്കടം.

കൈ വഴങ്ങാത്ത അവനെ സഹായിച്ചു. കത്രിക മാറ്റിക്കൊടുത്തു. കത്രിക പിടിക്കേണ്ട വിധവും ചലിപ്പിക്കേണ്ട വിധവും സാവകാശം കാണിച്ചു മനസിലാക്കി.

ഒറീസക്കകാരോട് കട്ട്ഹൽ തിന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ചക്കപ്പഴത്തിന്റെ മധുരം അവരുടെ നാവിലുമെത്തി.

പിന്നെ വാർമഴവില്ലിന്റെ പാട്ടായി.... പടമായി. പക്ഷേ മഴവില്ലിന്റെ പ്രവർത്തനം പൂർത്തിയാക്കാനായില്ല.

പരിസര നടത്തത്തിനു പോയതിനാൽ സ്പോഞ്ചിനെ വെള്ളം കുടിപ്പിച്ചുമില്ല. എങ്കിലും ഇന്നത്തെ ദിവസവും മക്കൾ നന്നായി ആസ്വദിച്ചു.

ക്രിസ്റ്റീന ജേക്കബ്

ഗവ.എൽ.പി.എസ് കാട്ടാമ്പാക്ക്

കോട്ടയം

16

ക്ലാസ് മാനേജ്മെന്റിന്റെ പ്രശ്നം പരിഹരിക്കപ്പെടേണ്ടതുണ്ട്. മുപ്പതിനോനടുത്ത് കുട്ടികളുള്ള ക്ലാസില്‍ ഒരു പ്രവര്‍ത്തനം തീരാന്‍ എത്രസമയം വേണ്ടിവരും എന്ന് കുറിച്ച് വെക്കണം. പ്രവര്‍ത്തനത്തിന്റെ സ്വഭാവമനുസരിച്ചുതന്നെ. അതനുസരിച്ച് ടീച്ചിംഗ് മാന്വലില്‍ മാറ്റം വരുത്തേണ്ടിവരും. കൂടുതല്‍ കുട്ടികളുള്ള അധ്യാപകരുടെ കൂട്ടായ്മ ഉണ്ടാക്കുന്നതും ഗുണം ചെയ്യും. പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമാണ് ടീച്ചര്‍ ഉയര്‍ത്തുന്നത്.

 ഇനിയും നൽകാനുള്ള പ്രവർത്തനങ്ങൾ കൂടി കൂടിവരികയാണ്.

ഒന്നൊരുക്കം രണ്ടാം ദിവസമാണ് തുടങ്ങിയത്..എനിക്കും എൻ്റെ സഹ അധ്യാപികയ്ക്കും 29 വീതം കുട്ടികളാണ് ഒന്നിൽ ഉള്ളത്.. രണ്ടോമൂന്നോ പ്രവർത്തനങ്ങൾ മാത്രമാണ് ഞങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയുന്നത്... ചെയ്യുന്ന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം ഉറപ്പാക്കി പിന്തുണ നൽകി പോകുമ്പോൾ ഇനിയും നൽകാനുള്ള പ്രവർത്തനങ്ങൾ കൂടി കൂടിവരികയാണ്... ഒന്നൊരുക്കത്തിൽ കുഞ്ഞുങ്ങളും രക്ഷിതാക്കളും സന്തുഷ്ടരാണ് ...

91 97443 51357:

തിരുവനന്തപുരം

17

തുടക്കം മുതല്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതിന് ഊന്നല്‍ ലഭിക്കണം. സഹകരണാത്മകമായ ബന്ധം വളര്‍ത്തിയെടുക്കണം. അപ്പോള്‍ അവര്‍ സംതൃപ്തരാകും. ആ സന്തുഷ്ടിയെ പ്രയോജനപ്പെടുത്തി മുന്നേറാനും കഴിയും 

നല്ല അഭിപ്രായമാണ് രക്ഷിതാക്കൾ പറഞ്ഞത്.  

 രണ്ടാം ദിവസമേ ഞങ്ങൾക്കും തുടങ്ങാൻ പറ്റിയിട്ടുള്ളൂ. കുട്ടികളും രക്ഷിതാക്കളും സന്തുഷ്ടരാണ്. രക്ഷിതാക്കളോട് ക്ലാസിനെ പറ്റിയുള്ള അഭിപ്രായങ്ങൾ മെസ്സേജ് അയക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു .നല്ല അഭിപ്രായമാണ് രക്ഷിതാക്കൾ പറഞ്ഞത്. കഥ പറഞ്ഞുകൊടുത്ത ശേഷം കുട്ടികളോട് ആ കഥ തിരിച്ചു പറയാൻ ആവശ്യപ്പെട്ടു. അവർ സ്വന്തം ഭാഷയിൽ ആ കഥ തിരിച്ചു പറഞ്ഞു തന്നു. വീട്ടുകാരോടും പോയി കഥ പറഞ്ഞു കൊടുക്കണം എന്നു പറഞ്ഞത് വീട്ടിലും  ചെയ്തു എന്ന് രക്ഷിതാക്കൾ പറഞ്ഞു. കുമിള പറത്തിയ പ്രവർത്തനത്തിൽ ചിലരുടെ വായിലെങ്കിലും  സോപ്പ് വെള്ളത്തിൻറെ അംശം വീണത് ഒരു ചെറിയ ടെൻഷനുളവാക്കി.  ഉടനെ വായ കഴുകി വന്നതുകൊണ്ട് വേറെ കുഴപ്പമൊന്നും ഉണ്ടായില്ല.

+91 72930 14968: 

തിരുനന്തപുരം

18

കുട്ടികള്‍ വീട്ടില്‍ച്ചെന്ന് വിശേഷങ്ങള്‍ പറയണമെങ്കില്‍ അവര്‍ അത്രയ്ക് ആസ്വദിച്ചിട്ടുണ്ടാകണം. ആസ്വദിച്ച് പഠിക്കുന്നതിനുള്ള അടിത്തറയിടലായി ഒന്നൊരുക്കം 

വീട്ടിൽ ചെന്നു വിശേഷങ്ങൾ പറഞ്ഞു 

ജൂൺ മൂന്നാം തീയതി മുതൽ ഞാൻ എന്റെ ക്ലാസ്സിൽ ഒന്നൊരുക്കം സന്നദ്ധതാ പ്രവർത്തനങ്ങൾ തുടങ്ങി. എന്റെ കുഞ്ഞുങ്ങൾ വളരെ താല്പര്യത്തോടെയാണ് ഇത് വരെയുള്ള പ്രവർത്തനം ഏറ്റെടുത്തത്. മഴ നടത്തവും, മഴപ്പാട്ടും അവർക്കു ഒരുപാട് ഇഷ്ടമായി. വീട്ടിൽ ചെന്നു വിശേഷങ്ങൾ പറഞ്ഞത് വളരെ ഇഷ്ടത്തോടെയായിരുന്നുവെന്ന് പേരെന്റ്സ് പറഞ്ഞു. മഴച്ചിത്രത്തിൽ ഒരാൾ വഴിയിലെ ചെളിയാണ് വരച്ചത്. നിർമാണ പ്രവർത്തനത്തിൽ മീൻ നിർമിക്കാൻ 2 പേർക്ക് കുറച്ചു പ്രയാസം ഉണ്ടായി.  പരീക്ഷണം ചെയ്തപ്പോൾ എല്ലാവർക്കും കുമിള വന്നില്ല. കുമിള വരാൻ കുറച്ചു താമസം ഉണ്ടായി.  അതുപോലെ ചെമ്പരത്തി പൂവ് കീറിയെടുക്കാൻ  ഒരാൾക്ക് മാത്രമേ പറ്റിയുള്ളു.  English, maths പ്രവർത്തനവും ചെയ്തു. Module ൽ തന്നിരിക്കുന്ന ക്രമത്തിലാണ് ഞാൻ ക്ലാസ്സിൽ ഇത് ചെയ്യുന്നത്. 

ടിന്റുമോൾ

ചെങ്ങന്നൂർ സബ്ജില്ല

19

ചുണക്കുട്ടികളായ ഒന്നാം ക്ലാസുകാരെക്കുറിച്ചാണ് അനുപമടീച്ചര്‍ പറയുന്നത്. എല്ലാവരും ചുണയുള്ളവര്‍തന്നെ അവര്‍ക്ക് അത് പ്രകാശിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സ്നേഹവും അവസരവും ക്ലാസില്ഡ ഉണ്ടാകണമെന്നുമാത്രം. കുട്ടികള്‍ ഇപ്പോഴും കേട്ട് പഴകിയ കഥകളിലാണ് എന്ന സൂചനയും കുറിപ്പിലുണ്ട്. പുതിയ കഥകളുടെ ലോകത്തേക്ക് നയിക്കാന്‍ വായനോത്സവും വഴിയൊരുക്കട്ടെ.

 മറ്റുള്ളവരെയും സഹായിക്കാനുള്ള ശ്രമം കണ്ടപ്പോൾ സന്തോഷം തോന്നി.

ഒന്നാം ക്ലാസ്സിലെ ഒന്നാം ദിനം വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ചുണക്കുട്ടികളായ കുറെ കുഞ്ഞുമക്കളാണ് എത്തിയിരിക്കുന്നത് എന്തിനും ആവേശത്തോടെ ഓടി എത്തുന്നവർ. മഴപ്പാട്ട് താളത്തിൽ പാടാനും, ചെറുത് വലുത് തിരിച്ചറിഞ്ഞു കളിക്കാനും ബലൂൺ വീർപ്പിക്കാനും അവർ തന്നെ മുന്നിട്ടിറങ്ങി. ബലൂൺ വീർപ്പിക്കുന്നതിൽ സൗപർണിക മിടുക്കി ആയിരുന്നു, ആദ്യം തന്നെ തന്റെ ബലൂൺ വീർപ്പിച്ച ശേഷം മറ്റുള്ളവരെയും സഹായിക്കാനുള്ള ശ്രമം കണ്ടപ്പോൾ സന്തോഷം തോന്നി. മില്ല്യാൻ വീർപ്പിച്ച വലിയ ബലൂൺ ആണ് കോഴിയമ്മയുടെയും കുഞ്ഞുങ്ങളുടെയും കളിക്ക് എടുത്തത്. കോഴിയമ്മയുടെയും മക്കളുടെയും കഥ അവതരിപ്പിക്കാൻ കഥ ഇഷ്ടം ആണെന്ന് ചോദിച്ചപ്പോൾ കുറേ കഥകൾ അവർ തന്നെ പറഞ്ഞു തന്നു അതിൽ ആനയുടെയും തയ്യല്‍ക്കാരന്റെയും കഥയും മുന്തിരി കിട്ടാതെ പോയ കുറക്കന്റെയും കഥ ഉണ്ടായിരുന്നു. ഒന്നാം ക്ലാസ്സ്‌ ഒന്നാന്തരം തന്നെ 💖🙏

അനുപമ എം 

ചെങ്ങന്നൂർ സബ്ജില്ല

20

കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നാം ക്ലാസുകളാണ് ചോറ്റുപാറയിലുളളത്. രക്ഷിതാക്കളെ വിശ്വാസത്തിലെടുക്കുന്നത് കുട്ടികളുടെ പ്രകടനങ്ങള്‍ കൊണ്ടാണ്. എല്ലാദിവസവും വിശദമായ കുറിപ്പുകളാണ് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ അവര്‍ പങ്കിടുന്നത്.  അതിന്റെ ഫലം ക്ലാസില്‍ പ്രതിഫലിക്കും. അധ്യാപകരുടെ ആത്മവിശ്വാസം കൂടിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ് രക്ഷിതാക്കള്‍ക്കുള്ള കുറിപ്പും വലുതായിക്കൊണ്ടിരിക്കുന്നത്

ഓരോ ദിവസത്തെയും പ്രവർത്തനങ്ങളുടെ കുറിപ്പ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യുന്നു.  

ഇടിയുടെയും മഴയുടെയും ഓഡിയോ കേൾപ്പിച്ചപ്പോൾ കുട്ടികൾക്ക് അത് എന്താണെന്ന് വേഗത്തിൽ തിരിച്ചറിയാൻ കഴിഞ്ഞു. തുടർന്ന് നടത്തിയ മഴപ്പാട്ടും അഭിനയവും എല്ലാം വളരെ ഭംഗിയായി കുട്ടികൾ ചെയ്തു. മഴപ്പാട്ട് എല്ലാ കുട്ടികളും തന്നെ ഇതിനോടകം കാണാതെ പഠിക്കുകയും ചെയ്തു. മഴയുടെ ചിത്രം വരയ്ക്കാനും നിറം നൽകാനും ഒക്കെ ഏറെ താല്പര്യമായിരുന്നു. ചിത്രം വരയ്ക്കാൻ പറഞ്ഞപ്പോൾ ആദ്യം അറിയില്ല എന്ന് പറഞ്ഞെങ്കിലും കൂട്ടുകാരുടെ ചിത്രം വര കണ്ടപ്പോൾ എല്ലാവരും വളരെ പെട്ടെന്ന് തന്നെ വരയ്ക്കുകയും ചെയ്തു. മഴത്താളം ഉണ്ടാക്കലും മഴനടത്തം (അഭിനയിക്കലും) എല്ലാം കുട്ടികൾ നന്നായി ചെയ്തു. മുൻപിൽ പിൻപിൽ എന്നിവ കുട്ടികൾക്ക് വളരെ പെട്ടെന്ന് മനസ്സിലായി. എന്നാൽ വലത് ഇടത് എന്നീ നിർദ്ദേശങ്ങൾ രണ്ടുമൂന്നു തവണ പറഞ്ഞു കൊടുക്കേണ്ടതായി വന്നു. അതുപോലെ മീൻ നിർമ്മിക്കാനുള്ള പ്രവർത്തനം കുട്ടികൾ വളരെ താല്പര്യത്തോടെ പൂർത്തിയാക്കി. 5 കുട്ടികൾക്ക് ഈ നിർമ്മാണത്തിൽ പിന്തുണ ആവശ്യമായി വന്നു. പരുന്തിന്റെ കഥ കുട്ടികൾ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. തുടർന്ന് പരുന്തിന് നിറം നൽകി ഭംഗിയാക്കുകയും ചെയ്തു. നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും (പരീക്ഷണങ്ങളും കളികളും കഥയും പാട്ടും) കുട്ടികൾ വീട്ടിൽ ചെന്ന് പറയുകയും ചെയ്യുന്നുണ്ട്. ഓരോ ദിവസത്തെയും പ്രവർത്തനങ്ങളുടെ കുറിപ്പ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യുന്നു. വളരെ ആശങ്കയോടെയാണ് ഒന്നൊരിക്ക പ്രവർത്തനങ്ങളുമായി ക്ലാസിലേക്ക് കടന്നതെങ്കിലും ടീച്ചർ നൽകുന്ന ഓരോ പ്രവർത്തനങ്ങളും കുട്ടികൾ വളരെ താല്പര്യത്തോടെ ഏറ്റെടുത്ത പൂർത്തിയാക്കുമ്പോൾ ആത്മവിശ്വാസവും കൂടുതൽ കാര്യങ്ങൾ ചെയ്യിപ്പിക്കാൻ ഉള്ള താല്പര്യവും ഉണ്ടാകുന്നു. ഇതുവരെ നൽകിയ എല്ലാ പ്രവർത്തനങ്ങളും  വളരെ ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചു.

Bindu MB 

RPMLPS CHOTTUPARA

ഇടുക്കി.

21

ഒരു പുതിയപ്രവര്‍ത്തനം ക്ലാസില്‍ നല്‍കുന്നതിനുമുമ്പ്  അധ്യാപകര്‍ അത് ചെയ്ത് നോക്കണം. അങ്ങനെ ചെയ്യാത്തവരുടെ ക്ലാസില്‍ പൂക്കള്‍ക്ക് നിറം മാറിയില്ല. സോപ്പുുമിള ഉണ്ടായില്ല. സ്പോഞ്ച് വെള്ളം കുടിച്ചില്ല. അത്തരം പരാജയങ്ങളുടെ തിരിച്ചറിവുകള്‍ മുന്നോട്ട് നയിക്കട്ടെ. പ്രസന്നടീച്ചര്‍ ക്ലാസില്‍ രക്ഷിതാക്കള്‍ വന്ന് അതിശയിച്ച കാര്യം പങ്കിടുന്നുണ്ട്. ക്ലാസിലെ പഠനോല്പന്നങ്ങള്‍ ആകര്‍ഷകമായി ക്രമീകരിക്കാനും ഒന്നൊരുക്കം അവസരം നല്‍കുന്നു. ക്ലാസ് റൂം ലേ ഔട്ട് ചെറിയ കാര്യമല്ല

 ഇത് അവർ ഒറ്റയ്ക്ക് ചെയ്തതാണോ എന്ന് ചോദിച്ച് അവർ അദ്‌ഭുതപ്പെട്ടു.

ഇന്നലെ നടക്കാതെ പോയ walk walk എന്ന activity യും കുമിള പറത്താം എന്ന പ്രവർത്തനവും ഇന്ന് ചെയ്തു. കുമിള പറത്തൽ കുട്ടികൾക്ക്‌ വളരെ ഇഷ്ടപ്പെട്ടു. പിന്നീട് മഴപ്പാട്ട് ഓഡിയോ വെച്ച് ഒപ്പം പാടി അഭിനയിച്ചു. പിന്നെ വഴി കണ്ടു പിടിക്കാം എന്ന പ്രവർത്തനം ആയിരുന്നു. മത്സരം ആയിട്ടാണ് അത് ചെയ്തത്. നല്ല ആവേശത്തിൽ കുട്ടികൾ ഇതിൽ പങ്കെടുത്തു. ഞാൻ വിചാരിച്ചതിലും ഭംഗിയായി ഈ പ്രവർത്തനം അവർ ചെയ്തു. കുട്ടികൾ കത്രിക ഉപയോഗിച്ച് കൃത്യമായും വൃത്തിയായും വെട്ടുന്നുണ്ട്. 👌🏻 പശ ആവശ്യത്തിന് മാത്രം എടുത്ത് ഒട്ടിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. കൂട്ടായ പ്രവർത്തനം ഗ്രൂപ്പിൽ നടക്കുന്നുണ്ട്. ചിലർ മാറി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. എങ്കിലും ഇടപ്പെട്ട് അവരെക്കൂടി പ്രവർത്തനത്തിൽ ഉൾപെടുത്തുവാൻ സാധിച്ചു. സ്പോഞ്ചിൽ വെള്ളം ഒഴിച്ചപ്പോൾ സ്പോഞ്ച് വെള്ളം കുടിച്ചില്ല. പുതിയ സ്പോഞ്ച് ആയിട്ടാണെന്ന് തോന്നുന്നു. ഈ പ്രവർത്തനം വിചാരിച്ചതു പോലെ ഫലം കണ്ടില്ല. അവസാനം പോകാൻ നേരം 10 minute കൊണ്ടാണ് Rhythmic movement ചെയ്തത്. സമയം തികഞ്ഞില്ല. ഇന്ന് കുറച്ചു parents ക്ലാസ്സിൽ വന്നു പ്രവർത്തനങ്ങൾ കണ്ടു. വഴി ഒട്ടിക്കുമ്പോഴാണ് അവർ വന്നത്. ഇത് അവർ ഒറ്റയ്ക്ക് ചെയ്തതാണോ എന്ന് ചോദിച്ച് അവർ അദ്‌ഭുതപ്പെട്ടു. Yes. അവർക്ക് കഴിയുമല്ലോ 😄. അവരും അപ്പോഴാണ് തിരിച്ചറിയുന്നത് കുട്ടികൾക്ക്‌ ഒറ്റയ്ക്ക് ഇതൊക്കെ ചെയ്യാൻ കഴിയുമെന്ന്. 😄

ഇന്ന് ചെയ്യേണ്ടിയിരുന്ന 3 പ്രവർത്തനങ്ങൾ കൂടി ചെയ്യാൻ സമയം തികഞ്ഞില്ല. അതുകൊണ്ടു തന്നെ ഇന്ന് കുറച്ചു സന്തോഷം കുറച്ചു സങ്കടം.

