"നമ്മൾ ചിന്തിക്കാറുണ്ടോ ഉടുതുണിക്ക് മറുതുണിയില്ലാത്തവരെക്കുറിച്ച്.?
നല്ല വസ്ത്രം ധരിക്കുന്നത് സ്വപ്നങ്ങളിൽ പോലും കാണാൻ കഴിയാത്തവരെക്കുറിച്ച്?
അതിനെവിടെയാ നേരം അല്ലേ?
ഒരേ വസ്ത്രം മൂന്നു ദിവസം അടുപ്പിച്ചു ധരിച്ചു വന്ന ഒരു വിദ്യാർഥി വേണ്ടിവന്നു എനിക്ക് നേർക്കാഴ്ചയുണ്ടാകാൻ .
സ്കൂളിലെ വികൃതി.സ്വന്തം ക്ലാസ്സിൽ ഇരുത്താൻ എല്ലാ അധ്യാപകരും വിമുഖത പ്രകടിപ്പിച്ച വിദ്യാർത്ഥി. നിമിത്തം പോലെ ആറാം ക്ലാസ്സിൽ അവൻ വന്നെത്തിയത് എന്റെ ക്ലാസ്സിൽ. ക്ലാസ്സിൽ ഒരു നിമിഷം അടങ്ങിയിരിക്കില്ല. മറ്റ് കുട്ടികൾക്കും അധ്യാപകർക്കും നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നു. ആദ്യ ദിവസങ്ങളിൽ ഞാനും അസ്വസ്ഥമായിരുന്നു. ഇവനെ എങ്ങനെ ഉൾക്കൊള്ളും എന്നോർത്ത്. ആദ്യമൊക്കെ അല്പം അവഗണിച്ചു നോക്കി. ശരിയാകുമോന്നറിയാൻ. രക്ഷയില്ല. ഓരോ ദിവസവും പ്രശ്നങ്ങളുടെ കൂമ്പാരമാണ് അവനെനിക്ക് സമ്മാനിച്ചു കൊണ്ടിരുന്നത്.
മഴ കനത്തു തുടങ്ങിയ ജൂൺ മാസത്തിലെ മൂന്നാമത്തെ ആഴ്ച. പൊതുവെ അവനെ ശ്രദ്ധിക്കാതെ വിട്ടത് കൊണ്ടാകാം അടുപ്പിച്ചുള്ള ദിവസങ്ങളിൽ ഒരേ വസ്ത്രം ധരിച്ചു വരുന്നത് ശ്രദ്ധയിൽപ്പെടാതിരുന്നത്. ഒരു ദിവസം കുട്ടികൾ "ടീച്ചർ ക്ലാസ്സിൽ വല്ലാത്ത നാറ്റം" എന്ന് പറഞ്ഞു ബഹളം വെച്ചപ്പോഴാണ് ഞാൻ കാരണമന്വേഷിച്ചത്. അവരുടെ അടുത്ത് ചെന്നപ്പോൾ എവിടെ നിന്നാണ് ആ ദുർഗന്ധം വമിക്കുന്നതെന്ന് മനസ്സിലായത്. ഞാൻ പതിയെ അവനെയും വിളിച്ചു ക്ലാസ്സിന് പുറത്തേക്ക് പോയി. അവന്റെ തോളിൽ കൈ വെച്ചപ്പോൾ തുണിയിൽ നനവ്. ഇതെന്താ ഇവിടെ നാനഞ്ഞിരിക്കുന്നതെന്ന് ചോദിച്ചു കൊണ്ട് വസ്ത്രത്തിന്റെ മറ്റ് ഭാഗങ്ങളിൽ തൊട്ട് നോക്കിയപ്പോൾ അത് മുഴുവൻ നനഞ്ഞിരിക്കുന്നു. കാര്യം ചോദിച്ചപ്പോൾ അവൻ നൽകിയ മറുപടി വല്ലാത്തൊരു ഞെട്ടലാണ് സമ്മാനിച്ചത്.
