ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, June 14, 2016

വായനാദിനത്തില്‍ മാരാരിക്കുളത്ത് ജനകീയ രചനോത്സവം


"കഥയും കവിതയുമൊക്കെ എഴുതാൻ സാധാരണക്കാരായ ഞങ്ങൾക്കാകുമോ ?... അതൊക്കെ വലിയ സാഹിത്യകാരന്മാർ ചെയ്യേണ്ട ജോലിയല്ലേ... ?  കുട്ടികൾക്കായുള്ള വായനാസാമാഗ്രികൾ സ്വന്തമായി നിർമ്മിക്കാനായി TMPLPS ൽ   സംഘടിപ്പിച്ച രചനാ ശില്പ ശാലയിലെത്തിയ രക്ഷിതാക്കൾക്കു ഉണ്ടായ  ആശങ്ക ചെറുതായിരുന്നില്ല. എന്തെഴുതണം ??... സംശയം . തീർന്നില്ല..... എന്തിനു വേറെ വിഷയം തേടണം?..  സ്കൂൾ ചുവരുകളിൽ വരച്ചു ചേർത്ത   ചിത്രങ്ങൾ തന്നെയാകട്ടെ  രചനാ  തന്തുക്കൾ..... പൂക്കളും മരങ്ങളും ശലഭങ്ങളും കുരങ്ങന്മാരും ആനയും മാനും വരയൻ കുതിരയും ജിറാഫും കടലും വയലുമെല്ലാം  കഥാപാത്രങ്ങളായി...... കഥയും കവിതയും... ഒരു പെരുമഴതന്നെ !!! 
 ഇത് ഞാൻ തന്നെ എഴുതിയതാണോ ? ഇത്ര മനോഹരമായി ?.. ഇത്ര ഈണത്തിൽ ?....പുതിയ കവികൾക്ക് പലർക്കും ആശ്ചര്യം അടക്കാൻ കഴിയുന്നില്ല......ഒപ്പം  സന്തോഷവും !! ഞാനിതെന്തേ മുൻപേ ചെയ്തില്ല ?? ചിലർക്ക്  സങ്കടം !!. സ്വന്തം കുട്ടികൾക്ക് വായന പരിചയിക്കാൻ സ്വന്തം രചനകൾ തന്നെ നല്കാനായതി ന്റെയും  തന്നിലെ ഉറങ്ങികിടന്ന കവിയെ, കഥാകാരിയെ കണ്ടെത്തിയതിന്റെയും  സംതൃപ്തി ഒന്ന് വേറെ തന്നെ... അനുഭവിച്ചു തന്നെ അറിയണം... ഇക്കാര്യത്തിൽ  എല്ലാവർക്കും ഒരേ സ്വരം... ഇന്നത്തെ ദിനം കൊണ്ട് തീർന്നില്ല
കേട്ടോ... അടുത്ത ആഴ്ച ബാലകൈരളികളെ കേന്ദ്രികരിച്ച് നടക്കുന്ന തുടർ രചനകളിൽ കൂടുതൽ രക്ഷിതാക്കൾ പങ്കെടുക്കും... വീണ്ടും രചനകൾ പിറ ക്കും... ഒപ്പം പുതിയ കവികളും കഥാകൃത്തുക്കളും.....   TMPLPS ന്റെ  സ്വന്തം എഴുത്തുകാർ !!!....  
രചനകളെല്ലാം ഒരുമിച്ചു ചേർത്തു  വരുന്ന വായനാ ദിനത്തിൽ നമ്മുടെ കൊച്ചു കുസൃതികൾ ക്കു സമ്മാനിക്കും .. വായിച്ചു രസിക്കാൻ.....ഈണത്തിൽ പാടാൻ.....  അച്ഛൻ  എഴുതിയ കഥയും അമ്മയുടെ സ്നേഹം ചേ ർന്ന കുഞ്ഞി ക്കവിതകളും ....രക്ഷിതാക്കളുടെ അനുഭവക്കുറിപ്പ് ആണ് നാം വായിച്ചത്. 
പ്രീതിക്കുളങ്ങര സ്കൂള്‍ ചരിത്രം സുഷ്ടിക്കുകയാണ്. ജൂൺ പത്തിനു നടന്ന രചനാ ശില്പ ശാലയിലെ ചില രചനകൾ പരിചയപ്പെടാം.
രതീഷ് പരിണാമസിദ്ധാന്തത്തെ എത്ര ലളിതമായി അവതരിപ്പിച്ചിരിക്കുന്നു! കുട്ടികള്‍ വളരുമ്പോള്‍ അതിന്റെ ആശയം വിപുലീകരിച്ചുകൊളളും. മാത്രമല്ല വിദ്യാലയച്ചുവരില്‍ കുരങ്ങന്മാരുടെ ചരിത്രപരമായ ചിത്രീകരണമുണ്ടല്ലോ. ചുമരിനെ പഠനസാമഗ്രിയാക്കുമ്പോള്‍ അതിന്റെ ആഴം എത്രവരെയാകാം എന്ന ചോദ്യത്തിനുത്തരം കൂടിയാണ് ഈ രചന.
 രണ്ടാമത്തെ രചന ഇങ്ങനെ
അപ്പൂപ്പന്‍ താടിയും പൊന്‍വണ്ടും

ശൂ.... ശൂ.... ശൂ.... കാറ്റ് വീശാന്‍ തുടങ്ങി
അപ്പൂപ്പന്‍താടികളെല്ലാം റെഡിയായി
അടുത്ത കാറ്റിന് ചാടണം
ഒരു വലിയ കാറ്റുവീശി
ശൂ.... ശൂ.... ശൂ....ടപ്.....കായ പൊട്ടി.കായക്കുള്ളില്‍ നിന്നും
അപ്പൂപ്പന്‍താടികളെല്ലാം
ഒരുമിച്ച പുറത്തേക്ക് ചാടി....ഹായ്.... ഹായ്.... എന്തുരസം !എല്ലാവരും ഒരുമിച്ച് ഉയരത്തിലേക്കേ നോക്കി പറന്നു.കാറ്റിലാടി ചാഞ്ഞും ചരിഞ്ഞും പറന്നു . 

