ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, April 29, 2020

കൊവിഡ് കാലത്തെ ട്രൈ ഔട്ടുകള്‍- ചെറിയാക്കര സ്കൂളില്‍

പത്രവാര്‍ത്തഇങ്ങനെ
"ജി എൽ പി എസ് ചെറിയാക്കരയുടെ  ഓൺലൈൻ പഠന പരിപാടിയിലെ മീറ്റ് ദ ഗ്രേറ്റ്സ് പ്രോഗ്രാം ശ്രദ്ധ നേടുന്നു. ഒരു വിശിഷ്ട വ്യക്തി കുട്ടികളുമായി സംവദിക്കാൻ നിത്യേ നെ സ്കൂൾ ഓൺ ലൈൻ ലേണിങ്ങ് ഗ്രൂപ്പിൽ എത്തുന്നുണ്ട് എന്നതാണ് സവിശേഷത. പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട് ഒരാഴ്ചയായി. വിശിഷ്ട വ്യക്തികൾ മുൻ കൂട്ടി തയ്യാറാക്കുന്ന പoന വീഡിയോ വഴിയും ഓൺലൈനിൽ സംവദിച്ചുമാണ് ക്ലാസുകൾ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം പരിപാടിയിൽ കുട്ടികൾക്ക് മുന്നിൽ
എത്തിയത് സമഗ്രശിക്ഷ അഭിയാന്റെ മുൻ സംസ്ഥാന കൺസൾട്ടന്റും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ടി.പി കലാധരൻ ആയിരുന്നു. അദ്ദേഹം കുട്ടികൾക്കായി ആയി മനോഹരമായൊരു ഭാഷാ ക്ലാസ് കൈകാര്യം ചെയ്തു. ക്ലാസിന് ഒടുവിൽ മുഴുവൻ കുട്ടികളും അദ്ദേഹം നിർദ്ദേശിച്ച  പ്രവർത്തനം ഏറ്റെടുക്കുകയും അദ്ദേഹം നിർദ്ദേശിച്ച രചനകൾ പൂർത്തിയാക്കി അടുത്ത ദിവസം അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. ക്ലാസിൽ നിന്നുള്ള കുട്ടികളുടെ ഉല്പന്നങ്ങൾ ശേഖരിച്ച് വിദ്യാലയം പൊന്നിതൾ തുമ്പിലെ മഞ്ഞു തുള്ളി എന്ന ഡിജിറ്റൽ പുസ്തകവും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസിന് തൊട്ടടുത്ത ദിവസം ഡോ.ടി.പി കലാധരൻ തന്നെ കുട്ടികൾക്ക് വ്യക്തിഗതമായി ഭാഷാ പഠനത്തിലെ ഫീഡ്ബാക്കും നൽകിയിട്ടുണ്ട്. ഓരോ ദിവസവും പല മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളാണ്  ഗ്രൂപ്പിൽ എത്തുന്നത്. ഇതിനകം  ഉദയൻ കുണ്ടംകുഴി ,വിനയൻ പിലിക്കോട്, അനിൽകുമാർ ഇടയിലക്കാട്, പ്രമോദ് അടുത്തില, സുഭാഷ് അറുകര  എന്നിവരൊക്കെ  കുട്ടികൾക്ക് മുന്നിൽ എത്തിക്കഴിഞ്ഞു. അടുത്ത ദിവസത്തെ അതിഥി നിലമ്പൂർ സ്വദേശി ടോമി ഇ.വി യാ ണ്.ശാസ്ത്ര പരീക്ഷണ സെഷനാണ് അദ്ദേഹം കൈകാര്യം ചെയ്യുക.സംസ്ഥാനത്തെ അമ്പതോളം വിശിഷ്ട വ്യക്തിത്വങ്ങളെ  മീറ്റ് ദ ഗ്രേറ്റ് പരിപാടിയിൽ കുട്ടികൾക്ക് മുന്നിൽ എത്തിക്കുക എന്നതാണ്  വിദ്യാലയം ലക്ഷ്യമിടുന്നതെന്ന് പ്രധാന അധ്യാപിക വി.എം പുഷ്പവല്ലി പറഞ്ഞു "
ഓണ്‍ലൈന്‍ പഠനവിഭവങ്ങള്‍
എന്റെ മലയാളം നല്ല മലയാളം പരിപാടി ചെയ്യുന്നതിനിടയിലാണ് കുറേ പഠനവിഭവങ്ങള്‍ തയ്യാറാക്കണമെന്ന ആവശ്യം എനിക്ക് ഉണ്ടായത്. യുറീക്കപ്പാട്ടുകളില്‍ വിശ്വനെഴുതിയ കുഞ്ഞു കുഞ്ഞിപ്പൂവ് എന്ന കുട്ടിക്കവിത കുഞ്ഞുമലയാളം പരിപാടിയിലെ കുട്ടികള്‍ക്കുമായി നല്‍കി. പി ഡി എഫ് ഫയലാണ് നല്‍കിയത്. അതിന് മികച്ച പ്രതികരണം ഉണ്ടായി. നൗഫല്‍ കുറെ ഉല്പന്നങ്ങള്‍ അയച്ചു തന്നു. അപ്പോഴാണ് അത് ചൊല്ലി അവതരിപ്പിച്ചു നല്‍കിയാലോ എന്ന് ആലോചിച്ചത്. കവിത ഇതാ. നിങ്ങളും ചൊല്ലി നോക്കൂ.
മഞ്ഞ മഞ്ഞപ്പൂവ്
കുഞ്ഞു കുഞ്ഞുപൂവ്
മഞ്ഞുകാലം വന്നു
കുഞ്ഞിതള്‍ വിടര്‍ന്നു