പ്രസന്ന എ.പി

ജി.എൽ.പി.എസ് പലകപ്പറമ്പിൽ 

മങ്കട, മലപ്പുറം

22

ആറന്മുളയിലെ സുമി ടീച്ചര്‍ ഈ വര്‍ഷം ഞങ്ങള്‍ പൊളിക്കും എന്നാണ് പറയുന്നത്. സചിത്രനോട്ട് ബുക്ക് അവതരിപ്പിച്ച വര്‍ഷം കോഴഞ്ചേരിയില്‍ നടത്തിയ ഒന്നാം ക്ലാസുകാരുടെ വാര്‍ഷികസംഗമത്തില്‍ ടീച്ചര്‍ ക്ലാസിലെ എല്ലാ കുട്ടികളെയും കൊണ്ടുവന്ന് നടത്തിയ വിസ്മയപ്രകടനം ഓര്‍മ്മയിലുണ്ട്. ആ ആത്മവിശ്വാസമാണ് ഈ വര്‍ഷത്തെ ഓരോ ദിനവും വിജയദിനമായിരിക്കും എന്ന് പ്രഖ്യാപിക്കാന്‍ കാരണം. അഭിവാദ്യങ്ങള്‍ 

ഈ വർഷം ഞങ്ങൾ പൊളിക്കും

 ഒന്നൊരുക്കത്തിന് ഒന്ന് ഒരുങ്ങി വരാൻ ഞാൻ ഒരു ദിവസം താമസിച്ചു . രണ്ടുദിവസത്തെ പ്രവർത്തനം പൂർത്തിയായി മൂന്നാം ദിവസത്തെ പ്രവർത്തനം പൂർത്തിയായിട്ടില്ല. 🌈രണ്ട് ദിവസത്തെ പ്രവർത്തനങ്ങളെ പറ്റി പറയുകയാണെങ്കിൽ വളരെ മികച്ചത്. കുട്ടികളുമായി കൂട്ട് കൂടാൻ പറ്റി. 

🌈അംഗൻ വാടിയിലും, ആശാട്ടിമാരുടെയും  അടുത്ത് പോകാൻ മടി കാണിച്ച കുട്ടികൾ താല്പര്യത്തോടെ സ്കൂളിൽ വരുന്നു. അവരുടെ ടീച്ചർ (ഞാൻ )അടിപൊളി ആണത്രേ😉. ഒരു വിരുതൻ പറഞ്ഞതാണ്. 

🌈രണ്ട് ദിവസത്തെയും കഥകൾ വളരെ താല്പര്യത്തോടെ കേട്ടിരുന്നു. മുഖത്ത് വിരിയുന്ന ഭാവങ്ങളോ  നവരസങ്ങൾ മൊത്തം വന്നു. എന്റെ അധ്യാപന ജീവിതത്തിൽ ഇത്ര ശ്രദ്ധയോടെ കുട്ടികൾ കഥ കേട്ടിരിക്കുന്നത് കണ്ടിട്ടില്ല. പിറ്റേ ദിവസം കഥ കുട്ടികൾ പറഞ്ഞപ്പോൾ തൃപ്തിയായി. ലക്ഷ്യം നേടിയിരിക്കുന്നു.

🌈 കുമിള പറത്താം പ്രവർത്തനം വളരെ മികച്ചത്. മതിയാക്കാം എന്ന് പറഞ്ഞപ്പോൾ പോരാന്നു. പരസ്പരം സഹകരിച്ചു കുട്ടികൾ കുമിള പറത്തിയത് സന്തോഷം ഉളവാക്കി. ആരിലും മത്സരം കണ്ടില്ല പരസ്പരം സഹായിച്ചു😇. ഇതിനിടയിൽ വിമർശനങ്ങളും ഉണ്ട്. ടീച്ചർ പഞ്ചസാരയിൽ കുളിപ്പിച്ചിട്ടാണ് അത്രേ ഒരു വിരുതന് കുമിള കിട്ടാത്തത്.😂.

🌈 വേടന്റെ പാട്ടൊക്കെ പാടുന്നവരുടെ അടുത്ത് മഴപ്പാട്ടും മഞ്ഞുതുള്ളി പാട്ടും എങ്ങനെ കൊണ്ടുപോകും എന്നൊരു ആശങ്കയുണ്ടായിരുന്നു. എന്നാൽ അതും വിജയം. 😊

🌈ഏതായാലും ഞാനും എന്റെ കുട്ടികളും ഹാപ്പി. ഈ വർഷം ഞങ്ങൾ പൊളിക്കും.🌈

SUMI. V

GSNVLPS, ULLANNUR 

ARANMULA

23

ഒന്നൊരുക്കം  മൂന്നാം നാൾ പ്രവർത്തനങ്ങൾ ആരംഭിച്ചത് നിറം മാറുമോ പൂക്കൾക്ക് 🌼🌸🌷❓ നന്ത്യാർവട്ടം പൂക്കൾ രണ്ട് നിറത്തിലുള്ള വെള്ളത്തിൽ മുക്കിയപ്പോൾ തന്നെ പൂക്കളുടെ നിറം മാറി. കുട്ടികൾക്ക്  കൗതുകം തോന്നി. അവരുടെ മുഖത്തെ സന്തോഷവും,  നിറഞ്ഞ ആഹ്ളാദവും കണ്ടപ്പോൾ എനിക്കേറേ സന്തോഷമായി. കുട്ടികൾ എല്ലാവരും മഴപ്പാട്ട് കൈ കൊട്ടി പാടി അതിൽ ചിലർ കാലുകൾ ചവിട്ടി താളം പിടിക്കുന്നുണ്ടായിരുന്നു. തുടർന്ന് പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ എന്റെ മക്കൾ കിയാം കിയാം കുരുവി ഞാനൊരു കിയാം..  

എന്ന കുട്ടിപ്പാട്ടിൽ പല ചെടികളായി മാറി ഒരാൾ കുഞ്ഞിക്കുരുവി ആയി മഴക്കാലത്ത് താമസിക്കാൻ വാസസ്ഥലം അന്വേഷിച്ചു നടക്കുന്ന കുഞ്ഞിക്കുരുവിക്കും, താമസിക്കാൻ ഇടം നൽകിയ വാഴക്കും, കാറ്റും, മഴയും വന്നപ്പോൾ താമസിക്കാൻ ഇടം നൽകാത്ത പേരാ, മാവ്, പ്ലാവ്, തേക്ക്, പുളി, നെല്ലി, ആഞ്ഞിലി ഇവർക്കെല്ലാവർക്കും സ്ക്കൂളിൽ നിന്നും പെൻസിൽ സമ്മാനവും നൽകി. എനിക്ക് ഏറേ അഭിമാനം തോന്നി വെറും രണ്ടു ദിനത്തെ ഒഴിവു സമയം കൊണ്ട് ഇവരെ എനിക്ക് ഇത്രയും ആക്കാൻ  കഴിഞ്ഞു ഈ ഒരു വർഷം കൊണ്ട് ഞാൻ മനസ്സിൽ ആഗ്രഹിക്കുന്ന കുറച്ച് സ്വപ്നങ്ങൾ ഉണ്ട് അത് ഇവരിലൂടെ പൂവണിയിക്കാൻ സാധിക്കും എന്നെനിക്കുറപ്പായി🌷🌸🌼

ജെസ്സി ഡോമിനിക്ക്

എസ്. എൻ.വി. എൽ.പി.എസ്, തുമ്പോളി,

ആലപ്പുഴ.

24

 ഒന്നൊരുക്കം പ്രവർത്തനങ്ങൾ എല്ലാം തന്നെ കുട്ടികൾ ആവേശപൂർവ്വം ഏറ്റെടുത്തു.

കുട്ടികൾക്ക്  പ്രയാസം നേരിട്ട ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ

  • താളം 1, 2, 3, 4 താളത്തിനൊത്ത് പാടാൻ എല്ലാവർക്കുംകഴിഞ്ഞില്ല. ആരെല്ലാമെന്ന് എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല.(Tr ൻ്റെ താളബോധത്തിൻ്റെ പ്രശ്നവുമുണ്ട്. അത് മനസ്സിലായത് ഓഡിയോ ഇട്ട് കൊടുത്ത് അവതരിപ്പിച്ചപ്പോഴാണ് )
  • ചെടിയെ ഭംഗിയാക്കാം. ഭംഗിയുള്ള ചെമ്പരത്തി പൂക്കൾ പ്രതീക്ഷിച്ച എനിക്ക് തെറ്റി.ഞാൻ കരുതിയത് ഇപ്പോൾ എല്ലാവരും നല്ല രീതിയിൽ കീറി തരുമെന്നാണ് . കീറി വന്നപ്പോൾ പലർക്കും  ചെമ്പരത്തി പൂവില്ല .ചെറിയപേപ്പർ തുണ്ടുകൾ  മാത്രം😭
  • കുറഞ്ഞ സമയത്തിനുള്ളിൽ വ്യക്തിഗതമായി കുട്ടികളെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.

രണ്ടാം ദിവസത്തെ പ്രവർത്തനം നടക്കുന്നതേ ഉള്ളൂ. (വിദ്യാഭ്യാസ ബന്ദ് ദിവസം പ്രവർത്തനങ്ങൾ നടന്നില്ല)

എല്ലാവരും പതുക്കെ പോണേ. പ്രവർത്തനങ്ങൾ  ഒഴിവാക്കി പോകാൻ എനിക്ക് കഴിയില്ല.

 കുട്ടികൾ സന്തോഷത്തിലാണ്. എനിക്ക്  പ്രത്യേകത തോന്നിയ ചില കാര്യങ്ങൾ കുറിക്കട്ടെ. 

  • മഴ നടത്തത്തിനുശേഷമുള്ള വാചിക അവതരണത്തിൽ - തണുത്തു വിറച്ചു, വലത്തോട്ട് കാറ്റടിച്ചു, രണ്ടു പേർ ചേർന്ന് കുടയിൽ പോയി എന്നിങ്ങനെ കുട്ടികൾ പറഞ്ഞത് അരവത് ശ്രദ്ധിക്കുന്നതിൻ്റെ തെളിവല്ലേ. 
  • മീനിനെ നിർമ്മിക്കുന്നത് ഞാൻ തന്നെ എല്ലാവർക്കും മടക്കി കൊടുക്കേണ്ടി വരും എന്ന മുൻവിധിയോടെയാണ് പോയത് പക്ഷേ 10 കുട്ടികൾക്കേ സഹായിക്കേണ്ടി വന്നുള്ളൂ. 20 കുട്ടികൾ തനിയെ ചെയ്തു. വാലും ചിറകും കണ്ണും വായും ചെതുമ്പലും വരച്ചു ചേർക്കുകയാണ് ചെയ്തത്.മീനിൽ നിന്ന് വേറിട്ടു നിന്ന ചിറകും വാലുമൊക്കെ ഉണ്ടായിരുന്നുഎങ്കിലും കുട്ടി വര ഓരോന്നും മികച്ചതായിരുന്നു. കുമിള പറത്താം. 
  • പ്രശ്നം കുട്ടികളിൽ നിന്നു തന്നെ വന്നു. ഈർക്കിൽ ത്രികോണാകൃതിയിൽ ആക്കിയപ്പോൾ മിഷിത പറഞ്ഞു ടീച്ചറേ കുമിള എപ്പോഴും റൗണ്ടിൽ തന്നെയല്ലേ എന്ന്. അതു കേട്ട ചില മിടുക്കർ അത് തിരുത്തി 'അല്ല ത്രികോണത്തിലും ചതുരത്തിലുമുള്ള കുമിള വരും എന്നായി. 
  • കോഴിയമ്മയുടെ വായിൽ കുരുങ്ങിയ നൂലിൻ്റെ മറ്റേ അറ്റത്ത് പന്ത്, ബലൂൺ, ഒച്ച്, ആമ, എന്നിവ പറഞ്ഞു. ബലൂൺ വീർപ്പിച്ച് ഒറ്റയ്ക് തന്നെ കെട്ടാൻ അഭിരാമിയ് ക്ക് കഴിഞ്ഞു.അവൾ മറ്റുള്ളവരെ സഹായിച്ചു
  • ബലൂൺ വീർപ്പിച്ച ചില വീരന്മാർ അതുകെട്ടിയപ്പോൾ അതിൻ്റെ കാറ്റ് പോയി. വീണ്ടും അഴിച്ച് വീർപ്പിച്ചു. നാലഞ്ച് കുട്ടികൾക്ക് വീർപ്പിക്കാൻ കഴിഞ്ഞില്ല.
  •  ചെമ്പരത്തിപൂവ് കൈ കൊണ്ട് മുറിച്ചെടുക്കാൻ പ്രയാസപ്പെട്ടു . വീട്ടിലിരുന്ന് കീറി പരിശീലിക്കാൻ നിർദ്ദേശം നൽകി. 
  • വെള്ള പൂവിനെ നിറം മാറ്റാൻ പെയിൻ്റ് അടിച്ചാ മതിയെന്ന് എൻ്റെ കുരുന്നുകൾ. ഇന്നലെ വെള്ളത്തിലിട്ടു വച്ചിരുന്ന പൂക്കൾ തിങ്കളാഴ്ച അഴുകി പോയിട്ടുണ്ടാകുമോ? അതോ നിറം മാറിക്കാണുമോ? 
  • ചെയ്ത കാര്യങ്ങൾ വാചിക മായി അവതരിപ്പികാൻ കഴിയുന്നുണ്ട്. ഓരോരുത്തരായി പറയുമ്പോൾ വിട്ടു പോയ ഭാഗം മറ്റു കുട്ടികൾ കൂട്ടിച്ചേർത്ത് പറയുന്നു

സൗമ്യ എസ് നായർ

കൊട്ടാരക്കര ഠൗൺ യു പി എസ്


ആദ്യദിനം അല്പം പ്രയാസം നേരിട്ടു. അവധി കാലത്തിനുശേഷംവിദ്യാലയത്തിലേക്ക് കടന്നു വന്നതിന്റെ ഒരു കാലതാമസം മാത്രമായിരുന്നു അതെന്ന് പിന്നീട് എനിക്ക് മനസ്സിലായി മഴ നടത്തം ആരംഭിച്ചപ്പോൾ അതുവരെ ഇല്ലാതിരുന്ന ഒരു സന്തോഷവും താല്പര്യവും കുട്ടികളിൽ കാണാനിടയായി. ഓരോ പ്രവർത്തനത്തിനും നല്ല രീതിയിൽ തന്നെ കുട്ടികൾ പ്രതികരിക്കുന്നുണ്ട് മഴപ്പാട്ടും ആംഗ്യം കാണിക്കലുംവളരെ ഭംഗിയായി തന്നെ കുട്ടികൾ ചെയ്യുന്നു മീൻ നിർമ്മിക്കുന്നതിനും നിറം നൽകുന്നതിനും മറ്റു നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒക്കെ കുട്ടികൾക്ക് സാധിക്കുന്നുണ്ട് വളരെ കുറച്ചുപേർക്ക് തനിയെ പേപ്പർ മടക്കാനും പേപ്പർ കീറി എടുക്കുന്നതിനും ചെറിയ രീതിയിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട് .

പക്ഷേ മറ്റ് ഗ്രൂപ്പ് അംഗങ്ങൾ അവരെ സഹായിക്കുന്നതായി ഞാൻ മനസ്സിലാക്കി ചെറിയ രീതിയിൽ കൈത്താങ്ങ് അധ്യാപിക നൽകുന്നുണ്ട് എന്നാൽ കേമന്മാരായ മറ്റു ചിലർക്ക് ആകട്ടെ അധ്യാപികയുടെ സഹായം ഒന്നും വേണ്ട.ചോദ്യങ്ങൾക്ക് എല്ലാംവളരെ നന്നായി അവർ പ്രതികരിക്കുന്നുണ്ട്.കഥ പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ അക്കിടി പറ്റിച്ച കളിപ്പാട്ടത്തെ കുറിച്ച് കുട്ടികൾ പറഞ്ഞു.ഇതുവരെയുള്ള പ്രവർത്തനങ്ങൾ നന്നായി തന്നെ അവർ ആസ്വദിക്കുന്നുമുണ്ട് ചെയ്യുന്നുമുണ്ട്.അവരുടെ താൽപര്യം കാണുമ്പോൾ എനിക്കും അതിയായ സന്തോഷവും അതിലേറെ സംതൃപ്തിയും അനുഭവപ്പെടുന്നുണ്ട്

അദ്ധ്യാപിക: ദീപ പി. വി.

ഗവ യു . പി. എസ്. പീച്ചാനിക്കാട്

അങ്കമാലി സബ്ജില്ല

ആകെ കുട്ടികൾ - 16

വീഡിയോകൾ '





കുടുതൽ ചിത്രങ്ങൾ


















Thursday, June 5, 2025

153. ഒന്നൊരുക്കം രണ്ടാം ദിവസം

1

പാവയാണെന് അറിഞ്ഞപ്പോൾ  എല്ലാർക്കും സന്തോഷം..

രണ്ടാം ദിവസത്തെ  പ്രവർത്തനങ്ങൾ തുടങ്ങിയത് കഥയുടെ ബാക്കി പറഞ്ഞു കൊണ്ടാണ്...  ബലൂണ് പൊട്ടിയത് ആണ് എല്ലാവർക്കും ഇഷ്ടയത്.

ചെടിയെ ഭംഗിയാക്കാൻ ചുവന്ന വർണിഷ് പേപ്പർ ആണ് കൊടുത്തത്.. വരയിലൂടെ  കീറാൻ പറഞ്ഞപ്പോ ഇത് risk aa എന്ന് ഒരു മിടുക്കി.. പക്ഷെ എല്ലാവർക്കും ഇഷ്ടം ഒട്ടിക്കാൻ. 

ചുവപ്പും മഞ്ഞയും ഫുഡ്‌ കളറിൽ ആണ് പരീക്ഷണം നടത്തിയത്. പൂക്കളുടെ നിറം മാറിയിട്ടുണ്ട്..

ഇന്നത്തെ കഥയും രസകരമായി.. പരുന്തിന്റെ കൈയിലുള്ളത് പാവയാണെന് അറിഞ്ഞപ്പോൾ  എല്ലാർക്കും സന്തോഷം..

പരുന്തിനെ നിറം കൊടുക്കാൻ നൽകിയപ്പോൾ കൂടുതൽ സന്തോഷം..

ഒരാൾ കറുപ്പ് നിറം കൊടുക്കുന്നത് കണ്ടപ്പോൾ ചോദിച്ചു എന്താ കറുപ്പ്?? ആ കറുപ്പ് eagle ഉണ്ട് എന്ന് 🙂. ശരിയാണ്.

ചെറുതിൽ നിന്ന് വലുതിലേക്ക്  എന്ന പ്രവർത്തനം ഒരാൾ തന്നെ എല്ലാം  വെക്കാൻ ഉള്ള ശ്രമമാണ് ആദ്യം നടത്തിയത്..   പിന്നീട് വ്യക്തമായി.

 Passing the ball  കളിക്കുമ്പോൾ 

പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ ബോൾ മറ്റുള്ളവർക്ക് നൽകിയില്ല. അടുത്ത ആൾ പിടിച്ചു വാങ്ങേണ്ടി വന്നു. 

ശ്രീജ

Glps kunnamkulam

2

 ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ രക്ഷിതാക്കളുടെ നല്ല പ്രതികരണം

1. ഇന്ന് എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കി.

2. ചെടിയെ ഭംഗിയാക്കാം എന്ന പ്രവർത്തനം ആസൂത്രണം ചെയ്തപ്പോൾ കുട്ടികൾക്ക് ചെയ്യാൻ കഴിയുമോ എന്ന ടെൻഷനിൽ ആയിരുന്നു. എന്റെ ക്ലാസ്സിലെ 23 കുട്ടികളിൽ  5 പേരൊഴികെ ബാക്കി എല്ലാവരും നല്ല രീതിയിൽ  ഏറ്റെടുത്തു. അതിൽ തന്നെ 3പേർ  വളരെ പെട്ടന്ന് തന്നെ 5 എണ്ണം വീതം ഉണ്ടാക്കി എന്നെ അത്ഭുതപ്പെടുത്തി

3. പിന്തുണ ആവശ്യമായവർക്ക്  ഡോട്ടുകൾ  നന്നായി  press ചെയ്ത് വരച്ചുകൊടുത്തു.

4. ഇന്നലെ  ക്ലാസ്സ് വിശേഷം  പങ്കിട്ട് കുറച്ചു കഴിഞ്ഞപ്പോഴേക്കും കുട്ടികളുടെ മീൻ ഉണ്ടാക്കുന്ന വീഡിയോയും പരീക്ഷണം ചെയ്യുന്ന വീഡിയോയും വന്നു. 

5. കുട്ടികൾ വളരെ നന്നായി ഇന്നലത്തെ പ്രവർത്തനം ഏറ്റെടുത്തു വെന്ന് രക്ഷിതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലായി.

ദേവി 

Glps karad

3

കരുതലിന് ഫലം കിട്ടി.

 ഇന്നലെ എനിക്ക് 2 പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചില്ല. ഇന്ന് വളരെ കരുതൽ ആയി പോയി.ചെടിയെ ഭംഗിയാക്കാം enna പ്രവർത്തനം 15 കുട്ടികൾ ചെയ്തു 4 പേർക് സഹായം ആവശ്യം വന്നു മറ്റു കുട്ടികൾ തന്നെ അവരെ സഹായിച്ചു. കഥ, കവിത, വലുതിൽ നിന്നും ചെറുതിലേക് എല്ലാം നന്നായി ചെയ്യാൻ സാധിച്ചു. ഇന്നലത്തെ പ്രവർത്തനം രക്ഷിതാക്കൾ നല്ല അഭിപ്രായം പറഞ്ഞു. മഴ pattu padipichu വീഡിയോ അയച്ചു തന്നു 

Chanthini 

Alps

4

പ്രത്യേക പരിഗണന വേണ്ടവരെ ചേർത്തു പിടിച്ചു

എല്ലാ പ്രവർത്തനങ്ങളും ഇന്ന് പൂർത്തിയാക്കാൻ കഴിഞ്ഞു.

*ആദ്യം  ഇന്നലെ പാളിപ്പോയ  കുമിള -വൻ വിജയമായി. എനിക്കും കുട്ടികൾക്കും സന്തോഷം  

*ഇന്നത്തെ പാട്ട് മണ്ണിലുരുണ്ടു നനഞ്ഞ...  നല്ല അഭിനയത്തിലൂടെ പാടാൻ കഴിഞ്ഞിട്ടുണ്ട്. 

* ഇന്നത്തെ ചെടിയെ ഭംഗിയാക്കാം എന്ന പ്രവർത്തനം വളരെ ആസ്വദിച്ചു ചെയ്തു. 

മലയാള മീഡിയം-ക്ലാസിലാകെ 13 കുട്ടികൾ. അതിൽ രണ്ട്  കുട്ടികൾ  സംസാരിക്കാൻ കഴിയാത്ത ഭിന്നശേഷി കുട്ടികൾ .  അതിലൊരു കുട്ടി ചിത്രം മുറിച്ച് കൊടുത്തപ്പോൾ ഒട്ടിച്ചു. ഹൈപ്പർ കുട്ടി ഇതിനൊന്നും വഴങ്ങുന്നില്ല.സൂബ ഡാൻസ് കളിപ്പിച്ച് ഇപ്പോൾ അവൻ ചെറിയ രീതിയിൽ ഇരുത്തം കിട്ടിയിട്ടുണ്ട്. ഒരാൾ ബീഹാർ കുട്ടി. ജൂൺ 18 നേ എത്തിക്കൂ എന്ന് പറഞ്ഞു.  ബാക്കിയെല്ലാരും   താൽപര്യത്തോടെ ചെയ്തു .

വെള്ളനിറത്തിലുള്ള പൂക്കൾ മുല്ല മാത്രമേ കുട്ടികൾ കണ്ടിട്ടുള്ളു. കൂടുതൽ പൂക്കൾ പരിചയപ്പെടുത്തി.

നിറമാറ്റം കൃത്യത വന്നിട്ടില്ല.അതുകൊണ്ട് വീട്ടിൽ ചെയ്തു നോക്കിവരാനും നാളെ വീണ്ടും ക്ളാസിൽ ചെയ്യാം എന്നും പറഞ്ഞിട്ടുണ്ട്.

കനം ,വലുപ്പം തിരിച്ചറിയൽ ആദ്യം 4 പേർക്ക് നല്ല സഹായം വേണ്ടി വന്നു. കാരണം ശ്രദ്ധ വളരെ പിന്നിലാണ്. ഇതിൽ  ഒരു കുട്ടിയ്ക്ക്   പല തവണ ആവർത്തിക്കേണ്ടി വരുന്നു. പിന്നെ നന്നായി ചെയ്തു. ഈ 2 ദിവസം കൊണ്ട് കുട്ടികളിൽ നല്ല മാറ്റം കണ്ടു. നല്ല പ്രവർത്തനങ്ങൾ

ലളിത 

പാലക്കാട്.

5

വീഡിയോയും ഫോട്ടോയും കാണുമ്പോൾ രക്ഷിതാക്കൾ പ്രതികരിക്കുന്നു.

  •  വയനാട് ജില്ലയിലെ ഓടപ്പള്ളം ഗവൺമെന്റ് ഹൈസ്കൂളിലെ ഒന്നാം ക്ലാസിൽ 19 കുട്ടികളാണ് ഉള്ളത്. 
  • ഒന്നൊരുക്കം രണ്ടാം ദിവസം എല്ലാ പ്രവർത്തനങ്ങളും പൂർത്തീകരിക്കാൻ സാധിച്ചു 
  • കുട്ടികൾ വളരെ സന്തോഷത്തോടുകൂടിയാണ് അതിനെ സ്വീകരിച്ചത്.
  •  കഥ പറയൽ കഥ പൂർത്തീകരിക്കൽ കുട്ടികൾക്ക് വളരെ പ്രയാസമായി തോന്നി പലരും അതിനോട് പ്രതികരിച്ചില്ല. കഥയുടെ ആദ്യഭാഗം പറയുമ്പോൾ കുറേക്കൂടി ഭംഗിയായി പറയാത്തത് കൊണ്ടായിരിക്കാം ചിലപ്പോൾ... ആറു കുട്ടികൾ മാത്രമാണ് കഥ പൂർത്തിയാക്കാൻ ശ്രമിച്ചത്. 
  • പൂവ് ഉണ്ടാക്കുന്ന പ്രവർത്തനം കത്രിക ഇല്ലാതെ നടത്താൻ സാധിക്കില്ല എന്ന് കുട്ടികൾ പറഞ്ഞു. ഒന്ന് രണ്ട് തവണ കാണിച്ചു കൊടുക്കേണ്ടി വന്നു. എന്നിട്ടും നാല് പേർക്ക് പിന്തുണ ആവശ്യമായി. 
  • സംസാരിക്കാനും ഇടപഴകാനും മടി കാണിക്കുന്ന കുട്ടികൾ പോലും ആക്ടിവിറ്റുകൾ വളരെ ഉത്സാഹത്തോടെയും സന്തോഷത്തോടെയും ചെയ്തു. 
  • ഗണിതത്തിന്റെ പ്രവർത്തനം മൂന്നു ഗ്രൂപ്പുകളും പൂർത്തിയാക്കിയില്ല.  
  • വിശേഷങ്ങൾ പങ്കിട്ടത് രക്ഷിതാക്കൾക്ക് വേറിട്ട അനുഭവമായി തോന്നി. കുട്ടികളോട് കൂടുതൽ വിശേഷങ്ങൾ ചോദിച്ചറിഞ്ഞതായി രക്ഷിതാക്കൾ തന്നെ പറഞ്ഞു. വീഡിയോയും ഫോട്ടോയും കാണുമ്പോൾ രക്ഷിതാക്കൾ പ്രതികരിക്കുന്നു.
  • ഗോത്ര വിഭാഗത്തിൽനിന്ന് മൂന്നു കുട്ടികളാണ് ഉണ്ടായിരുന്നത്. ആദ്യമാദ്യം മടിച്ചു നിന്നു. ഒന്നാം ദിവസത്തെ അനുഭവം അവർക്ക് ഉണ്ടായിരുന്നല്ലോ. ഇന്ന് കുറെക്കൂടെ ആക്ടീവാണ്. വാചിക പ്രതികരണങ്ങൾ കുറവാണ്

ഹസീന എയു 

ഓടപ്പള്ളം ഗവൺമെന്റ് ഹൈസ്കൂൾ വയനാട്

6

മണ്ണിൽ വീണ മഴത്തുള്ളിയെ  ഞങ്ങളും രംഗആവിഷ്കാരമാക്കി 

ഇന്ന് എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കി 

കോഴിക്കുഞ്ഞുങ്ങളെ പരുന്ത്  കൊണ്ടുപോയോ എന്ന് ചോദിച്ചപ്പോൾ എല്ലാവരുടെ മുഖത്തും സങ്കടം ആയിരുന്നു (മിക്കവരുടെയും വീട്ടിൽ കോഴി വളർത്തൽ ഉണ്ട് പരുന്ത് റാഞ്ചുക സാധാരണമായിരിക്കാം )

എന്തായാലും പരുന്തിനോട് ഭയങ്കര ദേഷ്യമായിരിന്നു പിന്നീട് അത് പാവ യാണെന്നറിഞ്ഞപ്പോൾ മുഖത്ത് സന്തോഷം വിടർന്നു 

മണ്ണിൽ വീണ മഴത്തുള്ളിയെ  ഞങ്ങളും രംഗആവിഷ്കാരമാക്കി 

Rajitha

VRUP school muthukurussi

7

നല്ല പിന്തുണ വേണ്ടവരുണ്ട്

 ഇന്നു  എല്ലാ പ്രവർത്തങ്ങൾ പൂർത്തിയാക്കാൻ സാധിച്ചു, കഥ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു,,, എനിക്ക് 4കുട്ടികൾ ഉണ്ട് അവരിൽ ഒരാൾക്ക് നല്ല പിന്തുണ ആവശ്യം ആണ്,, ബാക്കി കുഞ്ഞുങ്ങൾക് കേൾക്കുന്ന കഥകൾ അവിയിൽ നിന്നു ചോദിച്ച ചോദ്യങ്ങൾ എന്നിവക്ക് കൃത്യമായ മറുപടി നൽകി, മുന്നറിവ് പരിശോധിക്കാൻ ഇന്നലെ പാടിയ പാട്ടുകൾ വീണ്ടും അവർ പാടികേൾപ്പിച്ചു. മലയാളം, ഇംഗ്ലീഷ്, maths പ്രവർത്തങ്ങൾ ഇന്നത്തെ പൂർത്തിയാക്കി,,, പൂക്കൾ നിർമ്മിക്കാനും മറ്റു പ്രവർത്തങ്ങൾക്ക് എല്ലാം തന്നെ സന്തോഷത്തോടെ ഏറ്റെടുത്തു അവർ,, ഒരാൾക്ക് എല്ലാകാര്യത്തിലും പിന്തുണയും കൊടുത്തു 🥰കളികൾ വളരെ രസകരമായി അവർ ചെയ്തു,,

MDUPS വെള്ളാറ മേമല 

പത്തനംതിട്ട (വെണ്ണികുളം സബ്ജില്ല )

8

ഇന്നലെ വീട്ടിൽ ക്ലാസിലെ വിശേഷങ്ങളെ പറയാനുണ്ടായിരുന്നുള്ളു .

 ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ സാധിച്ചു. 12 പേരിൽ 9 പേർ ഇന്ന് വന്നു. മഴത്തുള്ളിയുടെ പാട്ട് അഭിനയത്തിലൂടെ പാടി അവതരിപ്പിച്ചു. കുട്ടികൾ പാടിയ വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്തു നൽകി. ചെടിയെ ഭംഗിയാക്കാൻ എന്ന പ്രവർത്തനം ആസ്വാദിച്ച് മനോഹരമായി ചെയ്തു .രണ്ട് ചാർട്ടുകളിൽ ചെടി വരച്ച് ചുമരിൽ ഒട്ടിച്ചിരുന്നു. 9 പേരും പേപ്പർ കീറി ഒട്ടിച്ചു. ആവശ്യമായ പിന്തുണ നൽകി.

നിറം മാറുന്ന പൂവ് എന്ന പ്രവർത്തനത്തിൽ ഫുഡ് കളർ , ഫാബ്രിക് പെയിന്റ് എന്നിവ ഉപയോഗിച്ചു. നേരിയ നിറവ്യത്യാസം കാണാൻ കഴിഞ്ഞു. കുട്ടികൾ സ്വയം കളർ കലക്കി , പൂക്കൾ അതിലിട്ടു. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.

 കല്ല് വലിപ്പമനുസരിച്ച് ക്രമീകരിക്കാൻ കുറച്ചധികം സമയം വേണ്ടിവന്നു.പ്രവർത്തനം പലതവണ ആവർത്തിച്ചു.

      അക്കിടി പറ്റിയ പരുന്തിന്റെ കഥ ആസ്വദിച്ചു കേട്ടു . കോഴിക്കുഞ്ഞിനെ റാഞ്ചിയെടുത്ത ഭാഗം വന്നപ്പോൾ അവരുടെ സങ്കടം മുഖത്ത് കാണാമായിരുന്നു റാഞ്ചി എടുത്തത് കളിപ്പാവയാണ് എന്നറിഞ്ഞപ്പോൾ പെട്ടെന്ന് മുഖഭാവം മാറി സന്തോഷം നിറഞ്ഞു

സ്വതന്ത്രവേളയിൽ കുട്ടികൾ കൂടുതലും ക്ലാസിൽ പഠിച്ച കഥകളും പാട്ടുകളും ആണ് അവതരിപ്പിച്ചത് കഥകൾ അവരുടെ വാക്യങ്ങളിൽ മനോഹരമായി അവതരിപ്പിച്ചു അവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി രക്ഷിതാക്കൾ വളരെ സന്തോഷത്തിലാണ്. ഇന്നലെ വീട്ടിൽ ക്ലാസിലെ വിശേഷങ്ങളെ പറയാനുണ്ടായിരുന്നുള്ളു .

വിജില വർഗ്ഗീസ്, ഗവ. യു പി എസ് ആഞ്ഞിലിപ്ര

അനുബന്ധം: 

1 രക്ഷിതാവിൻ്റെ പ്രതികരണം

വളരെ നല്ല പ്രതികരണമാണ് കുട്ടിയിൽ നിന്നും ലഭിക്കുന്നത്. വീട്ടിൽ വന്നാൽ ക്ലാസിലെ കഥ കേൾക്കാനെ നേരമുള്ളു ഇപ്പോൾ. ക്രാഫ്റ്റ് വർക്ക്, കഥ, കുമിള പറപ്പിക്കൽ മഴത്തുള്ളിയുടെ യാത്ര എന്നുതുടങ്ങി ഒട്ടേറെ വിശേഷങ്ങൾ... 

വളരെ സന്തോഷം... 

സ്‌റ്റെഫിൻ വളരെ ഹാപ്പി !!!

രക്ഷിതാക്കളായ ഞങ്ങളും ഹാപ്പി!!!

