ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, April 27, 2014

നിരന്തരവിലയിരുത്തല്‍ അധ്യാപകസൗഹൃദവും വിദ്യാര്‍ഥിപക്ഷവുമാകണം


അധ്യാപകര്‍ കുട്ടിയെ നിരന്തരം വിലയിരുത്തണം എന്നു പറയുന്നത് പുതിയ കാര്യമല്ല. ഏതു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോഴും ഗുണദോഷ വിശകലനം നടത്തുക എന്നതു മനുഷ്യസഹജമായ പ്രക്രിയയാണ്. ഇന്നു കഴിച്ച ഭക്ഷണത്തിന്റെ കാര്യമെടുക്കൂ. ഉപ്പു കൂടിയോ കുറഞ്ഞോ? ആവശ്യത്തിനു എരിവും പുളിയും രുചിക്കൂട്ടുകളും ഉണ്ടായിരുന്നോ? വേവ് പാകത്തിനായിരുന്നോ? ആറിത്തണുത്തു പോയോ? മൊത്തത്തില്‍ എങ്ങനെയുണ്ടായിരുന്നു എന്നു പറയുന്നതോടൊപ്പം ഏതെല്ലാം കാര്യങ്ങളില്‍ എന്നു കൂടി വിലയിരുത്തി പറയാന്‍ നമ്മള്‍ക്കാകും. ഭക്ഷണം എന്ന പൊതുനാമത്തില്‍ നിന്നും ചായ എന്ന സവിശേഷ ആഹാരപദാര്‍ഥത്തിലേക്കു വരുമ്പോഴേക്കും കുറേ കൂടി കൃത്യമായ സൂചകങ്ങള്‍ സാധ്യമാകുന്നു
 • പാലിന്റെ ഗുണത, അനുപാതം
 • തെയിലയുടെ ഗുണതയും ചേരുവയും
 • മധുരത്തിന്റെ തോത്
 • വെളളത്തിന്റെ തിളനിലയുമായി ബന്ധപ്പെട്ടത് ( ചൂട്, വാടിപ്പോകാത്തതും പുകചുവയ്ക്കാത്തതുമായ അവസ്ഥ)
 • എത്ര പേര്‍ക്കാണോ അത്രയും പേര്‍ക്കാവശ്യമുളളത്ര അളവ്
  വിളമ്പിയ ഗ്ലാസിന്റെ വൃത്തി വരെ പ്രധാനം
ഒരു ചായ നല്ലതാണ്, മികച്ചതാണ്, സൂപ്പര്‍,തരക്കേടില്ല,മോശം എന്നെല്ലാം ഗ്രേഡ് ചെയ്തു വിലയിരുത്തുമ്പോള്‍ അതിനാധാരമായ സംഗതി വ്യക്തമാക്കാനും നമ്മള്‍ക്കു കഴിയും. മുകളിലെ ഉദാഹരണം പരിശോധിക്കൂ പ്രക്രിയാപരവും ഉല്പന്നപരവും മനോഭാവപരവുമായ തലങ്ങള്‍ കാണാന്‍ കഴിയുന്നു. ചായ ഉണ്ടാക്കുന്ന ആള്‍ക്കും ചായകുടിക്കുന്ന ആള്‍ക്കും ചായയുടെ ഗുണതാസവിശേഷതകള്‍ സംബന്ധിച്ച് ധാരണയുണ്ട്. ശ്രദ്ധയും.
ദൈനംദിനജീവിതത്തില്‍ ഇത്തരം വിലയിരുത്തല്‍ നടത്തുന്ന അധ്യാപകര്‍ക്ക് സ്വന്തം ക്ലാസ്മുറിയില്‍ നിരന്തര വിലയിരുത്തല്‍ നടത്താനാകാത്തത് എന്തുകൊണ്ടാണ്?
 • അപ്രാപ്യമായ ഏതോ മഹാസംഭവം എന്ന നിലയില്‍ അമിതഗൗരവം നല്‍കുന്നതുകൊണ്ടാണോ?
 • അധ്യാപകരുടെ സര്‍ഗാത്മകസ്വാതന്ത്ര്യത്തെ അനുവദിക്കാത്തതുകൊണ്ടാണോ?
 • ബോധനശാസ്ത്രപരമായ അടിസ്ഥാനധാരണയില്‍ മങ്ങലുളളതിനാലാണോ?
 • അനുഭവത്തിന്റെ പിന്‍ബലത്തില്‍ ആരും സംസാരിക്കാത്തതിനാലാണോ?
 • ചെയ്യുന്നത് ശരിയാകുമോ എന്ന ആശങ്കയുളളതിനാലാണോ?
ചായയുടെ കാര്യത്തില്‍ വിലയിരുത്തല്‍ നടത്തുന്നത് ബോധതലത്തില്‍ ഗുണതാസവിശേഷതകള്‍ സംബന്ധിച്ച ധാരണയുളളതിനാലാണ്. ഇതേ പോലെ ധാരണാതലം രൂപപ്പെടാത്ത ഏതൊരു പ്രവര്‍ത്തനവും വിലയരുത്താന്‍ പ്രയാസപ്പെടും. അധ്യാപകര്‍ ഓരോ പഠനപ്രവര്‍ത്തനത്തിന്റേയും ഗുണതാസവിശേഷതകള്‍ സ്വായത്തമാക്കിയിരിക്കണം. നിരന്തരാന്വേഷണവും ശ്രദ്ധാപൂര്‍വായ ഇടപെടലനുഭവവും ഇതിനു വഴിയൊരുക്കും.
രാജന്‍ മാഷ് എനിക്കയച്ച കത്ത്
പ്രിയപ്പെട്ട കലാധരന്‍ സര്‍,
അന്ന് സര്‍ പറഞ്ഞ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല.മറ്റൊരു പ്രവര്‍ത്തനം ചെയ്തത് സാറിന്റെ ശ്രദ്ധയില്‍പെടുത്തുന്നു.അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കിട്ടുന്നതിനു വേണ്ടിയാണ് ഇത് അയക്കുന്നത്.
നിരന്തരവിലയിരുത്തല്‍ ഹൈസ്കൂള്‍ ക്ലാസുകളില്‍ ഇപ്പോഴും മോരും മുതിരയും പോലെയാണ്.ഒരു വറ്‍ഷത്തേക്കുളള നിരന്തരമൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങളെ വെക്കേഷന്‍ ക്ലാസുകളില്‍ത്തനെന ചെയ്തു തീര്‍ത്ത് (!?) പാഠഭാഗങ്ങളൊക്കെ വളരെ കൃത്യമായും സമയബന്ധിതമായും ചെയ്ത് കുട്ടികളെ പൊതു പരീക്ഷയ്ക്ക് സജ്ജരാക്കാന്‍ കഴിഞ്ഞുവെന്നഭിമാനത്തോടെ പറയുന്ന അധ്യാപകരും പ്രഥമാധ്യാപകരും ഉണ്ട്.അല്ലെങ്കില്‍ പാഠങ്ങളൊക്കെ പഠിപ്പിച്ചു തീര്‍ന്ന ശേഷം സി ഇ അവസാനത്തേക്കു മാറ്റി വെക്കുന്നവരുമുണ്ട്. സി ഇ പ്രവര്‍ത്തനമെന്നത് എസ് എസ് എല്‍ സി കുട്ടികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കുന്നതിനുവേണ്ടി എല്ലാവരില്‍ നിന്നും നിര്‍ബന്ധപൂര്‍വം എഴുതി വാങ്ങി സൂക്ഷിച്ചുവെക്കുന്ന ഒരു രീതിയാണ്. യു പി ക്ലാസുകളിലെ സ്ഥിതിയും വ്യത്യസ്തമാണെന്നു തോന്നുന്നില്ല. നിരന്തരമൂല്യനിര്‍ണയം എന്ന ആശയം ഏറ്റവും വികലമായ രീതിയിലാണ് അധ്യാപകര്‍ ഉല്‍ക്കൊണ്ടിട്ടുളളതുംക്ലാസ് മുറികളില്‍ നടപ്പിലാക്കി വരുന്നതും.ഇത് പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയോ കുട്ടിയെ നിരന്തരം വിലയിരുത്തി മെച്ചപ്പെടുത്തുന്നതിനുളള ഉപാധിയാവുകയോ ചെയ്യുന്നില്ല.