മഞ്ഞലയില്‍
പൊന്‍ വെയിലില്‍
കുഞ്ഞുപൂവു നിന്നു

പൊന്നിതളിന്‍ തുമ്പിലൊരു
മഞ്ഞുതുളളി മിന്നി
മെല്ലെ മെല്ലെ ഇളകിടുമ്പോള്‍
എന്തൊരിന്ദ്രജാലം!

കുഞ്ഞുറുമ്പൊരരിമണിയും
കൊണ്ടതുവഴി വന്നു
കുഞ്ഞുപൂവിനരികിലെത്തി
തെല്ലു നേരം നിന്നു


മെല്ലെയൊരു തെന്നല്‍ വീശി
കുഞ്ഞു പൂവുലഞ്ഞ
മണ്ണിലൊരു ചെറുനനവായ്
മഞ്ഞു തുളളി മാഞ്ഞു

എങ്ങുപോയി വര്‍ണഭംഗി?
എങ്ങുപോയി വര്‍ണഭംഗി?
കുഞ്ഞുറുമ്പു തേങ്ങി
കുഞ്ഞുറുമ്പു തേങ്ങി

അങ്ങനെ വീഡിയോപാഠം തയ്യാറായി. ഒരു കവിത എങ്ങനെ തുടര്‍പ്രവര്‍ത്തനസഹിതം നല്‍കാനാകും എന്നതിനുളള അന്വേഷണം. വീട്ടിലിരിക്കുന്ന കുട്ടികളാണ് ലക്ഷ്യഗ്രൂപ്പ്. പല വിദ്യാലയങ്ങളിലെയും അധ്യാപകര്‍ ഇത് ഏറ്റെടുക്കുകയും കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തുു. ( ഇതെ പ്രവര്‍ത്തനം നാലാം ക്ലാസിലെ അധ്യാപകരെ വെച്ച് ചെയ്തതിന്റെ ഫലം കുറേ വര്‍ഷങ്ങള്‍ക്കമുമ്പ് പങ്കിട്ടിരുന്നു) ഇപ്പോള്‍ ഓണ്‍ലൈന്‍ രീതിയില്‍ വീടുകളിലെത്തിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ കണ്ട് പ്രതികരിക്കലാണ്.
കാസറകോഡ് ചെറിയാക്കര സ്കൂളില്‍ എല്ലാ കുട്ടികള്‍ക്കും മഹേഷ് അയച്ചുകൊടുത്തു
കുട്ടികള്‍ ആവേശത്തോടെ സ്വീകരിച്ചു
ഒന്നാം ക്ലാസിലെ കുട്ടികളുടെ ഉല്പന്നങ്ങളാണ് ഇവിടെ പങ്കിടുന്നത്
ഇതില്‍ ഓരോ കുട്ടിയും അവരുടെതായ രീതിയിലാണ് പ്രതികരിച്ചത്. (രക്ഷിതാക്കളുടെ സഹായം ചെറിയതോതില്‍ ലഭിച്ചവരുണ്ടാകാം)
കവിതയെ ചിത്രീകരിക്കാമോ ചിത്രമാക്കാമോ എന്നു മാത്രമാണ് ചോദിച്ചത്
എത്ര വൈവിധ്യമാണ് എഴുത്തില്‍ എന്നു നോക്കൂ.
ഒരു കവിതയെ മറ്റൊരു സര്‍ഗാത്മക ആവിഷ്കാരത്തിലൂടെ ധന്യമാക്കുന്ന ഇത്തരം പ്രക്രിയകളല്ലേ ക്ലാസുകളില്‍ നടക്കേണ്ടത്. കുട്ടികള്‍ നിര്‍മിച്ചവ എല്‍ സി ഡി പ്രൊജക്ടറില്‍ പ്രദര്‍ശിപ്പിച്ച് വായനാപാഠങ്ങളാക്കാം.
