ഭാഷാപഠനത്തിന്റെ ഭാഗമായ അനുഭവവിവരണത്തിന്റെ സവിശേഷകള്‍ (
കഴിഞ്ഞ ലക്കം ചൂണ്ടു വിരലില്‍ )കുട്ടികളുടെ പക്ഷത്ത് നിന്നും നാം നോക്കി കണ്ടു.അവര്‍ക്ക് വ്യക്തത വരത്തക്ക രീതിയില്‍ രചനയുടെ അനുഭവം ഒരുക്കണം.അതിനാല്‍ അനുഭവ വിവരണത്തിന്റെ ക്ലാസ് റൂം പ്രക്രിയ എന്തെന്ന് ചര്‍ച്ച ചെയ്യുന്നത് പ്രയോഗം ഫലപ്രദമാക്കാന്‍ സഹായിക്കും. ലേഖനത്തില്‍ ഓരോ കുട്ടിക്കും ഉയര്‍ന്ന ശേഷി ഉണ്ടാവണം എന്ന ലക്‌ഷ്യം മുന്നില്‍ കാണണം.അത് ടീച്ചര്‍ എഴുതി കൊടുക്കുന്നത് പകര്‍ത്തി എഴുതല്‍ ആവരുത്.സ്വന്തം ഭാഷ വികസിപ്പിക്കാന്‍ പിന്തുണ നല്‍കലാണ്
വേണ്ടത്.
അനുഭവ വിവരണ സന്ദര്‍ഭം ശക്തമാണോ ?
ഇവിടെ കഥയില്‍ ഒരിടത്ത് വെച്ച് അമ്മത്താറാവിനെ ഉപേക്ഷിച്ചു കഥാകൃത്ത് കുട്ടിത്താറാവിനെയും കൊണ്ട് മുന്നോട്ടു പോയി.എന്നിട്ട് നാം അതെല്ലാം വിസ്മരിച്ചു യാന്ത്രികമായി അവര്‍ തമ്മില്‍ കണ്ടു മുട്ടിയാല്‍ എന്ത് പറയും എന്നാണു ടീച്ചര്‍ ചോദിക്കുന്നത്, ഇങ്ങനെയാണോ വേണ്ടത്?
ആ കഥയില്‍ ഇടപെടണം.വളരെ ശക്തമായ ഒരു കൂടിക്കാഴ്ച്ചയാക്കി മാറ്റണം.
ഇങ്ങനെ ആയാലോ?
.."അമ്മാത്താറാവു കുഞ്ഞു താറാവിനെ മക്കളെ ഏല്പിച്ചിട്ട് പോയി.തിരികെ വന്നപ്പോള്‍ കുഞ്ഞു താറാവിനെ കാണാനില്ല. എന്റെ പുന്നാര താറാവു എവിടെ? അമ്മ ചോദിച്ചു.."ആ.. ഞങ്ങള്‍ കണ്ടില്ലേ എല്ലായിടവും അന്വേഷിച്ചു..എങ്ങും കണ്ടില്ലമ്മേ" താറാകുഞ്ഞുങ്ങള്‍ കള്ളം പറഞ്ഞു.
പാവം അമ്മ കുഞ്ഞുതാറാവിനെ തിരക്കി ഇറങ്ങി. കാടും മേടും കയറി നോക്കി .രാവെളുക്കോളം അലഞ്ഞു.കണ്ടില്ല.അമ്മയ്ക്ക് സങ്കടം.എന്നും കുഞ്ഞിനെ തിരക്കി ഇറങ്ങും . ഒരു ദിവസം ഒരു തോട്ടു വക്കില്‍വെച്ചു അമ്മാത്താറാവു രണ്ടു കുട്ടികളെ കണ്ടു.മക്കളെ എന്റെ താറാ കുഞ്ഞിനെ കണ്ടോ?
അവര്‍ അടയാളം ചോദിച്ചു അമ്മ പറഞ്ഞു.(വ്യക്തി വിവരണം ആവശ്യമെങ്കില്‍ പറ്റിയ സന്ദര്‍ഭം.)
അത് കേട്ട കുട്ടികള്‍ പറഞ്ഞു ഈ തോട്ടിലൂടെ ഒഴുകി പോയി
അമ്മ തോട്ടിലൂടെ നീന്തി നീന്തി ഒരു വലിയ തടാകത്തില്‍ എത്തി.നീല തടാകം.