നിരന്തരവിലയിരുത്തലും അതിനു സ്വീകരിച്ചിരിക്കുന്ന വിവിധ ഉഫാധികളും പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്വാഭാവികമായിസാധ്യമാക്കേണ്ടതാണെന്നതിന്റെ വെളിച്ചത്തില്‍ പത്താം ക്ലാസിലെ നാലാം യൂണിറ്റായ ലോഹങ്ങള്‍ എന്ന പാഠഭാഗത്തെ 'റിയാക്ടിവിറ്റി സീരീസ് ലോഹങ്ങളുടെ ക്രിയാശീലം എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന പട്ടികയാണ്' എന്ന ധാരണ രൂപീകരിക്കുന്നതിനു വേണ്ടിതയ്യാറാക്കിയ മോഡ്യൂളാണ് ഇതോടൊപ്പം അയക്കുന്നത്.ആശയരൂപികരണത്തിന്റെ ഭാഗമായ പ്രോജക്ട് റിപ്പോര്‍ട്ടും പരീക്ഷണക്കുറിപ്പും ക്വിസുമെല്ലാം അപ്പപ്പോള്‍ വിലയിരുത്തുകയായിരുന്നു. ആശയരൂപീകരണത്തിനു നല്‍കിയ പ്രവര്‍ത്തനം തന്നെയാണ് നിരന്തരവിലയരുത്തല്‍ പ്രവര്‍ത്തനം. സി ഇക്കുവേണ്ടി വേറേ പ്രവര്‍ത്തനമില്ല....
സ്നേഹപൂര്‍വം രാജന്‍
കഴിഞ്ഞ മാസം പാലക്കാട്ട് വെച്ച് രാജന്‍ മാഷിനെ കണ്ടു. തൃത്താലഹൈസ്കൂളിലെ രസതന്ത്രാധ്യാപകനായ ശ്രീ എം വി രാജന്‍ തന്റെ ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും അവര്‍ പഠിച്ച ഏതു യൂണിറ്റിലെ ഏതു ചോദ്യത്തിനും ഉത്തരം നല്‍കാന്‍ കഴിയുമെന്നു പറയുന്നു. ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷയില്‍ അവിടെ ഏറ്റവും മികച്ച റിസല്‍റ്റ് രസതന്ത്രത്തിനുണ്ട്. ഈ നേട്ടവും നിരന്തര വിലയിരുത്തലിന്റെ ഫലമാണ്.
എന്താണ് അവിടെ സംഭവിച്ചത്?
ഇനി പഠിക്കാന്‍ പോകുന്ന യൂണിറ്റിന്റെ ആസൂത്രണം കുട്ടികളുടെ പങ്കാളിത്തത്തോടെ ചെയ്യും.
എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ചെയ്യണം? എന്തെല്ലാം ഉല്പന്നങ്ങള്‍? അവയുടെ സൂചകങ്ങള്‍.?
ഈ ആസൂത്രണപ്രകാരം ക്ലാസ് മുന്നോട്ടു പോകുമ്പോള്‍ നേരിടുന്ന തടസ്സങ്ങള്‍ പരിഹരിക്കാനായുളള പൂരകപാഠങ്ങള്‍ രാജന്‍മാഷ് തയ്യാറാക്കും. ഓരോ ഉല്പന്നവും വിലയിരുത്തും. യൂണിറ്റ് കഴിഞ്ഞാല്‍ കുട്ടികള്‍ യൂണിറ്റിനെ അവരുടേതായ ഭാഷയില്‍ മാറ്റി എഴുതണം. ഇതു ക്രോഡീകരിച്ച് പുതിയ റഫറന്‍സ് മെറ്റീരിയല്‍ കുട്ടികള്‍ക്ക് നല്‍കും.
സ്വന്തം രീതി വെട്ടിത്തുറക്കുക
നിരന്തര വിലയിരുത്തലില്‍ സ്വന്തം രീതി വെട്ടിത്തുറക്കുന്ന അധ്യാപകര്‍ ആവേശഭരിതരാണ്.
മലപ്പുറത്തു കെ വി മോഹനന്മാഷ് ചെയ്തത് നിരന്തരം നടത്തുന്ന പരസ്പരവിലയരുത്തലിനെ നിരന്തരവിലയിരുത്തലാക്കി മാറ്റലായിരുന്നു. കുട്ടികള്‍ ഗ്രൂപ്പുകളായി രചനകള്‍ക്ക് ഗ്രേഡ് നല്‍കും. എന്തു കൊണ്ട് ഉയര്‍ന്ന ഗ്രേഡിട്ടില്ല എന്ന് വിശദീകരിക്കലും അതുനേടാനുളള ഉദാഹരണസഹിതമുളള നിര്‍ദ്ദേശം നല്‍കലും ഗ്രൂപ്പുകളുടെ ചുമതലയാണ്. ഇത് ക്ലാസിലെ കുട്ടികളുടെ പഠനനിലവാരത്തേയും ആത്മവിശ്വാസത്തേയും ഉയര്‍ത്തി. അവര്‍ അധ്യാപകസ്ഥാനത്തേക്കു സ്വയം പ്രതിഷ്ഠിച്ചാണ് വിലയിരുത്തല്‍ സൂചകങ്ങള്‍ വികസിപ്പിച്ചത്.പരസ്പര വിലയിരുത്തലിനായി ആഴ്ചയില്‍ പ്രത്യേകസമയം കണ്ടെത്തും
ഇതില്‍ നിന്നെല്ലാം എന്താണ് മനസിലാക്കേണ്ടത്?
വഴക്കമുളള സമീപനം സ്വീകരിക്കണം.ആ പൊതുധാരണ വെച്ച് അനുയോജ്യമായ തന്ത്രങ്ങള്‍ വികസിപ്പിക്കുകയാണ് വേണ്ടത്.
അധ്യാപകര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ നിരന്തരവിലയിരുത്തലിനെ വ്യാഖ്യാനിക്കണം.
ഉദാഹരണം
 • നിരന്തര വിലയിരുത്തല്‍.
  • നിശ്ചിത പഠനലക്ഷ്യം നേടുന്നതിനു ക്ലാസില്‍ നേരിട്ട തടസ്സങ്ങള്‍ അപ്പപ്പോള്‍ കണ്ടെത്തി മറികടക്കലാണ് നിരന്തര വിലയിരുത്തല്‍.
  • നിശ്ചിത പഠനലക്ഷ്യം നേടുന്നതിനുളള പ്രവര്‍ത്തനത്തിനു സഹായകമായ മികവുകള്‍ അപ്പപ്പോള്‍ കണ്ടെത്തി മറ്റു കൂട്ടികള്‍ക്ക് ഫീഡ് ബാക്ക് നല്‍കാനുപയോഗിക്കലും അംഗീകാരം നല്‍കലുമാണ് നിരന്തരവിലയിരുത്തല്‍
  • അധ്യാപിക /വിദ്യാര്‍ഥി, മുന്‍കൂട്ടി നിശ്ചയിച്ച ഗുണനിലവാരസൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ക്ലാസ് റൂം പ്രക്രിയയേയും തന്നെത്തന്നെയും വിശകലനാത്മകമായി നോക്കിക്കാണലാണ് നിരന്തരവിലയിരുത്തല്‍
 • പരസ്പരവിലയിരുത്തല്‍
  • ജനാധിപത്യപരവും കുട്ടികളുടെ പങ്കാളിത്തത്തോടെ തീരുമാനിച്ച പഠനലക്ഷ്യങ്ങളുടേയും സൂചകങ്ങളുടേയും അടിസ്ഥാനത്തില്‍ നടത്തുന്നതുമായ തിരിച്ചറിയല്‍ -മെച്ചപ്പെടല്‍ പ്രക്രിയയാണ്
  • പരസ്പരവിലയിരുത്തലും സ്വയം വിലയരുത്തലും നിരന്തരവിലയിരുത്തലിന്റെ ഭാഗമാണ്.

