ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, May 30, 2012

അധ്യാപകര്‍ സ്വപ്നം കാണുന്നു (സര്‍ഗാത്മക അധ്യാപനം -8)

എനിക്ക് മാരാരിക്കുളം ടാഗോര്‍ മെമ്മോറിയല്‍ പഞ്ചായത്ത് എല്‍ പി സ്കൂളില്‍ അവധിക്കാലത്ത്‌ രണ്ടു തവണ പോകാന്‍ അവസരം കിട്ടി .
സ്കൂള്‍ വികസന പരിപാടികളെ കുറിച്ച് ആലോചിക്കുനതിനായിരുന്നു ആ കൂടിച്ചേരലുകള്‍  .  പഞ്ചായത്ത് പ്രസിടണ്ട് , പിടി എ പ്രസിടണ്ട് . വാര്‍ഡു മെമ്പര്‍ , അധ്യാപകര്‍ , രക്ഷിതാക്കള്‍ ..ഞങ്ങള്‍ മുപ്പതു പ്രവര്‍ത്തന മേഖലകള്‍ ലിസ്റ്റ് ചെയ്തു .
ഇനി അവയുടെ സൂചകങ്ങള്‍ തയ്യാറാക്കും. 
അതിന്‍ പ്രകാരം സ്കൂള്‍ സുതാര്യമാകും.
ആഗസ്റ്റ്‌ ആകുമ്പോഴേക്കും സോഷ്യല്‍ ഓഡിറ്റിനായി  സ്കൂള്‍ സമൂഹത്തെ ക്ഷണിക്കും.
ഞാന്‍ ആദ്യമേ ഒരു കാര്യം പറഞ്ഞു:- "അധ്യാപകര്‍ക്ക് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുള്ളതോന്നും ചെയ്യേണ്ട. 
അവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ മുന്നോട്ടു പോകാം. 
അധ്യാപകരുടെ പക്ഷത്ത് നിന്ന് കാര്യങ്ങളെ കാണണം.  
ആരും ഉപദേശകരായി ചെല്ലേണ്ട."
ഒന്നാം ദിവസം തന്നെ പഞ്ചായത്ത് പ്രസിടന്റ്റ് അടക്കമുള്ളവര്‍ ചേര്‍ന്ന് ഓഫീസ് റൂം ക്രമീകരിച്ചു.
അപ്പോള്‍ ചെയ്യാന്‍ പറ്റുന്നത് അപ്പോള്‍ തന്നെ ചെയ്യണം. 
ഇതാണ് സമീപനം.
രണ്ടാം ശില്പശാലയ്ക്ക് മുന്‍പ്
അധ്യാപകര്‍ ചില ഇടപെടല്‍ നടത്തി.
ഇംഗ്ലീഷ്  ക്യാമ്പ് സംഘടിപ്പിച്ചു.
രണ്ടാം ശില്പശാല മൂന്നു മണിക്ക് അവസാനിപ്പിച്ചു. പിന്നീട്
ക്ലാസ് ലൈബ്രറി ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തി.
ഓരോ ക്ലാസിനും കുറഞ്ഞത്‌  എണ്‍പതു പുസ്തകങ്ങള്‍ എങ്കിലും വേണം. 
ഇപ്പോള്‍ ഉള്ളവ  അന്ന് തന്നെ തരം  തിരിച്ചു.ലിസ്റ്റ് തയ്യാറാക്കി   ഇനി വേണ്ടവ  പി ടി എ കൊടുക്കും.
"ഞാന്‍ വായിച്ച പുസ്തകം" എന്ന പേരില്‍ വായനാ കുറിപ്പെഴുതാന്‍ കാര്‍ഡു നല്‍കും. തുടക്കത്തില്‍ ഓരോ കുട്ടിക്കും പത്ത് കാര്‍ഡു.
അവരുടെ കുറിപ്പുകളുടെ സ്വഭാവം ക്ലാസ് നിലവാരത്തിനു അനുസരിച്ച് അധ്യാപകര്‍ തീരുമാനിക്കും. സൂചകങ്ങളും ഉണ്ടാക്കും.
വായിച്ച പുസ്തകങ്ങളെ കുറിച്ച് സ്കൂള്‍ അസംബ്ലിയില്‍ അവതരണം നടക്കും. എല്ലാവര്ക്കും അവസരം  ലഭിക്കത്തക്ക വിധം അത് ചിട്ടപ്പെടുത്തും.
നല്ല വായനക്കാര്‍ക്ക് പ്രോത്സാഹന പുസ്തകങ്ങള്‍ നല്‍കും 
വായനാ കുറിപ്പുകളുടെ പ്രദര്‍ശനം സംഘടിപ്പിക്കും 
ഇങ്ങനെ അവധിക്കെ  തുടങ്ങി.  
സ്കൂള്‍ തുറക്കും മുമ്പ് രണ്ടു ദിവസത്തെ പഠനോപകരണ ശില്പശാല .
ഈ സ്കൂള്‍ സര്‍ഗാത്മകം ആകുന്നതിനു ആഗ്രഹിക്കുന്നു.

ഇവിടെ സ്വീകരിച്ച രീതി ഇങ്ങനെ 
1. പ്രവര്‍ത്തന മേഖലകള്‍ തീരുമാനിച്ചു .
2. അതിന്റെ ലക്ഷ്യ പ്രസ്താവന തയ്യാറാക്കി 
3. നടത്താവുന്ന പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ് ചെയ്തു 
4. സൂചകങ്ങള്‍ വികസിപ്പിച്ചു 
5.ഫലം എങ്ങനെ എന്ന് രക്ഷിതാക്കളുമായി പങ്കിടുമെന്നും  തീരുമാനിച്ചു 
6. ഇതിനു വേണ്ട പിന്തുണ , സാമ്പത്തികം ഇവയും ആലോചിച്ചു.

 ഒരു മാറ്റം ഇ വര്ഷം സ്കൂളില്‍ അധ്യാപകര്‍ സ്വപ്നം കാണുന്നു.
സ്കൂള്‍ നാടിന്റെ റിസോഴ്സ് സെന്റര്‍ ആകും എന്ന് പ്രതീക്ഷിക്കാം.

ക്ലാസ് റൂം ലൈബ്രറി സൂചകങ്ങള്‍ ഇത് മതിയോ ?
1. ആകര്‍ഷകം ആയിരിക്കണം. എല്ലാ കുട്ടികള്‍ക്കും പുസ്തകത്തിന്റെ മുഖം കാണാന്‍ കഴിയും വിധം ക്രമീകരിക്കണം
( ഭിത്തിയില്‍ / ഡസ്കുകളുടെ  മുന്‍ ഭാഗത്തുള്ള  അറകളില്‍ / ചരിവ് പ്രതലത്തില്‍.. )
2. വളരുന്ന ലൈബ്രറി ആയിരിക്കണം  ( അധ്യാപകര്‍, പി  ടി എ കമ്മറ്റി അംഗങ്ങള്‍, കുട്ടികള്‍ ഇവരുടെ ജനമദിന സമ്മാനം )
3. വിഭവ വൈവിധ്യ മുള്ളതാകണം .
(പുസ്തകങ്ങള്‍ മാത്രമല്ല കുട്ടികളുടെ പ്രസിദ്ധീകരണങ്ങളും സ്കൂള്‍ / ക്ലാസ് മാഗസിനും
പത്രങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ഇനങ്ങളും ഫോട്ടോകളും )
4 .വായന പ്രചോദിപ്പിക്കുന്ന അധ്യാപകര്‍ നേതൃത്വം നല്‍കും 
(അധ്യാപിക ആഴ്ചയില്‍ ഒരു പുസ്തകം വീതം പരിചയപ്പെടുത്തും .പുസ്തക ലിസ്റ്റ് ചാര്‍ട്ടില്‍ .
വായനയുടെ പുരോഗതി  ഗ്രാഫായി രേഖപ്പെടുത്തും )
5 . കുട്ടികളുടെ ഉത്തരവാദിത്വം വിതരണ രീതി / ചുമതല എന്നിവയില്‍ ഉറപ്പാക്കുന്നതായിരിക്കും 
6. രക്ഷിതാക്കളുടെ പിന്തുണ ഉണ്ടാകും ( വായനയില്‍ രക്ഷിതാക്കളും, ക്ലാസ് പി എ യില്‍ വിലയിരുത്തല്‍, വായനകുറിപ്പുകളുടെ അവലോകനം )
7 .വായനയുടെ വിവിധ തലങ്ങള്‍ പരിഗണിക്കും
(പാഠം ഡിമാന്റ് ചെയ്യുന്ന വായനയും, സ്വതന്ത്ര വായനയും, ആവിഷ്കാരത്തിനുള്ള  വായന , ദിനാചരണങ്ങളുടെ  ഭാഗമായ വായന . എഴുത്ത് കൂട്ടം വായനകൂട്ടം സര്‍ഗാത്മക സന്ദര്‍ഭങ്ങള്‍ ഒക്കെ )

