ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, April 29, 2012

വിദ്യാഭ്യാസ അവകാശ നിയമം നന്നായി നടപ്പാക്കാന്‍ നിങ്ങള്‍ എന്ത് ഇടപെടല്‍ നടത്തി ഇതുവരെ?

 ആകാശം നിറയെ കാര്‍മേഘങ്ങള്‍ ഉണ്ടായിരുന്നു .
ഒരു തണുത്ത ചെല്ലക്കാറ്റ്  അലസമായി സഞ്ചരിച്ചു കൊണ്ടിരുന്നു.
ഗ്രാമ പാതയുടെ ഇരു വശങ്ങളിലുമായി വൃക്ഷങ്ങള്‍ തലയാട്ടി.കള്ളക്കര്‍ക്കിടകമാസം
"ലില്ലീ ,മഴ വരുന്നു, നീ ആ പെണ്ണിന്റെ കൂടെ പോയ്കോ"
മുമ്പേ നടന്നു പോകുന്ന ഗ്രേസിയുടെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് ബേബി അറിയിച്ചു
.........
സ്ലേറ്റും പുസ്തകവും അടുക്കിപ്പിടിച്ചു കൊണ്ട് ലില്ലി ഓടി .അവളുടെ മുഖത്ത് മഴത്തുള്ളികള്‍ വീണു.എങ്കിലും പുസ്തകം നനയാതെ മാരോട് അടുക്കിപ്പിടിച്ചു .സ്ലെട്ടിന്റെ പുറത്ത് വെള്ളം പുരണ്ടാല്‍ കുഴപ്പമില്ല .....
"ഗ്രേസീ ഞാന്‍ കൂടെ" അവള്‍ സ്നേഹ പൂര്‍വ്വം യാചിച്ചു. ...
."പോ കുട്ടീ , ഇപ്പം മനസ്സില്ല, എന്റെ കൊടേ കേറ്റത്തില്ല."
ലില്ലി പൊട്ടിക്കരഞ്ഞു പോയി.ആ പാവപ്പെട്ടെ കുഞ്ഞിനോട് മഴയ്ക്ക്‌ കരുണ ഉണ്ടായിരുന്നില്ല അത് ശക്തിയായി പെയ്യുകയാണ്.
..
വഴിയിരമ്പത്തുള്ള ഒരു പീടികത്തിണ്ണയില്‍ അവള്‍ കയറി നിന്നു. ഉടുപ്പും പുസ്തകവും എല്ലാം നനഞ്ഞു.പുസ്തകം നനഞ്ഞതിലാണ് അവള്‍ക്കു സങ്കടം.തിണ്ണയുടെ കോണില്‍ നിന്നു അവള്‍ ഏങ്ങി   ഏങ്ങി   കരഞ്ഞു. ചെമന്ന പുള്ളികള്‍ ഉള്ള അവളുടെ ഉടുപ്പ് നനഞ്ഞു കുതിര്‍ന്നു.ശരീരം തണുത്തു വിറയ്ക്കുന്നു. പല്ലുകള്‍ കൂട്ടിത്തല്ലുന്നു. 
അവള്‍ സ്ലേറ്റും പുസ്തകവും താഴെ വെച്ച് ഉടുപ്പിന്റെ അരികു കൂട്ടിപ്പിടിച്ചു പിഴിഞ്ഞു..
............
ഹോ പള്ളിക്കൂടത്തിലെ രണ്ടാം മണിയും അടിച്ചു കഴിഞ്ഞു .മഴ തോള്ളിവിട്ടു തോര്‍ന്നിട്ടില്ല .തണുത്ത കാറ്റ് ഊതിക്കൊണ്ടേ ഇരിക്കുന്നു 
താമസിച്ചു ചെന്നാല്‍ ടീച്ചര്‍  വഴക്ക് പറയും   
പുസ്തകവും സ്ലെട്ടുമെടുത്ത് അടുക്കിപ്പിടിച്ചുകൊണ്ട്‌ അവള്‍ മഴയത്ത് കൂടി ഓടി.കാലു തെറ്റി വീണു .ഉടുപ്പില്‍ ചെളി പുരണ്ടു 
അത് കുറെ കൂടി കീറുകയും ചെയ്തു.മുട്ടുരഞ്ഞു.തൊലി പൊട്ടി.ചോര വന്നു.എങ്കിലും അവള്‍ വേദന അറിഞ്ഞില്ല.
പുസ്തകത്തിന്റെ ഒരു താള്‍ കേറിപ്പോയി.സ്ലെട്ടിന്റെ മൂല പൊട്ടി അവള്‍ മഴയത്ത് നിന്നു കരഞ്ഞു.
അവള്‍ ക്ലാസ് മുറിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ കുട്ടികള്‍ പൊട്ടിച്ചിരിച്ചു. 
ടീച്ചര്‍ മേശപ്പുറത്തു അടിച്ചു .അപ്പോള്‍ കുട്ടികള്‍ നിശബ്ദരായി.
"എന്തിനാ കുട്ടീ ഈ മഴയത്ത് വന്നത് ?കുടയില്ലായിരുന്നോ ?"
"ഇല്ല"
പോയി വരാന്തയില്‍ നിലക്കോ ക്ലാസ് മുറി വൃത്തികേടാക്കാതെ 
ടീച്ചര്‍ ചൂരല്‍ വടി കൊണ്ട് അവളെ വരാന്തയിലേക്ക്‌ മാറ്റി നിറുത്തി.
അവളുടെ ഹൃദയം നീറി .
മഴ ശമിചെങ്കിലും അവളുടെ കുഞ്ഞുകന്നുകള്‍ കണ്ണുനീര്‍ പെയ്തുകൊണ്ടിരുന്നു
(മുട്ടത്തു വര്‍ക്കി
-ഒരു കുടയും കുഞ്ഞു പെങ്ങളും)
 2 
  രാധ എന്ന പെണ്‍കുട്ടി
രാധ ഏഴാം ക്ലാസ് കഴിഞ്ഞു .അടുത്ത ഹൈസ്കൂള്‍ നാല് കിലോമീറ്റര്‍ ദൂരെ ആണ് .കുന്നിറങ്ങി പുഴ കടന്നു പോകണം. യാത്രാ സൗകര്യം വേണ്ടത്ര ഇല്ല. വീട്ടിലാണെങ്കില്‍ എടുപ്പത് പണി.വയ്യാത്ത അമ്മയെ സഹായിക്കണം.ഇത്രയും കഷ്ടപ്പെട്ട് എന്തിനാ പഠിക്കുന്നത്? അവള്‍ ആലോചിച്ചു. സ്കൂളില്‍ പോകാന്‍ മടിച്ചു.ജൂണില്‍ എട്ടാം  ക്ലാസിലെ ഹാജര്‍ ബുക്കില്‍ അവളുടെ പേര് ഇല്ലായിരുന്നു 
മൂന്നു മാസത്തിനു ശേഷം ആരൊക്കെയോ വന്നു നിര്‍ബന്ധിച്ചു .അവള്‍ വഴങ്ങി .സ്കൂളില്‍ പോയി തുടങ്ങി.പല ദിവസങ്ങളിലും വീട്ടിലെ പണിയൊക്കെ ഒതുക്കി സ്കൂളില്‍ എത്തുമ്പോള്‍ വൈകും.
ആദ്യമൊക്കെ ടീച്ചര്‍മാര്‍ രാധയോടു കാരണം അന്വേഷിച്ചു .ക്ലാസില്‍ കയറ്റി ഇരുത്തി.
കഴിഞ്ഞ മാസം  സുമതി ടീച്ചര്‍ ഓഫീസില്‍ വിളിച്ചു താക്കീത് നല്‍കി.ഇനി ആവര്‍ത്തിക്കരുത്  
അവള്‍ തലയാട്ടി 
അപ്പോള്‍ അവളുടെ കൊച്ചു വീട് മനസ്സില്‍ തെളിഞ്ഞു .
മനപ്പൂര്‍വമല്ലെങ്കിലും പിന്നെയും താമസിച്ചു വരേണ്ടി വന്നു 
സമയം കൂട്ടി മുട്ടിക്കാന്‍ ആവുന്നത് നോക്കി പറ്റുന്നില്ല
മിനിഞ്ഞാന്ന് അവളെ പരസ്യമായി ശാസിച്ചു.
ഇന്ന് ക്ലാസിനു പുറത്ത് നിറുത്തി.

'വൈകി ചേര്‍ന്നതിനാല്‍ പല കാര്യങ്ങളും മനസ്സിലാകുന്നില്ല ഇപ്പോള്‍ ഇറക്കിയും വിട്ടു .നാളെ മുതല്‍  ഇങ്ങോട്ടില്ല 'അവള്‍ വിചാരിച്ചു.

  • ഈ രണ്ടു സംഭവങ്ങള്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുക.അവകാശ നിയമത്തിലെ ഏതെല്ലാം കാര്യങ്ങള്‍ ആണ് ഇവിടെ ലഘിക്കപ്പെട്ടിരിക്കുന്നത്.
  • ....................................................................................
  • ....................................................................................
  • .........................................................................................
  • ............................................................................................
  • എന്ത് നിര്‍ദേശമാണ് നിങ്ങള്ക്ക് അവതരിപ്പിക്കാനുള്ളത്.? 
  •  ................................................................................
  •  ...............................................................................
  •  ................................................................................
  •  ...............................................................................
  •  ....................................................................................
വിദ്യാഭ്യാസ വകാശ നിയമ സെമിനാറില്‍ അവതരിപ്പിച്ച കേയ്സുകള്‍ ആണ് മുകളില്‍ കൊടുത്തത്


ബോധവത്കരണം അല്ല വിദ്യാഭ്യാസ പ്രവര്‍ത്തകരെ സൃഷ്ടിക്കലാണ്   അവകാശ നിയമ ചര്‍ച്ചകള്‍ വഴി വേണ്ടത്. ഈ ലക്ഷ്യത്തോടെ  സെമിനാറുകള്‍ നടത്തുന്നവര്‍ക്ക് ഉപയോഗിക്കാം  .
(ഫണ്ട് തീര്‍ക്കല്‍ ബോധവത്കരണം നടത്തുന്ന സുഹൃത്തുക്കള്‍ ഉപയോഗിക്കേണ്ട  )
എല്ലാ ചര്‍ച്ചകളും ചില തീരുമാനങ്ങളില്‍ എത്തണം . സ്കൂള്‍ തലത്തില്‍ പ്രത്യേകിച്ചും. അങ്ങനെ സാധിക്കണമെങ്കില്‍ എല്ലാവര്ക്കും ചര്‍ച്ച ചെയ്യാന്‍ വഴങ്ങുന്ന രീതിയില്‍ അവസരം ഉറപ്പാക്കുന്ന അവതരണ രീതി വേണ്ടി വരും.
വിദ്യാഭ്യാസ അവകാശ നിയമം നന്നായി നടപ്പാക്കാന്‍ നിങ്ങള്‍ എന്ത് ഇടപെടല്‍ നടത്തി ഇതുവരെ? 
അല്ലെങ്കില്‍ ഉടന്‍ നടത്തും?
പ്രതികരണം .....?

   

Saturday, April 28, 2012

വിദ്യാര്‍ഥികള്‍ക്ക് വീടൊരുക്കാന്‍ അധ്യാപകര്‍




28 Apr 2012
മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത നമ്മുടെ അധ്യാപകര്‍ ആരുടെ പക്ഷത്ത് നില്‍ക്കണം എന്ന് ഓര്‍മിപ്പിക്കുന്നു   വാര്‍ത്ത വായിക്കൂ )
അരീക്കോട്: സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികളുടെ രണ്ടു കുടുംബങ്ങള്‍ക്ക് വീടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമത്തിലാണ് മൈത്രി ഗവ. യു.പി. സ്‌കൂളിലെ അധ്യാപകര്‍. സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന മഞ്ജുവിനും സഹോദരന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സുനിലിനും അമ്മ ഓട്ടുപാറ സരോജിനിക്കും അമ്മയുടെ സഹോദരി ജാനകിക്കും അന്തിയുറങ്ങാനുള്ളത് കെട്ടിമറച്ചുണ്ടാക്കിയ ഒരു കുടിലാണ്. സരോജിനിക്കും ജാനകിക്കും മാനസികവും ശാരീരകവുമായ കാരണങ്ങളാല്‍ കൂലിപ്പണിക്കുപോലും പോകാന്‍ പറ്റില്ല.

വേറെ വിവാഹം കഴിച്ച് മാറിത്താമസിക്കുന്ന കൂലിപ്പണിക്കാരനായ അച്ഛന്‍ ചെലവിന് നല്‍കുന്ന തുച്ഛമായ തുകയാണ് നാലംഗ കുടുംബത്തിന്റെ ആശ്രയം. ആറ് സെന്റ് ഭൂമിയാണ് ആകെ സമ്പാദ്യം. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി പി.സി. റഷീദയുടെ കുടുംബത്തിന്റെ സ്ഥിതി ഇതിലും ദയനീയമാണ്. റഷീദയും ഉമ്മ പൂവാഞ്ചീരി ഖദീജയും മാനസിക ദൗര്‍ബല്യം ഉള്ളവരാണ്. അടച്ചുറപ്പുള്ള ഒറ്റ മുറി വീടുപോലും ഇവര്‍ക്കില്ല. നിത്യവൃത്തി കഴിയുന്നത് നാട്ടുകാരുടെ ഔദാര്യത്തിലാണ്.