പ്രായോഗിക സമീപനം
 • നിരന്തരവിലയിരുത്തല്‍ ഏതെങ്കിലും ഫോം പൂരിപ്പിക്കാനുളള ഏര്‍പ്പാടല്ല. അതിന്റെ ഫലമായി പഠനനേട്ടം ഉണ്ടായില്ലെങ്കില്‍ ഒരു രേഖപ്പെടുത്തലും നടത്തി ആത്മവഞ്ചന കാട്ടരുത്.
 • നിരന്തരവിലയിരുത്തല്‍ പ്രായോഗികമാക്കുന്നതിനായി എന്തെല്ലാം തന്ത്രങ്ങള്‍വികസിപ്പാക്കാം എന്ന് എസ് ആര്‍ ജി കളില്‍ ആലോചന നടക്കണം
 • വിഷയവും ചുമതലയും നല്‍കണം. ആദ്യം ഒരു അധ്യാപിക ഒരു വിഷയത്തില്‍ നിരന്തര വിലയിരുത്തല്‍ ട്രൈ ഔട്ട് ചെയ്യണം. ഓരോരുത്തരും വ്യത്യസ്ത സാധ്യതകളാണ് അന്വേഷിക്കുക.
 • ഈ അനുഭവം രേഖയാക്കണം. എസ് ആര്‍ജിയില്‍ അനുഭവങ്ങള്‍ വിലയിരുത്തി മെച്ചപ്പെട്ട ഫലം നല്‍കിയതും പ്രായോഗികവുമായവ എല്ലാവരും ട്രൈ ഔട്ട് ചെയ്യാന്‍ തീരുമാനിക്കണം. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അതു പൊതുവായി പ്രയോജനപ്പെടുത്താന്‍ തീരുമാനിക്കാം.
 • ഒരു തന്ത്രം വികസിപ്പിച്ചാല്‍ ആജീവനാന്തം അതു തന്നെ എന്നു കരുതരുത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് തയ്യാറാകണം. ഓരോ വിഷയത്തിന്റേയും പ്രവര്‍ത്തനത്തിന്റേയും സ്വഭാവമനുസരിച്ച് വ്യത്യസ്തരീതികള്‍ കണ്ടെത്താനാകും. ഇതാണ് നിരന്തരവിലയരുത്തലിലുളള വിദ്യാലയത്തിന്റെ നിരന്തരവിലയരുത്തല്‍.
 • ഇത്തരം അന്വേഷണം നടത്തുന്നതിന് ചിലര്‍ക്ക് സഹായം ആവശ്യമാകും. അതിനായി മുന്നൊരുക്ക ചര്‍ച്ച നടത്തണം. അധ്യാപകരെ ടീമുകളായി തിരിച്ച് അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയാല്‍ മതി.
 • അങ്ങനെ ക്ലാസുറൂമില്‍ നടത്തേണ്ട മുന്നൊരുക്കം എന്തെല്ലാമാണ് എന്നു തീരുമാനിക്കണം
 • അധ്യാപകര്‍ നടത്തേണ്ട മുന്നൊരുക്കം- സ്വയം വികസിപ്പിച്ച ഫോര്‍മാറ്റുകള്‍, ചെക്ക് ലിസ്റ്റുകള്‍, സൂചകങ്ങള്‍ ,രചനകളുടെ താരതമ്യം, ടീച്ചിംഗ് മാന്വല്‍ നിരന്തര വിലയിരുത്തലിനായി അനുരൂപീകരിക്കല്‍, പിന്നാക്ക പരിഗണനയോടെ തയ്യാറാക്കിയ വര്‍ക് ഷീറ്റുകള്‍, പഠനോപകരണങ്ങള്‍ മുതലായവ
 • നിരന്തരമൂല്യനിര്‍ണയം നടത്തി കുട്ടിയുടെ നിലവാരം രേഖപ്പെടുത്തേണ്ടതെങ്ങയെന്നാദ്യമേ ചിന്തിച്ചാല്‍ ആ ഫോര്‍മാറ്റിനടിമയാകാന്‍ സാധ്യതയുണ്ട്. കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു രീതി ഉരുത്തിരിഞ്ഞു വരും.
 • നിരന്തര വലിയരുത്തല്‍, പരസ്പര വിലയിരുത്തല്‍ എന്നിവ നല്‍കുന്ന തിരിച്ചറിവുകളുടെ തുടര്‍പ്രവര്‍ത്തനം ആലോചിക്കണം.
 • നിരന്തര മൂല്യനിര്‍ണയത്തില്‍ ഫലപ്രദമായ കേരളീയ ബദല്‍ വരും വര്‍ഷം വികസിപ്പിക്കലാകണം നമ്മുടെ ലക്ഷ്യം.
 • മേലേ നിന്നും കെട്ടിയിറക്കുന്നതിനേക്കാള്‍ നല്ലത് താഴേ നിന്നും പടുത്തുയര്‍ത്തുന്നവയാണ്
 • കുട്ടിയുടെ സാമൂഹികമായ കഴിവുകളും നിലപാടുകളും കൂടി പരിഗണിക്കണം.
 • സാങ്കേതിക പദങ്ങളിലും ഫോര്‍മാറ്റുകളിലുമല്ല നിരന്തരവിലയിരുത്തല്‍ എന്ന് ഓര്‍മിക്കുക.
 • പ്രകാശത്തെ കത്തുന്ന തിരിയില്‍ അന്വേഷിച്ചാല്‍ കിട്ടുന്നതുപോലെ വെളിച്ചവും തെളിച്ചവുമുളള അധ്യാപകരുടെ ക്ലാസുകളില്‍ നാം നിരന്തരവിലയരുത്തലിന്റെ നൂതന പ്രയോഗങ്ങള്‍ കാണും