 



Monday, May 28, 2012

ജനാധിപത്യവാദിയായ അധ്യാപിക ( സര്‍ഗാത്മക അധ്യാപനം -7)

 സര്‍ഗാത്മക വിദ്യാലയം /അധ്യാപനം ചര്‍ച്ച തുടരുന്നു 

വര്‍ത്തമാനം പറയുന്നത് തെറ്റാണോ?
ഇന്നലെ മാവിന്റെ കൊമ്പില്‍ തൂങ്ങിയ വവ്വാല്‍ കാക്കക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പെട്ട്ടത് ഓര്‍മയിലേക്ക് വന്നത് ബുക്കില്‍ മഴി വീണത്‌ ഒരു വവ്വാലിന്റെ രൂപത്തില്‍ തോന്നിയതിനാല്‍ ആകും.
വവ്വാലിന്റെ വെപ്രാളവും തുടര്‍ന്നുണ്ടായ സംഭവങ്ങളും  സാക്ഷിയായ  അണ്ണാന്റെ  ചിലയ്കലും ..മനസ്സില്‍ നുരഞ്ഞു  പൊന്തിയ ഈ വിശേഷങ്ങള്‍ ചെങ്ങതിയോടു പറയാതിരിക്കുവതെങ്ങനെ.. 
"ടീ  മോളെ  ഇന്നലെ  ഒരു വവ്വാല്‍ ..  '
ചെവിയില്‍ മന്ത്രിക്കാന്‍  തുടങ്ങിയതേ ഉള്ളൂ  അപ്പോഴേക്കും പിടിക്കപ്പെട്ടു.  ടീച്ചര്‍ 'പോലീസായി'. താക്കീതിന്റെ പരസ്യ പ്രഖ്യാപനം. 
രണ്ടു കുട്ടി കുറ്റവാളികള്‍ !. തലതാഴ്ത്തി. 
ക്ലാസില്‍ വര്‍ത്തമാനം പറയുന്നത് തെറ്റാണോ? 
നമ്മള്‍ പരിശീലനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ക്ലാസുകള്‍ക്കിടെ വര്‍ത്തമാനം പറയാറില്ലേ. ?
ഉള്ളില്‍ തികട്ടി വന്ന കാര്യം കുട്ടി പറഞ്ഞു പോയി.  ഒന്നോ രണ്ടോ  മിനിട്ട് അവര്‍ അത് പറയട്ടെ. പിന്നേയും ട്രാക്കില്‍ വരുന്നില്ലേല്‍ അടുത്ത് ചെല്ലുക . എന്നോട് കൂടി പറയുമോ ആ വിശേഷം എന്ന് സ്നേഹത്തോട് ചോദിക്കൂ . .അവര്‍ പറഞ്ഞതിനെ അംഗീകരിക്കാം. അടുത്ത ക്ലാസിലേക്ക് ഒരു പഠന പ്രശ്നം കിട്ടുകയും ചെയ്യും..(വവ്വാല്‍ തല കീഴായി തൂങ്ങിക്കിടക്കുന്നത് എന്ത് കൊണ്ട് ?)
ക്ലാസിന്റെ ശ്രദ്ധ -
നിത്യ ചൈതന്യ യതി ഒരു അനുഭവം വിവരിക്കുന്നുണ്ട് .അദ്ദേഹത്തെ അമേരിക്കയില്‍ ഒരു പ്രഭാഷണത്തിനു വിളിച്ചു . ഹാളില്‍ പ്രവേശിച്ചപ്പോള്‍ കുറെ ചെറുപ്പക്കാര്‍ .അവര്‍ പല കൂട്ടങ്ങളായി വര്‍ത്തമാനം പറഞ്ഞും ചായ കുടിച്ചു ഇരിക്കുന്നു. സംഘാടകര്‍ യതിയോടു തുടങ്ങിക്കോ എന്ന് പറഞ്ഞു. ഇത്തരമൊരു ചിതറിയ കൂട്ടത്തിലോ ? 
എങ്കിലും യതി തുടങ്ങി .ക്രമേണ അവിടെയും ഇവിടെയും ചിതറി പല ജോലികളില്‍ ഏര്‍പ്പ്പെട്ടിരുന്നവര്‍ ഒറ്റയ്ക്കും പെട്ടയ്ക്കും കസേരയുമായി വരാന്‍ തുടങ്ങി. ശബ്ദം കുറഞ്ഞു വന്നു .കുറച്ചു കഴിഞ്ഞപ്പോള്‍ സദസ്സ് സംപൂര്‍ണമായും പ്രഭാഷണത്തില്‍ മുഴുകി. നല്ല സംവാദവും നടന്നു. യതിക്കു തൃപ്തി. 
യതി ഈ കഥയിലൂടെ സൂചിപ്പിച്ചത് എന്താണ് ?- അദ്ധ്യാപകന്‍ പരാജയപ്പെടുംപോഴാണ്  കുട്ടികള്‍ മറ്റു കാര്യങ്ങളിലേക്ക്  മനസ്സിന്റെ തേര് തെളിയിക്കുന്നത്
ക്ലാസിന്റെ ശ്രദ്ധ പ്രവര്‍ത്തനത്തിലേക്ക് വരണം എന്ന് എല്ലാ  അധ്യാപകരും ആഗ്രഹിക്കുന്നു 
അതിനുള്ള മുന്നൊരുക്കം നടത്തുമോ ? ഇല്ല. 
ഒരു മേശപ്പുറത്തു അടിച്ചു ശബ്ദം ഉണ്ടാക്കിയത് കൊണ്ടോ . ആജ്ഞകള്‍ നല്‍കിയത് കൊണ്ടോ കാര്യമില്ല. ആകര്ഷകമായ് അവതരണം നടത്തണം 
ഓരോ അഞ്ചു /പത്ത് മിനിട്ട് കഴിയുമ്പോഴും വൈവിധ്യം അനുഭവിക്കാന്‍ ക്ലാസിനു ഭാഗ്യം കിട്ടണം 
ശ്രദ്ധാ പരിമിതി ഉള്ള കുട്ടികള്‍ ഉണ്ട് .( പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ കൂട്ടത്തില്‍ പെടും ) അവരു കൂടിയുള്ള  ക്ലാസ് എങ്ങനെ ആയിരിക്കണം .ആലോചിക്കണ്ടേ? ഒരു ലക്കം അതിനെ കുറിച്ച് ചര്‍ച്ച നടത്താം )
സാത്താന്‍ 
അടുത്തയിടെ ചെമ്പകപ്പാറ സ്കൂളില്‍ ഒരു സന്ദര്‍ശനം നടത്തി. ചെന്നപ്പോള്‍ ഒരു ക്ലാസില്‍ ..അദ്ധ്യാപകന്‍ സ്വന്തം അനുഭവം പറയുന്നു. മകളോട് ദേഷ്യപ്പെട്ടു. കാരണം അവള്‍ അച്ഛന്റെ ബാഗ് പരതി. കടുത്ത ശകാരം കേട്ട മകള്‍ കുരിശു മാല  അച്ഛന്റെ മുഖത്തിനു നേരെ ഉയര്‍ത്തിപ്പിടിച്ചു പറഞ്ഞു" സാത്താനെ കടന്നു പോകൂ " അപ്പോഴാണ്‌ അച്ഛന് മനസ്സിലായത്‌ അവള്‍ക്ക്  പറഞ്ഞു കൊടുത്ത പാഠം. "ദേഷ്യപ്പെടുന്നത് ചീത്ത പറയുന്നത് വഴക്കിടുന്നത് ഒക്കെ സാത്താന്റെ പണി. "
സാത്താന്‍ പെട്ടെന്ന് ഇറങ്ങിപ്പോയി.  അച്ഛാ അച്ഛന്‍ ആയി.
അധ്യാപകരേ 
ഇതൊക്കെ തിരിച്ചറിവുകള്‍ ആണ് .