(Nb.: പലപ്പോഴും പ്രതികരണങ്ങൾ ഇടുവാൻ സാധിക്കാതെ പോകുന്നു ക്ഷമിക്കുക)

അനുബന്ധം 2

ഫ്ലിപ് ബുക്ക് തയ്യാറാക്കി രക്ഷിതാക്കൾക്ക് പങ്കിടുന്നുണ്ട്.

 flip book തയ്യാറാക്കുന്ന വിധം

✨വർക്ക് ക്ലാരിറ്റിയോടെ ഫോട്ടോ എടുക്കുക

✨ എല്ലാ Photo കളും ചേർത്ത് Pdf ആക്കുക (eg - DOC Scanner )

✨ document ൽ Pdf save ചെയ്യുക

✨ ഗൂഗിളിൽ Flip HTML 5 എടുത്ത് Login ചെയ്യുക. (https://fliphtml5.com)

✨ Create Now -> file upload

✨ file convert ആകുന്നതുവരെ wait ചെയ്യുക.

✨ ശേഷം സൈഡിൽ കാണുന്ന ഓപ്ഷനുകളിൽ നിന്ന് (Design, Theme......) ആവശ്യമായവ തെരഞ്ഞെടുത്ത് OK കൊടുക്കുക.

✨ Link Open ചെയ്ത് Share ചെയ്യുക

✨ flipbook ready

9

ഇൻ്റർവെൽ ആകുന്നതോ ഉച്ചയാകുന്നതോ ഒന്നും ഞങ്ങൾ അറിയുന്നേയില്ല

മൂന്നാം ദിവസം*

ഇന്ന് നാല് പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്.

ഇന്നലെ പൂർത്തിയാക്കാൻ കഴിയാതിരുന്ന മീൻ നിർമ്മാണവും ചെടിയെ ഭംഗിയാക്കാം, കുമിള പറത്തൽ,passing the ball എന്നീ പ്രവർത്തനങ്ങളാണ് ഇന്ന് നടത്തിയത്. മീൻ നിർമ്മാണത്തിന് കുറെയധികം സമയം വേണ്ടി വന്നു. എല്ലാവരും വാലും ചിറകും പശ തേച്ച് തനിയെ ഒട്ടിച്ചു. ചെതുമ്പലുകൾ വരച്ചു ചേർത്തു കാഴ്ചപരിമിതിയുള്ള അനുഷയ്ക്കു മാത്രമാണ് ഞാൻ കാര്യമായ പിന്തുണ നൽകിയത്.

പശ തേച്ച് നീലച്ചാർട്ടിൽ ഒട്ടിച്ചതും അവർ തന്നെ. തുടർന്ന് ചെടിയെ ഭംഗിയാക്കാം എന്ന പ്രവർത്തനം. കൈ കൊണ്ട് പൂക്കൾ മുറിച്ചെടുക്കാൻ കുട്ടികൾക്ക് പ്രയാസമായിരിക്കുമെന്നാണ് ഞാൻ കരുതിയത്. ആദ്യം ഒന്നു രണ്ടു പേരുടെ പേപ്പറുകൾ കീറിപ്പോയെങ്കിലും അനുക്ഷയൊഴികെ എല്ലാവരും തനിയെ പൂക്കൾ കീറിയെടുത്തു.

ഇലകൾക്ക് അവർ തന്നെ നിറം നൽകുകയും പൂക്കൾ ഒട്ടിക്കുകയും ചെയ്തു. അനുഷയു ഇലയ്ക്ക് നിറം കൊടുത്തു

വളരെ ഇഷ്ടത്തോടെയാണ് കുട്ടികൾ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എന്നതാണ് ഏറ്റവും സന്തോഷിപ്പിച്ചത്. ഇൻ്റർവെൽ ആകുന്നതോ ഉച്ചയാകുന്നതോ ഒന്നും ഞങ്ങൾ അറിയുന്നേയില്ല.🥰

ഉച്ചയ്ക്കു ശേഷം കുമിള പറത്തൽ പ്രവർത്തനം.കുമിള പറത്താൻ കുട്ടികൾ മത്സരിച്ചു. വ്യത്യസ്ത ആകൃതികളിലൂടെ കുമിള പറത്തുമ്പോഴുള്ള വ്യത്യാസം, പഞ്ചസാര ചേർക്കുമ്പോൾ കുമിളയുടെ വലുപ്പ വ്യത്യാസം ഇവ കുട്ടികൾക്ക് ബോധ്യപ്പെടാൻ കഴിഞ്ഞില്ല എന്നത് ഈ പ്രവർത്തനത്തിൻ്റെ പരിമിതിയായോ എന്ന് സംശയം തോന്നി.

ഇംഗ്ലീഷുമായി ബന്ധപ്പെട്ട passing the ball എന്ന പ്രവർത്തനത്തോടെ ഇന്നത്തെ പ്രവർത്തനങ്ങൾ അവസാനിച്ചു.

രക്ഷിതാക്കളും തൃപ്തരാണ്. അവരുടെ പ്രതികരണങ്ങളിൽ നിന്ന് അത് മനസ്സിലാകുന്നു.

സന്നദ്ധതാ പ്രവർത്തനങ്ങളുടെ ആവശ്യകത ആദ്യ ക്ലാസ് പി ടി എയിൽ പരിചയപ്പെടുത്തിയത് എന്തുകൊണ്ടും നന്നായി.

അനുബന്ധം:

രക്ഷിതാക്കളുടെ പ്രതികരണങ്ങൾ

ആദ്യം തന്നെ ടീച്ചറിന് ഒരായിരം നന്ദി. എന്റെ മകൾ നല്ല ഉൽസാഹത്തോടെയാണ് രാവിലെ സ്കൂളിലേക്ക് ഇറങ്ങുന്നത്. ആ സ്കൂളിനെക്കാൾ ഈ സ്കൂളാണ് എനിക്ക് ഇഷ്ടമെന്ന് അവളൊന്നും പറയാറുണ്ട്.. തീർച്ചയായും ടീച്ചറിന്റെ ഈ പ്രവർത്തനം ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നു... കാരണം മുലപ്പാലിന്റെ ഗന്ധം മാറാത്ത,, അമ്മയുടെ മടിത്തട്ടിൽ നിന്ന് മാറിനിൽക്കാത്ത കുഞ്ഞോമനകളാണ് ഒന്നാം ക്ലാസ്സിലെ മക്കൾ.. അവരെ കളിയിലൂടെ അറിവിലേക്ക് ക്ഷണിക്കുന്ന.. അവരുടെ അമ്മയായി കളിക്കൂട്ടുകാരിയായി കൂടെ നിൽക്കുന്ന ടീച്ചർ അവർക്കൊന്നും പ്രിയപ്പെട്ടതാവട്ടെ

2

 രാവിലെ മുതൽ വൈകുന്നേരം വരെ അവരെ കൂടെ നിന്ന്, അത് കഴിഞ്ഞ് അവരുടെ വിശേഷങ്ങൾ ഓരോ അക്ഷരങ്ങളായി ടൈപ് ചെയ്ത് ഞങ്ങൾക്ക് മനസ്സിലാക്കി തരുമ്പോൾ നിങ്ങൾ അവർക്ക് വേണ്ടി എത്രത്തോളം ആത്മാർഥത കാണിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.നന്ദി 🥰

ബിന്നി ഐരാറ്റിൽ

ജി ഡബ്ല്യു എൽ പി എസ് ബേള,കാസറഗോഡ്

10

 പരുന്ത് എപ്പോഴും വട്ടത്തിലാണല്ലോ പറക്കാറ് ! എന്താ കാരണം ടീച്ചറേ?

 ഇന്ന് ചെമ്പരത്തി പൂവ് നിർമ്മാണത്തിന് പിന്തുണ ആവശ്യമില്ലാതെ എല്ലാ കുട്ടികളും ഭംഗിയായി ചെയ്തു. ചുവപ്പ് കളർ പേപ്പർ നൽകിയപ്പോൾ വീട്ടിലെ ചെമ്പരത്തി മഞ്ഞ, വെള്ള എന്നീ കളറിലാണെന്ന് പറഞ്ഞവർക്ക് അതേ കളർ പേപ്പർ നൽകി.

പൂക്കൾ എണ്ണി. സ്വന്തം നിർമ്മിച്ച പൂക്കൾ അടുത്ത ഗ്രൂപ്പിന് അവർ തന്നെ തൊട്ട് കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു.

കുഞ്ഞൻ തുള്ളി മഴത്തുള്ളി പാട്ട് ഓഡിയോ കേൾപ്പിച്ചപ്പോൾ തന്നെ  താളം പിടിച്ചു അഭിനയിക്കാൻ കഴിയുമോ ചോദിച്ചപ്പോൾ തന്നെ  ബെഞ്ചിൽ നിന്നും ഓടി വന്നുഎല്ലാവരും ക്ലാസിൽ പാട്ട് പാടി അഭിനയിച്ചു .വീഡിയോ പിടിച്ചു

നിറം മാറുന്ന പൂവ്

രക്ഷിതാക്കൾ വെള്ള പൂവ് നൽകി സഹായിച്ചു 3 ഗ്ലാസിൽ ഫുഡ് കളറിൽ പൂക്കൾ ഇട്ടു നോക്കി മാറ്റം ചെറിയ തോതിൽ മാത്രമാണ് കണ്ടത്

passing the ball വളരെ ആവേശമായി ആസ്വദിച്ചു പെയ്തു

അക്കിടി പറ്റിയ പരുന്ത്

കഥ വളരെ കൗതുകമായി. ചെറിയ കോഴിക്കുഞ്ഞിനെ ദൂരേ നിന്നും പരുന്ത് എങ്ങിനെയാ കാണുന്നത്? എന്ന ചോദ്യം എനിക്കിഷ്ട്ടമായി കാര്യം പറഞ്ഞ് മനസ്സിലാക്കി കൊടുത്തു പരുന്ത് എപ്പോഴും വട്ടത്തിലാണല്ലോ പറക്കാറ് എന്നായിരുന്നു അടുത്ത ചോദ്യം.

പരുന്തിനെ പ്രിൻറ് എടുത്തപ്പോൾ പ്രിൻ്റർ തകരാർ ആയതിനാൽ ചാർട്ടിൽ ഞാൻ വരച്ചു . അവർ അവ നോക്കി വരച്ചു കളർ ചെയ്തു

ചെറുത് വലുത് പ്രവർത്തനം ചെയ്തില്ല. പകരം ഇന്നലെ പൂർത്തിയാക്കാത്ത മീനിന് ചിറക് വാൽ നിർമ്മാണവും ചാർട്ടിൽ ഒട്ടിക്കലുമായിരുന്നു നല്ല ഭംഗിയായി പൂർത്തിയാക്കി

ഞാനിന്നൊരു കഥ പറഞ്ഞ് തന്നില്ലേ നിങ്ങൾക്ക് അറിയാവുന്ന കഥകൾ എനിക്ക് വാട്സ് ആപ്പിൽ പറഞ്ഞ് തരുമോ വീട്ടിൽ എത്തിയിട്ട് എന്ന് പറഞ്ഞിട്ടാണ് ക്ലാസ് അവസാനിപ്പിച്ചത്

GMLPS കൂമണ്ണ

11

41 പൂക്കൾ ഒന്നിച്ചു വിരിഞ്ഞപ്പോൾ ആഹാ കാണാൻ എന്തു ചേല്!

 സന്നദ്ധത പ്രവർത്തനം രണ്ടാം ദിവസം

ഇന്ന് കുട്ടികൾക്കെല്ലാം വളരെ സന്തോഷമായിരുന്നു. ആദ്യം ഇന്നലെ പഠിച്ച മഴപ്പാട്ട് പാടി. എല്ലാവർക്കും നന്നായി പാടാൻ സാധിക്കുന്നുണ്ട്. മഴത്തുള്ളി ഉരുണ്ട് ഉരുണ്ടിട്ടെങ്ങോപോയ് എന്ന പാട്ടും പാടി തിമിർത്തു. തുടർന്ന് ചെമ്പരത്തിപ്പൂവ് നിർമ്മാണം നടന്നു. ചെമ്പരത്തി പൂവിന്റെ കട്ട്ഔട്ട് കുട്ടികൾക്ക് നൽകി. കുട്ടികൾ അത് ഉപയോഗിച്ച് ചുവന്ന പേപ്പറിൽ വരച്ച് കൈകൊണ്ട് കീറിയെടുത്തു. മൂന്ന് പേർക്ക് മാത്രമേ പിന്തുണ വേണ്ടി വന്നുള്ളൂ. രണ്ടുപേപ്പറിലായി ചെമ്പരത്തിച്ചെടി വരച്ചു നൽകി. ചെടിയിൽ 41 പൂക്കൾ ഒന്നിച്ചു വിരിഞ്ഞപ്പോൾ ആഹാ കാണാൻ എന്തു ചേല്!

പരുന്തിന്റെ കഥ കുട്ടികൾ വളരെയധികം ആസ്വദിച്ചു. പരുന്തിന്റെ വിശേഷങ്ങൾ പറയാൻ അവർ തിരക്കു കൂട്ടി. കുട്ടികൾ കൂടുതൽ ആയതു A4 ന്റെ പകുതിയിലാണ് പരുന്തിന്റെ ചിത്രം പ്രിന്റടുത്ത് നൽകിയത്. എല്ലാ കുട്ടികളും വളരെ മനോഹരമായ നിറം നൽകി.

വെള്ള പൂവിന്റെ നിറം മാറുന്ന പ്രവർത്തനം കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി. മഞ്ഞ,ചുവപ്പ് എന്നീ നിറങ്ങളിലേക്ക് വെള്ള പൂക്കൾ മാറിയപ്പോൾ കുട്ടികൾക്ക് ഏറെ ഇഷ്ടമായി.

ഗണിതകളി രണ്ടുപ്രാവശ്യം കളിച്ചപ്പോഴാണ് എല്ലാവർക്കും മനസ്സിലായത്. മൂന്നാമത്തെ പ്രാവശ്യം നാല് ഗ്രൂപ്പുകാരും വാശിയേറിയ  മത്സരമാണ് കാഴ്ചവെച്ചത്. 

Passing the ball ആക്ടിവിറ്റി വളരെനന്നായി തന്നെ ചെയ്യാൻ സാധിച്ചു. ഇമാജിനറി വസ്തുക്കൾ പാസ്‌ ചെയ്യാൻ അവർക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. കളിച്ചുകളിച്ച് 4 30 ആയത് ഞങ്ങൾ അറിഞ്ഞതേയില്ല. ദേശീയഗാനം ചൊല്ലുന്നത് കേട്ടാണ് ഞങ്ങൾ കളി നിർത്തിയത്. രണ്ടാം ദിവസം ഞങ്ങൾ ഹാപ്പി😍

ഷാഹിന, ജി എം എൽ പി എസ് വടക്കാങ്ങര മങ്കട, മലപ്പുറം

 12

കഥയിൽ പ്രവചനത്തിന് സാധ്യത തുറന്നിട്ടപ്പോൾ

ഇന്ന് മണ്ണിൽ വീണ മഴത്തുള്ളിയുടെ പാട്ട് പാടി ചുവട് വെച്ചു. നിലത്ത് കിടന്ന് ഉരുളുന്നത് കാണാൻ എന്തൊരു രസമായിരുന്നു.! മനം നിറഞ്ഞ് ആസ്വദിക്കുന്നുണ്ടായിരുന്നു അവർ. പിന്നെയും പിന്നെയും ചെയ്തു ഈ പ്രവർത്തനം. 

ചെടിയിൽ ചെമ്പരത്തിപ്പൂവ് ഒട്ടിക്കുന്ന പ്രവർത്തനത്തിൽ ചെമ്പരത്തിപ്പൂവ് എങ്ങനെ മുറിച്ചെടുക്കും എന്ന് ഞാൻ ചോദ്യമിട്ടു. കത്രിക കൊണ്ട് എന്ന് മറുപടി. പക്ഷെ കത്രിയില്ല എന്തു ചെയ്യും എന്ന് ഞാൻ. കൈ കൊണ്ടു കീറിയെടുത്താൽ മതി എന്ന് സയ്യിദ് ഖാലിദ് സെഹൻ ജമലുല്ലെയ്‌ലി. അങ്ങനെ എല്ലാവരും കീറാൻ തുടങ്ങി. പല ആകൃതിയിൽ ഉള്ള ചെമ്പരത്തികൾ ഉണ്ടായിരുന്നു 😄. അതെല്ലാം അവർ തന്നെ ചാർട്ടിലെ ചെടിയിൽ ഒട്ടിച്ചു. എന്ത് ഭംഗിയായിട്ടാണ് അവർ അത് ചെയ്തത്. ഞാൻ വരച്ച ചെടിയെ ചന്തമാക്കിയത് അവരുടെ കുഞ്ഞിക്കൈകൾ കൊണ്ടു കീറിയെടുത്ത ചെമ്പരത്തികളായിരുന്നു.😍

വെള്ളപ്പൂവ് ഫുഡ്‌ കളറിൽ മുക്കിയിട്ടു. കുറേ സമയം കഴിഞ്ഞു ഞങ്ങൾ നോക്കിയപ്പോൾ നേരിയതായി മാത്രമേ നിറം മാറിയിട്ടുള്ളു. 

പരുന്തിന്റെ കഥയിൽ  ചോദ്യം ഇട്ടു. പിന്നീട് എന്ത് സംഭവിച്ചിരിക്കും എന്ന്. എല്ലാവരും കൂടി പറഞ്ഞു കോഴിക്കുട്ടിയെ പരുന്ത് കൊത്തിത്തിന്നു എന്ന്. പരുന്ത് അങ്ങനെ ചെയ്തത് നിങ്ങൾക്ക് ഇഷ്ടമായോ എന്ന് ഞാൻ. ആർക്കും ഇഷ്ടപ്പെട്ടിട്ടില്ല. എന്നാൽ പിന്നെ കോഴിക്കുഞ്ഞ് എന്താവും ചെയ്തിട്ടുണ്ടാവുക എന്ന് ചോദിച്ചപ്പോൾ സഹൽ പറയുന്നു അത് ഓടി അമ്മയുടെ അടുത്ത് പോയി ഒളിച്ചു എന്ന്. അതുമായി ബന്ധപ്പെട്ട് കുറേ സാധ്യതകൾ വന്നു. പിന്നെ മോഡ്യൂളിലെ കഥയിലൂടെ ഞാൻ അവരെ കൊണ്ടു പോയി. പരുന്തിന് ഭംഗിയായി നിറം നൽകി. അതു കഴിഞ്ഞു കളിക്കാൻ പുറത്തിറങ്ങിയപ്പോൾ ആ പരുന്ത് ആകാശത്ത് കൂടെ പറന്നു പോകുന്നത് അവർ എന്നെ വിളിച്ച് കാണിച്ചു തന്നു. വീഡിയോ എടുക്കാൻ റെഡി ആയപ്പോഴേക്ക് പരുന്ത് പോയി 😄. അത് നല്ല സന്തോഷം ഉള്ള ഒരു അനുഭവം ആയി.

