ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, July 4, 2019

ചെറുക്ലാസുകളില്‍ സംസ്കൃതവും ഹിന്ദിയും പഠിക്കണോ? ( ദേശീയ വിദ്യാഭ്യാസ നയരേഖാ ചര്‍ച്ച 6 )


അഞ്ചുകോടി വിദ്യാര്‍ഥികള്‍ അടിസ്ഥാനഭാഷാ ശേഷി ഉറയ്കാത്തവരായി ഇന്ത്യയിലുണ്ടെന്നു
വിലപിക്കുന്ന ദേശീയവിദ്യാഭ്യാസ രേഖ പ്രീപ്രൈമറി ഘട്ടം മുതല്‍ മൂന്നു ഭാഷകള്‍ പഠിപ്പിക്കണമെന്നു ആവശ്യപ്പെടുന്നു. മാതൃഭാഷ നന്നായി പഠിക്കാന്‍ പോലും കഴിയാത്തിടത്തടാണ് മൂന്നു ഭാഷകളുടെ രംഗപ്രവേശനം.
ഇതിനായി മുന്നോട്ടു വെക്കുന്ന യുക്തിയാകട്ടെ ഭാഷാര്‍ജനവുമായി ബന്ധപ്പെട്ടതും
രേഖ പറയുന്നു
രണ്ടു മുതല്‍ എട്ടുവരെ പ്രായത്തിലുളളവര്‍ക്ക് ഒന്നിലധികം ഭാഷകള്‍ പഠിക്കാനുളള സഹജമായ കഴിവുമുണ്ട് .
ശരിയാണ് കുട്ടി ഒന്നിലധികം ഭാഷ സ്വായത്തമാക്കും. അതില്‍ തര്‍ക്കമില്ല. പക്ഷേ അതിന് അനുയോജ്യമായ ഭാഷാന്തരീക്ഷം അനിവാര്യമാണ്.
കേരളത്തില്‍ ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. പക്ഷേ ചെറുപ്രായത്തിലെ പഠനംകൊണ്ട് കുട്ടികള്‍ക്കെത്രത്തോളം ആ ഭാഷയില്‍ ആശയവിനിമയ ശേഷി നേടാനായി എന്നു പരിശോധിക്കേണ്ടതുണ്ട്. സങ്കലിത രീതിയിലാണ് ചെറുക്ലാസുകളിലെ ഇംഗ്ലീഷ് ഭാഷാ പഠനം. ഇംഗ്ലീഷ് ക്ലാസുകള്‍ നയിക്കുന്നതിന് അധ്യാപകര്‍ക്കുളള ശേഷിയും പരിശോധിക്കപ്പെടണം. ഇംഗ്ലീഷില്‍ ഒഴുക്കോടെ ആശയവിനിമയം ചെയ്യാന്‍ കഴിയാത്ത അധ്യാപകര്‍ ഭാഷയല്ല പാഠപുസ്തകമാണ് പഠിപ്പിക്കുക.
രണ്ടു ഭാഷകള്‍ പഠിപ്പിക്കുന്നതിനു പുറമേ മറ്റൊരു ഭാഷ കൂടി നിര്‍ദേശിക്കുകയാണ്.
ത്രിഭാഷാസമീപനം തുടരണം എന്നാണ് രേഖ പറയുന്നത്. കേള്‍ക്കുമ്പോള്‍ നിലവിലുളളതല്ലേ തുടര്‍ന്നാലെന്താ കുഴപ്പമില്ലല്ലോ എന്ന് ആലോചിക്കും. രേഖയിലെ ഉദാഹരണം നേക്കൂ. ഹിന്ദി സംസ്ഥാനത്തെ പഠിതാക്കള്‍ സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയാണ് ത്രഭാഷാസമീപനത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കേണ്ടി വരിക.അമ്പത്തിനാല് ശതമാനം പേര്‍ ഹിന്ദി സംസാരിക്കുന്നവരാണ്. അതായത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ മൂന്നാം ഭാഷയെന്ന നിലയില്‍ സംസ്കൃതത്തെ ചെറു ക്ലാസുമുതല്‍ പഠിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഹിന്ദിഭാഷാസംസ്ഥാനങ്ങളില്‍ ഇതരപ്രദേശത്തെ ഭാഷകള്‍ കൂടി പഠിപ്പിക്കണം.ഇത് ആറു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ രണ്ടു വര്‍ഷ കോഴ്സായിരിക്കും.അതായത് ംസ്കൃതത്തിനു പുറമേ ശ്രേഷ്ഠഭാഷകളായ തെലുങ്ക്, തമിഴ്, മലയാളം,കന്നഡ, ഒഡിയ, പേര്‍ഷ്യന്‍, പ്രാകൃതം എന്നിവയും വിദ്യാലയങ്ങളില്‍ ലഭ്യമാകണം. എല്ലാ വിദ്യാലയങ്ങളിലെയും എല്ലാ കുട്ടികളും ശ്രേഷ്ഠഭാഷകള്‍ 6-8 ക്ലാസുകളില്‍ രണ്ടു വര്‍ഷം പഠിക്കണം.