മറ്റ് ഒട്ടേറെ വിദ്യാലയങ്ങളില്‍ നിന്നും എനിക്ക് പ്രതികരണങ്ങള്‍ കിട്ടിക്കൊണ്ടേയിരിക്കുന്നു. മാവേലിക്കര ഉപജില്ലയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും ബി പി ഒ ഇത് അയച്ചുകൊടുത്തുവെന്നറിയിച്ചു. അവിടെ അധ്യാപകരും ഒരു കൈ നോക്കാന്‍ തീരുമാനിച്ചു. ടീച്ചര്‍വേര്‍ഷനും കിട്ടി.
ചെറിയാക്കരയിലെ കുട്ടികള്‍ അയച്ചു തന്ന രചനകള്‍ ഞാന്‍ ശ്രദ്ധാപൂര്‍വം വായിക്കുകയും ഓഡിയോ ഫീഡ്ബാക്ക് നല്‍കുകയും ചെയ്തു. അത് ഓരോ ഉല്പന്നവുമായും ചേര്‍ത്തുവെച്ച് വീഡിയോഫോര്‍മാറ്റിലാക്കി മഹേഷ് എല്ലാ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും നല്‍കി.
അവര്‍ക്ക് അത് ഇഷ്ടപ്പെട്ടു. മഹേഷിനും. മറ്റ് അധ്യാപകക്കൂട്ടായ്മകളിലും ഈ ഫീഡ് ബാക്ക് വീഡിയോ നല്‍കി. എല്ലാ കുട്ടികളുടെയും ഒരേ പ്രവര്‍ത്തനത്തിലുളള ഉല്പന്നങ്ങള്‍ എല്ലാ രക്ഷിതാക്കള്‍ക്കും കാണാനവസരം കിട്ടുന്ന ഈ സാധ്യത പ്രയോജനപ്പെടുത്തുമെന്നാണ് പ്രതികരണം. പക്ഷേ ക്ലാസിന്റെ നിലവാരം അതനുസരിച്ച് ഉയര്‍ന്നില്ലെങ്കില്‍ അധ്യാപകര്‍ക്ക് പ്രയാസമായിരിക്കും. ആ വെല്ലുവിളി ഏറ്റെടുക്കുന്ന അധ്യാപകര്‍ക്കാകട്ടെ ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ ഫീഡ് ബാക്ക് സഹിതം സൂക്ഷിക്കാനുമാകും. കുട്ടിയെ കേന്ദ്രീകരിച്ചും പ്രവര്‍ത്തനത്തെ കേന്ദ്രീകരിച്ചും പോര്‍ട്ട് ഫോളിയോ ആകാം.
ഓണ്‍ലൈന്‍ ട്രൈ ഔട്ട് എന്ന നിലയില്‍ നല്‍കിയ മറ്റ് പഠനവിഭവങ്ങളെക്കുറിച്ച് അടുത്ത പോസ്റ്റുകളില്‍ പങ്കിടാം.
ചെറിയാക്കരയിലെഒന്നാം ക്ലാസിലെ കുട്ടികളുടെ ഉല്പന്നങ്ങള്‍ ആസ്വദിക്കൂ. വിലയിരുത്തൂ. ( മറ്റു ക്ലാസുകളിലെ ചലതും നല്‍കിയിട്ടുണ്ട്)
 












 
 



ഇനി ആലപ്പുഴയിലെ അധ്യാപകന്റെ രചന


4 comments:

jayasree.k said...
This comment has been removed by the author.
jayasree.k said...

