ക്ലാസ് : ഒന്ന്
യൂണിറ്റ് : 2
പാഠത്തിന്റെ പേര് : പൂവ് ചിരിച്ചു
ടീച്ചര്‍ : ദീപ.എം,
ഗവ.യു.പി.സ്കൂൾ കൂടശ്ശേരി
കുറ്റിപ്പുറം, മലപ്പുറം
കുട്ടികളുടെ എണ്ണം : ……...
ഹജരായവര്:
……...
തീയതി : …./07/2025
പിരീഡ് ഒന്ന് |
പ്രവർത്തനം : വായനാപാഠവും പിന്തുണയും
സമയം - 40 മിനിറ്റ്
പ്രക്രിയാവിശദാംശങ്ങള്‍.
ക്ലാസില്‍ കൂടുതല്‍ പിന്തുണ ആവശ്യമുള്ള കുട്ടികളുടെ എണ്ണം……..
ഇവര്‍ക്ക് വായനാനുഭവം ഒരുക്കുന്നതിനായി ഇവരെ പല പഠനക്കൂട്ടങ്ങളിലാക്കുന്നു.
ഓരോ പഠനക്കൂട്ടത്തില്‍ നിന്നും ഇവരുള്‍പ്പടെ രണ്ട് പേര്‍ വരുന്നു
മുന്‍ദിവസങ്ങളിലെ ചാര്‍ട്ട് സഹായത്തോടെ വായിപ്പിക്കുന്നു. നിര്‍ദ്ദേശിക്കുന്ന വാക്കുകള്‍ കണ്ടെത്തുന്നു
മുന്‍ദിവസങ്ങളില്‍ ഹാജരാകാത്ത കുട്ടികള്‍ക്ക് ചുവടെയുള്ള വാക്യങ്ങള്‍ വായിക്കാന്‍ അവസരം. കുഞ്ഞെഴുത്ത് ബുക്ക് അവരുള്‍പ്പെടുന്ന പഠനക്കൂട്ടത്തിന്റെ സഹായത്തോടെ പൂര്‍ത്തീകരിക്കല്‍
നീ ആരാ
ആരാ നീ
ഞാൻ ആട്
ആട് ഇല തിന്നും
പാവം ചെടി
പൂക്കളുമായി ബന്ധപ്പെട്ട് ചെയ്ത കാര്യങ്ങളും അറിഞ്ഞ കാര്യങ്ങളും പങ്കിടുന്നു. ( ഒരാള്‍ക്ക് ഒരു കാര്യം വീതം പറയാം
പൂക്കളുമായി ബന്ധപ്പെട്ട പാട്ടുകള്‍ അവതരിപ്പിക്കുന്നു.
പിരീഡ് രണ്ട് |
പ്രവർത്തനം . അരങ്ങ് (അഭിനയം)
പഠനലക്ഷ്യങ്ങൾ:
വിവിധതരം തീയേറ്റർ ഗെയിമുകളിലൂടെ വിവിധ സന്ദർഭങ്ങളെ കൂട്ടമായി നിസ്സങ്കോചം സദസ്സിനു മുമ്പാകെ ആവിഷ്കരിക്കുന്നു
സമയം: 30 മിനിറ്റ്
കരുതേണ്ട സാമഗ്രികൾ :മുഖംമൂടികൾ (സൂര്യൻ)
പ്രക്രിയാവിശദാംശങ്ങൾ* :
അടുത്തദിവസം തിങ്കളാഴ്‌ചയായിരുന്നു. വണ്ട് വന്നു നോക്കി, ഒരു ചെറിയ കുറ്റി! "പാവം ചെടി ഇനി എങ്ങനെ പൂവിടും?”
അതിന്റെ അടുത്ത ദിവസം ചൊവ്വാഴ്ച്ച കാറ്റ് വന്നു നോക്കി. ഒരു ചെറിയ കുറ്റിമാത്രം! പാവം ചെടി ഇനി എങ്ങനെ പൂവിടും?” കാറ്റിന് വിഷമമായി
അടുത്ത ദിവസം ബുധനാഴ്‌ച പൂമ്പാറ്റ വന്നു നോക്കി പാവം ചെടി ഇനി എങ്ങനെ പൂവിടും?”
