24.09.2026
വ്യാഴം
🌱 കുഞ്ഞുവിത്തേ… ഉണരൂ… 🌱
ഒന്നാം ക്ലാസിലെ കേരളപാഠാവലിയിലെ “പൂവ് ചിരിച്ചു” എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസിലെ കുരുന്നുകൾ നടത്തിയ ഒരു ചെറിയ പ്രവർത്തനം ഇന്ന് കുട്ടികളുടെ മനസ്സിൽ വലിയൊരു സന്തോഷമായി മാറിയിരിക്കുകയാണ്.
. അവർ ആഗസ്റ്റ് 13നാണ് വിത്തുകൾ നട്ടത് . വിത്ത് നനച്ച് അവർ തങ്ങളുടെ കുഞ്ഞുചെടിയെ കാത്തിരിക്കാൻ തുടങ്ങി. (ഓരോ കുട്ടിക്കും ഓരോ ഗ്രോബാഗ് ഒരുക്കി നൽകിയിരുന്നു)
“ടീച്ചറേ, എന്റെ വിത്ത് ഇന്ന് മുളയ്ക്കുമോ?” രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫിസ ചോദിച്ചു.
“എന്റെ ഗ്രോബാഗിൽ ആദ്യം പൂവ് വരും!”സിയ പറഞ്ഞു.
“ടീച്ചറേ, നാളെ നോക്കുമ്പോൾ ഇത്രയും വലിയ ചെടിയായിരിക്കുമോ?” മുസ്തഫ ചോദിച്ചു.
കുട്ടികൾ ചോദിച്ചു കൊണ്ടേയിരുന്നു. ദിവസവും സ്കൂളിലെത്തിയാൽ ആദ്യം അവർ ഓടിയെത്തുന്നത് തങ്ങളുടെ ഗ്രോബാഗുകൾക്കരികിലേക്കായിരുന്നു.
“എന്റെ ചെടിക്ക് വെള്ളം കൊടുക്കണം…”
“നീ അധികം വെള്ളം ഒഴിക്കല്ലേ… "
“നോക്കൂ… ഇവിടെ ഒരു ചെറിയ മുള വന്നിട്ടുണ്ട്!”
എന്നിങ്ങനെ പരസ്പരം വിളിച്ചുകാണിച്ച് അവർ ആ കുഞ്ഞുമുളകളെ അത്ഭുതത്തോടെ നോക്കി.
പക്ഷേ എല്ലാ ഗ്രോബാഗുകളിലും ഒരുപോലെ മുള വന്നില്ല. ചില കവറുകളിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ചെറിയൊരു മാറ്റവും കാണാനായില്ല. അപ്പോൾ ചിലരുടെ മുഖത്ത് നിരാശ നിറഞ്ഞു.
“ടീച്ചറേ, എന്റെ വിത്ത് ഉറങ്ങുകയാണോ?”
“എന്താ എന്റെ വിത്ത് മുളയ്ക്കാത്തത്?”
“നമുക്ക് കുറച്ചുകൂടി കാത്തിരിക്കാം… അത് തീർച്ചയായും ഉണരും.”
വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടുപോകുന്നതിന് മുമ്പ് ചില കുഞ്ഞുങ്ങൾ മുള വരാത്ത ഗ്രോബാഗുകൾക്കരികിൽ ചെന്നിരുന്ന് അവരുടേതായ രീതിയിൽ വിത്തിനോട് സംസാരിക്കുമായിരുന്നു.
“കുഞ്ഞുവിത്തേ… ഉണരൂ… ഉണരൂ…”
“ഞങ്ങൾ എല്ലാ ദിവസവും നിന്നെ നോക്കാൻ വരും.”
“നീ പേടിക്കണ്ട… ഞങ്ങൾ വെള്ളം തരാം.”
“വേഗം പുറത്തേക്ക് വാ… ഞങ്ങൾക്ക് നിന്നെ കാണണം!”
ആ കുഞ്ഞുസംഭാഷണങ്ങൾ കേൾക്കുമ്പോൾ, അവർ ഒരു വിത്തിനോടല്ല, ഒരു കുഞ്ഞുജീവനോടാണ് സംസാരിക്കുന്നതെന്ന് തോന്നുമായിരുന്നു. ❤️
ദിവസങ്ങൾ കടന്നുപോയി. കാത്തിരിപ്പിന് വിരാമം. മുളകൾ തലനീട്ടി. കുഞ്ഞുചെടികൾ വളർന്നു. പിന്നെ പൂക്കൾ വിരിഞ്ഞു. ഇപ്പോൾ വെണ്ടയ്ക്കാ പറിക്കാറായിത്തുടങ്ങി.
സ്വന്തം കൈകളാൽ നട്ടുവളർത്തിയ ചെടിയിൽ നിന്ന് ആദ്യമായി വെണ്ട പറിക്കുമ്പോൾ കുട്ടികളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.
“ടീച്ചറേ… ഇത് ഞാനാണ് നട്ടത്!”
“നോക്കൂ ടീച്ചറേ, എന്റെ വെണ്ട എത്ര വലുതാണ്!”
ഒരു ചെറിയ വിത്തിൽ നിന്ന് ആരംഭിച്ച യാത്ര ഇന്ന് കുട്ടികൾക്ക് കാത്തിരിപ്പിന്റെയും കരുതലിന്റെയും ക്ഷമയുടെയും പരിശ്രമത്തിന്റെയും സന്തോഷത്തിന്റെയും വലിയൊരു പാഠമായി മാറിയിരിക്കുന്നു.
പാഠപുസ്തകത്തിലെ “പൂവ് ചിരിച്ചു” എന്ന പാഠം ഇന്ന് ഞങ്ങളുടെ ക്ലാസ് മുറിക്ക് പുറത്തും ചിരിക്കുന്നു. 🌼
വിത്തുകൾ മുളച്ചു…
ചെടികൾ വളർന്നു…
പൂക്കൾ വിരിഞ്ഞു…
കായ്കൾ നിറഞ്ഞു…
അതോടൊപ്പം നമ്മുടെ കുഞ്ഞുമനസ്സുകളിലും പ്രകൃതിയോടുള്ള സ്നേഹത്തിന്റെ വിത്തുകൾ മുളച്ച് വളരുകയാണ്. 🌱💚
കുട്ടികൾ വിത്ത് നട്ടു…
സ്നേഹത്തോടെ പരിപാലിച്ചു…
പ്രതീക്ഷയോടെ കാത്തിരുന്നു…
ഒടുവിൽ അവർ കൊയ്തെടുത്തത് വെണ്ടയ്ക്കകൾ മാത്രമല്ല—
സ്വന്തം പരിശ്രമത്തിന്റെ സന്തോഷ നിമിഷം കൂടിയായിരുന്നു. ❤️
ഫാത്തിമത്ത് സുഹറ.കെ
ഒന്നാം ക്ലാസിലെ അധ്യാപിക ,
എ.എൽ.പി.എസ്.അമ്മനൂർ
അനുബന്ധം
ഗ്രോബാഗില്‍ വിത്ത് വളര്‍ന്നപ്പോള്‍ കുട്ടികളുടെ ഡയറികളിലും എഴുത്ത് മുളച്ചു. ക്ലാസ് പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ശക്തമായ അനുഭവം ആകുമ്പോള്‍ അത് ഡയറിയിലാവുക സ്വാഭാവികം.
ഡയറികള്‍ വായിക്കാം.






1 comment:
Thank you sir
Post a Comment