ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, August 24, 2011

ഓണപ്പരീക്ഷ -മാധ്യമ ചര്‍ച്ച


ണപ്പരീക്ഷ സംബന്ധിച്ച് മാധ്യമങ്ങളില്‍ പല വാര്‍ത്തകളും വരികയുണ്ടായി. അക്കാദമിക ഉള്ളടക്കം കൂടുതലുള്ളവയില്‍ നിന്നും ഒന്ന് ചൂണ്ടുവിരല്‍ പ്രകാശിപ്പിക്കുകയാണ്
ദേശാഭിമാനിയില്‍ ശ്രീ എം  എ ബേബി( മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ) എഴുതിയ ലേഖനം വായിക്കുക. 

ഓണപ്പരീക്ഷ: പ്രചാരണത്തിലെ കാപട്യം തിരിച്ചറിയുക 


 24-Aug-2011

ണപ്പരീക്ഷ പുനഃസ്ഥാപിച്ചിരിക്കുന്നു. അങ്ങനെ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ രക്ഷിച്ചിരിക്കുന്നു-ഈ ദിശയില്‍ കുറച്ചുകാലമായി നടക്കുന്ന ചര്‍ച്ച വസ്തുതാപരമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. കേരളത്തില്‍ ഒരിക്കലും ഓണപ്പരീക്ഷ ഉണ്ടായിരുന്നില്ല. അക്കാദമിക വര്‍ഷത്തെ മൂന്നായി വിഭജിച്ച് ഒന്നാമത്തെ ടേമിന്റെ അവസാനം കാല്‍ക്കൊല്ല പരീക്ഷയും രണ്ടാം ടേമിന്റെ അവസാനം അരക്കൊല്ല പരീക്ഷയും വര്‍ഷാവസാനം വാര്‍ഷിക പരീക്ഷയുമാണ് നടന്നിരുന്നത്. ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ എന്നിങ്ങനെ പരാമര്‍ശങ്ങള്‍ ചിലര്‍ നടത്തിയിരുന്നു എന്നത് മറ്റൊരു കാര്യം. തുടര്‍മൂല്യനിര്‍ണയരീതി നിലവിലില്ലാതിരുന്ന കാലത്താണ് മൂന്ന് ടേം എന്ന സങ്കല്‍പ്പം നിലനിന്നത്. സാമ്പ്രദായിക മൂല്യനിര്‍ണയ രീതിയില്‍നിന്നുള്ള പരിവര്‍ത്തനം വര്‍ഷങ്ങള്‍ നീണ്ട അക്കാദമിക ചര്‍ച്ചകളിലൂടെ രൂപപ്പെട്ടതാണ്. ഇത്തരം അക്കാദമിക ചര്‍ച്ചകള്‍ സംസ്ഥാനം ഭരിക്കുന്നത് യുഡിഎഫ് ആണോ, എല്‍ഡിഎഫ് ആണോ എന്നതിന്റെ അടിസ്ഥാനത്തില്‍ നടന്നതല്ല. ഈ ചരിത്ര വസ്തുതകളെപ്പറ്റിയുള്ള അജ്ഞതയോ പൊതുവിദ്യാഭ്യാസ സംവിധാനത്തിലേക്ക് ശാസ്ത്രീയ ധാരണകള്‍ കടന്നുവരാതെ അതിനെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ഇടപെടലോ ആണ് ഇപ്പോള്‍ നടക്കുന്നത്.

ബോധനത്തിന്റെ കാര്യക്ഷമത പരിശോധിക്കാന്‍ പരീക്ഷകള്‍ അനിവാര്യമാണെന്ന് എല്ലാവരും അംഗീകരിക്കും. പക്ഷേ, അത് ഏത് തരത്തിലുള്ളതാകണം എന്നത് അക്കാദമികമായി തീരുമാനിക്കപ്പെടേണ്ടതാണ്. പരീക്ഷാപരിഷ്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് വിവിധ കമീഷനുകള്‍ സൂചിപ്പിച്ചത് പരിശോധിക്കേണ്ടതുണ്ട്. 1882 ലെ ഹണ്ടര്‍ കമീഷന്‍ , 1917-19 ലെ കല്‍ക്കത്ത യൂണിവേഴ്സിറ്റി കമീഷന്‍ അഥവാ സഡ്ലര്‍ കമീഷന്‍ , 1929 ലെ ഹര്‍ടോഗ് കമീഷന്‍ , 1944 ലെ സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് നിര്‍ദേശങ്ങള്‍ അഥവാ സാര്‍ജന്റ് പ്ലാന്‍ . 1952-53 ലെ മുതലിയാര്‍ കമീഷന്‍ തുടങ്ങി വിദ്യാഭ്യാസരംഗത്ത് നിയുക്തമായ എല്ലാ കമീഷനുകളും പരീക്ഷാപരിഷ്കരണത്തെപ്പറ്റി വിശദമായി ചര്‍ച്ചചെയ്യുകയും നിര്‍ദേശങ്ങള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ കമീഷനുകളെല്ലാം ഊന്നല്‍ കൊടുക്കുന്നത് ബാഹ്യപരീക്ഷകളുടെ പ്രാധാന്യം കുറയ്ക്കുകയും ആന്തരിക മൂല്യനിര്‍ണയത്തിന്റെ തോത് വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയ്ക്കാണ്. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോത്താരി കമീഷന്‍ റിപ്പോര്‍ട്ടില്‍ (1966) ഇപ്രകാരം പറയുന്നു: "സ്കൂളുകള്‍ നടത്തുന്ന ആന്തരിക മൂല്യനിര്‍ണയത്തിനും വിലയിരുത്തലിനും വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ ഇതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം. സമഗ്രമായ വിലയിരുത്തല്‍ ഇതുവഴി നടത്തണം; വിദ്യാര്‍ഥിയുടെ വളര്‍ച്ചയുടെ എല്ലാ വശങ്ങളും അതായത് വ്യക്തിപരമായ സവിശേഷതകളും താല്‍പ്പര്യങ്ങളും സമീപനങ്ങളും ബാഹ്യപരീക്ഷകളിലൂടെ വിലയിരുത്താന്‍ കഴിയില്ല. (9.84)" അതുപോലെ 1986 ലെ ദേശീയവിദ്യാഭ്യാസ നയത്തിലും അതിനെത്തുടര്‍ന്നുണ്ടാക്കിയ കര്‍മപരിപാടിയിലും പരീക്ഷാപരിഷ്കരണത്തെപ്പറ്റി കൃത്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഓര്‍മ പരിശോധിക്കുന്ന രീതിയിലുള്ള പരീക്ഷയില്‍ മാറ്റം ആവശ്യമാണെന്നും നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയരീതി നടപ്പാക്കണമെന്നും സെമസ്റ്റര്‍ സമ്പ്രദായം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും ബാഹ്യ പരീക്ഷയ്ക്കുള്ള ഊന്നല്‍ കുറയ്ക്കണമെന്നും ആന്തരിക മൂല്യനിര്‍ണയത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തണമെന്നും മൂല്യനിര്‍ണയത്തിന് വ്യത്യസ്തങ്ങളായ ഉപാധികള്‍ പ്രയോജനപ്പെടുത്തണമെന്നും ദേശീയ വിദ്യാഭ്യാസനയം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസനയം റിവ്യൂചെയ്യാന്‍ നിയുക്തമായ ആചാര്യ രാമമൂര്‍ത്തിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി ഇക്കാര്യത്തില്‍ മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ ഠീംമൃറെ മി ഋിഹശഴവലേിലറ മിറ ഔാമില ടീരശലേ്യ&ൃെൂൗീ; എന്ന റിപ്പോര്‍ട്ടിലൂടെ മുന്നോട്ടുവച്ചിട്ടുണ്ട്. 1990ല്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടില്‍ സ്കൂള്‍ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള നിര്‍ദേശങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു. സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കല്‍ തുടര്‍ച്ചയായ ആന്തരിക മൂല്യനിര്‍ണയം പാഠ്യപദ്ധതി അനുസരിച്ച് പഠിപ്പിക്കുന്നതിലും വിലയിരുത്തുന്നതിലും അധ്യാപകര്‍ക്ക് പ്രധാന പങ്കുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ക്രെഡിറ്റ് സമാഹരിക്കാന്‍ കഴിയണം. ഒരു സ്ഥാപനത്തില്‍നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോള്‍ ഗ്രേഡ് സംരക്ഷിക്കാന്‍ സംവിധാനം ഉണ്ടായിരിക്കണം. സ്കൂള്‍ പ്രവേശനം അയവുള്ളതാക്കുകയും സ്കൂള്‍ സംവിധാനമാകെ അനൗപചാരികമാക്കി മാറ്റുകയും ചെയ്യണം. 1993ല്‍ പ്രൊഫസര്‍ യശ്പാലിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച ഘലമൃിശിഴ ംശവേീൗേ യൗൃറലി എന്ന ചെറുതും അര്‍ഥവത്തുമായ റിപ്പോര്‍ട്ടില്‍ പരീക്ഷകളെക്കുറിച്ച് ഇപ്രകാരം പറയുന്നു: "പരീക്ഷാസമ്പ്രദായത്തിന്റെ പ്രധാനപ്പെട്ടതും നന്നായി മനസിലാക്കപ്പെട്ടതുമായ ന്യൂനത, വിവരങ്ങളുടെ പുനര്‍നിര്‍മാണത്തിനുള്ള വിദ്യാര്‍ഥിയുടെ കഴിവില്‍മാത്രമാണ് അത് ഊന്നുന്നത് എന്നതാണ്. അപരിചിതവും പുതിയതുമായ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനും ലളിതമായി ചിന്തിക്കാനുമുള്ള കഴിവ് പരീക്ഷാസമ്പ്രദായത്തില്‍ പരിശോധിക്കപ്പെടുന്നില്ല." "രാജ്യത്തിന്റെ പല ഭാഗങ്ങളിലെയും സ്കൂളുകള്‍ പ്രൈമറി തലത്തിന്റെ തുടക്കംമുതല്‍ നിരവധി ഔപചാരിക എഴുത്തുപരീക്ഷകള്‍ കടന്നുവേണം പത്താം ക്ലാസില്‍ എത്താനെന്ന ശക്തമായ ധാരണ പുലര്‍ത്തുന്നവയാണ്. പരീക്ഷകള്‍മാത്രമാണ് ഒരാളുടെ മികവിന് അടിസ്ഥാനമെന്ന സന്ദേശമാണ് ഇതിലൂടെ കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശിച്ച ഉടനെ ലഭിക്കുന്നത്

." നിര്‍ദേശമായി യശ്പാല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്, "പാഠ പുസ്തകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ അവസാനം നടത്തുന്ന പൊതുപരീക്ഷ പുതിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പുനരവലോകനംചെയ്യണം. പാഠഭാഗം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് പകരം ആശയാധിഷ്ഠിതമായ ചോദ്യാവലികള്‍ ഉള്‍പ്പെടുത്തണം. വെറുതെ മനഃപാഠം പഠിക്കുക എന്ന ശരിയല്ലാത്ത പ്രവണതയില്‍നിന്ന് കുട്ടികളെ രക്ഷിക്കാനും പഠനനിലവാരം ഉയര്‍ത്താനും പര്യാപ്തമായ ഏക പരിഷ്കാരം ഇതുമാത്രമാണ്." മൂല്യനിര്‍ണയത്തെ സംബന്ധിച്ച് ലോകമെമ്പാടും വളര്‍ന്നുവന്ന പുതിയ ചിന്താധാരയില്‍നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസ കാര്യത്തില്‍ എന്നും മുന്നില്‍ നടക്കുന്ന കേരളത്തില്‍തന്നെയാണ് ഈ മേഖലയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ദേശീയാടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ പേപ്പറില്‍നിന്ന് പുറത്തേക്ക് പോയില്ല. ആ ഘട്ടത്തിലാണ് 1997ല്‍ മൂല്യനിര്‍ണയരംഗത്ത് വലിയ പരിവര്‍ത്തനത്തിന് നാം തുടക്കം കുറിച്ചത്്. പ്രൊഫ. യശ്പാലും മറ്റ് വിദ്യാഭ്യാസ വിദഗ്ധരും മുന്നോട്ടുവച്ച എന്‍സിഇആര്‍ടിപോലുള്ള അക്കാദമിക സ്ഥാപനങ്ങള്‍ നടത്തണമെന്ന് ആഗ്രഹിച്ച പരിവര്‍ത്തനങ്ങളായിരുന്നു കേരളത്തില്‍ വരുത്തിയത്. ഡിപിഇപി പദ്ധതിയുടെ നടത്തിപ്പ് ഘട്ടത്തില്‍ പ്രസ്തുത സാധ്യത പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് നടപ്പാക്കിയ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയരീതിയും ഗ്രേഡിങ് സമ്പ്രദായവും ലോവര്‍ പ്രൈമറി ക്ലാസുകളില്‍ 1997ല്‍ തന്നെ ആരംഭിച്ചു. ഈ പ്രവര്‍ത്തനം പാഠ്യപദ്ധതിയുടെ മാറ്റത്തിനനുസരിച്ച് ഉയര്‍ന്ന ക്ലാസുകളിലേക്കും വ്യാപിപ്പിച്ചു. 2000ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും മൂല്യനിര്‍ണയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിരന്തരവും സമഗ്രവുമായ വിലയിരുത്തല്‍ നടപ്പാക്കണം, വൈജ്ഞാനിക മേഖലയിലേക്കും സഹവൈജ്ഞാനിക മേഖലയിലേക്കും മികവുകള്‍ പരിശോധിക്കണം, പോര്‍ട്ട് ഫോളിയോ നടപ്പാക്കണം, സെമസ്റ്റര്‍ സമ്പ്രദായം സെക്കന്‍ഡറി തലം മുതല്‍ നടപ്പാക്കണം-തുടങ്ങിയവയാണ് പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍ദേശിച്ച മാറ്റങ്ങള്‍ . കേരളത്തിലെ പാഠ്യപദ്ധതി പരിവര്‍ത്തനത്തിന്റെ അലയൊലികള്‍ ദേശീയതലത്തിലും ഉണ്ടായിവരുന്ന ഘട്ടത്തിലാണ് 2001ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ തികച്ചും രാഷ്ട്രീയ കാരണങ്ങളില്‍ അതുവരെ വികസിപ്പിച്ചുവന്ന പുതിയ പാഠ്യപദ്ധതി പിന്‍വലിക്കുകയും പഴയതിലേക്ക് തിരിച്ചുപോവുകയും ചെയ്തത്. എന്നാല്‍ , കക്ഷിരാഷ്ട്രീയ ഭേദമെന്യേ അക്കാദമിക സമൂഹത്തിന്റെ ഇടപെടല്‍ മൂലം യുഡിഎഫ് സര്‍ക്കാരിന് നയം തിരുത്തേണ്ടിവന്നു. അധികാരത്തിലേറിയ ഉടന്‍ പിന്‍വലിച്ച പാഠ്യപദ്ധതി 2002ല്‍ പുനഃസ്ഥാപിക്കേണ്ടിവന്നു.