അതിന്റെ അടുത്ത ദിവസം വ്യാഴാഴ്ച്ച കുഞ്ഞുമുയല് ചാടിച്ചാടി വന്നു. കുറ്റിച്ചെടിയുടെ ചുറ്റും നടന്നു എന്നിട്ട് തുള്ളിച്ചാടി വിളിച്ചു പറഞ്ഞ 'കുഞ്ഞുനാമ്പ് വന്നേ! ചെടിക്ക് നാമ്പ് വന്നേ ചെടി വളരുന്നേ."
എല്ലാവർക്കും സന്തോഷമായി, ചെടി വളർന്നു ഇലകൾവന്നു ഉയരം വെച്ചു.
അഭിനയം
കടുത്ത ചൂട് മുഖമുള്ള സൂര്യൻ്റെ കട്ടൗട്ട് തൊപ്പി ഒരാള്‍ക്ക് നൽകുന്നു. സൂര്യന്‍ വരുന്നു.
ചൂട് കൂടിയാലത്തെ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും? അഭിനയിച്ചു കാണിക്കാമോ?.
വീശുന്നു
വെള്ളം കുടിക്കുന്നു
കുട ചൂടിപ്പോകുന്നു
പൈപ്പില്‍ വെള്ളമില്ലെന്ന് കാണിക്കുന്നു
………………………..
ഇനി ചെടികള്‍ക്കെന്താ സംഭവിക്കുക എന്നു നോക്കാം. എല്ലാവരും ചെടിയായി മാറുന്നു
കൈ ഇലകളായി ഉയർത്തി നിൽക്കുന്നു( അഭിനയം)
( ടീച്ചര്‍ വാചികാവതരണം നടത്തുന്നു. ആശയം ഉള്‍ക്കൊണ്ട് ചെടികള്‍ അഭിനയിക്കുന്നു.
സൂര്യന്‍ വന്നു. ചൂടുകൂടി. കാറ്റിനും ചൂടുപിടിച്ചു. ചൂട് കാറ്റില് ചെടിയാടുന്നു. കൊടും വെയില് . കുഞ്ഞുചെടി സൂര്യനുനേരെ അരുതേ അരുതേ എന്ന് കാണിക്കുന്നു.
ചൂട് പിന്നെയും കൂടി. ചെടി തളരുന്നു .
വീണ്ടും ചൂടു കൂടി ചെടിയുടെ ഇലകള് വാടുന്നു.
വീണ്ടും ചൂട് കൂടി ചെടിയുടെ തണ്ടും വാടുന്നു.
വീണ്ടും ചൂട് കൂടി ചെടി തളര്‍ന്നു വീണു
മഴ വന്നു .ചെടിയുടെ ഇലകളിലാകെ മഴത്തുള്ളികള്‍ വീഴുന്നു. ചെടി പതിയെ നിവരുന്ന
ചെടി തലപൊക്കി ഉയരുന്നു
ചെടി പഴയ അവസ്ഥയിലായി സന്തോഷത്തോടെ തലയാട്ടുന്നു.
തുടര്‍ന്ന് ടീച്ചറുടെ നിര്‍ദ്ദേശമില്ലാതെ കുട്ടികള്‍ക്ക് അവതരിപ്പിക്കാനവസരം നല്‍കാം, ചെറു ഗ്രൂപ്പുകളെക്കൊണ്ട് അവതരിപ്പിച്ച് പരസ്‌പരം വിലയിരുത്താൻ അവസരം നൽകിയാലോ?
വിലയിരുത്തൽ :
ആശയങ്ങൾ ഉൾക്കൊണ്ട് ആവിഷ്‌കരിക്കുന്നതിൽ എല്ലാ കുട്ടികൾക്കും ഒരേ സമയം പങ്കാളിത്തം ഉറപ്പാക്കുന്ന ഈ തന്ത്രം ഫലപ്രദമാണോ?
പിരീഡ് മൂന്ന് |
പ്രവര്‍ത്തനം- പാവം ചെടി (എഴുതാം )
പഠനലക്ഷ്യങ്ങള്‍:
1. അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന, ആലേഖന ക്രമം ) മലയാളം ലിപികൾ സഹായത്തോടെ എഴുതി വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുക.
2. അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുക.
സമയം: 40 മിനിറ്റ്
പ്രക്രിയാവിശദാംശങ്ങള്‍
ആദ്യം സൂര്യന് നിറം നല്‍കണം. എന്ത് നിറം? കുട്ടികളുടെ പ്രതികരണം. പൊതുധാരണപ്രകാരം നിറം നല്‍കല്‍.
ലേഖന പ്രക്രിയ ( ഇതുവരെ സ്വീകരിച്ചതില്‍ നിന്നും ഭേദഗതി വരുത്തിയത്)
സന്നദ്ധയെഴുത്ത്.
ചൂട് കൂടി
എഴുതാന്‍ ആര്‍ക്കെല്ലാം എന്നെ സഹായിക്കാം? ചൂ എന്ന് എങ്ങനെ എഴുതും? ഊ സ്വരത്തിന്റെ ചിഹ്നം എഴുതുന്ന രീതി ശ്രദ്ധയില് പെടുത്തുന്നു. ചൂ എഴുതി ട് ആര്‍ക്കെഴുതാം? ചൂ ഇങ്ങനെ എങ്കില്‍ കൂ എന്ന് എങ്ങനെയായിരിക്കും എഴുതുക? സന്നദ്ധതയുള്ളവര്‍ ബോര്‍ഡില്‍ വന്ന് എഴുതട്ടെ. തുടര്‍ന്ന് ഘടന പാലിച്ച് ടീച്ചര്‍ ചൂട് കൂടി എന്ന് എഴുതുന്നു. തുടര്‍ന്ന് എല്ലാവരും സചിത്രപ്രവര്‍ത്തനപുസ്തകത്തില്‍ ചൂട് കൂടി എന്ന് എഴുതണം.
പിന്തുണ നടത്തം
ഊ സ്വരത്തിന്റെ ഘടനയ്ക് ഊന്നല്‍. ആവശ്യമെങ്കില്‍ കട്ടിക്കെഴുത്ത്.
തനിച്ചെഴുത്ത്
ചുവടെയുള്ള ഓരോ വാക്യവും സാവധാനം പറഞ്ഞു കൊടുക്കുന്നു. എഴുതേണ്ട സ്ഥാനവും വ്യക്തമാക്കുന്നു. ചെടി വാടി എന്നത് ഇല വാടി എന്നത് എഴുതാനുള്ളതിന്റെ തൊട്ട് താഴെ എഴുതണം
ഇല വാടി ( ഇ എന്ന അക്ഷരത്തിന് പുനരനുഭവം കിട്ടുന്നതിന്)
ചെടി വാടി
പാവം ചെടി
ബോര്‍ഡെഴുത്ത്
കുട്ടികള്‍ എഴുതിക്കഴിഞ്ഞാല്‍ ടീച്ചര്‍ ബോര്‍ഡില്‍ ഓരോ വാക്യവും എഴുതുന്നു. കുട്ടികള്‍ പൊരുത്തപ്പെടുത്തി ഓരോ അക്ഷരത്തിനും ശരി അടയാളം നല്‍കുന്നു. മൊത്തം ആറ് ശരി കിട്ടിയവരാരെല്ലാം? ( അക്ഷരബോധ്യച്ചാര്‍ട്ടില്‍ രേഖപ്പെടുത്തുന്നു)
ചെടിയുടെ ഇലകളെല്ലാം കരിയാന്‍ തുടങ്ങി. ഇനി എന്തു ചെയ്യും? അത് വളരുമോ? പൂക്കുമോ?