  • മുതിര്‍ന്ന അധ്യാപികയായ എം.റംല പ്രശ്‌നം മറ്റ് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രധാനാധ്യാപകന്‍ എ.ഹരിദാസനും സഹപ്രവര്‍ത്തകരും നാട്ടുകാരുടെ സഹായത്തോടെ ഓരോ കൊച്ചുവീടുകള്‍ നിര്‍മ്മിച്ചുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

  • കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിയായ സ്‌കൂളിലെ അധ്യാപകന്‍ എം.മുനവ്വര്‍ ആ നാട്ടുകാരനായ ഒരു ഉദാരമതിയെ സരോജിനിയും കുട്ടികളും സഹോദരിയും താമസിക്കുന്ന സാഹചര്യം നേരില്‍ കാണിച്ചുബോധ്യപ്പെടുത്തി. അദ്ദേഹം വീടിന്റെ തറ നിര്‍മ്മിക്കാനുള്ള ചുമതല ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു കൊടുക്കുകയും ചെയ്തു. ചുമര്‍ നിര്‍മ്മിക്കാനുള്ള കല്ല് സ്‌കൂളിലെ അധ്യാപകര്‍ നല്‍കി. ഗ്രാമപഞ്ചായത്തില്‍ നിന്നും ഇ.എം.എസ്. ഭവന പദ്ധതിയില്‍ അനുവദിച്ച 75,000 രൂപ ഘട്ടം ഘട്ടമായി ലഭിക്കുന്ന മുറയ്ക്ക് ആ തുക ഉപയോഗിച്ച് ചുമര് പടുത്തുയര്‍ത്താനാവുമെന്നാണ് പ്രതീക്ഷ. ജനല്‍, വാതില്‍ തുടങ്ങി മേല്‍ക്കൂര വരെ നിര്‍മ്മിക്കേണ്ടതുണ്ട്. ജനപങ്കാളിത്തത്തോടെ ഇതിന് തുക സ്വരൂപിക്കാനാണ് ഉദ്ദേശ്യം.

ഖദീജയുടെയും മക്കളുടെയും വീട് അടച്ചുറപ്പുള്ളതാക്കാന്‍ ഒന്നര ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയ്ക്കുള്ള രൂപ ചെലവ് വരും. പരമാവധി തുക സംഭരിച്ചു നല്‍കാമെന്ന് അധ്യാപകരായ അബ്ദുസ്സലാമും ടി.ഖാലിദും ചേര്‍ന്ന് മുജാഹിദ് സംഘടനയില്‍ നിന്ന് വാഗ്ദാനം നേടിയെടുത്തിട്ടുണ്ട്. ബാക്കി അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് സ്വരൂപിക്കും

Thursday, April 26, 2012

ഏറ്റവും നല്ല സംഘടനാ പ്രവര്‍ത്തകര്‍ ഏറ്റവും നല്ല അധ്യാപകര്‍ ആയിരിക്കണം

ഏറ്റവും  നല്ല സംഘടനാ പ്രവര്‍ത്തകര്‍ ഏറ്റവും നല്ല അധ്യാപകര്‍ ആയിരിക്കണം   ,നല്ല സാമൂഹിക പ്രവര്‍ത്തകരും ആയിരിക്കും ഈ സത്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട കടമ പുരോഗമന അധ്യാപക പ്രസ്ഥാനത്തിന് ഉണ്ട്. സംഘടനാ പ്രവര്‍ത്തകരുടെ മികവിന്റെ പേരില്‍ ആയിരിക്കണം അവര്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ അറിയപ്പെടെണ്ടത് വിദ്യാലയത്തിന്റെ മികവുകളും പരിമിതികളും അധ്യാപകരുടെ ( അവിടെ ഉള്ള സംഘടനാ പ്രവര്‍ത്തകരുടെയും ) മികവും പരിമിതികളും ആയിട്ടാണ് സമൂഹം കാണുന്നത്.
വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങള്‍ ആക്കുന്നതിനു ബോധ പൂര്‍വമായ ഇടപടലുകള്‍ ഉണ്ടായിട്ടുണ്ട്. അതിനു ഇപ്പോള്‍ മാന്ദ്യം സംഭവിക്കുന്നുണ്ടോ? അത് അനുവദിച്ചു കൂടാ .നന്മകള്‍ നിലനിറുത്താനും ശക്തിപ്പെടുത്താനും ഉള്ള ഇടപെടല്‍ ഉണ്ടാകണം.പ്രവര്‍ത്തനങ്ങളും തന്ത്രങ്ങളും ഉണ്ടാകണം. സംഘടനാ പ്രവര്‍ത്തകരുടെ സ്കൂള്‍ എന്നാല്‍ മികവിന്റെ കേന്ദ്രം .
അവധിക്കാലത്ത്‌ സ്വസ്ഥമായി വിശ്രമിച്ചു സ്കൂള് തുറക്കുമ്പോള്‍ തുടങ്ങാം എന്നാണോ കരുതുന്നത്. അങ്ങനെ അടങ്ങി ഇരിക്കാന്‍ പറ്റുമോ ? വൈകിപ്പോയാല്‍ കൈവിട്ടു പോകുന്ന അവസരങ്ങള്‍ .വൈകേണ്ട. വെറുതെ ഇരിക്കാന്‍  ആവതില്ലേ എന്ന് ഓരോ അധ്യാപികയും /അധ്യാപകനും ചിന്തിക്കുന്ന അവസ്ഥ സൃഷ്ടിക്കൂ .. ഫോണും ഇ മെയിലും ഫെസ് ബുക്കും ഒക്കെ ഉണ്ടല്ലോ.. ചിന്തകളും അനുഭവങ്ങളും പങ്കിടൂ..
തിരുവനന്തപുരം ജില്ലയിലെ കെ എസ് ടി യെ പ്രവര്‍ത്തകര്‍ സജീവമാകുന്നു അവരുടെ സാമൂഹിക കടമ നിര്‍വക്കാന്‍ .അവരുടെ ചിന്തകള്‍ ഇവിടെ പങ്കു വെക്കുന്നു 
ഒരു കഴച്ചപ്പാട് രൂപീകരിക്കലാണ് ആദ്യം വേണ്ടത് .അവര്‍ ഇങ്ങനെ ചിന്തിച്ചു 
 ഇതിന്റെ ഓരോന്നിന്റെയും വിശദാംശങ്ങള്‍ ഓരോ സ്കൂളും  അവരുടെ സവിശേഷത കണക്കിലെടുത്ത് തീരുമാനിക്കണം. 'വികസനത്തിന്റെ സമീപസ്ഥ മണ്ഡലം'(zpd) ഇവിടെയും ബാധകം.
സ്വയ പ്രയത്നത്താല്‍ എത്തിചേരാവുന്നതും  മറ്റുള്ളവരുടെ സഹായത്താല്‍   കൈവരിക്കാവുന്നതുമായ ഉയര്‍ന്ന  നില ഫിക്സ് ചെയ്യണം. 
തുടക്കം അവധിക്കാലത്ത്‌ തന്നെ ആകട്ടെ .
 എട്ടു ദിവസത്തെ കൂട്ടായ്മ .

അവധിക്കാലെ പഠന മേളയിലെ പ്രവര്‍ത്തനങ്ങള്‍ ചുവടെ കൊടുക്കുന്നു
ഓരോ പ്രവര്‍ത്തനത്തിന്റെയും വിശദാംശങ്ങള്‍ 
1 . പുസ്തക പ്രദര്‍ശനം 
പുസ്തകങ്ങള്‍ അറിവ് നിര്‍മാണ പ്രക്രിയയില്‍ നന്നായി ഉപയോഗിക്കാന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. ഇതെല്ലാം ഉള്ളടക്കവുമായി ബന്ധപ്പെട്ടു പുസ്തകങ്ങള്‍ സ്കൂളില്‍ ഉണ്ട് എന്നറിയണം . അതില്‍ കൂടി ഒന്ന് കടന്നു പോകണം.  ഇനി ആവശ്യമുള്ളവ എതിനത്തിലാണ്. എങ്ങനെ ഈ പുസ്തകങ്ങള്‍  അടുത്തവര്‍ഷം കുട്ടികളുടെ അജണ്ടയാകും .എന്നോകെ ആലോചിക്കാനുള്ള കര്‍മപരിപാടി രൂപപ്പെടുത്താനുള്ള തുടക്കമാണിത്. സ്കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങളുടെ ക്രമീകരണം പ്രധാനപ്പെട്ടതാന്. അടുക്കും ചിട്ടയും ഇല്ലെങ്കില്‍ , വിതരണത്തിനു വ്യവസ്ഥയും ചുമതലയും ഇല്ലെങ്കില്‍ ഉപയോഗത്തിന് ലക്ഷ്യവും തുടര്‍ച്ചയും അംഗീകാരവും ഇല്ലെങ്കില്‍ ..ആലോചിക്കാവുന്നത്തെ ഉള്ളൂ
അവധിക്കാല വായനക്കൂട്ടം, പുസ്തക ചര്‍ച്ച ,സാഹിത്യസദാസ് , കവിയരങ്ങ്  ഒക്കെയാകാം.



ആദ്യം തീം തീരുമാനിക്കണം
സാദ്ധ്യതകള്‍ ആലോചിക്കുമ്പോള്‍ വഴങ്ങുന്നതും ലളിതവും ആകണം.
൧-പ്രക്രിയാപരം 
ഒരിഗാമി - കടലാസ് കൊണ്ട് രൂപം നിര്‍മിക്കുന്ന പ്രക്രിയ 
പാചക രീതി 
പരീക്ഷണങ്ങള്‍ 
൨- അവസ്ഥാപരം 
സ്കൂളിലെ മലിനീകരണ പ്രശ്നങ്ങള്‍ 
൩- വിജ്ഞാന പ്രദമായ അന്വേഷണം 
ദശ പുഷ്പങ്ങള്‍ അവയുടെ ഗുണങ്ങള്‍ 
൪- സാമൂഹം ജീവിതം 
ഒറ്റപ്പെടുന്ന കുട്ടികള്‍ 

തീം തീരുമാനിച്ചു കഴിഞ്ഞാല്‍ സ്ടോരി ബോര്‍ഡ് തയ്യാറാക്കണം  .ഇതൊക്കെ കുട്ടികള്‍ തന്നെ ചെയ്യണം. ചില സ്കൂളുകളും ബി ആര്‍ സികളും വാടകയ്ക്ക് എടുത്തവരെ കൊണ്ട് ചെയ്യിച്ചിട്ട് പിള്ളേരുടെ പേര് വെക്കുന്നത് പോലെ ആകരുത്.
ഒരു സിനിമയല്ല ലക്ഷ്യം ഒരു മാധ്യമത്തില്‍ കൂടിയുള്ള ആശയ പ്രകാശനവും പഠനവും കൂടിയാണ്.
പ്രവര്‍ത്തനങ്ങള്‍ ഒറ്റ നോട്ടത്തില്‍
തിരുവനന്തപുരത്തെ കെ എസ ടി എ അധ്യാപകര്‍ തീര്‍ച്ചയായും അക്കാദമിക സമരത്തിന്റെ ഒരു പത ഒരുക്കി എടുക്കുകയാണ് .അവര്‍ നല്‍കുന്ന അനുഭവ മാതൃകകള്‍ നമ്മള്‍ക്ക്  പ്രതീക്ഷ നല്‍കുന്നു
നിങ്ങള്ക്ക് കൂട്ടിചേര്‍ക്കലുകള്‍ നടത്താം 
ഫണ്ട് കൊണ്ട് ചെയ്യിക്കുന്ന സര്‍ക്കാര്‍ പരിപാടികലെക്കാള്‍ ജനകീയമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്ഥായി ആയിരിക്കും 
എന്താണ് നിങ്ങളുടെ പ്രതികരണം ?


Sunday, April 22, 2012

അഫ്ഗാനിലെ പെണ്‍കുട്ടികള്‍ ഇപ്പോഴും വേട്ടയാടപ്പെടുന്നു

ഈ ക്രൂരതയില്‍  പ്രതിഷേധിക്കുക
പ്രതികരിക്കുക 
ടൈംസ് ഓഫ് ഇന്ത്യയില്‍ ഏപ്രില്‍ പതിനേഴിന് വന്ന വാര്‍ത്ത ഞെട്ടിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ കുണ്ടുസ്(KUNDUZ) പ്രദേശത്തുള്ള  സ്കൂളില്‍ പഠിക്കുന്ന 150 പെണ്‍ കുട്ടികള്‍ക്ക് തലവേദനയും ചര്ട്ടിയും . കാരണം അവര്‍ കുടിക്കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തി ! താലിബാനിസത്തിന്റെ കൈകള്‍ ഇപ്പോഴും ഇസ്ലാം ഭീകരത അഴിച്ചു വിടുകയാണ് 
നന്മയുടെ മതത്തെ ചില ദുഷ്ടശക്തികള്‍  ദുരുപയോഗം ചെയ്യുകയാണ്

മറ്റു മാധ്യമങ്ങളിലും പല വാര്‍ത്തകള്‍ വരുന്നുണ്ട്.   ബാമ്യാന്‍ , നാഹൂര്‍ മാളിസ്ടാന്‍ ,ഹസാര തുടങ്ങിയ പ്രദേശങ്ങളിലും ആക്രമണങ്ങള്‍ നടക്കുന്നു ആസിഡ് മുഖത്ത് എറിയുക .അപായപ്പെടുത്തുക എന്നിവ കൊണ്ട് പെണ്‍ കുട്ടികളെ പിന്തിരിപ്പിക്കാനാണ്‌ ശ്രമം.
സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യേണ്ടതില്ല .വീട്ടിലെ വേലകള്‍ ചെയ്തു പുരുഷന് അടിമയായി കഴിഞ്ഞാല്‍ മതി.അതാണ്‌ ഇസ്ലാം അനുശാസിക്കുന്നത് എന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു 
അഫഗാനിസ്ഥാനിലെ വാര്‍ത്തകള്‍ ഒന്നും നമ്മുടെ പത്രങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല എന്താണ് കാരണം.? ഇത്തരം കാര്യങ്ങള്‍ നമ്മുടെ ചരിത്ര പാഠപുസ്തകം ഉള്‍ക്കൊള്ളുമോ ? എങ്കിലല്ലേ അതിനെ നിരാകരിക്കുന്ന മനോഭാവം വളരൂ .ഇതൊക്കെ ഉള്‍പ്പെടുത്താനും ആര്‍ക്കും ധൈര്യമില്ല 
'സഭയെ നോവിക്കും ഹിന്ദുവിനെ /ഇസ്ലാമിനെ നോവിക്കും' എന്നൊക്കെ മുന്‍ വിധി !
തിന്മകള്‍ എതിര്‍ക്കപ്പെടണം
"
But the way forward for girls is not easy—extremists in Afghanistan are doing their best to terrorize them out of going to school
In 2008 alone, there were 283 violent attacks on schools, resulting in 92 dead and 169 injured. Despite the obstacles and threats, Afghan girls are hungrier than ever for education. "Over 2.2 million girls are now in school," said Fazlul Haque, "and we expect a 20 percent increase in primary school enrollment for girls by 2013, with help from UNICEF education programs." 
-UNICEF
താലിബാന്‍ അധികാരം കയ്യടക്കിയ കാലത്ത്   (  1996   -    2001  )പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചു  32% ആയിരുന്ന പെണ്‍ പങ്കാളിത്തം  6 .4% ആയി കുറഞ്ഞു 
ചില കണക്കുകള്‍ കൂടി നോക്കാം 
അഞ്ചാം ക്ലാസ് കഴിയുമ്പോള്‍ (11 വയസ് )കൊഴിഞ്ഞു പോക്ക് കൂടുന്നു. അല്ലെങ്കില്‍ പെണ്‍ കുട്ടി കൂടുതല്‍ പഠിക്കേണ്ട എന്നാ വിലക്ക് !

