ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, December 12, 2015

ആള്‍ പ്രമോഷന് മരണമണി മുഴങ്ങുമ്പോള്‍


2016 ജനുവരിയില്‍ MHRD നിയോഗിച്ച എട്ടംഗസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആള്‍പ്രമോഷന്‍ സമ്പ്രദായം തിരിച്ചുകൊണ്ടു വരണമോ വേണ്ടയോ എന്ന നിര്‍ണായക തീരുമാനം അതിനു ശേഷം ഉണ്ടാകും. രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വസുദേവ് ദേവനാനി അധ്യക്ഷനായ ഈ സമിതിയില്‍ തമിഴ്നാട്, ബംഗാള്‍,മധ്യപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പു മന്ത്രിമാരും അംഗങ്ങളാണ്. ഡല്‍ഹിയടക്കം നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആള്‍പ്രമോഷന്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.പഠനനിലവാരം കുറയുന്നതിനിടയാക്കുന്നു എന്നതാണ് മുഖ്യകാരണം.
കുട്ടികളെന്തുകൊണ്ട് തോല്‍ക്കുന്നു?
പഠനത്തില്‍ നിശ്ചിത നിലവാരത്തിലെത്താതെ വരുമ്പോഴാണ് തോല്‍വി സംഭവിക്കുക. തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് ഇവിടെ പ്രധാനം. ഹോപ്കിന്‍ സര്‍വകലാശാലയിലെ പ്രസിദ്ധ വിദ്യാഭ്യാസ ചിന്തകനായ റോബര്‍ട്ട് ശ്ലാവിന്‍ (1995) ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളിവയാണ്

  • കുട്ടിയുടെ വികാസപരമായ കാലതാമസം, ശാരീരികവും ബൗദ്ധികവും ഭാഷാപരവുമായ വൈകല്യങ്ങള്‍
  • ദാരിദ്ര്യം ,

  • കുറഞ്ഞ പ്രതീക്ഷാനില
  • താഴ്ന ആത്മബോധം ( അവനവന്റെ ശ്ക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിയായ്ക)
  • അനാരോഗ്യകരമായ കുടംബപശ്ചാത്തലം
  • വിദ്യാഭ്യാസത്തിനു വീട്ടില്‍ നല്‍കുന്ന മാറ്റു കുറവുളള മൂല്യം
  • പെരുമാറ്റ പ്രശ്നങ്ങള്‍, വൈകാരിക പ്രശ്നങ്ങള്‍
  • സാംസ്കാരിക പശ്ചാത്തലം
  • ദരിദ്രമായ അധ്യാപന രീതി
  • വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്ന വിഭവ പിന്തുണയുടെ അപര്യാപ്തത
തോല്‍വിയുടെയും പഠനപിന്നാക്കാവസ്ഥയുടെയും കാരണങ്ങള്‍ ഓരോ കുട്ടിയ്കും വ്യത്യസ്തമായിരിക്കേ അവ കണ്ടെത്തി പരിഹരിക്കാനല്ലേ വിദ്യാലയങ്ങള്‍ ശ്രമിക്കേണ്ടത്.
വെല്ലുവിളിയില്ലാത്ത ക്ലാസ്  കയറ്റം കുട്ടികളെ അലസരാക്കും. അധ്യാപകരെ ഉഴപ്പരാക്കും എന്നെല്ലാം വാദങ്ങള്‍ നാം കേള്‍ക്കുന്നു.
പഠനത്തില്‍ വെല്ലുവിളിയുണ്ടാകുന്നത് താല്പര്യജനകമായി പഠനപ്രവര്‍ത്തനം അവതരിപ്പിക്കുമ്പോഴാണ്. അതില്‍ കുട്ടിയുടെ മുഴുകല്‍ ആവശ്യപ്പെടുന്ന വിധം പങ്കാളിത്തമുഹൂര്‍ത്തങ്ങള്‍ അനുവദിക്കുമ്പോഴാണ്. അതേ പോലെ കൈത്താങ്ങ് അധ്യാപകരുടെ പക്ഷത്തുനിന്നും സഹപാഠികളുടെ പക്ഷത്ത് നിന്നും യഥാസമയം ലഭിക്കുകയും വേണം. 
കുട്ടികളെ തോല്പിക്കുന്നതും വിജയിപ്പിക്കുന്നതും സംബന്ധി്ച്ച് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് അവ നാം ശ്രദ്ധിക്കണം. 

