എൻറെ ക്ലാസ്സിൽ ആകെ 24 കുട്ടികളാണ് ഉള്ളത്. ജൂലൈ രണ്ടാമത്തെ ആഴ്ച മുതലാണ് സംയുക്ത ഡയറിആരംഭിച്ചത് .അഞ്ജനയുടെ ആദ്യത്തെ ഡയറിയും ഇന്നലത്തെ ഡയറിയും ആണ് ഞാൻ പോസ്റ്റ് ചെയ്തത് തുടക്കത്തിൽ പെന്നെഴുത്തുകൾ കൂടുതലായിരുന്നു എങ്കിലും ഇപ്പോൾ അത് വളരെയധികം കുറഞ്ഞുവന്നു .ചില പേജുകളിൽ ഇല്ല എന്ന് തന്നെ പറയാം.എഴുത്തിൽ മാത്രമല്ല വായനയിലും സ്വന്തമായി കാര്യങ്ങൾ എഴുതുന്നതിലും പറയുന്നതിലും കുട്ടികൾ ഒരുപാട് മുന്നിൽ എത്തിയിട്ടുണ്ട്.
- ജൂലൈ മാസത്തിൽ 13 കുട്ടികൾ മാത്രമാണ് പൂർണമായും ഡയറി എഴുതി തുടങ്ങിയത്
- എന്നാൽ എന്നും രാവിലെ കുട്ടികളുടെ ഡയറി ക്ലാസിൽ എല്ലാവരും കേൾക്കെ വായിക്കുന്നത് ശീലമാക്കിയതോടെ 24 പേരും ഡയറി എഴുത്തിലേക്ക് കടന്നുവന്നു.
- ആദ്യത്തെ മാസങ്ങളിൽ ഡയറി ഞാൻ ക്ലാസ്സിൽ ഉറക്കെ വായിച്ചു കേൾപ്പിക്കണമായിരുന്നു.
- ഇപ്പോൾ കുട്ടികൾ പരസ്പരം ഡയറി മാറ്റി വായിക്കാൻ തുടങ്ങിയിരിക്കുന്നു.
- തുടക്കത്തിൽ ഡയറികളിൽ പെന്നെഴുത്തുകൾ കൂടുതലായിരുന്നു.പിന്നീട് ക്രമേണ പെന്നെഴുത്തുകളുടെ എണ്ണം കുറഞ്ഞുവന്നു.
എൻറെ ക്ലാസിലെ 24 കുട്ടികളെക്കുറിച്ചും അവരുടെ വീടിനെക്കുറിച്ചും വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങളെക്കുറിച്ചും, വിരുന്നുകാര്, വളർത്ത്മൃഗങ്ങൾ ,ചെടികൾ എന്ന് വേണ്ട അവരുടെ വീടിനെ കുറിച്ചുള്ള ഒരു ചിത്രം ഇന്ന് എൻറെ മനസ്സിലുണ്ട് അത് എനിക്ക് സമ്മാനിച്ചത് ഈ സംയുക്ത ഡയറിയാണ്.
ആശങ്കയുണ്ടായിരുന്നു
തുടക്കത്തിൽ ചെറിയ ആശങ്കയോടെയാണ് സചിത്രബുക്കും സംയുക്ത ഡയറിയും ക്ലാസിൽ അവതരിപ്പിച്ചത്.
രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്ന മാറ്റം
രക്ഷിതാക്കളുടെ ഭാഗത്തുനിന്നും വളരെ നല്ല പിന്തുണയാണ് കിട്ടിയിട്ടുള്ളത് .മൂന്നാം ക്ലാസിലുള്ള ഏട്ടനെക്കാളും നന്നായി ഒന്നിലെ കുട്ടി പത്രം കൂട്ടി വായിക്കാൻ ശ്രമിക്കുന്നു, വഴിയിലെ ബോർഡുകളും നോട്ടീസുകളും വായിക്കുന്നു എന്ന് CPTA യിൽ ഒരു രക്ഷിതാവ് പറഞ്ഞത് എനിക്ക് ഏറെ അഭിമാനം നൽകിയതായിരുന്നു.
ഭാഷ നന്നാവാൻ വേണ്ടി ഇന്ന് അവർ ഏട്ടനെ കൊണ്ടും ഡയറി എഴുതിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.
എൻ്റെ മകളെ ഗവണ്മൻ്റ് സ്കൂളിലേക്ക് മാറ്റി
- 10 വർഷത്തോളം ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വർക്ക് ചെയ്തതിനുശേഷം ആണ് എനിക്ക് പിഎസ്സി വഴി നിയമനം കിട്ടി പൊതുവിദ്യാലയത്തിൽ ജോലി ചെയ്യാൻ സാധിച്ചത്.
- സംയുക്ത ഡയറിയും സചിത്ര പുസ്തകവും, നമ്മുടെ ടെക്സ്റ് ബുക്കുകളും പ്രവർത്തനങ്ങളും എല്ലാം എനിക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു.
- ഒരല്പം ആശങ്കയോടെ കൂടിയാണ് ക്ലാസുകൾ തുടങ്ങിയതെങ്കിലും
- ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കടന്നുപോകുന്ന കുട്ടിക്ക് ഉണ്ടാകുന്ന മാറ്റം മനസ്സിലാക്കിയ ഞാൻ ആദ്യം ചെയ്തത് എൻറെ മകളെ ഗവൺമെൻറ് സ്കൂളിലേക്ക് മാറ്റി ചേർത്തു എന്നുള്ളതാണ്. അവളും ഇത്തരം പ്രവർത്തനങ്ങളിലൂടെ കടന്നു പോകട്ടെ.
ഒരുപാട് പ്രവർത്തനങ്ങൾ പരീക്ഷണങ്ങൾ നിരീക്ഷണങ്ങൾ നടത്തി പുതിയ പുതിയ സംയുക്ത ഡയറി പോലെയുള്ള പുത്തൻ ആശയങ്ങൾ ഞങ്ങൾ അധ്യാപകർക്ക് നൽകിയ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
ശാരി
ജി എൽ പി എസ് പുകയൂർ
മലപ്പുറം ജില്ല.
1 comment:
ആശയാവതരണത്തിലൂടെ കുട്ടി ഭാഷ ആർജിക്കുകയും എഴുത്തും വായനയും സ്വയം പഠനത്തിലോട്ട് വഴി തെളിയിക്കപ്പെടുന്നതിന്റെയും മികച്ച മാതൃകകൾ ഉറക്കെ ചർച്ച ചെയ്യപ്പെടേണ്ടതാണ് ഇപ്പോഴും അക്ഷരാവതരണമാണ് വേണ്ടതെന്ന് കൊട്ടിഘോഷിക്കുന്ന യുവ അധ്യാപകർ ഉൾപ്പെടേയുള്ളവർ ഉളളപ്പോൾ🥰🙏 പാൾ
Post a Comment