ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, July 6, 2013

ശ്രേഷ്ഠ വിദ്യാലയം ശ്രേഷ്ഠ മലയാളം പദ്ധതി

2013 ജൂലൈ അഞ്ചിന് തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പരിപാടിയാണ് "ശ്രേഷ്ഠ വിദ്യാലയം ശ്രേഷ്ഠ മലയാളം. "
ശ്രേഷ്ഠമാണ്  മലയാളം. അതെല്ലാ കുട്ടികള്‍ക്കും കിട്ടണ്ടേ?
ക്ലാസിക്കല്‍ പദവി ലഭിച്ചാല്‍ പോര ക്ലാസിലും പദവി ലഭിക്കണം. കുട്ടികള്‍ അവരുടെ ഭാഷയില്‍ കരുത്തു നേടണം. ഈ ആഗസ്റ്റ് പതിനഞ്ചിന് ഓരോ വിദ്യാലയവും തങ്ങളുടെ പൊന്നോമനകളുടെ ഭാഷാപരമായ ശ്രേഷ്ഠതയുടെ തെളിവുകള്‍ പങ്കിടും. 
എന്താണ് ഇപ്പോഴത്തെ പ്രശ്നം?

  • ക്വാളിറ്റി ട്രാക്കിംഗ്(ടേം പരീക്ഷയുടെ ഫലവിശകലനം) നടത്തിയപ്പോള്‍ പ്രൈമറി തലത്തില്‍ ഭാഷാപരമായ വളര്‍ച്ച (സിലബസ് പ്രകാരം എല്ലാ കുട്ടികളും വേണ്ടത്ര മികച്ച നിലവാരം) നേടുന്നില്ലെന്ന് ഡയറ്റ് കണ്ടെത്തി ( കുട്ടികളുടെ ഉത്തരക്കടലാസുകള്‍ നേരിട്ടു ഫാക്കല്റ്റിയംഗങ്ങള്‍‌‍ പരിശോധിച്ചു )
  • ഭാഷാപഠനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഡയറ്റ് ക്രിയാഗവേഷണം ഏറ്റെടുത്തു.
  • ക്രിയാഗവേഷണഫലം സൂചിപ്പിക്കുന്നത് ആസൂത്രിതമായ പ്രവര്‍ത്തനപദ്ധതിയുണ്ടെങ്കില്‍ നിലവാരം ഉയര്‍ത്താനാകുമെന്നാണ്.(  ഈ കണ്ടെത്തല്‍ എല്ലാ വിദ്യാലയങ്ങളിലേയും അധ്യാപകരുമായി പങ്കുവെച്ചാല്‍ മാത്രമേ ക്വാളിറ്റി ട്രാക്കിംഗിലൂടെ കണ്ടെത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ .)
  • വിദ്യാലയങ്ങളില്‍ ഈ വര്‍ഷം അക്കാദമിക സന്ദര്‍ശനം നടത്തിയപ്പോള്‍ കണ്ടെത്തിയത്.
    • പല വിദ്യാലയങ്ങളും ഭാഷാധ്യയന പ്രക്രിയ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നു മനസിലായി.
    • പങ്കാളിത്തം, പരിഗണന, പ്രക്രിയാപരമായ സൂക്ഷ്മത ഇവ എങ്ങനെ പാലിക്കണമെന്നതില്‍ ഇനിയും വ്യക്തത കൈവരിക്കേണ്ടതുണ്ട്.
    • പരിഹാരബോധനം എന്നാല്‍ പഴയരീതിയില്‍ പഠിപ്പിക്കലാണെന്ന് കരുതുന്നവരും ഉണ്ട്. എന്നാല്‍ അവര്‍ക്ക് നേട്ടം ഉണ്ടാകുന്നുമില്ല.
    • കൃത്യമായ അക്കാദമിക ലക്ഷ്യം തീരുമാനിച്ചു പ്രവര്‍ത്തിക്കുന്ന എസ് ആര്‍ ജികള്‍(School resource group) ചുരുക്കമാണ്.
  • ടീം വര്‍ക്ക്, ഓരോ വിദ്യാര്‍ഥിയുടെയും കഴിവുയര്‍ത്താനുളള അവസരസൃഷ്ടി, സമൂഹ പങ്കാളിത്തം ഇവയുളള വിദ്യാലയങ്ങളില്‍ മികച്ച ഫലം കിട്ടുന്നുണ്ടെന്നു കണ്ടെത്തി.
  • സന്ദര്‍ശനവേളയില്‍ ഫാക്കല്റ്റിയംഗങ്ങള്‍ നടത്തിയ ട്രൈ ഔട്ട് കൂടുതല്‍ വ്യക്തത നലാ‍കി.