NASP പറയുന്നു
അമേരിക്കയടക്കം 25 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 25000ലധികം സ്കൂള്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനായNASP( നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സ്കൂള്‍ സൈക്കോളജിസ്റ്റ്സ് ) പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ പ്രസക്തമാണ്.
  1. എല്ലാവരെയും വിജയിപ്പിക്കുന്നതു കൊണ്ടോ കുട്ടികളെ ക്ലാസില്‍ തോല്പിച്ചു
    പഠിപ്പിക്കുന്നതുകൊണ്ടോ മാത്രം നിലവാരമുയരുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നില്ല
  2. കുട്ടിക്ക് ലഭിക്കുന്ന പഠനാനുഭവം എന്താണെന്നുളളത് പ്രധാനമാണ്
  3. ഓരോ കുട്ടിക്കും അനുയോജ്യമായ ഇടപെടല്‍ തന്ത്രങ്ങള്‍ രൂപപ്പെടുത്താനാവാതെ യാന്ത്രികമായ തോല്‍പ്പിക്കല്‍ ഗുണം ചെയ്യില്ല
  4. തോല്‍വിയുടെ ആദ്യവര്‍ഷത്തില്‍ കുട്ടി കൂടുതല്‍ പഠനതാല്പര്യം പ്രകടിപ്പിക്കാമെങ്കിലും ഒന്നിലധികം വര്‍ഷം തോല്‍ക്കേണ്ടി വന്നാല്‍ അത് കുട്ടിയെ അക്കാദമിക മികവിലേക്ക് നയിക്കില്ല. നേരത്തെയുളളതിനേക്കാള്‍ കുറഞ്ഞ നിലവാരത്തിലെത്താനും സാധ്യത
  5. തോല്‍പ്പിക്കപ്പെടുന്ന കുട്ടികളില്‍ പെരുമാറ്റ പ്രശ്നങ്ങള്‍, വിദ്യാലയ വിരക്തി, സമായോജനപ്രശ്നങ്ങള്‍ , സമസംഘവുമായി ഇടപഴകല്‍ കുറയല്‍ എന്നിവ പ്രകടമാകും
  6. കൊഴിഞ്ഞുപോക്കിനു കാരണമാകുന്നു
  7. പഠനനിലയുടെ വിവിധ മേഖലകളില്‍ തോല്‍വി പ്രതികൂലസ്വാധീനം ചെലുത്തും ( വായന.ഗണിതം,എഴുത്ത് ,ആത്മബോധവികാസം..)
  8. മാനസീകമായ പിരിമുറുക്കത്തിലേക്ക് നയിക്കും
  9. എന്നാല്‍ വിദ്യാലയത്തില്‍ നിരന്തരം ഹാജരാകാത്ത കുട്ടികള്‍ക്ക് തോറ്റുപഠിക്കല്‍ ഗുണം ചെയ്യും.
എന്താണ് ചെയ്യാന്‍ കഴിയുക?
NASP ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു
  1. രക്ഷിതാക്കളുടെ വിദ്യാലയബന്ധം ശക്തിപ്പെടുത്തുക. കുട്ടിയുടെ പഠനത്തിലെ ഇടപെടല്‍ കൂട്ടുക ( വിദ്യാലയത്തില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കല്‍, ഹോം വര്‍ക്ക് മോണിറ്റര്‍ ചെയ്യല്‍, അധ്യാപകരുമായി നിരന്തരം ബന്ധപ്പെടല്‍)
  2. എല്ലാ ക്ലാസുകളിലും പഠനത്തെ മുന്നോട്ട് നയിക്കുന്നതിനായി പ്രായത്തിനും സംസ്കാരത്തിനും അനുയോജ്യമായ ബോധനതന്ത്രങ്ങള്‍ പ്രയോജനപ്പെടുത്തുക
  3. ഭാഷാനൈപുണികളും സാമൂഹിക നൈപുണികളും വികസിപ്പിക്കുന്ന പ്രീസ്കൂള്‍ വിദ്യാഭ്യാസം
  4. കുട്ടിയുടെ പഠനപുരോഗതി വിലയിരുത്തുന്നതിനും കുട്ടിയുടെ ശക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിയുന്നതിനും ശാസ്ത്രീയവും ചിട്ടയായുളളതുമായ രീതികള്‍ വികസിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അധ്യാപന തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുക
  5. വിദ്യാലയാധിഷ്ഠിത മാനസീകാരോഗ്യ പരിപാടികള്‍ നടത്തി കുട്ടിയുടെ സാമൂഹികവും വൈകാരികവുമായി പ്രശ്നങ്ങള്‍ പരിഹരിക്കുകട
  6. വിദ്യാര്‍ഥി പിന്തുണാസംഘങ്ങള്‍ (വിദഗ്ധരുള്‍പ്പെടുന്നവ) പ്രവര്‍ത്തിക്കുക
  7. വര്‍ഷാന്ത്യ പ്രവര്‍ത്തനങ്ങള്‍, അവധിക്കാല പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ സമയശേഷമുളള പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുക
  8. ഓരോ വ്യക്തിയ്ക്കും സഹായം-ട്യൂട്ടറിംഗ്, മെന്ററിംഗ് എന്നിവ പ്രാബല്യത്തില്‍ വരുത്തുക
  9. ഏതെങ്കിലും ഒരു പരിഹാര മാര്‍ഗം കുട്ടിയുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യില്ല. വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ ഇടപെടലുകള്‍ വിദ്യാലയങ്ങള്‍ ആവിഷ്കരിക്കണം.
     അവസാനത്തെ നിരീക്ഷണം വിലപ്പെട്ടത്. അതാണോ നാം നിര്‍ദേശിക്കുന്നത്? പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹിക്കുന്നത്?
    അവാര്‍ഡ് ആര്‍ക്കാണ് നല്‍കേണ്ടത്?
     എല്ലാ വര്‍ഷവും നാം മികച്ച അധ്യാപകര്‍ക്ക് സംസ്ഥാന ദേശീയ അവാര്‍ഡ് നല്‍കാറുണ്ടല്ലോ? ഈ അവാര്‍ഡ് അധ്യാപകരുടെ വിദ്യാലയം , ക്ലാസ് എങ്ങനെ? കുട്ടികള്‍ക്ക് ഉയര്‍ന്ന പഠനനിലയുണ്ടോ? എല്ലാ കുട്ടികളേയും ഉയര്‍ന്ന പഠനനിലയിലെത്തിക്കുന്ന അധ്യാപകര്‍ക്കല്ലേ അവാര്‍ഡ് യഥാര്‍ഥത്തില്‍ നല്‍കേണ്ടത്? കാലാകാലങ്ങളില്‍ പൊതുവിദ്യാഭ്യാസം നേരിടുന്ന പ്രശ്നങ്ങളെ തന്റേതായ നിലയില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന അധ്യാപകരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാത്തിടത്തോളം നാം ആഗ്രഹിച്ചത്ര മുന്നേറാതെ പോകും. അധ്യാപക പരിശീലനങ്ങളും കൃത്യമായ ലക്ഷ്യം നേടുംവിധം അധ്യാപകരെ സജ്ജരാക്കുന്ന വിധമാകണം. എസ് എസ് എയുടെ പെന്‍സിലിന്റെ മുകളില്‍ യാത്ര ചെയ്യുന്ന ആ രണ്ടു കുട്ടികളിലാരാണ് ക്ലാസില്‍ തോല്പിക്കപ്പെടുക എന്നതാണ് എന്റെ ആശങ്ക. പ്രവേശനോത്സവത്തില്‍ തോല്പിക്കപ്പെട്ട കുട്ടി എന്തു പാട്ടു പാടും?
പരാജയപ്പെടുന്നത് അധ്യാപകരോ വിദ്യാര്‍ത്ഥികളോ?
എന്താണ് വിദ്യാഭ്യാസ അവകാശ നിയമം പറഞ്ഞത്?
വിദ്യാഭ്യാസ അവകാശനിയമമാണ് ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
  1. നിരന്തരവും സമഗ്രവുമായ വിലയിരുത്തല്‍ നടത്തി കുട്ടിയുടെ പഠനപ്രശ്നങ്ങള്‍ യഥാസമയം കണ്ടെത്തി പരിഹരിക്കണമെന്ന്
  2. ആവശ്യമായ പരിഹാരബോധനം നടത്തണമെന്ന്
  3. എല്ലാ മാസവും കുട്ടിയുടെ പഠനപുരോഗതി രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്യണമെന്ന്