ഉയര്‍ന്നു പറന്നു. ഉല്ലസിച്ച് പറന്നുഒരു അപ്പൂപ്പന്‍താടി താഴേക്ക് നോക്കി
അതാ താഴെ ഒരു വണ്ട്
ഒരു പൊന്‍വണ്ട്
അതിനെന്താ ഒരു വിഷമം?എന്താ എന്തുപറ്റി?ങ്ങീ.... ങ്ങീ..... ങ്ങീ....എനിക്കു പറക്കാന്‍ വയ്യ.കാറ്റടിച്ച് ചിറകു മുറിഞ്ഞു ..ങ്ങീ.... ങ്ങീ..... ങ്ങീ....സാരമില്ല ഞാന്‍ കൊണ്ടുപോകാലോ
അപ്പൂപ്പന്‍താടി പൊന്‍വണ്ടിനെ തോളിലേറ്റി പറന്നു.

( സൂര്യ നടേശന്‍)
ഈ കഥ ഒരു സാധാരണ രക്ഷിതാവ് എഴുതിയതാണ്. അതിന്റെ മാനം വലുതാണ്. ഒന്നു വിശകലനം ചെയ്തുനോക്കാം. ഉയരം നോക്കി ഉല്ലസിച്ച് പറക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ താഴേക്ക് നോക്കുന്നവര്‍ക്കേ ദുരിതവും വേദനയും അനുഭവിക്കുന്നവരെ കാണാനാകൂ. അടിസ്ഥാനജീവിതം ദര്‍ശിക്കാനാകൂ. സങ്കടപ്പെടുന്നവരേ ആശ്വസിപ്പിക്കാനാകൂ. തന്നാലാകും വിധം പോന്‍വണ്ട് സഹായിക്കുകയാണ്. പ്രവൃത്തിയാണ് പൊന്നാകുന്നത്. പൊന്‍വണ്ട് എന്ന പേര് അങ്ങനെ അന്വര്‍ഥമാകുന്നു. മറ്റ് അപ്പൂപ്പന്‍താടികളെ നാം ഓര്‍ക്കുന്നില്ല. എന്നാല്‍ ഈ അപ്പൂപ്പന്‍ താടി നമ്മുടെ മനസില്‍ ഇടം തേടിക്കഴിഞ്ഞു. ജീവിതം മറ്റുളളവര്‍ക്ക് പ്രകാശമാക്കി മാറ്റിയതിലൂടെ ഈ കഥാപാത്രം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുകയാണ്. വളരെ ലളിതമായി ഒരു മഹത്തായ കാര്യം പറയുന്ന മട്ടില്ലാതെ കുട്ടികളുടെ ഭാഷയില്‍ അമ്മ എഴുതിയിരിക്കുന്നു. രചനാശില്പശാല നാട്ടിലെ എഴുത്തുകാരെ കണ്ടെത്തല്‍ കൂടിയാണ്. വലിയൊരു സാധ്യതയാണ് തിരിച്ചറിവാണ് ഉണ്ടായിരിക്കുന്നത്.

മൂന്ന്
ഒരേ പ്രമേയത്തെ രണ്ടുപേര്‍ സമീപിച്ചപ്പോള്‍ എങ്ങനെ എന്നറിയണ്ടേ?
മുതല ഒടുവില്‍ പ്ലും


ഒരു വലിയ കാട്
അവിടെ തളളയാനയും കുട്ടിയാനയും ഉല്ലസിച്ച് കഴിയുകയായിരുന്നു
കുട്ടിയാനയ്ക് വയറു നിറവോളം ആഹാരം വേണം
തളളയാന മരങ്ങള് കുലുക്കി പഴങ്ങള് താഴത്തേക്കിടും
കുട്ടിയാന പറയും വെളളം വേണം വെളളം വേണം വല്ലാത്ത ദാഹം
അടുത്ത പുഴയിലേ്ക്ക് തളളയാന കൊണ്ടുപോകും
വെളളം കുടിക്കാന് മാത്രമാണോ കുട്ടിയാന പോകുന്നത്?
വെളളത്തില് കളിക്കാന് കൂടിയാണ്.
തുമ്പിക്കൈയില് വെളളം കോരി അമ്മേടെ ദേഹത്തൊഴിക്കും
ആകാത്തേക്ക് ചീറ്റി മഴവില്ല് കാണും
പുഴക്കരയിലെ ചെടികളില് മഴപെയ്യിക്കും
അങ്ങനെ വെളളം കോരി കളിച്ചുകൊണ്ടിരിക്കേ ഒരു മുതല പൊങ്ങി വന്നു
കുട്ടിയാന പേടിച്ചു പോയി.
നിലവിളിച്ച് അമ്മയുടെ അടുത്തേക്കോടി
തളളയാന തുമ്പിക്കൈകൊണ്ട് മുതലയെ തൂക്കിയെടുത്ത് വട്ടം കറക്കി ഒരേറ്
മുതല ദൂരെ പോയി വീണു
പ്ലും

മുതല ചമ്മന്തിയായി
ഒരു വനം
നിറയെ മരങ്ങളും വളളിച്ചെടികളുമുളള വനം
അമ്മയാനയും കുട്ടിയാനയും അവിടെയാണ് താമസിച്ചിരുന്നത്
ഒരു ദിവസം അവര് കാട്ടുകുളത്തില് കുളിക്കാന് പോയി
പായലു നീക്കി കുളത്തിലേക്കിറങ്ങി
കുളി തുടങ്ങി.
കുട്ടിയാനയുടെ ദേഹത്തെ ചേറും ചെമ്മണ്ണുമെല്ലാം അമ്മ കഴുകി
അങ്ങനെ കുളിക്കുമ്പോള് ആതാ ഒരു മുതല പതിയെ വരുന്നു!
അത് തളളയാനയുടെ തുമ്പിക്കൈയില് പിടിയിട്ടു.
കടിച്ചു പിടിച്ചു വലിച്ചു
അയ്യോ രക്ഷിക്കണേ. തളളയാന വേദനകൊണ്ട് കരഞ്ഞു
അയ്യോ അയ്യോ മുതലച്ചാ എന്റെ അമ്മയെ ഒന്നും ചെയ്യല്ലേ
കുട്ടിയാന അപേക്ഷിച്ചു
മുതലയുണ്ടോ അതു കേള്ക്കുന്നു
അത് തുമ്പിക്കൈയില് കടിച്ചു പിടിച്ച് ആഞ്ഞ് വലിച്ചു
കുട്ടിയാന ഓടിച്ചെന്ന് മുതലയുടെ പളളയ്ക് തലകൊണ്ട് ഒരൊറ്റ ഇടി
ശക്തിയായ ഇടികൊണ്ട് മുതല വായ് പൊളിച്ചുപോയി
പിടിവിട്ട് വെളളത്തില് വീണു
ഈ തക്കത്തിന് തളളയാന മുതലയ്കിട്ട് ഒരു തൊഴിയും കൊടുത്തു
ഇടീം തൊഴീം കൊണ്ട് മുതല ചമ്മന്തിയായി.

