ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, April 6, 2020

ഓണ്‍ലൈന്‍ ക്ലാസ് പി ടി എ യുടെ സാധ്യതയും എന്റെ മലയാളം നല്ല മലയാളം പരിപാടിയും

കേരളത്തില്‍ ഒരു പക്ഷേ ആദ്യ സംഭവമായിരിക്കും. അവധിക്കാല ഓണ്‍ലൈന്‍ ക്ലാസ് പി ടി എ.

ഏപ്രില്‍ അഞ്ചാം തീയതി വൈകിട്ട് ഏഴുമണിക്ക് ക്ലാസ് പി ടി എ നടന്നു.
തലേദിവസം തന്നെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ അറിയിപ്പ് നല്‍കി.
അജണ്ടയും മുന്‍കൂട്ടി നല്‍കി
കേരളത്തിലെ വിവിധ ജില്ലകളിലുളള രക്ഷിതാക്കള്‍ ഒരേ സമയം ഒരേ അജണ്ട പ്രകാരം സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്ലാസ് പി ടി എയില്‍ പങ്കെടുക്കുകയായിരുന്നു.
ഇത് എങ്ങനെയായിത്തീരുമെന്ന് ചില അധ്യാപകര്‍ ആശങ്കപ്പെട്ടു. രക്ഷിതാക്കള്‍ക്കാകട്ടെ എന്താ സംഭവിക്കാന്‍ പോകുന്നതെന്നതിലുളള ജിജ്ഞാസയും. അഭിമാനവും ആഹ്ലാദവും സമ്മാനിച്ചാണ് ക്ലാസ് പി ടി എ അവസാനിച്ചത്.
അതിന്റെ അജണ്ട ഇപ്രകാരമായിരുന്നു
എന്റെ മലയാളം നല്ല മലയാളം
Online Class PTA
5/4/ 2020 ഞായർ 7 pm.
അജണ്ട
➡️ സ്വാഗതവും ആമുഖവും - എന്റെ മലയാളം ടീച്ചർ .
➡️ വിശദീകരണം - കലാധരൻ മാഷിന്റെ കുറിപ്പ് ( എന്റെ മലയാളം ടീച്ചർ അവതരിപ്പിക്കും )
➡️ ചർച്ച, അനുഭവങ്ങൾ പങ്കുവെയ്ക്കൽ
➡️ പ്രതികരണം ( രക്ഷിതാക്കൾ )
➡️ മറുപടി - എന്റെ മലയാളം ടീച്ചർ
➡️ നന്ദി - എന്റെ മലയാളം കുട്ടി. ഒരു കുട്ടിയോട് മുൻകൂട്ടി തയ്യാറെടുക്കാൻ പറയണം (നന്ദിയുടെ Voice കേൾപ്പിക്കാം )
സംഘാടനം
ടീച്ചേഴ്സ് ക്ലബ് കോലഞ്ചേരിയുടെ മെന്റര്‍ ടീച്ചര്‍മാര്‍ നേരിട്ടു നടത്തുന്ന ക്ലാസ് പിടിഎയും എന്റെ മലയാളം നല്ല മലയാളം പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്ത എണ്‍പത് അധ്യാപകര്‍ തങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ രക്ഷിതാക്കളെ പങ്കെടുപ്പിച്ചു നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ് പി ടി എയും.
1,2 കുഞ്ഞു മലയാളത്തിന് പായിപ്ര ഗവ യു. പി സ്കൂളിലെ കെ എം നൗഫൽ മാഷും
3, 4 ക്ലാസുകൾക്ക് പുറ്റുമാനൂർ ഗവ യു പി സ്കൂളിലെ ജാസ്മിൻ കെ ജോസഫും
യു പി ക്ലാസുകൾക്ക് മലപ്പുറം തിരൂർ ഏഴൂർ എം ഡി പി എസ് യു പി സ്കൂളിലെ ടി റീഷ്മ ടീച്ചറും CBSE UP, HS  വിഭാഗം  ക്ലാസുകൾക്ക് വയനാട് മേപ്പാടി എരുമക്കൊല്ലി ഗവ യു പി സ്കൂളിലെ ബി എസ് അനീഷ ടീച്ചറും  ആയിരുന്നു മെന്റർമാര്‍ .
ഞാനും അതില്‍ പങ്കാളിയായി
ഓണ്‍ലൈന്‍ ക്ലാസ് പി ടി എ എനിക്ക് ഏറെ സംതൃപ്തിയും ആവേശവും നല്‍കി. മെന്റര്‍ ടീച്ചര്‍മാരുടെ അവതരണത്തെത്തുടര്‍ന്ന് സജീവമായ ചര്‍ച്ച നടന്നു.
ഒരു രക്ഷിതാവ് പറഞ്ഞത് ശ്രദ്ധേയമായ കാര്യമായി എനിക്ക് തോന്നി
"ടീച്ചറേ, കുട്ടികളെ സഹായിക്കണം സഹായിക്കണമെന്ന് സ്കൂളില്‍ നിന്നും പറയും. സ്കൂളില്‍ എന്താ നടക്കുന്നതെന്ന് രക്ഷിതാക്കള്‍ക്ക് അറിയില്ല. പിന്നെങ്ങനെ സഹായിക്കും? ഇവിടെ കൃത്യമായ മോഡ്യൂളുണ്ട്. അത് ഞങ്ങള്‍ക്കും ലഭിക്കുന്നു. ഞാന്‍ കുട്ടികളോടൊപ്പം നില്‍ക്കുന്നു. എനിക്ക് രണ്ട് കുട്ടികളാണ് ഈ പരിപാടിയിലുളളത് . അതിനാല്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു.
മറ്റൊരാള്‍ പറഞ്ഞതിങ്ങനെ
"അമ്മ ഇന്ന് കൃത്യമായി ക്ലാസ് പി ടി എയില്‍ പങ്കെടുക്കണമെന്നു് കുട്ടി പറഞ്ഞു. ഇന്ന് മഴ പെയ്തപ്പോള്‍ സ്വന്തമായി വാക്യങ്ങളുണ്ടാക്കിപ്പറയുന്നതു കേട്ടു. മഴ, നല്ല മഴ, ശക്തമായ മഴ, മഴ പെയ്തപ്പോള്‍ മണ്ണിന്റെ മണം, നല്ല മണം എന്നൊക്കെ ഈ രീതിയില്‍ വിശേഷണം ചേര്‍ത്താ പറച്ചില്‍. നല്ല രസമുളള പരിപാടി. എനിക്കും താല്പര്യം.”
അടുത്തൊരാളുടെ പ്രതികരണം
"ഇത്രയും എഫര്‍ട്ട് എടുത്ത് സര്‍ വീട്ടിലേക്ക് വിളിച്ചത് ഇന്നുവരെ കുട്ടിക്കില്ലാത്ത അനുഭവം. ഇതുവരെ ഒരു ടീച്ചറും അവളെ വിളിച്ചിട്ടില്ല. വളരെ സന്തോഷം അവളുടെ മുഖത്ത്, ഈ മൂന്നു നാലു ദിവസം കൊണ്ടുതന്നെ പൗലോസ് മാഷും നൗഫല്‍മാഷും കുട്ടിയുടെ മനസില്‍ സ്ഥാനം പിടിച്ചു. ഒരുപാട് സന്തോഷം"

"ഇതുവരെ ടീച്ചര്‍മാരില്‍ നിന്നും എന്റെ കുട്ടിക്ക് ഇതുപോലെ അഭിനന്ദനമോ പ്രോത്സാഹനമോ ലഭിച്ചിട്ടില്ല. എത്രയോ കാലത്തെ പരിചയമുളളതുപോലെയാ നിങ്ങളെക്കുറിച്ച് അവള്‍ സംസാരിക്കുന്നത്!”

ഒന്ന് ,രണ്ട് കുഞ്ഞുമലയാളം
ഈ ഗ്രൂപ്പില്‍ മലപ്പുറം , കോഴിക്കോട് ,കണ്ണൂർ ,കോട്ടയം വയനാട് ,തിരുവനന്തപുരം , പാലക്കാട് ,ആലപ്പുഴ ,എറണാകുളം എന്നീ 9 ജില്ലകളിലെ കുട്ടികളുടെ രക്ഷിതാക്കളാണ് പങ്കെടുത്തത് . നൗഫല്‍ മാഷിന്റെ വിലയിരുത്തല്‍
" ഇന്നത്തെ class PTA യിൽ 100 % പങ്കാളിത്തമുണ്ടായി. ആകെയുള്ള 40 കുട്ടികളിൽ 40 രക്ഷിതാക്കളും സജീവമായി പങ്കെടുത്തു എന്നുള്ളത് Mentor എന്ന നിലയിൽ ഏറെ ആവേശം നൽകുന്നു. ഇതുവരെ നൽകിയ 21 പ്രവർത്തനങ്ങളെക്കുറിച്ചും ഭാഷാ ശേഷികൾ, കുട്ടിക്ക് എളുപ്പമായതും പ്രയാസകരവുമായ മേഖലകൾ, കലാധരൻ സാറിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ എന്നിവയും ഗ്രൂപ്പിൽ ചർച്ച ചെയ്തു. 8 pm ന് തുടങ്ങിയ Meeting 10.45 വരെ നീണ്ടു. ( ഇടിയും മിന്നലും കാരണം പലര്‍ക്കും നെറ്റ് തടസ്സപ്പെട്ടതാണ് ഇത്രയും നീളാന്‍ കാരണം ). സാധാരണ ക്ലാസ് PTA യിൽ നിന്നും വേറിട്ട അനുഭവങ്ങളാണ് ഈ class PTA സമ്മാനിച്ചതെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. 40 കുട്ടികളിൽ 25 രക്ഷിതാക്കൾ അധ്യാപകരുകൂടിയാണ്. പഠനത്തെളിവുകളുടെ നേരനുഭവങ്ങൾ ബോധ്യപ്പെട്ടത് ആകാംക്ഷ ഉളവാക്കിയെന്ന് ഓരോരുത്തരും അഭിപ്രായപ്പെട്ടു. ഒന്ന് , രണ്ട് ക്ലാസുകളില്‍ പഠിപ്പിക്കുന്ന 6 അധ്യാപകർ സ്കൂള്‍ ഗ്രൂപ്പുകളിലും സമാനമായ രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസ് പി ടി എ നടത്തിയിട്ടുണ്ട്"

സി ബി എസ് ഇ ഗ്രൂപ്പ് ( യു പി, ഹൈസ്കൂള്‍)
11 പേരാണ് പങ്കെടുക്കേണ്ടത്. എല്ലാവരും പങ്കെടുത്തു.നല്ല ഒരു ചർച്ചയും നടന്നു. നമ്മൾ പറയാതെ തന്നെ ഈ രീതിയാണ് നല്ലതെന്നു അവർ പറഞ്ഞു. രണ്ടു മൂന്ന് ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ പ്രതികരിച്ചുതുടങ്ങിയത്. കുട്ടികൾ ചിന്തിക്കാൻ തുടങ്ങി. അവരിൽ പഠനത്തിനു താത്പര്യം ഉണ്ടാക്കാൻ ഈ പ്രവർത്തനങ്ങൾക്കു കഴിഞ്ഞു. വീഡിയോ ഉപയോഗിച്ചുള്ള പാഠരൂപീകരണം ആസ്വാദ്യകരമായി. കുട്ടികളിൽ ആത്‌മവിശ്വാസം കൂടാൻ വ്യക്‌തിപരമായ നമ്മുടെ ഇടപെടൽ കാരണമായി. രക്ഷിതാക്കൾക്കു കുട്ടിയെ സഹായിക്കാൻ പറ്റിയതും സന്തോഷമായി. കൃത്യമായ ഒരു സമയം പറയാത്തത് കൊണ്ട് കുട്ടികൾക്ക് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഇഷ്ടമായിരുന്നു. പലരും കുട്ടികൾക്ക്  നന്നായി ഉടൻ മലയാളം കൈകാര്യം ചെയ്യാൻ പറ്റുമെന്ന വിശ്വാസത്തിലാണ്. അക്ഷരതെറ്റുകൾ കുറഞ്ഞുവെന്നും അഭിപ്രായം പറഞ്ഞു. കാണാതെ പഠിക്കുന്നതിനേക്കാൾ നല്ലതു ഇതാണെന്നു പറയാതെ പറഞ്ഞു
- ബി എസ് അനീഷ ടീച്ചര്‍ , മേപ്പാടി
UPഎന്റെ മലയാളം നല്ല മലയാളം
യു പി ഗ്രൂപ്പിൽ 78 അംഗങ്ങൾ ഉണ്ട് അതിൽ 66 പേരും ഇന്ന് നടന്ന ഓൺലൈൻ Cpta യിൽ സജീവമായി പങ്കെടുത്തു. വളരെ ഉയർന്ന നിലവാരത്തിൽ ഉള്ള ചർച്ചകളും നിർദേശങ്ങളും ഗ്രൂപ്പിനെ സഞ്ജീവമാക്കി. 7 മണിക്ക് തുടക്കം കുറിച്ച Cpta അവസാനിച്ചപ്പോൾ 8.45 ആയി. എന്റെ മലയാളം പ്രവർത്തനങ്ങൾ വളരെ ഉയർന്ന നിലവാരം പുലർത്തുന്നു എന്നും കുട്ടികൾ ഓരോ ദിവസവും കൂടുതൽ കൂടുതൽ മികവ് പുലർത്തുന്നു എന്നും ചർച്ചയിൽ പങ്കേെടുത്തവര്‍ പറഞ്ഞു. മാത്രമല്ല 15 ദിവസം കൊണ്ടു അവസാനിപ്പിക്കരുത് ഞങ്ങളുടെ കൂടെ വേണം മുന്നോട്ടുള്ള യാത്രയിൽ  എന്നു പറയുകയുണ്ടായി..
ഓൺലൈൻ ക്ലാസ് എന്നത് ഒരു പുതിയ അനുഭവം നൽകി എന്നും പുതിയ തിരിച്ചറിവുകൾ നൽകി എന്നും അഭിപ്രായപ്പെട്ടു. പഠനപിന്തുണ, പഠനവേഗത, കുഞ്ഞുങ്ങളുടെ താല്പര്യം തുടങി കലാധരൻ സർ നൽകിയ നിർദേശങ്ങൾ എല്ലാം ചർച്ചചെയ്യുകയും നിർദ്ദേശങ്ങൾ കൂട്ടിച്ചേർക്കലുകൾ എന്നിവ രേഖപ്പെടുത്തുകയും ചെയ്തു ഓരോ രക്ഷിതാക്കളും. സ്കൂളിൽ നടക്കുന്ന CPTA ക്കാൾ ഉയർന്ന നിലവാരം പുലർത്തി ഇന്ന് നടന്ന Pta എന്നും പറയുകയുണ്ടായി. പ്രിയപ്പെട്ട എന്റെ മക്കളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു ഗ്രൂപ്പിൽ പ്രാർത്ഥനയും നന്ദിയും എന്റെ മക്കൾ വളരെ നന്നായി അവരുടെ റോളുകളും ഏറ്റടുത്തു ചെയ്തു. ഇത്രയും മികച്ച രീതിയിൽ CPTA വിജയിപ്പിച്ച എല്ലാ പ്രിയ രക്ഷിതാക്കൾക്കും ഒരിക്കൽ കൂടി നിറഞ്ഞ സന്തോഷത്തിൽ നന്ദി......
ടി റീഷ്മ ടീച്ചർ (ഗ്രൂപ്പ് മെന്റർ)
ഏകദേശം ആയിരം കുട്ടികളാണ് എന്റെ മലയാളം നല്ല മലയാളം , കുഞ്ഞു മലയാളം എന്നീ പരിപാടികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. അവരുടെ രക്ഷിതാക്കളിലേക്കാണ് ഓണ്‍ ലൈന്‍ ക്ലാസ് പി ടി എ എന്ന ആശയവുമായി പൗലോസും സംഘവും ഇറങ്ങിത്തിരിച്ചത്. മെന്റര്‍ ടീച്ചര്‍മാര്‍ നടത്തിയ ക്ലാസ് പി ടി എയുടെ അനുഭവമാണ് മുകളില്‍ രേഖപ്പെടുത്തിയത്.