ത്രിഭാഷാപഠനപദ്ധതി അയവുളളതായിരിക്കും. ആഗ്രഹിക്കുന്നവര്‍ക്ക് ഭാഷകള്‍ മാറാനുളള സ്വാതന്ത്ര്യം ഉണ്ടാകണം. കേരളത്തില്‍ അഞ്ചാം ക്ലാസ് മുതല്‍ ഹിന്ദി പഠനം ഉണ്ട്. അതാകട്ടെ പത്താം ക്ലാസ് വരെ തുടരുകയും ചെയ്യുന്നു. കേരളീയരുടെ ഹിന്ദിയിലുളള ആശയവിനിമയ ശേഷി ഉത്തരേന്ത്യന്‍ ജോലിക്കാര്‍ കേരളത്തില്‍ വന്ന പുതിയ സാഹചര്യത്തില്‍ കൃത്യമായി വെളിവായിട്ടുണ്ട്. അവരില്‍ നിന്നും ഹിന്ദി പഠിക്കുകയാണ് നാടിപ്പോള്‍. അഞ്ചുവര്‍ഷം കൊണ്ട് ഹിന്ദി പഠനത്തിന്റെ അവസ്ഥ ഇതാണ്. അപ്പോഴാണ് രണ്ടു വര്‍ഷം കൊണ്ട് ശ്രേഷ്ഠഭാഷ പഠിച്ചു പ്രാവീണ്യം നേടുമെന്നു പറയുന്നത്. സംസ്കൃതം വ്യാപകമാക്കുമ്പോള്‍ തെക്കേഇന്ത്യില്‍ നിന്നും ഉയരാനിടയുളള ആക്ഷേപത്തെ മറികടക്കാനായിരിക്കണം. രണ്ടു വര്‍ഷക്കാലം തമിഴോ കന്നഡയോ തെലുങ്കോ മലയാളമോ ഇന്ത്യയിലെ എല്ലാ കുട്ടികളും പഠിക്കാന്‍ നിര്‍ദേശിക്കുന്നത്.ഇതിനായി കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും വന്‍തോതില്‍ ഭാഷാധ്യാപകരെ സജ്ജമാക്കുകയും പരസ്പരം പ്രയോജനപ്പെടുത്തുകയും വേണമെന്ന കാര്യത്തില്‍ രേഖയ്ക് സംശയമില്ല. എല്ലാ സ്കൂള്‍ കോംപ്ലക്സുകളിലും തദ്ദേശീയഭാഷയിലല്ലാത്ത ഒരു ഭാഷാധ്യാപിക/അധ്യാപകന്‍ ഉണ്ടായിരിക്കണം. അതായത് കോപ്ലക്സ് പരിധിയിലുളള എല്ലാ വിദ്യാലയങ്ങള്‍ക്കുമായി ഒരാള്‍? പ്രായോഗികമാണോ നിര്‍ദേശം എന്നു പരിശോധിക്കണം.