ഉയര്‍ന്ന വിദ്യാഭ്യാസം നിഷേടിക്കുംപോള്‍ പൊതു ഇടങ്ങളില്‍ ശ്ട്ര്രെ ഉണ്ടാകില്ല അറുപത്തി ഒന്‍പതു വനിതാ പാര്‍ലമെന്റ് അംഗങ്ങള്‍ ഉണ്ടെന്നത് ശരി തന്നെ പക്ഷെ ഇതല്ലേ സ്ഥിതി ! അധ്യാപികമാരെ കിട്ടുന്നത് എങ്ങനെ? അവര്‍ക്ക് എതിരെയും ആക്രമണം നടക്കുന്നു.

ഒന്നാമത്തെ ഒഴികെ മറ്റെല്ലാം ഭീകരവാദികളുടെ ഇടപെടല്‍ കൊണ്ട് വഷളായ കാരണങ്ങള്‍. അവള്‍ ഒരു ശരീരം മാത്രമാണ് എങ്കില്‍ നേരത്തെ കല്യാണം കഴിച്ചുകൂടെ? ഇങ്ങനെ വികലമായ ചിന്തകള്‍ ഒരു മതത്തിന്റെ പേരില്‍..!
ജനാധിപത്യ ബോധവും വിശ്വാസവും വിപരീത ധ്രുവങ്ങള്‍ ആണോ?


Friday, April 20, 2012

സ്കൂള്‍ ക്ലസ്ടരുകള്‍ നമ്മെ രക്ഷിക്കുമോ ശിക്ഷിക്കുമോ?

കേരളത്തില്‍ ക്ലസ്റര്‍ വീണ്ടും ചര്‍ച്ച ആകുകയാണ്. ഇത്തവണത്തെ ചര്‍ച്ച സവിശേഷമാണ്. ക്ലസ്റര്‍ ട്രെയിനിംഗ് നടത്താന്‍  മുപ്പത്തിരണ്ട് കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുവദിച്ചു എന്ന് വിദ്യാഭ്യാസ മന്ത്രി.
  • "തിരുവന്തപുരം:April 17: സംസ്ഥാനത്തെ   വിദ്യാഭ്യാസ വികസനത്തിന്  സര്‍വ്വശിക്ഷാ അഭിയാന്‍  വഴി 523.01 കോടി രൂപ ചിലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി   വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
  • അധ്യാപക പരിശീലനത്തിന് 38.68 കോടി വിനിയോഗിക്കും. 1,28,936 അധ്യാപകര്‍ക്കാണ്  പരിശീലനം നല്‍കുക. പാഠപുസ്തകം, കൈപ്പുസ്തകം, കരിക്കുല വിനിമയം, മൂല്യനിര്‍ണയ രീതി,  ക്ലാസ് മുറിയിലെ ദൈനംദിന പ്രശ്‌ന പരിഹാരം എന്നിവയ്ക്കാണ് പരിശീലനം നല്‍കുക.                                                             
  • അവധിക്കാലത്തെ പരിശീലനം, ക്ലസ്റ്റര്‍ ഒത്തുചേരല്‍ എന്നിവ                 ഇതില്‍പെടും.  "                                            
എല്‍ പി യു പി സ്കൂളുകളെ യോജിപ്പിച്ച് ക്ലസ്ടരുകള്‍ ആരഭിക്കുമെന്നു വിദ്യാഭ്യാസ വകുപ്പ്.
  • '..എല്‍.പിയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലും യു. പിയില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുമുള്ള സ്‌കൂളുകളെ ചേര്‍ത്താണ് ക്ലസ്റ്ററുകള്‍ രൂപവത്കരിക്കുക. ക്ലസ്റ്ററുകളില്‍ നല്‍കുന്ന പരിശീലനത്തിനായി ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, വര്‍ക്ക് ആന്‍ഡ് സ്‌കൂള്‍ - ആശ്വാസ് - പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. 
  • കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളുടെ ക്ലസ്റ്റര്‍ രൂപവത്കരിക്കുന്നത്. കല, കായികം, പ്രായോഗിക പരിശീലനം എന്നിവയില്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നുണ്ട്. ഇതിനായി എല്ലാ സ്‌കൂളുകളിലും അധ്യാപകരെ നിയമിക്കുന്നത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാലാണ് ക്ലസ്റ്റര്‍ രൂപവത്കരിക്കുക.'
ഇതാണ് പത്രത്തില്‍ വന്ന വാര്‍ത്ത 
ഇത് കൂടാതെ 1300  ക്ലസ്റര്‍ കോര്‍ഡിനേട്ടര്‍മാരെ നിയമിക്കുന്നതിനു സര്‍വ ശിക്ഷാ അഭിയാന് പണം കിട്ടിയിട്ടുണ്ടെന്നും അറിയുന്നു.
ചില അവ്യക്തതകള്‍ -

