അധ്യാപികയുടെ ദിനാന്ത്യകുറിപ്പുകള്‍
ഇന്ന് എനിക്ക് ഏറെ സംതൃപ്തി . ഒരു ഉണര്‍വ് .പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടെന്ന തോന്നല്‍. കഥയുടെ ബാക്കി എന്താണ് സംഭവിച്ചത് എന്നു കുട്ടികള്‍ അവരവുടെ ബുക്കില്‍ എഴുതുകയായിരുന്നു
അവര്‍ എങ്ങനെ ചിന്തിക്കുന്നു എന്നറിയാന്‍ ഞാന്‍ ചുറ്റിനടന്നു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്
ചിലര്‍ നന്നായി എഴുതുന്നു. അതായത് ഭാഷയും ആശയവും ഉണ്ട്. നല്ല ഭാവനയുള്ളത് മനസ്സില്‍ കുറിച്ചു
ചിലര്‍ എഴുതുന്നതില്‍ ചില പിശകുകള്‍ എങ്കിലും ആശയം വ്യക്തം.
എന്നാല്‍ ആശയ പരിമിതി കാരണം രണ്ടു പേര്‍ ഒരു വരി മാത്രം എഴുതി .
'പട്ടം താഴെ വീണു' ,'പട്ടം കടലില്‍ വീണു '.ഇത്രയും മാത്രം.
ഞാന്‍ അവരോടു ചോദിച്ചു "അതിനു ശേഷം എന്ത് സംഭവിച്ചു കാണും .അച്ചു എവിടെയാണിപ്പോള്‍..?.ഇനിയും എന്തെങ്കിലും എഴുതാന്‍ ഉണ്ടെങ്കില്‍ അത് കൂടി എഴുതണേ .."
മൂന്നു പേര്‍ ഒന്നുമേ എഴുതുന്നില്ല. എന്ത് ചെയ്യും .? അവരോടു ഞാന്‍ ചോദിച്ചു ."ആലോചിചിരുന്നാല്‍ മതിയോ എഴുതണ്ടേ?
എന്താ ആലോചിച്ചത്, പട്ടത്തിനു എന്ത് പറ്റിക്കാണും? എന്നോട് പറഞ്ഞേ," അവര്‍ പറഞ്ഞു . അതൊന്നു എഴുതിനോക്കാം. അറിയാവുന്നത് പോലെ ..അവര്‍ക്ക് ആത്മവിശ്വാസമില്ല.
ഞാന്‍ അവര്‍ പറഞ്ഞത് അതെ ഭാഷയില്‍ അതേ ക്രമത്തില്‍ അവരുടെ ബുക്കില്‍ എഴുതി
"എന്താ എഴുതിയത് എന്ന് നമ്മള്‍ക്ക് വായിക്കാം."
അപ്പോഴും അവര്‍ എന്റെ കണ്ണില്‍ നോക്കി.
"മോന്‍ പറഞ്ഞത് തന്നെയാ എഴുതിയിരിക്കുന്നത് .ആദ്യം എന്തായിരുന്നു പറഞ്ഞത്.?"
"അത് തന്നെ അതേ പോലെ ഇതാ " ഞാന്‍ ചൂണ്ടിക്കാട്ടി.
അങ്ങനെ അവരുടെ കഥ ഞാന്‍ എഴുതി അവരെക്കൊണ്ടു തന്നെ വായിപ്പിച്ചു. ഒരാള്‍ക്ക് ചെയ്തു കൊടുത്തപ്പോള്‍ മറ്റുള്ളവര്‍ക്കും ഇങ്ങനെ ചെയ്യുന്നത് നന്നാവും എന്ന് തോന്നി. അവരെ വായന പഠിപ്പിക്കലാനല്ലോ ലക്‌ഷ്യം.
ചിലര്‍ എഴുതിയത് വായിക്കാന്‍ പ്രയാസം.അവരുടെ സമ്മതത്തോടെ അത് അവര്‍ ആലോചിച്ച മാതിരി എഴുതിക്കൊടുത്തു.എഴുതാനും വായിക്കാനും പിന്നില്‍ നില്‍ക്കുന്നവരെ സഹായിച്ചപ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചു മറ്റു കുട്ടികള്‍ എഴുത്ത് പൂര്ത്തിയാക്കിയിരിക്കുന്നു
ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു "എല്ലാവരും എഴുതിക്കഴിഞ്ഞാല്‍ കഥയിലെ സംഭവങ്ങളുടെ ചിത്രം കൂടി വരയ്ക്കൂ."
