ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, March 30, 2018

ഒന്നാം ക്ലാസിലെ കുട്ടികളുടെ ഓണ്‍ ലൈന്‍ മാസിക


ഈ പൂത്തുമ്പി ഒരു മാതൃകയാണ്. മറുപടിയാണ്. സാധ്യതയാണ്.

ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കുളള അംഗീകാരമാണ്
കുട്ടികള്‍ എഴുതുമോ വായിക്കുമോ എന്നൊക്കെ മഹാകവികളും കഥയെഴുത്തുകാരും കളിയെഴുത്തുകാരം ആശങ്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഈ ഓണ്‍ ലൈന്‍ മാഗസിന്റെ പ്രകാശനം. നാല്‍പ്പത്തിയൊന്നു കുട്ടികളാണ് ക്ലാസിലുളളത്. അവരെല്ലാം നല്ല വായനക്കാരും എഴുത്തുകാരുമാണ്. കുട്ടികള്‍ ഭാവനയുളളവരാണ്. അവര്‍ അവരുടേതായ തലത്തില്‍ സര്‍ഗാത്മക രചനകള്‍ നടത്തുന്നു. ഭാവിയില്‍ അവര്‍ കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരം വാങ്ങും എന്നല്ല ഇതിനര്‍ഥം. വായനയും എഴുത്തും സര്‍ഗാത്മക വികസനവും ആസ്വാദനവും ഒന്നിച്ചു പരിഗണിക്കുന്ന രചനാസന്ദര്‍ഭങ്ങളെ പ്രയോജനപ്പെടുത്തിയാണ് പൂത്തുമ്പി പാറുന്നത്.
ക്ലാസ് റൂം പ്രക്രിയയുടെ ഭാഗമായി കഥയും കവിതയും വിവരണവും വര്‍ണനയുമെല്ലാം എഴുതുന്ന കുട്ടികളില്‍ നിന്നും അവ ശേഖരിച്ചാണ് പൂത്തുമ്പിയിലെ വിഭവങ്ങള്‍ ഒരുക്കിയിട്ടുളളത്. ടേം പരീക്ഷകളില്‍ സര്‍ഗാത്മകശേഷി വികസിപ്പിക്കുന്നതിനുളള ചോദ്യങ്ങളുണ്ട്. അതും കുട്ടികള്‍ക്ക് പ്രചോദനമായി. പൂത്തുമ്പി ടീം പറയുന്നതു നോക്കുക

"പൂത്തുമ്പി ഒന്നാം തരത്തിലെ കൂട്ടുകാർ ഒരുക്കിയ സർഗസൃഷ്ടിയാണ്. നമ്മുടെ    സിലബസിൽ ഒന്നാം തരത്തിലെ കുട്ടികൾക്ക് പോലും കവിതയ്ക്ക് വരി കണ്ടെത്താനും കഥയുടെ ബാക്കി പൂരിപ്പിക്കാനും മറ്റ് സർഗാത്മ ചിന്തയ്ക്കുള്ള അവസരം ഏറെ  നൽകുന്നു എന്നത് വളരെ പ്രശംസനീയമാണ്. ശരിക്കും ഒന്നാം തരത്തിൽ നിന്ന് തന്നെ നമ്മുടെ കുട്ടികളുടെ സർഗാത്മക ചിന്തകൾ ക്ലാസിൽ നിന്ന് കണ്ടതാണ് പൂത്തുമ്പിയുടെ പിറവിക്ക് പ്രധാന കാരണം. മികച്ച ഒട്ടേറെ കുട്ടികളെ ക്ലാസിനകത്ത് കാണാൻ കഴിഞ്ഞു. ഇത്തരത്തിലൊരാശയം പറഞ്ഞപ്പോൾ
രക്ഷിതാക്കൾ വലിയ പിന്തുണ പ്രഖ്യാപിച്ചു. തങ്ങളുടെ കുട്ടികളുടെ കഥയും കവിതയും ചിത്രങ്ങളും മറ്റും കണ്ടപ്പോൾ ആശ്ചര്യഭരിതരായി. രക്ഷിതാക്കൾ പൊതുവിദ്യാലയത്തിന്റെ ഊർജമാണ്. Online മാഗസിൻ എന്ന ആശയം നടപ്പിലാക്കുന്നത് ഈ കുട്ടികളുടെ അച്ഛന്മാർ 50 % ഗൾഫിൽ ജോലി ചെയ്യുന്നവരാണ്. അവർക്കും തങ്ങളുടെ കുട്ടികളുടെ മികവ് കാണാനും മറ്റുള്ളവരെ ഗൾഫിൽ നിന്ന് തന്നെ കാണിക്കാനും വേണ്ടിയാണ് Online മാഗസിൻ തയ്യാറാക്കിയത്. പൂർവ്വ വിദ്യാർത്ഥിയായ വാഹിദ് ഗൾഫിൽ ഡിസൈനറാണ്.അദ്ദേഹമാണ് ഈ രചനകൾ ഗൾഫിൽ വെച്ച് ടൈപ്പ് ചെയ്ത് പുസ്തക രൂപത്തിലാക്കിയത്.
മികച്ച സന്തോഷത്തോടെ ...."ടീം തരിശ്


ഇന്നലെ (29/03/2019) നായിരുന്നു പൂത്തുമ്പിയുടെ പ്രകാശനം
കേരളത്തിലെ ഒന്നാം ക്ലാസുകള്‍ക്കാകെ പ്രകാശം നല്‍കുന്ന നടപടി
ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും വിദ്യാലയമികവ് വിലയിരുത്താനുളള അവസരം
ഹൈടെക് സാധ്യത കുട്ടികളുടെ നേട്ടങ്ങള്‍ പങ്കിടാനും ഉപയോഗിക്കാമെന്നതിനുളള തെളിവ്
എല്ലാ ആശംസകളും നേരുന്നു
പൂത്തുമ്പിയില്‍ രചനകള്‍ നിര്‍വഹിച്ച തുമ്പികളേ നിങ്ങള്‍ അഭിമാനതാരങ്ങള്‍
ചുവടെ ലിങ്ക് .ഓരോ പേജും പുസ്തകത്തിലെതെന്നപോലെ മറിച്ച് വായിക്കൂ



Sunday, March 11, 2018

പൊതുവിദ്യാലങ്ങളുടെ അക്കാദമികക്കരുത്ത് സമൂഹവുമായി പങ്കിടാന്‍ മികവുത്സവം 2018


മികവുത്സവത്തിന് ഒരു ആമുഖം
ൊതുവിദ്യാഭ്യാസ വകുപ്പ് മികവുത്സവം താഴേതലത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇത്തവണ പഞ്ചായത്ത് ബ്ലോക്ക്, ജില്ലാ സംസ്ഥാനതലങ്ങളില്‍ മികവുത്സവങ്ങള്‍
ഉണ്ടായിരിക്കുന്നതല്ല. എല്ലാ വിദ്യാലയങ്ങളും മികവുത്സവം നടത്തണം. അതാകട്ടെ അക്കാദമിക മികവുകളുടെ പങ്കിടലിനാണ് ഊന്നല്‍ നല്‍കിയാകണം. പത്തനംതിട്ട ജില്ലയിലെ ഒരു വിദ്യാലയത്തില്‍ നടന്ന മഴവില്ല് എന്ന പരിപാടി ഇവിടെ പരിചയപ്പെടുത്തുന്നത് ഉചിതമാകും എന്നു കരുതുന്നു.
" കൊടുമണ്ണിൽ മഴവില്ല് തെളിഞ്ഞു. ആകാശത്തല്ല. മണ്ണിൽ. കൊടുമണ്ണിന്റെ ഗ്രാമവഴികളിൽ വർണ വിസ്മയമായി മഴവില്ല് ഒരുക്കിയത് അങ്ങാടിക്കൽ തെക്ക് അറന്തക്കുളങ്ങര സർക്കാർ പ്രാഥമിക വിദ്യാലയത്തിലെ കുട്ടികൾ. ഒന്നും രണ്ടുമല്ല'...'അറുപത് പേര്.
ഞങ്ങളിങ്ങനെയാണ് പഠിക്കുന്നതെന്ന് പ്രഖ്യാപിച്ച് നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ആവേശ ജനകമായിരുന്നു. o ന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ്സ് മുറിയിൽ രൂപപ്പെട്ട പാവനാടകവും സംഗീതശില്പവും ഇംഗ്ലീഷ് സ്കിറ്റും നൃത്താവിഷ്ക്കാരങ്ങളും വിദ്യാലയ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യങ്ങളായിരുന്നു. വൈകുന്നേരത്തെ കേന്ദ്രത്തിലാണ് ഞാൻ ജാഥ കണ്ടത്. കുട്ടികൾ അപ്പോഴും കാണിച്ച പ്രസരിപ്പ് അവരുടെ മാനസിക പങ്കാളിത്തത്തിന്റെ പ്രതിഫലനമായിരുന്നു.
പൊതു വിദ്യാലയത്തിലെ ഇംഗ്ലീഷ് പഠനത്തെക്കുറിച്ച് ഇനിയും സംശയം മാറാതെ അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾക്ക് പുറകെ പായുന്നവർക്കുള്ള മികച്ച മറുപടിയായിരുന്നു ഈ അറന്തക്കുളങ്ങര കുട്ടിക്കൂട്ടത്തിന്റെ ഇംഗ്ലീഷ് പരിപാടികൾ. സ്കിറ്റും പ്രസംഗവും സായിപ്പിന്റെ ഭാഷയിൽ ഞങ്ങൾക്കും വഴങ്ങുമെന്ന് കുട്ടികൾ പ്രകടനം കൊണ്ട് ഉത്തരമേകി
സ്ത്രീകളും പെൺകുട്ടികളും ഇന്നും അനുഭവിക്കുന്ന ദുരിത ജീവിതത്തിന്റെ നൃത്തശില്പമായിരുന്നു ജാഥയിലെ ഏറ്റവും ശ്രദ്ധേയമായ ഇനം. കരിവള്ളൂർ മുരളിയുടേയും മുരകൻ കാട്ടാക്കടയുടേയും വരികളെ മനോഹരമായി സമ്മേളിപ്പിച്ചാണ് ഇതൊരുക്കിയിത്. പെൺമുന്നേറ്റത്തിന്റെ കാഹളമുയർത്തിയ ഈ പരിപാടിയിൽ കുഞ്ഞുങ്ങൾ തകർത്താടുകയായിരുന്നു.
പാവനാടകങ്ങളുടെ അപാരമായ ആശയ വിനിമയ ശേഷിയെ നല്ലവണ്ണം ഉയാഗപ്പെടുത്തിയാണ് ആര് പഠിപ്പിക്കും എന്ന പാവനാടകം അരങ്ങേറിയത്.ഈ ബീർ ബൽ കഥയിലെ എല്ലാവരിൽ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ടെന്ന സന്ദേശം അറന്തക്കുളങ്ങര സ്കൂളും കുഞ്ഞുങ്ങളും രക്ഷിതാക്കളും പൊതു വിദ്യാഭ്യസ മേഖലയ്ക്ക് നൽകുന്നുണ്ട്. പ്രത്യേകിച്ചും സർക്കാർ നിർദ്ദേശാനുസൃതമായി സർഗോൽസവത്തിന് തയ്യാറെടുക്കുന്ന വേളയിൽ. നാല് വർമായി തുടരുന്ന മഴവില്ല് ജാഥാ ടീമിലെ ആദ്യ വർഷാം ഗ മാ യി രു ന്നു ഗൗതമിയുടെ പരിപാടി സമാപന കേന്ദ്രമായ കൊടുമണ്ണിലുണ്ടായിരുന്നു. ജില്ലാ കലോൽസവത്തിലെ ഒന്നാം സ്ഥാനം ലഭിച്ച മോണോ ആക്ടുമായി. വർഷങ്ങൾക്കു മുമ്പേ അറന്തക്കുളങ്ങര ടാലന്റ് ലാബ് ഈ പേരിലല്ലാതെ ഒരുക്കിയെന്ന് ചുരുക്കം" ( രാജേഷ് എസ് വളളിക്കോട് എഫ് ബിയിലെഴുതിയ കുറിപ്പ്)
രാജന്‍ ഡി ബോസ് എന്ന പ്രഥമാധ്യാപകന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടത്തുന്ന ഈ പരിപാടി ആ വിദ്യാലയത്തിനെക്കുറിച്ച് സമൂഹത്തില്‍ മതിപ്പും വിശ്വാസ്യതയും ഉളവാക്കാന്‍ സഹായകമായിട്ടുണ്ട്. അതിനാല്‍ ആ വിദ്യാലയത്തിലേക്ക് കുട്ടികളെ അയക്കുന്നതിന് കൂടുതല്‍ രക്ഷിതാക്കള്‍ ഓരോ വര്‍ഷവും തയ്യാറാകുന്നു. വിദ്യാലയത്തിനു പുറത്താണ് മഴവില്ലൊരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതുപോലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി വിദ്യാലയങ്ങളുണ്ട്. അവരുടെ അനുഭവത്തില്‍ നിന്നാകണം പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തവണത്തെ മികവുത്സവം വേറിട്ട രീതിയലാക്കാന്‍ തീരുമാനിച്ചത്. വിദ്യാലയങ്ങളെ സമൂഹം വിലയിരുത്തട്ടെ. വര്‍ഷാവസാനപ്പരീക്ഷയുടെ പുതുഭാവം. കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ സമൂഹത്തിനു മുമ്പാകെ അവതരിപ്പിക്കുകയാണ്. സമൂഹം വിദ്യാലയത്തിന് മാര്‍ക്കിട്ടാല്‍ അതൊട്ടും കുറയില്ല എന്ന ഉത്തമബോധ്യമുളളവരാണ് മഴവില്ല് പോലെയുളള പരിപാടികള്‍ സംഘടിപ്പിക്കുക. ഏതു വിദ്യാലയത്തിനും ഇത് സാധ്യമാണ്.
എന്താണ് സര്‍ഗോത്സവത്തിന്റെ ( മികവുത്സവത്തിന്റെ )ലക്ഷ്യങ്ങള്‍?
  1. ഓരോ പൊതുവിദ്യാലത്തിന്റെയും പ്രവര്‍ത്തനപരിധിയിലുളള എല്ലാ കുട്ടികളേയും പൊതുവിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുകയും പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുക

  2. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി നടപ്പിലാക്കിയ പരിപാടികളുടെ നേട്ടങ്ങള്‍ സമൂഹവുമായി പങ്കിടുക
  3. ഓരോ കുട്ടിയുടെയും മികവുകള്‍ പങ്കുവെക്കാനവസരം ഒരുക്കുന്നതിലൂടെ തുല്യതയിലും ഗുണനിലവാരത്തിലും ഊന്നിയ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തില്‍ രൂപപ്പെടുത്തുന്നത് എന്ന ധാരണ സമൂഹത്തിന് പകരുക
  4. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ആര്‍ജിച്ച നിലവാരം സമൂഹത്തെ ബോധ്യപ്പെടുത്തി പ്രാദേശികസമൂഹത്തിന്റെ വിശ്വാസം നേടുക
മികവുത്സവം എപ്പോഴാണ് നടത്തേണ്ടത്?
മാര്‍ച്ച് അവസാനവാരം മുതല്‍ ഏപ്രില്‍ പതിനഞ്ച് വരെ കാലയളവിലാണ് സര്‍ഗോത്സവം(മികവുത്സവം) നടത്തേണ്ടത്.വാര്‍ഷികം നടത്തിയല്ലോ ഇനിയും മികവുത്സവം നടത്തേണ്ടതുണ്ടോ എന്നു ചോദിച്ചേക്കാം. രണ്ടിന്റെുയും ലക്ഷ്യങ്ങള്‍ വേറെയാണ്. ഉളളടക്ക പരിഗണനകളും. അതിനാല്‍ അക്കാദമിക മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണത്തിനു ശേഷമുളള അതിവിപുലമായി വിദ്യാഭ്യാസ കാമ്പെയിനായി മികവുത്സവത്തെ മാറ്റാം.
എങ്ങനെയാണ് സംഘടിപ്പിക്കേണ്ടത്?
  1. ഓരോ വിദ്യാലയവും മികവുത്സവം നടത്തേണ്ടതാണ്
  2. സമീപപ്രദേശത്തുളള സ്വതന്ത്ര എല്‍ പി സ്കൂളും യു പി സ്കൂളും സംയുക്തമായി ംമികവുത്സവ നടത്താവുന്നതാണ് .
  3. വിദ്യാലയത്തിനു പുറത്തുളള വേദിയിലാണ് മികവുത്സവം നടത്തേണ്ടത്. പൊതുസമൂഹത്തിലേക്ക് വിദ്യാലയമികവുകള്‍ എത്തിക്കുന്നതിനാണിത്. വിദ്യാലയവുമായി നിരന്തരം ബന്ധപ്പെടുന്ന രക്ഷിതാക്കള്‍ മാത്രം കാര്യങ്ങള്‍ അറിഞ്ഞാല്‍ പോര. നാളം വിദ്യാലയത്തിലേക്ക് മക്കളെ അയക്കേണ്ടവരും പ്രാദേശികസമൂഹത്തില്‍ അഭിപ്രായരൂപീകരണം നടത്തുന്നവരുമെല്ലാം പൊതുവിദ്യാലയത്തിന്റെ കരുത്ത് അറിയണം. ( വേനല്‍ച്ചൂട് പരിഗണിച്ച് തണല്‍സ്ഥലങ്ങള്‍ വേദിയായി തെരഞ്ഞെടുക്കുകയും ആവശ്യത്തിന് കുടിവെളളം അവിടെ ലഭ്യമാക്കുകയും വേണം)
  4. പഞ്ചായത്തിലെ വിവിധകേന്ദ്രങ്ങളില്‍ മികവുത്സവം നടക്കണം. ഒരു വിദ്യാലയം
    തെരഞ്ഞെടുത്ത കേന്ദ്രം മികവുത്സവത്തിനായി മറ്റൊരു വിദ്യാലയം തെഞ്ഞെടുക്കാതിരിക്കുന്നതാണ് ഉചിതം.
  5. മൂന്നു മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ദൈര്‍ഘ്യമുളള പരിപാടിയായി വേണം നടത്തേണ്ടത്.
  6. എല്ലാ കുട്ടികള്‍ക്കും കഴിവുണ്ട്. അതിനാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കത്തക്കവിധം ആസൂത്രണം ചെയ്യണം. എന്നാല്‍ കുട്ടികളുടെ എണ്ണം വളരെക്കൂടുതലുളള വിദ്യാലയങ്ങളില്‍ എല്ലാ ക്ലാസുകള്‍ക്കും പ്രാതിനിധ്യം വരത്തക്കവിധം ക്രമീകരണം നടത്താവുന്നതാണ്
  7. യാതൊരു കാരണവശാലം മത്സരസ്വഭാവം പാടില്ല. പൊതുവിദ്യാലയങ്ങള്‍ തമ്മിലും കുട്ടികള്‍ തമ്മിലും മത്സരിക്കാനുളള അവസരമല്ല മികവുത്സവം.
  8. വിദ്യാലയങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുമ്പോള്‍ ഒരേ ഇനത്തില്‍ ഒന്നിലധികം വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് അവതരണം വരാതിക്കാന്‍ ശ്രദ്ധിച്ചാല്‍ മത്സരഭാവം ഒഴിഞ്ഞുപോകും
  9. അക്കാദമികമായ മികവാണ് അവതരിപ്പിക്കേണ്ടത്. ഭാഷ ( മാതൃഭാഷ, ഇംഗ്ലീഷ് , ഇതരഭാഷകള്‍) ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയ്ക് മുഖ്യപരിഗണന ലഭിക്കണം
  10. കലാപരിപാടിയോ യുവജനോത്സവത്തിന്റെ ചെറുപതിപ്പോ അല്ല മികവുത്സവം പ്രവൃത്തിപരിചയ ഉല്പന്നങ്ങളുടെ പ്രദര്‍ശനവേദിയാക്കുകയും വേണ്ടതില്ല. സ്കൂള്‍ പഠനേപകരണങ്ങള്‍ , ചാര്‍ട്ടുകള്‍ തുടങ്ങിയവയും സര്‍ഗോത്സവവേദിയില്‍ ഒഴിവാക്കാവുന്നതാണ്. എന്നാല്‍ അക്കാദമിക മികവ് വിഷയാധിഷ്ടിതമായി വ്യക്തമാക്കുന്ന പാനലുകള്‍ ആകാം. കുട്ടികളുടെ പഠനത്തെളിവുകളുടെ ഫോട്ടോകള്‍ അടിക്കുറിപ്പോടെ പാനലുകളാക്കി പ്രദര്‍ശിപ്പിക്കാം.
  11. കുട്ടികളാണ് അവതരണങ്ങള്‍ നടത്തേണ്ടത്. മുന്‍കൂട്ടി പരിശീലിപ്പിച്ചവ വേദിയില്‍ വന്ന് അവതരിപ്പിക്കുന്നതിനല്ല മറച്ച് ആര്‍ജിച്ച കഴിവുകള്‍ പങ്കിടുന്നതിനാകണം ഊന്നല്‍ നല്‍കേണ്ടത്.
സംഘാടകസമിതി രൂപീകരിക്കേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ ചുമതലകളെന്തെല്ലാം?
  1. സംഘാടക സമിതി കൂടണം. സ്കൂള്‍ വികസനസമിതി/എസ് എം സി/ രക്ഷാകര്‍തൃസമിതി എന്നിവ ചേര്‍ന്ന് മികവുത്സവം നടത്തുന്നതിനും അതിന്റെ വേദിയും തീയതിയും സംഘാടനവിശദാംശങ്ങളും തീരുമാനിക്കണം
  2. സംഘാടകസമിതിയുടെ അധ്യക്ഷ(ന്‍) ജനപ്രതിനിധി/വിദ്യാലയവികസനസമിതി/ ചെയര്‍മാര്‍/പ്രദേശത്തെ സാംസ്കാരിക സാമൂഹികനേതൃനിരയിലുളളവര്‍/മറ്റ് സാമൂഹികാംഗീകാരമുളളവര്‍ ആയിരിക്കണം. പ്രഥമാധ്യാപകന്‍/പ്രഥമാധ്യാപിക ജനറല്‍ കണ്‍വീനറാകണം. അക്കാദമിക് കമ്മറ്റിയും പ്രചരണകമ്മറ്റിയും വേണം. സ്റ്റേജ്, ഉച്ചഭാഷിണി എന്നിവയ്കും ചുമതലക്കാരുണ്ടാകണം
  3. ഓരോ ക്ലാസിലെയും കുട്ടികള്‍ എന്തെല്ലാം കഴിീവുകള്‍ മികവുത്സവത്തില്‍ പങ്കിടണമെന്ന് ധാരണയാവുകയും അതിന്റെ അവതരണക്രമം തീരുമാനിക്കുകയും വേണം
  4. ഓരോ ഇനവും അവതരിപ്പിക്കുമ്പോള്‍ അതിനെ വിശകലനം ചെയ്ത് അക്കാദമികശ്രേഷ്ഠത വ്യക്തമാക്കുന്നതിന് പറ്റിയ ആളെ കണ്ടെത്തണം. പൊതുവേദിയില്‍ അഞ്ചു മിനിറ്റില്‍ കവിയാത്ത വിധം വിലയിരുത്തല്‍ നടത്തി കുട്ടികളെ അംഗീകരിക്കുകയും പൊതുവിദ്യാലയമികവ് ഉയര്‍ത്തിക്കാട്ടുകയും ചെയ്യണം. എങ്കില്‍ മാത്രമേ സമൂഹത്തിന് പൊതുവിദ്യാലയങ്ങളിലെ അക്കാദമിക മികവിന്റെ മാനം ബോധ്യപ്പെടുകയുളളൂ.
  5. മികവുത്സവത്തിന്റെ പ്രചരണം പ്രധാനമാണ്. ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ച് കേരളത്തനിമയുളള പ്രചരണരീതികള്‍ ആലോചിക്കണം. പൂര്‍വവിദ്യാര്‍ഥികളുടെയും എസ് എം സിയുടെയും നേതൃത്വത്തില്‍
    1. വിളംബരയാത്ര,
    2. കൈയെഴുത്തു പോസ്റ്റര്‍ പതിപ്പിക്കല്‍,
    3. പ്രധാന കവലകളില്‍ ബോര്‍ഡുകള്‍ ( പനയോല, മെടഞ്ഞതെങ്ങോല, തുണി, പഴയപനമ്പ്, പായ തുടങ്ങിയ സാധ്യതകള്‍ ആലോചിക്കണം) ,
    4. നോട്ടീസ് ,
    5. ഭവനസന്ദര്‍ശനം,
    6. നാട്ടിലെ പൊതുപരിപാടികളില്‍ അനൗണ്‍സ്മെന്റ് നടത്താനുളള ക്രമീകരണം,
    7. പത്രവാര്‍ത്ത എന്നിവയൊക്കെ നടത്താവുന്നതാണ്.
  6. ജനകീയമായി സംഘടിപ്പിക്കുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്. പൊതുവിദ്യാലയം സമൂഹം ഏറ്റെടുക്കുന്നതിന്റെ പ്രത്യക്ഷതെളിവനുഭവമായി ഇത് മാറണം. ഉച്ചഭാഷിണി, പ്രചരണം, ലഘുഭക്ഷണം , വേദി അലങ്കരിക്കില്‍ എന്നിവ സംഘാടകസമിതിയുടെ നേതൃത്വത്തില്‍ നടത്തണം.
  7. വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ എസ് എസ്എ, ആര്‍ എം എസ് എ, കൈറ്റ്, ഡയറ്റ് തുടങ്ങിയ എല്ലാ ഏജന്‍സികളുടെയും ഏകോപിതപ്രവര്‍ത്തനമായിട്ടാണ് മികവുത്സവം നടത്തേണ്ടത്.
  8. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായി പ്രാദേശികസമൂഹവുമായി വിദ്യാര്‍ഥികള്‍ തങ്ങളുടെ കഴിവുകള്‍ പങ്കിടുന്ന വിപുലമായ സംരംഭം എന്ന നിലയില്‍ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും സര്‍ഗോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണം.
  9. എസ് സി ഇ ആര്‍ ടി തയ്യാറാക്കിയ നന്മപൂക്കുന്ന നാളേക്ക്, എസ് എസ് എ തയ്യാറാക്കിയ രക്ഷാകര്‍തൃവിദ്യാഭ്യാസ ബ്രോഷര്‍ എന്നിവ ഈ പരിപാടിയുടെ ഭാഗമായി പ്രയോജനപ്പെടുത്താവുന്നതാണ്.
മികവുത്സവത്തില്‍ എന്തെല്ലാം ഇനങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്?
മികവുത്സവത്തിലെ ഇനങ്ങളെ രണ്ടായി തരംതിരിക്കാം. നിര്‍ബന്ധമായി നടത്തേണ്ടവയും വിദ്യാലയത്തിന്റെ സാധ്യതയനുസരിച്ച് ചെയ്യാവുന്നവയും.
  • അടിസ്ഥാനശേഷികള്‍ ഉറപ്പാക്കിയാണ് പൊതുവിദ്യാലയങ്ങളില്‍ അക്കാദമിക പ്രവര്‍ത്തനം നടക്കുന്നതെന്ന് തെളിവുകള്‍ സഹിതം സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഇനങ്ങളാണ് നിര്‍ബന്ധമായും നടത്തേണ്ടവയില്‍ ഉള്‍പ്പെടേണ്ടത്.
  • വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഓരോ വിദ്യാലയവും പുരോഗമിക്കുന്നതിന്റെ തെളിവുകളാണ് രണ്ടാം വിഭാഗത്തില്‍ വരിക. അതേപോലെ സമഗ്രവികാസം ലക്ഷ്യമിടുന്ന വിദ്യാഭ്യാസ പ്രക്രിയ സംബന്ധിച്ചു ധാരണപകരുന്നതിനും രണ്ടാം വിഭാഗം ഉപകരിക്കും.
ഓരോ വിഭാഗത്തിലും പരിഗണിക്കാവുന്ന കാര്യങ്ങള്‍ ചുവടെ സൂചിപ്പിക്കുന്നു
  1. നിര്‍ബന്ധമായും നടത്തേണ്ടവ
    1. വായന.
      • ലയാളത്തിളക്കം, എല്ലാവരും സ്വതന്ത്ര വായനക്കാര്‍, ഒന്നാം ക്ലാസില്‍ ഒന്നാന്തരം വായനക്കാര്‍ എന്നീ പരിപാടികള്‍ പ്രൈമറി ക്ലാസുകളില്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ വായന നിര്‍ബന്ധമായും നടക്കണം. പൊതുവിദ്യാലയത്തിലെ കുട്ടികളെല്ലാം അടിസ്ഥാനഭാഷാശേഷി നേടിയവരാണെന്ന് കേരളസമൂഹത്തെ ബോധ്യപ്പെടുത്തുന്ന പ്രക്രിയായി ഇത് മാറണം.
      • ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികള്‍ ചെറു ബാലസാഹിത്യ കൃതികള്‍ വേദിയില്‍ ഉച്ചത്തില്‍ വായിക്കല്‍, നിര്‍ദേശിക്കുന്ന പുസ്തകമെടുത്ത് നിശ്ചിത ഭാഗം വായിക്കല്‍, സദസ് നല്‍കുന്ന വായനക്കാര്‍ഡുകള്‍ വായിക്കല്‍ എന്നിങ്ങനെയുളള പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്
      • വേദിയില്‍ വെച്ചിട്ടുളള പുസ്തകങ്ങളിലെ ആശയം പങ്കിടലും നടത്താം. ക്ലാസ് ലൈബ്രറിയില്‍ നിന്നും കുട്ടികളെടുത്തു വായിച്ചിട്ടുളള പുസ്തകങ്ങളാണ് വെക്കേണ്ടത്. അതില്‍ നിന്നും സദസ് ആവശ്യപ്പെടുന്ന പുസ്തകത്തെക്കുറിച്ച് കുട്ടികള്‍ വിവരിക്കും
      • മൂന്നു മുതലുളള കുട്ടികള്‍ ആശയം വ്യക്തമാകും വിധം ഊന്നലുകള്‍ നല്‍കിയും വേഗത ആവശ്യമായിടത്ത് നിയന്ത്രിച്ചും ഭാവം ഉള്‍ക്കൊണ്ടും ആസ്വാദ്യവായന നടത്തല്‍. കുട്ടികളുടെ ഗ്രൂപ്പിന് സംഭാഷണ പ്രാധാന്യമുളള കഥാഭാഗങ്ങളോ കഥകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്ക്രിപ്റ്റോ നല്‍കാം. ആ ഭാഗം ആസ്വാദ്യമായി വായിച്ചവതരിപ്പിക്കണം.ഓരോരുത്തര്‍ക്കും നിശ്ചിത റോള്‍ നല്‍കിയാല്‍ മതിയാകും
      • പുസ്തകം, കഥ, കവിത എന്നിവ തത്സമയം വായിച്ച് ആശയം വിശദീകരിക്കല്‍, വായിച്ച് ആസ്വാദനം , നിരൂപണം, അവലോകനം എന്നിവ അവതരിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തന സാധ്യതകള്‍ പരിഗണിക്കണം
2. ലഘുശാസ്ത്രപരീക്ഷണം
      • എല്ലാ കുട്ടികളും ഏതെങ്കിലം ലഘുശാസ്ത്രപരീക്ഷണം വേദിയില്‍ അവതരിപ്പിച്ച് അതിന്റെ ശാസ്ത്രീയത വ്യക്തമാക്കണം. മുപ്പതോ നാല്പതോ വസ്തുക്കള്‍ വേദിയില്‍ വെച്ചിട്ടുണ്ടായിരിക്കും. കുട്ടികള്‍ വന്ന് ഇഷ്ടമുളള വസ്തുക്കള്‍ ഉപയോഗിച്ച് തത്സമയം പരീക്ഷണം ചെയ്തു കാണിക്കുന്നു. അതിന്റെ തത്വം വിശദീകരിക്കുന്നു. ഒന്നാം ക്ലാസ് മുതല്‍ എല്ലാ ക്ലാസുകളിലെയും കുട്ടികള്‍ക്ക് അവസരം നല്‍കണം.
3. ഇംഗ്ലീഷില്‍ തത്സമയ വിവരണം ( വിഷയം നറുക്കിട്ടെടുക്കാം, സദസിനു നിര്‍ദേശിക്കാം. കുട്ടികളുടെ ക്ലാസ് നിലവാരം പരിഗണിച്ച് വേണം വിഷയം നിര്‍ദേശിക്കേണ്ടത് ),
4. തത്സമയ ആവിഷ്കാരങ്ങള്‍
വായനാസാമഗ്രി വായിച്ച് ആശയം വിശദീകരിക്കല്‍, തത്സമയ പ്രഭാഷണം, സംഭാഷണം. നല്‍കുന്ന പ്രമേത്തെ ആശ്പദമാക്കിയുളള സ്കിറ്റ് എന്നിവ
5 അടിസ്ഥാനഗണിതശേഷി
എല്ലാ കുട്ടികളും അടിസ്ഥാനഗണിതശേഷി ആര്‍ജിച്ചവരാണെന്ന് ബോധ്യപ്പെടുത്തുന്ന തത്സമയ പ്രവര്‍ത്തനങ്ങള്‍. ഉദാഹരണം കലണ്ടര്‍ ഗണിതം .കലണ്ടര്‍ പ്രദര്‍ശിപ്പിക്കുന്നു. കലണ്ടറിനെ ആധാരമാക്കി ചതുഷ്ക്രിയകളിലുളള കഴിവ് വ്യക്തമാക്കാന്‍ സഹായകമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയല്‍. ( അഞ്ചിന്റേയും ആറിന്റെയും ഗുണിതമായി വരുന്ന സംഖ്യകള്‍ ഈ കലണ്ടറിലുണ്ടോ?ഏത്?, മൂന്നുകൊണ്ട് നിശേഷം ഹരിക്കാവുന്ന എത്ര സംഖ്യകളുണ്ടിതില്‍? രണ്ടു സംഖ്യകള്‍ തമ്മില്‍ ഗുണിച്ചാല്‍ പതിനെട്ടു കിട്ടും. കലണ്ടറില്‍ ആ സംഖ്യകളുണ്ട് . കണ്ടെത്താമോ? കോണോടു കോണ്‍ കൂട്ടിയാല്‍ ....സംഖ്യ ഉത്തരമായി ലഭിക്കും. ഏതെല്ലാം സംഖ്യകളാണെന്നു കണ്ടെത്താമോ എന്നിങ്ങനെ സാധ്യതകള്‍)
  1. സാധ്യതയനുസരിച്ച് നടത്താവുന്നവ
    1. ണിതപസിലുകളുടെ അവതരണം
    2. നടത്തിയ ശാസ്ത്ര-സാമൂഹികശാസ്ത്രപ്രോജക്ടുകളുടെയും ഗണിതപ്രോജക്ടുകളുടെയും പങ്കിടല്‍. വിദ്യാലയത്തില്‍ പഠനത്തിന്റെ ഭാഗമായി നടത്തിയ പ്രൊജക്ടുകളുടെ കണ്ടെത്തലുകളാണ് പങ്കിടേണ്ടത്. ഉയര്‍ന്ന നിലവാരത്തിലുളള പഠനത്തിനു കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു എന്നു വ്യക്തമാക്കുന്നതിനാണ് ഇത്.
    3. കൊറിയോഗ്രാഫി
    4. പാഠപുസ്തകബാഹ്യമായ ഉളളടക്കത്തെ അടിസ്ഥാനമാക്കിയുളള തത്സമയ രംഗാവിഷ്കാരം. കഥ, കവിത എന്നിവ തത്സമയം നല്‍കും. കുട്ടികളുടെ സംഘങ്ങള്‍ക്ക് പത്തുമിനിറ്റ് ആസൂത്രണം നടത്തിയശേഷം അതിന്റെ രംഗാവിഷ്കാരം നടത്താം.
    5. പ്രാദേശിക ചരിത്രരചന നടത്തിയിട്ടുണ്ടെങ്കില്‍ പ്രധാന കണ്ടെത്തലുകളുടെ അവതരണം
    6. പൊതുപ്രസക്തമായ വിഷയത്തെ അടിസ്ഥാനമാക്കിയുളള പ്രസംഗം
    7. ഞങ്ങളുടെ പഠനം ഞങ്ങളുടെ നിലവാരം -പഠനത്തെളിവു വെച്ചുളള വിശകലനം
    8. ക്ഷണിക്കപ്പെട്ടവരുമായി തത്സമയ അഭിമുഖം ( സാധ്യതയനുസരിച്ച് ഏതു ഭാഷയില്‍ എന്നു നിശ്ചയിക്കാം)
    9. കാവ്യമാലിക ( മലയാള കവിതകള്‍ കോര്‍ത്തിണക്കിയുളള പരിപാടി എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം ഉറപ്പാക്കി)
    10. പഠനനേട്ടങ്ങളഉറപ്പാക്കി മുന്നേറുന്നവര്‍,( പഠനനേട്ടങ്ങള്‍ പരിചയപ്പെടുത്തിലും അത് ആര്‍ജിച്ചതിന്റെ തെളിവു പങ്കിടലും)
    11. ജൈവവൈവിധ്യ ഉദ്യാനവുമായി ബന്ധപ്പെട്ട അവതരണം
    12. പ്രതിഭാശേഷീപോഷണം ( ടാലന്റ് ലാബ്) അനുഭവം പങ്കിടല്‍
    13. സര്‍ഗാത്മക രചനകളുടെ അവതരണം
    14. തത്സമയം കേട്ട കഥ, കവിത എന്നിവയെ ചിത്രീകരിക്കല്‍. ഒരു കവിതയെ കഥയോ വേദിയില്‍ വായിച്ച്, ചൊല്ലി അവതരിപ്പിക്കുന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് പേപ്പര്‍ നല്‍കുന്നു. കേട്ട കഥയിലെ ഒരു രംഗം ചിത്രീകരിച്ച് അതിന് അടിക്കുറിപ്പെഴുതണം. ഈ ചിത്രങ്ങള്‍ സദസ്സിനു പരിശോധിച്ച് കവിതയുമായും കഥയുമായുമുളള പൊരുത്തം ബോധ്യപ്പെടാവുന്നതാണ്
    15. കലാപരമായ കഴിവുകളുളള കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരാള്‍ കവിത അവതരിപ്പിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് അതിന്റെ രംഗാവിഷ്കാരം നടത്താം. വേറൊരാള്‍ക്ക് അതിന്റെ തത്സമയ ചിത്രീകരണവും ആകാം.
പ്രവര്‍ത്തനക്രമം
  • വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പ്രഥമാധ്യാപകര്‍ക്ക് അറിയിപ്പ് നല്‍കണം ( മാര്‍ച്ച് പത്തിനകം)
  • ഓരോ വിദ്യാലയവും സര്‍ഗോത്സവം നടത്തുന്ന തീയതി വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ക്രോഡീകരിക്കണം.
  • എസ് ആര്‍ ജി യോഗം സ്കൂളുകളില്‍ ചേര്‍ന്ന് സര്‍ഗോത്സവ ഇനങ്ങള്‍ നിശ്ചയിക്കണം. ക്ലാസടിസ്ഥാനത്തില്‍ ഇനങ്ങള്‍ തീരുമാനിക്കണം. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുളള തന്ത്രങ്ങള്‍ രൂപപ്പെടുത്തണം
  • രക്ഷാകര്‍തൃസമിതിയോഗം ചേര്‍ന്ന് സര്‍ഗോത്സവം നടത്തുന്നതിനും സംഘാടകസമിതി രൂപീകരിക്കുന്നതിനും തീരുമാനിക്കുകയും സംഘാടകസമിതി ചേരുന്നതിനുളള ക്രമീകരണം നടത്തുകയും വേണം ( മാര്‍ച്ച് പതിനഞ്ചിനുളളില്‍)
  • സംഘാടകസമിതി നിര്‍ദേശിച്ച തീയതിക്കുളളില്‍ ചേരണം
  • കുട്ടികളുമായി മികവുത്സവം ചര്‍ച്ച ചെയ്യല്‍. അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കല്‍
  • പ്രചരണം, പങ്കാളിത്തം ഉറപ്പാക്കല്‍
  • മികവുത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തണം. ഉദ്ഘാടനച്ചടങ്ങ് പതിനഞ്ച് മിനിറ്റിലധികം നീളാതിരിക്കുന്നത് കുട്ടികള്‍ക്ക് കൂടുതല്‍ ഇനങ്ങള്‍ അവതരിപ്പിക്കുന്നതിന് സഹായകമാകും.
  • മികവുത്സവം കുട്ടികളുടെ കഴിവുകളുടെ പ്രകാശനവേദിയാണ്. വിശിഷ്ടവ്യക്തികളുടെ സാന്നിധ്യം ഉണ്ടാകണം.ആശംസാപ്രസംഗം പോലെയുളളവ ഒഴിവാക്കുകയും കുട്ടികളുടെ അവതരണങ്ങള്‍ കണ്ട് വിലയിരുത്തി സംസാരിക്കുന്നതിന് പ്രാധാന്യം നല്‍കും വിധം ക്രമീകരണം നടത്തുകയും വേണം.
  • വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇതില്‍ പങ്കെടുക്കുകയും പ്രായോഗികാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മികവുത്സവസംഘാടനം മെച്ചപ്പെടുത്തുന്നതിനുളള നിര്‍ദേശങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കുകയും വേണം

Friday, March 9, 2018

അഭിജിത്തും അരുണും പിന്നെ ഗണിതവിജയവും


ഡി വി എല്‍ പി എസ് പൂതക്കുളം സ്കൂളിലെ ശ്രീലത ടീച്ചര്‍ ഗണിതവിജയത്തെക്കുറിച്ച് എന്നോട് പറയുമ്പോള്‍ അക്കാദമികസംതൃപ്തിയുടെ പ്രകാശം ഞാന്‍ കണ്ടു

ടീച്ചര്‍ പറഞ്ഞുതുടങ്ങി
" അഭിജിത്ത്...
അവന്‍ അധികം സംസാരിക്കില്ല. ക്ലാസില്‍ പ്രതികരിക്കില്ല. ഒറ്റപ്പെട്ടുനടക്കാനിഷ്ടം, ഉച്ചഭക്ഷണസമയത്ത് ഏറ്റവും അവസാനം ഭക്ഷണം വാങ്ങാനെത്തുന്നവന്‍. അവനിലേക്കൊതുങ്ങിക്കഴിയുന്ന പ്രകൃതം
ഗണിതപരമായ പിന്നാക്കാവസ്ഥയും.
ഗണിതവിജയം പരിപാടിയില്‍ പങ്കെടുത്തതോടെ അവന്റെ രീതി ആകെ മാറി. ഉത്തരം എല്ലാവരേക്കാളും മുന്നില്‍ പറയാന്‍ അവന്‍ ഉത്സാഹം കാട്ടി. കുട്ടികളുമായി ഇടപഴകി. ഗണിതമത്സരങ്ങളില്‍ പങ്കെടുത്തു. വര്‍ക് ഷീറ്റുകള്‍ കൃത്യമായി പൂരിപ്പിച്ചു. രാവിലെ ടീച്ചറെ കാത്തു നില്‍ക്കും. "ടീച്ചറേ എന്റെ വര്‍ക് ഷീറ്റ് നോക്കിത്താ"
മൂന്നാം ദിവസം രക്ഷിതാക്കളുടെ യോഗമുണ്ടായിരുന്നു
പതിനാറ് പേരില്‍ പന്ത്രണ്ട് രക്ഷിതാക്കള്‍ എത്തി
അഭിജിത്തിന്റെ മുഖം വാടി. അവന്റെ വീട്ടില്‍ നിന്നും ആരും വന്നില്ല
വന്ന രക്ഷിതാക്കള്‍ അവരുടെ മക്കളുടെ പഠനോല്പന്നങ്ങള്‍ കൈതുകത്തോടെ നോക്കുന്നത് കണ്ട അവന്റെ കണ്ണു നിറഞ്ഞു
അഭിജിത് പൊട്ടിക്കരഞ്ഞു
"എന്താ മോനേ?” ശ്രീലത ടീച്ചര്‍ ചോദിച്ചു
"എന്റെ വീട്ടീന്നാരും വന്നില്ല.”
ടീച്ചര്‍ ഫോണ്‍ വിളിച്ചു. അവസാനം കുഞ്ഞമ്മ വന്നു
രക്ഷിതാവിന്റെ പേരിനുപകരം കുഞ്ഞമ്മയുടെ പേരെഴുതി ഒപ്പിട്ടു. അഭിജിത്തിന്റെ മുഖം പൂര്‍ണതൃപ്തി പ്രകടിപ്പിച്ചില്ല.
പിറ്റെ ദിവസം അവന്റെ ചേച്ചി അടുത്തുളള വീട്ടിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെയും കൂട്ടി വന്നു
അവന്‍ അവരെ പഠനോല്പന്നങ്ങള്‍ കാണിച്ചു. വിശദീകരിച്ചു. ശ്രീലത ടീച്ചറും അവന്റെ മാറ്റം സാക്ഷ്യപ്പെടുത്തി
ഉച്ചയായപ്പോള്‍ കുട്ടികള്‍ പറഞ്ഞു "ടീച്ചറേ അഭിജിത്തിന്റെ അമ്മ വരുന്നു"
അതെ അവന്റെ അമ്മ.!
അവന്‍ പൂര്‍ണമായി തെളിഞ്ഞു. അമ്മയെ എല്ലാ പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തി. കിട്ടിയ അംഗീകാരങ്ങള്‍ , തയ്യാറാക്കിയ ചാര്‍ട്ട്, സംഖ്യാമാലയില്‍ പൂമ്പാറ്റയെ ഇരുത്തിയത്, ബാങ്കില്‍ പോയി ചെക്ക് മാറിയത്....
അമ്മ നിറഞ്ഞു
"എന്തേ ഇന്നലെ വന്നില്ല?”ടീച്ചര്‍ ചോദിച്ചു
"അതിന്നലെ അവന്‍ വീട്ടില്‍ വന്ന് വലിയ കരച്ചിലായിരുന്നു. അടുക്കളയിലെ പാത്രങ്ങളെല്ലാം വലിച്ചെറിഞ്ഞു. തറയില്‍ വീണുരുണ്ടു. പി ടി എ യോഗത്തില്‍ ആരും വന്നില്ലാന്ന് പറഞ്ഞാണ് കരച്ചില്‍..”

അതിന്റെ ഫലമായിട്ടാണ് അമ്മയും ചേച്ചിയുമെല്ലാം സ്കൂളില്‍ വന്നത്
അഭിജിത്തിന്റെ ഗണിതതാല്പര്യവും നേട്ടവും മാറ്റവും അമ്മയ്ക് അവിശ്വസനീയമായിരുന്നു
അമ്മ കരഞ്ഞു
അതു കണ്ട അഭിജിത്തും.
ടീച്ചറുടെ കണ്ണിലും നനവ്.
2
അരുണ്‍ ഉത്സവക്കമ്പക്കാരന്‍
അരുണ്‍ സ്ഥിരമായി ക്ലാസില്‍ വരുന്ന പ്രകൃതക്കാരനല്ല. ഉത്സവമോ കല്യാണമോ വന്നാല്‍ അതിന്റെ പേരില്‍ വരില്ല.
കുട്ടികള്‍ പറഞ്ഞു "ടീച്ചറേ ഇന്ന് അരുണ്‍ വരില്ല"
"എന്തേ?”
"അത് അവരെല്ലാം ഉത്സവത്തിനു പോയി"
"കടയ്കലാ, അച്ഛന്റെ കുടുംബക്ഷേത്രത്തിലെ ഉത്സവമാ"
"ഇനി ഒരാഴ്ച അവനെ നോക്കണ്ട"
"ഇന്നലെ വൈകിട്ടാ പോയത്"
പത്തുമണി കഴിഞ്ഞപ്പോള്‍ സ്കൂള്‍ മുറ്റത്ത് ഒരു ഓട്ടോ വന്നു നിന്നു
അരുണും കുടുംബവുമാണ്
അവന്‍ അമ്പലത്തിലെ ഉത്സവത്തിനേക്കാള്‍ ഗണിതവിജയത്തിന് പ്രാധാന്യം നല്‍കി
പഠിക്കാന്‍ പോണം എന്നു നിര്‍ബന്ധിച്ചു
പത്തുമണിക്ക് മുമ്പ് സ്കൂളിലെത്തണം എന്നവന്‍ വാശിപിടിച്ചു. പിന്നെ ഓട്ടോ പിടിച്ചുപുറപ്പെടുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടിയിരുന്നില്ല ആ രക്ഷിതാക്കള്‍ക്ക്
അമ്പത് കിലോമീറ്റര്‍ ദൂരം അവന് പ്രശ്നമായില്ല
രക്ഷിതാക്കള്‍ അവന്റെ ആവശ്യം മാനിച്ചു
എല്ലാ കുട്ടികളും കൈയടിച്ച് അവനെ വരവേറ്റു
വന്ന പാടെ അവന്‍ ചുറ്റും ഒന്നു നോക്കി
എല്ലാവരുടെ കൈയിലും വര്‍ക് ഷീറ്റ്
"ടീച്ചറേ ഏനിക്കും വര്‍ക് ഷീറ്റാ താ. ഞാന്‍ വേഗം ചെയ്തുതരാം"
അവന്റെ ഉത്സാഹം , താല്പര്യം
ഇത്തരം ധാരാളം ചെറിയ അനുഭവങ്ങള്‍ പങ്കിടാനുണ്ട് ലക്ഷ്മിയുടെ കാര്യം പറയട്ടെ......”
ശ്രീലത ടീച്ചറും ആവേശത്തിലാണ്
അധ്യാപനജീവിതത്തില്‍ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ എഴുതിച്ചേര്‍ത്ത പരിപാടിയാണ് ഗണിതവിജയം എന്ന് അവര്‍ സാക്ഷ്യപ്പെടുത്തി.
ഗണിത വിജയം സംസ്ഥാനത്തെ ഓരോ ബി ആര്‍ സിയിലും നടപ്പിലാക്കി
കൊല്ലം പൂതക്കുളം പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും.
പൂതക്കുളം പഞ്ചായത്ത് മൂന്ന് നാല് ക്ലാസുകളില്‍ ഗണിതപിന്നാക്കാവസ്ഥയുളള കുട്ടികളില്ലാത്ത സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടു
തൃശൂര്‍ ജില്ലയിലെ എല്ലാ പഞ്ചായത്തിലും ഓരോ വിദ്യാലയത്തില്‍ വീതം ഗണിത വിജയം നടപ്പിലാക്കി
ജില്ല
ഗണിതവിജയം നടപ്പിലാക്കിയ വിദ്യാലയങ്ങള്‍
ഗണിതവിജയത്തിനു വിധേയരായ വിദ്യാര്‍ഥികള്‍
ഗണിതവിജയം പരിപാടി വിജയകരമായി പൂര്‍ത്തീകരിച്ചവരുടെ ശതമാനം
  1. കാസര്‍കോഡ്
7
114
75
  1. കണ്ണൂര്‍
15
220
90
  1. കോഴിക്കോട്
15
225
85
  1. വയനാട്
29
445
85
  1. മലപ്പുറം
15
241
86
  1. പാലക്കാട്
13
204
85
  1. തൃശൂര്‍
112
1750
പൂര്‍ത്തിയായില്ല
  1. എറണാകുളം
15
236
81
  1. ഇടുക്കി
8
82
97.5
  1. കോട്ടയം
13
195
87
  1. ആലപ്പുഴ
11
169
83
  1. പത്തനംതിട്ട
11
114
92
  1. കൊല്ലം
22
350
87
  1. തിരുവനന്തപുരം
12
193
78

ഗണിതവിജയം ചില അനുഭവസാക്ഷ്യങ്ങള്‍ കൂടി വായിക്കുക
1.
വട്ടത്തിലിരിക്കുന്ന കുട്ടികൾക്കു മുന്നിൽ വ്യത്യസ്ത വലിപ്പത്തിലുള്ള സംഖ്യാസ്ട്രിപ്പുകൾ കമിഴ്ത്തിവെച്ചിരിക്കുന്നു. കൂട്ടത്തിൽ നിന്ന് നാലക്ക സംഖ്യ, മൂന്നക്ക സംഖ്യ, രണ്ടക്ക സംഖ്യ, ഒരക്ക സംഖ്യ എന്നിങ്ങനെ നാലു വീതം സ്ട്രിപ്പുകൾ ഓരോ കുട്ടിയും എടുക്കണം. ഇതാണ് അധ്യാപിക നൽകിയ ടാസ്ക്. സംഖ്യകൾ എഴുതിയത് നോക്കാതെ  എല്ലാവരും സ്ട്രിപ്പുകൾ എടുത്ത് ടീച്ചറെ കാണിച്ചു.''നിർദേശിച്ചതു പോലെ തന്നെ എല്ലാവരും എടുത്തിരിക്കുന്നു."ടീച്ചർ പറഞ്ഞപ്പോഴാണ് കുട്ടികൾ എടുത്തതിന്റെ യുക്തി എനിക്ക് പിടി കിട്ടിയത്. ( നേരത്തേ പരിചയപ്പെട്ട സ്ട്രിപ്പുകൾ ആയതിനാൽ വലുപ്പം നോക്കി എത്ര അക്ക സംഖ്യയാണെന്ന് തിരിച്ചറിയാൻ അവർക്ക് കഴിയും.) ഇനി അടുത്ത ടാസ്ക് ."നിങ്ങൾക്ക് കിട്ടിയ 4 സംഖ്യകളും കൂട്ടിയാൽ കിട്ടുന്ന സംഖ്യ എത്രയാണെന്ന് കണ്ടെത്തി കണിക്കൂ.. " നിമിഷ നേരം കൊണ്ട് എല്ലാവരും സ്ട്രിപ്പുകൾ ചേർത്ത് വെച്ച് സംഖ്യ നിർമ്മിച്ചു കാണിച്ചു. എല്ലാവർക്കും ശരി! പിന്നീട് ടീച്ചർ നൽകിയ ചെറിയ കടലാസിൽ കൂട്ടിക്കിട്ടിയ സംഖ്യ എഴുതി. " .ടി.എം കൗണ്ടറിൽ നിന്ന് ഇത്രയും രൂപ എടുത്തോളൂ." ഇതായിരുന്നു അടുത്ത ടാസ്ക് .കേൾക്കേണ്ട താമസം, എല്ലാവരും ക്ലാസ്സ് മുറിയിലെ എ.ടി.എം.കൗണ്ടറിനു മുന്നിൽ ക്യൂ നിന്നു.
കൃഷ്ണശ്രീയായിരുന്നു മുന്നിൽ.1000, 100, 10, 1 എന്നിങ്ങനെ നിശ്ചിത എണ്ണം നോട്ടുകൾ എണ്ണിയെടുത്ത് അവൾ ടാസ്ക് വിജയകരമായി പൂർത്തിയാക്കിയപ്പോൾ ഞാൻ അവൾക്ക് കൈ കൊടുത്തു പറഞ്ഞു, ''Very good." ഇന്നലെ വരെ ഗണിതത്തിൽ അല്പം പിന്നാക്കമായിരുന്ന അവൾ ഇന്ന് മുന്നിലെത്തിയിരിക്കുന്നു, ഒന്നാമതായി !
 അവൾ മാത്രമല്ല  3, 4 ക്ലാസ്സുകളിലെ താരതമ്യേന പിന്നാക്കക്കാരായിരുന്ന 16 കുട്ടികളും ഇപ്പോൾ മുന്നാക്കക്കാരായിരിക്കുന്നു, സർവശിക്ഷ അഭിയാൻ ആസൂത്രണം ചെയ്ത 'ഗണിത വിജയം' ട്രൈ ഔട്ട് ക്ലാസ്സിലൂടെ
         ചെറുവത്തൂർ ബി.ആർ.സിയിലെ കയ്യൂർ ഗവ: എൽ.പി.സ്കൂളിലാണ് 4 ട്രെയിനർമാരുടെ നേതൃത്യത്തിൽ 10 നാൾ നീളുന്ന ഗണിത വിജയം പരിപാടി നടന്നു വരുന്നത്.7 ദിവസത്തെ പ്രവർത്തനങ്ങൾ പൂർത്തിയായപ്പോൾത്തന്നെ കുട്ടികൾ ഏറെ മുന്നേറിയിരിക്കുന്നുവെന്ന് അവരുടെ പ്രകടനം സാക്ഷ്യപ്പെട്ടുത്തുന്നു. ( നാരായണന്‍ ഒയോളം)
2
*ഇനി നമുക്ക് കണക്ക് പഠിച്ചാൽ മതി*
സാധാരണയായി വിദ്യാർത്ഥികൾ അലോസരമായി കാണുന്ന വിഷയമാണ് കണക്ക്. എന്നാൽ കണ്ടോത്ത് എ.എൽ.പി.സ്കൂളിലെ കുട്ടികളോട് നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ നിങ്ങൾക്ക് കണക്ക് ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ കുട്ടികൾ ഒറ്റ സ്വരത്തിൽ പറഞ്ഞു. ഞങ്ങൾക്ക് ഇനി കണക്ക് പഠിച്ചാൽ മതി. രക്ഷിതാക്കളും അധ്യാപകരും ഇത് ശരി വെച്ചു. കുട്ടികൾക്കിപ്പോൾ കണക്ക് ഏറെ ഇഷ്ടമാണ്.വീട്ടിലെത്തിയ യുടൻ ഗണിതത്തിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടേ മറ്റെ ന്തും ചെയ്യൂവെന്ന് ശിവദയുടെ അമ്മ സാക്ഷ്യപ്പെടുത്തുന്നു.
3
വന്യ വശ്യതയാൽ മനോഹരമായ എച്ചിപ്പാറ സ്കൂളിലായിരുന്നു ആദ്യ സന്ദർശനം .ഗണിത വിജയം പ്രവർത്തനങ്ങൾ തലേന്നു തന്നെ കഴിഞ്ഞിരുന്നുവെങ്കിലും RP മാർ ചില പരിഹാര ബോധനങ്ങൾക്കായി വീണ്ടുമെത്തിയിരുന്നു .പല തരത്തിൽ കുട്ടികളുമായി ആശയവിനിമയം നടത്തിയപ്പോൾ ഒട്ടുമിക്ക ഗണിത ശേഷികളും ആർജ്ജിച്ചതായി കണ്ടെത്താൻ കഴിഞ്ഞു .നാടൻ താളത്തിലുള്ള ഒരു ഗണിതപ്പാട്ടിൽ കൂടി ചോദ്യവും ഉത്തരവും മത്സരമായ് പെയ്തിറങ്ങി .ഒന്നാം ക്ലാസ്സിൽ ലൈബ്രറിയും വായന പരിശോധിക്കാൻ കയറി ആ കൊച്ചുപുലിക്കുട്ടികൾ ഞെട്ടിച്ചു കളഞ്ഞു  .നല്ല വായനക്കാരും പ്രതികരണ ശേഷിയും ജീവനുമുള്ള കുട്ടികളെ കാണാൻ കഴിഞ്ഞു. കഥയും പാട്ടും കവിതയുമായ് നേരം പോയതറിഞ്ഞില്ല. തൊട്ടടുത്ത മുറിയിൽ പരീക്ഷയാണ് എട്ടാം ക്ലാസ്സുകാർക്ക് .ഒരൊറ്റ ഹൈസ്കൂൾ അദ്ധ്യാപകർ പോലുമില്ലാതെ UP അദ്ധ്യാപകർ ഒരു വർഷക്കാലം അവരെ പഠിപ്പിച്ച് തീർത്തിരിക്കുന്നു .ജോലിഭാരത്തിന്റെ ദൈന്യത വിളമ്പുന്ന അദ്ധ്യാപകർ ഇവിടെ വന്ന് ഇതൊന്ന് കാണണം .അറിയാതെ കൈകൾ കൂമ്പിപ്പോകും ഇവരെ നമസ്ക്കരിക്കാൻ .പ്രശസ്തമായ കോടാലി സ്കൂളായിരുന്നു അടുത്തയിടം. അനുദിനം പെരുകുന്ന കുട്ടികളെ ഉൾക്കൊള്ളാൻ കഴിയാതെ വീർപ്പുമുട്ടുകയാണ് സ്കൂൾ അധികൃതർ .H M ജോസ് മാഷുടെയും അദ്ധ്യാപകരുടെയും വേവലാതികൾക്ക് മറുപടിയില്ല. പിൻതുണ മാത്രം ബാക്കി.ഗണിത ലാബിൽ ചില പരീക്ഷണങ്ങൾ നടത്തി കുട്ടികളുടെ നിലവാരം കണ്ടെത്തി .തൊണ്ണൂറ് ശതമാനം ശേഷികളും നേടിയിട്ടുണ്ട്. മടങ്ങാൻ നേരം സീതമ്മയെന്ന പരുന്തിനെ കൈയിലിരുത്തി ഓമനിക്കാനും കഴിഞ്ഞു.പ്രതീക്ഷിത നിലവാരത്തിലേക്കുയരാൻ കൊടകര GLPS ഏറെ പരിശ്രമിക്കേണ്ടി വരുന്ന കാഴ്ച്ചയാണ് അടുത്ത സെൻറ റിൽ കണ്ടത്. ചാലക്കുടി BRC യിലെ ചാലക്കുടി SH ,പോട്ട ,അന്നനാട് എന്ന സെന്ററുകൾ സന്ദർശിച്ചു. ഗണിത വിജയത്തെ അന്നനാട് സ്കൂളിലെ HM ഉം അദ്ധ്യാപകരും കുട്ടികളും ആവേശത്തോടെ ഏറ്റെടുത്ത കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മറ്റ് രണ്ട് സെന്ററുകളും ശരാശരി നിലവാരം മാത്രമേ പുലർത്തി യുള്ളു .നയിച്ചവർക്കും  പങ്കെടുത്തവർക്കും എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. ഇന്ന് യാത്രയിൽ അനുഗമിച്ച നന്ദകുമാർ മാഷ് ,ആനി ടീച്ചർ എന്നിവരുടെ സഹകരണത്തിനും ,സാന്നിദ്ധ്യത്തിനും നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു.    (പ്രകാശ് ബാബു. ജില്ല പ്രോഗ്രാം ഓഫീസർ.)

4.
നീലേശ്വരം: ഗണിതപഠനത്തിൽ കൊടുമുടി കീഴടക്കിയ ആഹ്ലാദാരവത്തോടെ കുട്ടികൾ. മക്കളുടെ ആഹ്ലാദത്തികവിൽ വിസ്മയത്തോടെ രക്ഷിതാക്കൾ. ഗണിതക്കളിമൂലയിൽ ലക്ഷ്യസ്ഥാനത്തേക്ക് കളിത്തോക്കു കൊണ്ട് വെടിയുണ്ടയുതിർത്തുംകണക്കിനെ ഇഷ്ടവിഷയമായി നെഞ്ചോടു ചേർത്തും ഗണിതവിജയം ജില്ലാതല വിജയപ്രഖ്യാപനം. സർവശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച് ലക്ഷ്യം കൈവരിച്ച ഗണിത വിജയം പദ്ധതിയുടെ ജില്ലാതല വിജയപ്രഖ്യാപനവും ട്രൈ ഔട്ട് ക്ലാസുകളുടെ പ്രദർശനവും സെമിനാറുമാണ് വിദ്യാഭ്യാസ മേഖലയിലെ പുതിയ ഉണർവിന്റെ നിദർശനമായി മാറിയത്.
  • ഗണിതത്തെ കൂടുതൽ ആസ്വാദ്യകരമായ വിഷയമാക്കിത്തീർക്കാനും പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുമായി ഈ അധ്യയന വർഷം തുടക്കമിട്ട പദ്ധതിയാണ് ഗണിത വിജയം.
  • ഗണിത ആശയങ്ങൾ കുട്ടികളിലേക്ക് എളുപ്പം കടന്നു ചെല്ലാൻ പഠനോപകരണങ്ങൾക്ക് ഏറെ സാധ്യതയുണ്ടെന്ന തിരിച്ചറിവിന്റെ ഭാഗമായി രൂപപ്പെട്ടതാണ് പദ്ധതി.
  • അതിനായി ഓരോ ബി ആർ സി പരിധിയിലെയും ഒരു എൽ പി സ്കൂളിൽ ഗണിത പ ഠ നോപകരണങ്ങൾ നിർമിച്ച് ഗണിത ലാബുകൾ ആരംഭിക്കുകയും ചെയ്തു.ജില്ലാതലത്തിൽ ബി ആർ സി പരിശീലകർക്ക് അഞ്ചു നാൾ നീണ്ട ട്രൈ ഔട്ട് ക്ലാസും തുടർച്ചയായി ജില്ലയിലെ ഏഴ് ഉപജില്ലയിലെയും ഗണിത ലാബിൽ പത്തുനാൾ നീണ്ട ട്രൈ ഔട്ട് ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതല വിജയപ്രഖ്യാപനം സംഘടിപ്പിച്ചത്.
  • സംഖ്യാബോധം, സംഖ്യാ വ്യാഖ്യാനം, സങ്കലനം,വ്യവകലനം, ഗുണനം,ഹരണം, പ്രായോഗിക പ്രശ്ന പരിഹരണം എന്നിങ്ങനെയുള്ള പഠന നേട്ടങ്ങൾ ലക്ഷ്യമിട്ടുള്ള 42 പ്രവർത്തനങ്ങൾ ഉൾപ്പെട്ടതായിരുന്നു പത്തുനാൾ നീണ്ട പാക്കേജ്.
  • എസ് എസ് എ പരിശീലകരുടെ നേതൃത്വത്തിലായിരുന്നു ഗണിത ലാബുകൾ സജ്ജീകരിച്ച് ക്ലാസുകൾ കൈകാര്യം ചെയ്തത്. ലാബിലെ പഠനോപകരണങ്ങൾ ഉപയോഗിച്ചു മാത്രമായിരുന്നു പ്രത്യേക പാക്കേജ് നടപ്പിലാക്കിയത്.
  • പ്രീ ടെസ്റ്റ്, ഇടക്കാല വിലയിരുത്തൽ, അന്തിമ വിലയിരുത്തൽ എന്നിവയ്ക്കു ശേഷം ഗണിതത്തിൽ വളരെ പിന്നോക്കക്കാരായ, ഗണിതത്തിൽ തീരെ താൽപര്യമില്ലാത്തവരുമായ 3, 4 ക്ലാസുകളിലെ വിദ്യാർഥികളിൽ പുതിയ താൽപര്യവും ഉണർവും സജീവതയും പത്തുനാൾ കൊണ്ടു തന്നെ ദൃശ്യമായതായി വിജയ പ്രഖ്യാപന ചടങ്ങിലെത്തിയ രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തി.
  • ഈ രീതിശാസ്ത്രം അടുത്ത അവധിക്കാല പരിശീലനത്തിൽ അധ്യാപകരെ പരിചയപ്പെടുത്തിയും തുടർന്ന് പരിശീലകരുടെ നേതൃത്വത്തിൽ തൽസമയ പിന്തുണയൊരുക്കിയും എല്ലാ ക്ലാസുകളിലും ഗണിത വിജയം പാക്കേജ് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
  • സർവശിക്ഷാ അഭിയാന്റെ ഈ മാതൃകാപദ്ധതി കണ്ടറിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ  തങ്ങളുടെ കീഴിലെ മുഴുവൻ വിദ്യാലയങ്ങളിലും ഗണിത ലാബ് ഒരുക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
  • പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേകശ്രദ്ധ നൽകിയും സാമ്പ്രദായിക രീതികൾക്കു പകരം താൽപര്യപ്രദമായ കളി പ്രവർത്തനങ്ങൾ ഒരുക്കിയുമാണ് ഗണിത വിജയം മുന്നേറുന്നത്.