ഒന്നാം ക്ലാസുകാര്‍ക്ക് നല്‍കുന്ന വായനപാഠങ്ങള്‍ ആശയഗ്രഹണവായനയിലേക്കും സര്‍ഗാത്മക രചനയിലേക്കും വിവിധ വ്യവഹാരരൂപരചനയിലേക്കും അവരെ നയിക്കുന്ന തരത്തില്‍ അടുത്ത തലത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇനി എന്ത് എഴുതൂ എന്ന ഒരു വായനക്കാര്‍ഡ് ഒന്നഴക് ഗ്രൂപ്പില്‍ പങ്കിട്ടിരുന്നു. കുഞ്ഞിക്കിളിയെ ആര് രക്ഷിക്കും എന്ന ചോദ്യത്തോടെയാണ് ആ വായനക്കാര്‍ഡ് അവസാനിക്കുന്നത്? ക്ഷ ഒഴികെ എല്ലാ അക്ഷരങ്ങളും കുട്ടിക്ക് പരിചിതമാണ്. വായനക്കാര്‍ഡില്‍ കുഞ്ഞിക്കിളിക്ക് അപകടം പറ്റുമോ? എന്ന് ചോദിച്ചാലും മതിയായിരുന്നു. കുട്ടികള്‍ രക്ഷിതാവിന്റെ സഹായം തേടി വായന നടത്തി. ഒന്നാം ക്ലാസിലെ സാവന്‍ സനാവ് അതിന്റെ തുടര്‍ച്ച എഴുതിയതാണ് താഴെ കാണുന്നത്.
ഒരു തലക്കെട്ട് സാവന്‍ നല്‍കി. കാക്കയെ കഥയിലേക്ക് കൊണ്ടുവന്നു.കാക്കയും കിളിക്കൂടും കുഞ്ഞിക്കിളിയും അണ്ണാനുമുള്ള ചിത്രം വരച്ചു. അമ്മക്കിളി കാക്കയുടഎ ചുണ്ടില്‍ മുത്തം നല്‍കി എന്ന വാക്യമാണ് തിളങ്ങുന്നത്. ആശയക്രമീകരണം പാലിച്ച് വാക്കകലത്തോടെ തെറ്റില്ലാത്ത ഭാഷയില്‍ സര്‍ഗാത്മക രചന നടത്താന്‍ സവാന് കഴിഞ്ഞിട്ടുണ്ട്.
ഈ കഥ ടീച്ചര്‍ ഒന്നഴക് ഗ്രൂപ്പില്‍ പങ്കിട്ടപ്പോള്‍ ഞാന്‍ ചോദിച്ചു ടീ്ച്ചറേ ഇത് ചിത്രകഥയാക്കാമോ എന്ന്. ടീച്ചര്‍ സവാനോട് പറഞ്ഞു. അങ്ങനെ മനോഹരമായി ചിത്രകഥയായി. ചിത്രകഥയിലേക്ക് വന്നപ്പോള്‍ ഭാഷയില്‍ ചിന്തേരിടാന്‍ സവാന്‍ ശ്രദ്ധിച്ചു. മരത്തിലെ കൂട്ടില്‍ പാവം കുഞ്ഞിക്കിളി എന്ന തുടക്കം മൂലകഥയിലുള്ളതല്ല. അതായത് ആശയം സ്വീകരിച്ച് സ്വന്തമായി തുടക്കവാക്യങ്ങള്‍ കണ്ടെത്താന്‍ സവാന് കഴിഞ്ഞു. മറ്റൊന്ന് ഒതുക്കമാണ് പ്രധാനകാര്യങ്ങള്‍ മാത്രം എടുത്തു. ഒരു ചിത്രകഥയില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമില്ല. ചിത്രങ്ങള്‍ സംസാരിക്കും. ഈ കുട്ടി അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ഭാഷയെ ഉപയോഗിച്ചു. അണ്ണാന്‍ ഓടി വന്നു. കാക്കയെ വിളിച്ചു എന്നാണ് സവാന്‍ എഴുതിയ ആദ്യ കഥയിലുള്ളത്. ചിത്രകഥയില്‍ അത് സംഭാഷണമായി.
സവാന്റെ മൂലകഥയിലില്ലാത്തതാണ് കാക്ക കുഞ്ഞിക്കളിയെ വിളിക്കുന്നത്. അത് സംഭാഷരൂപത്തില്‍ സവാന്‍ ചേര്‍ത്തു. മാത്രമല്ല, പാമ്പിൻ്റെ തല കൂടിനടുത്തുയരത്തില്‍ വരെ എത്തുന്ന രീതിയില്‍ വരയ്ക്കുകയും ചെയ്തു . കൊക്കുകൊണ്ട് കൊത്തിയെടുത്ത് പറന്നു എന്ന വാക്യത്തിലും സവാന്‍ എഡിറ്റിംഗ് നടത്തി.കൊക്ക് കൊണ്ട് കുഞ്ഞിക്കിളിയെ എടുത്തു പറന്നു എന്നാക്കി.
തുടര്‍ന്നുള്ള ഭാഗത്ത് തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് എഴുത്ത്. ഒരു ഒന്നാം ക്ലാസുകാരന് ഇങ്ങനെ എഴുതാന്‍ കഴിഞ്ഞത്. പുനരാവിഷ്കാരത്തിന് അവസരം ഒരുക്കിയതിലൂടെയാണ്.
ഇത്തരം രചനാസാധ്യതകള്‍ എല്ലാ ഒന്നാം ക്ലാസിലും ഉണ്ട്. എല്ലാവരും എഴുതണമെന്നില്ല. ചിലരെങ്കിലും എഴുതും. ഓരോ കുട്ടിയെയും സാധ്യമായ ഉയര്‍ന്ന തലത്തിലേക്ക് നയിക്കാനാകണം.
- അര പേജ് ഓരോ ഫ്രെയമിനും എടുത്ത് എഴുതണം.
- ചിത്രം വരച്ച ശേഷം ഒഴിഞ്ഞ സ്ഥലങ്ങളില്‍ എഴുതാം.
- എല്ലാം അടിയില്‍ത്തന്നെ വേണമെന്നില്ല
- സംഭാഷണക്കുമിള വരച്ച് സംഭാഷണം എഴുതുന്ന രീതിയും പരിശോധിക്കാം.
അഭിനന്ദനങ്ങൾ
സാവൻ സനാവ്
ഒന്ന്.എ
മോയൻ എൽ.പി.സ്ക്കൂൾ
പാലക്കാട്.



No comments:
Post a Comment