പ്രൈമറി
തലത്തിലെ അഞ്ചുകോടിയോളം
കുട്ടികള്‍ അടിസ്ഥാന ഭാഷാ
ഗണിത ശേഷികള്‍
ആര്‍ജിക്കാത്തവരായിട്ടുണ്ട് എന്ന് കുറ്റസമ്മതത്തോടെയാണ് ദേശീയ വിദ്യാഭ്യാസ നയരേഖ രണ്ടാം അധ്യായം ആരംഭിക്കുന്നത്. 2025 ആകുമ്പോഴേക്കും അഞ്ചാം ക്ലാസുകാരായ എല്ലാ കുട്ടികള്‍ക്കും അടിസ്ഥാന ഭാഷാ ഗണിത ശേഷികള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒരിക്കല്‍ കുട്ടികള്‍ പിന്നിലായാല്‍ തുടര്‍ന്നുളള വര്‍ഷങ്ങളിലും ആ കുട്ടികള്‍ പിന്നാക്കാവസ്ഥയില്‍ തുടരുന്നു എന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുളളതായി രേഖ സൂചിപ്പിക്കുന്നു. അതിനാല്‍ത്തന്നെ കഴിവുളള പല കുട്ടികളും മുഖ്യധാരയിലെത്താതെ തമോഗര്‍ത്തങ്ങളിലകപ്പെട്ടു പോകുന്നു. വിദ്യാലയത്തില്‍ സ്ഥിരമായി എത്താതിരിക്കുകയും കൊഴിഞ്ഞുപോവുകയുമൊക്കെ ചെയ്യുന്നതിന്റെ കാരണം മറ്റൊന്നല്ല.
ആര്‍ജിക്കാത്തവരായിട്ടുണ്ട് എന്ന് കുറ്റസമ്മതത്തോടെയാണ് ദേശീയ വിദ്യാഭ്യാസ നയരേഖ രണ്ടാം അധ്യായം ആരംഭിക്കുന്നത്. 2025 ആകുമ്പോഴേക്കും അഞ്ചാം ക്ലാസുകാരായ എല്ലാ കുട്ടികള്‍ക്കും അടിസ്ഥാന ഭാഷാ ഗണിത ശേഷികള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒരിക്കല്‍ കുട്ടികള്‍ പിന്നിലായാല്‍ തുടര്‍ന്നുളള വര്‍ഷങ്ങളിലും ആ കുട്ടികള്‍ പിന്നാക്കാവസ്ഥയില്‍ തുടരുന്നു എന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുളളതായി രേഖ സൂചിപ്പിക്കുന്നു. അതിനാല്‍ത്തന്നെ കഴിവുളള പല കുട്ടികളും മുഖ്യധാരയിലെത്താതെ തമോഗര്‍ത്തങ്ങളിലകപ്പെട്ടു പോകുന്നു. വിദ്യാലയത്തില്‍ സ്ഥിരമായി എത്താതിരിക്കുകയും കൊഴിഞ്ഞുപോവുകയുമൊക്കെ ചെയ്യുന്നതിന്റെ കാരണം മറ്റൊന്നല്ല.
കുട്ടികള്‍ക്ക്
എഴുതാനും വായിക്കാനും എണ്ണാനും
കൂട്ടാനുംകുറയ്കാനും
യുക്തിചിന്തനത്തിനും
പ്രശ്നപരിഹരണത്തിനും ഒക്കെ
ശക്തമായ അടിത്തറയുണ്ടാക്കിക്കൊടുത്താല്‍
അത് തുടര്‍കാല പഠനത്തെ അനായാസവും
ആസ്വാദ്യവും വേഗതയിലുളളതുമാക്കും.
എന്തെല്ലാമാണ് നിലവിലുളള പ്രതിസന്ധിക്ക്
രേഖ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍?
-
വിദ്യാലയ സന്നദ്ധതാപരിപാടിയുടെ അഭാവം . ആദ്യകാല ശിശുവിദ്യാഭ്യാസവും പരിചരണവും വേണ്ട വിധത്തില്‍ ലഭിക്കാത്തത് സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക പശ്ചാത്തലമുളള കുട്ടികളെ സ്വാധീനിക്കുന്നു
-
താഴ്ന്ന ക്ലാസുകളിലെ പാഠ്യപദ്ധതി കാണാപാഠം പഠനത്തിലേക്ക് വേഗം ആനയിക്കുന്നതാണ്. യാന്ത്രികമായ പഠനമാണ് നടക്കുക.
