ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, November 29, 2023

സംയുക്ത ഡയറി പ്രകാശിപ്പിക്കുമ്പോൾ


എന്തിനാണ് അച്ചടിച്ച് പ്രകാശിപ്പിക്കുന്നത്?

  • ഒന്നാം ക്ലാസിലെ കുട്ടികൾ സ്വതന്ത്ര രചയിതാക്കളായി മാറുന്നത് ചരിത്ര രേഖയാക്കാൻ

  • കുട്ടിയുടെ എഴുത്തു വളർച്ചക്ക് രക്ഷിതാവിൻ്റെ പ്രതിദിന പിന്തുണ സഹായകമായതിൽ രക്ഷിതാവ് അഭിമാനിക്കാൻ

  • ഒന്നാം ക്ലാസ് വിദ്യാലയത്തിൻ്റെ അഭിമാനമായി മാറിയത് സമൂഹവുമായി പങ്കിടാൻ

  • അക്കാദമിക മാസ്റ്റർ പ്ലാൻ നടപ്പിലാക്കി ഗുണനിലവാര മികവ് ഉറപ്പാക്കുന്നതിൻ്റെ തെളിവ് എന്ന നിലയിൽ

 


സംയുക്ത ഡയറി അച്ചടിച്ച് പ്രകാശിപ്പിക്കുന്നതിന് എന്തെല്ലാം ചെയ്യണം?

  1. എത്ര കുട്ടികൾ ഉണ്ട്? എങ്കിൽ ഒരാൾക്ക് എത്ര രചന അനുവദിക്കാം എന്ന് തീരുമാനിക്കൽ. പ്രഎല്ലാ കുട്ടികൾക്കും തുല്യ എണ്ണം. വിവേചനം പാടില്ല.)

  2. ഓരോ കുട്ടിയുടെയും രചനകൾ തെരഞ്ഞെടുക്കണം. ഒന്നിലധികം ഉണ്ടെങ്കിൽ വ്യത്യസ്ത കാലയളവും  പ്രമേയവും പരിഗണിക്കണം. ഇത് വളർച്ച ബോധ്യപ്പെടാൻ സഹായകം.

  3. രചനകളിൽ തീയതി നിർബന്ധം

  4. കുട്ടിയുടെ രചനയിൽ തെറ്റു വരാം. രക്ഷിതാവിൻ്റെ നീല മഷിയും. അവ പകർത്തിയെഴുതിക്കേണ്ടതില്ല. എന്നാൽ ടൈപ് ചെയ്യുന്നത് ശരിയായ രീതിയിലാകണം.

  5. രചനാ വിഷയങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണം. (മഴ, ആഘോഷം, വാഹനം, വളർത്തുജീവികൾ, യാത്ര, കുടുംബം, പക്ഷികൾ… എന്നിങ്ങനെ)

  6. ഉള്ളടക്കപ്പേജ് തയ്യാറാക്കി അതനുസരിച്ച് ഡയറിക്രമീകരിക്കണം


  7. തെരഞ്ഞെടുത്ത ഡയറികൾ സ്കാൻ ചെയ്യൽ (മൊബൈലിൽ സ്കാൻ ചെയ്താൽ മതി. തെളിച്ചം കിട്ടും)

  8. ഇനി ഓരോ ഡയറിയിലെയും ഉള്ളടക്കം ടൈപ്പ് ചെയ്യുക.

  9. ടൈപ്പ് ചെയ്യുമ്പോൾ കുട്ടിയുടെ പേരും ചേർക്കുക.

  10. കുട്ടികളിൽ നിന്നും ഫോട്ടോ ശേഖരിക്കുക. ഒരേ വലുപ്പത്തിലാക്കണം. ക്ലോസപ്പ് ഫോട്ടോ നല്ലത്. രക്ഷിതാക്കൾ സഹിതമുള്ളത് വേണ്ട.

  11. ഡയറിയുടെ പേര് നിശ്ചയിക്കുക

  12. കവർചിത്രം തീരുമാനിക്കുക

  13. കവർ പേജിലെ മാറ്റർ തീരുമാനിക്കുക ( അതേ ഉള്ളടക്കം തന്നെ ആദ്യ പേജിലും നൽകണം ) വർഷം, സ്കൂൾ, ക്ലാസ്, ഡിവിഷൻ എന്നിവ വേണം.

  14. ആമുഖം, അവതാരിക ഇവ തയ്യാറാക്കുക (ആശംസകൾ ഒഴിവാക്കാം. ഇല്ലെ?)

  15. സാങ്കേതികജ്ഞാനം ഉള്ള ഒരാളെക്കൊണ്ട് പേജ് സെറ്റ് ചെയ്യുക. (DTP വർക് ചെയ്യുന്നവരുടെ സേവനം തേടാം, തനിയെയും ചെയ്യാം )


  16. പേജ് നമ്പർ ഇടണം

  17. കവർ കട്ടിക്കടലാസ്, കളർ

  18. പോക്കറ്റ് ഡയറി വലുപ്പത്തിൽ സെറ്റ് ചെയ്തു തരാൻ DTP വർക് ചെയ്യുന്നവർ സഹായിക്കും.സാധാരണ വലുപ്പവും ആകാം. മടക്കു ഡയറി രീതിയും (അക്കോഡിയൻ)

ചെലവു കുറഞ്ഞ രീതി:

  1. ഗൂഗിൾ ഡോക്കിൽ ചെയ്യുന്നവർ നാലു കൊളം ഒരു പേജിൽ (വരിയും നിരയും രണ്ടു വീതം) നിർമ്മിക്കുക. വലത്തേ കോളത്തിൽ സ്കാൻ ചെയ്ത ഇമേജ് ഉൾച്ചേർക്കുക. ഇടത്തേ കോളത്തിൽ മാറ്ററും കുട്ടിയുടെ ഫോട്ടോയും. ഇങ്ങനെ മുഴുവൻ പേജും സെറ്റ് ചെയ്ത് PDF ആക്കുക.


