ക്ലാസ്: ഒന്ന്
യൂണിറ്റ്: 5
പാഠത്തിൻ്റെ പേര്: മണ്ണിലും മരത്തിലും
ടീച്ചറുടെ പേര്: വീണാറാണി PL
ഹെഡ്മിസ്ട്രസ്സ്, GLPS പൂവറ്റൂർ വെസ്റ്റ്, കൊല്ലം
കുട്ടികളുടെ എണ്ണം : 8.......
ഹാജരായവർ: .......
തീയതി: ..…../ 2025
പിരീഡ് ഒന്ന് |
പ്രവർത്തനം 1 സംയുക്ത ഡയറി, കഥാവേള, വായനക്കൂടാരം. വായനപാഠം.
പഠനലക്ഷ്യങ്ങൾ:
കഥാവേളകളിൽ ചെറു സദസ്സിന് മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .
കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയ ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.
കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
പ്രതീക്ഷിത സമയം - 40 മിനുട്ട്
കരുതേണ്ട സാമഗ്രികൾ - സംയുക്ത ഡയറി,കഥാപുസ്തകങ്ങൾ , വായനപാഠങ്ങൾ ,
പ്രക്രിയാവിശദാംശങ്ങൾ
സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്
കഴിഞ്ഞദിവസം പക്ഷിയുമായി ബന്ധപ്പെട്ട ഒരു ഡയറി നമ്മൾ വായിച്ചല്ലോ നിങ്ങളുടെ ഡയറിയിൽ പക്ഷികളെ കുറിച്ചുള്ള എഴുത്തും വരയും ഉണ്ടോ?
കുട്ടികൾ ഡയറികൾ വായിക്കുന്നു. കുട്ടികൾ പരസ്പരം വിലയിരുത്തുന്നു. ടീച്ചർ വിലയിരുത്തൽ ക്കുറിപ്പ് ഗ്രൂപ്പിൽ പങ്കിടുന്നു
തിരഞ്ഞെടുത്ത ഡയറി വായിക്കുന്നു
ശ്രേയ.എസ് ഇപ്പോൾ തനിയെ എഴുതിയ ഡയറി കണ്ടോ?. ഡയറിയും ചിത്രവും കാണിക്കുന്നു
ശ്രേയയ്ക് വായിക്കാമോ?
ഇന്ന് എനിക്ക് അമ്മ കസേര വാങ്ങി തന്നു.
ഒരു കുഞ്ഞു ചുവന്ന കസേര.
വായിക്കുന്ന സമയം ഓരോ വാക്യങ്ങൾ കുട്ടികൾ ബോർഡിൽ എഴുതുന്നു. പരസ്പരം എഡിറ്റ് ചെയ്യുന്നു. ബോർഡിൽ എഴുതിയത് വായിക്കുന്നു
അക്ഷരബോധ്യച്ചാർട്ടിലെ വിശകലനത്തിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളെ വിളിക്കുന്നു.
ഞ്ഞ എന്ന അക്ഷരമുള്ള വാക്ക് വായിക്കുക ( പിന്തുണ വേണ്ട കുട്ടികൾ (ആരുഷ് ,ദഷ്യ)
തുടർന്ന് ആ വാക്യം മുഴുവൻ വായിക്കണം
ഡയറിയിലെ സവിശേഷതകൾ ചൂണ്ടിക്കാട്ടി അഭിനന്ദിക്കുന്നു.
കസേരയുടെ വിശേഷണം
ക്ലാസിൽ ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതിയെന്ന് ഉറപ്പാക്കുന്നു.
മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഇടവേളകളിൽ വായിപ്പിക്കുന്നു
ശ്രദ്ധേയമായ ഡയറികൾ വായനപാഠമാക്കുന്നു.
വായന പാഠം വായിക്കൽ, 5+5 മിനുട്ട്
കഴിഞ്ഞ ദിവസം നൽകിയ വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ
ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ
വായനക്കൂടാരത്തിലെ പുസ്തകവായന , വിലയിരുത്തൽ 5 + 5
കുട്ടികൾ ചിത്രവായന നടത്തി സ്വന്തമായി എഴുതിയ കഥകൾ വായന കൂടാരത്തിലുള്ളത് പറയുന്നു. ചാരു എഴുതിയ കഥ പറയുന്നു. മറ്റ് കുട്ടികൾ വിലയിരുത്തുന്നു.
കഥ പറയുന്ന Vedieo
കഥ പറയുന്ന വീഡിയോയും കുട്ടികളുടെ പ്രതികരണവും ക്ലാസ്ഗ്രൂപ്പിൽ പങ്കിടുന്നു.
പിരീഡ് രണ്ട് |
പ്രവർത്തനം: പെരുമഴ (എഴുത്തനുഭവം) ടെസ്റ്റ് ബുക്ക് പേജ് 37
പഠനലക്ഷ്യങ്ങള്‍:
അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന, ആലേഖന ക്രമം) മലയാളം ലിപികൾ സഹായത്തോടെ എഴുതി വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു
അക്ഷരങ്ങൾ തമ്മിലുള്ള അകലം, വാക്കകലം, വരിയകലം എന്നിവ പാലിച്ച് എഴുതുന്നു
സാമഗ്രി: ടെസ്റ്റ് ബുക്ക് പേജ് 37
സമയം: 30 മിനിറ്റ്
പ്രക്രിയ വിശദാംശങ്ങള്‍
മാനം കറുത്തു. മഴത്തുള്ളികൾ കുഞ്ഞിക്കിളിയുടെ കുഞ്ഞുശരീരത്തെ നനച്ചു. പെട്ടെന്ന്
ടും ടും ടും
ഇടി വെട്ടി
കാറ്റ് വീശി
പെരുമഴ
കുഞ്ഞിക്കിളി കരഞ്ഞു
തനിച്ചെഴുത്ത്.
കാറ്റ്, കരഞ്ഞു എന്നീ വാക്കുകള്‍ ചേര്‍ത്ത് വാക്യം പൂര്‍ണ്ണമാക്കുന്നു
പഠനക്കൂട്ടത്തില്‍ പരസ്പരം വിലയിരുത്തി സഹായത്തോടെ മെച്ചപ്പെടുത്തിയെഴുത്ത്.
ടീച്ചറെഴുത്ത്
ടീച്ചര്‍ കാറ്റ് വീശി, കുഞ്ഞിക്കിളി കരഞ്ഞു എന്നീ വാക്യങ്ങള്‍ അകലമിട്ട് എഴുതുന്നു.
എല്ലാവരും പൊരുത്തപ്പെടുത്തുന്നു
കൂടുതല്‍ പിന്തുണ വേണ്ടവര്‍ വന്ന് ബോര്‍ഡില്‍ ടീച്ചറെഴുതാത്ത മൂന്ന് വാക്യങ്ങള്‍ എഴുതണം
ടും ടും ടും ( ട യില്‍ പിന്തുണ വേണ്ടവര്‍)
ഇടി വെട്ടി ( ഇ സ്വരത്തിന്റെ ചിഹ്നത്തിലും ട. ട്ട എന്നീ അക്ഷരങ്ങളിലും പിന്തുണ വേണ്ടവര്‍)
പെരുമഴ ( എ, ഉ സ്വരചിഹ്നങ്ങള്‍ തിട്ടമാകാനുള്ളവര്‍)
ഇടി വെട്ടി, കാറ്റ് വീശി, പെരുമഴ, കുഞ്ഞിക്കിളി കരഞ്ഞു എന്നീ വാക്യങ്ങള്‍ കണ്ടെത്തി വായിക്കുന്നു.
മഴ വരയ്കല്‍ (കുഞ്ഞെഴുത്ത്)
ചിത്രത്തില്‍ മഴ പെയ്യുന്നില്ലല്ലോ? മഴ വരയ്കാം. പെന്‍സില്‍ വെച്ചാണ് തുള്ളികള്‍ വരയ്കേണ്ടത്. ചില വാക്യങ്ങള്‍ എഴുതാനുള്ളതിനാല്‍ കുഞ്ഞിക്കിളി ഇരിക്കുന്ന ചില്ലയുടെ വലത് താഴെ തുള്ളികള്‍ വരയ്കേണ്ടതില്ല.
പിരീഡ് മൂന്ന് |
പ്രവർത്തനം: എനിക്ക് പേടിയാകുന്നു? എഴുത്ത് അനുഭവം.
പഠന ലക്ഷ്യങ്ങൾ:
അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന, ആലേഖന ക്രമം) മലയാളം ലിപികൾ സഹായത്തോടെ എഴുതി വാക്കുകളും ചെറു വാക്യങ്ങളും പൂർത്തിയാക്കുന്നു
അക്ഷരങ്ങൾ തമ്മിലുള്ള അകലം, വാക്കകലം, വരിയകലം എന്നിവ പാലിച്ച് എഴുതുന്നു.
സാമഗ്രി : പ്രവർത്തന പുസ്തകം
സമയം: 30 മിനിറ്റ്
പ്രക്രിയവിശദാംശങ്ങള്‍
കുഞ്ഞിക്കളി കൂട്ടില്‍ മഴയത്തും കാറ്റത്തും പേടിച്ചിരിക്കുകയാണ്. കുഞ്ഞിക്കിളി അമ്മയെ വിളിച്ച് കരഞ്ഞു.
അമ്മേ മഴ പെയ്യുന്നേ
കാറ്റ് വീശുന്നേ
എനിക്ക് പേടിയാകുന്നേ..
ഈ വാക്യങ്ങള്‍ ആര്‍ക്ക് വന്ന് ബോര്‍ഡിലെഴുതാം?
സന്നദ്ധയെഴുത്ത്.
തുടര്‍ന്ന് കുഞ്ഞെഴുത്തുമായി പൊരുത്തപ്പെടുത്തുന്നു (പേജ് 34).
ഓരോ വാക്കും ശരിയാണോ എന്ന് ഓരോ പഠനക്കൂട്ടവുമാണ് പരിശോധിക്കേണ്ടത്.
അമ്മേ, പെയ്യുന്നേ, പേടിയാകുന്നേ എന്നിവയിലെ ഏ സ്വരത്തിന്റെ ചിഹ്നം ശരിയായി പ്രയോഗിച്ചിട്ടുണ്ട എന്ന് നോക്കാനാവശ്യപ്പെടണം.
മഴയുടെ ശക്തി കൂടി. ഇടിയും മിന്നലും കുഞ്ഞിക്കിളി നിലവിളിച്ചു. എങ്ങനെയാവും കുഞ്ഞിക്കിളി കരഞ്ഞിട്ടുണ്ടാവുക. ?
ങീ.... ങീ....
ടീച്ചറെഴുത്ത്
ങീ..... ങീ.... എന്നത് ടീച്ചർ ചാർട്ടിൽ എഴുതുന്നു. ങ എന്ന അക്ഷരം കുട്ടികൾക്ക് പരിചിതമല്ല ങ ഘടന പറഞ്ഞ് ടീച്ചർ ചാർട്ടിൽ എഴുതുന്നു.
കുട്ടിയെഴുത്ത്
കുട്ടികള്‍ കുഞ്ഞെഴുത്തില്‍ ങീ, ങീ എന്ന് എഴുതുന്നു.
കൂട്ടിലിരുന്ന് പേടിച്ച് വിറച്ച് കരയുന്ന കുഞ്ഞിക്കിളിയെ കണ്ട് മറ്റൊരു മരക്കൊമ്പിൽ നിന്നൊരാൾ ഛിൽ ഛിൽ ശബ്ദത്തോടെ ചാടി ചാടി വന്നു ആരായിരിക്കുമത് ?
കുട്ടികളുടെ പ്രതികരണം. അതെ അണ്ണാൻ. ടീച്ചർ അണ്ണാന്റെ കട്ടൗട്ട്/ ചിത്രം എടുത്ത് നേരത്തെ ഉണ്ടാക്കി വെച്ച മരത്തിന്റെ ഒരു കൊമ്പിൽ സ്ഥാപിക്കുന്നു.
കുഞ്ഞിക്കിളിയുടെ കരച്ചിൽ കേട്ട അണ്ണാൻ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക?
പ്രവർത്തന പുസ്തകത്തിലെ ആദ്യ വരിയിലെ ഛിൽ ഛിൽ എന്നത് വായിപ്പിച്ച് ബാക്കി ഭാഗം എഴുതിക്കുന്നു.
ടീച്ചര്‍ ഛ എന്ന അക്ഷരം ഘടന പാലിച്ച് എഴുതുന്നു.
ഛിൽ ഛിൽ
ഛിൽ ഛിൽ
പ്രവർത്തന പുസ്തകത്തിലെഴുത്ത്
ഛില്‍ എന്നത് എല്ലാവരും എഴുതുന്നു.
പ്രയാസം നേരിടുന്ന കുട്ടികൾക്ക് കട്ടിയെഴുത്തിലൂടെ പിന്തുണ നൽകുന്നു
പിന്തുണാനടത്തവും പിന്തുണാ ബുക്കിലെഴുത്തും സ്റ്റാർ നൽകലും
ഉച്ചാരണ പരിശീലനം
മരച്ചില്ലയില്‍ വന്ന അണ്ണാന്‍ ഛില്‍ ഛില്‍ ശബ്ദമുണ്ടാക്കി. (ച്ച, ഛ എന്നിവയുടെ ഉച്ചാരണവ്യത്യാസം ബോധ്യപ്പെടണം)
കൂട്ടിൽ നിന്ന് കരയുന്ന കുഞ്ഞിക്കിളിയെ കണ്ട അണ്ണാന് സങ്കടമായി. അണ്ണാൻ എന്തു ചെയ്തിട്ടുണ്ടാവും ?
സ്വതന്ത്ര പ്രതികരണം
അണ്ണാൻ ………………….
എത്തി നോക്കി.
എന്നാണ് അച്ചടിച്ചിട്ടുള്ളത്. ഇടയ്കുള്ള വാക്കേതായിരിക്കും? കുട്ടികളുടെ പ്രതികരണങ്ങള്‍
സന്നദ്ധയെഴുത്ത്. ബോര്‍ഡില്‍
കുഞ്ഞിക്കളി കരയുന്നത് കേട്ട് അണ്ണാൻ എവിടേക്കായിരിക്കും നോക്കിയിട്ടുണ്ടാവുക ? കുട്ടികളുടെ പ്രതികരണങ്ങള്‍ എന്താണോ അത് എഴുതാം. സാധ്യത ചര്‍ച്ച ചെയ്യുന്നു.
അണ്ണാൻ ചില്ലയിലേക്ക് എത്തി നോക്കി
അണ്ണാന്‍ കൂട്ടിലേക്ക് എത്തി നോക്കി
………………………………………...
ടീച്ചറെഴുത്ത് -ചാർട്ട് /ബോർഡെഴുത്ത്
ടീച്ചര്‍ അണ്ണാന്‍ ചില്ലയിലേക്ക് എത്തി നോക്കി എന്ന് സംയുക്ത രീതിയില്‍ എഴുതണം. ണ്ണ പരിചയപ്പെടുത്തണം. സംയുക്ത എഴുത്തില്‍ ചിഹ്ന പരിഗണന ഉണ്ട്. ഏ, ഓ, ഇ സ്വരങ്ങളുടെ ചിഹ്നങ്ങള്‍
പ്രവർത്തന പുസ്തകത്തിലെഴുത്ത്
പിന്തുണനടത്തം
ഉല്പന്നം: പ്രവർത്തന പുസ്തകത്തിലെ എഴുത്ത്
വിലയിരുത്തൽ
ങ, ഛ എന്നീ പുതിയ അക്ഷരങ്ങൾ കൃത്യമായി ഘടന പാലിച്ച് എത്ര കുട്ടികൾക്ക് എഴുതാൻ സാധിച്ചു?
പിന്തുണ ബുക്കിന്റെ സഹായം എത്ര കുട്ടികൾക്ക് ആവശ്യമായി വന്നു.
എഴുത്തു പ്രക്രിയയിൽ പൊതുവായി കണ്ടുവരുന്ന പ്രശ്നങ്ങൾ എന്തെല്ലാം ? പരിഹാര മാർഗം എന്ത്.?
ടീച്ചറെന്ന നിലയിലുള്ള സ്വയം വിലയിരുത്തൽ എന്താണ് ?
പ്രക്രിയയിൽ എന്ത് തരത്തിലുള്ള മാറ്റങ്ങളാണ് നടത്താൻ പോകുന്നത്?
പിരീഡ് നാല് |
പ്രവർത്തനം: എനിക്ക് പേടിയാവുന്നേ (വായനാനുഭവം) പ്രവർത്തന പുസ്തകം 34
പഠന ലക്ഷ്യങ്ങൾ
പരിചിത അക്ഷരങ്ങൾ ഉള്ള ലഘുവാക്യങ്ങൾ, പദങ്ങൾ, എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.
ആശയ വ്യക്തതയോടെയും ഉച്ചാരണ വ്യക്തതയോടെയും ഉചിതമായ ശബ്ദ വ്യതിയാനത്തോടെയും ഭാവാത്മകമായും വായിക്കുന്നു.
സമയം: 30 മിനിറ്റ്
സാമഗ്രികൾ: ചാർട്ട്
പ്രക്രിയ വിശദാംശങ്ങൾ
അമ്മേ മഴ പെയ്യുന്നേ
കാറ്റ് വീശുന്നേ
എനിക്ക് പേടിയാവുന്നേ.
ങീ .... ങീ....ങീ....
ഛിൽ ഛിൽ ഛിൽ
അണ്ണാൻ കൂട്ടിലേക്ക്/ചില്ലയിലേക്ക് എത്തി നോക്കി
എന്നത് ചാർട്ട് നോക്കി ആർക്കെല്ലാം വായിക്കാൻ കഴിയും ?
കണ്ടെത്തല്‍ വായന (വാക്യതലം)
ഞാൻ ചൂണ്ടാം നിങ്ങൾക്ക് വായിക്കാമോ (ടീച്ചർ സാവധാനം വരികളിലൂടെ പോയിന്റെർ ചലിപ്പിക്കുന്നു)
ഞാൻ വായിക്കുന്ന വാക്യം നിങ്ങൾക്ക് കണ്ടെത്താമോ? (ടീച്ചർ ഇഷ്ടമുള്ള ഒരു വാക്യം വായിക്കുന്നു കുട്ടികൾ കണ്ടെത്തുന്നു )
കണ്ടെത്തൽ വായന (വാക്ക്)
ഛിൽ എന്ന വാക്ക് എത്ര തവണ എഴുതിയിട്ടുണ്ട് ?
എത്തി എന്ന വാക്ക് ഏതു വരിയിലാണ് ?
കണ്ടെത്തൽ വായന (അക്ഷരം)
ണ്ണ എന്ന അക്ഷരം എത്രമാത്തെ വരിയിലാണ്?
( കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരെ പരിഗണിച്ച് അക്ഷരങ്ങള്‍ കണ്ടെത്താന്‍ അവരോട് നിര്‍ദേശിക്കണം.
കണ്ടെത്തൽ വായന (ചിഹ്നം ചേര്‍ന്ന അക്ഷരം)
മ്മേ ഏത് വരിയില്‍?
യ്യു ഏത് വാക്കില്‍?
ന്നേ എന്ന് എവിടെല്ലാം?
ഛി എന്ന അക്ഷരം തൊട്ടു കാണിക്കാമോ ?
എത്ര തവണ ഛി എന്ന അക്ഷരം ആവർത്തിച്ചു ?
ങീ ങീ എന്ന് എവിടെയാണ് എഴുതിയിട്ടുള്ളത്
ക്രമത്തില്‍ വായിക്കല്‍
ക്രമരഹിത വായന
ചങ്ങല വായന
ഭാവാത്മക വായന
ഗ്രൂപ്പ് പ്രവര്‍ത്തനം. കുട്ടികളെ മൂന്നംഗ ഗ്രൂപ്പുകളാക്കുന്നു. ഓരോ ഭാഗം വീതം ഓരോ ആള്‍ വീതിച്ചെടുക്കുന്നു. ഭാവാത്മകമായി വായിക്കേണ്ട ഭാഗം തീരുമാനിക്കുന്നു. ഓരോരുത്തരും ചുമതലപ്പെട്ട ഭാഗം ഗ്രൂപ്പില്‍ വായിക്കുന്നു. വായനയില്‍ പരസ്പരം സഹായിക്കണം. ടീച്ചര്‍ വായന മോണിറ്റര്‍ ചെയ്യണം.
വിലയിരുത്തൽ
ചാർട്ട് കൃത്യമായി വായിക്കാൻ പറ്റുന്ന കുട്ടികളുടെ എണ്ണം എത്ര?
നേരത്തെ പഠിച്ച അക്ഷരങ്ങൾ പുതിയ സന്ദർഭത്തിൽ വായിക്കാൻ പറ്റാത്ത കുട്ടികളുണ്ടോ?
വായിക്കാൻ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് എന്ത് പരിഹാര ബോധനരീതിയാണ് സ്വീകരിച്ചത്.?
ഭാവാത്മക വായന മികവിലേക്ക് ഉയര്‍ന്നുവോ?
എന്തായിരുന്നു കുട്ടികള്‍ക്ക് വേണ്ടിവന്ന സഹായം.
വായനപാഠം
കൂട്ടില്‍ കുഞ്ഞിക്കിളി.
കുഞ്ഞിക്കിളി ചുറ്റും നോക്കി
കണ്ണ് ചിമ്മി നോക്കി.
അമ്മ എവിടെ?
അതാ അമ്മ പാറി പാറി പോയിടുന്നു.
അവള്‍ക്ക് വിഷമം വന്നു.

No comments:
Post a Comment