-
അധ്യാപകരുടെ കാര്യശേഷിയും നിര്‍ണായകമാണ്. വളരെക്കുറിച്ച് അധ്യാപകര്‍ക്കു മാത്രമേ ശിശുകേന്ദ്രിത- ഭിന്നതലബോധന രീതികളില്‍ പരിശീലനം ലഭിച്ചിട്ടുളളൂ.
-
ഒന്ന് , രണ്ട് ക്ലാസുകളിലെ കുട്ടികള്‍ വ്യത്യസ്ത പഠനശൈലിയും പഠനവേഗതയുമുളളരാണ്. പക്ഷേ നിലവിലുളള രീതി എല്ലാവരെയും ഒരേ പോലെ കാണുന്നതാണ്. ഒരേ വേഗതയിലും രീതിയിലും എല്ലാവരുംപഠിക്കുമെന്ന ചിന്തയോടെ അധ്യാപനം നടത്തുന്നതുമൂലം കുറേ കുട്ടികള്‍ പിന്നിലായിപ്പോകുന്നു.
-
അധ്യാപകരുടെ വിന്യാസമാണ് മറ്റൊരു കാരണം. 30:1 എന്ന അനുപാതത്തില്‍ അധ്യാകരെ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നാക്കമായ ചിലേടത്ത് ഈ അനുപാതം പാലിക്കാനും സാധ്യമല്ല
-
കുട്ടികളുടെ ഭാഷയും അധ്യാപകരുടെ ഭാഷയും ഒന്നാകാതെ പോകുന്ന അവസ്ഥകളുണ്ട്. ചെറിയ ക്ലാസിലെ കുട്ടികള്‍ അവരുടെ പ്രാദേശിക ഭാഷയിലാണ് ആശയവിനിമയം നടത്തുക. അധ്യാപകര്‍ ഉപയോഗിക്കുന്ന ഭാഷ അവര്‍ക്ക് മനസിലാകുന്നില്ല. ഇത് ആശയഗ്രഹണത്തെ സാരമായി ബാധിക്കുന്നു
-
ആരോഗ്യവും പോഷണവും ശരിയാകാത്തതും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്.
എന്താണ്
പരിഹാരമായി നിര്‍ദേശിക്കുന്നത്?
-
വിദ്യാലയ സന്നദ്ധതാ പരിപാടി ശക്തമാക്കുക. ആദ്യകാല ശിശുവിദ്യാഭ്യാസം ( പ്രീസ്കൂള്‍ ) കാര്യക്ഷമമാക്കുകയും എല്ലാവര്‍ക്കും പ്രാപ്യമാക്കുകയും ചെയ്യുക
-
കുട്ടികള്‍ മെച്ചപ്പെട്ട വിഭവമാണെന്നും അവര്‍ക്ക് പരസ്പരം പഠിപ്പിക്കാനാകുമെന്നും അതിനാല്‍ മുതിര്‍ന്ന ഒരു കുട്ടി മറ്റൊരു കുട്ടിയെ പഠിപ്പിക്കലാണ് ഏറ്റവും മെച്ചപ്പെട്ട പഠനാനുഭവമെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. ഇത് എല്ലാ വിഷയങ്ങളുടെയും പഠനനിലവാരംഉയര്‍ത്താനുളള ഫലപ്രദമായ തന്ത്രമായി നിര്‍ദേശിക്കുന്നു.
-
സമൂഹത്തിലെ വിദ്യാസമ്പന്നരായ വ്യക്തികളുടെ പിന്തുണയാണ് രണ്ടാമത്തെ സാധ്യതയായി ഉയര്‍ത്തിക്കാട്ടുന്നത്. പരിഹാരബോധനത്തിന് അവരെ സ്കൂള്‍ സമയത്തിനു ശേഷം ഉപയോഗിക്കണം. അവര്‍ക്ക് അധ്യാപകര്‍ക്കും കുട്ടികള്‍ക്കമിടയിലുളള ഭാഷാപരമായ തടസ്സങ്ങളെ മറികടക്കാനാകും. പരിഹാരാധ്യാപകര്‍ ( remedial instructors) പ്രാദേശിക ഹീറോകളാണെന്നാണ് അവകാശവാദം .