പ്രീതിക്കുളങ്ങര സ്കൂളിന്റെ വായനാസാമ്ഗ്രി നിര്‍മാണ ഘട്ടങ്ങൾ ഇങ്ങനെ -
  1. അധ്യാപകരുടെ രചനാ ശില്ലശാല 'മെയ് അവസാനം നടന്നു.എല്ലാവർക്കും സർഗാത്മക രചന വഴങ്ങും എന്ന് ബോധ്യപെട്ടു. രചനാ തന്ത്രം വികസിപ്പിച്ചു.
  2. രക്ഷിതാക്കളുടെ രചനാ ശില്ലശാല ' ജൂൺ പത്ത്' നാല് പതു പേർ പങ്കെടുത്തു' 40 കഥകളും 40 കവിതകളും ഉണ്ടായി.(അതിനെ അനുഭവമാണ് ആദ്യം വായിച്ചത് )
  3. ജൂണ്‍ പത്തൊമ്പതിന് വായനാദിനത്തിൽ 11 വാർഡുകളിലും രചനാ ശില്പശാലകൾ '200-300 പേർ പങ്കെടുക്കും.
  4. ജൂൺ 20 പ്രാദേശികമായി തയ്യാറാക്കിയ വായനാ സാമഗ്രികളുടെ പ്രകാശനം  ശ്രീമതി വിമലാ മേനോൻ നിർവഹിക്കും' കുട്ടികളുമായി സാഹിത്യ സല്ലാപം . അന്നേ ദിവസം ഒന്നാം ക്ലാസിലെ 97 കുട്ടികൾക്കും മറ്റു ക്ലാസിലെ കുട്ടികൾക്ക് വൈ എം എ ലൈബ്രറി അംഗത്വം നൽകും. പുസ്തകവും'
  5.  കുടുംബശ്രീ കേന്ദ്രീകരിച്ച് രചനാ ശില്പശാലകൾ ' പുസ്തക ചർച്ചകൾ '  
  6. രചനകളുടെ ഇംഗ്ലീഷ് പതിപ്പുകൾ തയ്യാറ്ക്കൽ'
  7. മറ്റു വ്യവഹാര രൂപങ്ങളുടെ നിർമിതിയിൽ രക്ഷിതാക്കളെ പങ്കാളികളാക്കൽ
  8. ഇംഗ്ലീഷിലുള്ള 100 വായനാ സാമഗ്രികളും മലയാളത്തിലുള്ള 500 വായനാ സാമഗ്രികളും ലക്ഷ്യം' ജനകീയ രചനോത്സവം'
  9.  കുട്ടികൾ രചയിതാക്കളാകം' പ്രീതിക്കുളങ്ങരയിലെ കുട്ടികളുo പൂർവ വിദ്യാർഥികളും പങ്കെടുക്കം' ശിശുദിനത്തിൽ '
കൂടാതെ സാഹിത്യകാരുമായി സംവദിക്കൽ. ഇവിടെ വായനാദിന പരിപാടികള്‍ വാരാചരണത്തോടെ അവസാനിക്കുന്നില്ല. നാടിന്റെ സാംസ്കാരിക പരിപാടിയായി വികസിപ്പിക്കുംഒരു സമൂഹത്തെ മൊത്തം എഴുത്തിന്റെ പാതയിലേക്ക് ക്ഷണിക്കുന്ന കേരളത്തിലെ  (ലോകത്തിലെ) ആദ്യ സംരംഭം മാരാരിക്കുളത്ത്  
'ആഗ്രഹം ശക്തവും തീവ്രവും ആണെങ്കിൽ അസാധ്യമായി ഒന്നുമില്ല എന്നു മാരാരിക്കുളം തെളിയിക്കും.

Saturday, June 11, 2016

നങ്കൂരപദങ്ങളും വായനാപാഠങ്ങളും


ലേഖനപ്രശ്നങ്ങള്‍ പരിഹരി്കുന്നതിനാ്യി വായാനാസാമഗ്രി തയ്യാറാക്കമ്പോള്‍ അക്ഷരങ്ള്‍ മുഴച്ച നില്‍ക്കുന്ന അനുഭവം ഉണ്ടാകാറുണ്ട്. പാറു പറയെടുത്തു .ചോറു വിളമ്പി.എന്ന വാക്യങ്ങള് നോക്കുക. പാറു പറ, ചോറ് എന്നിങ്ങനെ ആവര്ത്തിച്ചു എന്നതുകൊണ്ട് അവ കുട്ടിയുടെ മനസില് പതിയണമെന്നില്ല. ഊന്നല് നല്കാന് ഉദ്ദേശിക്കുന്ന അക്ഷരങ്ങള്‍ നങ്കൂരപദങ്ങളില് വരണം. എന്താണ് നങ്കൂരപദങ്ങള് എന്ന് അറിവില്ലാതെ വായനാസാമഗ്രികള് തയ്യാറാക്കിയുപയോഗിച്ചാല് അത് വേണ്ടത്ര ഫലം ചെയ്യില്ല.ചുവടെ മൂന്ന് ഉദാഹരണങ്ങളാണ് നല്കുന്നത്. ഒന്നാമത്തെ പാഠം ശ,ഷ എന്നിവ തെറ്റിപ്പോകുന്നതായി ശ്രദ്ധയില് പെട്ടപ്പോള് തയ്യാറാക്കിയതാണ്.