  •  -യു പി ക്ലസ്ടരില്‍  എട്ടാം ക്ലാസും കൂടി വരുമോ ?
  •  -സ്കൂള്‍ ക്ലസ്റര്‍ എന്നാല്‍ ഇത്തരം സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ജോലി ക്രമീകരണം മാത്രമായി പരിമിതപ്പെടുമോ?
  •  - വിശാല അര്‍ത്ഥത്തില്‍ സ്കൂള്‍ ക്ലസ്റര്‍ ഗുണനിലവാരം ഉയര്‍ത്താനുള്ള അവസരമാക്കി മാറ്റുമോ?
തീര്‍ച്ചയായും മൂന്നാമത് സൂചിപ്പിച്ചതിലേക്ക് ചര്‍ച്ചകള്‍ വികസിക്കണം .അതിനുള്ള ആലോചന യാണിവിടെ
1. സ്കൂള്‍ ക്ലസ്റര്‍ പുതിയ എര്പാടാണോ ?
അല്ല. 1940  കള്‍ മുതല്‍ ലോകത്ത് സ്കൂള്‍ ക്ലസ്ടരുകള്‍ പല പേരുകളില്‍ നിലവില്‍ ഉണ്ട് 
2. ആദ്യകാല ക്ലസ്ടരുകള്‍ ഏതു രാജ്യത്തായിരുന്നു?
ബ്രിട്ടനിലും കോളനി രാജ്യങ്ങളിലും  
3. എന്തായിരുന്നു അതിന്റെ ലക്‌ഷ്യം?
ഗ്രാമീണ വിദ്യാലയങ്ങളെ മുന്നില്‍കണ്ടാണ് അന്ന് ക്ലസ്റര്‍ വിഭാവനം ചെയ്തത്. വിഭവങ്ങള്‍ പരസ്പരം പങ്കിടുക അതായിരുന്നു മുഖ്യ ലക്‌ഷ്യം .ക്ലസ്റര്‍ സെന്ററിനെ വിഭവത്തറവാട് എന്ന് വിളിക്കാം. അധ്യാപകരുടെ കൂട്ടായ്മ , ഭരണ നിര്‍വഹണ സൗകര്യം ഒക്കെ ഇതിനു പിന്നില്‍ ഉണ്ട്.
4. ഇപ്പോള്‍ ക്ലസ്ടരുകള്‍ ഏതൊക്കെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു ?
പല പേരുകളാണ് പല രാജ്യങ്ങളില്‍ 
  • Teacher Resource Centre (TRCs) -UK, Nepal
  • Microcentros -Chile
  • Teacher Activity Centres-Kenya
  • The Teacher Group -Latin America
  • New York State Teacher Centre -NewYork
  • Cluster Resource Centre -India
  • Education Action Zones -UK
ഇങ്ങനെ പല രൂപങ്ങളില്‍ മിക്ക രാജ്യങ്ങളിലും ഈ സംവിധാനം ഉണ്ട് .
5. ക്ലസ്ടരുകള്‍ നിറുത്തലാക്കണം എന്ന് ഒരു അധ്യാപക സംഘടന ഈ വര്ഷം ആവശ്യപ്പെട്ടിരുന്നല്ലോ ?
അതെ അവര്‍ ക്ലസ്റര്‍ പരിശീലനത്തെ ആണ് ഉദ്ദേശിച്ചത്. മുന്‍ വര്‍ഷങ്ങളിലെ ബഹിഷ്കരണത്തിനു സാധൂകരണം നല്‍കാനാകും ആ ഡിമാന്റ്  . അവര്‍ അറിയേണ്ട കാര്യം ന്യൂ യോര്‍ക്കില്‍ ഈ സംവിധാനത്തിന്റെ  നടത്തിപ്പുകാര്‍ അധ്യാപക സംഘടനകള്‍ ആണെന്നാണ്‌. അതിന്റെ നിര്‍വഹണ സമിതിയില്‍ അധ്യാപക സംഘടനയുടെ നോമിനികള്‍ ഉണ്ടാകും 
6. ന്യൂയോര്‍ക്കില്‍  അധ്യാപക സംഘടനകള്‍ ഇതില്‍ താത്പര്യം കാട്ടാന്‍ കാരണം ?
തൊഴിലെടുക്കുന്ന അധ്യാപകരുടെ നന്മയ്ക്ക് വേണ്ടിയാണ് സംഘടന. തൊഴില്‍പരമായ ക്ഷമത ഉയര്‍ത്താന്‍ അധ്യാപകരെ സഹായിക്കുക സംഘടനകളുടെ ബാധ്യത ആണ്. പണി എടുക്കുന്ന മേഖലയെ ശക്തമാക്കാന്‍ വേണ്ട അക്കാദമിക പ്രവര്‍ത്തനങ്ങളും സംഘടനകള്‍ അവിടെ ഏറ്റെടുക്കുന്നു. തൊഴില്‍മേഖല ശക്തിപ്പെടുത്തുക.ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക, പഠനസാമഗ്രികള്‍ വികസിപ്പിക്കുക ഇവയൊക്കെ പരിഗണനകള്‍ .ഓരോ സെന്ററിനും സ്വന്തം ലക്‌ഷ്യം .ചില ഇടങ്ങളില്‍ പൂര്‍ണ സമയ ഡയരക്ടര്മാര്‍  . 
വിശദാംശങ്ങള്‍ അവരുടെ പ്രസിദ്ധീകരണത്തില്‍ നിന്നും വായിക്കാം 
7. ഇവിടുത്തെ ക്ലസ്ടരുകള്‍ ദുര്‍ബലം ആണല്ലോ ?
അതെ, തുടക്കത്തിലെ പാളി. വികേന്ദ്രീകരണം  ഇവിടെ അലര്‍ജിയാണ്. 'എല്ലാം അറിയാം എന്ന സര്‍വജ്ഞ ഭാവം' . പിന്നെ ലോകത്ത് നടക്കുന്ന പ്രവണതകളില്‍ നിന്നും പാഠം പഠിക്കില്ല. ദുര്‍ബലമാനെങ്കില്‍ നന്നാക്കാനല്ല ഉള്ളതും കൂടി നശിപ്പിക്കാന്‍ പഴുതുണ്ടോ എന്നാണു നോക്കുന്നത്. ഇതൊക്കെ ആണെങ്കിലും അന്വേഷണങ്ങള്‍ തുടര്‍ന്നേ പറ്റൂ . കൂടുതല്‍ മികവിനായി പ്രവര്‍ത്തിച്ചേ പറ്റൂ .അതിനായി ക്ലസടരുകളെ പുനസംഘടിപ്പിക്കണം. ക്ലസ്റര്‍ റിസോഴ്സ് സെന്ററും ക്ലസ്റര്‍ പരിശീലനവും രണ്ടു ധാരയില്‍ ആണ് ഇവിടെ നീങ്ങിയത്. 
8. ക്ലസ്റര്‍ റിസോഴ്സ് സെന്ടരിനു എന്തൊക്കെ ധര്‍മങ്ങള്‍ വഹിക്കാനുണ്ട് എന്നറിയാതെ ..?
അതെ സാധ്യതകള്‍ പരിശോധിക്കണം .എന്നിട്ട് ഉചിതമായ തീരുമാനം എടുക്കണം 
ആദ്യം വേണ്ടത് ഒരു സമീപനം ആണ് .സി ആര്‍ സി ഒരു കെട്ടിടമോ അതോ ഒരു തന്ത്രമോ ? കേവലം  കെട്ടിടം  മാത്രമേ  വേണ്ടുള്ളൂ എന്കില്  ഒരു  എച്  എമിനെ  ചുമതല  ഏല്പിച്ചു  വഴിപാടു  പ്രവര്‍ത്തനം  ചെയ്‌താല്‍  മതി .അതല്ല ഗുണനിലവാരം ഉയര്‍ത്താനുള്ള തന്ത്രം ആയി സി ആര്‍ സികളെ കാണുന്നുവെങ്കില്‍ അതിനു തക്ക പരിപാടികള്‍ വേണം .(കഴിഞ്ഞ സര്‍ക്കാരിന്റെ ആദ്യ വര്ഷം പഞ്ചായത്ത് അടിസ്ഥാനത്തില്‍ അധ്യാപക കൂട്ടായ്മ രൂപീകരിക്കാനുള്ള നീക്കം നടന്നു.ആദ്യ യോഗവും .പിന്നെ എതിര്‍പ്പുണ്ടായി .പഞ്ചായത്തുകള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാന്‍ പോകുന്നു എന്ന് ആരോപണം. മതം രംഗത്ത്‌ വന്നു . ഗുണനിലവാരമുള്ള മതം ഇല്ലാതെ പോയി )
  • വിദ്യാലയ ഗുണത്ത ഉയര്‍ത്താനാണ് ഈ പ്രാദേശിക സംവിധാനം ( സി ആര്‍ സി ) പ്രവര്‍ത്തിക്കേണ്ടത്
  • സ്വയം തീരുമാനങ്ങള്‍  എടുക്കാനും പരിപാടികള്‍ ആസൂത്രണം ചെയ്യാനും അനുവദിക്കണം
  • വിഭവങ്ങള്‍ പരസ്പരം പങ്കിടുന്നതിന് നിയമം ഉണ്ടാകണം.
  • സാമ്പത്തിക സഹായം എല്ലാ ഏജന്‍സികളും നല്‍കണം( പഞ്ചായത്ത്, പി ടി എ, എസ എസ എ , വിദ്യാഭ്യാസ വകുപ്പ് ...)
  • എല്ലാവര്ക്കും എത്തിച്ചേരാന്‍ പറ്റുന്ന   കേന്ദ്രം ക്ലസ്റര്‍  റിസോഴ്സ് സെന്ററിനു   തെരഞ്ഞെടുക്കുമ്പോള്‍ തന്നെ അത് ഒരു മികച്ച വിദ്യാലയം കൂടി ആയിരിക്കണം.
  • പത്തോ ഏറിയാല്‍ പതിനഞ്ചോ വിദ്യാലയങ്ങള്‍ അത്രയുമേ ആകാവൂ .എല്‍ പി ക്കും യു പി ക്കും വേറെ വേറെ സെന്ററുകള്‍ വേണം.യാതൊരു കാരണവശാലും ബി ആര്‍ സികള്‍ ആകരുത്. 
  • വികേന്ദ്രീകൃതാസൂത്രണത്തെ പ്രോത്സാഹിപ്പിക്കണം.പക്ഷെ അത് യാന്ത്രികമാകരുത്. 
കെനിയയുടെ ടീച്ചര്‍ ആക്ടിവിടി സെന്ററിന്റെ സമീപനം ആണ് മുകളില്‍ കൊടുത്തത്. അധ്യാപികയുടെ പ്രൊഫഷനല്‍ ഡെവലപ്മെന്റ് എത്ര പ്രാധാന്യമുള്ളതാണ് അവര്‍ക്ക് .ഒരു വിഷന്‍ ഉള്ളവര്‍ക്ക് മാത്രമേ മനസ്സ് അര്പിച്ചു പ്രവര്ത്തിക്കാനാകൂ 
9. റിസോഴ്സ് സെന്റര്‍ എന്ന ആശയം ഇനിയും വ്യക്തമായില്ല .ഉദാഹരണം നല്‍കാമോ?
ഫ്രാന്‍സില്‍ ഈ സെന്ററിലെ അധ്യാപകരുടെ സേവനം അതിന്റെ പരിധിയില്‍ ഉള്ള സ്കൂളുകള്‍ക്ക് നല്‍കും. കല, സംഗീതം ,കായികം, വിദേശ ഭാഷാ പഠനം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അവിടെ ഈ രീതി ഉപയോഗിക്കുന്നു. ഇപ്പോള്‍ നമ്മുടെ കേരളത്തില്‍ പരീക്ഷിക്കാന്‍ പോകുന്നതും ഈ വിഭവക്കൈമാറ്റം ആണ് 
ചില സ്കൂളുകളിലെ വിഷയാധ്യാപകര്‍ക്കും മറ്റു സ്കൂളുകളില്‍ അതിഥി അദ്ധ്യാപകന്‍ ആകാം .ചില പഠനതന്ത്രങ്ങള്‍ പ്രയോഗിച്ചു ബോധ്യപെടുത്താന്‍ .
  • കഴിവുള്ള അധ്യാപകര്‍ ഉണ്ടാകണം .എങ്കിലേ കഴിവ് പങ്കു വെക്കാന്‍ ആകൂ.
  • റിസോഴ്സ് സെന്ററില്‍ ഇന്റര്‍ നെറ്റ് സംവിധാനം ഉണ്ടാകണം. ആ ക്ലസ്ടരിലെ ഏതു അധ്യാപികയ്ക്കും അവിടെ വന്നു നെറ്റില്‍ നിന്നും വിഭവങ്ങള്‍ ഡൌന്‍ലോഡ് ചെയ്യാന്‍ കഴിയണം.പിശുക്ക് കാട്ടുന്ന നയങ്ങള്‍ പാടില്ല.
  • സെന്ററില്‍  ലാപ് ടോപ്പുകളും എല്‍ സി ഡി പ്രോജക്ടരുകളും ക്യാമറയും വീഡിയോ ക്യമും ഒക്കെ ഉണ്ടാകണം അത് സ്കൂളുകള്‍ക്ക് കൊണ്ടുപോയി ഉപയോഗിക്കാന്‍ ഉള്ളത്.
  • ഫാക്സ്, പ്രിന്റര്‍ തുടങ്ങിയ സംവിധാനങ്ങള്  ‍, വീഡിയോ ലൈബ്രറി, ലൈബ്രറി , പഠനോപകരണങ്ങള്‍ ,വര്‍ക്ക് ഷീറ്റ് , ചോദ്യ ബാങ്ക്, ഗവേഷണ റിപ്പോര്‍ടുകള്‍, കൈപ്പുസ്തകങ്ങള്‍ , മാതൃകാ ക്ലാസുകളുടെ സി ടികള്‍ , ജേര്‍ണലുകള് ‍, മികവിന്റെ തെളിവുകള്‍..
  • ഗവേഷണം ഏറ്റെടുക്കല്‍ 
  • പഠന സാമിഗ്രികള്‍ വികസിപ്പിക്കല്‍ 
  • സ്വയം പഠനത്തിനുള്ള അവസരങ്ങള്‍ ഒരുക്കല്‍
  •  അധ്യാപകരുടെ ദിനംദിന സംശയങ്ങള്‍ക്ക് ഓണ്‍ ലൈന്‍ വിഭവ പിന്തുണ  
  • ഇ റിസോഴ്സ് ഒക്കെ ആലോചിക്കാം 
  • സാങ്കേതിക വിദ്യയുടെ ഏറ്റവും നല്ല പ്രയോഗം 
  • ഓരോ സ്കൂളിനെയും അക്കാദമിക നെറ്റ് വര്‍ക്കില്‍ കിട്ടുന്ന അവസ്ഥ 
  • ഓണ്‍ ലൈന്‍ /ബ്ലോഗ്‌ /വെബ് ഷയറിംഗ്
  • ക്ലാസ്/ സബ്ജക്റ്റ് സി ആര്‍ സി  ബ്ലോഗ്‌  
  •   
നാമ്പിയയില്‍  സ്കൂള്‍ മാപ്പിംഗ് , ബേസ് ലൈന്‍ സ്റ്റഡി എന്നിവ നടത്തിയിട്ടാണ് ക്ലസ്റര്‍ ആരംഭിച്ചത്.പുരോഗതി അറിയണമല്ലോ. ഇങ്ങനെ ഓരോ ക്ലസ്ടരും എവിടെ തുടങ്ങി ഇപ്പോള്‍ എവിടെ എത്തി എന്ന് അറിയാന്‍ കഴിയണം.അപ്പോഴാണ്‌ തനതു പരിപാടികളും ഗവേഷണവും നടക്കുക. അക്കാദമികമായ മത്സരം സ്വാഭാവികം.
കമ്പോടിയയിലെ തുടക്കവും വ്യാപനവും മറ്റൊരു മാതൃക ആണ്.അവര്‍ ആദ്യം നാല് പ്രൊവിന്‍സില്‍ ആരംഭിച്ചു. പയലറ്റു  പ്രോഗ്രാം.അതിന്റെ നേട്ട കോട്ടങ്ങള്‍ വിശകലനം ചെയ്തിട്ടാണ് വ്യാപിപ്പിച്ചത് ഇപ്പോള്‍   അവിടെ 925 സ്കൂള്‍ ക്ലസ്ടരുകള്‍ ഉണ്ട് .
10. സ്കൂള്‍ ക്ലസ്റര്‍ നേതൃത്വം കഴിവുള്ള ആളല്ലങ്കില്‍  ‍..?
കഴിവ് വളര്‍ത്തി എടുക്കാന്‍ കഴിയും. ആദ്യം പൂര്‍ണ ചുമതല  ഉള്ള ഒരാള്‍ ഉണ്ടാകട്ടെ. സി ആര്‍ സി കോര്‍ഡിനേട്ടര്‍ ആയി ഒരു അധ്യാപികയെ നിയമിക്കട്ടെ. റിസോഴ്സ് പെഴ്സന്‍ കൂടി ആകണം അദ്ദേഹം . പത്തോ ഇരുപതോ ദിവസത്തെ പരിശീലനം നല്‍കി സജ്ജമാക്കണം. പ്രായോഗിക പരിശീലനവും വേണം . ധാരണയും കഴിവും ഉള്ള ഒരു ഗവേഷക മനസ്സ് രൂപപ്പെടട്ടെ. 
ഈ നിയമനം കൊണ്ട് മാത്രം ആയില്ല .മറ്റു രാജ്യങ്ങളില്‍ മേല്‍നോട്ട സമിതികള്‍ ഉണ്ട്.
ലോക്കല്‍ ക്ലസടര്‍ സ്കൂള്‍ കമ്മറ്റി ( കമ്പോഡിയ )
ക്ലസ്റര്‍ മാനെജ്മെന്റ് കമ്മറ്റി (നാമ്പിയ )
റിസോഴ്സ് സെന്റര്‍ മാനെജ്മെന്റ് കമ്മറ്റി (നേപ്പാള്‍ )
ഇത് പോലെ നിര്‍വഹണ മേല്നോട്ടം വഹിക്കാന്‍ അക്കാദമിക ധാരണ ഉള്ള സമതികള്‍ രൂപീകരിക്കണം. അവരുടെ മുന്‍പാകെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ടുകള്‍ അവതരിപ്പിക്കണം .ഉപദേശക സമിതിയുടെ നിര്‍ദേശങ്ങള്‍ പ്രധാനം.
നടക്കുമോ സ്വപ്നങ്ങള്‍ ?
പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടാകണം 
എങ്കിലേ പ്രവര്‍ത്തിക്കാന്‍ ആകൂ
സമഗ്രമായ ഒരു സമീപന രേഖയുടെ അടിസ്ഥാനത്തില്‍ തുടങ്ങണം.
അപ്പോള്‍ ഉണ്ടാകുന്ന ആവശ്യം കണക്കിലെടുത്തുള്ള താത്കാലിക പരിഹാരം അല്ല വേണ്ടത്.
---------------------------------
'അമ്മ വിദ്യാലയം' -സര്‍ക്കനിന്റെ കരടു വായിക്കുക 
  RTE - Structural Changes (Draft) PDF File

Thursday, April 19, 2012

വാര്‍ത്താ പാതകങ്ങള്‍

ക്ഷമിക്കണം,
ചിലത് ചൂണ്ടിക്കാണിക്കുന്നത് ആരെയും നോവിക്കാനല്ല .
ഈ വാര്‍ത്താ ബോര്‍ഡ് ഒരു എല്‍ പി സ്കൂളില്‍ കണ്ടത്.
ഒരു മുടിഞ്ഞ ലോകത്തെ പരിചയപ്പെടുത്താനാണോ സ്കൂളുകാര്‍ എന്നും ഈ പരിപാടി നടത്തുന്നത്. അവരുടെ  മനോഭാവത്തെ വികലമാക്കാനും സര്‍വ ദുഷ്ടത്തരവും പരിചയപ്പെടുത്താനും വാര്‍ത്താ ബോര്‍ഡ് ഉപയോഗിക്കുന്ന പള്ളിക്കൂടം..
നോക്കൂ ഈ വാര്‍ത്ത എഴുതിയ കുട്ടിക്ക് അത് പ്രദര്‍ശിപ്പിച്ച സ്കൂളിലെ അധ്യാപകര്‍ക്ക് നന്മയുടെ ഒരു പ്രകാശം പോലും ഉള്ള വാര്‍ത്തകള്‍ കിട്ടാഞ്ഞിട്ടാണോ ഈ പാതകം .?



വാര്‍ത്ത എഴുത്തും പഠനമാണ് .അത് കുട്ടികളെ സ്വാധീനിക്കും. 
ഒരിക്കല്‍ പത്തനംതിട്ട നഗരത്തിലെ ഒരു സ്കൂളിലെ വാര്‍ത്ത ഞാന്‍ കണ്ടു .അത് ക്ലിന്റനും മോണിക്കയും നടത്തിയ ... ആണ്. സമാനമായഎഴുതല്‍ രീതി പല സ്കൂളുകളിലും ..?!
നമ്മുടെ അധ്യാപകരില്‍ ചിലര്‍ക്ക് സാമാന്യ ബോധം പോലും ഇല്ലേ ?
വാര്‍ത്തകള്‍ കുട്ടികള്‍ തെരഞ്ഞെടുക്കണം. 
സ്കൂളില്‍ എന്ത് വാര്‍ത്ത അവതരിപ്പിക്കണം എന്ന് തീരുമാനിക്കുമ്പോള്‍ ചില പൊതു ധാരണകള്‍ വേണം 
  • ലോകത്തിലെ , ഇന്ത്യയിലെ ,കേരളത്തിലെ, ജില്ലയിലെ , സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ.ഏറ്റവും പ്രധാനപ്പെട്ടതും കുട്ടികള്‍ അറിയേണ്ടതുമായ വാര്‍ത്ത, .വാര്‍ത്തകള്‍ ആണ് അവതരിപ്പിക്കേണ്ടത് 
  • ഓരോ ദിവസവും കുട്ടികളുടെ സമിതി കൂടി ഏതു  വാര്‍ത്ത അസംബ്ലിയില്‍ അവതരിപ്പിക്കണം ഇതു ബോര്‍ഡില്‍ എഴുതണം എന്ന് തീരുമാനിക്കണം
  • അതിനു ഒരു അധ്യാപികയുടെ മേല്‍നോട്ടം ഉണ്ടാകണം 
  •  വാര്‍ത്തകള്‍ കുട്ടികള്‍ അവതരിപ്പിക്കുമ്പോള്‍ ശീര്‍ഷകം മാത്രം പോരാ.
  • ഒന്നാം ക്ലാസിലെ കൂടി കുട്ടിയെയും മുന്നില്‍  കാണണം 
  • ലളിതമായ വിശദീകരണം കൂടി നല്‍കാന്‍ ഏര്‍പ്പാടുണ്ടാകണം 
  • വാര്‍ത്തകളോട് കുട്ടികളുടെ പ്രതികരണം ആകാം
അടുത്ത വര്‍ഷത്തേക്കുള്ള ഒരുക്കങ്ങള്‍ക്ക് ഇത് കൂടി പരിഗണിക്കണേ ..   