ഓണ്‍ലൈന്‍ ക്ലാസ് പി ടി എയില്‍ പങ്കെടുക്കാത്ത രക്ഷിതാവിന്റെ കുറിപ്പ്
സർ,
 ഇന്നലെ രാത്രി പ്രതികൂലമായ കാലാവസ്ഥ കാരണം CPTA യിൽ പങ്കെടുക്കാൻ ആയില്ല. ഞാൻ അബ്ദുൾ സലാം കോഴിക്കോട് ജില്ലയിലെ കെ.ജി.എം.എസ് യു.പി.സ്കൂൾ അധ്യാപകനാണ്. ഞങ്ങളുടെ സ്കൂളിൽ ഈ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നു. ഷിജി ടീച്ചറും റീജ ടീച്ചറും ദീപ ടീച്ചറും നേതൃത്വം നൽകുന്നു. ഈ മാസം ചാർജെടുത്ത ഞങ്ങളുടെ പുതിയ HM ലതകുമാരി ടീച്ചർ നന്നായി പിന്തുണയ്ക്കുന്നുമുണ്ട് മറ്റു സഹപ്രവർത്തകരും. 50 ഓളം കുട്ടികളാണ് ഇപ്പോൾ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ,ഭൂരിഭാഗവും കൂലി പണിക്കാരായ രക്ഷിതാക്കളാണ് ഞങ്ങളുടേത് 'അതു കൊണ്ട് തന്നെ Net സൗകര്യം പല കുട്ടികൾക്കും ലഭ്യമല്ല. ഈ പദ്ധതി എല്ലാ കുട്ടികളിലും എത്തിക്കാൻ അതൊരു തടസ്സമായി നിൽക്കുന്നു. ഞങ്ങളുടെ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ മകൻ  , PTA ചെയർപേഴ്സൻ്റെ മകൾ എന്നിവരും ക്ലാസിൽ പങ്കെടുത്ത് കൊണ്ടിരിക്കുന്നു. ആ രക്ഷിതാക്കളുടെ വോയ്സ് മെസേജ് ഇന്നലെ CPTA യിൽ ഇട്ടിരിരുന്നു. അവരുടെയെല്ലാം നല്ല പിന്തുണ ഇക്കാര്യത്തിൽ ഞങ്ങൾക്ക് ഉണ്ട്. മറ്റു ചില രക്ഷിതാക്കളും നന്നായി പ്രതികരിച്ചിട്ടുണ്ട്. സ്കൂളിനേയും അവിടത്തെ ടീച്ചേഴ്‌സിനേയും പൊതുസമൂഹം വിലയിരുത്തുക ഇത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുമ്പോഴാണ്. രക്ഷിതാക്കളുടെ നല്ല പിന്തുണ ലഭിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന പൗലോസ് സാറിനും ടീം അംഗങ്ങൾക്കും എൻ്റെയും സ്കൂളിൻ്റെയും അഭിനന്ദനങ്ങൾ

മെൻ്റേഴ്സ്  കേരള ബ്ലോഗ് അഡ്മിൻ ജതീഷ് തോന്നയ്ക്കൽ പറയുന്നു

കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ  കേരളത്തിൽ ആദ്യമായി ഒരു ഓൺലൈൻ പരിശീലന പരിപാടി എന്റെ മലയാളം നല്ല മലയാളം എന്ന പേരിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾക്കായി ആരംഭിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ.