കുട്ടികളുടെ പ്രതികരണങ്ങള്‍
പ്രതീക്ഷിത ഉല്പന്നം
കുഞ്ഞെഴുത്ത് പുസ്തകത്തിലെ രേഖപ്പെടുത്തല്‍
വിലയിരുത്തല്‍
സന്നദ്ധയെഴുത്ത് നടത്തുന്നതിന് എത്രപേര്‍ മുന്നോട്ടു വന്നു? അവരില്‍ എത്രപേര്‍ ശരിയായ രീതിയില്‍ എഴുതി?
തനിച്ചെഴുത്ത് സമയം ശ്രദ്ധയില്‍പ്പെട്ട ലേഖനപ്രശ്നങ്ങള്‍ എന്തെല്ലാമാണ്?
പിരീഡ് നാല് |
പ്രവര്‍ത്തനം: പാവം ചെടി (വായന)
പഠനലക്ഷ്യങ്ങള്‍:
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുക
സമയം 30: മിനിറ്റ്
കരുതേണ്ട സാമഗ്രികള്‍: സ്വതന്ത്രവായനപാഠം എഴുതിയ ചാര്‍ട്ട്
പ്രക്രിയാ വിശദാംശങ്ങൾ:
ചങ്ങലവായന
ചൂട് കൂടി
ഇല വാടി
ചെടി വാടി
പാവം ചെടി
ബഞ്ചിന്റെ അറ്റത്തിരിക്കുന്ന ആള്‍ ആദ്യ വാക്യം വായിക്കുന്നു.. അടുത്തയാള്‍ അടുത്ത വാക്യം. ഇങ്ങനെ നാലാമത്തെ ആള്‍ കഴിഞ്ഞാല്‍ വീണ്ടും ആദ്യ വാക്യം. എല്ലാവരും ഒരു വാക്യമെങ്കിലും വായിച്ചു എന്നുറപ്പാക്കുന്നു.
സ്വതന്ത്രവായനപാഠം ക്ലാസില്‍ ( പിന്തുണപ്രവര്‍ത്തനം)
തുടര്‍ന്ന് വ്യക്തിഗതവായനയ്ക് ചാര്‍ട്ടില്‍ സ്വതന്ത്രവായനപാഠം നൽകുന്നു.
ഇതില്‍ ഏതൊക്കെ വാക്യങ്ങള്‍ തനിയെ വായിക്കാനറിയാം?
മുഴുവനും അറിയാവുന്നവര്‍?
മൂന്നെണ്ണം വായിക്കാനറിയാവുന്നവര്‍
രണ്ടെണ്ണം വായിക്കാനറിയാവുന്നവര്‍ എന്നിങ്ങനെ കണക്കെടുക്കുന്നു.
ഒരു വാക്യം മാത്രം വായിക്കാന്‍ കഴിയുന്നവര്‍
ചില വാക്കുകള്‍ മാത്രം അറിയുന്നവര്‍
പുഴു വന്നു, പുഴു വന്നു
ആട് വന്നു, ചെടി തിന്നു
ചൂട് കൂടി, ചെടി വാടി
ചെടി പാവം, പാവം ചെടി
വാക്കുകള്‍ മാത്രം അറിയുന്നവര്‍ വന്ന് അറിയാവുന്ന വാക്കുകള്‍ ചൂണ്ടിക്കാട്ടി വായിക്കുന്നു.
അറിയാത്ത വാക്കുകള്‍ മറ്റുള്ളവരുടെ സഹായത്തോടെ വായിക്കുന്നു.
പഠനക്കൂട്ടങ്ങളില്‍ ഓരോ വാക്യം വീതം സഹവര്‍ത്തിത രീതിയില്‍ ക്രമമായും നിര്‍ദേശിക്കുന്ന ക്രമത്തിലും വായിച്ച് ഗ്രൂപ്പിലെ എല്ലാവരും മുഴുവന്‍ വാക്യങ്ങളും വായിക്കാന്‍ കഴിവു നേടണം.