കല്ല് വലിപ്പ ക്രമത്തിൽ വെക്കുന്നത് ആവേശം നിറഞ്ഞ ഒരു കളിയായിരുന്നു. പിന്നെയും പിന്നെയും കളിക്കാൻ എന്നോട് ആവശ്യപ്പെട്ടെങ്കിലും എവിടെ സമയം? സ്വതന്ത്രവേളയിൽ പാട്ടുകൾ പാടി, കഥകൾ പറഞ്ഞു. പുറത്തു പോയി ഇഷ്ടമുള്ള കളികൾ കളിച്ചു. Passing the ball കളിച്ചപ്പോൾ നല്ല സന്തോഷം. Walk walk നടത്താൻ സമയം കിട്ടിയില്ല. ഇന്നലെ നടത്താൻ കഴിയാത്ത കുമിള പറത്തൽ ഇന്ന് ചെയ്തു. പക്ഷെ കുമിള വന്നില്ല.  പാത്രം കഴുകുന്ന liquid എടുത്താൽ കുമിള വരും എന്ന് കുട്ടികൾ എനിക്ക് പരിഹാരം പറഞ്ഞു തന്നു. 

നാളെ ഞങ്ങൾ അങ്ങനെ ചെയ്യും. 

ഇന്നും നല്ല സന്തോഷം.

പ്രസന്ന എ.പി 

ജി.എൽ.പി.എസ് പലകപ്പറമ്പിൽ.

മങ്കട, മലപ്പുറം

13

രക്ഷകർത്താക്കൾ വളരെ മികച്ച അഭിപ്രായങ്ങൾ പറഞ്ഞു 🙏

 എനിക്ക് ഏറേ സന്തോഷം നിറഞ്ഞ ദിനമായിരുന്നു. ഇന്നത്തെ പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ രസിച്ചു ആസ്വദിച്ചു ചെയ്തു. രണ്ടാം ദിനം തന്നെ കുട്ടികളും, രക്ഷിതാക്കളും ഞാനും വളരെ അടുത്തു. കുമിള പറത്തൽ എന്റെ ക്ലാസിലെ വയ്യാത്ത 2 പേരുണ്ട്  അവർ വളരെ ആസ്വദിച്ചു ശ്രദ്ധയോടെ ഇരുന്നു കണ്ടു, ഇന്നുണ്ടായിരുന്ന 21 പേരും കയ്യടിച്ചു രസിച്ചു. അടുത്ത ക്ലാസ്സായ രണ്ടാം ക്ലാസ്സുകാർ ഞങ്ങൾക്കും ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടു.

മീൻ നിർമ്മാണ പ്രവർത്തനം കുറച്ച് കൂടുതൽ സമയം എടുത്താണ് ചെയ്തത് കുട്ടികൾക്ക് ആസ്വാദ്യകരമായിരുന്നു. ക്ലാസ്സ് ഗ്രൂപ്പിലിട്ടപ്പോൾ രക്ഷകർത്താക്കൾ വളരെ മികച്ച അഭിപ്രായങ്ങൾ പറഞ്ഞു 🙏

Jessy Dominic

തുമ്പോളി,ആലപ്പുഴ

14

കഥാവേള തുടങ്ങി

 ഇന്ന് തുടങ്ങിയപ്പോൾ തന്നെ വീട്ടിൽ നിന്നും കഥ കൊണ്ട് വന്നു എന്ന് അവർ പറഞ്ഞു അവരുടെ കഥാവേളയ്ക്ക് ശേഷം ആണ് ക്ലാസ് തുടങ്ങിയത്. അവരുടെ കഥ മറ്റുള്ളവരുടെ മുന്നിൽ പറഞ്ഞതിൻ്റെ  അഭിമാനത്തോടെ ആയിരുന്നു ക്ലാസ്സിൽ ഇരുന്നത്. തുടർന്ന് പാട്ട് കൂടി ആയപ്പോൾ ക്ലാസ്  ഒന്നുകൂടി ഉണർവ്വ് ആയി. പൂവിൻ്റെ നിർമ്മാണം വളരെ ആവേശത്തോടെ ആണ് കുട്ടികൾ ചെയ്തത് പേപ്പർ കൈവച്ച് മുറിക്കുന്നതിൽ ആദ്യം അല്പം പ്രയാസം നേരിട്ടു . കൂടുതൽ പേപ്പർ നൽകി ആ പ്രശ്നം പരിഹരിച്ചു. ചെമ്പരത്തി പൂവ് ചെടിയിൽ നിറഞ്ഞപ്പോൾ കുട്ടികളുടെ സന്തോഷം  ഒന്ന് കാണേണ്ടത് ആയിരുന്നു. പൂവിൻ്റെ നിറം മാറൽ അല്പം സമയം എടുത്തു ചെയ്തപ്പോൾ ആണ് കുറച്ച് നിറം വെള്ളപൂവിൽ ആയത്. അതിനു ശേഷം ആ പൂവ് ആ നിറത്തിൽ തന്നെ ഇട്ടു വച്ച് . അതു മറക്കാതെ അവർ വൈകിട്ട് നോക്കി ഇച്ചിരി കൂടി നിറ വ്യത്യാസം കണ്ടപ്പോൾ എൻ്റെ മുഖത്ത് ആയിരുന്നു സന്തോഷം വിടർന്നത്. അക്കിടിപറ്റിയ പരുന്തിൻ്റെ കഥ കേട്ടപ്പോൾ പല അമളിപറ്റിയ കഥയും കുഞ്ഞു മക്കളിൽ നിന്നും വന്നു. പരുന്തിന് പല നിറങ്ങൾ നൽകിയ കൂട്ടുകാരിയോട് ഇതെന്താ നിറത്തിൽ വീണ പൂവിനെ പോലെ എന്ന് ചോദിച്ചപ്പോൾ ആണ് മുന്നേ നടത്തിയ പരീക്ഷണം വിജയിച്ചു എന്ന് എനിക്ക് ഉറപ്പായത്. 4 കുട്ടികൾ മാത്രം ആയതിനാൽ കല്ല് പറക്കുന്ന ഗെയിം ഗ്രൂപ്പിന് പകരം വ്യക്തിഗതം ആക്കി നൽകി. ഒരാൾക്ക് മാത്രം ആണ് ആദ്യം കല്ലിൻ്റെ വലുപ്പത്തിൽ സംശയം വന്നത്. കൂടുതൽ വസ്തുക്കൾ നൽകി കൂടുതൽ അവസരം നൽകിയപ്പോൾ ശരിയായി. അതിന് ശേഷം ഈ ഗെയിം ഒന്ന് കൂടി നടത്തിയപ്പോൾ ക്ലിയർ ആയി. എടുത്തു പറയേണ്ട ഒന്നാണ് കഴിഞ്ഞ ദിവസം സമയ പരിധി മൂലം മാറ്റിവച്ച കുമിള പറത്തൽ വളരെ വിജയകരമായി ചെയ്തു. കുട്ടികൾ എന്തോ വലിയ നിധി കിട്ടിയത് പോലെ ആയിരുന്നു. 

 രക്ഷിതാക്കൾ കഴിഞ്ഞ ദിവസം ഇട്ട ഗ്രൂപ്പിലെ മെസ്സേജ് വലിയ reply ഒന്നും തന്നില്ല. ഞാൻ തന്നെ അതിൽ സൂപ്പർ എന്നൊക്കെ പറഞ്ഞപ്പോൾ രണ്ടുപേർ ഇമോജി ഇട്ടു. തുടർന്ന് ഇതിൽ മാറ്റം വരും എന്ന് വിശ്വസിക്കുന്നു. 

അൻസി .N R

GLPS പാണയം 

ആറ്റിങ്ങൽ സബ്ജില്ല

15

ഓരോ ദിവസത്തെയും എല്ലാ പ്രവർത്തനങ്ങളും ചെയ്യാൻ സമയക്കുറവ് നേരിടുന്നു.

91 96452 22955: എല്ലാം വിശദമായി ചെയ്യാൻ ആഗ്രഹം ഉണ്ട്. ഓരോ ദിവസത്തെയും എല്ലാ പ്രവർത്തനങ്ങളും ചെയ്യാൻ സമയക്കുറവ് നേരിടുന്നു. എങ്കിലും കഴിയാത്ത പ്രവർത്തനങ്ങൾ പിറ്റേ ദിവസം ചെയ്ത് ഒപ്പ 'മെത്തുന്നു. പ്രവർത്തനങ്ങൾ എല്ലാം മികച്ചവ തന്നെ '👍

16

കുട്ടികളുടെ കഴിവുകൾ തിരിച്ചറിയാൻ ഏറെ സഹായിക്കുന്ന പ്രവർത്തനങ്ങൾ.

+91 91885 45883: ഇന്ന് ക്ലാസ് തുടങ്ങിയത് ഇന്നലത്തെ വീട്ടുവിശേഷം പറഞ്ഞു കൊണ്ടായിരുന്നു. 3 പേർ വീട്ടിൽ പോയി കഥ പറഞ്ഞു കൊടുത്തിട്ടുണ്ട്. പാട്ട് എല്ലാവരും പാടി കൊടുത്തു. ഞാൻ ക്ലാസിൽ എത്തിയതും അവർ മഴയുടെ പാട്ട് പാടാൻ തുടങ്ങി.

* അവർക്ക് ആദ്യത്തെ പാട്ട് വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് ഉരുണ്ടുരുണ്ടി.... ആ വരികൾ. വൈകുന്നേരം വരെ ചൊല്ലി നടക്കുന്നുണ്ടായിരുന്നു.

* * ചെമ്പരത്തി വിചാരിച്ചതിലും ഭംഗിയാക്കി പലരും. പിന്തുണ ആവശ്യമുള്ള ഒരാൾക്ക് ആദ്യത്തേത് മുറിച്ചു കൊടുത്തു പിന്നീട് സ്വയം ചെയ്തു.

* * ചെറുതും വലുതും 2 പേർക്ക് പിന്തുണ വേണ്ടി വന്നു. ചെറിയ ചില ചോദ്യങ്ങളിലൂടെ ശരിയായി ചെയ്യാൻ സാധിച്ചു.

* കുട്ടികളുടെ കഴിവുകൾ തിരിച്ചറിയാൻ ഏറെ സഹായിക്കുന്ന പ്രവർത്തനങ്ങൾ. പരുന്തിന് നിറം നൽകുമ്പോൾ ഒരാൾ ചോദിച്ചത് ചിറകിന്റെ കളർ ഞാൻ ശ്രദ്ധിച്ചിട്ടില്ല ടീച്ചർ ഒന്നു പറഞ്ഞു തരുമോ എന്നാണ്... ഒരാൾ വളരെ മനോഹരമായി നിറം നൽകി. എല്ലാവരും വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. പ്രവർത്തനങ്ങൾ ഏറെ ഉപകാരപ്രദമായവയാണ്.

17

കുട്ടികൾക്ക് ഇന്നത്തെ മഴപ്പാട്ടാണ് കൂടുതൽ ഇഷ്ടപ്പെട്ടത്

91 94962 95310: ഇന്നലത്തെ മഴപ്പാട്ടോടുകൂടിയാണ് ഇന്നത്തെ ക്ലാസ് ആരംഭിച്ചത്. പക്ഷേ കുട്ടികൾക്ക് ഇന്നത്തെ മഴപ്പാട്ടാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. ചെടിയെ ഭംഗിയാക്കാം എന്നുള്ള പ്രവർത്തനം അവർക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പരുന്തിന്റെ കഥയും അവർക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഭംഗിയായി നിറം നൽകുകയും ചെയ്തു. നിറം മാറുന്ന പൂവ് എന്ന പ്രവർത്തനത്തിൽ പൂക്കളുടെ നിറത്തിൽ ചെറിയ മാറ്റം ഉണ്ടായല്ലോ.പക്ഷേ അത് കഴുകിയാൽ പോകും എന്നാണ് അൻദേവിക അഭിപ്രായപ്പെട്ടത്















.

Wednesday, June 4, 2025

152. ഒന്നൊരുക്കം ഒന്നാം ദിവസം

1.മടക്കാനും ഒട്ടിക്കാനും ഒക്കെ പിന്തുണച്ചു 

പ്രസന്നടീച്ചര്‍, പലകപ്പറമ്പ്, ജി എല്‍ പി എസ്,  മലപ്പുറം: 

ഇന്ന് ക്ലാസ്സിൽ 30 പേരാണ് present. പകുതി പേരും പിന്തുണ വേണ്ടവരാണ്. മഴപ്പാട്ട് പാടി, അഭിനയിച്ചു. ഈ പ്രവർത്തനത്തിൽ എല്ലാവരും നന്നായി പങ്കെടുത്തു. മഴക്കാഴ്ചകൾ- ചിത്രം വരയ്ക്കാനും നിറം നൽകാനും കുട്ടികൾക്ക്‌ പറ്റുന്നുണ്ട്. കൂടുതൽ സമയം വേണ്ടി വരുന്നു. Slow ആയ കുറച്ചു കുട്ടികൾ ഉണ്ട്. മീൻ നിർമാണം കുട്ടികൾ വളരെ ഇഷ്ടത്തോടെ ചെയ്തു. കൃത്യമായി മടക്കാൻ, ഒട്ടിയ്ക്കാൻ ഒക്കെ കുറച്ചു പേർക്ക് മാത്രമേ പറ്റുന്നുള്ളൂ. കഥ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. ബലൂൺ സ്വന്തമായി വീർപ്പിക്കാൻ 6 പേർക്ക് കഴിഞ്ഞില്ല. സഹായിച്ചു. പകുതിയോളം പേർക്ക് കെട്ടിക്കൊടുത്തു. ചെറുത്  വലുത് കളി ഇഷ്ടപ്പെട്ടു. നന്നായി എല്ലാവരും ചെയ്തു. കുമിള പറത്താൻ സമയം കിട്ടിയില്ല.

Move and freeze, hi ഹലോ game കുട്ടികൾ ആസ്വദിച്ചു ചെയ്തു. അവസാനം 15 മിനുട്ട് കിട്ടിയപ്പോൾ സുമ്പ ഡാൻസ് ചെയ്തു.

2.മഴപ്പാട്ട് പൊളിച്ചു 

Ummulkhair: ജി എല്‍ പി എസ് കൂമണ്ണ

മീനിനെ നിർമ്മിക്കാൻ കൂടുതൽ സമയം വേണ്ടി വന്നു പിന്തുണ വേണ്ടവരെ സഹായിച്ചപ്പോൾ എല്ലാവരും ഓടി വന്നു.നിർമ്മാണം കഴിഞ്ഞില്ല 

എൻ്റെ സയാൻ ഒന്നാന്തരം മീനിനെ നിർമ്മിച്ചു. കുറച്ച് കുട്ടികളെ അവൻ സഹായിക്കുന്നതായി കാണാൻ സാധിച്ചു
ചിത്രം വര സൂപ്പറായി. റിഫ നന്നായി മഴയും കൂടെ 6 സൂര്യനേയും വരച്ചു. ഇതെങ്ങനെ സാധിച്ചു മിടുക്കിയാണല്ലോ പറഞ്ഞപ്പോൾ മഴ വന്നപ്പോൾ നമ്മൾ കുടയില്ലാതെ നനഞ്ഞത് പെട്ടെന്ന് ഉണക്കാൻ വന്നവരാണെന്ന് പറഞ്ഞു

ഷാംപൂ ഉപയോഗിച്ചാൽ മതി കുമിള പറത്താൻ👍 

ചെറുത് വലുത് കളിയാണ് കൂടുതൽ ഇഷ്ട്ടമായത്

മീൻ നിർമ്മാണം സമയം തികയാതെ വന്നതിനുകാരണം മടക്കാൻ പ്രയാസമായതും സഹായം വേണ്ട കുട്ടികൾ കൂടുതലായതും

മഴപ്പാട്ട് പൊളിച്ച് എല്ലാവരും തലയിൽ കൈ വെച്ച് അഭിനയം എന്താണെന്ന് ചോദിച്ചപ്പോൾ തല നനഞ്ഞാൽ പനി വരും ത്രേ

എനിക്കിഷ്ട്ടമായി

മഴ ഇടി ശബ്ദം കേൾപ്പിച്ചപ്പോൾ

കടുവയുടെ ശബ്ദം,

ബീച്ചിൽ തിരമാലയുടെ ശബ്ദം എന്ന് പറഞ്ഞവരും ഉണ്ട്

3. വളരെ സന്തോഷത്തോടെ പ്രവർത്തനങ്ങൾ ചെയ്തു 

അൻസി എൻ ആർ ,  ഗവ. എൽപിഎസ് പാണയം , ആറ്റിങ്ങൽ ഉപജില്ല, 91 75928 97935: ഇന്നത്തെ പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ തന്നെ ചെയ്തു തീർക്കാൻ സമയം കിട്ടോ എന്ന് സംശയിച്ചു. സ്കൂളിൻ്റെ ചാർജ് കൂടി ഉള്ളതിനാൽ തുടക്കം അല്പം ലേറ്റ് ആയി. മഴയുടെ ശബ്ദം ഇട്ടപ്പോൾ തന്നെ കുട്ടികൾ പെട്ടന്ന് തിരിച്ചറിഞ്ഞു .മഴപ്പാട്ട് വളരെ താൽപര്യം ഉണർത്തുന്ന ഒന്നായിരുന്നു. ഒരാള് കൂടെ പാടാതെ മാറി നിന്നു. പിന്നീട് മറ്റുള്ളവർക്ക് ഒപ്പം പാടാൻ തുടങ്ങി. അക്ഷരങ്ങൾ തിരിഞ്ഞു വരാത്തത് കൊണ്ടാണ് മോള് പാടാതെ മാറി നിന്നത് . മഴ നടത്തം വളരെ ഇഷ്ടപ്പെട്ടു. വീണ്ടും വീണ്ടും പറയൂ ടീച്ചർ എന്നായിരുന്നു അവരൊടെ ആവശ്യം .മഴ അനുഭവം പറഞ്ഞതിന് ശേഷം ചിത്രം വരയുടെ സമയം കുട്ടികൾ മഴ പാട്ട് പാടികൊണ്ട് ആണ് ചിത്രം വര നടത്തിയത്. അതിനെ പ്രോത്സാഹിപ്പിച്ചു ഞാനും കൂടെ പാടി. കഥ പറഞ്ഞപ്പോൾ ഞാൻ എല്ലാവരോടും പറഞ്ഞു ഈ കഥ വീട്ടിൽ പറഞ്ഞിട്ട് നാളെ വീട്ടിൽ നിന്നും ടീച്ചറിന് പുതിയ കഥ കൊണ്ട് വരണം എന്ന്. കുമിള പറത്തുന്ന പ്രവർത്തനം നടത്താൻ സമായ കുറവ് വന്നതിനാൽ നാളെ ചെയ്യാനായി മാറ്റി. മീൻ നിർമ്മിച്ച് അപ്പോഴാണ് ക്ലാസ്സിൽ വരച്ചിരിക്കുന്ന പുഴ കണ്ടത് അതിൽ കൊണ്ട് വച്ചോട്ടെ എന്ന് ചോദ്യം ആയിരുന്നു ഒരാള് . വളരെ സന്തോഷത്തോടെ പ്രവർത്തനങ്ങൾ ചെയ്തു നാളെയും മീൻ ഉണ്ടാക്കാം എന്ന് പറഞ്ഞാണ് സ്കൂളിൽ നിന്നും വീട്ടിലേക്ക് പോയത്

4. എനിക്ക് ദേഷ്യം ഇല്ലന്ന് ഉറപ്പിക്കാൻ അടുത്ത് വന്നു ഉമ്മ തരുന്നു..