Saturday, April 14, 2012

ഇടതുപക്ഷ അധ്യാപക സുഹൃത്തുക്കളുടെ വിദ്യാലയം

എന്നോട് ഒരു സുഹൃത്ത് വിളിച്ചു ചോദിച്ചു .ഇടതുപക്ഷ അധ്യാപകരുടെ ശില്പശാല നടത്താന്‍ പോകുന്നു. എന്തെങ്കിലും നിര്‍ദേശം ഉണ്ടോ എന്ന്.
അപ്പോള്‍ ഞാന്‍  സുഹൃത്തിനോട് ഒരു ചോദ്യം ചോദിച്ചു .ചോദ്യങ്ങളാണല്ലോ അന്വേഷണത്തിന്റെ വിത്ത്.
ഇടതു പക്ഷ അധ്യാപക സുഹൃത്തുക്കള്‍ ഉള്ള വിദ്യാലയവും വലതു പക്ഷ ലോകവീക്ഷണം പുലര്ത്തുന്നവരുടെ വിദ്യാലയവും തമ്മില്‍ എന്തൊക്കെ പ്രകടമായ വ്യത്യാസങ്ങള്‍ കാണും? പ്രതീക്ഷിക്കുന്നു ?
മൂര്‍ച്ചയുള്ള ചോദ്യം സൂക്ഷ്മമായി ഉത്തരം വേണ്ട ചോദ്യം  കൂടുതല്‍ ചിന്ത വേണം.കൂടുതല്‍ വ്യക്തത വേണം. അതിനായി ആദ്യം ഞാന്‍ ഒരു മഹാഗുരുവിനെ തേടി. 
അധ്യാപകനായിരുന്ന എ കെ ജിയെ വീണ്ടും വായിച്ചു
എ കെ ജി എന്ന അധ്യാപകനെ കണ്ടെത്തുക .അദ്ദേഹത്തിന്റെ അനുഭവങ്ങളെ പാഠം ആക്കി മാറ്റുക . എന്റെ അന്വേഷണത്തിന്റെ  മാര്‍ഗം ഇതായിരുന്നു. പതിമൂന്നു    നിഗമനങ്ങളില്‍   ഞാന്‍  എത്തി  ചേര്‍ന്നു.അവ ആ  കണ്ടെത്തലുകള്‍ പങ്കിടാം .(ശീര്‍ഷകങ്ങള്‍ എന്റേത് )  .
1 . കുട്ടികള്‍ക്ക് വേണ്ടി/ കുട്ടികളെ അറിഞ്ഞുള്ള  അധ്യാപക മനസ് 
എ കെ ജിപറയുന്നു
  • 'ഞാന്‍ ഏകദേശം ഏഴു വര്ഷം പഠിപ്പിച്ചു. ആ ജോലി എനിക്ക് സന്തോഷ ദായകവും ഉന്മേഷകരവും   ആയിരുന്നു. കളങ്കമറ്റ ചെറിയ കുട്ടികള്‍  .ഞാന്‍ അവരുടെ എല്ലാം രക്ഷാധികാരിയാനെന്ന ബോധം. ധാരാളം ഒഴിവു ദിവസങ്ങള്‍ . പൊതു പ്രവര്‍ത്തനത്തിനുള്ള സന്ദര്‍ഭം. ജനങ്ങളുടെ സ്നേഹാദരങ്ങള്‍ ആര്ജിക്കാനുള്ള അവസരം. കനത്ത ജീവിത ക്ലേശം മറക്കാനും കുട്ടികളോടൊത്ത്തു കളിച്ചു ജീവിക്കാനുമുള്ള അവസരം.  -ഇതെല്ലാം എന്നെ മത്ത് പിടിപ്പിച്ചു.
  • അദ്ധ്യാപനത്തിനുള്ള എന്റെ താല്പര്യം വര്‍ധിച്ചു വന്നു . പണത്തിനു വേണ്ടി ജോലി ചെയ്യുന്ന ഒരധ്യാപകന്‍ എന്ന നിലയില്‍ നിന്നും ജനങ്ങളുടെ സുഹൃത്തായി പണിയെടുക്കുന്ന ഒരധ്യാപകന്‍ ആയി ഞാന്‍ മാറി . നേരം പുലരുമ്പോള്‍ മുതല്‍ ഒമ്പത് മണി വരെ ഞാന്‍ വിദ്യാര്തികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവരുടെ രക്ഷിതാക്കളുമായി സംസാരിക്കുകയും ചെയ്തു, പക്ഷെ ക്ലാസ് ആരംഭിക്കേണ്ട സമയത്ത് തന്നെ ഞാന്‍ സ്കൂളില്‍ എത്തിയിരുന്നു..'
താനാണ്   കുട്ടികളുടെ രക്ഷാധികാരി എന്ന് വിശ്വസിക്കുന്ന അദ്ധ്യാപകന്‍ വലിയ കടമയാണ് എല്കുന്നത്. രക്ഷിക്കാനുള്ള ആധികാരിക സ്ഥാനം വഹിക്കുമ്പോള്‍ ഏതെങ്കിലും കുട്ടി രക്ഷപെടാതിരുന്നാല്‍ അത് അധ്യാപകന്റെ  പരാജയം ആകും.
കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചു അവരുടെ കുടുംബങ്ങളെ അറിഞ്ഞു മുന്നേറുന്ന ഈ അധ്യാപക മനസ്സ് അധ്യാപനത്തെ സന്തോഷ ദായകവും ഉന്മേഷകരവുംആയി അനുഭവിച്ചു. ഇടതുപക്ഷ അധ്യാപക സുഹൃത്തുക്കള്‍ കുട്ടികളെ അറിയുന്നവര്‍ ആയിരിക്കണം.
അങ്ങനെ ഉള്ള സ്കൂളുകള്‍ നാട്ടില്‍ ഉണ്ട് . രണ്ടു ഉദാഹരണങ്ങള്‍ ഇതാ ..
 1. (അധ്യാപികമാര്‍ കുട്ടികളുടെ വീടുകളിലേക്ക്. .....)
 2. (പൂമാല സ്കൂളിലെ അധ്യാപകരുടെ സ്നേഹ പര്യടനം, )

കൃത്യ സമയത്ത് സ്കൂളില്‍ എത്തി ചേരുക. അതിനു ഒരു പ്രതിബദ്ധതയുടെ തുടിപ്പുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ചെയ്യാന്‍ ഒത്തിരി.വൈകിപ്പോയാല്‍ അവര്‍ക്ക് വിലപ്പെട്ടത്‌ പലതും നഷ്ടമാകും. കുട്ടികള്‍ക്ക് നഷ്ടമുണ്ടാകുന്ന ഒന്നും അധ്യാപകന്റെ ഭാഗത്ത് നിന്നും ഉണ്ടായികൂടാ.

 2 . എല്ലാ കുട്ടികളെയും പൊതു നിലവാരത്തില്‍ എത്തിക്കാനുള്ള ബാധ്യത സ്വയം ഏറ്റെടുത്തു പ്രവര്‍ത്തിക്കല്‍

  • 'തിരക്കിട്ട ഉച്ച ഭക്ഷണത്തിനു ശേഷം ഞാന്‍ പിന്നോക്കമായ കുട്ടികള്‍ക്കായി  പ്രത്യേകം ക്ലാസ് നടത്തി' എന്ന് എ കെ ജി ആത്മകഥയില്‍ എഴുതി 
എന്താണ് ഇതിന്റെ സന്ദേശം?. കുട്ടികള്‍ ആരും പിന്നില്‍ ആയിക്കൂടാ .അങ്ങനെ  ആകുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അധ്യാപകന് തന്നെ ആണ്. അതിനാല്‍ അവരെ പൊതു നിലവാരത്തില്‍  എത്തിക്കേണ്ട ബാധ്യത സ്വയം ഏറ്റെടുക്കാന്‍ മറ്റാരും നിര്‍ദേശിക്കാതെ   സ്വയം തയ്യാറാകണം. ഇങ്ങനെ ഉള്ള അധ്യാപകര്‍ ഇടതുപക്ഷഅധ്യാപകരുടെ കൂട്ടത്തില്‍ ഉണ്ടോ? ആത്മപരിശോധന ആകാം.
ഒരു മാതൃക -(കുട്ടികള്‍ക്കായി ഒരു വിദ്യാലയമനസ്സ് ) 
കൂടുതല്‍ അനുഭവങ്ങള്‍ -  പോര്‍ട്ട്‌ ഫോളിയോ -സങ്കല്പമല്ല യാഥാര്‍ത്ഥ്യം
                                        നിരന്തര വിലയിരുത്തല്‍ ക്ലാസുകളില്‍
                                       സമര്‍പ്പിത അധ്യാപനം ഇവിടെ ഈ സ്കൂളില്‍..



3 . കുട്ടികളുടെ സുഹൃത്തും സഹായിയും ആയിരിക്കുക 

  • 'സായാഹ്നങ്ങള്‍ കുട്ടികളോടൊത്തുള്ള കളികള്‍ക്കും അവധി ദിനങ്ങള്‍ പൊതു പ്രവര്‍ത്തനത്തിനും ഞാന്‍ മാറ്റി വെച്ചു .'
  • 'ഞാനവരുടെ   സുഹൃത്തും സഹായിയും ആയിരുന്നു.ഒരു നല്ല അദ്ധ്യാപകന്‍ എന്ന പേര് സമ്പാദിക്കാന്‍ ഞാന്‍ വളരെ ശ്രമിച്ചിരുന്നു'


നല്ല ഒരധ്യാപകന്‍ എന്ന പേര് സമ്പാദിക്കാന്‍ വളരെ ഏറെ ശ്രമിച്ചിരുന്നു എന്ന് പറയുമ്പോള്‍ എ കെ ജി എന്ന   ഗുരുനാഥന്‍ എല്ലാ അധ്യാപകര്‍ക്കും വഴിവെളിച്ചം പകരുകയാണ് . കൂടുതല്‍ അധ്യാപന മികവിലേക്ക് സ്വയം ഉയരാതെ ഇത് സാധ്യമാവുകയുമില്ല. 
കുട്ടികളുടെ  സുഹൃത്താവുക എന്നാല്‍ എന്തോ അപരാധം ആണെന്ന് കരുതുന്ന അധ്യാപകരാണ് കൂടുതലും. അവര്‍ ആജ്ഞ നല്‍കുന്നു. നിര്‍ദേശിക്കുന്നു. ഉപദേശിക്കുന്നു.ഇപ്പോഴും അധീശ ഭാവം നിലനിറുത്തുന്നു. പഴയ ചൂരലാശാന്‍മാരുടെ പിന്‍ഗാമികള്‍ ആണ് . ഒരു സുഹൃത്തിന് ഇങ്ങനെ ആകാന്‍ പറ്റുകയില്ല. ശുചീകരണം നടക്കുമ്പോള്‍ ഒപ്പം ഇണ്ടാകും. കളികളില്‍ പങ്കാളി ആകും. സുഹൃത്തിന്റെ  സങ്കടങ്ങള്‍ ഏറ്റു വാങ്ങും . സുഹൃത്തിന്റെ ക്ഷേമം ലക്ഷ്യമിടും. എല്ലാ വിധ സഹായവുമായി മനസ്സൊപ്പി   കൂടെ ഉണ്ടാകും. ഒരു ദിവസം കണ്ടില്ലെങ്കില്‍ ആശങ്കപ്പെടും. ഒരു സുഹൃത്തിനും ചെങ്ങാതിയെ വഴിയില്‍ ഉപേക്ഷിച്ചു പോകാന്‍ ആവില്ല. പഴി പറഞ്ഞു രക്ഷപെടാനും കഴിയില്ല. പ്രിയ ഇടതുപക്ഷ അധ്യാപക സുഹൃത്തെ താങ്കള്‍ ഇക്കാര്യത്തില്‍ എവിടെ നില്‍ക്കുന്നു? 
നിങ്ങള്ക്ക് ഈ സ്കൂള്‍ അനുഭവങ്ങള്‍ നല്ല പാഠങ്ങള്‍ നല്‍കും 
 എ) ദല്‍ഹിയിലെ ഗ്രാമ വിദ്യാലയത്തില്‍.. 
 ബി )ബീന ടീച്ചര്‍

4 .  സാമൂഹികദൌത്യബോധം ഉള്ള അധ്യാപകര്‍

  • 'ഒരധ്യാപകന്റെ ജീവിതം ഒരു തരം പൊതുജന സേവനമാണ്. ഒരു പിന്തിരിപ്പന്‍ അധ്യാപകന് തന്റെ വിദ്യാര്‍ഥികളെ ഇന്നത്തെ വിനാശകരമായ വിദ്യാഭ്യാസ രീതിയുടെ പാവകളായി മാറ്റാന്‍ കഴിയുന്നത്‌ പോലെ വിപ്ലവകാരിയായ ഒരധ്യാപകന് നാളത്തെ പൌരന്മാരായിത്തീരേണ്ട കുട്ടികളുടെ മനസ്സില്‍ രാജ്യ സ്നേഹവും സ്വാതന്ത്രബോധവും അടിച്ചമര്‍ത്തലിനും സാമൂഹിക അനീതികള്‍ക്കും എതിരായി സമരം ചെയ്യാനുള്ള ധൈര്യവും ശക്തിയും കടത്ത്തിവിടാനും കഴിയും.' -എ കെ ജി 
 കുട്ടികളില്‍ ഈവിധ കഴിവുകള്‍ ഉണ്ടാകാന്‍ രാഷ്ട്രീയം പറഞ്ഞാല്‍ മതിയോ? അത് കൊണ്ട് ഒരു കാര്യവുമില്ല. കുട്ടികളുടെ ചിന്തയുടെ രീതി മാറ്റുകയാണ് വേണ്ടത്. അതിനു ആദ്യം അധ്യാപകരുടെ ചിന്താരീതി മാറ്റണം. പുതിയ പഠന രീതി ആരോ അടിച്ചേല്പിച്ച ഒരു ഭാരം ആയി കാണരുത്. ഗൈഡില്‍ നിന്നും പകര്ത്താവുന്ന ഉത്തരം അല്ല എന്നും കരുതണം. ഗൈടുകളെ സ്കൂളിന്റെ പടിക്ക് പുറത്ത് നിറുത്തണം. കുട്ടികള്‍ക് ചിന്തിക്കാനും അന്വേഷിക്കാനും കണ്ടെത്താനും പങ്കിടാനും തിരുത്താനും മെച്ചപ്പെടുത്താനും അവസരം കൊടുക്കണം  .അത് യാന്ത്രികമാകരുത്‌. വളരെ ചിട്ടയായി  ഒരുക്കുന്ന പഠനാനുഭവങ്ങളില്‍ എല്ലാ കുട്ടികള്‍ക്കും ഇടം ഉണ്ടാകണം. ഓരോ കുട്ടിക്കും ചിന്ത പങ്കുവെക്കാന്‍ അവസരം കിട്ടാത്ത ക്ലാസ് മുറികള്‍ കുട്ടികളുടെ പ്രകാശത്തെ സ്വയം പ്രകാശനത്തെ നിഷേധിക്കുന്നവയാണ്. അമാവാസിയുടെ അധ്യയന സംസ്കാരം നിഷേധിക്കപ്പെടനം.
  • 'അടിമത്തം നില നിറുത്താനുള്ള ഒരായുധമായിരുന്നു അന്നത്തെ വിദ്യാഭ്യാസം. ബോധന രീതിയും സിലബസും അതിനു യോജിച്ച തരത്തിലുള്ളതായിരുന്നു.കുട്ടികള്‍ പഠിക്കുകയോ ചുറ്റും നടക്കുന്ന രാഷ്ട്രീയ സംഭവങ്ങളെ കുറിച്ച് ചിന്തിക്കുകയോ ചെയ്യണമെന്നു കരുതിയിരുന്നില്ല.അത്തരം ഒരു സാഹചര്യം ഇന്നും നിലനില്‍ക്കുന്നു'.p104
കൂടുതല്‍ ആശയ സൂചനകള്‍ - (പഠന കോണ്ഗ്രസും വിദ്യാഭ്യാസവും)


