ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, May 1, 2016

അനുഭവസമൃദ്ധമായ പഠനം ഇവിടെ ( 4)


ഇത്തവണത്തെ സംസ്ഥാനതല അധ്യാപകപരിശീലനത്തില്‍ വിവിധ വിദ്യാലയങ്ങളിലെ പഠനത്തെളിവുകള്‍ പങ്കിടുന്നുണ്ട്. അതിഥി അധ്യാപകരായി വന്ന് അനുഭവം പങ്കിടലും ഒരു സെഷനായി നിശ്ചയിച്ചിട്ടുണ്ട്. ഒന്നാം ക്ലാസിലെ പഠനത്തെളിവുകളില്‍ മാരാരിക്കുളം ടി എം എല്‍ പി സ്കൂളിലെ കുട്ടികളുടെ പഠനോല്പന്നങ്ങളും ഉണ്ട്. സമയപരിമിതി കാരണം എല്ലാ പഠനത്തെളിവുകളും അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലത്രേ. സാരമില്ല. നമ്മുക്ക് ആ ഒന്നാം ക്ലാസിലേക്ക് പോകാം. പാര്‍പ്പിടം എന്ന പ്രമേയത്തെ ആസ്പദമാക്കിയുളള പാഠത്തിലെ ചില പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുമ്പോഴാണ് നാമറിയുക പൊതുവിദ്യാലയത്തിലെ കുട്ടികള്‍ എത്ര വൈവിധ്യസമൃദ്ധമായ അനുഭവത്തിലൂടെയാണ് ആശയരൂപീകരണം നടത്തുന്നതെന്ന്. അധ്യാപകര്‍ എത്രമാത്രം ശ്രദ്ധയോടെ പഠനത്തെ സമീപിക്കുന്നുവെന്ന്. നാം പഠിച്ചതില്‍ നിന്നും എത്രയോ വ്യത്യസ്തമാണ് ആഴത്തിലുളളതാണ് പ്രവര്‍ത്തനാധിഷ്ഠിത പഠനം. കുട്ടിയുടെ ചിന്തയെ, അന്വേഷണാത്മകതയെ, സര്‍ഗാത്മകതയെ, അനുഭവത്തെ പ്രയോജനപ്പെടുത്തി സമഗ്രമായ അറിവിലേക്ക നയിക്കുകയാണ്. പാഠപുസ്തത്തേക്കാള്‍ ശക്തമായ പഠനസാമഗ്രികളാണ് കുട്ടികള്‍ തയ്യാറാക്കുന്നത്.
ഒരു പെട്ടിയെ വീടാക്കുമ്പോള്‍ കേവലം നിര്‍മാണനൈപുണി മാത്രമല്ല കുട്ടിക്ക് ലഭിക്കുക. വീടിന്റെ ഉപയോഗം, വാതിലുകള്‍ , ജനാലകള്‍ എന്നിവയും അവയുടെ സ്ഥാനവും വലുപ്പവും. വീടുനിര്‍മിതിയുടെ ബാലപാഠങ്ങള്‍. കുട്ടികളും രക്ഷിതാക്കളും ഒത്തായിരിക്കും ഇത് നിര്‍മിക്കുക.അപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഊഹിക്കാവുന്നതേയുളളൂ. മടക്കലും ഒട്ടിക്കലും അളവനുസരിച്ച് മുറിക്കാന്‍ പഠിക്കലും എല്ലാം വേണ്ടേ?


നിര്‍മാണം ഒരു രീതിയില്‍ മാത്രമല്ല. പേപ്പറു വെച്ചും വീടു നിര്‍മിക്കും.സൂര്യകാന്തി എന്ന മിടുക്കി നിര്‍മിച്ച വീടാണിത്. സൂര്യകാന്തിക്ക് നിറം നല്‍കുന്നതില്‍ ഇനിയും മെച്ചപ്പെടല്‍ ആവശ്യമുണ്ട് ( അവള്‍ അതില്‍ മെച്ചപ്പെടുത്തല്‍ നടത്തിയതിന്റെ തെളിവുകള്‍ വരും ലക്കങ്ങളില്‍ നാം കാണും) ഇങ്ങനെ പേപ്പര്‍ കൊണ്ട് നിര്‍മിക്കുന്ന വീടുകള്‍ പ്രവൃത്തിപരിചയത്തിന്റെ അനുഭവപാഠങ്ങള്‍ കൂട്ടുകയാണ്. നിറം നല്‍കലിന്റെ അനുഭവവും ഉണ്ട്. ചിത്രകല,പ്രവൃത്തിപരിചയം, പരിസരപഠനം, ഗണിതത്തിലെ രൂപങ്ങള്‍ എന്നിവയെല്ലാം കടന്നുവരുന്നു.