  2. ഇരുപുറവും പ്രിൻ്റ് ചെയ്യുക

  3. സ്റ്റാപ്ളർ ചെയ്യുക

  4. വശങ്ങൾ ലവലിലാക്കുക

വ്യക്തിഗത ഡയറികൾ

  1. ഏതെങ്കിലും കുട്ടിയുടെ മാത്രമായി ഡയറി പ്രകാശിപ്പിക്കൽ രണ്ടാം ഘട്ടമായി ആലോചിക്കാം

സമഗ്രശിക്ഷ സംയുക്തഡയറി പ്രകാശനത്തിന് ധനസഹായം നൽകും.
അത് ഫലപ്രദമായി ഉപയോഗിക്കുക.
ഒന്നിലധികം ഡിവിഷൻ ഉണ്ടെങ്കിൽ ഓരോ ഡിവിഷനും പ്രത്യേകം പ്രത്യേകം.
അതത് ക്ലാസ് പി ടി എ യിൽ പ്രകാശിപ്പിക്കാം.
സംയുക്ത ക്ലാസ് പി ടി എ യിൽ പ്രകാശിപ്പിക്കാം

Monday, November 27, 2023

ഞാനും എന്റെ മക്കളും അത്രയ്ക്ക് ആസ്വാദിച്ചാണ് ഓരോ ദിവസവും ക്ലാസിൽ ചെലവഴിക്കുന്നത്.

 


എന്റെ പേര് അശ്വതി ഞാൻ കൊടുങ്ങല്ലൂർ ഗേൾഡ് എ ൽ പി സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ അധ്യാപിക..

ഏറെ സന്തോഷത്തോടും സംതൃപ്തി യോടും കൂടി ഉള്ളതാണ് എന്റെ ഒന്നാം ക്ലാസ്സിലെ ഓരോ ദിനങ്ങളും.. 

  • ഞാനും എന്റെ മക്കളും അത്രയ്ക്ക് ആസ്വാദിച്ചാണ് ഓരോ ദിവസവും ക്ലാസിൽ ചെലവഴിക്കുന്നത്.. 
  • സചിത്ര പുസ്തകം കുട്ടികൾക്ക് സ്വന്തമായി ചിത്രങ്ങൾ വെട്ടാനും ഒട്ടിക്കാനും എഴുതാനും വായിക്കാനും പ്രേരണ നൽകുകയും കുട്ടികളിലെ ആത്മ വിശ്വാസം വർധിപ്പിക്കുന്ന തരത്തിലുള്ളതായി മാറിക്കഴിഞ്ഞു.
  • സചിത്ര പുസ്തകം വൃത്തി യായി സൂക്ഷിക്കാനും പഠിച്ചു കഴിഞ്ഞു. 
  • കുട്ടികളെ സ്വതന്ത്ര രചനയിലേക്കും വായനയിലേക്കും നയിക്കുന്ന തരത്തിൽ സംയുക്ത ഡയറി മാറി കഴിഞ്ഞു. 
  • എഴുതിയത് വായിച്ചു കേൾപ്പിക്കാനുള്ള മിടുക്കു എടുത്തു പറയേണ്ടത് തന്നെ. 
  • സ്വന്തമായി എഴുതിയ വിശേഷങ്ങൾ അവരുടെ ടീച്ചർ കേൾക്കുമ്പോൾ ഒന്നാം ക്ലാസ്സുകാർ അനുഭവിക്കുന്ന സന്തോഷം കണ്ണുകളിൽ നിറഞ്ഞു കാണുന്നു..
  • ഓരോ ആഴ്ചയിലും രചനോത്സവത്തിന് കൊടുക്കുന്ന ചിത്രങ്ങൾ നോക്കി കഥ പറയുകയും എഴുതുകയും ചെയുന്നതിലൂടെ കുട്ടിയുടെ ഭാവനയും ആശയങ്ങളും ഓരോ ദിവസം ചെല്ലുന്തോറും മെച്ചപ്പെട്ടു വരികയും.. കുട്ടികളിൽ ആകാംക്ഷ നിലനിർത്താനും സാധ്യമാകുന്നു.. 
  • ആശയാവതരണ രീതിയിലൂടെ, കുട്ടികളിൽ മടുപ്പ് ഉണ്ടാകാതെ, തികച്ചും ശിശു സൗഹൃദമായ അന്തരീക്ഷത്തിൽ, അവർ അറിയാതെ തന്നെ സ്വയം പഠനത്തിൽ പങ്കാളിയാകുക എന്ന പ്രക്രിയയാണ് ഇവിടെ സഫലമാകുന്നത്
  • പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും ബോർഡ്‌ എഴുത്തു ചെയ്യിക്കുന്നു.. ചെറിയ വായന കാർഡും കൊടുക്കുന്നു.. നല്ല വ്യത്യാസം അനുഭവപ്പെടുന്നുണ്ട്..

Sunday, November 26, 2023

ഒന്നും പറയാനില്ല.. എന്ന് ഒന്നാം ക്ലാസധ്യാപിക

 ഒന്നും പറയാനില്ല.. കാരണം ഇതാണ്

  • ഇന്നുവരെ പരീക്ഷിച്ചതിൽ ഏറ്റവും ഫലപ്രദമായ രീതി.. 
  • ആദ്യഘട്ടങ്ങൾ കുറച്ചു ബുദ്ധിമുട്ടിച്ചെങ്കിലും ഇപ്പോൾ ക്ലാസ്സിൽ കുട്ടികൾക്കും എനിക്കും ഏറ്റവും ഇഷ്ടപെട്ട സമയം സചിത്ര പാഠവും സംയുക്ത ഡയറിയും സംയുക്ത വായനയുമാണ്... 🥰🥰
  • കുഞ്ഞുങ്ങൾ എല്ലാവരും വായനയിലും എഴുത്തിലും എളുപ്പത്തിൽ വേഗത്തിൽ മെച്ചപ്പെട്ടിട്ടുണ്ട്... 
  • ബുക്കിൽ എഴുതുമ്പോൾ സ്ഥാനം നിശ്ചയിക്കുന്നതിൽ കുറച്ചുകൂടി മെച്ചപ്പെടേണ്ടതുണ്ട്. 
  • ഇനി വരുന്ന പാഠപുസ്തകം ഈ ആശയത്തിലൂന്നി സൃഷ്ടികപ്പെടാണമേ എന്നാണ് ആഗ്രഹം.. 
  • ഈ ആശയത്തെ അവതരിപ്പിച്ച ഏവർക്കും നന്ദി 🙏🏿🙏🏿🙏🏿:

 Tintu Abraham

ജി എൽ പി സ്കൂൾ പുലിക്കാട്.


Friday, November 24, 2023

കൂട്ടെഴുത്തിൻ്റെ ഒന്നാന്തരം മാതൃക

 

കൂട്ടെഴുത്ത് എന്തിന്?

1️⃣ കുട്ടികൾ പല പ0നശൈലിയുള്ളവരും പലപഓന വേഗതയുള്ളവരുമാണ്. അതായത് എല്ലാവരും ഒരേ കാലയളവിൽ ഒരേ രീതിയിലുള്ള അനുഭവത്തിലൂടെ പ്രത്യേക കഴിവ് ആർജിക്കണമെന്നില്ല

2️⃣ എല്ലാ കുട്ടികളും ഒരേ കുടുംബ സാഹചര്യമുള്ളവരല്ല. വീട്ടിൽ പിന്തുണ കിട്ടുന്നവരും കിട്ടാത്തവരുമുണ്ട്

3️⃣ സഹവർത്തിത പഠനം സാമൂഹിക ജ്ഞാന നിർമിതി വാദത്തിലെ പ്രധാന ആശയമാണ്. പക്ഷേ അതിന്റെ പ്രായോഗിക രൂപം ഒന്നാം ക്ലാസിൽ വികസിപ്പിച്ചില്ല

4️⃣ വികാസത്തിന്റെ സമീപ മണ്ഡലം ZPD എന്ന ആശയപ്രകാരം സ്വപ്രയത്നത്താൽ എത്തിച്ചേരാവുന്ന തലവും മറ്റുള്ളവരുടെ പിന്തുണയോടെ എത്തിച്ചേരാവുന്ന ഉയർന്ന തലവും ഉണ്ട്. ഈ സാധ്യമായ ഉയർന്ന തലത്തിലെത്താനുള്ള പിന്തുണ ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്

5️⃣ ബഹുനിലവാര ക്ലാസിൽ എല്ലാ നിലവാരക്കാരെയും അഭിസംബോധന ചെയ്യുന്ന പ്രവർത്തനങ്ങളാണ് വേണ്ടത്

6️⃣ വൈകാരിക പശ്ചാത്തലമില്ലാത്ത സാഹചര്യത്തിലാണ് പ0നം നന്നായി നടക്കുക.കുട്ടികളുടെ ഗ്രൂപ്പ് പ്രവർത്തന കൂട്ടായ്മയും സന്തോഷവും നൽകുന്നു

7️⃣ എഡിറ്റിംഗ് എന്നത് കേവലം തെറ്റുതിരുത്തൽ മാത്രമല്ല. സ്വന്തം രചനകളെ മോണിറ്റർ ചെയ്യേണ്ടതുണ്ട്.ഈ ശേഷി വളർത്താൻ ബോധപൂർവ്വം ഇടപെടേണ്ടതുണ്ട്. കുട്ടികൾ പരസ്പരം വായിച്ചു നോക്കി തിരുത്തൽ വരുത്തുന്ന പ്രക്രിയ പ്രോത്സാഹിപ്പിക്കണം.

8️⃣ പങ്കാളിത്ത പഠനൽപന്നം ഗ്രൂപ്പിലെ എല്ലാവർക്കും അഭിമാനം നൽകും.വ്യക്തിപരമായ പരാജയം ഇല്ല

9️⃣ മറ്റുള്ളവർ കൂടി വായിക്കണമെന്നതിനാൽ കൂടുതൽ വ്യക്തതയോടെയും ഭംഗിയായും എഴുതാൻ നിർബന്ധിതരാകും

🔟 സംയുക്ത ഡയറിയിൽ വീട്ടിൽ പിന്തുണ കിട്ടാത്തവരുണ്ട്. അവർക്ക് ക്ലാസിൽ പിന്തുണ ലഭിക്കേണ്ടതുണ്ട്. പിന്തുണയുടെ ദാരിദ്ര്യം അവരുടെ വളർച്ച മുരടിപ്പിച്ചു കൂടാ.

മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ കൂട്ടെഴുത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു

കൂട്ടെഴുത്ത് രീതി ട്രൈ ചെയ്ത ഈ അനുഭവങ്ങൾ കൂടുതൽ തെളിച്ചം നൽകും

വായിക്കൂ

ട്രൈ ഈ ക്ലാസ് വളരെ ഫലപ്രദമായിരുന്നു. നമ്മുടെ നാട്ടിലെയും വിദ്യാലയത്തിലെയും വാർത്തകൾ കുട്ടികൾ പറഞ്ഞിരുന്നു. 

  • നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വാർത്തകൾ എല്ലാം കുഞ്ഞു ഭാവനയിലൂടെ അവർ പറഞ്ഞു.. 
  • ഗ്രൂപ്പ് പ്രവർത്തനത്തിലൂടെ പരസ്പരം സഹായിച്ചും സഹകരിച്ചും അവരുടേതായ ഭാഷകളിൽ കുട്ടികൾ എഴുതുന്നതും... പരസ്പര സഹായത്തോടെയുള്ള തെറ്റുകൾ തിരുത്തുന്നതും കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നി.. 
  • ചിത്രരചനയിൽ ഒന്നാമതായ കുട്ടിയുടെയും.... പുതിയ അടുക്കള പണിക്കായി തറക്കല്ലിട്ടതും... ജെസിബി വന്നതും എല്ലാം അവിടെ വലിയ വാർത്തകളായി.. ഇന്നലത്തെ ശക്തമായ മഴയെക്കുറിച്ചും.... തന്റെ വീട്ടിലെ ഒരു മരം വീണതിനെക്കുറിച്ചും യാസീൻ പറഞ്ഞത്.... കൂട്ടുകാർ ഏറ്റെടുത്തു... 

  • ഉച്ചയ്ക്ക് 2. 15ന് ആരംഭിച്ച പ്രവർത്തനം... 3.15 ന് മുമ്പായി പൂർത്തിയായി. 
  • എല്ലാവരുടെയും പങ്കാളിത്തവും.. കുട്ടികളുടെ ഉത്സാഹവും എന്നെ അത്ഭുതപ്പെടുത്തി... 
  • ഇടയ്ക്ക് കിട്ടിയ ഇന്റർവെൽ സമയത്ത്... ഒരു ഗ്രൂപ്പിൽ എഴുതിയ വാർത്തയുമായി... മറ്റ് അധ്യാപകരെ കാണിക്കാൻ.... കുട്ടികളിൽ ഉണ്ടായിരുന്ന ആവേശത്തിനും.. അതിരില്ലാത്ത സന്തോഷത്തിനും... ഉള്ള തെളിവ് തന്നെയായിരുന്നു.

  • തങ്ങളുടെ ആശയങ്ങൾ പറഞ്ഞ് എഴുതുമ്പോൾ ചില ചിഹ്നങ്ങൾ മാറിപ്പോകുന്നതും... അപ്പോൾ തന്നെ ആ ഗ്രൂപ്പിലെ കൂട്ടുകാർ ഇടപെട്ടതും ഏറെ സന്തോഷം നൽകി.. 
  • ട്രൈ ഈ ക്ലാസ് ആരംഭിക്കുമ്പോൾ... കുട്ടികളിൽ നിന്ന് വാർത്തകൾ കിട്ടുമോ... 🤔... ആ വാർത്തയുടെ രൂപത്തിൽ എഴുതാൻ കഴിയുമോ... 🤔 എന്നെല്ലാം... എനിക്ക് ആശങ്കയുണ്ട്... 
  • പെൻസിൽ ഉപയോഗിച്ച് വരകൾക്കിടയിൽ... ഭംഗിയായി എഴുതാൻ കുട്ടികൾക്ക് കഴിഞ്ഞിരുന്നു... 

  • ചിത്രം വരയ്ക്കുന്നതിന് ഉപയോഗിക്കാനായി നൽകിയ കളർ പെൻസിലുകളും സ്കെച്ചുകളും ഉപയോഗിച്ച് അവർ തന്നെ അതിനു മുകളിലൂടെ എഴുതുന്നത്... കണ്ടപ്പോൾ... സന്തോഷം തോന്നി. 
  • എല്ലാം കഴിഞ്ഞ് അവസാനത്തെ പത്രത്തിന്റെ സമയം... കുട്ടികളുമായി... വാർത്തകളെക്കുറിച്ചും ഇന്നത്തെ എഴുത്ത് അനുഭവത്തെക്കുറിച്ചും ചർച്ചചെയ്തു..
  •  "ടീച്ചറേ, ഞങ്ങൾക്ക് നല്ല സന്തോഷമായി..." ചിലർ പ്രതികരിച്ചു. "എനിക്ക് നല്ല ഇഷ്ടമായി..."... അഭിമാനമായി എന്ന്... ശ്രീഹർഷ് പറഞ്ഞപ്പോൾ.... ആഴ്ചയിൽ ഒരിക്കലെങ്കിലും .. ഒന്നാം ക്ലാസിൽ നിന്ന്... ഇങ്ങനെ ഒരു പത്രം.. ഇനിമുതൽ തയ്യാറാക്കണമെന്ന്.. തോന്നി.

