ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, December 12, 2010

പത്മിനി ടീച്ചറുടെ ഹാജര്‍ ബുക്കില്‍ ഇന്ത്യ

കഞ്ചിക്കോട്ട് സ്കൂളില്‍ എനിക്ക് പഠിക്കാനോ പഠിപ്പിക്കാനോകഴിഞ്ഞിട്ടിട്ടില്ല . അവസരം കിട്ടിയിരുന്നെങ്കില്‍..ആഗ്രഹത്തിന് ഒരു കാരണം ഉണ്ട് അതിനു പത്മിനി ടീച്ചര്‍ ചൂണ്ടു വിരലിനു തന്ന കുറിപ്പ് വായിക്കൂ..

"ഇന്ത്യ എന്റെ രാജ്യമാണ് -എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. "
സ്കൂളില്‍ ഈ പ്രതിജ്ഞ ഏറ്റു ചെല്ലുന്നത് കഞ്ചിക്കോട്ടുകാരായ അഷിതയും അക്ഷയയും അജ്മലും ജോസും പരിമളവും മാത്രമല്ല,നേപ്പാളികളായ ബീനാ ഥാപ്പയും ഗാമന്‍ സിംഗും ബീഹാരികളായ അഫസാനാ കാത്തുനും ഗുഡുവും ജ്ജാര്ഖണ്ട് കാരായ ബികാസും ചന്ദനും ഉത്തര്‍ പ്രദേശുകാരായ മതുബാലയും ഖുശ്ബുവും ഒറീസ്സക്കാരായ ഗീതാസാഹുവും സുനില്‍ പാണ്ടെയും...അങ്ങനെ അങ്ങനെ ഓട്ടേറപ്പേര്‍ ...
മുക്തി തന്റെ സ്വര്‍ഗരാജ്യത്തിലെക്കെന്റെ നാടൊന്നു ഉണരണേ ദൈവമേ ..എന്ന ടാഗോറിന്റെ വരികള്‍ മനസ്സില്‍ തട്ടി ചൊല്ലുന്നതും അവര്‍ തന്നെ .
ഇത് പാലക്കാട്- കഞ്ചിക്കോട് സര്‍ക്കാര്‍ എല്‍ പി സ്കൂളിലെ മാത്രം കാഴ്ചയാകാം.
രാവിലെ എട്ടേ മുക്കാല്‍ മണിയാകുമ്പോഴേക്കും ജാഗരന്‍ സജീവമാകും.അതാണ്‌ ഉത്തരേന്ത്യന്‍ സംഘത്തിന്റെ പഠന വീട്.അവരുടെ മാതൃ ഭാഷയിലൂടെ- മലയാളത്തിലേക്ക്- വിദ്യാലയത്തിലേക്ക്‌ -സമൂഹത്തിലേക്കു..നാല്പതിലധികം കുട്ടികള്‍.
വ്യക്തിശുചിത്വത്ത്തില്‍ തുടങ്ങി.ജീവിക്കുന്ന ചുറ്റുപാടിനെക്കുരിച്ചു ബോധവത്കരണം. ദിനചര്യകള്‍.പെരുമാറ്റ രീതികള്‍, എല്ലാം ക്രമേണ കണ്ടും കേട്ടും അറിഞ്ഞും പഠിക്കാന്‍ അവസരം ഒരുക്കി.ഇന്നവര്‍ തീര്‍ത്തും ഈ വിദ്യാലയത്തിലെ അരുമകളായി മാറിക്കഴിഞ്ഞു.
റൊട്ടിയും സബ്ജിയും ശീലിച്ചവര്‍ സാമ്പാറിന്റെ, പുഴുക്കലരി ചോറിന്റെ രുചിയില്‍ മലയാളം പഠിച്ചു.
രുചി ഭേദങ്ങളില്‍ ആദ്യം പൊരുത്തപ്പെടാതെ പകച്ചു നിന്നവര്‍ "ടീച്ചര്‍ ഇത്തിരി സാമ്പാര്‍ കൂടി.. നാളെ പായസം ഉണ്ടോ "..എന്നിങ്ങനെ ആഗ്രഹം പറയാന്‍ തുടങ്ങി.
പത്ത് വയസ്സുകാരനായ റോഷന്‍ രണ്ടാം ക്ലാസില്‍.അവന്‍ എല്ലാവരുടെയും റോഷേട്ടന്‍.!ഗേറ്റിനു പുറത്ത് പോകുന്നവര്‍, ഭക്ഷണം കളയുന്നവര്‍, പ്ലാസ്ടിക് ഇടുന്നവര്‍, ചെടികള്‍ നശിപ്പിക്കുന്നവര്‍..എല്ലാവര്ക്കും രോഷേട്ടനെ പേടി.അവര്‍ക്കറിയാം സ്കൂളിന്റെ നന്മയ്ക്കായി റോഷന്റെ കണ്ണുണ്ടെന്നു.
കാലുകള്‍ക്ക് സ്വാധീനക്കുറവുള്ള മൂന്നാം ക്ലാസുകാരി രാധ നന്നായി ചിത്രം വരയ്ക്കും.അവളും സ്കൂളിലെ ചേച്ചിതന്നെ.അഫ്സാനു കാത്തൂനും പഠനത്തില്‍ മുന്നില്‍ .
ഇടവേളകളില്‍ സാലമ ശുക്കൂരാണ് താരം.ചുറ്റും പൊതിഞ്ഞു കുട്ടികള്‍ ഉണ്ടാവും.അപ്പോഴാണ്‌ വളകളും മാലകളും മുടിച്ചുറ്റുകളും വിതരണം.മൈലാഞ്ചി അണിയിക്കലും.അവള്‍ ഇപ്പോള്‍ നാലില്‍.ഇംഗ്ലീഷിലും കണക്കിലും മിടുക്കി.
മേളകളില്‍ പങ്കടുത്തു തിളങ്ങും ഇവര്‍.
"മലയാളത്തില്‍ "സ്നേഹിക്കാനും പിണങ്ങാനും വഴക്കിടാനും അവര്‍ പഠിച്ചു കഴിഞ്ഞു.(അതാണല്ലോ ഒരു ഭാഷയുടെ ഉടമസ്ഥതയുടെ അടയാളം)
ബാലസഭകളില്‍ ഉത്തരേന്ത്യന്‍ നൃത്തവും പാട്ടും.നാടന്‍ പാട്ടിന്റെ താളപ്പോലിമ.ഉച്ചയ്ക്കുള്ള സ്കൂള്‍ റേഡിയോ പരിപാടിയില്‍ തമിഴും മലയാളവും ഹിന്ദിയും ബംഗാളിയുമെല്ലാം കൊഴുക്കും.