എല്ലാവരും പടം വരയ്ക്കാന്‍ തുടങ്ങി
എഴുതിയ കഥ പങ്കിടല്‍ അതിനു ഞാന്‍ ആലോചിച്ചത്
ഒന്നോ രണ്ടോ പേരെ കൊണ്ട് വായ്പ്പിക്കാം എന്നായിരുന്നു.
പിന്നീട് നാല് പേര്‍ എന്നു തീരുമാനിച്ചു
വ്യത്യസ്തമായ നാലെണ്ണം. ചുറ്റി നടന്നപ്പോള്‍ കണ്ടത് ഓര്‍ത്തു അവയില്‍ നിന്നും ..നാല് പേരെ വിളിച്ചു.എഴുതാന്‍ പിന്നിലായ ഒരു കുട്ടിക്കും ബോധപൂര്‍വ്വം അവസരം കൊടുത്തു
അവള്‍ ബുക്ക് നോക്കി വായിക്കുന്നത് പോലെ മനസ്സില്‍ നിന്നും പറഞ്ഞു.
എനിക്ക് സന്തോഷം.ഇങ്ങനെ ആണല്ലോ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയുക.
ശരി.നാല്പേര്‍ അവതരിപ്പിച്ചു .ഓരോന്നും ഓരോരോ കാര്യങ്ങില്‍ വ്യത്യസ്തം.
ഞാന്‍ അവയുടെ മേന്മകള്‍ പറഞ്ഞു.
കൊള്ളാം, നന്നായിരിക്കുന്നു,എല്ലാവരും കയ്യടിച്ചേ എന്നൊക്കെയുള്ള പതിവ് രീതി ഉപേക്ഷിച്ചു."രമ്യ എഴുതിയത് കണ്ടോ വള്ളക്കാര് തുഴഞ്ഞു ചെന്ന് പട്ടം എടുത്തതെന്ന്. നന്നായി കടലിനെ കുറിച്ച് ആലോചിച്ചപ്പോള്‍ വല്ലക്കാരെയും ഓര്‍ത്തല്ലോ."
"അച്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടി എന്നാ പ്രിയ എഴുതിയത്. പട്ടം തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷം .കൊള്ളാം പ്രിയേ "
(കുട്ടികള്‍ എഴുതിയ 2 കഥകള്‍ ഇതാ.നിങ്ങള്‍ എങ്ങനെ ആ രചനകളെ അംഗീകരിക്കും ആദരിക്കും.ഗുണാത്മക കുറിപ്പുകള്‍ തയ്യാറാക്കി പങ്കിടാമോ - ചൂണ്ടുവിരല്‍ .)
" മറ്റുള്ളവര്‍ എഴുതിയ കഥയും പങ്കിടണ്ടേ ?അതു ആദ്യം ഗ്രൂപ്പില്‍ "
നാല് പേര് വീതമുള്ള ഗ്രൂപ്പ് ആക്കി.
ഗ്രൂപ്പില്‍ എഴുതിയത് നോക്കി വായിക്കാന്‍ പറഞ്ഞെങ്കിലും കഥ പറച്ചില്‍ ആണ് നടന്നത്.
സാരമില്ല എല്ലാവരും പറഞ്ഞല്ലോ. അതു മതി
"നല്ല കഥയല്ലേ എല്ലാവരുടെതും നമ്മള്‍ക്ക് അതു ക്ലാസില്‍ സൂക്ഷിക്കണം.
ഓരോ ചാര്‍ട്ട് തരാം അതില്‍ എഴുതി തരാമോ."
ചാര്‍ട്ടും സ്കെച് പേനയും നല്‍കി.
അപ്പോള്‍ പുതിയ പ്രശ്നം
ഒരു പേന ഒരു ചാര്‍ട്ട് -നാല് കുട്ടികള്‍.ഞാന്‍ സൂക്ഷ്മമായി ആസൂത്രണം നടത്ത്താഞ്ഞതിന്റെ കുഴപ്പം.