-
സന്നദ്ധ പ്രവര്‍ത്തകരാണ് മൂന്നാമത്തെ സാധ്യത. ദൗത്യ ബോധത്തോടെ അവര്‍ പ്രവര്‍ത്തിക്കും . യോഗ്യതയുളളവര്‍ക്ക് പരിഹാരാധ്യാപകര്‍ ( remedial instructors) എന്ന നിലയില്‍ സമൂഹത്തെയും രാജ്യത്തെയും സേവിക്കാനാകും. ഒരാള്‍ ഒരു കുട്ടി എന്ന രീതിയിലായാല്‍പ്പോലും വലിയ മാറ്റമുണ്ടാക്കും
-
സാക്ഷരരായ ഓരോ ആളും ഓരോ പഠിതാവിനെ വീതം വായിക്കാന്‍ പഠിപ്പിച്ചാല്‍ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറിപ്പോകും.
-
-
ദേശീയ ട്യൂട്ടേഴ്സ് പ്രോഗ്രാമാണ് ഒരു ഇടപെടല്‍ National Tutors Programme (NTP). യമണ്ടന്‍ പേര്. കാര്യമിത്രയേയുളളൂ. സ്കൂളിലെ കുട്ടികളെ തന്നെ ട്യൂട്ടറാക്കുന്ന പരിപാടിയാണിത്
-
പരിഹാരബോധന സഹായി പദ്ധതി (Remedial Instructional Aides Programme -RIAP) നടപ്പിലാക്കും. പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാനായി പ്രാദേശിക സമൂഹത്തില്‍ നിന്നും സ്ത്രീകളെ തെരഞ്ഞെടുത്ത് പ്രയോജനപ്പെടുത്തും. സ്കൂള്‍ സമയത്തും ശേഷവും മധ്യവേനല്‍ അവധിക്കാലത്തും ഇവര്‍ പഠിപ്പിക്കും
-
കൊഴിഞ്ഞു പോക്ക് തടയുന്നതിനും ഇവര്‍ പ്രവര്‍ത്തിക്കും ഈ വനിതകള്‍ B.Ed പാസായാല്‍ അവരെ അധ്യാപകരായി നിയോഗിക്കും.
-
വലിയതോതില്‍ സമൂഹത്തിലെ സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തും. പെന്‍ഷന്‍ പറ്റിയവര്‍, വിമുക്തഭടന്മാര്‍, അയല്‍പക്ക വിദ്യാലയങ്ങളിലെ സമര്‍ഥരായ വിദ്യാര്‍ഥികള്‍, ബിരുദധാരികള്‍ എന്നിവരെ ദേശീയ ട്യൂട്ടേഴ്സ് പ്രോഗ്രാം, പരിഹാരബോധന സഹായി പദ്ധതി എന്നിവയുമായി ബന്ധിപ്പിക്കും
-
-
പ്രഭാതഭക്ഷണം നല്‍കേണ്ടതിന്റെ അനിവാര്യത സൂചിപ്പിക്കുന്നു. പ്രഭാതസമയമാണ് പഠനത്തിന് ഏറ്റവും അനുയോജ്യമെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രഭാത ഭക്ഷണം നല്‍കുകയാണെങ്കില്‍ കുട്ടികള്‍ രാവിലെ സ്കൂളിലെത്തും . മധ്യാഹ്നഭക്ഷണം വരെയുളള സമയം ഫലപ്രദമായ വിനിമയത്തിനുപയോഗിക്കാം.
-
ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളിലെ പാഠ്യപദ്ധതി അടിസ്ഥാന ഗണിത ഭാഷാശേഷികള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകണം.