ക്ലാസ് നിയമ സഭ 
ക്ലാസിന്റെ കാര്യങ്ങള്‍ ഏക പക്ഷീയമായി അദ്ധ്യാപകന്‍ തീരുമാനിക്കുന്ന രീതിയില്‍ ഒരു മാറ്റം വരുത്താന്‍ കഴിയില്ലേ.  
നാലാം ക്ലാസ് മുതല്‍ എങ്കിലും ക്ലാസ് നിയമ സഭയെ കുറിച്ച് ആലോചിക്കാം. 
ക്ലാസിന്റെ നിയമങ്ങള്‍ ഉണ്ടാക്കണം. 
  • കുട്ടികളുടെ ചുമതലകള്‍ കടമകള്‍ സംബന്ധിച്ച നിയമങ്ങള്‍ 
  • അധ്യാപനില്‍ നിന്നും പ്രതീക്ഷിക്കുന്ന/ ലഭിക്കുന്ന  സേവനങ്ങള്‍ ( അദ്ധ്യാപകന്‍ കുട്ടികളുടെ സെര്‍വന്റ്റ്  അല്ലെ ?)
  • ആരോഗ്യകരമായ പഠനാന്തരീക്ഷം സംബന്ധിച്ച നിയമങ്ങള്‍ 
  • മാതാപിതാക്കളുടെ പിന്തുണ സംബന്ധിച്ച നിയമങ്ങള്‍ 
  • ക്ലാസിനു  വേണ്ട വിഭവങ്ങള്‍ അവയുടെ  ഉപയോഗം സംബന്ധിച്ച നിയമങ്ങള്‍ 
  • അറിവ് എന്ന അവകാശം സംബന്ധിച്ച നിയമം
  • വിവേചനങ്ങള്‍ ക്കെതിരായ  ക്ലാസ് നിയമങ്ങള്‍ .  
കുട്ടികളുമായി ആലോചിച്ചു നിയാങ്ങള്‍ ഉണ്ടാക്കൂ . അവ ഡി ടി പി ചെയ്തു ക്ലാസില്‍ പ്രദര്ശിപ്പിക്കൂ. 
ക്ലാസ് പാര്ലമെന്ടു കൂടി മാസത്തില്‍ ഒരു ചര്‍ച്ചയും വിലയിരുത്തലും കൂടി ആകാം,
നിങ്ങള്‍ ജനാധിപത്യവാദിയായ അധ്യാപിക ആണോ .എങ്കിലേ ഇങ്ങനെ ആലോചിക്കാന്‍ കഴിയൂ  .
(തുടരും ..)
 

Saturday, May 26, 2012

സര്ഗതമക വിദ്യാലയത്തിലേക്ക്‌ ഒന്നിച്ചു പോകയല്ലേ -6

ഇന്ന്  നാലു ചെറിയ കാര്യങ്ങള്‍ പറയട്ടെ  .നമ്മെ കൊണ്ട് ചെയ്യാന്‍ പറ്റുന്നവ .
1. ക്ലാസിന്റെ തുടക്കം 
എല്ലാ ദിവസവും ക്ലാസിന്റെ തുടക്കം എങ്ങനെ ആകണം. അതിനു ഒരു സമീപനം വേണ്ടേ ?
  • കുട്ടികളില്‍ ജിജ്ഞാസ ഉണര്ത്തുന്നതായിരിക്കും 
  • ഓരോ ദിവസവും തുടക്കം വൈവിധ്യമുള്ള രീതികളില്‍ 
  • കുട്ടികളുടെ പ്രസരിപ്പ് കെടുത്തില്ല 
  • ഊര്‍ജവും പ്രചോദനവും നല്‍കാന്‍ പര്യാപ്തമായിരിക്കും. കുട്ടികളുടെ മനസ്സില്‍ കരി ഓയില്‍ ഒഴിക്കുന്ന വാക്കുകള്‍ ഉണ്ടാകില്ല .അവരെ കുറ്റപ്പെടുത്തില്ല . താക്കീത് നല്‍കില്ല .കൃത്യവിലോപ സ്മരണകളുടെ മുള്ളാണി  തറയ്ക്കില്ല  
  • കുട്ടികളെ താരതമ്യം ചെയ്യില്ല 
എന്നാല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും .അത് തുടക്കത്തില്‍ ആകില്ല .
2. ലക്‌ഷ്യം കൃത്യം 
ഓരോ ദിവസവും കുട്ടികള്‍ക്ക് ഒരു ലക്‌ഷ്യം ഉണ്ടാകണം 
അതിനു സഹായകമായ് രീതിയില്‍ ലക്ഷ്യ പ്രസ്താവന നടത്തും ( അത് ജിജ്ഞാസ കെടുത്തുന്ന വിധത്തില്‍ ആയിരിക്കില്ല . ഉദാഹരണം - ഇന്ന് നാം ഈ കെട്ടിടത്തിന്റെ ഉയരം കണ്ടെത്തും . അത് അളന്നു തന്നെ കണ്ടെത്തും . അളവുകളും പഠിക്കും  )  ഈ രീതിയിലുള്ള പ്രസ്താവന പ്രശ്നാവതരണത്തെ തടസ്സപ്പെടുത്തില്ല . 
3. നേടും എന്ന ഉറപ്പു 
നാം ചെയ്യുന്ന പ്രവര്‍ത്തി ലക്‌ഷ്യം നേടുമോ ? തീര്‍ച്ചയായും. അധ്യാപികയുടെ ആത്മ വിശ്വാസം കുട്ടികള്‍ മനസ്സിലാക്കണം.
ആര്‍ക്കെങ്കിലും അവരുടെ കഴിവില്‍ വിശ്വാസമില്ലെങ്കില്‍ അവര്‍ മാനസികമായി സജ്ജരായില്ല എന്നാണു അര്‍ഥം 
" എനിക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും അടുത്ത രണ്ടു പിരീഡ് കഴിയുമ്പോള്‍ ഈ ക്ലാസിലെ എല്ലാ കുട്ടികളും , അതെ ഓരോ കുട്ടിയും ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നന്നായി പഠിച്ചിരിക്കും . എനിക്ക് നിങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ട്‌ . " സഹായം വേണ്ടവര്‍ അപ്പോള്‍ കൈ ഉയര്‍ത്തണം അല്ലെങ്കില്‍ എന്റെ അടുത്ത് വരണം. ഞാന്‍ ഒപ്പമുണ്ടാകും. ആദ്യത്തെ ഒന്നോ രണ്ടോ ക്ലാസുകളില്‍ ഇങ്ങനെര്‍ പറയേണ്ടി വരും  പിന്നീട് അനുഭവം കൊണ്ട് കുട്ടികള്‍ക്ക് ബോധ്യപ്പെടും  ഇത് ഞങ്ങള്‍ക്ക് വേണ്ടിയുള്ള അധ്യാപികയാനെന്നു 

4 . തുണ്ട് കടലാസുകള്‍
ചെറിയ തുണ്ട് കടലാസുകള്‍ കരുതുക . നിറമുള്ളത് ആണെങ്കില്‍ നല്ലത്. ക്ലാസില്‍ എത്ര കുട്ടികള്‍ ഉണ്ടോ അവര്‍ക്കെല്ലാം കൊടുക്കണം. ക്ലാസ് കഴിയുമ്പോള്‍ ക്ലാസിനെ കുറിച്ച് എഴുതി വാങ്ങണം 
  • മനസ്സിലാവാത്ത ഭാഗം /ഇനിയും കൂടുതല്‍ പഠിപ്പിക്കേണ്ട ഭാഗം .
  • നന്നായി മനസ്സിലായ കാര്യം . 
  • ഇത് പോലെ ചിത്രം വരച്ചു എഴുതാന്‍ പറഞ്ഞാല്‍ മതി . 
  • ഈ കുറിപ്പുകള്‍ ശേഖരിക്കണം . അവ വിശകലനം ചെയ്തു ആവശ്യക്കാര്ര്ക് തുടര്‍ സഹായം നല്കണം.
  •  അതിനായി ഉച്ചയ്ക്കോ മറ്റോ സമയം കണ്ടെത്താന്‍ ശ്രമിക്കുക് 
(തുടരും.. )

മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ 

Thursday, May 24, 2012

സര്‍ഗാത്മക അധ്യാപനത്തിനുള്ള മുന്നൊരുക്കം- 5

സര്ഗാത്മകാധ്യാപനം /സ്കൂള്‍ ചര്‍ച്ച തുടരുന്നു 
1. തുടക്കം 
സ്ക്കൂള്‍ വര്‍ഷത്തിന്റെ ആദ്യ ദിനം  നന്നാക്കാന്‍ ഏറെ ശ്രമം നാം നടത്തും 
വര്‍ഷത്തിലെ ആദ്യ ക്ലാസ്  ഗംഭീരമാക്കാനോ  ?
പോര മറ്റു തുടക്കങ്ങളും ആലോചിക്കണം 
  • ഈ വര്‍ഷത്തെ ആദ്യ  ടീച്ചിംഗ് മാന്വുവല്‍ 
  • ആദ്യ പോര്‍ട്ട്‌ ഫോളിയോ  ഇനം 
  • ആദ്യ നിരന്തര വിലയിരുത്തല്‍ സന്ദര്‍ഭം 
  • ആദ്യ പഠനോപകരണം 
  • ആദ്യ ക്ലാസ് പിടി എ 
  • ആദ്യ എസ ആര്‍ ജി മീറ്റിംഗ് .അതിനുള്ള എന്റെ മുന്നൊരുക്കം 
  • ആദ്യ ക്ലാസ് ലൈബ്രറി പ്രവര്‍ത്തനം 
  • ആദ്യ ദിനാചരണം 

അതൊക്കെ  മെച്ചപ്പെടുത്താന്‍ എന്തൊക്കെ ചെയ്യാമെന്ന് ഇപ്പോഴേ ആലോചിക്കാം സ്കൂള്‍  തുറന്നിട്ട്‌ മതി എന്ന് വിചാരിക്കരുത്. ചെറിയ കുറിപ്പുകള്‍ തയ്യാറാക്കൂ . അതാണ്‌ സ്വന്തം ആക്ഷന്‍ പ്ലാന്‍ .
 ( ഞങ്ങള്‍ ഈ മാസം ടി ടി സി കുട്ടികളുടെ പി ടി എ  വിളിച്ചു. ജൂലൈ പന്ത്രണ്ടിന് അടുത്ത പി ടി എ  യോഗം എന്ന് തീരുമാനിച്ചു.അന്ന് നിരന്തര വിലയിരുത്തല്‍ ഫലം വ്യത്യസ്ത രീതിയില്‍ പങ്കിടും. അതിനായി ക്ലാസ് ഒരുക്കാന്‍ എന്റെ പരിപാടി തുടങ്ങി )
2
ക്ലാസ് ഒരുക്കം തുടങ്ങം 
ഞാന്‍ ഒരു അധ്യാപിക എനിക്കും വേണം ഒരു ക്ലാസ് കിറ്റ്‌ 
ക്ലാസ് കിറ്റില്‍ എന്തെല്ലാം ?
  • ക്രയോന്‍സ് 
  • മാര്‍ക്കര്‍ പെന്‍ 
  • പെന്‍സില്‍ കട്ടര്‍ 
  • പെന്‍സില്‍ 
  • സ്ട്ടാപ്ലര്‍ 
  • ക്ളിപുകള്‍ 
  • മൊട്ടു പിന്‍ 
  • ജെം ക്ലിപ്പ് 
  • കളര്‍  ബ്രഷ് 
  • ചെറിയ കത്തി 
  • കത്രിക 
  • പശ 
  • സെല്ലോടേപ്പ്  ( വീതി കൂടിയതും കുറഞ്ഞതും നിറ മുല്ലവയും )
  • സ്കെയില്‍ 
  • ടേപ്പ് 
  • കാല്‍കുലെട്ടര്‍ 
  • സ്റ്റാമ്പ്‌ പാഡ് / കിറ്റ്‌ 
  • നഖം വെട്ടി 
  • ക്യാമറ 
  • പെന്‍ ഡ്രൈവ് 
  • സി ടികള്‍ 
  • ഡ്രോയിംഗ് പിന്‍ 
  • കട്ടൌട്ട് 
  • ഫോട്ടോ ശേഖരം 
  •  
  •  
    ഇതൊക്കെ ക്ലാസില്‍ പല സന്ദര്‍ഭങ്ങളില്‍ ആവശ്യം വരും .അപ്പോഴൊക്കെ ഓഫീസിലേക്ക് ഓടേണ്ട . പ്ലാസ്റിക് ട്രേ , ബോക്സുകള്‍  , ജാറുകള്‍, മേശയില്‍ തന്നെ ഫിറ്റ്‌ ചെയ്യാവുന്ന സൈഡ് അറകള്‍ ഒക്കെ ആലോചിക്കാം 
കുട്ടികള്‍  പ്രവര്‍ത്തനം നടത്തുമ്പോള്‍ സാധനങ്ങള്‍ ഉപയോഗിക്കാന്‍ കിട്ടണം 
ഓരോ ക്ലാസിന്റെയും ആവശ്യത്തിനു അനുസരിച്ച് ഇവ തയ്യാറാക്കൂ 
സര്‍ഗാത്മക അധ്യാപനത്തിനുള്ള മുന്നൊരുക്കം തുടങ്ങാം.

ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് കൂടി നോക്കുക 

"സ്വയം പര്യാപ്തക്ലാസ്മുറികള്‍"

 ................................................................................................
==========================================

ഓര്മ 

(ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ എന്റെ ബാല്യകാല ഒരുക്കം ഓര്‍ത്തു പോയി.അതിങ്ങനെ-)

പണ്ട് സ്കൂള്‍ തുറക്കല്‍ അടുത്ത് വരുന്ന ദിനങ്ങളില്‍
അമ്മയോടോത്തിരുന്നു ഒരു ലിസ്റ്റ് തയ്യാറാക്കുമായിരുന്നു
ഒറ്റവര -6 ( 80 പേജിന്റെ 3, 120 പേജിന്റെ 2 ,ഇരുന്നൂറു പേജിന്റെ 1)
ഇരട്ടവര -2 ( 120 പേജ്)
ഫോര്‍ ലൈന്‍ -1 ( 120 പേജ് )
വരയില്ലാത്തത്-  4 ( 120 പേജ് )
കോമ്പോസിഷന്‍ -1 ( 80 പേജ്)
പെന്‍സില്‍ -1
പേന -1 ( അപ്പോള്‍ അമ്മ ഒന്ന് നോക്കും." എന്റെ പേന ലീക്കാ.. ഉടുപ്പിന്റെ പോക്കറ്റ്  കണ്ടോ " എന്ന മട്ടില്‍ ഞാനും നോക്കും ) ക്ലാസ് കയറ്റം- വിഷമം ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ ആണ് എനിക്ക് മിക്ക വര്‍ഷവും നല്‍കുക  .
പുതിയ ക്ലാസിലെ  പുസ്‌തകം .അത് അമ്മ ഇതിനോടകം പഴയവ  ശേഖരിചിട്ടുണ്ടാകും. ചെറിയ കരച്ചിലും പിഴിച്ചിലും ഒന്നും കൊണ്ട് രക്ഷയില്ല 
ബുക്കും പുസ്തകോം പൊതിയണം.അതിനു സോവ്യറ്റ് യൂണിയനില്‍ നിന്നും വരുന്ന മിനുക്കമുള്ള മാസിക കിട്ടും പാര്‍ടി  പ്രചാരണം ആയിരിക്കാം. പക്ഷെ ഞങ്ങള്‍ക്ക് അത് പുസ്തകം പൊതിയാന്‍ 
.
 കുട .അതിന്റെ ശീല നരചിട്ടുണ്ടാകും. തുന്നല്‍ വിട്ടിട്ടുണ്ടാകും .വെളുത്ത നൂല്‍ കൊണ്ടുള്ള അമ്മയ്ടുടെ തുന്നല്‍ ആര്‍ക്കും വേഗം കണ്ടെത്താം. കുട മാറില്ല.വീട്ടില്‍ സ്കൂളില്‍ പോകുന്ന മൂന്നു പേര്‍ .എല്ലാവര്ക്കും കുട ഇല്ല. വാഴയിലയും ചേമ്പിലയും മടിച്ചു മടിച്ചാണെങ്കിലും കൊണ്ട് പോകും.  അല്ലെങ്കില്‍ ഒരു കുടക്കീഴില്‍ .
ബുക്കും പുസ്തകോം നനയാതിരിക്കാന്‍ പ്ലാസ്റിക് കൂട് തയ്പിച്ചു അതിലാക്കും. റബര്‍ പ്ലാന്റെഷന്‍ അടുത്തുല്ലതിനാല്‍ പ്ലാസ്റിക് കിട്ടാന്‍ വിഷമം ഇല്ല .

