ക്ലാസ് : ഒന്ന്
യൂണിറ്റ് : 2
പാഠത്തിൻ്റെ പേര് : പൂവ് ചിരിച്ചു
ടീച്ചര്‍ : വിജിഷ മോൾ വിളയിൽ
ജി എം എൽ പിഎസ് പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങിടി, മലപ്പുറം.
| പിരീഡ് ഒന്ന് |
പ്രവർത്തനം 1: വായനാപാഠവും പിന്തുണയും
സമയം - 40 മിനിറ്റ്
പ്രക്രിയാവിശദാംശങ്ങള്‍.
ക്ലാസില്‍ കൂടുതല്‍ പിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക് വായനാനുഭവം ഒരുക്കുന്നതിനായി ഇവരെ പല പഠനക്കൂട്ടങ്ങളിലാക്കുന്നു.
ഓരോ പഠനക്കൂട്ടത്തില്‍ നിന്നും ഇവരുള്‍പ്പടെ രണ്ട് പേര്‍ വരുന്നു
മുന്‍ദിവസങ്ങളിലെ ചാര്‍ട്ട് സഹായത്തോടെ വായിപ്പിക്കുന്നു. നിര്‍ദ്ദേശിക്കുന്ന വാക്കുകള്‍ കണ്ടെത്തുന്നു
മുന്‍ദിവസങ്ങളില്‍ ഹാജരാകാത്ത കുട്ടികള്‍ക്കും ചുവടെയുള്ള വാക്യങ്ങള്‍ വായിക്കാന്‍ അവസരം. കുഞ്ഞെഴുത്ത് ബുക്ക് അവരുള്‍പ്പെടുന്ന പഠനക്കൂട്ടത്തിന്റെ സഹായത്തോടെ പൂര്‍ത്തീകരിക്കല്‍
ഇല വാടി ചെടി വാടി പാവം ചെടി |
പുഴു വന്നു, ചെടി തിന്നു ആട് വന്നു, ചെടി തിന്നു ചൂട് കൂടി, ചെടി വാടി ചെടി പാവം, ചെടി പാവം |
വരൂ വരൂ കുട തരൂ ആന വന്ന് കുട ചൂടി |
സചിത്രപ്രവര്‍ത്തനപുസ്തകം സമഗ്രമാക്കല്‍
മൂന്നു പേരുളള ഭിന്നനിലവാരഗ്രൂപ്പില്‍ തുടക്കം മുതലുളള രേഖപ്പെടുത്തലുകള്‍ എല്ലാവരുടെയും സചിത്ര പ്രവര്‍ത്തന പുസ്തകത്തില്‍ ഉണ്ട് എന്ന് ഉറപ്പാക്കുന്നു.
പരസ്പരം സഹായിക്കുന്നു.
വ്യക്തതയില്ലാത്ത രേഖപ്പെടുത്തല്‍ ഉണ്ടെങ്കില്‍ ടീച്ചറുടെ സഹായം തേടണം. ( പേപ്പര്‍ സ്ലിപ് ഒട്ടിച്ച് വാക്കോ വാക്യമോ വീണ്ടും എഴുതേണ്ടതിനു സഹായിക്കണം )
പിരീഡ് രണ്ട് |
പ്രവര്‍ത്തനം- ക്ലാസ് എഡിറ്റിംഗ്
പഠനലക്ഷ്യങ്ങള്‍
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.
പ്രതീക്ഷിത സമയം 20 മിനിറ്റ്
പ്രക്രിയാവിശദാംശങ്ങള്‍
ഓരോ പഠനക്കൂട്ടത്തില്‍ നിന്നും രണ്ട് പേര്‍ വീതം വരുന്നു.( ഒരാള്‍ കൂടുതല്‍ പിന്തുണ ആവശ്യമുള്ളയാളാകണം. മറ്റേ ആള്‍ സഹായിക്കാന്‍ കഴിയുന്ന ആളും). രണ്ടുപേരുടെയും കൈയക്ഷരം നിര്‍ബന്ധം. ഒരാള്‍ ഒരു വാക്ക് അടുത്തയാള്‍ അടുത്ത വാക്ക് . എഴുതുമ്പോള്‍ പരസ്പരം സഹായിക്കാം.