-
എല്ലാ ദിവസവും ഗണിതത്തിലും വായനയിലും അര്‍പ്പിതമായ മണിക്കൂറുകള്‍ നിര്‍ബന്ധമാകണം
-
ഭാഷാവാരങ്ങളും ഗണിതവാരങ്ങളും നടത്തി വൈവിധ്യമുളള പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കാളികളാക്കണം
-
കുട്ടികള്‍ക്ക് അവരുടെ ശേഷി പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്ന ഭാഷാമേളകളും ഗണിതമേളകളുമാണ് മറ്റൊരു നിര്‍ദേശം. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും സമൂഹവും പങ്കെടുക്കുന്ന ശ്രദ്ധേയമായ സംഭവമാകണം അത്
-
ഭാഷയ്കും ഗണിതത്തിനും പ്രാധാന്യം നല്‍കുന്ന അസംബ്ലികളാണ് വേറൊരിനം
-
എഴുത്തുകാരെയും ഗണിതശാസ്ത്രജ്ഞരെയും ആദരിക്കുന്ന ദിനാചരണങ്ങള്‍, ലൈബ്രറി പ്രവര്‍ത്തനം, കഥപറയല്‍, സംഘവായന,പസിലുകള്‍ , ഗണിതത്തെ നിത്യജീവിതവുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയവയും പരിഹാര നിര്‍ദേശങ്ങളാണ്.
-
എല്ലാ കുട്ടികള്‍ക്കും വര്‍ക്ക് ബുക്ക് തയ്യാറാക്കി നല്‍കണം.വ്യക്തിഗതബോധനത്തിന് സഹായകമാകും ഇവ
-
ദേശീയ അധ്യാപക പോര്‍ട്ടലായ ദിക്ഷയില്‍ കൂടി ഉയര്‍ന്ന ഗുണതയുളള വിഭവങ്ങള്‍ ലഭ്യമാക്കും
-
ഒന്നാം ക്ലാസിലേക്കു് മൂന്നുമാസം ദൈര്‍ഘ്യമുളളസന്നദ്ധാതാ മോഡ്യൂള്‍ ദേശീയതലത്തില്‍ തയ്യാറാക്കും. ഇത് പരിശീലിക്കുന്നതിന് ഒന്നാം ക്ലാസിലെ അധ്യാപകര്‍ക്ക് അഞ്ച് ദിവസത്തെ പരിശീലനം നല്‍കും
-
സാങ്കേതിക വിദ്യയുടെ പിന്തുണയോടെയുളള പഠനരീതികള്‍ വികസിപ്പിക്കും
-
അധ്യാപകപരിശീലനം പുനരാസൂത്രണം ചെയ്യും
-
ലൈബ്രറി പ്രവര്‍ത്തനം വായനാസംസ്കാരം വളര്‍ത്തും വിധമാക്കി മാറ്റും
-
ചിട്ടയായ വിലയിരുത്തല്‍ നടത്തും. കമ്പ്യൂട്ടറധിഷ്ഠിത വിലയിരുത്തല്‍ രീതി ഉപോഗിക്കും. എല്ലാ വിദ്യാലയങ്ങളിലും കമ്പ്യൂട്ടറുകളും ടാബുകളും ലഭ്യമാക്കും
വിശകലനം
-
അധ്യാപിക പഠിപ്പിച്ചിട്ട് ശരിയായില്ലെങ്കില്‍ നാട്ടുകാര്‍ പഠിപ്പിക്കും എന്ന സമീപനത്തിന്റെ പ്രായോഗിക രൂപമാണ് സന്നദ്ധ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ ,
പരിഹാരബോധനത്തിനുളള സഹായികള്‍, ട്യൂട്ടര്‍മാര്‍, വിദ്യാസമ്പന്നരായ വ്യക്തികള്‍ എന്നിങ്ങനെ പല പേരുകളില്‍ വിദ്യാലയത്തിലേക്ക് ആളുകളെ നിയോഗിക്കല്‍. ഇത് കാവിപ്പടയുടെ കടന്നു കയറ്റത്തിനുളള ഉപായമല്ലേ എന്നു സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. കാരണം വിദ്യാര്‍ഥികളുടെ പിന്നാക്കാവസ്ഥയെ ബോധനശാസ്ത്രപരമായി വിശകലനം ചെയ്യാതെ പരിഹാര സാധ്യതകളെന്ന നിലയില്‍ അക്കാദമിക രംഗത്തേക്ക് കൃത്യമായ ചുമതല നല്‍കി ആളെ കയറ്റിവിടുകയാണ്. വിമുക്തഭടന്റെ രാഷ്ട്രസേവനത്തുടര്‍ച്ചയായി പരിഹാരബോധനം മാറുന്നു.! -
പരിഹാരബോധനം വേണ്ടി വരുന്നത് ബോധനരീതിയിലെ പോരായ്മ കൊണ്ടു കൂടിയാണ്. ആ പോരായ്മ പരിഹരിക്കാനുളള മാര്‍ഗങ്ങള്‍ രേഖ മുന്നോട്ടു വെക്കുന്നില്ല.