ആകെയുള്ളത് രണ്ടു ജോഡി വസ്ത്രം. അത് എന്നും കഴുകി ധരിക്കുന്നു. നനവ് മാറാത്തതിനാൽ, നന്നായി ഉണങ്ങാത്തതിനാൽ ദുർഗന്ധം വമിക്കുന്നു. കുറ്റബോധം തോന്നി. എല്ലാവരും അവനെ കുരുത്തംകെട്ടവൻ എന്ന് വിശേഷിപ്പിച്ചപ്പോൾ ആ മുൻധാരണയോടെ അവനെ സമീപിച്ചതിൽ... ശ്രദ്ധിക്കാതിരുന്നതിൽ... അവനെ ഞാൻ സ്റ്റാഫ് റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ നിന്നും മറ്റൊരു ടീച്ചറുടെ കൈവശം കുട്ടികൾക്ക് കൊടുക്കാനായി വെച്ചിരുന്നതിൽ നിന്നും ഒരു ഡ്രസ്സ് കൊടുത്തിട്ടു മാറി വരാൻ പറഞ്ഞു.
അടുത്തിരുത്തി വീട്ടിലെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വീട്ടിൽ വല്യമ്മ,അമ്മ,അച്ഛൻ, ചേട്ടൻ. അമ്മയ്ക്ക് മനസികരോഗമാണ്, അച്ഛൻ പണിക്കൊക്കെ പോകുമെങ്കിലും നന്നായി കുടിക്കും. മക്കളെയും ഭാര്യയെയും ഉപദ്രവിക്കും. മക്കൾക്ക് ആശ്രയം വല്യമ്മയാണ്. അവർ എവിടെയെങ്കിലും പോയി എന്തെങ്കിലും പണിയെടുത്തു കൊണ്ട് വരുന്നത് കൊണ്ട് ഒരു നേരം പട്ടിണിയില്ലാതെ കിടക്കാം. അങ്ങനൊരു പശ്ചാത്തലമുള്ള കുട്ടിയുടെ സ്വഭാവം പിന്നെ എങ്ങനെയാണ് ഉണ്ടാവുക.
അറ്റൻഷൻ സീക്കിങ് പ്രോബ്ലം ഉള്ള അവനെ ഞാൻ ക്ലാസ്സ് ലീഡറാക്കി. അത്യാവശ്യം എഴുതാനും വായിക്കാനുമൊക്കെ അറിയാം. കൂടുതൽ ശ്രദ്ധ കിട്ടിയതോടെ അവനൊത്തിരി മാറ്റമുണ്ടായി. ക്ലാസ്സിൽ പ്രശ്നങ്ങൾ ഇല്ലാതായി.മറ്റ് കുട്ടികളും അവനെ അംഗീകരിച്ചു തുടങ്ങി... ഞാനെന്ന അധ്യാപികയുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനാകും അവൻ എന്റെ ക്ലാസ്സിൽ തന്നെ ആയത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
പിറ്റേ വർഷം അവൻ സ്കൂൾ മാറി കൽപ്പറ്റയിലെ ഒരു ഹോസ്റ്റലിൽ നിന്നായി പഠനം. അവനെന്നെ മറന്നിട്ടില്ല. ഇപ്പോൾ ഒൻപതാം ക്ലാസ്സിലായിട്ടുണ്ട്. എപ്പോൾ വീട്ടിൽ വന്നാലും സ്കൂളിൽ വരും. എന്നെ കാണാൻ വന്നതാണെന്ന് പറയുമ്പോൾ എന്റെ കണ്ണ് നിറയും. എന്നോട് ചേർത്ത് നിർത്തി പറയാതെ പറയാറുണ്ട് ഞാൻ, നീയെന്റെ പൊന്ന് മോനാണെന്ന്... പേഴ്സ് തുറന്നു പൈസയെടുത്തു കൊടുത്തിട്ടു പറയും ഇഷ്ടമുള്ളത് വാങ്ങിക്കഴിച്ചോളാൻ.. മുടിയൊന്നും വെട്ടാതെ ഒരിക്കൽ എന്റെ മുന്നിൽ വന്നപ്പോൾ വേഗം പോയി മുടി വെട്ടി വരാൻ പറഞ്ഞു വിട്ടു. മുടി വെട്ടി മിടുക്കനായി എന്റെ മുന്നിൽ വന്നു നിന്ന് ഒരു കള്ളച്ചിരി ചിരിച്ചു. ആ ചിരിയിൽ നിന്റെ ടീച്ചറമ്മ അനുഭവിക്കുന്ന ആനന്ദം എങ്ങനെ ഞാൻ എഴുതാൻ...