1997 മുതല്‍ രൂപംകൊണ്ട് മുന്നോട്ടുപോകുകയായിരുന്ന പാഠ്യപദ്ധതിയുടെ ശാസ്ത്രീയ ചൈതന്യത്തിനു പരിക്കേല്‍പ്പിച്ചുകൊണ്ടാണ് വീണ്ടും പുനഃസ്ഥാപിച്ചത്. പാഠ്യപദ്ധതി മാറ്റത്തിനനുസരിച്ച് മൂല്യനിര്‍ണയത്തിലും പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എസ്എസ്എല്‍സി പരീക്ഷയ്ക്ക് പുതിയ സമ്പ്രദായവും മാര്‍ക്ക് റേഞ്ച് കം ഗ്രേഡിങ് രീതിയും 2005 മാര്‍ച്ച് മുതല്‍ ഏര്‍പ്പെടുത്തിക്കൊണ്ട് 2002 ആഗസ്ത് 31ന് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ തുടര്‍ച്ചയായി വിശദമായ മൂല്യനിര്‍ണയ സമീപനരേഖയുണ്ടാക്കി. ഈ കാലഘട്ടത്തില്‍ ദേശീയതലത്തില്‍ എന്‍സിഇആര്‍ടിയുടെ നേതൃത്വത്തില്‍ മൂല്യനിര്‍ണയ കാര്യത്തില്‍ ഉണ്ടായ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് 2004 ഫെബ്രുവരി 4ന് വിശദമായ ഉത്തരവ് സര്‍ക്കാര്‍ ഇറക്കുകയുണ്ടായി. യുഡിഎഫിലെ മുസ്ലിം ലീഗ് നേതാവ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടത്തിലുണ്ടായ പ്രസ്തുത ഉത്തരവിലെ ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ. മൂല്യനിര്‍ണയത്തില്‍ വരുത്തുന്ന മാറ്റം വഴി മാര്‍ക്ക് എന്ന ഒറ്റ അളവുകോലിന് പകരം കുട്ടിയുടെ ബഹുമുഖമായ കഴിവുകള്‍ വിലയിരുത്തപ്പെടുന്നു. വര്‍ഷാന്ത്യപരീക്ഷയിലൂടെ കുട്ടിയുടെ കഴിവ് വിലയിരുത്തുന്ന പഴയരീതിക്ക് പകരം അധ്യയനവര്‍ഷത്തില്‍ ഉടനീളം കഴിവുകള്‍ വിലയിരുത്തപ്പെടുന്നു. കുട്ടിയുടെ ഓര്‍മശക്തിമാത്രം വിലയിരുത്തുന്ന പഴയ സമ്പ്രദായത്തിനുപകരം സമഗ്രമായി നാനാതരം കഴിവുകള്‍ വിലയിരുത്തപ്പെടുന്നു. പരീക്ഷയോടുള്ള കുട്ടിയുടെ ഭയവും ആശങ്കയും ഒഴിവാക്കാന്‍ സാധിക്കുന്നു. അധ്യാപക സംഘടനകളുടെ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്ത് കൂടുതല്‍ വ്യക്തമായ ഉത്തരവ് 2004 ആഗസ്ത് 6ന് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.

പരിവര്‍ത്തനത്തിനെതിരായ ശക്തികള്‍ അവരുടേതായ എതിര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അവരുടെ ഇംഗിതത്തിന് വഴങ്ങിക്കൊണ്ട് അക്കാദമിക വര്‍ഷത്തിന്റെ മധ്യത്തില്‍ വച്ച് ഗ്രേഡിങ് സമ്പ്രദായം 2004-05 അക്കാദമികവര്‍ഷം നടപ്പാക്കേണ്ടതില്ല എന്ന് 2004 ആഗസ്ത് 31ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം ഭ്രാന്തമായ നടപടിക്കെതിരെ അക്കാദമിക സമൂഹവും പുരോഗമന അധ്യാപക പ്രസ്ഥാനങ്ങളും, രക്ഷാകര്‍ത്താക്കളും പൊതുസമൂഹവും ഒന്നിച്ചണിനിരന്നപ്പോള്‍ സര്‍ക്കാര്‍ തീരുമാനം വീണ്ടും മാറ്റി. ഗ്രേഡിങ് പുനഃസ്ഥാപിച്ചുകൊണ്ട് 2004 സെപ്തംബറില്‍ ഉത്തരവിറക്കി. ഇതിന്റെ തുടര്‍ച്ചയായി ഇറക്കിയ നിരന്തര മൂല്യനിര്‍ണയ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ പാദവാര്‍ഷിക പരീക്ഷകള്‍ എന്ന സങ്കല്‍പ്പം ഇല്ലായിരുന്നു എന്ന് വ്യക്തമാണ്. ജൂലൈയിലും നവംബറിലും ക്ലാസ് പരീക്ഷയാണ് നിര്‍ദേശിച്ചിട്ടുള്ളത്. വിദ്യാഭ്യാസരംഗത്ത് നടക്കുന്ന പുരോഗമനപരമായ നടപടികളെ യുഡിഎഫ് സര്‍ക്കാരുകള്‍ എങ്ങനെയാണ് സമീപിച്ചിരുന്നത് എന്ന് സൂചിപ്പിക്കാനാണ് ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചത്. (അവസാനിക്കുന്നില്ല)

11 comments:

കലാധരന്‍.ടി.പി. said...

ചോദ്യപ്പേപ്പര്‍ കോപ്പിയെടുക്കല്‍ വൈകി: ഓണപ്പരീക്ഷ ചിലയിടങ്ങളില്‍ വൈകി

24 Aug 2011

കോട്ടയം: ചോദ്യപേപ്പറിന്റെ കോപ്പിയെടുക്കാന്‍ കഴിയാത്തതിനാല്‍ ജില്ലയിലെ പല സ്‌കൂളുകളിലും ഓണപ്പരീക്ഷ നടത്തിപ്പ് വൈകി. ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയെ്തടുക്കുന്ന ചോദ്യപ്പേപ്പറിന്റെ കോപ്പിയാണ് പരീക്ഷയ്ക്കായി ഉപയോഗിക്കേണ്ടിയിരുന്നത്.
എന്നാല്‍, ചില സ്‌കൂളുകളില്‍ തിങ്കളാഴ്ച രാത്രി വൈകിയും ചോദ്യപ്പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത്, കോപ്പി എടുക്കല്‍ പൂര്‍ത്തിയായിരുന്നില്ല. ഇവിടങ്ങളില്‍ രാവിലെ ചോദ്യം ക്ലാസ്സില്‍ വിദ്യാര്‍ഥികളെക്കൊണ്ട് എഴുതിപ്പിച്ച ശേഷം പരീക്ഷ നടത്തുകയായിരുന്നു.

രാവിലെയും ഉച്ചകഴിഞ്ഞും രണ്ടു പീരിയഡുകളില്‍ ഒരു മണിക്കൂര്‍ 20 മിനിട്ടാണ് പരീക്ഷ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. മറ്റ് പീരിയഡുകളില്‍ ക്ലാസ്സുകളില്‍ പഠനവും നടത്തണം. എന്നാല്‍ ചോദ്യപ്പേപ്പര്‍ കോപ്പിയെടുക്കാന്‍ കഴിയാത്ത സ്‌കൂളുകളില്‍ പഠനത്തിനായി ഉപയോഗിക്കേണ്ട മണിക്കൂറുകളിലാണ് വിദ്യാര്‍ഥികളെക്കൊണ്ട് ചോദ്യപ്പേപ്പര്‍ എഴുതിപ്പിച്ചതെന്നും ആരോപണമുണ്ട്.

ഫോട്ടോസ്റ്റാറ്റ് കടകളില്‍ നിന്ന് കോപ്പിയെടുത്തതിനാല്‍ ചോദ്യപ്പേപ്പര്‍ചോര്‍ച്ച സാധ്യതയുണ്ടെന്നും ചില അധ്യാപകര്‍ വാദിക്കുന്നു. ഹെഡ്മാസ്റ്റര്‍മാരുടെ ചെലവില്‍ ചോദ്യപ്പേപ്പര്‍ കോപ്പിയെടുത്തു നല്‍കാനും ഈ തുക പിന്നീട് റീഫണ്ട് ചെയ്യുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
-മാതൃഭൂമി

കലാധരന്‍.ടി.പി. said...

ഓണപ്പരീക്ഷ സ്വാഗതാര്‍ഹം

24 Aug 2011


പെരുമ്പാവൂര്‍: സ്‌കൂളുകളില്‍ ഓണപ്പരീക്ഷ പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഉപജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകള്‍ക്ക് തുല്യമായ തരത്തില്‍ എസ്എസ്എയുടെ നല്ല വശങ്ങളും കോര്‍ത്തിണക്കി ഏകീകരിച്ച സിലബസ് കേരളത്തില്‍ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
-മാതൃഭൂമി

ഇ.എ.സജിം തട്ടത്തുമല said...

ഇവിടെ സർക്കാർ സ്കൂൾ അധികൃതർ ചോദ്യപേപ്പർ ദൌൺലോഡ് ചെയ്യാനുള്ള പാസ് വേർഡോ മറ്റ് നിർദ്ദേസങ്ങളോ നൽകിയില്ല. എയ്ഡഡ് സ്കൂളുൾ അധികൃതർ പാസ്സ് വേർഡും വേണ്ട നിർദ്ദേശങ്ങളും കുട്ടികൾക്ക് നൽകുകയും ചെയ്തുവെന്നത്രേ ഇന്റെനെറ്റ് കഫേക്കാരിൽ നിന്നും അറിയാൻ കഴിഞ്ഞത്. സർക്കാർ സ്കൂളിൽ ചേരുന്നവർ എല്ലാം കൊണ്ടും വിഢികളാണല്ലോ. ഈവൻ എയ്ഡഡ് സ്കൂളിലെങ്കിലും ചേരാനുള്ള ടെന്റൻസി ഉണ്ടാകുന്നത് ഇങ്ങനെയുമൊക്കെയാണ്. എന്തു പറയാൻ!

ഇ.എ.സജിം തട്ടത്തുമല said...

ഗ്രേഡിംഗും എല്ലവരെയും ഉദാരമായി ജയിപ്പിക്കലിനെയും എല്ലാം സർവ്വാത്മനാ അംഗീകരിക്കുകയും കുട്ടികളെ ഭ്രാന്തു പിടിപ്പിക്കുന്നതും പാഠ പുസ്തകവുമായി പുലബന്ധമില്ലാത്ത വളച്ചുകെട്ടിയ ചോദ്യമാതൃകകളോടുമൂള്ള എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. എല്ലാം കൊള്ളാം. പക്ഷെ പുസ്തകങ്ങളിൽ മാറ്റർ ഉണ്ടാകണം. കൂടുതൽ ചോദ്യങ്ങൾക്കും പാഠഭാഗങ്ങളുമായി നല്ല ബന്ധമുണ്ടാകണം. ഇപ്പോഴത്തെ കുട്ടികൾ നല്ല ഗ്രേഡ് വാങ്ങുന്നത് അദ്ധ്യാപകരുടെ മിടുക്ക് കൊണ്ടല്ല, വിദ്യാർത്ഥികളുടെ മിടുക്കുകൊണ്ടാണ് എന്ന് ചിലപ്പോഴെങ്കിലും പറയേണ്ടി വരും!

ഇപ്പോൾ ഓണ പരീക്ഷ നടത്തുന്നത് ആരോടുള്ള പക പോക്കലാണോ ആവോ!

കലാധരന്‍.ടി.പി. said...

ഓണപ്പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായി പരാതി

25 Aug 2011


ചാരുംമൂട്: ചാരുംമൂട്ടിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നത് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടയാക്കി. ചോദ്യ പേപ്പറുകള്‍ ചില സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതായും ആരോപണമുണ്ട്.

ബുധനാഴ്ചയാണ് ഓണപ്പരീക്ഷ തുടങ്ങിയത്. ഉച്ചയോടെയാണ് കഴിഞ്ഞദിവസം തന്നെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായി വിദ്യാര്‍ഥികള്‍ അറിയുന്നത്.

ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ചോദ്യങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുന്ന ചോദ്യങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഇത്തരത്തില്‍ സ്‌കൂളുകാര്‍ തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനക്കാര്‍ മുന്‍കൂട്ടി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നതായാണ് ആരോപണം ഉയര്‍ന്നത്. അഞ്ച് മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകളിലെ വിവിധ വിഷയങ്ങളുടെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്.

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തി.

വ്യാഴാഴ്ച മുതല്‍ നടക്കുന്ന പരീക്ഷകള്‍ക്ക് പുതിയ ചോദ്യപേപ്പര്‍ പരീക്ഷാ സമയത്ത് നല്‍കുമെന്നും, അടിയന്തര പി.ടി.എ.യോഗം ചേര്‍ന്ന ശേഷം സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

കലാധരന്‍.ടി.പി. said...

sajim
ഇപ്പോള്‍ പാഠം പഠിപ്പിക്കേണ്ട
കുട്ടികളെ പാസ് വേര്‍ഡ് പഠിപ്പിച്ചാല്‍ മതി
ഇന്നലെ മൂന്ന് നാല് രക്ഷിതാക്കള്‍ എന്നേ സമീപിച്ചു ചോദ്യം കിട്ടാന്‍ ഉള്ള വഴി പറഞ്ഞു കൊടുക്കുമോ എന്നു !

ഇപ്പോള്‍ രക്ഷിതാക്കള്‍ക്ക് തൃപ്തി.ചോദ്യം നേരത്തെ കിട്ടിയല്ലോ
അവര്‍ അത്രയേ പ്രതീക്ഷിക്കുന്നുള്ളൂ
സുതാര്യം
നിലവാരം ഉയര്‍ത്താന്‍ പര്യാപ്തം
പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തും
എല്ലാത്തിനും എല്ലാവര്‍ക്കും ന്യായീകരണം
പൊളിക്കുക പണിയുക പൊളിക്കുക പണിയുക ഇതാണോ വേണ്ടത്

കലാധരന്‍.ടി.പി. said...

facebook


Sudin wrote: "സംസ്ഥാന സിലബസിന്‍റെ കാര്യം അറിയില്ല ..പക്ഷെ സി ബി എസ് ഇ സിലബസ്‌ പിന്തുടരുന്ന കേന്ദ്രീയ പൊതു വിദ്യാലയങ്ങളുടെയും സ്ഥിതി ഇത് തന്നെയാണ്. പരീക്ഷ വേണ്ടെന്നു വയ്ക്കല്‍, പഠിപ്പിക്കാതിരിക്കാനുള്ള ലൈസന്‍സാവുന്നു. പഠനവും പ്രവര്‍ത്തനവുമൊക്കെ ശരി ..ഗൈഡ് വാങ്ങി വച്ച് പഠിപ്പിക്കേണ്ട ഗതികേടിലാവുന്ന രക്ഷ കര്‍ത്താക്കള്‍ പ്രതികരിച്ചു പോവും സാര്‍ ..പരീക്ഷ ആവശ്യമാണെന്ന് മാത്രമല്ല ..ഓരോ പരീക്ഷയ്ക്കും ശേഷം അധ്യാപക -രക്ഷ കര്‍ത്താ സംവാദവും സാധ്യമാവണം. പഠന പ്രവര്‍ത്തനങ്ങള്‍ എന്ന് പറയുന്നത് അദ്ധ്യാപകന്‍ വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ രക്ഷ കര്‍ത്താക്കള്‍ ഉറക്കമിളച്ചു ചെയ്തു കൊടുക്കേണ്ട ഒന്നാണോ? പിന്നെ പല പ്രോജെക്ട്കളും ഇപ്പോള്‍ ബുക്ക്‌ ഷോപ്പില്‍ വാങ്ങാന്‍ കിട്ടുമെന്നുള്ളത് ഒരാശ്വാസം തന്നെ."

ഇ.എ.സജിം തട്ടത്തുമല said...

ഹഹഹ! ചോദ്യപേപ്പർ ചോർന്നെന്നു പറഞ്ഞ് പ്രശ്നമായെന്നോ? ഇവിടെയൊന്നും ഇതൊരു സംഭവമേ ആയില്ല.എല്ലാവർക്കും കഫേകളിൽ വന്ന് യഥേഷ്ടം ചോദ്യങ്ങൾ എടുത്തു പോകാമായിരുന്നു. പാരലൽ കോളേജുകളെ കുറ്റം പറയുന്നതെന്തിന്? സ്കൂളിലെ അദ്ധ്യാപകർ പാസ്സ് വേർഡ് പറഞ്ഞു കൊടുത്തിട്ടല്ലേ? അപ്പോൾ അവ എടുത്തു കൊടുക്കാൻ സഹായിക്കാത്തവർ വിഢികളാകും. ഞാൻ പറഞ്ഞില്ലേ? ഇവിടെ എന്റെ സ്ഥലത്തെ സർക്കാർ സ്കൂളിൽ പാസ്സ്വേർഡ് നൽകിയില്ല. കുറച്ചപ്പുറത്തുള്ള ഒരു എയ്ഡഡ് സ്കൂളിലെ കുട്ടികൾ പാസ്സ് വേർഡ് കൊണ്ടുവന്ന് ഇവിടുത്തെ പിള്ളേർക്കും കൂടി കൊടുത്തു. അല്ലപിന്നെ!

കലാധരന്‍.ടി.പി. said...