-
ആവശ്യത്തിന് അധ്യാപകരില്ല, ഏകാധ്യാപക വിദ്യാലയങ്ങളാണ്, മള്‍ട്ടി ഗ്രേഡ് ക്ലാസുകളാണ് എന്നു മറ്റൊരധ്യായത്തില്‍ ഏറ്റു പറഞ്ഞ രേഖയാണിത് “2016–17 വര്‍ഷത്തില്‍ ഇന്ത്യയില്‍ ഒരു ടീച്ചര്‍ മാത്രമുളള 119,303 വിദ്യാലയങ്ങളുണ്ടായിരുന്നു. അതില്‍ 94,028 ഉം പ്രൈമറി സ്കൂളുകളായിരുന്നു. 80% പ്രൈമറി വിദ്യാലയങ്ങളില്‍ മൂന്നില്‍ താഴെ അധ്യാപകര്‍ മാത്രമാണുളളത്" എന്നു വിലയിരുത്തുമ്പോള്‍ കുട്ടികള്‍ വേണ്ടത്ര ശേഷി നേടാത്തതിന്റെ കാരണവും വ്യക്തമാകും. ഒരധ്യായത്തില്‍ സൂചിപ്പിച്ച കാരണങ്ങളെ പാടെ മാറ്റിവെച്ചാണ് ഈ അധ്യായത്തില്‍ പരിഹാരം ചര്‍ച്ച ചെയ്യുന്നത്.
-
കേരളത്തിലെ പോലെ പാഠ്യപദ്ധതി പരിഷ്കാരം ഇതരസംസ്ഥാനങ്ങളില്‍ നടന്നിട്ടില്ല. കാണാപാഠം പഠനത്തിലധിഷ്ഠിതമായ പഠനരീതിയാണ് അവിടെ. യാന്ത്രികമായി അക്ഷരങ്ങളുരുവിട്ടും ആവര്‍ത്തിച്ചെഴുതിയും പഠിക്കലാണ് . ഒട്ടേറെ സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങള്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അവയൊക്കെ പരമ്പരാഗത രീതിയിലുളളവയാണ് . അതിനാല്‍ത്തന്നെ വിരസവും ഫലം താരതമ്യേന കുറവുമായിരിക്കും. സാമൂഹിക ജ്ഞാനനിര്‍മിതിവാദമെന്താണെന്നോ വ്യവഹാരവാദമെന്താണെന്നോ കൃത്യമായി വേര്‍തിരിച്ചറിയാതെ കാണാതെ പഠിക്കലിനെയും പ്രവര്‍ത്തനാധിഷ്ഠിതപഠനമായി വ്യാഖ്യാനിക്കുന്നവരാണ് ഇതരസംസ്ഥാനക്കാര്‍. കേരളത്തിലെ പോലെ ക്ലാസ് അടി്സ്ഥാനത്തില്‍ എല്‍ പി യില്‍ അധ്യാപകരെ നിയോഗിക്കുന്നുമില്ല. സ്ഥിരാധ്യാപകര്‍ക്ക് പകരം കരാര്‍ അധ്യാപകരാണ്. ഇതിനും പുറമേ ജാതീയമായ വിവേചനങ്ങളും. രജിസ്റ്ററില്‍ പേരുണ്ടാകും. ക്ലാസില്‍ വന്നെങ്കിലായി. ഉച്ചഭക്ഷണസമയത്തു മാത്രം സ്കൂളില്‍ വരുന്ന കുട്ടികളെ എനിക്ക് ബീഹാറില്‍ കാണാന്‍ കഴിഞ്ഞു. ബോധനശാസ്ത്രപരവും നിര്‍വഹണപരവും സാമൂഹികവുമായ ഒത്തിരി ഘടകങ്ങള്‍ കൂടിക്കുഴഞ്ഞ അവസ്ഥയെ വിശകലനം ചെയ്യാന്‍ രേഖ ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത.