ക്വാളിറ്റി ട്രാക്കിംഗ് , ക്രിയാഗവേഷണം, അക്കാദമിക സന്ദര്‍ശനം എന്നിവ നല്‍കിയ തിരിച്ചറിവുകളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി രൂപം കൊണ്ടത്.
അറുപത്തിമൂന്ന് വിദ്യാലയങ്ങളിലെ നാലാം ക്ലാസിലെ അധ്യാപകരുടെ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
അവിടെ പ്രധാനമായും നടന്നത് ഇവയാണ്
  1. പ്രദര്‍ശനം ( ക്രിയാഗവേഷണം നടത്തിയതിന്റെ ഫലമായി വിദ്യാലയത്തിലെ കുട്ടികള്‍ക്കുണ്ടായ ഭാഷാപരമായ വളര്‍ച വ്യക്തമാക്കുന്ന തെളിവുകള്‍ )
  2. അനുഭവം പങ്കിടല്‍ ( ഇഞ്ചിയാനി സ്കൂളിലെ ഷാജിമോന്‍ തന്റെ വിദ്യാലയത്തില്‍ നടത്തിയ ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കി)
  3. സിലബസ് പരിചയപ്പെടല്‍ (എസ് സി ഇ ആര്‍ ടി തയ്യാറാക്കിയ സിലബസില്‍ അധ്യാപകസഹായിയേക്കാള്‍ കൃത്യമായി ഓരോ ക്ലാസിലും കുട്ടി രൂപീകരിക്കേണ്ട ഭാഷാപരമായ ആശയങ്ങള്‍ സൂചിപ്പിക്കുന്നു. ബഹുഭൂരിപക്ഷം അധ്യാപകരും ഇതു കണ്ടിട്ടില്ല.  ക്ലാസ് പഠനലക്ഷ്യം തീരുമാനിക്കുന്നതിന് സിലബസ് ആധാരമാക്കണം. എല്ലാവര്‍ക്കും നാലാം ക്ലാസിലെ സിലബസ് നല്‍കിയാണ് പരിചയപ്പെടുത്തിയത് )
  4. ക്വാളിറ്റി ട്രാക്കിംഗ് പഠനറിപ്പോറ്‍ട്ട് വിശകലനം. കുട്ടികളുടെ ഉത്തരങ്ങളും സിലബസും തമ്മില്‍ പൊരുത്തപ്പെടുത്താനവസരം നല്‍കി. എ ഗ്രേഡിലുളള പല കുട്ടികളും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞു. നിലാവരഘടകങ്ങള്‍ ക്ലാസിലെ പ്രവര്‍ത്തനങ്ങളില്‍ വഴികാട്ടുന്ന പ്രക്രിയ ചര്‍ച്ച ചെയ്തു.
  5. വിദ്യാലയങ്ങളില്‍ നടത്തിയ അക്കാദമിക സന്ദര്‍ശനാനുഭവങ്ങള്‍ പങ്കിട്ടു.അത് വിദ്യാലയത്തിന്റെ പേരു  സൂചിപ്പിക്കാതെ പ്രക്രിയാ വിശദാംശങ്ങളോടെയായിരുന്നു ( അതു ചുവടെ നല്‍കുന്നു)
  6. സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലെ തനിമയാര്‍ന്ന ഭാഷാ പ്രവര്‍ത്തനങ്ങളുടെ കുറിപ്പു് നല്‍കി പരിചയപ്പെടുത്തി ( നാലിലാംകണ്ടം സ്കൂള്‍ കാസര്‍ഗോഡ്, ബമ്മണ്ണൂര്‍  സ്കൂള്‍  പാലക്കാട്, വളയം ചിറങ്ങര  സ്കൂള്‍  എറണാകുളം, കൊടിയത്തൂര്‍   സ്കൂള്‍ കോഴിക്കോട്, ഇഞ്ചിയാനി ഇടുക്കി - )
  7. എല്ലാ കുട്ടികളും ഭാഷാമികവിന്റെ പാതയിലെത്തുന്ന ക്ലാസ് റൂം പ്രക്രിയ ചര്‍ച്ച ചെയ്തു.(ഹൃദയത്തിലെ പൂന്തോപ്പ് എന്ന പാഠം ഉപയോഗിച്ചു. കഴിഞ്ഞ പാഠം. അവര്‍ ചെയ്തതും ചെയ്യേണ്ടിയിരുന്നതും താരതമ്യം ചെയ്യാന്‍  സഹായകമായി.)