SAJIM,SUDIN
ഓണപ്പരീക്ഷ കൊണ്ടുവായോ കൊണ്ടുവായോ എന്നു അലമുറയിട്ടു കരഞ്ഞ സംഘടനകള്‍ ഉണ്ട്. അവരുടെ സ്ഥിതി പരിതാപകരം . ഓണം കഴിഞ്ഞും ഓണപ്പരീക്ഷ കേരളത്തില്‍ നടത്തിയിട്ടുണ്ട്. അതു പോലും സമ്മതിച്ചില്ല.
ഒടുവില്‍ ഉദ്യോഗസ്ഥര്‍ക്ക് കുറ്റം.
ഇന്ന് പത്രത്തില്‍ വായിച്ച പ്രസ്താവന ഇങ്ങനെ.-
"ഓണപ്പരീക്ഷ താറുമാറാക്കുന്നവര്‍ക്കെതിരെ നടപടി വേണം -കെ.പി.എസ്.ടി.യു.

കാഞ്ഞങ്ങാട്: ഓണപ്പരീക്ഷയെ താറുമാറാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കേരള പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു."
ആരാ ഉദ്യോഗസ്ഥര്‍?. പാവം അധ്യാപകര്‍ തന്നെ ?!
.അത് തെളിച്ചു പറയാന്‍ മടി .
താറുമാറായെന്ന് സമ്മതിച്ചല്ലോ .
പക്ഷെ
പാസ് മാര്‍ക്കിനു പാസ് വേഡ് കുട്ടികള്‍ക്ക് കൊടുത്ത അധ്യാപകര്‍ ഗുരുക്കന്മാരല്ല
അതിനു സാഹചര്യം നല്‍കിയവരും

ഇ.എ.സജിം തട്ടത്തുമല said...

എന്നോടിപ്പോൾ ഒരു കുട്ടി വിളിച്ച് പരാതി പറഞ്ഞതേ ഉള്ളൂ. അവൾക്ക് പാസ്സ്വേർഡ് കിട്ടിയില്ല. തൊട്ടടുത്ത വീട്ടിലെ കുട്ടിയ്ക്ക് അത് കിട്ടിയത്രേ! രണ്ടും രണ്ട് സ്കൂളാ! വീട്ടിൽ കമ്പ്യൂട്ടറും നെറ്റും ഉള്ള കുട്ടികൾക്കീ പരീക്ഷയിൽ ഫുൾ മാർക്കായിരിക്കും.മറ്റു കുട്ടികൾ എത്ര പഠന മികവുള്ളവരാണെങ്കിലും ഓട്ടിയാകും!ബലേ ഭേഷ്, ബലേഭേഷ്!

എനിക്ക് വേണമെങ്കിൽ ഈ പാസ്സ് വേർഡ് കിട്ടും. പക്ഷെ ഞാൻ അത് വേണ്ടെന്നു വച്ചു. കാരണം മറ്റൊന്നുമല്ല; സ്കൂൾ അദ്ധ്യാപകരുടെമുന്നിൽ ചെന്ന് തല ചൊറിയണ്ടാന്നുവച്ചു.ഭയങ്കര ഇടപാടല്ലേ കൈയിൽ കിട്ടിയിരിക്കുന്നത്. വലിയ ഗമയിലാണവരിപ്പോൾ. പ്രത്യേകിച്ചും പ്രൈവറ്റ് സ്കൂളുകാർ! സർക്കാർ സ്കൂളുകളിലും ചിലയിടത്ത് പാസ്സ് വേർഡും ചോദ്യപേപ്പറും രഹസ്യമായി നൽയതായാണറിവ്.സത്യസന്ധരായ നേരേ വാ നേരേ പോ എന്ന് ചിന്തിക്കുന്ന അദ്ധ്യാപകരുള്ള സ്കൂളുകളിലെ കുട്ടികൾ വിഢികളായി!അവർ ക്വസ്റ്റ്യൻ ചോർത്താൻ കൂട്ടുനിൽക്കില്ലല്ലോ!എന്തായാലും ബലേ ഭേഷ്! ബലേ ഭേഷ്!

കലാധരന്‍.ടി.പി. said...

facebook

Sobha Kumary wrote: "കമ്പ്യൂട്ടര്‍ അറിയാത്ത പ്രധാന അധ്യാപകര്‍ ചോദ്യപെപ്പേര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ആശ്രയിച്ചത് കമ്പ്യൂട്ടര്‍ സെന്റര് കളെ യാണ് . അങ്ങനെ കമ്പ്യൂട്ടര്‍ സെന്റെര്കള്‍ക്ക് paassword കിട്ടി. പിന്നെ എല്ലാം എളുപ്പം . തൃശ്ശൂരില്‍ എല്ലാ സ്കൂളുകളുടെയും പരിസരങ്ങളില്‍ മാടക്കടകളില്‍ ചോദ്യ ബാങ്ക് വില്പനയ്ക്ക്. എന്തിനാ ഈ പരീക്ഷ പ്രഹസനം ഇപ്പോള്‍ രക്ഷിതാക്കള്‍ക്ക് തൃപ്തിയായി എന്നാണോ? ഇത് സ്കൂളിലാണ് പരീക്ഷയില്ലെന്നു കരുതി പടിപ്പിക്കതിരുന്നത്?