-
വിദ്യാലയത്തിലെ മുതിര്‍ന്ന കുട്ടികളെക്കൊണ്ട് താഴ്ന്ന ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് വലിയ സംഭവമായി അവതരിപ്പിക്കുന്നത്. മുതിര്‍ന്ന കുട്ടിക്ക് സ്വന്തം പാഠങ്ങള്‍ പഠിക്കേണ്ടേ?കുട്ടി നന്നായി പഠിക്കാത്തതിന്റെ കാരണം പഠിപ്പിക്കുന്ന രീതിയുടെ പരിമിതിയാണെങ്കില്‍ അതല്ലേ മാറ്റേണ്ടത്.മള്‍ട്ടിഗ്രേഡ് ക്ലാസുകളെയാണ് ഈ രേഖ ഉദാത്തമാക്കുന്നത്.
-
സാക്ഷരരായ ഓരോ ആളും ഓരോ പഠിതാവിനെ വായിക്കാന്‍ പഠിപ്പിക്കുക. എന്നാല്‍ പിന്നെ വിദ്യാലയമൊന്നും വേണ്ടല്ലോ. ആര്‍ക്കും വായനപഠിപ്പിക്കാം. കണക്കും പഠിപ്പിക്കാം. വായനയും എഴുത്തുമെല്ലാം ശാസ്ത്രീയമായി അഭ്യസിക്കുക എന്ന സമീപനത്തെയാണ് എടുത്തു ചവറ്റുകൊട്ടയില്‍ കളയുന്നത്. കേരളത്തിലെ ഓരോ വീട്ടുകാരും ഇങ്ങനെ
തീരുമാനിച്ചാല്‍ കുട്ടി എഴുത്തും വായനയും കണക്കും പഠിക്കുമോ? പ്രായോഗികമാണോ അത്? മുതിര്‍ന്നവരെ പഠിപ്പിക്കാന്‍ ഒരാള്‍ ഒരു നിരക്ഷരെ പഠിപ്പിക്കുക എന്ന മുദ്രാവാക്യം പണ്ട് ഉയര്‍ത്തിയിരുന്നു. മുതിര്‍ന്നവരുടെ ബോധശാസ്ത്രം അറിയാതെയുളള ആ പ്രയോഗം ലക്ഷ്യം നേടിയില്ല. കേരളത്തില്‍ എറണാകുളം സാക്ഷരതായജ്ഞമാണ് സംവാദാത്മകമായ ബദല്‍ രീതി അവതരിപ്പിച്ചത്. സ്കൂളുകള്‍ പൂട്ടുന്നതിന് കാരണമായി ക്ലാസില്‍ ഇരുപത് കുട്ടികളെങ്കില്‍ വേണമെന്നു വാദിക്കുന്ന രേഖയാണ് ഓരോ കുട്ടിയോയുെ ഒറ്റയ്ക് പഠിപ്പിക്കുന്നതിനെ ഇവിടെ വാഴ്ത്തുന്നത്! -
വിദ്യാലയത്തിനു പുറത്തുളളവരാണ് അക്കാദമിക രംഗത്തെ പ്രശ്നപരിഹാരകരെന്ന നയമാണ് രേഖയ്കുളളത്. എന്തുകൊണ്ടാണ് നാം അംഗീകൃത പാഠ്യപദ്ധതിയും ഉത്തരവാദിത്വപ്പെട്ട അധ്യാപകരെയും അധ്യാപനത്തിനായി ഉപയോഗിക്കുന്നത്? പുഷ്പകവിമാനം കണ്ടു പിടിച്ച ശാസ്ത്രജ്ഞനെ അവതരിപ്പിക്കുന്നവര്‍ക്ക് കുട്ടികളെ വിട്ടുകൊടുക്കാത്തത്? മതനിരപേക്ഷവും ജാനധിപത്യക്രമത്തിലൂന്നിയതുമായി ഭാരത്തില്‍ വിദ്യാഭ്യാസ രംഗം കരുതലോടെ ഇടപെടേണ്ട മേഖലയാണ് എന്നതുകൊണ്ടു തന്നെ.
