ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, April 25, 2020

ലതാഭായി ടീച്ചറുടെ 1997 ലെ അധ്യാപനക്കുറിപ്പുകള്‍ക്ക് ഇപ്പോഴും തിളക്കം

1998 ലാണ് ഈ അധ്യാപനക്കുറിപ്പുകള്‍ എനിക്ക് കിട്ടുന്നത്. കോവളം ലേ ട്രെയിനിംഗ് സെന്ററില്‍ വെച്ച്.
എന്റെ ശേഖരത്തില്‍ ഇതുപോലെ അക്കാദമികത്തിളക്കമുളള പല രേഖകളും ഉണ്ട്. ഡയറ്റില്‍ ജോലി ചെയ്യുന്ന ആള്‍ എന്ന നിലയിലും വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയിലും പ്രധാനപ്പെട്ടതാണിവ. പുതിയ പാഠ്യപദ്ധതി നടപ്പിലായപ്പോള്‍ ഒരു വിഭാഗം അധ്യാപകര്‍ കണ്ണടച്ചെതിര്‍ത്തു. മറ്റൊരു വിഭാഗം ആസ്വദിച്ചു പഠിപ്പിച്ചു. ആസ്വദിച്ചു പഠിപ്പിച്ചവരുടെ ക്ലാസില്‍ മാറ്റമുണ്ടായി. അങ്ങനെ പഠിപ്പിച്ച ലതാഭായി ടീച്ചറുടെ ടീച്ചിംഗ് മാന്വല്‍ നോക്കൂ

 