എന്തെങ്കിലും ചെയ്തെ പറ്റൂ
വായനയുടെ അവസരം ആക്കി എടുക്കാം.ഒരാള്‍ എഴുതുമ്പോള്‍ മറ്റുള്ളവര്‍ അതു വായിച്ചു നോക്കണം.അതിനാല്‍ എഴുതുന്ന ആള്‍ ഓരോ വരിയായി എഴുതി നിറുത്തി മറ്റുള്ളവര്‍ വായിച്ചു ബോധ്യപ്പെട്ടതിനു ശേഷം എഴുത്ത് തുടരണം.
പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ സഹായത്തോടെ വായിക്കാന്‍ അവസരം
ഞാന്‍ ഗ്രൂപ്പില്‍ ഇടപെട്ടു .ചൂണ്ടി വായന പ്രോത്സാഹിപ്പിച്ചു.
"ചോപ്പ് സ്കെച്പെന്‍ തരുമോ ? "എന്‍റെ കയ്യില്‍ ഇരുന്ന പേന കണ്ട അശ്വിന്‍ ചോദിച്ചു
ഞാന്‍ അതു കൊടുത്തു
അപ്പോള്‍ ഒരു തിരിച്ചറിവ്
നാല് കളര്‍ ഓരോ ഗ്രൂപ്പിനും കൊടുക്കാമായിരുന്നു.
കറുപ്പ്,നീല, ചോപ്പ്,ബ്രൌണ്‍ ..വൈകിയിട്ടില്ല ഞാന്‍ ബോക്സില്‍ നിന്നും അതു എടുത്തു കൊടുത്തു
അപ്പോള്‍ മറ്റൊരു പ്രശനം.
അവര്‍ എഴുതുന്നത് ഒന്നിന് താഴെ ഒന്നെന്ന രീതിയില്‍ ..കുരിക്കി കുരുക്കി..ഒട്ടും ആകര്‍ഷകമല്ല. വലിയ ചാര്ടിന്റെ സാധ്യത ഉപയോഗിക്കുന്നില്ല.
ഞാന്‍ ആലോചിച്ചു കുട്ടികളുടെ പക്ഷത്ത് നിന്നും കാര്യങ്ങള്‍ മുന്‍കൂട്ടി കാണേണ്ടിയിരിക്കുന്നു
രണ്ട് പേരെ എഴുതിയിട്ടുള്ളൂ.ഞാന്‍ വേഗം ഗ്രൂപ്പുകളില്‍ ചെന്ന് അവരുടെ കഥ പട്ടം വരച്ചു അതിനുള്ളില്‍ ആക്കി .മറ്റുള്ളവര്‍ക്ക് എഴുതാന്‍ വേണ്ടി രണ്ട് മേഘം വരച്ചു കൊടുത്തു. ലെ ഔട്ട് പ്രധാനം .അതു കുട്ടികളുടെ ചാര്‍ട്ടിനെ ഭംഗിയുള്ളതാക്കും
ഇനി മേലില്‍ ഇവയൊക്കെ ഞാന്‍ ശ്രദ്ധിക്കും.അതാണ് തിരിച്ചറിവ്.
എഴുതാന്‍ പിന്നില്‍ നിന്ന കുട്ടികള്‍ ഞാന്‍ അവരുടെ ബുക്കില്‍ എഴുതിക്കൊടുത്തതു നോക്കി പടം വരക്കും പോലെ എഴുതി.അതു അവര്‍ വായിച്ചു കേട്ടു. താല്പര്യം ഉണ്ട്. അക്ഷരങ്ങള്‍ അവരുടെ മനസ്സില്‍ ലയിക്കുന്നുണ്ടാകും. ( ഒരേ പിന്നില്‍ നില്‍ക്കുന്നവര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും സമയം എഴുത്തും വായനയും.ഇതല്ലേ ശരിക്കും ഭിന്നതലപ്രവര്‍ത്തനം .? അല്ലാതെ എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളെ മാറ്റി ഇരുത്തി യാന്ത്രികമായി ....-പരിഹാര ബോധനം - പുതിയ പരിഹാര ബോധാനരീതിയാണ് വേണ്ടത് അതു കുട്ടികള്‍ക്കല്ല നമ്മള്‍ക്ക് .അടുത്ത ക്ലസ്ടരില്‍ ഞാന്‍ ഇക്കാര്യം ഉയര്‍ത്തും.)
കുട്ടികള്‍ എഴുതിയ ചാര്‍ട്ട് നല്ല രസം.
അവരോടു ഓരോ ഗ്രൂപ്പായി അവതരിപ്പിക്കാന്‍ പറഞ്ഞു.എല്ലാവരും കൂടി അടുത്ത് വന്നു കൂട്ടം കൂടി നില്‍ക്കുകയാണ്.
ആഹാ ,നന്നായിരിക്കുന്നു .പക്ഷെ പടം കൂടി ഉണ്ടായിരുന്നെങ്കില്‍...
ഒരു കാര്യം ചെയ്യാം നമ്മുക്ക് മറ്റുള്ളവരുടെ കഥയ്ക്ക് പടം വരച്ചു കൊടുക്കാം.
ചാര്‍ട്ടുകള്‍ വാങ്ങി വിതരണം ചെയ്തു.
പിന്നെ ഒരു കാര്യം ഒരാള്‍ ഉച്ചത്തില്‍ ചൂണ്ടി വായിക്കണം.എന്നിട്ട് എന്ത് പടമാ വരയ്ക്കേ ണ്ടതെന്നു കൂട്ടായി ആലോചിക്കണം.എന്നിട്ട് പടം വരയ്ക്കൂ.
മറ്റുള്ളവരുടെ എഴുത്ത് വായിക്കാന്‍ അവസരം. സ്വതന്ത്ര വായനയിലേക്ക് ഒരു പടവ് കൂടി.
ചില ഗ്രൂപ്പില്‍ എഴുത്തിലെ തെറ്റ് കണ്ടു പിടിച്ചു .അതു തിരുത്തണോ? ചിലര്‍ക്ക് മറ്റുള്ളവര്‍ എഴുതിയത് വായിക്കാന്‍ പ്രയാസം.സഹായിക്കണം ..പടം എവിടെ വരയ്ക്കണം ? അവിടുന്നും ഇവിടുന്നുമൊക്കെ വിളി വന്നു.
ഇഷ്ടമായി ആ പ്രവര്‍ത്തനം
പടം വരയ്ക്കാനായുള്ള കുഞ്ഞു വായന.
പടം വരച്ചപ്പോള്‍ കുട്ടിച്ചന്തം കൂടി.
(ചിലത് കൊളമായി എന്നു നിങ്ങള്‍ പറഞ്ഞേക്കാം. സാരമില്ല എന്‍റെ കുട്ടികള്‍ വായന നടത്തീട്ട് വരച്ചതല്ലേ)
കുട്ടികള്‍ കുട്ടികളുടെ വായനാ സാമഗ്രി ഉപയോഗിക്കുന്നു .ഈ അനുഭവം എസ് ആര്‍ ജിയില്‍ പറഞ്ഞാലോ.?
അവരുടെ ചാര്‍ട്ട് ഞാന്‍ വാങ്ങി ബോര്‍ഡില്‍ തൂക്കി
ഓരോ ഗ്രൂപ്പുകാരും വന്നു ചൂണ്ടി വായിച്ചു
ഞാന്‍ കഥകളും ചിത്രങ്ങളും വിശകലനം ചെയ്തു മേന്മകള്‍ പറഞ്ഞു പ്രോത്സാഹിപ്പിച്ചു.
നാളെ എന്തായിത്തീരും .എങ്കിലും പിന്നോട്ടില്ല. വായനയും കഥയും പരിപാടി കൊള്ളാം.
കുറെ വായനാ കാര്‍ഡുകള്‍ കൂടി ഉണ്ടാക്കണം.
------------------------------
മൂന്നാം മോഡ്യൂള്‍ വായിച്ചല്ലോ
- അധ്യാപിക നടത്തിയ പ്രക്രിയയില്‍ പിന്നോക്ക പരിഗണന എങ്ങനെ?