 ത്രിമാനത്തില്‍ നിന്നും ദ്വിമാനത്തിലേക്ക് വരികയാണ്. മറ്റൊരവസരത്തില്‍ വീട് വരച്ച് നിറം നല്‍കി എന്റെ നല്ല വീട് എന്ന പാട്ട് എഴുതുമ്പോള്‍ ഭാഷാപരമായ പ്രവര്‍ത്തനവുമായി.

അഭിരാം വരച്ച വീടിന്റെ മുകളില്‍ ഈര്‍ക്കിലൊട്ടിച്ച് വീണ്ടും അതേ പാട്ടെഴുതി പഠനം ആസ്വദിക്കുകയാണ്.

 ക്ലാസില്‍ പാര്‍പ്പിട പതിപ്പുണ്ട് . ഓരോ കുട്ടിയുടെയും പതിപ്പുകള്‍ ഞാന്‍ നോക്കി. എല്ലാവരും ഉത്തരവാദിത്വങ്ങള്‍ തുടക്കം മുതലേ ഏറ്റെടുത്തിട്ടുണ്ട്.
 കുട്ടികള്‍ സ്വന്തമായി വീട് വരച്ചു. ഇനി എത്രതരം വീടുകള്‍ എന്ന അന്വേഷണമാണ്. ഓരോരുത്തരും പലതരം വീടുകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് പതിപ്പില്‍ ഒട്ടിച്ചിട്ടുണ്ട്. ക്ലാസില്‍ അവയെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ നടക്കും. അധ്യാപിക ചില വീടുകള്‍ എല്‍ സി ഡി പ്രൊജക്ടര്‍ വെച്ചു പരിചയപ്പെടുത്തുകയും ചെയ്യും.


ശേഖരണം നടന്നപ്പോള്‍ താന്‍ കണ്ട് പല വീടുകളും ഇല്ല . എന്നാല്‍ അവ വരച്ചുവെക്കാം. അടിക്കുറിപ്പും ആകാം. അതും പഠനം തന്നെ. അധ്യാപിക പറയാതെ സംഭവിക്കുന്ന കുഞ്ഞുപാഠം.

വീടിനെ അതിന്റെ പശ്ചാത്തലത്തില്‍ കാണുവാന്‍ കുട്ടികള്‍ ശ്രദ്ധിക്കുന്നു.
 വീടെന്നാല്‍ ഒരു കെട്ടിടം മാത്രമല്ല. നോക്കൂ തിരിച്ചറിവിന്റെ ചിത്രീകരണം


 വീടിന്റെ പ്രയോജനങ്ങള്‍ ഷൈനിടീച്ചര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നില്ല. അവര്‍ അത് അന്വേഷിച്ചു കണ്ടെത്തിവരും. രക്ഷിതാക്കള്‍ പ്രാദേശിക പാഠം നിര്‍മിക്കാന്‍ സഹായിക്കും. ഇതാ സഞ്ജയയുടെ രക്ഷിതാവ് തയ്യാറാക്കി കൊടുത്ത പാഠം. ആദ്യത്തെ നാലു വരികള്‍ക്ക് ഒരു താളമുണ്ട്. കുട്ടിക്ക് മനസിലാകും വിധമാണ് ഭാഷ. പേടിക്കാതെ കഴിഞ്ഞീടാം എന്ന വാക്യം ക്ലാസില്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് കളളന്മാരും ഇഴജന്തുക്കളും പട്ടീം കാക്കേം ഒന്നും വീട്ടില്‍ കയറാതിരിക്കുമല്ലോ എന്ന വിപുലീകരണം നടക്കുക. കുട്ടികള്‍ കൊണ്ടു വരുന്ന പാഠങ്ങളെ ക്ലാസിന്റെ പാഠങ്ങളാക്കുകയാണ് മറ്റൊരു പ്രധാനപ്രവര്‍ത്തനം

എല്ലാ കുട്ടികളും ഒരു പോലെ അല്ല പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്. ചുവടെയുളള രചന നോക്കൂ. അമ്മ പറഞ്ഞുകൊടുക്കകയോ എഴതാന്‍ സഹായിക്കുകയോ ചെയ്ത് കുട്ടികളെക്കൊണ്ട് എഴുതിച്ചതാണ്. ഇത്തരം സംയുക്തരചനകളും വീട്ടിലും വിദ്യാലയത്തിലും നടക്കേണ്ടതാണ്. രക്ഷിതാവിനെ സഹപഠിതാവാക്കുന്നതിനുളള അവസരം.
 
മനുഷ്യര്‍ക്കു മാത്രമേ വീടുകളുള്ളോ? അതും അന്വേഷണപ്രോജക്ടാണ്. ഒരു വെളളിയാഴ്ച ഈ പ്രവര്‍ത്തനം നല്‍കിയാല്‍ മതി. കുട്ടികളുടെ ബുക്കില്‍ എഴുതി നില്‍കണം. എങ്കിലേ വീട്ടുകാര്‍ എന്താണ് അധ്യാപിക ഉദ്ദേശിച്ചതെന്നു മനസിലാക്കി സഹായിക്കൂ. ബുക്കില്‍ പ്രവര്‍ത്തനനിര്‍ദ്ദേശക്കുറിപ്പെഴുതാന്‍ ഷൈനിടീച്ചര്‍ സമയം കണ്ടെത്തുന്നു. ആ കുറിപ്പുകളെ രക്ഷിതാക്കള്‍ മാനിക്കുന്നു. ക്ലാസ് പി ടി എ വരെ കാത്തിരിക്കുന്നില്ല. നിത്യവും ആശയവിനിമയം

എല്ലാ കുട്ടികള്‍ക്കും എല്ലാ ചിത്രങ്ങളും കിട്ടിയെന്നു വരില്ല. പലരുടെ അന്വേഷണമല്ലേ കുറേ കിട്ടും. അത് ക്ലാസില്‍ പ്രദര്‍ശിപ്പിച്ച് എല്ലാവരേയും ചര്‍ച്ചയില്‍ പങ്കാളികളാക്കും. ടീച്ചര്‍ ശേഖരിച്ച ചില ചിത്രങ്ങള്‍ അനുയോജ്യമായ പടം ലഭിക്കാത്ത കുട്ടിക്ക് നല്‍കിയാല്‍ അവരുടെ പതിപ്പും അപൂര്‍ണമാകാതിരിക്കും
  വീട്ടുപകരണങ്ങളുെ ശേഖരണത്തിലൂടെ പഠിക്കുന്നു. പാഠപുസ്തകത്തിലെ ഒരു പേജില്‍ കൊടുത്തിട്ടുളളവ മാത്രമല്ലല്ലോ വീട്ടുകരണങ്ങള്‍. അതിന്റെ ശേഖരണവും കുറിപ്പും ഭാഷാപഠനത്തിലും പരിസരപഠനത്തിലും പ്രസക്തമാണ്. ,മ്പ്യൂ ,ക്ല തുടങ്ങിയവ പഠിച്ചിട്ടില്ലല്ലോ ഇപ്പോ എഴുതിക്കാമോ എന്നൊക്കെ സംശയക്കുന്നവരുണ്ടാകും. ആവശ്യം വരുമ്പോള്‍ കണ്ടേത്തേണ്ടതാണ് അനുയോജ്യമായ അക്ഷരം. അല്ലാതെ ക്യൂ നിറുത്തി ദാനം നല്‍കേണ്ടതല്ല. എഴുതാനുളള ആവശ്യബോധം ഇവിടുണ്ട്. അതിനെ നിറവേറ്റണം. ഒരു തവണ എഴുതി എന്നതുകൊണ്ട് പഠിച്ചു എന്നു കരുതരുത്. പക്ഷേ വായന നടക്കും. ഗ്രാഫുകള്‍ തിരിച്ചറിയും. നല്ല വായനക്കാര്‍ക്കേ നല്ല എഴുത്തുകാരാകാനാകൂ.
 

ബാലമാസികകളിലെ ചിത്രകാരന്മാര്‍ സമ്പന്നരുടെ വീടകം മാത്രമേ ചിത്രീകരിക്കാറൂളളൂ. അതിനാല്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന അവബോധം ഇത്തരം വീടുകളാണ് മാന്യമായ വീടുകള്‍ എന്നാണ്. അത് തിരുത്തേണ്ടതുണ്ട്. അതിനു സഹായമായ ചിത്രങ്ങള്‍ സംഘടിപ്പിക്കേണ്ടത് അധ്യാപികയാണ് ( വരും വര്‍ഷം അങ്ങനെ സംഭവിക്കുമെന്നു കരുതാം

മുകളില്‍ നല്‍കിയ പഠനതെളിവുകള്‍ മാരാരിക്കുളം എല്‍  പി സ്കൂളിലെ ഷൈനി ടീച്ചര്‍ കേവലം പഠം വായിച്ചും ബോര്‍ഡിലെഴുതിക്കൊടുത്തത് പകര്‍ത്തിപ്പിച്ചും സിലബസ് പൂര്‍ത്തീകരിക്കുന്ന അദ്ധ്യാപികയല്ലെന്നുളളതിന്റെ അധ്യാപനതെളിവുകള്‍ കൂടിയാണ്. അധ്യാപനത്തെളിവുകളും പഠനത്തെളിവുകളും പരസ്പരപൂരകമാണ്.
അടുത്തവര്‍ഷത്തേക്കുളള തയ്യാറെടുപ്പ്
മാരാരിക്കുളം സ്കൂളിലെ കുട്ടികള്‍ നിര്‍മിച്ച വീടുകളാണ് ചുവടെ നല്‍കിയിരിക്കുന്നത്. ഇതേ പ്രവര്‍ത്തനം അടുത്ത വര്‍ഷം നടത്തുമ്പോള്‍ ഇനിയും മെച്ചപ്പെടുത്തണം. ഏതെല്ലാം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുന്‍വര്‍ഷത്തെ പഠനത്തെളിവുകളെ വിശകലനം ചെയ്ത് വരും വര്‍ഷത്തെ പ്രവര്‍ത്തനാസൂത്രണം എന്ന രീതി പ്രയോഗിച്ചുനോക്കിയാലോ?
 
 

 അലപ്പുഴ ജില്ലയിലെ മറ്റൊരു സ്കൂളില്‍ പോയപ്പോള്‍ മൂന്നാം ക്ലാസിലെ കുട്ടികള്‍ ഇതേ പ്രവര്‍ത്തനം ചെയ്തിരിക്കുന്നതു കണ്ടു. ഗണതിവുമായി ബന്ധിപ്പിച്ചാണ് ആ പ്രവര്‍ത്തനം. അതിന്റെ ചിത്രങ്ങള്‍ നോക്കൂ.