 പ്രക്രിയാപരമായി ആശയാവതരണ രീതിയുടെ  എല്ലാ ഘട്ടങ്ങളും പാലിച്ചിട്ടുണ്ട്. വ്യവഹാരരൂപം- വാക്യം- പദം- അക്ഷരം- പദം- വാക്യം- വ്യവഹാരരൂപം എന്നിങ്ങനെയായിരുന്നു അന്നത്തെ ധാരണ.  ഈ വിനിമയ പ്രക്രിയയുടെ ഫലം ടീച്ചര്‍ തന്റെ അധ്യാപനക്കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നു.
വടിവൊത്തെ കൈയക്ഷരത്തിലാണ് എഴുത്ത്
ചിട്ടയോടെ എഴുതിയിരിക്കുന്നു
എന്റെ ഫയലില്‍ ഈ അമൂല്യ ലേഖ അങ്ങനെ ഇരുന്നിട്ടെന്തു കാര്യം? ഞാനത് ഇന്നലെ പി ഡി എഫ് രൂപത്തിലാക്കി വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കിട്ടു
രതീഷ് സംഗമവും ജിതീഷും അത് അവരുടെ ബ്ലോഗില്‍ കൊടുക്കാനാണ് തീരുമാനിച്ചത്. പൗലോസും നൗഫലും അധ്യാപക ഗ്രൂപ്പുകളിലേക്ക് കൈമാറി.
കാസറ്‍കോടുളള മഹേഷ് ഗ്രേറ്റ് എന്ന് വിശേഷിപ്പിച്ചു. ആ ടീച്ചര്‍ ഇപ്പോഴും കാസര്‍കോട് വര്‍ക്ക് ചെയ്യുന്നു ഫോണ്‍ നമ്പര്‍ നോക്കട്ടെ എന്നും മഹേഷ്.
അനൂപ് ടീച്ചറെ കണ്ടെത്തി ഈ രേഖ കൈമാറി
1998 ടീച്ചറുടെ മുന്നിലേക്ക് ഓര്‍ക്കാപ്പുറത്തെത്തി
ടീച്ചര്‍ എനിക്ക് പ്രതികരണം തന്നു
"സന്തോഷം
അത്ഭുതം"
ടീച്ചര്‍ അക്കാലം ഓര്‍ത്തെടുത്തു
"വിറയലോടെയായിരുന്നു ഞാൻ  ഒരു സംഘം  കുട്ടികളുടെ  മുമ്പിലേക്ക് ചെന്നത്. പക്ഷേ, വേഗം സമനില നേടി  പഠിപ്പിക്കേണ്ടത് യ എന്ന അക്ഷരം പരിചയപ്പെടുത്തുകയാണ് .രസകരമായ ഒരു കഥയാണ് ഞാൻ അവതരിപ്പിച്ചത് ചെറിയ ചോദ്യങ്ങൾ. അവയുടെ ഉത്തരങ്ങൾ ബോർഡിൽ എഴുതി .കഥ പറഞ്ഞ് തീർന്നപ്പോൾ ബോർഡില്‍ യ ഉൾപ്പെടുന്ന പദങ്ങൾ ചേർന്ന് അഞ്ചാറ് ചെറു വാക്യങ്ങൾ അവരുടെ വായന, പദങ്ങൾ കണ്ടെത്തി വായന, അക്ഷരം വട്ടത്തിലാക്കല്‍, പദ നിർമ്മാണം, വാക്യ നിർമ്മാണം,  എഴുത്ത് ,ഗൃഹപാഠത്തിൽ ക്ലാസ് അവസാനിച്ചു .നീണ്ടു നിന്ന കരഘോഷം കേട്ടപ്പോഴാണ്  ഹാളിലെ അധ്യാപകർക്കും 
ഡി പി ഇ പി യുടെ ഭാഗമായി കോട്ടിക്കുളം ജി എഫ് യു പി സ്കൂളിൽ വച്ച് വെച്ച് ശ്രീ കെ ടി വി  നാരായണൻ മാഷ് , ശ്രീ രാമചന്ദ്രൻ മാഷ്, ശ്രീ സോമരാജൻ മാഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിന്റെ മൂന്നാം ദിവസമായിരുന്നു സ്കൂള്‍ അധ്യാപികയായ ഞാൻ പുതിയ രീതിയില്‍ ട്രൈ ഔട്ട് ക്ലാസ്സ് എടുത്തത്.