  8. ഇതിന്റെ വെളിച്ചത്തില്  പ്രവര്‍ത്തനപരിപാടി രൂപീകരിക്കുന്നതിന് പഞ്ചായത്തടിസ്ഥാനത്തില്‍ അധ്യാപകര്‍ യോഗം ചേര്‍ന്നു.
  9. രാവിലത്തെ ഉദ്ഘാടനസമ്മേളനം പ്രചോദനാത്മകം ആയിരുന്നു .ഡിഡിഇ ശ്രീമതി അനിലാജോര്‍ജ് തന്റെ സ്കൂള്‍ പഠനകാലത്തെ വായനാനുഭവം പങ്കിട്ടു.ഡ്രാക്കുള വായിച്ചൊരു കട്ടിലില്‍ പേടിച്ചു കെട്ടിപ്പിടിച്ചു കിടന്ന സഹോദരിമാര്‍ ഭാഷയുടെ കരുത്തറിഞ്ഞ ആദ്യകാല വായന മുതല്‍ ..  കലാലയത്തില്‍ വെച്ച് ഗുരുക്കന്മാരായ വിനയചന്ദ്രനും വി പി ശിവകുമാറുമൊക്കെ ഭാഷയുടെ മഹാലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോയ അനുഭവങ്ങളും അസ്വാദ്യകരമായി. മാതൃഭൂമി വാരികയിലെ വിഭവങ്ങളിലൂടെ ഓര്‍മകള്‍ കടന്നു പോയി. ഭാഷയെ സ്നേഹിക്കുന്ന കുട്ടികളെയാണ് വേണ്ടത്. അതിനായി അവര്‍ക്കു ലഭിക്കുന്ന അവസരങ്ങളുടെ ശ്രേഷ്ഠത പ്രധാനമാണെന്നു ടീച്ചര്‍ പറഞ്ഞു. ശ്രേഷ്ഠത എന്ന വാക്ക് ഉയരത്തിലുളള പദമാണ്. മികവ് എന്ന വാക്ക് അതിനു താഴെയേ വരൂ. ഒരു വാക്കു നാം എടുക്കുകയാണ് അതുവഴി ഒരു ഉത്തരവാദിത്വവും. ഉദ്ഘാടനപ്രസംഗം ശില്പശാലയുടെ ഗംഭീരമായ മനോഭാവനിര്‍മിതിയാക്കി മാറ്റാന്‍ കഴിഞ്ഞു. ഡി പി ഒ ഷാജി അക്കാദമിക മികവിന്റെ മാതൃകയും വ്യാപനവും ഭാഷാസമീപനവും വ്യക്തമാക്കി. ഉപജില്ലാ  ഓഫീസറും ഡയറ്റ് പ്രിന്‍സിപ്പാളും പൂര്‍ണസമയം ശില്പശാലയില്‍ പങ്കെടുത്തതും ശ്രദ്ധേയമായി. 
വിദ്യാലയത്തില്‍ നടത്തിയ അക്കാദമിക സന്ദര്‍ശന വേളയിലെ ട്രൈ  ഔട്ടിന്റെ റിപ്പോര്‍ട്ട്  ചര്‍ച്ചാക്കുറിപ്പായി നല്‍കി .അതു ചുവടെ
ഈ കുട്ടികള്‍ ഇനിയും വളരേണ്ടേ?
നാലാം ക്ലാസില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന രണ്ടു കുട്ടികള്‍. ഞാന്‍ ആ കുട്ടികളെ നോക്കി. നല്ല പ്രസരിപ്പ്.തലമുടി രണ്ടായി പിന്നിയിട്ട ആ പെണ്‍കുട്ടി എന്നെ നോക്കി.മന്ദഹാസത്തിന്റെ ഒരു പൂവ് വിരിയാന്‍ പോകുന്നപോലെ ആ മുഖം. എന്താ ഈ കുട്ടികളുടെ പ്രശ്നം ? മറ്റുളളവരുടെ ബുക്കുകള്‍ നോക്കി. ഭാഷയുടെ ബുക്ക്. അതില്‍ സമാനമായ എഴുത്ത്. അതെന്താ അങ്ങനെ? അധ്യാപിക പറഞ്ഞു "കുട്ടികള്‍ കുറവായതിനാല്‍ ഗ്രൂപ്പായാണ് എഴുതുന്നത്. പിന്നെ ടീച്ചേഴ്സ് വേര്‍ഷന്‍ നല്കും .അതു പകര്‍ത്തും.അതാണിങ്ങനെ ഒരേ പോലെ". മഴയെ പ്രതിപാദിക്കുന്ന പാഠമായിരുന്നതിനാല്‍ മഴക്കാലം മനസില്‍ വന്നു. ബോര്‍ഡില്‍ ഞാന്‍ ചിത്രം വരച്ചു. കട്ടികള്‍ക്കിഷ്ടമായി.കാരണം അവരു വരയ്ക്കുന്നതിനേക്കാള് ചന്തം കുറവ്. എങ്കിലും കുട്ടിത്തം ഉണ്ട്.(ചിത്രം കാണാന്‍ അടുത്ത ക്ലാസിലെ കുട്ടികള്‍ വന്നു. ).

ചിത്രത്തെക്കുറിച്ചുളള ചര്‍ച്ചയായി. എന്താണ് കാണുന്നത്? ആരാണിത്? എവിടെപ്പോകുമ്പോഴായിരിക്കാം ഇങ്ങനെ സംഭവിച്ചത്? അവര്‍ അവന് അപ്പു എന്നു പേരിട്ടു.
ഞാന്‍ ബോര്‍ഡില്‍ എഴുതി. ( കുറുവാക്യങ്ങളിലാണ് സാധാരണ ഞാന്‍ കുട്ടികളുടെ മുമ്പില്‍ എഴുതാറുളളത്)
അപ്പു കുട എടുത്തു
വീട്ടില്‍ നിന്നും ഇറങ്ങി
കാറ്റ് വന്നു
വലിയ കാറ്റ്
.........
പിന്നെ എന്താവും സംഭവിച്ചിട്ടുണ്ടാവുക? അപ്പുവിന്റെ വീട്ടുകാരും കൂട്ടുകാരും വിഷമിക്കുമോ? ആലോചിച്ചേ? കഥയുടെ ബാക്കി എഴുതുന്നതിനു മുമ്പ് ഈ ചിത്രം കൂടി വരയ്ക്കണം. കുട്ടികള്‍ ഇളകി. ചിത്രം വര തുടങ്ങി. ഞാന്‍ മുടി രണ്ടായി പിന്നിയിട്ട, പ്രത്യേകപരിഗണന അര്‍ഹിക്കുന്ന ആ പെണ്‍കുട്ടിയെ ശ്രദ്ധിച്ചു. അവള്‍ ആദ്യം കുടയാണ് വരച്ചത്. വളരെ കരുതലോടെ വര വളഞ്ഞു വരുന്നതും കുടയാകുന്നതും ആ കുടയുടെ അരികില്‍ ഞാന്‍ വരയ്കാത്ത ഡിസൈന്‍ രൂപപ്പെടുന്നതും കുടയ്ക്ക് തൊങ്ങലുണ്ടാകുന്നതും എന്നെ അതിശയിപ്പിച്ചു. വരയില്‍ ഇവളാണ് താരം. മറ്റു കൂട്ടികളോടും പറഞ്ഞു നിങ്ങള്‍ക്കിഷ്ടമുളളതൊക്കെ കൂട്ടിച്ചേര്‍ക്കാം.. വരയില്‍ ആശയങ്ങള് കൂടി.പ്രത്യേകപരിഗണന അര്‍ഹിക്കുന്നുവെന്നു പറയുന്ന രണ്ടാമത്തെക്കുട്ടിയും വരയിലാണ്. എല്ലാവരും വരയ്ക്കലില്‍ മുഴുകി.
ചിത്രങ്ങള്‍ ആശയാവിഷ്കാരമാണ്. ചിലപ്പോള്‍ കഥ വികസിപ്പിക്കുന്നതിന് കൂടുതല്‍ സൂചനകള്‍ ചിത്രങ്ങള്‍ നല്കിയാലോ? അവ പങ്കിടാന്‍ തീരുമാനിച്ചു. എങ്ങനെ പങ്കിടും.? . ഒരാളുടെ ചിത്രം ആദ്യം എടുക്കാം. ഈ പെണ്‍കുട്ടിയുടേതു തന്നെയാകട്ടെ. ഞാന്‍ ആ ചിത്രം മറച്ചുവെച്ച് പറഞ്ഞു നിങ്ങള്‍ വരയ്ക്കാത്ത രീതിയിലാണ് ഈ മോള്‍ കുട വരച്ചത്. എന്തായിരിക്കും ആ പ്രത്യേകത? ഊഹിക്കാമോ? വലിയ കുട. തിളങ്ങുന്ന കുട എന്നൊക്കെ പ്രതികരണങ്ങള്‍. ഞാന്‍ ആ കുട കാണിച്ചു. അതിന്റെ അരികുകളുടെ ചന്തം. എല്ലാവരും കൈയടിച്ചു. അവളില്‍ സന്തോഷം തുളുമ്പി. ഇങ്ങനെ എല്ലാവരുടേയും ചിത്രങ്ങള്‍ ജിജ്ഞാസയുണര്‍ത്തി പരിചയപ്പെടുത്തി അംഗീകരിച്ചു. എല്ലാവര്‍ക്കും സന്തോഷം. ( ഭാഷാ ബുക്കില്‍ ചിത്ര സഹിതമുളള വ്യവഹാരരൂപങ്ങളായിക്കൂടേ? ചിത്രകലയും ഭാഷയും സമന്വയിപ്പിക്കാം. നാം വായിക്കുന്ന വാരിക നോക്കൂ ,പാഠപുസ്തകം നോക്കൂ ,ചിത്രീകരണമില്ലേ‍? ആത് ആശയവിനിമയത്തെ മെച്ചപ്പെടുത്തും. കുട്ടികളുടെ ആശയാവിഷ്കാരത്തില്‍ മാത്രം ചിത്രീകരണം പാടില്ലെന്നാരാണ് വിധിച്ചത്?സാധ്യത എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യണം.അതിനുമുമ്പ് പ്രയോഗിക്കുമല്ലോ.)കുട്ടിക്ക് തത്സമയം കിട്ടുന്ന അംഗീകാരത്തിന്റെ അവസരങ്ങളിലാണ് അധ്യയനമാധുര്യം എന്നറിയുമോ?
കുട്ടികള്‍ എഴുതാന്‍ തുടങ്ങി.
എല്ലാവരും ഞാനെഴുതിയ തുടക്കമെഴുതണമെന്നു നിര്‍ദ്ദേശിച്ചു. ഈ കുട്ടികളുടെ ബുക്കില്‍ ആരംഭപ്രശ്നം ബാധിക്കേണ്ടെന്നു കരുതിയാണങ്ങനെ പറഞ്ഞത്.ആ രണ്ടു കുട്ടികളും രചനയിലേര്‍പ്പെട്ടു, ആ ചിത്രകാരി നല്ല രീതിയില്‍ പകര്‍ത്തുന്നു. ഞാന്‍ അടുത്തു ചെന്നു ഇവള്‍ക്ക് വായന അറിയുമോ? "ചിത്രത്തിലെ കുട്ടിയുടെ അടുത്ത് അവന്റെ പേരെഴുതാമോ? " ആദ്യം കിട്ടിയ അംഗീകാരം എന്നോടുളള ഇണക്കമായി.അവള്‍ അപ്പു എന്ന് നോക്കി എഴുതി. കുട എന്ന് കുടയുടെ അടുത്തും. എന്തോ പ്രയാസം അവള്‍ക്കുണ്ട്. ഞാന്‍ ടീച്ചറെ വിളിച്ചു. 'ദേ ഈ മോളെ ഒന്നു സഹായിക്കുമോ? അവള്‍ പറയും. അതു പോലെ ടീച്ചറെഴുതണം'. അവള്‍ കഥ പറയാന്‍ തുടങ്ങി. അത് ടീച്ചറെഴുതി.അവളുടെ ബുക്കില്‍ അവള്‍ പറയുന്ന മാതിരി. അവളുടെ കഥ ഇങ്ങനെ.

മറ്റുളളവരുടെ രചനകള്‍ കൂടി നോക്കാം (കുട്ടികള്‍ എഴുതിയതു പോലെ തെറ്റുണ്ടെങ്കിലത് ഒഴിവാക്കാതെ )
2
അപ്പു കുട എടുത്തു
വീട്ടില്‍ നിന്നും ഇറങ്ങി
കാറ്റ് വന്നു
വലിയ കാറ്റ്
കുട പറന്നു പോയി.അതിന്റെ കൂടെ അപ്പുവും പറന്നു. പോവുന്ന വഴിക്ക് അവന്‍ മരങ്ങളേയും, കായ്മരങ്ങളേയും, മേഘങ്ങളേയും, വീടുകളും, കുന്നുകളും, പക്ഷികളേയും കണ്ടു. പറന്നു പോകുന്ന വഴിക്ക് അവനോടൊരു പക്ഷി ചോദിച്ചു .നീ എങ്ങനെയാ ഇവിടെത്തിയത്
(കഞ്ഞി കുടിക്കാന്‍ സമയമായതിനാല്‍ കുട്ടി ഇത്രയുമേ എഴുതിയുളളൂ. ബാക്കി ഉച്ചയ്ക്ക് എഴുതാമെന്നു പറഞ്ഞു.)
3
അപ്പു കുട എടുത്തു
വീട്ടില്‍ നിന്നും ഇറങ്ങി
കാറ്റ് വന്നു
വലിയ കാറ്റ്
കാറ്റ് അപ്പുവിനെ പറത്തിക്കൊണ്ടു പോയി.അപ്പുവിന്റെ അമ്മ അപ്പുവിനെ വിളിച്ചു
അപ്പു വിളി കേട്ടില്ല.അപ്പുവിന്റെ അമ്മയും അച്ഛനും എല്ലാവരും അന്വേഷിക്കാന്‍ തുടങ്ങി .
അപ്പുവിനെ കണ്ടില്ല. എവിടെപോയതാണാവോ?
അവന്‍ രാവിലെ സ്കൂളില്‍ പോയിട്ട് തിരിച്ചെത്തിയില്ല. അവന്റെ അച്ഛന്‍ സ്കൂളിലും എല്ലാപടത്തും തിരക്ക്
എന്നിട്ടും അവനെ കണ്ടില്ല.അവന്റെ അമ്മയും അച്ഛനും കരഞ്ഞു
അപ്പു ചെന്നു പെട്ടത് ഒരു കുറ്റിക്കാട്ടിലാണ്. അവിടെ ആരെയും അപ്പു കണ്ടില്ല.
(ഉച്ചയ്ക്ക ശേഷം കഥയുടെ ബാക്കി എഴുതുമെന്നു പറഞ്ഞു)
4
അപ്പു കുട എടുത്തു
വീട്ടില്‍ നിന്നും ഇറങ്ങി
കാറ്റ് വന്നു
വലിയ കാറ്റ്
അപ്പുവിനു പേടിയായി.അവന്‍ ഓടി സ്കൂളിലെത്തി.കൂട്ടുകാര്‍ അവനെ ആശ്വസിപ്പിച്ചു.അവനു സന്തോഷമായി.
വൈകുന്നേരം ആയി.സ്കൂള്‍ വിട്ടു.പിന്നെയും കാറ്റ് വന്നു
വലിയ കാറ്റ്.
കാറ്റ് കുടയേയും അവനേയും പറത്തിക്കൊണ്ടു പോയി. അപ്പോള്‍ അവന്റെ ചേച്ചി കണ്ടു.
ചോച്ചി വിളിച്ചുകൂവി.അപ്പോള്‍ അവന്‍ കൂട്ടുകാരന്‍ മുത്തച്ഛന്‍ മാവിനെ കണ്ടു.
മുത്തച്ഛന്റെ കൊമ്പില്‍ തൂങ്ങിക്കിടന്നു. അപ്പോള്‍ അതുവഴി കിട്ടു ആന പറ
കിട്ടുവാനോ താഴേക്ക് ഇറക്കൂ.ശരി. അവന്റെ തുമ്പിക്കൈകൊണ്ട് അപ്പുവിനെ ചുറ്റി.അപ്പുവിന് സന്തോഷമായി.
അവന്‍ കിട്ടുവിനോട് നന്ദി പറഞ്ഞിട്ട് വീട്ടിലേക്കോടി.