രണ്ടു മൂന്നു കിലോ മീറ്റര്‍ നടന്നു വേണം സ്കൂളില്‍ എത്താന്‍ . ഒമ്പതര ആകും വീട്ടില്‍ നിന്നും ഇറങ്ങാന്‍.ഏട്ടന്മാര്‍ക്ക് രാവിലെ പശുവിനു പുല്ലും പടലും  അറുത്തു കൊണ്ട് വരാനുള്ള പണി  ..എനിക്ക് രണ്ടു കിലോ മീറ്റര്‍ ദൂരെ പാല് കൊടുത്തു വരണം. കൊച്ചു പാലത്തിന്റെ അവിടെയുള്ള ക്ന്യാസ്ത്രീ മ0ത്തില്‍ . വീട്ടില്‍ തരികെ എത്തുമ്പോള്‍ ഒന്നും വെന്തിട്ടുണ്ടാകില്ല. വാട്ടു കപ്പ വെന്തു വരാന്‍ താമസിക്കും.
സ്കൂളിലേക്കുള്ള യാത്ര . ഇടയ്ക്ക് ഒരു പുഴയുണ്ട് ഒരു തോടുമുണ്ട്. കക്കാട്ടാട്ടിലെ തികപ്പു വെള്ളം കയറുന്ന തോട് . മഴക്കാലം ആയാല്‍ വെള്ളം പൊങ്ങും. ഒഴുക്ക് കൂടും 
എത്തി കുത്തി പുസ്തകം ഉയര്‍ത്തി പിടിച്ചു നിക്കര്‍ നനയാതെ ഉയത്തി തോട് കടക്കും.
 ചില ദിനങ്ങളില്‍ ഒഴുക്ക് മറിക്കും. 
അപ്പോഴും പുസ്തകം പോകാതെ നോക്കും. നീന്താന്‍ അറിയാവുന്നതിനാല്‍ പേടി ഇല്ല   .നനഞ്ഞു പിഴിഞ്ഞ് സ്കൂളില്‍ എത്തും. ബഞ്ചില്‍ ഒരു വശത്ത് ഒതുങ്ങും. എഴുന്നേല്‍ക്കുമ്പോള്‍ ബഞ്ച് കുതിര്‍ന്നിട്ടുണ്ടാകും. കൂട്ടുകാരും  എത്തുക ഇങ്ങനെ ഒക്കെ തന്നെ . 
മനസ്സാണോ ശരീരമാണോ കുതിരുന്നത് എന്ന് അറിയില്ല. 

അന്ന്  സ്കൂളില്‍ യൂണി ഫോം ഉണ്ട് .കാക്കിയും വെള്ളയും.അല്ലെങ്കില്‍ കടും നീലയും വെള്ളയും. പുതിയ കുപ്പായം കിട്ടാന്‍ ഒത്തിരി കരഞ്ഞിട്ടുണ്ട് . ഇടവപ്പാതിയുടെ കരച്ചില്‍  പോലെ പതിവ്. 
 ബുക്കും മറ്റും വാങ്ങുംപോഴേക്കും ഖജനാവ് കാലി .ഒരു മാസം കഴിഞ്ഞാല്‍ അമ്മ കടം വാങ്ങിയ പണം കൊണ്ട് എങ്ങനെ എങ്കിലും ഒപ്പിക്കും 
അതെ ജീവിതം കൂട്ടി മുട്ടിക്കല്‍ എന്നത് ഞാന്‍ എന്നും കാണുന്ന ഒരു സാധാരണ സംഭവം



Tuesday, May 22, 2012

സര്‍ഗാത്മക വിദ്യാലയം /സര്ഗാത്മകാധ്യാപനം -4

സുരേന്ദ്രന്‍  മാഷോട്  ഞാന്‍  ചോദിച്ചു  സ്‌കൂളില്‍  നടത്തിയ   ശ്രേദ്ധേയമായ   ഒരിടപെടല്‍ പങ്കു വെക്കാമോ ?
മാഷ്‌ സൌമ്യമായി പറയാന്‍ തുടങ്ങി 
"കാസര്‍ഗോട് ജില്ലയിലെ വളരെ പിന്നോക്കമായ ഒരു പ്രദേശത്താണ് എന്റെ സ്കൂള്‍. സര്‍ക്കാര്‍ എല്‍ പി സ്കൂള്‍.  അവിടെ വരുന്നത് ഭൂരി ഭാഗവും അധസ്ഥിതരുടെ മക്കള്‍ . ഒന്ന് പൊട്ടിച്ചിരിക്കാന്‍ പോലും സങ്കോചമുള്ള  കുട്ടികള്‍ .മുഖത്ത് ആത്മ വിശ്വാസത്തിന്റെ പ്രകാശമില്ല . മനസ്സ് തുറക്കാന്‍ മടിയുള്ള ഈ കുട്ടികളെ എങ്ങനെ പഠിപ്പിക്കും. ഞാന്‍ അവരുടെ ആത്മ വിശ്വാസവും ആശയ വിനിമയ ശേഷിയും ഉയര്‍ത്താന്‍ തീറുമാനിച്ചു. ഒരു മാസം അതിനായി മാറ്റി വെച്ച് മറ്റൊന്നും പഠിപ്പിചില്ല . തീയേറ്റര്‍ സങ്കേതം ഉപയോഗിച്ചു . ക്ലാസില്‍ നാടകം .മുഖം മൂടികള്‍ .രംഗാവിഷ്കാരത്തിന്റെ വൈവിധ്യം. കുട്ടികളില്‍ ഊര്‍ജം നിറയുന്നത് കണ്ടു. അവര്‍ ശരിക്കും ഉണര്‍ന്നു അല്ല ഉദിച്ചുയര്‍ന്നു. പിന്നീട് എന്റെ ക്ലാസ് വളരെ മുന്നേറി."
ബി ആര്‍ സി ട്രെയിനര്‍മാരുടെ ഇന്റാര്‍വ്യൂവില്‍ ആണ് ഈ കാര്യം അദ്ദേഹം വെളിപ്പെടുത്തിയത് .

ഇത് ഇവിടെ സൂചിപ്പിക്കാന്‍ കാരണം? ക്ലാസിന്റെ പതിവുകള്‍ വാര്‍പ്പ് മാതൃകകള്‍  ചിലപ്പോള്‍ മാറ്റി വെക്കേണ്ടി വരും .ഉപേക്ഷിക്കേണ്ടി വരും .അപ്പോഴാണ്‌ അത് സര്‍ഗാത്മകം ആകുക 
സ്വയം പ്രചോദിതയാവുക 
സ്വന്തം വഴി വെട്ടുക 
പഠനതടസ്സങ്ങള്‍ക്കുള്ള കാരണങ്ങള്‍ ചികയുക . 

സര്ഗാത്മകാധ്യാപനം:-
  • ചലനാത്മകം ആണ് തനിമയുള്ളതും
    സ്നേഹാധിഷ്ടിതം 
    വിമര്‍ശനാത്മകം 
    സാധ്യതകളുടെ അനന്തതയില്‍ വിശ്വാസമുള്ളത് ആന്തരികൊര്‍ജത്ത്തിന്റെ കെടാത്ത തിരിനാളം നയിക്കുന്നത് അവിടെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു കുട്ടികള്‍ ശ്വസിക്കും 
എന്നും പൊന്നോണം കൊണ്ടാടുന്നത് പോലെ 
സന്തോഷത്തിന്റെ പൂത്തുമ്പികള്‍ ക്ലാസില്‍ നിറയും 
(തുടരും  )
.........................................................................
മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക  

Sunday, May 20, 2012

സര്‍ഗാത്മക വിദ്യാലയം -3 (തുടര്‍ച്ച )