അവിടെ ധാരാളം അരയന്നങ്ങള്‍ നീന്തി കളിക്കുന്നു.
എന്റെ oകുഞ്ഞു...അമ്മ നോക്കി ഇല്ല ഏവിടെങ്ങും ഇല്ല.അമ്മ വിഷമത്തോടെ .ക്വാ..ക്വാ കരഞ്ഞു.മടങ്ങി.
അപ്പോള്‍ അമ്മയുടെ മുമ്പില്‍ ഒരു പക്ഷി ചിറകടിച്ചു പറന്നിറങ്ങി.ഒരു അരയന്നം!.അത് വിളിച്ചു "അമ്മേ"
അമ്മത്താറാവിനു ഒന്നുംമാനസ്സിലായില്ല .അരയന്നം പറഞ്ഞു:" അമ്മെ ഞാനാണ് അമ്മയുടെ പുന്നാര കുഞ്ഞു താറാവ്."
അതിനു നീ അരയന്നംല്ലേ.എന്നെ കളിയാക്കുന്നോ.?"
അപ്പോള്‍ ആ അരയന്നം നീല തടാകത്തില്‍ വെച്ചുണ്ടായ അനുഭവം അമ്മയോട് വിവരിച്ചു..."
ചിന്തയുടെ വഴിഒരുക്കല്‍ നിര്‍ദേശങ്ങള്‍
അനുഭവം വിവരിക്കേണ്ട ശക്തമായ ഒരു സന്ദര്‍ഭം ഒരുക്കി.ഇനി നിങ്ങള്‍ എഴുതൂ എന്ന് പറഞ്ഞാലും അത് അനുഭവ വിവരണം ആയി പിറക്കില്ല.അധ്യാപികയുടെ മനസ്സില്‍ ചില സൂചകങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ട് കുട്ടികള്‍ എഴുതി പരാജയപ്പെടുമ്പോള്‍ അവ ദാനം ചെയ്യുന്ന രീതിയല്ല വഴികാട്ടല്‍.ചിന്തയുടെ വഴി തിരിച്ചു വിടാനും വഴിയില്‍ വെളിച്ചം നല്‍കാനും കഴിയുന്ന നിര്‍ദേശങ്ങള്‍ ഉണ്ടാവണം.
- നോക്കൂ, നിങ്ങളാണ് ആ കുഞ്ഞരയന്നമെങ്കില്‍ എങ്ങനെയാവും പറഞ്ഞിട്ടുണ്ടാവുക.? കുഞ്ഞരയന്നമായി സ്വയം സങ്കല്പിച്ചു ആലോചിച്ചേ..(ഇവിടെ ഒരു സൂചകം നിര്‍ദേശ രൂപത്തില്‍ അവതരിപ്പിച്ചു .സ്വാഭാവികതയോടെ..എന്നാലും കുട്ടികള്‍ സംഭവങ്ങള്‍ മാത്രം എഴുതാനാനിട.അത് മറികടക്കണം.)
- അമ്മയോട് അനുഭവങ്ങളാണ് പറഞ്ഞത്.അനുഭവം എന്ന് വെച്ചാല്‍ എന്താ നിങ്ങള്‍ മനസ്സിലാക്കിയത്.ഉദാഹരണത്തിന്.നിങ്ങള്‍ ഓടിയപ്പോള്‍ വീണു കാലു മുറിഞ്ഞു.ഇത് സംഭവം അപ്പോള്‍ അനുഭവിച്ചതെന്താ..അക്കാര്യം നിങ്ങള്‍ അമ്മയോട് പറയുന്നതെങ്ങനെ?(.......) ഇത് പോലെ ഉണ്ടായ സന്തോഷം,സങ്കടം,പേടി ഇവയൊക്കെ അനുഭവവിവരണത്തില്‍ എഴുതണ്ടേ(അടുത്ത ഒരു സൂചകം കൂടി.മറ്റുള്ളവ പിന്നീടൊരു ഘട്ടത്തില്‍ ).എങ്കില്‍ കുഞ്ഞരയന്നമായി സ്വയം സങ്കല്പ്പിചെഴുതൂ..
വ്യക്തിഗത രചന
ഇനി വ്യക്തിഗത രചന. അതിനുള്ള സമയം. വീണ്ടും ഓര്‍മ്മിക്കുക എഴുത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ ഉണ്ടാവാം .എങ്കില്‍ സഹായിക്കാനുള്ള സമയം.എങ്ങനെ സഹായിക്കും?