മൂന്നാം ക്ലാസിലെ ചില കുട്ടികള്‍ വേണ്ടത്ര വളര്‍ച്ച പ്രകടിപ്പിച്ചിട്ടില്ല. എന്തായിരിക്കും കാരണം? അത് പരിശോധിക്കപ്പെടുന്നില്ലെങ്കില്‍ അക്കാദമികശ്രദ്ധയില്ലാത്ത അവസ്ഥ വരും. പഠനത്തെളിവുകളില്‍ നിന്നും അടുത്ത വര്‍ഷത്തെ ഉയര്‍ന്ന നിലയും ലക്ഷ്യവും തീരുമാനിക്കപ്പെടണം.
ഈ രണ്ട് സ്കൂള്‍ കാഴ്ചകളും കണ്ടപ്പോള്‍ ഞാന്‍ ചിന്തിച്ചു. ഈര്‍ക്കിലിനേക്കാള്‍ തീപ്പെട്ടിക്കമ്പുപയോഗിച്ച നിര്‍മിതിക്ക് കൂടുതല്‍ വഴക്കം ലഭിക്കാന്‍ സാധ്യതയുണ്ടല്ലോ? മാരാരിക്കുളത്തെ സൂര്യകാന്തി ഈര്‍ക്കില്‍ കൊണ്ട് തയ്യാറാക്കി വീട് അതല്ലേ സൂചിപ്പിക്കുന്നത്മാരാരിക്കുളത്തെ ഒന്നാം ക്ലാസില്‍ സാധ്യതയുടെ ഉയര്‍ന്ന തലം പൂര്‍ണമായും ചൂഷണം ചെയ്യാനായിട്ടില്ലല്ലോ . അതിനു കുട്ടികളെ പാകമാക്കുന്നതില്‍ ബാലകൈരളി പ്രവര്‍ത്തകര്‍ ഇടപെടേണ്ടതുണ്ട് . അന്താരാഷ്ട്ര മികവിലേക്ക് എന്ന മുദ്രാവാക്യം വെക്കുന്ന  വിദ്യാലയത്തിന് കൂടുതല്‍ കര്‍മബോധം ആവശ്യമാണ്. കുട്ടികള്‍ കഴിവു നേടേണ്ട മേഖലകള്‍ തിരിച്ചറിഞ്ഞ് ഇടപെടണം കുട്ടികളെ സജ്ജമാക്കണം. മാരാരിക്കുളം പഞ്ചായത്ത് ഇത് നേരത്തെ മനസില്‍ കരുതിയിരുന്നു. എസ് എസം സി ചെയര്‍മാന്‍ ശ്രീ മോഹന്‍ദാസും ( അദ്ദേഹത്തിനിപ്പോള്‍ തിരക്കാണ്. അധ്യാപകപരിശീലനത്തില്‍ മാരാരിക്കുളത്തെ ജനകീയവും അക്കാദമികവുമായ അനുഭവങ്ങള്‍ പങ്കിടാന്‍ ആളുകള്‍ ക്ഷണിച്ചുകൊണ്ടിരിക്കുന്നു.)
മാരാരിക്കുളം ടാഗോര്‍ സ്മാരക എല്‍ പി സ്കൂളില്‍ ഒന്നാം ക്ലാസില്‍ അടുത്ത അധ്യയനവര്‍ഷത്തിലേക്ക് പ്രവേശനം നേടിയ97 കുട്ടികളെ അവരുടെ വീടുകളെ അടിസ്ഥാനമാക്കി ക്ലസ്റ്ററുകള്‍ രൂപീകരിച്ച് 20 ബാലകൈരളി പ്രവര്‍ത്തകര്‍ 15 ദിവസത്തെ സജ്ജമാക്കല്‍ പ്രക്രിയ നടത്തും. അതിനുളള പരിശീലനം സ്കൂളില്‍ നടന്നു. ശില്പശാലയില്‍ ഞാന്‍ കുട്ടികളുടെ പഠനത്തെളിവുകള്‍ പരിചയപ്പെടുത്തി. ഏതെല്ലാം കാര്യത്തില്‍ ഊന്നല്‍ ആവശ്യമാണ് എന്നു തീരുമാനിച്ചു. ഉദാഹരണത്തിന് 
  1. പശ കൈകാര്യം ചെയ്യുന്നതില്‍
  2. നേരേ ഒട്ടിക്കുന്നതില്‍
  3. അനുപാത ബോധത്തോടെ വരയ്കുന്നതില്‍
  4. സ്ഥാനം സംബന്ധിച്ച ധാരണ നിരീക്ഷിച്ച് കൃത്യതപ്പെടുത്തി വരയ്കുന്നതില്‍ ( ജനാലയും വാതിലും ക്ലാസിലെ, വീട്ടിലെ അവയുടെ സ്ഥാനം നിരീക്ഷിച്ച് വരച്ചാല്‍ വളരെ ഉയരത്തില്‍ ജനാല വരില്ലായിരുന്നു)
  5. ക്രയോണ്‍സ് ഉപയോഗിക്കുന്നതില്‍
  6. നിറത്തിന്റെ വിന്യാസത്തില്‍
  7. സൂക്ഷ്മപേശീ നിയന്ത്രണത്തില്‍