CGEM സ്കൂൾ ചേലക്കര

BRC.. പഴയന്നൂർ

വടക്കാഞ്ചേരി..( ഉപജില്ല)

2


ക്ലാസ്സിൽ ഇന്നത്തെ പത്രം വായനക്കായി നൽകി. പത്രത്തിൽ എന്തെല്ലാം വാർത്തകൾ ചർച്ച നടത്തി. നമുക്കും ഒരു പത്രം തയ്യാറാക്കാം എന്ന് പറഞ്ഞപ്പോ അവർക്ക് ആവേശമായി. ക്ലാസ്സിലെയും സ്കൂളിലെയും നാട്ടിലെയും വിശേഷങ്ങൾ ഉൾപ്പെടുത്തി ചർച്ച നടന്നു. 5 പേരുള്ള ഗ്രൂപ്പുകളാക്കി . ഓരോ ഗ്രൂപ്പിനും അവർ അവതരിപ്പിച്ച വിഷയവുമായി ബന്ധമുള്ള വാർത്തകൾ എഴുതാൻ അവസരം നൽകി. പ്രയാസമുള്ളവരെ സഹായിക്കാൻ മറ്റുള്ളവർ താൽപര്യം കാണിച്ചിരുന്നു. 


കുട്ടികൾ കൂടുതലുള്ളതിനാൽ ഓരോരുത്തർക്കും എഴുതുമ്പോൾ തന്നെ വേണ്ട പിന്മാറ്റം സാധിച്ചില്ല. പിന്നീട് ഓരോ ഗ്രൂപ്പിലും ചെന്ന തെറ്റുകൾ തിരുത്താൻ സഹായിച്ചു. ആശയപരമായ എഡിറ്റിംഗും ചർച്ചയും നടത്തി. ഓരോ ഗ്രൂപ്പിലെയും ഒന്നോ രണ്ടോ കുട്ടികൾ അത് മറ്റൊരു A4 തീയിലേക്ക് മാറ്റി എഴുതി. തലകെട്ടും നൽകി ആവശ്യമുള്ള ചിത്രങ്ങൾ വരച്ചു. ചാർട്ടിൽ ഒട്ടിച്ച് പത്രം തയ്യാറാക്കി. ഹെഡ് മാസ്റ്റർ കുട്ടികൾക്ക് നൽകി പ്രകാശനം ചെയ്തു.

നേട്ടങ്ങൾ

* പുസ്തകത്തിൽ കുട്ടികൾ തനിച്ചെഴുതുന്നതിൽ നിന്നും വ്യത്യസ്തമായി പത്രവാർത്തകൾ സംഘം ചേർന്ന് എഴുതിയപ്പോൾ പരസ്പരം സഹായിക്കാനും തെറ്റുതിരുത്താനുമുള്ള സാഹചര്യമുണ്ടായി.

* സ്വന്തം ആശയങ്ങൾ വാർത്തകളാക്കി മാറ്റാൻ ഒന്നാം ക്ലാസുകാർക്കും സാധിക്കുന്നു.

* കുട്ടികൾ എഴുതിയത് വായിക്കാൻ ശ്രമിക്കുന്നു.

പ്രയാസങ്ങൾ

* കുട്ടികളുടെ എണ്ണക്കൂടുതൽ ഓരോ കുട്ടിയെയും എഡിറ്റിംഗിന് വേണ്ടി കൂടുതൽ സമയം വരുന്നു.

എഎം യുപിഎസ് പാറക്കൽ


3

പ്രവർത്തന സമയം - 2 pm - 4 pm

കുട്ടികളുടെ എണ്ണം - 43

ഹാജരാകാത്തവർ - 6

നിലവിൽ -37

10 ഗ്രൂപ്പുകൾ (3,4 കുട്ടികൾ വീതം)

സ്വന്തം ഉൽപന്നം കുട്ടികൾ വായിച്ചു.

ഉണ്ടായ നേട്ടങ്ങൾ

  • കുട്ടികൾക്ക് ധാരാളം ആശയങ്ങൾ ഉണ്ടായിരുന്നതിനാൽ നല്ല പ്രതികരണം ആയിരുന്നു. ഇനിയും ഇതുപോലുള്ള പ്രവർത്തനങ്ങൾ നൽകിയാൽ നല്ലതായിരിക്കും

നേരിട്ട പ്രയാസങ്ങൾ

  • സമയം കൂടുതൽ വേണ്ടി വന്നു. 10 ഗ്രൂപ്പുകൾ ഉണ്ടായിരുന്നതാവാം കാരണം. ഓരോ ഗ്രൂപ്പുകാരേയും വിളിച്ച് എഡിറ്റിംഗ് നടത്തിയപ്പോഴാണ് ബുദ്ധിമുട്ട് തോന്നിയത്. ഗ്രൂപ്പുകളുടെ എണ്ണം കുറച്ചാൽ കുഴപ്പമില്ലായിരുന്നു. ഓരോ ഗ്രൂപ്പുകാരും എഡിറ്റിംഗ് വളരെ നല്ല രീതിയിൽ നടത്തി. സമയക്കുറവുകാരണം ഒരു ഗ്രൂപ്പ് എഴുതിയത് മറ്റൊരു ഗ്രൂപ്പിന് വായിക്കുവാൻ അവസരം കിട്ടിയില്ല. ഇന്ന് നടത്താം.

SHGUPS Karthedom


Thursday, November 23, 2023

നാട്ടുവിശേഷം കൂട്ടെഴുത്തുമായി ഒന്നാം ക്ലാസുകാർ



"നാടറിയണം നടപ്പറിയണം
ചോടറിയണം പഠിച്ചുവന്നാൽ

തോടറിയണം പുഴയറിയണം

ചുഴിയറിയം പഠിച്ചുവന്നാൽ

വിത്തറിയണം വിളയറിയണം

കളയറിയണം പഠിച്ചുവന്നാൽ

മണ്ണറിയണം മലയറിയണം

മഴയറിയണം പഠിച്ചുവന്നാൽ

നേരറിയണം നെറിയണം

തൊഴിലറിയണം പഠിച്ചുവന്നാൽ " 

-എം എം സചീന്ദ്രൻ.

