'പള്ളിക്കൂടം വിട്ടാല്‍പിന്നെ, വായനശാലയില്‍ കാണാമേ..., വായനശാലയില്‍ ചെന്നാലോ, പുസ്തകമൊന്ന് എടുക്കാമേ, പുസ്തകമൊന്ന് എടുത്താലോ, അറിവിന്‍ ലോകത്തെത്താമേ...
കുട്ടികളുയര്‍ത്തുന്ന സംഘഗീതം വായനശാലയുടെ മുറ്റത്ത് നിന്നുമാണ്. വായനയുടെ പുത്തന്‍ സംസ്‌കാരവുമായി കൂത്താട്ടുകുളം മേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയാവുകയാണ്.അവധി ദിനങ്ങളില്‍ സംഘമായി തൊട്ടടുത്ത വായനശാലയിലെത്തി കുട്ടികള്‍ പുസ്തകങ്ങളെടുത്ത് വായിക്കുന്നു. 'മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയതു' മുതല്‍ പുത്തന്‍തലമുറയിലെ എഴുത്തുകാരുടെ വരെയുള്ള കഥകള്‍. കുട്ടിക്കവിതകള്‍ മുതല്‍ പഴയകാല കവികളുടെ പ്രശസ്തകാവ്യങ്ങള്‍വരെ, വായനയുടെ കണ്ണികള്‍ വളരുന്നു.
കൂത്താട്ടുകുളം വടകര മഹാത്മജി മെമ്മോറിയല്‍ ഗ്രന്ഥശാലയിലാണ് തൊട്ടടുത്ത വിദ്യാലമായ വടകര സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യു.പി. വിഭാഗത്തിലെ മുഴുവന്‍ കുട്ടികളും അംഗങ്ങളായിരിക്കുന്നത്. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായിട്ടാണ് അംഗത്വം നല്‍കുന്നത്. തിരുമാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അലക്‌സാണ്ടറാണ് കുട്ടികള്‍ക്ക് അംഗത്വം നല്‍കിയത്.
മാസംതോറും കുട്ടികളെ പങ്കെടിപ്പിച്ചുകൊണ്ടുള്ള ചര്‍ച്ച, ക്വിസ് പരിപാടികള്‍, ക്ലാസ്സുകള്‍ എന്നിവ വായനയുമായി ബന്ധപ്പെടുത്തി നടത്തുന്നുവെന്ന് ഗ്രന്ഥശാലാ ഭാരവാഹികളായ കെ.കെ. ബാലകൃഷ്ണന്‍, പി.കെ. വിജയന്‍, ഷാജി ജോണ്‍ എന്നിവര്‍ പറഞ്ഞു. കുട്ടികളെ പങ്കെടുപ്പിച്ച് പ്രത്യേക കൂട്ടായ്മയ്ക്കും രൂപം കൊടുത്തിട്ടുണ്ട്. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ കുട്ടികള്‍ വായനശാലയില്‍ കൂടുതല്‍ സമയം ചെലവഴിക്കും. ദിവസവും രാവിലെയും വൈകീട്ടും വായനശാലയിലെത്തുന്നവരും ഉണ്ട്.
ഇതേ മാതൃക പിന്തുടര്‍ന്ന് മൂവാറ്റുപുഴ താലൂക്കിലെ റഫറന്‍സ് ലൈബ്രറികളിലൊന്നായ ഉപ്പുകണ്ടം പബ്ലിക് ലൈബ്രറിയില്‍ ഉപ്പുകണ്ടം ഗവ. യു.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും അംഗങ്ങളാക്കി, ശിശുരോഗ ചികിത്സാവിദഗ്ദ്ധനും എഴുത്തുകാരനുമായ ഡോ. കെ. ബിനോയ് അംഗത്വ കാര്‍ഡുകള്‍ വിതരണം നടത്തി.
'വായന മരിക്കുന്നു' എന്ന് ചിലര്‍ വാദിക്കുമ്പോള്‍ പുസ്തകങ്ങളെ കൂട്ടുകാരാക്കി വായനയുടെ ലോകത്ത് ചിറക് വിരിച്ചുപറക്കുന്ന കൂത്താട്ടുകുളം മേഖലയിലെ കുട്ടിക്കൂട്ടങ്ങള്‍ മറുപടിയുമായെത്തും.
-വിജയകുമാര്‍ കൂത്താട്ടുകുളം
Mathrubhumi
2 comments:
"'വായന മരിക്കുന്നു' എന്ന് ചിലര്‍ വാദിക്കുമ്പോള്‍ പുസ്തകങ്ങളെ കൂട്ടുകാരാക്കി വായനയുടെ ലോകത്ത് ചിറക് വിരിച്ചുപറക്കുന്ന കൂത്താട്ടുകുളം മേഖലയിലെ കുട്ടിക്കൂട്ടങ്ങള്‍ മറുപടിയുമായെത്തും." -
വായന മരിക്കുന്നു എന്ന വാദത്തിനു മറുപടി പറയാന്‍ മറ്റു സ്ഥലങ്ങളിലും ഇതുപോലുള്ള കുട്ടിക്കൂട്ടങ്ങള്‍ ചിറകു വിരിക്കട്ടെ .മാതൃകാപരമായ ഇത്തരം കാര്യങ്ങള്‍ക്ക് മുന്കയ്യെടുത്ത ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്കും ,അധ്യാപക സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍.
മിക്ക വിദ്യാലയങ്ങളും ഇപ്പോള് വായനശാലകളുമായി ബന്ധപ്പെട്ടു വായനാപ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യുന്നുണ്ട് .അതുകൊണ്ട് തന്നെ വായനശാലകളും കുട്ടികള്ക്ക് വേണ്ടി പ്രത്യേക ഇടങ്ങളും പുസ്തകങ്ങളും ഒരുക്കുന്നതിന് ശ്രമിക്കുന്നുണ്ട് .അതിയന്നൂര് പഞ്ചായത്തിലെ വിദ്യാലയങ്ങള് ഇത്തരത്തില് വായനശാലകളുമായി സഹകരിച്ചു പ്രവര്ത്തിക്കുന്നുണ്ട് . വിദ്യാലയങ്ങള്ക്ക് ആവശ്യെമായ പഠനോപകരണങ്ങളും മറ്റും വിതരണം ചെയ്യുന്നതും ഏറ്റെടുക്കുന്നുണ്ട് .
Post a Comment