  4. പഠനനേട്ടം എല്ലാ കുട്ടികളും നേടുന്നുണ്ടോ എന്ന് പ്രഥമാധ്യാപകന്‍ നിരന്തരം മോണിറ്റര്‍ ചെയ്യണമെന്ന്
  5. കുട്ടിക്ക് തന്റെ ക്ലാസിലേക്ക് നിശ്ചയിച്ച പഠനനേട്ടങ്ങള്‍ അവകാശമാണെന്ന്
  6. മതിയായ സാധ്യായദിനങ്ങള്‍ ലഭ്യമാക്കണമെന്ന്
  7. ഒരു കുട്ടിയെപ്പോലും എട്ടാം ക്ലാസ് വരെ തോല്പിക്കരുതെന്ന്
ഇതില്‍ അവസാനത്തെ മാത്രമേ നാം കണ്ടുളളൂ. അതു യാന്ത്രികമായി നടപ്പിലാക്കി. വിളവ് മോശമാകാന്‍ കാരണം കൃഷിരീതിയാണോ എന്നു പരിശോധിച്ചില്ല. മുകളില്‍ സൂചിപ്പിച്ചവയിലെ ആദ്യത്തെ ആറുകാര്യങ്ങളും പ്രാവര്‍ത്തികമാക്കിയ ശേഷം കുട്ടി നിലാവരം ആര്‍ജിക്കുന്നില്ലെങ്കില്‍ പുനപ്പരിശോധന ആവശ്യമാണ്.
എനിക്കു മനസിലാകുന്ന വിധം പഠിപ്പിക്കാന്‍ നിങ്ങള്‍ പരാജയപ്പെടുന്നു എന്നു കുട്ടി നിരന്തരം അധ്യാപകരെ ഓര്‍മപ്പെടുത്തുമ്പോള്‍ കുട്ടിയെ മാത്രം ശിക്ഷിക്കുന്നതിന്റെ യുക്തി എന്താണ്?
മൊത്തം സംവിധാനത്തിന്റെ പരമിതികളെ മറന്നുകൊണ്ട് കുട്ടിയെ പരാജയപ്പെടുത്താന്‍ കാണിക്കുന്ന ശുഷ്കാന്തി വിമര്‍ശിക്കപ്പെടേണ്ടതുണ്ട്
നിലവാരം കുറയാന്‍ കാരണം
  • അധ്യാപക വിദ്യാര്‍ത്ഥി അനുപാതമാണെന്ന് ഒരു കാലത്ത് പറഞ്ഞു നടന്നു
  • മറ്റൊരിക്കല്‍ സമരമാണ് കാരണമായി കണ്ടെത്തിയത്
  • പിന്നെ പാഠ്യപദ്ധതിയും പാഠപുസ്തകവുമായി
  • ഏകീകൃതസിലബസ് വന്നാല്‍ എല്ലാം ശുഭം എന്നും വ്യാമോഹിച്ചു
  • പഠനനേട്ടം എന്ന വാക്കും മെന്ററിംഗ് എന്ന വിശേഷണവും കാര്യമായ സ്വാധീനം ചെലുത്തിയല്ല
എന്നാല്‍ ഇനി കുട്ടിയെ തന്നെ ശിക്ഷിക്കാം
  • നീ തോറ്റു പോകട്ടെ. ശിലയായി ഈ ക്ലാസില്‍ കിടക്കുക.
  • വേണമെങ്കില്‍ പഠിത്തം നിറുത്തി ബാലവേലയ്ക് പോ
  • അതുല്ലെങ്കില്‍ പെണ്ണേ നീ നേരത്തെ കല്യാണം കഴിച്ച് നിന്റെ ശൈശവത്തെ പ്രസവിച്ച് നിറയ്കുക
  • അതുമല്ലെങ്കില്‍ സമൂഹത്തിലെ തിന്മകളുടെ ഇരുള്‍ വഴികളിലേക്ക് നിന്നെ തോല്പിച്ച് സമൂഹത്തിനെതിരായ മനോഭാവത്തെ ആനയിക്കുക
  • വേണ്ട കോപ്പിയടിച്ചാലോ? കണ്ടു പിടിച്ചില്ലെങ്കില്‍ രക്ഷപെട്ടു. അത് തിരികെ കൊണ്ടുവരാം
  • ഗൈഡുകാര്‍ക്ക് കമ്പോളം തീര്‍ക്കാം
  • ട്യൂഷന്‍സെന്റര്‍ തഴയ്കട്ടെ.
    തുല്യത പന്ത്രണ്ടാം ക്ലാസിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്  ടി സി അങ്ങോട്ട് തരാം എന്നു ഉദാരമനസ്കരാകാം.
"നിന്റെ പെരുവിരല്‍ ഞാനെടുക്കും ഏകലവ്യാ. "
 ഗുരുവിന്റെ ശിഷ്യസംഹാരച്ചിരി മുഴങ്ങുന്നല്ലോ കാതുകളില്‍
.....................................................
യാന്ത്രികമായ ആള്‍പ്രമോഷനെ ഈ കുറിപ്പ് അംഗീകരിക്കുന്നില്ല. പക്ഷേ നിലവാരം കുറയാനുളള കാരണം അതാണെന്ന മട്ടിലുളള പ്രവര്‍ത്തനത്തെ മാനിക്കുന്നുമില്ല. കുട്ടികളെ തോല്പിച്ചിട്ടാല്‍ പരിഹരിക്കുന്ന പ്രശ്നവുമല്ലത്.

ആള്‍പ്രമോഷന്‍ നിറുത്തലാക്കുന്നതിന്റെ ആദ്യ ഇരകള്‍ ഐ ഇ ഡി വിഭാഗത്തില്‍ പെട്ട കുട്ടികളായിരിക്കുമെന്ന് കൂടി ഓര്‍മിപ്പിക്കട്ടെ.

8 comments:

Unknown said...

അധ്യാപകരുടെമേല്‍ വന്നുവീഴുന്ന അധികച്ചുമതലകളില്‍ ചിലത് ഒഴിവാക്കിയാല്‍ സ്വതന്ത്രമായി പഠിപ്പിക്കാന്‍ കഴിയും. നിലവാരം ഉയരുംഇപ്പോള്‍ ശരിക്കും പഠിപ്പിച്ചു തീര്‍ക്കല്‍ അല്ലേ നടക്കുന്നത് ആള്‍ പ്രമോഷന്‍ നിര്ത്തലാക്കുന്നത് നിലവാരമുയര്‍ത്താന്‍ തന്നെയോ? കണ്ടറിയാം.

ajith said...

മുമ്പ് എഴുതിയ ഒരു ഫേസ് ബുക്ക് പോസ്റ്റ്:

പണ്ടൊരു കാലം ഒരു രാജ്യത്ത് കുട്ടികള്‍ പരീക്ഷ എഴുതുമ്പോള്‍ എഴുതിയ ശരിയുത്തരത്തിന് മാത്രം മാര്‍ക്ക് കൊടുത്തുപോന്നു.

അന്ന് മാര്‍ക്ക് കിട്ടിയവര്‍ മാത്രം പാസ് ആയിപ്പോന്നു

മാര്‍ക്ക് കിട്ടാത്തവര്‍ തോറ്റവര്‍ എന്നറിയപ്പെട്ടു

അവര്‍ ഓരോ ക്ലാസുകളില്‍ നിന്നും പൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു

അവര്‍ ഓരോ കൈത്തൊഴിലിനും കൂലിപ്പണികള്‍ക്കും ചേര്‍ന്നു

ജയിച്ചവര്‍ പിന്നെയും പഠിക്കാന്‍ പോയി

അതില്‍ മിടുക്കന്മാര്‍ എന്‍‌ജിനീയര്‍മാരും ഡോക്ടര്‍മാരും ഒക്കെ ആയി

തോറ്റവര്‍ മണ്ണിലും മലയിലും പണിയെടുക്കാന്‍ പോയി

ജയിച്ചവരിലും തോറ്റവരിലും ചിലര്‍ എങ്ങും എത്താതെയും പോയി.

എല്ലാ ജോലികള്‍ക്കും അന്ന് ആളുണ്ടായിരുന്നു

പിന്നെ മോഡറേഷന്‍ വന്നു, ഓള്‍പ്രൊമോഷന്‍ വന്നു.

എല്ലാരും ജയിക്കുന്നവര്‍ ആയി.

തോറ്റവര്‍ ഇല്ലാത്തതാല്‍ ജോലിക്ക് ആളില്ലാതെയായി

ജയിച്ചവര്‍ക്കായി സ്വാശ്രയവ്യാപാരനിലയങ്ങള്‍ വന്നു

ഓരോ സമുദായങ്ങള്‍ക്കും പണക്കാര്‍ക്കും അവയെ വീതം വച്ചുകൊടുത്തു.

രാജ്യത്തില്‍ വെള്ളക്കോളറുകള്‍ നിറഞ്ഞു.

ജയിച്ചവരെക്കൊണ്ട് നിറഞ്ഞ രാജ്യത്തില്‍ ബംഗാളികള്‍ വന്ന് നിറഞ്ഞു.

വെള്ളക്കോളര്‍ ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ കാശില്ലാതെ കഷ്ടപ്പെടുമ്പോള്‍ സ്വന്തം കാറോടിച്ചുവന്ന ഒരു തെങ്ങുകയറ്റക്കാരന്‍ തെങ്ങിന്‍‌തോപ്പിലേക്കുള്ള വഴി ചോദിക്കുന്നു :p

ബംഗാളിലും അസമിലുമൊക്കെ ഓള്‍പ്രൊമോഷന്‍ വരുന്നതുവരെ ഇത് തുടരും :D

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ആരുമായും ഒരു ബന്ധവുമില്ല. ഇത് വേറെ ഏതോ കാലത്തില്‍ വേറെ ഏതോ ഗ്രഹത്തില്‍ നടന്ന ഒരു സാങ്കല്പിക കഥ മാത്രം)

Manoj മനോജ് said...

കുട്ടികളെ തോല്‍പ്പിക്കരുത് എന്നതിനാല്‍ അധ്യാപകരില്‍ പലരും അലസരായി എന്നതാണു അമേരിക്കയിലെ വാദം. കുട്ടികള്‍ക്ക് ഹോംവര്‍ക്ക് കൊടുക്കരുതെന്നാണു. കാരണം പഠിപ്പിക്കല്‍ അധ്യാപകന്റെ ജോലിയാണു. രണ്ടും മൂന്നും ജോലി ചെയ്ത് വിശപ്പ് അകറ്റുവാന്‍ പ്രയത്നിക്കുന്ന രക്ഷിതാക്കള്‍ക്ക് ഹോംവര്‍ക്ക് ചെയ്യിക്കുവാന്‍ നേരം എവിടെയാണു? അത് കൊണ്ടു തന്നെ ദേശീയ തലത്തില്‍ 3ആം ക്ലാസിലും 8ആം ക്ലാസിലും പരീക്ഷകല്‍ നടത്തുന്നു അത് കുട്ടികളുടെ വേര്‍തിരിവിനല്ല മറിച്ച് അധ്യാപകരുടെ കഴിവിനെ വിലയിരുത്തുന്നതിനാണു. കുട്ടികളെ അധ്യാപകര്‍ ആവശ്യത്തിനു പഠിപ്പിക്കുന്നുണ്ടോ എന്നറിയാന്‍.