GLPS Kunnamkulam, Thrissur ജില്ല, 91 94006 53855:

എന്റെ ക്ലാസ്സിൽ 9 പേര്. 2 പേര് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ.. ബാക്കിയുള്ള 7 പേരും  കൃത്യമായി കാര്യങ്ങൾ ഗ്രഹിക്കുന്ന കുട്ടികൾ ആണ്...ഇന്ന് മഴ പ്പാട്ട്, മഴ നടത്തം, മീൻ നിർമാണം, കുമിള പറത്തൽ പ്രവർത്തനങ്ങൾ നടത്തി. 

  • രണ്ടു പേരിൽ ഒരാൾ ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ മാത്രം പങ്കെടുക്കും,  കൈയിൽ പശ ആവുന്നത്, ചോറ് വാരി ഉണ്ണുന്നത് ഒന്നും ഇഷ്ടമില്ല. 
  • പിന്നെ ഉള്ള ഒരാൾ മീൻ നിർമിക്കാൻ കൊടുത്ത കടലാസ്  ചുരുട്ടി കളഞ്ഞു മറ്റുള്ളവരുടെ കൂടെ എടുക്കാൻ ശ്രമിക്കും.. ഒരെണ്ണം ഉണ്ടാക്കി കൊടുത്തു. അവനെ ഇരുത്തി ബാക്കിയുള്ളവർക്ക് നിർദേശം കൊടുക്കുമ്പോഴേക്കും അതും കീറി കളഞ്ഞു.. 😢. ഒരു വിധത്തിൽ അവന്റെ കൂടെ ഇരുന്നാണ് മറ്റുള്ളവരെ കൊണ്ട് ആ പ്രവർത്തനം പൂർത്തിയാക്കിയത്.. കുമിള പറത്തുന്നത്  ക്ലാസ്സിന് പുറത്തായത് കൊണ്ട് വല്യ പ്രശ്നങ്ങൾ ഉണ്ടായില്ല.. 
Soap liquid ഉപയോഗിച്ചാണ് ചെയ്തത്..  നല്ല രസായിട്ട് കുമിള വന്നു. ഏറെ നേരം പൊട്ടാതെ നിൽക്കുകയും ചെയ്തു..എല്ലാർക്കും ചെയ്യാൻ പറ്റി..

കഥ മുഴുവനാക്കാൻ കഴിഞ്ഞില്ല. ബലൂൺ വീർപ്പിച്ചു കെട്ടി എല്ലാവരും കളിക്കാൻ തുടങ്ങിയപ്പോഴേക്കും ഈ കൂട്ടി അവന്റെ ബലൂൻ കടിച്ചു പൊട്ടിച്ചു.. പിന്നെ മറ്റുള്ളവരുടെ ബലൂണിനയുള്ള ബഹളം..  അത്  ഒത്തു തീർപ്പാക്കി കഴിഞ്ഞപ്പോഴേക്കും സമയം നാല് മണി ആയി..ചിലപ്പോ സങ്കടം തോന്നും.. എനിക്ക് ദേഷ്യം ഇല്ലന്ന് ഉറപ്പിക്കാൻ അടുത്ത് വന്നു ഉമ്മ തരുന്നു...സംസാരിക്കാനും ബുദ്ധിമുട്ട് ഉണ്ട്..  

മഴ ചിത്രവും വെറുതെ കുത്തി വരക്കുകയാണ് ചെയ്തത്

എന്നാലും കഥ കേൾക്കാൻ ഇഷ്ടമാണ്. നൂലിന്റെ അറ്റത്തു നോക്കു.എന്തോ സാധനം?  ഇതൊക്കെ പറയുമ്പോൾ ശ്രദ്ധയോടെ നോക്കിയിരിക്കുന്നുണ്ട്.

5. വിജയിച്ചവർക്ക് ചോക്ക് സമ്മാനം

ബിന്നി ഐരാറ്റിൽ,
ജി ഡബ്ലു എൽ പി സ്കൂൾ ബേള

*ജൂൺ 3*

ഇന്ന് ക്ലാസ് തുടങ്ങിയത് വലുത് - ചെറുത് കളിയോടെയാണ്. വലുത് എന്നു പറയുമ്പോൾ വലിയ വട്ടത്തിലേക്കും ചെറുത് എന്നു പറയുമ്പോൾ ചെറിയ വട്ടത്തിലേക്കും ചാടുക എന്നതായിരുന്നു പ്രവർത്തനം. വലുത്, ചെറുത് എന്ന ഗണിതാശയത്തോടൊപ്പം കുട്ടികളുടെ കായിക ചലനങ്ങളും പ്രോത്സാഹിപ്പിക്കാൻ ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞു.
കുട്ടികൾ വളരെ ഉത്സാഹത്തോടെ കളിയിൽ പങ്കെടുത്തു. വിജയിച്ചവർക്ക് ചോക്ക് സമ്മാനമായി കൊടുത്തതും ഇഷ്ടമായി. കളി വീണ്ടും വീണ്ടും കളിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വീഡിയോ ചുവടെ ചേർക്കുന്നു

തുടർന്ന് ഇന്നലെ പാടിയ മഴപ്പാട്ട് വീണ്ടും പാടി രസിച്ചു.

*Walk freez*

രണ്ടാമത്തെ പ്രവർത്തനം ഇംഗ്ലീഷുമായി ബന്ധപ്പെട്ടതായിരുന്നു. Walk എന്നു പറയുമ്പോൾ നടക്കുകയും freeze എന്നു പറയുമ്പോൾ അനങ്ങാതെ നിൽക്കുകയുമാണ് പ്രവർത്തനം.നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക, അഭിനയിക്കുക എന്നീ ശേഷികൾ ലക്ഷ്യം വച്ചുള്ള പ്രവർത്തനമായിരുന്നു. നിർദേശങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞു. പിന്നീട് മലയാളം കൂടി ചേർത്തു പറഞ്ഞു. കുട്ടികൾ നിർദേശങ്ങൾക്കനുസരിച്ച് ഇഷ്ടത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.ഭിന്നശേഷിയുള്ള അനുഷയ്ക്കു മാത്രം പ്രവർത്തനങ്ങളിൽ പിന്തുണ വേണ്ടി വന്നു.

*കോഴിയമ്മയുടെ കഥ*

കഥകൾ കേട്ട് അവയെക്കുറിച്ച് പറയുന്നതിനും സന്ദർഭങ്ങളെ അഭിനയിച്ചു കാണിക്കുവാനുമുള്ള ശേഷി ലക്ഷ്യം വച്ചുള്ളതായിരുന്നു കോഴിയമ്മയുടെ കഥ.
കുട്ടികൾ താല്പര്യത്തോടെ കഥ കേട്ടിരുന്നു. കഥയ്ക്കു ശേഷം കഥയിലെ കഥാപാത്രങ്ങളെക്കുറിച്ചും കഥയിലെ സംഭവങ്ങളെക്കുറിച്ചും പറഞ്ഞു.

തുടർന്ന് ബലൂൺ വീർപ്പിക്കൽ പ്രവർത്തനം.
കുട്ടികൾക്ക് ഒത്തിരി ഇഷ്ടമായി.വീർപ്പിക്കാൻ പറ്റാത്തവർക്ക് പറ്റുന്ന വർ സഹായിച്ചു.ബലൂൺ കെട്ടാനും പരസ്പരം സഹായിച്ചു.
തുടർന്ന് ഉത്സാഹത്തോടെ ബലൂൺ തട്ടിക്കളിച്ചു.

*ചിത്രം വര*

ഉച്ചയ്ക്ക് ശേഷം  കോഴിയമ്മയുടെ കഥയിലെ രംഗങ്ങൾ ചിത്രീകരിച്ചു. നിറവും നൽകി ചിത്രം വര കുട്ടികൾക്ക് ഏറെ ഇഷ്ടമാണല്ലോ

*മഴപ്പാട്ട്*

രണ്ടാമതൊരു മഴപ്പാട്ട് കൂടി പാടി. ഈണത്തിലും താളത്തിലും പാട്ടുകൾ പാടി ആസ്വദിക്കുക എന്നതും അഭിനയിക്കുക എന്നതും ലക്ഷ്യം വച്ചുള്ള പ്രവർത്തനമായിരുന്നു.
ആംഗ്യത്തോടെ, താളത്തോടെ പാട്ടു പാടിയതിനു ശേഷം മീൻ നീന്തുന്നതും തവള തുള്ളുന്നതുമൊക്കെ രസമായി അവതരിപ്പിച്ചു.

*മീൻ നിർമ്മാണം*

ഇന്നത്തെ അവസാന പ്രവർത്തനം മീൻ നിർമ്മാണമായിരുന്നു. ആദ്യമടക്ക് 5 പേരൊഴികെ എല്ലാവരും തനിയെ മടക്കി . പിന്നെയുള്ള മടക്കിനും മുറിക്കാനുമൊക്കെ പലർക്കും സഹായം വേണ്ടി വന്നു. ചിലർ മുറിച്ചത് ആകൃതിയില്ലാത്ത കഷണങ്ങളായി.4 പേർ തനിയെ മുറിച്ചു.
ബാക്കിയുള്ളവർക്ക് പലഘട്ടങ്ങളിലും പിന്തുണ നൽകി.
മീൻ നീർമ്മാണം പൂർത്തിയായിട്ടില്ല.ബാക്കി നാളെ ചെയ്യും.

6.കുട്ടികൾ വളരെ ആക്റ്റീവ് ആയിട്ട് പങ്കെടുത്തു

സവിത, ജിഎച്ച്എസ്എസ് kallar വട്ടിയാർ സ്കൂള്‍

 മഴപ്പാട്ട്, അഭിനയം, മീൻ നിർമാണം നടന്നോളു കുട്ടികൾ വളരെ ആക്റ്റീവ് ആയിട്ട് പങ്കെടുത്തു. കുട്ടികൾക്ക് വളരെ സന്തോഷം ആയി. മികച്ച രീതിയിൽ ചിത്രം വരച്ചു. ഉണ്ടാക്കിയ മീനെ രക്ഷിതാക്കളെ കാണിക്കണം എന്ന് പറഞ്ഞു വീട്ടിൽ കൊണ്ടു പോയി സർ

7.  ഒരു കുട്ടി  ഉണക്കാനിട്ട യൂണിഫോം മഴയത്ത് നനഞ്ഞ സങ്കടം ചിത്രത്തിൽ പകർത്തി.

 VRUP സ്കൂൾ  muthukurussi 

ഇന്ന് മഴ പ്പാട്ടോടെ തുടങ്ങി .
രസകരമായിരുന്നു ഞാനും കുട്ടികളും  നന്നായി ചെയ്തു ഇപ്പോൾ ഗ്രൂപ്പിൽ മഴപ്പാട്ട് voice വരാൻ തുടങ്ങി മഴ ചിത്രം വരച്ചു. ഒരു കുട്ടി  ഉണക്കാനിട്ട യൂണിഫോം മഴയത്ത് നനഞ്ഞ സങ്കടം ചിത്രത്തിൽ പകർത്തി.
ബലൂൺ പറത്തൽ സൂപ്പർ ആയി

8. വെള്ളപ്പൊക്കമാണ് ഒന്നും കാണാൻ പറ്റുന്നില്ല 

വിന്‍സി, മേപ്പയൂര്‍ കോഴിക്കോട് 

മഴയുടെ ചിത്രം 23 കുട്ടികളും വരച്ചു. ഒരു കുട്ടി വെറും വെള്ളം മാത്രമാണ് വരച്ചത്. ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് വെള്ളപ്പൊക്കമാണ് ഒന്നും കാണാൻ പറ്റുന്നില്ല എന്നാണ് മറുപടി പറഞ്ഞത്. മഴ പാട്ട് എല്ലാ കുട്ടികൾക്കും ഇഷ്ടപ്പെട്ടു. മഴ എന്ന് ഞാൻ പാടിയപ്പോൾ പുഴഎന്നും മഴ മഴ എന്ന് പാടിയപ്പോൾ പുഴ പുഴഎന്നും അവർ  പാടി. മൂന്നു കുട്ടികൾ മഴ എന്ന പാടിയപ്പോൾ മഴ എന്നു തന്നെയാണ് പാടിയത്. ആ മൂന്ന് കുട്ടികൾക്ക് തന്നെയായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങളിലും പഠന പിന്തുണ ആവശ്യമുള്ളതായി വന്നത്.

9. കുട്ടികൾ പ്രവർത്തനങ്ങളെല്ലാം ഉത്സാഹത്തോടെ ഏറ്റെടുത്തു

ഷാഹിന

 ക്ലാസിൽ 41 കുട്ടികൾ എങ്ങനെ ഈ പ്രവർത്തനങ്ങളെല്ലാം ചെയ്തു തീർക്കുമെന്ന ആശങ്കയോടെ തുടങ്ങി. പക്ഷെ എന്റെ ആശങ്കകളെല്ലാമകറ്റി കുട്ടികൾ പ്രവർത്തനങ്ങളെല്ലാം ഉത്സാഹത്തോടെ ഏറ്റെടുത്തു 🥰രണ്ടു പേർക്ക് കുറച്ചു പിന്തുണ കൊടുക്കേണ്ടിവന്നു. തുടക്കം ഗംഭീരം 🌹🌹🌹

10. ചിലരുടെ സങ്കല്പത്തിൽ മഴ ചെരിഞ്ഞു പെയ്തു, മറ്റ് ചിലരുടെ നേരെ ചെയ്തു. 

ജസി ഡൊമിനിക്ക് , തുമ്പോളി, ആലപ്പുഴ

 രാവിലെ തന്നെ പുറത്ത് മഴ പെയ്യുന്നതു കൊണ്ട് ആശയത്തിൽ എത്താൻ അധികം സമയം വേണ്ടി വന്നില്ല. നേരിൽ അനുഭവം പങ്കിട്ടു. ചിലർ മഴ വരുന്നതിന് മുൻപ് പ്രകൃതിയിലുണ്ടാക്കുന്ന പ്രധാന മാറ്റങ്ങൾ വരെ പറഞ്ഞു. തുടർന്ന് മഴ ചെയ്യുന്ന ശബ്ദവ്യതിയാനങ്ങൾ കൈവിരലുകൾ കൊട്ടി ഉണ്ടാക്കി, മഴ ശക്തിയായി ചെയ്യുന്ന ശബദം ഉണ്ടാക്കിയപ്പോൾ എല്ലാവരും ശരീരം വരെ ഇളക്കി ആസ്വദിച്ചു. തുടർന്ന് മഴപ്പാട്ട് പാടി. മഴ ചിത്രം വരച്ചു, ചിലരുടെ സങ്കല്പത്തിൽ മഴ ചെരിഞ്ഞു പെയ്തു, മറ്റ് ചിലരുടെ നേരെ ചെയ്തു. രണ്ട് പേർ ഇതിൽ ഉൾപ്പെടാതെ നിന്നു . അതിൽ ഒരാൾക്ക്  നല്ലപോലെ  നേരിട്ട്  പിന്തുണ വേണം മറ്റൊരാൾ മഴ ചിത്രം അല്ല വരച്ചത്. പക്ഷെ ആകർഷകമായ കളർ കോമ്പിനേഷൻ ആയിരുന്നു, അവന് കേൾക്കാൻ കഴിയില്ല, പറയാനും വയ്യ🙏

11. ഞാനും അവർക്കൊപ്പം ആസ്വദിച്ചു

സുഭി MDUPS വെള്ളാറ മേമല 

എനിക്ക് 4കുട്ടികൾ ആണ് ഉള്ളതു അതിൽ മഴ ചിത്രം വരയ്ക്കാൻ പറഞ്ഞപ്പോൾ അറിയില്ല എന്ന് ആരും പറഞ്ഞില്ല ഇഷ്ടം ഉള്ള ചിത്രം മഴയെ കുറിച്ച് വരച്ചോളൂ എന്ന് പറഞ്ഞു, അവർ അവരുടേതായ രീതിയിൽ വരച്ചു ഞാനും അവർക്കൊപ്പം ആസ്വദിച്ചു 🥰🥰

12. ടീച്ചറുടെയും കുട്ടികളുടെയും സ്കൂൾ പരിസരത്തു കൂടിയുള്ള ഓട്ടം നല്ലൊരു കായിക പ്രവർത്തനമായി

ബിന്ദു ചോറ്റുപാറ, ഇടുക്കി

എൻറെ ക്ലാസ്സിൽ 39 കുട്ടികളാണ് ഉള്ളത്. പ്രവർത്തനങ്ങൾ എല്ലാം കുട്ടികൾ വളരെ ആവേശത്തോടെ ഏറ്റെടുത്തു. മഴ വരയ്ക്കാൻ ആർക്കും തന്നെ സഹായം വേണ്ടിവന്നില്ല. എന്നാൽ മീനിനെ വരയ്ക്കാൻ സഹായം വേണ്ടിവന്നു. കുറച്ചു കുട്ടികൾ പിന്തുണയില്ലാതെ വളരെ ഭംഗിയായി വരയ്ക്കുകയും ചെയ്തു. ഒന്നാം ദിവസം പ്രവർത്തനങ്ങൾ വളരെ നന്നായി പൂർത്തിയായി.

