ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, October 14, 2026

രചനോത്സവ ചിത്രം ഒക്ടോബര്‍ രണ്ടാം വാരം. 2026

 

  • ആറ് ചിത്രങ്ങളുണ്ട്. എല്ലാം നോക്കൂ.എന്താണ് സംഭവിച്ചത് എന്ന് പറയൂ.
  • നാലാമത്തെ ചിത്രത്തില്‍ എന്താണ് കാണുന്നത്?
  • അപ്പോള്‍ എന്താണ് സംഭവിച്ചത്?
  • ഒടുവിലത്തെ രംഗം നോക്കൂ. പിന്നെ എന്ത് സംഭവിച്ച് കാണും?

 കഥ എഴുതുമ്പോള്‍ കൂര്‍ക്കം വലിക്കുന്ന ശബ്ദവും പഴം വീഴുന്ന ശബ്ദവും കരടി വീഴുന്ന ശബ്ദവുമെല്ലാം ചേര്‍ത്താല്‍ രസമായിരിക്കും. 

കഥയ്ക്ക് പേരിടണേ.


 അധ്യാപകര്‍ക്ക്.............................................രക്ഷിതാവിനും

കഥാചിത്രം നൽകി കഥ എഴുതിക്കുമ്പോൾ കുട്ടിയുടെ ചിന്തയിൽ വരുന്ന വാക്കുകൾ പരിചയിച്ച അക്ഷരങ്ങളിലോ പഠിച്ച പദങ്ങളിലോ മാത്രം ഒതുങ്ങണമെന്നില്ല.

ഇവിടെ രക്ഷിതാവിന്റെ സഹായം കുട്ടിയുടെ രചന എഴുതിക്കൊടുക്കൽ ആകരുത്. മറിച്ച് കുട്ടിയുടെ ആശയം എഴുത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്ന കൈത്താങ്ങ്നല്‍കല്‍ (Scaffolding) ആയിരിക്കണം.

രക്ഷിതാവിന്റെ സഹായം എങ്ങനെയാകണം?

1. ആദ്യം കുട്ടിയോട് സംസാരിക്കുക. ചിത്രം നോക്കി കുട്ടി പറയുന്നതു കേൾക്കുക.

“ചിത്രത്തിൽ എന്താണ് സംഭവിക്കുന്നത്?”
“
അതിനുശേഷം എന്തായിരിക്കും സംഭവിച്ചത്?”
“
ആ കരടി എന്തായിരിക്കും ചിന്തിച്ചത്?”

കുട്ടി പറയുമ്പോള്‍ ഇടയ്ക് കയറി തിരുത്താതെ കേൾക്കണം.

2. കുട്ടിയുടെ വാക്കുകൾക്ക് പ്രാധാന്യം നൽകുക. കുട്ടി പറയുന്ന വാക്യം രക്ഷിതാവ് സ്വന്തം ഭാഷയിൽ മാറ്റരുത്.

ഉദാഹരണം:

കുട്ടി:“കരടി മരത്തിൽ കേറി പഴം എടുക്കാൻ നോക്കി.”

ഇത് കൂടുതൽ “ശരിയായ” ഭാഷയാക്കി മാറ്റേണ്ടതില്ല. കേറി എന്നല്ല കയറി എന്ന് പറയണം. എന്ന് തിരുത്തരുത്. സംഭാഷണഭാഷ കഥയില്‍ അനുവദിക്കണം.

3. കുട്ടിക്ക് അറിയാത്ത അക്ഷരം/വാക്ക് വന്നാൽ രക്ഷിതാവിന്റെ പങ്ക് വഴികാട്ടുക എന്നതായിരിക്കണം. ഒരു പ്രായോഗിക ഉദാഹരണം

കഥാചിത്രത്തിൽ കരടി മരത്തിനടിയിൽ കിടക്കുന്നു. കുട്ടി പറയുന്നത്:

“കരടി ഉറങ്ങി.  

മരത്തില്‍ നിന്ന് പഴം വീണു.  

കരടിക്ക് ദേഷ്യം വന്നു.  

പിന്നെ കരടി പഴം തിന്നു. നല്ല രുചി...”

കുട്ടി: “ദേഷ്യം” എഴുതാൻ അറിയില്ല.

രക്ഷിതാവ്: “നിനക്ക് അറിയാവുന്ന അക്ഷരങ്ങൾ ഉപയോഗിച്ച് ആദ്യം ശ്രമിച്ചുനോക്കൂ.”

കുട്ടി ശ്രമിക്കുന്നു. കഴിയുന്നില്ലെങ്കിൽ

“ദേഷ്യം എന്ന വാക്ക് ഞാൻ എഴുതിക്കാണിക്കാം. നിനക്ക് നോക്കി എഴുതാം.”

ഇവിടെ ആശയം കുട്ടിയുടേതുതന്നെയാണ്. രക്ഷിതാവ് ഒരു പുതിയ വാക്കിന്റെ എഴുത്തുരൂപം ലഭ്യമാക്കുക മാത്രമാണ് ചെയ്തത്.

4. കുട്ടിയുടെ എഴുത്തിലെ തെറ്റുകൾ ഉടൻ തിരുത്തരുത്. ഉദാഹരണത്തിന് കുട്ടി:

“മരതിൽ നിന്ന് പഴം വീണു”

എന്ന് എഴുതിയാൽ, ഉടൻ ചുവന്ന പേനകൊണ്ട് “മരത്തിൽ” എന്ന് തിരുത്തുന്നത് സ്വതന്ത്രരചനയുടെ ലക്ഷ്യത്തെ ബാധിക്കും.

  • മരത്തില്‍ എന്ന്  എഴുതുന്നത് എല്ലായിടത്തും തെറ്റുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. എല്ലാം എഴുതി കഴിയുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുക.  
  • എഴുതിയത് കുട്ടിയെക്കൊണ്ട് വായിപ്പിക്കുക.  
  • അപ്പോള്‍ മരതില്‍ എന്നാണോ ഉച്ചാരണം ? അതോ മരത്തില്‍ എന്നാണോ എന്ന് ശ്രദ്ധിക്കുക.  
  • മരത്തിലെ പൊത്തില്‍ തത്ത ഉണ്ടായിരുന്നു. തത്ത എന്ന് എങ്ങനെ എഴുതും? ത്തയുടെ ഇരട്ടിപ്പിലേക്ക് ശ്രദ്ധ ക്ഷണിക്കാം.  
  • മരതില്‍ എന്നാണോ മരത്തില്‍ എന്നാണോ എഴുതിയത് എന്നു നോക്കൂ.  
  • സ്വയം തെറ്റുകണ്ടെത്തി തിരുത്തുന്നതിനുള്ള പരിശീലനമാണ് നല്‍കേണ്ടത്. ശരിയിലേക്കുള്ള ശരിയായ വഴിയാണ് വഴികാട്ടി കാണിച്ചുകൊടുക്കേണ്ടത്. അതിനാൽ തെറ്റുകൾ പഠനത്തിന്റെ സ്വാഭാവിക ഭാഗമാണ്. അതിന്റെ പേരില്‍ കുട്ടിയെ വഴക്ക് പറയരുത്.

5. രക്ഷിതാവ് “ സഹായി” ആയിരിക്കണം; “രചയിതാവ്” ആകരുത്

ഇത് വളരെ ലളിതമായി പറയാം:

  • കുട്ടിയുടെ ആശയം — കുട്ടിയുടേത്.
  • വാക്കുകളുടെ തിരഞ്ഞെടുപ്പ് — കുട്ടിയുടേത്.
  • എഴുത്തിനുള്ള ശ്രമം — കുട്ടിയുടേത്.


❌ തെറ്റായ സഹായം ✅ ഉചിതമായ സഹായം

  1. “ഇങ്ങനെ എഴുതണം... ഞാൻ പറയുന്നതുപോലെ എഴുതൂ.” ❌

  2. കുട്ടി പറഞ്ഞ കഥ രക്ഷിതാവ് മുഴുവൻ എഴുതി, കുട്ടിയെ അത് പകർത്തിക്കുക.❌

✅ ഉചിതമായ സഹായം

“നീ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്?”
“
ആ വാക്ക് നിനക്ക് എങ്ങനെ എഴുതാൻ തോന്നുന്നു?”
“
നിനക്ക് അറിയാവുന്ന അക്ഷരങ്ങൾ ഉപയോഗിച്ച് ആദ്യം ശ്രമിക്കൂ.”
“
വേണമെങ്കിൽ ആ വാക്ക് ഞാൻ കാണിച്ചുതരാം.”

അധ്യാപകര്‍ക്ക്....................................................... 

സമഗ്രഭാഷാപഠനരീതിയില്‍ സ്വതന്ത്ര എഴുത്തിന് വലിയ പ്രാധാന്യം ഉണ്ട്.

സമഗ്രഭാഷാപഠനരീതിയിൽ സ്വതന്ത്രരചന എന്നത് കുട്ടിക്ക് ഇതിനകം പഠിപ്പിച്ച വാക്കുകളും വാക്യങ്ങളും പകർത്തിയെഴുതുന്ന പ്രവർത്തനമല്ല. പുതിയൊരു സന്ദർഭത്തിൽ സ്വന്തം ആശയം പ്രകടിപ്പിക്കേണ്ടിവരുമ്പോൾ കുട്ടി തനിക്ക് അറിയാവുന്ന ഭാഷ ഉപയോഗിക്കുകയും, അറിയാത്ത വാക്കുകളോ അക്ഷരങ്ങളോ ഭാഷാരൂപങ്ങളോ കണ്ടെത്താനും പഠിക്കാനും ശ്രമിക്കുകയും ചെയ്യുന്ന സജീവമായ ഭാഷാപഠന പ്രക്രിയയാണ്.

ഉദാഹരണത്തിന്, ഒരു കഥാചിത്രം കണ്ട കുട്ടിക്ക് തന്റെ ആശയം പറയണമെന്നുണ്ട്. ആശയം കുട്ടിയുടെ മനസ്സിലുണ്ട്. എന്നാൽ അത് എഴുതാൻ ആവശ്യമായ എല്ലാ അക്ഷരങ്ങളും വാക്കുകളും കുട്ടിക്ക് പരിചിതമായിരിക്കണമെന്നില്ല. അവിടെയാണ് യഥാർത്ഥ ഭാഷാപഠനം ആരംഭിക്കുന്നത്.

“എനിക്ക് പറയാനുള്ളത് എന്താണ്?”
→ “
അത് എങ്ങനെ എഴുതാം?”
→ “
എനിക്ക് അറിയാവുന്ന അക്ഷരങ്ങൾ ഏതൊക്കെയാണ്?”
→ “
അറിയാത്തത് എങ്ങനെ കണ്ടെത്താം?”
→ “
എഴുതി നോക്കാം.”

ഇത്തരത്തിലുള്ള ശ്രമങ്ങളിലൂടെയാണ് കുട്ടി ഭാഷയെ ഉപയോഗിച്ചുകൊണ്ട് ഭാഷ പഠിക്കുന്നത്.

പാഠപുസ്തകത്തിലെ പരിചിതമായ വാക്യം കുട്ടിക്ക് കൃത്യമായി എഴുതാനാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് പ്രധാനമായും ഓർമ്മ, പകർത്തെഴുത്ത്, അക്ഷരപരിചയം എന്നിവയെക്കുറിച്ചുള്ള വിവരമാണ് നൽകുന്നത്.

എന്നാൽ സ്വതന്ത്രരചനയിൽ ചോദ്യം മറ്റൊന്നാണ്: “പരിചയമില്ലാത്ത ഒരു സന്ദർഭത്തിൽ കുട്ടിക്ക് തന്റെ ആശയം ഭാഷയിൽ ആവിഷ്കരിക്കാൻ കഴിയുന്നുണ്ടോ?”കുട്ടി എന്താണ് ചിന്തിച്ചത്, അത് എങ്ങനെ പ്രകടിപ്പിച്ചു, അറിയാത്ത ഭാഷാരൂപങ്ങളെ നേരിടുമ്പോൾ എന്ത് തന്ത്രമാണ് ഉപയോഗിച്ചത്, സഹായം സ്വീകരിച്ച് എങ്ങനെ മുന്നേറി തുടങ്ങിയവയും പരിഗണിക്കേണ്ടതുണ്ട്.

വിലയിരുത്തലിലും മാറ്റം

  • പഴയ രീതിയിലുള്ള ചോദ്യം: “പാഠപുസ്തകത്തിലെ വാക്യം ശരിയായി എഴുതാനറിയാമോ?”
  • എന്നതിൽ നിന്ന്, “പുതിയൊരു സന്ദർഭത്തിൽ സ്വന്തം ആശയം എഴുത്തിലൂടെ പ്രകടിപ്പിക്കാനാകുമോ?” എന്നതിലേക്ക് വിലയിരുത്തൽ മാറുന്നു.

താല്പര്യമുണര്‍ത്തുന്ന രചനാപ്രവര്‍ത്തനങ്ങളാണ് വേണ്ടത്. അത് ക്ലാസില്‍ വിലമതിക്കുമ്പോള്‍ കുട്ടിയുടെ താല്പര്യം കൂടും. എങ്ങനെ വ്യത്യസ്തമായി ചിന്തിച്ചു എന്നതിലാണ് പ്രോത്സാഹനം വേണ്ടത്

  • തുടക്കം
  • കഥയുടെ വികാസം
  • കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതി
  • മറ്റാരും ചിന്തിക്കാത്ത ആലോചന
  • കഥപാത്രങ്ങളുടെ പക്ഷത്ത് നിന്നുള്ള ചിന്ത
  • കഥാന്ത്യം
  • കഥയുടെ ഘടന
  • ഭാഷാസവിശേഷതകള്‍ ഇവയല്ലാം ടീച്ചര്‍ കണ്ടെത്താന്‍ ശ്രമിക്കണം, ഓരോ കുട്ടിക്കും ഭാവനയും തനിമയും ഉണ്ട്. അത് അംഗീകരിക്കപ്പെടണം. 



 

 

Sunday, October 4, 2026

രചനോത്സവ ചിത്രം ഒക്ടോബര്‍ ഒന്നാം വാരം 2026

 ഈ ചിത്രം നോക്കൂ.