ഇനി എന്റെ അനുഭവം പറയാം... പയ്യന്‍സിന്റെ 3ആം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ ദിവസമായിരുന്നു. പരീക്ഷയ്ക്ക് രണ്ട് ദിവസം മുന്‍പ് ഒരു കടലാസു കിട്ടി കൂട്ടത്തില്‍ സ്കൂളില്‍ നിന്ന് ഫോണ്‍ വിളിയും. ഇനിയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ക്ക് നല്ല ഉറക്കവും ബ്രേയ്ക്ക് ഫാസ്റ്റും നല്‍കുവാന്‍ ശ്രമിക്കണം. പറ്റുമെങ്കില്‍ പരീക്ഷയ്ക്ക് തൊട്ട് മുന്‍പ് ക്ലാസ്സില്‍ ഇരുന്ന് വായിക്കുവാന്‍ രക്ഷിതാവ് ഒരു കത്ത് കവറില്‍ ഇട്ട് കൊടുത്ത് വിടണം എന്ന്. അതാണു പരീക്ഷയ്ക്കുള്ള വീട്ടില്‍ നിന്നുള്ള പ്രിപ്പറേഷന്‍.. പരീക്ഷ എങ്ങിനെ ആയിരിക്കും എന്നുള്ള സൂചന പോലും ഇല്ല :) ഓര്‍മ്മയില്‍ എത്തിയത് പരീക്ഷ ദിവസങ്ങളോടാടുത്ത് പഴയ ചോദ്യ പേപ്പറുകള്‍ ഇരുത്തി ചെയ്യിച്ചിരുന്ന എന്റെ രക്ഷിതാക്കളെയാണു :)

wayanadan said...

''കുട്ടിയെ തോല്പ്പിക്കനുള്ളതല്ല,ജയിപ്പിക്കാനുള്ളതാകണം പരീക്ഷകള്‍ '' ഓള്‍ പ്രമോഷന്‍ ആര്‍ക്കാണ് നഷടമുണ്ടാക്കിയത്. പത്താം തരത്തില്‍ കഷ്ട്ടിച്ചു ജയിച്ചവന്‍ +2 തോറ്റാലും അവന്‍റെ/അവളുടെ കഴിവ് സ്വയം മനസിലാക്കി ജീവിതത്തില്‍ വിജയിച്ച അനുഭവമാണ് പറയാനുള്ളത്തില്‍ ഏറെയും.

wayanadan said...

''കുട്ടിയെ തോല്പ്പിക്കനുള്ളതല്ല,ജയിപ്പിക്കാനുള്ളതാകണം പരീക്ഷകള്‍ '' ഓള്‍ പ്രമോഷന്‍ ആര്‍ക്കാണ് നഷടമുണ്ടാക്കിയത്. പത്താം തരത്തില്‍ കഷ്ട്ടിച്ചു ജയിച്ചവന്‍ +2 തോറ്റാലും അവന്‍റെ/അവളുടെ കഴിവ് സ്വയം മനസിലാക്കി ജീവിതത്തില്‍ വിജയിച്ച അനുഭവമാണ് പറയാനുള്ളത്തില്‍ ഏറെയും.

Unknown said...

എന്താണ് വിദ്യാഭ്യാസ അവകാശ നിയമം പറഞ്ഞത്?