അതിനെ തുടർന്ന് ഗവൺമെൻറ് വെൽഫെയർ എൽ പി സ്കൂൾ പള്ളിക്കര എന്ന ഞങ്ങളുടെ വിദ്യാലയം ഡയറ്റ് മായിപ്പാടിയുടെ ലാബ് സ്കൂൾ പോലെയായി സ്വദേശികളും  വിദേശികളും ഒക്കെ നിരന്തരം വരുന്നു .ക്ലാസ് നിരീക്ഷിക്കുന്നു. അതിഥികളെ ഹെഡ്മാസ്റ്റർ ശ്രീ കണ്ണൻ മാഷ്, രാജേശ്വരി ടീച്ചർ സീത ടീച്ചർ എന്നിവർ വളരെ വളരെ സന്തോഷത്തോടെ സ്വീകരിച്ചിരുന്നു"
ടീച്ചറുടെ ക്ലാസിലെ അത്ഭുതകരമായ മാറ്റം  ശ്രദ്ധിച്ചവര്‍  അത് അക്കാദമിക പ്രവര്‍ത്തകരുടെ മുമ്പാകെ അതു പങ്കാടാനാഗ്രഹിച്ചു. അങ്ങനെയാണ് ഈ അധ്യാപനക്കുറിപ്പുകള്‍ എന്റെ പക്കലെത്തുന്നത്. ഞാന്‍ ഒരു ഫോട്ടോകോപ്പി എടുത്തു. തുടര്‍ന്നു സംസ്ഥാനത്ത് നടന്ന അധ്യാപക പരിശീലനത്തില്‍ ഇത് പ്രയോജനപ്പെടുത്തി. കോഴിക്കോട്ടെ ജി രവിമാഷ് ഇന്നലെ ഈ ടീച്ചിംഗ് മാന്വല്‍ കണ്ടപ്പോള്‍ ഈ പരിശീലനത്തില്‍ ഞാനും പങ്കെടുത്തിരുന്നുവെന്ന് ഓര്‍മിച്ചു. അതെ ആര്‍ക്കും മറക്കാനാകില്ല. അത്രയ്ക് ശക്തമായ തെളിവായിരുന്നു ഈ അധ്യാപനക്കുറിപ്പ്.
2
പാഠ്യപദ്ധതി വിവാദം  കത്തിക്കയറി. അപ്പോള്‍ സര്‍ക്കാര്‍ ഒരു കമ്മറ്റിയെ നിയോഗിച്ചു. എല്ലാ പ്രധാന അധ്യാപകസംഘടനകളുടെയും പ്രതിനിധികള്‍, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍, ഡോ. ശ്രീദേവി, ഡോ രവിശങ്കര്‍, ഡോ . സിപി അരവിന്ദാക്ഷന്‍, ഡോ എന്‍ എ കരീം, സി പി നാരായണന്‍, കെ ടി രാധാകൃഷ്ണന്‍, ഡോ വേദമണിമാന്വല്‍ തുടങ്ങിയവരും ഞാനും ആ കമ്മറ്റിയംഗങ്ങളായി. വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കാതെ തീരുമാനം എടുക്കരുതെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. ലതാഭായിയെപ്പോലെ ഒത്തിരി അധ്യാപകരുണ്ട്. അവരുടെ ക്ലാസുകളെക്കുറിച്ച് ഞാന്‍ പറഞ്ഞു. ആരു വിദ്യാലയം തെരഞ്ഞെടുക്കും?. മുന്‍കൂട്ടി നിശ്ചയിക്കരുതെന്ന് പ്രതിപക്ഷ അധ്യാപകസംഘടനകള്‍. അത് എല്ലാവരും അംഗീകരിച്ചു. ഉപജില്ലകള്‍ അവര്‍ നിര്‍ദേശിക്കും. അതാകട്ടെ ജില്ലകളിലെത്തിയതിനു ശേഷം. ഉപജില്ലാ ഓഫീസറില്‍ നിന്നും സ്കൂള്‍ ലിസ്റ്റ് വാങ്ങി അവര്‍ നിര്‍ദേശിക്കുന്ന നാലു വിദ്യാലയങ്ങള്‍ വീതം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ടീമുകളായി എനിക്ക് കാസറകോഡും വയനാടുമാണ് കിട്ടിയത്. പളനിമാഷും എടത്താട്ടില്‍ മാധവന്‍ മാഷും സിപി നാരായണനും ഞാനുമടങ്ങുന്ന ടീം. വിദ്യാലയങ്ങളിലെത്തി ക്ലാസ് റൂം പ്രക്രിയ കാണുകയും അധ്യാപകരില്‍ നിന്നും പ്രതികരണങ്ങള്‍ ശേഖരിക്കുകയുമാണ് രീതി
കമ്മറ്റിയംഗങ്ങളുടെ സന്ദര്‍ശനമെല്ലാം കഴിഞ്ഞ് തിരുവനന്തപുരത്ത് യോഗം
 ആ യോഗത്തില്‍, പാഠ്യപദ്ധതിയെക്കുറിച്ച്  വിമര്‍ശനമുന്നയിച്ച അധ്യാപകസംഘടനകള്‍ ക്ലാസുകളിലുണ്ടായ പുരോഗമാനാത്മകമായമാറ്റത്തെക്കുറിച്ചാണ് ഏറെ സംസാരിച്ചത്. എങ്കിലും പാഠപുസ്തകം വിമര്‍ശനാത്മകമായി പരിശോധിക്കണമെന്നും കുടുതല്‍ മെച്ചപ്പെടുത്തണമെന്നും ധാരണയായി. ആര്‍ക്കും അതില്‍ എതിരില്ലായിരുന്നു. രസകരമായ സംഗതി ഇതേ പ്രതിപക്ഷ അധ്യാപകസംഘനകള്‍ എസ് യു സി ഐ സംഘടിപ്പിച്ച തിരുവനന്തപുരം സെമിനാറില്‍  സ്കൂളില്‍ പോയപ്പോള്‍ കണ്ടകാര്യം മറച്ചുവെച്ച് സംസാരിച്ചു. ഞാന്‍ അവരെ ഇരുത്തി റിപ്പോര്‍ട്ട് വായിച്ച് അവതരിപ്പിച്ച് ചോദിച്ചു "ഇത് നമ്മളെല്ലാം കൂടി എഴുതിയതല്ലേ എന്നിട്ടെന്തേ അത് മറച്ചുവെക്കുന്നു?” അവര്‍ നിശബ്ദരായി . ആ സെമിനാര്‍ സംഘാടകരെ നിരാശപ്പെടുത്തി. എ വൈ എഫ് സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചും സമാനസംഭവം ഉണ്ടായി. ഡോ എന്‍ എ കരീം മാഷ് അതില്‍ സംസാരിക്കുന്നു. ഞാനുമുണ്ട്. എനിക്കറിയാം മാഷ് എസ് യു സി ഐ വേദികളില്‍ എടുക്കുന്ന നിലപാട്. അതിനാല്‍ ഈ റിപ്പോര്‍ട്ട് ഉദാഹരിച്ചാണ് ഞാന്‍ സംസാരിച്ചത്.  കരീംമാഷ് ആ യോഗത്തില്‍ ഒന്നുമേ സംസാരിച്ചില്ല. മോഡറേറ്ററെന്ന നിലയില്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ എല്ലാവരും പറഞ്ഞതിതാണ് എന്നു സൂചിപ്പിച്ച് അവസാനിപ്പിച്ചു.
ഇതൊക്കെ ഇവിടെപ്പറയാന്‍ കാരണം ഒരു അക്കാദമിക പ്രവര്‍ത്തകന് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപകുന്നതിന് സഹായകം ഫീല്‍ഡ് അനുഭവങ്ങളാണ്. ലതാഭായി ടീച്ചര്‍ ഇവിടെയാണ് പ്രസക്തയാകുന്നത്.
അന്നത്തെ ഒന്നാം ക്ലാസ് പാഠപുസ്തകത്തിലെ ചില പാഠങ്ങള്‍ ഇവിടെ പങ്കിടാം.