നാട്ടുവിശേഷം ' കൂട്ടെഴുത്ത് എന്തിന് ?

  • പുതിയ തലമുറ നടന്നു വിദ്യാലയത്തിലേക്ക് പോകുന്നില്ല. സ്കൂൾവണ്ടിക്കാഴ്ചകൾ. സ്വന്തം നാടിനെക്കുറിച്ച് അറിയാനും അന്വേഷിക്കാനും അനുഭവം പങ്കിടാനും അവസരം ഒരുക്കണ്ടേ?പാഠപുസ്തകത്തിലെ പാടവും മലയും പുഴയുമല്ല സ്വന്തം ജീവിത പ്രദേശത്തെ പ്രകൃതിയും സാമൂഹിക സാഹചര്യവും. ആ കുട്ടിയുടെ ചിന്തയിലേക്ക് വരണം. നാട്ടുവിശേഷം കൂട്ടെഴുത്തിന് അത്തരം ഒരു മാനം ഉണ്ട്.
  • രചനാശേഷിയിൽ ഭിന്നനിലവാരമുണ്ട്. സഹവർത്തിത രചനയിലൂടെ കൂടുതൽ മികവിലേക്ക് എത്താൻ കഴിയും. നാട്ടുവിശേഷം കൂട്ടെഴുത്തിൻറെ രണ്ടാം തലം അതാണ്.
  • ആശയാവതരണ രീതിയിലെ ഭാഷാ പഠനം പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങുന്നില്ല. കുട്ടികൾ സൃഷ്ടിക്കുന്ന പാഠങ്ങൾ ഉണ്ടാകണം. പരിചയപ്പെടുത്തിയ അക്ഷരങ്ങൾ പുതു സന്ദർഭത്തിൽ പ്രയോഗിക്കാനും ആശയ പ്രകാശന വേളയിൽ പുതിയ അക്ഷരങ്ങൾ ആവശ്യമായി വന്നാൽ അത് സ്വീകരിക്കാനും നാട്ടുവിശേഷം കൂട്ടെഴുത്ത് വഴിയൊരുക്കും.
  • മറ്റുള്ളവർക്ക് വായിക്കാൻ കൂടിയാണ് രചന  വ്യക്തതയോടെ എഴുതാനുള്ള ഉൾത്തള്ളൽ വരും.
  • സ്വന്തം രചനകൾ, സഹപാഠികളുടെ രചനകൾ സാവധാനം വായിച്ചു നോക്കി എഡിറ്റ് ചെയ്യാനുള്ള കഴിവ് വളർത്താനും കൂട്ടെഴുത്ത് സഹായിക്കും.

രീതി

  1.  കുട്ടികളെ ഭിന്ന നിലവാരം ഗ്രൂപ്പുകളാക്കുന്നു

  2. നാട്ടിലെ ഏതെങ്കിലും ഒരു കാര്യം രചനാ വിഷയമായി തിരഞ്ഞെടുക്കുന്നു. ഉദ: പുഴ/ ചന്ത / വയൽ/കുളം / കുന്ന്/ കൃഷിയിടം/ ബസ് കവല....

  3. ആ കാര്യത്തെക്കുറിച്ച് ഓരോ ഗ്രൂപ്പും ചർച്ച ചെയ്യുന്നു. അറിയാവുന്ന കാര്യങ്ങൾ ഗ്രൂപ്പിൽ പങ്കിടുന്നു

  4. ഓരോ ഗ്രൂപ്പും കണ്ടെത്തിയ കാര്യങ്ങൾ പൊതുവായി അവതരിപ്പിക്കുന്നു.

  5. എല്ലാ ഗ്രൂപ്പുകൾക്കും A4 പേപ്പർ നൽകുന്നു

  6. അതിൽ രചനാ വിഷയത്തിന്റെ ചിത്രം വരയ്ക്കുന്നു

  7. ഓരോ ഗ്രൂപ്പും നാലോ അഞ്ചോ വാക്യങ്ങൾ പരസ്പരം ആലോചിച്ചും സഹായിച്ചും എഴുതണം

  8. ഒരു ഗ്രൂപ്പിലെ അംഗങ്ങളെല്ലാം ഓരോ വാക്യങ്ങൾ വീതം എഴുതണം.

  9. അറിയാത്ത അക്ഷരങ്ങളുടെയും വാക്കുകളുടെയും കാര്യത്തിൽ സഹപാഠികളുടെ സഹായം തേടാം ഗ്രൂപ്പിന് പൊതുവായി അറിയാതെ വന്നാൽ ടീച്ചറുടെ സഹായം തേടണം

  10. കുട്ടികൾ എഴുതുന്ന സമയത്ത് ടീച്ചറുടെ പിന്തുണാ നടത്തം

  11. എഴുതുമ്പോൾ തെറ്റു വന്നാൽ വെട്ടി എഴുതാം. തെറ്റിയതിന് മുകളിൽ പേപ്പർ കഷണം ഒട്ടിച്ചും എഴുതാം. എല്ലാവരും സ്വന്തം ബുക്കിൽ പകർത്തുന്നു.

  12. എഴുതിക്കഴിഞ്ഞ് ഓരോ ഗ്രൂപ്പും എഴുതിയത് വായിച്ച് അവതരിപ്പിക്കണം. ഒരു വാക്യം വീതം. പരസ്പരം സഹായിക്കാം.

  13. എല്ലാ ഗ്രൂപ്പുകളുടെയും രചനകൾ ശേഖരിക്കണം

  14. അവയിൽ നിന്നെല്ലാം വാക്യങ്ങൾ സ്വീകരിച്ച് ടീച്ചർ ഒരു വായനാ സാമഗ്രി തയ്യാറാക്കണം. ടീച്ചർ വേർഷൻ. ഓരോരുത്തരും സ്വന്തം ബുക്കിലെഴുതിയതും ടീച്ചർ എഴുതിയതുമായി പൊരുത്തപ്പെടുത്തുന്നു. ടീച്ചർ സാവധാനം ഉറക്കെ വായിക്കണം. ഏതാനം കുട്ടികൾക്കും വായിക്കാം. എഴുതിക്കഴിഞ്ഞാൽ ഏതു രചനയും സാവധാനവായന നടത്തേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തണം.

  15. അടുത്ത ദിവസം ഓരോ ഗ്രൂപ്പും കൂടുതൽ ആശയം വീട്ടിൽ അന്വേഷിച്ച് കിട്ടിയാൽ അത് ചാർട്ടിൽ കൂട്ടിച്ചേർക്കണം. വളരുന്ന രചനയായി മാറണം. കൂട്ടുവായന നടത്തണം.

  16. ടീച്ചറും വായന നടത്തുന്നു

  17. ആഴ്ചയിൽ ഒരു ദിവസം ഉച്ചനേരം കൂട്ടെഴുത്ത് . .ഓരോ ദിവസത്തെയും വിഷയം തീരുമാനിച്ച് നൽകിയാൽ മതി


ഈ പ്രവർത്തനം ട്രൈ ചെയ്യാൻ കുറച്ച് അധ്യാപകർ തയ്യാറായി

അതിന്റെ റിപ്പോർട്ടുകളാണ് താഴെ.


നാട്ടുവിശേഷം കൂട്ടെഴുത്ത് -

തിരഞ്ഞെടുത്ത വിഷയം : പുഴ

 കുട്ടികളുടെ ഗ്രൂപ്പിൽ 

വ്യത്യസ്ത നിലവാരത്തിലുള്ളവർ ഉണ്ട്.

1. ആശയമുണ്ട് എഴുതാനറിയാം

2. ആശയം കുറവ്. എഴുതാൻ കഴിയും. ചെറിയ തെറ്റുകൾ മാത്രം.

3. ആശയം നല്ലത് പോലെ ഉണ്ട്.

എഴുത്തിൽ പ്രതിഫലിക്കുന്നില്ല.


ഒരു കുട്ടി പുഴയിൽ ആളുകൾ ചൂണ്ടയിടാറുണ്ട്

എന്ന് പറഞ്ഞു. അവന് പുഴ എന്ന പദം മാത്രമേ എഴുതാൻ കഴിഞ്ഞുള്ളൂ.

ഗ്രൂപ്പിലെ മറ്റു കുട്ടികൾ അവനെക്കൊണ്ട് പദങ്ങൾ പറഞ്ഞുകൊണ്ട് എഴുതുന്നു.

അവർ (സഹായികൾ )തമ്മിൽ തർക്കം ഉണ്ടായി. 

ടീച്ചർ ഇടപെട്ടു.

 കുട്ടികൾ സഹായിക്കുമ്പോൾ - അവർക്ക് പരിചിതമായ പദങ്ങൾ അതായത് ക്ലാസിൽ പരിചയപ്പെട്ടിട്ടുള്ള പദങ്ങൾ എഴുതാൻ കഴിയാത്തവർക്ക് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. ആ വാക്കിലെ ഇന്ന അക്ഷരമാണ് എന്നൊക്കെ.

ഗവ: യു.പി.സ്കൂൾ നോർത്ത് എഴിപ്രം.

കുട്ടികൾ - 26 

ഒരു ഗ്രൂപ്പിൽ 5 /4 പേർ.

വരാത്തവർ ഉണ്ട്.

രണ്ട് ഡിവിഷൻ ഉണ്ട് ഇതിപ്പോ ഒരു ഡിവിഷനിൽ ആണ് ചെയ്തത്.


2.

നാട്ടു വിശേഷം കൂട്ടെഴുത്ത് - കുളം

ട്രൈ ചെയ്ത സ്കൂൾ: എ യു പി എസ് കേരളശ്ശേരി.

ഒന്നാം ക്ലാസിൽ ആദ്യമായാണ് നാട്ടിലെ സ്ഥലങ്ങൾ രചനയുടെ ഭാഗമാകുന്നത്. ഡയറിയെഴുത്തിൽ കടന്നുവരാറുണ്ടെങ്കിലും ക്ലാസ് തലത്തിൽ ചർച്ച ചെയ്തിരുന്നില്ല ഇതുവരെ .

22 കുട്ടികളാണ് ഇന്ന് ഹാജരായിരുന്നത്. അവരോട് നാട്ടിലെ വിശേഷങ്ങൾ ചർച്ച ചെയ്തു. ഉത്സവങ്ങൾ , കളിസ്ഥലം, പാടം, കുളങ്ങൾ , തോട് അങ്ങനെ കുട്ടികൾ വളരെ താല്പര്യത്തോടെയാണ് അവരുടെ പ്രദേശത്തെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.


