ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, December 8, 2011

അക്കാദമിക് രംഗത്തെ അപകടസൂചനകള്‍

"ഇന്ത്യയുടെ അക്കാദമിക് രംഗത്തേക്ക് അസഹിഷ്ണുതയോടെ വര്‍ഗീയ ജാതിമതശക്തികള്‍ നടത്തുന്ന കടന്നുകയറ്റം ആശങ്കാജനകമാണ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണഘടനാപരമായി ചുമതലപ്പെട്ട ഭരണാധികാരികളാകട്ടെ, വര്‍ഗീയശക്തികളുടെ കല്‍പ്പനകള്‍ക്ക് നിരുപാധികം കീഴടങ്ങി അക്കാദമിക് രംഗത്തെ മതനിരപേക്ഷസ്വഭാവം നിരന്തരം ചോര്‍ത്തുന്നു. ചെറുക്കപ്പെടേണ്ട വിപത്താണിത്. 
കേരളത്തിലെ സ്കൂള്‍ സിലബസിന്റെ രംഗംതൊട്ട് ഡല്‍ഹി സര്‍വകലാശാലയിലെ സിലബസ് രംഗംവരെ ഈ വിപത്തിന്റെ കരിനിഴല്‍ പടര്‍ന്നുനില്‍ക്കുകയാണ്. എ കെ രാമാനുജന്റെ "മുന്നൂറ് രാമായണങ്ങള്‍ : അഞ്ച് ഉദാഹരണങ്ങളും പരിഭാഷയെക്കുറിച്ചുള്ള മൂന്ന് ചിന്തകളും" എന്ന ലേഖനം ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദപഠനത്തിനുള്ള സിലബസില്‍നിന്ന് നീക്കംചെയ്യാന്‍ അക്കാദമിക് കൗണ്‍സില്‍ നിശ്ചയിച്ചത് വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങിയാണ്. ഒരു സംഘം വര്‍ഗീയവാദികളാണ് ഈ ലേഖനത്തിനെതിരായി അസഹിഷ്ണുത പടര്‍ത്തിയത്. അവര്‍ പ്രക്ഷോഭമാരംഭിച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്രവിഭാഗം മേധാവി എസ് ഇസഡ് എച്ച് ജാഫ്രിയെ മര്‍ദിച്ചു. ചരിത്രവിഭാഗത്തില്‍ കടന്നുകയറി കണ്ണില്‍ കണ്ടതൊക്കെ തല്ലിത്തകര്‍ത്തു. ഇവരുടെ ഭീഷണിക്കുവഴങ്ങി എ കെ രാമാനുജന്റെ മൗലികസമീപനങ്ങളും ആര്‍ജവത്വമുള്ള നിലപാടുകളുംകൊണ്ട് ശ്രദ്ധേയമായ ലേഖനം അധികൃതര്‍ പഠനവിഷയത്തില്‍നിന്ന് നീക്കി.

ഏകശിലാരൂപത്തിലുള്ള സംസ്കാരമല്ല, മറിച്ച് വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടെ ബഹുവര്‍ണശബളാഭമായ സമന്വയമാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ വ്യത്യസ്തങ്ങളായ രാമായണങ്ങളും അവയുടെ വ്യത്യസ്തങ്ങളായ പാരായണ സമ്പ്രദായങ്ങളുമുണ്ടായി. വാല്‍മീകിയുടെ രാമായണത്തില്‍നിന്ന് ഭിന്നമാണ് കമ്പരുടെ രാമായണം. ജൈനസംസ്കാരധാരയിലുള്ള രാമായണത്തില്‍നിന്ന് വ്യത്യസ്തമാണ് ബുദ്ധമതസംസ്കാരത്തിന്റെ ധാരയിലുള്ള രാമായണം. സംസ്കൃതത്തില്‍ മാത്രമല്ല, പാലിയിലും പ്രാകൃതിലും രാമായണമുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, കമ്പോഡിയയിലും മലേഷ്യയിലും ചൈനീസ് ഭാഷയിലും രാമായണമുണ്ട്. ഇവയില്‍ ഒന്നും മറ്റൊന്നിനോട് പൂര്‍ണ സാദൃശ്യമുള്ളതല്ല. രാമനും സീതയും സഹോദരങ്ങളാണെന്നുപറയുന്ന രാമായണമുണ്ട്; സീത രാവണന്റെ പുത്രിയാണെന്നുപറയുന്ന രാമായണവുമുണ്ട്. സീത രാവണപുത്രിയാണെന്ന നിലപാട് പ്രതിഫലിക്കുന്ന ഒരു കവിത മലയാളഭാഷയില്‍ വയലാറിന്റേതായിട്ടുണ്ടുതാനും. ചുരുക്കംപറഞ്ഞാല്‍ വൈവിധ്യപൂര്‍ണമാണ് രാമായണലോകം. മുന്നൂറ് രാമായണങ്ങള്‍ കാമില്‍ബുല്‍ക്കെ കണ്ടെത്തിയിട്ടുണ്ട്. റോമിലാ ഥാപ്പറെപോലുള്ളവര്‍ ഈ വൈവിധ്യത്തെ അപഗ്രഥിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ചുരുക്കംപറഞ്ഞാല്‍ ഏകശിലാരൂപത്തിലുള്ളതല്ല രാമകഥ എന്നത് വ്യക്തം. ഇക്കാര്യം മാത്രമേ എ കെ രാമാനുജന്‍ തന്റെ രാമായണലേഖനത്തില്‍ പറഞ്ഞിട്ടുള്ളൂ. അതിനെതിരായ അസഹിഷ്ണുതയാണ് ആ ലേഖനം പിന്‍വലിപ്പിക്കുന്നിടത്ത് എത്തിനില്‍ക്കുന്നത്.

സംഘടിതശക്തികൊണ്ട് ചരിത്രത്തെ തിരുത്തിക്കുന്ന ഈ രീതി അപകടകരമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. റോഹിന്‍ടണ്‍ മിസ്ട്രിയുടെ വിഖ്യാതമായ "സച്ച് എ ലോങ് ജേര്‍ണി" മുംബൈ സര്‍വകലാശാലയെക്കൊണ്ട് പിന്‍വലിപ്പിച്ചു. മറാത്താവികാരത്തെ പുസ്തകം മുറിവേല്‍പ്പിക്കുന്നുവെന്ന ആരോപണവുമായി ശിവസേനാനേതാവ് ബാല്‍താക്കറെയുടെ പൗത്രന്‍ പ്രക്ഷോഭം കൂട്ടിയതിനെത്തുടര്‍ന്നായിരുന്നു അത്. 

സമാനമായ അവസ്ഥ ഇപ്പോള്‍ കേരളത്തിലും ഉണ്ടാകുന്നു. സ്കൂള്‍ സിലബസ് ജാതിമത താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങി തിരുത്തുകയാണിവിടെ. മതനിരപേക്ഷമായ ഉള്ളടക്കത്തോടുകൂടിയ പാഠ്യപദ്ധതി അട്ടിമറിച്ച് വര്‍ഗീയസ്വഭാവമുള്ള ഉള്ളടക്കം ഉള്ള കരിക്കുലം കൊണ്ട് പകരംവയ്ക്കാനുള്ള പദ്ധതിയാണ് അരങ്ങേറുന്നത്. 5, 7, 8, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ തിരുത്തുന്നു. ഒമ്പതാംക്ലാസിലെ ചരിത്രപാഠം അപ്പാടെ മാറ്റുന്നു. ചില ജാതിമതസംഘടനകളുടെ നിവേദനം കിട്ടി എന്നുപറഞ്ഞാണ് കരിക്കുലം കമ്മിറ്റിയെപോലും മറികടന്ന് സര്‍ക്കാര്‍ ഇത് ചെയ്യുന്നത്. കരിക്കുലം കമ്മിറ്റിക്കല്ലാതെ സര്‍ക്കാരിന് ഇതിന് അധികാരമില്ല. എന്നിട്ടും സര്‍ക്കാര്‍ ഉത്തരവിലൂടെ പാഠങ്ങള്‍ ഭേദഗതിപ്പെടുത്തുകയാണിവിടെ. 
കഴിഞ്ഞ ഏപ്രിലില്‍ എസ്സിഇആര്‍ടി, എന്‍സിഇആര്‍ടി പ്രതിനിധികളുടെ സെമിനാറില്‍ ഇന്ത്യക്കാകെ മാതൃകയാകുന്ന കരിക്കുലമാണിവിടെയുള്ളത് എന്ന് വിലയിരുത്തപ്പെട്ടതാണ്. പാഠങ്ങളുടെ മതനിരപേക്ഷസ്വഭാവം വാഴ്ത്തപ്പെട്ടതാണ്. ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അക്കാദമിക് വിദഗ്ധര്‍ വിലയിരുത്തിയ പാഠപുസ്തകത്തിനാണിപ്പോള്‍ ഈ ദുര്‍ഗതി. നവംബറില്‍ പഠിപ്പിച്ചതൊക്കെ തെറ്റാണെന്നുപറഞ്ഞ് ഡിസംബറില്‍ അധ്യാപകര്‍ മറ്റൊന്നുപഠിപ്പിക്കണം എന്നതാണ് അവസ്ഥ. ഒ എന്‍ വി, ഡോ. കെ പി ശങ്കരന്‍ , ഡോ. എം ആര്‍ രാഘവവാര്യര്‍ , പി വത്സല, അടൂര്‍ ഗോപാലകൃഷ്ണന്‍ , ഡോ. ആര്‍ വി ജി മേനോന്‍ എന്നിവരുള്‍പ്പെട്ട കരിക്കുലം കമ്മിറ്റി രൂപപ്പെടുത്തിയ പാഠങ്ങളാണ് സര്‍ക്കാര്‍ തിരുത്തിയത്. ഈ പ്രഗത്ഭമതികളിരുന്ന സമിതിക്കുപകരം കേരളസര്‍ക്കാര്‍ മറ്റൊരു കരിക്കുലം കമ്മിറ്റിയുണ്ടാക്കി. 44 പേരുള്ള കമ്മിറ്റിയില്‍ 11 പേര്‍ മുസ്ലിംലീഗുകാര്‍! ഈ കമ്മിറ്റിയില്‍ കേരളത്തിന്റെ പൊതുസമൂഹത്തിന് മനസ്സിലാകുന്ന ചുരുക്കം പേരേയുള്ളൂ. ഹൃദയകുമാരി, വി മധുസൂദനന്‍നായര്‍ , കെ പി രാമനുണ്ണി തുടങ്ങിയവര്‍ . ഇതില്‍ , ഹൃദയകുമാരി കരിക്കുലത്തില്‍ നടക്കാനിടയുള്ള അവിഹിതമായ വര്‍ഗീയ-രാഷ്ട്രീയ ഇടപെടലുകള്‍ മനസ്സിലായതോടെ രാജിവച്ചുപോയി. സ്കൂള്‍ ഉടമകളും അക്കാദമിക് പശ്ചാത്തലമില്ലാത്തവരും ഒക്കെയാണ് കമ്മിറ്റിയിലുള്ളത്. പത്താംക്ലാസിലെ "ആധുനികലോകത്തിന്റെ ഉദയം" എന്ന പാഠപുസ്തക അധ്യായം ഇടയ്ക്ക് ഒരു കമ്മിറ്റിയെവച്ച് സര്‍ക്കാര്‍ തിരുത്തിച്ചു. എം ജി എസ് നാരായണന്‍ അധ്യക്ഷനായ കമ്മിറ്റി.

അധ്യക്ഷന്‍ യോഗത്തില്‍ പങ്കെടുത്തില്ല. ചരിത്രപാഠം നിശ്ചയിച്ച കമ്മിറ്റിയില്‍ ഒരു ചരിത്രകാരന്‍പോലുമില്ലാത്ത അവസ്ഥ. ഇങ്ങനെ പാഠ്യപദ്ധതി അട്ടിമറിക്കുന്ന അവസ്ഥ അനുവദിക്കാനാകില്ല. പ്രബുദ്ധകേരളം എങ്ങനെ രൂപപ്പെട്ടുവെന്നതിന്റെ നേര്‍പാഠങ്ങള്‍ മനസ്സിലാക്കിയാണ് പുതിയ തലമുറ വളരേണ്ടത്. അവര്‍ക്ക് വികലപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത് വരുംതലമുറയോട് ചെയ്യുന്ന കുറ്റകൃത്യമാണ്. ഇങ്ങനെ വികലപാഠങ്ങള്‍ സൃഷ്ടിക്കുന്നതാകട്ടെ, ചില ജാതി-മത വര്‍ഗീയസംഘടനകളുടെ കല്‍പ്പന പ്രകാരമാണെന്നത് ഉല്‍ക്കണ്ഠപ്പെടുത്തുന്ന കാര്യമാണ്. മതനിരപേക്ഷത ഭരണഘടനാമൂല്യമാണെന്നതുപോലും വിസ്മരിച്ചാണ് സര്‍ക്കാര്‍ ഇടപെട്ട് മതനിരപേക്ഷമൂല്യങ്ങള്‍ പാഠപുസ്തകങ്ങളില്‍നിന്ന് ചോര്‍ത്തുന്നതും അവയെ മതനിരപേക്ഷവിരുദ്ധചിന്തകള്‍കൊണ്ട് പകരംവയ്ക്കുന്നതും. ഇതിലെ ആപത്ത് ജനങ്ങള്‍ തിരിച്ചറിയേണ്ടസമയം അതിക്രമിച്ചിരിക്കുന്നുവെന്നുമാത്രം ഇപ്പോള്‍ പറയട്ടെ.

സാംസ്കാരികരംഗത്തിനുനേര്‍ക്ക് നേരത്തേതന്നെ വര്‍ഗീയശക്തികള്‍ അസഹിഷ്ണുതയോടെ കടന്നാക്രമണം നടത്തിവന്നിരുന്നു. അതിന്റെ തുടര്‍ച്ച എന്ന നിലയ്ക്കുവേണം ഇന്നത്തെ പുതിയ നീക്കത്തെ കാണാന്‍ . എം എഫ് ഹുസൈന്റെ ചിത്രപ്രദര്‍ശനത്തിനുനേര്‍ക്ക്, ദീപാമേത്തയുടെ ചലച്ചിത്രത്തിനുനേര്‍ക്ക്, തസ്ലീമ നസ്റീന്റെ പത്രസമ്മേളനത്തിനുനേര്‍ക്ക്, ദിലീപ്കുമാറിന്റെ പുരസ്കാരലബ്ധിക്കുനേര്‍ക്ക്, അലീഷാ ചിനായിയുടെ പോപ്പ് കച്ചേരിയുടെ നേര്‍ക്ക്, ഇര്‍ഫാന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിനുനേര്‍ക്ക് ഒക്കെ കായിക ആക്രമണങ്ങള്‍ നടന്നത് മറക്കാറായിട്ടില്ല. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍നിന്ന് ഹുസൈന്റെ ഡോക്യുമെന്ററി പിന്‍വലിപ്പിക്കാന്‍ ഉണ്ടായ സമ്മര്‍ദം നമ്മെ ബോധ്യപ്പെടുത്തുന്നത് വര്‍ഗീയതയുടെ അസഹിഷ്ണുത അറുതിയില്ലാതെ തുടരുന്നുവെന്നാണ്. സാംസ്കാരികലോകത്തിന്റെയും രാഷ്ട്രീയസമൂഹത്തിന്റെയും ജാഗ്രത്തായ ഇടപെടലുകള്‍കൊണ്ടേ ഈ വിപത്തിനെ ഈ ഘട്ടത്തില്‍ത്തന്നെ നേരിടാനും അവസാനിപ്പിക്കാനുമാകൂ."

ദേശാഭിമാനിയുടെ  മുഖപ്രസംഗം  ആണ്  മുകളില്‍ കൊടുത്തത് 
നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്ന പാഠങ്ങള്‍ എങ്ങനെ ഉള്ളതാവണം? 
മതനിരപേക്ഷ പാഠങ്ങള്‍ എന്ന് പറഞ്ഞാല്‍ മതങ്ങള്‍ക്ക് ഹിതകരമാല്ലാത്ത്ത ചരിത്രം ഒഴിവാക്കലാണോ? 
എല്ലാ വിഭാഗങ്ങളെയും പ്രീതിപ്പെടുത്തലാണോ  അക്കാദമിക സത്യസന്ധത ? 
വിമര്‍ശനപരമായി ചരിത്രത്തെ നോക്കിക്കാണാനും ചരിത്രത്തിലെ തെറ്റുകള്‍ ആവര്ത്തിക്കാതിര്‍ക്കാനും ഉള്ള ചരിത്രബോധം കുട്ടികള്‍ ആര്ജിക്കണ്ടേ? ഒരേ സംഭവത്തിനു പല വീക്ഷണങ്ങള്‍ ഉണ്ടെന്നു അറിയണം. അവ പരിചയപ്പെടണം . ചരിത്രം കെട്ടുകഥയല്ല .വിശ്വാസവുമല്ല. ശാസ്ത്രീയമായി വിവരങ്ങള്‍ ശേഖരിച്ചു രൂപപ്പെടുത്തുന്നതാണ്.
"മത രഹിതരായ് ഒന്നിച്ചിരുന്നു 
മതി മറന്നു പഠിച്ച ദിനങ്ങള്‍
മദിരയില്‍ ജലമാക്കുന്നതെങ്ങനെ
ഉദയസൂര്യനെ കൊല്ലുന്നതെങ്ങനെ "
എന്ന് കുരീപ്പുഴ പാടുമ്പോള്‍ ഉള്ളില്‍ വേവുന്ന നോവ്‌ ഓരോ മലയാളിക്കും ഉണ്ടാകണം .
ഈ മുഖ പ്രസംഗത്തിലെ ആശങ്കകള്‍ ചര്‍ച്ച ചെയ്യണം. നിങ്ങള്ക്ക് മൌനിയാകാന്‍ കഴിയുമോ ?
 

4 comments:

jayasree.k said...

പ്രസക്തവും ഗൗരവത്തോടെ കാണേണ്ടതും ആണ് ഈ പോസ്റ്റ്‌ .അക്കാദമിക സത്യസന്ധത എന്നാലെന്ത്‌?അക്കാദമിക സത്യസന്ധത നഷ്ടപ്പെടുന്നതുകൊണ്ടുള്ള ദുരവസ്ഥ എങ്ങിനെ മറികടക്കാം ?എന്നീ കാര്യങ്ങള്‍ ചര്ച്ചു ചെയ്യേണ്ടതാണ്
.ചരിത്ര പഠനം എന്ത്?എന്തിന്?എങ്ങനെ?എന്ന് ഗൌരവപൂര്‍വം ആലോചിക്കണം.കുട്ടികള്‍ ചരിത്രം രചിച്ചു കൊണ്ടല്ലേ (സ്കൂളിന്റെയോ ഗ്രാമതിന്റെയോ ) ഇന്ത്യാ ചരിത്രത്തെയും ലോക ചരിത്ത്രതെയും വിമര്ശോനാത്മകമായി നോക്കി കാണെനടത് ?

Manoj മനോജ് said...

ഈ വിഷയം മുന്നോട്ട് വെച്ചതിന് അഭിനനന്ദനങ്ങള്‍‌....

മതങ്ങള്‍ തേര്‍വാഴ്ച നടത്തുന്നത് വോട്ട് ബാങ്ക് എന്ന വൃത്തികെട്ട ബ്ലാക്ക് മെയിലിങ്ങിന്റെ പുറത്താണ്.

വെളിച്ചപ്പാടിന്റെ ദുരന്ത കഥ പറഞ്ഞ ആ പഴയ സിനിമ ഇന്ന് എടുക്കുവാന്‍ സാധിക്കുമോ പോകട്ടെ പഴയ സിനിമകള്‍ പുനര്‍നിര്‍മ്മിക്കുന്ന ഈ കാലത്ത് ആ സിനിമ വീണ്ടും അവതരിപ്പിക്കുവാന്‍ കഴിയുമോ?

ന്യൂനപക്ഷം എന്ന് അവകാശവാദമുന്നയിക്കുന്ന മതങ്ങള്‍ പോലും ദൈവ വിശ്വാസിയല്ലാത്ത ന്യൂനപക്ഷങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതാണ് രസകരം!

മത പുരോഹിത വര്‍ഗ്ഗങ്ങള്‍ പഴയ പോലെ വയ്റ്റിപിഴപ്പിനായി മതത്തെ കൊണ്ട് നടക്കുന്ന വൃത്തികെട്ട കാഴ്ചയാണ് ഇന്ന് ചുറ്റും കാണുവാന്‍ കഴിയുക.

അവര്‍ വരും തലമുറ എങ്ങിനെ മുരടിച്ച് പോകണമെന്ന് തീരുമാനിച്ചു കഴിഞ്ഞു.

കേരളം എങ്ങോട്ട് സഞ്ചരിക്കുന്നു എന്ന ദയനീയ കാഴ്ച കാണുവാന്‍ ശങ്കര്‍ ഹോസ്പിറ്റലിലും അമൃതയിലും നടന്ന നേഴ്സിങ്ങ് സമരങ്ങള്‍ നോക്കുക. അവിടെ സമരത്തിനെതിരെ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ നോക്കുക!!!!

ചരിത്രം പോലും വളച്ചൊടിക്കുന്ന തരത്തിലേയ്ക്ക് മതങ്ങള്‍ വളരുമ്പോള്‍‌! ഹിറ്റ്ലറുടെ തേര്‍വാഴ്ചയില്‍ ജൂതരേക്കാള്‍ കൂടുതല്‍ മരിച്ചത് ജിപ്സികളാണ് എന്നിട്ടും ചരിത്രം അവരുടേതല്ല!

കയ്യൂക്കുള്ളവന്‍ ചരിത്രം വളച്ചൊടിക്കുമെന്ന് ഒരിക്കല്‍ കൂടി നാം നേരീട്ട് അറിയുന്നു.

രസകരം "ആധുനികലോകത്തിന്റെ ഉദയം" എന്ന പാഠത്തില്‍ സെന്‍സര്‍ ചെയ്ത കാര്യങ്ങള്‍ കേരളത്തിലെ തന്നെ സി.ബി.എസ്.ഇ. സിലബസ്സില്‍ പഠിക്കുന്ന കുട്ടികള്‍ ഇപ്പോഴും പഠിക്കുന്നു എന്നതാണ്. സ്റ്റേറ്റ് സിലബസ്സ് മാത്രമേ ന്യൂനപക്ഷ മതപുരോഹിതര്‍ക്ക് വോട്ട് ബാങ്ക് ഭീഷണിയില്‍ തിരുത്തുവാനാകുന്നുള്ളൂ! ഭൂരിപക്ഷ മതപുരോഹിതരാകട്ടെ ദേശീയ തലത്തിലുള്ള അക്കാദമിക്ക് രംഗങ്ങളില്‍ ശക്തമായി തന്നെ ഇടപെടുന്നു!!

ഇവരില്‍ നിന്ന് തലമുറകളെ രക്ഷിക്കണമെങ്കില്‍ വോട്ട് ബാങ്കിന് നേരെ കണ്ണടയ്ക്കുവാന്‍ കഴിയുന്ന നട്ടെല്ലുള്ള രാഷ്ട്രീയക്കാര്‍ വരേണ്ടിയിരിക്കുന്നു!

drkaladharantp said...