ഏതു ഗ്രൂപ്പാണോ എല്ലാവരും വായിക്കാനായി ആദ്യം റെഡിയാകുന്നത് അവരെ വായനയ്കായി ക്ഷണിക്കുന്നു.
ഓരോ വാക്യം വീതം വായിപ്പിക്കുന്നു.
തുടര്‍ന്ന് മറ്റ് ഗ്രൂപ്പുകള്‍ക്ക് അവസരം
താളാത്മക വായന
ഗ്രൂപ്പായി താളമിട്ട് ചാര്‍ട്ടില്‍ ചൂണ്ടി വായിക്കുന്നു.
എല്ലാ ഗ്രൂപ്പുകളുടെയും വായന നടക്കണം
വാക്ക് കണ്ടെത്തല്‍ (ചിഹ്നപരിഗണനയോടെ) മത്സരം
ശരിയായ കണ്ടെത്തല്‍ നടത്തുന്ന പഠനക്കൂട്ടത്തിന് ഒരു പോയന്റ്. ചോദ്യം പഠനക്കൂട്ടത്തോടാണ്. പരസ്പരം ആലോചിച്ച് ഉത്തരം പറയണം. സ്വതന്ത്രവായനപാഠം എഴുതിയ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു.
പു എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്? (ഗ്രൂപ്പ് 1)
പാ എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്? (ഗ്രൂപ്പ് 2)
വാ എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്? (ഗ്രൂപ്പ് 3)
വം എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്? (ഗ്രൂപ്പ് 4)
കൂ എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്? (ഗ്രൂപ്പ് 1)
ചെ എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്? (ഗ്രൂപ്പ് 2)
ചൂ എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്?(ഗ്രൂപ്പ് 3)
ടി എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്? (ഗ്രൂപ്പ് 4)
കൂടുതല്‍ പോയിന്റെ ലഭിച്ചവര്‍ക്കുള്ളത്
ട് എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്?
തി എന്ന അക്ഷരമുളള വാക്ക് ഏതു വരിയില്‍ എത്രാമത്?
വിലയിരുത്തല്‍
ഏതെല്ലാം അക്ഷരങ്ങള്‍ കുട്ടികള്‍ സ്വായത്തമാക്കി ?
ഇനിയും സഹായം വേണ്ടവരാരെല്ലാം?
സ്വതന്ത്ര വായനസാമഗ്രി ഉപയോഗിച്ചത് നിലവാരം വിലയിരുത്താന്‍ സഹായകമായോ?
ഭിന്നനിലവാരക്കാരെ ഉള്‍പ്പെടുത്തി നടത്തിയ സഹവര്‍ത്തിത വായന പ്രവര്‍ത്തനം എത്രമാത്രം ഫലപ്രദമായി?
ചങ്ങലവായനയില്‍ എത്രപേര്‍ക്ക് സഹായം വേണ്ടിവന്നു?
സ്ഥിരം ഹാജരില്ലാത്ത കുട്ടികളുടെ പ്രതികരണം ഓരോ പ്രവര്‍ത്തനത്തിലും എങ്ങനെയായിരുന്നു?
ചിഹ്നപരിഗണനയോടെ വാക്ക് കണ്ടെത്തല്‍ പ്രവര്‍ത്തനത്തില്‍ എത്രകുട്ടികള്‍ക്ക് സഹായം വേണ്ടിവന്നു?
.
അക്ഷര, ചിഹ്നബോധ്യച്ചാര്‍ട്ട് പൂരിപ്പിക്കുന്നു കൂടുതല്‍ പിന്തുണ വേണ്ടവര്‍ ആരെല്ലാം?
അവര്‍ക്കായി ഉപപാഠങ്ങള്‍ തയ്യാറാക്കുന്നു |



No comments:
Post a Comment