5  . ചോദ്യങ്ങള്‍ ഉന്നയിക്കാനും ചോദ്യം ചെയ്യാനും ഉള്ള അവസരം 


  • 'മേലധികാരിക ളോടുള്ള അന്ധമായ വിശ്വസ്തതയ്ക്കു നിര്‍ബന്ധം പിടിക്കുക വഴി ഒരധ്യാപകന് തീര്‍ച്ചയായും തന്റെ കീഴിലുള്ള കുട്ടികളെ ബൂര്‍ഷ്വാകളായി   മാറ്റാന്‍ കഴിയും .
  • അവനു അവരെ ഇന്നത്തെ വിദ്യാഭ്യാസ-സാമ്പത്തിക-രാഷ്ട്രീയ ദുരിതത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള സമരത്തിലെ വീരയോദ്ധക്കള്‍ ആക്കി മാറ്റാനും കഴിയും.'
 മേലധികാരിക ളോ ടുള്ള അന്ധമായ വിശ്വസ്തത വേണ്ടതല്ലേ എന്ന് കരുതുന്നവര്‍ ഉണ്ടാകും.  വിശ്വസ്തത ജനാധിപത്യപരം ആകണം. സ്കൂളുകളില്‍ പാര്‍ലമെന്റ്   പേരിനു മാത്രം ആയാല്‍ പോരാ. ഓരോ ക്ലാസിന്റെ പ്രതിനിധിക്കും അവരുടെ ക്ലാസ് പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും വിമര്‍ശനങ്ങള്‍ വെക്കാനും വേദി ഉണ്ടാകണം. തീരുമാനങ്ങള്‍ എല്ലാം അവരുടേത് കൂടി ആകണം.പി ടി എ കുട്ടികള്‍ക്ക് വേണ്ടി തീരുമാനങ്ങള്‍ എടുക്കും നിങ്ങള്‍ അനുസരിച്ചാല്‍ മതി എന്ന കാഴ്ചപ്പാട് പൊതുശ്മശാനത്തില്‍ സംസ്കരിക്കണം. പരസ്പരം മനസ്സ് തുറക്കല്‍ ജീവിതത്തില്‍ വിശ്വസ്തതയുടെ വലിയ പാഠങ്ങള്‍ നല്‍കും. നിങ്ങളുടെ സ്കൂളില്‍ എന്തൊക്കെ ആകാം എന്ന് ആലോചിക്കൂ ..കുട്ടികളുമായി ആലോചിച്ചുള്ള ഒരു പ്രവര്‍ത്തനപദ്ധതി ആയി ഓരോ യൂനിട്ടിലെയും പ്രവര്‍ത്തനങ്ങളെ വികസിപ്പിക്കാനും ആകും.


6 . ഈ സ്കൂള്‍ എന്റെ വീട് പോലെ സ്വന്തം
  • 'പെരളശ്ശേരി സ്കൂളിനു വേണ്ടി കെട്ടിടം പണിയാന്‍ ..നാടകങ്ങള്‍ നടത്തുക ,ശനി ഞായര്‍ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ കളികള്‍ നടത്തുക സ്കൂളിനു ആവശ്യമായ തടിയും കല്ലും ചുമക്കുക ഞാന്‍ ഇതെല്ലാം ചെയ്തു.' -എ കെ ജി
.സ്കൂളിനു വേണ്ടി കഠിനമായി പണി ചെയ്യാന്‍ സന്നദ്ധത  .അത് ഒരു മനോഭാവത്തിന്റെ ഉല്‍പ്പന്നം ആണ്  .ഞാന്‍ പത്തനംതിട്ട ജില്ലയിലെ ഒരു സ്കൂളില്‍ പോയി .ഒരു ഹാളിന്റെ മൂലയ്ക്കുള്ള ഒന്നോ രണ്ടോ ഓടു പൊട്ടിയിരിക്കുന്നു. വെള്ളം തറയില്‍ വീണു കിടപ്പുണ്ട്. ഇപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞു. ഓടു മാറ്റിയിടാന്‍ പറ്റിയിട്ടില്ല. പണിക്കാരെ കിട്ടിയില്ലെന്ന് സ്കൂള്‍ അധ്യാപകര്‍ . ഞാന്‍ ചോദിച്ചു സ്വന്തം വീട്ടിലെ ഓടായിരുന്നെങ്കിലോ? അപ്പോള്‍ അവര്‍ മൌനികള്‍ ആയി. പി ടി എ ഭാരവാഹികള്‍ക്കും കുറ്റബോധം. അവിടെ തന്നെ ഏണി ഉണ്ട്.  അധ്യാപികമാര്‍ക്കും ആകാം. അല്ലെങ്കില്‍ പഠിക്കണം. സ്കൂളിലെ ടോയ് ലറ്റുകള്‍ മലിനമായിക്കിടക്കുന്നതും സ്വന്തം വീട് പോലെ സ്കൂള്‍ എന്ന ബോധം ഇല്ലാത്തതുകൊണ്ട് .സ്വന്തം മക്കള്‍ ആണ് മുന്നില്‍ ഇരിക്കുന്നത് എന്ന് ചിന്തിക്കാത്തത് കൊണ്ട് .സ്കൂളില്‍ പഠിപ്പിക്കുക എന്നാല്‍ സ്കൂളിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നാണ് അര്‍ഥം .അതിന്റെ വ്യാപ്തി വലുതാണ്‌. പരിമിതികള്‍ക്കുള്ളില്‍ നില്‍ക്കുകയല്ല പരിമിതികളെ മറികടക്കാന്‍ കൂട്ടായ്മ വളര്‍ത്തി എടുക്കലാണ് വേണ്ടത് .
7 . സ്നേഹത്തിന്റെ ശക്തിയും ശിക്ഷയും

  • 'ഞാന്‍ ഒരു വര്ഷം കോഴിക്കോട്ടെ മദ്രസത്തുല്‍  മുഹമ്മദീയ സ്കൂളില്‍ അധ്യാപകനായി. ഈ സമയത്താണ് ഞാന്‍ മുസ്ലീം  സമുദായവുമായും മുസ്ലീം കുടുംബങ്ങലുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് .വീട്ടില്‍ ശല്യം ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് രക്ഷിതാക്കള്‍ മക്കെള സ്കൂളിലേക്ക് അയച്ചത്.ആണ്‍ കുട്ടികള്‍ സ്കൂളില്‍ വന്നത് പഠിക്കാന്‍ ആയിരുന്നില്ല. ശുണ്ടി പിടിച്ചു ആദ്യകാലത്ത് ഞാന്‍ അവരെ കഠിനമായി പ്രഹരിച്ചിരുന്നു. പക്ഷെ മാനേജര്‍ അത് തടഞ്ഞു. കുട്ടികളെ  ബലം പ്രയോഗിച്ചു പഠിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ കാര്യമൊന്നും ഇല്ലെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു.
    ഞാന്‍ എന്റെ നയം മാറ്റി .ഞാന്‍ കുട്ടികളോട് കൂടെ കളിക്കാനും സദ്യകളിലും ആഘോഷങ്ങളിലും പങ്കെടുക്കാനും അവരുടെ വീടുകളിലേക്ക് പോകാനും അവരുടെ സമുദായത്തിലെ ആചാരങ്ങള്‍ പഠിക്കാനും ആരംഭിച്ചു. ഞാന്‍ അവരുടെ വിശ്വസ്ത സുഹൃത്തായി.
    .മത്സരങ്ങളും നാടകാഭിനയങ്ങളും നടത്തി അവരുടെ സ്നേഹ വും വിശ്വാസവും ആര്‍ജിച്ച ശേഷം ഞാന്‍ അവരോടു അവരുടെ പുസ്തകങ്ങള്‍ പഠിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അവരില്‍ അനുയോജ്യമായ മാറ്റം വരുത്തി. നമ്പ്യാര്‍ മാസ്റര്‍ അവരുടെ അവിസ്മരണീയനായ അധ്യാപകനായി തീര്‍ന്നു. അനുഭവത്തില്‍ നിന്ന് ചൂരല്‍ കൊണ്ടല്ല ഹൃദയം കൊണ്ടാണ് അടിക്കേണ്ടതു എന്ന് ഞാന്‍ പഠിച്ചു. '
                                                           -എന്റെ ജീവിത കഥ p15
വിദ്യാഭ്യാസ മനശാസ്ത്രത്തിന്റെയോ അവകാശ നിയമത്തിന്റെയോ പിന്‍ബലമില്ലാതെ സ്വന്തം അനുഭവത്തില്‍ നിന്നും അദ്ദേഹം പ ഠിച്ച ശിശു  സൌഹൃദ കാഴ്ചപ്പാട് നോക്കുക.' ഞാന്‍ അവരില്‍ അനുയോജ്യമായ മാറ്റം വരുത്തി. നമ്പ്യാര്‍ മാസ്റര്‍ അവരുടെ അവിസ്മരണീയനായ അധ്യാപകനായി തീര്‍ന്നു.' രണ്ടു കാര്യങ്ങള്‍ -ഒന്ന് അനുയോജ്യമായ മാറ്റം ഉണ്ടാക്കി .ലക്‌ഷ്യം നേടുക തന്നെ ചെയ്തു. മറ്റൊന്ന് അത് കുട്ടികളുടെ മനസ്സില്‍ അധ്യാപകനെ പ്രതിഷ്ടിച്ചു .അധ്യാപക വിദ്യാര്‍ഥി ബന്ധം കൂടുതല്‍ ശക്തമായി. അതിന്റെ മറ്റൊരു തെളിവ് കൂടി വായിക്കാം

'അക്കാലത്ത് എന്റെ ഗ്രാമത്തില്‍ ഒരു സംഭവം ഉണ്ടായി. എന്റെ അറസ്റ്റിനെ  പറ്റി കേട്ട് ക്ഷുഭിതരായ വിദ്യാര്‍ഥികള്‍ ഹര്‍ത്താല്‍ ആചരിച്ചു. അവര്‍ അധ്യാപകരുടെ എതിര്‍പ്പിനു ചെവി കൊടുത്തില്ല. ഒരു പിന്തിരിപ്പന്‍ അദ്ധ്യാപകന്‍ ഈ വിവരം കുമാരന്‍ എന്ന വിദ്യാര്‍ഥിയുടെ രക്ഷകര്‍ത്താവിനെ അറിയിച്ചു. കോപിച്ച പിതാവ് കുട്ടിയെ കഠിനമായി  പ്രഹരിച്ചു 
നിരാശനായ കുട്ടി അന്ന് രാത്രി തന്നെ ആത്മഹത്യ ചെയ്തു.p25