അവരുടെ അടുത്ത് ചെല്ലണം.
ടീച്ചര്‍ നല്‍കിയ നിര്‍ദേശം ആ കുട്ടി മനസ്സിലാകിയത് എങ്ങനെ എന്നറിയണം.(വ്യക്തത വരുത്തണം )
അവള്‍/അവന്‍ ചിന്തിച്ചത് കേള്‍ക്കണം.
അത് എഴുതാന്‍ പ്രചോദിപ്പിക്കണം
എഴുതാന്‍ തടസ്സമുണ്ടെങ്കില്‍ അറിയാവുന്ന രീതിയില്‍ എഴുതൂ.ടീച്ചര്‍ സഹായിക്കാം എന്ന് പറയണം
അറിയാവുന്ന വാക്കുകള്‍,അക്ഷരങ്ങള്‍ ഇവ ഉപയോഗിചെഴുതിയത്.കുട്ടി വായിക്കണം.
അത് ടീച്ചര്‍ തെറ്റില്ലാതെ എഴുതിക്കൊടുക്കണം ഈ എഴുത്ത് കുട്ടി കാണണം.(എഴുതല്‍ രീതിയുടെയും വായനയുടെയും പരിശീലനം കൂടിയാണിത്.).കുട്ടിയുടെ ആശയം ഭാഷാ രീതി ഇവ മാനിക്കണം.
ടീച്ചര്‍ എഴുതിയത് മോന്‍/മോള്‍ എഴുതിയത്/പറഞ്ഞത് തന്നെ .ഒന്ന് വായിച്ചേ..വായിപ്പിക്കണം.
പാഠം തുടങ്ങുമ്പോള്‍ മുതല്‍,ആദ്യ വായനയുടെ ഘട്ടം മുതല്‍ നാം ഇവരെ സഹായിക്കുന്നുണ്ട്.(വായന എന്തല്ല എന്ന ലക്കം നോക്കുക.അതിനു
ഇവിടെ ക്ലിക്ക് ചെയ്യൂ)
അനുഭവ വിവരണം ഗ്രൂപ്പ് പ്രക്രിയ
ഗ്രൂപ്പില്‍ നടക്കേണ്ട പ്രക്രിയ സംബന്ധിച്ച് അധ്യാപികയ്ക്ക് നല്ല ധാരണ ഉണ്ടാവണം.മൈക്രോ പ്രോസസ് പാലിച്ചുള്ള നിര്‍ദേശങ്ങള്‍ ക്രമത്തില്‍ നല്കണം.
- എന്തെല്ലാം അനുഭവങ്ങളാണ് വിവരിക്കാനുള്ളത്?പരിഗണിക്കാവുന്നതു?.ഒരാള്‍ ഒന്ന് വീതം പല റൌണ്ട്.(എല്ലാവര്ക്കും അവസരം.)
- അതില്‍ ഏറ്റവും പ്രസക്തമായത് ഏവ?(ഉദാ: ഈ കഥാ സന്ദര്‍ഭത്തില്‍ അമ്മയോട് നിശ്ചയമായും പറയേണ്ട കാര്യം/കാര്യങ്ങള്‍ )എന്ന് തീരുമാനിക്കുന്നു.
- നന്നായി എഴുതിയതെന്നു ഓരോരുത്തര്‍ക്കും തോന്നിയ ഒരു അനുഭവ ഭാഗം ഓരോ ആളും അവതരിപ്പിക്കുന്നു
- അതില്‍ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുന്നു
- അത് പൊതുവായി സ്വാംശീകരിച്ച,വ്യക്തത കൈ വന്ന സൂചകങ്ങള്‍ പ്രകാരം വിശകലനം ചെയ്യുന്നു.അതിനായിഈ സന്ദര്‍ഭത്തില്‍ മറ്റു സൂചകങ്ങളും (ക്ലാസ് നിലവാരത്തിനു അനുസൃതമയവ ) പരിചയപ്പെടുത്താം /ഉരുത്തിരിചെടുക്കാം
- (ഓരോ സൂചകവും പ്രൂപ്പില്‍ വ്യാഖ്യാനിച്ചു മനസ്സിലാക്കണം.അധ്യാപികയുടെ സഹായം തേടാം.)
