( 28 Apr 2012
മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത നമ്മുടെ അധ്യാപകര്‍ ആരുടെ പക്ഷത്ത് നില്‍ക്കണം എന്ന് ഓര്‍മിപ്പിക്കുന്നു വാര്‍ത്ത വായിക്കൂ )
അരീക്കോട്: സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികളുടെ രണ്ടു കുടുംബങ്ങള്‍ക്ക്
വീടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമത്തിലാണ് മൈത്രി ഗവ. യു.പി. സ്‌കൂളിലെ
അധ്യാപകര്‍. സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന മഞ്ജുവിനും സഹോദരന്‍
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സുനിലിനും അമ്മ ഓട്ടുപാറ സരോജിനിക്കും
അമ്മയുടെ സഹോദരി ജാനകിക്കും അന്തിയുറങ്ങാനുള്ളത് കെട്ടിമറച്ചുണ്ടാക്കിയ ഒരു
കുടിലാണ്. സരോജിനിക്കും ജാനകിക്കും മാനസികവും ശാരീരകവുമായ കാരണങ്ങളാല്‍
കൂലിപ്പണിക്കുപോലും പോകാന്‍ പറ്റില്ല.വേറെ വിവാഹം കഴിച്ച് മാറിത്താമസിക്കുന്ന കൂലിപ്പണിക്കാരനായ അച്ഛന്‍ ചെലവിന് നല്‍കുന്ന തുച്ഛമായ തുകയാണ് നാലംഗ കുടുംബത്തിന്റെ ആശ്രയം. ആറ് സെന്റ് ഭൂമിയാണ് ആകെ സമ്പാദ്യം. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി പി.സി. റഷീദയുടെ കുടുംബത്തിന്റെ സ്ഥിതി ഇതിലും ദയനീയമാണ്. റഷീദയും ഉമ്മ പൂവാഞ്ചീരി ഖദീജയും മാനസിക ദൗര്‍ബല്യം ഉള്ളവരാണ്. അടച്ചുറപ്പുള്ള ഒറ്റ മുറി വീടുപോലും ഇവര്‍ക്കില്ല. നിത്യവൃത്തി കഴിയുന്നത് നാട്ടുകാരുടെ ഔദാര്യത്തിലാണ്.
- മുതിര്‍ന്ന അധ്യാപികയായ എം.റംല പ്രശ്‌നം മറ്റ് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രധാനാധ്യാപകന്‍ എ.ഹരിദാസനും സഹപ്രവര്‍ത്തകരും നാട്ടുകാരുടെ സഹായത്തോടെ ഓരോ കൊച്ചുവീടുകള്‍ നിര്‍മ്മിച്ചുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
- കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിയായ സ്‌കൂളിലെ അധ്യാപകന്‍ എം.മുനവ്വര്‍ ആ നാട്ടുകാരനായ ഒരു ഉദാരമതിയെ സരോജിനിയും കുട്ടികളും സഹോദരിയും താമസിക്കുന്ന സാഹചര്യം നേരില്‍ കാണിച്ചുബോധ്യപ്പെടുത്തി. അദ്ദേഹം വീടിന്റെ തറ നിര്‍മ്മിക്കാനുള്ള ചുമതല ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു കൊടുക്കുകയും ചെയ്തു. ചുമര്‍ നിര്‍മ്മിക്കാനുള്ള കല്ല് സ്‌കൂളിലെ അധ്യാപകര്‍ നല്‍കി. ഗ്രാമപഞ്ചായത്തില്‍ നിന്നും ഇ.എം.എസ്. ഭവന പദ്ധതിയില്‍ അനുവദിച്ച 75,000 രൂപ ഘട്ടം ഘട്ടമായി ലഭിക്കുന്ന മുറയ്ക്ക് ആ തുക ഉപയോഗിച്ച് ചുമര് പടുത്തുയര്‍ത്താനാവുമെന്നാണ് പ്രതീക്ഷ. ജനല്‍, വാതില്‍ തുടങ്ങി മേല്‍ക്കൂര വരെ നിര്‍മ്മിക്കേണ്ടതുണ്ട്. ജനപങ്കാളിത്തത്തോടെ ഇതിന് തുക സ്വരൂപിക്കാനാണ് ഉദ്ദേശ്യം.
ഖദീജയുടെയും മക്കളുടെയും വീട് അടച്ചുറപ്പുള്ളതാക്കാന്‍ ഒന്നര ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയ്ക്കുള്ള രൂപ ചെലവ് വരും. പരമാവധി തുക സംഭരിച്ചു നല്‍കാമെന്ന് അധ്യാപകരായ അബ്ദുസ്സലാമും ടി.ഖാലിദും ചേര്‍ന്ന് മുജാഹിദ് സംഘടനയില്‍ നിന്ന് വാഗ്ദാനം നേടിയെടുത്തിട്ടുണ്ട്. ബാക്കി അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് സ്വരൂപിക്കും
No comments:
Post a Comment