അതിൽ നിന്ന് കുളം എന്ന വിഷയം എടുത്തു. കുട്ടികളെ 4 ഗ്രൂപ്പുകളാക്കി കുളത്തെക്കുറിച്ച് ഗ്രൂപ്പ് ചർച്ച നടത്തി. ചർച്ച ചെയ്ത കാര്യങ്ങൾ ഗ്രൂപ്പിൽ നിന്ന് ഒരാൾ അവതരിപ്പിച്ചു. ശേഷം ഒരാൾ ഒരു വാചകം വീതം എഴുതാൻ ആവശ്യപ്പെട്ടു. ഭിന്നനിലവാരക്കാരുൾക്കൊള്ളുന്ന ഗ്രൂപ്പായതിനാൽ കുട്ടികൾ പരസ്പരം പ്രതീക്ഷിച്ചതിലധികം സഹായിച്ചു. അങ്ങനെ എല്ലാവരും ചേർന്നുള്ള കൂട്ടെഴുത്ത് വളരെ നല്ല രീതിയിൽ നടന്നു. ഓരോ ഗ്രൂപ്പും എഴുതിയത് വായിച്ചു. ചാർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തു. പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം കുട്ടികൾ നല്ല രീതിയിൽ ചെയ്തു


നാട്ടുവിശേഷം കൂട്ടെഴുത്ത് - പുഴ


 കുട്ടികളുടെ സ്വന്തം രചനാ ശേഷി വികസിപ്പിക്കുന്നതിനും നാടിനെ കുറിച്ചുള്ള അറിവ് വിപുലപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഒരു പ്രവർത്തനമായിരുന്നു ഇന്ന് നടന്നത്.

പുഴ എന്നതാണ് രചനാ വിഷയമായി തിരഞ്ഞെടുത്തത് 10:30ന് ആരംഭിച്ചു. ക്ലാസിൽ 35 കുട്ടികളിൽ 29 കുട്ടികളായിരുന്നു പങ്കെടുത്തത് . 9 ഗ്രൂപ്പുകളിൽ ആയിട്ടാണ് പ്രവർത്തനം നടന്നത്. എല്ലാ ഗ്രൂപ്പിൽ നിന്നും ഓരോ കുട്ടികൾ വീതം അവതരണം നടത്തി. അവതരണം റിക്കാർഡ് ചെയ്തു. രചനാ വിഷയത്തിന്റെ ചിത്രരചന നടത്തി. ഓരോ ഗ്രൂപ്പും വലിയ മോശമില്ലാതെ തന്നെ വാക്യങ്ങൾ കണ്ടെത്തി. അത് ക്ലാസിൽ പ്രദർശിപ്പിച്ചു. ശേഷം ടീച്ചർ എഴുതിയ ഒരു വായന സാമഗ്രി ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചു.

        പിന്തുണ ആവശ്യമുള്ള ചില ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. പിന്തുണയിലൂടെ അവർക്കും എഴുതാൻ സാധിച്ചു. രചനാ വിഷയമായി തിരഞ്ഞെടുത്ത കാര്യത്തെപ്പറ്റി കുട്ടിക്ക് കൂടുതൽ ചിന്തിക്കാൻ നല്ലൊരു അവസരമായിട്ട് തന്നെയാണ് തോന്നിയത്. വാക്യങ്ങൾ കണ്ടെത്താനും അതുമായി ബന്ധപ്പെട്ട രചന നടത്താനും കുട്ടികൾക്ക് ഒരു കഴിവ് ഇതിൽ നിന്നും ലഭിച്ചു


എഎംയുപിഎസ് പാറക്കൽ



വയൽ

തുടങ്ങിയ സമയം:12.00
പൂർത്തിയായ സമയം.1.30
പങ്കെടുത്ത കുട്ടികൾ.24
വയലിനെ കുറിച്ചാണ് എഴുതിയത്. 
6 പേരുള്ള നാല് ഗ്രൂപ്പുകൾ . 
ഗ്രൂപ്പിൽ അവർ മറ്റുള്ളവരെ സഹായിച്ചിരുന്നു. 
ഓരോ ഗ്രൂപ്പും ചർച്ച ചെയ്തു വാക്യങ്ങൾ എഴുതി. 
എഴുതുമ്പോഴുള്ള തെറ്റുകൾ അറിയുന്ന കുട്ടികൾ തിരുത്തി എഴുതിയിരുന്നു. 
എല്ലാ ഗ്രൂപ്പുകളും അവരുടെ പാചകം വായിച്ച ശേഷം ടീച്ചർ ക്രോഡീകരിച്ച് ചാർട്ടിൽ എഴുതി.
എഎംഎൽപിഎസ് പാലക്കാട്. മലപ്പുറം



വിഷയം: തോട്

ഗ്രൂപ്പിംഗ് 5 മിനുട്ട്

നിർദ്ദേശം 10 മിനുട്ട്

ചർച്ച 25 മിനുട്ട്

 ചർച്ചകളിൽ കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു.

കൂട്ട് എഴുത്തിൽ അറിയുന്ന കുട്ടികൾ പ്രയാസം നേരിടുന്ന കുട്ടികൾക്ക് നല്ല രീതിയിൽ സഹായിക്കുന്നു. അതുകൊണ്ട് എഴുതാൻ സാധിച്ചു.

ക്ലാസിലെ എല്ലാ കുട്ടികളുടെയും

പങ്കാളിത്തം ലേഖനത്തിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.

 നാലു കുട്ടികൾ ലേഖനത്തിൽ പിന്നിലാണ്.

 അവർ കൂട്ട് എഴുത്തിലൂടെ ഗ്രൂപ്പ് അംഗങ്ങളുടെ സഹായത്തോടെ എഴുതി. 

ഒരു മണിക്കൂറോളം സമയമെടുത്തു.

 കുട്ടികളുടെ സ്വന്തം രചനയ്ക്ക് വളരെ പ്രയോജനപ്രദമായിരുന്നു.

 സൗമ്യമോൾ കെ.എസ്

ജിഎൽപിഎസ് ചമ്പക്കര

കറുകച്ചാൽ ഉപജില്ല

കോട്ടയം