8 .മനസ്സിലാകുന്ന ഭാഷയുടെ ശക്തി തിരിച്ചറിയണം .മനസ്സിലാക്കാന്‍ പറ്റിയ രീതിയും 


  • 'ഞാനൊരു ബുദ്ധി ജീവിയല്ല. ബുദ്ധിജീവികള്‍ക്ക് എന്റെ പ്രസംഗം അത്ര പിടിക്കാറില്ല.അവയില്‍ രാഷ്ട്രീയം ഇല്ലെന്നു അവര്‍ പറയും. അവര്‍ പുസ്തകങ്ങളില്‍ നിന്നും പഠിക്കുകയും വെച്ച് പുലര്‍ത്തുകയും ചെയ്യുന്ന തീയറികള്‍ ഒന്നും ഞാന്‍ പഠിച്ചിട്ടില്ല. ഞാന്‍ പഠിച്ചാല്‍ തന്നെയും അവ അങ്ങനെ തന്നെ ചര്‍ദ്ദിക്കുകയില്ല. പക്ഷെ ജനങ്ങള്‍ക്ക്‌ എന്റെ പ്രസംഗം ഇഷ്ടമാണ്. ഞാന്‍ വലരെ ശ്രദ്ധയോടെ ജനങ്ങളുടെ ജീവിതവും അവരുടെ വസ്ത്ര ധാരണ രീതികളും അവരുടെ പാര്‍പ്പിടങ്ങളും ചുറ്റുപാടുകളും പഠിച്ചിട്ടുണ്ട്. അവരുടെ പ്രശ്നങ്ങള്‍ അവര്‍ക്ക് മനസ്സിലാകുന്ന  ഭാഷയില്‍  വിവരിക്കുന്നു . ഞാന്‍ എവിടെ  പ്രസംഗിച്ചാലും  അവിടുത്തെ  ജനങ്ങളുടെ ജീവിതത്തെ പറ്റി പഠിക്കുക പതിവായിരുന്നു.
  • "മറ്റുള്ളവര്‍ ചൈനയെയും സ്പെയിനിനെയും പറ്റിയേ  പ്രസംഗിക്കൂ . ഗോപാലേട്ടന്‍ മാത്രമേ നമ്മുടെ മേസ്ഥിരിയെയും ടൈം  കീപ്പരെയും പറ്റി പ്രസംഗിക്കാരുള്ളൂ ' എന്നു കോട്ടന്‍ മില്‍ തൊഴിലാളികള്‍ അഭിപ്രായം പറഞ്ഞത്  എ കെ ജി ഓര്‍മ്മിക്കുന്നു. p30  
ഇവിടെ വളരെ  ശ്രദ്ധേയമായ ബോധന ശാസ്ത്ര സമീപനം ആണ് എ കെ ജി സ്വീകരിക്കുന്നത്. പ്രസംഗം ആരിലെക്കാണോ തറ യ്കെണ്ടത്  അവരുടെ 
അനുഭവം തൊട്ടു തുടങ്ങണം . ചുറ്റുമുള്ള സാമൂഹിക ജീവിതവുമായി ഇതു ഗഹനമായ വിഷയത്തെയും ബന്ധിപ്പിക്കാനും ലളിതമായി അവതരിപ്പിക്കാനും കഴിയുമെന്നാണ് എകെ ജിയുടെ അനുഭവം. മുതലാളിത്തം, സമ്രാജ്യത്തം ഒക്കെ ഇങ്ങനെ ചെറിയ പാഠങ്ങള്‍ ആക്കി അവതരിപ്പിക്കും.ചൂഷണത്തിന്റെ തത്വശാസ്ത്രവും മോചനത്തിന്റെ ദര്‍ശനവും ഗ്രാമീണരുടെ ജീവിതാനുഭവങ്ങളെ ഉദാഹരിച്ചു അവതരിപ്പിക്കും. ഓരോന്നിനും അദ്ദേഹം ലോക്കല്‍ ടെക്സ്റ്റുകള്‍ ഉണ്ടാക്കുന്നു എന്ന് സാരം.
പഠിപ്പിക്കുന്ന നാട്ടു പ്രദേശത്തെ നന്നായി അറിയാവുന്ന അധ്യപകര്‍ക്കെ അവിടുത്തെ ജീവിതം  റിസോഴ്സാക്കി മാറ്റാന്‍ കഴിയൂ  .പുതിയ   പാഠക്കു റി പ്പുകളും  പാഠങ്ങളും ഉണ്ടാകണം .ഉണ്ടാക്കണം. ഈ സാമൂഹികാനുരൂപീകരണം നടത്താതെ എല്ലായിടത്തും ഒരേ പാഠങ്ങള്‍ ചര്‍ദ്ദിക്കുന്ന അധ്യാപകര്‍ അക്കാദമിക രോഗികള്‍ ആണ്. സ്വയം ചികിത്സിക്കണം.
കുട്ടിക്ക് മനസ്സിലാകുന്ന ഭാഷ എന്നാല്‍ മുതിര്‍ന്ന ഒരാള്‍ക്ക് മനസ്സിലാകുന്ന ഭാഷ എന്നും കരുതരുത്.അവരുടെ പക്ഷത്ത് നിന്നുള്ള ആലോചനയാണ് പ്രധാനം. 
9  .വിലയിരുത്താനുള്ള സ്വാതന്ത്ര്യവും ഫീഡ് ബാക്കും (കേള്‍ക്കുന്നവരെ കേള്‍ക്കണം )


  • 'യോഗത്തിന്റെ അവസാനം ജനങ്ങള്‍ തങ്ങളുട്ടെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പറയാറുണ്ടായിരുന്നു. ഞാന്‍ പതിവായി ഇതെല്ലാം ശ്രദ്ദ്ധിച്ചു' (p32'


ഇന്നത്തെ നമ്മുടെ നേതാക്കള്‍ പലരും  നിലം തൊടാമണ്ണുകള്‍  ആണ്. അവര്‍ സമയത്തിന്റെ തടവുകാര്‍ എന്ന് സ്വയം നടിക്കുന്നു. യോഗം തുടങ്ങാന്‍ താമസിക്കും എന്നറിഞ്ഞു കൊണ്ടു  എട്ടും പത്തും പരിപാടികള്‍ എല്ക്കുന്നു . യോഗത്തില്‍ പൂര്‍ണ സമയം ഇരിക്കില്ല. കേള്‍ക്കുന്നവരെ കേള്‍ക്കില്ല. അത്തരം ഒരു വിനയം നഷ്ടപ്പെട്ടതിനാല്‍ അവര്‍ ജനതയുടെ രക്ത ബന്ധം ഇല്ലാത്തവര്‍ ആയി മാറും. ഫീഡ് ബാക്ക് സ്വീകരിക്കുന്നതാകട്ടെ ഇടനിലക്കാരിലൂടെ. മായം ചേര്‍ത്തതും വ്യാഖ്യാനങ്ങള്‍ ചേര്‍ന്നതും പാഠഭേദങ്ങള്‍  ഉള്ളതുമായ റിപ്പോര്‍ടുകള്‍ ആണ് പലപ്പോഴും കിട്ടുന്നതും. എ കെ ജി നേരിട്ട് ഫീഡ് ബാക്ക് ശേഖരിച്ചു . ജനങ്ങള്‍ക്ക്‌ സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം കൊടുത്തു .
ക്ലാസിലും ഇത് ബാധകം ആണ്. അധ്യാപനം കഴിഞ്ഞാല്‍ കുട്ടികള്‍ അതിനെ വിലയിരുത്തണം. ഓരോ ക്ലാസും ഓരോ യൂണിറ്റും ഇങ്ങനെ വിലയിരുത്തപ്പെടുകയും ഫീഡ് ബാക്കിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ പ്രവര്‍ത്തിക്കുകയും കയും വേണം. കേള്‍ക്കുന്നവരെ കേള്‍ക്കണം 
10 .  സ്നേഹവും ത്യാഗവും ( അക്കാദമിക സമരം ത്യാഗനിര്‍ഭരം)


  • 'സ്നേഹം കൊണ്ടും  ത്യാഗം കൊണ്ടും ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയും' p40 
  • 'ജനങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കുന്നവരെ ആണ് ഇഷ്ടം .പ്രസംഗിക്കുന്നവരെ അല്ല. ആവശ്യം'. p54


 കുട്ടികളെ ഞാന്‍ സ്നേഹിക്കുന്നുണ്ട് എന്ന് പല അധ്യാപകരും പറയാറുണ്ട്‌. അവര്‍ക്ക് വേണ്ടി ത്യാഗം കൂടി സഹിക്കണം. സ്കൂളില്‍ ചെയ്യാവുന്ന ത്യാഗം എന്തൊക്കെയാണ്. ലക്‌ഷ്യം നേടാനുള്ളത് തന്നെ. അക്കാദമിക സമരം ത്യാഗനിര്‍ഭരം ആണ്. നല്ല ആസൂത്രണത്തിനു വേണ്ടി കൂടുതല്‍ സമയം കണ്ടെത്തുക , പഠിക്കുക, സ്വന്തം അധ്യയന  ശേഷി നിരന്തരം വികസിപ്പിക്കാന്‍ കിട്ടാവുന്ന സാധ്യതകള്‍ എല്ലാം പ്രയോജനപ്പെടുത്തുക. കുട്ടികള്‍ക്ക് തന്റെ സമയം കൂടുതലായി നീക്കി വെക്കുക .ക്ലാസിലെ നേട്ടം ഉറപ്പാക്കാന്‍ വേണ്ടി എന്തെല്ലാം നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്താമോ അതെല്ലാം ചെയ്യുക. അപ്പോള്‍ ആ  സാന്നിധ്യത്തിന്റെ കരുത്തും ഊര്‍ജവും കുട്ടികളില്‍ നിറയും. അവര്‍ സ്വാധീനിക്കപ്പെടും . പിന്നെ ഉയരങ്ങള്‍ ഒന്നിച്ചു കീഴടക്കാം  


11 . പുതുമയുടെ സ്പര്‍ശം (ബോധനപ്രക്രിയാപരമായ വാര്‍ധക്യമോ  അധ്യയന യൌവ്വനമോ വേണ്ടത് ?  )


  • 'സത്യാഗ്രഹ പ്രസ്ഥാനത്തിന് പതുക്കെ സ്തംഭനം അനുഭവപ്പെട്ടു തുടങ്ങി. ഗാനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും പുതുമ നഷ്ടപ്പെട്ടു .അവ വെറും നിത്യ സംഭവങ്ങളായി മാറി...... പുതിയ ഉണര്‍വും ഉത്സാഹവും സൃഷ്ടി ക്കാനുള്ള   മാര്‍ഗം എന്താണെന്ന്  ഞാന്‍ ചിന്തിച്ചു' p50
വളരെ പ്രസക്തമായ ഈ കാര്യം എല്ലാവരും തിരിച്ചറിയണം എന്നും ഒരേ സമരരീതി  രീതി മാത്രം സ്വീകരിക്കുന്ന  പ്രസ്ഥാനങ്ങള്‍ , എന്നും ഒരേ രീതിയുടെ തടവില്‍ കഴിയുന്ന അധ്യാപകരും പരിശീലകരും ഒക്കെ. 
പുസ്തകം വായിക്കുക- ചോദ്യങ്ങള്‍ ചോദിക്കുക- വിശദീകരിക്കുക-. നോട്ട്  കൊടുക്കുക എന്ന രീതി മാറിയപ്പോള്‍ നിര്‍ദേശം നല്‍കുക- ഗ്രൂപ്പാക്കുക  അവതരിപ്പിക്കുക- അസൈന്‍മെന്റ്  നല്‍കുക എന്നതിലേക്ക് വഴുതി വീണു പലരും. ഓരോ ദിനവും ഓരോ പുതിയ തന്ത്രം ആലോചനയില്‍ വരുന്നേയില്ല. എന്തിനു ക്ലാസ് ക്രമീകരണത്തില്‍ പോലും ഒരു മാറ്റവും വരുത്തില്ല. ബോധനപ്രക്രിയാപരമായ വാര്‍ധക്യം എന്ന് വിശേഷിപ്പികാവുന്ന ഈ അവസ്ഥയില്‍ നിന്നും അധ്യാപകര്‍ അധ്യയന യൌവ്വനം  വീന്ടെടുക്കെണ്ടിയിരിക്കുന്നു.  അപ്പോള്‍ ക്ലാസ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവേശകരവും ആനന്ദപ്രദവും  ആയിത്തീരും. ക്ലാസിനെ കുറിച്ച് ഒട്ടേറെ സംസാരിക്കാന്‍ , അനുഭവം പങ്കിടാന്‍ സ്റ്റാഫ് റൂം വേദിയാകും. ഒരു അന്വേഷക സംഘം സ്കൂളില്‍ രൂപപ്പെടും. അതിനു ക്ലസ്ടരില്‍ പരിശീലനം തരേണ്ടതില്ല. മാനസികമായ മോഡ്യൂള്‍ ഉണ്ടായാല്‍ മതി.


12  . ഗവേഷക മനസ്സ് 
ജയിലില്‍ നിന്ന് തിരിച്ചു വന്ന ശേഷം ഞന്‍ സ്ഥലത്തെ രണ്ടു കര്‍ഷക കുടുംബങ്ങളെ ശ്രദ്ധികുകയുണ്ടായി. ആ അനുഭവം എന്റെ മനസ്സില്‍ കൊടുങ്കാറ്റു സൃഷ്ടിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ചിറയ്ക്കല്‍ താലൂക്കിലെ കര്‍ഷക ജീവിതം പഠിക്കാന്‍ തീരുമാനിച്ചു p64


പ്രശ്നങ്ങള്‍   പഠിക്കുക   അത് സാമൂഹിക  മാറ്റം  ആഗ്രഹിക്കുന്നവരുടെ  സവിശേഷതയാണ് .  കടമയാണ്. സ്കൂള്ളില്‍ ക്ലാസില്‍ എന്നും എക്കാലവും അക്കാദമിക പ്രശ്നങ്ങള്‍ ഉണ്ടാകും.അത് ഗവേഷണ ബുദ്ധിയുഒടെ പഠിക്കണം. ദത്തങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചില പരികല്‍പനകളുടെ അടിസ്ഥാനത്തില്‍ ബദല്‍ അന്വ്ഷിക്കുകയും നടക്കേണ്ടതുണ്ട്. മറ്റൊരു ലോകം സാധ്യമാണെന്ന് പറയുന്നത് പോലെ എല്ലാവര്ക്കും അറിവ് ലഭിക്കുന്ന മറ്റൊരു ക്ലാസും സാധ്യമാണ്. അറിവ് ആയുധമാണ്. നാളെയുടെ വാഗ്ദാനങ്ങളെ നിരായുധരാക്കാന്‍ അധ്യാപകര്‍ ശ്രമിക്കരുത്. അറിവ് നെടുന്നതിലുണ്ടാകുന്ന ഇടര്ച്ചകളില്‍ ഫലപ്രദമായി ഇടപെടാന്‍ ഈ ഗവേഷണ മനോഭാവം സഹായിക്കും.


ഈ സൂചകങ്ങള്‍ ഉള്ള ഒരു വിദ്യാലയം ഇടതു പക്ഷ അധ്യാപകര്‍ ഉള്ളതായിരിക്കും( നല്ല ഗാന്ധിയന്‍ വീക്ഷണം ഉള്ളവരും ഈ സ്കൂളുകളില്‍ കാണും ) എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല. ഇതൊന്നുമില്ലാത്ത സ്കൂളുകളില്‍ പുറമേ ഇടതും അകമേ വലതു ലോക വീക്ഷണവും പുലര്‍ത്തുന്നവര്‍ സുലഭം. അവര്‍ സ്വയം തിരിച്ചറിയുന്നുമുണ്ടാകില്ല .പക്ഷെ ..

13.............................................................................
................................................................................

Friday, April 13, 2012

പഠനം മധുരം - വിദ്യാലയ ഗുണമേന്മാപരിപാടി.