കോവിഡ് കാലത്ത് "കുഞ്ഞ് കുഞ്ഞിപ്പൂവ്" എന്ന വീഡിയോ പാഠത്തിന്റെ ട്രൈ ഔട്ട് അനുഭവങ്ങൾ പറയുന്ന ഈ പോസ്റ്റിൽ മുൻ അനുഭവങ്ങൾ , നിരീക്ഷണങ്ങൾ എന്നിവ ചേർത്ത് പറയട്ടെ.

"ഉറവകൾ തേടി" എന്ന ഗവേഷണ കൂട്ടായ്മയിൽ വിദൂര മാധ്യമ പിന്തുണ എന്ന ആശയത്തിന്റെ പരീക്ഷണാർഥം പല പാഠങ്ങൾ ഒറ്റയ്ക്കും കൂട്ടായും ഞങ്ങൾ കൈ മാറി ഉപയോഗിച്ച് വന്നപ്പോൾ കലാധരൻ മാഷ് പി ഡി എഫ് ആയി അയച്ചു തന്ന പാഠങ്ങളിൽ ഈ ഒരെണ്ണം 2014 ൽ ട്രൈ ഔട്ട് ചെയ്ത് തെളിവുകൾ സഹിതം ചൂണ്ടുവിരൽ പങ്ക് ഇട്ടിരുന്നു. ഇപ്പൊൾ ഓൺലൈൻ പാഠം ആയി അത് മാറ്റുമ്പോൾ കലാധരൻ മാഷുടെ കവിതാലാപനം അനിവാര്യമാണ്. ഫലപ്രദമാണ്. ആ വീഡിയോ കുറച്ചു കൂടി സ്വയം സംപൂർണ്ണമാവും വിധം എഡിറ്റ് ചെയ്താൽ ഇടനിലയായി നിൽക്കുന്ന ടീച്ചർ/ രക്ഷിതാവിന്റെ സാന്നിധ്യം കുറച്ചു കൂടി കുറയ്ക്കാനും വീഡിയോയിലൂടെ തന്നെ എന്താണ് ചെയ്യേണ്ടത് എന്ന് കുട്ടികൾക്ക് മനസിലാവും വിധം
വിനിമയം ചെയ്യാനും കഴിയും എന്ന് ഒരു നിർദ്ദേശം ഉണ്ട്. ഈ ഒരു പാഠം ഒന്ന് മുതൽ നാല് വരെ ക്ളാസുകളിൽ ഉപയോഗിക്കുന്നത് ഫലപ്രദമാണ് എന്ന് പണ്ടും ഇപ്പോഴും തെളിയിക്കപ്പെട്ടിരിക്കുന്നു.


.ഒന്ന് - രണ്ട് ക്ലാസ്സുകളിലെ കുട്ടികളെ ഒരു യൂണിറ്റ് ആയും മൂന്ന്, നാല്, അഞ്ച് ക്ളാസുകളെ മറ്റൊരു യൂണിറ്റായും കണ്ട് കൊണ്ട് കഥാരചനയ്ക്ക് നൽകുന്ന നിർദേശങ്ങൾ വ്യത്യാസപ്പെടുത്തുന്നതും ആലോചിക്കാവുന്നതാണ്.മൂന്ന്, നാല്, അഞ്ച് ക്ളാസുകൾക്കുള്ള നിർദേശങ്ങൾ പ്രിന്റ് ടെക്സ്റ്റ് ആയി കൂടി നൽകാവുന്നതാണ്.കഥ നടക്കുന്ന പശ്ചാത്തലവിവരണം, കഥാപാത്രങ്ങൾ എന്ത് ചെയ്യുന്നു, അവരുടെ ഭാവം, സംഭാഷണം, ചിന്തകൾ, ആ ചുറ്റുപാടിൽ പ്രസക്തമായ പഞ്ചേന്ദ്രിയ അനുഭവങ്ങൾ മുതലായവ ഉൾപ്പെടെയുള്ള കഥാരചന ഈ കുട്ടികൾക്ക് സാധ്യമാണ്.