-
അംഗീകൃത നിയമനരീതികള്‍ കാറ്റില്‍ പറത്തി പരിഹാരബോധനത്തിനായി എത്തുന്ന വനിതകളെ അവര്‍ യോഗ്യതയുളളവരെങ്കില്‍ അധ്യാപകരായി നിയമിക്കുമെന്നു പറയുന്നു. നിയമനം പി എസ് സി പോലുളള സംവിധാനത്തെ മറികടന്നുകൊണ്ടാകുമോ?
-
പഠനസമയത്തും പരിഹാരബോധനക്ലാസുകള്‍ നടത്താന്‍ പുറത്തുളളവരെ അനുവദിക്കുമത്രേ! അധ്യാപകര്‍ അപ്പോള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ കേട്ടു മനസിലാക്കാന്‍ പോലും അവസരം ലഭിക്കാതെ പോകാം. പഠനവിടവ് സംഭവിക്കാം.
-
പ്രഭാതഭക്ഷണം നല്‍കാനുളള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
-
ഏറ്റവും രസകരമായ സംഗതി എന്‍ സി ഇ ആര്‍ ടി ദേശീയ പഠനനേട്ട സര്‍വേ നടത്തി പഠനവിടവുകള്‍ ഓരോ സംസ്ഥാനത്തെയും ഓരോ ജില്ലയിലെയും ഓരോ വിഷയത്തിലെയും കണ്ടെത്തിയിട്ടുണ്ട്. അത് പരിഹരിക്കാനുളള റോഡ് മാപ്പ് തയ്യാറാക്കുകയും ചെയ്തിരുന്നു. അതെല്ലാം മാഞ്ഞുപോയോ?.നാസ് പഠനറിപ്പോര്‍ട്ടുകളില്‍ കേരളം മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളീയമാതൃകകള്‍ പരിഗണിക്കാന്‍ രേഖ തയ്യാറാകണമായിരുന്നു.
-
അഞ്ചാം ക്ലാസ് വരെ അടിസ്ഥാന ഗണിത ഭാഷാ നൈപുണിക്കായി നീക്കി വെക്കണമെന്നത് ഉയര്‍ന്ന ശേഷികള്‍ നേടാനുളള സാധ്യതകളെ തടയുമോ എന്ന ചോദ്യവും ഉന്നയിക്കേണ്ടതുണ്ട്.
-
ഐസി എസ് സി സിലബസിനും സി ബി എസ് ഇക്കാര്‍ക്കും കേന്ദ്രീയ വിദ്യാലയത്തിനുമൊന്നും ഇവ ബാധകമാകില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നത് ദുരന്തമായിരിക്കും.
-
യു പി എ സര്‍ക്കാരിന്റെ കാലത്ത് ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കിയിരുന്നു. ആധുനിക വീക്ഷണങ്ങളാണ് അതില്‍ പ്രതിഫലിച്ചിരുന്നത്. അതിലെ കാഴ്ചപ്പാടുകളില്‍ നിന്നുളള വ്യതിചലനം പ്രകടമാണ്.മൂന്നുമാസം ദൈര്‍ഘ്യമുളളസന്നദ്ധാതാ മോഡ്യൂള്‍ ദേശീയതലത്തില്‍ തയ്യാറാക്കുന്നതു കൊള്ളാം പക്ഷേ അതിന്റെ പ്രായോഗികത പരിശോധിച്ച് ബോധ്യപ്പെട്ട ശേഷണേ വ്യാപിപ്പിക്കാവൂ. സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ സ്വന്തം രീതികളില്‍ മുന്നോട്ടു പോകേണ്ട എല്ലാത്തിനും ഉത്തരം ഞങ്ങളുടെ പക്കലുണ്ട് എന്ന രീതിയിലുളള സമീപനമാണ് പ്രതിധ്വനിക്കുന്നത്.