പശപ്പൂച്ചയുടെ കഥ പറ്ഞ്ഞ ശേഷം കട്ടികളോട് മനസില്‍ ത്ങ്ങി നില്‍ക്കന്ന രംഗം വരയ്കാന്‍ ആവശ്യപ്പെട്ടു. അതിനു താഴെ എഴുതാനും. പശയില്‍ വീണ പൂച്ച, മഷിപ്പൂച്ച എന്നെല്ലാം എഴുതി. അവ ബോര്‍ഡില്‍ എഴുതിച്ച ശേഷം കഥ ഓര്‍ത്തെഴുതിച്ചു. പല തവണ കട്ടികള്‍ ശ, ഷ എന്നീ അക്ഷരങ്ങള്‍ എഴുത്തില് ഉപയോഗിച്ചു. പദപ്പട്ടിക പൂരിപ്പിക്കലോ, യാന്ത്രികമായ ആവര്ത്തനമോ ഇല്ലാതെ.പശ ശാ പശ പോലെയുളള പ്രയോഗങ്ങള് അവര് മറക്കാതെ ചേര്ത്തു
ഈ അക്ഷരധാരണ നിലനില്ക്കുന്നുണ്ടോ എന്നറിയാന് അടുത്ത ദിവസം ക്ലാസില് ദോശ ചുട്ടു. (അഭിനയം) ചിത്രീകരണഹിതം അതിന്റെ വിവരണം എഴുതി. ദോശ നങ്കൂര പദമാണ്.

യ, ഴ എന്നിവ പരസ്പരം മാറിപ്പോകുന്ന കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ പാഠം തയ്യാറാക്കിയത്. മുയല്, പഴം, വയറ് എന്നിവ കഥയിലെ പ്രധാന വാക്കുകളാണ് .അവയില്ലാതെ കഥ പറയാനാകില്ല. അനിവാര്യമായ പദങ്ങള് തന്നെയാണ് നങ്കൂരപദങ്ങള്. അത് കുട്ടിയുടെ മനസില് നങ്കൂരമിടും.

കോഴി, കൊന്ന, കോലന് പാമ്പ്, കൊക്കക്കൊ കോ എന്നിവയെ നങ്കൂരപദങ്ങളാക്കി. ചിഹ്നബോധം ശക്തിപ്പെടുത്താനായിരുന്നു ഈ വായനാാമഗ്രി .ഇരട്ടിപ്പുമായി ബന്ധപ്പെട്ട് കുട്ടികള് തെറ്റു വരുത്തുന്നു. ഉച്ചാരണവുമായി പൊരുത്തപ്പെടുത്തിയ വായനാാമഗ്രിയാണ് അതിനായി ഉപയോഗിച്ചത്. കാക്ക കൂട് വെച്ചു. കാക്കക്കൂട് എന്നിവ ഉച്ചരിക്കുമ്പോള് തന്നെ വ്യത്യാസം കിട്ടണം. ഈ വായനാാമഗ്രിയുടെ ലക്ഷ്യം വ്യക്തമായല്ലോ
വായനാാമ്ഗ്രികള് എല്ലാം പരിശോധിക്കുക
  • കുട്ടികള്ക്ക് താല്പര്യമുണ്ടാക്കുന്ന എന്തെങ്കിലും അംശം അതിലുണ്ടാകും
  • പുതുമ നിലനിറുത്തിയിട്ടുണ്ട്
  • വൈവിധ്യം പാലിച്ചിട്ടുണ്ട്
  • ചെറിയ പാഠങ്ങളാണ്
  • കുട്ടികള് നേരിടുന്ന ഓരോ പ്രശ്നവും പരിഹരിക്കാന് പര്യാപ്തമായ വായനാാമഗ്രികളാണ് വേണ്ടത്
  • തുടര് ചര്ച്ചയ്ക് അവസരം ലഭിക്കുന്നതാകണം ( കൊന്നപ്പൂവിന് കോഴി കാവല് നിന്നതെന്തിനാകും?)
  • ചിത്രീകരണത്തെ അനുവദിക്കുന്ന മുഹൂര്ത്തങ്ങള്ക്കിടം വേണം
  • ഊന്നല് നല്കുന്നവ സംബന്ധിച്ച് എല്ലാ കുട്ടികള്ക്കും രചനാവസരം ലഭിക്കത്തക്ക വിധം പ്രക്രിയ
    • ആദ്യം കേള്ക്കല്
    • രണ്ടാമത് കുട്ടികളുടെ രചന
    • മൂന്നാമത് വായനാാമഗ്രിയുമായി പൊരുത്തപ്പെടുത്തല് എന്നിങ്ങനെ ക്രമം നിശ്ചയിച്ചു
വേറെയയും സാധ്യതയുണ്ട്. കണ്ടെത്തൂ. വായനാാമ്ഗ്രികള് തയ്യാറാക്കുമ്പോള് അതിന് പല മാനങ്ങള് വേണം. ആ്സ്വാദ്യത നഷ്ടപ്പെടരുത്
...........................
അടുത്ത ലക്കത്തില് 
മാരാരിക്കുളത്തെ പതിനൊന്നു വാര്ഡുകളിലായി ഇരുനൂറ് രക്ഷിതാക്കള് വായനാദിനത്തില് വായനാസാമഗ്രികള് തയ്യാറാക്കുന്നതിന്റെ വിശേഷങ്ങള്



Wednesday, June 8, 2016

പത്രത്തിലെ ഫോട്ടോയും ചുമരിലെ ചിത്രങ്ങളും- വായനാപാഠങ്ങളാക്കാം


13 ജൂണ്‍ 1999
നീ ശ്രദ്ധിച്ചിട്ടുണ്ടോ, യൂണിഫോമിട്ടു നടക്കുന്ന എല്ലാ സ്കൂള്‍കുട്ടികള്‍ക്കും ഇപ്പോള്‍ ഒരേ മുഖമാണ്. ഒരേ പുരികം, ഒരേ മൂക്ക്, കമ്പി കെട്ടിയമര്‍ത്തി ദ്രാവിഡഛായ നീക്കം ചെയ്ത ഒരേ വായ.. ഞങ്ങളുടെ കളിപ്പാട്ട ഫാക്ടറിയില്‍ നിര്‍മിക്കപ്പെടുന്ന പ്രധാന കളിപ്പാട്ടത്തെപ്പോലെ.അതൊരു ചെണ്ട കൊട്ടുന്ന കുരങ്ങനാണ്.ഒരേ വേഷം, ഒരേ മുഖഭാവം, ഒരേ ചെണ്ട.അതുണ്ടാക്കുന്ന ശ്ബ്ദം പോലും ഏകാതനം..
-സുഭാഷ് ചന്ദ്രന്‍ ( മനുഷ്യന് ഒരു ആമുഖം)