തുടർന്ന് കലാധരൻ മാഷ് നൽകിയത് പോലെ ഓരോ കുട്ടിക്കും ഗുണാത്മക ഫീഡ് ബാക്ക് നൽകണം. കാരണം ഓൺലൈൻ ക്ളാസിൽ വ്യക്തിഗത പരിഗണനയും പ്രോത്സാഹനവും നൽകാനുള്ള ഒരു സാധ്യതയാണിത്.കഥാരചനയുടെ സൂചകങ്ങൾ പരിഗണിച്ച് പരമാവധി വ്യത്യസ്തമായി മാഷ് ഫീഡ് ബാക്ക് നൽകിയത് മാതൃകാപരം തന്നെ. ഓരോ കുട്ടിക്കും സ്വയം വിലയിരുത്താൻ ഈ സൂചനകൾ സഹായകമാണ്.ഈ ഫീഡ് ബാക്ക് അവതരണശൈലി ശ്രദ്ധിച്ചു കാണുമല്ലോ. പേര് വിളിച്ചും,മോനേ കുട്ടാ ചക്കരേ എന്ന് പറഞ്ഞും കുഞ്ഞുങ്ങളുടെ മനസിലേക്ക് കടന്നു ചെല്ലും വിധം പ്രചോദനാത്മകമായി പറയുന്നത് ഓൺലൈൻ പഠന പുരോഗതിയ്ക് അനിവാര്യമാണ്.

എല്ലാതലത്തിലുള്ള കുട്ടികൾക്കും ഭാഷാപരമായ വളർച്ച ഉറപ്പാക്കാൻ കഴിയും വിധം ആറോ ഏഴോ വ്യത്യസ്ത ഭാഷാ നിലവാരത്തിൽ ഉള്ളതും വ്യത്യസ്ത ശൈലിയിൽ ഉള്ളതുമായ ചിത്രകഥകൾ ടീച്ചേഴ്സ് വെർഷൻ എന്ന നിലയിൽവായനയ്ക്ക് നൽകുന്നതും അവർ രചിച്ചതും നൽകിയ ടീച്ചേഴ്സ് വേർഷനും തമ്മിൽ താരതമ്യം ചെയ്യുന്നതും വിശകലനം
നടത്തുന്നതും ഗുണപ്രദമാണ് എന്ന് റോഷ്നി അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നു. ഒരേ ചിത്രങ്ങൾ ഉപയോഗിച്ച് ആറും ഏഴും ടീച്ചേഴ്സ് വേർഷനോ എന്ന് ചിന്തിക്കുന്നുണ്ടാവും.അതേ.ഒന്നാം ക്ളാസിലെ ഏറ്റവും കുറഞ്ഞ ഭാഷാ നിലവാരം ഉള്ള കുട്ടികൾക്ക് വായിക്കാൻ ഒരു വാക്യത്തിൽ ഉള്ള ടെക്സ്റ്റ് . ചിലപ്പോൾ അത്രയും കുറഞ്ഞ ഭാഷാ നിലവാരം ഉള്ള ചില കുട്ടികൾ മറ്റ് ക്ളാസുകളിൽ ഉണ്ടാകും. അവരെ കൂടി പരിഗണിച്ച് ആണ് ഇത്.രണ്ടോ മൂന്നോ വാക്കുകൾ ഉപയോഗിച്ച് മൂന്നോ നാലോ
വാക്യങ്ങളിൽ ഉള്ള കൊച്ചു കഥകൾ. തുടക്കവും വളർച്ചയും ശൈലിയും വ്യത്യസ്തമായവ രണ്ടോ മൂന്നോ കൂടി.കുറേക്കൂടി വാങ്മയ ചിത്രങ്ങൾ ചേർത്ത്, വ്യത്യസ്തമായ ശൈലി പരിചയപ്പെടുത്തി രണ്ടോ മൂന്നോ രചനകൾ.നോക്കൂ ..ഓരോ കുട്ടിക്കും അവൾ നിൽക്കുന്ന അവസ്ഥയിൽ നിന്ന് ഭാഷാപരമായ വളർച്ച ഉറപ്പാക്കാൻ ഇങ്ങനെ കഴിയില്ലേ? എല്ലാവരും ഒരേ രീതിയിൽ എഴുതുന്നത് മറി കടക്കാൻ ഇങ്ങനെ അല്ലേ കഴിയുക.

തുടർന്ന് ഓരോ കുട്ടിക്കും ലളിതമായി പ്രതികരിക്കാവുന്ന സ്വയം വിലയിരുത്തൽ/ പരസ്പരം വിലയിരുത്തൽ ഫോർമാറ്റ് എന്നിവ കൂടി ചേർത്ത് ഈ ഓൺലൈൻ വിനിമയ പ്രക്രിയ വികസിപ്പിച്ചാൽ ദൂരെ ഇരിയ്ക്കുന്ന കുട്ടികളുടെ മനസ് കൂടുതൽ അറിയാൻ കഴിയും എന്ന് കരുതുന്നു.

ഏതായാലും ഇത്തരം ട്രൈ ഔട്ട് അനുഭവങ്ങളിലൂടെയും അത് പങ്ക് ഇടുന്നതിലൂടെയും കൂടുതൽ ജനകീയമാക്കുന്നതിൽ സന്തോഷം. അഭിനന്ദനങ്ങൾ മാഷേ.

ഒന്നാം ക്ലാസ് said...

ചെറിയാക്കരയിലെ വലിയ പാഠങ്ങൾ

sa said...

പഠനവും വിലയിരുത്തലും.. നമ്മൾ ഏറെ ചർച്ച ചെയ്തതാണ് അസൈമെൻറ് ഓഫ് ലേണിങ്, അസൈമെൻറ് ഫോർ ലേണിങ്, അസിമെൻറ് as ലേണിങ്... 3 പദങ്ങളും നമുക്ക് ഒക്കെ പരിചിതമാണ്. കഴിഞ്ഞ ദിവസം സ്കൂൾ ഓൺ ലൈൻ ഗ്രൂപ്പിലെ Meet the Greats പ്രോഗ്രാമിന്റെ
ഭാഗമായി ഡോ.ടി.പി കലാധരൻ സാറിന്റെ ഓൺലൈൻ ക്ലാസ്സ് നടക്കുകയുണ്ടായി.

നേരിട്ട് കാണുന്നില്ലെങ്കിലും കുട്ടികൾ മുന്നിലുണ്ടെന്ന് സങ്കൽപ്പിച്ച് തന്നെയാണ് സാർ ആ ക്ലാസ് കൈകാര്യം ചെയ്തത്. കവിത ആലപിക്കുന്നതിന് ഇടയിൽ തന്നെ കുട്ടികളോട് ചില ചോദ്യങ്ങൾ ചോദിച്ച് ആശയഗ്രഹണത്തിനുള്ള തടസ്സങ്ങൾ എന്താണ് മുൻകൂട്ടി കണ്ടുകൊണ്ട് അത് മറികടക്കാൻ ആവശ്യമായ പിന്തുണ നൽകാൻ സാർ ശ്രദ്ധിച്ചിരുന്നു

ഏറ്റവും ഫലപ്രദം ആയത് ഫീഡ്ബാക്ക് നൽകുന്ന ഭാഗമാണ്. പഠനവും ഫീഡ്ബാക്കും രണ്ടല്ല എന്നും അത് ഒന്നിച്ച് പോകേണ്ട ഒന്നാണെന്നും നമുക്കറിയാം.ഫീഡ്ബാക്ക് നൽകേണ്ടത് പഠന പ്രവർത്തനത്തോടൊപ്പം ആണ് എന്നത് ഇത് ഏറ്റവും പ്രധാനമാണ്. അസമെൻറ് ഫോർ ലേണിങ് എന്ന ആശയം തന്നെയാണ് ഏറ്റവും പ്രധാനം. പക്ഷേ ഈ കൊറോണ ഷട്ട്ഡൗൺ പിരീഡിൽ കുട്ടികളുടെ രചനകളുടെ മുകളിൽ നൽകുന്ന ഫീഡ്ബാക്ക് സമഗ്രമാക്കുക എന്നതാണ് പഠനം ഫലപ്രദമാക്കാനുള്ള ഒരേയൊരു വഴി എന്ന് തിരിച്ചറിയുന്നു.