മറ്റ് പഠനക്കൂട്ടം നിര്‍ദേശിക്കുന്ന ഒരു വാക്യം (സ്വതന്ത്ര വായന പാഠത്തിലുള്ളത്) ചാര്‍ട്ട് നോക്കാതെ എഴുതണം
ഓരോരോ പഠനക്കൂട്ടമായി ഓരോ കാര്യം വീതം പരിശോധിച്ച് അംഗീകാരം നല്‍കണം.
ഇങ്ങനെ എഴുത്തനുവഭവവും എഡിറ്റിംഗ് അനുഭവവും എല്ലാ പഠനക്കൂട്ടങ്ങള്‍ക്കും ലഭിക്കണം.
വിലയിരുത്തല്‍
എഡിറ്റിംഗ് രീതിയില്‍ മാറ്റം വരുത്തിയത് ഫലപ്രദമായോ?
ടീം എഴുത്തില്‍ പരസ്പര സഹായം നല്‍കിയോ?
പിരീഡ് 3 |
പ്രവര്‍ത്തനം: അരങ്ങ് (അഭിനയം)
പഠനലക്ഷ്യങ്ങള്‍:
1. വിവിധതരം തീയേറ്റർ ഗെയിമുകളിലൂടെ വിവിധ സന്ദര്‍ഭങ്ങളെ കൂട്ടായി നിസ്സങ്കോചം സദസ്സിനു മുമ്പാകെ ആവിഷ്കരിക്കുന്നു
സമയം: 10 മിനിറ്റ്
കരുതേണ്ട സാമഗ്രികള്‍: മുഖംമൂടി/ചിത്രം- ആകാശം, മേഘം, ചെടി
പ്രക്രിയാവിശദാംശങ്ങള്‍
ചെടിയുടെ കരച്ചില്‍ ആകാശം കേട്ടു. ആകാശം ഇരുണ്ടു. കാര്‍മേഘം വന്നു ( കട്ടൗട്ട് പ്രദര്‍ശിപ്പിക്കുന്നു) ചെടിയെ നോക്കി. പിന്നെ മഴത്തുള്ളികള്‍ താഴേക്ക് വീഴാന്‍ തുടങ്ങി. അപ്പോള്‍ വണ്ട് പറഞ്ഞു
"ആതാ മഴ.”
ചെടിയുടെ ഇലകളില്‍ തണുത്ത മഴത്തുള്ളി വീണു. തണ്ടിലും മഴത്തുളളികള്‍ വീണു. വേരിലേക്ക് മഴത്തുള്ളി ചെന്നു
വേര് വെളളം വലിച്ചെടുത്തപ്പോള്‍ തണ്ട് നിവരാന്‍ തുടങ്ങി. തണ്ട് ഇലകള്‍ക്ക് വെള്ളം കൊടുത്തപ്പോള്‍ ഇലകള്‍ നിവര്‍ന്നു. ചെടി നിവര്‍ന്നു. ചെടിക്ക് സന്തോഷമായി അത് പുഞ്ചിരിച്ചു. സന്തോഷം തോന്നിയപ്പോള്‍ ചെടി പാടി ( ചെടിയുടെ കട്ടൗട്ട് ഉപയോഗിച്ച് പാടുന്നു)
മഴ വന്നു
മഴ വന്നു
ലലലാ ലലലാ
മഴ വന്നു
(കുട്ടികള്‍ക്ക് ഏറ്റ് പാടാന്‍ അവസരം.)
ഇനി പൂക്കാമല്ലോ? ചെടി വിചാരിച്ചു. ചെടിയുടെ സന്തോഷം കണ്ട് മഴ നിറുത്താതെ പെയ്തു. തോരാതെ പെയ്തു. ചെടിക്ക് മൊട്ടു വന്നു. പക്ഷേ മഴ തോരുന്നില്ല. വെള്ളം പൊങ്ങി പൊങ്ങി വന്നു. വഴിയിലും പറമ്പിലുമെല്ലാം വെള്ളം കയറി. വീട്ടിലും വെള്ളം കയറി. ചെടി മുങ്ങിപ്പോകുമോ?