 "കോട്ടയത്തിന്  അപ്പുറം കണ്ടിട്ടില്ലാത്ത  എനിക്ക് കോവളം  ലേ ട്രെയിനിങ് സെന്ററിൽ  ഡി പി ഇ പി പ്രൊജക്ടിൻ്റെ ഭാഗമായ   പലപല ശിൽപശാലകളിലും പങ്കെടുക്കാൻ പിന്നീട് അവസരം ലഭിച്ചു. സി എം ബാലകൃഷ്ണൻ മാഷ്, കെഎം ഉണ്ണികൃഷ്ണൻ സാർ എന്നിവര്‍ നയിച്ചിരുന്ന  ആ പരിപാടികളിൽ  ടിപി കലാധരൻ സാർ,  എം കെ  വിജയകുമാർ സർ, കെ കെ രാഘവൻ  മാഷ് ,എം തമ്പാൻ മാഷ് , കെ ആർ.അശോകൻ മാഷ്, എം വി ഗംഗാധരൻ മാഷ് തുടങ്ങിയ പ്രഗത്ഭരായ അധ്യാപകരുടെ നിര.  അവരുടെ സംവാദങ്ങൾക്കിടയിൽ ഞങ്ങൾ കുറച്ചുപേർ ക്ലാസ് റൂം അനുഭവങ്ങളും പങ്കിട്ടു. അധ്യാപനത്തിന് കൂടുതൽ തെളിച്ചം കിട്ടാനും പഠനം തുടരാനും  അത്തരം പ്രതിഭാധനരുടെ കൂടെയുളള ഒത്തുചേരൽ പ്രേരണയായി
ഞാന്‍ ക്ലാസില്‍ പരമാവധി പഠനോപകരണങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കാനും ശ്രമിച്ചു.  ക്ലാസ് റൂം ചുമരുകള്‍   നിറഞ്ഞു.  ഓരോ കുട്ടിക്കും പഠനോപകരണ കിറ്റ് നൽകി  ഒരിക്കൽ കെ ടി പി പി നാരായണൻ മാഷ് വരുമ്പോൾ അപ്പോൾ പിന്നാക്കക്കാരെ ഞാൻ ഞാൻ തറയിൽ ഇരുത്തി എഴുതിക്കുകയായിരുന്നു എത്ര ശ്രമിച്ചിട്ടും  മാറ്റം വരാത്ത  ഫൈറൂസ ഇന്നും മനസ്സിലുണ്ട് .തൊട്ടടുത്ത ആഴ്ച നാരായണൻ മാഷ് വന്നത് അത് ഇരുകയ്യിലും തൂക്കിപ്പിടിച്ച് വലിയ സഞ്ചികളുമായാണ് .അവയിൽ നിറയെ   കാർഡ് ബോർഡ്  പെട്ടികൾ ആയിരുന്നു . പഠനോപകരണങ്ങള്‍. പിന്നാക്കക്കാരെ പരിശീലിപ്പിക്കാനുളളവ.
ഒരു ദിവസം സം പതിവുപോലെ പോലെ ക്ലാസ് നടക്കുകയാണ് അപ്പോൾ ഒരു വാഹനം വന്ന് ഓഫീസിന്റെ മുൻപിൽ നിർത്തി
എൻ സി ഇ ആർ ടി , ഡയറ്റ് ,ലോകബാങ്ക്  എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികളാണ്  വന്നിരിക്കുന്നത് .അവർ എൻറെ ക്ലാസിൽ കയറി ഇരിപ്പുറപ്പിച്ചു ഞാൻ ഞാൻ ക്ലാസ്സ് തുടങ്ങി .കഥ ആരംഭിച്ചു കുട്ടികളാകട്ടെ  വന്നവരെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ട്.  പക്ഷേ പെട്ടെന്ന് അവർ കഥയിൽ ലയിക്കാന്‍ തുടങ്ങി ചെറിയ ചോദ്യങ്ങൾചോദിച്ചു. അവരുടെ  ഉത്തരങ്ങൾ പൂർണ്ണ വാക്യങ്ങളായി ഞാന്‍ ബോർഡിൽ എഴുതി വായനയായി. പദം കണ്ടെത്തൽ ,അക്ഷരങ്ങൾ തിരിച്ചറിയൽ .  നിർമിച്ച പദങ്ങൾ ബോർഡിൽ വന്ന് ചിലർ എഴുതി. പെട്ടെന്ന്  ഒരു വിദേശി  കുട്ടികളുടെ അടുത്തുചെന്നു .എഴുതിയ പദങ്ങൾ വായിക്കാൻ  ആവശ്യപ്പെട്ടു ഫൈറൂസയുടെയും മുൻപിൽ ചെന്നു .അവൾ പന പനി എന്ന് വായിച്ചു
സായിപ്പ് കുട്ടികളെ  പുറം തട്ടിയും കൈ കൊടുത്തും ഗുഡ് പറഞ്ഞും അനുമോദിച്ചു
കൊച്ചു കുട്ടികൾ  എന്നെ നോക്കി ചിരിച്ചു .
അതിഥികൾ തിരിച്ചുപോയി  ഫൈറൂസ അപ്പോൾ എന്റെയടുത്തേക്ക് അതാ ഓടി വരുന്നു 
"ടീച്ചറേ  സായ്പ് തെറ്റല്ലേ വായിച്ചിനി? “
"എന്താണ് മോളെ?”
 "പന്നി എന്നല്ലേ ഓറ് വായിച്ചേ? “
ആദ്യം ചിരി വന്നെങ്കിലും ഞാൻ ഏറെ സന്തോഷിച്ചു
എന്റെ ഫൈറൂസ വേഗം പഠിച്ചല്ലോ.”
ലതാഭായി ടീച്ചര്‍ ഇപ്പോള്‍ കാസറകോട് കമ്പല്ലൂര്‍ ഗവ ഹയര്‍സെക്കണ്ടറിയിലെ അധ്യാപികയാണ്.
ട്രെയിനർ മാർക്കും മുമ്പിൽ ആണെന്ന തിരിച്ചറിവ് ഉണ്ടായത് ഏറെ പ്രശംസിക്കപ്പെട്ട അന്നത്തെ ആ ക്ലാസ് ഒരുപക്ഷേ  എന്റെ അധ്യാപന ജീവിതത്തിലെ  വഴിത്തിരിവായി എന്നു പറയാം
ഇത്രയും നാള്‍ അമൂല്യമായി ഞാനിത് സൂക്ഷിച്ചു. കാസറകോട് ബേക്കല്‍ പളളിക്കര ഗവ വെല്‍ഫെയര്‍ സ്കൂളിലെ ലതാഭായി ടീച്ചറുടെയാണീ അധ്യാപനക്കുറിപ്പുകള്‍.