ഇവിടെ കുട്ടികൾ തയ്യാറാക്കിയ ഉല്പന്നങ്ങൾ വിശകലനം ചെയ്തു കലാധരൻ സാർ വ്യക്തിഗതമായി ഓരോ കുട്ടിക്കും ഫീഡ്ബാക്ക് നൽകുന്നത് നമ്മൾ കണ്ടു.
കുട്ടിയുടെ പക്ഷത്തുനിന്ന് നിലവിലെ അവസ്ഥയിൽ നിന്ന് മുന്നോട്ടു പോകാൻ പാകത്തിൽ തന്നെയാണ് ഓരോ വാചകങ്ങളും. കുട്ടിക്ക് ഒരു കൂട്ടുകാരൻ പറഞ്ഞു കൊടുക്കുന്നത് പോലെ വളരെ ഹൃദ്യമായി മോനെ എന്ന് വിളിച്ച് അവനെ അഭിസംബോധന ചെയ്തു ഫീഡ്ബാക്ക് നൽകുമ്പോൾ സ്നേഹപൂർവ്വം അത് ഉൾക്കൊള്ളാനും കുട്ടിക്ക് കഴിയുന്നു എന്നത് തെളിയിക്കപ്പെട്ടു.

ഒരു അവധിക്കാല ഓൺലൈൻ ക്ലാസ്സ് മുറി മനസ്സിൽ കാണുമ്പോൾ ഇത്രയും സാധ്യതകളൊന്നും ചെറിയാക്കരയിൽ ആലോചിച്ചിരുന്നില്ല .പക്ഷേ ഇന്ന് ഒമ്പതാമത്തെ ക്ലാസിലേക്ക് പ്രവേശിക്കുമ്പോൾ കേരളത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് ഇന്ന് മിടുക്കരായ വ്യ ക്തിത്വങ്ങൾ കുട്ടികളോട് സംവദിക്കാൻ എത്തുന്നു.
ഓൺലൈൻ ഫീഡ്ബാക്കുകൾ എങ്ങനെയാണ് നമുക്ക് ഗുണകരമായി വന്നത് എന്ന് പറയാം. TPK യുടെ ഓൺലൈൻ ഫീഡ്ബാക്കിന് ശേഷം നടന്ന മൂന്ന് ക്ലാസ്സുകളിലും കുട്ടികളുടെ പങ്കാളിത്തം 100% തന്നെയായിരുന്നു .തങ്ങളുടെ രചനകൾ, പരീക്ഷണങ്ങൾ, മറ്റു പ്രവർത്തനങ്ങൾ എന്നിവ പൂർത്തിയാക്കാനും കുട്ടികൾ ആവേശപൂർവ്വം മത്സരിക്കുന്നു എന്നതാണ് വസ്തുത.

അതുകൊണ്ടുതന്നെ ഉൽപന്ന വിലയിരുത്തൽ, അതിന്റെ ഫീഡ്ബാക്ക് എന്നിവ പലപ്രദം ആയിരുന്നു എന്ന് ഉറപ്പിച്ചു പറയാൻ കഴിയും . സാറിന്റെ പാത പിന്തുടർന്ന് ഇന്ന് ഓരോ ദിവസവും വൈകുന്നേരം ആറ് മണി ആകുമ്പോഴേക്കും ഞങ്ങൾ അധ്യാപകർ കുട്ടികളുടെ ഉല്പന്നങ്ങൾ - അത് രചനകൾ ആയാലും പ്രകടനങ്ങൾ ആയാലും വിലയിരുത്തി കുട്ടികൾക്ക് ഓഡിയോ ഫീഡ്ബാക്ക് നൽകുകയാണ് .ഇത് വളരെ ഗുണകരമായിട്ടുണ്ട് എന്ന് രക്ഷിതാക്കൾ തുറന്നു സമ്മതിക്കുന്നു .നാളത്തെ
ഓൺലൈൻ ക്ലാസ് അനുഭവങ്ങൾക്ക് വേണ്ടി കുട്ടികൾ എന്നും ചെറിയാക്കരയിൽ കാത്തിരിക്കുകയാണ് .
ഇത് ഒരു തിരിച്ചറിവാണ് നമുക്ക് ഉറച്ച തീരുമാനം ഉണ്ടെങ്കിൽ നമ്മുടെ കുട്ടികളെ എങ്ങനെയും പിന്തുടരാൻ കഴിയും. അവരെ അവരുടെ കഴിവിനെ പരമാവധി ഉയർത്തുവാൻ കഴിയും.