ബഹുമാന്യനായ ഡോ: ടി പി കലാധരൻ സാറിൻറെ നിർദ്ദേശാനുസരണം കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറി ടി.ടി.പൗലോസ് ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ലോകം കൊറോണ എന്ന മഹാമാരിയിലമര്‍ന്നപ്പോൾ ടീച്ചേഴ്സ് ക്ലബ് പുതിയ പരീക്ഷണങ്ങൾക്ക് തയ്യാറായിരിക്കുകയാണ്അതിലൊന്നാണ് ഈ പരിശീലന പരിപാടി
ഈ പരിശീലന പരിപാടിക്ക് ഒരു നിമിത്തം ആകാൻ കഴിഞ്ഞതിൽ  കേരളത്തിലെ ഏറ്റവും വലിയ അധ്യാപക നവ മാധ്യമ കൂട്ടായ്മയായ മെൻ്റേഴ്സ് കേരളയും അഭിമാനിക്കുന്നു
ഒരു ക്ലാസ് മുറിയുടെ ചുമരുകൾ ഇല്ലാതെമുന്നിൽ കുട്ടികൾ ഇല്ലാതെ  ആരംഭിച്ച ഈ പരിപാടി എത്രത്തോളം വിജയമാകുമെന്നതിൽ വളരെയധികം ആശങ്ക ഉണ്ടായിരുന്നുഎന്നാൽ ഒരു  ടീച്ചറുടെ ഇടപെടൽ എത്രത്തോളം പഠനത്തെ സഹായിക്കുമെന്നതിൻ്റെ ഉദാഹരണമാണ് ഓരോ പ്രവർത്തനങ്ങളും .
ടീച്ചറുടെ അഭിനന്ദനം, സ്നേഹപൂർവമുള്ള പേരെടുത്തുള്ള വിളി  പ്രവർത്തനങ്ങളിലെ ഇടപെടൽ വ്യക്തിഗതമായ പിന്തുണ എന്നിവ കുട്ടിക്ക് ആത്മവിശ്വാസത്തോടെ ഓരോ പ്രവർത്തനങ്ങളിലും ഇടപെടാൻ കഴിയുന്നത് ഇവിടെ കാണുവാൻ കഴിഞ്ഞു
അതുപോലെതന്നെ എടുത്തുപറയേണ്ടതാണ് ഓരോ രക്ഷിതാവിൻ്റെയും സാന്നിധ്യവും ഇടപെടലും.
അത് കുട്ടിക്ക്  ആത്മവിശ്വാസം നൽകുന്നതോടൊപ്പം പഠനത്തിൽ രക്ഷിതാവിൻ്റെ ഇടപെടൽ എത്രത്തോളം എന്നും കാണാൻ സാധിച്ചു
ഓരോ പ്രവർത്തനവും കുട്ടിക്ക് സ്വയം വിലയിരുത്തി  മുന്നോട്ടുപോകാൻ സാധിക്കുന്നതും വളരെ പ്രകടമായിരുന്നു.
മറ്റൊരു പ്രധാന സവിശേഷതയായിരുന്നു  ആഴ്ചയുടെ അവസാനം നടന്ന  ഓൺലൈൻ ക്ലാസ്സ് മീറ്റിംഗ്
മുഴുവൻ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത ഓൺലൈൻ ക്ലാസ് പി.റ്റി.എ കേരള വിദ്യാഭ്യാസ ചരിത്രത്തിൽ  തന്നെ ഒരു പുതിയ അനുഭവം പകരുകയായിരുന്നു"



ഈ ക്ലാസ് പി ടി എയ്ക് വേണ്ടി ചെറിയൊരു സംവാദാത്മകക്കുറിപ്പ് തയ്യാറാക്കി നല്‍കി ഞാനും പങ്കാളിയായെങ്കിലും മുഖ്യ സംഘാടകന്‍ ശ്രീ പൗലോസാണ്.
കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് നടത്തുന്ന എന്റെ മലയാളം നല്ല മലയാളം എന്ന സവിശേഷ പരിപാടിയുടഎ ഭാഗമായാണ് അവധിക്കാല ഓണ്‍ലൈന്‍ ക്ലാസ് പി ടി എ എന്നു മുകളിലുളള പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടാകും
എന്റെ മലയാളം നല്ല മലയാളം എന്നതില്‍ പങ്കാളികളായവരുടെ പ്രതികരണങ്ങള്‍ അത് രക്ഷിതാക്കള്‍ സ്വകരിച്ചു എന്നതിന് തെളിവാണ്. എന്റെ മലയാളം നല്ല മലയാളം പരിപാടിയുടെ വിശദാംശങ്ങള്‍ അടുത്ത ലക്കത്തില്‍ പങ്കുവെക്കാം.