manoj.
ഷൂസെ സരമാഗുവിന്റെ ഡെത്ത് അറ്റ്‌ ഇന്റര്‍വെല്‍ എന്ന നോവലില്‍ സഭയെ കുറിച്ച് പരാമര്‍ശമുണ്ട്...കര്‍ദിനാള്‍ ത്രുമെനിയെ കൊണ്ട് നോവലിസ്റ്റ് പറയിക്കുന്നത് ഇങ്ങനെ.-".' ശ്വാശ്വത സത്യങ്ങള്‍ ഉത്തരങ്ങളായി നല്‍കുന്ന പ്രക്രിയയുമായി സഭ പൊരുത്തപ്പെട്ടിരിക്കുന്നു..അത്തരം ഉത്തരങ്ങള്‍ നല്കുന്നതല്ലാതെ മറ്റൊരു ക്രിയാത്മക സംരംഭം സഭ നടത്തിയിട്ടുള്ളതായി എനിക്ക് തോന്നുന്നില്ല. യാതാര്ത്യങ്ങള്‍ പിന്നീട് അവയ്ക്ക് വിരുദ്ധമായി നില്‍ക്കുകയും അവയെ നിരാകരിക്കുകയും ചെയ്യാറുണ്ട്. പ്രാരംഭകാലം മുതലേ ന ഞങ്ങള്‍ യാഥാര്‍ത്യ ബോധത്തെ നിഷേടിക്കുന്ന സംരംഭാത്തിലായിരുന്നു.എന്നിട്ടും ഞങ്ങള്‍ ഇവിടെ വരെ എത്തി ചേര്‍ന്ന് .ഇപ്പോഴും ഇവിടെ ഉണ്ട് .....സഭ ഒരിക്കലും വിശേദീകരണങ്ങള്‍ നല്‍കിയിട്ടില്ല .പ്രക്ഷേപണ കല പോലെ തന്നെ ഞങ്ങളുടെ മറ്റൊരു സവിശേഷത ജിജ്ഞാസ നിറഞ്ഞ ഒരു മനസ്സിനെ വിശാസത്താല്‍ നിര്‍വീര്യമാക്കുക എന്നതാണ്".
ലോകത്തെമ്പാടും ഉള്ള വിമര്‍ശനങ്ങള്‍ ഒരേ സ്വഭാവം ഉള്ളതാണ് എന്നിട്ടും സഭ ഇവിടെ വരെ എത്തി.!ഇപ്പോഴും ഇവിടെ ഉണ്ട്.!?/ നിര്വീര്യമാക്കള്‍ പ്രക്രിയയ്ക്ക് തടസ്സമാകുന്ന എന്തും ചെറുക്കുക എന്നത് സഭാധര്മം. പക്ഷെ സമൂഹം പാലിക്കേണ്ട ധര്‍മം അതല്ലല്ലോ

ബിന്ദു .വി എസ് said...

നിര്‍മാല്യം പോലൊരു സിനിമ എടുക്കാന്‍ പറ്റുമോ എന്നു എല്ലാവരും ചോദിക്കുന്നു . എടുക്കാം .ആവിഷ്ക്കാരം അതിരുകളെ ഭയക്കുന്നില്ല .അന്പത്താര് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള തട്ടും പുറത്തപ്പന്‍ എന്ന സിനിമ കണ്ടു നോക്കു.കൊളോണിയല്‍ ഭക്തി പ്രദാനം ചെയ്യുന്ന അമ്മമാരുടെയും അപ്പന്‍ മാരുടെയും ഒറിജിനല്‍ സംഗതി സാധാരണക്കാര്‍ക്ക് എളുപ്പം മനസ്സിലാകും .നമ്മുടെ കുട്ടികളെ ഈ സിനിമ ഒരിക്കല്‍ കാണിച്ചാല്‍ മതി ...എല്ലാ ആള്‍ ദൈവങ്ങളും പുറത്താകും . അവരുടെ മനസ്സില്‍ . പിന്നൊരിക്കലും .ദൈവങ്ങള്‍ ഭൂമിയില്‍ പിറക്കില്ല ഇനി പുരാണങ്ങളെ ക്കുറിച്ചാ ണെങ്കില്‍ .ഹനുമാന്‍റെ ദൌത്യം സീതയ്ക്ക് ദൂത് നല്‍കുക മാത്രമായിരുന്നു .അതയാള്‍ വിജയകരമായി നിര്‍ വഹിച്ചു .എന്നിട്ടും എന്തിനാണ് മനോഹരമായ ഒരു പട്ടണത്തെ മുഴുവന്‍ തീയിട്ടും നിരപരാധികളെ കൊന്നൊടുക്കിയും അയാള്‍ വിജയം ആഘോഷിച്ചത് ? ഇങ്ങനെ ഇപ്പോഴും പെരുമാറുന്ന രാജ്യങ്ങള്‍ ഉണ്ട് . ഹനുമാന്‍റെ ഉദാഹരണം നല്‍കുന്നത് ചിന്തക്കിട നല്‍കുന്ന ഒട്ടേറെ ചോദ്യങ്ങള്‍ ! ക്ലാസ് മുറിയില്‍ സിനിമ വേണോ എന്നതിനുത്തരം വേണം എന്നു തന്നെ .ചരിത്രം എങ്ങനെ വായിക്കണം എന്നുള്ളതിന് ഭയ രഹിതമായി എന്നും .