- അവ കണക്കിലെടുത്ത് , പരിഗണിച്ച അനുഭവഭാഗം മെച്ചപ്പെടുത്തുന്നു.കൂട്ടുല്പന്നമാക്കുന്നു.(കൂട്ടുല്പന്നം ഓരോരോത്തരുടെയും ബുക്കില്‍ കൂടി എഴുതണം( പ്രയോജനം-.ഒരാള്‍ എഴുതുമ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധ മാറിപ്പോകില്ല.എഴുത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടിക്ക് എഴുത്തനുഭവം. അവരുടെ ധാരണയുടെ രേഖപ്പെടുത്തല്‍ .വളര്‍ച്ച ബോധ്യപ്പെടാനുള്ള തെളിവ്.)
- ഗ്രൂപ്പുകള്‍ സ്വന്തം ചാര്‍ട്ടില്‍ എഴുതുന്നു.(പിന്നോക്കം നിക്കുന്ന കുട്ടിക്ക് എഴുതല്‍ രീതി വായന എന്നിവയുടെ അനുഭവം)
- തിരിച്ചറിവുകള്‍ ഓരോരുത്തരും പങ്കു വക്കുന്നു. ഇനി ഞാന്‍ എഴുതുമ്പോള്‍ എന്തെല്ലാം കൂടി ഉള്‍ചേര്‍ക്കും എന്നും
- ഓരോ ആളും സ്വന്തം രചന കൂടുതല്‍ മെച്ചപ്പെടുത്തുന്നു.(വ്യക്തിഗതം )ഈ സമയവും ടീച്ചര്‍ സഹായം ആവശ്യമുള്ളവരുടെ അടുത്ത് എത്തണം.സഹായിക്കണം.
- ഗ്രൂപ്പുകള്‍ കൂട്ടുല്‍പ്പന്നം പ്രദര്‍ശിപ്പിക്കുന്നു.
- സൂചകങ്ങള്‍ പ്രകാരം പരസ്പരം വിശകലനം നടത്തുന്നു.സൂചകങ്ങള്‍ ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കണം.ഓരോ സൂചകവും എടുത്തു എല്ലാ ഗ്രൂപ്പുകളില്‍ നിന്നും ഉദാഹരണം തേടി സൂചകങ്ങള്‍- വ്യക്തത വരുത്തല്‍ സ്വയം സാധ്യത തിരിച്ചറിയാന്‍ അവസരം ഒരുക്കല്‍
- സൂചകങ്ങള്‍ക്ക് വഴങ്ങുന്ന ടീച്ചര്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നു.
- തിരിച്ചറിവുകള്‍ പങ്കിടുന്നു .ഫീട്ബാക് ശേഖരിക്കുന്നു.
- എഡിറ്റിംഗ്
അനുഭവ വിവരണം ആദ്യം എഴുതുമ്പോള്‍ ഉള്ള ഗ്രൂപ്പ് പ്രക്രിയയുടെ ഉദാഹരണമാണ് ഇവിടെ നല്‍കുന്നത്.അടുത്ത തവണ ഗ്രൂപ്പ് പ്രക്രിയയില്‍ മാറ്റം വരും.കുട്ടിയുടെ ധാരണ,മുന്നനുഭവം,ക്ലാസ് രേഖകള്‍ ഇവയൊക്കെ പരിഗണിച്ചാണ് സൂക്ഷ്മപ്രക്രിയ തീരുമാനിക്കേണ്ടത്.ഗ്രൂപ്പ് പ്രവര്‍ത്തനം പഠനത്തിന്റെ അടുത്ത പടവാണെന്നു ഓര്‍മിക്കണം.
സ്വയം ഒന്നെഴുതി നോക്കാതെ കുട്ടികളോട് എഴുതാന്‍ ആവശ്യപ്പെടുന്ന അധ്യാപകര്‍ ഉണ്ടാവും ആ പാത നമ്മള്‍ ഉപേക്ഷിക്കണം.ചിന്തയുടെ വഴി തിരിച്ചറിയാന്‍ ,പ്രയാസങ്ങള്‍ മുന്‍ കൂട്ടി കണ്ടു ഭേദഗതി വരുത്താന്‍ നാം ആ അനുഭവത്തില്‍ പ്രവേശിക്കണം.
ഇനിയും ചിലത് കൂടി ഉണ്ട് പങ്കിടാന്‍ .
അത് നിങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ആകട്ടെ.