ഓണ്‍ലൈന്‍ ക്ലാസ് പി ടി എയുടെ സാധ്യതകള്‍ എന്തെല്ലാമാണ്?
  • മുന്‍കൂട്ടി അറിയിച്ച കൃത്യമായ അജണ്ടയോടെ നടത്താനാകും
  • ഉദാഹരണങ്ങളും തെളിവുകളും തത്സമയം വാട്സാപ്പിലൂടെ പങ്കുവെച്ച് ചര്‍ച്ചകളെ പോഷിപ്പിക്കാനാകും
  • പലയിടത്തിരുന്നുകൊണ്ട് ക്ലാസ് പി ടി എയില്‍ പങ്കെടുക്കാനാകും
  • എല്ലാവര്‍ക്കും പ്രതികരിക്കാന്‍ അവസരം. വീണ്ടും ചര്‍ച്ചയില്‍ ഇടപെടാം
  • അപ്പോള്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും പിന്നീട് മുഴുവന്‍ ചര്‍ച്ചയുടെയും പൂര്‍ണരൂപം കിട്ടുകമാത്രമല്ല അവര്‍ക്ക് പിന്നീടാണെങ്കിലും തന്റെ പ്രതികരണം ചേര്‍ക്കാന്‍ കഴിയും
  • വോയ്സ് മെസേജുകളും കുറിപ്പുകളും വാട്സാപ്പില്‍ കിടക്കുന്നതിനാല്‍ മിനിറ്റ്സ് സ്വാഭാവികമായി രൂപപ്പെടുകയാണ്.
  • പ്രവൃത്തിദിനത്തില്‍ കുട്ടിയുടെ പഠനവും രക്ഷിതാക്കളുടെ തൊഴിലും മുടക്കി നടത്തുന്ന ക്ലാസ് പി ടി എയേക്കാള്‍ ഫലപ്രദം.
  • അമ്മയ്കും അച്ഛനും വീട്ടിലുളള മറ്റുളളവര്‍ക്കും പങ്കെടുക്കാന്‍ കഴിയും.
  • വീട്ടില്‍ അക്കാദമിക ചര്‍ച്ചയ്ക് അവസരം സൃഷ്ടിക്കപ്പെടുന്നു.
  • അധ്യാപികയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട് ഒരു ഡോക്യുമെോന്റായി എല്ലാവര്‍ക്കും ലഭിക്കുന്നു.
  • വിദ്യാലയത്തിലെ എല്ലാ അധ്യാപകര്‍ക്കും എല്ലാ ക്ലാസ് ഗ്രൂപ്പുകളിലെയും ഓണ്‍ലൈന്‍ ക്ലാസ് പി ടി എ യുടെ അനുഭവം ആവശ്യമെങ്കില്‍ ലഭിക്കും. ( ഗ്രൂപ്പില്‍ മെമ്പറാക്കിയാല്‍ മതിയല്ലോ)
  • കേരളത്തിലെ മുഴുവന്‍ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുളള ഓണ്‍ലൈന്‍ ക്ലാസ് പി ടി എകള്‍ സാധ്യമാണ്
  • മാസത്തില്‍ ഒരു ക്ലാസ് പി ടി എ എന്നു നിശ്ചയിക്കുന്നത് രക്ഷിതാക്കള്‍ക്ക് പങ്കെടുക്കാനുളള അസൗകര്യം കൂടി കണക്കിലെടുത്താണല്ലോ. ആവശ്യാധിഷ്ഠിത ഓണ്‍ ലൈന്‍ ക്ലാസ് പി ടി എ എല്ലാ മാസവും ഒന്നിലധികം തവണ സാധ്യമാണ്. വിഷയാധിഷ്ഠിത ക്ലാസ് പി ടി എ എന്ന തരത്തിലും വികസിപ്പിക്കാം.
  • ആത്മവിശ്വാസമുളള അധ്യാപകര്‍ക്കു മാത്രമേ ഓണ്‍ലൈന്‍ ക്ലാസ് പി ടി എ നടത്താനാകൂ.
(തുടരും)

No comments: