ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, July 28, 2019

സായാഹ്ന ക്ലാസ് പി ടി എയും ക്ലാസ് പിടി എ പ്രതിനിധിസഭയും


27/7/2019ന് ഞാന്‍ കലവൂര്‍ ഹൈസ്കൂളിലായിരുന്നു

അവിടുത്തെ വിശേഷങ്ങള്‍ എസ് എം സി ചെയര്‍മാന്‍ നേരത്തെ പങ്കിട്ടിരുന്നു
അതില്‍ എനിക്ക് ഏറ്റവും സവിശേഷം എന്നു തോന്നിയത് സായാഹ്ന ക്ലാസ് പി ടി എ ആണ്
കലവൂര്‍ സ്കൂള്‍ തീരദേശനിവാസികളുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയമാണ്. തൊഴിലാളികളാണ് അധികവും. രക്ഷിതാക്കള്‍ക്ക് ജോലിക്ക് പോകണം.  കുട്ടികളുടെ പഠനകാര്യത്തില്‍ ശ്രദ്ധിക്കുകയും വേണം. ക്ലാസ് പി ടി എ ഉച്ചയ്ക് ശേഷമായിരിക്കും. അതില്‍ പങ്കെടുക്കണമെങ്കില്‍ അന്ന് ജോലിക്ക് പോകാതിരിക്കണം.
സ്കൂളില്‍ 28 ഡിവിഷനുണ്ട്. ആയിരത്തോളം രക്ഷിതാക്കളും. അവരില്‍ പകുതിപ്പേര്‍ ക്ലാസ് പി ടി എ കാരണം ജോലിക്ക് പോകുന്നില്ല എന്നു കരുതുക. ശരാശരി 750രൂപ കൂലി ഇനത്തില്‍ നിശ്ചയിച്ചാല്‍ പോലും 375000 രൂപയുടെ നഷ്ടം എല്ലാവര്‍ക്കമായി സംഭവിക്കുന്നുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു ദിവസത്തെ വേതനം വലുതാണ്. രക്ഷിതാക്കള്‍ പറഞ്ഞു. ടീച്ചര്‍മാരേ ക്ലാസ് പിടി എ വൈകിട്ടാക്കാമെങ്കില്‍ ഞങ്ങളെല്ലാം വരാം.
അധ്യാപകര്‍ അത് സമ്മതിച്ചു

അങ്ങനെ കേരളത്തില്‍ ആദ്യമായി ഒരു വിദ്യാലയം സായാഹ്ന ക്ലാസ് പിടി എ എന്ന ആശയം യാഥാര്‍ഥ്യമാക്കി. 28ഡിവിഷനുകളിലും അത് നടന്നു
അവര്‍ പറയുന്നതിങ്ങനെ
2019 - 20 വിദ്യാഭ്യാസ വർഷത്തെ സ്കൂൾ പ്രവർത്തനം മികവുറ്റതാക്കാൻ മെയ് മാസത്തിലാണ് ക്ലാസ് PTA കൾ സ്കൂൾ സമയം കഴിഞ്ഞ് 4 മണി മുതൽ കൂടാം എന്ന് തീരുമാനിക്കുന്നത്.
സർക്കാർ സ്കൂളല്ലേ എങ്ങനെയും ആവാം എന്ന വിട്ടുകൊടുക്കൽ പരിപാടി ഇനി സാധ്യമല്ല. പഠനവും സ്വഭാവഗുണതയും, സ്കൂളിനും വീടിനും സമൂഹത്തിനും പ്രയോജനപ്പെടുന്ന തരത്തിൽ ഓരോ കുട്ടിയിലും വികാസം പ്രാപിക്കേണ്ടതുണ്ട്.
കുട്ടി വിധിപോലെ വളർന്നാൽ പോര, പഠിക്കാൻ വരുന്ന കുട്ടിയുടെ താല്പര്യങ്ങളും രീതികളും അവളിൽ / അവനിൽ ആത്മവിശ്വാസത്തോടെ എങ്ങനെ രൂപപ്പെടുത്തിയെടുക്കാം. ക്ലാസ് PTA യുടെ പ്രധാന അജണ്ട ഇതായിരുന്നു.

ജൂൺ അവസാനം തുടങ്ങി ജൂലൈ രണ്ടാം വാരം വരെ ഓരോ ദിവസവും രണ്ട് ക്ലാസ് PTA കൾ വീതം 4 മണി മുതൽ തന്നെ നടത്തി പൂർത്തിയാക്കി. പലപ്പോഴും 6:30 വരെയൊക്കെ നീണ്ടു പോയ ക്ലാസ് PTA കൾ ഉണ്ടായി.
1.ഓരോ ക്ലാസിലും പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് കഴിഞ്ഞതും അടുത്ത ടേമിലേയും പാഠ ഭാഗങ്ങളെക്കുറിച്ച് വിശദമായി രക്ഷിതാക്കളുമായി സംസാരിക്കുവാനുള്ള സമയം ലഭിച്ചു.
2. ജോലിയൊക്കെ ഒതുക്കി എത്തുന്ന രക്ഷകർത്താവ്, സമയപരിമിധിയില്ലാതെ കുട്ടിയുടെ പാഠ്യ പഠ്യേതര വിഷയങ്ങൾ ടീച്ചറുമായി പങ്കുവെയ്ക്കുന്നു.
3. ഓരോ കൂട്ടിക്കും വ്യക്തിഗത പരിഗണന ലഭിക്കുന്നതോടെ പഠനത്തിലും പെരുമാറ്റത്തിലും കൂടുതൽ മെച്ചമുണ്ടാകുന്നു.
4. വരാതിരിക്കുന്ന രക്ഷകർത്താക്കളെ കൃത്യമായി അടുത്ത ക്ലാസ് PTA യിൽ എത്തി
ക്കുന്നതിനും വീടുകൾ സന്ദർശിക്കുന്നതിനും തീരുമാനമുണ്ടാകുന്നു.
5. ഓരോ ക്ലാസിനും ക്ലാസ് PTA യുടെ നിർവ്വാഹക സമിതിയായും അക്കാദമിക സപ്പോർട്ട് ഗ്രൂപ്പായും പ്രവർത്തിക്കാൻ കഴിയുന്ന 10 അംഗങ്ങളെ തെരഞ്ഞെടുത്തു.
6. ഈ 10 അംഗ ക്ലാസ് PTA സമിതിക്കായുള്ള (ആകെ 280 പേർ) ശില്പശാല ജൂലൈ അവസാനം നടത്തുവാൻ തീരുമാനിച്ചു.
7. പുതിയൊരു ദിശാബോധം രക്ഷിതാക്കളിലും കുട്ടികളിലും സൃഷ്ടിച്ചു കൊണ്ടാണ് ക്ലാസ് പി.ടി.എ കൾ പിരിഞ്ഞത്.
അധ്യാപകര്‍ ആറര വരെ സ്കൂളില്‍ ഉണ്ടായിരുന്നു. ചിലര്‍ ഏഴുമണിവരെ. എല്ലാവരും അവരുടെ ക്ലാസ് പി ടി എ തീരും വരെ രക്ഷിതാക്കള്‍ക്കൊപ്പം.
സാധാരണ ഒരു ക്ലാസില്‍ ക്ലാസ് പി ടി എ നടക്കുമ്പോള്‍ മറ്റു ക്ലാസുകളില്‍ വിഷയപഠനമായിരിക്കും. അതിനാല്‍ എല്ലാ അധ്യാപകര്‍ക്കും ക്ലാസ് പി ടി എയില്‍ വന്ന് അഭിപ്രായം പങ്കിടാന്‍ കഴിയാതെ വരുമായിരുന്നു. അതിനൊരു പരിഹാരം കണ്ടെത്താനായതില്‍ അധ്യാപകര്‍ സന്തുഷ്ടരാണ്. ക്ലാസ് പി ടി എയിലെ പങ്കാളിത്തം വര്‍ധിച്ചു എന്നതാണ് മറ്റൊരു സംഗതി.
പ്രഥമാധ്യാപികയ്കും എസ് എം സി ചെയര്‍മാനും എല്ലാ ക്ലാസ് പി ടി എയിലും നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കാനും ഏറെ സഹായകമായി
കഴിഞ്ഞ ദിവസം സ്കൂളില്‍ കൂടിയ അധ്യാപക ശില്പശാലയില്‍ ഇവര്‍ രണ്ടു പേരും ഓരോ ക്ലാസ് പി ടി എയുടെയും മികവുകള്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി
280പേരുടെ ക്ലാസ് പി ടി എ പ്രതിനിധി സഭ
ആയിരത്തോളം രക്ഷിതാക്കളുളള വിദ്യാലയത്തില്‍ മുപ്പതില്‍ താഴെ അംഗങ്ങളുളള രക്ഷാകര്‍തൃസമതി എക്സിക്യൂട്ടീവിനും എസ് എം എസിക്കും പരിമിതിയുണ്ട്. ഓരോ ക്ലാസിനെക്കുറിച്ചും പറയാനാളില്ല. കൂടുതല്‍പേരുടെ പങ്കാളിത്തം ഉണ്ടാവുകയാണെങ്കില്‍ അത് വിദ്യാലയമികവിന് ഏറെ സഹായകമാകും. അത്തരം ആലോചനയാണ് ഓരോ ഡിവിഷനില്‍ നിന്നും പത്തുപേരടങ്ങുന്ന ക്ലാസ് പി ടി എ പ്രതിനിധി സഭ രൂപീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

ശനിയാഴ്ച ക്ലാസ് പി ടി എ പ്രതിനിധി സഭയുടെ ശില്പശാലയായിരുന്നു. ഞാന്‍ ചില സാധ്യതകള്‍ അവരുടെ മുമ്പാകെ അവതരിപ്പിച്ചു
അതിനു ശേഷം ഡിവിഷനടിസ്ഥാനത്തില്‍ അവരും അധ്യാപകരും ഒത്തിരുന്നു
ക്ലാസ് തല പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി.
ഇതോടൊപ്പം സ്കൂള്‍ തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയുടെ സൂചന ചുവടെ
  • ലിറ്റില്‍ കൈറ്റ്സിന്റെ നേതൃത്വത്തില്‍ ഓരോ ഡിവിഷനിലേയും പ്രതിമാസമികവ് ഡോക്യുമെന്റേഷന്‍
  • ക്ലാസ് തല പുരസ്കാരങ്ങള്‍ പ്രതിമാസം
  • ഓരോ മാസവും കുട്ടികള്‍ തയ്യാറാക്കുന്ന ക്ലാസ് തല നന്മ റിപ്പോര്‍ട്ട്
  • ക്ലാസ് തല ദിനാചരണങ്ങള്‍
  • ക്ലാസ് വാട്സാപ്പ് ഗ്രൂപ്പ് (അതത് ദിവസത്തെ മികവ് പങ്കിടാന്‍)
  • സവിശേഷ കഴിവുകാര്‍ക്ക് പ്രത്യേക പരിശീലനം ( അടുത്തമാസം ആരംഭിക്കും)
  • ഗുണതാനിര്‍ണയവും ഗ്രേഡ് പുരോഗതി ഗ്രാഫും ( ഒന്നാം ടേം മുതല്‍)
  • മികച്ച ക്ലാസ് പി ടി എയ്ക് പുരസ്കാരം
  • ക്ലാസ് പാര്‍ലമെന്റ് വിദ്യാലയ മികവിന് . ( കുട്ടികളുടെ അഭിപ്രായം മാനിക്കല്‍, തീരുമാനങ്ങളെല്ലാം അവരുടെ കൂടിയാക്കല്‍, നിര്‍വഹണത്തില്‍ പങ്കാളിത്തം, വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവസരം, പഠനപിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സഹപാഠിക്കൊരു കൈത്താങ്ങ്. പഠനച്ചിട്ടയ്ക് നിയമാവലി, ക്ലാസ് നിയമങ്ങള്‍ തയ്യാറാക്കല്‍, ക്ലബ്ബുകളുടെ പ്രവര്‍ത്തനം വിലയിരുത്തല്‍, എല്ലാവര്‍ക്കും അവസരം ഉറപ്പാക്കല്‍ എന്നിങ്ങനെ ക്ലാസ് പാര്‍ലമെന്റിന് പ്രവര്‍ത്തനമേഖലകള്‍. പൊതുവായി എന്തുവേണമെന്നു പറയുന്നില്ല. അതത് ക്ലാസുകളില്‍ നിന്നും രൂപപ്പെട്ട് വികസിച്ചു വരട്ടെ. അന്താരാഷ്ട്ര ജനാധിപത്യദിനത്തില്‍ സവിശേഷ പരിപാടി. ക്ലാസ് ജനാധിപത്യത്തിന് പുതുമാതൃക)
  • വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ ( ഓരോ കുട്ടിക്കും. കഴിഞ്ഞ വര്‍ഷം സുധ ടീച്ചര്‍ തയ്യാറാക്കിയത് ഈ വര്‍ഷം എല്ലാ ക്ലാസുകളിലേക്കും വ്യാപിപ്പിക്കുന്നു)
  • കുടുംബ വിദ്യാഭ്യാസ പദ്ധതി ( ഒരു ക്ലാസിലെ രക്ഷിതാക്കള്‍ ട്രൈ ഔട്ട് ചെയ്തത് ക്ലാസ് പി ടി എ പ്രിതിനിധി സഭാംഗങ്ങള്‍ വ്യാപിപ്പിക്കും. അടുത്ത ക്ലാസ് പി ടി എയില്‍ മുഴുവന്‍ കുടുംബങ്ങളിലേക്ക്.

അധ്യാപകര്‍ ആവേശത്തിലാണ്
രക്ഷിതാക്കളും
വിദ്യാലയത്തില്‍ ഈ വര്‍ഷം മൂന്നു ഡിവിഷന്‍ കൂടി
ഒരു രക്ഷിതാവ് പറഞ്ഞത് പണ്ട് കലവൂര് സ്കൂള്‍ എന്നു കേട്ടാല്‍ നെറ്റി ചുളിയുമായിരുന്നു. ഇപ്പോള്‍ എന്റെ കുട്ടി ഇവിടെ പഠിക്കുന്നു എന്നു പറയാന്‍ അഭിമാനമാണ്
ഒരമ്മ പറയുന്നു ക്ലാസ് വാടസ് ആപ്പ് ഗംഭീരപരിപാടിയാണ്. എല്ലാ ദിവസവും ഏഴുമണിയാകുമ്പേഴേക്കും ടീച്ചറുടെ മസേജ് വരും. അതിനായി കാത്തിരിക്കുകയാണ് മിക്കപ്പോഴും.



Friday, July 26, 2019

"ഓരോ ക്ലാസും മികവിലേക്ക്, ഓരോ കുട്ടിയും മികവിലേക്ക് " വന്മുകം മാതൃക

 "ഓരോ ക്ലാസും മികവിലേക്ക്, ഓരോ കുട്ടിയും മികവിലേക്ക് "ഇതാണ് ഈ അധ്യയന വർഷത്തെ  വന്മുകം
എളമ്പലിലാട് എം എൽ പി സ്കൂളിന്റെ മികവ് പദ്ധതി.
എന്തെല്ലാം പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് അവർ ഉദ്ദേശിക്കുന്നത്? എന്തിനെല്ലാം  തുടക്കമായി ?
1. ഓരോ ടീച്ചറിനും SRG നോട്ട് ബുക്ക് (എന്റെ SRG നോട്ട് )
സാധാരണയായി SRG കൂടുമ്പോഴാണ് അജണ്ട അറിയുക. അതിനാൽത്തന്നെ തത്സമയം തോന്നുന്നവയാണ് തീരുമാനങ്ങൾ. വേണ്ടത്ര മുന്നൊരുക്കത്തോടെ എല്ലാവർക്കും ചിന്തിക്കാൻ അവസരം നൽകി SRG സംഘടിപ്പിച്ചാലോ? SRG ശക്തമാവുകയാണ് അക്കാദമിക മികവുയുത്താൻ ആദ്യം വേണ്ടതെന്ന് ഈ വിദ്യാലയം കരുതുന്നു.
എല്ലാ വെള്ളിയാഴ്ചയും SRG . എല്ലാ ചൊവ്വാഴ്ചയും Teachrs watsap Group വഴി അജണ്ട നൽകും. ഈ അജണ്ടയെ അടിസ്ഥാനമാക്കി ഓരോ ടീച്ചറുo തന്റെ കൈയിലുള്ള 'എന്റെSRG നോട്ടിൽ ' ആസൂത്രണരേഖപ്പെടുത്തലുകൾ നടത്തി യോഗത്തിൽ അജണ്ട യോട് പ്രതികരിക്കും. അവതരിപ്പിച്ച കാര്യങ്ങൾ പൊതു SRGമിനുട്ട്സിൽ രേഖപ്പെടുത്തും. തീരുമാനങ്ങളും
സ്കൂളിലെ 5 അധ്യാപകർക്കും എന്റെ SRG നോട്ട് ഉണ്ട്.
 ഈ പ്രവർത്തനത്തിലൂടെ ഓരോ ടീച്ചറും SRG യോഗത്തെ ഗൗരവത്തിലെടുക്കുന്നതിനും, ചിട്ടയായ രീതിയിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും സാധിക്കുന്നുണ്ട്.
 മേലടി BRC യുടെ മികച്ച SRG മിനുട്സ് ആയി  ഞങ്ങളുടെ മിനുട്സ് തെരഞ്ഞെടുത്തിട്ടുണ്ട്.
പി.കെ.അബ്ദുറഹ്മാനാണ് കൺവീനർ. 
 2. ഓരോ ടീച്ചറിനും മാസാന്ത പ്രവർത്തന കലണ്ടർ.
 ഓരോ ക്ലാസ് ടീച്ചറും അവരുടെ 'എന്റെSRG നോട്ടിൽ' അടുത്ത മാസം തങ്ങളുടെ ക്ലാസിൽ നടത്തുന്ന പ്രവർത്തനങ്ങൾ തിയ്യതി ക്രമം അനുസരിച്ച് തയ്യാറാക്കി SRG യോഗത്തിൽ അവതരിപ്പിക്കുന്നു.
     ക്ലാസിലെ പ0ന പ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ ഇവയെല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിരിക്കും.
     ഓരോരുത്തരുടെയും ഈ കലണ്ടർ അടിസ്ഥാനമാക്കി ഓരോ ആഴ്ചയും SRG യോഗം ചേർന്ന് മികവുകൾ- പോരായ്മകൾ 
ഇവ ചർച്ച നടത്തി വരുന്നു.
      ഓരോ ടീച്ചറും ചിട്ടയായ രീതിയിൽ സ്ഥിരമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് സമയബന്ധിതമായി ക്ലാസ് റൂമിൽ പൂർത്തീകരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും, ഇല്ലെങ്കിൽ ആവശ്യമായ പിന്തുണാ സഹായങ്ങൾ SRG യോഗത്തിന് നൽകാനും  കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രയോജനം.
      ഓരോ ക്ലാസും ഓരോ കുട്ടിയും മികവിലേക്ക് എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഈ പ്രവർത്തനം ഏറെ സഹായകമാകുന്നു.
    ഓരോ മാസാവസാനവും ചേരുന്ന SRG യോഗത്തിലാണ് അടുത്ത മാസത്തെ പ്രവർത്തന കലണ്ടർ ഓരോ ടീച്ചറും അവതരിപ്പിക്കുന്നത്.
3  ' ഹോം ലൈബ്രറിയിൽ നിന്ന് പുസ്തക പ്രസാധനത്തിലേക്ക്...
കഴിഞ്ഞ അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഹോം ലൈബ്രറികൾ സ്ഥാപിച്ച് കൊണ്ട് സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ ഹോം ലൈബ്രറി വിദ്യാലയമായി ഈ വിദ്യാലയം മാറിയിരുന്നു;
    ഇതിന്റെ തുടർച്ചായി ഈ അധ്യയന വർഷം സ്കൂളിലെ  ഓരോ കുട്ടിയും സ്വന്തം സ്വതന്ത്ര സാഹിത്യ രചനകൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കുന്ന പുസ്തകങ്ങൾ ജനുവരി മാസം പുറത്തിറക്കും.
    പ്രത്യേക പ്രൊജക്ട് തയ്യാറാക്കിക്കൊണ്ട് പ്രവർത്തനങ്ങൾ നടന്നു വരുന്നു.
       ഈ വർഷം പുതിയതായി ഒന്നാം ക്ലാസിലെത്തിയ മുഴുവൻ കുട്ടികളുടെ വീടുകളിലും ഹോം ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്.
4. സഹവര്‍ത്തിത മോണിറ്ററിംഗ്
H.M. ന്റെ ക്ലാസ് മോണിറ്ററിംഗിന് പകരം SRG തീരുമാന പ്രകാരം വിവിധ ക്ലാസുകളിലെ അധ്യാപകർ പരസ്പരം മാറി ക്ലാസ് മോണിറ്ററിംഗ് നടത്തി കണ്ടെത്തലുകൾ SRG യിൽ അവതരിപ്പിക്കുന്നു.
5. CPTA വാട്സപ്പ് ഗ്രൂപ്പ്
SRG മെയ് മാസം തീരുമാനിച്ച 'Daily Documentation' എന്ന പദ്ധതി അനുസരിച്ച് ഓരോ ക്ലാസ് ടീച്ചറും CPTA watSap ഗ്രൂപ്പ് രൂപീകരിച്ച് ഓരോ ദിവസവും ക്ലാസിൽ നടക്കുന്ന ഒരു പ്രവർത്തനമെങ്കിലും ആ ഗ്രൂപ്പിൽ അതാത് ദിവസം രാത്രിയോട് കൂടി Post ചെയ്യണം.
   ഗ്രൂപ്പ് പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടോ, ക്ലാസ് ടീച്ചർ Daily Document ചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ H.M,SRG കൺവീനർ എന്നിവരെ എല്ലാ ഗ്രൂപ്പിലും ഉൾപ്പെടുത്തി.
     SRG യോഗത്തിൽ ഇവയുടെ വിലയിരുത്തലും നടക്കുന്നു.
6. ഓരോ ക്ലാസിലും മുഖ്യമന്ത്രിയും മന്ത്രിമാരും 
ഓരോ ക്ലാസ്സിലും തെരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും തെരഞ്ഞെടുത്തു.
      സ്കൂൾ പ്രധാനമന്ത്രിയെ ഇലക്ട്രോണിക് വോട്ടിoഗ് മെഷീന്റെ സഹായത്തോടെ യഥാർത്ത തെരഞ്ഞെടുപ്പ് മാതൃകയിൽ നടന്നു.
7. എല്ലാ മാസവും പുസ്തക പരിശോധന*
SRG നിശ്ചയിച്ച സൂചകങ്ങൾ ഉപയോഗിച്ച് എല്ലാ മാസവും ഒന്നാം തിയ്യതി അധ്യാപകർ ക്ലാസുകൾ മാറി പുസ്തക പരിശോധന നടത്തി വരുന്നു.
     കണ്ടെത്തിയ മികവുകൾ/പോരായ്മകൾ എന്നിവ കണ്ടെത്തി SRG യിൽ അവതരിപ്പിക്കും, കണ്ടെത്തിയ പോരായ്മകൾ അടങ്ങിയ സ്ലിപ്പ് ക്ലാസ് ടീച്ചർക്ക് കൈമാറി പോരായ്മകൾ പരിഹരിക്കാനുള്ള നിർദ്ദേശം നൽകും.
8. എല്ലാ ക്ലാസിലും നോളജ് ഹണ്ട്;
     എല്ലാ ദിവസവും വൈകുന്നേരം ഒരു പൊതു വിജ്ഞാന ചോദ്യം നൽകുകയും അടുത്ത ദിവസം പ്രത്യേക ബോക്സിൽ ഉത്തരം നിക്ഷേപിച്ച് പരിശോധന നടത്തി വിജയികൾക്ക് സ്റ്റാർ നൽകി വരുന്നു.
9.  ദിനാചരണങ്ങൾ ക്ലാസ് തലത്തിൽ..
സ്കൂൾ തലത്തിൽ നടത്തി വരുന്ന  പൊതുദിനാചരണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഓരോ ക്ലാസിലും ദിനാചരണങ്ങൾ നടത്തി വരുന്നു. ദിനാചരണ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഓരോ അധ്യാപകരും മാസാന്ത പ്രവർത്തന കലണ്ടറിൽഉൾപ്പെടുത്തുന്നു. 
 10. സ്കൂളിലെ ചടങ്ങുകളെല്ലാം കുട്ടികളുടെ നിയന്ത്രണത്തിൽ* 
   സ്കൂളിൽ നടക്കുന്ന മിക്ക ചടങ്ങുകൾക്കും സ്വാഗതം, അദ്ധ്യക്ഷൻ,  ആശംസ, നന്ദി, എന്നിവയിലധികവും 3,4 ക്ലാസുകളിലെ കുട്ടികളാണ് ചെയ്യുന്നത്.
   'ക്ലാസ് പി.ടി.എ.യോഗങ്ങളെല്ലാം അതാത് ക്ലാസുകളിലെ മുഖ്യ മന്ത്രിമാരുടെ അദ്ധ്യക്ഷതയിലാണ് നടക്കുന്നത്.
11. ക്ലാസ് തല തനത് പ്രവർത്തനങ്ങൾ.
-----------    ------     -----  -----
ഓരോ ക്ലാസിലും വ്യത്യസ്ഥ തരത്തിലുള്ള തനത് പ്രവർത്തനങ്ങൾ ക്ലാസ് തല പ്രവർത്തന കലണ്ടറിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നു. ഫലപ്രദമായി ഇവ നടക്കുന്നുണ്ടോ എന്ന് SRG യോഗം ഓരോ ആഴ്ചയും വിലയിരുത്തുന്നു,   

Tuesday, July 23, 2019

ദിനാചരണങ്ങളിലെ വിദ്യാർഥി പക്ഷ സമീപനം

ചാന്ദ്രയാൻ വിക്ഷേപണത്തെക്കുറിച്ച് സ്കൂളിലെ നാൽപ്പതിനു മുകളിൽ (സയൻസ് ക്ലബ്ബ് അംഗങ്ങളായ ) വിദ്യാർഥികൾ മൾട്ടി മീഡിയ സംവിധാനങ്ങൾ ഉപയോഗിച്ച് ക്ലാസെടുത്തു.  ചാന്ദ്രയാന്റെ അപ്പോജിയെക്കുറിച്ചും പെരിജിയെക്കുറിച്ചും ആറാം ക്ലാസിലെ അനന്യ എത്ര സ്മാർട്ടായാണ്  ക്ലാസെടുത്തത്! സ്ക്കൂളിലെ നാൽപ്പതോളം ക്ലാസ് മുറികളിൽ ക്ലാസെടുത്ത ഓരോ ടീമിന്റെയും പ്രകടനം ഒന്നിനൊന്ന് മെച്ചമായിരുന്നു.

ദിനാചരണങ്ങൾ അധ്യാപക കേന്ദ്രിത പരിപാടിയായി മാറുന്നുണ്ടോ? അധ്യാപകർ തയ്യാറാക്കിയ ക്വിസ് പരിപാടി, അധ്യാപകർ ഒരുക്കുന്ന പ്രദർശനം, അധ്യാപകർ നയിക്കുന്ന ക്ലാസുകൾ.. കുട്ടികൾ സ്വീകർത്താക്കളായി മാത്രം മാറുന്നു.
സ്വയം പOന ശേഷി വികസിപ്പിക്കൽ, ആശയ വിനിമയ നൈപുണി പോഷിപ്പിക്കൽ, പൊതു സദസുകളെ അഭിസംബോധന ചെയ്യാനുള്ള കഴിവ് വളർത്തൽ എന്നിവ ലക്ഷ്യമാക്കി കുട്ടികളുടെ പക്ഷത്ത് നിന്ന് കാര്യങ്ങളെ സമീപിച്ചാലോ?
കേരളത്തിലെ ശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് വേറിട്ട പ്രവർത്തനങ്ങൾ നടത്തി ആയിരക്കണക്കിന് അധ്യാപകർക്ക് വിഭവ പിന്തുണ നൽകി മാതൃകാ പ്രവർത്തനം നടത്തുന്ന ഇല്യാസ് മാഷ്  സഹപ്രവർത്തകരോടൊപ്പം ഇവിടെ ദിനാചരണ പരിപാടികൾ കുട്ടികൾക്ക് മുഖ്യസ്ഥാനം ലഭിക്കു വിധം രൂപകൽപന ചെയ്യുകയായിരുന്നു
 അഭിമാനമായ ചന്ദ്രയാൻ-2 ന്റെ വിക്ഷേപണം വ്യത്യസ്തമായ പരിപാടികളോടെയാണ് മഞ്ചേരി ഗവ:ബോയ്സ് ഹൈസ്ക്കൂളിലെ ശാസ്ത്ര ക്ലബ്ബും സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ്സും ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി മഞ്ചേരി പുതിയ ബസ്റ്റാന്റിൽ ശാസ്ത്ര ക്ലബ്ബ്, SPC എന്നിവയിൽ  അംഗങ്ങളായ  ജിത്ത്, മേധ, ഹരിപ്രിയ, നമിത എന്നീ വിദ്യാർഥികൾ  ചാന്ദ്രയാൻ-2 ദൗത്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കായി മൾട്ടിമീഡിയ സംവിധാനമുപയോഗിച്ച് ക്ലാസെടുക്കുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു. ഇതോടൊപ്പം സയൻസ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ  രണ്ടംഗ ടീമുകളായി സ്ക്കൂളിലെ മുഴുവൻ ക്ലാസുകളിലും ചാന്ദ്രയാനെക്കുറിച്ച് മൾട്ടിമീഡിയ സംവിധാനങ്ങളുപയോഗിച്ച്  ക്ലാസെടുക്കുകയും വിക്ഷേപണത്തിന്റെ ലൈവ് വീഡിയോ,  പ്രൊജക്റ്റർ ഉപയോഗിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. ഇതിനായി സയൻസ് ക്ലബ്ബിലെ 40 വിദ്യാർഥികൾ  ഒരാഴ്ച മുമ്പ് തന്നെ വിദഗ്ധരുമായി കൂടിയിരിക്കുയും രീതികൾ വികസിപ്പിക്കുകയും ചെയ്തിരുന്നു. സയൻസ് ക്ലബ്ബ് തയ്യാറാക്കിയ പ്രസന്റേഷൻ ഉപയോഗിച്ചായിരുന്നു ക്ലാസ്. സ്ക്കൂൾ സയൻസ് ക്ലബ്ബംഗങ്ങൾ സമീപത്തുള്ള വേട്ടേക്കോട് GUPS, സഭാ ഹാൾ GMLPS എന്നീ  വിദ്യാലയങ്ങളിലേക്കും കടന്നു ചെല്ലുകയും അവിടെയും ചാന്ദ്രയാനെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ ഇവർ സമീപത്തെ മറ്റു ചില വിദ്യാലയങ്ങളിലും ക്ലാസെടുക്കും.  ചാന്ദ്രയാൻ, മറ്റു ബഹിരാകാശ ദൗത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നൂറോളം പാനലുകളുടെ പ്രദർശനവും സ്ക്കൂളിലും ബസ്റ്റാന്റിലും  നടന്നു. ആരും ധൈര്യപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണ ധ്യുവത്തിനടുത്ത് വാഹനമിറക്കാൻ ധൈര്യം കാണിച്ച ISRO യെ പ്രശംസിച്ചു കൊണ്ട് എസ്.പി.സി അംഗങ്ങൾ, സയൻസ് ക്ലബ്ബ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ഒരു വലിയ ക്യാൻവാസിൽ സന്ദേശങ്ങളെഴുതി ഒപ്പിട്ട് അത് വിക്രം സാരാഭായ് സ്പെയ്സ് സെന്ററിലേക്ക് അയച്ചു കൊടുത്തു. സ്ക്കൂളിനെയും നാടിനെയും മുഴുവൻ ചലിപ്പിച്ച ഒരു ആഘോഷമാണ് ചാന്ദ്രയാൻ-2 വിക്ഷേപണവുമായി ബന്ധപ്പെട്ട് സ്ക്കൂൾ നടത്തിയത്.
*ആധികാരിക സന്ദർഭം പ്രയോജനപ്പെടുത്തി കുട്ടികൾ ശാസ്ത്ര പ്രചാരക സംഘമായി മാറി.
*കുട്ടികളുടെ മികവ് സമൂഹത്തിന് ബോധ്യപ്പെടാൻ അവസരമൊരുക്കി
*കുട്ടികളിൽ ആത്മവിശ്വാസം വളർത്തി
*പൊതു സമൂഹത്തിനുള്ള ശാസ്ത്രാത്രാവബോധ കാമ്പെയിനായി മാറ്റി
*ശാസ്ത്ര പOനത്തിൽ സമൂഹബന്ധിത സാധ്യത കണ്ടെത്താൻ ശ്രമിച്ചു
*ഹൈടെക് രീതികളിൽ കുട്ടികളുടെ കൈയടക്കം ബോധ്യപ്പെടുത്താനായി
*വിദ്യാലയത്തെ വിഭവകേന്ദ്രമാക്കി സമീപത്തുള്ള വിദ്യാലയങ്ങൾക്ക് പിന്തുണ നൽകി.
വിദ്യാലയത്തിന് അഭിവാദ്യങ്ങൾ

Sunday, July 21, 2019

ക്യൂ ആ കോഡില്‍ ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ ( ശുഹൈബടീച്ചറുടെ രണ്ടാം ക്ലാസ്)


അവരുണ്ട്  ക്യൂ ആ കോഡില്‍ 
കുട്ടികള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനവും ആധികാരികരേഖകളാകണം. എപ്പോള്‍ വേണമെങ്കിലും അവ പരിശോധിക്കാന്‍ കഴിയണം. അതിനായി ഓരോ ചടങ്ങും വീഡിയോയില്‍   ശുഹൈബ ടീച്ചര്‍ പകര്‍ത്തിവെക്കുന്നു. അതിന്റെ  മൂല്യനിര്‍ണയവും നടത്തുന്നു. ഡിജിറ്റല്‍  പോര്‍ട്ട് പോളിയോ ആക്കിയിട്ടുണ്ട്. കുട്ടികളുടെ നോട്ട് ബുക്കുകള്‍ ,പ്രവര്‍ത്തങ്ങള്‍ ക്യുആര്‍  ആപ്പുമായി ബന്ധിപ്പിച്ച് ഫയല്‍ ആക്കി സൂക്ഷിച്ചുവെക്കുന്നത് മറ്റൊരു പ്രവര്‍ത്തനമാണ്. ഇതുമൂലം ഓരോ രക്ഷിതാവിനും തങ്ങളുടെ സ്മാട്ട് ഫോണിലൂടെ കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളെ എപ്പോഴും നിരീക്ഷിക്കാനാവുന്നു. ഓരോആഴ്ചയിലും കുട്ടികളുടെ ക്ലാസ്‌റൂം പ്രവര്‍ത്തനമികവുക ള്‍ രക്ഷിതാക്കളി ല്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. സ്മാര്‍ട്ട് ഫോണും ഇന്റെര്‍ നെറ്റും ഗെയിം കളിക്കാനും വാട്‌സാപ്പി ല്‍  മെസേജയക്കാനും മാത്രമായല്ല ഉപയോഗിക്കേണ്ടതെന്ന സന്ദേശം രക്ഷിതാക്ക ള്‍ ക്കും വിദ്യാര്‍ഥികള്‍ ക്കും ഒരുപോലെ ഈ പ്രവ ര്‍ത്തനത്തിലൂടെ ന ല്‍ കാനും സാധിക്കുന്നു.

രക്ഷിതാക്കളുടെ യോഗം

രക്ഷിതാക്കളുടെ യോഗം ക്ലാസിലാണ് ചേരാറുള്ളത്. യോഗത്തിനു മുന്നോടിയായി അജണ്ട തീരുമാനിക്കും. അവ തയ്യാറാക്കി ഓരോകുട്ടിയുടെയും രക്ഷിതാക്കളുടെ പേരെഴുതി  നോട്ടീസ് കൊടുത്തയച്ചു. അതുകൊണ്ടുതന്നെ യോഗത്തിനെത്തുന്ന രക്ഷിതാക്കള്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാനും പരിഹാരം നിര്‍ദേശിക്കാനും കൂടി സന്നദ്ധരായാണ് എത്തുക. അതിലുപരി കുട്ടിക്കുവേണ്ടി രക്ഷിതാക്കളും പഠിക്കേണ്ടിവരുന്നു. അവരുടെ പഠനത്തിലെ പോരായ്മ പരിഹരിക്കുന്നതിനുകൂടി ഈ യോഗം കാരണമായി തീരുന്നുണ്ട്.
 കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ, രക്ഷിതാക്കളും അധ്യാപകരും കുട്ടികളും അറിഞ്ഞും അറിയിച്ചും പ്രശ്‌നങ്ങളെ ലഘൂകരിക്കാനും സാധിക്കുന്നു. അതിലുപരി പിരിമുറുക്കങ്ങളില്ലാതെ കുട്ടികള്‍ ക്ക് പഠനത്തെ സമീപിക്കാന്‍ സാധിക്കുന്ന അന്തരീക്ഷമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. അതൊരു ചെറിയൊരുകാര്യമല്ലല്ലോ.
രക്ഷിതാക്കള്‍  കുട്ടികളുടെ മികവുകളും മെച്ചപ്പെടുത്തേണ്ട കാര്യങ്ങളും കൊടുത്തയക്കുന്ന നോട്ടിസില്‍ കുറിക്കണം.   ഇത് പുതിയ പ്രതീക്ഷ നല്കുന്നു. അവര്‍ക്കുകൂടി മെച്ചപ്പെടാനും ഉപകരിക്കുന്നു. തുടര്‍ന്നും രക്ഷിതാക്കളുടെ കൂട്ടായ സഹകരണം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ്.

തുടരുന്നു ഈ യാത്ര

ഇനിയും ഒന്‍പത് മാസങ്ങള്‍. തുടങ്ങിയിട്ടേയുള്ളൂ. തുടക്കമായ പല പ്രവര്‍ത്തനങ്ങളും ഇനിയും തുടരും. പുതിയവ വന്നുചേരും. അവയും മികച്ച രീതിയില്‍  നടപ്പാക്കും. അതിനിടെ ടാലന്‍ ലാബിന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 
രണ്ടാം ക്ലാസിലെ വിശേഷങ്ങളറിയാന്‍ വിദ്യാഭ്യാസമന്ത്രി താല്പര്യം പ്രകടിപ്പിച്ചതും ശുബൈഹടീച്ചറെ വിളിപ്പിച്ചതും വിശേഷങ്ങള്‍ അറിഞ്ഞ് അഭിനന്ദിച്ചതും ടീച്ചര്‍ക്കുുളള അംഗീകാരമമാണ്. ഓരോ ക്ലാസും വൈവിധ്യമുളള അഖ്കാദമിക പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിയട്ടെ.

Thursday, July 18, 2019

രണ്ടാം ക്ലാസില്‍ വായനയുടെ വാതിലുകള്‍ തുറന്ന ദിനം


ശുഹൈബടീച്ചറുടെ രണ്ടാം ക്ലാസ് ( രണ്ടാം ഭാഗം)
ജൂണ്‍ 17 മുതല്‍ 22വരെ
  അമ്മ വായന.. കുഞ്ഞു വായന.. കുടുംബ വായന.. കുടുംബപുസ്തകം
ശുഹൈബടീച്ചര്‍ കരുതുന്നത് വായന കുഞ്ഞുമനസ്സുകളെ പ്രചോദിപ്പിക്കും. യുവത്വത്തില്‍  പോഷണമാകും. വാര്‍ധക്യത്തില്‍ ആനന്ദം പകരും. ആപത്തുകാലത്ത് അഭയം തരും. എന്നാണ് വായനയില്ലാത്ത മനസ് ജാലകങ്ങളില്ലാത്ത വീടുപോലെയാണ് എന്നുമുണ്ട് മഹത്വാക്യം. മൂല്യമുള്ള വായനയിലൂടെയേ കുട്ടികളെ നല്ല മനുഷ്യരാക്കി മാറ്റാനാകൂ. അവര്‍ക്ക്  മികച്ച വിദ്യാഭ്യാസം നല്കുന്നതി ന്റെ തുടക്കമെന്ന നിലയിലാണ് വിദ്യാലയത്തില്‍ സ്‌കൂ ള്‍ ലൈബ്രറികള്‍  ടീച്ചര്‍ സ്ഥാപിച്ചത്. 
      അമ്മ വായന.. കുഞ്ഞു വായന.. കുടുംബ വായന.. കുടുംബപുസ്തകം എന്നിങ്ങനെ വായനയെ പരിപോഷിപ്പിക്കാന്‍ ചില പദ്ധതിക ള്‍ ക്ക് ക്ലാസില്‍ തുടങ്ങി. മികച്ച പ്രതികരണങ്ങളാണ് കുട്ടികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ഇതിന് ലഭിച്ചത്.  
ദേവന പത്രവായന നിര്‍വഹിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.  
മൊഴിമാറ്റത്തിനു പ്രേരകം വെയില്‍ത്തുളളി
ഒന്നാം ക്ലാസിലുള്ള ഇംഗ്ലീഷ് പാഠഭാഗത്തിലെ കഥക ള്‍ മലയാളത്തിലേക്ക് മൊഴിമാറ്റി എഴുതി പിന്നീട് വായന കാര്‍ഡ് നിര്‍മിച്ചു. ഇതിന് പ്രചോദനമായത് വെയില് തുള്ളികള്‍ എന്ന കൂട്ടായ്മയിലെ ഷമീന ടീച്ചര്‍ ആയിരുന്നു. 
വായനാ കാര്‍ഡിലെ കയ്യൊപ്പ്
കഥകളിലൂടെയെ കുഞ്ഞു മനസുകള്‍ കവരാനാകൂ.  കുട്ടികള്‍ക്ക് കഥയുടെ തുടക്കവും ഒടുക്കവും ഊഹിച്ചു പറയാന്‍ ഉതകുന്ന തരത്തില്‍  ഉള്ള ചെറിയ ചെറിയ ചിത്ര കാര്‍ഡുകള്‍ നിര്‍മിച്ചു നല്കി. 
ഈ വായന കാര്‍ഡ് ഓരോ കുട്ടിക്കും കൈമാറി. ഒന്നാം ക്ലാസിലെ വായന പരിപോഷിപ്പിക്കാന് കുട്ടിക ള്‍ ക്ക് ഉപഹാരമായി ഓരോ വായന കാര്‍ഡും ക്ലാസ് ലീഡ ര്‍  ഒന്നാം ക്ലാസ് അധ്യാപകര്‍ ക്ക് കൈ മാറി. 
ഓരോകുട്ടിയും  ഒഴിവുസമയത്ത് രണ്ട് കാര്‍ഡ് വായിക്കണം. വായിച്ച കാര്‍ഡ് സ്‌കൂളിലെ മുഴുവന്‍ കുട്ടികളും കേള്‍ കകുന്ന തരത്തില്‍ ഉച്ചത്തില്‍ മൈക്കിലൂടെയും വായിച്ചു. ഓരോ കുട്ടിയും വീട്ടിലേക്ക് വായനാകാര്‍ഡുമായി പോയി. അവരത് വായിച്ചു എന്ന് ഉറപ്പാക്കാന്‍ രക്ഷിതാക്കളുടെ സാക്ഷ്യപത്രമായി കാര്‍ഡിന് ചുവടെ അവ ര്‍ ഒപ്പും ചാര്‍ത്തി. ക്ലാസിലെ വായനയും വീട്ടിലെ വായനയും നടക്കുന്നുണ്ട്. അങ്ങനെ ക്ലാസിലെ വായനയും വീട്ടിലെ വായനയും നടക്കുന്നുണ്ട്.
വായനാവസന്തമായി  ഹോംലൈബ്രറി


  ഇതൊരു ചെറിയ കാര്യമല്ല. മഹത്തായ കാര്യംതന്നെയാണ്. ഒരു സമൂഹത്തെ വായനാശീലമുള്ളവരാക്കി മാറ്റുക. കുട്ടികള്‍ തന്നെ അവരവരുടെ വീടുകളില്‍ ലൈബ്രറി ഒരുക്കി. റിബണ്‍, ബലൂണ്‍ എന്നിവ കെട്ടി അലങ്കരിച്ചു. വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വിഡിയോയും ഫോട്ടോയും ക്ലാസ്തല വാട്ട്‌സ് ഗ്രൂപ്പില്‍ ഇടുന്നു. പുസ്‌കത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ ഇട്ട് രേഖപ്പെടുത്തി. ഒരോ ദിവസവും ക്ലാസില്‍ പഠിച്ച അക്ഷരങ്ങള്‍ അവര്‍ ലൈബ്രറിയിലെ പുസ്തകത്തില്‍ നിന്ന് എടുത്തെഴുതും. ക്ലാസിലെ മരത്തില്‍ എഴുതി തൂക്കും.കൂടാതെ ക്ലാസ് ടീച്ചര്‍ വീടുകള്‍ സന്ദര്‍ശിച്ചു പുസ്തക കിറ്റ് നല്‍കി വരുന്നു.
(തുടരും)

Sunday, July 14, 2019

ശുഹൈബ ടീച്ചറുടെ രണ്ടാം ക്ലാസ്


നല്ലൂര്‍ നാരായണ ബേസിക് സ്‌കൂള്‍ രണ്ടാം ക്ലാസ് ബി.ഡിവിഷനിലെ 28 കുരുന്നുകളുടെ ടീച്ചറാണ് ശുഹൈബ . ഈ വര്‍ഷമാണ് രണ്ടാം ക്ലാസിന്റെ ചുമതല കിട്ടിയത്. അതിനാല്‍ ടീച്ചര്‍ക്കും പുതുമ. കൗതുകങ്ങളുടെ കുഞ്ഞുലോകത്ത് ഒരുമാസം കടന്നുപോയിരിക്കുന്നു. ടീച്ചര്‍ ഇടയ്കിടെ വിളിക്കും. ഓരോരോ വിശേഷങ്ങള്‍ പറയാന്‍. അതെല്ലാം എഴുതിവെക്കാന്‍ ഞാന്‍ പറഞ്ഞു. ടീച്ചറുടെ ഡയറിയായി അത് രൂപപ്പെട്ടു. ആ അധ്യാപികക്ക് ജൂണ്‍മാസം അഭിമാനിക്കാനെന്തുണ്ട്? ടീച്ചറുടെ കുറിപ്പുകളിലൂടെ പോകാം
അതെ, രണ്ടാം ക്ലാസിലും പ്രവേശനോത്സവം!
അതെ, അങ്ങനെയായിരുന്നു ഞങ്ങളുടെ രണ്ടാം ക്ലാസും ആരംഭിച്ചത്. പ്രവേശനോത്സവത്തോടെ.. അക്ഷര ലോകത്തേക്കു വന്നുകയറുന്ന കുരുന്നുകളെ വരവേല്‍ക്കുന്നതാണ് എല്ലാ വര്‍ഷത്തേയും പതിവ്. അത് ഒന്നാം ക്ലാസിലെ കുട്ടികളുടെ മാത്രം സൗഭാഗ്യം. എന്നാല്‍ നല്ലൂര്‍ നാരായണ സ്‌കൂളിലെ രണ്ടാം ക്ലാസ് ബി ഡിവിഷനിലെ ഞങ്ങള്‍ക്ക് രണ്ടാം ക്ലാസിലും പ്രവേശനോത്സവമുണ്ടായിരുന്നു. ഒന്നാം ക്ലാസില്‍ നിന്ന് രണ്ടിലേക്ക് ജയിച്ചു കയറിയവര്‍ മാത്രമല്ലല്ലോ അവിടുത്തെ അതിഥികള്‍. പുതുതായി രണ്ടാം ക്ലാസില്‍ വന്നു കയറിയവര്‍ക്കും  ഉത്സവാന്തരീക്ഷത്തോടെ ക്ലാസ് തുടങ്ങിയത് ആവേശമായി.. പായസം മാത്രമായിരുന്നില്ല അവിടെ വിതരണം ചെയ്തത്. തീരെ ചെറിയൊരു കാര്യമാണെങ്കിലും അതുമതിയായിരുന്നു ഞങ്ങളിലെ ആഹ്ലാദവും ആവേശവും ഉയരത്തിലെത്താന്‍.
കുരുന്നുകള്‍ സംഘാടകരാകുന്നു
ദേവ്‌നയും ദിയയും ഇയാന്‍ ഹസനും  ഇജ്‌ലാനും മൃദുലും മുഹമ്മദ് മുര്‍ഷിയും മുഹമ്മദ് അഫ്‌ലഹും നെസിലും അതിന്റെ സംഘാടകരായി. 
റിഷാനയും ഷഹല ഫാത്തിമയും നിഷാനയും  തഹാനിയയും യാസീനും  ഹാറൂണും സിയയും റസലും കുരുന്നുകളിലെ കാര്യദര്‍ശികളായി. അവരുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കും ആവേശക്കാഴ്ചയുമായി.
പരിസ്ഥിതിദിനവും കഴിഞ്ഞായിരുന്നല്ലോ സ്‌കൂള്‍ തുറന്നത്. പരിസ്ഥിതി പാഠവും പ്രവേശനോത്സവവും അന്ന് ഞങ്ങള് ഒന്നിച്ചു പഠിച്ചു. ശരിക്കും ആഘോഷിച്ചു. പരിസ്ഥിതി ദിനത്തിലെ പ്രമേയവും സന്നദ്ധതാപ്രവര്‍ത്തനവും മരമായിരുന്നു.
അക്ഷരം അമ്മയാണ്, അറിവും
കുട്ടികളുടെ പേരുകള്‍ അവര്‍ തന്നെ കടലാസില്‍ എഴുതി.  രക്ഷിതാക്കളുടെ സഹായത്തോടെ മുന്‍കൂട്ടി തയാറാക്കിയ ഇലകളില്‍ എഴുതിയായിരുന്നു തുടക്കം. ക്ലാസില്‍ പുതുതായി വന്ന അതിഥി ആയിഷ ഉദ്ഘാടനം ചെയ്തു.
പിന്നീട് കുട്ടികളെല്ലാം കിരീടം വെച്ച പൂമ്പാറ്റകളായി മാറി.  അറിവിന്റെ  ആകാശത്ത് പാറിപ്പറക്കുന്ന കുഞ്ഞു ശലഭങ്ങള്‍ക്ക് സുരക്ഷിതത്വത്തിന്റെ  തണച്ചില്ലകളാണെവയെന്നു ബോധ്യപ്പെടുത്തുന്ന ചിത്രീകരണം അവതരണത്തിലെ പുതുമകൊണ്ട് ശ്രദ്ധേയമായി. പ്രതീക്ഷയും പ്രത്യാശയും രക്ഷിതാക്കള്‍ക്ക് പകര്‍ന്നു  നല്‍കിയ പരിപാടിയായി. കഴിഞ്ഞ അധ്യാപകശില്‍പശാലകളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടു ഉരുത്തിരിഞ്ഞ ആശയങ്ങളായിരുന്നു ആവിഷ്കാരമായി മാറിയത്
മറ്റു അധ്യാപകര്‍ ആശംസകളുമായെത്തി. മാത്രമല്ല മരത്തിനോട് കിന്നാരം പറയുകയും കാമറകണ്ണുകളാല്‍ തങ്ങളുടെ സാന്നിധ്യവും രേഖപ്പെടുത്തി.
അമ്മ എന്ന പദം എഴുതിയ കാര്‍ഡ് നല്‍കി. ആ പദം ഉപയോഗിച്ച് ഇഷ്ടമുള്ള വാക്യങ്ങള്‍ സൃഷ്ടിക്കാന്‍ പറഞ്ഞു. അതിലൂടെ അവരുടെ ആശയവും അവതരണവും ഭാവനയും മനസിലാക്കുകയായിരുന്നു ഉദ്ദേശം. 
28 കുട്ടികളില് 13പേര്‍ മാത്രം ഒന്നാം ദിനം വാക്യങ്ങള്‍ കൊണ്ടുവന്നു. ഗ്രൂപ്പില്‍ പങ്കിട്ടു ചര്‍ച്ച ചെയ്തു. രണ്ടാം ദിനവും സ്വന്തമായി വാക്യങ്ങള്‍ ഉണ്ടാക്കി അവ ക്ലാസി ല്‍ അവതരിപ്പിക്കാന്‍ കുട്ടികളോട് ആവശ്യപ്പെട്ടു. മികച്ചതായിരുന്നു കുട്ടികളുടെ പ്രകടനം. തുടക്കക്കാരുടെ പതര്‍ച്ചയോ മടിയോ പലരും പ്രകടിപ്പിച്ചില്ല.
എന്നാല്‍ സഹജമായ നാണം ചിലരെയൊക്കെ പിന്നോട്ട് വലിക്കുകയും ചെയ്തു.  ആരെയും നിരാശരാക്കായില്ല.
മികവ് ഫോള്‍ഡര്‍
പിന്നീട് ഓരോ കുട്ടികളുടെയും മികവും മെച്ചപ്പെടുത്തേണ്ട മേഖലയും കണ്ടെത്തി. അവരുടെ മികവും തികവും കുറവും കണ്ടെത്തി.
രേഖപ്പെടുത്തിയ രീതി
1. ഒരോ കുട്ടിയുടേയും പേരെഴുതിയ ഫോള്‍ഡര്‍ ഫയല്‍ ലാപ്‌ടോപ്പില്‍ ഉണ്ടാക്കി.കൂടാതെ ഒരോ പഠനനേട്ടത്തിനും ക്ലാസിന്റെ മൊത്തമായ ഒരു ഫോള്‍ഡറും രൂപപ്പെടുത്തി. 
2. ഒരോ കുട്ടിയുടേയും പഠനനേട്ടത്തിന്റെ ഗുണതാസൂചകങ്ങള്‍ വെച്ചു വിലയിരുത്തി.
അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വര്‍ക്ക്ഷീറ്റുകള്‍ നിര്‍മ്മിക്കുകയും,കൂടാതെ കളിത്തോണി, കളിപ്പാട്ടം പ്രവര്‍ത്തനങ്ങളും കൂട്ടിച്ചേര്‍ത്ത് മെച്ചപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തു.  തൃപ്തികരമായി അനുഭവപ്പെട്ടു.
കൂടുതല്‍ ശ്രദ്ധ വേണ്ടകുട്ടികളുടെ രക്ഷിതാക്കളുമായി ഫോണില്‍  സംസാരിച്ചു. 
(തുടരും)

Thursday, July 4, 2019

ചെറുക്ലാസുകളില്‍ സംസ്കൃതവും ഹിന്ദിയും പഠിക്കണോ? ( ദേശീയ വിദ്യാഭ്യാസ നയരേഖാ ചര്‍ച്ച 6 )


അഞ്ചുകോടി വിദ്യാര്‍ഥികള്‍ അടിസ്ഥാനഭാഷാ ശേഷി ഉറയ്കാത്തവരായി ഇന്ത്യയിലുണ്ടെന്നു
വിലപിക്കുന്ന ദേശീയവിദ്യാഭ്യാസ രേഖ പ്രീപ്രൈമറി ഘട്ടം മുതല്‍ മൂന്നു ഭാഷകള്‍ പഠിപ്പിക്കണമെന്നു ആവശ്യപ്പെടുന്നു. മാതൃഭാഷ നന്നായി പഠിക്കാന്‍ പോലും കഴിയാത്തിടത്തടാണ് മൂന്നു ഭാഷകളുടെ രംഗപ്രവേശനം.
ഇതിനായി മുന്നോട്ടു വെക്കുന്ന യുക്തിയാകട്ടെ ഭാഷാര്‍ജനവുമായി ബന്ധപ്പെട്ടതും
രേഖ പറയുന്നു
രണ്ടു മുതല്‍ എട്ടുവരെ പ്രായത്തിലുളളവര്‍ക്ക് ഒന്നിലധികം ഭാഷകള്‍ പഠിക്കാനുളള സഹജമായ കഴിവുമുണ്ട് .
ശരിയാണ് കുട്ടി ഒന്നിലധികം ഭാഷ സ്വായത്തമാക്കും. അതില്‍ തര്‍ക്കമില്ല. പക്ഷേ അതിന് അനുയോജ്യമായ ഭാഷാന്തരീക്ഷം അനിവാര്യമാണ്.
കേരളത്തില്‍ ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. പക്ഷേ ചെറുപ്രായത്തിലെ പഠനംകൊണ്ട് കുട്ടികള്‍ക്കെത്രത്തോളം ആ ഭാഷയില്‍ ആശയവിനിമയ ശേഷി നേടാനായി എന്നു പരിശോധിക്കേണ്ടതുണ്ട്. സങ്കലിത രീതിയിലാണ് ചെറുക്ലാസുകളിലെ ഇംഗ്ലീഷ് ഭാഷാ പഠനം. ഇംഗ്ലീഷ് ക്ലാസുകള്‍ നയിക്കുന്നതിന് അധ്യാപകര്‍ക്കുളള ശേഷിയും പരിശോധിക്കപ്പെടണം. ഇംഗ്ലീഷില്‍ ഒഴുക്കോടെ ആശയവിനിമയം ചെയ്യാന്‍ കഴിയാത്ത അധ്യാപകര്‍ ഭാഷയല്ല പാഠപുസ്തകമാണ് പഠിപ്പിക്കുക.
രണ്ടു ഭാഷകള്‍ പഠിപ്പിക്കുന്നതിനു പുറമേ മറ്റൊരു ഭാഷ കൂടി നിര്‍ദേശിക്കുകയാണ്.
ത്രിഭാഷാസമീപനം തുടരണം എന്നാണ് രേഖ പറയുന്നത്. കേള്‍ക്കുമ്പോള്‍ നിലവിലുളളതല്ലേ തുടര്‍ന്നാലെന്താ കുഴപ്പമില്ലല്ലോ എന്ന് ആലോചിക്കും. രേഖയിലെ ഉദാഹരണം നേക്കൂ. ഹിന്ദി സംസ്ഥാനത്തെ പഠിതാക്കള്‍ സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയാണ് ത്രഭാഷാസമീപനത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കേണ്ടി വരിക.അമ്പത്തിനാല് ശതമാനം പേര്‍ ഹിന്ദി സംസാരിക്കുന്നവരാണ്. അതായത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ മൂന്നാം ഭാഷയെന്ന നിലയില്‍ സംസ്കൃതത്തെ ചെറു ക്ലാസുമുതല്‍ പഠിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഹിന്ദിഭാഷാസംസ്ഥാനങ്ങളില്‍ ഇതരപ്രദേശത്തെ ഭാഷകള്‍ കൂടി പഠിപ്പിക്കണം.ഇത് ആറു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ രണ്ടു വര്‍ഷ കോഴ്സായിരിക്കും.അതായത് സംസ്കൃതത്തിനു പുറമേ ശ്രേഷ്ഠഭാഷകളായ തെലുങ്ക്, തമിഴ്, മലയാളം,കന്നഡ, ഒഡിയ, പേര്‍ഷ്യന്‍, പ്രാകൃതം എന്നിവയും വിദ്യാലയങ്ങളില്‍ ലഭ്യമാകണം. എല്ലാ വിദ്യാലയങ്ങളിലെയും എല്ലാ കുട്ടികളും ശ്രേഷ്ഠഭാഷകള്‍ 6-8 ക്ലാസുകളില്‍ രണ്ടു വര്‍ഷം പഠിക്കണം.
ത്രിഭാഷാപഠനപദ്ധതി അയവുളളതായിരിക്കും. ആഗ്രഹിക്കുന്നവര്‍ക്ക് ഭാഷകള്‍ മാറാനുളള സ്വാതന്ത്ര്യം ഉണ്ടാകണം. കേരളത്തില്‍ അഞ്ചാം ക്ലാസ് മുതല്‍ ഹിന്ദി പഠനം ഉണ്ട്. അതാകട്ടെ പത്താം ക്ലാസ് വരെ തുടരുകയും ചെയ്യുന്നു. കേരളീയരുടെ ഹിന്ദിയിലുളള ആശയവിനിമയ ശേഷി ഉത്തരേന്ത്യന്‍ ജോലിക്കാര്‍ കേരളത്തില്‍ വന്ന പുതിയ സാഹചര്യത്തില്‍ കൃത്യമായി വെളിവായിട്ടുണ്ട്. അവരില്‍ നിന്നും ഹിന്ദി പഠിക്കുകയാണ് നാടിപ്പോള്‍. അഞ്ചുവര്‍ഷം കൊണ്ട് ഹിന്ദി പഠനത്തിന്റെ അവസ്ഥ ഇതാണ്. അപ്പോഴാണ് രണ്ടു വര്‍ഷം കൊണ്ട് ശ്രേഷ്ഠഭാഷ പഠിച്ചു പ്രാവീണ്യം നേടുമെന്നു പറയുന്നത്. സംസ്കൃതം വ്യാപകമാക്കുമ്പോള്‍ തെക്കേഇന്ത്യില്‍ നിന്നും ഉയരാനിടയുളള ആക്ഷേപത്തെ മറികടക്കാനായിരിക്കണം. രണ്ടു വര്‍ഷക്കാലം തമിഴോ കന്നഡയോ തെലുങ്കോ മലയാളമോ ഇന്ത്യയിലെ എല്ലാ കുട്ടികളും പഠിക്കാന്‍ നിര്‍ദേശിക്കുന്നത്.ഇതിനായി കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും വന്‍തോതില്‍ ഭാഷാധ്യാപകരെ സജ്ജമാക്കുകയും പരസ്പരം പ്രയോജനപ്പെടുത്തുകയും വേണമെന്ന കാര്യത്തില്‍ രേഖയ്ക് സംശയമില്ല. എല്ലാ സ്കൂള്‍ കോംപ്ലക്സുകളിലും തദ്ദേശീയഭാഷയിലല്ലാത്ത ഒരു ഭാഷാധ്യാപിക/അധ്യാപകന്‍ ഉണ്ടായിരിക്കണം. അതായത് കോപ്ലക്സ് പരിധിയിലുളള എല്ലാ വിദ്യാലയങ്ങള്‍ക്കുമായി ഒരാള്‍? പ്രായോഗികമാണോ നിര്‍ദേശം എന്നു പരിശോധിക്കണം.
കേരളത്തില്‍ ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ആയിരക്കണക്കിന് ഹിന്ദി അധ്യാപകരെ നയോഗിക്കേണ്ടിവരും. കൊച്ചു സംസ്ഥാനമാണ് കേരളം. വലിയ സംസ്ഥാനങ്ങളിലെ സ്ഥിതി ആലോചിക്കാവുന്നതേയുളളൂ. വടക്കേഇന്ത്യയിലാകെ സംസ്കൃതം നിര്‍ദേശിച്ചാല്‍ എത്ര അധ്യാപകര്‍ വേണ്ടി വരും? അത്രയും ഉണ്ടോ? ഒരു ലക്ഷത്തിലധികം സാധാരണ അധ്യാപകതസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അതാദ്യം നികത്തട്ടെ. സംഭവിക്കാന്‍ പോകുന്നത് സ്കൂല്‍ കോംപ്ലക്സുകളിലേക്ക് പുറത്തുനിന്നുളള സംസ്ക‍ൃതാചാര്യര്‍ വരും. അവരെക്കൊണ്ട് സംസ്കൃതത്തില്‍ പലതും വിനിമയം ചെയ്യും. സംസ്കൃതം പൊതുവിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും പഠനവിഷയമാകണം എന്ന് വാശി പിടിക്കുന്നതെന്തിന്? ത്രിഭാഷകളിലൊന്ന് എന്ന നിലയില്‍ ഐശ്ചികമാകണം എന്നു നിര്‍ബന്ധിക്കുന്നതാണോ ഐശ്ചികം? സംസ്കൃതപഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് രേഖ വാചാലമാകുന്നുണ്ട്. ഗണിതം, ശാസ്ത്രം, വൈദ്യം, നിയമം, സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം, സംഗീതം, ഭാഷാശാസ്ത്രം, നാടകം, വാസ്തുശില്പം തുടങ്ങിയ ജീവിതത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും വൈജ്ഞാനികരചനകള്‍ സംസ്കൃതത്തിലും പ്രാകൃതത്തിലും ലഭ്യമാണ്.
അടിസ്ഥാനഘട്ടത്തിലെയും മധ്യഘട്ടത്തിലെയുമെല്ലാം സംസ്കൃതപാഠപുസ്തകങ്ങള്‍ ലളിതനിലവാര സംസ്കൃതത്തിലുളളതായിരിക്കണം( Simple Standard Sanskrit -SSS) . സംസ്കൃതം സംസ്കൃതത്തിലൂടെ പഠിപ്പിക്കണം.Sanskrit through Sanskrit -STS) എന്നെല്ലാം പറയുമ്പോള്‍ അല്ലെങ്കില്‍ സംസ്കൃതഭാരതിയിലെ രീതി പിന്തുടരണമെന്നു പറയുമ്പോള്‍ സംസ്കൃതം അടിച്ചേല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് വ്യക്തമല്ലേ? പ്രായോഗികതലത്തില്‍ ആശയവിനിമയത്തിന് ഭാരതീയജനത ഉപയോഗിക്കാത്ത ഒരു ഭാഷ കേവലം സാഹിത്യപഠനത്തിനും റഫറന്‍സിനും മാത്രമായി എല്ലാ കുട്ടികളും വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും പഠിക്കേണ്ടതില്ല. പഴയകാല വിജ്ഞാനം അറിയാന്‍ ഇംഗ്ലീഷനു പകരം ലാറ്റിന്‍ പഠിക്കണമെന്നു പറയുന്നതുപോലെയാണത്. പരിഭാഷപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ ലഭ്യമായിരിക്കേ മൂലകൃതിയുടെ ഭാഷയില്‍ തന്നെ അക്കാലത്തെ വൈജ്ഞാനികസംഭാവനകള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിന് ഒളിപ്പിച്ചുവെച്ച അജണ്ടകള്‍ കാണാതിരിക്കില്ലേ?
കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ ത്രിഭാഷാസമീപനം എങ്ങനെയായിരിക്കണം?
തമിഴ്, കന്നഡ, തുളു തുടങ്ങിയവ മാതൃഭാഷയായിട്ടുളള കുട്ടികളുണ്ട്. അവരുടെ ഒന്നാം ഭാഷ മാതൃഭാഷതന്നെയായിരിക്കണം. പക്ഷേ രണ്ടാം ഭാഷ അവരധിവസിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയാകണം. ആ കുട്ടികള്‍ കേരളീയസമൂഹവുമായി സംവദിക്കേണ്ടവരാണ്. മൂന്നാം ഭാഷ ഇംഗ്ലീഷും. ഹിന്ദിയുടെ പരിഗണന നാലാമതേ വരാവൂ.
അറബിക്, സംസ്കൃതം എന്നിവ ചെറിയക്ലാസുമുതല്‍ പഠിക്കുന്നവര്‍ എത്രഭാഷകള്‍ പഠിക്കണം എന്നു തീരുമാനിക്കേണ്ടതുണ്ട്. നാലുഭാഷകളില്‍ കൂടുതല്‍ യു പി തലത്തില്‍ ഒരു കുട്ടിയും പഠിക്കേണ്ട കാര്യമില്ല.
പഠനമാധ്യമം
ഭാഷാര്‍ജനസിദ്ധാന്തങ്ങളും ജ്ഞാതൃപഠനങ്ങളും സൂചിപ്പിക്കുന്നത് ചെറിയ കുട്ടികള്‍ക്ക് ഏറ്റവും നല്ല പഠനമാധ്യമം അവരുടെ മാതൃഭാഷ/ ഗൃഹഭാഷയാണെന്ന് രേഖ പറയുന്നു. മറ്റു കാര്യങ്ങളിവയാണ്
  • കുട്ടികള്‍ക്ക് മനസിലാകാത്ത ഭാഷയില്‍ അവരെ പഠിപ്പിക്കുന്നത് വളരെയേറെ കുട്ടികളെ പഠനപിന്നാക്കാവസ്ഥയിലേക്ക് തളളിയിടുന്നു. ഗോത്രഭാഷയടക്കമുളള പ്രാദേശിക ഭാഷകളില്‍ പാഠപുസ്തകങ്ങള്‍ ശാസ്ത്രവിഷയങ്ങളിലടക്കം തയ്യാറാക്കണം
  • കുറഞ്ഞത് അഞ്ചാം ക്ലാസ് വരെ- കഴിയുമെങ്കില്‍ എട്ടുവരെ - പഠനമാധ്യമം മാതൃഭാഷയാകണം. സാധ്യമാകുന്നിടത്തോളം ഉയര്‍ന്ന തലങ്ങളിലും ഇത് ബാധകമാകണം. ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് പഠിക്കുന്നതിന് അവരുടേതായ വിദ്യാലയങ്ങള്‍ ഉറപ്പാക്കണം.
  • ദ്വിഭാഷാസമീപനവും ആവശ്യമായിടത്ത് ഉപയോഗിക്കണം.
ഇംഗ്ലീഷിനോടുളള സമീപനം
ഇന്ത്യയുടെ അതിസമ്പന്നമായ ഭാഷകളുടെ കരുത്ത് നിലനില്‍ക്കുമ്പോള്‍ത്തന്നെ ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസത്തോടുളള ദൗര്‍ഭാഗ്യകരമായ ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു പ്രവണത ദൃശ്യമാണ് . ഇംഗ്ലീഷിന് മറ്റു ഭാഷകളേക്കാള്‍ സവിശേഷമായ മെച്ചമില്ല. നൂറ്റാണ്ടുകളിലൂടെ തലമുറകളിലൂടെ വികാസം പ്രാപിച്ചവയാണ് ഇന്ത്യന്‍ ഭാഷകള്‍ എന്നു മാത്രമല്ല അവ ശാസ്ത്രീയവുമാണ്.അത് ഇംഗ്ലീഷിനെപ്പോലെ സങ്കീര്‍ണവുമല്ല.
സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍( South Korea, Japan, France, Germany, Holland, etc.) അവരുടെ നാടിന്റെ ഭാഷയാണ്
പഠനമാധ്യമമായും ആശയവിനിമയത്തിനും ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിനു ശേഷം സാമ്പത്തികമായി ഉയര്‍ന്ന തട്ടിലുളളവര്‍ ഇംഗ്ലീഷ് അവരുടെ ഭാഷയായി സ്വീകരിച്ചു. പതിനഞ്ചു ശതമാനം പേരു മാത്രമാണ് ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്നത്. സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയിലുളളവരുടെ ശതമാനവുമായി ഇത്ലപൊരുത്തപ്പെടും.അതേ സമയം ഇന്ത്യയിലെ 54%പേരും ഹിന്ദിയാണ് സംസാരിക്കുന്നത്. ഇംഗ്ലീഷ് പരിജ്ഞാനമുളളവരെല്ലാം വിദ്യാഭ്യാസം സിദ്ധിച്ചവരാണെന്ന ധാരണ പരത്തി. തൊഴിലിന്റെ ഭാഷയും ഇംഗ്ലീഷായി കണക്കാക്കി. ബഹുഭൂരിപക്ഷത്തേയും പാര്‍ശ്വവത്കരിക്കാനാണ് ഈ സമീപനം വഴിയൊരുക്കിയത്. ഭാഷയുടെ അധികാരഘടനയെ ചോദ്യം ചെയ്യുകയാണ് രേഖ. ഭാഷയെ സാമ്പത്തിക സാമൂഹിക സാംസ്കാരിക വിവേചനത്തിനുളള ഉപകരണമാക്കുന്ന അധീശശക്തികളെ ചെറുക്കുവാന്‍ തദ്ദേശീയ ഭാഷകളെ മുന്നില്‍ നിറുത്തേണ്ടതുണ്ട്.
ശാസ്ത്രം , ഗവേഷണം തുടങ്ങിയ മേഖലയില്‍ ഇംഗ്ലീഷ് ഭാഷയിലാണ് കണ്ടെത്തലുകള്‍ മിക്കതും. അതിനാല്‍ ഇംഗ്ലീഷിലുളള പ്രാവീണ്യം വളര്‍ത്തുകയും വേണം. തദ്ദേശീയ ഭാഷയിലെന്ന പോലെ ഇംഗ്ലീഷിലും ഉയര്‍ന്ന നിലവാരത്തിലുളള ആശയവിനിമയശേഷി എല്ലാ സര്‍ക്കാര്‍ സര്‍ക്കാതിര വിദ്യാലയങ്ങളിലെ പഠനത്തിലൂടെ കൈവരിക്കുകയും വേണം.
എട്ടാം ക്ലാസ് മുതല്‍ ശാസ്ത്രവിഷയങ്ങളി‍ല്‍ ദ്വിഭാഷാപഠനരീതി ഉപയോഗിക്കണം. അതിലൊന്ന് ഇംഗ്ലീഷായിരിക്കും
ഭാഷണത്തിന് പ്രാധാന്യം എഴുത്ത് വൈകും
  • ഒന്നാം ക്ലാസ് മുതല്‍ ഭാഷണനൈപുണിയിലൂന്നി മൂന്നോ അതിലധികമോ ഭാഷകളിലുളള പഠനാനുഭവം കുട്ടികള്‍ക്ക് ലഭിക്കണം. ലിപികള്‍ തിരിച്ചറിയുന്നതിനും ലഘുപാഠങ്ങള്‍ വായിക്കുന്നതിനും ആ ഭാഷകളില്‍ ആശയവിനിമയം നടത്തുന്നതിനും കഴിവുണ്ടാകണം. മൂന്നാം ക്ലാസ് വരെ മാതൃഭാഷയിലുളള ലേഖനനൈപുണിയേ പരിശീലിക്കാവൂ. മറ്റു ഭാഷകളിലെ ലേഖനം മുന്നാം ക്ലാസിനു ശേഷം മതിയാകും
ബഹുഭാഷാപഠനം -
ഇന്ത്യയിലെ സമ്പന്നമായ ഭാഷാവൈവിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നിലധികം രീതിയില്‍ ചിന്തിക്കാനും വൈവിധ്യമുളള ആവിഷ്കാരങ്ങളും ഘടനയും പദങ്ങളും പ്രയോഗങ്ങളും പരിചയപ്പെടാനും പ്രാചീനവും ആധുനികവുമായ സാഹിത്യസമ്പത്തിനെ പരിഗണിക്കുന്ന ബഹുഭാഷാസമീപനം സ്വീകരിക്കണം
വിദേശഭാഷകള്‍
സെക്കണ്ടറി തലത്തില്‍ വിദേശഭാഷകളും താല്പര്യമുളള കുട്ടികള്‍ക്ക് ഐശ്ചികമായി പഠിക്കാനാകുന്ന കാര്യം പരിഗണിക്കണം. ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, ചൈനീസ്, ജാപ്പാനീസ് ..)


ബോധനമാധ്യമം സംബന്ധിച്ച് രേഖ മുന്നോട്ടു വെക്കുന്ന സമീപനത്തോട് യോജിപ്പ്
ത്രിഭാഷാസമീപനത്തിന്റെ കാര്യത്തില്‍ ഏതു തലം മുതല്‍ ഏതെല്ലാം ഭാഷകള്‍ എന്ന കാര്യത്തില്‍ ചര്‍ച്ച നടക്കേണ്ടതുണ്ട്
ഫൗണ്ടേഷന്‍ ഘട്ടത്തിലെ ഭാഷാപഠനവും പരിശോധിക്കണം. പ്രീപ്രൈമറി മുതല്‍ ഒന്നിലധികം ഭാഷകള്‍ എന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോ? വികാസഘട്ടങ്ങളും മേഖലകളും പരിഗണിച്ചുളള അനുഭവങ്ങളില്‍ ഭാഷ സ്വായത്തമാക്കലിനു പറ്റിയ അന്തരീക്ഷം സൃഷ്ടിക്കാനുളള ഇടപെടലിനെക്കുറിച്ച് അവ്യക്തതയുണ്ട്
ഭാഷ സ്വായത്തമാക്കുകയാണ് എന്ന നിലപാട് സ്വീകരിക്കുന്ന രേഖ ഭാഷാസമഗ്രതാദര്‍ശനത്തെ മാനിക്കുന്നതായി കാണുന്നില്ല. മൂന്നാം ക്ലാസ് വരെ മാതൃഭാഷയിലൊഴികെ ലേഖനവിദ്യ പരിശീലിക്കേണ്ടതില്ല എന്നത് ഭാഷാസമഗ്രതാദര്‍ശനത്തിന്റെ ധാരണകളോട് പൊരുത്തപ്പെടില്ല. സമാന്തര വിദ്യാലയങ്ങളെ നിയന്ത്രിക്കാതെ അവിടെ ബോധനമാധ്യമമടക്കം ഇംഗ്ലീഷാവുകയും അവ എഴുത്തും വായനയും പരിശീലിപ്പിക്കുകയും ചെയ്യുമ്പോള്‍ എന്തായിരിക്കും ഫലം? ആകെ ആശ്വസിക്കാവുന്നത് കേരളത്തിലെ സമാന്തര ഇംഗ്ലീഷ് മാധ്യമ ഡിവിഷനുകള്‍ അവസാനിപ്പിക്കാനുളള ഒരു അവസരമായി ഇതിനെ മാറ്റിയെടുക്കാമെന്നതാണ്. മാതൃഭാഷാവിരുദ്ധരും ബോധനശാസ്ത്രനിഗ്രഹകരും താല്കാലിക നേട്ടത്തിനു വേണ്ടി ആദര്‍ശം ബലികഴിക്കുന്നവരും ഉളളില്‍ കൊളോണിയല്‍ വിധേയത്വം കാത്തുസൂക്ഷിക്കുന്നവരും വിദ്യാഭ്യാസം മാര്‍ക്കറ്റിനു വേണ്ടിയാണെന്നു കരുതുന്നവരും ആഗോളീകരണവക്താക്കളും സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ക്കായി നിലകൊണ്ടേക്കാം. അതിന് പറയാന്‍ അവര്‍ക്ക് ന്യായീകരണങ്ങളേറെയുണ്ടാകും

മുന്‍ ലക്കങ്ങള്‍ വായിക്കാം