നിരന്തരവും സമഗ്രവുമായ വിലയിരുത്തല്‍ നടത്തി കുട്ടിയുടെ പഠനപ്രശ്നങ്ങള്‍ യഥാസമയം കണ്ടെത്തി പരിഹരിക്കണമെന്ന്
1. ആവശ്യമായ പരിഹാരബോധനം നടത്തണമെന്ന്
2. എല്ലാ മാസവും കുട്ടിയുടെ പഠനപുരോഗതി രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്യണമെന്ന്
3. പഠനനേട്ടം എല്ലാ കുട്ടികളും നേടുന്നുണ്ടോ എന്ന് പ്രഥമാധ്യാപകന്‍ നിരന്തരം മോണിറ്റര്‍ ചെയ്യണമെന്ന്
4. കുട്ടിക്ക് തന്റെ ക്ലാസിലേക്ക് നിശ്ചയിച്ച പഠനനേട്ടങ്ങള്‍ അവകാശമാണെന്ന്
5. മതിയായ സാധ്യായദിനങ്ങള്‍ ലഭ്യമാക്കണമെന്ന്
6. ഒരു കുട്ടിയെപ്പോലും എട്ടാം ക്ലാസ് വരെ തോല്പിക്കരുതെന്ന്

മേല്‍പ്പറഞ്ഞ അഞ്ച് കാര്യങ്ങളും നടപ്പാക്കിയിട്ട് മാത്രമേ ആറാമത്തെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാടുള്ളൂ .കാരണം അതെല്ലാം ഏതു കുട്ടിയുടെയും അവകാശമാണ് .ഇതെല്ലാം കൃത്യമായി ചെയ്യാതെ കുട്ടിയെ തോല്‍പ്പിക്കുന്ന ടീച്ചര്‍ക്ക് എന്താണ് ശിക്ഷ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന ,ഗവേഷണം നടത്തുന്ന ,അധ്യാപക പരിശീലകരെ തോല്പ്പിക്കാത്തത് എന്ത് ?
ഇന്ന് മിക്കവാറും സ്കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങള്‍ ആണ് പഠിപ്പിക്കുന്നത്‌ .സര്‍ക്കാരും ഒന്ന് മുതല്‍ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങള്‍ അച്ചടിച്ച്‌ നല്‍കുന്നുണ്ട് .ഇംഗ്ലീഷില്‍ ഉള്ള ടീച്ചര്‍ ടെക്സ്റ്റ്‌ ഉണ്ടോ ?ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളില്‍ പഠിപ്പിക്കാന്‍ സഹായകമായ പരിശീലനം എന്നെങ്കിലും നല്‍കിയിട്ടുണ്ടോ ?ഇതൊന്നും ഇല്ലാതെ ചോദിക്കുന്നവര്‍ക്ക് ഒക്കെ ഇംഗ്ലീഷ് മീഡിയം അനുവദിച്ചത് എന്തിന് ? കേരളത്തിലെ പരിശീലന ,ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷകരെ തൊടാന്‍ പറ്റുമോ ?പിന്നെ ആകെ പറ്റുന്നത് ആരും ചോദിക്കാനും പറയാനും ഇല്ലാത്ത പൊതു വിദ്യാലയങ്ങളിലെ കുഞ്ഞുങ്ങളെ തോല്‍പ്പിക്കാന്‍ ആണ് .അങ്ങനെ അവരുടെ ആത്മ വിശ്വാസത്തെ ഇല്ലാതാക്കാനാണ് .അത് കൊണ്ട് ആര്‍ക്ക് ?എന്ത് നേട്ടം ?

പ്രിയ said...

കുട്ടികളുടെ പഠനനിലവാരം കുറയുന്നത് അധ്യാപകരുടെ ശമ്പളത്തെ ബാധിക്കുന്ന ഒരു രീതി നിലവിൽ വരുന്നു എന്ന് സങ്കല്പിക്കുക. (വെറുതെ സങ്കല്പിച്ചാൽ മതി. ഞെട്ടണ്ട. ) അപ്പോൾ അധ്യാപനത്തിന്റെ കാര്യക്ഷമത കൂടുമോ?ഒരു ചുക്കും സംഭവിക്കില്ല. പിന്നെയോ ?ഉത്തരം സ്വയം കണ്ടെത്തൂ.


വിചാരശൂന്യം said...

പ്രിയ ടീച്ചർക്കുള്ള ഉത്തരം: കുട്ടികൾക്ക് പഠന നിലവാരമുണ്ടെന്ന് കൃത്രിമമായി ബോധ്യപ്പെടുത്തും. മാർക്ക് കൂട്ടിയിടും. അത്രമാത്രം