കുട്ടികള്‍ക്ക് കട്ടൗട്ടുകള്‍ ഉപയോഗിച്ച് കഥാഭാഗം പറയാന്‍ അവസരം.
ചെടിയായി സ്വയം സങ്കല്പിച്ച് മഴയനുഭവം അവതരിപ്പിക്കല്‍ ( സംഭാഷണം ചേര്‍ക്കാം)
കുട്ടികളുടെ പ്രതികരണങ്ങള്‍
വിലയിരുത്തല്‍
കുട്ടികളുടെ പങ്കാളിത്തത്തോടെ വിലയിരുത്തല്‍ നടത്തുന്നു.
എനിക്ക് ഏതു ഭാഗമാണ് നന്നായി ചെയ്യാന്‍ കഴിഞ്ഞത്?
എവിടെയാണ് പ്രയാസം നേരിട്ടത്?
ഒരു തവണകൂടി ചെയ്താല്‍ കൂടുതല്‍ നന്നായി ചെയ്യാന്‍ കഴിയുമോ?
വിലയിരുത്തൽ
അഭിനയത്തിലെ എല്ലാവരുടെയും പങ്കാളിത്തം
സന്ദർഭം ഉൾക്കൊണ്ട് ശരീരഭാഷയിൽ വ്യത്യാസം വരുത്താനുള്ള കഴിവ്
കുട്ടികൾ നടത്തിയ വിലയിരുത്തലിന്റെ മികവ്
വായനപാഠം ( തുടര്‍ പ്രവര്‍ത്തനം)
ശബ്ദസന്ദേശമായി ഊ സ്വരത്തിന്റെ ചിഹ്നത്തിന് ഊന്നല്‍ നല്‍കുന്ന വായനപാഠത്തിന്റെ ഉള്ളടക്കം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിലിടുന്നു. രക്ഷിതാവിന്റെ സഹായത്തോടെ വായനപാഠം ഉണ്ടാക്കട്ടെ. ചിത്രം വരയ്കുകയോ ഒട്ടിക്കുകയോ ആകാം. രക്ഷിതാക്കള്‍ തയ്യാറാക്കിയ വായനപാഠം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടണം. അതിന് ശേഷമാണ് ടീച്ചര്‍ വേര്‍ഷന്‍ നല്‍കേണ്ടത്.
വരൂ വരൂ
കുട തരൂ
ആന വന്ന്
കുട ചൂടി
ഉ, ഊ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ വേര്‍തിരിച്ചറിയാന്‍ സഹായകമായ വായനപാഠം എത്രപേര്‍ക്ക് തനിയെ വായിക്കാനായി? ഹാജരാകാത്ത കുട്ടികളുടെ രക്ഷിതാക്കളും ഈ പ്രവര്‍ത്തനം ചെയ്യണം. അടുത്ത ദിവസം കുഞ്ഞെഴുത്ത് ക്ലാസില്‍ വെച്ച് പൂരിപ്പിക്കാന്‍ ഈ അനുഭവം പ്രയോജനപ്പെടുത്താം
പിരീഡ് നാല് |
പ്രവര്‍ത്തനം -: മഴവന്നു (എഴുത്ത്), ചിത്രരചന
പഠനലക്ഷ്യങ്ങള്‍:
1. അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന, ആലേഖന ക്രമം ) മലയാളം ലിപികൾ സഹായത്തോടെ എഴുതി വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുക.
2. അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുക.
3. തീമുമായി ബന്ധപ്പെട്ട് സ്വയം രൂപപ്പെടുത്തിയതോ നിര്‍ദേശിക്കുന്നതോ ആയ സന്ദര്‍ഭങ്ങള്‍ എന്നിവ സ്വതന്ത്രമായി ചിത്രീകരിക്കുന്നു.