കോഴിയമ്മയുടെ കഥ കുട്ടികൾക്ക് ഏറെ ഇഷ്ടമായി. ടീച്ചർ കോഴിയമ്മയായി ബലൂണിൻ്റെ നൂലും കടിച്ച് ഓടിയതും കോഴിക്കുഞ്ഞുങ്ങളായി കുറച്ചു കുട്ടികൾ പിറകെ ഓടിയതും കുട്ടികളായി കുറച്ചു പേർ അഭിനയിച്ചതുമൊക്കെ എല്ലാവരും നന്നായി ആസ്വദിച്ചു. ഒടുവിൽ കുട്ടികളെല്ലാവരും ചേർന്ന് ടീച്ചറമ്മക്കോഴി കടിച്ചു പിടിച്ച നൂലിൻ്റെ അറ്റത്തെ ബലൂൺ ഒന്നിച്ചു പിടിച്ചപ്പോൾ നല്ല ശബ്ദത്തിൽ ബലൂൺ പൊട്ടിയതും രസമായി. ടീച്ചറുടെയും കുട്ടികളുടെയും സ്കൂൾ പരിസരത്തു കൂടിയുള്ള ഓട്ടം നല്ലൊരു കായിക പ്രവർത്തനമായി.ഇതു കണ്ട രണ്ടാം ക്ലാസിലെ മക്കൾക്കും അഭിനയിക്കാൻ മോഹം. അവർക്കും കഥ പറഞ്ഞു കൊടുത്ത് അവരോടൊപ്പവും ഞാൻ നൂലും കടിച്ചോടി😄😄

13. അവസാനം ആവേശം മൂത്ത് ഈർക്കിൽ കളഞ്ഞ്കൈ കൊണ്ടും കുമിളയുണ്ടാക്കി ചിലർ

 ക്രിസ്റ്റീന, ഗവ.എൽ.പി.എസ് കാട്ടാമ്പാക്ക്, കോട്ടയം

മഴപ്പാട്ടോടു കൂടി ആരംഭിച്ച ഇന്നത്തെ ദിവസം മൊഡ്യൂൾ അനുസരിച്ച് സമയബന്ധിതമായി തീർന്നു. മഴച്ചിത്രങ്ങൾ എല്ലാവരും വരച്ചു.മീൻ നിർമ്മാണത്തിൽ ഒന്നുരണ്ടു പേർക്ക് പിന്തുണ നല്കേണ്ടി വന്നു. കുമിള പറത്താനുള്ള പ്രവർത്തനം കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. സാവകാശം ഊതിയവർക്ക് കുമിള നിർമ്മിക്കാനായി. 

 *കണ്ടെത്തലുകൾ* 

ചതുരാകൃതിയിൽ കെട്ടിയ ഈർക്കിൽ ഉപയോഗിച്ച് കുമിളകൾ നിർമ്മിക്കാൻ സാധിച്ചു. ത്രികോണാകൃതിയിലുള്ള ഈർക്കിൽ ഉപയോഗിച്ചപ്പോൾ കുമിളകളൊന്നും വന്നില്ല.
ഓവൽ ആകൃതിയിലും കുമിളകൾ വന്നു.
അതുപോലെ വൃത്താകൃതിയിലും. 

പഞ്ചസാര ചേർത്തപ്പോൾ സോപ്പുലായനി കൂടുതൽ പതയുന്നത് കുട്ടികളിലും സഹ അധ്യാപകരിലും കൗതുകമുണർത്തി.
പഞ്ചസാര ചേർത്ത ലായനിയിൽ നിന്നും കുമിളകൾ ഉണ്ടാക്കി.പക്ഷേ പഞ്ചസാര ചേർക്കാത്ത ലായനിയിലെ കുമിളകളേക്കാൾ കൂടുതൽ സവിശേഷതകളൊന്നും പഞ്ചാര കുമിളകൾക്ക് കണ്ടില്ല. അവസാനം ഒരു കുസൃതി പഞ്ചാര സോപ്പുലായനി എന്റെ കണ്ണുവെട്ടിച്ച് രുചിച്ചും നോക്കി🥴.

അവസാനം ആവേശം മൂത്ത് ഈർക്കിൽ കളഞ്ഞ്കൈ കൊണ്ടും കുമിളയുണ്ടാക്കി ചിലർ. എന്തായാലും ഈ ഒരു പ്രവർത്തനം കുട്ടികളും സഹാധ്യാപകരും ഒന്നു പോലെ ഏറ്റെടുത്തു.

14. കുട്ടികൾക്ക് സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്.

 ജൂലിയറ്റ്  കോട്ടയം

 അസംബ്ലിക്ക് ശേഷം മഴ നടത്തം, മഴക്കൈയടി, മഴപ്പാട്ടോടെ ക്ലാസ് ആരംഭിച്ചു.കുട്ടികളെല്ലാം മഴപ്പാട്ട് താളത്തിൽ ആസ്വദിച്ചു പാടി. തുടർന്ന് മഴയുമായി ബന്ധപ്പെട്ട അഭിനയ പ്രവർത്തനങ്ങൾ എല്ലാവരും നന്നായി ചെയ്തു. കോഴിയമ്മയുടെയും കുഞ്ഞുങ്ങളുടെയും കഥ പറഞ്ഞു . 6 , 7 കുട്ടികൾ കഥ നന്നായി ശ്രദ്ധിച്ചു നന്നായി പറഞ്ഞു. മഴയുടെ ചിത്രം വരയ്ക്കാനുള്ള പ്രവർത്തനം എല്ലാവരും നന്നായി ചെയ്തു. കടലാസുകൊണ്ട് മീനിനെ ഉണ്ടാക്കുന്ന പ്രവർത്തനത്തിന് കൂടുതൽ സമയമെടുത്തു.എല്ലാവരും മീനിനെ ഉണ്ടാക്കി.കുട്ടികൾക്ക് ഇഷ്ടപ്പെട്ടു. വീട്ടിൽ കൊണ്ടു പൊയ്ക്കോട്ടെ എന്ന് ചോദിച്ചു. Move and freeze , Hi... Hello പ്രവർത്തനങ്ങളും ചെയ്തു.  ചെറുത് വലുത് , കുമിള പറത്താം പ്രവർത്തനങ്ങൾ ചെയ്യാൻ സമയം തികഞ്ഞില്ല. നാളത്തേക്ക് ഇവ ചെയ്യാൻ തീരുമാനിച്ചു.ഇന്ന് എല്ലാ കുട്ടികളും ഹാജരായിരുന്നു (19 പേർ).കുട്ടികൾക്ക് സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്.

15. ഏവരുടെയും പിന്തുണ സഹകരണം ഇന്നത്തെ പ്രോഗ്രാം വളരെ സജീവ മാക്കി തീർത്തു

Gups പൂവരണി 

ക്ലാസ്സ്‌ ഒന്ന് 1(3/6/25)

രാവിലെ 9am ആയപ്പോൾ കുട്ടികൾ വന്നു.
അവരെ ക്ലാസ്സ്‌ റൂമിൽ സ്വീകരിക്കാനായി കഴിഞ്ഞദിവസം കണ്ട ഒരു വിദേശ സ്കൂളിലെ welcome പ്രോഗ്രാം പോലെ പ്രത്യേകരീതിയിൽ ഡാൻസ് സിമ്പിൾ സ്റ്റെപ്പോടു കൂടി good മോർണിംഗ് പാടി കുട്ടികളെ വളരെ ആകർഷകമായ രീതിയിൽ ക്ലാസ്സ്‌ മുറിയിലേയ്ക് ഓരോരുത്തരെയും സ്വീകരിച്ചു..

തുടർന്ന്

ഈശ്വര പ്രാർത്ഥന യോടെ ക്ലാസ്സ്‌ ഒന്ന് അക്ഷരക്കൂട്, വിദ്യ പ്രവേശ് ഒന്നാം ദിന പ്രവർത്തനങ്ങൾ ആരംഭിച്ചു. പേര് ചൊല്ലി പറഞ്ഞു കളിയിലൂടെ പരസ്പരം പരിചയം പുതുക്കി 

തുടർന്ന് മഴ പ്രധാന തീം ആയി ചർച്ചകൾ, അഭിനയം, ഗാനം, റീൽസ്, വീഡിയോ പ്രദർശനം.. ചിത്രകല zoomba ഡാൻസ് പരിശീലനം ഇവ നടത്തി നിർമാണപ്രവർത്തനം, പരീക്ഷണം എന്നിവ നാളെത്തേയ്ക്ക് മാറ്റി വച്ചു .
കുട്ടികൾ ആദ്യ ദിനം തന്നെ ഉത്സാഹത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്ക് ചേർന്നു.. ഇന്നത്തെ പ്രവർത്തനങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽപങ്ക് വച്ചു അതിൽ രക്ഷിതാക്കൾ പിന്തുണ നൽകി

സ്കൂൾ ഹെഡ്മാസ്റ്റർ ക്ലാസ്സ്‌ ഒന്ന് വിദ്യ പ്രവേശ് ന് ആശംസകൾ അറിയിച്ചു മധുരംനൽകി ക്ലാസ്സ്‌ 2/3/4 ലെ കുട്ടികൾ അധ്യാപകർ ഏവരുടെയും പിന്തുണ സഹകരണം ഇന്നത്തെ പ്രോഗ്രാം വളരെ സജീവ മാക്കി തീർത്തു.. ✨

നാളത്തേയ്ക്ക് ഉള്ള ഒരുക്കങ്ങൾ ചെയ്തു.








Saturday, May 24, 2025

140. ശിവതാര ടീച്ചറും പ്രതിദിന ക്ലാസ് വാട്സാപ്പ് കുറിപ്പുകളും

കൊല്ലം ജില്ലയിലെ ഇഞ്ചക്കാട് സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപികയായ ശിവതാര 2024-25 വർഷം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിനെ പ്രയോജനപ്പെടുത്തുന്നതിൽ ഒരു മാതൃക വികസിപ്പിക്കുകയുണ്ടായി. ടീച്ചറുടെ കുറിപ്പ് വായിക്കാം

"രക്ഷിതാക്കളുടെ പിന്തുണക്കുറവ് ഒരു വലിയ പ്രശ്നമായി കഴിഞ്ഞതിന്റെ മുൻ വർഷം അധ്യാപകർ പറഞ്ഞറിഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ഒന്നാം ക്ലാസ്സ്‌ സ്വീകരിക്കുമ്പോൾ തന്നെ എന്റെ മനസ്സിൽ പ്രഥമ പരിഗണന എന്റെ രക്ഷിതാക്കളെ എല്ലാവരെയും ഒപ്പം നിർത്താൻ വേണ്ടത് ആദ്യം മുതൽ തന്നെ ചെയ്യുക എന്നതായിരുന്നു.

അതിന് ക്ലാസ്സ്‌ PTA യിൽ കാര്യങ്ങൾ വിശദമായി തന്നെ പറഞ്ഞു.

മുൻ വർഷത്തെ തെളിവ് കാണിക്കാൻ എനിക്ക് ഒന്നാം ക്ലാസ്സ്‌ അല്ലാതിരുന്നത് കൊണ്ട് ഒന്നും തന്നെ ഇല്ലാരുന്നു. പകരം സൈജ ടീച്ചറിന്റെ മഹാദേവിന്റെ പുസ്തകവും അന്നത്തെ ഗ്രൂപ്പിൽ നിന്ന് കിട്ടിയ കുറച്ചു തെളിവുകളുമൊക്കെ കാണിക്കുകയും ചെയ്തു. ലക്ഷ്യവും പ്രവർത്തനങ്ങളും ഒക്കെ വിശദീകരിക്കുകയും ചെയ്തു.  

എന്നാലും അതൊന്നും പോരായിരുന്നു.

കാരണം നിറയെ എഴുതിക്കൂട്ടിയ ബുക്കൊക്കെ നോക്കിയിരിക്കുന്ന രക്ഷിതാക്കളോട് ഇന്നവിടെ കളിയായിരുന്നു എന്ന് വൈകുന്നേരം പറയുന്ന കുട്ടിയെ ഒന്ന് രണ്ട് ദിവസങ്ങൾ രക്ഷിതാക്കൾ കേൾക്കും. പിന്നെ അവർ ചിന്തിക്കില്ലേ. 🤔

താഴെത്താഴെ വാക്കുകളൊക്കെ എഴുതി ചറ പറ ഹോംവർക്ക് ചെയ്യുന്ന  അടുത്തുള്ള unaided സ്കൂളിലെ കുട്ടിയെയും ഇന്ന് ചാടിക്കളിച്ചു പാട്ടുപാടി എന്നൊക്കെ പറയുന്ന സ്വന്തം കുട്ടിയെയും താരതമ്യം ചെയ്യുമ്പോൾ നമ്മുടെ സ്വപ്നത്തിലുള്ള വർഷാന്ത്യലക്ഷ്യത്തെക്കുറിച്ചൊന്നുമാകില്ല അവരുടെ ചിന്ത.

ഇതൊക്കെ ഞാനോർത്തു.

എന്നിട്ട് 

 " നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളുടെയും പിന്നിലുള്ള ലക്ഷ്യം എന്താണ് എന്ന് നമ്മൾ അറിയുന്നതുപോലെ അവരും അറിയുക."

 ഇതാണ് എനിക്ക് അപ്പോൾ തോന്നിയ സൊല്യൂഷൻ.

 തവളച്ചാട്ടവും പൂച്ചയെ നിർമ്മാണവും ഒക്കെ വെറും സമയം പോക്കാനുള്ള കളികൾ അല്ലെന്നും അതിന് പിന്നിലെ കൃത്യമായ ലക്ഷ്യങ്ങൾ എന്തെന്നും  ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ സന്നദ്ധ പ്രവർത്തനങ്ങൾ മുതൽ ഇങ്ങനെ ടൈപ്പ് ചെയ്തിട്ടത്.

 ഇതിനു മുന്നേ നടന്ന നിർമ്മാണ ശില്പശാലയിൽ ഒക്കെ പങ്കാളിത്തം കുറവായിരുന്നു. എങ്കിലും ആ ശില്പശാല തങ്ങളുടെ  കുട്ടിയുടെ പഠനത്തിന് പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാകും വിധം അതിനെക്കുറിച്ചും കുറിപ്പിട്ടിരുന്നു.

ഇതൊന്നും അത്ര വായിക്കാത്ത രക്ഷിതാക്കളും ഒക്കെ ഉണ്ടായിരുന്നു.

അത് ഉണ്ടാകുമെന്നും എനിക്കറിയാമായിരുന്നു.

 എങ്കിലും ഞാൻ ഓർത്തത്  ഇങ്ങനെയായിരുന്നു.

🔸 ആദ്യ മാസങ്ങളിളൊക്കെ എന്തായാലും  എന്താണീ ക്ലാസിൽ നടക്കുന്നത് ഗ്രൂപ്പിൽ നടക്കുന്നത് എന്നൊക്കെ രക്ഷിതാക്കൾ നോക്കും.

ആ അവസരം പ്രയോജനപ്പെടുത്തുക.

 അതുകൊണ്ട് ആ സമയം തന്നെ ഇത്തരം കുറിപ്പുകളിലൂടെ  ഒന്നാം ക്ലാസ്സ്‌ അത്ര ചെറിയൊരു കാര്യമല്ലെന്നും  രക്ഷിതാവും ടീച്ചറും ഒത്തുചേർന്നു കൊണ്ടുപോകേണ്ടതാണെന്നും, ഒക്കെ അവരിൽ ഉറപ്പിക്കണം.


🔸 എന്തായാലും ഇത് വായിക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകും.  ഒരേ നാട്ടുകാരായതിനാൽ അവർ തമ്മിൽ ഇതെക്കുറിച്ചൊക്കെ സംസാരിക്കുകയും ചെയ്യും.

 അവിടെ പാട്ടും കളിയും മാത്രമേ ഉള്ളൂ എന്ന്  ഏതെങ്കിലും ഒരു രക്ഷിതാവ് പറയുമ്പോൾ വായിച്ചവർ പറഞ്ഞോളും അതിനു പിന്നിൽ നിന്ന് കാര്യങ്ങൾ കൂടി ഉണ്ടെന്ന്..

( ഈ കാഴ്ചപ്പാട് സത്യമായി. അതുക്കും മേലെ എന്ന് പറയുന്നതുപോലെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ അമ്മമാർ ചേർന്ന് ഒരു വാട്സ്ആപ്പ് കൂട്ടായ്മ പോലും ഉണ്ടാക്കിയിട്ടുണ്ടായിരുന്നു എന്ന് വർഷാവസാനമാണ് ഞാൻ അറിയുന്നത്😇)

 🔸നമ്മൾ വീഡിയോ കൂടി ഇടുന്നതിനാൽ  അവരവരുടെ കുട്ടിയെ കാണാൻ അവർ ശ്രദ്ധിക്കുകയും ചെയ്യും.

🔸 ഇനി ഇതൊക്കെ കണ്ടിട്ടും ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന് കരുതിയിരുന്ന ഒരു രക്ഷിതാവും എനിക്കുണ്ടായിരുന്നു. അവരെ നിരന്തരം വിളിക്കുക പേർസണൽ msg, ഇടുക ഇതൊക്കെ ചെയ്തു പോന്നു.

ഇനി

ഈ ലക്ഷ്യങ്ങൾ അവരെ ബോധ്യപ്പെടുത്തുമ്പോൾ തങ്ങളുടെ കുട്ടി ഇത് നേടിയിട്ടുണ്ടോ എന്ന് അവർക്ക് തന്നെ വിലയിരുത്താനും കഴിയും.

 നമ്മുടെ പഠനപ്രവർത്തനങ്ങൾ എങ്ങനെയാണ് പോകുന്നത് എന്ന രീതിയും അവർക്ക് മനസ്സിലാകും.

 പിന്നെ എനിക്ക് അനുഭവപ്പെട്ട മറ്റൊരു കാര്യം ടീച്ചർ ചെയ്യുന്ന ഓരോ കാര്യങ്ങളുടെയും പിന്നിൽ എന്തെങ്കിലും ഉണ്ടാകും എന്നൊരു ചിന്ത രക്ഷിതാക്കളിൽ വളർന്നു. നമ്മളിലുള്ള ആ വിശ്വാസം തുടർന്നുള്ള വായനോത്സവ രചനോൽസവ, സംയുക്ത ഡയറിയെഴുത്ത് പ്രവർത്തനങ്ങൾക്കായി നമ്മൾ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അവരെ തോന്നിപ്പിച്ചു.