-മോഡല്‍ : ഗവ: യു.പി.എസ് കാളികാവ് ബസാര്‍

1915 ല്‍ ആരംഭിച്ച ഗവണ്‍മെന്റ് യു.പി സ്കൂള്‍ കാളികാവ് ബസാര്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അടിസ്ഥാന -ഭൗതിക സൗകര്യ വികസനത്തിന് ഏറെ പ്രാധാന്യം നല്‍കിവരുന്നു. 2009 ല്‍ ആരംഭം കുറിച്ച 'പഠനം മധുരം' പദ്ധതിയുടെ ഭാഗമായി ‍ഡയറ്റ് നിര്‍ദ്ദേശിക്കപ്പെട്ട മുഴുവന്‍ മേഖലകളിലും വലിയ മുന്നേറ്റം കൈവരിക്കാന്‍ വിദ്യാലയത്തിനായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ വിദ്യാലയ കാമ്പസ് നയനമനോഹരമായി ഒരുക്കിയിട്ടുണ്ട്. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായ തരത്തിലാണ് ഒരുക്കിയത്.
പഠനം മധുരം

പൊതുവിദ്യാലയങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി 2010-11അധ്യയനവര്‍ഷം മലപ്പുറം ഡയറ്റ് ആവിഷ്കരിച്ചു നടപ്പാക്കിയ പരിപാടിയാണ് പഠനം മധുരം.
ഉദ്ദേശ്യങ്ങള്‍:-
  • സ്കൂളുകളിലെ ഭൗതികവും വൈകാരികവും അക്കാദമികവുമായ അവസ്ഥ മെച്ചപ്പെടുത്തി മികച്ച പഠനാന്തരീക്ഷം ഉള്ളതാക്കി മാറ്റുക.
  • ലാബ്, ലൈബ്രറി, .ടി സൗകര്യങ്ങള്‍ ഉയര്‍ന്ന നിലവാരത്തില്‍ പഠനത്തിനുപയോഗിക്കുന്നതിന് മാതൃകകള്‍ രൂപപ്പെടുത്തുക.
  • സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ സമൂഹപങ്കാളിത്തം ഉറപ്പുവരുത്തുക.
  • സ്കൂള്‍കെട്ടിടവും സ്കൂള്‍ കാമ്പസും പഠനവസ്തുവാക്കി മാറ്റുക.

  • അധ്യാപകരെ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു പ്രാപ്തിയുള്ള പ്രൊഫഷണലുകളാക്കി മാറ്റുക.
  • പ്രാധാനാധ്യാപകരെ നേതൃപാടവമുള്ളവരാക്കി മാറ്റുക.
  • ശാസ്ത്രപഠനാന്തരീക്ഷം മെച്ചപ്പെടുത്തുക.
  • ലൈബ്രറി ശാക്തീകരണം
  • വിവരവിനിമയവിദ്യയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക.
  • സ്കൂള്‍കാമ്പസ് മനോഹരമാക്കുക
  • എസ്.ആര്‍.ജി. ശക്തിപ്പെടുത്തുക
  • സാമുഹ്യപങ്കാളിത്തം ഉറപ്പാക്കല്‍
  • കലാകായികപ്രവൃത്തിപരിചയവിദ്യാഭ്യാസം മെച്ചപ്പെടുത്തല്‍
  • വിലയിരുത്തല്‍, ഫലപ്രദമാക്കല്‍
  • ക്ലബ്ബുപ്രവര്‍ത്തനത്തില്‍ എല്ലാവര്‍ക്കും പങ്കാളിത്തം
  • ക്രിയാഗവേഷണം
    ഈ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ട പരിപാടിയെ പഠനം മധുരം എന്നു വിളിച്ചു.
          സ്കൂളുകള്‍ സ്വയം ഏറ്റെടുത്തു നടത്തിയ പരിപാടിയാണ് പഠനം മധുരം. 10 ഗുണമേന്മാ പ്രവര്‍ത്തനങ്ങളില്‍ മൂന്നിനങ്ങള്‍ക്കു മാത്രമാണ് ഡയറ്റ് പരിശീലനം നല്‍കിയത്. ക്രിയാഗവേഷണം, വിവരവിനിമയവിദ്യ, ശാസ്ത്രപഠനാന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയായിരുന്നു അവ. മറ്റുപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് എച്ച്.എം., എസ്.ആര്‍.ജി. കണ്‍വീനര്‍മാര്‍ എന്നിവരുടെ കൂടിച്ചേരലില്‍ വെച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുക മാത്രമാണ് ചെയ്ത് ത്. നമ്മുടെ സ്കൂള്‍ ഇവ ഏറ്റെടുക്കുകയും വന്‍വിജയമാക്കിത്തീര്‍ക്കുകയും ചെയ്തു. 
വിദ്യാലയ കാമ്പസ് മനോഹരമാക്കല്‍
     'പഠനം മധുരം' പ്രവര്‍ത്തനത്തിന്റെ വിദ്യാലയതല ഉദ്ഘാടനം ബഹു:മന്ത്രി.ശ്രീ.ആര്യാടന്‍ മുഹമ്മദ് നിര്‍വ്വഹിച്ചു. 'സ്കൂള്‍കാമ്പസ് മനോഹരമാക്കല്‍' എന്ന മേഖലയാണ് കൂടുതല്‍ മികച്ച രീതിയില്‍ വിദ്യാലയം പൂര്‍ത്തീകരിച്ചത്. പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവ ഒരുക്കി.
പ്രവര്‍ത്തന ലക്ഷ്യങ്ങള്‍...
  • അടിസ്ഥാനസൗകര്യവികസനത്തിലൂന്നി വിദ്യാലയ കാമ്പസ് മനോഹരമായി മാറ്റിയെടുക്കല്‍
  • വിദ്യാലയ കെട്ടിടങ്ങള്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായതരത്തില്‍ കഥാചിത്രങ്ങളാല്‍ സമ്പന്നമാക്കല്‍
  • ആശയാധിഷ്ഠിത ക്ലാസ് മുറികള്‍ ഒരുക്കല്‍ (ചരിത്രം, കല, സാഹിത്യം.....etc)
  • ഓപ്പണ്‍ എയര്‍/പരിസ്ഥിതി സൗഹൃദക്ലാസുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക.
  • 'എന്റെ വിദ്യാലയം' 'സുന്ദര വിദ്യാലയം' പ്രോജക്ട്
പ്രവര്‍ത്തന പദ്ധതി
  • വിദ്യാലയകെട്ടിടം പഠനോപകരണമാക്കി മാറ്റുക.
  • മുഴുവന്‍ ചുമരുകളിലും കഥാചിത്രങ്ങള്‍, ലോകക്ലാസിക്കുകള്‍, കാര്‍ട്ടൂണുകള്‍, സന്ദേശചിത്രങ്ങള്‍ എന്നിവ ഒരുക്കുക.
  • ഓരോ ക്ലാസ്മുറിയും ഒരാശയം പ്രദാനം ചെയ്യുന്ന തരത്തില്‍ അവയെ ക്രമീകരിക്കുക.
  • വിദ്യാലയമുറ്റത്തെ മരങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയും ഓപ്പണ്‍ എയര്‍ ക്ലാസ്മുറികള്‍ ഒരുക്കുന്നതിനും മരങ്ങള്‍ക്ക് ചുറ്റും ഇരിപ്പിടങ്ങള്‍ ഒരുക്കക.
വിദ്യാലയകെട്ടിടം പഠനോപകരണമാക്കി മാറ്റുക എന്നാശയത്തെ മുന്‍നിര്‍ത്തി വിദ്യാലയത്തിലെ മുഴുവന്‍ കെട്ടിടങ്ങളും, കഥാചിത്രങ്ങള്‍, ലോകക്ലാസിക്കുകള്‍, കാര്‍ട്ടൂണുകള്‍, സന്ദേശ ചിത്രങ്ങള്‍ എന്നിവ ഒരുക്കി ഓരോ ക്ലാസ്മുറിയും ഓരോ ആശയത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചു. 12 ക്ലാസ്മുറികളും ഓഫീസും, കമ്പ്യൂട്ടര്‍ലാബ്, സയന്‍സ് ലാബ്, വരാന്ത എന്നിവ ടൈല്‍സ് വിരിച്ച് മനോഹരമാക്കി.

ചരിത്രവത്കരണം
  ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രം ആണ് ക്ലാസില്‍ അവതരിപ്പിച്ചത്. 1857 ലെ ഒന്നാം സ്വാതന്ത്സമരം മുതല്‍, ജാലിയന്‍വാലാബാഗ് കൂട്ടക്കൊല, വിദേശവസ്ത്ര ബഹിഷ്കരണം, ഉപ്പുസത്യാഗ്രഹം എന്നീ സമരങ്ങളുടെയും സ്വതന്ത്ര്യ സമരസേനാനികളുടെയും ചിത്രങ്ങളാണ് ഒരുക്കിയത്.

സാഹിത്യ ജാലകം
  മലയാളത്തിലെ ക്ലാസിക്കല്‍ രചനകളുടെ ചിത്രീകരണമാണ് ഒരുക്കിയത്. പാത്തുമ്മയുടെ ആട്, ചണ്ഡാലഭിക്ഷുകി, വാഴക്കുല, ഖസാക്കിന്റെ ഇതിഹാസം, മാമ്പഴം, എം. ടി കഥകള്‍ എന്നിവയാണ് ചിത്രങ്ങള്‍

ഭാഷാ ക്ലാസ്
  വിവിധ സന്ദര്‍ഭങ്ങളുടെ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് സ്വതന്ത്രമായി സംഭാഷണങ്ങള്‍ രചിക്കുന്നതിനും അവതരിപ്പിക്കുന്നതിനും സഹായിക്കുന്നു. മലയാളം, ഇംഗ്ലീഷം, അറബി, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷാക്ലാസുകളില്‍ ഈ ചിത്രങ്ങളുടെ സഹായത്തോടെ ഭാഷണപ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നു.

കലകളുടെ കളിത്തൊട്ടില്‍
  മലയാളത്തിലെ ക്ലാസിക്കല്‍ കലകളായ കഥകളി, നൃത്ത ഇനങ്ങളായ മോഹിനിയാട്ടം, ക്ഷേത്രകലകളായ ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, തെയ്യം, സംഘ ഇനങ്ങളായ തിരുവാതിരക്കളി, കോല്‍ക്കളി, മാര്‍ഗംകളി എന്നിവയുടെ ആകര്‍ഷകമായ ചിത്രങ്ങളാണ് ഇവിടെ ഒരുക്കിയത്.

ഗ്രാമീണകാഴ്ചകള്‍..
  നാട്ടിന്‍പുറത്തെ കാഴ്ചകളാല്‍ സമ്പന്നമാണിവിടെ, ഐസ് വില്പനക്കാരന്‍, മീന്‍ പിടിക്കുന്ന കുട്ടികള്‍, കളിസ്ഥലം, വീട്, പോലീസ് സ്റ്റേഷന്‍, ആശുപത്രി, പോസ്റ്റ്മാന്‍ തുടങ്ങി ധാരാളം ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പഴമയുടെ പകിട്ട്
  1970 ല്‍ ഒന്നാംക്ലാസിലെ പാഠപുസ്തകം അവയുടെ ഓര്‍മപ്പെടുത്തലുകളാണ് ഈ കെട്ടിടത്തില്‍. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്പിളിമാമന്‍, ബാപ്പു തുടങ്ങി നിരവധി പാഠഭാഗങ്ങളും പ്രവര്‍ത്തനങ്ങളും ഒരുക്കി. പൊതുവിദ്യാഭ്യാസ ചരിത്രത്തിലെ മികച്ച ശേഖരണമായി ഇവയെ മാറ്റാനായി. ഇന്നലെകളില്‍ ആദ്യാക്ഷരത്തിന്റെ മാധുര്യം അറിഞ്ഞവര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി ഇതുമാറും.

ഓപ്പണ്‍ എയര്‍ ക്ലാസ്റും...
  മരസംരക്ഷണത്തിന്റെ ഭാഗമായി വിദ്യാലയ മുറ്റത്തെ മരങ്ങള്‍ക്ക് ചുറ്റും ഇരിപ്പിടങ്ങള്‍ ഒരുക്കി. വിദ്യാലയമുറ്റത്ത് മരച്ചുവട്ടില്‍ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ക്ലാസ് ഒരുക്കുവാനുള്ള സൗകര്യങ്ങളാണ് ഒരുക്കീട്ടുള്ളത്. കൂടാതെ ക്യാമ്പുകള്‍, സെമിനാറുകള്‍, ചര്‍ച്ചാക്ലാസുകള്‍ എന്നിവ ഒരുക്കുന്നതിനും ഇവ ഏറെ സഹായിക്കുന്നു.

പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ഔഷധതോട്ടം
  കടുത്ത വേനലിലും വിദ്യാലയമുറ്റത്തെ ചെടികളെ സംരക്ഷിക്കുന്നതിന്റെ തിരക്കിലാണ് കുട്ടികള്‍ 30 ല്‍ അധികം ചെടിച്ചട്ടികളാണ് വരാന്തയ്ക്ക് സമീപം ക്രമീകരിച്ചിരിക്കുന്നത്.
കാര്‍ഷിക രംഗത്തെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിരിക്കുന്നു. 20സെന്റ് സ്ഥലത്ത് വെണ്ട, പയര്‍, വഴുതന, കോളിഫ്ലവര്‍, കാബേജ് എന്നിവ കൃഷിചെയ്തു.

മികവുകള്‍
  'പഠനം മധുരം' പദ്ധതിയുടെ ഭാഗമായി വിദ്യാലയം ഒരുക്കിയ പ്രവര്‍ത്തനങ്ങളാണ്കഴിഞ്ഞവര്‍ഷം സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ 'മികവ് ' തെളിയിക്കുന്നതിന് വിദ്യാലയത്തെ സഹായിച്ചത്.
ഈ വര്‍ഷം സംസ്ഥാനഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ മികച്ച പി.ടി.എ അവാര്‍ഡില്‍ ജില്ലയില്‍ രണ്ടാംസ്ഥാനവും ഉപജില്ലാ തലത്തില്‍ ഒന്നാംസ്ഥാനവും നേടാനായി.
ഉണര്‍വ്വിലേക്ക്...
  മലയോരമേഖലയായ കാളികാവിലെ സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന ഈ പൊതുവിദ്യാലയത്തിന്റെ ഉണര്‍വ്വ് സമൂഹം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. വിദ്യാലയത്തിലെത്തുന്നവര്‍ക്ക് കൗതുകവും വിസ്മയവും ഒരുക്കുന്ന തരത്തില്‍ വിദ്യാലയത്തെ മനോഹരമാക്കി മാറ്റാന്‍ ഈ പ്രവര്‍ത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്.