 • ഈ കുറിപ്പിന്റെ ആദ്യം ജീവിതത്തിലെ ലളിതമായ ഉദാഹരണത്തിലൂടെ സൂചിപ്പിച്ച പോലെ വിഷയാടിസ്ഥാനത്തിലുളള ഉദാഹരണങ്ങളും അനുഭവങ്ങളും സഹിതം വ്യക്തതയോടെ നിരന്തരവിലയിരുത്തലിനെക്കുറിച്ച് സംസാരിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാര്‍ ധാരാളമുഉണ്ടാകണം.അത് അധ്യാപകരാകാനാണ് സാധ്യത. വാചകമടി നടത്തുന്നവരെ തിരുത്തുകയും വേണം.(അധ്യാപകരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുന്നവര്‍ നിശ്ചിതഫോറങ്ങളില്‍ കുരുക്കിയിടാന്‍ ശ്രമിക്കുന്നതെന്തിനാണ്?)
 • കണ്‍സ്ട്രക്ടിവിസം അധ്യാപകരെ സൃഷ്ടാക്കളുടെ സ്ഥാനത്താണ് കാണുന്നത്.
ഞാന്‍ നിരന്തരവിലയിരുത്തലിനെക്കുറിച്ച് ഇനി പറയുമ്പോള്‍ അതു പറയാനുളള എന്റെ അര്‍ഹത നിങ്ങള്‍ ചോദ്യം ചെയ്യണം
അതെ,എന്നെ ചോദ്യം ചെയ്യണമെന്നു ഒരു റിസോഴ്സ് പേഴ്സണ്‍ അധ്യാപകരോട് ആവശ്യപ്പെടുകയാണെന്നു കരുതൂ. അത്തരം അവസ്ഥ തന്റെ അനുഭവത്തെ ഉദാഹരിച്ച് സാധ്യതകളുടെ വിശാലചിന്തയിലേക്കു അധ്യാപകരെ പ്രചോദിപ്പിക്കാന്‍ പര്യാപ്തമാണ്. എവിടെ നിന്നോ കേട്ട സിദ്ധാന്തങ്ങള്‍ യാന്ത്രികമായി അവതരിപ്പിക്കുന്ന ആര്‍ക്കും അധ്യാപകരെ പ്രവര്‍ത്തനോത്സുകരാക്കാനാകില്ല. നിരന്തര വിലയിരുത്തല്‍ നടത്തിയതില്‍ എനിക്ക് അനുഭവം ഉണ്ടോ എന്നു ഞാനും പരിശോധിക്കണമല്ലോ.
ടി ടി സി ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ ഒരു രജിസ്റ്റര്‍ ക്ലാസില്‍ സൂക്ഷിക്കും. ക്ലാസ് കഴിഞ്ഞാല്‍ ഊഴമിട്ട് ഓരോ വിദ്യാര്‍ഥി വീതം ഓരോ ദിവസവും എന്റെ ക്ലാസില്‍ നിന്നും അവര്‍ക്കു കിട്ടിയ അറിവെന്താണ് കഴിവെന്താണെന്നു വിശദമായി എഴുതണം.സ്വയം വിലയിരുത്തുന്നതിന്റെയും അധ്യാപനഫലപ്രാപ്തിയെ വിലയിരുത്തുന്നതിന്റെയും ഈ രജിസ്റ്റര്‍ പൊതുരേഖയാണ്. അതിനോട് മറ്റു കുട്ടികളുടെ പ്രതികരണക്കുറിപ്പുകളും ആകാം. സെമിനാര്‍, ചര്‍ച്ച, സംവാദം തുടങ്ങിയവയാണു നടക്കുന്നതെങ്കില്‍ അതിനെ വിലയിരുത്തിയും കുറിക്കണം. കുട്ടികളുടെ പങ്കാളിത്തത്തോടെ വിലയിരുത്തല്‍ ചര്‍ച്ചകളും നടത്തിയിരുന്നു.കുട്ടികള്‍ തന്നെ തങ്ങള്‍ക്കു ലഭിക്കേണ്ട ഗ്രേഡ് ഇടും. ഞാനിട്ട ഗ്രേഡുമായി അന്തരമുണ്ടെങ്കില്‍ സാധൂകരണചര്‍ച്ച നടത്തും. അത് തിരിച്ചറിവിന്റെ ചര്ച്ചയാണ്. ഒരു വര്‍ഷം ചെങ്ങന്നൂര്‍ ഡയറ്റില്‍ നടത്തിയ ഈ അനുഭവം കുട്ടികളുടെ പഠനത്തെ വളരെ സ്വാധീനിച്ചു. ജനാധിപത്യപരമായി പെരുമാറുമ്പോഴാണ് നിരന്തരവിലയരുത്തല്‍ സാധ്യമാവുക എന്നാണ് എന്റെ തിരിച്ചറിവ്. ഔദ്യോഗിക രീതിക്കു പകരം ഞാനെന്റേതായ രീതി പ്രയോഗിക്കുകയായിരുന്നു.ഇത് ഒരു പക്ഷേ ഇനിയും മെച്ചപ്പെടാനുണ്ടാകാം.
വിലയിരുത്തലിന്റെ സാമൂഹികമാനം
നിലവിലുളള വ്യവസ്ഥയെ അതേപോലെ നിലനിറുത്താനല്ല പഠനവും വിലയിരുത്തലും, മറിച്ച് ലോകത്തെ പുനരാവിഷ്കരിക്കാനാണ്.
ആരാണ് പുനാവിഷ്കരിക്കേണ്ടത്. മുകളിലുളള യജമാനബോധമുളള ന്യൂനപക്ഷമോ അതോ താഴെയുളള യഥാര്‍ഥ ജനതയോ? ഈ ചോദ്യത്തിനുത്തരം തേടുമ്പോഴാണ് ജനാധിപത്യശാക്തീകരണത്തിന്റെ ദൗത്യം കൂടിയുളളതാണ് വിലയിരുത്തല്‍ എന്നു തിരിച്ചറിയുന്നത്. പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാനുളള ഇടപെടലും സഹായം തേടലും നടക്കണം.തുറന്ന സമീപനവും ലക്ഷ്യം നേരായ വഴിക്കു സാധ്യമാണെന്ന തിരിച്ചറിവും അനര്‍ഹമായവ വാങ്ങില്ലെന്ന മനോഭാവവും വിലയിരുത്തലിലൂടെ കുട്ടിക്ക് കിട്ടണം
കുട്ടികളെ കളളത്തരം ശീലിപ്പിക്കരുത്
നോക്കൂ പല വിദ്യാലയങ്ങളിലും നിരന്തരവിലയിരുത്തല്‍ എന്നാല്‍ ഉദാരമായ മാര്‍ക്ക് നല്‍കലാണ്. അര്‍ഹതയില്ലെങ്കിലും അതു കുട്ടിക്ക് ലഭിക്കുന്നു. അര്‍ഹതയില്ലാത്തത് സ്വന്തമാക്കാം എന്ന പാഠം പഠിപ്പിക്കുന്ന സ്ഥാപനങ്ങളെ വിദ്യാലയങ്ങള്‍ എന്നു വിളിക്കാമോ?
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എന്‍ കരളില്‍ കുടിയിരിക്കേണമേ
........................................
നല്ല ചിന്തയായ് എന്റെ മനസ്സിലും
നല്ല ഭാഷയായ് നാവിന്റെ തുമ്പിലും
നല്ല ചെയ്തിയായ് എന്റെ കരത്തിലും
നന്മയാം നീ കടന്നിരിക്കേണമേ
എന്നു നിത്യവും ചൊല്ലുന്ന കുട്ടികളെയാണ് കളളത്തരത്തിന്റെ ഗുണഭോക്താക്കളാക്കുന്നത്. നല്ല ചെയ്തിയാണോ എന്ന് എല്ലാ വിദ്യാലയവും അതു തിരുസഭയുടെ പേരിലുളളവയായാലും യോഗത്തിന്റെ നാമത്തിലുളളവയായാലും പരിശോധിക്കണം.
 • എല്ലാ കുട്ടികള്‍ക്കും നേരേ ചൊവ്വേ മനസിലാകുന്ന വിധം പഠിപ്പിക്കാനുളള കഴിവ് വികസിപ്പിക്കാത്തതുമൂലമുളള അധ്യയനപ്പിശകിന് കളളത്തരമാണോ മരുന്ന്?
 • മത്സരാധിഷ്ടിതസമൂഹത്തിലേക്കുളള കൗശലവും കാപട്യവും പരിശീലിപ്പിക്കുമ്പോള്‍ മനസാക്ഷിക്കുത്തനുഭവപ്പെടാത്ത അധ്യാപകര്‍ !???
സ്വജനപക്ഷപാതം പരിശീലിപ്പിക്കുന്നു
ശരിയായ പ്രക്രിയയിലൂടെ രൂപപ്പെടേണ്ട പഠനോല്പന്നങ്ങള്‍ മറ്റുളളവരുടെയും മുന്‍ വര്‍ഷത്തേയും പകര്‍ത്തിയെഴുതി വെക്കാനാവശ്യപ്പെടുന്ന അധ്യാപകനോട് ഒരു കുട്ടിയും എതിരു പറയുന്നില്ല എന്നതാണ് കേരളത്തിലെ ഏറ്റവും വലിയ സദാചാര പ്രശ്നം. സ്വന്തം സ്കൂളിന്റെ പേരു ചീത്തയാകാതിരിക്കാന്‍, സ്വന്തം കുട്ടികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ ആശാസ്യമല്ലാത്ത ബോധനരീതി പിന്തുടരുന്ന അധ്യാപകരുടെ ശിഷ്യഗണം ഭാവിയില്‍ സ്വജനപക്ഷപാതം കാട്ടിയില്ലെങ്കിലേ അത്ഭുതമുളളൂ.
വിശാലമായ സാമൂഹികവീക്ഷണം വെടിഞ്ഞ് താല്കാലിക നേട്ടത്തിനു വേണ്ടി ലഘുവാകുന്ന ഗുരുക്കളുടെ സംസ്കാരം സംസ്കരിക്കപ്പെടണം. വിലയിരുത്തലിന്ററെ സാമൂഹികമാനം പ്രസക്തമാകുന്നതിവിടെയാണ്.
നാളെ എങ്ങനെയെന്നു തീരുമാനിക്കേണ്ട നിര്‍ണായക വ്യക്തിയാണ് ക്ലാസിലിരിക്കുന്നത്. കഴിവുകളില്‍ ദുര്‍ബലപ്പെട്ടാല്‍ അത് സമൂഹത്തിന്റെ പുനരാവിഷ്കാരത്തേയും ബാധിക്കും. ഒരു കുട്ടിയുടേയും പഠനപുരോഗതിക്ക് തന്റെ ക്ലാസ് റൂം പ്രക്രിയ തടസ്സമാകില്ല എന്നു പ്രഖ്യാപിക്കലാണ് വിലയിരുത്തല്‍.
തുടരും
അടുത്തത്
ജ്ഞാനനിര്‍മിതി വാദക്ലാസുകളിലെ നിരന്തരവിലയിരുത്തല്‍