 നമ്മുടെ ലക്ഷ്യത്തിലേക്ക് എത്താൻ നമുക്ക് മറ്റു തടസ്സങ്ങൾ ഒന്നും പിന്നെ ഉണ്ടാവില്ല.

മുകളിൽ screenshot ഇട്ട ആ സന്നദ്ധതാ പ്രവർത്തനത്തിന്റെ msg മുതൽ എനിക്കൊപ്പം കൂടിയ രക്ഷിതാക്കൾ ഇപ്പോൾ ഒന്നാം ക്ലാസ്സ്‌ കഴിഞ്ഞിട്ടും വിട്ടു പോകാൻ മടിക്കുന്നു.

 വർഷാവസാനം  പുസ്തക പ്രകാശനത്തിനായി ഡയറികളുടെ സമാഹാരം ഞാൻ തയ്യാറാക്കിയപ്പോൾ കഥകളുടെ സമാഹാരം രക്ഷിതാക്കൾ ചേർന്നാണ് തയ്യാറാക്കിയത്. ഒരു കൂട്ടം രക്ഷിതാക്കൾ ചേർന്ന് സ്വയം ഏറ്റെടുത്ത് ആ കഥകൾ എനിക്ക് ടൈപ്പ് ചെയ്തിട്ട് തന്നു. ഞാൻ അതിലെ തെറ്റ് തിരുത്തി തിരിച്ചയച്ചു. പിന്നെ പുസ്തകമായി എന്റെ കയ്യിൽ കിട്ടി.🫂)


പാഠപുസ്തകം തീരാതെ വന്നപ്പോഴും വായനാ പാഠങ്ങളാണ് ബാക്കിയുള്ളവ എന്ന് അവസാനം പറഞ്ഞപ്പോഴുമൊന്നും ആരും ഒന്നും ചോദിച്ചില്ല. തങ്ങളുടെ കുട്ടികളുടെ സമഗ്ര വികാസത്തിന് വേണ്ടിയുള്ള കാര്യങ്ങൾ ടീച്ചർ ചെയ്യും എന്നൊരു വിശ്വാസം അവർക്കുണ്ട്.

ഒന്നാലോചിച്ചു നോക്കൂ.

 പാട്ടും കളിയും മാത്രമാണ് അവിടെ നടക്കുന്നതെന്ന് അവരുടെ ചിന്തകളിൽ വരുന്നതിനു മുന്നേ തന്നെ അതിന്റെ പിന്നിലെ ലക്ഷ്യങ്ങൾ അവരെ ബോധ്യപ്പെടുത്തിയത് കൊണ്ടല്ലേ അങ്ങനെ.

 അതുകൊണ്ട് എന്റെ അനുഭവത്തിൽ ആദ്യ പാഠങ്ങളിൽ എങ്കിലും ഇത്തരത്തിൽ പഠന ലക്ഷ്യങ്ങൾ ഉൾപ്പെടെ പ്രവർത്തനങ്ങൾ അവരവരുടെ രക്ഷിതാക്കൾക്ക് മനസ്സിലാകും വിധം

വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നത് നല്ലതായിരിക്കും ❤️

അനുബന്ധം - ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കിട്ട 10 കുറിപ്പുകൾ

1: 

പ്രിയ രക്ഷിതാക്കളേ,❤️

പാഠപുസ്തകത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് നമ്മുടെ ക്ലാസ്സിൽ നടക്കുന്ന പ്രവർത്തനങ്ങൾ എന്താണ്?  എന്തിനാണ്?

എന്നതിനെക്കുറിച്ച് കുറിച്ച് ഒരു ചെറിയ വിശദീകരണം.

നമ്മുടെ കുഞ്ഞുങ്ങളെ സംബന്ധിച്ച് പുതിയ അധ്യാപിക, പുതിയ സമയക്രമം, പുതിയ സഹപാഠികൾ, പുതുമയുടെ ലോകമാണത്.

അപരിചിതത്വവും ഉണ്ട്. സമ്മർദ്ദമില്ലാതെ വിദ്യാലയത്തിൽ നിത്യവും എത്തേണ്ടതുണ്ട്.

അത് ആന്തരികപ്രചോദനഫലമായി ഉണ്ടാകണം.

അങ്ങനെ സംഭവിക്കണമെങ്കിൽ കുട്ടിയുടെ പ്രകൃതമറിഞ്ഞുള്ള പ്രവർത്തനാനുഭവങ്ങൾ  ക്ലാസിൽ ഉണ്ടാകണം. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പ്രവർത്തനങ്ങൾ ഒരുക്കണം.❤️

2

 പ്രവർത്തനാസൂത്രണം, സമയമാനേജ്മെൻ്റ്, മെറ്റീരിയൽ മാനേജ്‌മെൻ്റ്, സ്ഥലവിന്യാസം, വ്യക്തിഗത പിന്തുണ, വിലയിരുത്തൽ തുടങ്ങിയ ബോധനശാസ്ത്രപരമായ പ്രക്രിയകളിൽ അധ്യാപകർ പുതിയ കുട്ടികളിൽ പ്രായോഗിക അനുഭവം ഉണ്ടാക്കുകയാണ്. തുടർന്നുള്ള അധ്യയനത്തിന് സഹായകമാകും

ഒന്നാംആഴ്ച കൊണ്ട് എല്ലാ കുട്ടികളും സന്നദ്ധതാ നിലയിൽ എത്തണമെന്നില്ല  രണ്ടാം ആഴ്‌ചയും തുടരണം. 

ഒറ്റയടിക്ക് നിർത്തുകയല്ല മറിച്ച് സന്നദ്ധതാപ്രവർത്തനങ്ങളും പാഠപുസ്‌തക പ്രവർത്തനങ്ങളും ഇടകലർത്തിയാണ് പിന്നീട് പാഠത്തിലേക്ക് പ്രവേശിക്കേണ്ടത്. 👍🏻

3

വൈകാരിക വികാസം, ഭാഷാവികാസം, ആരോഗ്യകായിക ചാലകവികാസം സാമൂഹിക സാംസ്‌കാരിക സർഗാത്മക വി കാസം എന്നിവ ഈ പ്രായത്തിൽ പ്രസക്തമാണ്. വികാസമേഖലകളും വിഷയങ്ങളും തമ്മിലുള്ള ബന്ധമുണ്ട്. 

വിവിധ വിഷയങ്ങൾ ഒന്നാം ക്ലാസിൽ ഉണ്ട്. മാതൃഭാഷ, ഗണിതം, ഇംഗ്ലീഷ്, പ്രവൃത്തി പരിചയം, കല, വിദ്യാഭ്യാസം, കായികവിദ്യാഭ്യാസം 

ഇവയെല്ലാം സന്നദ്ധതാപ്രവർത്തനങ്ങളുടെ ഭാഗമായും പരിചയപ്പെടുത്തും 

ഈ വിഷയങ്ങളോടുള്ള താല്‌പര്യം ജനിപ്പിക്കുന്നതിന് ഇത് വഴിയൊരുക്കും. 

ഓരോ വിഷയത്തിലും ആവശ്യം വേണ്ട പൂർവ്വനൈപുണികൾ ഉണ്ട്. ഉദാഹരണമായി അക്ഷരങ്ങൾ എഴുതുന്നതിനുമുമ്പ് കുട്ടിക്ക് സൂക്ഷ്മപേശീനിയന്ത്രണം ആവശ്യമാണ്. അത്തരം പൂർവ്വനൈപുണികൾ നേടുന്നതിനും സന്നദ്ധതാ പ്രവർത്തനം അവസരം ഒരുക്കുന്നു.

4

വൈവിധ്യം ഉള്ള പ്രവർത്തനങ്ങൾ ഒന്നാം ക്ലാസിൽ ഉടനീളം വേണം. പാഠ്യ പദ്ധതി ഇതനുസരിച്ചാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.

വികാസമേഖലകളുമായി ബന്ധപ്പെട്ട അനുഭവ വിടവ് പരിഹരിക്കുന്നതിനാണ് സന്നദ്ധതാപ്രവർത്തനം. 

കുട്ടികൾ വ്യത്യസ്ത‌ത സാമൂഹിക സാഹചര്യങ്ങളിൽ നിന്നുമാണ് വരുന്നത് അവർ ടീച്ചറുമായി മാനസിക അടുപ്പം സ്ഥാപിച്ചാൽ മാത്രമേ പഠനലക്ഷ്യങ്ങളിലൂന്നിയുള്ള പഠനാനുഭവങ്ങൾ ആരംഭിക്കുമ്പോൾ കുട്ടികൾക്ക് പ്രവർത്തനങ്ങൾ പൂർണമായി ഏറ്റെടുക്കാൻ കഴിയൂ. ടിച്ചറും കുട്ടിയും തമ്മിലുള്ള ശക്തമായ സൗഹ്യദബന്ധം സ്ഥാപിക്കുന്നതിന് സന്നദ്ധതാ പ്രവർത്തനം സഹായിക്കും. 

കുട്ടികളെ നന്നായി മനസ്സിലാക്കേണ്ടതുണ്ട്.

സങ്കോചമുള്ളവർ, ഏത് പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്നവർ, വിവിധങ്ങളായ കഴിവുകൾ (നേതൃത്വപാടവം, ആശയവിനിമശേഷി ഉള്ളവർ) എന്നിങ്ങനെ വ്യത്യസ്‌തമായിരിക്കും കുട്ടികൾ പരിമിതികൾ നേരിടുന്നവരും ഉണ്ടാകും. ഇവരെ മനസ്സിലാക്കി അനുയോജ്യമായ പിന്തുണനൽകി മുഖ്യധാരയിൽ നിലനിർത്തണം. സന്നദ്ധതാ പ്രവർത്തനങ്ങൾ ഈ ലക്ഷ്യവും നിറവേറ്റും.👍🏻

5

ഇന്ന് പാഠഭാഗത്തിലേക്ക് കടന്നു.

മലകടന്നു പുഴ കടന്നു വന്ന ദേശാടനക്കിളികളുടെ കഥയിലൂടെയാണ് പാഠഭാത്തേക്ക് പ്രവേശിച്ചത്.

വിവിധയിനം നാട്ടുകിളികളുടെ ശബ്ദം തിരിച്ചറിയുക.

അവയുടെ ശബ്ദം അനുകരിക്കാൻ കഴിയുക.

ചിത്രം കണ്ടാൽ തിരിച്ചറിയുക

എന്നീ പഠനലക്ഷ്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ

സ്പീക്കർ ഉപയോഗിച്ച് പക്ഷികളുടെ ശബ്ദം മാത്രം കേൾപ്പിച്ചു കൊണ്ട് പക്ഷികളെ തിരിച്ചറിയുന്ന പ്രവർത്തനമാണ് സ്വീകരിച്ചത്.

കാക്ക,താറാവ്,കുയിൽ, മയിൽ, കുരുവി, മൈന, ഉപ്പൻ, തത്ത, പ്രാവ്,  

 ദൂരെനിന്ന് പറന്നു വരുന്ന പക്ഷികളാണ് കഥാപാത്രങ്ങൾ എന്ന് തിരിച്ചറിയാനും,  കുട്ടിയുടെ ശരീരചലന ശേഷി വികസനത്തിനുമായി പ്രയോജനപ്പെടുന്ന പ്രവർത്തനമായ പാട്ടിന്റെ അവതരണത്തിലൂടെ

ലേഖനപ്രക്രിയയിലേക്ക് കടന്നു.

ചിറകടിക്കുന്ന ശബ്ദം.

പട പട പട പട

അക്ഷരവടിവും വാക്കകലവും പാലിച്ചു കൊണ്ട് എഴുതുന്ന പ്രക്രിയയാണ് നിലവിൽ നടക്കുന്നത്.

6: 

പഠന ലക്ഷ്യങ്ങള്‍:

 വിവിധ കളികളിലൂടെ ആവശ്യാനുസരണമുള്ള ശാരീരിക ചലനം ഏകോപനം

 തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ നേടുന്നു.

 വിവിധ ജീവികളുടെ സഞ്ചാര രീതികള്‍ അനുകരികരിക്കുന്നു.

ഒട്ടകപ്പക്ഷി നടത്തമാണ് ഇതിനായി ചെയ്തത്.

തുടർന്ന്

 തന തന താന (എഴുത്തനുഭവം)

പഠനശേഷികള്‍:

 അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന, ആലേഖന ക്രമം) അക്ഷരങ്ങള്‍ സഹായത്തോടെഎഴുതി വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുന്നു. (ത, ന എന്നീ അക്ഷരങ്ങളും ആ, ഇ, ഉ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങളുമുള്ള പദങ്ങൾ, വാക്യങ്ങൾ, പാട്ടുകൾ എന്നിവ)

2. താളബോധത്തോടെ വരികൾ ചൊല്ലുന്നു

3. പാട്ടിനും ആശയത്തിനും താളാത്മകമായശബ്ദത്തിനും അനുസൃതമായി താളത്തിൽ ചുവടുവയ്ക്കുന്നു.

വായ്ത്താരി പാടി ചുവടുകൾ വച്ചു കൊണ്ട് രസകരമായി ആരംഭിച്ചു.

പിന്നെ ലേഖനപ്രക്രിയ യിലേക്ക് കടന്നു.

7

 ചിത്രപ്രദര്‍ശനം പരിസരപഠനം

പഠനലക്ഷ്യങ്ങള്‍:

ചുറ്റുപാടുമുള്ള പക്ഷികളെ നിരീക്ഷിച്ച് പ്രത്യേകതകള്‍ കണ്ടെത്തുന്നു. നിറങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നു.

 വസ്തുക്കള്‍, സംഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രധാനവിവരങ്ങള്‍ വാചികമായി അവതരിപ്പിക്കുന്നു.

 ( അവയെക്കുറിച്ച് സംസാരിക്കാനുള്ള കഴിവ് )

കാക്കയ്ക്കുണ്ടൊരു കുപ്പായം...

പക്ഷികളുടെ നിറങ്ങൾ സൂചിപ്പിച്ചു കൊണ്ടുള്ള പാട്ടിലൂടെയാണ് പ്രവർത്തനം തുടങ്ങുന്നത്.

കുട്ടികൾ  പക്ഷികൾക്ക് അനുയോജ്യമായ നിറം നൽകുന്നു.  ഒരു പക്ഷിയ്ക്ക് തന്നെ എല്ലാ ഭാഗങ്ങൾക്കും ഒരേ നിറമല്ല. അതും കുട്ടി തിരിച്ചറിയുന്നുണ്ട്.

ഇനിയുള്ള തുടർപ്രവർത്തനത്തിന് രക്ഷിതാക്കൾ സഹായിക്കണേ 👍🏻.

നമുക്കൊരു പക്ഷിച്ചിത്ര ആൽബം നിർമിക്കണം.

അതിന് ഒരു A4 പേപ്പറിൽ ഓരോ കുട്ടിയും പക്ഷികളുടെ ചിത്രങ്ങൾ ശേഖരിച്ച് ഒട്ടിച്ചു കൊണ്ട് വരണം.  എല്ലാവരുടെയും ചേർത്ത് ക്ലാസ്സിനൊരാൽബം നിർമിക്കാമല്ലോ ❤️.

ഇതൊക്കെ ചേർത്ത് ഒരു പ്രദർശനവും നടത്താം.

❤️❤️❤️❤️❤️

ഇപ്പോൾ സ്കൂളിന് ചുറ്റുമുള്ള മരങ്ങളിൽ വന്നിരിക്കുന്ന കിളികളെ കുഞ്ഞുങ്ങൾ എനിക്ക് വിളിച്ചു കാണിച്ചു തരാറുണ്ട്.   അവർ അതേക്കുറിച്ച് പറയാറുണ്ട്.

വീട്ടിൽ വരുന്ന നമ്മുടെ നാട്ടുകിളികളെ കാണാനുള്ള അവസരങ്ങൾ അവർക്ക് നൽകണേ.  അവയെക്കുറിച്ച് വിശദീകരിച്ചും കൊടുക്കണേ ❤️.

8

 പഠനലക്ഷ്യങ്ങള്‍:

1- വിവിധ പ്രതലങ്ങളിൽ വരച്ച് നിറം നൽകുന്നു

2. കത്രിക പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു

3- പഠനോപകരണങ്ങൾ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന്

ഇവ ലക്ഷ്യമിട്ടു കൊണ്ടാണ് പക്ഷിയെ നിർമിക്കുന്ന പ്രവർത്തനം ക്ലാസ്സിൽ ചെയ്തത്.

ഈ പ്രവർത്തനത്തിലൂടെ 

അനുയോജ്യമായ നിറം തിരഞ്ഞെടുക്കാനുള്ള കഴിവും.  ക്രയോൺസ് ഉപയോഗിക്കുന്നതിലൂടെ കുട്ടിയുടെ സൂക്ഷ്മ പേശീ നിയന്ത്രണ ശേഷിയും വിലയിരുത്താനും കഴിയും.

കേവലം അക്ഷരങ്ങൾ കാണാതെ പഠിക്കുക എന്നതല്ല നമ്മുടെ കുഞ്ഞുങ്ങളുടെ സമഗ്രമായ ( എല്ലാ തരത്തിലുമുള്ള )  വികാസം നമ്മൾ ലക്ഷ്യമിടുന്നുണ്ട്.

9

ഇന്ന് ലേഖനപ്രക്രിയയാണ് നടന്നത്.

ഗ്രൂപ്പിൽ നൽകുന്ന വായനാ പാഠങ്ങൾ കുഞ്ഞുങ്ങൾ പരിചയപ്പെട്ട അക്ഷരങ്ങൾ മാത്രമാണ്.

അത് വായിക്കുമ്പോൾ കുട്ടിയ്ക്ക് ഒപ്പമിരിക്കണേ.

ഫോൺ കുഞ്ഞിന് നൽകി വായിക്കാൻ ഏൽപ്പിച്ചു പോകുന്നതിനേക്കാൾ സുരക്ഷിതവും പ്രയോജനവും കുട്ടി വായിക്കുമ്പോൾ ഒപ്പമിരിക്കുകയും സഹായിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതാണ് 🥰.

10

പഠനലക്ഷ്യങ്ങള്‍:

പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു.

ശബ്ദഭംഗി ഉളവാക്കുന്ന അക്ഷരങ്ങളുടെയും പദങ്ങളുടെയും ആവർത്തനം കണ്ടെത്തുന്നു.

തന തന തന തന

തനു തിന താന

...................