ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, July 28, 2019

സായാഹ്ന ക്ലാസ് പി ടി എയും ക്ലാസ് പിടി എ പ്രതിനിധിസഭയും


27/7/2019ന് ഞാന്‍ കലവൂര്‍ ഹൈസ്കൂളിലായിരുന്നു

അവിടുത്തെ വിശേഷങ്ങള്‍ എസ് എം സി ചെയര്‍മാന്‍ നേരത്തെ പങ്കിട്ടിരുന്നു
അതില്‍ എനിക്ക് ഏറ്റവും സവിശേഷം എന്നു തോന്നിയത് സായാഹ്ന ക്ലാസ് പി ടി എ ആണ്
കലവൂര്‍ സ്കൂള്‍ തീരദേശനിവാസികളുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയമാണ്. തൊഴിലാളികളാണ് അധികവും. രക്ഷിതാക്കള്‍ക്ക് ജോലിക്ക് പോകണംകുട്ടികളുടെ പഠനകാര്യത്തില്‍ ശ്രദ്ധിക്കുകയും വേണം. ക്ലാസ് പി ടി എ ഉച്ചയ്ക് ശേഷമായിരിക്കും. അതില്‍ പങ്കെടുക്കണമെങ്കില്‍ അന്ന് ജോലിക്ക് പോകാതിരിക്കണം.
സ്കൂളില്‍ 28 ഡിവിഷനുണ്ട്. ആയിരത്തോളം രക്ഷിതാക്കളും. അവരില്‍ പകുതിപ്പേര്‍ ക്ലാസ് പി ടി എ കാരണം ജോലിക്ക് പോകുന്നില്ല എന്നു കരുതുക. ശരാശരി 750രൂപ കൂലി ഇനത്തില്‍ നിശ്ചയിച്ചാല്‍ പോലും 375000 രൂപയുടെ നഷ്ടം എല്ലാവര്‍ക്കമായി സംഭവിക്കുന്നുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു ദിവസത്തെ വേതനം വലുതാണ്. രക്ഷിതാക്കള്‍ പറഞ്ഞു. ടീച്ചര്‍മാരേ ക്ലാസ് പിടി എ വൈകിട്ടാക്കാമെങ്കില്‍ ഞങ്ങളെല്ലാം വരാം.
അധ്യാപകര്‍ അത് സമ്മതിച്ചു

അങ്ങനെ കേരളത്തില്‍ ആദ്യമായി ഒരു വിദ്യാലയം സായാഹ്ന ക്ലാസ് പിടി എ എന്ന ആശയം യാഥാര്‍ഥ്യമാക്കി. 28ഡിവിഷനുകളിലും അത് നടന്നു
അവര്‍ പറയുന്നതിങ്ങനെ
2019 - 20 വിദ്യാഭ്യാസ വർഷത്തെ സ്കൂൾ പ്രവർത്തനം മികവുറ്റതാക്കാൻ മെയ് മാസത്തിലാണ് ക്ലാസ് PTA കൾ സ്കൂൾ സമയം കഴിഞ്ഞ് 4 മണി മുതൽ കൂടാം എന്ന് തീരുമാനിക്കുന്നത്.
സർക്കാർ സ്കൂളല്ലേ എങ്ങനെയും ആവാം എന്ന വിട്ടുകൊടുക്കൽ പരിപാടി ഇനി സാധ്യമല്ല. പഠനവും സ്വഭാവഗുണതയും, സ്കൂളിനും വീടിനും സമൂഹത്തിനും പ്രയോജനപ്പെടുന്ന തരത്തിൽ ഓരോ കുട്ടിയിലും വികാസം പ്രാപിക്കേണ്ടതുണ്ട്.
കുട്ടി വിധിപോലെ വളർന്നാൽ പോര, പഠിക്കാൻ വരുന്ന കുട്ടിയുടെ താല്പര്യങ്ങളും രീതികളും അവളിൽ / അവനിൽ ആത്മവിശ്വാസത്തോടെ എങ്ങനെ രൂപപ്പെടുത്തിയെടുക്കാം. ക്ലാസ് PTA യുടെ പ്രധാന അജണ്ട ഇതായിരുന്നു.

ജൂൺ അവസാനം തുടങ്ങി ജൂലൈ രണ്ടാം വാരം വരെ ഓരോ ദിവസവും രണ്ട് ക്ലാസ് PTA കൾ വീതം 4 മണി മുതൽ തന്നെ നടത്തി പൂർത്തിയാക്കി. പലപ്പോഴും 6:30 വരെയൊക്കെ നീണ്ടു പോയ ക്ലാസ് PTA കൾ ഉണ്ടായി.
1.ഓരോ ക്ലാസിലും പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് കഴിഞ്ഞതും അടുത്ത ടേമിലേയും പാഠ ഭാഗങ്ങളെക്കുറിച്ച് വിശദമായി രക്ഷിതാക്കളുമായി സംസാരിക്കുവാനുള്ള സമയം ലഭിച്ചു.
2. ജോലിയൊക്കെ ഒതുക്കി എത്തുന്ന രക്ഷകർത്താവ്, സമയപരിമിധിയില്ലാതെ കുട്ടിയുടെ പാഠ്യ പഠ്യേതര വിഷയങ്ങൾ ടീച്ചറുമായി പങ്കുവെയ്ക്കുന്നു.
3. ഓരോ കൂട്ടിക്കും വ്യക്തിഗത പരിഗണന ലഭിക്കുന്നതോടെ പഠനത്തിലും പെരുമാറ്റത്തിലും കൂടുതൽ മെച്ചമുണ്ടാകുന്നു.
4. വരാതിരിക്കുന്ന രക്ഷകർത്താക്കളെ കൃത്യമായി അടുത്ത ക്ലാസ് PTA യിൽ എത്തി
ക്കുന്നതിനും വീടുകൾ സന്ദർശിക്കുന്നതിനും തീരുമാനമുണ്ടാകുന്നു.
5. ഓരോ ക്ലാസിനും ക്ലാസ് PTA യുടെ നിർവ്വാഹക സമിതിയായും അക്കാദമിക സപ്പോർട്ട് ഗ്രൂപ്പായും പ്രവർത്തിക്കാൻ കഴിയുന്ന 10 അംഗങ്ങളെ തെരഞ്ഞെടുത്തു.
6. 10 അംഗ ക്ലാസ് PTA സമിതിക്കായുള്ള (ആകെ 280 പേർ) ശില്പശാല ജൂലൈ അവസാനം നടത്തുവാൻ തീരുമാനിച്ചു.
7. പുതിയൊരു ദിശാബോധം രക്ഷിതാക്കളിലും കുട്ടികളിലും സൃഷ്ടിച്ചു കൊണ്ടാണ് ക്ലാസ് പി.ടി.എ കൾ പിരിഞ്ഞത്.
അധ്യാപകര്‍ ആറര വരെ സ്കൂളില്‍ ഉണ്ടായിരുന്നു. ചിലര്‍ ഏഴുമണിവരെ. എല്ലാവരും അവരുടെ ക്ലാസ് പി ടി എ തീരും വരെ രക്ഷിതാക്കള്‍ക്കൊപ്പം.
സാധാരണ ഒരു ക്ലാസില്‍ ക്ലാസ് പി ടി എ നടക്കുമ്പോള്‍ മറ്റു ക്ലാസുകളില്‍ വിഷയപഠനമായിരിക്കും. അതിനാല്‍ എല്ലാ അധ്യാപകര്‍ക്കും ക്ലാസ് പി ടി എയില്‍ വന്ന് അഭിപ്രായം പങ്കിടാന്‍ കഴിയാതെ വരുമായിരുന്നു. അതിനൊരു പരിഹാരം കണ്ടെത്താനായതില്‍ അധ്യാപകര്‍ സന്തുഷ്ടരാണ്. ക്ലാസ് പി ടി എയിലെ പങ്കാളിത്തം വര്‍ധിച്ചു എന്നതാണ് മറ്റൊരു സംഗതി.
പ്രഥമാധ്യാപികയ്കും എസ് എം സി ചെയര്‍മാനും എല്ലാ ക്ലാസ് പി ടി എയിലും നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കാനും ഏറെ സഹായകമായി
കഴിഞ്ഞ ദിവസം സ്കൂളില്‍ കൂടിയ അധ്യാപക ശില്പശാലയില്‍ ഇവര്‍ രണ്ടു പേരും ഓരോ ക്ലാസ് പി ടി എയുടെയും മികവുകള്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി
280പേരുടെ ക്ലാസ് പി ടി എ പ്രതിനിധി സഭ
ആയിരത്തോളം രക്ഷിതാക്കളുളള വിദ്യാലയത്തില്‍ മുപ്പതില്‍ താഴെ അംഗങ്ങളുളള രക്ഷാകര്‍തൃസമതി എക്സിക്യൂട്ടീവിനും എസ് എം എസിക്കും പരിമിതിയുണ്ട്. ഓരോ ക്ലാസിനെക്കുറിച്ചും പറയാനാളില്ല. കൂടുതല്‍പേരുടെ പങ്കാളിത്തം ഉണ്ടാവുകയാണെങ്കില്‍ അത് വിദ്യാലയമികവിന് ഏറെ സഹായകമാകും. അത്തരം ആലോചനയാണ് ഓരോ ഡിവിഷനില്‍ നിന്നും പത്തുപേരടങ്ങുന്ന ക്ലാസ് പി ടി എ പ്രതിനിധി സഭ രൂപീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

ശനിയാഴ്ച ക്ലാസ് പി ടി എ പ്രതിനിധി സഭയുടെ ശില്പശാലയായിരുന്നു. ഞാന്‍ ചില സാധ്യതകള്‍ അവരുടെ മുമ്പാകെ അവതരിപ്പിച്ചു
അതിനു ശേഷം ഡിവിഷനടിസ്ഥാനത്തില്‍ അവരും അധ്യാപകരും ഒത്തിരുന്നു
ക്ലാസ് തല പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി.
ഇതോടൊപ്പം സ്കൂള്‍ തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയുടെ സൂചന ചുവടെ
  • ലിറ്റില്‍ കൈറ്റ്സിന്റെ നേതൃത്വത്തില്‍ ഓരോ ഡിവിഷനിലേയും പ്രതിമാസമികവ് ഡോക്യുമെന്റേഷന്‍
  • ക്ലാസ് തല പുരസ്കാരങ്ങള്‍ പ്രതിമാസം
  • ഓരോ മാസവും കുട്ടികള്‍ തയ്യാറാക്കുന്ന ക്ലാസ് തല നന്മ റിപ്പോര്‍ട്ട്
  • ക്ലാസ് തല ദിനാചരണങ്ങള്‍
  • ക്ലാസ് വാട്സാപ്പ് ഗ്രൂപ്പ് (അതത് ദിവസത്തെ മികവ് പങ്കിടാന്‍)
  • സവിശേഷ കഴിവുകാര്‍ക്ക് പ്രത്യേക പരിശീലനം ( അടുത്തമാസം ആരംഭിക്കും)
  • ഗുണതാനിര്‍ണയവും ഗ്രേഡ് പുരോഗതി ഗ്രാഫും ( ഒന്നാം ടേം മുതല്‍)
  • മികച്ച ക്ലാസ് പി ടി എയ്ക് പുരസ്കാരം
  • ക്ലാസ് പാര്‍ലമെന്റ് വിദ്യാലയ മികവിന് . ( കുട്ടികളുടെ അഭിപ്രായം മാനിക്കല്‍, തീരുമാനങ്ങളെല്ലാം അവരുടെ കൂടിയാക്കല്‍, നിര്‍വഹണത്തില്‍ പങ്കാളിത്തം, വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവസരം, പഠനപിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സഹപാഠിക്കൊരു കൈത്താങ്ങ്. പഠനച്ചിട്ടയ്ക് നിയമാവലി, ക്ലാസ് നിയമങ്ങള്‍ തയ്യാറാക്കല്‍, ക്ലബ്ബുകളുടെ പ്രവര്‍ത്തനം വിലയിരുത്തല്‍, എല്ലാവര്‍ക്കും അവസരം ഉറപ്പാക്കല്‍ എന്നിങ്ങനെ ക്ലാസ് പാര്‍ലമെന്റിന് പ്രവര്‍ത്തനമേഖലകള്‍. പൊതുവായി എന്തുവേണമെന്നു പറയുന്നില്ല. അതത് ക്ലാസുകളില്‍ നിന്നും രൂപപ്പെട്ട് വികസിച്ചു വരട്ടെ. അന്താരാഷ്ട്ര ജനാധിപത്യദിനത്തില്‍ സവിശേഷ പരിപാടി. ക്ലാസ് ജനാധിപത്യത്തിന് പുതുമാതൃക)
  • വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ ( ഓരോ കുട്ടിക്കും. കഴിഞ്ഞ വര്‍ഷം സുധ ടീച്ചര്‍ തയ്യാറാക്കിയത് ഈ വര്‍ഷം എല്ലാ ക്ലാസുകളിലേക്കും വ്യാപിപ്പിക്കുന്നു)
  • കുടുംബ വിദ്യാഭ്യാസ പദ്ധതി ( ഒരു ക്ലാസിലെ രക്ഷിതാക്കള്‍ ട്രൈ ഔട്ട് ചെയ്തത് ക്ലാസ് പി ടി എ പ്രിതിനിധി സഭാംഗങ്ങള്‍ വ്യാപിപ്പിക്കും. അടുത്ത ക്ലാസ് പി ടി എയില്‍ മുഴുവന്‍ കുടുംബങ്ങളിലേക്ക്.

അധ്യാപകര്‍ ആവേശത്തിലാണ്
രക്ഷിതാക്കളും
വിദ്യാലയത്തില്‍ ഈ വര്‍ഷം മൂന്നു ഡിവിഷന്‍ കൂടി
ഒരു രക്ഷിതാവ് പറഞ്ഞത് പണ്ട് കലവൂര് സ്കൂള്‍ എന്നു കേട്ടാല്‍ നെറ്റി ചുളിയുമായിരുന്നു. ഇപ്പോള്‍ എന്റെ കുട്ടി ഇവിടെ പഠിക്കുന്നു എന്നു പറയാന്‍ അഭിമാനമാണ്
ഒരമ്മ പറയുന്നു ക്ലാസ് വാടസ് ആപ്പ് ഗംഭീരപരിപാടിയാണ്. എല്ലാ ദിവസവും ഏഴുമണിയാകുമ്പേഴേക്കും ടീച്ചറുടെ മസേജ് വരും. അതിനായി കാത്തിരിക്കുകയാണ് മിക്കപ്പോഴും.



No comments: