ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, September 30, 2011

വിദ്യാലയത്തിന് ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കി വിശ്വകര്‍മദിനം

മാതൃകാപരമായ ഒരു സംരംഭം -
അത് പൊതു വിദ്യാലയങ്ങളെ കുറിച്ച് മമത ഉള്ള മനസ്സുകള്‍ക്ക് മാത്രം വിഭാവനം ചെയ്യാന്‍ കഴിയുന്നത്‌.
മങ്കൊമ്പിലെ വിശ്വകര്‍മ സര്‍വീസ് സൊസൈറ്റിശാഖ വിശ്വകര്‍മദിനാചരണം നടത്തിയത് വിദ്യാലയത്തിന് ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കിക്കൊണ്ട്. വെളിയനാട് 1317 ാം നമ്പര്‍ വിശ്വകര്‍മ സര്‍വീസ് സൊസൈറ്റിയുടെ വിശ്വകര്‍മദിനാചരണത്തിന്റെ ഭാഗമായാണ് ഗവ.എല്‍.പി.ജി.സ്‌കൂളില്‍ പുതിയഡെസ്‌ക്കും ബെഞ്ചും നിര്‍മിച്ച് നല്‍കുകയും കേടുവന്നവയുടെ അറ്റകുറ്റപ്പണികള്‍ ശ്രമദാനമായി നടത്തുകയും ചെയ്തത്.


  • രാവിലെ 9 മുതല്‍ ശാഖയിലെ അംഗങ്ങളായ ഇരുപത്തഞ്ചോളം മരപ്പണി ചെയ്യുന്ന ചെറുപ്പക്കാരാണ് ഉപകരണനിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും ഏര്‍പ്പെട്ടത്.
  • 1912 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഗേള്‍സ് എല്‍.പി.സ്‌കൂളില്‍ പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണി ചെയ്യാത്ത ഉപകരണങ്ങളാണുള്ളത്.
  • നശിച്ചുകിടന്ന 30 ബെഞ്ച്, 12 ഡെസ്‌ക്ക്, 10 മേശ, ക്ലാസ്‌റൂമുകളുടെ ജനല്‍പ്പാളികള്‍, കതക്, കട്ടള എന്നിവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചസംഘം വൈകീട്ട് 4ന് പണി അവസാനിപ്പിക്കുമ്പോള്‍ സ്‌കൂളിലേക്ക് മൂന്ന് ചാരുബെഞ്ചുകള്‍ അധികമായി നിര്‍മിച്ചുനല്‍കിയിരുന്നു.
  • ശാഖയിലെ വനിതാ സമാജം പ്രവര്‍ത്തകരായ ലീലമ്മ, ഗീത, ജയലക്ഷ്മി, സുമ, ശ്രീകല, സരസ്വതി, തങ്കമണി, ജിജി, മഞ്ജു, അനിത എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും ശുചീകരിച്ചു.


ശാഖാപ്രസിഡന്റ് കെ.എം.ശശിധരന്‍, സെക്രട്ടറി സുഭാഷ്‌കുമാര്‍ എന്നിവര്‍ ഉപകരണനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശാഖയിലെ മരപ്പണി തൊഴിലാളികളായ സുരേഷ്‌കുമാര്‍, മനോജ്, മജേഷ്, സുനീഷ്, ഗോപാലകൃഷ്ണന്‍, പ്രവീണ്‍, അഭിലാഷ്, സന്തോഷ്, ശ്രീജിത്ത്, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികള്‍ നടന്നത്. വിശ്വകര്‍മദിനാചരണത്തിന്റെ ഭാഗമായി വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ശാഖാംഗങ്ങളുടെ ശ്രമദാനപ്രവര്‍ത്തനങ്ങളെ ചൂണ്ടു വിരല്‍ അഭിനന്ദിക്കുന്നു.

Wednesday, September 28, 2011

പള്ളിക്കൂടംവിട്ടാല്‍ പിന്നെ വായനശാലയില്‍ കാണാമേ




'പള്ളിക്കൂടം വിട്ടാല്‍പിന്നെ, വായനശാലയില്‍ കാണാമേ..., വായനശാലയില്‍ ചെന്നാലോ, പുസ്തകമൊന്ന് എടുക്കാമേ, പുസ്തകമൊന്ന് എടുത്താലോ, അറിവിന്‍ ലോകത്തെത്താമേ...
കുട്ടികളുയര്‍ത്തുന്ന സംഘഗീതം വായനശാലയുടെ മുറ്റത്ത് നിന്നുമാണ്. വായനയുടെ പുത്തന്‍ സംസ്‌കാരവുമായി കൂത്താട്ടുകുളം മേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയാവുകയാണ്.
അവധി ദിനങ്ങളില്‍ സംഘമായി തൊട്ടടുത്ത വായനശാലയിലെത്തി കുട്ടികള്‍ പുസ്തകങ്ങളെടുത്ത് വായിക്കുന്നു. 'മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയതു' മുതല്‍ പുത്തന്‍തലമുറയിലെ എഴുത്തുകാരുടെ വരെയുള്ള കഥകള്‍. കുട്ടിക്കവിതകള്‍ മുതല്‍ പഴയകാല കവികളുടെ പ്രശസ്തകാവ്യങ്ങള്‍വരെ, വായനയുടെ കണ്ണികള്‍ വളരുന്നു.
കൂത്താട്ടുകുളം വടകര മഹാത്മജി മെമ്മോറിയല്‍ ഗ്രന്ഥശാലയിലാണ് തൊട്ടടുത്ത വിദ്യാലമായ വടകര സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യു.പി. വിഭാഗത്തിലെ മുഴുവന്‍ കുട്ടികളും അംഗങ്ങളായിരിക്കുന്നത്. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായിട്ടാണ് അംഗത്വം നല്‍കുന്നത്. തിരുമാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അലക്‌സാണ്ടറാണ് കുട്ടികള്‍ക്ക് അംഗത്വം നല്‍കിയത്.
മാസംതോറും കുട്ടികളെ പങ്കെടിപ്പിച്ചുകൊണ്ടുള്ള ചര്‍ച്ച, ക്വിസ് പരിപാടികള്‍, ക്ലാസ്സുകള്‍ എന്നിവ വായനയുമായി ബന്ധപ്പെടുത്തി നടത്തുന്നുവെന്ന് ഗ്രന്ഥശാലാ ഭാരവാഹികളായ കെ.കെ. ബാലകൃഷ്ണന്‍, പി.കെ. വിജയന്‍, ഷാജി ജോണ്‍ എന്നിവര്‍ പറഞ്ഞു. കുട്ടികളെ പങ്കെടുപ്പിച്ച് പ്രത്യേക കൂട്ടായ്മയ്ക്കും രൂപം കൊടുത്തിട്ടുണ്ട്. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ കുട്ടികള്‍ വായനശാലയില്‍ കൂടുതല്‍ സമയം ചെലവഴിക്കും. ദിവസവും രാവിലെയും വൈകീട്ടും വായനശാലയിലെത്തുന്നവരും ഉണ്ട്.
ഇതേ മാതൃക പിന്തുടര്‍ന്ന് മൂവാറ്റുപുഴ താലൂക്കിലെ റഫറന്‍സ് ലൈബ്രറികളിലൊന്നായ ഉപ്പുകണ്ടം പബ്ലിക് ലൈബ്രറിയില്‍ ഉപ്പുകണ്ടം ഗവ. യു.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും അംഗങ്ങളാക്കി, ശിശുരോഗ ചികിത്സാവിദഗ്ദ്ധനും എഴുത്തുകാരനുമായ ഡോ. കെ. ബിനോയ് അംഗത്വ കാര്‍ഡുകള്‍ വിതരണം നടത്തി.
'വായന മരിക്കുന്നു' എന്ന് ചിലര്‍ വാദിക്കുമ്പോള്‍ പുസ്തകങ്ങളെ കൂട്ടുകാരാക്കി വായനയുടെ ലോകത്ത് ചിറക് വിരിച്ചുപറക്കുന്ന കൂത്താട്ടുകുളം മേഖലയിലെ കുട്ടിക്കൂട്ടങ്ങള്‍ മറുപടിയുമായെത്തും.
-വിജയകുമാര്‍ കൂത്താട്ടുകുളം
Mathrubhumi 

Tuesday, September 27, 2011

പെരിന്തല്‍മണ്ണയിലെ പെഡഗോഗി പാര്‍ക്ക്.

പഠനം രസകരമാക്കാന്‍ പുതുവഴികള്‍ . പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യങ്ങളിലേക്ക് ഒരു മധുരയാത്ര. അങ്ങനെ പലതും ചെപ്പിലൊളിപ്പിച്ചിട്ടുണ്ട് പെരിന്തല്‍മണ്ണയിലെ പെഡഗോഗി പാര്‍ക്ക്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന  പെഡഗോഗി പാര്‍ക്ക് .
ഗലീലിയോ സയന്‍സ് സെന്ററിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനമായാണ് പെഡഗോഗി പാര്‍ക്ക് . പെരിന്തല്‍മണ്ണ ആര്‍ എന്‍ മനഴി ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിലാണ് താത്ക്കാലികമായി പാര്‍ക്ക് പ്രവര്‍ത്തിക്കുക. 2000 അടി വിസ്തീര്‍ണമുണ്ട് പാര്‍ക്കിന്.

  • അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതിയ ആശയങ്ങള്‍ പങ്കുവയ്ക്കാനും വികസിപ്പിക്കാനും ഇവിടെ വേദിയൊരുക്കും.  
  • പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യാനും അവസരമുണ്ടാകും. 
  • ബിഎഡ്, ടിടിസി വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്ക് പാര്‍ക്ക് പ്രയോജനപ്പെടുത്താനാകും
  • വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പരിശീലനത്തിനും പെഡഗോഗി പാര്‍ക്ക് ഉപകരിക്കും.
  • വിവിധ വിഷയങ്ങളില്‍ പരിശീലനംനല്‍കാന്‍ പാര്‍ക്കില്‍ സൗകര്യമുണ്ട്. ആധുനിക ഓഡിയോ വിഷ്വല്‍ ഉപകരണങ്ങള്‍ , കംപ്യൂട്ടറുകള്‍ , ഇന്റര്‍നെറ്റ്, പ്രൊജക്ടര്‍ , റഫറന്‍സ് ലൈബ്രറി എന്നിവ പാര്‍ക്കിലുണ്ട്. ഗണിത ശാസ്ത്ര വിഷയങ്ങള്‍ക്കായി ലാബുകളും സജ്ജമാക്കിയിട്ടുണ്ട്.

രാജ്യത്താകെയുള്ള വിദ്യാഭ്യാസ വിചക്ഷണരെ ഉള്‍പ്പെടുത്തി കോര്‍ കമ്മിറ്റി രൂപീകരിച്ച് ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാനും പദ്ധതിയുണ്ട്.
സര്‍വശിക്ഷാ അഭിയാന്റെ 15 ലക്ഷം രൂപയിലാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. ഗലീലിയോ സയന്‍സ് സെന്ററിന് പെരിന്തല്‍മണ്ണ നഗരസഭ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ , എസ്എസ്എ എന്നിവയുടെ സഹകരണമുണ്ട്

ഇത്തരം സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കണം
എങ്ങനെ ഉപയോഗിക്കുന്നു എന്നതും പ്രധാനം 
പെരിന്തല്‍മണ്ണയില്‍ നിന്നും കൂടുതല്‍ വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു. 

Sunday, September 25, 2011

ഗണിതപഠനവും ആനുകാലിക സംഭവങ്ങളും-3 (സ്കൂള്‍ മുറ്റത്തെ വാഹനങ്ങള്‍ )

ആധികാരിക പഠനം-ആനുകാലിക സംഭവങ്ങളോടൊപ്പം   സമീപ അനുഭവ പരിധിയില്‍ വരുന്ന എല്ലാം അതൂ പരിഗണിക്കും.
യഥാര്‍ത്ഥ ലോകത്തില്‍ നിലനില്‍ക്കുന്ന എന്തും ആധികാരികമാണ്.
ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന അറിവിന്റെ മായമില്ലാത്ത ഉറവിടങ്ങള്‍ എന്നു നമ്മള്‍ക്ക് വിശേഷിപ്പിക്കാവുന്നവ .
സ്കൂളിലെ കുട്ടികളുടെ എണ്ണം, ഉച്ചക്കഞ്ഞിക്കുള്ള സാധനങ്ങള്‍ ..അവ കണക്കാക്കുന്ന രീതി. ഒരു കുട്ടിക്കുള്ള ഓഹരി , ഒരു ദിവസത്തെ ശരാശരി അളവ്.. സൂക്ഷിക്കുന്ന രാജിസ്ടേര്‍ .കടത്ത് കൂലി. പാചക ചെലവ്, .ഇതൊക്കെ കുട്ടികള്‍ തന്നെ ഒരു മാസം മേല്‍നോട്ടം വഹിക്കുകയും കണക്കുകള്‍ കൃത്യമാക്കുകയും ചെയ്യുമ്പോള്‍ പഠനത്തിന്റെ ആധികാരികത വര്‍ദ്ധിക്കും.
ശരിക്കും  ഒരു സ്കൂള്‍ പ്രവര്‍ത്തനം പഠന പ്രവര്‍ത്തനം ആകുകയാണ്.

ആധികാരികമായ വസ്തുക്കള്‍
അളവുകള്‍ (ദൂരം ,ഉള്ളളവ്‌ ,ഭാരം.സമയം )  സ്ഥാനവില, ശരാശരി ,രൂപങ്ങള്‍ , ചതുഷ്ക്രിയ ഇങ്ങനെ പലതും രേഖീയമായ രീതിയില്‍ പഠിപ്പിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്.ഏപ്പോഴും അങ്ങനെ തന്നെ വേണമെന്നുണ്ടോ ?സ്വാഭാവിക ജീവിത സന്ദര്‍ഭങ്ങളില്‍ ഇവ വേറിട്ടാണോ വരിക ? 

നമ്മള്‍ക്ക് ആധികാരിക വസ്തുക്കള്‍ ഉപയോഗിച്ചു ഒരു പരിശോധന നടത്താം.
സ്കൂളില്‍ മൂന്ന് അധ്യാപകര്‍ സ്വന്തം വാഹനത്തില്‍ ആണ് വരുന്നത്.
സുജ ടീച്ചര്‍ക്ക് കൈനറ്റിക് ഉണ്ട്.
ബാബു മാഷും ദിലീപന്‍ മാഷും ബൈക്കിനാണ് വരുന്നത്.
സ്കൂള്‍ കോമ്പൌണ്ടില്‍ എന്നും ഈ വാഹനങ്ങള്‍ കാണും.
ഇവയെ പഠനത്തിനുള്ള വസ്തുക്കളായി ഇതു വരെ കണ്ടിട്ടില്ല.
കുട്ടികള്‍ക്ക് വാഹനങ്ങളും അവയുടെ നിയമങ്ങളും പഠിക്കാനുണ്ട്.അവര്‍ക്ക് പൊതുവേ വാഹനങ്ങള്‍ താല്പര്യമുള്ള വിഷയവുമാണ്‌.
പ്രശ്നം