  • ഈ കുട്ടികളുടെ രചനകള്‍ മെച്ചപ്പെടുത്താനെന്താണ് തന്ത്രം?ഏതിലൊക്കെ വളര്‍ച്ച ആവശ്യമുണ്ട്?
  • "കുട്ടികള്‍ കുറവായതിനാല്‍ ഗ്രൂപ്പായാണ് എഴുതുന്നത്പിന്നെ ടീച്ചേഴ്സ് വേര്‍ഷന്‍ നല്കും .അതു പകര്‍ത്തും.അതാണിങ്ങനെ ഒരേ പോലെ" മുകളിലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ നിരീക്ഷണത്തോട് നിങ്ങളുടെ പ്രതികരണം?




7 comments:

പ്രേമന്‍ മാഷ്‌ said...

മാതൃകാപരമായ പ്രവര്‍ത്തനമാണ് തൊടുപുഴ ഡയറ്റ്‌ നടത്തിയത്. പരിമിതികള്‍ തിരിച്ചറിയാനുതകുന്ന കൃത്യമായ ക്രിയാ ഗവേഷണം, ലക്ഷ്യബോധമുള്ള ട്രൈഔട്ടുകള്‍, കൃത്യമായ പഠന പ്രക്രിയ.. ഡയറ്റ്‌ ഫാക്കല്‍ട്ടികളെ അഭിനന്ദിക്കുന്നു. ഇത്തരം ഇടപെടലുകള്‍ എന്തൊകൊണ്ട് മറ്റിടങ്ങളില്‍ ഉണ്ടാവുന്നില്ല... ഇത്തരം കാര്യങ്ങള്‍ പങ്കുവേക്കപ്പെടുന്നില്ലേ...

Unknown said...

velivilakkukalethumillatha vedikalethennu thedunna velipookkale kaanaan teachertriningum incrementum maathram pora..bhaavanayum venam.. bhaavanayulla manasinu snehathinte mukhamaanu..dietinte pravarthanangalk abhinandhanagal.

joshytk said...

ഹൈസ്കൂള്‍ തലത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ എങ്ങളെ നടത്താനാവുമെന്ന ഒരു പരീക്ഷണം ഞങ്ങളും തുടങ്ങിയിട്ടുണ്ട്.

എഡിറ്റർ said...

സാർ, ഞങ്ങൾ ഭാഷയിൽ പിന്നോക്കം നിൽക്കുന്നവർക്കായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു.എഴുത്ത് വായന എന്നിവയിൽ പിന്നോക്കക്കാരെ മറ്റുള്ളവരുടെ ഒപ്പമെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങളുടെത് യു പി സ്കൂൾ ആണ്..ശനിയാഴ്ചകളിൽ ഒത്തുചേരാനാണ് തീരുമാനം..ഇതിനാവശ്യമായ എന്തെങ്കിലും മാർഗ്ഗരേഖകൾ ലഭ്യമാണോ ( ഹാൻഡ്ബുക്ക് സോഴ്സ്ബുക്ക് തുടങ്ങിയ എന്തെങ്കിലും) ഉണ്ടെങ്കിൽ അറിയിച്ചാൽ ഉപകാരമായിരുന്നു..

Unknown said...

കലാധരൻസാർ... അഭിനന്ദനാർഹമായ ഒരു ലേഖനം തന്നെ.....

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയെങ്കിലും,നമ്മുടെ കുട്ടികളുടെ മലയാളത്തിലുള്ള നിലവാരം വളരെ താഴ്ന്നുനിൽക്കുന്നുവെന്ന് പറയാതെ വയ്യ.. ടെലിവിഷന്റെയും, ഇന്റർനെറ്റിന്റെയുമൊക്കെ അമിതമായ ഉപയോഗം മൂലം വായന ഇല്ലാതാകുന്നത് അതിനൊരു കാരണം കൂടിയാണ്... വായനാശീലം വളരുമ്പോൾ പുതിയ ഭാവനകൾ നമ്മുടെ കുട്ടികളുടെ മനസ്സിൽ സ്വയമേ രൂപം കൊള്ളും....സാറിന്റെ ഈ പ്രവർത്തനങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിയ്ക്കുന്നു..

ഇത്തരത്തിലൂള്ള പ്രവർത്തനങ്ങൾ മറ്റു സ്കൂളുകളും, അദ്ധ്യാപകരും പിൻതുടരുവാൻ ആരംഭിച്ചാൽ നമ്മൂടെ കുട്ടികളുടെ നിലവാരത്തിൽ വളരെയേറെ മാറ്റമുണ്ടാകും എന്നതിൽ സംശയമില്ല..അതിനാൽ തുടർന്നും പങ്കുവയ്ക്കുക ഇത്തരം പ്രവർത്തനങ്ങൾ... നല്ല മലയാളം സംസാരിയ്ക്കുന്ന ഒരു നല്ല തലമുറയെ സ്വപ്നം കണ്ട് നമുക്ക്, മുൻപോട്ടുനീങ്ങാം....

Muralee Mukundan , ബിലാത്തിപട്ടണം said...

ശ്രേഷ്ഠമായ ഇത്തരം
നല്ല കാര്യങ്ങൾ ചൊല്ലിയാടുന്നതിന്
കലാധരന് ഒരു ബിഗ് ഹാറ്റ്സ് ഓഫ്
കേട്ടൊ ഭായ്.
അഭിനന്ദനങ്ങൾ...!

upkaram said...

സര്‍ ഒന്നാം ക്ലാസിന്റെ സ്റ്റേറ്റ് മൊഡ്യൂള്‍ ഈ മെയിലില്‍ അയച്ചു തരുമോ?
sajikumargopalan1963@gmail.com