 








3 comments:

RADHAKRISHNAN C K said...

അധ്യാപനത്തോടുള്ള ആത്മാർത്ഥതയും, ഭാഷാ സ്നേഹവും, സ്വയംനവീകരിക്കാനുള്ള സന്നദ്ധതയുമാണ് ഈ അധ്യാപികയെ വ്യത്യസ്തയാക്കുന്നത്.

RADHAKRISHNAN C K said...

അധ്യാപനത്തോടുള്ള ആത്മാർത്ഥതയും, ഭാഷാ സ്നേഹവും, സ്വയംനവീകരിക്കാനുള്ള സന്നദ്ധതയുമാണ് ഈ അധ്യാപികയെ വ്യത്യസ്തയാക്കുന്നത്.

jayasree.k said...

സമാനമായ അനുഭവങ്ങള്‍ ഉള്ളതിനാല്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണര്ത്തിയ പോസ്റ്റ്‌ . ഡി പി ഇ പി യില്‍ പെടാത്ത എറണാകുളം ജില്ലയില്‍ 1997 ഒക്ടോബര്‍ മാസത്തില്‍ സര്‍വീസില്‍ കയറിയ ഞാന്‍ ഡി പി ഇ പി ട്രൈ ഔട്ട്‌ ചെയ്യുന്ന ഒരു സ്കൂളില്‍ ഒരു നിയോഗം പോലെ ജോയിന്‍ ചെയ്തതും ആ ആഴ്ച തന്നെ ഡയറ്റില്‍ പരിശീലനത്തിന് പോയതും എന്‍റെ ക്ലാസ് നിരീക്ഷിക്കാന്‍ ഡയറ്റ് അധ്യാപകന്‍ വന്നതും 1998 ല്‍ കേരളം മുഴുവന്‍ പരിഷ്ക്കരിച്ച രീതിനടപ്പിലാക്കിയപ്പോള്‍ അധ്യാപക പരിശീലക ആവാന്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഒപ്പിട്ട ഉത്തരവ് കിട്ടിയപ്പോള്‍ പേടി കൊണ്ട് മാത്രം പരിശീലന രംഗത്തേക്ക് കടന്നു വന്ന ഒരു തുടക്കക്കാരിയുടെ ആശങ്കകളും എല്ലാം ഓര്‍മയില്‍ തെളിയുന്നു . ഡയറ്റിന്‍റെ നേതൃത്വത്തില്‍ നടന്ന അധ്യാപക പരിശീലകയുടെ റോള്‍ തികച്ചും എന്നെ വാര്‍ത്തെടുക്കാന്‍ എന്നെ സഹായിച്ചു .ഒരു സെഷന്‍ എടുക്കണം എങ്കില്‍ ചിലപ്പോള്‍ എട്ടും പത്തും മണിക്കൂര്‍ ആസൂത്രണം ആണ് ഡി ആര്‍ ജിപരിശീലനത്തിന് ശേഷം ജെയിംസ്‌ സര്‍ നടത്തിയിരുന്നത് .ഒരു സെഷനില്‍ ഒരാള്‍ക്ക് കീ റോള്‍ , ബാക്കി ഉള്ളവര്‍ പൊതു തീരുമാനം അനുസരിച്ച് ഇടപെടണം എങ്കില്‍ ആവാം .