- എഴുത്തും വായനയും ഒത്തു കൊണ്ടുപോകാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ?
- കുട്ടികള്‍ കഥ പ്രവചിക്കും,അവരുടെ കഥ താല്പര്യത്തോടെ ഴുതും ..ഈ അവതരണം നിങ്ങള്ക്ക് ഈ സാധ്യത പ്രയിഗിക്കാന്‍ പ്രേരണ നല്‍കുന്നുണ്ടോ.
- ഈ ക്ലാസ് അനുഭവത്തെ കുറിച്ചുള്ള വിലയിരുത്തല്‍ ഇതില്‍ ഏതാണ്?
- ഇതൊന്നും നടക്കില്ല
- പിന്നില്‍ നില്‍ക്കുന്ന എല്ലാ കുട്ടികള്‍ക്കും എഴുതിക്കൊടുക്കല്‍ പ്രായോഗികമല്ല.
- .............................................................
- ...........................................................
- വായന പരിഗണിക്കുന്നതിനാല്‍ എഴുത്തിലെ തെറ്റുകള്‍ എഡിറ്റ് ചെയ്യാതെ വിടുകയാണ്. ഗ്രൂപ്പിലും മറ്റും നടത്തുന്ന "കൂട്ടായ്മാ എഴുത്ത്" നല്ല എഴുത്തനുഭവങ്ങള്‍ നല്‍കുമെന്ന കരുതലോടെ.. ഈ പ്രസ്താവനയോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു.
- എന്തെങ്കിലും നിര്‍ദേശം ?
അടുത്ത ക്ലസ്ടരില്‍ വരുമ്പോള്‍ /അടുത്ത ആഴ്ചയില്‍
ചെയ്തു നോക്കിയ അനുഭവത്തില്‍ നിന്നും എന്തെങ്കിലും തെളിവുകള്‍ പങ്കിടാമോ
4 comments:
രണ്ടാം ക്ലാസിലെ കുട്ടികളുടെ എഴുത്താണ് നല്‍കിയിരിക്കുന്നത്
സ്വതന്ത്ര രചന
ആ നില്യ്ക്കെ അതിനെ കാണാവൂ
തെളിവുകള്‍ - റാന്നി ബി ആര്‍ സിയിലെ ലേഖടീച്ചരോട് കടപ്പാട്.
ലേഖ ടീച്ചര്ക്ക് അഭിനന്ദനങ്ങള്‍ !
• ജൈവികമായ എഴുത്തും വായനയും ഉറപ്പു വരുത്തുന്ന ക്ലാസ്സ് റൂം പ്രക്രിയ (ചിത്രം വരയ്ക്കാന്‍ ഗ്രൂപ്പുകള്ക്ക്് മാറി നല്കി യതിലൂടെ ജൈവ വായനക്ക് ഒരവസരം കൂടി നല്കിവ )
• കുട്ടികളുടെ ചിന്ത,പ്രകൃതം എന്നിവ മാനിച്ചു കൊണ്ടുള്ള ഇടപെടല്‍ .
• ക്ലാസ്സിലെ വ്യത്യസ്ത തലത്തില്‍ നില്‍ക്കുന്ന കുട്ടികളെ പരിഗണി ച്ചുകൊണ്ട് മുഴുവന്‍ കുട്ടികളെയും വളര്ച്ച യിലേക്ക് നയിക്കാനുള്ള
സൂക്ഷമതല പ്രക്രിയയുടെ ആസൂത്രണം .
സ്വയം വിലയിരുത്തലും തത്സമയ മാറ്റങ്ങള്‍ വരുത്തലും ടീച്ചറുടെ ഗവേഷണ മനോഭാവത്തെ എടുത്തു കാണിക്കുന്നുണ്ട്.
പ്രണവിന്റെത കഥ നന്നായിട്ടുണ്ട്. പട്ടം തിരിച്ചുകിട്ടിയ അച്ചുവിന്റെ സന്തോഷം പ്രണവ് ഭാവനയില്‍ കാണുന്നുണ്ട്.പട്ടത്തിനോട് അച്ചു എന്താ പറഞ്ഞത്? ”ഇനി നിന്നെ എവിടെയും വിടില്ല.”പ്രണവിന്
പട്ടം തിരിച്ചു കിട്ടിയപ്പോ പറഞ്ഞതു പോലെ തോന്നുന്നു.അസ്സലായിട്ടുണ്ട് ആ ഡയലോഗ് .