  • ആരെല്ലാം ഉണ്ട്?
  • എന്താണ് ഒന്നാമത്തെ ചിത്രത്തിൽ കാണുന്നത്? 
  • എന്തായിരിക്കും മുയൽ കിളിയോട് പറയുന്നത്?
  • കിളി എന്തായിരിക്കും മറുപടി പറഞ്ഞത്? 
  • എന്നിട്ട് എന്താണ് സംഭവിച്ചത്? രണ്ടും മൂന്നും നാലും ചിത്രങ്ങൾ നോക്കൂ

കഥ എഴുതൂ. 

കഥയ്ക്ക് പേര് ഇടണേ.

മുയലിനും കിളിക്കും പേരിടുമ്പോൾ പുതിയ പേരുകൾ ആലോചിക്കൂ. എഴുതുമ്പോൾ ഏതെങ്കിലും അക്ഷരം അറിയില്ലെങ്കിൽ അമ്മയോ അച്ഛനോ സഹായിക്കും.

 

.................................................................രക്ഷിതാവിന് 



കുട്ടി എഴുതിയത് മെച്ചപ്പെടുത്തി എഴുതാന്‍ പ്രിന്ററുള്ള വിദ്യാലയങ്ങളില്‍ പ്രയോജനപ്പെടുത്താം.
കുട്ടികളുടെ രചനകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ പ്രയോജനപ്പെടുത്താവുന്ന ടെംപ്ലേറ്റ്
 

Tuesday, September 29, 2026

ഒന്നാം ക്ലാസിലെ അധ്യാപകരുടെ ഡയറിത്തുടിപ്പുകള്‍ 4

  

17/09/2006

കുഞ്ഞനാന… കുഴിയാന

ഒന്നാം ക്ലാസിലെ കേരളപാഠാവലിയിലെ മണ്ണിലും മരത്തിലും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസിലെ കുഞ്ഞുമക്കളുമായി ഇന്ന് നടത്തിയ ഒരു ചെറിയൊരു പ്രകൃതി നടത്തം കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയാനും ഇത്രയും ജീവികൾ നാം കടന്നു പോകുന്ന വഴിയിൽ ഉണ്ടെന്ന് മനസ്സിലാക്കാനും സാധിച്ചു

സെപ്റ്റംബർ 17നാണ് മക്കളെയും കൂട്ടി പ്രകൃതി നടത്തത്തിന് ഇറങ്ങിയത്.

വളരെ ആകാംക്ഷയോടെയാണ് പച്ചത്തുരുത്ത് പുരസ്കാരം നേടിയ നമ്മുടെ വിദ്യാലയ അന്തരീക്ഷം നിരീക്ഷിക്കാൻ ഇറങ്ങിയത്. ഓരോ മുഖത്തെയും കൗതുകം ഞങ്ങളെ കൂടുതൽ കാഴ്ചകളിലേക്ക് മക്കളെ കൊണ്ടുപോകാൻ സഹായകമായി.

ടീച്ചറെ ചിലന്തി വല്ല കണ്ടോ? പകുതി പൊട്ടിയ ചിലന്തിവല നോക്കി ശ്രീ ബാല പറഞ്ഞ വാക്കുകൾ ഇങ്ങനെയല്ലല്ലോ ടീച്ചറെ ചിലന്തിവല? ഇതിൽ കുറച്ച് വല കാണുന്നില്ലല്ലോ? ആരോ പൊട്ടിച്ചോ? എന്ന് പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖത്തെ വിഷമം എന്നെ അത്ഭുതപ്പെടുത്തി.

ഉറുമ്പിനെ നോക്കിയ ദേവാത്മിക പറഞ്ഞതും വളരെ കൗതുകമായി.ഇത് കറുത്ത ഉറുമ്പല്ലേ എന്റെ വീട്ടിൽ ചുവന്ന ഉറുമ്പും ഉണ്ടല്ലോ.നമ്മുടെ മക്കൾ നല്ല പ്രകൃതി നിരീക്ഷകർ തന്നെയാണല്ലോ..

സ്കൂളിനടുത്തുള്ള നെല്ലിമരത്തിന്റെ ചോട്ടിലെ കുഞ്ഞൻ കുഴിയാനയുടെ അടുത്തെത്തിയപ്പോൾ എല്ലാവരും.നിശ്ശബ്ദരായി കുഴിയാനയെ നോക്കി നിന്നു എടാ ഇതെന്താ പിറകോട്ട് പോകുന്നു എന്നായിരുന്നു ആഷ് വിൻ ചോദിച്ചത് ഇത് പിറകോട്ടും പോകും മണ്ണിൽ ചിത്രവും വരക്കും എന്ന സമൃദ്ധിയുടെ മറുപടി എന്നെ വളരെ അത്ഭുതപ്പെടുത്തി. ഞാൻ എന്ത് പറയണം എന്ന് വിചാരിച്ചു അത് എനിക്ക് മക്കളിൽ നിന്ന് തന്നെ കിട്ടി. ഇന്നേദിവസം വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിലേക്ക് പോകുന്ന എല്ലാ മക്കളും ഒരു ജീവിയെ എങ്കിലും തേടി നോക്കിയിട്ടുണ്ടാകും എന്ന വിശ്വാസം എന്നിൽ ഉണ്ടായി.ഇനി ഒരു കൂടും മക്കൾ നശിപ്പിക്കില്ല.പാറിപ്പറക്കുന്ന പൂമ്പാറ്റയും മണ്ണിൽ ഒളിച്ച കുഴിയാനയും മരത്തിൽ കൂടുകൂട്ടിയ കുഞ്ഞനുറമ്പും പാറി പറക്കുന്ന കിളികളും നമ്മുടെ മക്കളുടെ ഇന്നത്തെ ദിവസം മനോഹരമാക്കി. ഇനിയും പ്രകൃതിയിലെ കൂടുകൾ വരും നാളുകളിൽ അവർ തേടിപ്പിടിക്കട്ടെ.

സുനിത ടീച്ചർ

ഒന്നാം തരം

എ യു പി എസ് ഉദിനൂർ സെൻട്രൽ









Monday, September 28, 2026

ഒന്നാം ക്ലാസിലെ ഡയറിത്തുടിപ്പുകള്‍ -3

 തിയതി :7/08/2026

ഒന്നാം ക്ലാസിലെ പൂക്കളോടൊപ്പം ചിരിയും ചിന്തയും വളർത്തി ഇന്നെത്തെ ദിവസം ഓർമ്മയിൽ മായാതെ

പാഠസന്ദർഭങ്ങളെ ചിത്രങ്ങളിലേക്ക് പകർത്തി വർണ്ണങ്ങൾ നൽകുക, ആ ചിത്രങ്ങളെ തങ്ങളുടേതായ ഭാവനയിൽ വ്യാഖ്യാനിക്കുക, ആശയക്രമം തെറ്റാതെ അവതരിപ്പിക്കുക എന്നിവയായിരുന്നു ഇന്നത്തെ പ്രധാന ലക്ഷ്യങ്ങൾ.

ഒരു കഥയിൽ നിന്ന് എത്രയെത്ര വ്യത്യസ്തവും വണ്ണാഭവുമായ ലോകങ്ങളാണ് ആ കുഞ്ഞു മനസ്സുകളിൽ വിരിയുന്നത്!

കഥ കേട്ട് അവർ ഗ്രഹിച്ചെടുത്ത ആശയങ്ങൾ ചിത്രങ്ങളായി കടലാസിലേക്ക് പകർത്തിയപ്പോൾ ഓരോ ചിത്രവും ഓരോ കഥയായി മാറി.

ഏറെ സമയമെടുത്ത് വരച്ച ചിത്രങ്ങൾ കുരുന്നുകളുടെ ഭാവനാ വൈവിധ്യത്തിന്റെ പ്രതിഫലനങ്ങളായിരുന്നു.

ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കാനും ഈ പ്രവർത്തനം സാധിച്ചു

എഴുത്തിന്റെ ലോകത്ത് അല്പം മടി കാണിക്കാറുള്ള മുഹമ്മദ് ഹിബാൻ എന്ന കൊച്ചുകൂട്ടുകാരൻ ഇന്ന് ഏറെ അത്ഭുതപ്പെടുത്തി.

വരയ്ക്കാനായി പറഞ്ഞതേയൊള്ളു അവൻ്റെ പെൻസിൽ അതിവേഗം കഥ വരച്ചിടുകയായിരുന്നു.

അവനിൽ നിന്ന് ആ കഥാനുഭവം നേരിട്ടറിയാൻ കൗതുകത്തോടെ ഞാൻ അവൻ്റെ അരികിലേക്ക് ചെന്നു.

തനിക്ക് ഏറെ പ്രിയപ്പെട്ട 'പന്ത്' എന്ന വിഷയത്തിലേക്ക് അവൻ കഥയെ തന്ത്രപൂർവ്വം തിരിച്ചുവിട്ടിരിക്കുന്നു!


മണ്ണിൽ ഉറങ്ങിപ്പോയ വിത്തിൻ്റെ സ്വപ്നമായിരുന്നു വൻ മരമാവുക പൂപ്പന്തൽ ഒരുക്കുക

എന്നുള്ളത് ഉരുണ്ടുരുണ്ട വിത്തിനെ ഹിബാൻ പെട്ടന്ന് പന്താക്കി മാറ്റിയപ്പോൾ എനിക്ക് ചിരിയും കൗതുകവും തോന്നി,

പെട്ടെന്ന് തന്നെ വര പൂർത്തിയാക്കി അവൻ്റെ ചിത്രം പ്രദർശനത്തിന് സജ്ജമായി. ആ കുഞ്ഞു വിഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചപ്പോൾ രക്ഷിതാക്കളുടെ മനസ്സിലും അത് സന്തോഷത്തിന്റെ ചിരിപ്പൂക്കൾ വിടർത്തി.

ഐഷ അസ്‌വിന്റെ കഥയവതരണം മറ്റൊരു വേറിട്ട അനുഭവമായിരുന്നു.

ക്യാമറ നിർത്തിയ ശേഷവും, തന്റെ കുഞ്ഞു ഭാഷയിൽ തുടർച്ചയായി 15 മിനിറ്റോളം വറ്റാത്ത കഥാസരിത്തുമായി അവൾ മുന്നോട്ടുപോയി.

അവളുടെ കുഞ്ഞു മുഖത്ത് ദേഷ്യവും സങ്കടവും ഭാവങ്ങളും മാറിമറിയുന്നത് ഞാൻ നോക്കിനിന്നുപോയി.

കുഞ്ഞു വിത്ത് ഉരുണ്ട് പോകുന്ന വഴിയിൽ ഒരു പൂവും പൂമ്പാറ്റയും തമ്മിലുള്ള സംസാരങ്ങളിലേക്ക് കഥ വഴിമാറി അസ്മിൻ കഥ പറയുമ്പോൾ അവളുടെ ഉടുപ്പിൻ്റെ റിബണിൽ കളിച്ച് കളിച്ച് കഥ ഒരു ഭാഗം നീണ്ടു പോയപ്പോഴേക്കും കൈ വിരൽ ഉടുപ്പിൽ കുരുങ്ങി.

കാണാൻ രസകരമായതിനാൽ ഞാൻ എല്ലാം ഫോണിൽ ഒപ്പി എടുത്തു. ഗ്രൂപ്പിൽ അയച്ചു.

ഓരോ കുട്ടിയും തങ്ങളുടേതായ ഭാഷയിലും ചിന്തയിലും കഥയെ ഉൾക്കൊള്ളുകയും, കൂട്ടുകാർക്കും എനിക്കും തികച്ചും വ്യത്യസ്തമായ ഒരു ദിനം സമ്മാനിക്കുകയും ചെയ്തു.

പൂവ് ചിരിച്ചു എന്ന പാഠഭാഗത്തെ ആസ്പദമാക്കി ക്ലാസ് മുറിയിൽ സംഘടിപ്പിച്ച പഠനപ്രവർത്തനം ഒരു അധ്യാപിക എന്ന നിലയിൽ എനിക്ക് നൽകിയ ആനന്ദവും ആത്മസംതൃപ്തിയും വർണ്ണനാതീതമാണ്.

ഉമ്മുൽ ഖൈർ .യു

ജി എം എൽ പി സ്‌കൂൾ കൂമണ്ണ

Sunday, September 27, 2026

ഒന്നാം ക്ലാസ് അധ്യാപകരുടെ ഡയറിത്തുടിപ്പുകള്‍ - 2

  

16 സെപ്റ്റംബർ 2026

പെൻസിൽത്തുമ്പിൽ വിരിഞ്ഞ വിസ്മയങ്ങൾ; കുഞ്ഞു ഭാവനകളുടെ മാന്ത്രികച്ചെപ്പ് തുറന്നപ്പോൾ

മനസ്സ് നിറഞ്ഞുതുളുമ്പുന്ന, വല്ലാത്തൊരു സന്തോഷമുള്ള ദിവസം!

ഒരു അധ്യാപികയെന്ന നിലയിൽ ക്ലാസ്സ് മുറി ഇത്രമേൽ വിസ്മയിപ്പിച്ച നിമിഷങ്ങൾ അപൂർവ്വമാണ്. 

ഇന്നാണ് മലയാളം ക്ലാസ്സിൽ 'പിറന്നാൾ സമ്മാനം' എന്ന പാഠഭാഗം പൂർത്തിയായത്. അമ്മുക്കിടാവിന്റെ നിഷ്കളങ്കമായ കഥ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ തൊട്ടിരുന്നു. വെറുതെ പാഠം തീർത്തുപോയാൽ പോരല്ലോ; അവരുടെ ഭാവനയുടെ ചിറകുകൾക്കൊന്ന് കാറ്റടിച്ചു കൊടുക്കണമെന്ന് തോന്നി.

അങ്ങനെയാണ് 'സാങ്കല്പിക ഡയറി' എന്ന ആശയം മുന്നോട്ട് വെച്ചത്— "നിങ്ങൾ അമ്മുക്കിടാവ് ആണെന്ന് സങ്കൽപ്പിച്ച്, ആ പിറന്നാൾ ദിവസം ഡയറിയിൽ എന്തെഴുതും?" വിശകലന ചോദ്യങ്ങളിലൂടെ കുറച്ചു ചർച്ചയൊക്കെ നടത്തിയ ശേഷമാണ് കുരുന്നുകൾ പെൻസിലുമെടുത്ത് എഴുതിത്തുടങ്ങിയത്.

ഡയറിക്കുറിപ്പുകൾ വായിച്ചു തുടങ്ങിയ എന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നുപോയി!

ഓരോ വരിയിലും തുളുമ്പിനിന്നത് കുഞ്ഞുഭാവനകളുടെ മാസ്മരിക ലോകമായിരുന്നു. പിറന്നാളായിട്ട് ഒരു ഉമ്മ മാത്രമേ കിട്ടിയുള്ളൂ, തനിക്ക് മുത്തു മതിയായിരുന്നു എന്നായിരുന്നു ഋത്വിക്കിന്റെ പരാതി.

കുട്ടികളുടെ നിഷ്കളങ്കമായ കൊതികൾ!

ഇഷാനിയുടെ ഭാവന പറന്നത് മറ്റൊരു വഴിക്കാണ്; മുത്തം തന്ന പൂമ്പാറ്റയുടെ ചിറകിലെ വർണ്ണപ്പുള്ളികളെക്കുറിച്ചാണ് അവൾ വാചാലയായത്. പണ്ട് അവളുടെ പൂന്തോട്ടത്തിലും അങ്ങനെയൊരു അതിഥി വന്നിട്ടുണ്ടത്രേ!

അർവയ്ക്കാവട്ടെ പിറന്നാളിന് കേക്കും സദ്യയും കിട്ടാത്തതിന്റെ കുഞ്ഞു സങ്കടമായിരുന്നു മനസ്സ് നിറയെ.

എന്നാൽ ജോയലിന്റെ വരികൾ വായിച്ചപ്പോൾ ഉള്ളൊന്നു തണുത്തു— തനിക്ക് സമ്മാനം തരാൻ കൂട്ടുകാർ എത്രമാത്രം കഷ്ടപ്പെട്ടു, എന്ത് നല്ല കൂട്ടുകാരാണ് തനിക്കുള്ളത് എന്ന സ്നേഹമായിരുന്നു അവന്റെ താളുകളിൽ.

എത്രയെത്ര വ്യത്യസ്തമായ ചിന്തകൾ! ഒരു കഥയെ ഓരോ കുരുന്നും കണ്ടത് ഓരോ കണ്ണുകളിലൂടെയാണ്. "ടീച്ചറേ, നമുക്ക് ഇനിയും ഇതുപോലെ എഴുതണം" എന്ന് കുട്ടികൾ ഒരേസ്വരത്തിൽ പറഞ്ഞപ്പോൾ കിട്ടിയ സംതൃപ്തിക്ക് പകരം വെക്കാൻ ഒന്നുമില്ല. വൈകുന്നേരം ഒരു രക്ഷിതാവിന്റെ സന്ദേശം കൂടിയെത്തി: "ഇത് എന്റെ മോൻ തന്നെ എഴുതിയതാണോ ടീച്ചറേ? വിശ്വസിക്കാനേ പറ്റുന്നില്ല!"

കുഞ്ഞുങ്ങളുടെ മനസ്സ് എത്ര മനോഹരമായ ഒരു പൂന്തോട്ടമാണ്! അവരുടെ ചിന്തകൾക്ക് അതിരുകളില്ല, കാപട്യങ്ങളില്ല. ഒരു പിടി നല്ല അനുഭവങ്ങളും കുറെയേറെ കുഞ്ഞു ചിരികളും ബാക്കിവെച്ച് ഈ ദിവസവും കടന്നുപോകുന്നു. അധ്യാപനം ഇത്രമേൽ മനോഹരമാകുന്നത് ഇത്തരം മാന്ത്രിക നിമിഷങ്ങളിലാണ്!

വാണി. കെ

എ യു പി എസ് അടയ്കാപുത്തൂര്‍


 


Saturday, September 26, 2026

ഒന്നാം ക്ലാസ് അധ്യാപകരുടെ ഡയറിത്തുടിപ്പുകള്‍ -1

24.09.2026

വ്യാഴം

🌱 കുഞ്ഞുവിത്തേ… ഉണരൂ… 🌱

ഒന്നാം ക്ലാസിലെ കേരളപാഠാവലിയിലെ “പൂവ് ചിരിച്ചു” എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസിലെ കുരുന്നുകൾ നടത്തിയ ഒരു ചെറിയ പ്രവർത്തനം ഇന്ന് കുട്ടികളുടെ മനസ്സിൽ വലിയൊരു സന്തോഷമായി മാറിയിരിക്കുകയാണ്.

. അവർ ആഗസ്റ്റ് 13നാണ് വിത്തുകൾ നട്ടത് . വിത്ത് നനച്ച് അവർ തങ്ങളുടെ കുഞ്ഞുചെടിയെ കാത്തിരിക്കാൻ തുടങ്ങി. (ഓരോ കുട്ടിക്കും ഓരോ ഗ്രോബാഗ് ഒരുക്കി നൽകിയിരുന്നു)

“ടീച്ചറേ, എന്റെ വിത്ത് ഇന്ന് മുളയ്ക്കുമോ?” രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫിസ ചോദിച്ചു.

“എന്റെ ഗ്രോബാഗിൽ ആദ്യം പൂവ് വരും!”സിയ പറഞ്ഞു.

“ടീച്ചറേ, നാളെ നോക്കുമ്പോൾ ഇത്രയും വലിയ ചെടിയായിരിക്കുമോ?” മുസ്തഫ ചോദിച്ചു.

കുട്ടികൾ ചോദിച്ചു കൊണ്ടേയിരുന്നു. ദിവസവും സ്കൂളിലെത്തിയാൽ ആദ്യം അവർ ഓടിയെത്തുന്നത് തങ്ങളുടെ ഗ്രോബാഗുകൾക്കരികിലേക്കായിരുന്നു.

“എന്റെ ചെടിക്ക് വെള്ളം കൊടുക്കണം…”

“നീ അധികം വെള്ളം ഒഴിക്കല്ലേ… "

“നോക്കൂ… ഇവിടെ ഒരു ചെറിയ മുള വന്നിട്ടുണ്ട്!”

എന്നിങ്ങനെ പരസ്പരം വിളിച്ചുകാണിച്ച് അവർ ആ കുഞ്ഞുമുളകളെ അത്ഭുതത്തോടെ നോക്കി.

പക്ഷേ എല്ലാ ഗ്രോബാഗുകളിലും ഒരുപോലെ മുള വന്നില്ല. ചില കവറുകളിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ചെറിയൊരു മാറ്റവും കാണാനായില്ല. അപ്പോൾ ചിലരുടെ മുഖത്ത് നിരാശ നിറഞ്ഞു.

“ടീച്ചറേ, എന്റെ വിത്ത് ഉറങ്ങുകയാണോ?”

“എന്താ എന്റെ വിത്ത് മുളയ്ക്കാത്തത്?”

“നമുക്ക് കുറച്ചുകൂടി കാത്തിരിക്കാം… അത് തീർച്ചയായും ഉണരും.”

വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടുപോകുന്നതിന് മുമ്പ് ചില കുഞ്ഞുങ്ങൾ മുള വരാത്ത ഗ്രോബാഗുകൾക്കരികിൽ ചെന്നിരുന്ന് അവരുടേതായ രീതിയിൽ വിത്തിനോട് സംസാരിക്കുമായിരുന്നു.

“കുഞ്ഞുവിത്തേ… ഉണരൂ… ഉണരൂ…”

“ഞങ്ങൾ എല്ലാ ദിവസവും നിന്നെ നോക്കാൻ വരും.”

“നീ പേടിക്കണ്ട… ഞങ്ങൾ വെള്ളം തരാം.”

“വേഗം പുറത്തേക്ക് വാ… ഞങ്ങൾക്ക് നിന്നെ കാണണം!”

ആ കുഞ്ഞുസംഭാഷണങ്ങൾ കേൾക്കുമ്പോൾ, അവർ ഒരു വിത്തിനോടല്ല, ഒരു കുഞ്ഞുജീവനോടാണ് സംസാരിക്കുന്നതെന്ന് തോന്നുമായിരുന്നു. ❤️

ദിവസങ്ങൾ കടന്നുപോയി. കാത്തിരിപ്പിന് വിരാമം. മുളകൾ തലനീട്ടി. കുഞ്ഞുചെടികൾ വളർന്നു. പിന്നെ പൂക്കൾ വിരിഞ്ഞു. ഇപ്പോൾ വെണ്ടയ്ക്കാ പറിക്കാറായിത്തുടങ്ങി.

സ്വന്തം കൈകളാൽ നട്ടുവളർത്തിയ ചെടിയിൽ നിന്ന് ആദ്യമായി വെണ്ട പറിക്കുമ്പോൾ കുട്ടികളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.

“ടീച്ചറേ… ഇത് ഞാനാണ് നട്ടത്!”

“നോക്കൂ ടീച്ചറേ, എന്റെ വെണ്ട എത്ര വലുതാണ്!”

ഒരു ചെറിയ വിത്തിൽ നിന്ന് ആരംഭിച്ച യാത്ര ഇന്ന് കുട്ടികൾക്ക് കാത്തിരിപ്പിന്റെയും കരുതലിന്റെയും ക്ഷമയുടെയും പരിശ്രമത്തിന്റെയും സന്തോഷത്തിന്റെയും വലിയൊരു പാഠമായി മാറിയിരിക്കുന്നു.

പാഠപുസ്തകത്തിലെ “പൂവ് ചിരിച്ചു” എന്ന പാഠം ഇന്ന് ഞങ്ങളുടെ ക്ലാസ് മുറിക്ക് പുറത്തും ചിരിക്കുന്നു. 🌼

വിത്തുകൾ മുളച്ചു…

ചെടികൾ വളർന്നു…

പൂക്കൾ വിരിഞ്ഞു…

കായ്കൾ നിറഞ്ഞു…

അതോടൊപ്പം നമ്മുടെ കുഞ്ഞുമനസ്സുകളിലും പ്രകൃതിയോടുള്ള സ്നേഹത്തിന്റെ വിത്തുകൾ മുളച്ച് വളരുകയാണ്. 🌱💚

കുട്ടികൾ വിത്ത് നട്ടു…

സ്നേഹത്തോടെ പരിപാലിച്ചു…

പ്രതീക്ഷയോടെ കാത്തിരുന്നു…

ഒടുവിൽ അവർ കൊയ്തെടുത്തത് വെണ്ടയ്ക്കകൾ മാത്രമല്ല—

സ്വന്തം പരിശ്രമത്തിന്റെ സന്തോഷ നിമിഷം കൂടിയായിരുന്നു. ❤️

ഫാത്തിമത്ത് സുഹറ.കെ

ഒന്നാം ക്ലാസിലെ അധ്യാപിക ,

എ.എൽ.പി.എസ്.അമ്മനൂർ

 

അനുബന്ധം

ഗ്രോബാഗില്‍ വിത്ത് വളര്‍ന്നപ്പോള്‍ കുട്ടികളുടെ ഡയറികളിലും എഴുത്ത് മുളച്ചു. ക്ലാസ് പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ശക്തമായ അനുഭവം ആകുമ്പോള്‍ അത് ഡയറിയിലാവുക സ്വാഭാവികം.

ഡയറികള്‍ വായിക്കാം. 







 

 

Wednesday, September 23, 2026

കുഞ്ഞുപുസ്തകവും ചിത്രകഥയും രചനോത്സവവും

  • കുഞ്ഞുപുസ്തകം  

    ( പൂവ് ചിരിച്ചു) ,  
    ↓
    സംയുക്ത ഡയറി 

     ( രണ്ടാം യൂണിറ്റിന് ശേഷം), 
    ↓
    ചിത്രകഥ  

    ( പിറന്നാള്‍ സമ്മാനം)
    ↓
    രചനോത്സവം 

     ( പിന്നേം പിന്നേം ചെറുതായി പാലപ്പം മുതല്‍),

    ↓ 

    കുഞ്ഞുവർത്തമാനം
    ↓

    കാർട്ടൂൺ ഡയറി
    ↓
    കുട്ടിപ്പാട്ട് പുസ്തകം
    ↓

    കൂട്ടെഴുത്തുപത്രം
    ↓

  •  എന്നീ പ്രവർത്തനങ്ങളെ ഒരുമിച്ച് നോക്കുമ്പോൾ അവയ്ക്ക് ഒരു പൊതുസവിശേഷതയുണ്ട്. ഭാഷ കുട്ടിയുടെ അനുഭവം, ആശയം, ഭാവന, താളബോധം എന്നിവ പ്രയോജനപ്പെടുത്തി കുട്ടി സ്വന്തം ഭാഷ രൂപപ്പെടത്തുകയാണ്. അത് സര്‍ഗാത്മകമായതിനാല്‍ ആസ്വാദ്യവുമാണ്. അതിന്റെ കുട്ടിത്തവും തനിമയും മുതിര്‍ന്നവരെ ആകര്‍ഷിക്കും. അവരുടെ പ്രതികരണം പ്രചോദനം നല്‍കുന്നു. തന്റെ ഭാഷയ്കും രചനയ്കും അംഗീകാരം കിട്ടുന്നു എന്നത് ചെറുപ്രായത്തില്‍ കൂടുതല്‍ എഴുതാന്‍ പ്രേരകമാകും.
 എന്റെ കുഞ്ഞുപുസ്തകം വിശദാംശങ്ങള്‍

പ്രവർത്തനഘട്ടങ്ങള്‍

ഘട്ടം ഒന്ന് ആശയരൂപീകരണം.

  1. ഓരോ കുട്ടിക്കും കുഞ്ഞുപുസ്തകം നല്‍കുന്നു.

  2. ടീച്ചര്‍ തയ്യാറാക്കിയ കുഞ്ഞുപുസ്തകം പരിചയപ്പെടുത്തുന്നു.

ഘട്ടം രണ്ട് ഉള്ളടക്കം തീരുമാനിക്കല്‍

  1. കുട്ടി പഠിച്ച അല്ലെങ്കിൽ പരിചയപ്പെട്ട ഒരു കഥ തിരഞ്ഞെടുക്കുന്നു.( ഉദാ-കുഞ്ഞുചെടിയുടെ കഥ)

  2. കഥ ക്രമത്തില്‍ പറയിക്കുന്നു

  3. എന്തെല്ലാം സംഭവങ്ങള്‍? ഓരോ സന്ദര്‍ഭവും കുട്ടികള്‍ പറയുന്നു

ഘട്ടം മൂന്ന് ആവിഷ‍്കാരം

  1. എങ്കില്‍ ഓരോ സംഭവത്തിന്റെയും ചിത്രം ഓരോ പേജിലായി വരയ്കാമോ? ഓരോ രംഗത്തിനും സ്വന്തമായി ചിത്രം വരയ്ക്കുന്നു. ചിത്രത്തിന്റെ ഭംഗി പരിഗണിക്കേണ്ടതില്ല.

  2. ഓരോ രംഗത്തിലും എന്താണ് കുറിപ്പായി എഴുതേണ്ടത്.? അതിനനുസരിച്ചുള്ള വരികൾ എഴുതുന്നു. (ഒന്ന്, രണ്ട് പേജുകളിലെ മാത്രം പൊതുവായി ചര്‍ച്ച ചെയ്ത ശേഷം എല്ലാവരും എഴുതുന്നു)

  3. ബാക്കിയുള്ള പേജുകളില്‍ തനിയെ എഴുതുന്നു. ( കുഞ്ഞെഴുത്ത്, ചാര്‍ട്ട് ഇവ നോക്കാന്‍ പാടില്ല)

  4. ആവശ്യമെങ്കിൽ മാത്രം മൂലകഥയിലെ വാക്യങ്ങൾ അതേ പോലെ ഉപയോഗിക്കുന്നു.

  5. കൂടുതല്‍ പഠന പിന്തുണ ആവശ്യമായവരുടെ അടുത്തിരുന്നു കുട്ടി വരച്ച ചിത്രങ്ങളെക്കുറിച്ച് ചെറു സഹായകചോദ്യങ്ങൾ ചോദിച്ച് എഴുതാന്‍ വ്യക്തിഗത പിന്തുണനൽകണം ( ആശയം രൂപപ്പെടുത്താനുള്ള ചോദ്യങ്ങള്‍, തെളിവുവാക്കുകള്‍ നല്‍കിയുള്ള തിരുത്തല്‍പിന്തുണ)

  6. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരുടെ രചനകള്‍ക്ക് കുട്ടിട്ടീച്ചര്‍മാരുടെ പിന്തുണ ഉറപ്പാക്കണം.

  7. എഴുതുമ്പോള്‍ തെറ്റ് വന്നാല്‍ വെട്ടിയെഴുതുന്ന രീതി എല്ലാവരെയും പരിശീലിപ്പിക്കണം

  8. കൂടുതല്‍ തെറ്റ് വന്നാല്‍ തെറ്റിയഭാഗത്തിന് മുകളില്‍ പേപ്പര്‍ ഒട്ടിച്ച് ശരിയാക്കി എഴുതുന്ന രീതിയും പരിചയപ്പെടുത്തണം. ഇതിനായി ചെറുപേപ്പര്‍ സ്ട്രിപ്പുകള്‍ ടീച്ചര്‍ കരുതണം.

ഘട്ടം നാല് പങ്കിടലും വിലയിരുത്തലും

  1. കഥ പൂര്‍ത്തീകരിച്ചാല്‍ പഠനക്കൂട്ടത്തില്‍ കുട്ടികൾക്ക് മാറി മാറി വായിക്കാൻ അവസരം നൽകണം. അപ്പോഴും മെച്ചപ്പെടുത്തല്‍ വരുത്താം.

  2. അങ്ങനെ കുട്ടി സ്വന്തം ചിത്രകഥാപുസ്തകം നിർമ്മിക്കുന്നു.

ഘട്ടം അഞ്ച് കവര്‍ രൂപകല്പന ചെയ്യല്‍

  1. കഥയ്ക് പേരിടല്‍. ഓരോ കുട്ടിക്കും പ്രത്യേകം പേരിടാം

  2. കുട്ടികൾ തയ്യാറാക്കിയ ചിത്രകഥാപുസ്തകങ്ങൾക്ക്‌ കവർ പേജ് നൽകല്‍. കവര്‍ പേജില്‍ കഥയുടെ പേര്, രചയിതാവിന്റെ പേര്, കവര്‍ ചിത്രം എന്നിവ വേണം. ലഘുബാലസാഹിത്യകൃതികള്‍ പരിചയപ്പെടുത്തി കവര്‍പേജിലെ ലേ ഔട്ട് സംബന്ധിച്ച സാധ്യതകള്‍ ബോധ്യപ്പെടാന്‍ അവസരം ഒരുക്കണം.

ഘട്ടം ആറ് പ്രകാശനം

  1. ചിത്രകഥകളുടെ പ്രകാശനം നടത്തുന്നു. കുട്ടികളുടെ ചിത്രകഥകൾ ഡിജിറ്റൽ രൂപത്തിലാക്കി നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കണം

ഘട്ടം ഏഴ് തുടര്‍രചനകള്‍

  • കുട്ടിയുടെ മനസ്സിൽ പതിയുന്ന തരത്തിലുള്ള കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും ഉള്ള കഥകൾ തുടർന്നു വരുന്ന പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി നൽകുക. കുട്ടികള്‍ തന്നെ രംഗങ്ങള്‍ തീരുമാനിച്ച് ചിത്രീകരിച്ച് കഥ എഴുതണം. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് വ്യക്തിഗത പിന്തുണ നല്‍കണം.

  • ക്ലാസില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളാകുമ്പേഴേക്കും മൂന്നോ നാലോ കുഞ്ഞുകഥകളും പുസ്തകങ്ങളും തയ്യാറാക്കണം.

    കുഞ്ഞു പുസ്തകം എങ്ങനെ തയ്യാറാക്കാം.?

    1. A4 പേപ്പര്‍ എടുക്കുക

    2. നീളഭാഗം  3 തുല്യ ഭാഗങ്ങളായി മടക്കുക (7cmവീതം)

    3. വീതിഭാഗം  3 തുല്യഭാഗങ്ങളായി മടക്കുക (10 cm വീതം )

    4. മടക്ക് പാട് വച്ച് കത്രിക കൊണ്ട് മുറിക്കുക

    5. ഒരു A4 ഷൂറ്റിൽ നിന്ന് 18 ചെറുപേജുകൾ (9 താളുകള്‍)

    6. മുറിച്ചു കിട്ടിയ പേപ്പറിൻ്റെ വലുപ്പത്തിൽ കട്ടിയുള്ള കവർ പേജ്  ഉണ്ടാക്കുക (ഇടംവലം പേജുകൾ മടക്കിയാൽ അകത്ത് താളുകൾ വയ്ക്കാവുന്ന രീതി) റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കവര്‍, ക്ഷണക്കുറികള്‍ എന്നിവ പ്രയോജനപ്പെടുത്താം.

    7. അതിനുള്ളിൽ മുറിച്ച പേപ്പറുകൾ വച്ച് സ്റ്റാപ്ലർ പിൻ ചെയ്യുക

    8. കവർ പേജ് മറിക്കാവുന്ന വിധത്തിൽ ഇടതു വശം പിൻ ചെയ്തതിനോട് ചേർന്ന് മടക്കുക

    9. കവറിലും ആദ്യ പേജിലും പുസ്തകത്തിന്റെ പേരും രചയിതാവിന്റെ പേരും എഴുതുക

    കുഞ്ഞുപുസ്തക നിര്‍മ്മാണം വീഡിയോ

    https://www.youtube.com/watch?v=RRGYvMyuHxk 

     

    എന്റെ ചിത്രകഥാപുസ്തകം

    കിനാവ് എന്ന് ചിത്രകഥ പരിചയപ്പെട്ടതിന് ശേഷം കുട്ടികള്‍ അത് മാതൃകയാക്കി നടത്തിയ ഏതാനം രചനകള്‍ പരിചയപ്പെടാം.

    അജൽ, എസ് പി എസ് കരിയൻകോട് 

    Naba meharin kk,AMLPS PANAMANNA

    സദ TP
    CVNMAMLPS WEST CHATHALLUR

     

     

    Rizna fathima R 
    Sariga public school 
    Kariyankode
     
     

    ചിത്രകഥ എഴുതുന്നതിലൂടെ

    • ☐ സ്വന്തം ആശയം അവതരിപ്പിക്കുന്നു
    • ☐ കഥയ്ക്ക് തുടക്കം നൽകുന്നു
    • ☐ സംഭവങ്ങൾ ക്രമത്തിൽ അവതരിപ്പിക്കുന്നു
    • ☐ കഥാപാത്രങ്ങളെയും പ്രവർത്തനങ്ങളെയും അവതരിപ്പിക്കുന്നു
    • ☐ ചിത്രവും എഴുത്തും ബന്ധിപ്പിക്കുന്നു
    • ☐ പരിചിതമായ വാക്കുകൾ സ്വതന്ത്രമായി ഉപയോഗിക്കുന്നു
    • ☐ സ്വന്തം രീതിയിൽ വാക്യങ്ങൾ നിർമ്മിക്കുന്നു
    • ☐ പരിചയപ്പെട്ട അക്ഷരങ്ങള്‍ ഉപയോഗിക്കുന്നു
    • ☐ സ്വന്തം എഴുത്ത് വായിക്കാൻ ശ്രമിക്കുന്നു
    • ☐ അധ്യാപക/കൂട്ടുകാരുടെ പ്രതികരണം സ്വീകരിച്ച് എഴുത്ത് മെച്ചപ്പെടുത്തുന്നു

    പലപ്പോഴും അവസാനത്തെ ഘട്ടം ക്ലാസുകളില്‍ വിലമതിക്കപ്പെടാറില്ല.

    “കുട്ടി എത്ര തെറ്റുകൾ വരുത്തി?” എന്നതിനു പകരം
    “കുട്ടിക്ക് എന്താണ് പറയാനുള്ളത്, അത് എങ്ങനെ ഭാഷയിലൂടെ പ്രകടിപ്പിച്ചു, അടുത്ത ഘട്ടത്തിലേക്ക് എങ്ങനെ നയിക്കാം?”

    എന്നതാണ് പ്രധാന ചോദ്യം.

     രചനോത്സവത്തിലേക്ക്

    ഒന്നാം ക്ലാസിലെ കഥയെഴുത്തിന്റെ വികസനക്രമം

    1. പരിചിത കഥ ചിത്രകഥയായി പുനരാവിഷ്കരിക്കുന്നു
    കേട്ടതോ വായിച്ചതോ ആയ കഥ സ്വന്തം വാക്കുകളിൽ പറയുന്നു/എഴുതുന്നു.

    2.സ്വന്തം അനുഭവത്തിൽ നിന്ന് ചിത്രകഥ എഴുതുന്നു

    3. കഥാചിത്രങ്ങളുടെ സഹായത്തോടെ കഥ എഴുതുന്നു
    തുടർച്ചയായ 3–4 ചിത്രങ്ങൾ നൽകുന്നു. ചിത്രങ്ങൾ നോക്കി സംഭവങ്ങൾ ക്രമപ്പെടുത്തി എഴുതുന്നു.

    4.  ചിത്രവും സൂചനാവാക്കുകളും നൽകി കഥ പൂർത്തിയാക്കുന്നു
    അംഗീകാരം നല്‍കല്‍

    “ആരാണ് ഏറ്റവും നല്ല കഥ എഴുതിയത്?” എന്ന രീതിയിലുള്ള അംഗീകാരം ഒഴിവാക്കുന്നത് നല്ലതാണ്. പകരം വിവിധ നേട്ടങ്ങൾ അംഗീകരിക്കാം. ഉദാഹരണത്തിന്:

    🌟 നല്ല തുടക്കം
    🌟 രസകരമായ കഥാപാത്രം
    🌟 പുതിയ വാക്ക് ഉപയോഗിച്ചു
    🌟 നല്ല അവസാനം
    🌟 സ്വന്തം ആശയം
    🌟 ചിത്രവും കഥയും ബന്ധിപ്പിച്ചു
    🌟 കൂട്ടുകാരന്റെ കഥ ശ്രദ്ധയോടെ കേട്ടു
    🌟 സ്വന്തം കഥ തിരുത്തി

    അങ്ങനെ വന്നാൽ എഴുത്തിൽ മുന്നിലുള്ള കുട്ടിക്ക് മാത്രമല്ല, ഓരോ കുട്ടിക്കും ഏതെങ്കിലും ഒരു മേഖലയിലെ വിജയം അനുഭവിക്കാൻ കഴിയും.

     കാക്ക പായസം വച്ച് കഥ കുട്ടികള്‍ക്ക് തനിയെ വികസിപ്പിക്കാം. അതിന് പ്രയാസം നേരിടുന്നുവെങ്കില്‍ സഹായസൂചന നല്‍കിയുള്ള രീതി സ്വീകരിക്കാം. മാതൃക ചുവടെ നല്‍കുന്നു 

  • കാക്ക പായസം വച്ചു. 
  • കൂട്ടുകാരേ വാ വാ. 
  • കൂട്ടുകാര്‍ വന്നു. 
  •  വാ വാ വാ കേട്ട്. മഴയും വന്നു. 
  • കാ കാ കാ. കാക്ക കരച്ചിലായി. 
  • പോ പോ പോ മഴേ.
  •  പട്ടി കുരച്ചു. 
  • മഴ പോയി. 
  • കാക്ക ചിരിച്ചു. 

ഈ വരികള്‍ ക്രമം തെറ്റിച്ച് ബോർഡിൽ എഴുതുന്നു ചിത്രത്തില്‍ ചേര്‍ത്ത് തരാമോ?

രീതി രണ്ട്. 
ചിത്രം നോക്കൂ കഥ വികസിപ്പിക്കൂ. ചെറിയവാക്യമാണ് ഓരോ ചിത്രത്തിന് താഴെയും എഴുതേണ്ടത്
രീതി മൂന്ന് 
പഠനക്കൂട്ടങ്ങളില്‍ രചന