12 comments:

Surendran M.M. said...

“നിലവിലുളള വ്യവസ്ഥയെ അതേപോലെ നിലനിറുത്താനല്ല പഠനവും വിലയിരുത്തലും, മറിച്ച് ലോകത്തെ പുനരാവിഷ്കരിക്കാനാണ്.
ആരാണ് പുനാവിഷ്കരിക്കേണ്ടത്. മുകളിലുളള യജമാനബോധമുളള ന്യൂനപക്ഷമോ അതോ താഴെയുളള യഥാര്‍ഥ ജനതയോ? ഈ ചോദ്യത്തിനുത്തരം തേടുമ്പോഴാണ് ജനാധിപത്യശാക്തീകരണത്തിന്റെ ദൗത്യം കൂടിയുളളതാണ് വിലയിരുത്തല്‍ എന്നു തിരിച്ചറിയുന്നത്.”
എന്നാല്‍ ചില വിദ്യാലയങ്ങളില്‍ നല്ല മാതൃകകള്‍ രൂപപ്പെടുന്നുണ്ട്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടങ്ങള്‍ പോലെ.പഠനത്തില്‍ വിലയിരുത്തലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അധ്യാപകര്‍ അങ്ങിങ്ങുണ്ട്.വിലയിരുത്തലില്ലാതെ പഠനം പൂര്‍ണ്ണമാകില്ലെന്നു കരുതുന്നവര്‍.നമുക്ക് പ്രതീക്ഷിക്കാം..

Kaladharan TP said...

പ്രിയ സുരേന്ദ്രന്‍ മാഷ്
മിന്നാമിനുങ്ങുകളുടെ നുറുങ്ങുവെട്ടങ്ങളില്‍ നിന്നും പാഠങ്ങള്‍ പെറുക്കിയെടുക്കണം. താങ്കളും നടത്തിയിട്ടുണ്ടല്ലോനിരന്തരവിലയിരുത്തല്‍ പങ്കിടൂ. കാനത്തൂരിലെ പെരുമയില്‍.
കുറേ അധ്യാപകര്‍ നിരന്തരവിലയിരുത്തല്‍ പ്രായോഗികമാക്കാന്‍ തീരുമാനിച്ചു പ്രവര്‍ത്തിക്കുന്നു. ഇന്നലെ കോഴിക്കോട് അത്തരമൊരു യോഗം നടന്നു. ഇനിയും പലേടത്തും നടക്കും. സമാനമനസ്കര്‍ ഒന്നിച്ചുചേരുന്ന ജനാധിപത്യപരമായ സ്വതന്ത്രക്ലസ്റ്റര്‍.
കൂടുതല്‍ തെളിവുകള്‍ വരും വര്‍ഷം ഉണ്ടാവുമെന്നു പ്രതീക്ഷിക്കാം

ബി.ആര്‍.സി ചെറുവത്തൂര്‍ said...