ചൂണ്ടു വിരലിന്റെ പുതിയ സംരംഭം കൊള്ളാം .മൂന്നാം മൊഡ്യുള്‍
വായനക്കാരായ അധ്യാപര്ക്ക് സ്വന്തം പ്രക്രിയയെ വിശകലനം ചെയ്യാന്‍ പര്യാപ്തമാണ് .ചെയ്തു നോക്കാന്‍ പ്രചോദനം നല്കുന്നതും .
മിനി ടീച്ചര്‍ ഇങ്ങനെ മെയില്‍ അയച്ചു ...
സര്‍ ,
ആദ്യം തന്നെ നന്ദി പറയട്ടെ , എസ് എസ് എ യോട് വിട പറഞെന്ക്കിലും അതിന്റെ വെലോസിറ്റി നഷ്ട്ടപ്പെടുത്താതെ സമയാസമയങ്ങളില്‍ ഞങ്ങള്‍ക്കുവേണ്ട വെളിച്ചം പകരുന്നതില്‍ ഏറെ സന്തോഷം ,പ്രണവിന്റെ രചനയില്‍ പറയുമ്പോലെ അതിരുകളില്ലാത്ത സന്തോഷം .
സര്‍ പ്രണവ് എന്ന കുട്ടിയുടെ രചനയില്‍ ഞാന്കണ്ട മറ്റൊരുപ്രത്യേകത അവന്റെ മറ്റൊരു പ്രയോഗമാണ് ഇനി നിന്നെ ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല . സന്തോഷത്തിന്റെ എത്ര തീവ്രമായ പ്രയോഗം !വളരെ കുറച്ചു വാക്കുകളെങ്കിലും അവന്‍ അച്ചു എന്ന കഥാപാത്രവുമായി എത്രമാത്രം താതാല്മ്യം പ്രാപിച്ചിട്ടുണ്ട് എന്നതിന്റെ ശക്തമായ തെളിവുകളാനിവ. (ഇതിനു സഹായകമായത് തീര്‍ച്ചയായും ആഖ്യാനത്തിലെ എന്‍റെ പുന്നാരപട്ടമേ " അവന്‍ അതിനെ എടുത്തു നെഞ്ചോട് ചേര്‍ത്തു എന്നത് പോലുള്ള പ്രയോഗങ്ങളാണ് )
. ഹരികൃഷ്ണന്റെ അയ്യോ അയ്യോ രക്ഷിക്കണേ എന്നൊക്കെയുള്ള നേരനുഭവ പ്രതീതിയുണ്ടാക്കുന്ന രചനാശൈലിയും ലേ ഔട്ടും ഒക്കെ ശ്രദ്ധേയമാണ് .
പരമ്പരാഗതമായ അംഗീകാരം നല്‍കുന്ന രീതിയില്‍ നിന്നും വേറിട്ട പ്രിയയെ അനുമോദിച്ച ഈ രീതിയും നന്നായിട്ടുണ്ട് . ഇന്നെനിക്കു ലഭിച്ച ഒരു വെളിച്ചമാണ് അനുമോദനത്തിലൂടെ നല്‍കുന്ന ഈ പിന്തുണ രീതി ..
നന്ദി ,
ലേഖ ടീച്ച്ചെരിനും കുട്ടികള്‍ക്കും ആശംസകള്‍
മിനി മാത്യു ,ബി ആര്‍ സി പെരുമ്പാവൂര്‍
സര്‍,സായിപ്പിനെ കാണുംപോള്‍ കവാത്തു മറക്കുന്ന അവസ്ഥയാണു പലപ്പോഴും.ക്ലാസില്‍ ഓരോരോ പ്രശ്നങ്ങള്‍.പരിശീലനത്തില്‍ കിട്ടുന്ന കാര്യങ്ങള്‍ കുറച്ചേ പ്രായോഗികമാ ക്കാന്‍ കഴിയുന്നുള്ളു.
Post a Comment