ജെയിംസ്‌ സര്‍ എല്ലാം നിരീക്ഷിച്ചും കുറിച്ച് വച്ചും ആവശ്യമുള്ള സന്ദര്‍ഭത്തില്‍ മാത്രം ചില ചോദ്യങ്ങള്‍ ചോദിച്ചോ വിശദീകരിച്ചോ മുഴുവന്‍ സമയവും അവിടെ കാണും . ഓരോ ദിവസവും വിശകലന ചര്‍ച്ചകള്‍ .1998 അവധിക്കാല പരിശീലനത്തിലെ രണ്ടാം ബാച്ച് പ്രധാന അധ്യാപകരുടെ ആയിരുന്നു . ഭാഷാ സമീപനം ചര്‍ച്ച ചെയ്യന്ന സെഷനുകള്‍ എനിക്ക് ആയിരുന്നു .കാല്‍ മുട്ട് കൂട്ടി ഇടിച്ചാണ് അവിടെ നിന്നിരുന്നത് . ആറു മാസത്തെ സര്‍വീസ് ഉള്ള ഞാന്‍ എങ്ങനെ പ്രധാന അധ്യാപകര്‍ക്ക് ക്ലാസ് എടുക്കും എന്ന ന്യായം ഒഴിവാവാന്‍ പറഞ്ഞപ്പോള്‍ ജെയിംസ്‌ സര്‍ പറഞ്ഞ മറുപടി ഇന്നും ഓര്‍ക്കുന്നു ." കൃത്യമായ ധാരണയും ആസൂത്രണവും അവതരണ മികവുംകൊണ്ട് സര്‍വീസിനെ മറികടക്കാന്‍ കഴിയും ." പൊന്നമ്മ ടീച്ചര്‍ ,സുരേഷ് സര്‍ , ജയ ടീച്ചര്‍ തുടങ്ങി പ്രഗത്ഭരായ ഒരുപാട് പേര്‍ എറണാകുളം ഡയറ്റില്‍ അക്കാലത്തു ഉണ്ടായിരുന്നു . ഒരു ബാച്ആചില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ , മാതൃകാ പ്രൊജക്റ്റ്‌ എന്നിവ ഒന്നും അടുത്ത ബാച്ചില്‍ ഉപയോഗിക്കാതെ നിരന്തരം അന്വേഷിക്കാനും ചെയ്തു നോക്കാനും പ്രേരണ അന്നുമുതല്‍ തുടങ്ങി .പിന്നെ എല്ലാ മാസവും ഉള്ള ക്ലാസ് തല ക്ലസ്റ്റരില്‍ എല്‍ പി യിലെ എല്ലാ ക്ലാസ്സുകളിലെയും ഉദാഹരണങ്ങളും സംശയങ്ങളും ചര്‍ച്ച ചെയൂന്നതു കൊണ്ട് പിടിച്ചു നില്‍ക്കാന്‍ വേണ്ടി എല്ലാ ക്ലാസ്സുകളിലും അന്വേഷണങ്ങളും പഠനങ്ങളും നടത്തിയിരുന്നു . അതെ വര്‍ഷം സ്ലാപ് സംസ്ഥാന തല പരിശീലനത്തില്‍ വച്ചാണ് ആനന്ദന്‍ മാഷെ കാണുന്നതും രണ്ടാം ഭാഷാ സമീപനത്തെ കുറിച്ച് പഠിക്കുന്നതും .അന്ന് ഞങ്ങളുടെ ബാച്ച് തയ്യാറാക്കിയ പ്രോസെസ്സ് ഡോക്യുമെന്റ് ഗുണമേന്മ കൊണ്ട് ഒ എം എസ് സര്‍ എല്ലാ പങ്കാളികള്‍ക്കും പ്രിന്റ്‌ എടുത്തു ഒരു വായന സാമഗ്രി ആയി നല്‍കിയത് ഇപ്പോഴും കയ്യില്ലുണ്ട് .ഭാഷാ സമീപനത്തെ കുറിച്ച് ആഴത്തില്‍ പഠിക്കാനും ഗവേഷണങ്ങള്‍ നടത്താനും ഒരു പ്രൈമറി ടീച്ചര്‍ ആയിരുന്ന എനിക്ക് കഴിഞ്ഞത് അക്കാലത്തെ അനുഭവങ്ങളും തിരിച്ചറിവുകളും തന്നെയാണ് എന്ന് പറയാതെ വയ്യ .