കുട്ടികള്‍ക്ക് പ്രവൃത്തിപരിചയാനുഭവം നല്‍കണമെങ്കില്‍ ആദ്യം അധ്യാപകര്‍ അത് പരിശീലിക്കണം.പിന്നെ രക്ഷിതാക്കളും പിന്തുണാസംഘാംഗങ്ങളും.മാരാരിക്കുളത്തെ ബാലകൈരളി പ്രവര്‍ത്തകര്‍ നിര്‍മാണ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ ചിത്രമാണ് ചുവടെ കാണുന്നത്. ഷൈനിടീച്ചറെ സഹായിക്കാന്‍ രക്ഷിതാക്കളും സമൂഹവും കൂടെയുണ്ടാകും. കാരണം നല്ല അധ്യാപരെ ആദരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. അത് വാക്കിലല്ല പ്രവര്‍ത്തനത്തിലൂടെ വേണം.
ഡോ തോമസ് ഐസക്ക്  മാരാരിക്കുളം ടാഗോര്‍ സ്മാരക എല്‍ പി സ്കൂളില്‍ അടുത്ത വര്‍ഷം ഒന്നാം ക്ലാസിലേക്ക് ആദ്യമായി പ്രവേശനം നേടിയ കുട്ടി, 97- ാമതായി പ്രവേശനം നേടി അഡ്മിഷന്‍ ക്ലോസ് ചെയ്യാനവസരമൊരുക്കിയ കുട്ടി, ഇംഗ്ലീഷ്മീഡിയത്തില്‍ നിന്നും രണ്ടാ ക്ലാസിലേക്ക് പ്രവേശനം തേടിയെത്തിയ കുട്ടി എന്നിവരോടൊപ്പം.
............................................
മാരാരിക്കുളം സ്കൂളിലെ ഒന്നാന്തരം വിശേഷങ്ങള്‍ -മുന്‍ ലക്കങ്ങള്‍ വായിക്കാം
  1. മാരാരിക്കുളത്തെ ക്ലാസ് മുറിയില്‍ നിന്നും അമൂല്യവസ്തുക്കള്‍
  2. ഈ ഒന്നാം ക്ലാസുകാരെക്കുറിച്ച് എന്താണ് കരുതിയത്?  
  3. ഷൈനി ടീച്ചര്‍ക്കു തന്റേതായ വഴി. (3)

3 comments:

Surendran M.M. said...

Inspiring...

N.Sreekumar said...

പഠനം പാല്‍പ്പായസമാക്കുവാന്‍ നേതൃത്വം കൊടുക്കുന്ന അധ്യാപക നേതാക്കള്‍, കരിക്കുലം കമ്മിറ്റിയിലെ അധ്യാപക പ്രതിനിധികള്‍, സ്ഥിരം അധ്യാപകപരിശീലകരായ അധ്യാപകര്‍ , പാഠപുസ്തകനിര്‍മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച അധ്യാപകര്‍, എന്നും ആര്‍.പി മാര്‍ മാത്രമാകുന്ന അധ്യാപകസുഹൃത്തുക്കള്‍ എന്നിവരുടെ പ്രവര്‍ത്തനമേഖലയിലെ മികവുകള്‍ ഇതുപോലെ തെളിവുകള്‍ സഹിതം പുറത്തുവരട്ടെ.എന്നും പരീക്ഷണവെള്ളെലികള്‍ മാത്രമാകുവാന്‍ വിധിക്കപ്പെടുന്ന ചില അധ്യാപകസുഹൃത്തുക്കളെങ്കിലും സത്യവും മിഥ്യയും തിരിച്ചറിയട്ടെ.കാലം മാറുന്നു.മികവുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ സോഷ്യല്‍മീഡിയ പ്രയോജനപ്പെടുത്തുന്ന ചൂണ്ടുവിരല്‍ എല്ലാവര്‍ക്കും മാതൃകയാകട്ടെ.

ശ്രീലത, ഇടുക്കി said...

അനുകരണീയമായ ഇത്തരം മാതൃകകള്‍ ഇനിയും ചൂണ്ടുവിരല്‍ ഇനിയും സമ്മാനിക്കട്ടെ..