കേരളത്തില്‍ ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ആയിരക്കണക്കിന് ഹിന്ദി അധ്യാപകരെ നയോഗിക്കേണ്ടിവരും. കൊച്ചു സംസ്ഥാനമാണ് കേരളം. വലിയ സംസ്ഥാനങ്ങളിലെ സ്ഥിതി ആലോചിക്കാവുന്നതേയുളളൂ. വടക്കേഇന്ത്യയിലാകെ സംസ്കൃതം നിര്‍ദേശിച്ചാല്‍ എത്ര അധ്യാപകര്‍ വേണ്ടി വരും? അത്രയും ഉണ്ടോ? ഒരു ലക്ഷത്തിലധികം സാധാരണ അധ്യാപകതസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അതാദ്യം നികത്തട്ടെ. സംഭവിക്കാന്‍ പോകുന്നത് സ്കൂല്‍ കോംപ്ലക്സുകളിലേക്ക് പുറത്തുനിന്നുളള സംസ്ക‍ൃതാചാര്യര്‍ വരും. അവരെക്കൊണ്ട് സംസ്കൃതത്തില്‍ പലതും വിനിമയം ചെയ്യും. സംസ്കൃതം പൊതുവിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും പഠനവിഷയമാകണം എന്ന് വാശി പിടിക്കുന്നതെന്തിന്? ത്രിഭാഷകളിലൊന്ന് എന്ന നിലയില്‍ ഐശ്ചികമാകണം എന്നു നിര്‍ബന്ധിക്കുന്നതാണോ ഐശ്ചികം? സംസ്കൃതപഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് രേഖ വാചാലമാകുന്നുണ്ട്. ഗണിതം, ശാസ്ത്രം, വൈദ്യം, നിയമം, സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം, സംഗീതം, ഭാഷാശാസ്ത്രം, നാടകം, വാസ്തുശില്പം തുടങ്ങിയ ജീവിതത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും വൈജ്ഞാനികരചനകള്‍ സംസ്കൃതത്തിലും പ്രാകൃതത്തിലും ലഭ്യമാണ്.
അടിസ്ഥാനഘട്ടത്തിലെയും മധ്യഘട്ടത്തിലെയുമെല്ലാം സംസ്കൃതപാഠപുസ്തകങ്ങള്‍ ലളിതനിലവാര സംസ്കൃതത്തിലുളളതായിരിക്കണം( Simple Standard Sanskrit -SSS) . സംസ്കൃതം സംസ്കൃതത്തിലൂടെ പഠിപ്പിക്കണം.Sanskrit through Sanskrit -STS) എന്നെല്ലാം പറയുമ്പോള്‍ അല്ലെങ്കില്‍ സംസ്കൃതഭാരതിയിലെ രീതി പിന്തുടരണമെന്നു പറയുമ്പോള്‍ സംസ്കൃതം അടിച്ചേല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് വ്യക്തമല്ലേ? പ്രായോഗികതലത്തില്‍ ആശയവിനിമയത്തിന് ഭാരതീയജനത ഉപയോഗിക്കാത്ത ഒരു ഭാഷ കേവലം സാഹിത്യപഠനത്തിനും റഫറന്‍സിനും മാത്രമായി എല്ലാ കുട്ടികളും വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും പഠിക്കേണ്ടതില്ല. പഴയകാല വിജ്ഞാനം അറിയാന്‍ ഇംഗ്ലീഷനു പകരം ലാറ്റിന്‍ പഠിക്കണമെന്നു പറയുന്നതുപോലെയാണത്. പരിഭാഷപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ ലഭ്യമായിരിക്കേ മൂലകൃതിയുടെ ഭാഷയില്‍ തന്നെ അക്കാലത്തെ വൈജ്ഞാനികസംഭാവനകള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിന് ഒളിപ്പിച്ചുവെച്ച അജണ്ടകള്‍ കാണാതിരിക്കില്ലേ?
കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ ത്രിഭാഷാസമീപനം എങ്ങനെയായിരിക്കണം?
തമിഴ്, കന്നഡ, തുളു തുടങ്ങിയവ മാതൃഭാഷയായിട്ടുളള കുട്ടികളുണ്ട്. അവരുടെ ഒന്നാം ഭാഷ മാതൃഭാഷതന്നെയായിരിക്കണം. പക്ഷേ രണ്ടാം ഭാഷ അവരധിവസിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയാകണം. ആ കുട്ടികള്‍ കേരളീയസമൂഹവുമായി സംവദിക്കേണ്ടവരാണ്. മൂന്നാം ഭാഷ ഇംഗ്ലീഷും. ഹിന്ദിയുടെ പരിഗണന നാലാമതേ വരാവൂ.