വ്യത്യസ്തരായ കുട്ടികളെ ഫാക്ടറിയുല്പന്നത്തിനു സമാനമാക്കുന്ന പ്രക്രിയയിലാണോ നിങ്ങളും? മറ്റു വിദ്യാലയങ്ങളില്‍ നിന്നും ഫോട്ടോകോപ്പി എടുത്തപോലെയുളള പഠനാനുഭവങ്ങള്‍ തന്നെയാണോ നിങ്ങളും എല്ലാ വര്‍ഷവും പിന്തുടരുന്നത്? കുട്ടികള്‍ വൈവിധ്യം ആഗ്രഹിക്കുന്നു. പുതുമകള്‍ ഇഷ്ടപ്പെടുന്നു. സര്‍ഗാത്മകമായി ചിന്തിക്കുന്നു. അവര്‍ക്ക് വ്യത്യസ്തമായ പാഠങ്ങളും വായനാവസരങ്ങളും നല്‍കാറുണ്ടോ? സ്വന്തമായി പാഠങ്ങള്‍ തയ്യാറാക്കാറുണ്ടോ? വായനാസാമഗ്രികള്‍ തയ്യാറാക്കാറുണ്ടോ? പുതിയപഠനതന്ത്രങ്ങള്‍ കണ്ടെത്താറുണ്ടോ? ഇല്ലെങ്കില്‍ ഹാ കഷ്ടം എന്നല്ലാതെന്തു പറയാന്‍?

വ്യത്യസ്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശ്രമിക്കുന്ന വിദ്യാലയാനുഭവത്തിലൂടെ കടന്നു പോകാം.

മെയ് പത്തൊന്‍പതിന്റെ പത്രത്തില്‍ കാട്ടാന നാട്ടിലിറങ്ങി ചക്ക പറിക്കുന്നതിന്റെ ഫോട്ടോ ഉണ്ടായിരുന്നു. ടാഗോര്‍മെമ്മേറിയല്‍ എല്‍ പി സ്കൂളിലെ നാലാം ക്ലാസ് അധ്യാപികയായ ഭാഗ്യ ആ ചിത്രവുമായാണ് അന്നേ ദിവസം സ്കൂളിലെത്തിയത്. ഒപ്പം മകള്‍ അമേയയും. അന്ന് സ്കൂളില്‍ അവധിക്കാല ശില്പശാല നടക്കുകയാണ്. കുട്ടികള്‍ക്കുളള വായനാസാമഗ്രികള്‍ തയ്യാറാക്കുകയായിരുന്നു മൂന്നാം ദിവസത്തെ ചുമതല. ഭാഗ്യ ടീച്ചര്‍ അന്നത്തെ പത്രച്ചിത്രത്തെ ആസ്പദമാക്കി എഴുതിയ കഥ നോക്കൂ.
ഹായ്, ചക്കമണം 
വിശപ്പ്
ഹൊ !എന്തൊരു  വിശപ്പ് 
വയറു കത്തുന്നു 
കുട്ടിയാന നടന്നു 
ആഞ്ഞും  വലിഞ്ഞും   നടന്നു 
ഹായ്  നല്ല മണം 
കാറ്റു കൊണ്ട് വരുന്ന മണം 
ചക്ക പ്പഴത്തിന്റെ മണം 
അവന്‍  വേഗം നടന്നു 
അതാ  പ്ലാവ് 
വരിക്ക പ്ലാവ് 
മഞ്ഞയും പച്ചയും നിറത്തില്‍  ചക്കകള്‍ 
പഴുത്ത ചക്കകള്‍ 
മുഴുത്ത ചക്കകള്‍  കൊമ്പില്‍ നിറയെ.
കുട്ടിയാന തുമ്പി ക്കൈ നീട്ടി
എത്തുന്നില്ല 
മരത്തില്‍ മുന്‍കാലുകള്‍ വെച്ച്  എത്തിക്കുത്തി നിന്നു
തുമ്പിക്കൈ മെല്ലെ നീട്ടി 
ചക്കയില്‍ തൊട്ടു 
ഒരു പിടി .ഒറ്റ വലി 
ഒന്നല്ല  ഒത്തിരി ചക്കകള്‍
തുരുതുരാ വീണു  
ആന വായ പൊളിച്ചു 
പ്ശൂം...........പ്ധും
തുറന്നു വെച്ച വായിലൂടെ ചക്കകള്‍ തട്ടാതെ തടയാതെ നേരേ വയറ്റിലേക്ക്!

ആനവയര്‍ ചക്ക വയറായി
വിശപ്പും മാറി
പെരും വയറുമായി നടക്കവേ, എന്തോ ആലോചിച്ച് കുട്ടിയാന  പേടിച്ചു 
ചക്ക വിഴുങ്ങിയതല്ലേ,
ചക്കക്കുരുവെല്ലാം  വയറ്റില്‍ കിടന്നു   മുളയ്കുമോ?
ആന ഒരു ഏമ്പക്കം വിട്ടു
വരിക്കച്ചക്കയുടെ മണം അവിടാകെ പരന്നു.
അപ്പോള്‍ ഒരിരമ്പം കേട്ടു
ഈച്ചകളായ ഈച്ചകളെല്ലാം പറന്നു വരുന്നു.  
ഒന്നല്ല, രണ്ടല്ല, പത്തല്ല, ഒത്തിരി ഒത്തിരി.
വരിക്കച്ചക്കയുടെ മണം പിടിച്ചാണ് വരവ്
ഹായ് ചക്കമണം!
ഈച്ചകള്‍ ആനയെ പൊതിഞ്ഞു.
പാവം കുട്ടിയാന ഒരോട്ടം
ഈച്ചകളുണ്ടോ വിടുന്നു
അവയും പിറകേ..
....................
വി എസ് ബിന്ദു ആമേയ ആനയെ കാണാന്‍ പോയതിനെ സര്‍ഗാത്മക രചനയാക്കി. ഇന്നലെ ആമോയ ചുമരിലെ ആനയോട് എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. അത് ഫോട്ടോയില്‍ പകര്‍ത്തി. നോക്കൂ ചിത്രങ്ങള്‍.


ആമിയുടെ  പുതിയ  പള്ളിക്കൂടം 
അമ്മയുടെ  കൈവിരലില്‍  തൂങ്ങി അവള്‍ വന്നു  .
ഹൊ  !  എന്തൊരു  നീളന്‍ ചുവര്‍  
ഹായ്  അതിലെന്തെന്തു   നിറങ്ങള്‍ !
പച്ച ,മഞ്ഞ, നീല ,ചുവപ്പ്,  വെള്ള ..
അവള്‍ ഓടിച്ചെന്നു
പാറിപ്പറക്കുന്ന   പൂമ്പാറ്റകള്‍ 
തുടുത്തു  വിരിഞ്ഞ പൂക്കള്‍ 
ചാടിക്കളിക്കുന്ന  കുരങ്ങന്മാര്‍ 
യ്യോ ! ആനകള്‍
ഒന്ന് ..രണ്ട് രണ്ടാനകള്‍ 
ആനകള്‍ അവളെ നോക്കി ചിരിച്ചു 
അവള്‍ അടുത്തേക്ക് ചെന്നു
പതിയെ കൊമ്പില്‍  തൊട്ടു 
ആന കണ്ണുരുട്ടി. ആമി പേടിച്ചില്ല 
അവള്‍ പൊട്ടിച്ചിരിച്ചു 
ഒന്ന് ....രണ്ട്  ...ഒന്ന് ,രണ്ട്
ഒന്ന് ...രണ്ട് ..മൂന്ന് ..നാല് 
നാല് കൊമ്പുകള്‍ 
ആമിയേ...
അതാ...ആനക്കുട്ടന്‍   അവളുടെ പേരു വിളിക്കുന്നു .
എന്തിനാ വന്നെ? അത് ചോദിച്ചു 
ആമി തലയാട്ടി എന്തോ പറഞ്ഞു .
എന്നെ ഇഷ്ടമായോ?
ആമി  കണ്ണിറുക്കി .
എനിക്ക് ചിറകു വരച്ചു തരുമോ?
ഉം ഉം
ആമി വര്‍ണ്ണച്ചോക്കെടുത്തു വരച്ചു
വലിയ രണ്ടു മഞ്ഞച്ചിറകുകള്‍
പൂഞ്ചിറകുള്ള  ആനക്കുട്ടന്‍ 
എന്നാ നമ്മുക്ക് പോകാം..
ആന  മുട്ടുകുത്തിയിരുന്നു
ആമി   ആനപ്പുറത്ത് വലിഞ്ഞു കയറി
മഞ്ഞച്ചിറകുകള്‍ വീശി വീശി ആനക്കുട്ടന്‍ പറന്നുയര്‍ന്നു
അവര്‍ പറക്കുകയാണ് 
വീടിനു മുകളിലൂടെ 
റോഡിനു മുകളിലൂടെ 
കുളത്തിനു മുകളിലൂടെ
കടലിനു മുകളിലൂടെ
അവര്‍ പറ പറന്നു 
അതാ തീവണ്ടി 
അതാ എന്റെ വീട് 
അവള്‍ വിളിച്ചു പറഞ്ഞു
ആമീ , ഇനി നാളെ.
അവര്‍ താഴെയിറങ്ങി 
ആമിക്ക്  ഉറക്കം വന്നു 
പൂമര മുത്തച്ചി അത്  കണ്ടു 
അവളെ ചില്ലക്കൈകളിലെടുത്തു 
മടിയിലിരുത്തി 
ആമി  ഉറങ്ങിക്കോളൂ 

കാറ്റു  വന്നു. താരാട്ട്  പാടി 
മരച്ചില്ലകള്‍ പതുക്കെ ചാഞ്ചക്കമാടി
അവള്‍ സ്വപ്നം കണ്ടു 
അതാ  ആനക്കുട്ടന്മാരിലൊരാള്‍  കരയുന്നു .
എന്തിനാ കരയുന്നെ ? ആമി ചോദിച്ചു 
അത് ഒന്നും മിണ്ടിയില്ല 
കണ്ണുനീര്‍ കുടുകുടെ  പുറത്തു ചാടി 
ആമി അത് കണ്ടു ഉച്ചത്തില്‍  കരഞ്ഞു 
എന്തിനാ എന്റെ കുട്ടി കരയുന്നെ?
അമ്മടീച്ചര്‍  അവളെ  വാരിയെടുത്തു
അവള്‍ അമ്മയുടെ  തോളില്‍   ചാഞ്ഞു . .
അതാ  ചുവരില്‍ ആനക്കുട്ടന്മാര്‍ 
അവര്‍ അവളെ നോക്കി  ചിരിച്ചു .
തുമ്പി ചിരിച്ചു 
പൂക്കള്‍ ചിരിച്ചു 
കുരങ്ങന്മാര്‍ ചിരിച്ചു 
എല്ലാവരും ചിരിച്ചു 
ആമിയും ചിരിച്ചു  

................................
ഈ കഥകള്‍ മാത്രമല്ല രചനാശില്പശാലയില്‍ ഉണ്ടായത്. വേറെയും കഥകള്‍, കവിതകള്‍ 
കുടുതല്‍ വായനാസാമഗ്രികള്‍ അടുത്ത ലക്കത്തില്‍.
ഉടന്‍തന്നെ പ്രീതിക്കുളങ്ങര സ്കൂളില്‍ രക്ഷിതാക്കളെ പങ്കെടുപ്പിച്ച രചനാശില്പശാല നടത്തും
നൂറു വായനാസാമഗ്രികളാണ് ലക്ഷ്യം
വായനാദിനത്തില്‍ അവ കുട്ടികള്‍ക്ക് കൈമാറണം എന്ന് വിദ്യാലയം ആഗ്രഹിക്കുന്നു
ഇത് സാധ്യമാണ്.
എവിടെയും.

Saturday, June 4, 2016

വായനാസാമഗ്രികള്‍ തയ്യാറാക്കുമ്പോള്‍

പ്രീതക്കുളങ്ങരെ ടാഗോര്‍ സ്മാരക എല്‍ പി സ്കൂളിന്റെ നേതത്വത്തില്‍ നടത്തിയ സംസഥാനതല ശില്പശാലയിലെ ഒരിനം വായനാസാമഗ്രികളുെടെ നിര്‍മാണമായിരുന്നു. കൊച്ചു കുട്ടികള്‍ക്ക് വായിച്ചു കൊടുക്കാനും ക്രമേണ അവരെ വായനയിലേക്ക് കൊണ്ടു വരാനും സഹാകമായ വായനാസാമഗ്രികളാണ് നിര്‍മിക്കാന്‍ ശ്രമിച്ചത് ആദ്യമായി  വായനാസാമ്ഗ്രികളുടെ സവിശേഷതകള്‍ എന്തായിരിക്കണമെന്ന് ആലോചിച്ചു. ചുവടെ ചേര്‍ത്തിരിക്കുന്ന ധാരണകളാണ് രൂപീകരിച്ചത്.

വായനാസാമഗ്രിയുടെ സവിശേഷതകള്‍
  • ലളിതമായ വാക്യങ്ങളാകണം, കുറു വാക്യങ്ങള്‍
  • ചിത്ര സാധ്യതയും മനോചിത്ര സാധ്യതയും
  • ഭാവന വികസിപ്പിക്കാന്‍ കഴിയുന്നതാകണം
  • കുട്ടിക്ക് വീണ്ടും വായിക്കാന്‍ പ്രചോദനം നല്‍കുന്ന ഘടകങ്ങള്‍ ഉണ്ടാകണം
  • ഊന്നല്‍ നല്‍കുന്ന അക്ഷരം, പ്രയോഗം എന്നിവ ലയിച്ചു നില്‍ക്കണം. ( മുഴച്ച് നില്‍ക്കരുത്, നങ്കൂരപദങ്ങളില്‍ സന്നിവേശിപ്പിക്കണം)
  • വായനയുടെ അടിസ്ഥാനത്തില്‍ തുടര്‍ പ്രവര്‍ത്തന സാധ്യതയുളളതാകാം. ( ചിത്രീകരണം , അഭിനയം,)
  • മറ്റു സാധ്യതകള്‍ - കലാപഠനം, കായികപരിശീലനം, പ്രവൃത്തിപരിചയം ഉള്‍ച്ചേര്‍ക്കാം ( ഉദാഹരണം ഡും ഡും ഡും ണിം ണിം ണിം ചില്‍ ചില്‍)
  • സാമൂഹികവും പരിസരപഠനപരവുമായ ആശയതലം ആകാം. മുഴച്ചു നില്‍ക്കാത്ത വിധം
  • ഒറ്റപ്പേജ് ദൈര്‍ഘ്യംമതി . ഏറിവന്നാല്‍ രണ്ടു പേജ്
  • വാക്യങ്ങളിലെ വാക്കുകളുടെ എണ്ണവും വരികളിലെ വാക്യങ്ങളുടെ എണ്ണവും കുട്ടികളുടെ വായനാവേഗതയുമായി ബന്ധപ്പെടുത്തി ആലോചിക്കണം.
  • ഗദ്യത്തിനും താളാത്മക ഭാഷ സാധ്യമാണ്.
മാതൃകയായി പരിചയപ്പെടുത്തിയ വായനാസാമഗ്രി ഇതാണ്. തലക്കെട്ട് നോക്കൂ. മൂന്നു ശബ്ദങ്ങള്‍ .കഥയുടെ കേന്ദ്രബിന്ദുക്കളുമായി ചേര്‍ന്നു നില്‍ക്കുന്നവ. ആ അക്ഷരങ്ങള്‍ കുട്ടികളുടെ മനസില്‍ പതിയും. ഏതു കഥയാ പഠിച്ചതെന്നു ചോദിച്ചാല്‍ ഉത്തരം ഡും ഡും ണിം ണിം എന്നായിരിക്കും. കഥയുടെ ആദ്യഭാഗം കലാപഠനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. താളബോധം വളര്‍ത്താം. കഥയോടൊപ്പം കുട്ടികള്‍ക്കും താളമിടാം. താളമുണ്ടാക്കാം. ആദ്യഭാഗം രസകരമയിരിക്കും.പങ്കാളിത്തപരമായി വായന.
രണ്ടാം ഭാഗം കളിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒ എന്‍ വിയുടെ കവിത സന്നിവേശിപ്പിച്ചത് ശ്രദ്ധിക്കുക. ഇവിടെ പാടിക്കളിക്കാം. വായിച്ചതിനു ശേഷം പുറത്തുപോയി വണ്ടി കളിക്കാം. ശാരീരിക ചലനപരമായ ശേഷീ വികാസവും ആസ്വാദനവും നടക്കും. കഥ മുറിഞ്ഞു പോയി എന്ന തോന്നലുളവാക്കുകയുമില്ല.
 മൂന്നാം ഭാഗത്താണ് കഥയുടെ നിര്‍ണായക മുഹൂര്‍ത്തം. പാലു കുടിച്ച അണ്ണാന് വണ്ണം കൂടി മരത്തില്‍ കയറാനാകാതെ വന്നു.ഇനി എന്തു ചെയ്യും എന്ന ജിജ്ഞാസ
നാലാം ഭാഗത്ത് ഭാവത്തിനാണ് ഊന്നല്‍ കണ്ണുകൊണ്ട്  പാലുകുടിച്ച കളളനെ കാണിക്കുന്ന രംഗവും ശബ്ദത്താഴ്ചയൊടെ ഡും ഡും വെച്ച് ചൂണ്ടിക്കാട്ടലും പാവം അണ്ണാന്റെ വിഷമം പ്രതിഫലിക്കുന്ന ചില്‍ ചില്‍ ശബ്ദവും.
ഒറ്റശ്വാസത്തില്‍ ഈ കഥ അവതരിപ്പിക്കണമെന്നില്ല എന്ന സ്വാതന്ത്ര്യവും ഉണ്ട്. ആസ്വാദിച്ച് വായിച്ചു കേള്‍പ്പിക്കാനുളള വഴക്കവും.രസകരമായ സംഭവവും.
 ഡും ഡും ണിം ണീം ചില്‍ ചില്‍

വീണയും ചന്തുവും
അവര്‍ കളിയിലാണ്
ഒരാള്‍ ചെണ്ട കൊട്ടും
ഒരാള്‍ കിണ്ണത്തില്‍ കൊട്ടും
ഡും- ഡും ഡും. ണിം -ണീം ണീം
ഡും- ഡും  ണിം ണിം
ഡും ണിം ഡും ണിം
ഡും- ഡും ഡും. ണിം -ണീം ണീം
പല താളത്തിലാണ് കൊട്ട്.
ഇനി വണ്ടി കളിക്കാം..
അവര്‍ കളിക്കാന്‍ പോയി.

അമ്മ വന്നു
ദേ പാല്
ഗ്ലാസില്‍ പാല്
കളിച്ചിട്ട് കുടിക്കാം
വീണയും ചന്തുവും വണ്ടി കളിച്ചു
പാടിക്കളിച്ചു.
കട കട കട കട  കാളവണ്ടി 
കിണി കിണി കിണി കിണി സൈക്കിള്‍ വണ്ടി
പോ പോ പോ പോ മോട്ടോര്‍ വണ്ടി
ഝുക് ഝുക് ഝുക് ഝുക്  തീവണ്ടി തീവണ്ടി...

മരത്തില്‍ ഒരാള്‍ ഇതെല്ലാം കാണുന്നുണ്ടിയിരുന്നു
അത് പതുക്കെ ഇറങ്ങി
പാലു കുടിച്ചു
ചില്‍ ചില്‍ ചില്‍
അണ്ണാറക്കണ്ണന്‍ പാലു മുഴുവന്‍ കുടിച്ചു
ഒരു ഗ്ലാസ്  കാലി.
രണ്ടാം ഗ്ലാസും കാലി
അണ്ണാന് വണ്ണം വെച്ചു
മരത്തില്‍ കയറാന്‍ വയ്യ
ഇനി എന്തു ചെയ്യും?

ഇനി പാലു കുടിച്ചിട്ട് കളിക്കാം.
വീണയും ചന്തുവും  കളി നിറുത്തി
പാലെവിടെ?
ചെണ്ടയ്ക് പിറകില്‍ അണ്ണാന്‍ ഒളിച്ചു
(ചെണ്ട കണ്ണുകൊണ്ട്  കാട്ടി
 ശബ്ദം താഴ്ത്തി പറഞ്ഞു )
ഡും ഡും ഡും ഡും
കണ്ടുപിടിക്കപ്പെട്ട അണ്ണാന്‍ പരുങ്ങി
അത് വ്യസനത്തോടെ പറഞ്ഞു
ചില്‍ ചില്‍ ചില്‍ ചില്‍
ചില്‍ ചില്‍ ചില്‍ ചില്‍
ഈ കഥയുടെ അവതരണത്തിനു ശേഷം ശില്പശാലയില്‍ പങ്കെടുത്ത അധ്യാപകര്‍ രചനകള്‍ നടത്തി. അതിനായി ചില ധാരണകളിലെത്തി
സ്കൂള്‍ ചുമരുകളിലെ ചിത്രങ്ങളെ ആസ്പദമാക്കി വായനാസാമഗ്രി നിര്‍മിക്കാം.പത്രങ്ങളിലും മാസികകളിലും കാണുന്ന ഏതു കൗതുക ചിത്രത്തേയും വായനാസാമഗ്രിയാക്കുളള ഉളളടക്കമായി പരിഗണിക്കാം. അതില്‍ നിന്നും ഭാവനാപൂര്‍ണമായ ഇതിവൃത്തം രൂപപ്പെടുത്തിയാല്‍ മതി. ( ഉദാഹരണം. ഭാഗ്യ ടീച്ചര്‍ കൊണ്ടുവന്ന ആന ചക്ക പറിക്കുന്ന ചിത്രം) ക്ലാസിലെ കുട്ടികള്‍ കഥാപാത്രങ്ങളാകാം ( ആമേയയും ആനയും)ബാലമാസികകളില്‍ നിന്നും തെരഞ്ഞെടുത്തവ വായനാസാമഗ്രിയാക്കാം

എറണാകുളത്തെ സിമി ടീച്ചര്‍ തയ്യാറാക്കിയ വായനാസാമഗ്രി

കാടിന്റെ ഒത്ത നടുക്ക്
വലിയൊരു മരമുണ്ട്.
പടര്‍ന്ന് പന്തലിച്ച് മരം നിന്നു
മരത്തിന് ഒത്തിരി കൂട്ടുകാര്‍.
ചെടികള്‍, പൂക്കള്‍, പൂമ്പാറ്റകള്‍....കിളികള്‍
ഒരു ദിവസം കുറേ കുരങ്ങന്മാരെത്തി
ചാഞ്ഞ ചില്ലകളില്‍
വാലുചുരുട്ടി ആടി
ആടിത്തിമര്‍ത്തു
ചില്ലകളില്‍ നിന്നും ചില്ലകളിലേക്ക് ചാടി
ചാടിത്തിമര്‍ത്തു
ഹായ് ഹായ്
മരത്തിനു ദേഷ്യം
വല്ലാത്ത ദേഷ്യം
ചില്ലകള്‍ കുലുക്കി
വല്ലാതെ കുലുക്കി
കുരങ്ങന്മാര്‍ താഴെ
തടുപുടിനോം!



വീണതോ?

പൂത്തുനിന്ന ചെടികളുടെ മുകളില്‍

മനോഹരായ പൂക്കള്‍ .
എല്ലാം ചതഞ്ഞരഞ്ഞു
മരത്തിനു സങ്കടം
അയ്യോ പൂമ്പാറ്റകളോട് ഞാനെന്താ പറയുക?
  ഈ രചനയില്‍ ഭാവവ്യത്യാസം വരുത്തി വായിക്കാവുന്ന ഭാഗങ്ങളുണ്ട്.കുട്ടികളുടെ മനസില്‍ ആടിത്തിമര്‍ക്കലും ചാടിത്തിമിര്‍ക്കലും തടുപുടിനോം വീഴ്ചയും രസകരമായി സ്ഥാനം പിടിക്കും. സ്കൂളിലെ ചുമരുകളിലെ ചിത്രങ്ങളെയാണ് സിമി രചനയ്ക് ആധാരമാക്കിയത്. സ്കൂള്‍ ചുമരുകളില്‍ നിന്നും വായനാപാഠങ്ങള്‍ എന്ന നൂതനാശയമാണ് മാരാരിക്കുളത്ത് പരീക്ഷിക്കപ്പെട്ടത്. 
...............................................................................
അടുത്ത ലക്കത്തില്‍ ആമിയും ആനക്കുട്ടിയും -
ബിന്ദുടീച്ചറുടെ രചന ( സ്കൂള്‍ ചുമരിലെ ചിത്രവും കുട്ടികളും കഥാപാത്രങ്ങളായി)
ഇതായിരുന്നു കഥയ്ക് അടിസ്ഥാനമാക്കിയ രംഗം
 നിങ്ങള്‍ക്കും ഈ ചിത്രത്തില്‍ നിന്നും കഥ മെനയാന്‍ തോന്നുന്നില്ലേ? ഒന്നു ശ്രമിക്കൂ . അയച്ചുതരൂ (tpkala@gmail.com)