എങ്ങനെയാണിവരെല്ലാം ഈ സ്കൂളില്‍ എത്തിയത്.?
കുറഞ്ഞ കൂലിയും മോശമായ ജീവിത ചുറ്റുപാടും .കഞ്ചിക്കോട് വ്യവസായ മേഖലയിലെ തൊഴിലാളി ജീവിതം.ഉടമയുടെ(?) വീടിനോട് ചേര്‍ന്നുള്ള ചെറിയ ഇടങ്ങളില്‍ വാടകയ്ക്ക് താമസം.ആണുങ്ങള്‍ ചോര നീരാക്കി പണിയെടുക്കുമ്പോള്‍ നാലും അഞ്ചും മക്കളെയും കൊണ്ട് വീട് നോക്കുന്ന ചെറുപ്പക്കാരികളായ അമ്മമാര്‍. കുട്ടികള്‍ ഇപ്പോഴും നാട്ടുകാര്‍ക്ക് ശല്യക്കാര്‍.അല്ലറ ചില്ലറ മോഷണം. പാന്‍മസാല, വഴക്കിടല്‍, പരിസരം വൃത്തികേടാക്കല്‍ ‍..
ഇവരെ പറ്റി ഈ പ്രദേശത്തുകാരുടെ പരാതികള്‍.അതാണ്‌ ഞങ്ങളുടെ ശ്രദ്ധ ഇവരിലെത്താന്‍ കാരണം.
അവരെ വിദ്യാലയത്തില്‍ എത്തിക്കണം.
അവരുടെ താമസ സ്ഥലത്തെത്തി.ഹിന്ദിയില്‍ നോട്ടീസ് അച്ചടിച്ച്‌ വിതരണം ചെയ്തു.അപ്പോഴാണ്‌ അറിയുന്നത് അവര്‍ക്ക് വായിക്കാന്‍ അറിയില്ലെന്ന്.! പിന്നീടു ഓരോ വീടും കയറി ഇറങ്ങി.അവര്‍ക്ക് ഭാഷ ഒരു പ്രശ്നമായിരുന്നു.ഞങ്ങള്‍ക്കും.
വീടുകളില്‍ ചാരായവും കഞ്ചാവും കലഹവും ദാരിദ്ര്യവും കൂടി താമസിക്കുന്നുണ്ടായിരുന്നു .
അവര്‍ക്ക് മക്കളെ പഠിപ്പിച്ചാല്‍ കൊള്ളാം എന്നാഗ്രഹം തുടങ്ങി.
എന്നും സ്കൂളില്‍ പോകുന്ന മലയാള ക്കാഴ്ചയും അവരെ സ്വാധീനിചിട്ടുണ്ടാവും.ഒപ്പം അയല്‍ക്കാര്‍ മക്കളെ ശപിക്കുന്നതും.പിന്നെ ഞങ്ങളുടെ വരവും.മനസ്സ് സ്കൂളിലേക്ക് ചാഞ്ഞു.അപ്പോള്‍ പുതിയ പ്രശ്നം.ഫീസ്‌, യൂണിഫോം ,പുസ്തകം,ഭാഷ, യാത്ര, ആഹാരം...അതൊക്കെ പരിഹരിക്കാമെന്ന് ഏറ്റു
നാട്ടുകാരില്‍ ഉള്ള വിശ്വാസം.അതായിരുന്നു ഞങ്ങളുടെ വാഗ്ദാനത്തിനു പിന്നില്‍.
ഒക്കത്ത് കുഞ്ഞുങ്ങളുമായി ഗര്‍ഭിണികളായ അമ്മമാര്‍ കുട്ടികളെയും കൂട്ടി വരാന്‍ തുടങ്ങി.സ്കൂളില്‍ അന്യ ഭാഷകള്‍ കലപില കൂട്ടി.അഡ്മിഷന്‍ അത് ഒരു ഗണിത പ്രശ്നം.എട്ടും ഒമ്പതും വയസ്സുകാരാന് വരുന്നത്..ജനനത്തീയതി അറിയില്ല.ഹോളി, ബീഹു, ദീപാവലി, ദാസര, മഴക്കാലം, മഞ്ഞുകാലം ചൂടുകാലം ..ഇങ്ങനെ പിറവിയുടെ കാലങ്ങളെ ഹരിച്ചും കൂട്ടിയും ഞങ്ങള്‍ അവര്‍ക്ക് ജന്മദിനം കൂടി സമ്മാനിച്ചു.
പിന്നെ ജാഗരന്‍ ആരംഭിച്ചു.ഭാഷയുടെ ഇടത്താവളം.
സ്കൂളില്‍ ഇപ്പോള്‍ അവര്‍ക്ക് തുല്യ പരിഗണന .
അവര്‍ സ്കൂളില്‍ ഒപ്പമുണ്ട് എല്ലാ കാര്യങ്ങളിലും.
അവരെ പറ്റി നാട്ടുകാര്‍ക്ക് ആര്‍ക്കും പരാതികള്‍ ഇപ്പോള്‍ ഇല്ല.
ആ കുട്ടികള്‍ ആകെ മാറിപ്പോയിരിക്കുന്നു.
---------------------------------------
പത്മിനി ടീച്ചറായിരുന്നു സ്കൂളിനെ നയിച്ചത്.
പെന്‍ഷനായി.
ട്രെയിനില്‍ വെച്ച് ടീച്ചറെ കണ്ടു റിയാലിറ്റി ഷോയ്ക്ക് കുട്ടികളെയും കൂട്ടി തിരുവനന്തപുരത്തെക്കു വരുന്നു.
ടീച്ചറുടെ മനസ്സിലാണ് സ്കൂള്‍.സ്കൂള്‍ മനസ്സില്‍ ടീച്ചറും.
ഒരു ഇന്ത്യാക്കാരനും അറിവ് നിഷേധിച്ചു കൂടാ എന്ന സന്ദേശം
ടീച്ചറെ രാജ്യം ആദരിച്ചു.ചൂണ്ടു വിരല്‍ അഭിമാനത്തോടെ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു

4 comments:

SK JAYADEVAN KAVUMBAYI said...

KANCHIKODE LP SCHOOL INDIAYUDE NERCHITHRAM THANNE....PADMINI TEACHER-KKU BHAVUKANGAL....

രമേശ്‌അരൂര്‍ said...

ആഹാ.... ഗുരു പറഞ്ഞത് പോലെ ഏവരും സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത് ..
ഇത്തരം നൂറു നൂറു സ്കൂളുകള്‍ എമ്പാടും ഉണ്ടാകട്ടെ :)

SREEJA S. said...

ഒറ്റ വാക്കിലോ ,ഒരു വാക്യത്തിലോ ഒരു അഭിപ്രായം എഴുതാന്‍ കഴിയുന്നില്ല .....
ഒരു അഭിപ്രായം എഴുതിയാല്‍, അത് ആ നന്മയുടെ ആഴം കുറച്ചു കളഞ്ഞാലോ എന്നൊരു ഭയം ....

കലാധരന്‍.ടി.പി. said...

നന്മ നിറഞ്ഞ അധ്യാപകര്‍ എല്ലയിടത്തും ഉണ്ടാകണം.അവരെ കണ്ടെത്തി പരിചയപ്പെടുത്താന്‍ ചൂണ്ടുവിരല്‍ ഉപയോഗിക്കൂ.നന്മ വ്യാപിക്കട്ടെ