സര്‍ഗാത്മക വിദ്യാലയത്തിലെ അധ്യാപകര്‍ എങ്ങനെ ഉള്ളവരായിരിക്കും? 
നല്ല നിരാശ നല്ലതാണ് 
സര്‍ഗാത്മക വിദ്യാലയത്തിലെ അധ്യാപകര്‍ എപ്പോഴും സംതൃപ്തര്‍ ആയിരിക്കില്ല. ഒരു  അസ്വസ്വസ്ഥത  അവരെ ചൂഴുന്നു നില്ല്കും.  നിരാശയുടെ നേരിയ ആവരണം . എന്താണ് കാരണം. ? ഇനിയും ഒട്ടേറെ ചെയ്യാനുണ്ടല്ലോ അതൊക്കെ പൂര്‍ത്തീകരിക്കാന്‍ വൈകിപ്പോകുമോ ? ചിന്തയില്‍ ഓരോ ദിനവും പുതിയ വെളിച്ചം വീഴുമ്പോള്‍ ഇന്നലെ ഇതിലും നന്നായി ചെയ്യാമായിരുന്നു എന്ന് തോന്നും.
ഇങ്ങനെ മുന്നോട്ടു പോകാനുള്ള വ്യഗ്രത നല്‍കുന്ന അസ്വസ്ഥത ഇല്ലാത്ത അദ്ധ്യാപകന്‍ സുരക്ഷിതനാണ്. അയാള്‍ ഒരു ദിവസം കഴിഞ്ഞു കിട്ടിയല്ലോ  എന്ന് എന്നും   ആശ്വസിക്കും.  
കഴിവും കഴിവിന്റെ പരമാവധിയും 
"ഞാന്‍ എന്നെ കഴിവത് ചെയ്യും "
"ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യും "
രണ്ടു അധ്യാപകരുടെ പ്രതികരണം ആണ് ഇത്. ഇവരില്‍ ആരുടെ പ്രതികരണമാണ് നിങ്ങള്‍ക്കിഷ്ടപ്പെട്ടത്‌ ?
നിങ്ങള്‍ ആയിരുന്നെങ്കില്‍ എന്ത് പറയുമായിരുന്നു ?
"ഞാന്‍ എന്റെ കഴിവിന്റെ പരമാവധിക്കപ്പുറം   ചെയ്യും  "
എന്ന് പറയുമോ?
...  ഹ.. ഹ.. അതെങ്ങനെ കഴിവിന്റെ പരമാവധിക്കപ്പുറം ചെയ്യുക ?എന്നാണോ ആലോചിക്കുന്നത്. നമ്മുടെ കഴിവിന്റെ പരമാവധിയോടു മറ്റുള്ളവരുടെ കഴിവ് കൂടി കൂട്ടി ചേര്‍ക്കുമ്പോള്‍ കിട്ടുന്ന "അപ്പുറം കഴിവാണ് "അത് . സര്‍ഗാത്മക വിദ്യാലയത്തില്‍ ഒരാള്‍ ഇപ്രകാരം ചിന്തിച്ചാല്‍ കൂട്ടിചെര്‍ക്കാവുന്ന കഴിവുള്ളവര്‍ ഏറെ. കുട്ടികള്‍ . രക്ഷിതാക്കള്‍ . അയല്പക്ക സ്കൂളിലെ അധ്യാപകര്‍ . ഓ ഇതൊക്കെ പറയാം നടക്കുമോ ? എന്റെ അനുഭവം പറയാം. ഈ വര്ഷം പുതിയ ഒരു സ്ഥാപനത്തില്‍ ആണ് . അവിടെ ചെന്നപ്പോള്‍ ക്ലാസ് മുറികള്‍ വരണ്ടത്. ടി ടി സി കുട്ടികള്‍ പഠിക്കുന്ന ക്ലാസിന്റെ ഒരു ലക്ഷണവും ഇല്ല. അല്ലെങ്കില്‍ ഒരു അധ്യാപക പരിശീലന സ്ഥാപനത്തിന്റെ ഒരു അടയാളവും ഇല്ല. പൂമാല സ്കൂളിലെ ഷാജി സാറിനെ വിളിച്ചു .സഹ പ്രവര്‍ത്തകനായ രമേഷുമായി ചര്‍ച്ച നടത്തി. കുറ ആശയങ്ങള്‍ രൂപപ്പെടുത്തി. പിന്നെ വിദ്യാര്‍ഥിയായ അമലിനോട് കാര്യം പറഞ്ഞു. ഞാനും അമലും മൂന്നു ദിനം കൊണ്ട് ഒരു ക്ലാസ് മാറ്റിയെടുത്തു .മറ്റുള്ളവരുടെ കഴിവ് കൂടി കൂട്ടി എടുത്തപ്പോഴാണ് എനിക്ക് ഇത് സാധിച്ചത്.( ആ ക്ലാസ് ചിത്രങ്ങള്‍ പിന്നീട് പങ്കിടാം )
ഒറ്റപ്പെടല്‍ തന്നെ ഭേദം 
ചിലര്‍ പറയും " ഈ സ്കൂളില്‍ ഞാന്‍ ഒറ്റയ്ക്കേ ഉള്ളൂ . ആരും സഹകരിക്കില്ല. വല്ലതും ചെയ്യുന്നോരെ ഒറ്റപ്പെടുത്തും. അതിനാല്‍ അവരോടൊപ്പം പൊരുത്തപ്പെട്ടു അങ്ങ് പോകാം."
ഇത് നിലവിലുള്ള വ്യവസ്ഥിതിയോട് ഇഴുകി ചേരല്‍ ആണ്. മൃഗസത്ത എന്ന് പൌലോ  ഫ്രയര്‍ പറഞ്ഞതിന് സമാനം.
പുതിയ  സ്കൂളില്‍ എത്തിയ ഒരു ടീച്ചര്‍ എന്നോട് പറഞ്ഞു "അടുത്ത വര്ഷം ..ഓര്‍ക്കുമ്പോള്‍ ഒരു വേവലാതി. ആ സ്കൂളില്‍ നേരെ ചൊവ്വേ ഒന്നും നടക്കുന്നില്ല. ആദ്യ മൂന്നു മാസം എന്തെങ്കിലും നടന്നെങ്കില്‍ ആയി . "
ഇത് കേട്ടപ്പോള്‍ ഞാന്‍ എന്റെ ഒരു അനുഭവം പറഞ്ഞു
ആദ്യമായി ഞാന്‍ ജോലിക്ക് ചേര്‍ന്ന ദിവസം. നാരായണി ടീച്ചര്‍ ആണ് പ്രഥമാധ്യാപിക . എനിക്ക് നാലാം ക്ലാസ് അനുവദിച്ചു കിട്ടി .രണ്ടാം ദിവസം ഞാന്‍ ചിത്തിര മാസം എന്ന പാ0ത്തിന്റെ ടീച്ചിംഗ് നോട്ട്  എച് എമിനെ കാണിക്കാന്‍ ചെന്നു . അവര്‍ അത് മറിച്ച് നോക്കി. 
"മാഷേ , ഒരു വര്‍ഷത്തെ മുഴുവന്‍ നോട്ടും ഒന്നിചെഴുതിയോ ?"
" അല്ല, ടീച്ചര്‍ അത് ഒരു പാഠം .."
(നാല് കോളം നോട്ടു ഇരുപത്തിയാറു പേജില്‍ ).
അപ്പോള്‍ ടീച്ചര്‍ പറഞ്ഞു" മാഷിനു വേറെ പണി ഇല്ലേ ? "
അധ്യാപന ജീവിതത്തിലെ ആദ്യ ക്ലാസിനുള്ള തയ്യാറെടുപ്പ് അപമാനിക്കപ്പെട്ടു. ഈ സ്കൂളില്‍ ഇങ്ങനെ ഒന്നും എഴുതെണ്ട ....ചടങ്ങിനു ഒരു നോട്ടു മതീന്ന് സൂചന. 
അന്ന് ഞാന്‍ ആ സ്കൂളില്‍ ഒറ്റപ്പെട്ടു. ആ ഒറ്റപ്പെടല്‍ ആണ് എന്നെ വളര്‍ത്തിയത്. ഒറ്റയ്ക്ക് പൊരുതുകയാണ്. ആരെയും ബോധ്യപ്പെടുത്താന്‍ അല്ല . കേമത്തം നടിക്കാനുമല്ല .ഒരു കടമ നിരവേട്ടലാണ്. സ്കൂള്‍ ചരിത്രത്തിന്റെ ഗതി മാറ്റുകയാണ്. സര്ഗാത്മകാധ്യാപനത്തിന്റെ ഒരു കയ്യൊപ്പ് .
അതുകൊണ്ട് നാം ചിന്തിക്കേണ്ടത് സര്‍ഗാത്മക വിദ്യാലയത്തില്‍ ചിലപ്പോള്‍ ഒരു ക്ലാസ് മാത്രം ആയിരിക്കും വേറിട്ട്‌ നില്‍ക്കുക
സ്കൂളിനെ മൊത്തം മാറ്റാന്‍ കഴിയുന്നില്ലങ്കില്‍  ആദ്യം ഒരു ഭാഗം മാറ്റുക . അത് അവരവരുടെ ക്ലാസ് ആകട്ടെ .
ഒന്നോ രണ്ടോ വര്ഷം കഴിയുമ്പോള്‍ ഒന്ന് രണ്ടു പേര്‍ കൂടാതിരിക്കില്ല.