അറബിക്, സംസ്കൃതം എന്നിവ ചെറിയക്ലാസുമുതല്‍ പഠിക്കുന്നവര്‍ എത്രഭാഷകള്‍ പഠിക്കണം എന്നു തീരുമാനിക്കേണ്ടതുണ്ട്. നാലുഭാഷകളില്‍ കൂടുതല്‍ യു പി തലത്തില്‍ ഒരു കുട്ടിയും പഠിക്കേണ്ട കാര്യമില്ല.
പഠനമാധ്യമം
ഭാഷാര്‍ജനസിദ്ധാന്തങ്ങളും ജ്ഞാതൃപഠനങ്ങളും സൂചിപ്പിക്കുന്നത് ചെറിയ കുട്ടികള്‍ക്ക് ഏറ്റവും നല്ല പഠനമാധ്യമം അവരുടെ മാതൃഭാഷ/ ഗൃഹഭാഷയാണെന്ന് രേഖ പറയുന്നു. മറ്റു കാര്യങ്ങളിവയാണ്
  • കുട്ടികള്‍ക്ക് മനസിലാകാത്ത ഭാഷയില്‍ അവരെ പഠിപ്പിക്കുന്നത് വളരെയേറെ കുട്ടികളെ പഠനപിന്നാക്കാവസ്ഥയിലേക്ക് തളളിയിടുന്നു. ഗോത്രഭാഷയടക്കമുളള പ്രാദേശിക ഭാഷകളില്‍ പാഠപുസ്തകങ്ങള്‍ ശാസ്ത്രവിഷയങ്ങളിലടക്കം തയ്യാറാക്കണം
  • കുറഞ്ഞത് അഞ്ചാം ക്ലാസ് വരെ- കഴിയുമെങ്കില്‍ എട്ടുവരെ - പഠനമാധ്യമം മാതൃഭാഷയാകണം. സാധ്യമാകുന്നിടത്തോളം ഉയര്‍ന്ന തലങ്ങളിലും ഇത് ബാധകമാകണം. ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് പഠിക്കുന്നതിന് അവരുടേതായ വിദ്യാലയങ്ങള്‍ ഉറപ്പാക്കണം.
  • ദ്വിഭാഷാസമീപനവും ആവശ്യമായിടത്ത് ഉപയോഗിക്കണം.
ഇംഗ്ലീഷിനോടുളള സമീപനം
ഇന്ത്യയുടെ അതിസമ്പന്നമായ ഭാഷകളുടെ കരുത്ത് നിലനില്‍ക്കുമ്പോള്‍ത്തന്നെ ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസത്തോടുളള ദൗര്‍ഭാഗ്യകരമായ ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു പ്രവണത ദൃശ്യമാണ് . ഇംഗ്ലീഷിന് മറ്റു ഭാഷകളേക്കാള്‍ സവിശേഷമായ മെച്ചമില്ല. നൂറ്റാണ്ടുകളിലൂടെ തലമുറകളിലൂടെ വികാസം പ്രാപിച്ചവയാണ് ഇന്ത്യന്‍ ഭാഷകള്‍ എന്നു മാത്രമല്ല അവ ശാസ്ത്രീയവുമാണ്.അത് ഇംഗ്ലീഷിനെപ്പോലെ സങ്കീര്‍ണവുമല്ല.
സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍( South Korea, Japan, France, Germany, Holland, etc.) അവരുടെ നാടിന്റെ ഭാഷയാണ്
പഠനമാധ്യമമായും ആശയവിനിമയത്തിനും ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിനു ശേഷം സാമ്പത്തികമായി ഉയര്‍ന്ന തട്ടിലുളളവര്‍ ഇംഗ്ലീഷ് അവരുടെ ഭാഷയായി സ്വീകരിച്ചു. പതിനഞ്ചു ശതമാനം പേരു മാത്രമാണ് ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്നത്. സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയിലുളളവരുടെ ശതമാനവുമായി ഇത്ലപൊരുത്തപ്പെടും.അതേ സമയം ഇന്ത്യയിലെ 54%പേരും ഹിന്ദിയാണ് സംസാരിക്കുന്നത്. ഇംഗ്ലീഷ് പരിജ്ഞാനമുളളവരെല്ലാം വിദ്യാഭ്യാസം സിദ്ധിച്ചവരാണെന്ന ധാരണ പരത്തി. തൊഴിലിന്റെ ഭാഷയും ഇംഗ്ലീഷായി കണക്കാക്കി. ബഹുഭൂരിപക്ഷത്തേയും പാര്‍ശ്വവത്കരിക്കാനാണ് ഈ സമീപനം വഴിയൊരുക്കിയത്. ഭാഷയുടെ അധികാരഘടനയെ ചോദ്യം ചെയ്യുകയാണ് രേഖ. ഭാഷയെ സാമ്പത്തിക സാമൂഹിക സാംസ്കാരിക വിവേചനത്തിനുളള ഉപകരണമാക്കുന്ന അധീശശക്തികളെ ചെറുക്കുവാന്‍ തദ്ദേശീയ ഭാഷകളെ മുന്നില്‍ നിറുത്തേണ്ടതുണ്ട്.
ശാസ്ത്രം , ഗവേഷണം തുടങ്ങിയ മേഖലയില്‍ ഇംഗ്ലീഷ് ഭാഷയിലാണ് കണ്ടെത്തലുകള്‍ മിക്കതും. അതിനാല്‍ ഇംഗ്ലീഷിലുളള പ്രാവീണ്യം വളര്‍ത്തുകയും വേണം. തദ്ദേശീയ ഭാഷയിലെന്ന പോലെ ഇംഗ്ലീഷിലും ഉയര്‍ന്ന നിലവാരത്തിലുളള ആശയവിനിമയശേഷി എല്ലാ സര്‍ക്കാര്‍ സര്‍ക്കാതിര വിദ്യാലയങ്ങളിലെ പഠനത്തിലൂടെ കൈവരിക്കുകയും വേണം.
എട്ടാം ക്ലാസ് മുതല്‍ ശാസ്ത്രവിഷയങ്ങളി‍ല്‍ ദ്വിഭാഷാപഠനരീതി ഉപയോഗിക്കണം. അതിലൊന്ന് ഇംഗ്ലീഷായിരിക്കും
ഭാഷണത്തിന് പ്രാധാന്യം എഴുത്ത് വൈകും
  • ഒന്നാം ക്ലാസ് മുതല്‍ ഭാഷണനൈപുണിയിലൂന്നി മൂന്നോ അതിലധികമോ ഭാഷകളിലുളള പഠനാനുഭവം കുട്ടികള്‍ക്ക് ലഭിക്കണം. ലിപികള്‍ തിരിച്ചറിയുന്നതിനും ലഘുപാഠങ്ങള്‍ വായിക്കുന്നതിനും ആ ഭാഷകളില്‍ ആശയവിനിമയം നടത്തുന്നതിനും കഴിവുണ്ടാകണം. മൂന്നാം ക്ലാസ് വരെ മാതൃഭാഷയിലുളള ലേഖനനൈപുണിയേ പരിശീലിക്കാവൂ. മറ്റു ഭാഷകളിലെ ലേഖനം മുന്നാം ക്ലാസിനു ശേഷം മതിയാകും
ബഹുഭാഷാപഠനം -
ഇന്ത്യയിലെ സമ്പന്നമായ ഭാഷാവൈവിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നിലധികം രീതിയില്‍ ചിന്തിക്കാനും വൈവിധ്യമുളള ആവിഷ്കാരങ്ങളും ഘടനയും പദങ്ങളും പ്രയോഗങ്ങളും പരിചയപ്പെടാനും പ്രാചീനവും ആധുനികവുമായ സാഹിത്യസമ്പത്തിനെ പരിഗണിക്കുന്ന ബഹുഭാഷാസമീപനം സ്വീകരിക്കണം
വിദേശഭാഷകള്‍
സെക്കണ്ടറി തലത്തില്‍ വിദേശഭാഷകളും താല്പര്യമുളള കുട്ടികള്‍ക്ക് ഐശ്ചികമായി പഠിക്കാനാകുന്ന കാര്യം പരിഗണിക്കണം. ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, ചൈനീസ്, ജാപ്പാനീസ് ..)


