എയ്ഡഡ് സ്കൂളായ കൂണ്ടൂര്‍ക്കുന്ന് ഹയര്‍സെക്കന്‍ഡറിയിലെ 980കുട്ടികളാണ് സ്വന്തം കവിതകളും കഥയും നോവലും ലേഖനവും എഴുതി സ്വയം പ്രകാശിപ്പിക്കുന്നത്. എട്ടു മുതല്‍ പ്ലസ്ടുതലംവരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികളും തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് രചന നിര്‍വഹിച്ച് കൈയെഴുത്തുകൃതികള്‍ അതത് ക്ലാസ് ടീച്ചര്‍മാരെ ഏല്‍പ്പിച്ചു.
കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭത്തിന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുന്‍കൈയെടുക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
ജൂണില്‍ത്തന്നെ വിദ്യാര്‍ഥികള്‍ക്ക് കൈയെഴുത്തുമാസിക സംബന്ധിച്ച് നിര്‍ദേശം നല്‍കി. "എന്റെ രചന" എന്ന് പേരിട്ട പദ്ധതിക്ക് തുടക്കംമുതല്‍ നല്ല പിന്തുണ ലഭിച്ചു. വിദ്യാര്‍ഥികള്‍ വായനയിലും എഴുത്തിലും മുഴുകിയതോടെ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും അത് മുതല്‍ക്കൂട്ടായി.
ഓരോ കൈയെഴുത്തുപ്രതിയും 20 പേജില്‍ കുറയരുതെന്ന് പ്രത്യേകം നിര്‍ദേശം നല്‍കി. കഥ, കവിത, ലേഖനം തുടങ്ങിയവ പുസ്തകത്തില്‍ ഉള്‍പ്പെടുത്തി ചിലര്‍ 100മുതല്‍ 150 പേജ് വരുന്ന പുസ്തകവും തയ്യാറാക്കി. സ്വന്തമായി എഴുതിത്തയ്യാറാക്കുന്ന പുസ്തകമായതിനാല്‍ പലരും കൈയെഴുത്ത് നന്നാക്കാനുള്ള പ്രത്യേകപരിശീലനവും നേടി.
പദ്ധതിക്ക് "എന്റെ രചന" എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും ഓരോ വിദ്യാര്‍ഥിയും ഉള്ളടക്കത്തിനനുസരിച്ച് യോജിക്കുന്ന മലയാളിത്തം തുളുമ്പുന്ന പേരുകളാണ് സ്വന്തം പുസ്തകത്തിന് നല്‍കിയിരിക്കുന്നത്. സ്വന്തമായി രചിച്ച പുസ്തകം സ്വയം പ്രകാശിപ്പിക്കുകയെന്ന നേട്ടമാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ കുട്ടികള്‍ക്ക് ലഭിച്ചത്. ഓരോ രചനയും അതത് ക്ലാസ്ടീച്ചര്‍മാര്‍ പരിശോധിക്കുകയും കൈയക്ഷരം നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ സ്വന്തമായി എഴുതിയതാണെന്ന് ഉറപ്പുവരുത്തിയാണ് പുസ്കം പുറത്തിറക്കുന്നത്.
തിങ്കളാഴ്ച പകല്‍ 11ന് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ കുട്ടികള്‍ അവരവരുടെ രചനകള്‍ പ്രകാശനം ചെയ്യും. കവി മണമ്പൂര്‍ രാജന്‍ ബാബു, നാടകകൃത്ത് കെ പി എസ് പയ്യനെടം എന്നിവര്‍ പങ്കെടുക്കും.
നല്ല രചനകള്‍ നിര്‍വഹിക്കണമെന്ന വാശിയില്‍ വിദ്യാര്‍ഥികള്‍ വായനയിലും പ്രത്യേകം താല്‍പ്പര്യമെടുത്തു. സ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ പദ്ധതികളുടെ ഭാഗമായാണ് എല്ലാ കുട്ടികളും പങ്കെടുക്കുന്ന രചനക്ക് രൂപംനല്‍കിയത്.
ഏതു സ്കൂളിനും സ്വീകരിക്കാവുന്ന പാത
എഴുത്തിന്റെ വഴി ..സ്കൂള്‍ എഴുത്ത് കൂട്ടം..
വാക്കിന്റെ പാടം. വിതച്ചാല്‍ മതി ..
6 comments:
ഈ പോസ്റ്റ് പ്രത്യേക ഉന്മേഷം പകര്‍ന്നു .കുട്ടികളുടെ രചനകള്‍ അവരുടെ ലോകത്തെ വിശാലമാക്കും .മുതിര്‍ന്നവരുടെ ബാല എഴുത്തിനേക്കാള്‍ മുളയും
കതിരും കൂടും .,അവരുടെ ലോക വീക്ഷണം തനിമ പുലര്‍ത്തും .നിലപാടുകളും പ്രസ്താവനകളും കുട്ടികളുടെ ആലോചനകളില്‍ നിന്ന് തന്നെയാവും .ഈ രചനകളിലൂടെ വായനയുടെ പുതിയ ലോകങ്ങളിലേക്ക് അവര്‍ക്ക് കടക്കാനാവും .. തപോധ്യാനം ......ടാഗോര്‍ പറയുന്നത് പോലെ......വേണ്ട പ്രക്രിയക്ക് നല്ല അധ്യാപക സംഘത്തിന്‍റെ വഴികാട്ടല്‍ ഏറെ സഹായകം.
പ്രതീക്ഷകളുടെ പുസ്തകങ്ങള്‍ക്ക് എന്‍റെ ആദരവ് .
.
കുണ്ടൂര്‍കുന്നു സ്കൂളിന്റെ ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു..ഒപ്പം ഇത് പങ്കു വെച്ച ചൂണ്ടു വിരലിനും.
കുണ്ടൂർകുന്ന് സ്കൂളിന് എല്ലാ വിധ ആശംസകളും.
ഇനി നവംബര്‍ 1 നു വികസന സെമിനാര്‍ ഉണ്ട്. .ഏകദേശ പരിപാടി ഇങ്ങനെ.http://sujanika.blogspot.com/2011/09/blog-post_21.html
നന്ദി.
രചനകള്‍ പഠനം മെച്ചപ്പെടുത്തും .പുനര്‍ രചനകളും പുനരുപയോഗങ്ങളും പഠനം കൂടുതല്‍ മെച്ചപ്പെടുത്തും .അത് നടക്കുന്നത് ഉറപ്പുവരുത്താന്‍ എന്ത് ചെയും ...?കുണ്ടൂര്‍ കുന്ന്‍ സ്കൂളിന്‍റെശ്രദ്ധ ഈ വഴിക്കു കൂടി തിരിയുമെന്ന്‍ ആശിക്കുന്നു.
അജയന്‍ വര്‍കല
വേറിട്ട അനുഭവമായി "എന്റെ രചന" കൈയെഴുത്ത് മാസിക പ്രകാശനം
17-Oct-2011
മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളുടെ സര്‍ഗ സാഹിത്യ ഭാവനകള്‍ പീലിവിടര്‍ത്തി കുണ്ടൂര്‍കുന്ന് ടിഎസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആയിരത്തോളം കൈയെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ചരിത്രത്തില്‍ തന്നെ "എന്റെ രചന" കൈയെഴുത്ത് മാസിക പ്രകാശനം അത്യപൂര്‍വ അനുഭവമായി മാറി. ടിഎസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസുമുതല്‍ 12-ാം ക്ലാസുവരെയുള്ള 980 വിദ്യാര്‍ഥികളാണ് പ്രത്യേകം കൈയെഴുത്തുമാസികകള്‍ എന്റെ രചനയിലൂടെ തയ്യാറാക്കിയത്. പരസ്പരം കൈമാറി വായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വിദ്യാര്‍ഥിയും മാസിക തയ്യാറാക്കിയത്. 1962ല്‍ ആരംഭിച്ച് സുവര്‍ണ ജയന്തി ആഘോഷിക്കുന്ന ഈ ഗ്രാമീണ വിദ്യാലയത്തിലെ അക്കാദമിക് ചരിത്രവും പ്രശംസനീയമാണ്. മികവിന്റെ വിദ്യാലയമായി മാറിയ ടിഎസ്എന്‍എംഎച്ച്എസ്എസിലെ സാഹിത്യ രചനകളുടെ കുട്ടിക്കൂട്ടവും ചരിത്രമാവുകയാണ്. കെട്ടിലും മട്ടിലും ഒന്നിനൊന്നു മികച്ച നിലവാരം പുലര്‍ത്തുന്ന മാസികകളുടെ പേരിലുമുണ്ട് വൈവിധ്യം. തൂലിക, സ്പന്ദനം... തുടങ്ങി വ്യത്യസ്തമായ 980 കൈയെഴുത്തുമാസികകള്‍ക്കുമുണ്ട് വെവ്വേറെ പേരുകള്‍ . കഥ, കവിത, ലേഖനം, നാടകം, നോവല്‍ , കൊളാഷ് തുടങ്ങിയ വിഭവങ്ങളാല്‍ സമൃദ്ധമാണ് ഓരോ കൈയെഴുത്തുമാസികകളും. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഓരോ വിദ്യാര്‍ഥിയും അവരവുരുടെ രചനകള്‍ പ്രകാശനം ചെയ്തു. കവി മണമ്പൂര്‍ രാജന്‍ ബാബു കവിത ചൊല്ലികുരുന്നു പ്രതിഭകളെ അനുമോദിച്ചു. ദേശാഭിമാനി വാരിക പത്രാധിപര്‍ കെ പി മോഹനന്‍ ചിന്ത ബുക്സിന്റെ ഓരോ പുസ്തകം ഓരോ വിദ്യാര്‍ഥിക്കും നല്‍കി. ഒപ്പം വാരികയുടെ ഓരോ പുതിയ ലക്കവും. ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി മാനേജര്‍ രാജീവ്വര്‍മ, ബിജുമലപ്പുറം, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ ടി വിജയന്‍ , ടി മോഹന്‍ദാസ്, എ കെ വിനോദ്, ടി എം അനുജന്‍ , നാടകകൃത്ത് കെ പി എസ് പയ്യനെടം, എന്റെ രചന കണ്‍വീനര്‍ അച്യുതാനന്ദന്‍ , എസ് വി രാമനുണ്ണി എന്നിവര്‍ പങ്കെടുത്തു. എം എന്‍ നാരായണന്‍ സ്വാഗതവും പ്രശാന്ത് കുമാര്‍ നന്ദിയും പറഞ്ഞു.
Post a Comment