( തുടരും )
 .......................................................................................................


സര്‍ഗാത്മക വിദ്യാലയ ചര്‍ച്ചയില്‍ ഇടപെട്ടു ചുണ്ടെക്കാട് കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.
അത് രക്ഷിതാക്കളെ കുറിച്ചുള്ളതാണ് .
സാർഗാത്മക വിദ്യാലയത്തിൽ രക്ഷിതാക്കൾ എന്തൊക്കെ ചെയ്യണം ? എങ്ങനെ ഉയരണം ? അദ്ദേഹം രക്ഷിതാക്കളെ ഓര്‍മിപ്പിക്കുന്നു .
 വീടിനെ ജനാധിപത്യവൽക്കരിക്കൽ
 പരസ്പര ബഹുമാനത്തോടെ മറ്റുള്ളവരെ കാണുവാനുള്ള ശേഷി വളർത്തൽ
 കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യാതിരിക്കൽ
 ശത്രുതയില്ലാതെ ആരോഗ്യകരമായ മത്സര ബുദ്ധി
 ഞാൻ ചെയ്തു തരാം എന്നല്ലതെ നിനക്കതിന് കഴിവുണ്ട് എന്ന് ബോധ്യമാക്കൽ
 ഞാൻ വായിച്ച ഇന്ന പുസ്തകത്തിൽ അത് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് കുട്ടിയെ വായനയിലേക്കടുപ്പിക്കൽ
 അഛനും അമ്മയും കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്ത്
 വീട്ടിലെ ജനാധിപത്യ ചർച്ചകളിൽ അവരേക്കൂടി പങ്കാളിയാക്കൽ
 ക്ലാസ് പിടിഎ കളിൽ അഛനുമമ്മയും ഒന്നിച്ചു പോകൽ
 ചർച്ചകളിൽ സജീവമായ പങ്കാളിത്തം
 സ്വന്തം കുട്ടിയുടെ പ്രശ്നങ്ങൾ മാത്രം ചർച്ചിക്കാതെ
ക്ലാസിലെ പൊതു പ്രശ്നം ചർച്ച ചെയ്യൽ
 എല്ലാ അധ്യാപകരുമായും സൗഹൃദം സ്ഥാപിക്കൽ
 അരുതുകൾ കൊണ്ടുണ്ടാക്കുന്ന മതിൽക്കെട്ടിനെ തകർക്കൽ
 തെറ്റു തിരുത്താൻ ശരിയെന്തെന്ന് പറഞ്ഞു കൊടുക്കൽ
 കുട്ടികളല്ല മുതിർന്നവരാണെന്ന ബോധത്തോടെ പെരുമാറാൻ തയ്യാറാകൽ
 വീട്ടിലെ ചർച്ചകളിൽ ക്രിയാത്മക ചിന്തകൾക്ക് സ്ഥാനം ഉറപ്പാക്കൽ
 കുട്ടിയുടെ കൂട്ടുകാരെയും അവരുടെ വീട്ടുകാരെയും സുഹൃത്തുക്കളാക്കൽ
 സംശയവുമായി വരുന്ന കുട്ടിയെ നിരാശപ്പെടുത്താതിരിക്കൽ …
 എല്ലാത്തിലുമുപരിയായി സ്വയം മാതൃകയാകൽ
ഇങ്ങനെ രക്ഷിതാക്കളോട് ഉപദേശിച്ചാല്‍ മാത്രം പോരാ അധ്യാപകരും ഇതൊക്കെ പാലിക്കണം.  അധ്യാപക പക്ഷത്ത് നിന്നും ഈ പ്രസ്താവനകളെ മാറ്റി എഴുതിയാലോ ?

Wednesday, May 16, 2012

സര്‍ഗാത്മക വിദ്യാലയം-2 (തുടര്‍ച്ച )

(സര്‍ഗാത്മക വിദ്യാലയം-1 വായിക്കുവാന്‍ ക്ലിക്ക് ചെയ്യുക )
സര്‍ഗാത്മക  വിദ്യാലയം ലക്ഷ്യമിടുന്ന  അധ്യാപകര്‍ മനസ്സില്‍ എഴുതേണ്ട ചില കാര്യങ്ങള്‍ ഉണ്ട് .അവ എന്തെന്ന് നോക്കാം.
എനിക്കും എന്റെ വിദ്യാര്തികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സര്‍ഗാത്മക ചിന്താ നൈപുണികള്‍ ഇനിയും വികസിപ്പിക്കെണ്ടാതുണ്ട് എന്ന് അടിവര ഇടണം 
എന്തെല്ലാമാണ് പരിഗണിക്കേണ്ടത് 
  • പുതിയ ആശയങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവ് 
  • നിലവിലുള്ള ആശയങ്ങളെ വിപുലപ്പെടുത്താനുള്ള ശേഷി 
  • പരികല്പനകള്‍ രൂപീകരിച്ചു  പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവ് 
  • ഭാവനയില്‍ കാണാന്‍ കഴിയുക 
  • ബദലുകള്‍ അന്വേഷിക്കാനുള്ള സന്നദ്ധത 
  • വേറിട്ട്‌ കാണാനുള്ള ശ്രമം 
  • ഇതു കാര്യത്തിലും നൂതനത്വം വരുത്താനുള്ള ഇടപെടല്‍ ചിന്ത 
ഇവയൊക്കെ ആയാല്‍ സ്വാഭാവികമായും നിങ്ങളും നിങ്ങളുടെ വിദ്യാലയവും സര്‍ഗാത്മകം ആകും 
അധ്യാപകര്‍ പഠിതാക്കളും അന്വേഷകരും ആകണം 
സൂക്ഷ്മ നിരീക്ഷണ വൈഭവം ആര്‍ജിക്കണം 
  • നിങ്ങളുടെ സ്കൂളില്‍ കുട്ടികള്‍ക്ക് സ്വയം പഠന പ്രവര്‍ത്തനം തെരഞ്ഞെടുക്കാന്‍ അവകാശം ഉണ്ടോ ?
  • പ്രോജക്റ്റ് രീതിയില്‍ എല്ലാ പ്രവര്‍ത്തനങ്ങളെയും കാണാന്‍ കഴിയുമോ ?
  • തുറന്ന ചോദ്യങ്ങളുടെ ഒരു പൂമഴ ക്ലാസില്‍ പെയ്യിക്കുമോ?
  • സംവാദ സദസ്സുകള്‍ ഒരുക്കുമോ ?
 സര്ഗാതമക വിദ്യാലയത്തില്‍ അധ്യാപകര്‍ 
  • കുട്ടികളുമായി ആരോഗ്യകരമായ ചെങ്ങത്തം ഉണ്ടാക്കും 
  • വീട് പോലെ വിദ്യാലയവും എന്ന സമീപനം 
  • യാഥാസ്ഥിതിക അധ്യാപന ചിന്തകളില്‍ കുടുങ്ങിക്കിടക്കില്ല 
  • തടസ്സങ്ങളെ തകര്‍ക്കലാണ് സര്‍ഗാത്മകം എന്ന് വിശ്വസിക്കും 
  • വെല്ലുവിളി എറ്റെടുക്കലാണ് സുരക്ഷിതത്വത്തിന്റെ ആമത്തോടിനുള്ളില്‍ കഴിയുന്നതിനേക്കാള്‍ കേമം എന്ന് കരുതും 
  • വിമര്‍ശനാവബോധത്തെ പണയം വെക്കില്ല 
  • അത് കുട്ടികളുടെയും അവകാശവും ആണെന്ന് ബോധ്യപ്പെടുത്തും 
  • സജീവ പഠനം എന്നതിന് നിരവധി തെളിവുകള്‍ രോപ്പപ്പെടുത്തും 
  • പരാതിയും പരിഭവവും ആക്ഷേപവും കൊണ്ട് നേരം കളയില്ല .
  • കുട്ടികളും അധ്യാപരും പരസ്പരം ബഹുമാനിതരാകുന്ന മുഹൂതങ്ങള്‍ കാംക്ഷിക്കും 
തുടരും 

Tuesday, May 15, 2012

സര്‍ഗാത്മക വിദ്യാലയം


സര്‍ഗാത്മക വിദ്യാലയം അല്ലെങ്കില്‍ വിദ്യാലയ സര്‍ഗാത്മകത എന്ന്നു പറയാവുന്ന ഒരു വാക്ക് നാം ചര്‍ച്ച ചെയ്യേണ്ടതുണ്ടോ ? ഉണ്ടെന്നാണ് എന്റെ പക്ഷം .
ഹൃദയമുള്ള  വിദ്യാലയങ്ങള്‍ക്കു മാത്രമേ സര്‍ഗാത്മകം ആകാന്‍ കഴിയൂ .സ്വപ്നം കാണാന്‍ കഴിയൂ . അക്കാദമികമായ ഋതു ഭേദങ്ങളെ വരവേല്‍ക്കാന്‍ കഴിയൂ .സ്കൂള്‍  ഹൃദയത്തിന്റെ സ്തംഭനാവസ്ഥ അത്യാഹിതാനുഭവം ആണ്. (അപ്പോള്‍ ഓര്‍മകളുടെ ഒരു വിലാപം സ്ട്രെച്ചറില്‍ കിടത്തിയെക്കാം .)
എവിടെ പ്രചോദനത്തിന്റെ ഉയര്‍ന്ന വിതാനം ഉണ്ടോ ആ സ്കൂള്‍ സര്ഗാതമാകം ആണ്. നിത്യവും പ്രചോദനത്തിന്റെ ഇളം കിരണങ്ങള്‍ ഓരോ ക്ലാസിനെയും ഉണര്‍ത്താന്‍ ഉണ്ടാകും. ഉദയത്തിന്റെ സൌഗന്ധികം   ആസ്വദിക്കണമെങ്കില്‍ അധ്യാപകര്‍  ഓരോ ദിനവും പുതിയ അധ്യാപകരായി പിറക്കണം. ഓരോ ദിനവും ഓരോ ജന്മം പോലെ .കുട്ടികള്‍ വൈവിധ്യങ്ങളുടെ തീവ്രമായ അനുഭവം കൊണ്ടാടണം 
ഇന്നത്തെ പോലെ അല്ല നാളെ . പുതിയ സാധ്യതയും മാതൃകയും ഉരുത്തിരിഞ്ഞു വരും.
ഒരു ദിവസം കുട്ടികള്‍ സ്കൂള്‍ അസംബ്ലിയില്‍ അധ്യാപകരുടെ ഹാജര്‍ വിളിക്കുന്നു . ഞങ്ങളുടെ എല്ലാമായ പ്രിയപ്പെട്ട അധ്യാപകര്‍ എല്ലാവരും എത്തിയോ എന്ന് അറിയാന്‍.വൈകിപ്പോയ ഒരു അധ്യാപികയ്ക്ക് വിശദീകരിക്കാന്‍ ഉണ്ടാകും ഒരു കഥ . വന്ന വഴിക്ക് ടയര്‍ പഞ്ചറായി ബസ് വഴിയില്‍ കിടന്നത്. വായു നിറച്ച ടയറിന്റെ ഒരു പഴുതില്‍ കൂടി വായു പുറത്തേക്ക് പ്രവഹിക്കാന്‍ കാരണം എന്താണ് ? അതിന്റെ ശാസ്ത്രം ആര്‍ക്കു പറയാം ? ടീച്ചര്‍ സ്വാനുഭവത്തെ ഒരു പഠന പ്രശ്നമാക്കി അവതരിപ്പിച്ചപ്പോള്‍ ആ അസംബ്ലി വീണ്ടും സര്ഗാതമാകം ആയി .ഓരോ ദിനവും നവ്യാനുഭവം പകരുന്ന തുടക്കം എന്ന നിലയില്‍ പ്രഭാത കൂട്ടായ്മ മാറുമോ? 
സ്കൂളില്‍ ഒരു ശാസ്ത്ര പരിസ്ഥിതി മാതൃകോദ്യാനം  നിര്‍മിക്കാന്‍ തീരുമാനിക്കുന്ന അധ്യാപിക  പച്ചക്കറി ത്തോട്ടവും പൂന്തോട്ടവും അല്ല നിര്‍മിക്കുന്നത് സസ്യ വൈവിധ്യത്തിന്റെ പഠനോദ്യാനം .അതിലെ എന്തെല്ലാം ഉണ്ടാകും എപ്പോഴെല്ലാം ഏതൊക്കെ ക്ലാസുകാര്‍ എങ്ങനെയെല്ലാം ഉപയോഗിക്കും എന്ന് ഒരു ദിശാപുസ്തകം കൂടി തയ്യാരാക്കുന്നതോടെ ആ സ്കൂള്‍ വേറിട്ട സ്കൂള്‍ ആയി മാറി 
ചെറിയ ഓരോ വസ്തുവിലും ചോദ്യത്തിന്റെ ഒരു തൂവല്‍ പിടിപ്പിക്കുന്ന ധ്യാപകന്‍ നിങ്ങളില്‍ ഉണ്ടോ ?
ഒരു കുട 
ക്ലാസില്‍ അത് മൂലയ്ക്ക് ഒതുങ്ങി ഇരിക്കുകയാണ്. 
എപ്പോഴാണ് എന്റെ ഹാജര്‍ വിളിക്കുക എന്നോര്‍ത്ത്. എന്നെ കണ്ടെത്തുക എന്നോര്‍ത്ത് ..
ഒരു ദിവസം ഒരു അധ്യാപിക കുടയെ റിസോഴ്സ് ആയി തിരിച്ചറിയും 
നോക്കൂ 
ഈ കുടയുടെ കമ്പികള്‍ തമ്മിലുള്ള വിരിവകലം എത്ര ഡിഗ്രിയാണ് ? ചോദ്യം ക്ലാസില്‍ അന്വേഷണത്തിന്റെ വിത്തായി. . അളന്നു നോക്കാതെ കണ്ടെത്താമോ ?
ഈ കുടയുടെ തുണിയുടെ പരപ്പളവ് എങ്ങനെ കണ്ടെത്തും?
കുടയുടെ വലിപ്പവും മനുഷ്യന്റെ ശരീരവും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ? 
ഗണിതപരമായി പറയാമോ?
കുടയുടെ നീളം ഊഹിച്ചു പറയാമോ?
മൂന്നു മടക്കു കുടയുടെ നീളം മടക്കി വെച്ചപ്പോഴും നിവര്ത്തിയപ്പോഴും എത്ര എങ്ങനെ വ്യാഖ്യാനിക്കും ?
കുട ഗണിത കേട്ടപ്പോള്‍ ശാസ്ത്രാധ്യാപിക 
കുടയുടെ ശാസ്ത്രം അന്വേഷിച്ചു .അതും ഒരു പഠനമായി 
ഇതൊക്കെ വിദ്യാലയ സര്ഗാത്മകതയില്‍ ഉള്‍പ്പെടുത്താമോ ?
(തുടരും )

Thursday, May 10, 2012

ചെമ്പകപ്പാറ സ്കൂളില്‍ ..

ഇടുക്കി ജില്ലയിലെ ചെമ്പകപ്പാറ സ്കൂളില്‍ ഞാന്‍ അവധിക്കാല ക്യാമ്പിനോട് അനുബന്ധിച്ചാണ് മേയ് 7 നു ഞാന്‍ ചെന്നത് . (തോപ്രാംകുടി, കാമാക്ഷി, പ്രകാശം, തങ്കമണി ഒക്കെ ചുറ്റുമുള്ള പ്രദേശങ്ങള്‍) പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ക്യാമ്പ് DIET ,കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പാണ്. ആ സന്ദര്‍ഭം സ്കൂളിനെ അറിയാനും ഞാന്‍ ഉപയോഗിചു . അടുത്ത വര്‍ഷത്തേക്കുള്ള ഒരുക്കത്തിലാണ് സ്കൂള്‍ .അവര്‍ എനിക്ക് ഒരു നോട്ടീസ് തന്നു .അഭിമാനം തോന്നി. മലയോര മേഖലയിലെ ഒരു പൊതു വിദ്യാലയം വാഗ്ദാനം ചെയ്യുന്ന സൌകര്യങ്ങള്‍ . നിങ്ങള്‍ ഈ ബ്രോഷര്‍ നോക്കൂ ..


സമഗ്ര വികസനത്തിനെ കാഴ്ചപ്പാടും കര്‍മ പരിപാടിയും .
അവര്‍ക്ക് പൊതു വിദ്യാലയങ്ങലോടുള്ള സമീപനവും വ്യക്തം അത് ചുവടെ
പുതു വര്ഷം ഈ സ്കൂളിനു സംതൃപ്തി നല്‍കുമെന്ന് ആശംസിക്കാം