പഠനത്തെയും വിലയിരുത്തലിനെയും ഇഴപിരിച്ച് കാണുന്നില്ല ഭൂരിഭാഗം അധ്യാപകരും.വിലയിരുത്തലും അനിവാര്യ ഫീഡ്ബാക്കും തന്നെയാണ് അറിവ്നിര്‍മ്മാണത്തിനാധാരം എന്ന കിരിച്ചറിവില്ലാത്തതല്ലല്ലോ വിഷയം.അന്വഷിക്കുമ്പോള്‍ രൂപപ്പെടുന്നതാണ് വഴികളും മാതൃകകളും.പ്രായോഗികതയുള്ള വിലയിരുത്തല്‍ രീതിതന്നെയാണ് ഓരോരുത്തരും അന്വേഷിക്കേണ്ടത്.

Mahesh Sarang said...

പഠനത്തെയും വിലയിരുത്തലിനെയും ഇഴപിരിച്ച് കാണുന്നില്ല ഭൂരിഭാഗം അധ്യാപകരും.വിലയിരുത്തലും അനിവാര്യ ഫീഡ്ബാക്കും തന്നെയാണ് അറിവ്നിര്‍മ്മാണത്തിനാധാരം എന്ന തിരിച്ചറിവില്ലാത്തതല്ലല്ലോ വിഷയം.അന്വഷിക്കുമ്പോള്‍ രൂപപ്പെടുന്നതാണ് വഴികളും മാതൃകകളും.പ്രായോഗികതയുള്ള വിലയിരുത്തല്‍ രീതിതന്നെയാണ് ഓരോരുത്തരും അന്വേഷിക്കേണ്ടത്.

jayasree.k said...

ചായയുടെ ഗുണതാവിശേഷങ്ങളെ ക്കുറിച്ച് ധാരണതലത്തില്‍ അറിവുണ്ടയതുകൊണ്ട് മാത്രം ചായ യാഥാര്ത്യമാവുകയില്ലല്ലോ .ചായ ഉണ്ടാക്കുന്ന പ്രക്രിയയെ (വെള്ളവും പാലും കൂടി തിളപ്പിച്ചാണോ തേയില ഇടുന്നത്? തിളച്ച വെള്ളത്തില്‍ തേയില ഇട്ട ശേഷം അടച്ചുവച്ചു നിശ്ചിത സമയം കഴിഞ്ഞ് പാലും പഞ്ചസാരയും ചെര്ക്കു കയാണോ?എപ്പോള്‍ ?എങ്ങനെ ചേര്ക്കയണം ?) സംബന്ധിച്ച അറിവും ചായ ഉണ്ടാക്കാനുള്ള നൈപുണിയും (ഉചിതമായ സാമഗ്രികള്‍ ഉചിതമായ സമയത്ത് ഉപയോഗിക്കുക,ചൂട് പോകാതെ ആറ്റിയെടുക്കുക ,.....)കൂടി ചേരുമ്പോള്‍ വ്യതിരിക്തമായ ചായ ,ആവശ്യമായ സമയത്ത് ഉണ്ടാക്കാം,കുടിക്കാം,മറ്റുള്ളവര്ക്ക്ക നല്കാംക എന്നീ മനോഭാവങ്ങള്‍ രൂപപ്പെടുന്നു.മറ്റൊരു സന്ദര്ഭംമ നോക്കാം .പ്ലാസ്റ്റിക്കിന്റെ ദോഷ വശങ്ങളെക്കുറിച്ചും ബടലുകളെ ക്കുറിച്ചും ആശയതലത്തില്‍ അറിവുള്ളവര്‍ പ്രസംഗിക്കുകയും സെമിനാര്‍ നടത്തുകയും കുട്ടികളെ പഠിപ്പിക്കുകയും ഒക്കെ ചെയ്യും. പക്ഷെ സ്വന്തം ജീവിതത്തില്‍ ഇതിന്റെി ഉപയോഗത്തെ ഒഴിവാക്കാന്‍ കഴിയാത്തത് ബദലുകള്‍ ചെലവു കുറഞ്ഞ രീതിയില്‍ നിര്മിരക്കാന്‍/ കണ്ടെത്താന്‍ ഉള്ള പ്രക്രിയാപരമായ അറിവ് ഇല്ലാത്തതിനാല്‍ മനോഭാവത്തിലും മാറ്റം വരുന്നില്ല എന്നത് കൊണ്ടാണ് .അത് പോലെ നിരന്തര വിലയിരുത്തലിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയാത്തത് കൊണ്ടല്ല ഇത് നടക്കാത്തത്.മറിച്ച്,അതിന്റെന പ്രക്രിയാ പരമായ ധാരണ ,(എന്തിന്?എപ്പോള്‍? എങ്ങിനെ ?) അതിന് ഉപയോഗിക്കേണ്ട ടൂളുകള്‍ രൂപ കല്പന ചെയ്യാനുള്ള കഴിവ് ,നടപ്പാക്കാനും ,കിട്ടുന്ന ദത്തങ്ങള്‍ വിശകലനം ചെയ്തു ഫീഡ് ബാക്ക് നല്കാടനുമുള്ള വൈദഗ്ധ്യം,കുറച്ചു കുട്ടികള്‍ ഉള്ള ക്ലാസ്സില്‍ എങ്ങനെ? കൂടുതല്‍ കുട്ടികള്‍ ഉള്ളിടത്ത് എങ്ങനെ ? എന്നിവയി ലൊക്കെ ഉള്ള അറിവ് നിര്മ്മാനണവും തിരിച്ചറിവും മെച്ചപ്പെടുത്തലും നടക്കാത്തത് കൊണ്ടല്ലേ?ഇതിനുള്ള കൈതാങ്ങല്ലേ അധ്യാപകര്ക്ക്െ വേണ്ടത്? എന്നാലല്ലേ സ്വന്തമായ രീതി വെട്ടി തുറക്കാനുള്ള ആത്മ വിശ്വാസം അവര്ക്ക് ലഭിക്കൂ?