എന്റെ വിദ്യാലയത്തിൽ ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന കുട്ടികളെ കണ്ടെത്താൻ ഒരു ശ്രമം നടത്തി. എണ്ണം മൂന്നക്കവും കടന്നു പോയി. തനിയെ എല്ലാവരെയും സഹായിക്കാൻ ആവില്ല.അവർക്ക്ആവശ്യമായ വസ്ത്രങ്ങൾ പഠനോപകരണങ്ങൾ, ചെരുപ്പുകൾ, കുടകൾ എല്ലാം വാങ്ങണം.. എന്റെ ചിന്ത കുറച്ചു സുഹൃത്തുക്കളുമായി പങ്കുവെച്ചു. എന്നോടൊപ്പം കൈകോർക്കാൻ എത്തിയത് അനേകർ.
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ എന്റെ വിദ്യാലയത്തിലെ ഇരുന്നൂറോളം കുട്ടികൾക്ക് നൽകാനായത് ബാഗുകൾ, കുടകൾ , സ്വപ്നങ്ങളിൽ പോലും കാണാത്ത മനോഹരമായ വസ്ത്രങ്ങൾ.... അത് കൈയിലേറ്റു വാങ്ങിയപ്പോൾ , പുതുവസ്ത്രങ്ങളണിഞ്ഞു നിന്നപ്പോൾ ആ കുരുന്നുകളുടെ കണ്ണുകളിൽ കണ്ട തിളക്കം മുഖത്തു കണ്ട സന്തോഷം എന്റെയും കണ്ണും മനസ്സും നിറച്ചു....." ടീച്ചർ പൊളിയാട്ടോ... ഇത്രയും പേർക്ക് സഹായം ചെയ്യാനുള്ള മനസ്സുണ്ടല്ലോ.. അത് കളയരുത് ട്ടോ."എന്ന് പറഞ്ഞ അലൻ നിന്റെ വാക്കുകൾ ഞാൻ മറക്കില്ല മോനെ..
ഒരു രക്ഷിതാവിന്റെ വാക്കുകളിലൂടെ...
നട്ടെല്ലിന് ക്യാൻസർ വന്ന് വേദനയോടെ പുളയുന്ന തന്റെ മാതാവിന് ഒരു നേരത്തെ മരുന്നു വാങ്ങാൻ നെട്ടോട്ടമോടുമ്പോൾ വിദ്യാലയത്തിൽ പോകാൻ ബാഗ് വേണമെന്ന മകന്റെ ആഗ്രഹത്തിനു നേരെ വേദനയോടെ കണ്ണടക്കേണ്ടി വന്നു.... എന്നാൽ അവൻ വിദ്യാലയത്തിൽ നിന്നും തനിക്കു കിട്ടിയ ബാഗുമായി എന്റെ മുന്നിലെത്തിയപ്പോൾ കണ്ണു നിറഞ്ഞു... ഈ നല്ല മനസ്സ് കാണിച്ച വ്യക്തി ആരായാലും നിറഞ്ഞ നന്ദിയോടെ എന്നും ഞങ്ങളുടെ പ്രാർഥനകളിൽ ഓർമ്മിക്കും...
ഓർക്കുക നമ്മുടെ മുന്നിൽ ഇതുപോലെ അനേകം മക്കളുണ്ട് ....അവർക്ക് അമ്മയാകാം.. നീട്ടാം കരുണയുടെ കരങ്ങൾ അവർക്ക് നേരെയും .....
( ശ്രുതി ലോനപ്പന്‍, സെന്റ് ജോസഫ് സ്കൂള്‍, കല്ലോടി, വയനാട്)
4 comments:
കണ്ണു നിറഞ്ഞു പോയി ടീച്ചർ . കാരുണ്യ മെന്നത് വിലപ്പെട്ട മൂല്യ ബോധം. തുടരുക. ആശംസകൾ
Thank you🙏🙏
കണ്ണ് ഉണ്ടായാൽ പോര കാണണം.ഉൾക്കണ്ണ് തുറന്നാൽ കാണാ കാഴ്ചകൾ കാണാം. ഇത് കൂടുതൽ പേർക്ക് പ്രചോദനാത്മകമാവും . ആശംസകൾ ടീച്ചർ
ഒത്തിരി നന്ദി
Post a Comment