4- സ്വയം വരച്ചതോ ലഭിച്ചതോ ആയ ചിത്രങ്ങൾക്ക് പ്രകൃതിയിൽ നിന്നും ലഭ്യമായതും അല്ലാത്തതുമായ വസ്തുക്കൾ ഉപയോഗിച്ച് നിറം നൽകുന്നു.
പ്രതീക്ഷിത സമയം: 40 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍- ക്രയോണ്‍സ്, പെന്‍സില്‍
പരിചയപ്പെടുത്തുന്ന അക്ഷരം- മ
പ്രക്രിയാവിശദാംശങ്ങള്‍
ഘട്ടം ഒന്ന് -10മിനിറ്റ്
നിറം നല്‍കാം
സചിത്രപ്രവര്‍ത്തനപുസ്തകത്തിലെ നിര്‍ദിഷ്ടപേജ് എടുക്കുന്നു. എന്തെല്ലാമാണ് ചിത്രത്തില്‍ കാണുന്നത്? മഴ പെയ്യുന്നുണ്ട്. എന്നാല്‍ മഴയ്ക് നിറം കൊടുക്കാം. മേഘത്തിനും നിറം കൊടുക്കണം. മഴപെയ്തപ്പോള്‍ സന്തോഷത്തോടെ ചെടി പാടിയ പാട്ട് എല്ലാവരും പാടുന്നു.
ഘട്ടം രണ്ട് --5 മിനിറ്റ്
വരയ്കാം
അതാ മഴ എന്നതിന്റെ അടുത്ത് വണ്ടിന്റെ ചിത്രം വരയ്ക്കണം.
ഘട്ടം മൂന്ന് --5 മിനിറ്റ്
പാടാം
മഴ വന്നു
മഴ വന്നു
ലലലാ ലലലാ
മഴ വന്നു
ഈ പാട്ടിലെ രണ്ടു വാക്കുകള്‍ മാത്രമേ പേജില്‍ ഉള്ളല്ലോ? ബാക്കി എഴുതണ്ടേ?
ഘട്ടം നാല് --10 മിനിറ്റ്
സംയുക്ത എഴുത്ത്
ആദ്യവരി എഴുതാം. എഴുതേണ്ട ആദ്യവാക്കേതാണ്? മഴ
മ എന്ന് ടീച്ചറെഴുതാം. ( എഴുതുന്നു)
ഴ എഴുതാനറിയാവുന്നവര്‍ വന്ന് മഴ എന്നാക്കൂ
അതിനു ശേഷം ടീച്ചര്‍ ഘടന പറഞ്ഞ് മഴ എന്ന വാക്കെഴുതണം. മ എവിടെ തുടങ്ങി എങ്ങനെ പുരോഗമിക്കുന്നുവെന്ന് കൃത്യതയില്ലാത്ത കുട്ടികളുണ്ട്. മ ബോര്‍ഡില്‍ കട്ടിയിലെഴുതി മേലെഴുത്തിനും ക്ഷണിക്കാം.
എല്ലാവരും സചിത്രപ്രവര്‍ത്തനപുസ്തകത്തില്‍ മഴ എന്ന് എഴുതിച്ചേര്‍ത്ത് വാക്യം പൂര്‍ണമാക്കുന്നു.
രണ്ടാമത്തെ വരിയും തനിയെ എഴുതുന്നു. മഴ വന്നു
അവര്‍ എഴുതിക്കഴിഞ്ഞാല്‍ ലലലാ എന്നതിന്റെ ബാക്കിയും തെളിവെടുത്ത് എഴുതട്ടെ. നാലാമത്തെ വരിയും മഴ വന്നു എന്നതാണ്. അതും തനിയെ അല്ലെങ്കില്‍ തെളിവെടുത്ത് എഴുതണം.
പിന്തുണബുക്ക്
പിന്തുണബുക്ക്
ഉപയോഗിക്കണം,
പിന്തുണനടത്തത്തിലൂടെ
വാക്കകലം മുതല്‍ അക്ഷരഘടന
വരെ മെച്ചപ്പെടുത്താന്‍
സഹായിക്കണം.