LATHA B said...

manasil malayalamanu.. typingil ethaathath porukkuka..janaadhipathya sobhaavam nirantharamayi sookshikunna adhyaapakanu nirantharamoolyanirnayam saadhyamakum..planning karyakshamamaavanam.paadathile pradhaana aasayangal kandethi nannayiaasuthranam koodi cheyyanam.. adutha classile labour india samskaarakkaar undakkunna note completion aayillengilum namukku kuttiye ariyaan nammale ariyaan niranthara moolyanirnayam sahayikkum

MOHANAN P SREEKRISHNAPURAM said...

ente orusuhruth primary Teacher aayi work cheythirunna ayaaL ippoL HSA aayi maari. ithine kuRichch ayaaL parannjathu , nammaL samghaTana pravarththanavum okke aayi pala thirakkukal uLLavaraaNu, primari aayaal paramavadhi Hm aavam . ennalum skooL vitt pokan patilla. HSA aayappol disambarote portions cover cheyyum. pinne namukk nammute vazhikk pokam ennanu. ................................ingane ulla skoolil enthu niranthara vilayiruthal aanu untaavuka?

Kaladharan TP said...

പ്രിയ മോഹനന്‍ മാഷ്
അധ്യാപകര്‍ പല തരക്കാരാണ്. വിദ്യാലയങ്ങളും. നന്മയുളള അധ്യാപകരുണ്ട്. അവര്‍ക്ക് ആശ്യപരമായ വ്യക്തത ലഭിക്കുകയാണെങ്കില്‍ അവര്‍ അത്ഭുതം സൃഷ്ടിക്കും.പലതിനും കേരളീയമായ ഉത്തരം കണ്ടെത്താനുണ്ട്. അതിലേക്കുളള ആലോചനയ്ക്കാണ് ഈ പോസറ്റ്. അധ്യാപകര്‍ അവരുടെ ക്ലാസില്‍ കുട്ടികളെ ഒരു വര്‍ഷം നിരന്തരം വിലയിരുത്തിയതിന്റെ മൂന്ന് അനുഭവങ്ങള്‍ കൂടി പങ്കിട്ടുകൊണ്ടാണ് ഈ പോസ്ററ്.കൂടുതല്‍ അനുഭവങ്ങള്‍ വേണം. അതനെന്തു ചെയ്യും? ഔദ്യോഗികസംവിധാനത്തിനു പുറത്ത് ആലോചന നടത്തിക്കൂടേ?താങ്കള്‍ക്കും നേതൃത്വം നല്‍കാമല്ലോ

വിദ്യാലയ കൂട്ടായ്മ said...

പ്രിയ കലാധരന്‍ മാഷ്‌ ,

ഞങ്ങള്‍ എല്‍ പി ക്ലാസ്സുകളില്‍ നിരന്തരവിലയിരുത്തല്‍ ഗവേഷണ സ്വഭാവത്തോടെ ഈ വര്ഷം നടപ്പാക്കാന്‍ തീരുമാനിച്ചു.ഈ അജണ്ട വച്ചു തന്നെ ജൂണ്‍ മാസത്തില്‍ ഞങ്ങള്‍ ചേരും.വഴക്കമുള്ള വ്യത്യസ്ത മാതൃകകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കും.വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്ന cumulative record എന്താനെന്നതിനു നമ്മുടെ സാഹചര്യത്തില്‍ ഒരു മാതൃക രൂപപ്പെടുത്താനും ആഗ്രഹമുണ്ട്.

jomesh said...

കഴിഞ്ഞ വര്‍ഷം വളരെയധികം ഉത്സാഹത്തോടെ എന്റെ ക്ലാസ്സില്‍ നിരന്തര വിലയിരുത്തലിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും മൂന്ന് മാസത്തിലധികം ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു കൊണ്ട് പോകാന്‍ സാധിച്ചില്ല.
കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുകയും അതില്‍ ഗ്രൂപ്പിന്റെയും അധ്യാപകന്റെയുമെല്ലാം അഭിപ്രയക്കുറിപ്പുകള്‍ രേഖപ്പെടുത്തുകയും അതിന്മേല്‍ വീണ്ടും ചര്‍ച്ച നടത്തുകയും ഒക്കെ ചെയ്തു കൊണ്ട് മുന്നോട്ടുപോകെപ്പോകെ സമയവുമായുള്ള മത്സരത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടി വരികയും തെളിവുകള്‍ സൂക്ഷിക്കാനുള്ള വ്യഗ്രത മാത്രമായി അവശേഷിക്കുകയും ചെയ്തു.ജയശ്രീ ടീച്ചര്‍ പറഞ്ഞത് പോലെ പ്രക്രിയപരമായ അറിവാണ് ഞങ്ങള്‍ക്ക് ആവശ്യം. എല്ലാ പ്രശ്നവും പരിഹരിക്കാവുന്ന ഒരു ഫോര്‍മുല വേണമെന്നല്ല ആവശ്യപ്പെടുന്നത്. പക്ഷെ വിവിധ സാഹചര്യങ്ങളില്‍ പ്രയോഗിക്കാന്‍ കഴിയുന്ന ചില അടിസ്ഥാനമാതൃകകള്‍ പരിചയപ്പെടാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ നന്ന്.

Kaladharan TP said...

ജോമേഷ്
ചിലമാതൃകകള്‍ പരിചയപ്പെടുത്തും വരും ലക്കങ്ങളില്‍
പഠനത്തെളിവ് സൂക്ഷിക്കുന്നതിനേക്കാള്‍ കുട്ടികള്‍ മികച്ച നിലകൈവരിച്ചതായി ബോധ്യപ്പെടുന്ന സാക്ഷ്യപ്പെടുത്തുന്ന അവസ്ഥയില്‍ തെളിവുകളെ ഉപയോഗിക്കുകയല്ലേ വേണ്ടത്?

ബിലാത്തിപട്ടണം Muralee Mukundan said...

പലവിധ ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടെന്നും ഭക്ഷണം കഴിക്കേണ്ടതുണ്ടെന്നുമുലള സാമാന്യവിവരം കുട്ടികള്‍ക്കറിയാം. അത് അവരുടെ ആര്‍ജിതജ്ഞാനമാണ്.സ്വജീവിതാനുഭവങ്ങളില്‍ നിന്നും ആര്‍ജിച്ചതാവാം ഇത്.ഇനി എന്തു പുതിയ അറിവാണ് നിര്‍മിക്കപ്പെടേണ്ടത് എന്ന ചോദ്യത്തെയാണ് അധ്യാപിക അഭിമുഖീകരിച്ചത്?