മൂന്ന് വാഹനങ്ങളില്‍ ആരുടെ വാഹനമായിരിക്കും കൂടുതല്‍ ദൂരം ഓടിയിട്ടുണ്ടാവുക? ഏകദേശം എത്ര കിലോമീറ്റര്‍ ?
കുട്ടികളുടെ ഊഹം രേഖപ്പെടുത്താം .
എന്തൊക്കെ പരിഗണിച്ചാണ് ഊഹം നടത്തിയത്? ചര്‍ച്ച ഊ
ത്തിനു ശാസ്ത്രീയത ഉണ്ടോ എന്നു അറിയണമല്ലോ ( വാഹനത്തിന്റെ പഴക്കം, വീട്ടില്‍ നിന്നും സ്കൂളിലേക്കുള്ള ദൂരം, ഉടമയുടെ പ്രവര്‍ത്തനമേഖലകള്‍ . സുജ ടീച്ചര്‍ അധ്യാപക സംഘടനാ പ്രവര്‍ത്തകയാണ് ..)
അനുബന്ധ ചോദ്യം -ഓരോരുത്തരും ഒരു മാസം ശരാശരി സഞ്ചരിക്കുന്ന ദൂരം കൂടി കണ്ടെത്തിയാലോ ?
എങ്ങനെ കണ്ടെത്തും ?പരിശോധന. 


  • വാഹനത്തില്‍ പല മീറ്ററുകള്‍ .. ഓരോന്നും എന്തിനെല്ലാം? എങ്ങനെ നോക്കണം ?
  • ദൂരം കാണിക്കുന്നത് -അതില്‍ അക്കങ്ങള്‍ മാറുന്ന രീതി ?
പഠനം നടക്കുന്നു
  • സ്ഥാനവില - ഓടോ മീറ്ററില്‍ അക്കങ്ങള്‍ മാറുന്ന രീതി. ഒറ്റയുടെ സ്ഥാനത്ത് അക്കങ്ങള്‍ മാറി വരുന്നത് .അതു പത്തിന്റെ സ്ഥാനത്ത് മാറ്റം ഉണ്ടാക്കുന്നത്‌.. പത്തുകള്‍ മാറുന്നതും നൂറുകളുടെ സ്ഥാനത്ത് മാറ്റം ഉണ്ടാക്കുന്നതും..
  • സംഖ്യകളുടെ താരതമ്യം.-വലിയ സംഖ്യ ,ചെറിയ സംഖ്യ.അഞ്ചക്ക സംഖ്യകള്‍
  • ശരാശരി .എത്ര മാസമായി വാങ്ങിയിട്ട്? ഇതു വരെ ഓടിയ ദൂരം , ശരാശരി ഒരു മാസത്തെ ഓട്ടദൂരം
വാഹനവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍

  • വേഗതയും ദൂരവും ,മൈലേജ് എന്താണ് . ഓരോ വാഹനത്തിലും കൊള്ളുന്ന പെട്രോളിന്റെ അളവ്. ഒരു മാസത്തേക്ക് ചിലവാകുന്ന പെട്രോള്‍ . അതിനുള്ള ചെലവ് ? 
സ്കൂളില്‍ നിന്നും വിവിധ പ്രദേശങ്ങളിലേക്കുള്ള ദൂരം ,സഞ്ചരിക്കാന്‍ എടുക്കാവുന്ന സമയം എങ്ങനെ കണക്കാക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഗ്രൂപ്പ് ലീടര്മാരെയും കൊണ്ട് അധ്യാപകര്‍ പല വേഗതയില്‍ സഞ്ചരിക്കുന്നു
  • സ്പീഡോ മീറ്റര്‍ മനസ്സിലാക്കല്‍ , വേഗത ദൂരം സമയം ഇവയുടെ ബന്ധം -കണക്കാക്കല്‍ .
ചക്രങ്ങളുടെ ഗണിതം
മുന്നിലെയും  പിന്നിലെയും  ചക്രങ്ങള്‍  തുല്യ വലിപ്പം ആണോ?ടയര്‍ വാങ്ങാന്‍ നേരം മുന്നിലെ ടയര്‍ വേണോ പിന്നിലെ ടയര്‍ വേണോ എന്നു സുജ ടീച്ചറോട് ചോദിച്ചത്രേ?
ചക്രങ്ങളുടെ വലിപ്പം എങ്ങനെ കണ്ടെത്തും? അഴിച്ചു വെച്ചു ഒപ്പത്തിനൊപ്പം നോക്കല്‍ പ്രായോഗികമല്ല.പിന്നെ എങ്ങനെ? കുട്ടികള്‍ രീതി വികസിപ്പിക്കട്ടെ. അളവുപകരണങ്ങളും. മൂന്ന് വാഹനങ്ങളുടെയും ചക്രങ്ങളുടെ വിവരങ്ങള്‍  പട്ടിക .
ആരം.കേന്ദ്രം തുടങ്ങി വൃത്തവുമായി ബന്ധപ്പെട്ട ഗണിത ധാരണകള്‍ മനസ്സിലാക്കല്‍
വര്‍ക്ക് ഷീറ്റ്

 
 നല്‍കിയിട്ടുള്ള ചിത്രം നോക്കൂ.
ഒരു ചക്രം ഇല്ല .വരച്ചു ചേര്‍ക്കണം.
കുട്ടികള്‍ അളവെടുക്കണം. എത്ര വട്ടങ്ങള്‍ വരയ്ക്കണം?
അകവട്ടം, പുറവട്ടം ഒക്കെ കടന്നു വരുന്നു.സൂക്ഷമത അനിവാര്യം. യാന്ത്രികമായി  '...സെ മി 'ആരമുള്ള ഒരു വൃത്തം  വരയ്ക്കല്‍ അല്ല.
ഇന്ധന ഉപയോഗം


മൂന്ന് വാഹനങ്ങള്‍ - ഒരു മാസം കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നത് ഏതു? എത്ര ? അതിനുള്ള ചെലവ്? അങ്ങനെ എങ്കില്‍ ഒരു വര്‍ഷം വേണ്ടി വരുന്ന ചെലവ് ..
റോഡ്‌ ടാക്സ്
ഓരോരുത്തരും റോഡ്‌ ടാക്സ് എത്ര വീതം കൊടുത്തു? ഇതു കണക്കാക്കുന്നത് എങ്ങനെ?
എല്ലാ വാഹനങ്ങള്‍ക്കും റോഡ്‌ ടാക്സ് ഉണ്ടോ ? (അഭിമുഖം..വിവര ശേഖരണം..)
നമ്മുടെ റോഡുകളുടെ അവസ്ഥ എന്താണ് ?
വാഹനങ്ങളുടെ വര്‍ധനവ്‌
മൂന്ന് വര്‍ഷം മുമ്പ് സ്കൂളില്‍ വാഹനത്തില്‍ വരുന്നത് ഒരാള്‍ .
ഇപ്പോള്‍ എണ്ണം കൂടി.
കേരളത്തിലെ വാഹനങ്ങള്‍ വര്‍ധനവിന്റെ തോത് കണ്ടെത്താം..പട്ടിക വിശകലനം ചെയ്യല്‍


  •  ഏതു വിഭാഗത്തില്‍ പെട്ട വാഹനങ്ങളാണ് കൂടുതല്‍ വര്‍ദ്ധിച്ചത്? എത്ര ശതമാനം ?
  •  പത്ത് വര്‍ഷം കൊണ്ടുണ്ടായ വര്‍ധനവ്‌ ശതമാനത്തില്‍ പറയാമോ ?


  •  വാഹനാപകടങ്ങള്‍ സംബന്ധിച്ച  കണക്കുകള്‍ നോക്കൂ..എന്തെല്ലാം ഗണിത ധാരണകള്‍ക്കു സഹായകം.?



 


Number of Road Accidents





മറ്റു വിഷയങ്ങള്‍ക്ക്‌ സാധ്യത

  • ഘര്‍ഷണം
  • ഭൂഗുരുത്വം
  • ടയറിന്റെ പഞ്ചര്‍  കണ്ടു പിടിക്കുന്നതിലെ ശാസ്ത്രം
  • ദര്‍പ്പണങ്ങള്‍
  • ലഘു യന്ത്രങ്ങള്‍
  • വാഹന നിയമങ്ങള്‍ ....
  • ..........................
  • ..........................