വന്നു
എന്ന് എഴുതിയതിലെ വ പ പോലെ
എഴുതിയിട്ടില്ലെന്നുറപ്പു
വരുത്തണം.
ഘട്ടം അഞ്ച്--10 മിനിറ്റ്
നിറം നല്‍കാം.
തോരാതെ മഴ പെയ്യുകയാണ്. ചെടിയുടെ ചുവട്ടിലുളള പുല്ലുകളെല്ലാം വെള്ളത്തില്‍ മുങ്ങി. വെള്ളം പൊങ്ങി. ചെടിയുടെ അടിയിലെ ഇലകള്‍ വെള്ളത്തിലായി
ചെടിക്കും വെള്ളത്തിനും നിറം നല്‍കുന്നു.
പരസ്പരം നിറം നല്‍കിയത് പരസ്പരം പ്രദര്‍ശിപ്പിച്ച് ആസ്വദിക്കുന്നു. വിലയിരുത്തുന്നു.
പ്രതീക്ഷിത ഉല്പന്നം
സചിത്രപ്രവര്‍ത്തന പുസ്തകത്തിലെ രേഖപ്പെടുത്തല്‍
വിലയിരുത്തല്‍
മ അക്ഷരഘടന പാലിച്ച് എത്രപേര്‍ക്ക് എഴുതാന്‍ സഹായം നല്‍കേണ്ടി വന്നു
ഴ, വ എന്നിവയ്ക് സഹായം വേണ്ടി വന്നോ?
ഇനിയും വാക്കകലം പാലിക്കാത്തവര്‍ ഉണ്ടോ?
സംയുക്ത എഴുത്തിന്റെ സാധ്യത എങ്ങനെ?
പിരീഡ് അഞ്ച് |
പ്രവര്‍ത്തനം 3- മഴ വന്നു ( വായന)
പഠനലക്ഷ്യങ്ങള്‍:
1. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുക
2. ശബ്ദഭംഗി ഉളവാക്കുന്ന അക്ഷരങ്ങളുടെയും പദങ്ങളുടെയും ആവർത്തനം കണ്ടെത്തുക
പ്രതീക്ഷിത സമയം: 30 മിനിറ്റ്
പ്രക്രിയാവിശദാംശങ്ങള്‍
ക്രമത്തില്‍ നോക്കിച്ചൊല്ലാം
രണ്ടുപേരുടെ ടീമായി ചൊല്ലുന്നു.
വാക്കുകണ്ടെത്തല്‍
മഴ എന്ന് എത്ര തവണ എഴുതിയിട്ടുണ്ട്?
പാട്ടില്‍ ഏതൊക്കെ വാക്കുകള്‍ ആവര്‍ത്തിച്ചപ്പോഴാണ് കേള്‍ക്കാന്‍ രസം തോന്നിയത്?
മുന്‍ പേജുകള്‍ വായിക്കാം
തുടക്കം മുതല്‍ ഈ പാഠവുമായി ബന്ധപ്പെട്ട് സചിത്രപ്രവര്‍ത്തന പുസ്തകത്തില്‍ എഴുതിയവ വായിക്കുന്നു. ഓരോ പേജ് ഓരോ ഗ്രൂപ്പിനു നല്‍കാം. അഞ്ച് ഗ്രൂപ്പുകള്‍ വേണ്ടിവരും
ചങ്ങല വായന രീതിയും പ്രയോജനപ്പെടുത്താം. ഒരാള്‍ ഒരു വാക്യം എന്ന രീതിയില്‍ തുടര്‍ച്ചയായി എല്ലാവരും വായിക്കുന്ന രീതി.
വായന വിലയിരുത്തുന്നു
സ്വതന്ത്രമായി വായിക്കാന്‍ കഴിഞ്ഞവര്‍
വായന പാഠം ( ആദ്യനാല് വരികള്‍ വായിക്കുക)




No comments:
Post a Comment