ബോധനമാധ്യമം സംബന്ധിച്ച് രേഖ മുന്നോട്ടു വെക്കുന്ന സമീപനത്തോട് യോജിപ്പ്
ത്രിഭാഷാസമീപനത്തിന്റെ കാര്യത്തില്‍ ഏതു തലം മുതല്‍ ഏതെല്ലാം ഭാഷകള്‍ എന്ന കാര്യത്തില്‍ ചര്‍ച്ച നടക്കേണ്ടതുണ്ട്
ഫൗണ്ടേഷന്‍ ഘട്ടത്തിലെ ഭാഷാപഠനവും പരിശോധിക്കണം. പ്രീപ്രൈമറി മുതല്‍ ഒന്നിലധികം ഭാഷകള്‍ എന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോ? വികാസഘട്ടങ്ങളും മേഖലകളും പരിഗണിച്ചുളള അനുഭവങ്ങളില്‍ ഭാഷ സ്വായത്തമാക്കലിനു പറ്റിയ അന്തരീക്ഷം സൃഷ്ടിക്കാനുളള ഇടപെടലിനെക്കുറിച്ച് അവ്യക്തതയുണ്ട്
ഭാഷ സ്വായത്തമാക്കുകയാണ് എന്ന നിലപാട് സ്വീകരിക്കുന്ന രേഖ ഭാഷാസമഗ്രതാദര്‍ശനത്തെ മാനിക്കുന്നതായി കാണുന്നില്ല. മൂന്നാം ക്ലാസ് വരെ മാതൃഭാഷയിലൊഴികെ ലേഖനവിദ്യ പരിശീലിക്കേണ്ടതില്ല എന്നത് ഭാഷാസമഗ്രതാദര്‍ശനത്തിന്റെ ധാരണകളോട് പൊരുത്തപ്പെടില്ല. സമാന്തര വിദ്യാലയങ്ങളെ നിയന്ത്രിക്കാതെ അവിടെ ബോധനമാധ്യമമടക്കം ഇംഗ്ലീഷാവുകയും അവ എഴുത്തും വായനയും പരിശീലിപ്പിക്കുകയും ചെയ്യുമ്പോള്‍ എന്തായിരിക്കും ഫലം? ആകെ ആശ്വസിക്കാവുന്നത് കേരളത്തിലെ സമാന്തര ഇംഗ്ലീഷ് മാധ്യമ ഡിവിഷനുകള്‍ അവസാനിപ്പിക്കാനുളള ഒരു അവസരമായി ഇതിനെ മാറ്റിയെടുക്കാമെന്നതാണ്. മാതൃഭാഷാവിരുദ്ധരും ബോധനശാസ്ത്രനിഗ്രഹകരും താല്കാലിക നേട്ടത്തിനു വേണ്ടി ആദര്‍ശം ബലികഴിക്കുന്നവരും ഉളളില്‍ കൊളോണിയല്‍ വിധേയത്വം കാത്തുസൂക്ഷിക്കുന്നവരും വിദ്യാഭ്യാസം മാര്‍ക്കറ്റിനു വേണ്ടിയാണെന്നു കരുതുന്നവരും ആഗോളീകരണവക്താക്കളും സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ക്കായി നിലകൊണ്ടേക്കാം. അതിന് പറയാന്‍ അവര്‍ക്ക് ന്യായീകരണങ്ങളേറെയുണ്ടാകും

മുന്‍ ലക്കങ്ങള്‍ വായിക്കാം

1 comment:

Ashok said...

എയ്ഡഡ് സ്കൂളിൽ ഡിവിഷൻ പോയാൽ lp യിൽ ആണേൽ lp ടീച്ചറുംup യിൽ ആണേൽ up ടീച്ചറും ആണോ പുറത്ത് പോകേണ്ടത്... അതോ മൊത്തത്തിൽ ജൂനിയർ most